രാം, ലതീഷ് എന്നീ രണ്ടു മോഹന്മാര്‍ക്ക്. കൈയടക്കവും അഴിച്ചുവിട്ട ഭാവനയും കൊണ്ട് അസംബന്ധലോകങ്ങളെ വാര്‍ക്കുന്ന തിരുമാലികളായ തച്ചന്മാര്ക്ക്.
മൈക്കല്‍ ഹെയ്മാന്, ഇന്ത്യക്കാരായ സുമന്യു സത്പതിയും അനുഷ്കാ രവിശങ്കറുമായി ചേര്‍ന്നു സമാഹരിച്ച് ‘പെന്ഗ്വിന്’ വഴി പുറത്തിറക്കിയ ‘പത്താമത്തെ രസം’ (The Tenth Rasa) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം കണ്ടിരുന്നെങ്കില്‍, എല്ലാവര്‍ക്കുമറിയാവുന്ന ഒന്‍പതു രസങ്ങള്‍ക്കു പുറമേ ‘ഭക്തി’ എന്നൊരു രസത്തെക്കൂടി പരിഗണിക്കണം, അതാണ് പത്താമത്തെ രസം എന്നും പറഞ്ഞ് പുസ്തകമെഴുതിയ മധുസൂദനസരസ്വതി ‘അയ്യടാ’യെന്ന് ആയിപ്പോയേനേ. കാരണം രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി പുലരുന്ന ഭാരതീയ ശാസ്ത്രീയകലാസ്വാദനസമ്പ്രദായത്തെ തലക്കുത്തനെ നിര്‍ത്തുന്ന വിഷയമാണ് മേപ്പടി പുസ്തകത്തിലുള്ളത്. ഗൌരവശാസ്ത്രികളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന ഒന്ന്. ‘അസംബന്ധസാഹിത്യം’. സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളിലെ കഥാപാത്രം കോച്ചാത്തി പാടുന്ന ഒരു പാട്ടുണ്ട്, “ഡുഡ്വാണ്ടി, ഡുഡുപ്പനാണ്ടി കുഡ്വാണ്ടി, കൊടപ്പനാണ്ടി ഇണ്ടപ്പന് ക്ടാങ്ങള് വാ കിണ്ടപ്പന്‍ കിടാങ്ങള്‍ പോ..” എന്താണോ എന്തോ അര്‍ത്ഥം. ഓ വി വിജയന്റെ ആദ്യകാല കഥകളിലൊന്നായ ‘മങ്കര’യിലുമുണ്ട് ഇതുപോലൊരെണ്ണം. തനി അസംബന്ധം. എങ്കിലും ആന്തരികമായ ഏതോയീണത്താല്‍ അതു കുറേക്കാലം മനസ്സില്‍ കിടന്നിരുന്നത് ഇപ്പോഴോര്‍ക്കുന്നു. ബഷീര്‍ എഴുതി ‘ഹുട്ടിനി ഹാലിത്തോ ലിട്ടാപ്പോ.. സഞ്ചിനി ബാലിക്ക ലുട്ടാപ്പി... ഹാലിത മാണിക്ക ലിഞ്ചാലോ ശങ്കര ബഹാനാ ടുലിപി...................’ എന്തോന്നിത്? പ്രിയ ഏ എസിന്റെ ‘ഉള്ളിത്തീയലും ഒന്പതിന്റെ പട്ടികയും’ എന്ന കഥയുടെ അവസാനം, ‘കളിമരമൊരു കിളി മരം, കിളിമരമൊരു കളിമരം’ എന്നൊരു പാട്ടുണ്ടാക്കിയ വേദാനായര്‍ എന്ന കുട്ടിയ്ക്ക് ഒരു കടപ്പാടു നല്‍കിയിട്ടുണ്ട് കഥാകാരി. കഥയിലെ ‘ജാനു’ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പേരായ ‘ഫന്റാസ്മിന്റ’ എന്ന പദവും ഈ കുട്ടിയുടെ സംഭാവനയാണത്രേ. കുമിളകളുടെ ലോകമാണ് ‘ഫന്റാസ്മിന്റ.’ എന്തൊരു വാക്ക്! (ഇങ്ങനെ അര്‍ത്ഥമില്ലാത്ത വാക്കുകളുണ്ടാക്കുന്നതിന് Neologisam എന്നാണു പേര്. Portmanteau എന്നു വച്ചാല്‍ രണ്ടര്‍ത്ഥമുള്ള വാക്കുകള്‍ കുത്തിച്ചെലുത്തി മൂന്നാമതൊരു നിരര്‍ത്ഥക ശബ്ദം നിര്‍മ്മിക്കല്‍. ‘ആവിയായിപ്പോയാമാസ, കുഴമ്പോസിഷന്‍, കൂലം കഷിക്കുക’ എന്നൊക്കെ സഞ്ജയന്റെ പ്രയോഗങ്ങള്‍) കൂട്ടുകാരന്റെ മൂന്നു വയസ്സുകാരന് മകന് വളരെ ഗൌരവത്തോടെ കുത്തി വരച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഉറുമ്പ്, മീന്‍ പിടിക്കാന്‍ പോകുന്നതാണ് എന്നാണ്. തകരാറു പിടിച്ച നോട്ടവുമായി നടക്കുന്ന ആധുനികകാലത്തെ ഒരു നാറാണത്തുഭ്രാന്തന് ആനയെ ഉറുമ്പ് ഓടിക്കുന്ന ലാംബ്രെട്ടാ സ്കൂട്ടറിന്റെ പിന്നിലിരുത്താമെങ്കില്‍, മൂന്നുവയസ്സുകാരന്, അവന്റെ ഭാവനയില്‍, ജീവികളുടെ ശരീരവലിപ്പത്തിന്റെ യുക്തിയെ പൊളിച്ചുകൂടേ? ‘കട്ടുറുമ്പിനു കാതു കുത്തുന്ന കാട്ടിലെന്തൊരു മേളാങ്കം..’ എന്നാണ് ഒരു നാടന്‍ പാട്ട്. ഉറുമ്പിന്റെ കാതു കുത്ത്. അതെങ്ങനെയിരിക്കും എന്നാലോചിക്കാന്‍ മിനക്കെടാതിരിക്കുക കുഞ്ഞുകുട്ടികള്‍ക്ക് മാത്രം സ്വന്തമായുള്ള സ്വര്‍ഗമാണ്. ‘കീരി കീരി കിണ്ണം താ, കിണ്ണത്തിലിട്ടു കിലുക്കി താ, കല്ലും മുള്ളും നീക്കി താ, കല്ലായിപ്പാലം കടത്തി താ’ എന്ന് കുട്ടിക്കാലത്ത് കേട്ട ഒരു പാട്ട്, സ്ഥല അതിര്‍ത്തികളെ ‘പമ്പകടത്തിയതിന്റെ’ യുക്തി അന്നാലോചിച്ചിരുന്നില്ല. ഇന്നും കേട്ടു മറന്ന എന്തിലെയ്ക്കെങ്കിലും മനസ്സു വ്യാപരിക്കുമോ ഭൂരിപക്ഷത്തിന്റെ? തറയില്‍ കൈ കമഴ്ത്തി അടിച്ചു കൊണ്ട് പെണ്‍കുട്ടികള്‍ പാടിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു ‘ഒന്നെലിപാറ്റ’. പിന്നീടാണ് തിരിഞ്ഞത് അത് ‘ഒന്നാം തല്ലി പാറ്റ’യായിരുന്നു. അങ്ങനെ പാവം പാറ്റയ്ക്ക് എട്ട് തല്ല് ! നേഴ്സറിപ്പാട്ടുകള്‍ അസംബന്ധങ്ങളുടെ കൂടാണ് ലോകത്തെവിടെയും. ഒരു കന്നടപ്പാട്ടിങ്ങനെയാണ് ; “ അണ്ടര്‍ വെയര്‍ ഗണ്ടര്‍വെയര്‍ എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ് പെറ്റിക്കോട്ട് ഗെറ്റിക്കോട്ട് എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ്..” കൊച്ചുപിള്ളാരെ കിക്കിളിയാക്കാന്‍ ‘ഉറുമ്പേ ഉറുമ്പേ..’ എന്നൊരു പാട്ടുപയോഗിച്ചിരുന്നു.. ഉറുമ്പുപോണ വഴിയിലൂടെയാണ് കിക്കിളി. വഴിയൊഴിച്ച് മറ്റെല്ലാ അര്‍ത്ഥങ്ങളും യുക്തിയുമായി സന്ധി ചെയ്യാത്ത വരികളുടെ അകമ്പടിയോടെയാണ് ബാല്യങ്ങള്‍ക്ക് ശാരീരികമായ ആദ്യാഹ്ലാദങ്ങള്‍ തലമുറകള്‍ പകര്‍ന്നു കൊടുത്തത്. ഒരു പക്ഷേ പിന്നീടെല്ലാം അസംബന്ധങ്ങളാവുന്നു എന്നു പറയാതെ പറയാനാവും! ‘ആകാശം ഭൂമി തണ്ടെടുക്ക് തടിയെടുക്ക് തടിമാടന്‍ പെണ്ണെടുത്ത് അച്ചം കുച്ചം വെടി മണം നാറ്റം ! ’എന്നു പറഞ്ഞ് കുട്ടികള്‍ അന്ന് ‘ചില’ രഹസ്യം കണ്ടു പിടിച്ചിരുന്നു. രഹസ്യം തെളിഞ്ഞു എന്നകാര്യത്തില്‍ യാതൊരു സംശയവും കൂടാതെ. ‘അറുപ്പോത്തി തിരുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റട കണ്ടില്ല ആരെടുത്തു കോതയെടുത്തു കോതേടെ കൈയീന്നു തട്ടിപ്പറിച്ചു മുന്നാഴിയെണ്ണ കുടിച്ചവളേ മുരിങ്ങത്തണ്ടു കടിച്ചവളേ പാണ്ടീലിരിക്കുന്ന അമ്മേടെ കാലൊന്നു നീട്ടിയ്ക്കോ’ എന്നു മുട്ടുകള്‍ തൊട്ടു പാടിക്കഴിഞ്ഞാലുടന്‍ മടക്കി വച്ച കാലു നീട്ടണം. അതാണു വട്ടത്തിലിരുന്നുള്ള ഇന്‍ഡോര്‍ ഗെയിം. പഴയ കളി. അതിന്റെ വിശദാംശങ്ങള്‍ മറന്നു. പെണ്‍കുട്ടികളായിരുന്നു അതിന്റെ തലതൊട്ടമ്മമാര്‍. ആലോചിച്ചാല്‍ അസംബന്ധങ്ങളുടെ ഈ പത്താമത്തെ രസം, കുട്ടികള്‍ക്കുള്ളതാണ്. എന്നു വച്ചാല്‍ കുട്ടികളുടേതാണ്. അങ്ങനെയാണ് മൈക്കല്‍ ഹെയ്മാന് പറയുന്നത്. അതിനു മുന്‍പത് ടാഗോര്‍ എഴുതി വച്ചിരുന്നു. ഭരതമുനിയ്ക്കോ അഭിനവഗുപ്തനോ ജഗന്നാഥപണ്ഡിതനോ മധുസൂദന സരസ്വതിയ്ക്കോ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാര്യം. പക്ഷേ അത് ഓരം പറ്റി കൂടെ എന്നും ഉണ്ടായിരുന്നു. ഒരു പക്ഷേ അവരുടെ കാലത്തിനു മുന്നേ തന്നെയും. യോഗാത്മകതയില്‍ നിന്ന് ജന്മമെടുത്ത്, നാടോടിസാഹിത്യത്തിന്റെ തണലുപറ്റി, ജനപ്രിയയായി. കുട്ടിയാവാതെ ആര്‍ക്കും മുതിരാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ബാല്യങ്ങള്‍ അവയെ കൂടെകൊണ്ടു നടന്നത്. ആവശ്യത്തിലേറെ കണക്കുക്കൂട്ടലുകള്‍ കൊണ്ട് ഓരോ ചുവടു വയ്പ്പും കൂടുതല്‍ കൂടുതല്‍ കലുഷമായിപോകുന്ന ലോകത്തിന്റെ മുകളില്‍ കയറി നിന്ന് അസംബന്ധങ്ങള്‍ കുട്ടിത്തം നിറഞ്ഞ ചിരി ചിരിക്കുന്നു. കൂടെ ചിരിക്കാന്‍ കുട്ടിയായേ പറ്റൂ. ഇരട്ടവരകള്‍ക്കുള്ളിലെ ജീവിതത്തെ തകക്കുകയാണ് അസംബന്ധങ്ങള്‍. ക്രമങ്ങളുടെ നേരെ അസംബന്ധങ്ങളുടെ വക അക്രമങ്ങള്‍! പപ്പടം വട്ടത്തിലായതും പശുവിന്റെ പാലു വെളുത്തതും കൊണ്ടാണ് ‘പാപ്പിയുടെ പീപ്പിയ്ക്കു പെപ്പരപ്പേ എന്നു കുഞ്ഞുണ്ണി മാഷിനു തോന്നിയത് അതുകൊണ്ടാണ്. അസംബന്ധങ്ങള്‍ രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ത്ഥവ്യവസ്ഥയെ തകിടം മറിച്ചു കൊണ്ട് ഒന്ന്. ‘താങ്ക്യൂഭേരിമാച്ച് ’ എന്നൊരു മത്സ്യമുണ്ടെന്ന് ഒരു ബംഗാളിക്കവിത. മുക്കുവര്‍ അതിനെപ്പിടിച്ച് ഉപ്പിട്ട് പൊരിച്ചു തിന്നത്രേ. ‘മച്ച്’ എന്ന ഇംഗ്ലീഷുവാക്ക് നീട്ടി ഉച്ചരിച്ച് മത്സ്യമാക്കുന്ന (മാച്ച്) ബംഗാളിയെ പരിഹസിക്കുന്ന കവിതയാണിത്. ചിന്തയുടെ ക്രമത്തെ അട്ടിമറിക്കുന്നതാണ് മറ്റൊന്ന്. ‘കുമ്പളം നട്ടു കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ കൂവളയ്ക്കാ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടത് കൊത്തച്ചക്ക.’ എന്നിടത്തും ‘കൊച്ചിയില്‍ അച്ചിയ്ക്കു മീശവന്ന സംഭവത്തിലും’ യുക്തിയുടെ ക്രമം മറിയുന്നതു കാണാം. പ്രായോഗിക ജീവിതം ഉണ്ടാക്കിവച്ച നിയമങ്ങളെ ലംഘിക്കുകയല്ല, അവയുമായി നിരന്തരം കളിയിലേര്‍പ്പെടുകയാണ്, അസംബന്ധസാഹിത്യം. ഒരു തരത്തില്‍ അതൊരു പൊളിച്ചെഴുത്താണ്. അയ്യപ്പപ്പണിക്കരുടെ ‘കം തകം പാതകം’ പലതരത്തിലാണ് ഈ പൊളിച്ചെഴുത്തു നടത്തുന്നത്. കവിത എന്ന സങ്കല്പത്തെ. ഭാഷയെ. അതിന്റെ രീതിയെ. ആവിഷകരണ സമ്പ്രദായത്തെ. എന്തിന് വ്യാഖ്യാനത്തെപ്പോലും! കൂട്ടത്തില്‍ പറയട്ടേ, ജെ ദേവിക ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ നേന്ത്രവാഴയെന്ന പദത്തെ ബോധപൂര്‍വ്വം നേത്രവാഴയാക്കി. Er, D-er, Mur-der, Plantain-bunch murder, Eye plantain-bunch murder, Inner-eye plantain-bunch murder....ഇങ്ങനെ. അതുകൊണ്ട് വിവര്‍ത്തനത്തിലും ആ അസംബന്ധ കവിത പൊളിച്ചെഴുത്തിനുള്ള സ്കോപ്പ് ഒരുക്കിവച്ചിരിക്കുന്നു. യുക്തിയ്ക്ക് സമാന്തരമായ ലോകം തീര്‍ക്കുക എളുപ്പമല്ലാത്ത പണിയായതുകൊണ്ട് ‘ഇല്ലാത്ത ബോധത്തെ’യല്ല(Nonsense) വല്ലാത്തബോധത്തെ(excess of sense)യാണ് അസംബന്ധങ്ങള്‍ വെളിവാക്കുന്നത്. അര്‍ത്ഥരാഹിത്യം കൊണ്ട് ആശയത്തെ ഇരട്ടിപ്പിക്കുകയാണ് അവ ചെയ്യുന്നതെന്ന് മൈക്കല്‍ എഴുതുന്നു. കുട്ടിയുടെ മാനസികലോകം മുതിരുന്നതിനോടൊപ്പം പാട്ടുകള്‍ അവയുടെ അര്‍ത്ഥതലത്തിന്റെ അതിര്‍ത്തിയും വികസിപ്പിക്കും. അസംബന്ധസാഹിത്യത്തിന് (കലയ്ക്ക്) നിശ്ചിതകാലമില്ല. വിദൂരഭൂതത്തിലവകള്‍ ഉണ്ടായിരുന്നു. ആധുനികകാലത്തുമുണ്ട്. പലവിതാനങ്ങളില്‍, പല തലങ്ങളില്‍. അയ്യപ്പപ്പണിക്കര്‍ കുറേ വിമര്‍ശനങ്ങള്‍ അസംബന്ധങ്ങള്‍ എഴുതിയതിന്റെ പേരില്‍ വാങ്ങിച്ചു പിടിച്ചിട്ടുണ്ട്. ‘കം തകം പാതകം’ തന്നെ അവയില്‍ മുഖ്യം. വി കെ എന്നും എന്തെല്ലാം അസംബന്ധങ്ങള്‍ എഴുതി. ‘ഓ ചക്കിപ്പൊന്താ ഓ.. ചക്കിപ്പൊന്തേ...നിന്റ തന്തേടെ തന്തേടെ തണ്ടപ്പന്‍ മരപ്പട്ടിയാണോ അല്ല മരപ്പട്ടിയാണോ..’ എന്ന് ഡി. വിനയചന്ദ്രന് ഒരു കവിതയില്‍. ശുദ്ധകവിതാവിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് യുക്തിയ്ക്കു വഴങ്ങുന്ന മട്ടിലുള്ള പെരുമാറ്റമല്ല ഉള്ളത് എന്നു കാണുക.(വിനയചന്ദ്രന്റെ അമ്മാനപ്പാട്ട്, കുണ്ടാമണ്ടിയും കുരങ്ങച്ചനും...) മുതിര്‍ന്നകുട്ടികള്‍ക്ക് അവകളില്‍ കമ്പം എന്നുമുണ്ട്. മുതിര്‍ന്നിട്ടും കുട്ടിത്തം വിടാത്തവര്‍ക്ക്, ആത്മാവില്‍ സര്‍വതന്ത്രസ്വതന്ത്രരായവര്‍ക്ക്. കുഴഞ്ഞുമറിഞ്ഞ നിറമുള്ള ഭാവനാലോകം ടിവിയില്‍ നിന്ന് പുറത്തിറങ്ങി കുട്ടികളെ ഇന്ന് തൊടുമോ എന്നു സംശയം ഉണ്ടായിരുന്നു. അതുമാറി. അടുത്തൊരു പറമ്പില്‍ തനി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നിന്നു കളിക്കുന്നതു കണ്ടു. പാട്ടിങ്ങനെ :“ ടീ ടീ ടീ കണ്ണന് ദേവന് ടീ, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട കണ്ണന് ദേവന് ടീ...” ഒരു വട്ടപ്പാലം ചുറ്റലില്‍ പേരുപറമ്പിലെവിടെയോ കളഞ്ഞുപോയ വിസ്മയം നിറഞ്ഞ ബാല്യകാലം തിരിച്ചു വന്നു നനച്ചു. അനിയന്റെ മോളോട് ചോദിച്ചു, നിനക്ക് അപ്പോള്‍ മലയാളം പാട്ടൊന്നും അറിയില്ലേ? നാലു വശവും നോക്കി, അമ്മയോട് പറയില്ലെന്ന് ഉറപ്പു വാങ്ങിയിട്ട് അവള് ചൊല്ലി തന്നു. “അപ്പൂപ്പന്റെ ആട് പിണ്ണാക്കു തിന്നു അണ്ണാക്കിലൊട്ടി ഡോക്ടര്‍ വന്നു വണ്‍ ടു ത്രീ...” ഭാഷ കലങ്ങിക്കഴിഞ്ഞിരിക്കുന്നു എങ്കിലും ഇത്രയും പോരേ, നഗരത്തില്‍ ഇനിയൊരു കാലത്ത് ‘ എന്തോന്ന് ചാന്തോന്ന്’ കേട്ടാല്‍ മനസ്സിലാവാന്‍, കുണ്ടാമണ്ടിയും കുരങ്ങനും കൂടി അടി വയ്ക്കുന്ന കവിതയുണ്ടാവാന്‍? ഒന്നുമില്ലെങ്കില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍? കുട്ടികള്‍ സ്വയം നിര്‍മ്മിക്കുന്ന കവിതകളാണിവ. എതൊക്കെയോ കുട്ടികള്‍. ഒരു ഹോം വര്‍ക്കിന്റെയും പിന് ബലമില്ലാതെ പഠിക്കപ്പെടുന്നു. രഹസ്യമായി പങ്കു വയ്ക്കുന്നു. ഒരു സമാന്തരലോകം. അസംബന്ധങ്ങള്‍ അവയുടെ ഉത്പത്തിയെ ഇന്നും സാധൂകരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഇനിയും ഉപന്യാസങ്ങള്‍ എന്തിന്? എസ് എം എസ്സില്‍ കുറച്ചു ദിവസം മുന്‍പ് ഒരു മെസ്സേജ് വന്നിരുന്നു. “അയ്യപ്പന്റെ അമ്മ എത്ര നെയ്യപ്പം ചുട്ടിരിക്കും..” എന്ന്. പരിചയമുള്ളവര്‍ക്കെല്ലാം ചിരിച്ചുകൊണ്ടത് ഫോര്‍വേഡ് ചെയ്തു. കുറച്ചുകഴിഞ്ഞ് ഒരാളിന്റെ മറുപടി വന്നു. “എന്തോന്ന്...?” ഒരു ഓഫ് : മലയാളിയ്ക്കു മാത്രമായി പത്താം രസമുണ്ടെന്ന് പ്രിയ ഏ എസ്സ് ‘മായക്കാഴ്ചകളുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, പുച്ഛരസം !