മരീന സ്വ്റ്റായേവയുടെ പഴയ ഒരു കവിത, Poems for Blok, ‘ബ്ലോക്കിനൊരു കവിത‘യെന്ന പേരിൽ പി രാമൻ വിവർത്തനം ചെയ്തിട്ടുണ്ട്. (പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നു തോന്നുന്നു) ഇങ്ങനെയാണ് അതിന്റെ തുടക്കം.
Your name is a—bird in my hand,
a piece of ice on my tongue.
The lips’ quick opening.
Your name—four letters.
A ball caught in flight,
a silver bell in my mouth.
- അവസാനം
Your name—impossible—
kiss on my eyes,
the chill of closed eyelids.
Your name—a kiss of snow.
Blue gulp of icy spring water.
With your name—sleep deepens. - എന്നും.
ഇവിടത്തെ ബ്ലോക്ക്, മഹാനായ റഷ്യൻ കവി അലക്സാണ്ടർ ബ്ലോക്കാണ്. അതേ സമയം അതൊരു തടസ്സവുമാണ്. അല്ലെങ്കിൽ അതിനു വേറേ വാക്കു കണ്ടു പിടിക്കണം. വിട്ടുകളയാൻ വയ്യാത്ത ഒന്ന് അനങ്ങാനും സമ്മതിക്കാതിരിക്കുന്നതിനെപ്പറ്റിയാണ് കവിത. പ്രണയം ഒരു ബ്ലോക്കാണ്. കിളി പറക്കേണ്ടതാണ്, കൈക്കുള്ളിലായതുകൊണ്ട് പറക്കാൻ പറ്റില്ല, അതേസമയം അതു കൈക്കുള്ളിൽ വേണം താനും. നാവിലെ മഞ്ഞുകട്ട, സംസാരിക്കുന്നതിനൊരു ബ്ലോക്കാണ്. അക്ഷരങ്ങളിൽ കുടുങ്ങിയ പേര്, ഗതിവേഗം തടസ്സപ്പെട്ട പന്ത്, നാവിലെ വെള്ളിമണിയൊച്ച, അടഞ്ഞ കണ്ണുകളിലെ തണുത്ത ചുണ്ടുകളുടെ സ്പർശം, മഞ്ഞിന്റെ ചുംബനം, തണുത്തവെള്ളത്തിന്റെ ഒരിറക്ക്, ഗാഢമായ ഉറക്കം.. അങ്ങനെ കവിതയിൽ പ്രയോഗിച്ച മുഴുവൻ ബിംബങ്ങളും തടസ്സത്തെ എടുത്തു വയ്ക്കുന്നു. രാമൻ മലയാളത്തിന്റെ മട്ടനുസരിച്ച് മുറിഞ്ഞു പോകുന്ന വാക്യങ്ങളെ വിശേഷണങ്ങൾ ചേർത്ത് കാവ്യാത്മകമാക്കി.
(നിന്റെ പേർ കൊച്ചുകിളിയായ്
ഒതുങ്ങുന്നെന്റെ കൈകളിൽ
നാവിനതു മഞ്ഞല്ലോ
ചുണ്ടുകൾക്കൊരനക്കവും) - അപ്പോഴും അവശേഷിക്കുന്ന, ആശയത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ബ്ലോക്കുകളുണ്ട്. അതു മറ്റൊരു കാര്യം. രൂപകമോ ബിംബമോ അല്ല അത് ധ്വനിപ്പിക്കുന്ന ചിലതാണ് കവിതയെ ജീവൻ വയ്പ്പിക്കുന്നതെന്നു പറയാൻ പോവുകയായിരുന്നു. അതു കവിതയിൽ മാത്രമല്ല കവിതപോലെ/ കവിതതന്നെയായി ജീവിച്ച ചിലർക്ക് എന്തെഴുതിയാലും ഇങ്ങനെ അർത്ഥം, അതു പിച്ച വയ്ക്കുന്ന വരി വിട്ട് ഉള്ളിലേക്ക് കയറിപോകുന്ന സ്വഭാവം ഉണ്ടാകുമോ?
ലാറ്റിനമേരിക്കയുടെ സാംസ്കാരിക അംബാസിഡർ പാബ്ലോ നെരൂദ ഒരിക്കൽ, (1970-ൽ) ഒരു യാത്രയ്ക്കിടയിൽ വഴിമധ്യേ, സ്പെയിനിൽ താമസമാക്കിയ മാർക്വേസിനെ കാണാൻ പോയിരുന്നു, വീട്ടിൽ. കൂടെ മെറ്റിൽഡയുണ്ട്. ഏകാന്തതയുടെ വർഷങ്ങൾ പുറത്തുവന്ന് മാർക്വേസ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയം. സ്ത്രീകളുടെ നോട്ടപ്പുള്ളിയായിരുന്നല്ലോ നെരൂദ. ഭയങ്കര പ്രണയ കവി. അതുപോലെ നല്ല ഭക്ഷണപ്രിയനും. നെരൂദ തന്റെ ഒരു കവിതാ പുസ്തകം പതിവുപോലെ ആതിഥേയയായ മെർസിഡസിനു നൽകി. അതുമായി മാർക്വേസിന്റെടുത്ത് ഓടിച്ചെന്നിട്ട് കവി തനിക്ക് പുസ്തകം നൽകിയെന്നും അതിലെന്തെങ്കിലും അദ്ദേഹത്തെക്കൊണ്ട് എഴുതി വാങ്ങിച്ചു തരണമെന്നും ആവേശത്തോടെ പറഞ്ഞപ്പോൾ, അദ്ദേഹം പരുങ്ങി. ‘നീ തന്നെ ചെന്നു പറഞ്ഞാൽ മതി, എനിക്കു നാണമാണെന്ന് പറഞ്ഞിട്ട് മാർക്വേസ് കുളിമുറിയിൽ കേറി ഒളിച്ചിരുന്നെന്ന്. ( ലോകത്തിലെ ഏറ്റവും വലിയ നാണക്കാരനാണ് ഞാൻ എന്ന് മാർക്വേസ്. ) മെർസിഡസ് ധൈര്യം സംഭരിച്ച് നെരൂദയോട് ചെന്ന് എന്തെങ്കിലും എഴുതിതരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട്
“To,
Mercedes, in her bed“
എന്ന് സ്പാനിഷിൽ എഴുതിക്കൊടുത്തത്രേ. അത് വായിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിനുതന്നെ അത്ര രസിച്ചില്ല, അതുകൊണ്ട് ബുക്കു തിരിച്ചു വാങ്ങി രണ്ടു വാക്കുകൂടി ചേർത്ത് ഇങ്ങനെ എഴുതി :
“To Mercedes and Gabo,
in their bed.. “
പക്ഷേ അപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. ആ വാക്യം നന്നാക്കാനായി ഒന്നും കൂടി തിരുത്തി ഇങ്ങനെയാക്കി :
‘To Mercedes and Gabo
in their bed..
fraternally,
Pablo.“
നെരൂദയുടെ നെറ്റി വളരെ ചുളിഞ്ഞു. ‘ഇപ്പോഴാണ് ഏറ്റവും ബോറായത്, പക്ഷേ ഇനിയൊന്നും ചെയ്യാനില്ല, കൊണ്ടു പൊയ്ക്കോ, എന്നു പറഞ്ഞ് സ്വന്തം വാങ്മയത്തെ കൈയൊഴിഞ്ഞൂ കവി.
പ്രശ്നം, വലിയൊരു കവിയുടെ ബ്ലോക്കാണ്. രണ്ടുകൈകൊണ്ടും കവിതയെഴുതിയിരുന്ന ആളാണ്, സ്ത്രീ വൽസലനാണ് നെരൂദ. പെറുക്കിയെടുത്തതും വലിച്ചെറിഞ്ഞതുമെല്ലാം കവിതയായിരുന്നു. മെർസിഡിസിനു എഴുതിക്കൊടുത്ത വാക്യം കവി ബോറാണെന്ന് പറഞ്ഞാലും അതിലൊരു കവിതയുണ്ടെന്ന് നമ്മൾ തിരിച്ചറിയും. ആ കുറിപ്പ് അത്ര നിഷ്കളങ്കമല്ല. അതു പുറമേ ഭാവിക്കുന്നതിനപ്പുറം ഒരു രണ്ടാം ഭാവമുണ്ട്. നെരൂദയെ പോലെ മാർക്വേസ് പ്രണയകാര്യത്തിൽ മോശമൊന്നും ആയിരുന്നില്ലല്ലോ. (ഞാനൊരു പെണ്ണായിരുന്നെങ്കിൽ ആരു ചോദിച്ചാലും വഴങ്ങിക്കൊടുത്തേനേ എന്ന് സുപ്രസിദ്ധ ഉദ്ധരണി) ആദ്യത്തെ വാക്യത്തിലെ ബെഡ്, വെറും കിടക്കയല്ല, കിടപ്പറയാണെങ്കിലും ഉദ്ദേശ്യം, നെരൂദയുടെ വിനയമാണ്. തന്റെ കവിത കിടക്കപ്പായിൽ കിടന്ന് അലസമായി വായിക്കാനുള്ളതാണെന്നേ കവി ഉദ്ദേശിച്ചുള്ളൂ.. ( ബെഡ്‌റൂം സ്റ്റോറീസ് പോലെ) മാത്രമല്ല, കുട്ടികൾക്ക് അങ്ങനെയൊരു പുസ്തകം നൽകുന്നതിൽ പിതൃനിർവിശേഷമായ വാൽസല്യമുണ്ടല്ലോ. പക്ഷേ എഴുതിയതു പ്രണയത്തിന്റെ സ്വന്തം കവി ആയതുകൊണ്ട് കിടപ്പറയ്ക്ക് മറ്റൊരർത്ഥം വന്നുപോയതാണ്. അതു തിരുത്തിയപ്പോൾ കൂടുതൽ പ്രകടമായി.. മൂന്നാമത്തെ തിരുത്തിൽ ആദ്യത്തെ കുറുകിയ വാക്യത്തിന്റെ അർത്ഥം അപ്രസക്തമാവുകയും ഗൂഢാർത്ഥം പരപരാ വെളുത്തു തുണിയുടുക്കാതെ വെളിവാകുകയും ചെയ്തു. ‘ഞാനും ഞാനും അളിയനുമായി അവർ മൂന്നുപേരും മാറി ‘ ! അപ്പോൾ പിന്നെ കവി പറഞ്ഞതുപോലെ ‘ഇനിയൊന്നും ചെയ്യാനില്ല.. കൊണ്ടുപൊയ്ക്കോ..‘
അതാണ് സംഗതി. എത്രത്തോളം മുറുകുന്നോ അത്രത്തോളം കവിതയ്ക്ക് ധ്വനിഭംഗി കൂടും, എത്രത്തോളം വലിച്ചു നീട്ടുന്നോ അത്രത്തോളം ചാക്കിലെ തവളകൾ പുറത്തു ചാടും. കവിത ഫ്രോഡാവും.
( ഐ എഫ് എഫ് കെയിലെ ‘നെരൂദ’യെന്ന സിനിമ
ആർ വി എം ദിവാകരന്റെ ‘പ്രിയപ്പെട്ട ഗോബോ’..
പിന്നെ പഴയ മൾബറി പുസ്തകം ‘പേരയ്ക്കയുടെ സുഗന്ധ’വും ‘എഴുത്തുകാരന്റെ അടുക്കളയും’..)