December 29, 2009

സുതാര്യതയുടെ കമ്പോളനിലവാരം



പിണറായിയുടെ (അല്ലാത്ത) വീടിന്റെ ചിത്രം മെയിലുകളിലൂടെ പ്രചരിക്കുന്നതിനു മുന്‍പ് രാഹുല്‍ഗാന്ധി വിലകൂടിയ ക്യാന്‍‌വാസുമിട്ട് തലയില്‍ ഒരു പ്ലാസ്റ്റിക് കുട്ടചുമന്ന്, നഗ്നപാദയായി ഇരുമ്പുച്ചട്ടിയില്‍ മണ്ണുചുമന്നു നടന്നുപോകുന്ന ഒരു ഗ്രാമീണസ്ത്രീയെ പിന്തുടര്‍ന്നു നടന്നു പോകുന്ന ചിത്രം കാലിലെ ക്യാന്‍‌വാസും തലയിലെ പ്ലാസ്റ്റിക് കുട്ടയും ചൂണ്ടുന്ന അടയാളങ്ങളോടെ നെറ്റില്‍ പ്രചരിച്ചിരുന്നു. അതിനും മുന്‍പ് ജനപ്രിയമായ സിനിമാപരസ്യങ്ങള്‍ നടീനടന്മാരുടെ സ്ഥാനത്ത് രാഷ്ട്രീയ നേതാക്കളുടെ തലമാറ്റിവയ്ക്കപ്പെട്ട രീതിയില്‍ പരിഹാസച്ചുവയോടെയും പ്രചരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഗ്രാമീണവാസജീവിത ചിത്രത്തെച്ചുറ്റി വലിയതോതില്‍ വിവാദങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ ആ ചിത്രം എത്രത്തോളം വാസ്തവം ഉള്‍ക്കൊള്ളുന്നു എന്ന സത്യം നമുക്കറിയില്ല. ഇനി അതു വാസ്തവമാണെങ്കില്‍ തന്നെ സമൂഹത്തിന് ഏതെങ്കിലും ഒരു നേതാവിന്റെ ആഢംബരക്കാറോ വീടോ വിദേശത്തു നിന്ന് ടിയാന്‍ കൊണ്ടു വന്ന് പച്ചച്ചാനലിലൂടെ ഇറക്കിക്കൊണ്ടു പോയ കോടിക്കണക്കിനു രൂപവിലയുള്ള വസ്തുവകകളോ അയാള്‍ക്ക് പ്രത്യേകമായുള്ള പെണ്‍കൂട്ടുകാരിയോ അവരുടെ സംഗമസ്ഥലങ്ങളോ അയാളുടെ കുടുംബത്തിന്റെ പദവിയോ അധികാരകാലത്ത് അയാള്‍ ശേഖരിച്ചുകൂട്ടിയ സമ്പത്തോ ഒന്നും സാമാന്യജനതയ്ക്ക് താത്കാലിക കൌതുകത്തിനപ്പുറത്ത് ഒഴിയാബാധയാവില്ല എന്നതാണ് ചരിത്രപാഠം. വിവാദങ്ങളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നത് നിശ്ചിത സമയത്തേയ്ക്ക് മാത്രമാണ്. അവയുടെ ആയുസ്സും വീര്യവും അതിനപ്പുറത്തേയ്ക്കില്ല. പലപ്പോഴും തമാശക്കളിയായിട്ടോ അതിരു തേഞ്ഞ് പുകമഞ്ഞു പോലെയായോ വിവാദങ്ങള്‍ തിരോഭവിക്കുന്നത് കണ്ടു നെടുവീര്‍പ്പിട്ട് ദിനസരികളിലേയ്ക്ക് തിരിച്ചു കയറാനാണു സമൂഹത്തിനു വിധി എന്നു പറഞ്ഞാല്‍ അതിലൊരു തെറ്റുണ്ട്. കാരണം ആള്‍ക്കൂട്ടം കൃത്യമായ സത്താവിശേഷങ്ങളോടെ സന്നിഹിതമായിരിക്കുന്നില്ലെന്ന് ഒരു സിദ്ധാന്തമുണ്ട്. മാധ്യമങ്ങള്‍ ആള്‍ക്കൂട്ടത്തെയല്ല ആള്‍ക്കൂട്ടം മാധ്യമത്തെയാണു നിയന്ത്രിക്കുന്നത് എന്ന് ബോദ്രിയാര്‍ പറഞ്ഞതിനു ഒരു ഉദാഹരണമാണ് ഈ വസ്തുത. രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രശ്നമാണ് സമീപസ്ഥമായ മറ്റൊരിനം. ടി വി തോമസ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെ നിരവധി ഏറ്റിറക്കങ്ങളിലൂടെ ഒഴുകിയ സാമൂഹികമായ ഉത്കണ്ഠയാണ് ലൈംഗികാപവാദരാഷ്ട്രീയത്തിനുള്ളത്. അതിലെ ‘അനാശാസ്യം’ ഇരുതല മൂര്‍ച്ചയുള്ള വാക്കാണ്. പ്രവൃത്തി അനാശാസ്യം, അതിലേയ്ക്കുള്ള ആള്‍ക്കൂട്ടത്തിന്റെ ആര്‍ത്തിപിടിച്ച കടന്നുകയറ്റമോ? (പല സിനിമകളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രമേയമാണിത് എന്നു കൂടി മനസ്സിലാക്കുക. ഉദാ - ഫൈവ് ഫിംഗേഴ്സ്. ഉള്ളതുമാത്രമാണ് ഇവിടെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇല്ലാത്തതൊന്നും സംഭവിക്കുന്നില്ല.) ഒരാള്‍ക്കൂട്ടത്തിന്റെ ‘അനാശാസ്യ’മായ കൌതുകത്തിന്റെ പരിണതഫലം കൂടിയാണ് ആ സംഭവം. ( ഹരിപാട് ഒരു ലോഡ്ജില്‍ നിന്നും അനാശാസ്യത്തിന്റെ പേരു പറഞ്ഞ് പിടിച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ടുപേരില്‍ ഒരാള്‍ - ആണ്- അവിടെ വച്ച് ഹൃദയാഘാതം വന്നു മരിച്ചിട്ട് അധികകാലം ആയിട്ടില്ല. പൂജപ്പുരയൊരിടത്ത് വാടക വീട്ടില്‍ നടന്നു വന്നിരുന്ന ‘അനാശാസ്യ’ത്തിനു പിടിയിലായവരില്‍ പെട്ടുപോയ ഒരു പ്രാദേശികനേതാവു് തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്നും പറഞ്ഞ് പത്രപ്രസ്താവന നടത്തിയിരുന്നു) സത്യത്തില്‍ മിന്നുന്ന നിരവധി ക്യാമറാഫോണുകളും ചാനലുകളും ഇല്ലായിരുന്നെങ്കില്‍ ഉണ്ണിത്താന്‍ സംഭവത്തിനു തന്നെ പ്രസക്തിയില്ല. സംസ്കാരത്തിനോ വാര്‍ത്തയ്ക്കോ വിവരത്തിനോ വേണ്ടിയുള്ള ആഗ്രഹമല്ല, മാധ്യമങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നത്, സത്യാസത്യങ്ങള്‍ വികൃതമാവുന്നതും അര്‍ത്ഥം വീര്യമില്ലാത്തതായി തീരുന്നതു കാണുമ്പോഴുമുള്ള ആഹ്ലാദമാണ്.

മാധ്യമശ്രദ്ധ നേടിയ ‘അനാശാസ്യം ’ പലതരത്തിലാണ് വിശകലനത്തിനു വിധേയമാവുന്നത്. പീഡകന്റെ വേഷത്തില്‍ സമീപഭൂതകാലത്ത് മാധ്യമങ്ങളുടെ ഹിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ ആണ്‍‌വര്‍ഗപ്രതിനിധികള്‍ ഒരു വട്ടം ചുറ്റലില്‍ ഇരയുടെ വേഷത്തില്‍ തലകുനിച്ച് മുഖം മറച്ച് ഇരിക്കുന്ന ദൃശ്യങ്ങള്‍ സ്വീകരണമുറിയിലെ ടെലിവിഷനില്‍ വീണ്ടും വീണ്ടും തെളിയുന്നു. പ്രവര്‍ത്തിക്കുന്ന ആള്‍ (വിഷയി/ കര്‍ത്താവ്) കേവലമൊരു വിഷയമായി (സബ്ജക്ട്) മാറുന്നു. ടെലിവിഷന്റെ മുന്നില്‍ (/കമ്പ്യുട്ടറിനു മുന്നില്‍ ‍) ഏകാകിയായിരിക്കുന്ന ഒരാളിലേയ്ക്ക് മറ്റൊരാളിന്റെ ‘വിവരങ്ങള്‍ ’ കുടഞ്ഞിട്ടുകൊണ്ടാണ് മാധ്യമങ്ങള്‍ സ്വകാര്യതയെ ആക്രമിക്കുന്നത്. രണ്ടുതരത്തിലാണ് ഇതു സംഭവിക്കുന്നത് ഒരാളിന്റെ ജീവിതത്തിലേയ്ക്ക് ക്യാമറകള്‍ കൊണ്ട് ചുഴിഞ്ഞുകയറ്റം നടത്തിക്കൊണ്ട്, അതെല്ലാം മറ്റൊരാളിന്റെ മുന്നില്‍ കൊണ്ടു ചെന്നു നിര്‍ത്തി വെളിവാക്കിക്കൊണ്ട്. ഉയരം കൂടുന്തോറും പതനത്തിന്റെ ആക്കം കൂടും എന്നൊരു നയമാണ് മാധ്യമങ്ങള്‍ക്ക് . ‘ആശയവിനിമയത്തിന്റെ വികാരമൂര്‍ച്ഛ’ എന്ന ലേഖനത്തില്‍ ബോദ്രിയാര്‍ വ്യക്തിയുടെ സ്വകാര്യജീവിതമണ്ഡലത്തെ സുതാര്യമാക്കുകയും പൊതുലോകത്തിലെ സംഭവങ്ങള്‍കൊണ്ട് സ്വകാര്യലോകത്തെ നിറയ്ക്കുകയും ചെയ്യുന്ന വിവരസാങ്കേതികവിദ്യയുടെ ഈ പ്രവൃത്തിയെ ‘അശ്ലീലം’ എന്നാണ് വിളിച്ചത്. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍ ബോദ്രിയാര്‍ കാണാത്ത ‘വ്യാഖ്യാനങ്ങള്‍ ’ എന്ന പാലം കൂടി ഇപ്പോള്‍ കൂട്ടുച്ചേര്‍ന്നിട്ടുണ്ട്. അതു പ്രത്യയശാസ്ത്രങ്ങള്‍ക്കനുസരിച്ച് മാറി മറിയും. (സാങ്കേതികവിദ്യയായിരുന്നു ബോദ്രിയാറുടെ മുഖ്യവിഷയം. അതിന്റെ പിന്നിലെ പലതരത്തിലുള്ള അധികാരശക്തികളെ അദ്ദേഹം വിശകലനവിധേയമാക്കിയില്ല)

ഇതേ മനോഭാവം തന്നെയാണ് കോമഡിഷോകളെയും സജീവമായി നിലനിര്‍ത്തുന്നത്. ചിരിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കൂട്ടുമെങ്കിലും മലയാളി മനസ്സിന്റെ കിടയറ്റ ആരോഗ്യത്തിന്റെ ലക്ഷണമാണോ തലങ്ങും വിലങ്ങും ചാനലുകളില്‍ നിറയുന്ന നര്‍മ്മപരിപാടികള്‍ എന്നാലോചിക്കേണ്ടതുണ്ട്. (ചിരിക്ക് പുതിയ വിശകലനങ്ങളില്‍ പുതിയ അര്‍ത്ഥങ്ങളുണ്ട്, സാമൂഹികമായ അസംതൃപ്തിയുടെ ഒരര്‍ത്ഥം, പകയുടെ, ഇച്ഛാഭംഗങ്ങളുടെ, ക്രൂരതയുടെ, മറ്റു നാനാര്‍ത്ഥങ്ങളും) മുഴുനീളതമാശപ്പടങ്ങളുടെ എണ്ണമെടുത്താല്‍ മോളിവുഡ്ഡിനെ മറ്റേതെങ്കിലും വുഡ്ഡുകള്‍ എണ്ണം കൊണ്ടും മുനകൊണ്ടും തോത്പിക്കുമോ എന്നും സംശയമാണ്. മലയാളിയായ പ്രിയദര്‍ശന്‍ മുംബായില്‍ ചെന്നു പേരെടുത്തത് പഴയ മലയാളം കോമാളിപ്പടങ്ങളെ പൊടിതട്ടിയെടുത്ത് പിടിയും അലകും മാറ്റി ഹിന്ദിവാലകള്‍ക്കു വേണ്ടി അണിയിച്ചൊരുക്കിയല്ലേ? കാഴ്ചകളോടും അനുകരണങ്ങളോടും ഉള്ള അതിരുകടന്ന അഭിലാഷത്തിന്റെ പിന്നാമ്പുറം യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള കഴിവില്ലായ്മയും വാസ്തവത്തെ മറച്ചുപിടിക്കാനുള്ള പ്രേരണയുമാണെന്ന് പറയപ്പെടുന്നു. യഥാര്‍ത്ഥജീവിതത്തിലെ ലൈംഗികതയേക്കാള്‍ ഇരട്ടി ലൈംഗികത്വമുണ്ട് ലൈംഗിക ചിത്രങ്ങള്‍ക്ക് എന്നു നമുക്കറിയാം.പക്ഷേ അതൊരിക്കലും യാഥാര്‍ത്ഥ്യത്തിനു പകരമാവുന്നില്ല, അങ്ങനെ ഉപയോഗിക്കപ്പെടുന്നു എങ്കിലും. അതിനെയാണ് യാഥാര്‍ത്ഥ്യത്തിനുമപ്പുറത്തുള്ള യാഥാര്‍ത്ഥ്യം എന്നു വിളിക്കുന്നത്. അതില്‍ മുഴുകി യാഥാര്‍ത്ഥ്യത്തെ മറക്കുന്ന കാഴ്ചരതിക്കാരന്റെ അതേ മനസ്സാണ് ആള്‍ക്കൂട്ടത്തിന്റേതും. സമൂഹം എന്ന വലിയ തടവറയെ അതിലെ അന്തേവാസികള്‍ മറക്കുന്നത് അതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റൊരു ജയിലിനെ കണ്ടിട്ടാണ്. എന്നിട്ട് ഈ ചെറിയ തടവറയാണ് യാഥാര്‍ത്ഥ്യം എന്ന് വിശ്വസിച്ച് ആശ്വസിക്കുകയും ചെയ്യും. നാടകമേ ഉലകം, പോളിട്രിക്സ് , മുന്‍ഷി, സിനിമാല എന്നീ ടി വി പരിപാടികളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങള്‍ക്ക് കാഴ്ചക്കാര്‍ക്കിടയില്‍ നല്ല മൈലേജുണ്ട്. അതില്‍ തന്നെ ആദ്യത്തെ രണ്ടെണ്ണത്തില്‍ അവതാരകന്റെ (/സ്ക്രിപ്ട് എഴുത്തുകാരന്റെ‍) ഹാവഭാവാദികള്‍ക്കും വിവരണങ്ങള്‍ക്കും അനുസരണമായി രാഷ്ട്രീയക്കാരുടെ വാക്കുകളും ഭാവങ്ങളും ശരീരചലനങ്ങളും ഹാസ്യാത്മകമായി കൂട്ടിച്ചേര്‍ത്തും വെട്ടിമുറിച്ചും ആവര്‍ത്തിച്ചും നിര്‍മ്മിക്കുന്ന ഒരു ലോകത്തെ സമാന്തരമായി അവതരിപ്പിച്ചുകൊണ്ടാണ് അവ താത്കാലികമായി കൈയടി നേടുന്നത്. ഈ പരിപാടികളിലൂടെ മുന്നിലെത്തുന്ന രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകര്‍ ചാനലുകള്‍ കാണിച്ചു തരത്തില്‍ കോമാളികളോ ഭീകരരോ ഭീരുകളോ ആകണമെന്നില്ല. അവരെ അങ്ങനെ കാണാന്‍ നാം ആഗ്രഹിക്കുന്നു എന്നിടത്താണ് ഈ പരിപാടികളുടെ ആയുസ്സ് നീണ്ടു നീണ്ടു പോകുന്നത്. എന്നാലും അവതാരകരുടെ അവതരണങ്ങളിലെ നൈതികത വിവാദവിഷയമാണ്. ഇവ വേണം എന്നഭിപ്രായപ്പെടുന്നവര്‍ അധികാരത്തെ പരിഹാസത്തിന്റെ വിരല്‍തുമ്പിലാക്കിയതില്‍ ഗൂഢമായ ആനന്ദം അബോധത്തില്‍ വഹിക്കുന്നവരാണ്. ഇതു വേണ്ട എന്ന് വാദിക്കുന്നവര്‍ സ്വകാര്യതയിലേയ്ക്കുള്ള മാധ്യമത്തിന്റെ ഇരച്ചുകയറലിലും യാഥാര്‍ത്ഥ്യത്തെ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് വളച്ചൊടിക്കാന്‍ വെമ്പുന്ന മാധ്യമാധികാരത്തിന്റെ വൈകല്യത്തിലും പ്രതിഷേധിക്കുന്നവരുമാണ്. ടോം വടക്കന്റെ മലയാളവും ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷും ആഘോഷിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളുടെ മാത്രം സാദ്ധ്യതയാണെന്നറിയുക. അച്ചടിയില്‍ ഒരിക്കലും സാദ്ധ്യമാവാത്ത ഈ ‘അശ്ലീലം’നിര്‍മ്മിക്കുന്ന പ്രതിച്ഛായ വിചാരിക്കുന്നതിനേക്കാള്‍ തീക്ഷ്ണമാണ്.

മാധ്യമങ്ങളും അനന്തമായ വിവരങ്ങളും ചേര്‍ന്ന് സമൂഹത്തെ സൃഷ്ടിക്കുകയല്ല എന്നു പറയുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വിനിമയം ചെയ്യുന്ന പ്രാഥമികമായ വിവരം അവയുടെ അധികാരശക്തിയെക്കുറിച്ചുള്ള സൂചനകളാണ്. പ്രക്ഷേപണം ചെയ്യപ്പെടുന്ന കാഴ്ചയുടെ അപകൃഷ്ടത, അതിനു വിധേയനായ ആളുടെ വിചാരണയില്ലാത്ത ശിക്ഷാവിധിയാണ്. ജനങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലെന്നതിന്റെ പ്രഖ്യാപനമായിട്ടാണ് പാനല്‍ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. അവര്‍ക്കുവേണ്ടി വിഷയ വിദഗ്ദ്ധര്‍ ചിന്തിക്കുന്നു, ഉചിതമായതു പറഞ്ഞു കൊടുക്കുന്നു. വിവരങ്ങളുടെ പ്രളയം മനുഷ്യനെ തെരെഞ്ഞെടുക്കലിനോ അഭിപ്രായപ്രകടനത്തിനോ കൊള്ളാത്തവരാക്കി തീര്‍ത്തിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് വിവരങ്ങളുടെ ഉറവിടമായ മാധ്യമകേന്ദ്രങ്ങളെ തന്നെ തീരുമാനത്തിനായി ആശ്രയിക്കേണ്ടി വരുന്നു. വാര്‍ത്തകള്‍ക്കിടയിലെ ചോദ്യോത്തരങ്ങള്‍ ഒന്നും പൂര്‍ണ്ണമായി പറയാന്‍ അനുവദിക്കാതെ ക്ഷണിച്ചിരുത്തുന്നവരെ ഇളിഭ്യരാക്കുന്നതു നിത്യക്കാഴ്ചയാണല്ലോ. മാധ്യമമാണ് സന്ദേശം എന്ന ആശയമാണ് ആകെക്കൂടി മാധ്യമങ്ങള്‍ പങ്കു വച്ചു നല്‍കുന്നത്. പരിഹാസത്തിന്റെയും വിനോദത്തിന്റെയും രൂപങ്ങളിലുള്ള കോമഡി ഷോകളിലെ-രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നുള്ള രക്ഷപ്പെടാനുള്ള പഴുതു ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് പ്രസക്തിയുള്ളത്. അതേ സമയം ബഹുജനമാധ്യമങ്ങളെ കടിഞ്ഞാണിടേണ്ടതുണ്ടെന്ന അധികാരത്തിന്റെ ആക്രോശങ്ങളെ ജനാധിപത്യവിശ്വാസി എന്ന നിലയ്ക്ക് പുരികം ചുളിച്ചു തന്നെ നേരിടേണ്ടതുമുണ്ട്. അനിശ്ചിതത്വം അപ്പോള്‍ വീണ്ടും തലപൊക്കി എഴുന്നേല്‍ക്കുന്നു, ഏതു അധികാരത്തിന്റെ ഇരയായിട്ടാണ് ആത്യന്തികമായി നാം സന്നിഹിതരാവേണ്ടത് എന്നു ചോദിച്ചും കൊണ്ട്. ഭരണകൂടത്തിന്റെയോ പാര്‍ട്ടികളുടെയോ മാധ്യമത്തിന്റെയോ അതോ .. ?

അനു:
“കൊഴുത്ത കാഴ്ചകള്‍ക്കിടയില്‍
പിടയുന്ന കറുത്ത നേരുകള്‍
സഹിക്കവയ്യാതെ പണിമുടക്കിയോ
എന്തും വഹിച്ച ടെലിവിഷന്‍?”
- എന്ന് ഒ പി സുരേഷ്, ‘യാന്ത്രികം’ എന്ന കവിതയില്‍

December 24, 2009

മറ്റുള്ളവരുടെ ജീവിതങ്ങള്‍



സിനിമാക്കാഴ്ചകള്‍ 5

48 മിനുട്ട് മാത്രം നീളമുള്ള സെന്റ് ലൂയിസ് ബ്ലൂ എന്നൊരു കുഞ്ഞന്‍ പടമുണ്ടായിരുന്നു കേരളത്തിന്റെ 14-മതു രാഷ്ട്രാന്തരീയചലച്ചിത്രമേളയില്‍ . ഒപ്പം വനൂരി കഹിയൂ സംവിധാനം ചെയ്ത ഫ്രം എ വിസ്പര്‍ എന്ന ആഫ്രിക്കന്‍ ചിത്രവും. സെനഗലിന്റെ തലസ്ഥാനമായ ഡാക്കറില്‍ നിന്ന് സെന്റ് ലൂയിസിലേയ്ക്ക് ഒരു ടാക്സിയില്‍ ആറാളുകള്‍ പുറപ്പെടുന്നതും വഴിയില്‍ വച്ച് ഏഴാമത്തെ യാത്രക്കാരന്‍ കൂടിച്ചേരുന്നതുമാണ് ‘സെന്റ് ലൂയിസ് ബ്ലൂ’ എന്ന ചിത്രത്തിന്റെ കഥ. ടാക്സി ലക്ഷ്യസ്ഥാനത്തെത്തുന്നതോടെ ചിത്രവും തീരുന്നു. മാമാമിയയെയും ചിക്കാഗോയെയും പോലെ മ്യൂസിക്കലാണ് സിനിമ. പീര പോലെ ഇടയ്ക്ക് കുറച്ചു സംഭാഷണങ്ങളും ഇല്ലാതില്ല. ഈ ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത് ആഫ്രിക്കന്‍ സിനിമാ വിഭാഗത്തിലാണ്. നിര്‍മ്മിച്ചിരിക്കുന്നതു ഫ്രാന്‍സും. വീക്ഷണത്തെ ഉദാരമാക്കിക്കൊണ്ട് ഫ്രഞ്ച് സെനഗല്‍ സംയുക്തസംരംഭം എന്നു പറയാം. ഏഴാമത്തെ യാത്രക്കാരനായി സിനിമയില്‍ വരുന്നത് ഒരു ഒരു ഫ്രഞ്ചുകാരനാണ്. സെനഗലില്‍ ഗവേഷണം നടത്തുന്ന ഒരു വിദ്യാര്‍ത്ഥി. അയാളോട് മറ്റൊരു ടാക്സിയില്‍ വരുന്ന -അവളുടെ ഫോണ്‍ കുറച്ചു നേരത്തേയ്ക്ക് അയാള്‍ ഉപയോഗിച്ചിരുന്നു- കറുത്ത പെണ്‍കുട്ടിയ്ക്ക് നിശ്ശബ്ദമായ ഒരു ആഭിമുഖ്യം തോന്നുന്നുണ്ട്. (തിരിച്ചങ്ങോട്ടും?) അവളുടെ അമ്മായിയും അവള്‍ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉടമയുമായ ഒരു സ്ത്രീ അയാളുടെ ടാക്സിയില്‍ യാത്രക്കാരിയായതിനാല്‍ വഴിയില്‍ കാറുകള്‍ പാര്‍ക്കു ചെയ്യുമ്പോള്‍ അവള്‍ക്ക് പുറത്തിറങ്ങാനോ സ്വതന്ത്രമായി സംസാരിക്കാനോ ഇടകിട്ടുന്നില്ലെന്ന വീര്‍പ്പുമുട്ടലുണ്ട്. മൊത്തത്തില്‍ സൌഹാര്‍ദ്ദപരവും പാട്ടും ഡാന്‍സുമൊക്കെ ചേര്‍ന്ന് ഉത്സവച്ഛായയിലുള്ളതുമാണ് ഈ ആഫ്രിക്കന്‍ (?) സിനിമ, എന്നാല്‍ ഇതു പങ്കു വയ്ക്കുന്നത് ആരുടെ വീക്ഷണമാണെന്ന പ്രശ്നമുണ്ട്. ഫ്രാന്‍സ് സെനഗലിലേയ്ക്ക് നോക്കുന്ന വിധത്തെയോ? സെനഗല്‍ ഫ്രാന്‍സിനെ നോക്കുന്ന വിധത്തെയോ ? അതോ ഇതു രണ്ടുമല്ലാത്ത ഒരു മധ്യമാര്‍ഗത്തെയോ? സഹറാം അലിദി സംവിധാനം ചെയ്ത ഇറാക്കിയന്‍ ചിത്രം ‘വിസ്പര്‍ വിത്ത് വിന്‍ഡിനു’ നേരെയും ഈ ചോദ്യം ആവര്‍ത്തിക്കാം. കുര്‍ദ്ദു വംശീയരുടെ യാതനകളെയും സംഘര്‍ഷങ്ങളെയും പട്ടാളക്കാരുടെ ക്രൂരതയെയും പിന്തുടരുന്ന ചിത്രം, കുര്‍ദ്ദിസ്താന്‍ കമാന്‍ഡറുടെ നവജാതശിശുവിന്റെ ശബ്ദം നിരോധിക്കപ്പെട്ടിട്ടുള്ള റേഡിയോ സംവിധാനത്തിലൂടെ രാജ്യത്തെ കേള്‍പ്പിക്കുക എന്ന ദൌത്യം പൂര്‍ത്തിയാക്കിയ മാംബല്‍ദാന്‍ എന്ന വൃദ്ധനായ സന്ദേശവാഹകന്റെ കഥയാണ് പറയുന്നത്. പുതുതായി ജനിച്ച കുഞ്ഞിന്റെ ശബ്ദത്തിന്റെ രാഷ്ട്രീയമാനത്തിലാണ് പ്രാഥമികമായും സിനിമയൂന്നുന്നത്.

വികസിതരാജ്യങ്ങളുടെ ഫണ്ടുകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ എത്രത്തോളം തനതു രാജ്യത്തിന്റെ ആവലാതികളെ പേറുന്നുണ്ട് എന്നൊരു സംശയമാണ് സ്വാഭാവികമായും ഇവിടെ ഉയരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവയില്‍ ചിലതെങ്കിലും അവയുടെ ലേബലില്‍ ഒട്ടിച്ചുവച്ചിരിക്കുന്ന രാജ്യത്തെ സത്യസന്ധമായി പ്രതിനിധീകരിക്കുന്നുണ്ടോ എന്ന്. ലാറ്റിനമേരിക്ക, ഏഷ്യന്‍ മേഖലകള്‍ , ആഫ്രിക്ക, മധ്യപൌരസ്ത്യനാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രക്ഷേപിക്കുന്നത് നാം വിചാരപ്പെടുന്നതുപോലെ അതതു രാജ്യങ്ങളിലെ രാഷ്ട്രീയസൂചനകളും സാംസ്കാരിക വിവക്ഷകളും തന്നെയാണോ എന്ന്. കണ്മുന്നില്‍ തന്നെയുള്ള വസ്തുക്കളുടെ ക്രമം പോലും അഴിച്ചെടുക്കാനാവാതെയും പൊരുളുകള്‍ പൊളുക്കാനാവാതെയും വട്ടം ചുറ്റുന്ന ഒരു കാലത്ത് സിനിമകള്‍ക്കുള്ളിലെ ഗൂഢാലോചനാപരമായ വിന്യാസങ്ങളെ- ഒരു പക്ഷേ അവയുടെ ഇല്ലായ്മയെയും- എങ്ങനെ ഇഴപിരിച്ചെടുക്കാനാണ്? കേരളോത്സവത്തിലെ മത്സര സിനിമകളിലൂടെ ഒന്ന് കണ്ണോടിക്കുക. അണ്‍ലക്കി (അള്‍ജീരിയന്‍) ജെര്‍മല്‍ (ഇന്തൊനേഷ്യ) ദ ആബ്സന്‍സ് (സെനെഗല്‍ ) മെസാഞ്ചലസ് (ക്യൂബ) വലയത്തില്‍ കൊടുത്തിട്ടുള്ള രാജ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ നീങ്ങുന്നതെങ്കിലും നിര്‍മ്മാണത്തില്‍ ഏതെങ്കിലും വികസിത രാജ്യത്തിന്റെ -ഏറിയകൂറും ഫ്രാന്‍സ്‌ - കൈയ്യുള്ളവയാണ് ഈ സിനിമകള്‍ . ലോകസിനിമാവിഭാഗത്തില്‍ ബഹുരാഷ്ട്രസംയുക്തസംരംഭങ്ങളുടെ എണ്ണം കൂടുതലുമാണ്.

കേരളത്തില്‍ നടക്കുന്ന ഫെസ്റ്റുകളില്‍ ഫ്രാന്‍സ് നിര്‍മ്മിച്ച ചിത്രങ്ങളുടെ ബാഹുല്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (കെ ആര്‍ രഞ്ജിത്ത് മാധ്യമം ആഴ്ചപ്പതിപ്പ്) അമേരിക്കന്‍ സര്‍ക്കിളില്‍ നിന്നുള്ള സിനിമകള്‍ കൊണ്ടു വരാനുള്ള ഭീകരമായ പണച്ചെലവും സുരക്ഷിതത്വ പ്രശ്നങ്ങളുമൊക്കെയാണ് ഇവിടെ ഫ്രാന്‍സിനു മേല്‍ക്കൈ നേടിക്കൊടുത്ത സംഗതി എന്നും പറയപ്പെടുന്നു. ഇത് അക്ഷന്തവ്യമായ തെറ്റും ഒളിപ്പിച്ചുവച്ച അജണ്ടയുടെ ഭാഗവുമെന്ന മട്ടില്‍ കുറ്റം പറയുകയല്ല. സാംസ്കാരികവിനിമയം എന്ന മട്ടില്‍ നാം കൊണ്ടാടുന്ന സംഗതികളുടെ സത്യസന്ധത കണ്ണടച്ചുപാലുകുടിക്കാവുന്നമട്ടില്‍ അത്ര ആര്‍ജവത്തോടെ ഇരിക്കുകയല്ലല്ലോ എന്ന് സംശയിക്കുകമാത്രമെ ചെയ്യുന്നുള്ളൂ. ഈ മേളയിലെ നല്ല ചിത്രങ്ങളിലൊന്നായ, ഏലിയാ സുലൈമാന്റെ ‘ടൈം ദാറ്റ് റിമൈന്‍സ്’ -ന്റെ സവിശേഷതകളില്‍ ഒന്ന് വസ്തുനിഷ്ഠതയുടെയും നിഷ്പക്ഷതയുടെയും ദൃശ്യസംവിധാനമാണ്. ( ഡോണ്‍ ജോര്‍ജ്ജ്, മാധ്യമം ആഴ്ചപ്പതിപ്പ്) ചിത്രമാകട്ടെ, യുകെ, ഇറ്റലി, ഫ്രാന്‍സ്, ബല്‍ജിയം സംയുക്തനിര്‍മ്മാണസംരംഭവും. പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പരമ്പരാഗതമായ സംവിധാനമുപയോഗിച്ചല്ല എലിയ ചിത്രീകരിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞും ഫോട്ടോഗ്രാഫുകളുടെ വിതാനരീതി ഉപയോഗിച്ചുമാണ്. എന്നു വച്ചാല്‍ പാലസ്തീനുമേലുള്ള ഇസ്രായേലി ക്രൂരതകള്‍ കണ്ട് ചിരിക്കാവുന്ന മട്ടില്‍ സിനിമയില്‍ മയപ്പെട്ടിരിക്കുന്നതിന് ഒരു രാഷ്ട്രീയമുണ്ടെന്നും പറഞ്ഞ് ഓപ്പണ്‍ ഫോറത്തില്‍ എതെങ്കിലും പാമ്പ് കേറി നിന്ന് ന്യായം പറഞ്ഞാല്‍ തിരിച്ചു നാലും അതേ ഫ്ലോയില്‍ പറയാന്‍ കഴിയില്ലെന്നര്‍ത്ഥം. യൂഫോമിസത്തിന്റെ ദൃശ്യസാധ്യതകള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഫണ്ടിംഗ് സിനിമകള്‍ ഉണ്ടാക്കാതിരിക്കില്ല വരും കാലങ്ങളില്‍ . ചെഷസ്ക്യുവിന്റെ കമ്മ്യൂണിസ്റ്റുകാലത്തെ തമാശക്കാഴ്ചകള്‍ കൊണ്ട് വിശകലനവിധേയമാക്കുന്ന ‘ടെയിത്സ് ഫ്രം ഗോള്‍ഡന്‍ ഏജ്’ റൊമാനിയന്‍ ചിത്രം ഫ്രാന്‍സിന്റെ സഹകരണത്തോടെ നിര്‍മ്മിച്ചതാണ്. ട്രീലെസ് മൌണ്ടന്റെ നിര്‍മ്മാണത്തില്‍ അമേരിക്കയ്ക്കും ലാന്‍ഡ് ഓഫ് സ്കെയര്‍ ക്രോ (രണ്ടും തെക്കന്‍ കൊറിയന്‍ ചിത്രങ്ങള്‍ ) യില്‍ ഫ്രാന്‍സിനും പങ്കുണ്ട്.

ഒരര്‍ത്ഥത്തില്‍ ഫണ്ടിംഗുകള്‍ കലയുടെ, സംസ്കാരത്തിന്റെ, മാനവികവും പാരിസ്ഥിതികവുമായ ബോധത്തിന്റെയൊക്കെ നിലനില്‍പ്പിന് പരോക്ഷമായ കൈത്താങ്ങുകള്‍ നല്‍കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ അത് പ്രാദേശിക, ദേശീയ സ്വത്വത്തെ പ്രശ്നസങ്കുലമാക്കുകയും ചെയ്യുന്നുണ്ട്. മേല്‍ക്കൈ നേടുന്ന രാജ്യത്തിന്റെ വിദേശബന്ധങ്ങളുടെ സ്വഭാവം ഒരു പ്രദേശത്തു നടക്കുന്ന മേളയുടെ തലക്കുറിയാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല, ആശ്രയത്വം കൂടുന്തോറും. പതിനാലാം വയസ്സു പിന്നിട്ടിട്ടും , നല്ല അഭിപ്രായങ്ങള്‍ അവിടവിടെയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും നാം ഇതുവരെ നമ്മുടെ ചലച്ചിത്രോത്സവത്തിന്റെ നയം -ഏതെല്ലാം പ്രമാണങ്ങളെയാണ് ചലച്ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പിലും സ്വീകരണത്തിലും അടിസ്ഥാനമാക്കുന്നത്- എന്ന് വ്യക്തമാക്കുക എളുപ്പമല്ല. ചില ഊഹാപോഹങ്ങളില്‍ കുടുങ്ങി നിഗമനങ്ങളിലെത്തുകയാണ് സാധാരണ പതിവ്. ചിത്രങ്ങളുടെ തെരെഞ്ഞെടുപ്പിനെപ്പറ്റിയും മത്സരചിത്രങ്ങളെപ്പറ്റിയും വിവാദങ്ങള്‍ ഉണ്ടാവുന്നത് അതുകൊണ്ടും കൂടിയാണ്. മറ്റെന്തൊക്കെയോ വിചാരങ്ങളാല്‍ മേളയിലെ വിവാദ ചിത്രങ്ങള്‍ കാണാന്‍ മാത്രം തള്ളുന്ന, കണ്ട സിനിമകളില്‍ ഒന്നു മില്ലാത്തതിനാല്‍ ഭാഗ്യക്കേടില്‍ പരിതപിക്കുന്ന ഒരു ഭൂരിപക്ഷവും ചലച്ചിത്രോത്സവങ്ങളുടെ ഗുണഭോക്താക്കളാണ്. ഒരറ്റത്ത് മേളകളെ കുറ്റം പറയുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു. വ്യക്തിഗതമായ അളവുകോലുകളുടെ പരിതാപകരമായ വിതരണമാണ് പല തലത്തില്‍ നടന്നു വരുന്നതെന്ന് അല്പം ആലോചിച്ചാല്‍ അറിയാം. അതൊരു ഗത്യന്തരമില്ലായ്മ കൂടിയാണ്. മേളയിലെ പെരുമാറ്റ രീതികളെ മുന്നില്‍ വച്ചുകൊണ്ട് പതിനാലു സംവത്സരങ്ങള്‍ നമ്മുടെ കാഴ്ചയുടെ സംസ്കാരത്തെ എങ്ങനെയൊക്കെ മെച്ചപ്പെടുത്തി എന്ന കാര്യം കൂട്ടായി ചിന്തിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ രക്ഷപ്പെട്ടു! ഇനിയുള്ള വര്‍ഷങ്ങളില്‍ നമ്മുടെ വലിയ ബാധ്യതകളിലൊന്നായി തീരാതെ ഇക്കാര്യത്തെ പെട്ടെന്ന് ഫയലിലാക്കാം.

അനു:
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 35 സെക്കന്റെ് നീളമുള്ള ഒപ്പു ചിത്രം 164 സിനിമകളുടെ നെറ്റിപ്പട്ടമായി, കാഴ്ചകളെ തഴുകി അങ്ങനെയങ്ങ് പോയി. ഒരു വിവാദവും ഉണ്ടായില്ല. കൈയ്യടിയുമില്ല കൂവലുമില്ല. കണ്ണിനെ അനുസ്മരിപ്പിക്കുന്ന ഒരു ഫിലിം റോള്‍ . മത്സ്യക്കുഞ്ഞുങ്ങളെപോലെ നീന്തി നടക്കുന്ന ഫിലിം കുഞ്ഞുങ്ങള്‍ പിന്നെ കടലിനടിയിലെ പാറക്കലില്‍ അരവിന്ദന്‍ രൂപകല്‍പ്പന ചെയ്ത ആ പഴയ തോല്‍പ്പാവയുടെ നിഴലും. സിനിമാപ്രദര്‍ശനം ആണുദ്ദേശിച്ചത്. വെള്ളത്തിനടിയില്‍ ചിത്രീകരിച്ച ഈ ആനിമേഷന്‍ ചിത്രം പച്ചവെള്ളം കുടിച്ചതുപോലെ അത്ര നിരുപദ്രവകരം.
(തത്ക്കാലം ഇതിവിടെ നിര്‍ത്താം)

December 20, 2009

കടലിനപ്പുറത്തും നിന്റെ തൊലിക്കടിയിലും*



സിനിമാക്കാഴ്ചകള്‍ 4

ഇന്തൊനേഷ്യന്‍ ചിത്രം ജെര്‍മലിനും ഇറാന്‍ ചിത്രം എബൌട്ട് എല്ലിയ്ക്കും സുവര്‍ണ്ണ ചകോരത്തെ പരാതിയില്ലാതെ വീതിച്ചു നല്‍കിക്കൊണ്ട് പതിനാലാമതു കേരള ചലച്ചിത്രോത്സവം അവസാനിച്ചു. താജിക്കിസ്താന്‍ ചിത്രമായ ‘ട്രൂനൂണിനെ’യാണ് നല്ല ചിത്രമായി പ്രേക്ഷകര്‍ തെരെഞ്ഞെടുത്തത്. രാജ്യത്തിന്റെ അതിരുവഴക്കുകള്‍ , ഇതൊന്നുമറിയാതെ ജീവിച്ചുപോകുന്ന ഗ്രാമീണരില്‍ പടര്‍ത്തുന്ന നിഴലുകളെയും നഷ്ടങ്ങളെയും പറ്റിയാണ് സിനിമ. ഒരു ത്യാഗമാണ്, ബലിദാനമാണ് സിനിമയുടെ കാമ്പ്. ഗ്രാമത്തിലെ സുന്ദരിക്കുട്ടി നിലൂഫറിന്റെ വിവാഹം അയല്‍ഗ്രാമത്തിലെ അസീസുമായി നടത്തിക്കൊടുക്കാന്‍ ഉത്സാഹിച്ച മനുഷ്യന്‍ മൈനില്‍ ചവിട്ടി മരിക്കുന്നിടത്താണ് കഥ തീരുന്നത്. മത്സരവിഭാഗത്തിലുണ്ടായിരുന്ന ചില സിനിമകള്‍ക്ക് ട്രൂനൂണിനേക്കാള്‍ ആഴമുള്ള തത്ത്വചിന്തയുടെ പിന്‍ബലമുണ്ടായിരുന്നു. ബന്ധങ്ങളുടെ ഊഷ്മളതയും ആര്‍ജവവുമാണ് താജിക്കിസ്താന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നതെങ്കില്‍ ദെയര്‍ എന്ന തുര്‍ക്കി ചിത്രത്തില്‍ കുടുംബബന്ധങ്ങള്‍ക്കിടയിലെ സങ്കീര്‍ണ്ണതയായിരുന്നു പ്രശ്നം. അച്ഛന്‍ , അമ്മ, രണ്ടു മക്കള്‍ (ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിയുള്ള മൂത്ത പെണ്‍കുട്ടിയും പാരീസില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന അനുജനും) എന്നിവരാണ് ‘ദെയറി’ലെ കഥാപാത്രങ്ങള്‍ . പരസ്പരം പിരിഞ്ഞു താമസിക്കുന്നവരാണ് സിനിമയിലെ നാലു കഥാപാത്രങ്ങളും. വൃദ്ധസദനത്തിലായിരുന്ന അമ്മയുടെ തടാകത്തില്‍ വീണുള്ള മരണത്തെതുടര്‍ന്ന് -അതൊരു ആത്മഹത്യയായിരുന്നു- അച്ഛന്‍ താമസിക്കുന്ന ഏകാന്തദ്വീപില്‍ മകനും മകളും സന്ദര്‍ശിക്കുന്നതാണ് സിനിമ. മകളുടെ ബാഗില്‍ മരണത്തിനു മുന്‍പ് അമ്മ എഴുതിയ പൊട്ടിയ്ക്കാത്ത ഒരു കത്തുമുണ്ട്. വീണ്ടും ഒന്നിച്ചു ചേരുന്ന ഈ കുടുംബത്തിന്റെ ഭൂതവും വര്‍ത്തമാനവും കൂടിക്കുഴഞ്ഞ 24 മണിക്കൂറുകളാണ് സിനിമയിലുള്ളത്. മനസ്സിലാക്കുക എന്ന പ്രശ്നം (ആര്‍ക്ക് ആരെ മനസ്സിലാവാനാണ്) കുടുംബബന്ധങ്ങളിലെ ഏറ്റവും അടുത്തകണ്ണികളെപ്പോലും ഭീദിതമായ രീതിയില്‍ ആവേശിച്ചിരിക്കുന്നതെങ്ങനെ എന്ന് ചിത്രം പറയുന്നു.

അര്‍ജന്റീനയുടെ ‘ഫ്ലൈ ഇന്‍ ദ ആഷസ്’മത്സരവിഭാഗത്തില്‍പ്പെട്ട സുന്ദരമായ സിനിമയായിരുന്നു. ഉള്‍നാട്ടില്‍ നിന്ന് ജോലിയുടെ പേരില്‍ ചതിക്കപ്പെട്ട് ബ്യൂണസ് അയേഴ്സിലെ വേശ്യാലയത്തില്‍ എത്തുന്ന നാന്‍സി, പാറ്റോ എന്നീ ഉറ്റ കൂട്ടുകാരുടെ കഥയാണതില്‍ . വിഡ്ഢി എന്ന് പലപ്പോഴും പാറ്റോയില്‍ നിന്ന് ശകാരം കേള്‍ക്കാറുള്ള, വിശേഷ ബുദ്ധിയില്ലാത്തതിനാല്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അസാധാരണമായ കഴിവുള്ള, സുന്ദരിയല്ലാത്ത നാന്‍സി മരണത്തിന്റെ കുടുക്കില്‍ നിന്ന് തന്റെ കൂട്ടുകാരിയെയും അതോടൊപ്പം വേശ്യാലയത്തില്‍ കുടുങ്ങിപ്പോയ കൂട്ടുകാരികളുടെയും ജീവിതം അതിസാഹസികമായി രക്ഷിക്കുകയാണ് സിനിമയില്‍ . ചലനമറ്റ ഈച്ചയെ വീണ്ടും ജീവിപ്പിക്കാന്‍ ചാരത്തില്‍ മൂടിയാല്‍ മതിയെന്ന വിശ്വാസത്തെ സിനിമ ശക്തമായി ദൃശ്യവത്കരിക്കുന്നുണ്ട്. ചാരത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നൊരര്‍ത്ഥവും ഉണ്ട് ശീര്‍ഷകത്തിന്. La Mosca la Ceniza എന്ന് അതിന്റെ സ്പാനിഷ് തലക്കെട്ട്. ചലച്ചിത്രോത്സവത്തിന്റെ അവസാന ദിനങ്ങളിലായിരുന്നു കൂടുതല്‍ പ്രദര്‍ശനം എന്നുള്ളതുകൊണ്ട് അധികം കാണികള്‍ക്ക് ഈ സിനിമ കാണാനുള്ള അവസരം ഉണ്ടായി കാണില്ല. അല്ലെങ്കില്‍ നല്ല ചിത്രങ്ങളുടെ പ്രേക്ഷകതെരെഞ്ഞെടുപ്പില്‍ ‘ഫ്ലൈ ഇന്‍ ദ ആഷസ്’ ‘ട്രൂ നൂണു’മായി സമ്മാനം പങ്കു വച്ചേനേ എന്നു തോന്നുന്നു. മധു കൈതപ്രം സംവിധാനം ചെയ്ത മധ്യവേനലും പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയും മത്സരത്തിനു കൊച്ചുകേരളത്തിന്റെ വിഹിതമായിരുന്നെങ്കിലും ആരും ആ സിനിമകളെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടുന്നതു കേട്ടില്ല. ഇനി കേള്‍ക്കാത്തതാണോ എന്തോ..തിയറ്ററില്‍ നിന്ന് തിയേറ്ററിലേയ്ക്കോടി ഭ്രാന്തെടുത്തതുപോലെ കണ്ടു നടന്ന് ഒടുവില്‍ സിനിമകള്‍ ഒഴിഞ്ഞദിവസം വീട്ടിലെ കട്ടിലില്‍ അട്ടം നോക്കി കിടക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ബാക്കിയാവുന്നതെന്തെന്നതിനെ കുറിച്ചാലോചിക്കാന്‍ പ്രേക്ഷക അവാര്‍ഡ് സിനിമകള്‍ സാഹചര്യം ഒരുക്കുന്നുണ്ട്. ഓരോ വര്‍ഷവും പ്രേക്ഷക അവാര്‍ഡ് നേടുന്ന സിനിമകള്‍ കളക്ടീവായ അവബോധത്തിന്റെ സാക്ഷ്യപത്രമാണ്. ഒരു പ്രത്യേക ഫിലിം ഫെസ്റ്റിവല്‍ വര്‍ഷാവര്‍ഷം ആ അവബോധത്തിന്റെ നവീകരണം എത്രമാത്രം നടത്തിക്കൊടുക്കുന്നുണ്ട് അഥവാ ഫെസ്റ്റ് അങ്ങനെ നടത്തിക്കൊടുക്കേണ്ടതുണ്ടോ അതാണോ അതിന്റെ പ്രാഥമികമായ കര്‍ത്തവ്യം എന്നൊക്കെ ചിന്തിച്ചുകൂടേ?

സിനിമകളുടെ ഉത്സവം ആരംഭിക്കുന്നതിനു മുന്‍പ് മാതൃഭൂമി സിനിമാക്കാര്യത്തില്‍ സാമര്‍ത്ഥ്യവും ആലോചനയുമുള്ള ചിലരോട് അഭിപ്രായം ചോദിച്ച് IFFK 2009-ല്‍ കാണേണ്ട 10 സിനിമകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 1. ആങ് ലീയുടെ അമേരിക്കന്‍ സിനിമ ‘ടേക്കിംഗ് വുഡ്സ്റ്റോക്ക് 2. സനൂസിയുടെ പോളിഷ് സിനിമ റിവിസിറ്റഡ് 3 വൈദയുടെ പോളിഷ് സിനിമ സ്വീറ്റ് റഷ് 4 കിം കി ഡുക്കിന്റെ കൊറിയന്‍ ചിത്രം ഡ്രീംസ് 5 ജോര്‍ജ് ഒവാഷിലിയുടെ കസാക്ക് - ജോര്‍ജിയ ചിത്രം ദ അദര്‍ ബാങ്ക് 6. അകി കരിസ്മാക്കിയുടെ ജര്‍മ്മന്‍ പടം ലൈറ്റ്സ് ഇന്‍ ദ ഡസ്ക് 7. റോള്‍ പെക്കിന്റെ അമേരിക്കന്‍ ചിത്രം മൊളൊക്ക് ട്രോപ്പിക്കല്‍ 8. ഹാതെം അലിയുടെ സിറിയന്‍ ചിത്രം ദ ലോങ് നൈറ്റ് 9. കിയരോസ്താമിയുടെ ഇറാനിയന്‍ സിനിമ ഷിറിന്‍ 10. മാര്‍ഗരറ്റ് വോണ്‍ ട്രോട്ടയുടെ ജര്‍മ്മന്‍ സിനിമ വിഷന്‍. ഇവയില്‍ ദ ലോങ് നൈറ്റ് ഇത്തവണ പ്രദര്‍ശനത്തിനുണ്ടായിരുന്നില്ല. പെട്ടി എത്തിയില്ല. ഈ കൂട്ടത്തില്‍ ഇടം കിട്ടാതെ പോയ ഒരു സിനിമയാണ് ഏലിയ സുലൈമാന്റെ ‘ ടൈം ദാറ്റ് റിമൈന്‍സ് . ഗോവയില്‍ പോയവര്‍ കണ്ടപടമാണെങ്കിലും മാതൃഭൂമി തെരെഞ്ഞെടുപ്പില്‍ അതു കയറിയില്ല എങ്ങനെയോ എന്തോ? ലോസ് അബ്രാസോസ് ലൊട്ടോസിന്റെ സ്പാനിഷ് സിനിമ ബ്രോക്കണ്‍ എംബ്രേസസ്, കെന്‍ ലോച്ചിന്റെ ഇംഗ്ലീഷ് സിനിമ ലുക്കിംഗ് ഫോര്‍ എറിക്, പല സംവിധായകര്‍ ചേര്‍ന്നു ചെയ്ത റൊമാനിയന്‍ സിനിമ ടെയിത്സ് ഫ്രം ദ ഗോള്‍ഡന്‍ ഏജ്, ഓപ്പറാന്‍സാ ദുനാജിന്റെ പോളിഷ്-ചെക്ക് സിനിമ ഓപ്പറേഷന്‍ ഡാന്യൂബ്.. ഇവയ്ക്കും കയറി ഇരിക്കാം വേദിയില്‍ . മികച്ചതാണെന്ന അര്‍ത്ഥത്തില്‍ എടുത്തെഴുതിയതല്ല. നല്ല സിനിമ എന്ന അഭിപ്രായപ്രകടനത്തെ കാഴ്ചശീലം അറിയാതെ ചെടുപ്പിക്കാതിരിക്കാന്‍ ഇങ്ങനെയുള്ള വഴിവിട്ട സിനിമാരീതികളെയും പിന്‍ പറ്റേണ്ടതുണ്ട് എന്നതിനാല്‍ .

അനു :
രമ്യയില്‍ രാത്രി മഴയത്ത് ഉറൂഗ്വേയുടെ സിനിമ ബാഡ് ഡേ ടു ഗൊ ഫിഷിങ് കാണാന്‍ കാത്തിരിക്കുമ്പോള്‍ മുന്നില്‍ ചെളി പറ്റിയ പടിയില്‍ നാലുക്കൊപ്പം ഷേവു ചെയ്യാത്ത് മുഖവുമായി ആഷിഷ് വിദ്യാര്‍ത്ഥിയും ഇരിക്കുന്നുണ്ട്. കൈയ്യിലെ മൊബലില്‍ ഞെക്കി കളിച്ചുകൊണ്ട്, പഴയ ആ ‘ദ്രോഹകാലി’ലെ ഭാവങ്ങള്‍ മിന്നി മറയുന്ന മുഖവുമായി. പഴശിരാജയുടെ വൈകുന്നേരത്തെ പ്രദര്‍ശനം സമയബോധമില്ലാതെ ചിട്ടപ്പെടുത്തിയകാരണമാണ് രാത്രിയുള്ള സിനിമ തുടങ്ങാന്‍ പറഞ്ഞതില്‍ നിന്നും അരമണിക്കൂറും കഴിഞ്ഞ് നീണ്ടത്. അപ്പോള്‍ തോളില്‍ നീലസഞ്ചി തൂക്കിയിട്ടിരിക്കുന്ന യുവാവായ ഒരു സിനിമാപ്രേമി ഇളിക്കുന്ന മുഖവുമായി വന്ന് ആഷിഷിന്റെ ചുമലില്‍ തോണ്ടി പച്ചമലയാളത്തില്‍ ‘നിങ്ങളൊരു നടനല്ലേ, ഇവിടെ ഇരിക്കേണ്ട ആളാണോ ഹേ’ എന്ന് ഒരു ചോദ്യം. എന്നിട്ട് സിനിമ കാണാന്‍ അക്ഷമരായി നില്‍ക്കുന്നവരെയൊക്കെ നോക്കി ഇളിച്ചു. ഞാനെങ്ങനെയുണ്ടെന്ന മട്ടില്‍ . ഒന്നു മുഖമുയര്‍ത്തി നോക്കിയിട്ട് മലയാളം മനസ്സിലാവാത്തതുകൊണ്ടും തോണ്ടിയവന്റെ ചിരി അത്ര പന്തിയല്ലാത്തതുകൊണ്ടും ആവണം വീണ്ടും മൊബൈലിലേക്ക് കൂപ്പു കുത്തിയ ആഷിഷിനെ ടിയാന്‍ പിന്നെയും തോണ്ടിയിട്ട് ചോദ്യം ആവര്‍ത്തിക്കുന്നതു കണ്ടു. ദേഹത്ത് തോണ്ടരുത് എന്ന് ആഷിഷ് പറഞ്ഞിട്ടും മറ്റുള്ളവരെ നോക്കി പെരുച്ചാഴി ഉപ്പുകണ്ട ഒരു ചിരി ചിരിച്ചിട്ട് വീണ്ടും തോണ്ടാന്‍ കൈയുയര്‍ത്തിയ നീലസഞ്ചിക്കാരനെ കൂടെ നിന്ന ആരോ ശക്തമായി തടഞ്ഞതുകൊണ്ടാണ് പതുക്കെ വലിഞ്ഞ് കൂട്ടത്തില്‍ ചേര്‍ന്നത്. അപ്പോളും ചിരിയും കോക്രിയും അവസാനിച്ചിരുന്നില്ല. മഹത്തായ ഏതോ സംഭവം ചെയ്ത പ്രതീതിയായിരുന്നു പാവത്തിന്റെ മുഖത്ത്.
തോണ്ടല്‍ ഒരു സാര്‍വലൌകിക പ്രതിഭാസമാകുന്നു.

*ഫിന്നിഷ് സംവിധായിക ലെന്‍‌ക ഹെല്‍സ്റ്റെഡിന്റെ സിനിമയുടെ പേര്

December 16, 2009

ശിരസ്സിനു പകരം മരച്ചില്ല, അതില്‍ ഒരു പ്രാവിന്റെ കൂട്



സിനിമാക്കാഴ്ചകള്‍ 3

ഇന്നത്തെ (ഡിസംബര്‍ 16) മനോരമ മെട്രൊയില്‍ ‘മുപ്പത്തൊന്‍പതാമത്തെ വയസ്സില്‍ മനീഷാ കൊയ്‌രാളയ്ക്കു നല്ലബുദ്ധിവന്നെന്നാണു തോന്നുന്നതെന്നും പറഞ്ഞ് ജിജീഷ് കൂട്ടാലിട എഴുതിയ ഒരു സോഫ്റ്റ് ഗോസിപ്പുണ്ട്. സ്പോട്സ് കൌണ്‍സിലറും എഴുത്തുകാരനുമായ ക്രിസ്റ്റഫര്‍ ഡോറിസിനെ വിവാഹം കഴിക്കാന്‍ പോകുന്നതുകൊണ്ട് ഗൃഹഭരണവുമായി സ്വസ്ഥജീവിതം നയിക്കാന്‍ തീരുമാനിച്ചതിനെയാണ് കുട്ടി ലേഖകന്‍ നല്ല ബുദ്ധിയായി കണക്കാക്കുന്നത്. മനീഷ എങ്ങനെ മാറുന്നു എന്നത് നമ്മുടെ വിഷയമല്ല. മദ്യപാനവും പുകവലിയും ഉണ്ടെന്നും കന്യകയല്ലെന്നും (മീനാക്ഷി റെഡ്ഢി മാധവനും മുന്‍പ്..) തുറന്നു പറഞ്ഞ ഒരു നടി, രാഷ്ട്രീയമോഹങ്ങളൊക്കെ വിട്ട് വീട്ടമ്മയാവാന്‍ തീരുമാനിച്ചതാണ് നല്ല ബുദ്ധി എന്നെഴുതി വിടുന്നതിന് തലയില്‍ സാമാന്യം വലിയ പൊള്ള തന്നെ വേണം. പെണ്ണുങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. പുതിയ തലമുറ ലേഖകര്‍ ഇങ്ങനെ വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതില്‍ മത്സരിച്ചാല്‍ സമൂഹം സ്വന്തം കാലില്‍ ഉടനെ എഴുന്നു നിക്കും എന്നൂഹിക്കാം. ഇത്തരം വിശ്വാസങ്ങളാണ് കേരളത്തിലെ പോലീസുകാരനും നീതിയുടെയും സംസ്കാരത്തിന്റെയും പേരില്‍ കെട്ടി എഴുന്നള്‍ലിച്ചുകൊണ്ടിരിക്കുന്നത് (പച്ചക്കുതിരയില്‍ നല്ലൊരു ലേഖനമുണ്ട്.ജോളി ചിറയത്തിന്റെ “പെണ്ണും ആണും പോലീസ് റെയിഡും” ബ്ലോഗറായ മാര്‍ജാരനും ഒരു കഥാപാത്രമാണതില്‍ ) മദ്യപിച്ചതിന്റെ പേരിലും ട്രാഫിക് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയതിന്റെ പേരിലും മാധ്യമങ്ങള്‍ ആഘോഷിച്ച സംഗീതാ മോഹനെ ചോളഫാമിലി റെസ്റ്റോറന്റില്‍ വച്ച് സിനിമകളുടെ ഇടവേളകളില്‍ വച്ച് കണ്ടതു വെറുതേ ഓര്‍മ്മിച്ചുപോയി, മനീഷയെപ്പറ്റിയുള്ള വാര്‍ത്ത കണ്ടപ്പോള്‍ . ഒച്ചകള്‍ മുഴുവന്‍ ആണുങ്ങളുടേതാണ് ഏതു കാര്‍ണിവലിലും. കഴിഞ്ഞതവണ വിരസമായി നീളുന്ന രംഗങ്ങള്‍ക്കിടയില്‍ മൊബൈല്‍ സംഗീതം മുഴക്കി ആളുകളെ ചിരിപ്പിച്ച വിരുതന്മാരുണ്ടായിരുന്നു. ഇത്തവണ അങ്ങനെയൊന്നും ഇല്ല. കൂവലും കൈയ്യടികളും പോലും കുറവ്. പക്ഷേ നീല രംഗങ്ങള്‍ സ്ക്രീനില്‍ ആകസ്മികമായി തെളിഞ്ഞപ്പോള്‍ നിരയായി ഇരുന്ന ഒരു കൂട്ടം പെണ്‍കുട്ടികള്‍ ഉറക്കെ നാരായണാ, നാരായണാ ജപിച്ചെന്ന് ഒരു വാര്‍ത്ത കണ്ടു. ഏതു സിനിമയ്ക്കാണോ എന്തോ? സിനിമാസ്വാദനത്തെ (യൂ മീന്‍ ആസ്വാദനം..?) തടസ്സപ്പെടുത്തുന്ന പ്രക്രിയയാണെങ്കിലും ഈ പെണ്‍കുട്ടികളുടേത് ഒരു വിപ്ലവപ്രകിയയാണ്. അവര്‍ അവരുടെ ഒച്ച കേള്‍പ്പിച്ചു ! സംഭവം തന്നെ. എങ്കിലും അതിന് ആവര്‍ത്തനം ഇല്ലാതെ പോകട്ടെ.

കാര്‍ണിവലുകളുടെ സ്വഭാവം തന്നെ ഒച്ചയും സ്വാതന്ത്ര്യവുമാണ്. ഫിലിമോത്സവത്തിന്റെ ഒരാഴ്ച തിരുവനന്തപുരം നഗരം മാറുന്നു. ഒരാഴ്ചമാത്രം.വീണ്ടും പഴയതുപോലെ യാഥാസ്ഥിതികത്വത്തിലേയ്ക്ക്. എങ്കിലും ഒരാഴ്ച ഒരു ഓര്‍മ്മയാണല്ലോ അടുത്തവര്‍ഷം വരേയ്ക്കും.. ചിലപ്പോള്‍ അതു കഴിഞ്ഞും.. ആര്‍തുറോ റിപസ്റ്റയിന്റെ ‘റിലം ഓഫ് ഫോര്‍ച്യൂണ്‍ ’ കാര്‍ണിവലിന്റെ കഥയായിരുന്നു. 1985-ലാണ് ഈ മെക്സിക്കന്‍ സിനിമ പുറത്തു വന്നത്. ചൂതാട്ടത്തിന്റെ (കോഴിപ്പോരിന്റെയും) ഉയര്‍ച്ചതാഴ്ചകളാണ് സിനിമയില്‍ . പക്ഷേ ല കപോനേര എന്ന തെരുവുഗായികയുടെ ഒച്ചയ്ക്ക് സിനിമയില്‍ വല്ലാത്ത സ്ഥാനമുണ്ട്. നാലു ചുവരുകളുടെ കൂട്ടിനുള്ളില്‍ അടച്ചിടാന്‍ ഇഷ്പ്പെടാതെ തന്റെ ആണ്‍കുട്ടികളുമായി (ബോയ്സ് അവര്‍ അത്ര ചെറുപ്പക്കാരല്ല, അവളുടെ പാട്ടിന്റെ വാദ്യക്കാരാണ്) ചെറുപ്രായത്തില്‍ തന്നെ തെരുവിലേയ്ക്കിറങ്ങിയവളാണ് കപോനേര. ചൂതാട്ടങ്ങളില്‍ കൊതി മൂത്ത രണ്ടാണുങ്ങള്‍ -ആദ്യം ലൊറന്‍സോയും പിന്നീട് ഡയനീഷ്യയും -അവളെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടു. അവരുടെ ഭാഗ്യദേവതയായിരുന്നു അവള്‍ . അങ്ങനെയാണവള്‍ ഒരു പൂവു മാത്രമുള്ള ചെടിയായത്. അവളുടെ മകള്‍ വീണ്ടും തെരുവില്‍ അമ്മ പാടിയ ഗാനവുമായി ചുവടു വയ്ക്കുന്നിടത്താണ് സിനിമ തീരുന്നത്. തീര്‍ച്ചയായും റിലം ഓഫ് ഫോര്‍ച്യൂണ്‍ ഡയനീഷ്യഎന്ന കോഴിപ്പോരുകാരനായ ദരിദ്രവാസി പണക്കാരനായി ഉയര്‍ന്നതിന്റെയും പിന്നീട് കൂപ്പുകുത്തി വെടിവച്ച് ആത്മഹത്യ ചെയ്തതിന്റെയും കഥയല്ല. പുണ്യവാളപ്രതിമയുടെ ശിരസ്സ് വയറ്റില്‍ പൊത്തിപ്പിടിച്ചു മരിച്ച അയാളുടെ അമ്മയുടെയും (ആ സമയത്ത് അയാള്‍ കൊത്തേറ്റ പോരു കോഴിയെ പരിചരിക്കുകയായിരുന്നു) അയാള്‍ക്കായി ഭാഗ്യദേവതയായി ഇരുന്നുകൊടുത്ത് തകന്നടിഞ്ഞ കപോനേരയുടെയും സിരകളില്‍ അമ്മയുടെ ചോരയുമായി തെരുവില്‍ തന്നെയെത്തുന്ന മകളുടെയും കഥയാണ്.

അര്‍മീനിയയിലെ രാജകുമാരിയായ ഷിറിന്‍ പ്രേമിച്ചത് പേര്‍ഷ്യയിലെ രാജ്യഭ്രഷ്ടനായ രാജകുമാരന്‍ ഖുസ്രു പരവേസിനെയാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ അനുചരന്മാരിലൊരാള്‍ തന്ത്രത്തോടെ കൈയ്യടക്കിയതാണ് രാജ്യത്തെ. റോമാക്കാരുമായുള്ള രാഷ്ട്രീയനീക്കുപോക്കിന്റെ ഫലമായി അവസാനം 5000 വര്‍ഷം പ്രായമുള്ള പേര്‍ഷ്യയെ അദ്ദേഹം സ്വന്തമാക്കി. പക്ഷേ ഷിറിന്റെ പ്രണയത്തെ ഉപക്ഷിച്ച് അദ്ദേഹത്തിന് റോമന്‍ രാജകുമാരി മിറിയത്തിന്റെ വിവാഹം കഴിക്കേണ്ടി വന്നു. ഷിറിനെ സ്നേഹിച്ച മറ്റൊരാളുണ്ടായിരുന്നു രാജ്യത്തില്‍ ചൈനയില്‍ പോയി കൊത്തുപണികള്‍ പഠിച്ച ഫഹദ് എന്ന കരുത്തനായ ശില്പി. ഷിറിന്റെ മനസ്സ് ഖുസ്രുവിനുവേണ്ടി മാത്രമേ അവസാനശ്വാസം വരെയും വെമ്പിയുള്ളൂ. സഫലമാകാത്ത പ്രണയവുമായി അവള്‍ മരിച്ചു. ഈ കഥയുടെ ഒരു തരിമ്പും നിങ്ങള്‍ സ്ക്രീനില്‍ കാണുന്നില്ല. മറിച്ച് ഈ കഥ പറയുന്ന സിനിമ ആകാംക്ഷയോടെ കണ്ടിരിക്കുന്ന പല പ്രായത്തിലുള്ള സ്ത്രീകളുടെ മുഖഭാവങ്ങളിലൂടെ (സ്ക്രീന്‍ നിറയെ ഒരു സമയം ഒരാളുടെ മുഖഭാവം മാത്രം) കടന്നു പോകുന്നതു മാത്രമേയുള്ളൂ. ഇങ്ങനെ ഏകദേശം 50- ഓളം സ്ത്രീ മുഖങ്ങളുടെ വിവിധഭാവങ്ങളാണ് ശബ്ദപഥത്തിലൂടെയും കാഴ്ചക്കാരികളുടെ മുഖത്തു വീഴുന്ന പ്രകാശങ്ങളുടെ വിന്യാസത്തിലൂടെയും അതിസമര്‍ത്ഥമായാണ് അബ്ബാസ് കിരോസ്താമി ഷിറിന്‍ എന്ന സിനിമയില്‍ ചിത്രീകരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു പരീക്ഷണസിനിമ. എല്ലാ സ്ത്രീകളിലും ഒരു ഷിരിന്‍ ഉണ്ടെന്നാണ് സിനിമ പറയുന്നത്. നഷ്ടപ്രണയങ്ങളുടെ ഷിരിന്‍ . ആര്‍ക്കും മനസ്സിലാവാത്ത ഏകാന്തതയുടെ ഷിരിന്‍ . അതുകൊണ്ടാണ് കിരോസ്താമിയുടെ ക്യാമറ സ്ത്രീകളുടെ മുഖഭാവങ്ങള്‍ മാത്രമാണ് ഒപ്പിയത്. പിന്നില്‍ ചില നിഴല്‍ രൂപങ്ങള്‍ പോലെ ആണുങ്ങള്‍ ഉണ്ട്. അവര്‍ തീരെ പ്രസക്തരല്ല സിനിമയില്‍ . വെറുമൊരു തല ചരിക്കലില്‍ , മുന്നോട്ടുള്ള ആയത്തില്‍ , പുരികത്തിന്റെ ഉയരലില്‍ , ഒന്ന് ഇമ ചിമ്മുന്നതില്‍ , മറ്റെവിടേയ്ക്കെങ്കിലും കണ്ണുകള്‍ നീക്കുന്നതില്‍ എല്ലാം അത്ര നിസ്സാരമല്ലാത്ത പ്രതികരണ സാദ്ധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സിനിമ പറയുന്നു. ഭാവങ്ങള്‍ ശ്രദ്ധിക്കുകയും സബ് ടൈറ്റിലുകള്‍ ഒട്ടും വിടാതെ വായിക്കുകയും പശ്ചാത്തല ശബ്ദങ്ങള്‍ ശ്രദ്ധയോടെ ശ്രവിക്കുകയും ചെയ്തു കൊണ്ടു മാത്രമേ ഈ സിനിമയുടെ ആസ്വാദനം സാധ്യമാവൂ. അതുകൊണ്ട് ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തതരം ബാധ്യത ഈ സിനിമ പ്രേക്ഷകരുടെ തലയില്‍ കെട്ടി വയ്ക്കുന്നുണ്ട്. നാം കാണുന്നത് ഇരുട്ടു മുറിയിലിരിക്കുന്ന നമ്മുടെ കണ്ണാടി തന്നെയാണ് എന്നാലോചിക്കുമ്പോള്‍ സിനിമ പങ്കു വയ്ക്കുന്ന മറ്റൊരു തലം പിടി കിട്ടും. ഒരാവൃത്തികൂടി ഈ പരീക്ഷണം സാധ്യമല്ലെന്നു തോന്നുന്ന ‘ഷിരിനെ’പ്പറ്റി കുറേക്കൂടി ചിന്തിക്കാനുണ്ട്.

വല്ലാത്തൊരു അടുപ്പം തോന്നിയ സിനിമ ഏലിയാ സുലൈമാന്റെ ദ ടൈം ദാറ്റ് റിമൈന്‍സ് ആണ്. സ്വന്തം മാതാപിതാക്കള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന (സ്വന്തം കഥതന്നെയാണിത്) ഈ അറബി ചിത്രത്തില്‍ ഏലിയയും അഭിനയിക്കുന്നുണ്ട്. അദ്ദേഹമായി തന്നെ. രാഷ്ട്രീയത്തെ തമാശയില്‍ ചാലിച്ചാണ് അവതരിപ്പിക്കുന്നത്. കറുത്തതമാശ. റൊമാനിയന്‍ ചിത്രമായ ടെയിത്സ് ഫ്രം ഗോള്‍ഡന്‍ ഏജും ചെയ്തത് അതു തന്നെയല്ലേ, ക്രൂരമായിരുന്ന കഴിഞ്ഞ കാലത്തിലേയ്ക്ക് പരിഹാസചിരിയുടെ പൊടിപ്പുകളെ പടര്‍ത്തി വിട്ടുകൊണ്ട്? ജാസെക് ഗോമ്പ് സംവിധാനം ചെയ്ത പോളിഷ് ചിത്രം ഓപ്പറേഷന്‍ ഡാന്യൂബും ഇതേപോലെ തമാശകളില്‍ രാജ്യത്തിന്റെ രാഷ്ട്രീയ നാടകങ്ങളെ തമാശയില്‍ കുതിര്‍ത്തു. പട്ടാളക്കാരുടെചെയ്തികളും നാട്ടുകാരുടെ പ്രതികരണങ്ങളുമാണിവിടത്തെ നര്‍മ്മം. പോളിഷ് - ചെക്ക് സാംസ്കാരികവൈജാത്യങ്ങളാണ് ചിരിക്ക് പശ്ചാത്തലമൊരുക്കുന്നത്. സാഹചര്യങ്ങളുടെയും വീക്ഷണക്കോണുകളുടെയും ഇരകളാണ് ശത്രു-മിത്രസങ്കല്‍പ്പങ്ങള്‍ എന്നാണ് ഓപ്പറേഷന്‍ ഡാന്യൂബില്‍ നിന്ന് നാം മനസ്സിലാക്കുന്ന സത്യം. നോമാന്‍സ് ലാന്‍ഡ് എന്ന സിനിമയും മുന്‍പൊരിക്കല്‍ ഇതേ സങ്കല്‍പ്പത്തെ അവതരിപ്പിച്ചിരുന്നതു ഓര്‍ക്കുന്നു. എന്തുകൊണ്ടാണ് ആസുരകാലങ്ങളില്‍ ജനം തമാശകളില്‍ മുഴുകുന്നത് എന്നതിന് ഉത്തരം മറ്റൊരു സിനിമയാണ് പറഞ്ഞു തന്നത്. റൌള്‍ പെക്കിന്റെ ‘മലോക്ക് ട്രോപിക്’എന്ന സിനിമയില്‍ കുപ്പിച്ചില്ലുകൊണ്ടു മുറിഞ്ഞു വേദനിക്കുന്ന പ്രസിഡന്റായ മകന്റെ കാല് പച്ചമരുന്നുകൊണ്ട് ഉഴിഞ്ഞു കൊടുക്കുന്നതിനിടയില്‍ അമ്മ പറയുന്നുണ്ട് : ആളുകള്‍ അസംതൃപ്തരാവുമ്പോഴാണ് തമാശകള്‍ പറയുന്നതെന്ന് ! അവര്‍ സ്വന്തം മകനെപ്പറ്റി ആളുകള്‍ പറയുന്ന തമാശകള്‍ കാതാലെ കേട്ടിരുന്നു.

അനു :
ഒന്ന്
മെട്രോ മനോരമയില്‍ തന്നെ ഒരു പടം. മാതംഗി എന്ന് ലതീഷ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന കൂട്ടുകാര്‍ വിളിക്കുന്ന, മൂന്നു വയസ്സുകാരി അതിഥി കൈരളിയുടെ പടവില്‍ ഒറ്റയ്ക്ക് മുഖം പൊത്തിയിരിക്കുന്നത്. ‘അയ്യേ ഈ അവാര്‍ഡ് സിനിമ’ എന്നാണ് അടിക്കുറിപ്പ്, വിശദീകരണം പടിയിലിരിക്കുന്ന ഒരു കൊച്ചു സിനിമാപ്രേമിയെന്നും. ആന്റിക്രൈസ്റ്റ് ഉള്‍പ്പടെയുള്ള സിനിമാക്കാഴ്ചകളില്‍ നിന്നു വന്ന മുതിര്‍ന്ന മനോഭാവങ്ങള്‍ കൊട്ടുന്ന മലിനമായ അറിവുകളല്ലേ , കൊച്ചുകുട്ടിയുടെ തലയില്‍ വച്ചു കെട്ടിയ ഈ അയ്യേ? അച്ഛനമ്മമാരോടൊപ്പം വന്നു, എന്നല്ലാതെ പാവത്തിന് സിനിമ എന്തെന്നു മനസ്സിലാക്കാനുള്ള പ്രായമായോ? അവളെന്തെങ്കിലും കണ്ടോ? ഈ മൂന്നുവര്‍ഷത്തെ ‘നീണ്ട‘ ജീവിതകാലയളവിനുള്ളില്‍ എപ്പോഴാണ് മാതംഗി സിനിമാപ്രേമിയായത്?

രണ്ട്
സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കപ്പെടും മുന്‍പ് അമേരിക്കക്കാരന്‍ ചലച്ചിത്രകാരന്‍ റൌള്‍പെക്കിനെ ആദരിക്കുന്ന ചടങ്ങില്‍ കലാഭവനില്‍ വച്ച് മൃദംഗത്തിന്റെ റെപ്ലിക്ക ഉപഹാരമായി സമ്മാനിച്ച ശേഷം ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയ സംവിധായകന് ബീനാ പോള്‍ നല്‍കിയതു ഇടതു കൈ. വലതുകൈയില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുകയായിരുന്നു എന്നതാണ് കാരണം. എത്ര അടുപ്പമുള്ള ആയാലും, ഉപഹാരം നല്‍കുന്നത് വാങ്ങിച്ച ആളിനേക്കാള്‍ ഉന്നതയാണെന്നാലും, സിനിമ കാണാനിരിക്കുന്ന ആളുകളുടെ മുന്നില്‍ , വേദിയില്‍ വച്ചു നടത്തിയ ഈ ഉദാസീനമായ ഈ കൈ കൊടുക്കല്‍ സത്യത്തില്‍ ആദരിക്കുന്നതോ അനാദരിക്കുന്നതോ? റൌള്‍ പെക്ക് കറുത്ത അമേരിക്കക്കാരന്‍ കൂടിയാവുമ്പോള്‍ ....

ചിത്രം : മലയാളമനോരമയുടെ മെട്രോ പേജില്‍ നിന്ന്

December 14, 2009

നല്ലതുകളുടെ മാനദണ്ഡം


സിനിമാക്കാഴ്ചകള്‍ രണ്ട്

ഒരേ സമയം എട്ടു സിനിമകളാണ് തിയേറ്ററുകളില്‍ . പിന്നെ നിശാഗന്ധിയിലെ വൈകുന്നേരത്തെ പ്രദര്‍ശനവും ചേര്‍ത്ത് ആകെ 9. ഇവയില്‍ നിന്ന് തനിക്കു വേണ്ടത് കണ്ടെത്തുക ചിലപ്പോഴെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ചിലപ്പോള്‍ കരുതിവച്ച രണ്ടിലധികം സിനിമകള്‍ ഒരേസമയത്ത് പ്രദര്‍ശിപ്പിക്കപ്പെടുന്നു. ചിലപ്പോള്‍ എല്ലാം തീരെ അപരിചിതമായ സിനിമകള്‍ . അപ്പോള്‍ ഏതു കാണും? ഷെഡ്യൂളും കയ്യില്‍ പിടിച്ച് സംസാരിച്ചു നില്‍ക്കുന്ന ഏതു കൂട്ടവും ‘ഏതാണ് കൊള്ളാവുന്നത്’ എന്ന അപ്രതീക്ഷിത ചോദ്യത്തിനു മുന്നില്‍ പകച്ചിരിക്കും. ചോദിക്കുന്നയാളിന്റെ നല്ലത് എന്നുദ്ദേശിച്ചത് എന്താനെന്ന് കേള്‍ക്കുന്നയാള്‍ എങ്ങനെ അറിയാനാണ്? അല്ലെങ്കില്‍ തിരിച്ച് ശ്രോതാവിന്റെ നല്ല സിനിമ എതു നിലയ്ക്കാണ് വക്താവിന്റെ നല്ല സിനിമയാകാന്‍ പോകുന്നത്? ഫിലിമോത്സവത്തെക്കുറിച്ചുള്ള സംസാരങ്ങളിലും ജനപ്രിയതയെക്കുറിച്ചുള്ള മുന്‍ ധാരണകളില്‍ വഴിവിട്ട് നമ്മള്‍ക്ക് അഭിരമിക്കേണ്ടി വരുമോ എന്ന ഭയം നട്ടെല്ലു കാര്‍ന്നു തുടങ്ങുന്നു.. (ഹാ സുഭാഷ് ചന്ദ്രന്‍ )

വോണ്‍ ടിയറുടെ ആന്റിക്രൈസ്റ്റ് തറയില്‍ വരെ ഇരുന്നാണ് ആളുകള്‍ കണ്ടത് . ഉര്‍സുല അന്റോണിയോക്ക് സംവിധാനം ചെയ്ത ഡാനിഷ് ഫിലിം നതിംഗ് പേഴ്സണലിന്റെ പോസ്റ്റര്‍ ചതിച്ചതുകൊണ്ടും ആളുകള്‍ വല്ലാതെ തിക്കി തിരക്കിയിരുന്നു, ആ സിനിമയ്ക്ക്. വിവസ്ത്രയായി കിടക്കുന്ന ഒരു സ്ത്രീയാണ് പോസ്റ്ററില്‍ . സിനിമയില്‍ വേണ്ടവിധം ഒന്നും ഉണ്ടായിരുന്നുമില്ല. പിന്നെ വല്ലാത്ത തള്ളിക്കയറ്റം ഉണ്ടായത് റൊമാനിയന്‍ ചിത്രമായ ടെയിത്സ് ഫ്രം ദി ഗോള്‍ഡന്‍ ഏജിന്. ചെഷസ്ക്യുവിന്റെ ഭരണകാലത്തെ കളിയാക്കുന്ന 5 ഐതിഹ്യങ്ങളും അതിന്റെ മോറലുകളും ആണ് തമാശയില്‍ ചാലിച്ച് സിനിമയില്‍ അവതരിപ്പിക്കുന്നത്. ക്രിസ്ത്യന്‍ മുംഗിയു, ലോണാ മറിയ ഉറിക്കാരു, ഹന്നോ ഹോഫര്‍ , റസ്‌വാന്‍ മാര്‍ക്യുലെസ്ക്യു, കോണ്‍സ്റ്റാന്റിന്‍ പെപെസ്ക്യു എന്നിങ്ങനെ അഞ്ചു വ്യത്യസ്ത സംവിധായകരാണ് 5 ഖണ്ഡങ്ങളെ അണിയിച്ചൊരുക്കിയത് . റൊമാനിയന്‍ (- ജര്‍മ്മന്‍) എഴുത്തുകാരി ഹെര്‍ത്താമ്യുള്ളറെ ഓര്‍ത്തുപോയി. പാര്‍ട്ടിയെയും ഭരണത്തെയും പേരെടുത്തു പറഞ്ഞുള്ള രാഷ്ട്രീയവിമര്‍ശം പുതിയതാണ്. രൂപകങ്ങളും ദൃശ്യചിഹ്നങ്ങളും രൂപകാതിശയോക്തികളുമാണ് സാധാരണയായി വിമര്‍ശനങ്ങള്‍ക്ക് നിലമൊരുക്കുന്നത്. സിനിമയില്‍ ലൈംഗികത തീരെയില്ല. അപ്പോള്‍ ആന്റി ക്രൈസ്റ്റ് പോലെ ജനം കലാഭവനിലെ വെറും നിലത്തു കുത്തിയിരുന്ന് ഈ സിനിമ കണ്ടത് രാഷ്ട്രീയത്തെക്കുറിച്ച് ആലോചിച്ചു തന്നെ. ഫിലിമോത്സവങ്ങളുടെ ജനപ്രിയത എന്നത് ലൈംഗികതയില്‍ മാത്രം അധിഷ്ഠിതമല്ല. എങ്കിലും സാമാന്യജനത്തിനത് സെന്‍സര്‍ഷിപ്പില്ലാത്ത എന്തോ ചിലതൊക്കെ കാണാന്‍ ആളുകള്‍ തള്ളുന്നു എന്ന മട്ടാണ്. അതും ഈ സൈബര്‍കാലത്തും. ബുജികളെപ്പറ്റിയുള്ള തമാശകളില്‍ ഈ വിടവും പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പറയുന്ന സിനിമ എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടെന്ത്? കഴിഞ്ഞ തവണ കേട്ടതുപോലെ തന്നെ ചലച്ചിത്രോത്സവങ്ങളുടെ നിലവാരം കീപ്പോട്ടാണെന്ന് ചില സൂക്തങ്ങള്‍ സിനിമകള്‍ക്കിടയ്ക്കുള്ള ഇടവേളകളില്‍ പോപ്ക്കോണുകള്‍ക്കൊപ്പം തലയില്‍ വന്നു വീണിരുന്നു. നടേ പറഞ്ഞതുപോലെ നിലവാരങ്ങളുടെയും മാനദണ്ഡമെന്താണ്. അറിയാവുന്നവരുണ്ട് കൂട്ടത്തില്‍ . പക്ഷേ അറിയാന്‍ വയ്യാത്തവരാണ് കൂടുതല്‍ .

കിം കി ഡുക്കില്‍ നിന്ന് ഒരു രേഖ തായ്ലാന്റിലേയ്ക്ക് ചെല്ലുന്നുണ്ട്. അല്ലെങ്കില്‍ തിരിച്ച്. പ്ലോയ് എന്ന പെനെക് രത്നരുവാങിന്റെ തായ് ലാന്റിയന്‍ സിനിമ പുറത്തിറങ്ങിയത് 2007-ല്‍ . (അന്നത്തെ IFFK യില്‍ ഈ സിനിമ ഇവിടെ കാണിച്ചിരുന്നു. ഇപ്പോള്‍ പെനെക്കിന്റെ റിട്രോ ആയി) ഡുക്കിന്റെ ബ്രീത്തും ഡ്രീമും അതിനുശേഷമാണ് വരുന്നത്. (2008. 2009 വര്‍ഷങ്ങളില്‍ ) ഡുക്കിന്റെ ആദ്യകാല സിനിമകള്‍ മുതലുള്ള ചില മൂലകങ്ങള്‍ - ത്രികോണബന്ധങ്ങളും അതിന്റെ സങ്കീര്‍ണ്ണതയും സ്വപ്നങ്ങളും അതീവധ്വനിസാന്ദ്രമായ വിഷ്വലുകളും - പെനെക്ക് കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് സാധര്‍മ്മ്യങ്ങളുണ്ട്. പ്ലോയിലെ കഥയ്ക്ക് പ്രവാസത്തിന്റെ പശ്ചാത്തലം കൂടിയുണ്ട്. വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുന്ന ദമ്പതികള്‍ ഒരു ശവസംസ്കാരച്ചടങ്ങിന് തായ്ലാന്റില്‍ എത്തുന്നതാണ് പ്രമേയം. ശവസംസ്കാരം അവരുടെ ദാമ്പത്യത്തിന്റെ തന്നെയാവാം. അവര്‍ക്ക് താമസിക്കാന്‍ വീടില്ലാത്തതിനാല്‍ ഹോട്ടലില്‍ തങ്ങുന്നു. അങ്ങനെ ബന്ധങ്ങളുടെ ഒരു താത്കാലികത. അതേ ഹോട്ടലിന്റെ ലോബിയില്‍ സ്വീഡനില്‍ നിന്ന് പിറ്റേന്ന് കാലത്തെത്തുന്ന അമ്മയെക്കാത്ത് 19 കാരിയായ ഒരു പെണ്‍കുട്ടി. ഏഷ്യന്‍ സിനിമകളില്‍ നിന്ന് പെറുക്കിയെടുക്കാവുന്ന ചില പൊതുവായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. സ്ത്രീപുരുഷബന്ധങ്ങളിലെ മടുപ്പ് ഒന്ന് . അത് പാശ്ചാത്യ സിനിമകളില്‍ നമ്മള്‍ കണ്ടതില്‍ നിന്നും പ്രത്യേകമാണ്. പീഡനതാത്പര്യങ്ങള്‍ മറ്റൊന്ന്.

ആത്മാലാപനങ്ങള്‍ -തന്നോടു തന്നെയുള്ള സംഭാഷണങ്ങള്‍ - ഏകാന്തതയുടെ ഒരു ആവിഷ്കരണരീതിയാണ്. കെന്‍ ലോച്ചിന്റെ ലുക്കിംഗ് ഫോര്‍ എറികില്‍ എറിക് എന്ന പോസ്റ്റുമാന്‍ ജീവിത നൈരാശ്യത്തില്‍ നിന്ന് രക്ഷനേടുന്നത് എറിക് കാന്റോണ എന്ന ഫുട്ബോള്‍ കളിക്കാരനുമായി ചങ്ങാത്തം സ്ഥാപിച്ചുകൊണ്ടാണ്. കാന്റോണയുമായുള്ള ചങ്ങാത്തം ഒരു പ്രതീതിയാഥാര്‍ത്ഥ്യമാണ്, പോസ്റ്റുമാന്റെ വെറും സങ്കല്‍പ്പം. (യു കെയിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രധാന കളിക്കാരനായിരുന്ന കന്റോണ തന്നെയാണ് സിനിമയിലും അഭിനയിക്കുന്നത് എന്നൊരു സവിശേഷതയുണ്ട്) ഫുട്ബോള്‍ കളിക്കാരനുമായുള്ള സംഭാഷണങ്ങളെല്ലാം എറിക്കിന്റെ സ്വഗതാഖ്യാനങ്ങളാണ്. ആന്ദ്രേ വൈദയുടെ പുതിയ ചിത്രം ‘സ്വീറ്റ് റഷും’ പ്രധാനകഥാപാത്രമായ മാര്‍ത്തയുടെ നാലു നീണ്ട ആത്മാലാപനത്തിലൂടെയാണ് നീങ്ങുന്നത്. കഥ സിനിമയില്‍ നിന്നും പുറത്തേയ്ക്കു പോകുന്നുണ്ട്. മാര്‍ത്തയായി അഭിനയിക്കുന്ന ക്രിസ്തീന ജന്‍‌ദയുടെ ഭര്‍ത്താവ് എഡ്വേര്‍ഡ് ക്ലോസിന്‍സ്കിയുടെ മരണത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. ബോഗസ് എന്ന 20 കാരനുമായുള്ള മാര്‍ത്തയുടെ അടുപ്പമാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്. സിനിമയെ പ്രമേയമാക്കുന്നതുകൊണ്ട് വൈദയും ഒരു കഥാപാത്രമാണ് ഇതില്‍ . രോഗം മരണം ഏകാന്തത സൃഷ്ടിപരത പ്രണയം എന്നിവയൊക്കെ ചര്‍ച്ചാ വിഷയമാകുന്നു എങ്കിലും സിനിമ മടുപ്പിക്കുന്നതെന്ന് പേരു കേള്‍പ്പിച്ചത് ഈ നീണ്ടുപോയ ആത്മാഖ്യാനങ്ങളാല്‍ തന്നെ. (വൈദയ്ക്കിപ്പോള്‍ 83 ആണ് നടപ്പ്. വയസ്സാകുന്നതേയില്ല..) പ്രസിദ്ധനായ മറ്റൊരു സംവിധായകന്‍ മാന്വല്‍ ഡെ ഒളിവേരയ്ക്ക് (പോര്‍ച്ചുഗല്‍ ) 101 വയസ്സുണ്ട് ഇപ്പോള്‍ (ജനനം 1908-ല്‍ 2008-ല്‍ സിനിമയ്ക്കു നല്‍കിയ സേവനങ്ങളെ പുരസ്കരിച്ച് കാനില്‍ നിന്നും ഗോള്‍ഡന്‍ പാം ലഭിച്ചു) . അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘എക്സെണ്ട്രിസിറ്റീസ് ഓഫ് എ ബ്ലോണ്ട് ഗേള്‍ ’ കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രം നീളമുള്ള ഒന്നാണ്. മകാറിയോ എന്ന മനുഷ്യന്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ സഹയാത്രികയോട് തന്റെ യൌവനകാലപ്രണയപരാജയത്തെക്കുറിച്ച് പറയുന്നതാണ് സിനിമ. സ്വര്‍ണ്ണതലമുടിക്കാരിയുടെ ഇളക്കം എന്തായാലും സിനിമ പൊതുവേ നല്ല അഭിപ്രായമല്ല ഉണ്ടാക്കിയിട്ടുള്ളത്. അസ്തൂറിയാസിന്റെ പ്രസിദ്ധ നോവല്‍ ‘ദി പ്രസിഡന്റിനെ’ പല നിലയ്ക്കും ഓര്‍മ്മയില്‍ കൊണ്ടു വരുന്ന ചലച്ചിത്രമാണ് റൌള്‍ പെക്കിന്റെ ‘മൊളോക്ക് ട്രോപ്പിക്കല്‍ ’. ഹെയ്തിയിലെ ഏകാന്തമായ കൊട്ടാരത്തില്‍ താമസിക്കുന്ന പ്രസിഡന്റിന്റെ അന്തഃസംഘര്‍ഷങ്ങളും ക്രൂരതകളും ഒപ്പിയെടുത്ത ഒരു ചിത്രം. അധികാരത്തിന് ചീഞ്ഞ ലൈംഗികതയുമായുള്ള ബന്ധത്തെ യോസ ‘ആടിന്റെ വിരുന്ന്’ എന്ന പുസ്തകത്തിലും അസ്റ്റൂറിയാസ് ‘പ്രസിഡന്റിലും’ (വിജയന്‍ ധര്‍മ്മപുരാണത്തിലും ) ചര്‍ച്ച ചെയ്തിട്ടുള്ളത് തന്നെ സിനിമയിലും നാം മറ്റൊരു വിധത്തില്‍ കാണുന്നു. വിഷ്വലുകളുടെ ശക്തിയാല്‍ സിനിമ നേരിട്ടൊരു സംവേദനം പ്രേക്ഷകരുമായി സാധ്യമാക്കുന്നു. കോങ്കണ്ണനായ ഒരു അഭയാര്‍ത്ഥി കുട്ടിയുടെ (റ്റെടോ) അലച്ചിലിനെ ഹൃദയാവര്‍ജകമായി ആവിഷ്കരിച്ച കസാക്കിസ്താന്‍ സിനിമയാണ് ജോര്‍ജ് ഒവാഷ്‌വില്ലിയുടെ ‘ദ അദര്‍ ബാങ്ക്’. ബാള്‍ക്കന്‍ സിനിമകളിലും പാലസ്തീന്‍ സിനിമകളിലും ആവര്‍ത്തിച്ചു വരുന്ന വീടു നഷ്ടപ്പെടുക എന്ന പ്രമേയമാണ്, അബ്ഖാസിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അദര്‍ ബാങ്കും ചിത്രീകരിക്കുന്നത്. പട്ടാളത്തിന്റെ ക്രൂരതയും ജനങ്ങളുടെ നിസ്സഹായതയും അനാഥത്വവും വംശവിദ്വേഷങ്ങളും ചിത്രീകരിക്കപ്പെടുന്നു. ലൈംഗികതയും ഏകാന്തതയും പോലെ സ്വദേശം നഷ്ടപ്പെടലും അലച്ചിലും സാര്‍വലൌകികമായി സ്വീകരിക്കപ്പെടുന്ന ആശയമാണ്. പരിചിതമായ ആശയങ്ങള്‍ സിനിമകളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള വേവലാതിയാണ് സിനിമകളുടെ നിലവാരം താഴേയ്ക്കു പോകുന്നോ എന്ന ഉത്കണ്ഠയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നിപ്പോള്‍ തോന്നുന്നു.

രാവിലത്തെ ആദ്യപ്രദര്‍ശനം (തരം പോലെ ഇത് 9 മണിമുതല്‍ 10 മണിവരെ നീളും) കഴിഞ്ഞാല്‍ അടുത്ത സിനിമ ആര്‍ക്കും കാണാനാവാത്ത വിധത്തിലാണ് പ്രദര്‍ശനസമയം ക്രമീകരിച്ചിരിക്കുന്നത്. 11.30 നു തുടങ്ങിയ അബ്ബാസ് കിറോസ്താമിയുടെ ‘ഷിറിന്‍ ’കാണാന്‍ പറ്റാതെ പോയത് സ്വീറ്റ് റഷ് വിട്ടത് 11.30 തന്നെ ആയതുകൊണ്ടാണ്. അതിന്റെ നിരാശ ചില്ലറയല്ല. ധന്യയില്‍ സിനിമകള്‍ നേരത്തെ റിസര്‍വു ചെയ്ത് ആളുകള്‍ കയറുന്നതിനെതിരെ ഒരൊറ്റയാള്‍ പ്രതിഷേധമുണ്ടായിരുന്നു. നതിംഗ് പേഴ്സണലിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ്. വാതില്‍ കാവല്‍ക്കാര്‍ക്ക് അമര്‍ത്തിച്ചിരിക്കാനുള്ള വകയായി. എന്തു കാണാനായിരുന്നു പ്രതിഷേധം എന്ന് ! ഇത്തവണ സിനിമകള്‍ തീരുമ്പോള്‍ കൈയടികളില്ല. അപൂര്‍വം ചിലതിന് അങ്ങും ഇങ്ങും മാത്രം ചില കൈയൊച്ചകള്‍ ! എന്നാലും ഒരൂക്ക് കുറവ്. എന്ന് വച്ച് സിനിമകള്‍ പൊതുവേ കൊള്ളാത്തവയാണെന്ന തീരുമാനത്തിലേയ്ക്ക് എടുത്തുചാടേണ്ടി വരുമോ, നാലുക്കൊപ്പം? ഒരു ഫെസ്റ്റിവലില്‍ എത്ര സിനിമകള്‍ നന്നായാല്‍ ആ ഫെസ്റ്റിവല്‍ നന്നായെന്ന് സാകൂതം പറയാന്‍ പറ്റും..?
അപ്പോഴും പ്രശ്നം ഇരുട്ടത്തിരുന്ന് തുറിച്ചുനോക്കുന്നുണ്ട് ...
ഈ നന്നാവലിന്റെ മാനദണ്ഡം എന്താണ്....?

December 11, 2009

സിനിമാക്കാഴ്ചകള്‍ - ഒന്ന്


പതിവുപോലെയല്ല രണ്ടു ദിവസം മുന്‍പേ ഫെസ്റ്റിവല്‍ പുസ്തകം കിട്ടി. ഏതൊക്കെ സിനിമകള്‍ കാണണമെന്ന ആസൂത്രണം നിര്‍മ്മിക്കാന്‍ അത്രയും മതി. പിന്നെയുള്ളത് ഏതു ദിവസം ഏതിനുവേണ്ടി മാറ്റി വയ്ക്കണം എന്നുള്ളതാണ്. അതിന് ഷെഡ്യൂള്‍ വരണം. അതു പതിവുതെറ്റിക്കാതെ ഇത്തവണയും താമസിച്ചേ വന്നുള്ളൂ. എങ്കിലും സാരമില്ല. ആദ്യദിവസം തന്നെ ആഫ്രിക്കയുടെ ജെറുസലേമയും (റാഫ് സിമാന്‍) അമേരിക്കയുടെ ടേക്കിംഗ് വുഡ്സ്റ്റോക്കും ( ആങ് ലീ) പോളണ്ടിന്റെ സ്വീറ്റ് റഷും (ആന്ദ്രേ വൈദ) ഒരേ സമയത്ത് കേറി വന്നതായിരുന്നു തുടക്കത്തിലെ പ്രശ്നം. (എല്ലാം 2.30-3.00 സമയത്ത്) പ്രാതലിനെടുത്ത് ബ്രെഡ് താഴെ വീഴുകയാണെങ്കില്‍ വെണ്ണപുരട്ടിയഭാഗത്ത് മണ്‍നുപുറളുന്ന രീതിയിലേ വീഴുകയുള്ളൂ എന്ന സിദ്ധാന്തം വച്ച് ഏറ്റവും മോശമായതായിരിക്കും നമ്മള്‍ തെരെഞ്ഞെടുക്കുക. ഞാനും അതെ. ആങ് ലീ വല്ലാതെ വലിച്ചിഴച്ച് നിരാശപ്പെടുത്തി. അതങ്ങനെയേ പറ്റുകയുള്ളായിരിക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷനു ചുറ്റും അമേരിക്കന്‍ ഉള്‍നാടുകള്‍ പോലും കിടന്നു കറങ്ങിയിരുന്ന 60-കളുടെ അവസാനമാണ് കാലം. ഒരു തലമുറയുടെ ഭാഗധേയം നിര്‍ണ്ണയിച്ച സംഗീതോത്സവത്തിന് അരങ്ങൊരുക്കാന്‍ ആകസ്മികമായി കിട്ടിയ അവസരത്തെ സന്ദര്‍ഭോചിതമായി ഉപയോഗപ്പെടുത്തിയ എലിയറ്റിന്റെ കഥയാണ് സിനിമ. യുവത്വം മാമൂല്‍‌പ്രിയത്വത്തില്‍ കടിച്ചു തൂങ്ങുന്ന വാര്‍ദ്ധക്യത്തെ സ്വാധീനിച്ച് വശപ്പെടുത്തുന്നതിന്റെ ആവിഷ്കാരമാണ് ഒരര്‍ഥത്തില്‍ സിനിമ. വാര്‍ദ്ധക്യം നിമിഷം പ്രതി യുവത്വത്തെ കീഴടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ജനം കൈയ്യടിക്കാന്‍ മറന്ന് ഇരുന്നു പോയത് സ്വാഭാവികം. ചില സൈക്കഡലിക് കാഴ്ചകളുടെ ഭംഗി അങ്ങിങ്ങായി ചിതറിക്കിടക്കുന്നതു ഓര്‍ക്കാതിരിക്കുന്നില്ല. എന്നാലും മൊത്തത്തില്‍ യുവത്വത്തെ എങ്ങനെ ഇത്ര ഇഴയുന്നതാക്കി എന്നാലോചിച്ചാലോചിച്ചാണ് ഇതു കണ്ടില്ലേലും നഷ്ടമൊന്നും വരാനില്ലായിരുന്നു എന്നു ഞാന്‍ യുക്തിവിചാരം പൂകുന്നത്.

പ്രണയവും വിഷാദവും ഏകാകിതയും സംഗീതവും ചേര്‍ന്നു നിര്‍മ്മിച്ച ഇഴയടുപ്പം ബള്‍ഗേറിയയുടെ ഈസ്റ്റേണ്‍ പ്ലേയ്സ് -ന്റെ നിറച്ചാര്‍ത്താണ്. പാമ്പുകള്‍ ചുവരില്‍ നിന്ന് ഇഴഞ്ഞു വീഴുന്ന, വെളുത്തമുറിയിലെ ഏകാന്തമായ കിടക്കയില്‍ ഞാന്‍ പനിച്ചു വിറയ്ക്കുകയാണ്. തരൂ.. എനിക്ക് പ്രണയത്തിന്റെ ഇഞ്ചക്ഷന്‍ എന്നൊരു പാട്ടുണ്ട് അതില്‍ . സ്വന്തം അനുജന്‍ കൂടി ഉള്‍പ്പെട്ട നവനാസികളുടെ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്ത തുര്‍ക്കി പെണ്‍‌കുട്ടിയോട് ഇത്‌സോ എന്ന കലാകാരനു തോന്നുന്ന ശക്തമായ പ്രണയമാണ് സിനിമയുടെ പ്രമേയം. അവള്‍ അയാളെ വിട്ടു പോയി. അയാള്‍ക്ക് ലോകത്തെ മുഴുവന്‍ സ്നേഹിക്കണമെന്നുണ്ട്. എല്ലാവരെയും ആലിംഗനം ചെയ്യണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ലെന്ന് പ്രണയ്ം കൊണ്ട് പനിച്ച് വിറച്ച് അയാള്‍ സൈക്യാട്രിസ്റ്റിനോട് പറയുന്നു. അമെന്‍ കലേവ് സംവിധാനം ചെയ്ത ‘പൌരസ്ത്യ നാടകങ്ങള്‍ ’ ആങ് ലീയുടെ സിനിമ പോലെ കാനില്‍ തെരെഞ്ഞെടുക്കപ്പെട്ടതായിരുന്നു.

കണക്കനുസരിച്ച്, ക്യൂബയുടെ ലാസ്റ്റ് സപ്പറായിരുന്നു പതിനാലാമതു കേരളചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യചിത്രം. രാവിലെ ഒന്‍പതുമണിക്ക് അതുമാത്രമായിരുന്നു സിനിമ. മറ്റൊരു തിയേറ്ററിലും സിനിമയില്ല. (കൃപയില്‍ ഇന്ന് സിനിമയേ ഉണ്ടായിരുന്നില്ല. അവിടെ കാണിക്കാന്‍ വച്ചിരുന്ന സിനിമകള്‍ -ജെറുസലേമ അവിടെയായിരുന്നു! - ഇനിയുള്ള ദിവസങ്ങളില്‍ എങ്ങനെ സംവിധാനം ചെയ്യപ്പെടുമെന്ന് കണ്ടറിയണം ) തെണ്ടികളെ അണിനിരത്തിയും പാവാടപൊക്കിച്ചു ഫോട്ടോയെടുത്തുമാണ് ലൂയി ബുനുവല്‍ വിറിഡിയാനയില്‍ അവസാനത്തെ അത്താഴത്തിന്റെ പാരഡി ഒരുക്കിയതെങ്കില്‍ തോമസ് ഗുട്ടിരസ് അലിയ സംവിധാനം ചെയ്ത് 1976-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം യജമാനന്‍ അടിമകളുമായി അത്താഴം കഴിക്കുന്നതിന്റെ ചിത്രീകരണമാണ്. സ്വാഭാവികമായും അത് അടിമകളുടെ അവസാനത്തെ അത്താഴമായി പരിണമിക്കുന്നു. ഇവിടെ പെസഹ വ്യാഴവും ദുഃഖവെള്ളിയും ഉയിര്‍ത്തെഴുന്നേല്‍പ്പുദിവസവും എല്ലാം വിരുദ്ധയുക്തി കൈക്കൊണ്ട് നില്‍പ്പാണ്. അത്താഴത്തിനിടെ വാഗ്ദാനം ചെയ്യപ്പെട്ട ഒഴിവും സ്വാതന്ത്ര്യവും നല്‍കാത്തതില്‍ പ്രതിഷേധിച്ച അടിമകളുടെ ബഹളത്തില്‍ കൊല്ലപ്പെട്ട ക്രൂരനായ മേല്‍നോട്ടക്കാരന്‍ ക്രിസ്തു തുല്യനായി. വേട്ടയാടപ്പെട്ടവര്‍ കള്ളന്മാരുമായി. ക്രിസ്തു യജമാനനായിരുന്നെന്നും അദ്ദേഹത്തിന്റെ അടിമകളായിരുന്നു ശിഷ്യന്മാരെന്നും ദൈവ(യജമാന)വചനങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിക്കലാണ് അടിമകളുടെ കടമയെന്നും യജമാനനായ തോട്ടം ഉടമസ്ഥന്‍ അതാഴത്തിനിടയ്ക്കിടെ അവരെബോധവത്കരിക്കുന്നുണ്ട്. പന്ത്രണ്ട് അടിമകളെയും കഴുത്തറുത്ത് മരക്കുന്തത്തിന്റെ മുകളില്‍ വയ്ക്കാന്‍ യജമാനന് പന്ത്രണ്ടു പേരെയും കിട്ടിയില്ല. അതിലൊരാള്‍ - നിരന്തരം രക്ഷപ്പെടുന്നതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരുന്ന ഒരാള്‍ - പറക്കുന്ന പക്ഷികള്‍ക്കൊപ്പവും പായുന്ന കുതിരകള്‍ക്കൊപ്പവും വാക്കത്തിയുമായി രക്ഷപ്പെടുന്നതു ചിത്രീകരിച്ചുകൊണ്ടാണ് സിനിമ തീരുന്നത്. സമഗ്രാധിപത്യങ്ങളെയെല്ലാം ആശ്ലേഷിച്ചു നില്‍ക്കുന്ന രാഷ്ട്രീയപ്രസ്താവമെങ്കിലും വിപ്ലവപൂര്‍വ ക്യൂബയിലെ ഒരു സംഭവത്തിന്റെ നേരാവിഷ്കാരമാണ് സിനിമ എന്നു പറയപ്പെടുന്നു. ചരിത്രം ക്രൂരമായ വിരോധാഭാസമായി തീരുന്ന ചില ഇടങ്ങള്‍ക്കു നേര്‍ക്ക് പരിഹാസത്തോടെ നോക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്.

ഇനി വൈകുന്നേരത്തെ ഉദ്ഘാടന ചിത്രത്തെ വിടാം. തുര്‍ക്കിയുടെ ‘എ സ്റ്റെപ് ഇന്റു ദ ഡാര്‍ക്ക്നസ്സ്’ സംവിധാനം - അറ്റില്‍ ഇനക്ക്. അതില്‍ ലൈംഗികതയോ അതിഭാവുകത്വമോ മെലോഡ്രാമയോ ഇല്ലെന്ന് രാവിലത്തെ പത്രങ്ങള്‍ പാടി. ഇറാക്കില്‍ നിന്ന് തുര്‍ക്കിയിലേയ്ക്ക് രക്ഷപ്പെടുന്ന പെണ്‍കുട്ടിയുടെ കഥ. അത്രയും മതി. കേരളത്തിലെ ഫെസ്റ്റിവലുകളില്‍ ഇറാനും തുര്‍ക്കിയും കൂടുതലാണ്. ഇത്തവണ മലയാളികള്‍ക്കിഷ്ടമല്ലാത്ത ധാരാളം മലയാള പടങ്ങളും ഉണ്ട്. ഇതിനകത്ത് ഒരു കൈകഴുകല്‍ രാഷ്ട്രീയമുണ്ടെന്ന് പത്രപ്രവര്‍ത്തകനായ ഒരു സുഹൃത്ത് പറയുന്നു. സ്വന്തം കഴുത്ത് രക്ഷിക്കല്‍ . ഓര്‍ത്തുനോക്കിയാല്‍ ശരിയാണ്. ലോകമഹായുദ്ധങ്ങളും നാസിക്കെടുതികളും അതിരു വഴക്കുകളും ആഭ്യന്തരകലാപങ്ങളും സമഗ്രാധിപത്യവും കഴിഞ്ഞ് രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും സമീപകാലത്ത് ഉണ്ടാക്കിതീര്‍ത്ത കെടുതികളെ അടയാളപ്പെടുത്തുന്ന സിനിമകളാണ് ഇപ്പോള്‍ സര്‍ഗാത്മകവും സൂക്ഷ്മസംവേദനപരവുമായ ഭാവനകളെ ചലിപ്പിച്ചു തുടങ്ങിയിരിക്കുന്നത് എന്നു പറയപ്പെടുന്നു. എന്നാല്‍ ആസന്നഭൂതകാലത്തെയും പൂര്‍വധാരണകളെയും വിട്ട് ഒരു കളികളിക്കാന്‍ തയ്യാറില്ലാത്ത നമ്മുടെ തെരെഞ്ഞെടുപ്പുകളില്‍ സര്‍ഗാത്മകതയുടെ കലക്കവെള്ളം കയറാന്‍ ഇനിയും സമയമെടുക്കും.
കാത്തിരിക്കാം, അല്ലാതെന്തോന്നു ചെയ്യാന്‍ !

December 4, 2009

മാലാഖമാരും പിശാചുക്കളും


നമ്മുടെ പെണ്‍കുട്ടികളുടെ മേല്‍ രണ്ടുകണ്ണല്ല മിനിമം നാലുകണ്ണെങ്കിലും വേണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. മനോരമമാത്രമല്ല മാതൃഭൂമിയും ഇക്കാര്യത്തിലുള്ള തങ്ങളുടെ വൈകാരിക ഉത്കണ്ഠ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനജിഹ്വകള്‍ ഇങ്ങനെയായതു കൊണ്ട് പൊതുജനത്തിന്റെ അഭിപ്രായമറിയാന്‍ ഇനി എസ് എം എസ് സന്ദേശങ്ങള്‍ പ്രത്യേകം അന്വേഷിക്കണമെന്നില്ല. അപ്പോള്‍ സ്കൂളുകളില്‍ വൈകിയെത്തുന്ന പെണ്‍കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചിന്ത അക്കാദമിക് വിഷയത്തേക്കാള്‍ പൌരസമൂഹത്തെ അലട്ടുന്നതില്‍ തെറ്റ് കാണുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്കാണ് തകരാറ്. വൈകി വരുന്ന കുട്ടികളെ -പെണ്‍കുട്ടികളെ - അവര്‍ വന്ന സമയം വച്ച് എന്തുകൊണ്ടു വൈകി എന്ന് എഴുതിക്കുകയും ഇനി വൈകില്ലെന്ന് എഴുതി വാങ്ങുകയും ചെയ്യുന്നതാണ് സ്കൂളുകളില്‍ അനുവര്‍ത്തിച്ചു വരുന്ന ഒരു രീതി. എന്നിട്ടും വൈകുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി പിഴ ഈടാക്കാന്‍ തുടങ്ങുന്നു. എല്ലാ കുട്ടികളും പിഴ നല്‍കാന്‍ കഴിവുള്ളവരല്ല. അപ്പോള്‍ അവരെ എന്തു ചെയ്യണം. തലസ്ഥാനത്തെ ഒരു പെണ്‍പള്ളിക്കൂടം ഒരു ദിവസം പതിനാറും പതിനേഴും വയസ്സുള്ള വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാളിന്റെ റൂമിലെ തറയില്‍ ഇരുത്തി. അവിടെ കയറി ഇറങ്ങിയവരൊക്കെ പിച്ചക്കാരെപ്പോലെ നാലു പ്രായപൂര്‍ത്തിയായ കുട്ടികള്‍ തറയിലിരിക്കുന്നതു കണ്ടു ചിരിച്ചു. സ്കൂള്‍ അഡ്മിനിഷ്ട്രേഷന്‍ കാര്യത്തില്‍ പ്രിന്‍സിപ്പാളി -അവര്‍ സ്ത്രീയാണ്- നുള്ള ശുഷ്കാന്തി കണ്ട് ഉള്ളാലെ സന്തോഷിച്ചു.

നടന്ന കഥയാണ്. കഷ്ടിച്ച് ഒരാഴ്ചയ്ക്കു മുന്‍പ്. കൌമാരക്കാരായ കുട്ടികളുടെ പ്രശ്നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമായി ഒരു സൈക്കോളജിസ്റ്റിനെ വിളിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യം സൂചിപ്പിക്കാനിടയായി. ഇത്തരം ശിക്ഷണനടപടികള്‍ ഉണ്ടായാല്‍ കുട്ടികളുടെ മനസ്സിനെ ബാധിക്കാത്ത തരത്തില്‍ അവര്‍ക്ക് കൌണ്‍സിലിംഗ് നല്‍കുകയാണ് വേണ്ടത് എന്നായിരുന്നു അവരുടെ ആദ്യപ്രതികരണം. പറഞ്ഞയാളും സ്ത്രീയാണ്. അപ്പോഴും പിന്നീട് ചര്‍ച്ചാ വിഷയമായപ്പോഴും നാലുകുട്ടികളുടെ മാനുഷികമായ അവകാശം എന്തിന്റെ പേരിലായാലും അവഹേളിക്കപ്പെട്ടത് (അതിലൊരു കുട്ടി വൈകിയത് സുഖമില്ലാത്ത അമ്മയുമായി ആശുപത്രിയില്‍ പോയതുകൊണ്ടാണെന്ന് അമ്മ വന്ന് പറയേണ്ടി വന്നു) ഒരു വിഷയമാവുന്നതേയില്ല. കുറ്റങ്ങള്‍ മുഴുവന്‍ കുട്ടികളുടെ, അതും പെണ്‍കുട്ടികളുടെ ആയി തീരുന്ന വിചിത്രമായ സാമൂഹികാവസ്ഥയാണ് നമ്മുടേത് എന്ന് ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചു പറയുന്നു ഈ സംഭവം. നീതികേടിനെതിരെ വിരല്‍ ചൂണ്ടുക എന്നത് ആരുടെയും ബാധ്യതയല്ലേ? നീതികേടുമായി രഞ്ജിപ്പിലെത്തി ജീവിച്ചുപോകാനാണ്, പരിശീലനം ഔദ്യോഗികമായി തന്നെ വേണ്ടതെന്ന ചിന്ത പ്രാമാണ്യം നേടിയിരിക്കുകയാണ് ഇപ്പോള്‍ . വൈകി വരുന്ന പെണ്‍കുട്ടികളെല്ലാം ആണ്‍കുട്ടികളുമായി കറങ്ങാന്‍ പോയിട്ട് കറക്കം കഴിഞ്ഞു എന്നാലിനി കുറച്ചു പഠിച്ചുകളയാം എന്ന ലാസ്യഭാവത്തോടെ സ്കൂളില്‍ വരുന്നവരാണോ? ജപ്പാന്‍ കുഴിയും സമയക്രമമില്ലാത്ത സര്‍ക്കാര്‍ - സ്വകാര്യ ബസ്സുകളും തോന്നിയ സമയത്ത് കുട്ടികളെക്കൊണ്ടിറക്കിയാലും വൈകിയതിന്റെ പേരില്‍ ഒരു നേരത്തെ ആഹാരം വേണ്ടെന്നു വച്ച് അല്ലെങ്കില്‍ വൈക്കേരം വീട്ടിലേയ്ക്ക് നടക്കാമെന്നു വച്ച് ആ പണം പിഴയായി ഒടുക്കേണ്ടവരാണോ നമ്മുടെ പെണ്‍കുട്ടികള്‍ ?

സ്കൂളുകളില്‍ അപൂര്‍വമായി ഭാവന വിടന്നു വിലസുന്ന ഇടമാണ് ബ്ലാക്ക് ബോഡുകള്‍ ‍, ഒരു സ്കൂളില്‍ വന്നവരും വരാത്തവരുമായ കുട്ടികളുടെ എണ്ണം അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് ഇത്തരമൊരു ഭാവന പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ ഇടയായി. ക്ലാസില്‍ പ്രസന്റായവരെല്ലാം മാലാഖമാര്‍ (ഏഞ്ചത്സ്) വരാത്തവര്‍ (ആബ്സെന്റ്സ്) , പിശാചുകള്‍ (ഡെവിള്‍സ്). ഏതു ചെറിയ കാര്യത്തിലും നമ്മളുദ്ദേശിക്കാത്ത മുന്‍‌ധാരണകളും വിദ്വേഷങ്ങളും കേറി മനസ്സുകളെ കൈയ്യേറ്റം ചെയ്യുമെന്നുള്ളതുകൊണ്ട് നിരുപദ്രവകരവും അതിലേറേ തമാശയുള്ളതും എന്നു നാം തെറ്റിദ്ധരിക്കുന്ന ഈ ബോഡെഴുത്ത് അപകടകരമായ ഒരു മുന്‍‌വിധിയെ മുന്നോട്ടു വയ്ക്കുന്നു. +2 -ലെ ശ്രീകല എന്ന 18 കാരി പെണ്‍‌കുട്ടിയ്ക്ക് അച്ഛനും അമ്മയും ഇല്ല. ഉള്ളത് ഒരു അമ്മൂമ്മയാണ്.(അമ്മയുടെ അമ്മ) അവര്‍ നിത്യ രോഗിയും. സര്‍ക്കാര്‍ ലാവണത്തില്‍ തൂപ്പുകാരിയായിരുന്ന അവര്‍ വയ്യാത്തകാലത്ത് ഒരു പെണ്‍കുട്ടിയ്ക്ക് ചെലവിനു കൊടുക്കുന്നതും സ്വന്തം കൂരയിലെ കട്ടിലിനു താഴെ ഉറങ്ങാന്‍ അനുവദിക്കുന്നതും മോക്ഷം കിട്ടുമെന്ന ചിന്തകൊണ്ടല്ല. മറിച്ച് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവര്‍ക്കൊരു സഹായമാവുമെന്നു വച്ചിട്ടാണ്. ശുശ്രൂഷ, വീട്ടു ജോലി, പഠനം ഇവയെല്ലാം പലപ്പോഴും കൂട്ടിതൊടുവിക്കാന്‍ പറ്റാത്തതു കൊണ്ട് ശ്രീകല മിക്കവാറും സ്കൂളില്‍ വരാറില്ല. കൊണ്ടു വിടാന്‍ അച്ഛനോ അമ്മയോ ഒക്കെയുള്ള, ട്യൂഷനുപോകുന്ന, ക്ലാസിലുള്ള ബാക്കി 59 കുട്ടികള്‍ക്കു മുന്നില്‍ ഇടയ്ക്കിടയ്ക്ക് ഡെവിളാകുന്ന, എന്നിട്ടൊടുവില്‍ മോചനമില്ലാതെ സ്ഥിരം ‘പിശാചായി’ എന്നെന്നേയ്ക്കുമായി എങ്ങോട്ടോ മറഞ്ഞ ഒരു കുട്ടി ഈ ശ്രീകലയാണ്.

ടെക്നോപാര്‍ക്കില്‍ ഈയിടെ ജോലിക്കു ചേര്‍ന്ന ഒരു പെണ്‍കുട്ടി ബസ്സില്‍ മുപ്പത്തഞ്ചിലധികം പ്രായം തോന്നാത്ത ഒരു മനുഷ്യന്റെ അടുത്തു ചെന്നിരുന്നപ്പോള്‍ അയാള്‍ തീയില്‍ തൊട്ടതുപോലെ ചാടിയെണീറ്റ് ചീത്ത വിളിച്ചത്രേ. അയാളുടെയും അയാളുള്‍പ്പെട്ട സമൂഹത്തിന്റെയും സ്വച്ഛവും മാന്യവുമായ ഒരു സംസ്കാരത്തെ ജീന്‍സിട്ട പെണ്ണ് തകര്‍ത്തു കളഞ്ഞു! സമാനമായ ഒരു സംഭവത്തില്‍ ഉത്തരേന്ത്യന്‍ പയ്യന്റെ ചെകിട്ടത്തടിച്ചത് 40-ലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയാണ്. മലയാളി മദ്ധ്യവയസ്കര്‍ ഉള്ളില്‍ പേറി നടക്കുന്നത് ടണ്‍ക്കണക്കിനു ലൈംഗികമാലിന്യമാണ്. ഒരിടത്തും ഇറക്കി വയ്ക്കാന്‍ അവന്റെ/അവളുടെ മാന്യത അനുവദിക്കുന്നില്ല. അതിന്റെ അപകൃഷ്ടത മലയാളിയുടെ വാക്കിലും നോക്കിലും കപടനാട്യങ്ങളിലും ഉണ്ട്. തൊട്ടടുത്തിരിക്കുന്നത് വ്യക്തിത്വമല്ല, ലൈംഗികാവയവങ്ങളാണെന്ന് മാത്രം ഉറച്ചുപോയ ബോധം ഉള്ളതുകൊണ്ടാണ് ഈ പാവങ്ങള്‍ ഞെട്ടുന്നത്. ആരുടെ കുറ്റം? അങ്ങനെയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ സമൂഹം അവര്‍ക്ക് അവസരം നല്‍കിയിട്ടില്ല. വൈകി വരുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ കറങ്ങാനാണ് പോയതെന്നല്ലാതെ മറ്റൊന്നും പൊതു സമൂഹത്തിന്റെ (അദ്ധ്യാപകര്‍ക്ക്/സമൂഹത്തിന്/ പോലീസിന്/പത്രങ്ങള്‍ക്ക്/ മാതാപിതാക്കള്‍ക്ക്) തലയ്ക്കുള്ളില്‍ പൊടിക്കുന്നില്ലെന്നുള്ളത് നാം ജീവിക്കുന്ന ജീവിതത്തിന്റെ നരകക്കുഴിയെ വെടിപ്പായി വെളിവാക്കി തരുന്നുണ്ട്. (അല്ലാ, ഇവര്‍ ഇഷ്ടമുള്ളവരോടൊപ്പം കറങ്ങി നടന്നാല്‍ എന്തു സംഭവിക്കും? ലോകം 2012-നു മുന്‍പ് വെടി തീരുമോ?) ഈ ലൈംഗികപരിശുദ്ധീനിര്‍മ്മാണത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ്? ഇവരെ വിശ്വാസത്തിന്റെ ആഭരണങ്ങളും പട്ടുസാരിയും ധരിപ്പിച്ച് ‘കൊള്ളരുതാത്ത’ ഒരുത്തന്റെ കൂടെ കെട്ടിച്ചു വിടാനോ? എന്നിട്ട്? മുന്‍പ് അച്ഛനമ്മമാരുടെ മാത്രം വേദനയായിരുന്ന ഉത്തരവാദിത്വമാണ് സമൂഹം ഒന്നടങ്കം ഏറ്റെടുത്ത് കൊണ്ടാടുന്നത് അതും നഖം നനയാതെ! നമ്മുടെ പെണ്‍ കുട്ടികള്‍ സ്വയം ചിന്തിക്കരുത്, സ്വന്തം ശരീരത്തില്‍ പോലും അവകാശം കാണിക്കരുത്, വിമര്‍ശനം അരുത്, ആത്മവിശ്വാസം ഒട്ടും അരുത്, ആശ്രയമില്ലാതെ ഒന്നും പ്രവര്‍ത്തിക്കരുത്, ഇഷ്ടമുള്ളത് ചെയ്യരുത്. സമ്പൂര്‍ണ്ണവിധേയത്വമുള്ള അടിമയായിരിക്കുക. എന്നാല്‍ ഒരു കുഴപ്പവും ഇല്ല. ലോകത്തിനു സുഖം വരും ! ഇങ്ങനെയാണ് സമൂഹം മാലാഖമാരെ സൃഷ്ടിക്കുന്നത്. പിശാചുക്കളുടെ എണ്ണം കുറയുകയാണ്. ഭൂമിമലയാളം നന്നാവുന്നതിന്റെ ലക്ഷണമായിരിക്കും !

ചിത്രം : www.smh.com.au

November 22, 2009

ഉടമസ്ഥത -തമിഴ് കവിത



പരുന്തിന്‌
ആകാശം

മീനിന്
ജലം

കടുവയ്ക്ക്
കാട്‌
കന്നിന്
തൊഴുത്തു്

ദൈവത്തിന്
ക്ഷേത്രവും
പ്രേതത്തിന്
ശ്മശാനവും.

മനുഷ്യനു മാത്രമാണ് -
വീടും ലോകവും
അകവും പുറവും
നില്‍പ്പും ഓര്‍മ്മയും...

- വിക്രമാദിത്യന്‍
1947-ല്‍ ജനിച്ചു. 13 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം രണ്ടു ചെറുകഥാസമാഹാരങ്ങളും രണ്ടു ഗദ്യകൃതികളും. കവിതയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ചിത്രം : www. browsei.com

November 16, 2009

ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം



ഒരിക്കല്‍ ഒരു പ്രസിദ്ധകവിയെ സഭ്യമല്ലാത്ത ഒരിടത്ത് വച്ച് ഒരു ആരാധകന്‍ കണ്ടുമുട്ടി. അപ്പോള്‍ കവിയ്ക്ക് ചുറ്റും സ്വതവേ ഉള്ള പ്രഭാവലയം ഉണ്ടായിരുന്നുമില്ല. ആരാധകന് ആകെ അദ്ഭുതമായി. കാരണം തിരക്കിയപ്പോള്‍ കവി പറഞ്ഞത് തന്റെ പ്രഭാവലയം ആള്‍ക്കൂട്ടത്തില്‍ തിക്കിതിരക്കുന്നതിനിടയില്‍ താഴെ വീണു പോയി എന്നാണ്. തിരക്ക് അസാധാരണമായിരുന്നതിനാല്‍ കുനിഞ്ഞെടുക്കാന്‍ പറ്റിയില്ല. ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ഏതു സമയവും ഇടിച്ചിട്ടേക്കാം എന്നു തോന്നി. പ്രഭാവലയത്തേക്കാള്‍ വലുതല്ലേ ജീവന്‍ . അതു നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം പ്രഭാവലയം ഇല്ലാത്തതുകൊണ്ടല്ലേ ഇതുമാതിരിയുള്ള സ്ഥലങ്ങളില്‍ വരാന്‍ കഴിഞ്ഞത്. മാത്രമല്ല. ഏതെങ്കിലും രണ്ടാം കിടകവിയ്ക്ക് അതു കിട്ടുമായിരിക്കും. അയാള്‍ അര്‍ഹതയില്ലാതെ അതും തലയില്‍ ചൂടി നടക്കുന്ന കാഴ്ച കണ്ട് ഗൂഢമായി ആനന്ദിക്കാനുള്ള അവസരവും ഇനി കിട്ടുമല്ലോ..!

പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞതും എഴുത്തുകാരന്റെ മരണശേഷം വെളിച്ചം കണ്ടതുമായ ഒരു കഥയാണ് മുകളില്‍ കൊടുത്തത്. എഴുതിയത് ലോകമെമ്പാടുമുള്ള സിംബലിസ്റ്റുകളുടെ പ്രിയകവി ബോദ്‌ലയര്‍ . ദൈവത്തിന്റെ ഭാവന അത്ര പോരെന്ന് തുറന്നടിച്ച ഫ്രഞ്ചുകാരന്‍. ഈ കഥയെ ഇല്ല്യൂമിനേഷന്‍സ് എന്ന വിഖ്യാത പുസ്തകമെഴുതിയ വാള്‍ട്ടര്‍ ബെഞ്ചമിന്‍ സാമൂഹികശാസ്ത്ര ദൃഷ്ട്യാ വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതുതരം പരിവേഷവും ഒരു വച്ചുകെട്ടാണ് എന്ന ബോധ്യം നിസ്സാരമായ കാര്യമല്ല. എന്നാലും അതല്ല, കഥയുടെ അവസാനഭാഗത്തെ പരിഹാസമാണ് കുറച്ചുകൂടി ഗൌരവം അര്‍ഹിക്കുന്നത് എന്നാണെന്റെ തോന്നല്‍ . ഈ കഥ പങ്കുവയ്ക്കുന്ന ഭാവന, ഭയപ്പെടുത്തുന്ന തരം ഭൂരിപക്ഷ അജ്ഞതയെ സംബന്ധിച്ചും കൂടിയുള്ളതാണ്. ഈസോപ്പിന്റെ കഥയിലെ കുരങ്ങന്മാരെ ഉപദേശിക്കാന്‍ പോയ കുരുവിയുടേതിനു സമാനമായ ഏകാകിതയുടെയും പീഡനാനുഭവത്തിന്റെയും ഭാവതലമാണത്. ദൈനംദിനാനുഭവങ്ങളുടെ ഉപരിതലം മാത്രമാണ് സാധാരണജനം അറിയുന്നത്. അനുഭവഘടനകളുടെ ആഴം കവികള്‍ക്ക് പ്രത്യേകിച്ച് സര്‍ഗാത്മക എഴുത്തുകാര്‍ക്ക് മാത്രം പ്രാപ്യമായ സംഗതിയാണ്. അനുഭവത്തെ നിര്‍വ്യക്തികവും സാര്‍വജനീനവുമാക്കുന്നത് ഈ ആഴക്കാഴ്ചകളാണ്. ആ നിലയ്ക്കാണ് കവിയും ബുദ്ധിജീവിയാകുന്നത്. പഠനമനനങ്ങളിലൂടെ സവിശേഷമായി ആര്‍ജ്ജിച്ച ജ്ഞാനരൂപങ്ങളെ സാമൂഹികമോ സാംസ്കാരികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ പ്രശ്നങ്ങളുടെ വിശകലനത്തിനും പരിഹാരനിര്‍ദ്ദേശത്തിനുമായി പ്രയോഗിക്കുന്ന ഒരാളാണ് ബുദ്ധിജീവി. സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ കെല്‍പ്പുള്ള ഉന്നതമായ ചിന്തകള്‍ക്കും ദിനസരികളില്‍പ്പെട്ട് നട്ടം തിരിയുന്ന സാമാന്യഭൂരിപക്ഷത്തിനും ഇടയില്‍ പാലം പണിയുന്നത് എണ്ണത്തില്‍ കുറഞ്ഞ ഈ അനംഗീകൃത നിയമനിര്‍മ്മാതാക്കളാണ് എന്നൊരു പരമ്പരാഗത വിശ്വാസമുണ്ട്. പക്ഷേ ബുദ്ധിജീവിയ്ക്ക് വ്യാപകമായി ഒരു മഹിമാ പരിവേഷമില്ല. പ്രബുദ്ധകേരളത്തില്‍ ഒട്ടും ഇല്ല. കുളിക്കാത്ത, താടി വളര്‍ത്തിയ, പ്രത്യേകതരം വസ്ത്രം ധരിക്കുന്ന, അലസതയും പരാന്നജീവിതവും വ്രതമാക്കിയ, കടിച്ചാല്‍ പൊട്ടാത്ത വിചിത്രഭാഷയില്‍ സംസാരിക്കുന്ന ജീവിവര്‍ഗമായാണ് കേരളത്തിലെ സവിശേഷമായ സാംസ്കാരികാന്തരീക്ഷത്തില്‍ ബു.ജീ. ചിത്രങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിനൊരു കാരണം ചലനാത്മകതയുടെ കൂമ്പെന്നോ അടഞ്ഞുപോയ കേരളീയസമൂഹത്തില്‍ നിലനില്‍ക്കുന്ന ബുദ്ധിജീവികള്‍ വെറും പകര്‍പ്പുകള്‍ മാത്രമാണ് ഒര്‍ജിനലല്ല എന്ന പൊതുബോധത്തിന്റെ ശക്തമായ വിശ്വാസമാണ്. അപ്പോള്‍ മിമിക്രിയ്ക്കു കിട്ടുന്ന കൈയ്യടിയേ ഏതു ബുദ്ധിജീവി നാട്യത്തിനും ലഭിക്കൂ എന്നു വരുന്നു. രണ്ടാമത്തെകാരണം നിലവിലുള്ള ബുദ്ധിജീവികളുടെ, കാലത്തിനു ചേരാത്ത പെരുമാറ്റ രീതികള്‍ (ബുദ്ധിജീവികള്‍ വരും കാലത്തോടാണല്ലോ സംവദിക്കുന്നത്) സ്വതവേ പരിഹാസവും പരപുച്ഛവും മുഖമുദ്രയാക്കിയ ആള്‍ക്കൂട്ടത്തിനു രുചിക്കാതെ പോകുന്നതാവാം.

കാരണമെന്തായാലും ബുദ്ധിജീവി എന്നത് ഒരു കളിപ്പേരും തമാശയുമൊക്കെയാണ്. ഏതു നിലയ്ക്കായാലും ഇതൊരു ഭീകരമായ അജ്ഞതയുടെ ഫലമാണ്. ഒന്നുകില്‍ നമ്മുടെ സമൂഹത്തില്‍ ഒരു ധൈഷണിക വിഭാഗം ഇല്ലെന്നു മനസ്സിലാക്കാനുള്ള വിവേകം ബഹുഭൂരിപക്ഷം കൈയ്യാളണം. അല്ലെങ്കില്‍ ഉള്ളതെന്തായാലും അവരെ തിരിച്ചറിയാനും കൊള്ളാനും തള്ളാനും തക്കവിധത്തിലുള്ള ഒരു വിവര്‍ത്തനസമൂഹം രൂപപ്പെടുകയും അതുമായി നീക്കുപോക്ക് സാദ്ധ്യമായി വരികയും വേണം. ഇതു രണ്ടും സംഭവിക്കുന്നില്ല. ഈ വിടവാണ് നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വിനിമയങ്ങളെ എല്ലാം ഉള്ളുപൊള്ളയാക്കുന്നത്. ബൌദ്ധികനാട്യങ്ങള്‍ക്ക് കുറവൊന്നുമില്ല. പക്ഷേ ബൌദ്ധികതയുടെ ആധികാരികതയെക്കുറിച്ച് നമുക്ക് സംശയങ്ങള്‍ മാത്രമേ ഉള്ളൂ. അതെന്താ അങ്ങനെ? നിഖില്‍ പദ്ഗാവോങ്കറുമായി നടത്തിയ അഭിമുഖത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ സ്വതന്ത്ര ചിന്തകരില്‍ പ്രമുഖന്‍ എന്നു പേരുകേട്ടയാളും ഓറിയന്റലിസം എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ എഡ്വേഡ് സെയ്ദ് മനുഷ്യാവകാശലംഘനത്തിനും അനീതിയ്ക്കുമെതിരെ ഉണര്‍ന്നിരിക്കുക എന്നതാണ് ബുദ്ധിജീവികള്‍ എന്നു വിളിക്കപ്പെടുന്ന ധൈഷണികരുടെ ഒന്നാമത്തെ ചുമതല എന്നു തീര്‍ത്തു പറഞ്ഞു. നീതിയും അനീതിയും ആര്‍ക്കും എളുപ്പം തിരിച്ചറിയാനാവും. സാഹചര്യത്തോടുള്ള സവിശേഷമായ ബന്ധത്തില്‍ നിന്നാണ് ചരിത്രബോധം ആവശ്യപ്പെടുന്ന സത്യത്തിലേയ്ക്ക് ഒരാള്‍ക്ക് നടന്നു കയറാന്‍ പറ്റൂ.. ഈ സാഹചര്യം വ്യക്തിപരമോ സ്വന്തം സമൂഹത്തിന്റെയോ പരിമിതികളുടെയൊക്കെയോ ആവാം. സാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിയിരിക്കുന്നതിനാല്‍ ബുദ്ധിജീവി ഒരിക്കലും സന്ദേഹമില്ലാത്തവനായി തീരില്ല. ഇതാണ് അയാള്‍ക്ക്/അവള്‍ക്ക് ശത്രുക്കളെ സമ്പാദിച്ചുകൊടുക്കുന്ന ഘടകം. അതേസമയം ദൈവത്തെ ആരാധിക്കുന്ന ബുദ്ധിജീവികളെ താനെന്നും ശക്തമായി തന്നെ എതിര്‍ക്കുമെന്നും സെയ്ദ് കൂട്ടിച്ചേര്‍ത്തു. സ്ഥായിയായ ഒരു മൂല്യബോധമാണ് ബുദ്ധിജീവിയെ ഭരിക്കേണ്ടത്. അതതുകാലത്തെ വീക്ഷണങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിനെ തീണ്ടാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. സത്യമെന്നതു ഒരിക്കലും കണ്ടെത്തുകയില്ലെങ്കിലും എന്താണു സാധ്യമെന്നതിനെക്കുറിച്ച് ഒരു അവബോധം എപ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

സെയ്ദ് നിര്‍ദ്ദേശിക്കുന്ന ബുദ്ധിജീവിചര്യകള്‍ ചില സംശയങ്ങള്‍ ന്യായമായും ഉണ്ടാക്കുന്നുണ്ട്. മൂല്യങ്ങളുടെ സ്ഥിരതയില്‍ ഊന്നുന്ന സെയ്ദ് എന്തിനു ദൈവം എന്ന മൂല്യസഞ്ചയത്തെ തള്ളിക്കളയുന്നു എന്നതാണ് ഒന്നാമത്തെ ചോദ്യം. എങ്കിലും, ധാര്‍മ്മിക ബോധത്തോടെയും ബുദ്ധിപരമായ ഉണര്‍വോടെയും ഇങ്ങനെയൊരു ബുദ്ധിജീവിയായിരിക്കുന്നതില്‍ എന്താണ് തകരാറ്‌? ഭാഷാശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ വിപ്ലവകരമായ ഇടപെടലുകള്‍ നടത്തിയ നോം ചോംസ്കി ഒരഭിമുഖത്തില്‍ അറുത്തു മുറിച്ചു പറഞ്ഞു : “ഞാന്‍ ഒരു ബുദ്ധിജീവിയല്ല, ഭാഷാശാസ്ത്രജ്ഞനും മനുഷ്യനുമാണ്. ലോകരാഷ്ട്രീയ പ്രശ്നങ്ങളിലും സാമൂഹികപ്രശ്നങ്ങളിലും എന്റെ നിലപാടുകള്‍ മനുഷ്യനെന്ന നിലയ്ക്കുള്ളതാണ്. ” ഭാഷാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കുള്ള സ്വാധീനത്തെ മറ്റു മേഖലയില്‍ പ്രയോഗിച്ചിട്ടില്ലെന്നും അതിനു പ്രത്യയശാസ്ത്ര പ്രതിഫലനങ്ങളില്ലെന്നും ചോംസ്കി പറയുന്നതിനെ സൂക്ഷിച്ച് വായിച്ചാല്‍ ബുദ്ധിജീവിയുടെ ചോംസ്കിയന്‍ നിര്‍വചനം നമുക്ക് തെളിഞ്ഞു കിട്ടും. ചോംസ്കി ബുദ്ധിജീവിയല്ലെങ്കില്‍ മറ്റാരാണ് ബുദ്ധിജീവി? മാര്‍ക്സ് തന്റെ നിര്‍വചനമനുസരിച്ച് താന്‍ ശരിയായ മാര്‍ക്സിസ്റ്റല്ലെന്നു പറഞ്ഞതുപോലെ ചോംസ്കി തന്റെ തന്നെ നിര്‍വചനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെട്ട് സത്യസന്ധനാവാനായിരിക്കും വിനയാന്വിതനാവുന്നത്. ബുദ്ധിജീവി നിര്‍വചനത്തിന്റെ പരിധികളെ വലുതാക്കിയ ചിന്തകന്‍ അന്തോണിയോ ഗ്രാംഷിയാണ്. ബുദ്ധിജീവികള്‍ സ്വതന്ത്രമായ ഒരു വര്‍ഗ്ഗമാണോ ഓരോ സാമൂഹിക വര്‍ഗ്ഗത്തിനും പ്രത്യേകം പ്രത്യേകം ബുദ്ധിജീവികളുണ്ടോ എന്നാണ് ഗ്രാംഷി അന്വേഷിച്ചത്.

സാഹിത്യകാരന്മാരോ ദാര്‍ശനികരോ കലാകാരന്മാരോ പത്രപ്രവര്‍ത്തകരോ പുരോഹിതന്മാരോ മാത്രമല്ല ഒരു സമൂഹത്തിലെ ബുദ്ധിജീവിവൃന്ദം. ഗ്രാംഷിയുടെ അഭിപ്രായത്തില്‍ സമൂഹത്തിലെ എല്ലാവരും ബുദ്ധിജീവികളാണ്. പക്ഷേ ബുദ്ധിജീവികള്‍ക്ക് സമൂഹത്തിലുള്ള കര്‍ത്തവ്യം എല്ലാവര്‍ക്കും ഇല്ലെന്നു മാത്രം. നമ്മളെല്ലാം ചിലപ്പോഴെങ്കിലും മുട്ട പൊരിക്കുകയോ പിന്നിക്കീറിയ തുണി തയ്ക്കുകയോ ചെയ്യാറുണ്ടല്ലോ. എന്നു വച്ച് നമ്മളെ ആരും പാചകക്കാരായോ തുന്നല്‍ക്കാരായോ കണക്കാക്കാറില്ല. ബുദ്ധിപരമായ ഇടപെടലുകള്‍ തീര്‍ത്തും ഒഴിവാക്കാവുന്ന ഒരൊറ്റ മാനുഷികപ്രവര്‍ത്തനവും ഇല്ല. അതുകൊണ്ട് ലോകത്തെക്കുറിച്ച് ഇന്നത്തെ ധാരണ നിലനിര്‍ത്തുന്നതിലോ അതു മാറ്റുന്നതിലോ പുതിയ ചിന്താസരണികള്‍ വെട്ടി തുറക്കുന്നതിലോ ഓരോരുത്തരും അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കും. പിന്നെ എവിടെയാണ് വ്യത്യാസം? രണ്ടുതരം ബുദ്ധിജീവികളുണ്ടെന്ന് ഗ്രാംഷി. സമൂഹത്തിന്റെ പുരോഗതിയ്ക്ക് സഹായകമായ നിലപാടെടുക്കുന്നവരോട് ഒത്തുപോകുന്ന ജൈവം (ഓര്‍ഗാനിക്) എന്ന സംഘവും നേരത്തെ പറഞ്ഞ തരത്തിലുള്ള എഴുത്തു തൊഴിലാളികളും തൊണ്ട തൊഴിലാളികളും മാത്രം അടങ്ങിയ പരമ്പരാഗത (ട്രഡിഷണല്‍ ) സംഘവും. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ചരിത്രത്തിന്റെ സന്ധികളിലെല്ലാം ഉണ്ട്. അധികാരവുമായി ബന്ധപ്പെട്ട് എപ്പോഴും രൂപം കൊള്ളുന്ന പരമ്പരാഗതവിഭാഗങ്ങളെ കൂടെകൂട്ടാനും തങ്ങളുടെ ആശയഗതിയ്ക്കനുസരിച്ച് സ്വാധീനിക്കാനും ജൈവസംഘങ്ങള്‍ക്ക് കഴിഞ്ഞപ്പോഴൊക്കെയാണ് പല സമൂഹങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത്.

ലോകത്തെക്കുറിച്ചുള്ള ധാരണയുടെ അടിത്തറ, ചിന്തയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. പേശീ-നാഡീ സന്തുലിതാവസ്ഥ എന്നാണിതിനെ ഗ്രാംഷി വിളിക്കുന്നത്. ഈ പ്രവര്‍ത്തനമാണ് ഭൌതികലോകത്തെയും സാമൂഹിക ലോകത്തെയും തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അഭ്യസിക്കപ്പെട്ട തൊഴിലാളിയും പുത്തന്‍ ബുദ്ധിജീവിസങ്കല്‍പ്പത്തിന്റെ അടിത്തറയാണെന്ന് പറയുന്നത് അതുകൊണ്ടാണ്. ചിന്ത ഒരിടത്തും പ്രവര്‍ത്തനം മറ്റൊരിടത്തുമായി കേന്ദ്രീകരിക്കപ്പെട്ട് വ്യത്യസ്തമായ ദിശകളിലേക്ക് നീങ്ങിയാല്‍ സമൂഹത്തിന്റെ ചലനാത്മകത (മൊബിലിറ്റി) പ്രശ്നസങ്കുലമാവും എന്നു തന്നെയാണ് ചുരുക്കം. തീര്‍ത്തും പുരോഗമനപരമല്ലെന്ന് പറയാവുന്ന സമൂഹത്തിന്റെ കാപട്യങ്ങളില്‍ ഒരു വിള്ളല്‍ കാര്യമായി തന്നെ കാണാം. ചിന്താപ്രക്രിയ ഒരിക്കലും നശിക്കുന്നില്ല. ഇല്ലാതെയാവുന്നത് ശരിയായ ഒരു വിനിമയമാണ്. മനസ്സിലാകായ്ക. മനസിലാക്കാന്‍ വേണ്ടിയുള്ള ഉത്സാഹമില്ലായ്മ, മറുവശത്ത്, മനസ്സിലാക്കാന്‍ വേണ്ടിയുള്ള കാതലില്ലായ്മ. അതുകൊണ്ടുള്ള കപടനാട്യങ്ങള്‍ . ഈ രണ്ടാം പ്രത്യേകതകള്‍ തിരിച്ചറിയണമെങ്കില്‍ തന്നെ ബൌദ്ധികജാഗ്രതയും ധ്യാനമനസ്കതയും വേണമല്ലോ. അതു തിരിച്ചറിയിക്കാന്‍ പ്രാപ്തിയുള്ള ഏകാഗ്രമായ ഒരു ന്യൂനപക്ഷസമൂഹം ഉണര്‍ന്നിരിക്കണമല്ലോ. നമ്മളെത്ര വലിയ വിഷമസന്ധിയ്ക്കു നടുവിലാണെന്ന് തിരിച്ചറിയാന്‍ ഇത്രയും പോരേ? ആര്, ആരാവാനാണ് ശ്രമിക്കുന്നതെന്നൊരു പ്രശ്നം ഇവിടെയുണ്ട്. ബുദ്ധിപരമായ ഉയര്‍ച്ചയ്ക്കും സാമാന്യജനത്തിന്റെ പ്രവൃത്തികള്‍ക്കും ഇടയിലുള്ള പാലം പൊളിഞ്ഞ് അത് ഒരു ചരിത്രവസ്തുവായി ആദരിക്കപ്പെടുന്നതിന്റെ ഉത്സവാഘോഷങ്ങളാണ് സമൂഹത്തില്‍ പൊതുവേ കാണുന്ന ലാഘവമനോഭാവം. അതങ്ങനെ കൂക്കുവിളികളായി, തെറികളായി, ഭീഷണികളായി, ആക്രോശവും കാറിത്തുപ്പലുകളുമായി.. അങ്ങനെ അങ്ങനെ ...

വൈകുന്നേരത്തെ നാട്ടുക്കൂട്ടങ്ങളില്‍ പ്രാദേശിക ബുദ്ധിജീവി എന്ന വിശേഷണം ഇടയ്ക്കിടയ്ക്ക് നിറയുന്നതു കാണാം. ഇല്ലാത്ത ഒന്നിനു രൂപം നല്‍കുകമാത്രമല്ല ഗ്രേഡു നിശ്ചയിക്കുകയും കൂടി ചെയ്യുന്നിടത്തേയ്ക്ക് നീങ്ങിയിരിക്കുന്നു കാര്യങ്ങള്‍ . എടുത്തണിയാന്‍ എത്ര എത്ര പരിവേഷങ്ങളാണ് റോഡരികില്‍ നിന്നും നമുക്ക് കിട്ടുന്നത് ! കൂട്ടത്തില്‍ പറയട്ടേ, ഗ്രാംഷിയെ വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ പി ഗോവിന്ദപിള്ളയും ഇ എം എസും ബുദ്ധിജീവി എന്ന പേരിനെ മാറ്റി ‘ധൈഷണികര്‍ ’എന്ന വാക്കാണ് ഉപയോഗിച്ചത്. ഒരു വാക്കിനു വന്ന അപചയത്തിനു വ്യക്തമായ ഉദാഹരണം ! ഫിലിമോത്സവം തുടങ്ങുകയാണ്. വര @തല സുജിത്തിന്റെ കാര്‍ട്ടൂണുകളില്‍ ഇനി ബുജികള്‍ തലങ്ങും വിലങ്ങും നിറയും. എന്നാല്‍ പോലും ഇതൊന്നുമല്ല, ഈ പോസ്റ്റിന്റെ യഥാര്‍ത്ഥകാരണം. ഇതിനകം ബൂലോകത്ത് പലപാട് പ്രസിദ്ധമായി കഴിഞ്ഞ, അനോനിയുടെ കമന്റിലെ ആ പ്രസിദ്ധ വാചകമാണ്.

“ബുദ്ധിജീവിയാണത്രേ ബുദ്ധിജീവി....”

ചിത്രം : ടി കെ സുജിത്തിന്റെ വര@തലയിലെ ബുജി കാര്‍ട്ടൂണ്‍

November 9, 2009

ഒരു കപ്പ് കാപ്പി കൂടി പ്ലീസ്...



കഫേകളെക്കുറിച്ചാലോചിച്ചപ്പോള്‍ ബി മുരളിയുടെ ഒരു മലയാള കഥയാണ് പെട്ടെന്ന് കയറി വന്നത്. ‘ച വര്‍ഗം താലവ്യമോ?’ പാരീസിയന്‍ കഫേയിലിരുന്ന് കാപ്പി കുടിക്കുകയും പരാജയപ്പെട്ട വിദ്യാര്‍ത്ഥിവിപ്ലവത്തിന്റെ നാനാവശങ്ങളെക്കുറിച്ച് തര്‍ക്കിക്കുകയും ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന മാര്‍ത്തയെയും പിയറിയെയും ആന്ദ്രേയെയും പറ്റിയൊരു കഥ. പുന്നപ്രവയലാറിന്റെ ഓര്‍മ്മയുമായി അതില്‍ കുണ്ടംകുഴി രാമകൃഷ്ണനുമുണ്ട്. അയാള്‍ അന്ന് -അതായത് 1968-ല്‍ ‍- ഫ്രഞ്ചുകാരനായ വ്യൂഗോ രിസ്തായുമായിച്ചേര്‍ന്ന് പാരീസ് തെരുവുകളില്‍ ചിത്രങ്ങള്‍ വരച്ചു വിറ്റു നടക്കുകയായിരുന്നു. വിപ്ലവം ഇനി ഭാഷാശാസ്ത്രം വഴി എന്ന പരിഹാസമാണ് കഥയുടെ മൊത്തം ടോണ്‍ . തേവിടിശ്ശിക്കിളി എന്ന സമാഹാരത്തില്‍ മുകുന്ദന്റേതായിട്ടുമുണ്ട്, ‘കാപ്പിക്കടയില്‍ ‘ എന്നൊരു കഥ. അതു ഗോവയിലെ പെരേരയുടെ കടയാണ്. അവിടെ ബോബെന്ന അമേരിക്കന്‍ വെള്ളക്കാരനും മുകുന്ദനും രാജീവും ഐസക് തോമസും കൂടിയിരുന്ന് ഫ്രാന്‍സിസ് കപ്പോളയെപ്പറ്റി തര്‍ക്കിച്ചു. സാറാ ജോസഫിന്റെ കോഫീ ഹൌസി’ലിരുന്നവര്‍ തര്‍ക്കിച്ചില്ല ആണിടങ്ങളെയും നഗ്നത അശ്ലീലം എന്നിവയെയും പറ്റി വെളിപാടുകള്‍ കൊണ്ടു. ബാലചന്ദ്രന്‍ മുകുന്ദന്‍ ജോണ്‍ ക്ലീറ്റസ് റെജീന എന്നിവര്‍ . കോഫീ ഹൌസിനു പുറത്തപ്പോള്‍ കൊടുങ്കാറ്റ് ചീറ്റിയടിച്ചു. കോഫീ ഹൌസ് ആടി ഉലഞ്ഞു. ഹാരുകി മുറകാമിയുടെ നോവല്‍ ‘ആഫ്റ്റര്‍ ഡാര്‍ക്ക് ’ ഉറക്കമില്ലാത്ത ഒരു കഫേയില്‍ നിന്നാണ് തുടങ്ങുന്നത്. സമയം അപ്പോള്‍ 11.56. ഉറക്കമില്ലാത്തവരുടെയും ഉറങ്ങുന്നവരുടെയും വിചിത്രമായ കഥ. മേരി അസയ് അവിടെ നിന്നിറങ്ങി ദിവസങ്ങളായി ഉറങ്ങിക്കൊണ്ടേയിരിക്കുന്ന അവളുടെ സഹോദരി എറി അസയെ കെട്ടിപ്പിടിച്ചു കിടക്കുന്ന 6.52ന് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു.

ഇല്ലാതെ പോകുന്ന ഒരിടത്തെയാണോ കഫേകള്‍ വിഭാവന ചെയ്യുന്നത്, ചര്‍ച്ച ചെയ്യുന്നതിന്, പ്രണയിക്കുന്നതിന്, കണ്ടു മുട്ടുന്നതിന് നൊമ്പരപ്പെടുന്നതിന് നിശ്ശബ്ദനാവുന്നതിനൊക്കെ കഫേ പലപാട് വന്നു മുട്ടി വിളിക്കുന്നുണ്ട്. സാഹിത്യത്തിലല്ല. നേരിട്ട്. അതൊരു കാലം. ക്യാമ്പസ്സുകളിലെ കഫേ സംവാദങ്ങള്‍ പില്‍ക്കാല ബൌദ്ധികനിലപാടുകള്‍ക്ക് നല്‍കിയ പിന്‍‌ബലത്തെക്കുറിച്ച് ചില ആത്മകഥനങ്ങളെങ്കിലും ഉള്‍പ്പുളകത്തോടെ തിരിഞ്ഞു നോക്കിയിട്ടുണ്ട്. (ഷാജഹാന്‍ മാടമ്പാടിന്റെ അരാവല്ലിയുടെ ഉദയാസ്തമയങ്ങള്‍ മുന്‍പിലുള്ള ഒരു ഉദാഹരണം) യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഉച്ച ഇടവേളകളില്‍ പാളയത്തെ പ്രസിദ്ധമായിരുന്ന കോഫീഹൌസിലേയ്ക്ക് ചിരിച്ചുല്ലസിച്ചു നീങ്ങിയ ആണ്‍പെണ്‍ സൌഹൃദങ്ങളെ, തൊട്ടടുത്ത സ്റ്റാര്‍ ഹോട്ടല്‍ സൌത്ത് പാര്‍ക്കിന്റെ മുകളില്‍ നിന്ന് നോക്കിക്കണ്ടിട്ടാണ് ഐ ജിയും എഴുത്തുകാരനുമായിരുന്ന കൃഷ്ണന്‍ നായര്‍ ‘ആടിയാടി ഉലയുന്ന യൌവനങ്ങളെ’ ഛെ ഛേ... എന്ന് പഴി പറഞ്ഞു കൊണ്ട് മുന്‍പ് കലാകൌമുദിയില്‍ ലേഖനമെഴുതിയത്. കോളേജിന്റെ ശതാബ്ദി ആഘോഷം നടക്കുന്ന വേളയില്‍ ആ വാരികയും ചുരുട്ടിപ്പിടിച്ചു നിന്ന് അന്ന് അന്‌വര്‍ അലി അതിനു ചുട്ട മറുപടി പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന കൃഷ്‌ണന്‍ നായര്‍ കമാ എന്നൊരക്ഷരം മിണ്ടാതെ സ്ഥലവിട്ടു. കാലം തൊണ്ണൂറുകളുടെ തുടക്കം. നഗരത്തിലെ കലാശാലായൌവനങ്ങളുടെ തര്‍ക്കങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും കോഫീഹൌസിലെ വെന്ത കാപ്പിപ്പൊടിയുടെ മണമുണ്ടായിരുന്നു ഒരിക്കല്‍ . കേരളത്തിലുടനീളം രുചികളുടെ ഏകതാനത. തലപ്പാവു വച്ച പരിചാരകന്മാര്‍ . എത്രനേരം വേണമെങ്കിലും ഇരിക്കാമെന്ന സൌകര്യം. നഗരങ്ങളിലെ സ്ഥിരം കണ്ടുമുട്ടല്‍ ഇടം ! ഒരു കാപ്പിക്കപ്പുമായി മുഖാമുഖം നോക്കിയിരിക്കുന്ന ആണിനും പെണ്ണിനുമിടയില്‍ ചിലന്തിവല പിടിച്ചത് വരച്ചു വച്ചിരിക്കുന്ന ജോയി കുളനടയുടെ ഒരു കാര്‍ട്ടൂണ്‍ ഓര്‍മ്മവരുന്നു. എത്രകാലമായിക്കാണും അവരാ ഇരിപ്പു തുടങ്ങിയിട്ട് ! കോഫീഹൌസ് എന്നൊരു ബോഡുണ്ടായിരുന്നു പ്രണയമിഥുനങ്ങളുടെ തലയ്ക്കു മുകളില്‍ . തമ്പാനൂരത്തെ കാപ്പിക്കട ലാറിബേക്കര്‍ എന്ന കലാകാരനായ വാസ്തുശില്പിയുടെ ചെലവുകുറഞ്ഞ കെട്ടിടനിര്‍മ്മാണ വൈദഗ്ധ്യത്താല്‍ തലതൊട്ടനുഗ്രഹം നേടിയ ഒന്നാണ്. കാലം മാറി. അത് റസ്റ്റോറന്റല്ല ! അകത്തു കയറിയാല്‍ എന്താണ് തിരക്ക് !!

ഗ്രാമങ്ങളിലെ വായനശാലകള്‍ പോലെയല്ല. കഫേകളിലെ ഒത്തുച്ചേരലുകള്‍ക്കും തികഞ്ഞ സ്വകാര്യതകളുണ്ടായിരുന്നു. ഒരു ടേബിളില്‍ രാഷ്ട്രീയം, മറ്റൊരിടത്ത് സാഹിത്യം. കോഫീ ഹൌസുകളുടെ പ്രാമാണിത്തം അസ്തമിച്ചു തുടങ്ങിയപ്പോള്‍ പുതിയ തലമുറ കഫേകള്‍ നഗരത്തില്‍ സ്ഥാനം പിടിച്ചു തുടങ്ങിയതാണ്. സ്വിസ്സ് കഫേ, കഫേ മാഗ്നറ്റ്, കോഫീ ബീന്‍സ്... ഇന്നലെ മഴയത്ത് വെറുതേ വണ്ടിയോടിച്ച് പോകുമ്പോള്‍ ഈ പറഞ്ഞ കഫേകളെല്ലാം എ ടി എം കൌണ്ടറുകളും ഓഫീസുകളുമായി മാറിയിരിക്കുന്നു. വിശ്രമ ഇടങ്ങള്‍ ’ എന്നു വിളിക്കാവുന്ന കോഫീഷോപ്പുകള്‍ നഷ്ടത്തിലായിക്കാണും . ചിലന്തികള്‍ ദേഹത്ത് വലകെട്ടും വരെ അന്യോന്യം നോക്കിയിരുന്ന് പ്രേമിക്കുന്നവരുടെ വംശം കുറ്റിയറ്റതാവാം കാരണം. തിരുവനന്തപുരം നഗരം മാത്രം പിന്നോട്ടോടുകയാണോ എന്തോ? രാത്രി ഹോട്ടലുകള്‍ 11 മണിവരെ മാത്രം. ക്യൂ നിന്ന് ആഹാരം കഴിക്കാവുന്നതും ചായകുടിക്കാവുന്നതുമായ പകല്‍ ഹോട്ടലുകള്‍ക്കാണ് ഇപ്പോള്‍ പഥ്യം. കാപ്പിച്ചുവയുടെ ചൂടേറ്റ് ഏകാന്തമായി ഇരുന്ന് ചിന്തയെ തെരുപ്പിടിപ്പിക്കാന്‍ ഒരു സ്ഥലം ഇപ്പോള്‍ ആര്‍ക്കും ആവശ്യമില്ലാത്തതു പോലെ. കഫേകള്‍ സ്പെഷ്യല്‍ എക്കണോമിക് സോണുകളിലേയ്ക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് ഒരു കൂട്ടുകാരി പറഞ്ഞു. ശരിയായിരിക്കും. പോയി കാണാനോ ചെന്നിരിക്കാനോ തത്കാലം നിവൃത്തിയില്ലാത്ത ഇടങ്ങളിലേയ്ക്ക് .

എന്തിനാണിങ്ങനെ ഗൃഹാതുരമായി പൊന്തകള്‍ തല്ലുന്നത് എന്നല്ലേ? ഒരു മുഴുനീള ചലച്ചിത്രത്തിന്റേത് അപ്പോള്‍ കഴിക്കുക, പോകുക എന്ന പ്രായോഗിക നയത്തിന്റേതാണെന്നും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളെ കലാപരമായി കോര്‍ത്തിണക്കിയ ലഘു ചിത്രങ്ങള്‍ കാപ്പിക്കടയിലെ മേശയ്ക്കു ചുറ്റുമുള്ള തിരക്കുപിടിച്ച ഒരു ചര്‍ച്ചയ്ക്കു പകരം വയ്ക്കാവുന്ന രൂപകം ആണെന്നും പരമാവധി വളഞ്ഞ വഴിയിലൂടെ പറഞ്ഞു കൊണ്ട് വരികയായിരുന്നു. രഞ്ജിത്തിന്റെ ‘കേരളാകഫേ’യെപ്പറ്റി. പല തരത്തിലുള്ള സൂപ്പര്‍ സ്റ്റാറുകളെ നിര്‍മ്മിക്കുകയും നിലനിര്‍ത്തുന്ന ചെയ്യുന്ന (അടൂരിന്റെ സിനിമയില്‍ അടൂരാണ് സൂപ്പര്‍ സ്റ്റാര്‍ തന്നെക്കാള്‍ പ്രതിഫലം തന്റെ ഏതെങ്കിലും സിനിമയില്‍ നടനു ലഭിച്ചാല്‍ സിനിമയെടുക്കുന്ന പരിപാടി അന്നു നിര്‍ത്തും എന്നാണ് അദ്ദേഹത്തിന്റേതായി അടുത്തകാലത്തു വന്ന ഉദീരണം) വ്യക്തികേന്ദ്രീകൃതമായ വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്താനുള്ള ഒരു പഴുത് അതിനുള്ളില്‍ നിഹിതമാണ്. അതു മാത്രമല്ല. കഫേ ഒരു ദൃശ്യചിഹ്നമാകുന്നു. താത്കാലികമായ ഒരു ഇടത്തിന്റെ . അവിടെ നമ്മുടെ ദൃഷ്ടിയില്‍പ്പെട്ട ജീവിത മുഹൂര്‍ത്തങ്ങള്‍ എവിടുന്നോ തുടങ്ങിയതും എങ്ങോട്ടോ നീളുന്നതുമാണെന്ന തോന്നല്‍ ശക്തമാക്കാന്‍ താത്കാലികമായ ഇടത്തിനു പ്രത്യേക ശക്തിയുണ്ട്. അങ്ങനെയാണ് കഫേ ഒരു ഭാവചിഹ്നമാകുന്നത്. യാത്രാമുഖത്തിന്റെ വരമ്പത്ത്, തീവണ്ടിനിലയത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അത് അങ്ങനെയാണ് കാലവ്യത്യാസവും സ്ഥലവ്യത്യാസവും കൊണ്ട് സര്‍വഥാ വിവിധങ്ങളായ പത്ത് ജീവിതാഖ്യാന മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കാനുള്ള ശേഷി ആര്‍ജ്ജിച്ചിരിക്കുന്നത്.

ഇത്രയും പ്രയാസപ്പെട്ട് എഴുതി കഴിഞ്ഞപ്പോഴാണ് ലതീഷ് മോഹന്റെ ‘ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മനോനിലയാണ് പ്രശ്നം’ എന്ന നല്ല ലേഖനം പുതിയ മാധ്യമത്തില്‍ കാണുന്നത്. എന്നാല്‍പ്പിന്നെ ഇനിയും പോച്ച തല്ലാതെ ഇതിവിടെ നിര്‍ത്തുന്നതല്ലേ നല്ലത് !
നിര്‍ത്തി !!

November 4, 2009

ഒരേ മുഖച്ഛായയുള്ള കല്ലുകള്‍



വേതാളം വിക്രമാദിത്യന്റെ തോളില്‍ കയറി മറിഞ്ഞുംകൊണ്ട് പറഞ്ഞ കഥയാണ് . വാരാണസിയിലെ മുകുടശേഖരന്‍ എന്ന രാജകുമാരനും സമപ്രായക്കാരനായ മന്ത്രികുമാരനും ഒരു യാത്രയ്ക്കിടില്‍ സഖികളോടൊപ്പം കാട്ടുപ്പൊയ്കയില്‍ കുളിക്കുന്ന അതി സുന്ദരിയായ പെണ്‍കുട്ടിയെക്കണ്ടു. അവളുടെ സ്വര്‍ഗീയസൌന്ദര്യം കണ്ടുഭ്രമിച്ചു നിന്നുപോയ രാജകുമാരനെ സ്നേഹത്തോടെ കടാക്ഷിച്ചിട്ട് തടാകത്തില്‍ നിന്നൊരു താമരപൂവു പറിച്ച് ചെവിയില്‍ ചേര്‍ത്ത് അതിനെ കടിച്ചതിനു ശേഷം പാദങ്ങളുടെ പുറകുവശത്തിട്ടു. അനന്തരം മറ്റൊരു പൂവു പറിച്ചെടുത്ത് ശിരസ്സില്‍ വച്ചിട്ട് മാറോട് ചേര്‍ത്തു. എന്നിട്ട് അതും താഴെയിട്ട് തോഴിമാരൊടൊപ്പം മഞ്ചലില്‍ കയറി ധൃതിപിടിച്ചു അവിടെ നിന്നും പോയി.

അവളീ കാട്ടിക്കൂട്ടിയതിന്റെയൊക്കെ പൊരുളറിയാന്‍ വയ്യാതെ അന്തം വിട്ടു നിന്ന കുമാരന് ബോധോദയം ഉണ്ടാക്കിക്കൊടുത്തത് മന്ത്രിപുത്രനാണ്. പദ്മം പറിച്ചെടുത്തതില്‍ നിന്നും അവളുടെ പേര് പദ്മാവതിയാണെന്ന് ഊഹിക്കാം എന്ന് ബുദ്ധിമാനായ അദ്ദേഹം ഉണര്‍ത്തിച്ചു. അതു കര്‍ണ്ണത്തോട് ചേര്‍ത്തതുകൊണ്ട് കര്‍ണ്ണപുരമാണ് അവളുടെ സ്വദേശം. താമര കടിച്ചതിനാല്‍ ദന്തവടന്‍ എന്നാണ് അച്ഛന്റെ പേര്. ശിരസ്സില്‍ വച്ച് മാറോടു ചേര്‍ത്ത പൂവിന്റെ അര്‍ത്ഥം, പ്രഥമദൃഷ്ട്യാ തന്നെ അവള്‍ രാജകുമാരനില്‍ അനുരക്തയായി എന്നാണ്. അണുവിട തെറ്റാത്ത ഈ വിവരങ്ങള്‍ വച്ചാണ് ഒടുവില്‍ രാജകുമാരന്‍ കര്‍ണ്ണപുരത്തെത്തിയതും രഹസ്യമായി സംഗമിച്ചതും അവളെ വിവാഹം കഴിച്ചു സ്വരാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നതും. സാക്ഷാല്‍ ഗൌതമബുദ്ധന്‍ ഒരിക്കല്‍ ശിഷ്യന്മാരോട് സംസാരിക്കാനുദ്ദേശിച്ച് ഒരിടത്ത് ചെന്നു. ആയിരത്തിലധികം വരുന്ന ശിഷ്യന്മാര്‍ ഗുരുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കെ പെട്ടെന്നൊരു താമരപ്പൂവെടുത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വചിന്താപരമോ ആധ്യാത്മികമോ എന്തെങ്കിലും ആശയം ഇതിലുണ്ടാവും അതെന്താണെന്ന് പുകഞ്ഞാലോചിച്ചിട്ടും കിട്ടാതെ ശിഷ്യന്മാരുടെ തലയിലെ വിജാഗിരി ഇളകി. കുറേനേരം കഴിഞ്ഞപ്പോള്‍ മഹാകാശ്യപ്പ എന്ന ശിഷ്യന്‍ നിറഞ്ഞ് പുഞ്ചിരിക്കുവാന്‍ തുടങ്ങി. ആ ചിരി കണ്ട് ബുദ്ധനും ചിരിച്ചു. അന്യോന്യം മുഖം നോക്കിയ ചിരികള്‍ മുന്നില്‍ വച്ചിട്ട് ആകെക്കൂടി എന്താണിതിന്റെയൊക്കെ അര്‍ത്ഥം എന്ന കാര്യത്തില്‍ ബുദ്ധസാന്ന്യാസിമാര്‍ക്കിടയില്‍ പല തര്‍ക്കങ്ങളും ഉണ്ട്. വിയറ്റ്നാമില്‍ നിന്നുള്ള തിച്ച് നാറ്റ് ഹാന്‍ (Thich Nhat Hanh) എന്ന ലോകപ്രസിദ്ധനായ ബുദ്ധമതസന്ന്യാസി ഈ സംഭവത്തിന് ലളിതമായ വ്യാഖ്യാനമെഴുതുന്നു. അതിങ്ങനെയാണ്. “ഒരാള്‍ നിങ്ങളെ ഒരു പുഷ്പം കാണിക്കുമ്പോള്‍ ആ പുഷ്പം മാത്രം കാണുക. പുഷ്പം കാണിക്കുന്നത് എന്തിനെന്നു ചിന്തിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ പുഷ്പം ശരിക്കും കാണുകയില്ല.” കാപ്പികുടിക്കുമ്പോള്‍ കാപ്പി മാത്രം കുടിക്കുക പത്രം വായിക്കുമ്പോള്‍ പത്രം മാത്രം വായിക്കുക കാപ്പികുടിക്കുകയും പത്രം വായിക്കുകയും ചെയ്യുമ്പോള്‍ കാപ്പികുടിക്കുകയും പത്രം വായിക്കുകയും മാത്രം ചെയ്യുക എന്നു പറയുന്ന പോലെ.

പക്ഷേ... തിച്ച് നാറ്റ് ഹാമിന്റെ സിദ്ധാന്തം അതേ പടി, കാലം തെറ്റി വെളിപ്പെട്ട ബോധമായി മി. മുകുടശേഖരനിലേയ്ക്ക് മന്ത്രികുമാര സൂക്തമായി കയറിപ്പറ്റിയിരുന്നെങ്കില്‍ ടി കക്ഷിയ്ക്ക് പദ്മാവതി എന്ന അതിസുന്ദരിയെ ഭാര്യയാക്കാന്‍ കഴിയുമായിരുന്നോ? വേതാളത്തിന് വിക്രമാദിത്യനെ കുഴപ്പിക്കുന്ന ഒരു ചോദ്യം കെട്ടാന്‍ പറ്റുമായിരുന്നോ? വിക്രമാദിത്യകഥയുടെ അനുസ്യൂതി തന്നെ തകരാറിലാവുമായിരുന്നില്ലേ?

അപ്പോള്‍ ഏതാണു ശരി?

ലാവോത്‌സു കാട്ടിലൊരിടത്ത് ഒരു മരം മാത്രം ശാഖകള്‍ പടര്‍ത്തി പന്തലിച്ചു നില്‍ക്കുന്നതുകണ്ടിട്ട് വിവരം അന്വേഷിക്കാന്‍ ശിഷ്യനെ വിട്ടു. ഒരു ‘പ്രയോജനവുമില്ലാത്ത മര’മായിരുന്നു അത് . തടി മരപ്പണിക്ക് പറ്റില്ല. ഇലകള്‍ ഒരു ജന്തുവും തിന്നില്ല. വെട്ടിക്കീറി വിറകാക്കി കത്തിക്കാമെന്നു വച്ചാല്‍ പുക വന്നു കണ്ണു നീറ്റും. ഒരു നിലയ്ക്കും കൊള്ളില്ല. ലാവോത്‌സു പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഉപയോഗശൂന്യതയുടെ ഉപയോഗം നിങ്ങള്‍ കണ്ടില്ലേ?’ അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായ ക്ഷണിക ജീവിതമല്ലി കാമ്യം’ എന്ന ആപ്തവാക്യം പ്രശ്നത്തില്‍ കുടുങ്ങുമല്ലോ? ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിച്ച് ആയുസ്സു കുറക്കണോ ‘ഉപയോഗക്ഷമതയുടെ അല്ലലുകളില്ലാതെ’ ആയുസ്സു നീട്ടണോ?ഇതാണ് യഥാര്‍ത്ഥ പ്രശ്നം. ഇതേ കഥയെ ബെര്‍തോള്‍ഡ് ബ്രഹ്റ്റ് ഉപയോഗിച്ചതിനെപ്പറ്റി വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്. ഉപയോഗമില്ലാത്ത മരത്തിന്റെ കാട്ടില്‍ നാം എത്തിയതുപോലെയാണ് കാഫ്കയുടെ കൃതികളുടെ വായനാ അനുഭവം എന്ന്. ഉപയോഗമില്ലാത്ത പാഴ് തടികളാണ് അതില്‍ നിറയെ. കാഫ്കയുടെ കൃതികളില്‍ ആധ്യാത്മികതയുടെ നിഴല്‍ വീണു കിടക്കുന്നതിനാലാണ് അതു മുഴുവന്‍ ശുദ്ധ അസംബന്ധമാണെന്ന് ബ്രെഹ്റ്റ് പറയുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെടുന്നത് മറ്റെവിടെയോ ആണെന്ന ധ്വനിയാണല്ലോ അതില്‍ മുഴുവന്‍ . അതായത് ജീവിതത്തില്‍ വീണുകിടക്കുന്ന നിഴലുകളെ നോക്കി ലാവോത്‌സു ചിരിച്ച ചിരി ബ്രെഹ്റ്റില്‍ കടുത്ത ഒരു നെറ്റിചുളിപ്പായി മാറിയിരിക്കുന്നു.

ഏതാണ് ശരി?

ഇതേ ബ്രഹ്റ്റാണ് ചോദിച്ചത് :
‘ഏഴു ഗോപുര വാതിലുള്ള തീബിസ് നഗരം പണിതതാരാണ്?
ചില രാജാക്കന്മാരുടെ പേരുകളാണ്
പുസ്തകത്തില്‍ കാണുന്നത്
പക്ഷേ കല്ലു ചുമന്നത് ഈ രാജാക്കന്മാരായിരുന്നോ?
പലവട്ടം തകര്‍ന്ന ബാബിലോണ്‍
വീണ്ടും വീണ്ടും കെട്ടിപ്പൊക്കിയത് ആരായിരുന്നു?
യുവാവായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യ കീഴടക്കി.
ഒറ്റയ്ക്കോ?
സീസര്‍ ചക്രവര്‍ത്തി ഗാളുകളെ കീഴടക്കി
കൂടെ ഒരു കുശിനിക്കാരന്‍ പോലും ഉണ്ടായിരുന്നില്ലേ?
ഓരോ താളിലും ഒരു വിജയഗാഥ
പക്ഷേ സദ്യ ഒരുക്കിയതാര്?

ബ്രഹ്റ്റ് വലിയ പുള്ളിയൊക്കെയാണ്. അരിസ്റ്റോട്ടിലിയന്‍ നാടകസങ്കല്‍പ്പത്തെ തിരുത്തിയ മസ്തിഷ്കമാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റാണ്. ലോകപ്രസിദ്ധനാണ്. ശരി. പക്ഷേ കല്‍പ്പറ്റ നാരായണന്‍ ‘കുറിക്കുകൊള്ളുന്ന കവി’യില്‍ തിരിച്ചു ചോദിക്കുന്നു :

ബ്രെഹ്റ്റ്,
താങ്കളുടെ പരിഹാസം കുറിക്കു കൊണ്ടു
രാജാക്കന്മാരാണോ കല്ലും മണ്ണും ചുമന്നത്?
പക്ഷേ, ബ്രെഹ്റ്റ്
അപ്പോള്‍ നിരപരാധികളെ തൂക്കിലിട്ടത്
ആരാചാരാണെന്ന് വരില്ലേ?
മാത്രമല്ല, ബ്രെഹ്റ്റ്
ചുമക്കുന്നത് താജ്മഹലിനുള്ള കല്ലും മണ്ണുമാണെന്ന്
പണിയുന്നത് ശത്രുക്കള്‍ക്കും കടന്നു വരാനുള്ള പാലമാണെന്ന്
ഉന്നം വച്ചത്
തന്റെ യഥാര്‍ത്ഥ മിത്രത്തെയാണെന്ന്
അവരറിഞ്ഞിരുന്നെന്നും വരില്ലേ?


-അല്ലേ? ആണെന്നു പറഞ്ഞാല്‍ ബ്രെഹ്റ്റിന്റെ പരിഹാസം കുറിക്ക് കൊണ്ടെന്നാണോ അര്‍ത്ഥം, കൊണ്ടിട്ടില്ലെന്നാണോ? ബ്രഹ്ത് പറഞ്ഞത് ശരിയല്ലേ? അപ്പോള്‍ കല്‍പ്പറ്റ ചോദിച്ചതോ? പല ശരികള്‍ മുഖാമുഖം നില്‍ക്കുന്നതിനിടയില്‍ ചെന്നു പറ്റിയാലുണ്ടാവുന്ന കുഴമാന്തത്തെയാണ് വൈരുദ്ധ്യം എന്ന സ്വയമ്പന്‍ വാക്കു കൊണ്ട് നാം ഒതുക്കുന്നത്.

അനു:
മരണത്തെക്കുറിച്ച് കുഴക്കുന്ന ചോദ്യം ചോദിച്ച നചികേതസ്സിനെ യമന്‍ പ്രലോഭനങ്ങള്‍ വച്ചുനീട്ടിയും വിനയം നടിച്ചുമാണ് അനുനയിപ്പിക്കാന്‍ ശ്രമിച്ചത്. ജീവിക്കാന്‍ വേണ്ടതെല്ലാം യമന്‍ , വാജിശ്രവസ്സിന്റെ പുത്രന്‍ നചികേതസ്സിനു വച്ചു നീട്ടി. അതേ സമയം ഡയണീഷ്യസ് ദേവതയുടെ അടുത്ത കൂട്ടുകാരനായ സെലിനാസിനെ വളരെ ക്ലേശിച്ച് കണ്ടുപിടിച്ച് ജീവിതത്തെപ്പറ്റി ചോദ്യം ചോദിച്ച മിഡാസ് ചക്രവര്‍ത്തിയെ അങ്ങേയറ്റത്തെ പുച്ഛത്തോടെയും വിഡ്ഢി എന്ന വിളിയോടെയുമാണ് സെലിനാസ് നേരിട്ടത്. എന്നിട്ട് ‘ജനിക്കാതിരിക്കുക - അതു പറ്റാത്തതുകൊണ്ട് കഴിയുന്നത്ര വേഗം മരിക്കുക.’ അതാണ് മനുഷ്യന് ഏറ്റവും കാമ്യമായിട്ടുള്ളതെന്ന് ഉപദേശിച്ചു.

അതെന്താ അങ്ങനെ?

October 28, 2009

കുറിപ്പ് തയ്യാറാക്കുക, വ്യാഖ്യാനിച്ചോ വ്യാഖ്യാനിക്കാതെയോ



പാഠപുസ്തകവിവാദം എന്താണ് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് കുറച്ചുനേരമെങ്കിലും ആലോചിക്കാന്‍ മാതാപിതാക്കള്‍ക്ക് ചില അവസരങ്ങള്‍ ഒരുക്കിക്കൊടുത്തല്ലോ. (അതുകൊണ്ട് വമ്പിച്ച മാറ്റമൊന്നും വരാന്‍ പോകുന്നില്ലെങ്കിലും) കുറ്റം കണ്ടുപിടിക്കാനാണെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരികള്‍ അരിച്ചുപെറുക്കിയതിന്റെ മെച്ചം, അതെത്ര താത്കാലികമാണെങ്കിലും സമൂഹത്തിനുണ്ടാവാതെ തരമില്ല. സ്വതേ അലംഭാവം മുഖലക്ഷണമാക്കിയ സമൂഹത്തിന് ചില ജാഗ്രതകള്‍ പ്രതിഷേധരൂപത്തിലെങ്കിലും നന്മകള്‍ വിതയ്ക്കുമെന്ന് പറഞ്ഞ് നമുക്ക് ശുഭാപ്തിക്കാരാവാം.താത്കാലികമായെങ്കിലും. സാമൂഹികമായ ‘ഓളങ്ങള്‍ എപ്പോഴും കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകളല്ലല്ലോ’. എങ്കിലും അങ്ങനെയും വാദങ്ങളുണ്ട്. പ്രതിലോമകരമായ ജാഗ്രതകളെ എങ്ങനെ കൈകാര്യം ചെയ്യും എന്ന്? അതു കുറെക്കൂടി ദാര്‍ശനികമായ വിഷയമാണ്. അതവിടെ നില്‍ക്കട്ടേ. സമകാലവിവാദത്തിലേയ്ക്ക് വരാം . പ്രതിക്കൂട്ടില്‍ കയറി വിഷമിച്ചു നില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി ചോദ്യപ്പേപ്പറുകള്‍ . ചോദ്യപ്പേപ്പറുകളുടെ ചോര്‍ച്ചയായിരുന്നു ആസന്നഭൂതകാലത്തിലെ നമ്മുടെ ഏറ്റവും വലിയ പ്രശ്നം. അതും കാതലായ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വാണം കത്തിച്ചിരുന്നു. തിരിഞ്ഞും മറിഞ്ഞും ഒറ്റയ്ക്കും കൂട്ടായും ഇപ്പോഴും ചോര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനേക്കാള്‍ ഗൌരവതരമായ കാര്യത്തിനാണിപ്പോള്‍ സ്കൂള്‍ മണ്ഡലം വേദിയൊരുക്കിയിരിക്കുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ചേരിതിരിവുകളും പകപോക്കലുകളും സ്കൂള്‍പരീക്ഷയിലേയ്ക്ക് കടന്നു കയറുന്നു എന്ന പ്രശ്നം.

അവിടെ തീരുന്ന ഒന്നാണോ നമ്മുടെ സ്കൂള്‍തല പരീക്ഷാസമ്പ്രദായത്തിലെ കെടുകാര്യസ്ഥത? സത്യത്തില്‍ ചോദ്യപ്പേപ്പറുകളുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ഉയര്‍ന്നു വന്നിട്ടുണ്ട്. അതൊക്കെ പുറത്തറിയാതെ ചില മുരളലുകളും ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ചെറിയ ചില പകപോക്കലുകളുമായി ഒതുങ്ങിതീരുകയാണ് പതിവ്. കാരണം അദ്ധ്യാപകസംഘടനകളാണ് ചോദ്യപ്പേപ്പര്‍ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. അധ്യാപക സംഘടനകളുടെ വരുമാനമാര്‍ഗത്തിലൊന്നാണ് അത്. സ്കൂള്‍ അധികാരിയുടെ രാഷ്ട്രീയസ്വാധീനമാണ് ഏതു സംഘടനയുടെ ചോദ്യപ്പേപ്പര്‍ സ്കൂളില്‍ വേണമെന്ന തീരുമാനത്തെ ഉറപ്പിക്കുന്നത്. ഡയറക്ടറേറ്റിന്റെ മൌനാനുവാദത്തോടെ തന്നെയാണ് ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുക്കും എന്നുള്ളത് കൈകഴുകാനുള്ള വെറും തന്ത്രം മാത്രം എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഇതിനു മുന്‍പും ചില മുറവിളികളുണ്ടായിട്ട് എസ് സി എ ആര്‍ ടി ഏറ്റെടുത്ത ചോദ്യപ്പേപ്പര്‍ (പൂള്‍ ) നിര്‍മ്മാണം ഒടുവില്‍ കറങ്ങി തിരിഞ്ഞ് വീണ്ടും ശങ്കരനെ തെങ്ങിലിരുത്തിയതിന്റെ ഒടുവിലത്തെ പരിണാമമാണ് നമ്മളിപ്പോള്‍ കണ്ടത്. ഇത്രയും കൊണ്ടു തീരുന്നില്ല. ഇതില്‍ വന്നുഭവിക്കുന്ന മറ്റൊരു പ്രശ്നം ചോദ്യപ്പേപ്പറിനായി പണം കുട്ടികളില്‍ നിന്ന് ഈടാക്കുന്നു മിക്ക സ്കൂളുകളും എന്നതാണ് (പിടിഎ ഫണ്ടില്‍ നിന്ന് എടുക്കുന്ന മര്യാദ സ്കൂളുകളും ഉണ്ട്) മൊത്തം വിലയുടെ 10% കിഴിവ് അദ്ധ്യാപക സംഘടനകള്‍ പ്രിന്‍സിപ്പാളിനു നല്‍കും. ആ കിഴിവു കഴിഞ്ഞുള്ള തുകയല്ല, മിക്കവാറും സ്കൂളുകള്‍ ഈടാക്കുക പലപ്പോഴും ഇരട്ടിയാണ്. ഈ പണം സ്കൂള്‍ അക്കൌണ്ടില്‍ പോകുന്നതല്ല. പി ടി എ തുടങ്ങിയ വേദികളിലും കണക്കു കാണിക്കേണ്ടതില്ല. 6 വിഷയങ്ങള്‍ക്ക് ഒരു കുട്ടിയ്ക്ക് വേണ്ടി അടയ്ക്കേണ്ട പരമാവധി തുക (ഏതു സംഘടനയുടേതായാലും) കിഴിവും കഴിഞ്ഞ് 10.80 പൈസ. പിരിച്ചെടുക്കുന്നത് 15 രൂപ മുതല്‍ 40 രൂപ വരെ (പ്രിന്‍സിപ്പാളിനു തോന്നിയപോലെ). 500 രൂപയുടെ കൈക്കൂലിയും കൈക്കൂലിയാണെന്നാണല്ലോ വില്ലേജാഫീസര്‍മാരുടെ തുടര്‍ച്ചയായ സസ്പെന്‍ഷനുകള്‍ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്.. എവിടെയും കണക്കു കാണിക്കാതെ എങ്ങോട്ടോ പോകുന്ന ഈ പരീക്ഷാതുകകളോ? (സാമ്പത്തികമാണ് എല്ലാത്തിന്റെയും അടിത്തറ)*

വളരെ ഉത്തരവാദിത്വത്തോടെ തയാറാക്കുന്നതല്ല സംഘടനാ ചോദ്യക്കടലാസ്സുകള്‍ എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഒരിക്കല്‍ ചോദ്യക്കടലാസ്സില്‍ അടിക്കുറിപ്പു തയാറാക്കാനുള്ള ചോദ്യത്തിന്റെ താഴെ ചതുരം ശൂന്യം! കുട്ടികള്‍ ശൂന്യതയെ വ്യാഖ്യാനിച്ചു മാര്‍ക്കു നേടി. മറ്റൊന്ന് പ്രാദേശിക സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ടെസ്റ്റുകളുടെ ചോദ്യങ്ങള്‍ അതേ പടി ഇതില്‍ കാണാമെന്നുള്ളതാണ്. നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. അതു ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ പരസ്യങ്ങളും അടിച്ചിറക്കും.. ഇതാ ഞങ്ങള്‍ ചോദിച്ച ചോദ്യം “സ്കൂള്‍ തല പരീക്ഷയ്ക്കും വന്നിരിക്കുന്നു. ഞങ്ങളുടെ വാദം വെറും വാദമല്ല..” അക്ഷരത്തെറ്റുകള്‍ വ്യാപകമാണ് മലയാളം ചോദ്യങ്ങളില്‍ പോലും. ഡി റ്റി പി ക്കാരെ പഴി പറഞ്ഞും ചോദ്യപ്പേപ്പറുകളുടെ രഹസ്യസ്വഭാവത്തെക്കുറിച്ച് വാചാലമായും അതില്‍ നിന്ന് തടിതപ്പാം. പക്ഷേ ആശയതലത്തിലും വാക്യഘടനയിലുമുള്ള തെറ്റുകളോ?കുരീപ്പുഴ ശ്രീകുമാറിന്റെ ‘മനുഷ്യപ്രദര്‍ശനം’ എന്ന കവിതയുടെ ആശയം പ്രതിഫലിപ്പിക്കുന്ന ഒരു കാര്‍ട്ടൂണിന് ഉചിതമായ അടിക്കുറിപ്പു നല്‍കുക എന്നിട്ട് അടിക്കുറിപ്പിന്റെ ഔചിത്യം വിശദമാക്കണം എന്നായിരുന്നു ഒരിക്കല്‍ ഒരു വിദ്വാന്‍ ചോദിച്ച ചോദ്യം. കുട്ടി, കവിതയെ കാര്‍ട്ടൂണാക്കണം എന്നിട്ട് അടിക്കുറിപ്പു നല്‍കണം എന്നിട്ട് അതു വിശദീകരിക്കണം. എല്ലാത്തിനും കൂടി 5 സ്കോര്‍ . ‘അന്തര്‍വൈജ്ഞാനിക പരസ്പരവിനിമയം’; എന്നൊക്കെ തത്ത്വം പറയുമ്പോള്‍ ഒരു കുഞ്ഞു ചോദ്യത്തില്‍ ഇത്രയധികം കാര്യങ്ങള്‍ ഉളപ്പെടുത്തി പിള്ളാര്‍ക്ക് ആവശ്യത്തിനു പണി കൊടുക്കാം എന്നാരെങ്കിലും വിചാരിക്കുമോ? കുറിപ്പ്, ലേഖനം, പ്രബന്ധം, ലഘൂപന്യാസം, ഉപന്യാസം തുടങ്ങിയവ എന്താണെന്നു പോലും പിടിത്തമില്ലാതെ കൂടിക്കുഴയാറുണ്ട് ചോദ്യക്കടലാസ്സുകളില്‍ . ഉപന്യാസം തയാറാക്കുന്നതിനു ആറും ലഘൂപന്യാസത്തിനും കുറിപ്പുകള്‍ക്കും എട്ടും സ്കോറും വീതം നല്‍കി വ്യവസ്ഥയെ അട്ടിമറിച്ച ചോദ്യക്കടലാസ്സുകളുമുണ്ട്. ഉപന്യാസങ്ങള്‍ക്കും മേലെയാണ് കുറിപ്പുകള്‍ എന്നു കുട്ടികള്‍ മനസ്സിലാക്കണം ! മുന്‍പ് ഓരോ പാഠത്തില്‍ നിന്നും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിതാതിരുണ്ടാവും. ക്രമമായ വിതരണം. ഇപ്പോള്‍ അതില്ല ചോദ്യകര്‍ത്താവിന് മനസ്സിണങ്ങിയവയില്‍ നിന്ന് എത്ര ചോദ്യവും ആകാം. പൂര്‍ണ്ണമായി പാഠങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം. ഒരേ ഉത്തരം എഴുതേണ്ടുന്ന ചോദ്യങ്ങളുടെ അലകു മാറ്റി ചോദിച്ചതിനും ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ചോദ്യം തയ്യാറാക്കുന്നവരുടെയോ അവരുടെ അടുത്ത കൂട്ടുകാരുടെയോ സൃഷ്ടികള്‍ വിശകലനത്തിനു വേണ്ടി കുട്ടികള്‍ക്ക് നല്‍കിയും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് ചോദ്യപ്പേപ്പര്‍ നിര്‍മ്മാതാക്കള്‍ . മാറിയ പരീക്ഷാസമ്പ്രദായത്തെ പരിചയപ്പെടുത്താന്‍ എസ് സി ഇ ആര്‍ ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ എജ്യുമേറ്റ് എന്ന ചോദ്യബാങ്കില്‍ നിന്നുള്ള ചോദ്യങ്ങള്‍ അതേ പടി ആവര്‍ത്തിച്ചുകൊണ്ടാണ് മറ്റൊരു നാടകം. എല്ലാ കൂട്ടികള്‍ക്കും വാങ്ങിക്കാവുന്ന പുസ്തകമാണ് എല്ലാ വിഷയങ്ങളിലും പുറത്തിറക്കിയിട്ടുള്ള എജ്യൂമേറ്റ്. കെടുകാര്യസ്ഥതയുടെ ഒരു പോക്കേ!. ഒരു ചോദ്യപ്പേപ്പറില്‍ കണ്ട ചോദ്യം ഇങ്ങനെ : “അദ്വൈതം ജനിച്ച നാട്ടില്‍.. ആദിശങ്കരന്‍ ജനിച്ച നാട്ടില്‍.. ”(പാട്ടു മുഴുവനുണ്ട്) ലൈന്‍ ബസ് എന്ന സിനിമയ്ക്കു വേണ്ടി വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ ഈ ഗാനം വിശകലനം ചെയ്ത് വയലാറിന്റെ ജീവിതവീക്ഷണത്തെപ്പറ്റി ഉപന്യാസം എഴുതുക ....! പുതിയ പാഠ്യപദ്ധതിയുടെ ചെലവില്‍ എന്തൊക്കെയാണ് ആമയിഴഞ്ചാന്‍ തോടിലൂടെ ഒഴുകുന്നതെന്നു നോക്കണം !

ഓര്‍മ്മയെ അല്ല കുട്ടികളുടെ വിവിധ നിലയിലുള്ള പ്രതിഭയെയാണ് പരിഗണിക്കുന്നതെങ്കില്‍ (ഹോവാര്‍ഡിന്റെ സിദ്ധാന്തം -മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്) പരീക്ഷയില്‍ മാത്രം അധിഷ്ഠിതമാവരുത് പാഠ്യപദ്ധതി സമ്പ്രദായം. അതിനനുസരിച്ചാണ് പരീക്ഷകളുടെ എണ്ണം ഈ വര്‍ഷം മുതല്‍ കുറച്ചത്. (ഇതു രക്ഷാകര്‍ത്താക്കള്‍ക്ക് ബോധ്യമായിട്ടില്ല, പിന്നെ ബി എസ് വാര്യരെപ്പോലുള്ള സാമ്പ്രദായിക രീതിയുടെ സ്തുതിഗായകര്‍ക്കും. ക്ലാസ് ടെസ്റ്റുകള്‍ നടത്താത്തതിന്റെ പേരിലാണ് ഭൂരിഭാഗം അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളില്‍ നിന്ന് തെറി കേള്‍ക്കുന്നത്. സ്കൂളിലെ മനുഷ്യാവകാശലംഘനങ്ങളൊന്നും രക്ഷാകര്‍ത്താക്കളുടെ പരിഗണനയിലേ ഇല്ല) ഹയര്‍സെക്കണ്ടറിയില്‍ പരീക്ഷയൊഴിഞ്ഞ നേരമില്ലെന്നതാണ് വാസ്തവം. ഒന്നാം വര്‍ഷ പരീക്ഷ കൂടുതായി ഉള്‍പ്പെടുത്തി ഈ വര്‍ഷം മുതല്‍ . പിന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ്, ഇവാലുവേഷന്‍ . ഇതിനൊക്കെ അദ്ധ്യാപകര്‍ ഓടുമ്പോള്‍ ചുരുക്കത്തില്‍ ക്ലാസുകള്‍ നടക്കില്ല. ഏകജാലകം കഴിഞ്ഞ് കിട്ടുന്ന കുറച്ചു ദിവസങ്ങളാണ് ഇങ്ങനെ പോകുന്നത് (പ്രേമന്‍ മാഷുടെ ബ്ലോഗ് കൂടി കാണുക) എങ്കിലും സ്കൂള്‍തലത്തില്‍ നടത്തുന്നു എന്നു പറയപ്പെടുന്ന ഒരെണ്ണം നേരാം വണ്ണം വേണമല്ലോ. അതിനെ പൊട്ടിച്ചു കൈയ്യില്‍ കൊടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് നമ്മുടെ പ്രബുദ്ധരായ കുറച്ച് അദ്ധ്യാപകര്‍ . കെടുകാര്യസ്ഥരും വികാരോപജീവികളും തലയിലെ വിജനപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിലും ഇവരെ പിന്താങ്ങാന്‍ നിലവിലുള്ള സിദ്ധാന്തങ്ങളൊക്കെ എടുത്തു വീശി രംഗത്തിറങ്ങാതെ നിവൃത്തിയില്ല അസ്മാദികള്‍ക്ക്. ഇതാണ് നമ്മുടെ സമൂഹം വന്നുപെട്ടിരിക്കുന്ന വിഷമവൃത്തം. തെറ്റിനെ തെറ്റെന്നു പറയാന്‍ വയ്യാത്തതുകൊണ്ട് തിരുത്തലുകള്‍ നടക്കില്ല, ന്യായീകരണങ്ങളിലേ രമിക്കാന്‍ പറ്റൂ. (വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യത്തില്‍ സമ്മതിക്കുന്നു. അദ്ദേഹം ഇത് പാഠ്യപദ്ധതിയില്‍ വിവരിക്കുന്ന ‘വിമര്‍ശനാത്മക ബോധന’മൊന്നുമല്ല, തന്നെ തന്നെ കുപ്പിയിലിറക്കാനുള്ള തരവഴിയാണെന്ന് തിരിച്ചറിഞ്ഞ് ആദ്യമേ മാപ്പു പറഞ്ഞു. ഇതാദ്യത്തെ പ്രാവശ്യമല്ലല്ലോ വിദ്യാഭ്യാസമേഖലയില്‍ കുറച്ചുപേര്‍ ‘തന്‍ പിള്ളയെ താന്‍ തീനി’യായി പ്രത്യക്ഷപ്പെടുന്നത്)

വിമര്‍ശനാത്മക ബോധനത്തിന് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയ്ക്കു തന്നെ വിരുദ്ധമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന അടഞ്ഞ ചോദ്യങ്ങള്‍ . അതുപോട്ടേ, അപ്പോള്‍ മേഴ്സിരവിയ്ക്ക് പത്രങ്ങള്‍ നല്‍കിയ പ്രാധാന്യത്തെ വിവാദവിഷയമാക്കിയെന്നതോ ക്രിമിനലുകളെ ഹീറോ ആക്കിയ പത്രത്തിനെതിരെ ഒളിയമ്പെയ്യുന്നു എന്നുള്ളതോ രാഷ്ട്രീയപ്രതിയോഗികള്‍ക്കെതിരെ സമ്മിതി നിര്‍മ്മാണമുണ്ടാക്കാന്‍ (?) ചോദ്യപ്പേപ്പര്‍ എന്ന മാധ്യമത്തെയും ഉപയോഗിച്ചു എന്നതോ മാത്രമല്ല പ്രശ്നം. അവ തുഞ്ചം മാത്രമേ ആകുന്നുള്ളൂ. പരസ്പരബന്ധിതമായ കെടുകാര്യസ്ഥതകള്‍ ഒഴുക്കി വിടുന്നതത്രയും മാലിന്യങ്ങളാണ്. അതുകൊണ്ട് ഒരു തരത്തില്‍ ചോദ്യപ്പേപ്പര്‍ വിവാദം നന്നായി എന്നു പറയണം. ചില ശ്രദ്ധകള്‍ ചിലയിടങ്ങളിലേയ്ക്ക് പതിപ്പിക്കാന്‍ വിവാദങ്ങള്‍ കൊണ്ടു മാത്രമേ കഴിയുള്ളൂവെങ്കില്‍ അങ്ങനെ. കള പറിഞ്ഞില്ലെങ്കിലും കളകള്‍ ഉണ്ടെന്നെങ്കിലും മനസ്സിലാവട്ടെ. അത്രയെങ്കിലുമാവട്ടെ.

റഫ :
*എല്ലാ സ്കൂള്‍ അധികാരികളും കുറ്റവാളികളാണെന്ന് അഭിപ്രായമില്ല. പക്ഷേ രസീതുപോലുമില്ലാത്ത പണപ്പിരിവ് പരീക്ഷയുടെ പേരില്‍ നടത്തുന്നത് അളിഞ്ഞ ഏര്‍പ്പാടു തന്നെയാണ്.
** മലയാളം ചോദ്യപ്പേപ്പറുകളെയാണ് ഉദാഹരണങ്ങള്‍ക്ക് പ്രധാനമായും അവലംബിച്ചിരിക്കുന്നത്

October 24, 2009

ഇറക്കമോ കയറ്റമോ എന്നറിയാതെ ഒറ്റപ്പെട്ടു.*



അവസാനത്തെ ഒരു പോസ്റ്റ് ഒഴിച്ചു നിര്‍ത്തിയാല്‍ ജ്യോനവന്റെ പൊട്ടക്കലം എന്നു പേരുള്ള ബ്ലോഗിലെ കവിതകള്‍ക്ക് കമന്റുകള്‍ അധികം കിട്ടിയിട്ടില്ല. ഏറി മറിഞ്ഞാല്‍ പതിനഞ്ച്.. താരതമ്യേന കൂടുതല്‍ കമന്റുകള്‍ കിട്ടിയിട്ടുള്ളത് ‘പല്ലിക്കാട്ടം’ പോലെ വാചാലമായ രാഷ്ട്രീയധ്വനിയുള്ളതും സാമാന്യബോധവുമായി രാജിയാവുന്നതുമായ കവിതകള്‍ക്കാണ്. അതല്ല യഥാര്‍ത്ഥത്തില്‍ ജ്യോനവന്റെ കവിതകളുടെ സ്വഭാവം. ഭൂരിപക്ഷം കവിതകള്‍ക്കും ലഭിച്ചിരിക്കുന്ന കമന്റുകളില്‍ ഒന്നുപോലും കവിതകളുടെ ഉള്ളുകള്ളികളിലേയ്ക്കോ അവയുടെ അനുഭവസാകല്യത്തിലേയ്ക്കോ നോട്ടമയക്കുന്നവയല്ല. തലോടലിനപ്പുറം അങ്ങനെ ഒരു മുഖ്യോദ്ദേശ്യം അവ ഒരിക്കലും ഏറ്റെടുക്കുന്നില്ല. കാരണം വ്യക്തമാണ്. ജ്യോനവന്റെ കവിതകള്‍ ‘മനസ്സിലാവുന്നില്ല’ എന്നു പൊതുവേ പറയാവുന്ന ഗണത്തില്‍പ്പെടുന്നവയാണ്. കവിതയിലെ ഭാഷ കുറുകി കുറുകി സംസാരം തന്നോടു മാത്രവും തന്റെ മനോനിലയുടെ സ്ഥായിയും ആകുന്നതാണ് പലപ്പോഴും ‘മനസ്സിലാകായ്ക’ എന്നു നാം വിളിക്കുന്ന സംഭവം. വ്യാപകമായി മനസ്സിലാവണമെങ്കില്‍ ചില ഒത്തുതീര്‍പ്പുകള്‍ക്കു കവി തയ്യാറാവണം. അങ്ങനെ ചെയ്യാന്‍ ജ്യോനവന്‍ ആഗ്രഹിക്കാത്തതിനു കാരണം എന്ത് എന്ന് നമുക്കിപ്പോള്‍ ചോദിക്കാം. ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ജീവിക്കാനിഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹം ഇഷ്ടപ്പെട്ട കവിതകളുടെയും തത് കര്‍ത്താക്കളുടെയും ഒരു വൃത്തമായിരുന്നു. അതില്‍ മുഖ്യമായും ഉണ്ടായിരുന്നത് താന്‍ തന്നെയും പിന്നെ സ്വന്തം വായനയില്‍ നിന്ന് ഉയിര്‍ത്ത അക്ഷരപ്രകൃതിയുമായിരുന്നു. ജ്യോനവന്റെ കവിതയിലെ പ്രകൃതിയെ നിശ്ചയിച്ചത് അദ്ദേഹത്തിന്റെ കവിതാവായനയുടെ ഏടുകളാണ്. പലതരം അനുഭവങ്ങളില്‍ ഒന്നാണ് പുസ്തകാനുഭവവും. പുസ്തക പരിചയം ജീവിതാനുഭവമായതുകൊണ്ടു മാത്രം ജീവന്‍ വയ്ക്കുന്ന സങ്കല്‍പ്പമാണ്, വിശപ്പിനെ ഒരു കോമയാവുന്നത്, ഒട്ടിയ വയറുള്ള ഉടല്‍ വളഞ്ഞ മനുഷ്യനെ അര്‍ദ്ധവിരാമമാവുന്നത് (വിശപ്പ് എപ്പോഴും ഒരു കോമ) എന്നു മനസ്സിലാക്കാന്‍ ഒരു പാട് ദൂരം സഞ്ചരിക്കേണ്ടതില്ല. ജ്യോനവന്റെ കവിതയിലെ ബിംബങ്ങള്‍ ഒരു ഫോട്ടോ പകര്‍പ്പിന്റെ ഓര്‍മ്മയാണ് പലപ്പോഴും ഉണര്‍ത്തുന്നത്. പ്രകൃതിക്കാഴ്ചകളെ നേരിട്ട് അഭിമുഖീകരിച്ചുകൊണ്ടല്ല അദ്ദേഹത്തിന്റെ കവിത സംസാരിക്കുന്നത്. കവിതകള്‍ക്കു ചുറ്റും നിഴല്‍ വിരിച്ചു നില്‍ക്കുന്നത് പുസ്തകങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ലോകമായതുകൊണ്ടല്ലേ അങ്ങനെ? അങ്ങനെയത് ഏകാന്തവും സ്വകാര്യവുമായ ഒരു വൃത്തത്തിന്റെ ലോകമായി പരിണമിക്കുന്നു. പുസ്തകങ്ങളില്‍ നിന്ന് ജീവിതം കണ്ടെടുക്കുന്നതിനുള്ള ഒരു തെളിവ് കുറ്റബോധത്തിന്റെ സ്വരത്തില്‍ ജ്യോനവന്‍ ഏറ്റു പറയുന്ന ഈ വാക്യത്തിലുണ്ട്.

-“ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിതയുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്‌. മാപ്പ്”- (വിശപ്പ് എപ്പോഴും ഒരു കോമ) സത്യത്തില്‍ ഇത്തരമൊരു മാപ്പു പറച്ചില്‍ ജ്യോനവന്‍ ആരോടാണ് നടത്തുന്നത്? തന്നോടു തന്നെ. താന്‍ എഴുത്തുകാരനായിരിക്കുകയും താന്‍ തന്നെ വായനക്കാരനാവുകയും ഈ എഴുത്തുകാരനും ഈ വായനക്കാരനും ഒരുപോലെ മറ്റു കവിതകളുടെ വായനക്കാര്‍ ഒരേ സമയം ആയിരിക്കുകയും ചെയ്യുന്ന ഒരു സാങ്കല്‍പ്പിക ഘടനയിലെ അംഗങ്ങളായിരുന്നുകൊണ്ടാണ് ജ്യോനവന്റെ കവിത ആത്മനിഷ്ഠമായ ഭാഷ സംസാരിച്ചത്. നിസ്സാരമെന്നു തോന്നാമെങ്കിലും നവീന്‍ ജോര്‍ജ്ജ് എന്ന പേരിനെ ജ്യോനവന്‍ എന്നു നവീകരിക്കുന്നതിലുള്ള മുഖം മൂടിനിര്‍മ്മാണവും വാക്കുകള്‍ വച്ചുള്ള കളിയും ചേര്‍ന്ന സര്‍ഗാത്മകതയാണ് സത്യത്തില്‍ ജ്യോനവന്റെ കാവ്യജീവിതം. കവിതകള്‍ ഉടനീളം ഈ പ്രത്യേകതയെ ഉള്ളടക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ ഇത് ലക്ഷ്യം കണ്ടെത്തിയ ഒരു കാവ്യപ്രകടനപത്രികയാകുന്നു. ചില ഉദാഹരണങ്ങള്‍ ഇങ്ങനെ : “കേടായ കോടതി/ഇ'ട'പോയ കോതി!” “നാടകം കണ്ടു/നാട് അകം പിരിച്ചുകണ്ടു;/അകത്തിവച്ചൊരു 'അ'/കലപിരിഞ്ഞൊരക്ഷരം!” “'മരി'ക്കുമെന്നുറപ്പുണ്ട്./എന്നാലും;/വള്ളി മാറ്റിയിട്ട്/'രമി'ക്കുമെന്നുമാത്രം/ഒരുറപ്പുമില്ല! ” ചരിത്രത്തിനും ചാരിത്ര്യത്തിനുമിടയിലെ പ്രശ്നത്തെ ‘ദീര്‍ഘസ്വരാധിക്യ പ്രതിസന്ധി!’യായിട്ടാണ് അദ്ദേഹം കാണുന്നത്. വീണവായിച്ചുകൊണ്ടിരുന്ന മുയലുകളുടെ മുകളില്‍ കാത്തു നില്‍ക്കുന്ന, തലയില്‍ മുണ്ടിട്ട ചക്കകളെ വരയ്ക്കുന്ന കവിതയ്ക്ക് നല്‍കിയ പേര് ‘ഉന്ന’മനം എന്നാണ്. വിജാഗിരിയെപ്പറ്റിയുള്ള കവിതയുടെ പേര് ‘വിചാരഗിരി’എന്നാണ്. "കാല്‍നടയാത്രക്കാരാ എന്നിലേയ്ക്കാണെങ്കില്‍‌ /എന്നില്‍‌ നിന്നാണെങ്കില്‍‌ " എന്ന് സീബ്ര എന്ന രക്തസാക്ഷിയില്‍ . ഭാഷാപരമായ കളികള്‍ക്ക് വല്ലാത്തൊരു ആത്മനിഷ്ഠതയുണ്ട്. അയ്യപ്പപ്പണിക്കരുടെ ‘കം തകം.. പാതകം എന്ന നേന്ത്രവാഴക്കൊലപാതക കവിത ക്ഷണിച്ചു വരുത്തിയ വിമര്‍ശനങ്ങള്‍ അതിന്റെ കടുത്ത ആത്മനിഷ്ഠസ്വഭാവത്തിന്റെ ചൂണ്ടുപലകകളാണ്. പെട്ടെന്നാരും ശ്രദ്ധിക്കാത്ത കാര്യമാണത്. സത്യത്തില്‍ അത്രയൊന്നും കാല്‍പ്പനികനല്ലാത്ത എന്നാല്‍ കുറച്ച് അകാല്‍പ്പനികനായ അയ്യപ്പപ്പണിക്കര്‍ പേശീദാര്‍ഢ്യമുള്ള സ്വന്തം കവിത്വത്തെ സാമാന്യജനത്തിന്റെ വിമര്‍ശനബോധത്തിന് ബലി നല്‍കിക്കൊണ്ട് (സ്വയം ചീത്തപ്പേരു വാങ്ങിച്ചുകൊണ്ട്) കവിതയ്ക്കു വേണ്ടി അര്‍പ്പിച്ച ചില ധീരമായ നീക്കങ്ങളാണ് ‘കം തകം...’ പോലുള്ള പരീക്ഷണകവിതകളുടെ നിര്‍മ്മാണത്തിനു പിന്നിലുള്ളത്. പ്രണയം തീര്‍ത്തും സ്വകാര്യമായ അനുഭവമായതുകൊണ്ടാണ് സമൂഹം എപ്പോഴും പ്രണയങ്ങള്‍ക്ക് എതിരാവുന്നതെന്ന് ഒരു സിദ്ധാന്തമുണ്ട്. ജ്യോനവന്റെ കാര്യത്തില്‍ വാക്കുകളുടെ തിരിമറികള്‍ , അക്ഷരങ്ങളുടെ കളിപ്പാട്ടങ്ങളുമായി സ്വയം രമിച്ച് ഒറ്റയ്ക്കിരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ഉണര്‍ത്തുന്നു. ഒരര്‍ത്ഥത്തില്‍ എല്ലാ കളികളും പ്രതീകാത്മകമായ ആഗ്രഹപൂര്‍ത്തീകരണമാണെന്ന് മനശ്ശാസ്ത്രം പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെ അദ്ധ്വാനത്തിനെതിര്‍ നില്‍ക്കുന്ന കളികളില്‍ ഏര്‍പ്പെട്ട് ഉള്‍വലിഞ്ഞ് ഒരാള്‍ എഴുതാന്‍ ഇരിക്കുന്ന അരണ്ടവെളിച്ചമുള്ള മുറിയാണ് ജ്യോനവന്റെ കയ്യെഴുത്തുകള്‍ . പൊട്ടക്കലം ആ നിലക്ക് ശക്തമായ ഒരു രൂപകമാണ്. തനിക്ക് എത്തേണ്ടിടത്ത് എത്തുവാനുള്ള മുനമ്പിനെക്കുറിച്ചുള്ള ആശങ്ക ആ വാക്കില്‍ ഖനീഭവിച്ചു നില്‍പ്പുണ്ട്.

അപ്പോള്‍ മുഖംമൂടി?. നേരത്തേ പറഞ്ഞ ‘പല്ലിക്കാട്ടം’ പോലെ പെട്ടെന്ന് മനസ്സിലാവുന്നതരം (കൂട്ടത്തില്‍ പറയാം, ജ്യോനവന്റെ കവിതയ്ക്കിണങ്ങുന്ന വഴിയായിരുന്നില്ല അവയ്ക്ക്) കവിതകളും കവിതകളിലുടനീളം ചിതറിക്കിടക്കുന്ന ഭാഷാകലവികളും മാറ്റി വച്ചാല്‍ പെട്ടെന്ന് പിടിച്ചെടുക്കാന്‍ സാധ്യമല്ലാത്തതരം അവ്യക്തഭാഷണങ്ങള്‍ കവിതകളില്‍ ചോരപൊടിഞ്ഞ് ബാക്കിയാവുന്നുണ്ടെന്നു കാണാം. മുറിഞ്ഞു വീണ ചെവിയോട് അതിലിരുന്ന ചെമ്പരത്തി പൂവ് എന്തിനെന്നെ ഒറ്റികൊടുത്തു എന്നു ചോദിക്കുന്ന ഒരു കവിതയുണ്ട്. ഭ്രാന്ത് എന്നാണ് അതിനു കവി നല്‍കുന്ന പേര്. വാന്‍‌ഗോഗിന്റെ മുറിഞ്ഞ ചെവിയെ, ചെവിയില്‍ പൂചൂടുന്ന വിശേഷപ്പെട്ട സാംസ്കാരിക ഘടനയിലേയ്ക്ക് ചിരിയുണ്ടാകുന്ന വിധം എടുത്തു ചേര്‍ത്തിരിക്കുകയാണ് കവി. ഇതിലെ ചിരി ആശയ്ക്കു തീരെ വക നല്‍കുന്നതല്ല. താരതമ്യേന കുറഞ്ഞ നഷ്ടക്കാരന്‍ , കൂടിയ നഷ്ടക്കാരനെ കുറ്റപ്പെടുത്തുന്നതാണല്ലോ അതിലെ പ്രതിപാദ്യം. മറുപടി ഇല്ല. ‘ഛേദിക്കപ്പെട്ട്, വീണു പോയ, ഒറ്റി’ തുടങ്ങിയ വാക്കുകള്‍ നല്‍കുന്ന ആക്രാമകമായ ഒരന്തരീക്ഷത്തില്‍ തീര്‍ത്തും ആശയവിനിമയം അസാധ്യമായ ഒരവസ്ഥയെ ഈ ചെറിയ കവിത പ്രതിഫലിപ്പിക്കുന്നു. അടുത്തടുത്തിരിക്കുന്ന രണ്ടു വാക്കുകള്‍ കാട്ടി തന്നിട്ട്, ‘മരിക്കും’ എന്നുറപ്പുണ്ട് എന്നാല്‍ ‘രമിക്കാന്‍ ’ കഴിയുന്നില്ലെന്ന് നിസ്സഹായമാവുന്ന കവിതയിലും കടന്നു വരുന്നത് ഒരു സ്തംഭനാവസ്ഥയാണ്. ‘നിശ്ചലതടാകത്തില്‍ ഈശ്വരനാല്‍ എറിയപ്പെട്ട ഒരു കല്ല്, ആഴത്തിലേയ്ക്ക് പോകുംതോറും ഞാന്‍ നിശ്ശബ്ദനായി’ എന്ന ജിബ്രാന്‍ കവിതയുടെ നിഴലില്‍ വച്ച് പരിശോധിച്ചാല്‍ ജ്യോനവന്റെ ‘അടക്ക’ത്തിന്റെ നോവ് അനുഭവിക്കാം. ‘താണുപോകുന്ന കല്ലുകള്‍ക്ക് , കല്ലറകളെക്കുറിച്ച് നല്‍കപ്പെടുന്ന ഉറപ്പിന്റെ റീത്തുകളാണ് ഓളങ്ങള്‍ ’ എന്നാണ് ‘അടക്കം’ പറയുന്നത്. ആത്മീയമായ ഉന്നതിയെയും പാകതയെയുമാണ് ജിബ്രാന്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ജ്യോനവന്റെ കവിത തീര്‍ത്തും ഭൌതികവും അങ്ങേയറ്റം നിശ്ശബ്ദവുമായ മാരകമായ ഒരു നിലവിളിയാണ്. ഇതേ നിലവിളിയാണ് ‘ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകളി’ലുമുള്ളത്. അക്ഷരങ്ങള്‍ക്കിടയിലെ തന്റെ ജീവിതത്തെക്കുറിച്ച് പതിവില്ലാത്ത വിധം ജ്യോനവന്‍ വാചാലനാവുന്ന കവിതയാണത്. സ്വാഭാവികമായി തന്നെ കവിതയിലെ ചിന്തനകള്‍ ചെന്നെത്തി നില്‍ക്കുന്നത് മരണത്തിലും !

ഏകാകിയും ആത്മലീലാപരനുമായ ഒരു എഴുത്തുകാര ബിംബവും അതിനുള്ളില്‍ ദാരുണമായ അവസ്ഥകളാല്‍ ചുറ്റപ്പെട്ട ഒരു വ്യാകുലമുഖവും ചേര്‍ന്നാണ് ജ്യോനവന്റെ കവിതകളുടെ അന്തരീക്ഷം തീര്‍ക്കുന്നത് എന്നാണ് പറഞ്ഞു വന്നത്. കവിതകള്‍ ഈ ഛായാപടങ്ങളെ ഇടയ്ക്കിടെ പരസ്പരം വച്ചു മാറുന്നുണ്ട്. ആര് ഏത് എന്ന തീര്‍പ്പിനെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട്. ആ നിലയ്ക്ക് പൊട്ടക്കലം എന്ന പേര് വെറും വിനയത്തിന്റെ മാതൃകയല്ലെന്നും നിരാലംബമായ ഒരവസ്ഥയുടെ പ്രതീകമാണെന്നും വരാം. ജ്യോനവന്റെ കവിതകളിലെമ്പാടും ചിതറിക്കിടക്കുന്ന സൂചകങ്ങള്‍ മരണാഭിമുഖമായ ഇരുണ്ട ഒരവസ്ഥയെ കോര്‍ത്തിണക്കുന്നതുപോലെ. ചിഹ്നങ്ങള്‍ക്ക് പലപ്പോഴും കേവലമായ ഒരര്‍ത്ഥത്തില്‍ ചെന്നു വിശ്രമിക്കുക എന്ന പതിവില്ല. കവിതയിലെ ചിഹ്നങ്ങള്‍ എന്തിനെ ചൂണ്ടുന്നു എന്ന കാര്യത്തില്‍ ഒരു യോജിപ്പിലെത്തിക്കൊണ്ട് പ്രത്യക്ഷത്തിലെ ‘മനസ്സിലാകായ്കയെ’ നമുക്ക് ഒരു കരയിലെത്തിക്കാം. പക്ഷേ ‘കാന്റും പ്ലാറ്റിപ്പസും’ എന്ന പുസ്തകത്തിലെ ‘ഓണ്‍ ബീയിംങ്’ എന്ന പ്രബന്ധത്തില്‍ ഉംബെര്‍ട്ടോ എക്കോ ചോദിച്ചതു പോലെ ‘ഈ ചിഹ്നങ്ങളെ സൃഷ്ടിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് എന്താണ് ‘ എന്നു ജ്യോനവന്റെ കവിതകളിലേയ്ക്ക് നോക്കി ചോദിക്കാനാഞ്ഞാല്‍ ഒരു നടുക്കം നമ്മെ വന്ന് തൊട്ടേയ്ക്കും. പ്രത്യേകിച്ചും ഇപ്പോള്‍ .


*ജ്യോനവന്റെ കവിതയിലെ ഒരു വരി

ചിത്രം : www.pbase.com/alexlim/image/83617228