December 23, 2011
എല്ലാവരും നല്ലവരാകുന്ന ദിവസങ്ങളിൽ
2011 ഡിസംബർ 22 ലെ മെട്രോ മനോരമയുടെ തിരുവനന്തപുരം പതിപ്പിൽ അവർക്കു ലഭിച്ച കത്തിനെക്കുറിച്ചൊരു വാർത്ത അച്ചടിച്ചു വന്നു. കരമന ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് 2 വിദ്യാർത്ഥിനികളാണ് എഴുതിയിരിക്കുന്നത്. ഹയർ സെക്കണ്ടറിയിലെ 350 പെൺകുട്ടികൾക്ക് എല്ലാം കൂടി ആകെയുള്ളത് ഒരേ ഒരു മൂത്രപ്പുര മാത്രം! അതിനു ചുറ്റുമതിലില്ല. കുട്ടികൾക്ക് സ്കൂൾ ഗ്രൌണ്ട് ഇല്ല. ലൈബ്രറിയോ ഓഡിറ്റോറിയമോ ഇല്ല. ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപ്പെട്ടു സ്കൂളിൽന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണം എന്നാണ് കത്ത്. അതു വായിച്ച് ഇവിടെ പി ടി എ ഇല്ലേ, ഡിപി ഐ ഇല്ലേ, എം എൽ എ ഇല്ലേ? മന്ത്രിയില്ലേ ഹോ കഷ്ടം എന്ന് ലേഖകൻ മൂക്കത്തു വിരൽ വച്ചു. ഫലം ഉണ്ടായി. രാവിലെ സ്കൂളിൽ നല്ല ആൾക്കൂട്ടം. വാർഡ് കൌൺസിലർ വന്നു. ഏരിയാ സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വന്നു. എം എൽ എ യും വന്നു. ഉടൻ എം എൽ എ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.
23 -നുള്ള മെട്രോയിൽ അനന്തരഫലശ്രുതികളെല്ലാം ഉണ്ട്. ഒപ്പം അടുത്ത ബോയ്സ് സ്കൂളിലെ നിർമ്മാണത്തിലിരിക്കുന്ന ലാബിൽ അനധികൃതമായി താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ നേമം എം എൽ എ യായ ശ്രീ ശിവൻ കുട്ടി കുടിയൊഴിപ്പിക്കുകയും ചെയ്തു. ആ ഫോട്ടോ പത്രത്തിലുണ്ട്. അങ്ങനെ പെൺകുട്ടികളുടെ കത്തെഴുത്ത് ഫലത്തിൽ ചെയ്ത ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ട് ആ മിടുക്കികൾക്ക് മനോരമ വക അഭിനന്ദനം. കാര്യം അറിഞ്ഞയുടൻ ഓടിയെത്തി വേണ്ടതു ചെയ്ത എം എൽ എയ്ക്കു അഭിനന്ദനം. ഒന്നും ചെയ്യാനാവാതെ ഇത്രയും നാൾ കൈയ്യും മലർത്തി നിന്നിട്ട് ഒരുനാൾ ലോട്ടറി അടിച്ച സ്കൂൾ അധികാരികൾക്ക് അഭിനന്ദനം. വാർത്ത പ്രസിദ്ധീകരിച്ച മനോരമയ്ക്ക് അഭിനന്ദനം. രാത്രി കിടക്കാൻ ഒഴിഞ്ഞുകിടക്കുന്ന ഷെഡു തേടിയ അന്യദേശ തൊഴിലാളികളല്ലാതെ ആരും അപരാധികളല്ല വാർത്തയിൽ. ഇതിപ്പോൾ നാലാമത്തെ സ്കൂളിലെ കുട്ടികളാണ് മനോരമയ്ക്ക് കത്തെഴുതിയതിന്റെ പേരിൽ എം എൽ എ യോ മന്ത്രിയോ ഓടിയെത്തി സഹായവാഗ്ദാനം നൽകി ‘ഇംപാക്ടുകൾ’ ഉണ്ടാക്കുന്നത്. കോട്ടൺഹില്ലും പേരൂർക്കട സ്കൂളുമായിരുന്നു വരിയിൽ മുന്നിൽ. കത്തെഴുതുന്നതൊക്കെ പെൺകുട്ടികൾ എന്നൊരു സമാനതയുണ്ട്. പേരൂർക്കട സ്കൂളിൽ കാര്യങ്ങൾക്ക് ഉടനടി നീക്കുപോക്കുണ്ടാക്കിയത് കെ മുരളീധരനായിരുന്നു. ഇവിടെ ശിവൻ കുട്ടിയും. ആർക്കും നഷ്ടമൊന്നുമില്ല. നേട്ടമുണ്ടു താനും. പക്ഷേ ഇതിനടിയിൽ കാണാതെ പോകുന്ന ചിലതുണ്ട്.
ഇതെഴുതുന്ന സമയത്ത് കരമന സ്കൂളിലെ ഒരു കുട്ടി കിള്ളിപ്പാലം പി ആർ എസിലെ ഐ സിയൂണിറ്റിലാണ്. കല്ലാണ് പ്രശ്നം. രണ്ടു മൂന്നുമാസങ്ങൾക്കു മുൻപ് ഇതേ ക്ലാസിലെ ഒരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കല്ലു തന്നെയായിരുന്നു രോഗം. കുട്ടികൾ ആവശ്യത്തിനു വെള്ളം കുടിക്കാറില്ല. കാരണം മൂത്രമൊഴിവിന്റെ പെടാപാടു തന്നെയായിരിക്കണം. ഉച്ചയ്ക്കുള്ള അരമണിക്കൂർ ( ഇപ്പോൾ മുക്കാൽ മണിക്കൂറാക്കിയിട്ടുണ്ട്) ഇടവേളയിൽ രണ്ടു വാഷ് ബെയിസിനും ( ഇപ്പോൾ കൂടിയിട്ടുണ്ട്) ഒരു ടോയ്‌ലെറ്റും ( ബാക്കി മൂന്നെണ്ണം സ്കൂളിലെ പിള്ളേരുടെയാണ്. അല്ല അവ കുളിമുറികളാണ്. കമോഡുകൾ ഇല്ല. അതുള്ളത് ആകെ ഒരെണ്ണത്തിൽ മാത്രം!) വച്ച് 360 കുട്ടികൾ എന്തെല്ലാം ചെയ്തു തീർക്കും? പുറത്തിറങ്ങാൻ അങ്ങനെ സ്വാതന്ത്ര്യവുമില്ല. എം എൽ എ പറഞ്ഞതായി മനോരമ എഴുതിയിരിക്കുന്നത്, മൂത്രപ്പുരകളുടെ അഭാവം ബന്ധപ്പെട്ടവർ നേരത്തേ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുമായിരുന്നു എന്നാണ്. 2010 ജൂൺ മാസത്തിൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത് ശിവൻ കുട്ടിയാണ്. അതേ വർഷം നവംബറിൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനത്തിനും അദ്ദേഹം സ്കൂളിൽ വന്നിരുന്നു. അന്ന് ഓഡിറ്റോറിയവും ടോയ്‌ലെറ്റുകളും ചുറ്റുമതിലുമൊന്നും ഇല്ലാത്തത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എന്ന് ഹെഡ്മിസ്ട്രസ്സും പ്രിൻസിപ്പാളും പറയുന്നു. ആരോ കള്ളം പറയുന്നുണ്ടെന്നു വ്യക്തം. സ്കൂളധികൃതരാണെങ്കിൽ അവർക്കെതിരെ നടപടി വേണ്ടതാണ്. അതുപോട്ടെ, 2000 -ലാണ് കരമന സ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടത്. പത്തുവർഷമായി കുട്ടികൾ ഉപയോഗിച്ചു വരുന്നതാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്നുവരെ ആർക്കും- പി ടി എ യ്ക്കോ അദ്ധ്യാപകർക്കോ - ഗൌരവമുള്ള സംഗതിയായി തോന്നാതിരുന്നതിന്റെ കാരണം വ്യക്തമല്ല. 2009 ൽ തിരുവനന്തപുരം നഗരസഭ, കെ ജി ബിജു ശുപാർശ ചെയ്തതിന്റെ ഫലമായി വിളിപ്പിച്ച് രണ്ടു ടോയ്‌ലെറ്റുകൾ നിർമ്മിക്കാനുള്ള തുക തരാം എന്ന് പറഞ്ഞപ്പോൾ ഡെപ്യൂട്ടിമേയറുടെ മുന്നിൽ വച്ച് ഞങ്ങൾക്ക് വലിയ ഒരു കെട്ടിടമാണ് ആവശ്യം എന്നു പറഞ്ഞ് സംഗതി മടക്കി. ടോയ്‌ലെറ്റ് ഒരു വലിയ പ്രശ്നമായിട്ടു തോന്നാത്തതു തന്നെയായിരിക്കുമല്ലോ കാരണം.
സ്കൂളുകളിലെ ടോയ്‌ലെറ്റ് സൌകര്യത്തെപ്പറ്റി ഹൈക്കോടതി പരാമർശം വന്ന ശേഷം ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് 8/6/2011 ൽ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. (FIN.C2/16315/HSE/2011) കരമന സ്കൂളിൽ ടോയ്‌ലെറ്റുണ്ടാക്കാനും കുടിവെള്ള സൌകര്യത്തിനുമായി 15 ലക്ഷം രൂപയാണ് അതിൽ വക വച്ചിരുന്നത്. അതെടുക്കാതെ പാഴാക്കി. അപേക്ഷിക്കാനുള്ള തിയതി രണ്ടു പ്രാവശ്യം പുതുക്കിയിട്ടും ഒരാൾക്കും തിരിഞ്ഞു നോക്കണമെന്ന് തോന്നിയില്ല. പ്രിൻസിപ്പാൾ ജൂലായ് 4 മുതൽ നീണ്ട അവധിയിൽ പോയെന്നാണ് ഇപ്പോൾ പറയുന്ന ന്യായം. പക്ഷേ സർക്കുലർ വന്നത് അതിനും എത്രയോ മുൻപാണ്. കുട്ടികളുടെ ടോയ്‌ലെറ്റിന്റെ പിൻഭാഗത്ത് കാടു പിടിച്ചു കിടക്കുന്നിടത്ത് ‘പ്രദർശനത്തിൽ’ താത്പര്യമുള്ള ആളുകളുടെ കൈക്രിയകൾ നിത്യമെന്നോണം അരങ്ങേറാറുണ്ട്. പെൺകുട്ടികളുടെ കാര്യം സ്ത്രീകളുമായി മാത്രമേ പങ്കു വയ്ക്കാനും സംസാരിക്കാനും പാടുള്ളൂ അലിഖിത നിയമം നടപ്പിലുള്ള കേരളത്തിലാണ് പ്രസ്തുത സ്കൂൾ എന്നതിനാൽ ടോയ്‌ലെറ്റിൽ പോകുന്നവർ ‘പ്രദർശന’ ഭാഗത്തേയ്ക്ക് നോക്കണ്ട എന്നാണ് കുട്ടികൾക്ക് കിട്ടിയിട്ടുള്ള വിദഗ്ദോപദേശം. നിവൃത്തിയില്ലാതെ കാര്യം പുറത്താക്കിയ കുട്ടികളുടെ സഹായത്തോടെ പ്രദർശനക്കാരെ നാലുപേരെയാണ് അടുത്തകാലത്ത് പിടികൂടിയത്. പിടികൂടിയവർ നാലുപേരും നല്ല സ്വയമ്പൻ മലയാളികൾ. മെട്രൊയിൽ വന്ന വാർത്തയിൽ ഒരധ്യാപിക ഈ ചൂഴ്ന്നു നോട്ടം പാവം അന്യദേശക്കാരായ കരാറു പണിക്കാരുടെ തലയിൽ വച്ചു കെട്ടുന്നുണ്ട്. സ്വന്തം മുറിയിൽ സ്വന്തമായി ടോയ്‌ലെറ്റുള്ള, ഭൂകമപമുണ്ടായാലും മുള്ളുകൊള്ളുമോ എന്നു നോക്കി മാത്രം പുറത്തിറങ്ങുന്ന കാട്ടുകോഴിയുണ്ടോ അറിയുന്നു, അന്യദേശവും സ്വദേശവും തമ്മിലുള്ള അന്തരം? പ്രദർശനവും ചൂഴ്ന്നു നോട്ടവും തമ്മിലുള്ള വ്യത്യാസം?
എം എൽ എ പുറപ്പെട്ടു വന്ന്, പണി നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ലാബിൽ മാസങ്ങളായി താമസിച്ചു വന്ന കരാർ പണിക്കാരെ പിടിച്ചു എന്നിടത്തും ഉണ്ട്, മനുഷ്യബുദ്ധിയ്ക്ക് യോജിക്കാത്ത ചില ലോജിക്കുകൾ. സംഭവം നടക്കുന്നത് സ്കൂളിലാണ്. അവിടെ ബീഹാറിൽ നിന്നും ഒറീസയിൽ നിന്നും ഉള്ള തൊഴിലാളികൾ താമസിക്കുന്ന കാര്യം ആരും അറിഞ്ഞില്ലെങ്കിൽ അതെന്തുമാതിരി സ്കൂളാണ്? അവിടെ ഒരു ബോഡും വച്ചിട്ടുണ്ടായിരുന്നു. ഹിന്ദിയിൽ. ജോലി ആവശ്യമുള്ളവർ ഈ ഫോൺ നമ്പരിൽ വിളിക്കാൻ. അരവയറു നിറക്കാൻ സ്വദേശം വിട്ട് കേരളത്തിലെത്തിയവന്റെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്ന പരിപാടിയായിരുന്നു അവിടെ അരങ്ങേറിയിരുന്നത് എന്ന് വ്യക്തം. രാത്രിവരെ മെടച്ച പണത്തിൽ നല്ലൊരു പങ്കു വഹിച്ചിട്ടാണ് അവരെ അവിടെ താമസിപ്പിച്ചിരുന്നത്. ആരൊക്കെയോ ചേർന്ന്. അല്ലെങ്കിൽ തന്നെ ഒരു എം എൽ എ വരണോ അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കാൻ എന്നൊരു ചോദ്യമുണ്ട്. അവസാനം പോലീസും ഫോട്ടോഗ്രാഫറും വന്ന് ഒഴിപ്പിക്കുന്ന പടവും എടുക്കുമ്പോൾ ദാ വരുന്നു - അദ്ധ്യാപിക വക ഗീർവാണം- പെൺകുട്ടികളുടെ സദാചാരം നശിപ്പിക്കുന്നതും ഇവന്മാർ തന്നെ.
പെൺകുട്ടികളും പ്രിൻസിപ്പാളുമായുള്ള ചർച്ചയിലാണ് 5 ലക്ഷം അനുവദിച്ചതെന്നാണ് വാർത്തയിൽ അത് മറ്റൊരു കള്ളം. രാവിലെ പരീക്ഷ നടക്കുന്ന സമയം കുട്ടികൾ പരീക്ഷാ ഹാളിലാണ്. അതും +1 കുട്ടികൾ. കത്തെഴുത്തിന്റെ യഥാർത്ഥ ഉടമകൾ ഉച്ചയ്ക്കു വരാനിരിക്കുന്നതേയുള്ളൂ. കുട്ടികളുമായി എം എൽ എ സംസാരിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ. കാരണം അവരെഴുതിയതിന്റെ പല്ലും നഖവും മുറിച്ച് തൂവലു പതപ്പെടുത്തിയൊക്കെയാണ് വാർത്തയായി വന്നതെന്നതാണ് സത്യം. കള്ളങ്ങൾ നിറഞ്ഞിരിക്കുമ്പോൾ പോലും മൈലേജുകൾ പലരായി കൊണ്ടുപോകുന്നുവെങ്കിലും വില്ലനില്ലാതെ പോകുന്നവയല്ല ഈ വാർത്തകൾ. എന്തായാലും ശമ്പളം കിട്ടും, ആരും ഞങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല എന്ന ഉദാസീനത വ്രതമാക്കിയ ഒരു വിഭാഗത്തിന്റെ മനോഭാവമാണ് പിന്നെയും പിന്നെയും ആരും ശ്രദ്ധിക്കാതെ പോകുന്നത്. അത് മുടിപ്പിക്കുന്നത് ഒരു തലമുറയെയാണ്. വാർത്ത വരുമ്പോൾ മാത്രവും വാർത്തയ്ക്കു വേണ്ടിയും ഉണർന്നെഴുന്നേൽക്കുന്ന, അതുകഴിഞ്ഞാൽ വീണ്ടും ചടഞ്ഞുകൂടുന്ന നമ്മുടെ പൌരബോധമാണ് എല്ലാത്തിനുമടിയിൽ. അതു കാണാതെ മെട്രോ ഇംപാക്ട് പൂർത്തിയാവുന്നതെങ്ങനെ?
Subscribe to:
Posts (Atom)