May 28, 2008

മാളികവീട്ടിലെ വാതില്‍ മുട്ടിയാല്‍




മാളികവീട്ടിലെ വാതിലില്‍ ഒരു മുട്ട്

വേനല്‍ക്കാലമായിരുന്നു. നല്ല ചൂടുള്ള ഒരു ദിവസം. മാളികവീടും കടന്നു വേണം, എനിക്കും അനിയത്തിയ്ക്കും വീട്ടിലേയ്ക്ക് പോകാന്‍ . കുസൃതിത്തരം കൊണ്ടാണോ ശ്രദ്ധയില്ലാതെയാണോ വലിയഗേറ്റിന്റെ മുഴക്കം എങ്ങനെയെന്നറിയാന്‍ വേണ്ടിയാണോ അവള്‍ ചുരുട്ടിപ്പിടിച്ച കൈ കൊണ്ട് വെറുതേ അതിലൊന്ന് മുട്ടി. സത്യത്തില്‍ അവള്‍ ഗേറ്റില്‍ മുട്ടിയോ എന്നു തന്നെ എനിക്കിപ്പോള്‍ തീര്‍ച്ചയില്ല. അവിടെ നിന്ന് നൂറുച്ചുവട് വന്ന വഴിയിലൂടെ തന്നെ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞാല്‍ ഒരു ഗ്രാമമുണ്ട്.

ഞങ്ങള്‍ക്ക് അത്ര പരിചയമുള്ള സ്ഥലമല്ലത്.

എങ്കിലും ആദ്യത്തെ വീട്ടിനു വെളിയില്‍ നിന്നിരുന്ന ആളുകള്‍ ഞങ്ങള്‍ക്ക് ചില മുന്നറിയിപ്പുകളൊക്കെ തന്നു. വളരെ സ്നേഹത്തോടെ തന്നെ. അവര് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതായി തോന്നി. പേടി കാരണം ശരിക്കും നിവര്‍ന്നല്ല അവര്‍ നിന്നിരുന്നതു കൂടി. ഞങ്ങള്‍ കടന്നു വന്ന മാളികവീട് ചൂണ്ടിക്കാട്ടി എന്തൊക്കെയോ അവര്‍ പറഞ്ഞുകൂട്ടുന്നുണ്ടായിരുന്നു. ഗേറ്റില്‍ കളിയായി തട്ടിയ കാര്യം അവര്‍ക്കറിയാം. അവിടത്തെ കാര്യസ്ഥന്മാര്‍ ഇപ്പോള്‍ തന്നെ വരുമെന്നും ഞങ്ങളെ ചോദ്യം ചെയ്യാതെ വിടില്ലെന്നും അവര്‍ പറഞ്ഞു. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഞാന്‍ അനിയത്തിയെ സമാധാനിപ്പിച്ചു.

അവള്‍ ഗേറ്റില്‍ തട്ടിയിട്ടൊന്നുമില്ല. ഇനി അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിന് കേസെടുക്കാന്‍ ലോകത്തിലൊരിടത്തും വ്യവസ്ഥയില്ല. ഞങ്ങള്‍ക്കു ചുറ്റും കൂടുന്ന ആളുകളോട് ഇതു പറയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അതേപ്പറ്റി ആരും ഒരഭിപ്രായവും തിരിച്ചു പറഞ്ഞില്ല. പിന്നെ അവര്‍ പറഞ്ഞത് അനിയത്തിയെ മാത്രമല്ല, സഹോദരന്‍ എന്ന നിലയ്ക്ക് എന്നെയും അവര്‍ പിടിച്ചുകൊണ്ടു പോകും എന്നാണ്. ചിരിക്കാതെന്തുചെയ്യും?

ദൂരെ പുകയുയരുന്നതു കണ്ട്, തീജ്ജ്വാലകള്‍ പ്രത്യക്ഷപ്പെടാന്‍ കാത്തു നില്‍ക്കുന്നതുപോലെ ഞങ്ങള്‍ മാളികവീട്ടിലേയ്ക്ക് നോക്കിക്കൊണ്ടു നിന്നു. നോക്കി നില്‍ക്കേ, വലിയ വാതിലുകള്‍ രണ്ടുവശത്തേയ്ക്കും തുറന്ന് കുതിരകള്‍ ഇറങ്ങി വരുന്നത് കണ്ടു. കുളമ്പുകള്‍ക്കിടയില്‍പ്പെട്ട് പൊടിയുയര്‍ന്ന് കുറച്ചുനേരം ഒന്നും കാണാതായി. ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൂര്‍ത്ത കുന്തമുനകളുടെ അറ്റം മാത്രം പൊടിപടലങ്ങള്‍ക്കിടയിലും തിളങ്ങി.

കുതിരകള്‍ എനിക്കും അനിയത്തിയ്ക്കും നേരെയാണു പാഞ്ഞുവരുന്നതെന്നു മനസ്സിലായപ്പോള്‍ ഓടിപ്പോകാന്‍ അവളോടു പറഞ്ഞു. ഒറ്റയ്ക്ക് കാര്യങ്ങള്‍ ഞാന്‍ ശരിയാക്കിക്കൊള്ളാം. അവള്‍ ചിണുങ്ങിക്കൊണ്ട് എന്റെ കൈയില്‍ പിടിച്ചു തൂങ്ങി. പാവം. പോയി വസ്ത്രമെങ്കിലും മാറെന്ന് ഞാന്‍ പറഞ്ഞു. വരുന്ന മാന്യന്മാരുടെ മുന്നില്‍ നല്ല വേഷം ധരിച്ചവരായെങ്കിലും നമുക്കു നില്‍ക്കണ്ടേ? അക്കാര്യം സമ്മതിച്ച് വീട്ടിലേയ്ക്കുള്ള നീണ്ടവഴിയിലൂടെ അവള്‍ ഓടിപ്പോയി.

അപ്പോഴേയ്ക്കും കുതിരക്കാര്‍ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. താഴെയിറങ്ങാതെ അവര്‍ അനിയത്തിയെപ്പറ്റി ചോദിച്ചു.’അവളിവിടെയില്ല. ഇപ്പോള്‍ വരും’ എന്നു ഞാന്‍ പറഞ്ഞൊപ്പിച്ചു. സംഘത്തെ നയിച്ചിരുന്നത് രണ്ടു ചെറുപ്പക്കാരാണ്. നല്ല ഊര്‍ജ്ജസ്വലനും ആരോഗ്യവാനുമായ ഒരു യുവാവ് ന്യായാധിപനാണ്. മറ്റേയാള്‍ അധികമൊന്നും സംസാരിക്കാത്ത സഹായി. അസ്മാന്‍ എന്നാണ് ന്യായാധിപന്റെ പേര്.

ഗ്രാമസത്രത്തിന്റെ മുറ്റത്തേയ്ക്ക് പോകാന്‍ അദ്ദേഹം എന്നോടാജ്ഞാപിച്ചു. രണ്ടുവശത്തേയ്ക്കും ശക്തിയില്ലാതെ ആടുന്ന ശിരസ്സും ഇടയ്ക്കിടെ വലിച്ചുകയറ്റുന്ന ട്രൌസറുമായി നടന്നു പോയി പറഞ്ഞതുപോലെ ഞാന്‍ അവര്‍ക്കിടയില്‍ ചെന്നു നിന്നു. സംഘാംഗങ്ങളുടെ തുറിച്ചുനോക്കുന്ന കണ്ണുകള്‍ക്കു മുന്നില്‍ അങ്ങനെ നില്‍ക്കുമ്പോഴും എന്നെ അന്തസ്സോടെ ആ ചെറുപ്പക്കാരനായ ന്യായാധിപന്‍ എന്നെ വിട്ടയക്കുന്ന രംഗം മനസ്സില്‍ കണ്ടുകൊണ്ടിരുന്നു. “ഇദ്ദേഹത്തിന്റെ ഒരു വാക്കു മതിയായാവും അതിന്“. ഞാന്‍ വിചാരിച്ചു.

“ഇവന്റെ കാര്യത്തില്‍ എനിക്കു വിഷമമുണ്ട്.” എനിക്കു മുന്‍പേ കുതിരപ്പുറത്തെത്തി സത്രത്തിന്റെ കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന ന്യായാധിപന്‍ എന്നെ കണ്ടയുടന്‍ പറഞ്ഞു. ആ വാക്യം എന്റെ എല്ലാ നല്ല പ്രതീക്ഷകള്‍ക്കുമപ്പുറം എനിക്കു വരാന്‍ പോകുന്നതെന്ത് എന്നതിനെയല്ലേ സൂചിപ്പിച്ചത്? കാരാഗൃഹത്തിന്റെ അറപോലെ അടച്ചുപൂട്ടിയ സത്രത്തിന്റെ മുറി. കരിങ്കല്ലുകളുടെ അടരുകള്‍ . ഇരുണ്ടു നരച്ച നഗ്നമായ ചുവരുകള്‍ . തട്ടില്‍ കൊളുത്തിയിട്ടിരിക്കുന്ന ഇരുമ്പുവളയങ്ങള്‍ . വയ്ക്കോല്‍ കിടക്ക. നടുവില്‍ ഒരു പീഡനമേശ.

പെന്‍‌ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച, ഫ്രാന്‍സ് കാഫ്കയുടെ ‘The Great Wall of China and Other Short works' എന്ന പുസ്തകത്തില്‍ (ജര്‍മ്മനില്‍ നിന്നുള്ള വിവര്‍ത്തനം മാല്‍കം പാസ്‌ലി) നിന്നുള്ള ഒരു കഥയാണിത്. വെളിച്ചം കണ്ടത് കാഫ്കയുടെ മരണത്തിനുശേഷമാണെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണിതിന്റെ രചനാകാലം.

ഇതുകൂടി നോക്കുക.

മേയ് 1, 2008 മലയാളമനോരമ ദിനപ്പത്രം

ലക്‍നൌ : സവര്‍ണ്ണജാതിക്കാര്‍ക്കുള്ള വഴിയിലൂടെ നടന്നുവെന്നതിന് ആറുവയസ്സുള്ള ദലിത് ബാലികയെ മഥുരജില്ലയിലെ ഛത്രയില്‍ തീയില്‍ തള്ളിയിട്ടു പൊള്ളലേല്‍പ്പിച്ചതായി ആരോപണം. കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുട്ടിയെ തീയിലെറിഞ്ഞതിനു സ്ഥലത്തെ ഠാക്കൂര്‍ പ്രമാണിയായ അശോക് സിംഗിന്റെ മകന്‍ പിന്റൂ സിംഗിനെതിരെ പൊലീസ് കേസെടുത്തു. അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടുവഴിയിലൂടെ വരുമ്പോള്‍ അമ്മയുടെ കൈവിട്ടു കുട്ടി ഠാക്കൂറിന്റെ വീട്ടുവളപ്പിലേയ്ക്ക് ഓടിക്കയറിയതാണു പ്രശ്നമായത്.

‘കഥയും ജീവിതവും ഒന്നാകുന്നതിനെപ്പറ്റി‘ എന്നത് കൊച്ചുബാവ ഒരു കഥാപുസ്തകത്തിനു നല്‍കിയ തലക്കെട്ടാണ്. അത് ശീര്‍ഷകം മാത്രമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? എങ്കിലും ചോദിക്കാതെ വയ്യ, അക്ഷാംശങ്ങള്‍ക്കിടയിലെ മാത്രമല്ല, വര്‍ഷങ്ങള്‍ക്കിടയിലെ ദൂരവും എന്താണ് നമുക്കു ചെയ്തു തന്നുകൊണ്ടിരിക്കുന്നത്? സത്യത്തില്‍ , ജീവിതം കഥയെയോ കഥ ജീവിതത്തെയോ പിന്തുടരുന്നത്?

May 23, 2008

വഴിവക്കില്‍ തങ്ങിയത്




ഇന്ത്യയിലുടനീളം, നഗരങ്ങളില്‍ പോലും വഴിവക്കില്‍ നിരവധി അമ്മദൈവങ്ങളുടെ ചെറുതോ വലുതോ ആയ ക്ഷേത്രങ്ങള്‍ കാണാം. ചിലപ്പോള്‍ വെറും പ്രതിഷ്ഠമാത്രമായി വെയിലും കാറ്റും മഞ്ഞും കൊണ്ട്. കേരളത്തില്‍ നാലുഭാഗത്തു നിന്നും വഴികള്‍ വന്നു സന്ധിക്കുന്ന നാലു ഗോപുരങ്ങളോടു കൂടിയ മേജര്‍ ക്ഷേത്രങ്ങളുടെ കേന്ദ്രീകൃത പടുതിയില്‍ നിന്നും പ്രകടമായ വ്യത്യാസമിവയാര്‍ജ്ജിക്കുന്നത് വഴിയരികിലെ ആര്‍ഭാടമില്ലാത്ത ഇരിപ്പുകൊണ്ടാണ്. സാംസ്കാരികപരിണാമത്തിന്റെ കുത്തൊഴുക്കില്‍ ഇവരില്‍ ചിലര്‍ സമ്പന്നരാവുകയും ആചാരരീതികളെ സംസ്കരിച്ചെടുക്കുകയും പേരു പോലും പുതുക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും യശക്കി, ഉച്ചുമാളി, മാരി, മീനാക്ഷി എന്നൊക്കെ അറിയപ്പെടുന്ന ദ്രാവിഡഗോത്രചിഹ്നങ്ങള്‍ പേറുന്ന അമ്മദൈവങ്ങള്‍ ഇന്നും നിശ്ശേഷം കേരളത്തിന്റെ തെരുവോരങ്ങളില്‍ നിന്ന് കുറ്റിയറ്റു പോയിട്ടില്ല. സാംസ്കാരിക പരിണാമത്തിന്റെ വിശാലമായ ഒരു ഭൂതകാലം ഈ അമ്മദൈവങ്ങളെ ചുറ്റിപ്പറ്റി നിലനില്‍പ്പുണ്ട്. അവയ്ക്കുമേല്‍ അടരുകള്‍ വന്നുനിറഞ്ഞ നാമത് തിരിച്ചറിയാതായെങ്കിലും.

വഴിക്കവലകളിലെ അമ്മദൈവങ്ങളെക്കുറിച്ച് ഗാഢമായ അന്വേഷണം നടത്തിയ ഡി ഡി കോസാംബി പരയുന്നത് നോമാഡുകളായി മനുഷ്യന്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തിന്റെ അവക്ഷിപ്തങ്ങളാണ് ഈ ദൈവങ്ങള്‍ എന്നാണ്. കുടിയിരിപ്പ് അസ്ഥിരമായതുകൊണ്ട് വഴിക്കവലകള്‍ പ്രാര്‍ത്ഥനാലയങ്ങളായി. എവിടെയും ലഭ്യമാകുന്ന കല്ലുകള്‍ ബിംബങ്ങളായി. (ഭൂമാതാവാണ് കല്ല്) ജലസ്രോതസ്സിന്റെ സമീപം, മരച്ചുവട്, (കാവ്) എന്നിവിടങ്ങളിലാണ് സ്ത്രീദൈവങ്ങള്‍ കുടിയിരുത്തപ്പെടുന്നത്. ജലം സാര്‍വലൌകികമായ മാതൃബിംബമാണ്. മരം പ്രപഞ്ചത്തിന്റെ പ്രതീകവും. ഉരുണ്ടക്കല്ലുകള്‍ മുലകളെ പ്രതിനിധീകരിക്കുന്നുണ്ട്. എന്നാല്‍ കൊസാംബി ഇവയ്ക്ക് മറ്റൊരു പ്രതീകാത്മക അര്‍ത്ഥമാണ് നല്‍കുന്നത്. ഉരുണ്ട ഒറ്റക്കല്ല് ഭര്‍ത്താവു മരിച്ച് കുറേനാളുകള്‍ക്ക് ശേഷം മരിച്ച് ദേവിയായ സ്ത്രീയെയും മുലകള്‍ പോലുള്ള രണ്ടുകല്ലുകള്‍ ഭര്‍ത്താവുമരിച്ച അതേ ചിതയില്‍ എരിഞ്ഞ് ദേവിയായവരെയും ആണ് സൂചിപ്പിക്കുന്നത്. അപഹരിക്കപ്പെട്ട ദൈവങ്ങളില്‍ ആനന്ദ് നാടോടികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഉരുളന്‍ കല്ലുകളുടെ ദൈവത്വവും കാലഹരണപ്പെടുമ്പോള്‍ അവയ്ക്ക് സംഭവിക്കുന്ന പൈശാചികത്വവും ചിത്രീകരിച്ചിട്ടുണ്ട്. അത് മറ്റൊരു കൈവഴിയാണ്. ആറ്റുകാല്‍ ദേവി, മധുര നശിപ്പിച്ച് ഇറങ്ങി നടന്ന കണ്ണകിയാണ്. ശങ്കരാചാര്യരുടെ പിന്നാലെ ഇറങ്ങി നടന്ന സരസ്വതിയുടെ ഐതിഹ്യമാണ് മൂകാംബികയ്ക്കുള്ളത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ഇതേ ഐതിഹ്യത്തിന്റെ തുടര്‍ച്ചയെ പിന്‍പറ്റുന്നുണ്ട്. തെക്കന്‍ കലാരൂപവും യക്ഷിയമ്മന്‍ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് പാടിവരികയും ചെയ്യുന്ന വില്ലടിച്ചാന്‍ പാട്ടിലെ പ്രധാന വിവരണം ദേവതയുടെ ഈ ക്ഷേത്രം വരെയുള്ള യാത്രയാണ്. ഒരു സമൂഹം ദേശം വിട്ടുപോയതിന്റെ (അലഞ്ഞു തിരിഞ്ഞതിന്റെ) പ്രതീകവത്കരണമാണ് ഈ അമ്മ ദൈവങ്ങളില്‍ നിഹിതമായിട്ടുള്ളത്. അല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് ഇറങ്ങി നടന്നതല്ല.

മറ്റൊന്ന് ഭര്‍ത്താക്കന്മാരില്ലാത്തവരാണീ അമ്മ ദൈവങ്ങള്‍ എന്നുള്ളതാണ്. മിക്ക ക്ഷേത്രങ്ങളുടെയും ശിവന്റെ മകളോ (കാളി, ഉച്ചുമാളിയമ്മ)കൃഷ്ണന്റെ സഹോദരിയോ (പാല്‍ക്കുളങ്ങര ദേവി) ഒക്കെയായി പ്രാദേശിക കഥാവിവരണങ്ങളില്‍ കടന്നു വരുന്ന ഇവര്‍ക്ക് ഇതിഹാസ-പുരാണങ്ങളില്‍ പരതിയാല്‍ ഒരു പശ്ചാത്തലം കണ്ടുപിടിക്കുക പ്രയാസമായി തീരൂം. ശാന്തയായ ഒരു ജ്യേഷ്ഠത്തിയും ഉഗ്രയായ അനുജത്തിയും എന്ന രീതിയിലാണ് കേരളത്തിലെ അമ്മദൈവങ്ങളുടെ ഘടന. (നമ്മുടെ കേരളീയമായ യക്ഷി സങ്കല്‍പ്പത്തിലും സ്ത്രീയുടെ ദ്വന്ദ്വഭാവം കുടിയേറിയിരിക്കുന്നതു കാണാം. വെളുത്ത പാലയിലും (സൌമ്യമാതാവ്) കറുത്ത പനയിലുമാണ് (ഘോരമാതാവ്) അവളുടെ വാസം. പുരുഷന്മാരെ കൊന്നു കൊലവിളിക്കുന്ന യക്ഷികള്‍ക്കൊപ്പം നല്ലയക്ഷിയുമുണ്ട്, വെണ്മണികുടുംബത്തിലെ തലമുറകളില്‍ രണ്ടു പേരുടെ മന്ദബുദ്ധിത്വത്തിനു കാരണമായ ശാപം വരുന്നത് നല്ലവളായ ഒരു യക്ഷിയില്‍ നിന്നാണ് എന്നൊരു കഥ ഐതിഹ്യമാലയില്‍ കാണാം. അവള്‍ കാമരൂപിണിയാണ്. യക്ഷിയുടെ പുരുഷനായ യക്ഷന്‍ അവളില്‍ നിന്നകന്നു. അവള്‍ക്ക് ആരെയും സ്വീകരിക്കാന്‍ പ്രയാസമില്ല. എന്നാല്‍ പുരുഷന്‍ കഷ്ടപ്പെടും. യക്ഷി ഒരു അമ്മദൈവമാണ്. ഉപദൈവമായും പ്രധാനദൈവമായുമുള്ള കുടിയിരിപ്പുകളുണ്ട്. ) പുരുഷന്‍ ഇല്ലാതിരിക്കുക, നിത്യകന്യകാത്വമുണ്ടാവുക (വറ്റാത്ത ലൈംഗികതാ സങ്കല്‍പ്പമാണ് ഈ നിത്യകന്യകാത്വത്തിനു പിന്നില്‍ ) എന്നാല്‍ അമ്മയായിരിക്കുക എന്ന അവസ്ഥ ഇവര്‍ക്ക് പൊതുവാണ്. (കുടുംബ ക്ഷേത്രങ്ങളിലും ഇതേ കഥ ഈഷദ്ഭേദങ്ങളോടെ നിലനില്‍പ്പുണ്ട്. ചില ഉരുവങ്ങള്‍ക്കൊപ്പം ചെറിയ ശിശുരൂപവും കാണാം. സ്ഥിരമായൊരു ക്ഷേത്രമില്ലാതെ വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ എഴുന്നള്ളിച്ചു കൊണ്ടിരുത്തി പൂജിച്ച് മടങ്ങുന്ന രീതിയും തെക്കന്‍ ഭാഗങ്ങളില്‍ സുലഭമാണ്. )പരിമിതപ്പെടുത്താത്ത ലൈംഗികതയാണ് ഭര്‍ത്താവില്ലാതെ അമ്മയായിരിക്കുക എന്നതിനര്‍ത്ഥം. അതി പുരാതനമായ മാതൃദായക്രമത്തിന്റെ കൃത്യമായ അവതരണമാണിത്. അമ്മയാണ് സമൂഹത്തിന്റെ കേന്ദ്രം. അവര്‍ ശിക്ഷിക്കാനും രക്ഷിക്കാനും ശേഷിയുള്ള വറ്റാത്ത ഫലഭൂയിഷ്ഠതയുടെ ഉറവിടമാണ്. കൃഷി, കന്നുകാലികള്‍ , പ്രകൃതി, ഊര്‍ജം, സസ്യങ്ങള്‍ , ലൈംഗികത എന്നിവയുടെയൊക്കെ ശ്രദ്ധാകേന്ദ്രം അവരായി തീരുന്നത് സ്വാഭാവികം. ‘പിതാവിന്റെ’ നിയന്ത്രണാധികാരത്തില്‍ നിന്നു വ്യത്യസ്തമാണിത്.

‘അമ്മന്‍’ എന്ന ദ്രാവിഡശബ്ദത്തിലെ പുരുഷപ്രത്യയം കൂടി ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. കേരളത്തിലെ വെളിച്ചപ്പാടുകളുടെ രൂപം സ്ത്രീയുടേതാണ്, നീണ്ടമുടി, ചുവന്ന വസ്ത്രം, മാറുമറച്ച ഉടുത്തുകെട്ട്. പ്രാചീനകാലത്ത് വെളിച്ചപ്പാടുകള്‍ സ്ത്രീകളായിരുന്നിരിക്കാം എന്ന സൂചന നല്‍കുന്നുണ്ട്. കൊടുങ്ങലൂരിലെ കോമരം തുള്ളലില്‍ ഈ വസ്തുത നിലനില്‍ക്കുകയും ചെയ്യുന്നു. അമ്മയുടെ ‘നായകത്വം’ അന്‍ എന്ന പുരുഷപ്രത്യയചേര്‍ച്ചയിലുണ്ട്. അമ്മദൈവങ്ങളുടെ പുരോഹിതന്മാര്‍ ഏറിയകൂറും അവര്‍ണ്ണരാണ്. അസ്പൃശ്യത തീക്ഷ്ണമായി തന്നെ നിലനിന്നിരുന്നതുകൊണ്ട് അധിനിവേശങ്ങള്‍ തീണ്ടാതെ, ഗോത്രസംസ്കൃതിയുടെ മിച്ചം ഇവിടങ്ങളില്‍ അങ്ങനെ ശേഷിച്ചതാവാം.

ബലി, (നരബലി) അമ്മദൈവങ്ങള്‍ക്കാണ് പ്രധാനമായും നല്‍കിയിരുന്നത്. ഇന്നത് ഗുരുസി, ഗുരുതി, എന്നൊക്കെ കുമ്പലങ്ങ വെട്ടും ചുണ്ണാമ്പു വെള്ളം കലക്കിയൊഴിക്കലുമായി പല പേരുകളില്‍ നിലനില്‍പ്പുണ്ട്. സംസ്കൃതരാണെങ്കിലും അതു ‘കുരുതി’യാണെന്ന് തെറ്റുകൂടാതെ പറയാനുള്ള വിവേകം നഷ്ടപ്പെടുത്തിക്കൊണ്ട്. ചോരയൊഴുക്ക് ആര്‍ത്തവത്തിന്റെ പ്രതീകം കൂടിയാണ്. ഋതുവിനു ശേഷം ലൈംഗികതയ്ക്കായി പെണ്ണൊരുങ്ങുന്നതു വച്ചാണ് ബലികൊടുത്താല്‍ ‘ഫലം’ നന്നാവും ചിന്ത പ്രാകൃതബോധത്തില്‍ വേരൂന്നത്. ( ഋതൌ എന്ന വാക്കിന് ‘പോകല്‍ ’ എന്നാണര്‍ത്ഥം. രക്തമൊഴുക്കും കാലവും സമാനാര്‍ത്ഥത്തില്‍ ആ സംസ്കൃതപദത്തില്‍ സന്ധിക്കുന്നുണ്ട്) ദേവീപ്രസാദം കുങ്കുമമായിരിക്കുന്നതും ഈ അര്‍ത്ഥത്തിലാണ്. ചുവന്ന പട്ട് ആ അര്‍ത്ഥത്തില്‍ ആര്‍ത്തവം പുരണ്ട പവിത്രവസ്ത്രമാണ്. ചെങ്ങന്നൂരിലെ ദേവി തൃപ്പൂത്താവുന്നതു മാത്രമാണ് ഈ വിഷയത്തില്‍ ഉദാത്തീകരണം സംഭവിക്കാതെ അവശേഷിക്കുന്ന ചടങ്ങ്. ചേര്‍ത്തലയിലും കൊടുങ്ങലൂരുമുള്ള തെറിപ്പാട്ടുകള്‍ ബഹുകാര്യവ്യഗ്രയായ അമ്മയുടെ ഉള്ളിലെ രതിയുണര്‍ത്താന്‍ വേണ്ടിയുള്ളവയാണ്. അതുവഴിയാണ് അവള്‍ പുഷ്കലയാവുന്നതും. മാതൃദായക്രമത്തില്‍ രതി തെറ്റാവുകയില്ല. പുരുഷകേന്ദ്രിതമായ ഘടനയിലാണ് രതി സംബന്ധമായ ‘അശ്ലീലം‘ കടന്നു വരുന്നത്. ‘എട്ടുമടങ്ങാണ് സ്ത്രീയുടെ കാമം’ എന്നത് (സ്ത്രീണാമഷ്ട ഗുണഃ കാമഃ) അഗമ്യഗമനഭീരുവായ പുരുഷന്റെ ഭയമാണ്. അവന്‍ ഭയപ്പെടുന്നത് പ്രാഥമികമായും അമ്മയുമായുള്ള ബന്ധത്തെയാണ്. ഫ്രോയ്‌ഡ് ‘വിലക്കുകളും കുലചിഹ്നങ്ങളും’ എന്ന കൃതിയില്‍ പരിചയപ്പെടുത്തുന്ന ആദിമമായ രണ്ടു വിലക്കുകളിലൊന്ന് സ്വന്തം ഗോത്രത്തിലുള്ളവരുമായുള്ള ഇണചേരലാണ്. അമ്മയുമായോ സഹോദരിയുമായോ ഉള്ള ബന്ധത്തെ വിലക്കുന്നതിനാണ് നാളിതുവരെയുള്ള എല്ലാ ലൈംഗികസെന്‍സര്‍ഷിപ്പുകളും ഉണ്ടായിട്ടുള്ളത്. ആ ഭയം ക്രമേണ മറ്റിടങ്ങളിലേയ്ക്കും പരക്കുന്നതും വിലക്കുകള്‍ വര്‍ദ്ധിക്കുന്നതും നാം നാഗരികതയായി കണ്ടു. പക്ഷേ വിലക്കുകള്‍ ഒന്നും ഇല്ലാതാക്കുന്നില്ല. അബോധത്തിലെയ്ക്കു ചുരുണ്ടു കൂടി അവ പുതിയ സാമൂഹിക രൂപകങ്ങളായി പിറവിയെടുക്കുന്നു.

കേരളത്തിലെ മിക്ക രാജാക്കന്മാരുടെയും പരദൈവങ്ങള്‍ സ്ത്രീകളാണെന്നുള്ളത് പ്രാചീനാവസ്ഥയില്‍ നാം തുടര്‍ന്നിരുന്ന ഗോത്രപരസംസ്കൃതിയുടെ തുടര്‍ച്ചയാണെന്ന് പറയപ്പെടുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വിവാഹം കഴിക്കുന്ന പതിവില്ലായിരുന്നു. അവര്‍ക്ക് പറയാന്‍ ഭാര്യമാരില്ല. സംബന്ധങ്ങള്‍ ഉണ്ട്. സംബന്ധങ്ങളെ വിവാഹമായി കണക്കാക്കേണ്ടതില്ല എന്നായിരുന്നു ബ്രിട്ടീഷ് കോടതികളുടെ നിലപാട്. മാതൃദായക്രമത്തില്‍ സ്ത്രീയില്‍ അധിഷ്ഠിതമായിരിക്കുന്ന ലൈംഗികതയെ തെറ്റായി വ്യാഖ്യാനിച്ചാണ് വിദേശസഞ്ചാരികള്‍ ഇവിടെ വേശ്യാവൃത്തി വ്യാപകമാണെന്ന് എഴുതിപിടിപ്പിച്ചത്. അവര്‍ക്കു പരിചിതമായിരുന്ന പുരുഷദായക്രമത്തിന്റെ ഒരു നോട്ടമാണത്. സംഗീതം, നൃത്തം, ഇവയെല്ലാം സ്ത്രീകള്‍ക്ക് ആകര്‍ഷണീയതകൂട്ടുമെന്നതിനാല്‍ അവ നിരോധിക്കേണ്ടതാണെന്നു ഇന്നും മുറവിളി ഉയരുന്നത് മറ്റു പല വിലക്കുകളുമെന്നപോലെ അഗമ്യഗമനഭീതിയുടെ സാമൂഹികരൂപകമായി തിരിച്ചറിയണം.

വിട്ടുപോന്ന ചിലയിടങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്നും വഴിവക്കില്‍ ചിലതെല്ലാം തങ്ങുന്നുണ്ടെന്ന വാസ്തവം നമ്മെ കുറച്ചൊക്കെ വിനീതരാക്കേണ്ടതല്ലേ?

പുസ്തകങ്ങള്‍
മിത്തും യാഥാര്‍ത്ഥ്യവും
പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും
-ഡി ഡി കോസാംബി
അമ്മദൈവവും സംസ്കാരവും
-പി സോമന്‍

May 19, 2008

അ ആ ഇ ഈ - ഇരട്ടവരപ്പുസ്തകം




ഭാഷാപോഷിണി മെയ് ലക്കത്തില്‍ വന്ന ‘ബ്ലോഗുകളുടെ ലോക‘ത്തെക്കുറിച്ചുള്ള ലേഖനങ്ങളെ അവലോകനം ചെയ്തുകൊണ്ട് ‘കണ്ണൂരാന്റെ’ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ബ്ലോഗെഴുത്തിന്റെ പ്രായോഗികതലത്തില്‍ ഊന്നിനിന്നുകൊണ്ടാണ് അഭിപ്രായം പറഞ്ഞത്. ബ്ലോഗു തുടങ്ങുന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ വേണമായിരുന്നു തുടങ്ങിയ പരാമര്‍ശങ്ങളൊക്കെ അങ്ങനെ വരുന്നതാണ്. ബ്ലോഗിലെഴുതുന്നതും ബ്ലോഗിനെക്കുറിച്ചെഴുതുന്നതും രണ്ടാണ്. പ്രയോഗവും സിദ്ധാന്തവും തമ്മിലുള്ള ദൂരം ഇവയ്ക്കിടയിലുണ്ട്. ബ്ലോഗ് എന്ന താരതമ്യേന നവീനമായ വിനിമയമാദ്ധ്യമത്തിന്റെ സൈദ്ധാന്തികതലങ്ങള്‍ വിശകലനം ചെയ്യാന്‍ തയ്യാറാവാതെ നാം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ധാരണ രൂപീകരിക്കുക എളുപ്പമാവില്ല. അതുകൊണ്ട് മലയാളം ബ്ലോഗുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ സന്തോഷിക്കുന്നതിനോടൊപ്പം, അവയുടെ സ്വഭാവം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെക്കുറിച്ചും ബോധാബോധങ്ങളെക്കുറിച്ചും പ്രത്യയശാസ്തങ്ങളെക്കുറിച്ചും അവ പൊതുസമൂഹത്തിലും പൊതുസമൂഹം അവയിലും ഇടപെടുന്ന രീതികളെക്കുറിച്ചും മറ്റും മറ്റുമുള്ള വിശകലനങ്ങളും സമാന്തരമായി തന്നെ നടക്കേണ്ടതുണ്ട്, ഒരു ന്യൂനപക്ഷത്തിന്റെ ഇടയിലെങ്കിലും. ആ വഴിക്കുള്ള ചില ചുവടുവയ്പുകളാണ് ഭാഷാപോഷിണി അടക്കമുള്ള മുഖ്യധാരാ ആനുകാലികങ്ങളില്‍ നാം കണ്ടു കൊണ്ടിരിക്കുന്നത്.

പക്ഷേ അച്ചടിമാദ്ധ്യമത്തിന്റെ ആധികാരികത, സിനിമയടക്കമുള്ള സാങ്കേതികമാദ്ധ്യമങ്ങളുടെ സവിശേഷതകളെ ശരിയായി തിരിച്ചറിഞ്ഞ് അപഗ്രഥിക്കാന്‍ കഴിയാതെ ഒരരുക്കാക്കിയിട്ടുണ്ട്. എഴുത്താണ് പ്രധാനം. അതായത് അച്ചടിച്ചു വരുന്ന സാഹിത്യം. ഇതാണ് ശരാശരി മലയാളിയുടെ സാമാന്യബോധം. നമ്മുടെ വിമര്‍ശകരെല്ലാം സാഹിത്യോപജീവികളാണ്. നല്ല രാഷ്ട്രീയക്കാരന്‍ പോലും സാഹിത്യകാരനായില്ലെങ്കില്‍ നാലാള്‍ അറിയില്ല. (അപവാദങ്ങള്‍ വളരെ വളരെ ചെറിയ ന്യൂനപക്ഷമാണ്) മറ്റു വിമര്‍ശങ്ങളും നിരൂപണങ്ങളും വിശകലനങ്ങളും മുഖ്യധാരാ സാഹിത്യവിമര്‍ശകര്‍ക്ക് വഴിയോരക്കച്ചവടമാണ്. (അടുത്തകാലത്തു വന്ന ചെറിയൊരു വിപ്ലവം സാഹിത്യപഠനത്തെ സംസ്കാര പഠനത്തിന്റെ ഭാഗമാക്കിയെന്നതുമാത്രമാണ്, വീണ്ടും സാഹിത്യവിമര്‍ശകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ആ വഴിയ്ക്കു കൂടി ലഭിച്ചു!) ഉദാസീനതയും ഉത്തരവാദിത്വമില്ലായ്മയും അവര്‍ക്കു പകര്‍ന്നു നല്‍കുന്നതും എന്തിനെക്കുറിച്ചും വേണ്ടത്ര പഠനമില്ലാതെ അഭിപ്രായം പറയാന്നുള്ള താന്‍പോരിമയും അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത് അച്ചടിയുടെ ആധികാരികതയാണ്. ഇതിനൊരു മികച്ച മാതൃകയാണ് മലയാളത്തിലെ പ്രസിദ്ധ നിരൂപകനായ ഇ പി രാജഗോപാലന്‍ എഴുതിയ ‘ഇ- എഴുത്തും ഈയെഴുത്തുമെന്ന’ ലേഖനം.

മലയാളത്തിലെ ഭേദപ്പെട്ട സാഹിത്യ നിരൂപകരില്‍ ഒരാളാണ് രാജഗോപാലന്‍ . ‘കവിതയുടെ ഗ്രാമങ്ങളും‘ ‘നിശ്ശബ്ദതയും നിര്‍മ്മാണവും‘ എന്ന ചെറുകഥയുടെ കേരളചരിത്രവും എഴുതിയ ആളാണ്. എന്നാല്‍ അടുത്തകാലത്തെഴുതിയ പുതിയ പാഠ്യപദ്ധതിയെക്കുറിച്ചുള്ള ലേഖനവും സ്കൂള്‍ ഓഫ് ഡ്രാമയെക്കുറിച്ചുള്ള ലേഖനവും വിവാദങ്ങള്‍ വിളിച്ചുവരുത്തിയത് നിരീക്ഷണങ്ങളില്‍ പുലര്‍ത്തിയ വ്യത്യസ്തതകൊണ്ടല്ല, മറിച്ച് അന്തര്‍ജ്ഞാനത്തെ അതിരുവിട്ട് വിശ്വസിക്കുകയും ഉദാസീനതകൊണ്ട് വാസ്തവങ്ങളില്‍ നിന്നകന്നു നില്‍ക്കുന്ന പ്രമാണങ്ങള്‍ കൊണ്ട് സ്വന്തം രചനയെ അലങ്കരിക്കുകയും ചെയ്തതുകൊണ്ടാണ്. ആ വഴിയ്ക്ക് അദ്ദേഹത്തിനു ലഭിച്ച മറ്റൊരു കാക്കത്തൂവലാണ് ഭാഷാപോഷിണി ലേഖനം. വിവരങ്ങള്‍ ആധികാരികമല്ലെന്നു മാത്രമല്ല, അബദ്ധവുമാണ്. സ്വന്തം അന്തര്‍ജ്ഞാനത്തെമാത്രം അവലംബമാക്കി നിര്‍മ്മിച്ചെടുത്ത (വാസ്തവവിരുദ്ധമായ) വിവരങ്ങളില്‍ നിന്ന് സിദ്ധാന്തരൂപീകരണം നടത്തിയാല്‍ അത് എത്രത്തോളം വിശ്വസനീയമാവും? ബ്ലോഗിന്റെ പ്രത്യയശാസ്ത്രവിവക്ഷകള്‍ അപഗ്രഥിക്കുന്ന ഒരു ലേഖനത്തില്‍ “ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി ബ്ലോഗില്‍ ലഭ്യമാണ്. തുഞ്ചന്‍-കുഞ്ചന്‍ കവികളും ബ്ലോഗിലേയ്ക്ക് വരാനിരിക്കുന്നു.” എന്നു കണ്ടാല്‍ ബ്ലോഗെന്താണെന്ന് എന്നാലോചിച്ച് കുന്തം മറിയാനല്ലേ നമുക്കു പറ്റൂ. കാരണം തുടക്കത്തില്‍ അദ്ദേഹം തന്നെ എഴുതി : “ബ്ലോഗ് അതിരുകളില്ലാത്ത ആശയപ്രകാശനവേദിയാണ്. അനുഭവതലത്തില്‍ എറ്റവും വ്യക്തിപരമായ ഇടമാണ്. സൂക്ഷ്മതലത്തില്‍ ഇത് കത്തെഴുത്തുപോലെയാണ്..” മേല്‍പ്പറഞ്ഞവാക്യങ്ങളിലെ വസ്തുതാവിരുദ്ധതമാത്രമല്ല പ്രശ്നം. തുഞ്ചനും കുഞ്ചനും ശ്രീകണ്ഠേശ്വരവും ഡിജിറ്റല്‍ ലോകത്തില്‍ ആശയപ്രകാശനത്തിനും കത്തെഴുത്തിനും ചുവരെഴുത്തിനുമായി സ്വയം ഇറങ്ങി വരുന്ന സറിയലിസ്റ്റ് ഭാവന പഠനലേഖനത്തിനു എന്തായാലും പറ്റിയതല്ല. വിക്കിയെയും വെബ്‌സൈറ്റുകളെയും ബ്ലോഗുകളെയും കുഴമറിച്ചതാണ് ഇവിടെ പറ്റിയ അക്കിടി. ഇതെല്ലാം ഒന്നാണെന്ന ധാരണവച്ചാണ് ബ്ലോഗുകളുടെ താത്ത്വികാപഗ്രഥനത്തിനിറങ്ങുന്നതെങ്കില്‍ കാര്യം അവതാളത്തിലാവും. സി എസ് വെങ്കിടേശ്വരന്‍ ഈ തരവഴിയില്‍ നിന്ന് രക്ഷപ്പെട്ടത് സായ്പ്പുമാരുടെ (Zygmunt Bauman, Steve Illmer, Jon Dovey, Espen Aarseth, Pierrie Levi) ഇംഗ്ലീഷ് ഖണ്ഡികകള്‍ അതുപോലെ ക്വാട്ടിയാണ്. മലയാളത്തിനായി പ്രത്യേകം പ്രത്യേകതകളൊന്നുമില്ല. സിദ്ധാന്തങ്ങളാണോ അവ ഇറക്കുമതി ചെയ്യുക തന്നെ വേണം. അവിടത്തെ ടൂളൊക്കെ വച്ച് അളന്ന് എഴുതിയിട്ടാല്‍ മതിയെന്നൊരു മട്ട്. അതുകൊണ്ടൊരു ഗുണമുണ്ട്, മലയാളത്തിലിറങ്ങി അധികം തപ്പണ്ട. ആ സമയവും ഇംഗ്ലീഷ് പുസ്തകം വായിക്കാം. ഇതുകൊണ്ടൊക്കെയായിരിക്കാം വായനാലിസ്റ്റുകളും പലപേര്‍ ചേര്‍ന്നു നടത്തുന്ന ബ്ലോഗുകളും (ബൂലോകക്ലബ്, ബൂലോകകവിത, ഇതെന്താ, ബ്ലോഗ് അക്കാദമികള്‍...) വിവര്‍ത്തന ബ്ലോഗുകള്‍ , സാങ്കേതിക ബ്ലോഗുകള്‍ ഇവയെല്ലാം ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘സാമൂഹികത‘ പോലെയുള്ള കാര്യങ്ങള്‍ തീരെ വിഷയമല്ലാത്തതായി തീര്‍ന്നത്.

ഉപചാരമില്ലാത്ത നേര്‍ സംവാദത്തിനുദാഹരണമായി (അങ്ങനെയാണ് ബ്ലോഗുകള്‍ ഗോത്രാനുഭവമായി മാറുന്നത് എന്ന് രാജഗോപാലന്‍ . സമകാലിക നാഗരികതയുടെ കുറുക്കിയ രൂപമാണ് ബ്ലോഗെന്ന് ആദ്യം ഒരു നിര്‍വചനമുണ്ട്, പിന്നെയാണത് എഴുതുന്ന ആള്‍ ഒളിഞ്ഞിരിക്കുന്ന കൂട്ടായ്മയുടെ ഗ്രാമവും ഗോത്രവുമായി തീരുന്നത്. അപ്പോള്‍ ബ്ലോഗ് നഗരമോ ഗ്രാമമോ? പി പി രാമചന്ദ്രന്‍ (തിരമൊഴി എന്ന ലേഖനം) മക്‍ലൂഹന്‍ വിഭാവനചെയ്ത ഗോത്രാനുഭവത്തെ മറ്റൊരു തരത്തിലാണ് വിവരിക്കുന്നത്, ‘വല’(ഇന്റെര്‍നെറ്റ്) യുമായി വിവരവേട്ടയ്ക്കിറങ്ങുന്ന സൈബര്‍ പൌരന്‍ എന്ന അര്‍ത്ഥത്തില്‍ ) വെങ്കിടേശന്റെ ഇംഗ്ലീഷുബ്ലോഗില്‍ തുളസി എഴുതിയ ‘മലയാളത്തിലുമെഴുതിക്കൂടെ സാര്‍ ‍’ എന്ന അപേക്ഷയും അതിനുള്ള മറുപടിയുമാണ് നല്‍കിയിരിക്കുന്നത്. ഒരു ഫോണ്‍ വിളിച്ചോ കാര്‍ഡെഴുതിയിട്ടോ ഇ-മെയിലയച്ചോ നേരിട്ടോ എതുസമയത്തും നടത്താവുന്ന കുശലപ്രശ്നമാണോ ബ്ലോഗിന്റെ അപാരമായ സംവാദസാദ്ധ്യതയ്ക്കുള്ള ഉദാഹരണം? ഇതു വായിക്കുന്ന ഗൌരവബുദ്ധിയായ ഒരു മനുഷ്യന് ബ്ലോഗിനെക്കുറിച്ചു ലഭിക്കുന്ന ചിത്രമെന്തായിരിക്കും? ബ്ലോഗ് കത്തെഴുത്തുപോലെയാണെന്നും ചുവരെഴുത്താണെന്നും കയ്യെഴുത്തുമാസിക പോലെയാണെന്നും മറ്റൊരിടത്ത് പറയുന്നു. കത്ത് എത്രപേര്‍ക്കയയ്ക്കാനാവും എന്നൊരു ചോദ്യമുണ്ട്. അതിനുള്ള പരിഹാരമാണ് ബ്ലോഗ്! കത്തിന്റെ പരിധിയില്‍ ‘ഇ മെയില്‍ ‘ വരുമെങ്കില്‍ അത് എത്രപേര്‍ക്കു വേണമെങ്കിലും അയച്ചുകൂടേ? അതിനു പകരം നില്‍ക്കുന്നതാണൊ ബ്ലോഗ്?

ബ്ലോഗില്‍ അധികാരം കൈയാളാന്‍ ആളില്ല എന്ന് ഇ പി രാജഗോപാലന്‍ . എഴുത്തും അതേക്കുറിച്ചുള്ള എഴുത്തുകളും ചേര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ സൈബര്‍ അനുഭവമാണിതു തുറന്നിട്ടിരിക്കുന്നത്. ബ്ലോഗുടമയ്ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ ധാരാളം ഒഴുകിയൊലിച്ചു പോയിട്ടുണ്ടെന്നും രാമിന്റെ (തുറന്നിട്ട വലിപ്പുകള്‍) ബ്ലോഗിലെ കമന്റ് മോഡറേഷനും എം കെ ഹരികുമാറിന്റെ ബ്ലോഗിലെ കമന്റില്ലാ ഓപ്ഷനും ബ്ലോഗുലകത്ത് പ്രസക്തമാണെന്നുമുള്ള തിരിച്ചറിവില്‍ നിന്നു കൊണ്ട് വേണം ബ്ലോഗുകളിലെ അതിരില്ലാ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ . ‘അധികാരസ്ഥാനത്തിന്റെ ശകലീകരണം‘ എന്നു രാജഗോപാലന്‍ പറയുന്ന സംഗതിയുടെ മറുപുറമാണിത്. (ന്യായം എന്തായാലും, മോഡറേഷനും കമന്റുകള്‍ റദ്ദാക്കലും തുടച്ചുകളയലും അധികാരത്തിന്റെ കേന്ദ്രീകരണവും വണ്‍ വേ ആശയപ്രകാശനവുമാണ് ) ബ്ലോഗിങ്ങിന്റെ ഏറ്റവും വലിയ രസമായി അദ്ദേഹം കാണുന്ന പ്രതികരണവൈവിദ്ധ്യം പോലും പ്രശ്നസങ്കുലമാണെന്ന് അര്‍ത്ഥം. ബ്ലോഗാരംഭിക്കുന്നതു തന്നെ പ്രൊവൈഡേഴ്സിന്റെ ചില നിബന്ധനകള്‍ക്കു വഴങ്ങിയാണ്. (ഇന്റെര്‍നെറ്റില്‍ സ്ഥലം തരുന്ന കമ്പനിയ്ക്ക് നിങ്ങളുടെ എഴുത്തില്‍ ഒരു നിയന്ത്രണവുമില്ല എന്ന് രാജഗോപാലന്‍) പകര്‍പ്പ് അപേക്ഷാപ്രശ്നങ്ങള്‍ ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ചില്ലുകളുടെ തെരെഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാര്യത്തില്‍ സ്വാതന്ത്ര്യം അത്ര അതിരില്ലാത്തതാണോ സൈബര്‍ലോകത്തില്‍? ചുരുക്കത്തില്‍ സ്വാതന്ത്ര്യത്തിന്റെ പരിധികളും പരിമിതികളും കുറേക്കൂടി ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട് ഒരു സൈദ്ധാന്തിക ലേഖനത്തില്‍ .

ഈ ലേഖനത്തില്‍ തന്നെയുള്ള ‘പെരിങ്ങോടന്റെ ‘ബ്ലോഗ് വാരഫലം’ പോലുള്ള വസ്തുതാപരമായ തെറ്റുകളെ നിരുപാധികം വിട്ടയയ്ക്കുന്നു. ‘എഡിറ്റേഴ്സ് ചോയിസി‘നെക്കുറിച്ച് രാജഗോപാലന്‍ എഴുതുന്നുണ്ട്. എഡിറ്റര്‍ ‍, വിഷയവും എഴുത്തുകാരെയും തീരുമാനിച്ച് എഴുതിക്കുന്ന ആനുകാലികങ്ങളിലെ സ്ഥിരപദ്ധതിയാണത്. സത്യത്തില്‍ അതിന്റെ ഇരതന്നെയല്ലേ, വേണ്ടത്ര തയാറെടുക്കാനോ അന്വേഷിക്കാനോ സമയം മിനക്കെടുത്താതെ തട്ടിപ്പടച്ചുണ്ടാക്കിയ ഈ ലേഖനവും? താന്‍ പറഞ്ഞത് തന്നെ തിരിഞ്ഞു കടിക്കുന്നതിനു മറ്റൊരുദാഹരണം കൂടിയുണ്ട്, ഇതില്‍ . തേജസ് വാര്‍ഷികപ്പതിപ്പില്‍ ‘ഇന്റെര്‍നെറ്റും വിമര്‍ശനകലയും’ എന്ന ലേഖനമെഴുതിയ കെ പി അപ്പന്, ബ്ലോഗിങ് എന്ന സ്വാതന്ത്ര്യ ക്ഷേത്രത്തെപ്പറ്റി എന്തെങ്കിലും പറയാമായിരുന്നു എന്ന് അദ്ദേഹം കുണ്ഠിതപ്പെടുന്നുണ്ട്. രാജഗോപാലന്‍ എഴുതുന്നു :“ ഇത് ഒരിനം യന്ത്രസരസ്വതിയല്ലേ എന്ന്, കൂടിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് തെറ്റുപറയുന്ന ഈ നിരൂപകന് കുറച്ചുകൂടി ഉത്തരവാദിത്വബോധം കൂടി ആകാമായിരുന്നു.”

ചിരിക്കാതെന്തു ചെയ്യും? അറം പറ്റുക എന്നു പറയുന്നത് ഇതല്ലേ, സാര്‍ ?

May 14, 2008

കാളവണ്ടികള്‍ പിന്നെയും?


1974-ജനുവരി 26 ന് ആത്മഹത്യചെയ്ത പി സി ഗോപാലന്‍ എന്ന നന്തനാരുടെ ജീവിതത്തെ ആസ്പദമാക്കി എം ജി ശശി സംവിധാനം ചെയ്ത സിനിമയാണ് ഈവര്‍ഷം ഭൂമിമലയാളത്തിലുണ്ടായ മികച്ച ചിത്രമായി സര്‍ക്കാര്‍ പറയുന്ന ‘അടയാളങ്ങള്‍'. നന്തനാരുടെ ജീവിതം മുഴുവനില്ല സിനിമയില്‍ . പതിനെട്ടുകാരനാണ് നായകന്‍ . അതായത് കഥ നടക്കുന്നത്, നാല്‍പ്പതുകളിലെ കേരളത്തിലാണ്. തകഴിക്കഥകളെ പുരസ്കരിച്ച അടൂരിന്റെ ‘നാലുപ്പെണ്ണുങ്ങളും‘ ഏതാണ്ടിതേ കാലത്തെയാണ് അഭ്രപാളികളില്‍ പുനരാവിഷ്കരിച്ചത്. ഒരേ വര്‍ഷം, ഇങ്ങനെ ആസന്ന ഭൂതകാലത്തിലേയ്ക്ക് ഒരു പോലെ രണ്ടു ഗൌരവക്കാരായ സംവിധായകര്‍ നോക്കിയെന്നത് യാദൃച്ഛികവും അതേസമയം ആശ്ചര്യകരവുമാണ് ‍. ഇപ്പോഴുള്ള വിഷയങ്ങളൊന്നും വിഷയങ്ങളെയല്ലേ? ചരിത്രത്തിലേയ്ക്കുള്ള പിന്തിരിയലിന് കാരണങ്ങള്‍ പലതുണ്ട്. അവയിലേതാണ് ഈ സിനിമകളെ പ്രചോദിപ്പിച്ചത്? തൊട്ടടുത്ത ഭൂതകാലത്തില്‍ നിന്ന് ഈ സംവിധായകര്‍ സ്വാംശീകരിച്ച മൂലകങ്ങള്‍ എന്തൊക്കെയാണ്? അതെത്രത്തോളം അവരുടെ സിനിമകളില്‍ ആവിഷ്കാരസാഫല്യം നേടിയിട്ടുണ്ട്? ഭൂതകാലത്തില്‍ ഇറങ്ങിത്തപ്പുന്ന ഈ ആവിഷ്കാരങ്ങള്‍ക്ക് സമകാല ബൌദ്ധിക-സാംസ്കാരിക മണ്ഡലങ്ങളില്‍ ഗുണപരമായ സ്വാധീനം/വിപ്ലവം എന്തെങ്കിലും വരുത്തുക എന്ന ഉദ്ദേശ്യം വല്ലതുമുണ്ടോ?

നമുക്ക് ‘അടയാള‘ങ്ങളിലേയ്ക്ക് വരാം. (നാലുപെണ്ണുങ്ങളെപ്പറ്റി മുന്‍പൊരിക്കല്‍ എഴുതിയതാണ്) വിശപ്പും യുദ്ധവുമാണ് സിനിമയിലെ മുഖ്യവസ്തുതകള്‍ . മൂന്നുതരം വിശപ്പുകളെയാണു താന്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചതെന്നു സംവിധായകന്‍ . ഭക്ഷണത്തിനുള്ള വിശപ്പ്, സ്ത്രീയ്ക്കുവേണ്ടിയുള്ള വിശപ്പ്, സ്വത്വത്തിനുവേണ്ടിയുള്ള വിശപ്പ്. യുദ്ധത്തിന്റെ പശ്ചാത്തലഭൂമികയില്‍ നിന്ന് ആര്‍ക്കുമ്പോള്‍ ഈ വിശപ്പുകള്‍ക്ക് തീവ്രത കൂടും. അങ്ങനെ യുദ്ധം എന്തിന് എന്ന ചോദ്യം കൂടി സിനിമയ്ക്കു മുന്നില്‍ വയ്ക്കാനാവുന്നു. അത്ര വ്യക്തമല്ലെങ്കിലും സിനിമയുടെ ഘടന അറുപതുകളില്‍ നിന്ന് നാല്പതുകളിലേയ്ക്കാണ്. ഇന്തോ ചൈനായുദ്ധകാലത്തില്‍ നിന്ന് രണ്ടാം ലോകയുദ്ധകാലത്തെ പട്ടാളതെരഞ്ഞെടുപ്പുകാലത്തിലേയ്ക്ക്. നന്തനാരുടെ ജീവിതത്തിലേയ്ക്ക് സിനിമ നോക്കിയതിന്റെ അര്‍ത്ഥം അതാണ്. ദാരിദ്ര്യത്തിന്റെ ഒരു ഭൂതകാലത്തില്‍ നിന്ന് വാസനകള്‍ക്കു പിന്നാലെ ഇറങ്ങി നടന്ന് പട്ടാളത്തില്‍ ചെന്നു പറ്റി, യുദ്ധത്തിന്റെ കെടുതികളും വിഹ്വലതകളും മനസ്സില്‍ പേറി നടന്ന ഒരു വ്യക്തിത്വമാണ് നന്തനാരുടേത്. കേരളത്തിന്റെ അധികം അറിയാത്ത ഒരു ഇന്നലെയില്‍ മനസ്സുവെന്തുപോയ കുറെ ജീവിതങ്ങളെ പ്രതിനിധീകരിക്കാന്‍ നന്തനാരുടെ ജീവിതത്തിനു കഴിവുണ്ട്. അങ്ങനെയാണ് ഒരു വീണ്ടെടുപ്പ് നമ്മെ തൊടുന്നത് (തൊടേണ്ടത്).

അടുപ്പിച്ചടുപ്പിച്ചുള്ള രണ്ടു ശബ്ദവിവരണങ്ങളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. (ഡോക്യുമെന്ററിയുടെ സ്വഭാവത്തെ സിനിമ ഉള്ളടക്കിയിരിക്കുകയാണ്. അത് ഇവിടുന്നു തുടങ്ങുന്നു) ആദ്യത്തേത് ഉള്ളില്‍ ചുഴലിയും മലരികളുമായി 48 വര്‍ഷം നീണ്ട നന്തനാരുടെ ജീവിതത്തിന്റെ സാമാന്യാവലോകനമാണ്. രണ്ടാമത്തേത് കഥാപാത്രത്തിന്റെ സ്വന്തം ആത്മാലാപനങ്ങളും. ദാരിദ്ര്യം, കൂട്ടുകുടുംബവ്യവസ്ഥയിലെ അന്തസംഘര്‍ഷങ്ങള്‍ , രോഗം, ദൈന്യത, കാമം, സ്വവര്‍ഗഭോഗം, ബഹുഭാര്യാത്വം, കുടുംബകലഹം (അതില്‍ ജ്യേഷ്ഠാനുജന്മാര്‍ തമ്മിലുള്ള വഴക്കിനാണ് മുന്‍‌തൂക്കം. ജ്യേഷ്ഠന്‍ പ്രതിസ്ഥാനത്താണ്. ബാലിസുഗ്രീവ യുദ്ധത്തിന്റെ കഥകളി പശ്ചാത്തല(പരഭാഗ)ശോഭയോടെ അവതരണം തേടുന്നുണ്ട്) അങ്ങനെ സിനിമ വിഷയമാക്കുന്ന ഫ്യൂഡല്‍ തകര്‍ച്ചാകാലഘട്ടത്തിന്റെ വിഹ്വലതകള്‍ പലതാണ്. കഥാപാത്രങ്ങള്‍ എല്ലാവരും നിസ്സഹായരാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ‍. കാലത്തിനുമേല്‍ പിടി അയഞ്ഞുപോകുന്ന തരം നിസ്സഹായത. സിനിമ അവസാനിക്കുന്നത് തീവണ്ടിയുടെ വാതില്‍ ഫ്രെയിമിനുള്ളില്‍ നിഴല്‍‌രൂപമായി, നീങ്ങിപ്പോകുന്ന പച്ചപ്പുകളിലേയ്ക്കു നോക്കി നില്‍ക്കുന്ന ഗോപാലനെ കാണിച്ചുകൊണ്ടാണ്. പട്ടാളത്തിലേയ്ക്കാണ് യാത്ര. ‘ഞാന്‍ തിരിച്ചു വരും’ എന്നയാള്‍ പറയുന്നു. എങ്ങോട്ടേയ്ക്കായിരിക്കും ഈ തിരിച്ചുവരവ് എന്നാലോചിക്കാന്‍ നമുക്കു ധാരാളം വക നല്‍കിക്കൊണ്ട്.

ദാരിദ്ര്യത്തിന്റെ ആവിഷ്കാരവഴികള്‍ക്കൊപ്പം കണ്ടു മടുത്ത ക്ലീഷേകള്‍ സിനിമയില്‍ ധാരാളം. ( ജാനു ബറുവ അതൊക്കെ എങ്ങനെയറിയാനാണ്) അതിവൈകാരികമായോ, അമച്ച്വറിഷായോ എന്നു സംശയിക്കാവുന്ന ചില ഘടകങ്ങള്‍ തറഞ്ഞുകിടപ്പുണ്ട് സിനിമയില്‍ .

ഉദാഹരണങ്ങള്‍ :
തെരുവുനാടകങ്ങളില്‍ മുന്‍പ് നാം കണ്ടിരുന്നതുപോലെ, പട്ടാളക്കാരനായ ജ്യേഷ്ഠന്‍ സ്ക്രീനിന്റെ ഇടത്തേമൂലയിലെ ഒരു ടെന്റിന്റെ മുന്നില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന സഹപട്ടാളക്കാരുടെ അടുത്തു നിന്ന് വലത്തേ മൂലയിലേയ്ക്ക് പോയിട്ട് സലൂട്ടടിച്ച് ‘എനിക്കിവിടെ സുഖം നിങ്ങള്‍ക്കവിടെ സുഖം എന്നു വിശ്വസിക്കുന്നു‘ എന്നു പറഞ്ഞിട്ട് തിരിച്ചുപോയി കൂട്ടുകാരോടൊപ്പം കള്ളുകുടിയില്‍ ചേരുന്നത്. (വീട്ടിലേയ്ക്കുള്ള കത്തിലെ യാന്ത്രികതയാണ് തനി നാടകമട്ടില്‍ ആവിഷ്കരിച്ചിരിക്കുന്നത് !)

ദാരിദ്ര്യം കണ്ടു സഹിക്കാന്‍ വയ്യാതെ വിശന്നു കലങ്ങി പുറത്തിറങ്ങിപ്പോകുന്ന മകനോട് അമ്മ : “നീ എവിടെ പോകുന്നു?”
മകന്‍ : “ആത്മഹത്യ ചെയ്യാന്‍ .”
ഉടനെ പശ്ചാത്തലത്തില്‍ ഉടുക്കുകൊട്ട്.
(ഉടുക്കുകൊട്ടി വരുന്നത് ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദന്‍ . പാടുന്നത് ‘ഇടപ്പള്ളിയുടെ മണിമുഴക്കം.“ ഒരാത്മഹത്യയ്ക്കുള്ള പ്രേരണ മനസ്സില്‍ മുഴങ്ങുന്നത് ചിത്രീകരിക്കാന്‍ മിമിക്രിക്കാര്‍ പലപാട് കളിയാക്കിയ ഒരു സന്ദര്‍ഭം തന്നെ അതേപടി പകര്‍ത്തിയതിനെ ഒന്നു പ്രത്യേകം നമസ്കരിക്കാനാണു ആത്മാര്‍ത്ഥമായും തോന്നിയത് !)

പട്ടാളത്തിലേയ്ക്ക് പിറ്റേന്ന് യാത്രയാവുന്ന മകന്‍ . അമ്മയും ഇളയസഹോദരങ്ങളും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നു. അതിതീവ്രമാണ് മുഹൂര്‍ത്തം. മകന്‍ വേര്‍പിരിഞ്ഞു പോവുകയാണ്. യുദ്ധകാലമാണ്.
അമ്മ : “നീ പോയാലും ഞാന്‍ കരയില്ല. നീയും കരയരുത്... (സൊ സൊ..)
മകന്‍ : (കരഞ്ഞുകൊണ്ട്) ഞാന്‍ കരയില്ല.. ഞാന്‍ കരയില്ല...എന്തൊരു എരിവാണമ്മേ കറികള്‍ക്ക്...(കരഞ്ഞുകൊണ്ടിരിക്കുന്നു)
( ഈ നാടകത്തിന്റെ പരിഹാസ്യത എടുത്തു പറയണ്ടല്ലോ ! ദിനമ്പ്രതി നമ്മള്‍ കണ്ടു തള്ളുന്ന സീരിയലുകളെത്രയാണെന്ന് സംവിധായകനറിയാമോ..)

വളരെ പ്രസാദാത്മകമായ വീക്ഷണം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്‍ എന്ന് നിരൂപകര്‍ എഴുതിയ നന്തനാരുടെ ആത്മഹത്യ തികച്ചും പ്രഹേളികാസ്വഭാവമുള്ള ഒന്നാണ്. ( മരണം നിരന്തരമായി അദ്ദേഹത്തിന്റെ ഴുത്തുകളില്‍ കടന്നു വന്നിട്ടുണ്ട്. മരണാനന്തരം ശത്രുഘ്നന്‍ എഴുതിയ കുറിപ്പില്‍ ആത്മഹത്യയെക്കുറിച്ച് അദ്ദേഹം നിരന്തരമായി പറഞ്ഞിരുന്നതിനെ അനുസ്മരിക്കുന്നു. താന്‍ മരിച്ചാല്‍ മറ്റുള്ളവര്‍ എങ്ങനെ പെരുമാറുമെന്ന് വിഭാവന ചെയ്ത് ഒരു കഥ നന്തനാര്‍ എഴുതിയിട്ടുണ്ട് ‘ഞാന്‍ മരിക്കുന്നു.’ ) ഇടപ്പള്ളിയെപ്പോലെയോ രാജലക്ഷ്മിയെപ്പോലെയോ പരിവേഷവും ചര്‍ച്ചയും പരിചരണവും ഒന്നും ആ മരണത്തിനു കിട്ടാത്തതിനു കാരണം തന്നെ അതിന്റെ നിഗൂഢമായ ആഴമാണ്. സത്യം പറയാമല്ലോ, ഇങ്ങനെ കൌമാര വിഹ്വലതകളിലും ദാരിദ്ര്യത്തിലും തള്ളിയിട്ട് ഒരു എഴുത്തുകാരന്റെ ഭൂതകാലത്തെ മഞ്ഞയില്‍ പുതിക്കിപ്പണിയുന്നതിനു പകരം, മരണത്തിന്റെ ഉള്ളുകള്ളിയിലേയ്ക്ക്, ദാര്‍ശനികമായ ഒരു നോട്ടമെങ്കിലും സംവിധായകന്‍ അയച്ചിരുന്നെങ്കില്‍ , എന്നു വെറുതേ, വെറും വെറുതേ ഒന്ന് ആഗ്രഹിച്ചുപോയി. പക്ഷേ നന്തനാരുടെ ആത്മഹത്യ തന്റെ വിഷയമേയല്ല എന്നാണ് എം ജി ശശിയുടെ നിലപാട്. അതു തന്നെയായിരിക്കും ഈ സിനിമയെ സാധാരണത്വത്തില്‍ കെട്ടിയിടുന്നത് എന്നു തോന്നുന്നു, അതിനു പിന്നില്‍ വര്‍ഷങ്ങളുടെ ഹോം വര്‍ക്കുണ്ടെന്ന് സംവിധായകന്റെ സാക്ഷ്യം പറച്ചിലുണ്ടെങ്കിലും.

അനു:
ഒരു രംഗം ഓര്‍മ്മ വരുന്നു. മൈക്കല്‍ കണ്ണിംഗ്‌ഹാമിന്റെ പുലിത്‌സര്‍ സമ്മാനം ലഭിച്ച നോവലിനെ ആസ്പദമാക്കി ഹരോള്‍ഡ് ബെക്കര്‍ സംവിധാനം ചെയ്ത “ദി ഹവേഴ്സി“ല്‍ വെര്‍ജീനിയ വൂള്‍ഫായി അഭിനയിച്ച നിക്കോളി കിഡ്‌മാന്‍ ഓവര്‍ക്കോട്ട് കൂട്ടിപ്പിടിച്ച് പനിച്ചും വിറച്ചും പിറുപിറുത്തും വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതാണത്. സ്വയം ഓടുക്കാന്‍ നിശ്ചയിച്ചതിന്റെ മുഴുവന്‍ ആവേഗവും ഭ്രാന്തും ഒപ്പിയെടുത്തതാണ് ആ യാത്ര. അത് സിനിമ ആവര്‍ത്തിക്കുന്നുണ്ട്.
കോട്ടിന്റെ പോക്കറ്റില്‍ കല്ലെടുത്തിട്ട് ഔസ് (Ouse) നദിയില്‍ ചാടി ജീവിതമൊടുക്കുന്നതിനു മുന്‍പ് അവര്‍ വിറക്കുന്ന വിരലുകളില്‍ മഷി പറ്റിച്ച് രണ്ടു കത്തുകള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. അനിയത്തിയ്ക്കും സ്വന്തം ഭര്‍ത്താവിനും. വെര്‍ജീനിയ വൂള്‍ഫ് ഫൌണ്ടേഷന്റെ പ്രസിഡന്റ് പറഞ്ഞത് സിനിമയില്‍ കാണിച്ച അക്കാര്യം യഥാര്‍ത്ഥത്തിലുള്ളതല്ലെന്നാണ്. രണ്ടു കത്തുകള്‍ അവര്‍ തയാറാക്കിയിരുന്നു എന്നതു ശരിയാണ്. അതിലൊരെണ്ണം മരണത്തിനു പത്തോളം ദിവസങ്ങള്‍ക്കു മുന്‍പാണെഴുതിയത്. അതു പിന്നീടാണ് കണ്ടെടുക്കപ്പെട്ടത് എന്നു മാത്രം. ആ കത്തെഴുതിയ ദിവസം ആകെ നനഞ്ഞൊലിച്ച് അവര്‍ വീട്ടില്‍ വന്നു കയറി. ചോദിച്ചപ്പോള്‍ കാലുതെറ്റി വീണു എന്നാണ് പറഞ്ഞത്.
പക്ഷേ അത് പരാജയപ്പെട്ട ഒരു ആത്മഹത്യാശ്രമമായിരുന്നു.

May 9, 2008

മലകളെപ്പോലെ ഒറ്റപ്പെടുന്നതെന്തുകൊണ്ട്?


ജീവചരിത്രത്തെ നോവലാക്കുമ്പോള്‍ ചില പ്രശ്നങ്ങളെ പ്രത്യക്ഷമായി തന്നെ എഴുത്തുകാരന്‍ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. തലപ്പൊക്കമുള്ള വിവാദ വ്യക്തിത്വങ്ങളെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ പ്രത്യേകിച്ചും. വിദൂരഭൂതകാലത്തിലെ വ്യക്തികളെ രചനയുടെ ഒഴുക്കിനനുസരിച്ച് മാറ്റാന്‍ കഴിയുന്നതുപോലെ എളുപ്പമാവില്ല സമീപഭൂതത്തിലോ സമകാലത്തിലോ ജീവിച്ചിരുന്ന വ്യക്തികളുടെ ഭാവനാത്മകമായ പുനരാവിഷ്കാരം. സ്വാഭാവികമായും പൊതുബോധത്തില്‍ ഉറച്ചുകഴിഞ്ഞിരിക്കുന്ന വ്യക്തിചിത്രവുമായി പിണങ്ങിപ്പിരിയുന്ന ഏതാവിഷ്കാരത്തിനും സര്‍ഗാത്മകമായ ഊര്‍ജ്ജം ധാരാളം ചെലവഴിക്കേണ്ടി വരും. യാഥാര്‍ത്ഥ്യത്തോടും കല്പനകളോടും സമദൂരം പാലിക്കുക എന്ന ‘ഫയര്‍വാക്കാ‘ണ് എഴുത്തുകാരന്‍ ഇവിടെ അനുഷ്ഠിക്കേണ്ട ധര്‍മ്മം. കാലികമാവുംതോറും പെരുകുന്ന വസ്തുതകളില്‍ നിന്ന് കൊള്ളേണ്ടതുമാത്രം, കഥാഗതിയ്ക്കനുസരിച്ചു എടുക്കുന്നതെങ്ങനെയെന്നത് ഒരു പ്രശ്നം. പ്രമേയം പ്രഖ്യാതമാവുമ്പോൾ ആഖ്യാനവഴിയിൽ പ്രത്യയശാസ്ത്രപരമായി വെളിപ്പെടുന്ന ബോധാബോധങ്ങൾ മറ്റൊരു പ്രശ്നം.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവുമധികം തവണ ഉരുവിട്ടിട്ടുള്ള നാമധേയമായിരിക്കും ഇന്ദിരാഗാന്ധിയുടേത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ധാരാളം അര്‍ത്ഥവിവക്ഷകളുള്ള ധ്വനിസാന്ദ്രമായ ഒരു അധ്യായം. സ്ത്രീയ്ക്ക് എത്തിപ്പിടിക്കാവുന്ന അധിത്യകകളുടെ പുതിയ കൈനിലകളാണ് ആ ഏകാന്തവ്യക്തിത്വം ഉദ്ഘാടനം ചെയ്തത്. വികസിത രാജ്യങ്ങള്‍ക്ക് പോലും സ്വപ്നം കാണാവുന്ന തരത്തില്‍, സതിയുടെയും പെണ്‍ഭ്രൂണഹത്യകളുടെയും മറവില്ലാത്ത ആണ്‍ക്കോയ്മയുടെയും നാട്ടില്‍, ഇന്ത്യയില്‍. വളരെ കുറച്ചുകാലത്തേയ്ക്കാണെങ്കിലും ‘ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന’ ഭാവനയിലേയ്ക്ക് ഭാരതീയരെ വഴിനടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അത് അറിയപ്പെട്ട ‘ഇന്ദിര‘. ജോര്‍ജ് ഓണക്കൂറിന്റെ ‘പര്‍വതങ്ങളിലെ കാറ്റ്’ അറിയപ്പെടാത്ത ഇന്ദിരാഗാന്ധിയെയാണ് വായനക്കാരുടെ മുന്നിലെത്തിക്കുന്നത്. ഇന്ത്യയുടെ മുന്‍‌പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം ഇവിടെ പശ്ചാത്തലം മാത്രമാണ്. കടുത്ത ഏകാന്തതയും സഹജമായ ഇച്ഛാശക്തിയും ചേര്‍ന്ന് വാര്‍ത്തെടുത്ത ഏറ്റവും കരുത്തുള്ള സ്ത്രീയുടെ തരളമായ ഭാവങ്ങളുടെ ആഖ്യാനമാണീ നോവല്‍.

ഉയര്‍ന്ന കുടുംബത്തിലായിരുന്നിട്ടു കൂടി സ്ത്രീയായി ജനിച്ചുപോയതിനു സഹിക്കേണ്ടിവന്ന അപമാനത്തിന്റെ ഉലയിലാണ് ഇന്ദിരയുടെ സുവിദിതമായ ഉറച്ചവ്യക്തിത്വം രൂപപ്പെട്ടത്. അതു വെയിലത്തു വാടാത്തതിനു കാരണമതു തന്നെയായിരുന്നു. അമ്മയായ കമലയുടെ ജീവിത ദുരന്തം കണ്ട് വളര്‍ന്നതാണ് അവര്‍. കമലയ്ക്ക് ജീവിതം സഹനം മാത്രമായിരുന്നു. നിശ്ശബ്ദമായി പഴികളെല്ലാം സഹിച്ച്, ആശ്വസിപ്പിക്കാന്‍ പോലുമാരും അടുത്തില്ലതെ, ഏകാന്തതയില്‍ എരിഞ്ഞു തീര്‍ന്ന ഒരു ജന്മം. അമ്മയുടെ ജീവിതകഥയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഇന്ദിര പക്ഷേ ജീവിതത്തെ പോരാട്ടമാക്കി. ‘പെണ്ണ്’എന്നു വിളിച്ച് പുച്ഛിച്ച് നീക്കി നിര്‍ത്തിയിടങ്ങളെയൊക്കെ വീറുള്ള പോരാളിയെപ്പോലെ അവര്‍ വെട്ടിപ്പിടിച്ച് സ്വന്തമാക്കി. അപമാനങ്ങള്‍ക്കെല്ലാം പകരം വീട്ടി. പെണ്ണിന് ഒന്നും അപ്രാപ്യമല്ലെന്നു തെളിയിച്ച് പുതിയ സ്ത്രീയുടെ മാതൃകയായി. പെണ്മയുടെ അന്തസ്സുയര്‍ത്തിപ്പിടിച്ചു. ഭുവനേശ്വറിലെ അവസാന പ്രസംഗത്തില്‍ പറഞ്ഞതു പോലെ “രക്തം രാജ്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി“ ഒഴുക്കി. അവസാന ശ്വാസം വരെയും പ്രവര്‍ത്തന നിരത. പര്‍വതത്തെ പോലെ ഉന്നതവും ഒറ്റപ്പെട്ടതുമായ വ്യക്തിത്വമായാണ് നോവലില്‍ ഇന്ദിരാഗാന്ധി ആവിഷ്കരിക്കപ്പെടുന്നത്. അവിടങ്ങളില്‍ നിന്നുള്ള കാറ്റാണ് കാലാവസ്ഥകള്‍ക്ക് ആസ്പദം. പുതിയ ചരിത്രങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും.

പ്രധാനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മനോരഞ്ജന്‍ എന്ന ഉദ്യോഗസ്ഥനിലൂടെയാണ്, ‘പര്‍വതങ്ങളിലെ കാറ്റിന്റെ’ കഥ നോവലിസ്റ്റ് പറയുന്നത്. ഇന്ത്യയ്ക്കു വേണ്ടി മരിച്ച മനുഷ്യന്റെ വിധവയുടെ (മാനസീദേവിയുടെ) മകനാണ് മനോരഞ്ജന്‍. തനിക്ക് രണ്ടമ്മമാരാണെന്ന് മനോരഞ്ജന്‍ പറയുന്നുണ്ട്. മകള്‍, കാമുകി, ഭാര്യ, വിധവ, അമ്മ... ഇന്ദിര എന്ന അസാധാരണ വ്യക്തിത്വത്തിന്റെ വിവിധ സ്ത്രീഭാവങ്ങള്‍ നോവലിസ്റ്റ് വരഞ്ഞിടുന്നുണ്ട്. അതിനാണ് മുന്‍‌ത്തൂക്കവും. ഊഷ്മളമായ ആഖ്യാനമാണ് അമ്മ എന്ന നിലയ്ക്ക് ഇന്ദിരയ്ക്കു നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളെ തറപറ്റിയ്ക്കുന്ന ‘ദുര്‍ഗ’ എന്ന ബിംബത്തെ ഈ ആര്‍ദ്രമുഖങ്ങള്‍ക്കു പിന്നില്‍ നിര്‍ത്തിയിരിക്കുന്നൂ, നോവലിസ്റ്റ്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ പ്രസക്തമായതെല്ലാം പരാമര്‍ശിക്കപ്പെടാതെ പോകുന്നില്ല ഈ കൃതിയില്‍. അധികാരത്തിനുവേണ്ടി നെടുനാളായി കാത്തിരുന്ന മൊറാർജിയ്ക്ക് പ്രതിനായക പരിവേഷമുണ്ട്. ജയപ്രകാശ് നാരായണൻ ഉപജാപങ്ങളാൽ ഇന്ദിരാഗാന്ധിയെപ്പറ്റി തെറ്റിദ്ധാരണകൾ വച്ചു പുലർത്തിയ വ്യക്തിത്വവും. അതു തിരുത്താൻ അദ്ദേഹത്തെ നേരിൽ ചെന്നു കാണുക എന്ന കൃത്യം ഇന്ദിര അനുഷ്ഠിച്ചത് നോവലിലെ നിർണ്ണായകമായ ഒരു മുഹൂർത്തമാണ്. ആണത്താധികാരങ്ങളെയും ഉപജാപങ്ങളെയും തന്റേടത്തോടെ നേരിടുകയായിരുന്നു കുപ്രസിദ്ധമായ അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിലൂടെ. അതൊരു നിവൃത്തികേടുകൂടിയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ പരിഹാസങ്ങളെ ശരിവച്ചുകൊണ്ടൊരു മടങ്ങിപ്പോക്കാവുമായിരുന്നു അവരുടെ ജീവിതം.

ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ജീവിതത്തിന്റെ അസ്വാതന്ത്ര്യത്തില്‍ നിന്ന് ഉയരാവുന്നിടത്തോളം എത്തിക്കാന്‍ സ്വന്തം ഇച്ഛാശക്തി മതിയാവും. എങ്കിലും കൂടെകൂടെ താൻ നെഹ്രുവിന്റെ മകളാണെന്നും ഫിറോസിന്റെ സഹചാരിണിയാണെന്നും ഇന്ദിര ചിന്തിക്കുന്നതും പ്രതിസന്ധികളിൽ അതു സ്വയം പറഞ്ഞ് സമാധാനപ്പെടുന്നതുമെന്തിനാണെന്നും നാം ആലോചിക്കാതിരിക്കില്ല. അതീവഗുരുതരമായ വിധത്തിൽ പുരുഷനിൽ കേന്ദ്രീകരിച്ച ഒരു സമൂഹത്തിന്റെ രാഷ്ട്രീയരൂപകമാണ് ഇന്ദിര. അതിൽ നിഹിതമായിരിക്കുന്നതു പുരുഷാധിപത്യപരമായ പ്രത്യയശാസ്ത്രങ്ങൾ തന്നെയാണെന്നു തിരിച്ചറിയാൻ അബോധപൂർവമുള്ള ഇത്തരം ആത്മഗതങ്ങൾ മതിയാവും. സ്ത്രൈണഭാവങ്ങളെ തിളക്കി ആവിഷ്കരിക്കുന്നതിനിടയിലും ഒരു മദ്ധ്യമമാർഗത്തിലേയ്ക്ക് നോവലിന്റെ ആഖ്യാനം വിരൽചൂണ്ടുന്നുണ്ട്. കമലയുടെ ജീവിതവും ഇന്ദിരയുടെ ജീവിതവും രണ്ടറ്റമാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള വഴി ഭാവിയുടെ നാക്കാണ് എന്നാണ് നോവൽ മുന്നിൽ വയ്ക്കുന്ന ദർശനം. മനോരഞ്ജന്റെ മകള്‍ ‘കമലേന്ദു’വിന്റെ ആത്മഗതത്തില്‍ നോവലവസാനിക്കുമ്പോള്‍ തകരാറു പിടിച്ചകാലത്തില്‍ നിന്ന് സ്വത്വം തിരയുന്ന സ്ത്രീയെന്ന വാസ്തവത്തെയാണ് നോവല്‍ മുന്നില്‍ വച്ചതെന്നു നാം മനസ്സിലാക്കുന്നു. വായന അവിടെ അവസാനിപ്പിച്ചാൽ മറ്റെല്ലാം അപ്രസക്തമാവും, താത്കാലികമായെങ്കിലും.

---------------------------------------------------------
പര്‍വതങ്ങളിലെ കാറ്റ് (Novel)
ജോര്‍ജ് ഓണക്കൂര്‍
DCB

May 4, 2008

"നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി"



ആകസ്മികമായി രണ്ടു പുസ്തകങ്ങള്‍ ഒന്നിച്ചു കൈയില്‍ വന്നു. 1. സ്വതന്ത്ര പത്രപ്രവര്‍ത്തകനായ സുന്ദര്‍ (ഇദ്ദേഹമാണ് ഒബ്രിമേനന്റെ ‘ഹൃദയത്തിനുള്ളിലെ ഇടം‘ വിവര്‍ത്തനം ചെയ്തത്. ഇപ്പോള്‍ ആസ്ട്രേലിയയില്‍) എഴുതിയ ഒരു പഴയ ഫീച്ചറിന്റെ ഗ്രന്ഥരൂപം ‘ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍’. 2. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ജോസഫ് ഐസക്ക് എഴുതിയ’ഭ്രാന്താക്കുന്ന ചികിത്സ’

തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് മാനസിക രോഗാശുപത്രികളിലെ മനുഷ്യത്വരഹിതമായ ചുറ്റുപാടുകളെക്കുറിച്ച് 1985-ല്‍ സുന്ദര്‍ എഴുതിയ അന്വേഷണാത്മക റിപ്പോര്‍ട്ടാണ് ‘ഈ ഭ്രാന്താലയത്തിനു നാവുണ്ടായിരുന്നെങ്കില്‍.‘കെ വി സുരേന്ദ്രനാഥ് എം എല്‍ എയ്ക്കൊപ്പം മാനസികരോഗാശുപത്രി സന്ദര്‍ശിച്ച് കലാകൌമുദിയ്ക്കുവേണ്ടിയാണ് സുന്ദര്‍ അന്ന് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. മൃഗശാലയേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ ആയിരത്തിലധികം അന്തേവാസികളാണ് ഉറ്റോര്‍ക്കു പോലും വേണ്ടാതെ അവിടെ കിടന്നിരുന്നത്. തുണിയില്ലാതെ, ടോയ്‌ലറ്റ് സൌകര്യങ്ങളില്ലാതെ, ആഹാരമില്ലാതെ, മരുന്നില്ലാതെ. കൂടെ അടിമപ്പണിയും. മാറാവ്യാധികളും ത്വക്‌രോഗങ്ങളും പിടിച്ച്, നനഞ്ഞ തറയില്‍ ചുരുണ്ടുകൂടാന്‍ പോലുമാവാതെ, പറയാന്‍ നാവില്ലാതെ, കേള്‍ക്കാന്‍ കാതില്ലാതെ. ആണ്‍-പെണ്‍ വ്യത്യാസമില്ല ദുരിതങ്ങള്‍ക്ക്. അതിനുവേണ്ടി എന്തു പാപമാണിക്കൂട്ടര്‍ ചെയ്തത്. സമൂഹത്തിന്റെ തന്നെ സമ്മര്‍ദ്ദം എറ്റുവാങ്ങാനാവാതെ സ്വബോധത്തിന്റെ വിളക്കണച്ചതോ? അന്ന് ഈ റിപ്പോര്‍ട്ട് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിന്റെ ഫലമായി ചിലമാറ്റങ്ങളുണ്ടായി.

2000-ല്‍ ഒന്നുകൂടി ഊളമ്പാറ സന്ദര്‍ശിച്ച് ഉണ്ടായ മാറ്റങ്ങളെ ഒരു ലേഖനമാക്കി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് സുന്ദര്‍ ഈ പുസ്തകത്തില്‍. ഊളമ്പാറ ആശുപത്രിയെ കോണ്‍സന്റ്‌ട്രേഷന്‍ ക്യാമ്പെന്ന (അസൈലം) നിലയില്‍ നിന്ന് ഉയര്‍ത്താന്‍ പണിപ്പെട്ട ഡോ. പി. എന്‍ ഗോപാലകൃഷ്ണന്റെ കുറിപ്പും ബാംഗ്ലൂരിലെ നിംഹാന്‍സ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ്) ചെന്നൈയിലെ സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് എന്നിവയില്‍ രോഗം ഭേദമാവുന്നതിനവലംബിക്കുന്ന ആധുനിക രീതികളെയും സൌകര്യങ്ങളെയും കുറിച്ച് ഒരു അവലോകനവും. മാറിയകാലത്തില്‍ പോലും അവ നമ്മുടെ സര്‍ക്കാര്‍ വക ആശുപത്രികളുമായി വല്ല താരതമ്യവുമര്‍ഹിക്കുന്നുണ്ടോ എന്നു, വായിച്ചു കഴിഞ്ഞതു ശേഷം നെടുവീര്‍പ്പിടാന്‍ വേണ്ടി മാത്രം !

പത്രപ്രവര്‍ത്തകന്റെ സാമൂഹികഉത്തരവാദിത്വത്തില്‍ നിന്ന് കുറച്ചുദൂരമുണ്ട്, ഒരു ഡോക്ടറുടെ മനുഷ്യത്വപരമായ ഉള്‍ക്കാഴ്ചകള്‍ക്ക്. ആദ്യ പുസ്തകത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി, മാനസികചികിത്സയുടെ നീതികേടിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് നാം രണ്ടാം പുസ്തകത്തില്‍ കാണുന്നത്‍. എണ്‍പതുകളില്‍ നിന്ന് കേരളസമൂഹം ഒരു പാട് മുന്നോട്ടു പോയി. അതിനനുസരിച്ച് മാനസിക സമ്മര്‍ദ്ദങ്ങളും ഏറിയിട്ടുണ്ട്. മാനസികരോഗങ്ങളും മദ്യവും ആത്മീയതയും രാഷ്ട്രീയവും സാര്‍വത്രികമായി.ബ്രോഡ്ബാന്‍ഡും മൊബൈലും ചേര്‍ന്ന് പുതിയ കൂട്ടായ്മ പാകപ്പെടുത്തി. കമ്മ്യൂണിക്കേഷനില്‍ വിപ്ലവം തന്നെ വന്നു. എന്നാല്‍ നമ്മുടെ തന്നെ മനസ്സിനെക്കുറിച്ചുള്ള ധാരണകളോ? സ്വയം തിരിച്ചറിഞ്ഞിട്ടു വേണമല്ലോ അന്യനെ മനസ്സിലാക്കാന്‍ !

‘ഭ്രാന്താക്കുന്ന ചികിത്സ‘ മരുന്നുകൊണ്ടു മാനസിക രോഗം മാറ്റാന്‍ ശ്രമിക്കുന്ന സൈക്ക്യാട്രിയ്ക്കെതിരെ എഴുതിയ പുസ്തകമാണ്. മരുന്നിന് തത്കാലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാന്‍ കഴിഞ്ഞു എന്നു വരും. പക്ഷേ രോഗത്തിനുകാരണമായ ഇംപള്‍സുകളെ വിശകലനം ചെയ്യാതെ, പരിഹരിക്കാനുള്ള മാര്‍ഗം തേടാതെയുള്ള ചികിത്സ എന്തുഫലം ചെയ്യും? ഫലത്തിലിത് മനശ്ശാസ്ത്രവും (Psychology) മനോരോഗ ചികിത്സയും (psychiatry) തമ്മിലുള്ള ഒരു വഴക്കാണ്. ( ഡോ. പീറ്റര്‍ ആര്‍ ബ്രഗ്ഗിന്‍, പ്രൊ.ഡോ. മോഷര്‍, ഡോ.ജോസഫ് ഗ്ലെന്‍ മുള്ളന്‍, ഡോ. സിഡ്നി സാമന്റ്, ഡോ. തോമസ് സാസ്സ് തുടങ്ങി സൈക്യാട്രിയ്ക്കെതിരെ, അതെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരരുടെ/അദ്ധ്യാപകരുടെ വാക്കുകള്‍ സമൃദ്ധമായി ഉദ്ധരിച്ചിട്ടുണ്ട് പുസ്തകത്തില്‍) ബയോ കെമിക്കല്‍ ഇംബാലന്‍സുകളാണ് മനോരോഗങ്ങള്‍ക്കു നിദാനം എന്നു വന്നാല്‍ ഏതു രോഗവും ഗുളികകഴിച്ചാല്‍ മാറും. സാമ്പത്തിക സാമൂഹിക അസമത്വങ്ങളാലുള്ള ആത്മഹത്യകളെ വരെ രക്ഷിച്ചെടുക്കാന്‍ പ്രൊസാക്കിനും സോളോഫ്ടിനും ലാവോക്സിനും കഴിയുമെന്ന് വിശ്വസിക്കേണ്ടി വരില്ലേ? (എന്നിട്ടും നമ്മുടെ നാട്ടിലുണ്ടോ ആത്മഹത്യ ചെയ്യുന്നവര്‍ക്ക് വല്ല കുറവും?) സ്ത്രീയുടെ അവസ്ഥകളെക്കുറിച്ച് അവള്‍ക്കുണ്ടായ ബോധോദയങ്ങള്‍, പഴയ യജമാന-അടിമവ്യവസ്ഥയിലുള്ള ഭാര്യാഭര്‍ത്തൃ ബന്ധത്തെ തകര്‍ക്കാതിരിക്കാന്‍ Xanax, Halcion തുടങ്ങിയ ഉത്കണ്ഠാവിരുദ്ധമരുന്നുകള്‍ക്കു കഴിയില്ലേ? കഴിയുമായിരിക്കും. പക്ഷേ അതെന്തുമാതിരി രക്ഷപ്പെടലാണ്?

സ്തെതസ്കോപ്പോ രക്തപരിശോധനയോ എക്സ് റേയോ ഒന്നും വേണ്ടാത്ത, വസ്തുനിഷ്ഠതയില്ലാത്ത, വെറും ഊഹത്തിന്റെ മാത്രം ബലത്തില്‍ ചികിത്സ നിര്‍ണ്ണയിക്കേണ്ട സൈക്ക്യാട്രിയെ മെഡിക്കല്‍ സയന്‍സ് വിഭാഗമായി ഉളപ്പെടുത്തുന്നതു ശരിയോ എന്നൊരു പ്രശ്നം ഈ പുസ്തകം മുന്നിലേയ്ക്കു വയ്ക്കുന്നുണ്ട്. പക്ഷേ ആശുപത്രികളില്‍ മനോരോഗത്തിന്റെ ആധികാരിക വക്താവ്, വൈദ്യശാസ്ത്രം പഠിച്ചയാളാണ്, മനശ്ശാസ്ത്രം പഠിച്ചയാളല്ല. ( എം ബി ബി എസ് കഴിഞ്ഞ് മനോരോഗ മരുന്നുനിര്‍ണ്ണയത്തില്‍ ഡിപ്ലോമയെടുത്താല്‍ -ഡി പി എം - സൈക്യാട്രിസ്റ്റ് ആയി) എവിടെവച്ചാണപ്പോള്‍ മനുഷ്യമനസ്സിനെ ഒരു ഡോക്ടര്‍ അറിയുന്നത്? സൈക്കാട്രിസ്റ്റ് ഗുളികകളെഴുതാന്‍ എടുക്കുന്ന കാലതാമസത്തിലാണ് മനശ്ശാസ്ത്രജ്ഞന്റെ (-ജ്ഞയുടെയും) പൊറുതി. ‘സൂഫി പറഞ്ഞ കഥ’യെഴുതിയ കെ പി രാമനുണ്ണിയെപ്പോലുള്ളവര്‍ മനോരോഗത്തിനുള്ള മരുന്നുകളാലും ഷോക്ക് ചികിത്സയാലും (ECT-ഇലക്ട്രോ കണ്‍‌വള്‍സീവ് തെറാപ്പി - ഓര്‍മ്മശക്തിയെയും ബുദ്ധിപരമായ ശേഷിയേയും കാര്യമായി കുറയ്ക്കുന്ന പീഡനകരമായ ഒരു ചികിത്സാവിധിയാണിത്) ജീവിതത്തിലനുഭവിച്ച കഷ്ടപ്പാടിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആകെ അദ്ദേഹത്തിനു വേണ്ടിയിരുന്നത് താന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കാന്‍ സന്നദ്ധനായ ഒരാളിനെ മാത്രമായിരുന്നു. വ്യക്തിത്വ-മനോരോഗ നിര്‍ണ്ണയനത്തിനും ബുദ്ധിപരത, വികാരപരത എന്നിവ അളക്കാനുമുള്ള നിരവധി ഉപാധികള്‍ മനശ്ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോഗ്നിറ്റീവ് തെറാപ്പിയും, ബിഹേവിയര്‍ തെറാപ്പിയും, ഹിപ്നോട്ടിക് ചികിത്സയും സൈക്കോ അനാലിസിസും എച്ച് ആര്‍ ടിയും (ഹോമിയോ സ്റ്റാസിസ് റിയലിസ്റ്റിക് തെറാപ്പി) ബയോ ഫീഡ് ബാക്കും, സൈക്കാട്രിയിലെ മരുന്നുകള്‍ തോറ്റു തുന്നം പാടിയയിടത്തു നിന്നും മനുഷ്യമനസ്സുകളെ രക്ഷിച്ചു കരകയറ്റിയതെങ്ങനെ എന്ന് നിരവധി ഉദാഹരണങ്ങളിലൂടെ ‘ഭ്രാന്താക്കുന്ന ചികിത്സ’ വാദിക്കുന്നുണ്ട്.

ശരിയായിരിക്കും. മനസ്സിനെ അറിയുന്നയാള്‍ മനുഷ്യനെ അറിയുമല്ലോ. എങ്കിലും ഒരു മനശ്ശാസ്ത്രജ്ഞന്‍ മനസ്സറിയുന്നവന്‍ മാത്രമല്ല, ചരിത്രവും നരവംശശാസ്ത്രവും സംസ്കാരവും രാഷ്ട്രീയവും വളരെ ആഴത്തിലറിയുന്ന ഒരു സാമൂഹികപ്രവര്‍ത്തകനാണ്, ആയിരിക്കണം എല്ലാത്തിനുമുപരി എന്ന കാര്യം ഈ പുസ്തകം എങ്ങനെയോ വിട്ടു പോയിരിക്കുന്നു. ഇങ്ങനെ പറയാന്‍ കാരണമുണ്ട്.

അറിയപ്പെടുന്ന ഒരു മനശ്ശാസ്ത്രജ്ഞന്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ഒരു ടി വി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന് കുടുംബത്തിന്റെ പവിത്രതയെയും അച്ഛനമ്മമാരെ അനുസരിക്കേണ്ട ആവശ്യകതയെയും പറ്റി ഘോരമായി ഉപന്യസിക്കുന്നതു കണ്ടു. ബന്ധുക്കള്‍ ഉപദ്രവിച്ച ഒരു കൌമാരക്കാരിയുടെ, ശരീരം ചീത്തയായിപ്പോയതുകൊണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ചവളുടെ, മനസ്സില്‍ ഈ ഗീര്‍വാണം എന്തു പരിണാമമാണുണ്ടാക്കുക എന്നാലോചിച്ചു പോയി, അതു കണ്ട്. താന്‍ കൂടെ പഠിക്കുന്ന ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് എന്നു നിര്‍ബന്ധിച്ചു, തുറന്നു പറയിച്ചിട്ട്, അത് മാതാപിതാക്കളോട് പറഞ്ഞ് മകളെ പാപിയും വഴിപിഴച്ചവളുമൊക്കെയാക്കി അവരുടെ സമാധാനം കൂടിക്കെടുത്തിയ ഒരാള്‍ എന്തായാലും മനസ്സറിയാവുന്ന ആളാണ് എന്നു വിശ്വസിക്കന്‍ പ്രയാസം. ( ആ പെണ്‍‌കുട്ടി പിന്നെ അയാളെ കാണാന്‍ സമ്മതിച്ചതേയില്ല). ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ലൈംഗിക സൈറ്റുകള്‍ കാണാന്‍ ചെലവാക്കുന്നതില്‍ വിഷമിച്ചും ഉത്കണ്ഠപ്പെട്ടും ഒരു കൂട്ടുകാരന്‍ മനശ്ശാസ്ത്രജ്ഞനെ കാണാന്‍ ചെന്നു. കഥ പറഞ്ഞു പറഞ്ഞ് ഒടുവില്‍ മനശ്ശാസ്ത്രജ്ഞന് രോഗിയേക്കാള്‍ താത്പര്യമായി. സൈറ്റുകളേതൊക്കെയാണെന്നും എങ്ങനെ അവയില്‍ കയറിപ്പറ്റാമെന്നും ആക്രാന്തത്തോടെ പേനയും പേപ്പറും വച്ചു കുറിച്ചെടുക്കുന്നതുകണ്ടപ്പോള്‍ കൂട്ടുകാരനു സംശയമായി, രോഗിയാര്?

കുടുംബകോടതിയില്‍ നിന്ന് കൌണ്‍സിലിംഗിനു വേണ്ടി എത്തിയ ദമ്പതികളെ നോക്കി അക്ഷമയോടെ മനശാസ്ത്രജ്ഞന്‍ പറഞ്ഞത്രെ : “വല്ലതും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞു തീര്‍ത്തോണം. എനിക്ക് സമയമില്ല.” ഇയാളോട് ഇനി ആരെന്തു പറയാനാണ്? അയച്ചതു കുടുംബക്കോടതിയായതുകൊണ്ടു ഒരു കണ്‍സള്‍ട്ടേഷനു ഫീസ് 500 രൂപയാണ്. അതുകൊണ്ടെന്തെങ്കിലും പറഞ്ഞാലായി. ഇയാളുടെ റിപ്പോര്‍ട്ടിലാണല്ലോ അവരുടെ ഭാവിയുടെ കളി.

ഭര്‍ത്താവ് കുളിക്കാത്തതു കൊണ്ടും പുറത്തിരിക്കുന്ന വാഹനം ആരെങ്കിലും മോഷ്ടിക്കുമെന്ന ഭയത്താല്‍ കിടപ്പുമുറിയുടെ കതകടയ്ക്കാത്തതിനാലും ലൈംഗികബന്ധത്തിനു സമ്മതിക്കാത്ത ഭാര്യയ്ക്ക് ‘ഹിസ്റ്റീരിയ’യാണെന്ന് ഭര്‍ത്താവിനോട് മനശ്ശാസ്ത്രജ്ഞന്‍ പറഞ്ഞുകൊടുത്തത് ഭാര്യയ്ക്ക് പറയാനുള്ളത് ഒട്ടും കേള്‍ക്കാതെയാണ്. അമ്മായിയമ്മയ്ക്ക് ചീത്തപറയാന്‍ ഒരു വാക്കു കൂടികിട്ടി അതോടെ. തന്റെ മകന്റെ ജീവിതം നശിപ്പിക്കന്‍ ഒരുത്തി ഇവിടെ വന്നു കയറിയത് ‘ഹിസ്റ്റീരിയ‘യുമായാണെന്ന്!!! ഭര്‍ത്താവിന്റെ ലൈംഗിക ശൈത്യത്തിന് ഭാര്യയെ ചികിത്സിച്ച കഥകള്‍ അനേകമാണ്. മനശ്ശാസ്ത്രവിദഗ്ധന്റെ അടഞ്ഞു കിടക്കുന്ന ഉള്ളിലെ ‘മൊറാലിറ്റി‘യാണ് ഇവിടെ വില്ലന്‍. അയാള്‍ പഠിച്ച പാഠങ്ങള്‍ മറ്റൊന്നായിരിക്കും. പക്ഷേ ഉപദേശസമയത്ത് തന്റെ മുന്നില്‍, താന്‍ അനാവൃതനായിപ്പോയല്ലോ എന്ന മട്ടില്‍ ചൂളിയിരിക്കുന്ന സാധാരണക്കാരനു വേണ്ടി പുറത്തേയ്ക്കൊഴുക്കുന്നത് ഉള്ളില്‍ കെട്ടിക്കിടക്കുന്ന മൊറാലിറ്റിയാണ്. ഇത് ഒരു വലിയ പ്രശ്നമാണ്. അറച്ചറച്ച് കുട്ടി പറഞ്ഞ സ്വയംഭോഗ കഥ കേട്ടിട്ട് ‘ഡോക്ടര്‍’ പറഞ്ഞത് ‘പഠിക്കേണ്ട സമയത്ത് നീ ഇമ്മാതിരി വൃത്തികേടുകള്‍ കാട്ടരുതെന്നാണ്.‘ അതു പാപമാണെന്നു കൂടി അയാള്‍ പറഞ്ഞു പിടിപ്പിച്ചു കൊടുത്തു. ഫലം വര്‍ഷങ്ങള്‍ക്കു ശേഷം നിയന്ത്രിക്കാനാവത്ത തരത്തിലുള്ള കൈവിറയല്‍.

ആനയെയും ചങ്ങലെയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആ പഴയ ആഭാണകത്തില്‍ ഭ്രാന്തെന്ന വാക്കു തന്നെ വന്നെതെങ്ങനെ എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത മുഴുവന്‍. ആര് ആരെ ചികിത്സിക്കും? ആന ചങ്ങലയെയോ തിരിച്ചോ?

അനു:
തളര്‍ന്നു വീണ ഒരു കുട്ടി ക്ഷീണം കൊണ്ട് ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കിടന്നുറങ്ങിപ്പോയി. അതു കണ്ട് ഇഷ്ടപ്പെടാത്ത ഒരു സീനിയര്‍ അദ്ധ്യാപിക, കുട്ടിയുടെ അതേ പ്രായത്തില്‍ മകളുള്ള അമ്മ, അദ്ധ്യാപികയാവാനുള്ള പഠനത്തിന്റെ ഭാഗമായി മനശ്ശാസ്ത്രം അഭ്യസിച്ചിട്ടുള്ള മദ്ധ്യവയസ്ക, സ്കൂള്‍ വിട്ട്, പെണ്‍കുട്ടികളെല്ലാം പോയശേഷം മാത്രമേ ആണ്‍കുട്ടികള്‍ ക്ലാസുമുറി വിട്ട് പുറത്തിറങ്ങാന്‍ പാടുള്ളൂ എന്ന നിയമം അസന്ദിഗ്ദ്ധമായി നടപ്പാക്കുന്നതില്‍ മുന്‍‌കൈയെടുത്ത പരിഷ്കര്‍ത്താവ്, ലോകത്തിലെ സകല പുച്ഛവും മുഖത്തു വാരിത്തേച്ചുകൊണ്ട് കുട്ടികളുടെയും മറ്റദ്ധ്യാപകരുടെയും മുന്നില്‍ വച്ച് പറഞ്ഞത് ഇങ്ങനെ : ‘ദാ അവളവിടെ കിടപ്പൊണ്ട്, എന്തിനും തയ്യാറായി.”


നമുക്കൊരു ധാരണയുമില്ല മനസ്സുകളെപ്പറ്റി.

May 1, 2008

നിനക്ക് ഞാന്‍.....തെലുങ്ക് കവിത


നിനക്കു ഞാന്‍
ശരീരം മൂടാന്‍
സമുദ്രം നല്‍കാം.
അപ്പോള്‍,
നീ നിലയില്ലാത്ത ചിന്തകളില്‍ മുഴുകി
വിശ്വാസത്തിന്റെ ശരീരമായി തീരും.

പാദങ്ങളിലണിയാന്‍
നിനക്ക് ഞാന്‍
റോഡുകള്‍ നല്‍കാം
അപ്പോള്‍,
പട്ടിണിയുമായി ജാഥ നടത്തുന്ന ആള്‍ക്കൂട്ടത്തില്‍
നീ കോപത്തിന്റെ ചുരുട്ടിപ്പിടിച്ച കൈയാവും.

നിനക്ക് ഞാന്‍ ആകാശം നല്‍കും.
ഒടിച്ചുമടക്കി അതു നിന്റെ ശിരസ്സിനുള്ളില്‍ തിരുകും.
അപ്പോള്‍,
മദിച്ച കാളകളെപ്പോലെ ഗ്രഹങ്ങള്‍
നിന്റെ ഈണത്തിനനുസരിച്ചു തുള്ളും.
ഉള്ളം കൈയില്‍ നക്ഷത്രങ്ങള്‍
വെണ്ണപോലെ തുളുമ്പും.

നിനക്ക് ഞാന്‍ കൊടി നല്‍കും.
ചുരുളുകളഴിച്ച് അതു നിന്റെ ശ്വാസത്തിലുയര്‍ത്തും.
അപ്പോള്‍,
തീപ്പന്തങ്ങള്‍ പോലെ
കനവുകള്‍ പുറപ്പെട്ടുവരും.
ഗുഹകളിലെന്നപോലെ
കുടിലുകളില്‍ നിന്ന് മാറ്റൊലികളുയരും.

സി നാരായണ റെഡ്ഡി

1931-ല്‍ ജനിച്ചു. കവിയും വിമര്‍ശകനും. സാഹിത്യ അക്കാദമി അവാര്‍ഡും
(1973‍) പദ്മശ്രീയും (1977) ജ്ഞാനപീഠവും (1988) പദ്മവിഭൂഷണും (1992)
ലഭിച്ചിട്ടുണ്ട്. ഋതുചക്രം, വിശ്വംഭര, ഗഡിലോ സമുദ്രം, പ്രപഞ്ചപാടലു,
ധാരാളം ഗ്രന്ഥങ്ങള്‍.