December 30, 2008

ക്ഷീരപഥത്തിലേയ്ക്കു നോക്കുമ്പോള്‍



ഒരു പക്ഷിയുടെ പാത കിഴക്കിനെയും പടിഞ്ഞാറിനെയും ഉന്മൂലനം ചെയ്യുന്നു.
-സെന്‍ മൊഴി

പര്‍വതം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയില്‍ ഒരു പക്ഷി വന്നിരുന്നു അതിന്റെ കൊക്കുരസ്സിയിട്ട് മടങ്ങി പോകുന്നു. ഇങ്ങനെ ഓരോ നൂറ്റാണ്ടു കൂടുമ്പോഴും ഓരോ പക്ഷി വന്ന് കൊക്കുരസ്സുന്നതുകൊണ്ട് തേഞ്ഞ് തേഞ്ഞ് എന്ന് ആ പാറയില്ലാതാവുന്നോ അന്നാണ് അനന്തത ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്. അതും ഒരു ദിവസം മാത്രം ! ഈ കാലസങ്കല്‍പ്പം ‘നാഗരികതയുടെ കഥ’ എന്ന പുസ്തകമെഴുതിയ വാന്‍ലൂണിന്റെയാണ് എന്നു പറഞ്ഞു തന്നത് കെ പി അപ്പനാണ്. കാലത്തിന്റെ മുന്നില്‍ അല്പപ്രാണികളായ മനുഷ്യന്റെ നിസ്സാരത നേരിട്ടു വന്നു ബോദ്ധ്യപ്പെടുത്തുന്ന ഇതു പോലുള്ള കല്‍പ്പനകള്‍ ഉള്ളില്‍ കൊണ്ടു നടന്നിരുന്നതുകൊണ്ടാവണം മരണത്തിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ചാരുതകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പകര്‍ന്നു കിട്ടിയത്. അതിലൊന്നാണ് ‘അസ്തമയങ്ങളില്ലാത്ത ലോകം’ എന്ന വിളിപ്പേര്.
അപ്പന്‍ സ്നേഹിച്ചിരുന്നത് രാത്രികളെയാണ്. ‘രാത്രി നല്ല കേള്‍വിക്കാരനാണെന്ന്‘ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ജ്വരബാധപോലെയും രോഗമൂര്‍ച്ഛപോലെയും തീവ്രമാകുന്ന ആനന്ദമാണ്’ നിലാവില്ലാത്ത രാത്രികള്‍ അദ്ദേഹത്തിനു സമ്മാനിച്ചത്. ഉച്ചരിക്കുമ്പോള്‍ തന്നെ ഇരുട്ടിന്റെ ചീവിടുകളുടെ കരച്ചിലുകള്‍ കയറി വന്ന് മുഖരമാക്കുന്ന സ്വഭാവം ‘രാത്രി’ എന്ന പദത്തിനുണ്ട്. ‘ഉറക്കം വരുന്നു, മിഴി കുഴയുന്നു നിശേ, വന്നു കറുപ്പു വസ്ത്രത്താല്‍ എന്നെ പുതപ്പിച്ചാലും’ എന്ന് പി കുഞ്ഞിരാമന്‍ നായര്‍. എന്നിട്ടും മരണത്തെ വെളിച്ചത്തിന്റെ ലോകമായിട്ടാണ് അപ്പന്‍ കണ്ടത്.

വി പി ശിവകുമാറിന്റെ ‘പന്ത്രണ്ടാം മണിക്കൂര്‍’ എന്ന കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് കറുപ്പും ഇരുട്ടും മാത്രമല്ല രോഗഗ്രസ്തമായ വികാരത്താല്‍ വെളിച്ചവും ഭീതിദമായി അവതരിക്കാം എന്ന് അപ്പന്‍ വിശദീകരിച്ചു. കഥയില്‍ നിയോണ്‍ വിളക്കുകളുടെ പ്രകാശം അവിശ്വസനീയമായ നിലാവായി അനുഭവപ്പെടുന്നു, ആഖ്യാതാവിന്. ‘അഴുകിയ കണ്ണുകളുള്ള ചന്ദ്രന്‍’ എന്ന് വിക്ടര്‍ യൂഗോയ്ക്ക് പ്രയോഗിക്കാന്‍ കഴിയുമായിരുന്നില്ല അല്ലെങ്കില്‍. ഷൂസേ സരമാഗു വിന്റെ ‘അന്ധത’ എന്ന നോവലിന് ചലച്ചിത്രവ്യാഖ്യാനം ചമച്ച ഫെര്‍ണാന്‍ഡോ മെയിര്‍ല്ലെസ് കണ്ണില്‍ കുത്തുന്ന വെളിച്ചത്തെയും ഇരുട്ടിനു പകരം ഉപയോഗിച്ചു എന്ന് ഓര്‍ക്കുന്നു. അറിയപ്പെട്ട ജ്ഞാനരൂപങ്ങളുടെ നിഷ്ഫലതയെ ചൂണ്ടിയാണ് കലാകാരന്മാര്‍ പുതിയ അവബോധങ്ങളെ നിര്‍മ്മിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് ആയുധങ്ങള്‍ക്ക് വെട്ടി മുറിക്കാനാവാത്ത, അഗ്നിയ്ക്ക് ദഹിപ്പിക്കാനാവാത്ത ആത്മാവിന്റെ നിത്യതയല്ല, ജീവിതകാല നിത്യതയായ ശരീരം തന്നെയായിരുന്നു തനിക്കു മുഖ്യം എന്ന് അപ്പന്‍ എഴുതി. നാം നമ്മുടെ ശരീരം മാത്രമാണെന്ന് ബോധത്തിലുണ്ടായിരുന്ന വാസ്തവമായിരിക്കാം, രാത്രിയെ തുറിച്ചു നോക്കി നില്‍ക്കാനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടയില്‍ സുകുമാര്‍ അഴീക്കോടിനെ ‘ഇത്രമാത്രം ജീര്‍ണ്ണമായ ആശയങ്ങള്‍ ആ ദുര്‍ബലശരീരത്തില്‍ എങ്ങനെ കുടിയിരിക്കുന്നു’ എന്ന് കുറ്റപ്പെടുത്തിയതിനെക്കുറിച്ചോര്‍മ്മിപ്പിച്ച് അഭിമുഖകാരന്‍, ആശയത്തെ അല്ലേ എതിര്‍ക്കേണ്ടത്, ഒരാളുടെ ശരീരത്തെ എന്തിനു പഴിക്കുന്നു എന്നു ചോദിച്ചപ്പോള്‍ തന്റെ നീലകണ്ണുകള്‍ വികസിപ്പിച്ച് അദ്ദേഹം ആരാഞ്ഞു : ‘ഒരു നര്‍ത്തകനോട് നിന്റെ നൃത്തം ഈ മേശപ്പുറത്തു വച്ചിട്ടു പോകൂ എന്നു ആവശ്യപ്പെടാനൊക്കുമോ?’

‘ഭീതിജനകമായ ഒരു അന്തിമയക്കത്തില്‍ ഒരു ഫെറോഷ്യസ് ലുക്കിങ് ലേഡി (ferocious looking lady) പ്രത്യക്ഷപ്പെടുന്നു.വേരുകള്‍ പോലെയുള്ള തലമുടി. ദാലി ചിത്രത്തിലെ വെളുത്ത കൂണുകള്‍ മാതിരിയുള്ള കണ്ണുകള്‍. ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. കറുത്തു വൃത്തികെട്ട മോണകള്‍. അതില്‍ നിറയെ വളരെ ചെറിയ പല്ലുകള്‍. ചിരിച്ചപ്പോള്‍ അതു ചുണ്ടുകള്‍ക്ക് പുറത്തേയ്ക്ക് തള്ളി വന്നു. ഞാന്‍ പേടിച്ചു വിറച്ചു.’ മരണത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുത്തരമായി എറണാകുളത്തെ ലേക്‍ഷോര്‍ ആശുപത്രിയില്‍ വച്ച് തനിക്കുണ്ടായ ദുഃസ്വപ്നത്തെ അപ്പന്‍ വിവരിച്ചതിങ്ങനെയാണ്. let me love you എന്നു സ്വരം താഴ്ത്തി മന്ത്രിച്ചിട്ടാണ് അവള്‍ മാഞ്ഞത് എന്ന് അദ്ദേഹം എഴുതി. ഹൃദ്രോഗം ബാധിച്ച് കിടക്കുന്ന കാലത്താണിത്. കാലം അതിന്റെ ആഴങ്ങളുടെ ആഴത്തില്‍ മരണത്തെ സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന് ശരീരത്തെ പഠിപ്പിക്കുന്നത് രോഗമാണ്. ശരീരത്തില്‍ മരണമല്ലാതെ മറ്റൊന്നുമില്ല. ചെറിയ ചെറിയ ഒരുപാട് മരണങ്ങള്‍. ഒടുവില്‍. അതുകൊണ്ട് അദ്ദേഹം ‘മരണത്തെ മൌനത്തേക്കാള്‍ നിശ്ശബ്ദമായത്..’ എന്നും വിളിച്ചു. അത്യന്തികമായി ജീവിതം ഈ നിശ്ശബ്ദതയിലേക്കാണ് ‘വികസി’ക്കുന്നത് എന്നുള്ളതിനാല്‍ ‘മരണത്തിന്റെ ശാന്തവും ധന്യവുമായ നിശ്ശബ്ദതയെ ഞാന്‍ എപ്പോഴും ബഹുമാനിച്ചിരുന്നു’ എന്നെഴുതി. മരണം ആളുകളെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നത്? അത് നമ്മെ അനന്തതയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കുമാണ് കൂട്ടിക്കൊണ്ടു പോകുന്നത് എന്ന് അപ്പന്‍.

‘മരണം മരിക്കുന്നില്ല, അതു മരിക്കുകയുമരുത്. സ്നേഹിതരുടെയും വേണ്ടപ്പെട്ടവരുടെയും സ്നേഹം കൊണ്ട് നാം മരണത്തെ ജയിക്കുന്നു. മരണത്തോട് അഹങ്കരിക്കരുതെന്നു പറയുന്നു. ‘തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്’ എന്ന ആത്മകഥയില്‍ അപ്പന്‍ എഴുതി. അന്തിയുടേതെന്നോ പ്രഭാതത്തിന്റേതെന്നോ തിരിച്ചറിയാനാവാത്ത വെളിച്ചത്തില്‍ പൊതിഞ്ഞ ഏകാന്തമായ ഒരു സമുദ്രതീരത്ത് അകലേയ്ക്ക് നോക്കി ഒറ്റയ്ക്കു നില്‍ക്കുന്ന ഒരാളായിട്ടാണ് അപ്പന്‍ പലപ്പോഴും മനസ്സില്‍ തെളിയുന്നത്. ഡാലിയുടെ അനന്തതയിലേയ്ക്കു പോകുന്ന ‘ഭൂതവണ്ടി’ ‘സ്വര്‍ഗം തീര്‍ന്നു പോകുന്നു, നരകം നിലനില്‍ക്കുന്നു’ എന്ന പുസ്തകത്തിന്റെ കവറായിരുന്നു. മുഴുവന്‍ കൃതികളുടെ സമാഹാരത്തിനും യോജിക്കുന്ന ഒരു മുഖചിത്രം‍. മറ്റൊരു ലോകത്തിലേയ്ക്ക് നിരന്തരമായി നോട്ടം തെറ്റുന്ന ഒരാളയതുകൊണ്ടായിരിക്കില്ലേ പലയിടത്തും ( കക്ഷിരാഷ്ട്രീയസാംസ്കാരിക സര്‍വാധിപത്യത്തിനെതിരായും പുരസ്കാരങ്ങള്‍ വേണ്ടാതെയും പ്രസംഗത്തിനു പോകാതെയും...) തനിച്ചിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് എന്നാലോചിച്ചു പോകാറുണ്ട്. ഇഷ്ടപ്പെട്ട രാത്രിയെക്കുറിച്ചെഴുതിയതിനു തൊട്ടു താഴെ അദ്ദേഹം കുറിച്ചു, ‘പ്രകൃതി ഭൂമിയിലേയ്ക്കയയ്ക്കുന്ന രാത്രി’ എന്ന്. തന്നെ ചൂഴുന്ന ബാഹ്യലോകത്തിനും അപ്പുറത്തേയ്ക്കുള്ള നോട്ടമാണത്. അപ്പന്റെ ആന്തരികയാത്രകള്‍ ഒരു പക്ഷേ നിരന്തരമായി പ്രകാശമുള്ള ആ വിജന തീരത്തിലേയ്ക്കായിരിന്നിക്കണം. മുഗ്ദ്ധമായ ആ ലാവാണ്യാനുഭവത്തിന്റെ പ്രഭാവത്തിലാണ് ബാഹ്യമായ യാത്രകളെ നോക്കി അദ്ദേഹം പുച്ഛച്ചിരി ചിരിച്ചതെന്ന് നമ്മള്‍ അറിയുമോ? ഓര്‍മ്മയിലിട്ടു നുണയാന്‍ കൌതുകമുള്ളൊരു രൂപകമായി, അദ്ദേഹം ‘പ്രകാശം’ എന്നു വിളിച്ചു കൊണ്ടിരുന്നതെന്തിനെയാണ് ഏകദേശം മനസ്സിലായി വരുന്നു.

December 23, 2008

കേള്‍ക്കാത്ത പാട്ടുകള്‍


അങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ എനിക്കറിയാം വല്ലാത്തൊരു ആത്മാരാമനാവാനാണ് എന്റെ പടപ്പുറപ്പാട്. സാധാരണത്തെപ്പോലെയല്ലായിരുന്നു ഇക്കുറി. ഓടി നടന്നായിരുന്നു പടം കാണല്‍. നാലു ദിവസം അഞ്ചു പ്രദര്‍ശനവും കണ്ടു. ആദ്യത്തെയും അവസാനത്തെയും ദിവസം രണ്ടെണ്ണം വീതം. ഇടയ്ക്കൊരു ദിവസം കണ്ണു പുളിച്ചിട്ട് മൂന്നെണ്ണം മാത്രം. എന്നിട്ടും കണ്ടവയെക്കാള്‍ (അവയില്‍ പലതും കൂട്ടിക്കുഴഞ്ഞ് ഒന്നായ രീതിയിലാണ് മസ്തിഷ്കത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്..ഓര്‍മ്മകള്‍ ദ്രവാവസ്ഥയില്‍ കുലം കുത്തുകയാണ്..) എന്നിട്ട് ഞാന്‍ ചിന്താമഗ്നനാവുന്നത് കാണാതെ പോയ സിനിമകളെക്കുറിച്ചാണ്. അവയെങ്ങനെയായിരിക്കും എന്നാലോചിച്ച്. ശ്ശോ കാണായിരുന്നു എന്ന് കൈ കുടഞ്ഞ്! അക്കരപ്പച്ച തന്നെ അല്ലാതെന്ത്?

ഒരു തിയേറ്ററില്‍ നിന്ന് മറ്റൊരു തിയേറ്ററിലേയ്ക്കുള്ള ഓട്ടത്തിനിടയില്‍, കൈരളി തിയേറ്ററിന്റെ മുന്നില്‍ വച്ച് അനൂപ് ചന്ദ്രനെ - പഴയമൂന്നാമിടം കൂട്ടുകാരനെ- വര്‍ഷങ്ങള്‍ക്കു ശേഷം, ഏതാനും സെക്കണ്ടുകള്‍ കാണാന്‍ കിട്ടിയപ്പോള്‍, അവന്‍ ആവേശത്തോടെ സംസാരിച്ചതൊക്കെയും രാവിലെ കണ്ട എമീര്‍ കസ്തുറിക്കയുടെ ‘മറഡോണ’ക്കുറിച്ചു മാത്രമാണ്. അതില്‍ മറഡോണ പാടുന്നുണ്ട്. കസ്തുരിക്കയുടെ തന്നെ സിനിമയുടെ ക്ലിപ്പിംഗുകള്‍ ഫുട്ബാള്‍ ഇതിഹാസത്തിന്റെ വാക്കുകള്‍ക്ക് അനുസൃതമായി ഇഴച്ചേര്‍ത്തിട്ടുണ്ട്. താന്‍ മയക്കുമരുന്നിനടിപ്പെട്ട കാലം മറഡോണ തന്നെ ആര്‍ദ്രമായി വിവരിച്ചിച്ചിട്ടുണ്ട്. 96 മിനിട്ടുള്ള ആ ഡോക്യുമെന്ററി ഞാന്‍ കളഞ്ഞു കുളിച്ചു. പക്ഷേ ‘ലവിങ് മറഡോണ’ എന്ന ജാവിയര്‍ വാസ്ക്യൂസിന്റെ സ്പാനിഷ് ഡോക്യുമെന്ററി ദിവസങ്ങള്‍ക്കു മുന്നേ കണ്ടിരുന്നു. അതില്‍ ‘ഞങ്ങള്‍ ആഹാരം കഴിക്കാത്ത നിരവധി ദിവസങ്ങളുണ്ടായിട്ടുണ്ട്’ എന്ന് മറഡോണയുടെ കൂടെ പന്തുരുട്ടിക്കളിച്ച കൂട്ടുകാരന്‍ പറയുന്നതുകേട്ടാണ് സീറ്റില്‍ ഒന്നുണര്‍ന്നിരുന്നത്. അപ്പോള്‍ പോഷകാഹാരം, മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഇതൊന്നുമല്ലേ ഒരു ഗെയിമില്‍ പതിനാലോളം കിലോമീറ്റര്‍ ഓടേണ്ടി വരുന്ന കാല്‍പ്പന്തുകളിക്കാരന്റെ സിരകളില്‍ ഊര്‍ജ്ജം കുത്തി വയ്ക്കുന്നത്. മീഡിയ എങ്ങനെ ഒരു പാവം കളിക്കാരനെ വേട്ടയാടി എന്നതിലുമുണ്ട്. സിനിമയും കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ സാക്ഷാല്‍ ഷഹ്ബാസ് അമന്‍ മുന്നില്‍. ‘എന്റെ ചങ്ങായീ’ - ഷഹ്ബാസ് പറഞ്ഞു. ‘കിടക്കയില്‍ നിന്ന് എഴിച്ചപാടെ ഈ സിനിമയ്ക്കു വേണ്ടി ഓടി വന്നതാണ്. ഒന്നും കഴിഞ്ഞിട്ടില്ല. ഇനി പോയി ഫ്രെഷായി വരട്ടെ.’ 2005-ലെ ഫെസ്റ്റിവലിലും ഉണ്ടായിരുന്നു ഒരു മറഡോണ ചിത്രം, മൈക്കല്‍ ഹെവിറ്റിന്റെ ‘എബൌട്ട് മറഡോണ- കിക്കിംഗ് ദ ഹാബിറ്റ്.’ ചിത്രം നിര്‍മ്മിച്ചത് 2000-ല്‍. മയക്കുമരുന്നിനടിമയായ മറഡോണ രാജ്യത്തിന്റെ അപമാനമോ എന്ന നേരിയ സംശയം ആ സിനിമ ഉന്നയിക്കുന്നുണ്ടായിരുന്നു. 2008 ആകുമ്പോഴേക്കും നമ്മുടെ കാഴ്ചകള്‍ തെളിയുന്നു.

എങ്കിലും കസ്തുറിക്കയുടെ മറഡോണ കാണേണ്ടതായിരുന്നു.

ഒളിമ്പിക്സ് പ്രഖ്യാപിച്ചതോടെ ചൈനക്കാര്‍ക്കിടയില്‍ പടര്‍ന്നു കയറിയ ഇംഗ്ലീഷ് ജ്വരത്തെപ്പറ്റി ലിയാന്‍ പെക്ക് എടുത്ത ഡോക്യുമെന്ററിയാണ് ‘മാഡ് എബൌട്ട് ഇംഗ്ലീഷ്.’ പീക്കോക്കും കഴ്സ് ഓഫ് ദ ഗോള്‍ഡന്‍ ഫ്ലെവേഴ്സും ടീത്ത് ഓഫ് ലൌവും ലോസ്റ്റ് ഇന്‍ ബീജിംഗും പ്ലാറ്റ് ഫോമും നല്‍കിയ രാജ്യത്തു നിന്നും ഇത്തവണ ആകെ എടുത്തു പറയാവുന്നതായി ഈയൊരു ഡോക്യുമെന്ററി മാത്രമേ ഉണ്ടായിരുന്നുള്ളൂ. (അടുത്തവര്‍ഷം കണ്ട്രി ഫോക്കസില്‍ ചൈനയെക്കുറിച്ച് ആലോചിക്കാവുന്നതാണ്. നോട്ട് ദ പോയന്റ്! ) അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്ന ഒരു ഭാഷയോട് അതും പാശ്ചാത്യഭാഷയോട്- പെട്ടൊന്നൊരുനാള്‍ ആളുകള്‍ കൂട്ടത്തോടെ ആവേശം കാണിച്ചു തുടങ്ങുക, ഓര്‍ത്തു നോക്കിയാല്‍ അതില്‍ മറ്റെന്തൊക്കെയോ ഉണ്ട്. കുഞ്ഞുകുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളു കാണിച്ചു തന്നുകൊണ്ട് പുറത്താക്കലും ഒറ്റപ്പെടുത്തലും എത്ര ശക്തമായ രാഷ്ട്രീയായുധമാണെന്ന തത്ത്വം പറഞ്ഞത് 2006-ലെ ഒരു ചൈനീസ് സിനിമയാണ് (യുവാന്‍ ഷാങിന്റെ ‘ലിറ്റില്‍ റെഡ് ഫ്ലവേഴ്സ്‘ ) ഭാഷ കലങ്ങിക്കൊണ്ടിരിക്കുന്ന ജനസമൂഹം എന്ന നിലയ്ക്ക് മലയാളിയ്ക്ക് പ്രത്യേകിച്ച് ഉറ്റുനോക്കാന്‍ ചിലതൊക്കെ ഉണ്ടാവില്ലേ ആ ആധാരചിത്രത്തില്‍ എന്നു ന്യായമായും സംശയിക്കാം.

പറഞ്ഞിട്ടെന്താണ് അതു കാണാന്‍ പറ്റാതെ പോയി !

ക്യൂബയുടെ ‘ചെവലൂഷന്‍’ ആദ്യം തന്നെ ചാര്‍ട്ട് ചെയ്തു വച്ചിരുന്നതാണ്. പല ലക്ഷ്യങ്ങള്‍ക്കായി -പലപ്പോഴും എന്തിനു പ്രതിനിധിയായോ അതിനു തന്നെ വിരുദ്ധമായി- ചെ എന്ന ബിംബം ഉപയോഗിക്കപ്പെട്ടതിനെക്കുറിച്ച് സിനിമ ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ് കുറിപ്പില്‍ കണ്ടത്. (ആഴത്തിലുള്ള ചോദ്യങ്ങള്‍ എന്നു കുറിപ്പില്‍ കാണുന്നവയെ അപ്പടി വിഴുങ്ങാന്‍ പറ്റില്ല. ‘രൂപാന്തര്‍’ എന്ന ബംഗ്ലാദേശി സിനിമ ഏകലവ്യന്റെ മിത്തിനെപ്പറ്റി ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നു കണ്ടാണ് സിനിമയ്ക്കു പോയത്. ഉള്ള ആഴവും കൂടി പോയെന്നു മാത്രമല്ല, കട്ടന്തറയില്‍ തലയിടിച്ചു വീഴുകയും ചെയ്തു. ഓരോയിടത്ത് ഓരോന്നാണ് ആഴങ്ങള്‍) പക്ഷേ ചെയെ 2008-ലെ ക്യൂബ (ലൂയിസ് ലോപ്പസ് ആണ് സംവിധായകന്‍) നോക്കിക്കാണുന്ന വിധമെന്താണെന്നത് കൌതുകമുണ്ടാക്കുന്ന കാഴ്ചയാകുമായിരുന്നു. പക്ഷേ കണ്ടില്ല. അതിനേക്കാള്‍ വിഷമമുണ്ടായത് മറ്റൊരു സിനിമയുടെ കാര്യത്തിലാണ്, ഫെറെങ്ക് മോള്‍ഡോവാനിയുടെ ഡോക്യുമെന്റെറി ‘അനദര്‍ പ്ലാനറ്റ്’ കാണാനൊക്കാത്തതില്‍. നാലുഭൂഖണ്ഡങ്ങളിലായി ചിത്രീകരണം നിര്‍വഹിച്ച ഈ ചലച്ചിത്രം ലോകത്തിന്റെ അധികം ആരും അറിയാത്ത ഇരുണ്ടവശത്തിന്റെ നേര്‍ക്കാഴ്ചകളാണ്. കോംഗോയിലേയും കംബോഡിയയിലെയും ഇക്വഡോറിലേയും കുട്ടികളാണ് സിനിമയില്‍. അവര്‍ പട്ടാളക്കാരും തൊഴിലാളികളും ലൈംഗിക തൊഴിലാളികളുമാണ്. രണ്ടാം ദിവസം, അതായത് ഫെസ്റ്റിവല്‍ ചൂടുപിടിച്ചു തുടങ്ങുന്ന ദിവസം, ആദ്യത്തെ ഷോയില്‍ ഈ സിനിമ കണ്ട ഒരു മനുഷ്യന്‍ ‘ചിലതൊക്കെ നാം കാണാതിരിക്കുന്നതാണ് നല്ലത്‘ എന്നു പറഞ്ഞിട്ടു പോയി. പിന്നെ അയാള്‍ ഫെസ്റ്റിവലിലെ ഒരു സിനിമയ്ക്കും വന്നതേയില്ല. ആലോചിച്ചാല്‍ അതു കാണാന്‍ പറ്റുമായിരുന്നോ എന്ന് എനിക്കും സംശയമുണ്ട്. ‘ബോണ്‍ ഇന്‍ ബ്രോതല്‍സ്’ എന്നൊരു ഡി വി ഡി വാങ്ങി വച്ചിട്ട് കാലം കുറെയായി. റോസാ കൌഫ്മാനും സന ബ്രിസ്കിയും കൂടി സംവിധാനം ചെയ്ത, അക്കാദമി അവാര്‍ഡു കിട്ടിയ ഡോക്യുമെന്ററിയാണത്. ബ്രോതലുകള്‍ മറ്റെവിടത്തെയുമല്ല, ഇന്ത്യയിലെ തന്നെ.

അതിതുവരെ കാണണം എന്നു തോന്നിയിട്ടില്ല.

വൈറ്റ്വെല് എന്ന സ്ഥലത്തെ മിഡില്‍ സ്കൂളിലെ കുട്ടികള്‍ ആറു ദശലക്ഷം പേപ്പര്‍ക്ലിപ്പുകള്‍ ശേഖരിച്ച കഥ പറയുന്ന ‘പേപ്പര്‍ ക്ലിപ്പ്‘ എന്ന പ്രസിദ്ധമായ സിനിമയാണ് വിട്ടുപോയ മറ്റൊന്ന്. ആറുലക്ഷം ക്ലിപ്പുകള്‍ നാസിഭീകരതയില്‍ ജീവന്‍ വെടിഞ്ഞ ആറുലക്ഷം മനുഷ്യര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ്. ഒരോര്‍മ്മ പുതുക്കല്‍. ജോ ഫാബും എലിയറ്റ് ബെര്‍ലിനും കൂടിയൊരുക്കിയ ഈ സിനിമയെക്കുറിച്ച് മുന്‍പ് തന്നെ എവിടെയോ വായിച്ചതാണ്. കഥ വായിച്ചിട്ട് വേണ്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചത് കൊണ്ട് (അല്ലാതെ എന്റെ കുറ്റം കൊണ്ടല്ല!) കാണാതെ പോയ തുര്‍ക്കി ചിത്രമാണ് ‘ത്രീ മങ്കീസ്’. നൂറി ബില്‍ജ് സെയ്‌ലാന് നല്ല സംവിധാനത്തിനുള്ള 2008-ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡു നേടിക്കൊടുത്ത സിനിമയാണ്. ഇത്തവണത്തെ ഫെസ്റ്റിവലില്‍ ആകെയൊരു നല്ല സിനിമയേ ഞാന്‍ കണ്ടുള്ളൂ അത് ‘ത്രീ മങ്കീസ്’ ആണെന്ന് എം എഫ് തോമസ് നസ്യം പറഞ്ഞപ്പോള്‍ ഞാന്‍ കൂടെയുള്ളവരുടെ മുഖത്തു നോക്കി.

ഞാനുള്‍പ്പടെ ശരിക്കും ത്രീ മങ്കീസ്!

December 18, 2008

വിശ്വാസത്തിന്റെ ശരീരം, അതിന്റെ ശാസ്ത്രം



വിശ്വാസത്തിന് യുക്തിയുടെ പിന്‍‌ബലമാവശ്യമില്ലെന്നതാണ് നമ്മുടെ അനുഭവം. വിശ്വാസം സ്വയമേവ യുക്തിയാണ് പൊതുബോധത്തില്‍. പക്ഷേ ‘വിശ്വാസം’ നാം കരുതുന്നതുപോലെ അത്ര നിരുപദ്രവകാരിയല്ലെന്നുള്ളതാണ് പരമാര്‍ത്ഥം. രാഷ്ട്രീയമെന്നോ ആത്മീയമെന്നോ സൌകര്യപൂര്‍വം നാമകരണം ചെയ്തിട്ടുള്ള കമ്പാര്‍ട്ടുമെന്റുകളില്‍ മാത്രം ചുരുണ്ടുകൂടി കിടക്കുകയും ആവശ്യത്തിനു തലപൊക്കുകയും ചെയ്യുന്ന ഒന്നല്ല, അനുഭവങ്ങളെ നിര്‍മ്മിക്കുകയും അറിവുകളെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് വൈയക്തികവും സാമൂഹികവുമായ ജീവിതത്തെ മുഴുവന്‍ ആശ്ലേഷിച്ചു നില്‍ക്കുന്ന ഒന്നാണെന്നു വരുമ്പോള്‍ മനുഷ്യനില്‍ ഉറഞ്ഞുകൂടിക്കിടക്കുന്ന വിശ്വാസങ്ങളുടെ പ്രവര്‍ത്തനവഴികളെ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാവും. പാഠപുസ്തകങ്ങളില്‍ ശാസ്ത്രമെന്നത് അടിവരയിട്ട് ഹൃദിസ്ഥമാക്കേണ്ട ആശയങ്ങളുടെയും സാങ്കേതികപദാവലികളുടെയും നീണ്ട നിരകളാണ്. ദൈനംദിന ജീവിതത്തിലെ എണ്ണമറ്റ കുഴമാന്തങ്ങളെ നേരിടാന്‍ ശാസ്ത്രത്തിന്റെയോ തത്ത്വചിന്തയുടെയോ ആശ്രയം തേടി പോകാന്‍ മാത്രമുള്ള ശീലം, സാക്ഷരരെങ്കിലും നമുക്കില്ലാതെ പോയി. എല്ലാം വെള്ളം ചോരാത്ത അറകള്‍ക്കുള്ളില്‍ അടച്ചുഭദ്രമാക്കുമ്പോഴാണ് സമാധാനം. ഒന്നും ഒന്നിനെയും കൂട്ടി തൊടുന്നില്ല എന്നു വരണം. സമൂഹത്തിന്റെ ‘ചലനാത്മകത’ നഷ്ടപ്രായമായിരിക്കുന്നതിന് ഇതും ഒരു കാരണമാണ്.

ചോദ്യം ചെയ്യാന്‍ പാടില്ലാതെ എടുത്തണിയേണ്ട ഒരുപാട് വിശ്വാസവിഴുപ്പുകള്‍ക്കുള്ളില്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ചില വെട്ടിമുറിയ്ക്കലുകള്‍ ആവശ്യമാണെന്ന് ബോധ്യം തരുന്ന പുസ്തകമാണ് ജീവന്‍ ജോബ് തോമസിന്റെ ‘വിശ്വാസത്തിന്റെ ശരീരശാസ്ത്രം’. മറ്റൊരര്‍ത്ഥത്തില്‍ വെട്ടിമുറിക്കലുകള്‍ ഏതുതരത്തില്‍ വേണമെന്നതിനെപ്പറ്റിയും. തലച്ചോറെന്ന സങ്കീര്‍ണ്ണമായ വ്യവസ്ഥയ്ക്ക് ഓര്‍മ്മ, മതവിശ്വാസം, രോഗശാന്തി, മതം, ധ്യാനം, തീവ്രവാദം, വംശീയത, യൌവനാരംഭം, നുണ തുടങ്ങിയവയുടെ രാസക്കൂട്ടുകള്‍ ചമയ്ക്കുന്നതിലെ പങ്കന്വേഷിച്ചാണ് ജീവന്റെ യാത്ര ശാസ്ത്രത്തിന്റെ കവലകള്‍ തേടുന്നത്. കാലിക ജീവിതത്തിന്റെ പരിസരങ്ങള്‍ തന്നെയാണ് പ്രായോഗികജീവിതവിജയ തുടരുനുകളിലും പരിഗണനയ്ക്കു വരുന്നത്. എന്നാല്‍ പ്രായോഗികജീവിതത്തിനു വേണ്ടിയുള്ള മുറവിളികള്‍ സാമൂഹിക ജീവിതത്തിന്റെ ഉപരിതലത്തിലാണ് അന്വേഷണങ്ങള്‍ നടത്തുന്നത് എന്നൊരു വ്യത്യാസമുണ്ട്. ജനപ്രിയശാസ്ത്രത്തെ വ്യത്യസ്തവും പ്രസക്തവുമാക്കുന്ന ഘടകങ്ങളിലൊന്നാണത്. യാഥാസ്ഥിതിക സമൂഹം, കൌമാരപ്രണയങ്ങളെ ഒഴിവാക്കാനാണ് സ്കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍ത്തിരിവ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യൌവനാരംഭത്തില്‍ ശാരീരികമായ മാറ്റങ്ങളോടൊപ്പം തലച്ചോറിലെ കെമികങ്ങളിലും വ്യതിയാനങ്ങളുണ്ടാവുന്നുണ്ട്. ജെ. ഗിയഡിന്റെ നീണ്ടകാലത്തെ മസ്തിഷ്ക പഠനത്തെ അടിസ്ഥാനമാക്കി ആരോഗ്യകരമായൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ക്ലാസ്മുറികളെ സജ്ജീകരിക്കാന്‍ എന്താണു വേണ്ടത് എന്ന് ജീവന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. (യൌവനാരംഭം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുണ്ടോ?) പക്ഷേ കൌമാര വിദ്യാഭ്യാസപദ്ധതിയെപ്പോലും ‘ഒളിഞ്ഞുനോക്കി’ അലമുറയിടുന്ന ആളുകളുള്ള നാട്ടില്‍ ‘ശാസ്ത്രബോധം’ എന്നാണുറയ്ക്കുക?

ജീവശാസ്ത്രത്തിന്റെ ടെര്‍മിനോളജികള്‍ കൊണ്ട് ആധുനികതീവ്രവാദത്തിന്റെ രൂപത്തെയും സ്വഭാവത്തെയും വിശകലനം ചെയ്യുന്ന ലേഖനമാണ് ‘തീവ്രവാദത്തിന്റെ ആധുനികോത്തരവഴികള്‍’. ആശയവിനിമയത്തിന്റെ സഫലമായ പ്രയോഗമാണ് തീവ്രവാദസമൂഹങ്ങളെ നിലനിര്‍ത്തുന്ന ഒരു ഘടകം. ജീവശാസ്ത്രജ്ഞനായ സ്റ്റുവാര്‍ട്ട് കാഫ്മാന്‍ ‘സ്വയം സംഘാടനം’ എന്ന പദം കൊണ്ട് വിശദീകരിച്ച സ്വഭാവം, അല്‍-ഖ്വൈദ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ പ്രസക്തമാവുന്നതെങ്ങനെ എന്നു ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. ആക്രമണം പ്ലാന്‍ ചെയ്യുമ്പോഴുള്ള നീണ്ട കാത്തിരിപ്പുകള്‍, എതിരാളികള്‍ ആസൂത്രണം തകര്‍ക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ മറ്റൊന്ന് നടപ്പാക്കാനുള്ള സാമര്‍ത്ഥ്യം ഇവയെയൊക്കെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള ‘ശൃംഖലാ (നെറ്റ്‌വര്‍ക്ക്) ശേഷി’യുടെ ഫലമാണ്. ‘പിന്‍‌വാങ്ങലും പൂര്‍വസ്ഥിതി പ്രാപിക്കലും’ തീവ്രവാദനെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ക്കിടയിലെ ‘സമാന്തരജീവിതം’ തുടങ്ങി സങ്കീര്‍ണ്ണതാവാദം (കോം‌പ്ലിസിറ്റി തിയറി) അടിസ്ഥാനമാക്കിക്കൊണ്ട് തീവ്രവാദപ്രവര്‍ത്തങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം ഏതു തരത്തിലാണവയെ ഫലപ്രദമായി നേരിടേണ്ടതെന്ന വസ്തുത കൂടി മുന്നോട്ടു വയ്ക്കുന്നു എന്ന നിലയ്ക്കാണ് കൂടുതല്‍ പഠനീയമായി തീരുന്നത്.

മാനുഷികമൂല്യങ്ങളും മതങ്ങളും ശക്തമായ അതിജീവനപൊരുത്തപ്പെടലുകളാണ്. ഇവ പരസ്പരം ഇഴപിരിയാത്തകണ്ണികളാണെന്നാണ് സാമാന്യബോധം പറഞ്ഞു വയ്ക്കുന്ന വാസ്തവം. എന്നാല്‍ മതത്തിന്റെ സഹായമില്ലാതെ ഉന്നതമായ മൂല്യബോധത്തോടെ ജീവിച്ചവരുണ്ട്. അതിനിഷ്ഠയുള്ള മതവിശ്വാസി ഒരു മൂല്യബോധവുമില്ലാത്തയാളാണെന്നും വരാം. മതങ്ങള്‍ നടത്തിയ കൂട്ടക്കുരുതികളും വംശഹത്യകളും എണ്ണിയാലൊടുങ്ങാത്തവയാണ്. എങ്കിലും പരിണാമപരമായി പരസ്പരസഹവര്‍ത്തിത്വത്തിലൂടെ വളര്‍ന്നവയാണ് മാനുഷികമൂല്യങ്ങളും മതങ്ങളും. ഒന്നിച്ചിരുന്നു പേനുകളെ തപ്പിപ്പിടിച്ചു കൊന്ന് പരസ്പരം ചൊറിഞ്ഞു സുഖിപ്പിക്കുന്ന കുരങ്ങന്മാരിലും കൊട്ടും പാട്ടുമായി ദൈവത്തെ വിളിച്ചു വിലപിക്കുന്ന കൂട്ടായ്മയിലും പ്രവര്‍ത്തിക്കുന്നത് ഒരേ ജീവശാസ്ത്രപരമായ ചോദനയാണെന്നതാണ് യാഥാര്‍ത്ഥ്യം. (എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നതെങ്ങനെ?) പരിണാമത്തിന്റെ സാമൂഹികശാസ്ത്രവശങ്ങള്‍ തിരഞ്ഞു ചെല്ലുമ്പോള്‍ ലഭിക്കുന്ന വെളിപാടുകളാണിവ. പരിമിതികള്‍ ഉണ്ടെങ്കിലും സാമൂഹികജീവിതത്തിന്റെ അഴിയാച്ചുരുളുകളെ നിവര്‍ത്താന്‍ മനുഷ്യനു മുന്നിലുള്ള അറിവിന്റെ കരുത്തുറ്റ ആയുധം അതു തന്നെ ഇന്നും. (മാനുഷികമൂല്യങ്ങളുടെ ഉറവിടം മതങ്ങളാണോ?)

മനുഷ്യന്റെ വിശ്വാസപ്രക്രിയയെ സ്പഷ്ടമായി വിശദീകരിച്ച ദക്ഷിണേന്ത്യക്കാരനാണ് കാലിഫോണിയാ സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റ് വി എസ് രാമചന്ദ്രന്‍. ന്യൂറോതിയോളജിയില്‍ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് അദ്ദേഹം. ‘മായ’ എന്ന ഭാരതീയ സങ്കല്പത്തെയും ‘ദൈവിക വചനങ്ങളെയും’ ചാഞ്ചല്യമില്ലാത്ത ഉറച്ച വിശ്വാസങ്ങളുമെല്ലാം തലച്ചോറിന്റെ ഭാഗങ്ങളായ ബ്രോക്ക, പിശാചിന്റെ വക്കീല്‍ തുടങ്ങിയയുടെ പ്രവര്‍ത്തനഫലങ്ങളാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. (വിശ്വാസത്തിന്റെ ശരീരശാസ്ത്രം) വിശ്വാസത്തിന്റെയും രോഗശാന്തിയുടെയുമൊക്കെ അടിസ്ഥാനം ഒരര്‍ത്ഥത്തില്‍ ശുഭാപ്തിവിശ്വാസം കൊണ്ടുള്ള അതിജീവനമാണ്. പരിണാമത്തിന്റെ പടവുകള്‍ താണ്ടി മനുഷ്യന്‍ അതിസങ്കീര്‍ണ്ണമായ വ്യവസ്ഥകളില്‍ എത്തിച്ചേരുമ്പോള്‍ അവനെ/അവളെ വലയം ചെയ്യുന്ന മായകളും സങ്കീര്‍ണ്ണരൂപമാര്‍ജിച്ച് പുതിയ രൂപത്തില്‍ പിന്തുടരുന്നു. അവസാനിക്കാത്ത അന്വേഷണങ്ങള്‍ കൊണ്ട് നമുക്കവയെ ലഘൂകരിക്കാന്‍ പറ്റിയേക്കും. പക്ഷേ മറ്റൊന്നുകൂടിയുണ്ട് ഇവയില്ലെങ്കില്‍ എത്ര വിരസമായി പോകുമായിരുന്നൂ ജീവിതം എന്ന ചിന്ത ! (എന്റെ വിശ്വാസം എന്നെ രക്ഷിക്കുന്നതെങ്ങനെ?)


ഓര്‍മ്മകളെയും നുണയെയും തത്ത്വചിന്തയുടെയും പുതിയ ശാസ്ത്രാന്വേഷങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തുന്ന ലേഖനങ്ങളിലും എഴുത്തുകാരന്റെ വ്യത്യസ്തമായ പരിപ്രേക്ഷ്യം അനുഭവസിദ്ധമാണ്. എതൊരു വ്യക്തിയുടെയും ഓര്‍മ്മകള്‍ക്ക് സാമൂഹികബാദ്ധ്യതയുണ്ട്. സമൂഹത്തിന്റെ ദുഷിപ്പുകളും കൂട്ടക്കൊലകളും ഓര്‍മ്മയിലാണല്ലോ നാം സൂക്ഷിക്കുന്നത്. അതേസമയം അവ അങ്ങേയറ്റം സ്വകാര്യവുമാണ്. ആ നിലയ്ക്ക് ന്യൂറോസയന്‍സും ടെക്‍നോളജിയും വരും കാലചിന്തയുടെ മണ്ഡലത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെന്തായിരിക്കും എന്ന വിസ്മയത്തിന് കാതലുണ്ട്. നുണ അതിജീവനത്തിനുള്ളതാവുമ്പോള്‍ അതിനെതിരെയുള്ള ജാഗ്രതയും അതിജീവനത്തിനുവേണ്ടി തന്നെയുള്ളതാണെന്ന തിരിച്ചറിവിലാണ് പോളീഗ്രാഫും ബ്രെയിന്‍ മാപ്പിംഗും നാര്‍ക്കോ അനാലിസിസും പോലുള്ള ആധുനിക നുണ പരിശോധനാസമ്പ്രദായങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. (നമുക്ക് നുണപറയാതിരിക്കാന്‍ വയ്യ) ജീവിവര്‍ഗത്തിന്റെ അതിജീവനം എത്രസങ്കീര്‍ണ്ണമായ പരിണതികളില്‍ എത്തിയിരിക്കുന്നു എന്ന വാസ്തവത്തിലേയ്ക്കായിരിക്കും ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രാഥമികമായി നമ്മുടെ മിഴികള്‍ വിടരുന്നത്. പൊതുബോധത്തിന്റെ ഉള്ളിത്തൊലികള്‍ അഴിയ്ക്കുന്നതിനുള്ള ശക്തമായ ഉപാധിയായി ജീവശാസ്ത്രമേഖലകള്‍ തത്ത്വശാസ്ത്രത്തെ കൂട്ടുപിടിക്കുന്നത് രണ്ടാമത്തെ വിസ്മയക്കാഴ്ചയും. ശാസ്ത്രവിഷയങ്ങള്‍ ഇംഗ്ലീഷിനുമാത്രം വഴങ്ങുന്നതാണെന്ന അക്കാദമിക ധാരണയെ നിര്‍ദ്ദയം ഈ പുസ്തകം വെട്ടിമുറിക്കുന്നു എന്നത് ഒരു സ്വകാര്യസന്തോഷമായി മാത്രം ഇരുന്നുകൊള്ളട്ടെ. എന്നാല്‍ ശാസ്ത്രപഠനങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന കാര്‍ക്കശ്യവും തൊട്ടുകൂടായ്മയും ഈ പുസ്തകം ഒഴുക്കുള്ള ഭാഷയും ഉദാരമായ മാനവിക വീക്ഷണവും കൊണ്ട് റദ്ദു ചെയ്യുന്നു എന്നത് എടുത്തു പറയേണ്ടതുണ്ട്.

അങ്ങനെ മലയാളി അത്യാവശ്യം വായിച്ചിരിക്കേണ്ട നല്ല പുസ്തകമാവുന്നു, ‘വിശ്വാസത്തിന്റെ ശരീരശാസ്ത്രം.’ സംശയം വേണ്ട.

-----------------------------------------------
വിശ്വാസത്തിന്റെ ശരീരശാസ്ത്രം
ജീവന്‍ ജോബ് തോമസ്
ഡി സി ബി

December 11, 2008

വെളിപാട് - തമിഴ് കവിത



സിദ്ധാര്‍ത്ഥനെപ്പോലെ
ഭാര്യയെയും കുട്ടിയെയും
ഉപേക്ഷിച്ച്
അര്‍ദ്ധരാത്രിയില്‍
ഓടിപ്പോകാന്‍ എനിക്കാവില്ല

ഒന്നാമത്ത കാരണം,
ഭാര്യയും കുട്ടിയും എന്റെ മേല്‍
കാലുകളിട്ടാണ് ഉറങ്ങുന്നത്
അവരുടെ പിടിവിട്ട്
എഴുന്നേറ്റോടുക
എളുപ്പമല്ല.

അതു ഞാന്‍ ചെയ്താല്‍ തന്നെ,
എനിക്ക്
തെരുവുനായ്ക്കളായ പിശാചുക്കളെ
നേരിടേണ്ടി വരും
എന്നെപ്പോലൊരു പാവത്താനെ നോക്കി
എന്തൊരു കുരയാണ്
അവറ്റകള്‍ കുരയ്ക്കുന്നത് !

മൂന്നാമത്തെ പ്രശ്നമാണ്
പ്രധാനം.
രാത്രി ഞാന്‍ വീടു വിട്ടാല്‍
പ്രഭാതകര്‍മ്മങ്ങള്‍ക്ക്
ഒരു സ്ഥലം കണ്ടെത്തണ്ടേ?

-തപസി.
ജനനം 1968-ല്‍. 5 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു‍. ചെറുകഥകളും സാഹിത്യ വിമര്‍ശനങ്ങളും എഴുതുന്നു.

(കമ്പ്യൂട്ടറു വഴി അപേക്ഷിച്ചു, ടിക്കറ്റു കിട്ടി, താമസം ശരിയാക്കാമെന്നു സുഹൃത്ത് സ്നേഹത്തോടെ ഉറപ്പു തന്നു. വഴി പരിചയം മാത്രമുള്ളവരും ഇനിയും തിരിച്ചില്ലേ എന്ന് കുശലം അയച്ചു. എന്നിട്ടും ഗോവയില്‍ പോകാതെ പേടിച്ചു നടന്നു. എന്തുകൊണ്ടെന്ന് പിന്നെയും പിന്നെയും കുറ്റബോധത്തോടെ പനിക്കുമ്പോഴാണ് ഈ കവിത ചിരിച്ചു കൊണ്ട് ന്യായങ്ങള്‍ നിരത്തിയത്. വീടു ചുമലില്‍ വേണം ആമകള്‍ക്ക്....)

ചിത്രം : www.richard-seaman.com

December 4, 2008

മുഖത്തോടു മുഖം



മാധ്യമം ആഴ്ചപ്പതിപ്പിന്റെ 563-മതു ലക്കത്തില്‍ ജെ. ആര്‍ എഴുത്തച്ഛന്‍ ‘ദിനോസോറുകള്‍ ഉണ്ടാവുന്നത്’ എന്ന ലേഖനത്തിന്റെ തുടക്കവാക്യമായി എഴുതി, ‘ഇത് അച്ചടിച്ചു വരുമ്പോഴേയ്ക്കും ഒരു വേള മറ്റേതെങ്കിലും ഒരു ആനുകാലികത്തില്‍ ‘എന്റെ വി എസ്, എന്റെ പ്രിയ വി എസ്’ എന്നോ മറ്റോ ശീര്‍ഷകത്തില്‍ എം മുകുന്ദന്‍ ഒരു ലേഖനമോ അഭിമുഖമോ കാച്ചിയിട്ടുണ്ടാകാം.’ അച്ചട്ടമായി അതു തന്നെ നടന്നു. മാധ്യമം ഇറങ്ങുന്നതു തിങ്കളാഴ്ച. തൊട്ടടുത്ത ദിവസം ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുകുന്ദന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘എന്റെ വി എസ്.’ (‘ഹെന്റെ വി എസ്.’. എന്നും വായിക്കാം, അത്ര ആര്‍ദ്രമാണ് ഉള്ളടക്കം) മുകുന്ദന്‍ ലേഖനമെഴുതുന്ന കാര്യം എഴുത്തച്ഛന് ചോര്‍ന്നു കിട്ടിയതാവാം. പ്രവചനം ഫലിച്ചതുമാവാം. എന്തായാലെന്ത്? പിടിച്ചുകെട്ടാന്‍ വയ്യാത്ത രീതിയില്‍ അതിസങ്കീര്‍ണ്ണഘടനയുള്ളതൊന്നുമല്ല നമ്മുടെ സാംസ്കാരികനായകന്മാരുടെ ലോലമായ ഹൃദയപല്ലവങ്ങള്‍! നവംബര്‍ ലക്കം പച്ചക്കുതിരയില്‍ അച്ചടിച്ചു വന്ന അഭിമുഖത്തിലെ വിവാദമായ ‘കാലഹരണപ്പെട്ട പുണ്യവാളന്‍’ പ്രയോഗത്തില്‍ ‘പുണ്യവാളന്‍’ തന്റെ പ്രയോഗമല്ലെന്നാണ് മുകുന്ദന്‍ ആകെ വാദിക്കുന്നത്. പിന്നെ ഇറങ്ങാന്‍ നേരം അഭിമുഖത്തിനു വന്ന സുഹൃത്തിനോട് പറഞ്ഞത്രേ (താഹാമാടായിയാണ് സുഹൃത്ത്) ‘വി എസ്സി’നെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും അതിലുണ്ടാവരുതെന്ന്’. അതെന്തിന്? താഹ അടുത്ത കാലത്ത് എഴുതി, സൌണ്ട് റിക്കോഡര്‍ ഓഫ് ചെയ്തിട്ട് പരമാവധി പരദൂഷണം പറയുന്നവരാണ് താന്‍ അഭിമുഖം നടത്തിയ സാംസ്കാരിക നെടും തൂണുകളെല്ലാം എന്ന്. ഒരാള്‍ മാത്രമാണ് തങ്ങളുടെ അഭിമുഖങ്ങള്‍ക്കിടയില്‍ ഒരിക്കലും റിക്കോഡര്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടാതിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എന്‍ വിജയന്‍. എല്ലാവര്‍ക്കും വിജയന്‍ മാഷാകാന്‍ കഴിയില്ലല്ലോ. പോട്ടെ. ഇനി നേരത്തെ പറഞ്ഞ മുകുന്ദന്റെ യാത്രാമൊഴി ഒന്നുകൂടി വായിച്ചു നോക്കിയാല്‍ നമുക്കെന്തായിരിക്കും മനസ്സിലാവുക?

ജനനന്മയെ ലാക്കാക്കി, തികഞ്ഞ ക്രാന്തദര്‍ശിത്വത്തോടെയാണെങ്കില്‍ നേതാവും മുഖ്യമന്ത്രിയും ആയ അച്യുതാനന്ദന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ എന്ത് അപാകമാണുള്ളത്? അങ്ങനെയൊക്കെയുള്ള സൌകര്യം നല്‍കുന്നതുകൊണ്ടല്ലേ നാം ജനാധിപത്യത്തെ തീറ്റിപോറ്റുന്നത്. (ഇലക്ഷനു മുന്‍പ് സി പി എം ജനറല്‍ സെക്രട്ടറി ഡെമോക്രാറ്റിക് ഇന്ദിരാകോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുക എന്ന അധാര്‍മ്മികപ്രവൃത്തിയിലേര്‍പ്പെട്ടു എന്നെഴുതിയതിനു ‘സാധാരണ നിലയില്‍ ഒരു പ്രസിദ്ധീകരണവും ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല ’ എന്നും പറഞ്ഞ് മാധ്യമം വാരികയ്ക്കെതിരേ പിണറായി വിജയന്‍ അഡ്വ. വിജയമോഹന്‍ മുഖേന 50 ലക്ഷം രൂപയുടെ മാനനഷ്ടകേസു നല്‍കാന്‍ തുനിഞ്ഞു എന്ന കാര്യം മറക്കുന്നില്ല. ) പക്ഷേ മുകുന്ദന്‍ കുറേ വിശേഷണങ്ങള്‍ ഗൂഢോക്തിമര്യാദയില്‍ എടുത്തു ചാര്‍ത്തിയതല്ലാതെ എന്താണ് അച്യുതാനന്ദനുള്ള കുഴപ്പമെന്നും പിണറായിക്കുള്ള മികവെന്നും പറഞ്ഞില്ലെന്നിടത്താണ് നമ്മള്‍ അന്തിച്ചു പോകുന്നത്. അഭിമുഖം പരതിയിട്ട് എനിക്കൊന്നും കിട്ടിയില്ല. വി എസ് കാലഹരണപ്പെട്ടു എന്നു പറഞ്ഞതിന് ഒരു സൂചനയുള്ളത് പുതിയ ലേഖനത്തിലാണ്. “തൊഴിലാളികളുടെയും കൃഷിക്കാരുടെയും എണ്ണം കുറഞ്ഞതുകൊണ്ട് ഐ ടി വിദഗ്ദരുടെയും ഉന്നതവിദ്യാഭ്യാസം നേടിയവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന, അവരെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്കു നയിക്കുന്ന ഒരു നേതാവാണ് വേണ്ടത്.” (ആദ്യവിഭാഗത്തില്‍പ്പെടുന്ന ഏഴാം കൂലികളുടെ ഇടയില്‍ നിന്നു ചോരചിന്തിപ്പൊന്തിവന്ന ഒരു നേതാവല്ല !) ഈ ഒരു വിയോജിപ്പാണ് ‘അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയും സൌമ്യമായ ഭാഷ’യില്‍ പ്രകടിപ്പിച്ചത് എന്നാണ് മുകുന്ദന്റെ വാദം. എങ്കിലും പിണറായി കാലഘട്ടത്തിന്റെ പ്രശ്നങ്ങള്‍ക്ക് പ്രായോഗികപരിഹാരം തേടുന്ന നേതാവാകുന്നതെങ്ങനെ എന്ന കാര്യത്തില്‍ ഒരു പോയിന്റെങ്കിലും പറയണമായിരുന്നു, അദ്ദേഹം അത് ലേഖനത്തിലും വിട്ടു കളഞ്ഞു. ന്യായീകരണലേഖനത്തിന്റെ സന്തുലിതാവസ്ഥയാണ് വിട്ടുകളയല്‍ നയം കൊണ്ട് കുന്തമാവുന്നത്.

ഇപ്പോള്‍ മുകുന്ദന്‍ പറയുന്നത് മഹാശ്വേതാദേവിയെ എതിര്‍ത്തത് വി എസിനുവേണ്ടിയായിരുന്നു എന്നാണ്. ‘എന്റെ അഭിപ്രായങ്ങള്‍ എന്റേതു മാത്രമാണെന്നും മറ്റാരും എന്നെക്കൊണ്ടു പറയിക്കുന്നതല്ലെന്നും’ ലേഖനത്തില്‍ ആണയിട്ട ആള്‍, ഏതാനും ഖണ്ഡികകള്‍ക്കു ശേഷം ‘ഞാന്‍ ചെയ്തത് മഹാപാപമായിരുന്നെങ്കില്‍ (മഹാശ്വേതാദേവിയെ ചീത്ത പറഞ്ഞത്) അതും (അപ്പോള്‍ മറ്റു ചിലതും..?) വി എസിനുവേണ്ടിയായിരുന്നു.’ എന്നെഴുതുമ്പോള്‍ നമ്മളെന്താണ് ആകെ മൊത്തം വിചാരിക്കേണ്ടത്? “സാംസ്കാരികകേരളത്തിന് എന്റെ വ്യത്യസ്തമായ (?) സ്വരം കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍ ഇനിയങ്ങോട്ട് കുഞ്ഞാടുകളുടെ കൂട്ടത്തില്‍ ഒച്ചവയ്ക്കാതെ മേഞ്ഞു നടക്കാം. എനിക്കും സമൂഹത്തിനും അതാണ് നല്ലത്. ”എന്നാണ് മറ്റൊരു ഗീര്‍വാണം. അഭിമുഖത്തില്‍ കേരളത്തിലെ പൊതുസമൂഹത്തിനറിയാവുന്ന ചിലവിഴുപ്പലക്കലുകളില്‍ വ്യക്തമായി പക്ഷം പിടിച്ചു സംസാരിച്ച ഒരു മനുഷ്യന്‍ എന്തു വ്യത്യസ്തതയാണ് നമ്മെ കേള്‍പ്പിച്ചത്? വ്യംഗ്യാര്‍ത്ഥഭംഗിയില്‍ വലിയ അര്‍ത്ഥങ്ങള്‍ എഴുതിവയ്ക്കുന്നവരാണ് സാഹിത്യകാരന്മാര്‍ എന്നുള്ളതുകൊണ്ട് മുകുന്ദന്‍ പറഞ്ഞതില്‍ ആഴത്തിന്റെ മുഴക്കമുണ്ടായിരുന്നു, വരും കാലത്തിന്റെ പ്രവചനസ്വരമുണ്ടായിരുന്നു എന്നു വയ്ക്കുക, എങ്കില്‍ ‘ഹെന്റെ വി എസ്’ എന്ന വാലാട്ടല്‍ എന്തിനായിരുന്നു? ഒരു പുഞ്ചിരികൊണ്ട് ഏതു വിമര്‍ശനത്തെയും നേരിടാമായിരുന്നല്ലോ. വലിയ ചിന്തകളുടെയോ ആശയങ്ങളുടെയോ ഉടമയല്ല താനെന്ന് മുകുന്ദന്‍ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ കുഴങ്ങുക നമ്മള്‍ തന്നെയാണ്, കാരണം അതിന്റെ തൊട്ടടുത്തവരിയില്‍ തന്റെ ആശയ പ്രപഞ്ചം രൂപപ്പെടുത്തിയത് റെഴിസ് ദെബ്രയും ക്ലോദ് സിമോനും ഴാക് ദെരിദയുമൊക്കെയായുള്ള നേരിട്ടുള്ള സമ്പര്‍ക്കമാണെന്നുമുണ്ട്. കാര്‍ളൈല്‍ പറഞ്ഞതുപോലെ എന്റെ കൂട്ടുകാരാണ് എന്നു പറഞ്ഞാല്‍ ഞാനാരാണെന്നു മനസ്സിലാവുമല്ലോ! അപ്പോള്‍ മറ്റൊരു കുഴപ്പമുണ്ട്, ദെബ്രയും ദെരീദയും പോലുള്ള ഫ്രഞ്ചുകാരുടെ സമ്പര്‍ക്കം മുകുന്ദനു നല്‍കിയത് കൊച്ചു കൊച്ചു ചിന്തകളും കൊച്ചു കൊച്ചു ആശയങ്ങളുമാണോ? മനസ്സ് അങ്ങേയറ്റം അസ്വസ്ഥമായിരുന്നതുകൊണ്ടാവാം മലയാളത്തില്‍ ഒരു കാലഘട്ടത്തിന്റെ അഭിരുചി നിര്‍ണ്ണയിച്ച മഹാസാഹിത്യകാരന്റെ കാലികമായ വാക്കുകളില്‍ മലക്കം മറിച്ചിലുകളും പൊരുത്തക്കേടുകളും യുക്തിഭംഗങ്ങളും അപ്പുറവും ഇപ്പുറവും ചെന്നു നിന്നു വാലാട്ടുന്നതരം വിനയവും എല്ലാവരും കൂടി തന്നെ ഉപദ്രവിക്കയാണെന്ന വിഭ്രാന്തിയും ഭയവും മറ്റും മറ്റും. പക്ഷേ തന്റെ സാമാന്യപ്രസ്താവങ്ങള്‍ ഒരു നെറ്റിച്ചുളിച്ചിലുമില്ലാതെ പൊതുനന്മയെ ലാക്കാക്കി എല്ലാവരും ഉള്ളിലേയ്ക്കെടുത്തുകൊള്ളണം എന്നു മുകുന്ദന്‍ പറയുന്നതിന്റെ പൊരുള്‍ എന്താണോ എന്തോ? ഒരെത്തുമ്പിടിയും കിട്ടുന്നില്ല.

താഹാ മാടായിയുടെ മറുപടിയില്‍ ‘പുണ്യവാളന്‍’ എന്ന പദം തന്നെയാണ് മുകുന്ദന്‍ ഉപയോഗിച്ചതെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. മുകുന്ദന്‍ പറയരുതെന്നു പറഞ്ഞ ഒരു കാര്യം എഴുതിയിട്ടുമില്ലത്രേ. വി എസ്സിനെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പാടില്ല എന്ന് പറഞ്ഞ് മുകുന്ദന്‍ വിലക്കി എന്നു പറയുന്ന യാത്രാമൊഴി അപ്പോള്‍ ഇതായിരുന്നു! ടേപ്പ് താഹയുടെ കൈയ്യിലുണ്ട്. താന്‍ മനസ്സറിയാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച്, നേതാക്കന്മാരെക്കൊണ്ട് കണ്ണുരുട്ടിപ്പിച്ച് മൊത്തം വെറുപ്പിനു തന്നെ പാത്രീഭൂതമാക്കി ചെയ്തവനാണ് അഭിമുഖകാരനെങ്കില്‍, അതിനെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കാതെ, മുകുന്ദന്‍ അക്കാദമി പ്രസിഡന്റു സ്ഥാനം രാജി വയ്ക്കാന്‍ തുനിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണം ഒരു പക്ഷേ ഈ ടേപ്പിനെ കുറിച്ചോര്‍ത്തുള്ള നെടുവീര്‍പ്പായിരിക്കില്ലേ?

കുറച്ചുകാലം മുന്‍പ്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് നടത്തിയ അഭിമുഖത്തില്‍ (‘പറയാതിരുന്നത് വി എസ് പറഞ്ഞു തുടങ്ങുകയാണ്..’ ആഗസ്റ്റ് 31, 2008) അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍, സെപ്റ്റംബറും ഒക്ടോബറും കഴിഞ്ഞ് നവംബര്‍ ആദ്യവാരത്തെ പതിപ്പില്‍ ഒരു കത്തുകൊണ്ട് വി എസ് തിരുത്തി. ‘ അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.’ ആദ്യകാല എസ് എഫ് ഐയുടെ പ്രവര്‍ത്തകനും കൈരളി ടി വിയിലെ ക്രിയേറ്റീവ് എക്സിക്യൂട്ടീവും ആയിരുന്നു നോവലിസ്റ്റും കഥാകൃത്തുമായ ബാബു ഭരദ്വാജ് അഭിമുഖത്തില്‍ ധാരാളം അങ്കുശങ്ങളും അര്‍ദ്ധോക്തികളുമിട്ട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാതിരിക്കുന്നു എന്ന് ധ്വനിപ്പിക്കുന്നതിനോടൊപ്പം സ്വന്തം അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടേതെന്ന മട്ടില്‍ അവതരിപ്പിച്ചു. അതു ശരിയായില്ല എന്നായിരുന്നു വി എസിന്റെ ആരോപണം. ക്ഷമാപണമാകട്ടേ, ന്യായീകരണമാവട്ടേ അഭിമുഖകാരന്‍ കമാന്നൊരക്ഷരം മിണ്ടിയില്ല. അതങ്ങനെ അവിടെ അവസാനിച്ചു. താഹയും പറയുന്നത് ഇനി ഇക്കാര്യത്തില്‍ തനിക്കിനി മിണ്ടാട്ടമില്ലെന്നാണ്.

കൂടുതല്‍ വിശദമാകേ(ക്കേ)ണ്ട കാര്യങ്ങളാണ് അഭിമുഖമെന്ന വ്യവഹാരരൂപം വഴി പ്രകാശം നേടുന്നത് എന്നാണ് നമ്മുടെയൊക്കെ ഒരു വയ്പ്പ്. സംസാരവടിവിലത് വായനക്കാരോട് കൂടുതല്‍ അടുത്തിരിക്കുകയാണല്ലോ. തെറ്റ്. ഇപ്പോള്‍ മുഖാമുഖപുകിലുകളില്‍ നാം വരികള്‍ക്കിടയിലൂടെ വണ്ടിയോടിക്കണം. പറഞ്ഞതിലാണോ പറയാത്തതിലാണോ കാളികൂളികളും തെണ്ടനും കളിച്ചു പുളയ്ക്കുന്നത് എന്നറിയാന്‍ എത്തിവലിഞ്ഞുനോക്കേണ്ടി വരും. കവിതയിലല്ല, ദീര്‍ഘസംഭാഷണങ്ങളിലാണ് മൌനം അതിന്റെ മുഴക്കം കൊണ്ട് ഭാഷയ്ക്ക് ബഹ്വര്‍ത്ഥസാധ്യതകളുടെ കവാടം തുറന്നു കൊടുക്കുന്നത്. ഒരു പടികൂടെ കടന്ന് ഇപ്പോള്‍ പറയുന്ന ആളിന്റെ അര്‍ത്ഥമല്ല കേള്‍ക്കുന്നയാളിന്റെ അര്‍ത്ഥം എന്ന മട്ടിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അര്‍ത്ഥത്തിന്റെ അനന്തമായ ലീലകള്‍ തന്നെ. വായിക്കുന്നവന്റെ/ളുടെ ഭാവനയ്ക്ക് ഇതില്‍പ്പരം നിര്‍വൃതി ലഭിക്കാനുണ്ടോ? കേരളത്തില്‍ ഇപ്പോള്‍ കവിതാപുസ്തകങ്ങള്‍ക്ക് വില്‍പ്പന കുറവാണത്രേ. സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതങ്ങളുടെ കേട്ടെഴുത്തു ഗാഥകള്‍ നാള്‍ക്കുനാള്‍ ബഹുവിധ അര്‍ത്ഥങ്ങളാല്‍ നിറയുന്നതും കൂടുതല്‍ ധ്വന്യാത്മകവും ആയിക്കൊണ്ടിരിക്കുന്ന വേളകളില്‍ ‘എന്തോന്ന് കവിത ’ എന്നായിരിക്കും പൊതുജനത്തിന്റെ മനസ്സിലിരിപ്പ്!