കെ എസ് സേതുമാധവനെ സിനിമാ സംവിധായകനാക്കി മാറ്റുന്നതിൽ ഒ വി വിജയനും കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ എ ജെ ക്രോണിനും അജ്ഞാതമായൊരു നിയോഗമുണ്ടായിരുന്നു. - എന്നു പറയുന്നത് മറ്റാരുമല്ല കെ എസ് തന്നെയാണ്.
മദിരാശി പ്രസിഡൻസി കോളേജിലെ ബി എസ്.സി പഠനകാലത്ത്, എ ജെ ക്രോണിന്റെ കൃതിയെ അവലംബമാക്കി ജോൺ എം സ്റ്റാൾ സംവിധാനം ചെയ്ത ‘ദ കീസ് ഓഫ് ദ കിങ്ഡം’ (1944) എന്ന സിനിമ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി കണ്ടതാണ് കെ എസ് സേതുമാധവന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സംഭവം. കുട്ടിക്കാലത്ത് കണ്ട ഒന്നു രണ്ടു സന്മാർഗ ചിത്രങ്ങളല്ലാതെ സിനിമ കാണുക അദ്ദേഹത്തിനു ഇഷ്ടമായിരുന്നില്ല. എട്ടു വയസ്സിൽ അച്ഛൻ മരിച്ചുപോയ അദ്ദേഹത്തെ, അമ്മയുടെ അനുസരണയുള്ള മകനാക്കിമാറ്റാൻ ഈ സിനിമകൾ സഹായിച്ചു എന്നതാണ് അവ കൊണ്ട് ഉണ്ടായ ഗുണം എന്ന് അദ്ദേഹം പിന്നീട് തിരിച്ചറിയുന്നുണ്ട്. പക്ഷേ ഈ ഇംഗ്ലീഷ് സിനിമ നോവൽ തേടിപ്പിടിച്ചു വായിക്കാൻ പ്രേരിപ്പിച്ചു എന്നു മാത്രമല്ല, സാഹിത്യത്തെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ കാണാനും പുസ്തകങ്ങൾ വായിക്കാനുമുള്ള ആവശം ഉണ്ടാക്കുകയും ചെയ്തു. അവിടെനിന്നാണ് തന്റെ വഴി സിനിമയുടേതാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. ഇന്നാലോചിക്കുമ്പോൾ അതുമാത്രമല്ല സാഹിത്യത്തിന്റെ ശക്തമായ അടിത്തറ തന്റെ ചലച്ചിത്രത്തിന്റെയും ശക്തി എന്നുഉറച്ച് വിശ്വസിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തിയും മുതിർന്നശേഷമുള്ള ആദ്യത്തെ സിനിമാനുഭവമാണ്.
മദിരാശിയിലെ ഹോസ്റ്റലിൽ കൂടെ താമസിച്ചിരുന്ന, ഫിലിം ഇസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കൂട്ടുകാർ നൽകിയ സാങ്കേതിക പുസ്തകങ്ങളെല്ലാം വായിച്ചു സിനിമയെപ്പറ്റി ആധികാരികമായ അറിവെല്ലാം നേടിയെങ്കിലും മദിരാശിയിലെ സ്റ്റൂഡിയോകളിൽ ചെന്ന് സംവിധായകരെ കാണാനോ അവിടങ്ങളിൽ കയറിപ്പറ്റാനോ സാധിക്കാതെ കുറേ നാൾ നടന്ന് നിരാശനായി പാലക്കാട്ട് മടങ്ങിയെത്തി എം എ യ്ക്കു ചേരാമെന്നു വിചാരിച്ചു കഴിയുമ്പോൾ ഒരു ദിവസം ചാറ്റൽ മഴ നനഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഒ വി വിജയന്റെ കൂട്ടുകാരിലൊരാളാണ് പോലീസ് ഓഫീസറായ പിതാവിനോട് പറഞ്ഞ് സേതുമാധവന് ചലച്ചിത്രരംഗത്തേയ്ക്കുള്ള പ്രവേശനം സുഗമമാക്കിക്കൊടുത്തത്. സംവിധായകനും ഛായാഗ്രാഹകനുമായ കെ രാമനാഥിന്റെ കൂടെ സഹായി ചേരാം എന്ന തീരുമാനം സ്വയം എടുത്തതാണ്.
കെ എസ് സിനിമാജീവിതം തുടങ്ങുന്ന വർഷമാണ് മലയാള സിനിമ സിനിമയ്ക്ക് പ്രായപൂർത്തിയാവുന്നത്. വൻ ഹിറ്റായ ജീവിതനൗകയെന്ന ചിത്രം പുറത്തിറങ്ങിയ വർഷമാണത്. വ്യവസായം എന്ന നിലയിൽ മലയാള സിനിമ കാലുറപ്പിച്ചത് അതോടുകൂടിയാണ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം, ഭാഷവച്ചു നോക്കിയാൽ, ആദ്യത്തെ മലയാള ചിത്രം ബാലൻ നിർമ്മിച്ച ടി ആർ സുന്ദരം എന്ന തിരുച്ചെങ്കോട് രാമലിംഗം സുന്ദര മുതലിയാരുടെ മോഡേൺ തിയേറ്റേഴ്സിലായിരുന്നു സേതുമാധവൻ ജോലി ചെയ്തു തുടങ്ങിയത്. മലയാളത്തിലെ ആദ്യ വർണ്ണ ചിത്രം കണ്ടം വച്ച കോട്ട് സംവിധാനം ചെയ്യേണ്ടിയിരുന്നത് സേതുമാധവനായിരുന്നു. ഇരട്ടിച്ചെലവു വരുന്ന കളർചിത്രം ഒരേയൊരു ശ്രീലങ്കൻ പടം മാത്രം ചെയ്തിട്ടുള്ള പുതുമുഖത്തെ ഏൽപ്പിച്ചാൽ പൊളിഞ്ഞുപോകില്ലേ എന്ന് നിർമ്മാതാവിനു വൈകിയുദിച്ച അതിബുദ്ധികൊണ്ട് ചുണ്ടിനും കപ്പിനുമിടയിൽ വഴുതി പോയതാണ്.
സേതുമാധവൻ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രം ജ്ഞാനസുന്ദരിയെപ്പറ്റിയും നല്ല അഭിപ്രായമില്ല. തമിഴിന്റെ റീമേക്കായ ഭക്തി പടമായിരുന്നു സംഭവം. മലയാള തനിമ മലയാള സിനിമകളിലില്ലെന്ന് കുറ്റം പറഞ്ഞുകൊണ്ടിരുന്ന നിരൂപകർക്കാർക്കും അതിഷ്ടമായി കാണാൻ സാധ്യതയില്ല. താൻ റിവ്യൂ എഴുതാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ പോലും ജ്ഞാനസുന്ദരിയുടെ പേരു സിനിക്ക് പരാമർശിക്കുന്നില്ല. രണ്ടാമത്തെ മലയാള ചിത്രം ‘കണ്ണും കരളും’ തൊട്ട് കഥ മാറി. അക്കാലത്തെ പതിവു രീതികൾ - പ്രേമം, യുഗ്മഗാനം - എല്ലാം ഒഴിവാക്കി. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി. യേശുദാസിന്റെയും കമൽ ഹാസന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു. പാതൈ തെരിയുതു പാർ കഴിഞ്ഞുള്ള സിനിമ എന്ന നിലയിൽ എം ബി ശ്രീനിവാസന്റെയും രണ്ടാമത്തെ ചിത്രമായിരുന്നു കണ്ണും കരളുമെന്നു പറയാം. യേശുദാസ് ആദ്യമായി ഒറ്റയ്ക്ക് പാടിയ (സോളോ) സിനിമയും അതുതന്നെ. ‘കണ്ണും കരളും’ പ്രിവ്യൂ കണ്ടവർ ചിത്രത്തിനു ആളുകേറില്ലെന്നു വിധിയെഴുതിയെങ്കിലും കൊച്ചിയിൽ മാത്രം നൂറു ദിവസം ഓടി.
സിനിമ - സാഹിത്യം എന്ന വിഷയത്തിലേക്ക് വരാം. ജ്ഞാനസുന്ദരിക്കു ശേഷം മലയാള സിനിമകളിൽ സേതുമാധവൻ എഴുത്തുകാരെ സഹകരിപ്പിച്ചിരുന്നു. ( അവരോടുള്ള ബഹുമാനം പ്രത്യേകിച്ചും കെ ടി മുഹമ്മദിനോടുള്ളത് അദ്ദേഹം പി സക്കീർ ഹുസൈൻ നടത്തിയ അഭിമുഖത്തിൽ എടുത്തുപറയുന്നുണ്ട്. (തിരയും കാലവും, സംഭാഷണം/എഴുത്ത് -സക്കീർ ഹുസൈൻ, ഗ്രീൻ ബുക്സ്)
കണ്ണും കരളും, അന്ന, കടൽപ്പാലം, അച്ഛനും ബാപ്പയും (കെ ടി മുഹമ്മദ്)
സുശീല, നിത്യ കന്യക (പൊൻകുന്നം വർക്കി)
കൂട്ടുകുടുംബം (തോപ്പിൽ ഭാസി)
ഓമനക്കുട്ടൻ, അനുഭവങ്ങൾ പാളിച്ചകൾ, ചുക്ക് ( തകഴി)
ഓടയിൽനിന്ന്, റൗഡി , ആദ്യത്തെ കഥ, (കേശവ ദേവ്)
സ്ഥാനാർത്ഥി സാറാമ്മ, ലൈൻ ബസ്, അഴകുള്ള സെലീന (മുട്ടത്തു വർക്കി)
അർച്ചന (സി എൻ ശ്രീകണ്ഠൻ നായർ)
യക്ഷി ( മലയാറ്റൂർ രാമകൃഷ്ണൻ)
വാഴ്വേ മായം, തെറ്റ് (അയ്യനേത്ത്)
മിണ്ടാപ്പെണ്ണ് (ഉറൂബ്)
അരനാഴികനേരം, പണിതീരാത്ത വീട് (പാറപ്പുറം)
ദേവി ( കെ സുരേന്ദ്രൻ)
കലിയുഗം ( മുണ്ടൂർ സേതുമാധവൻ)
കന്യാകുമാരി, ഓപ്പോൾ, വേനൽക്കിനാവുകൾ ( എം ടി വാസുദേവൻ നായർ)
ജീവിക്കാൻ മറന്നുപോയ സ്ത്രീ ( വെട്ടൂർ രാമൻ നായർ)
അടിമകൾ, ചട്ടക്കാരി (പമ്മൻ)
നക്ഷ്ത്രങ്ങളേ കാവൽ (പി പത്മരാജൻ)
അവിടത്തെ പോലെ ഇവിടെയും (സി രാധാകൃഷ്ണൻ)
സാഹിത്യവും ചലച്ചിത്രവും വ്യത്യസ്തമായ ചിഹ്നവ്യവസ്ഥകളാണെങ്കിൽപോലും അതൊന്നും അറിയാത്ത സാധാരണ പ്രേക്ഷകരാരും സാഹിത്യകൃതികളെ സേതുമാധവൻ ചീത്തയാക്കിയെന്നു പറയില്ല. ചലച്ചിത്രം ആത്യന്തികമായി ജനങ്ങളുടേതാണ്. ഓടയിൽനിന്ന്, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, അരനാഴിക നേരം തുടങ്ങിയവയ്ക്ക് ചലച്ചിത്രങ്ങളിലൂടെ കിട്ടിയ ജനകീയമായ ഉയരം മറ്റൊരു വിഷയവുമാണ്. നമ്മുടെ കണക്കിൽ നോക്കിയാൽ ഒരു സിനിമയുടെ (‘ദ കീസ് ഓഫ് ദ കിങ്ഡം’) കോളേജു പഠനകാലത്തെ അതിസാധാരണമായ ഒരു കാഴ്ചാ അനുഭവം. പക്ഷേ അത് വീക്ഷണവും വഴിത്താരയുമായി എങ്ങനെ മാറി മറിയുന്നു എന്ന് കെ എസിനെ വച്ച് മലയാളചലച്ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ആലോചിക്കുന്നത് കൗതുകകരമാണ്...
ഇതിനൊരു അനുബന്ധം കൂടിയുണ്ട് :
യാഥാർത്ഥ്യത്തിന്റെ നാല് മുഖങ്ങൾ എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിസാർ അഹമ്മദ് മലയാളചലച്ചിത്ര ചരിത്രത്തെ മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളായി തരം തിരിക്കുന്നു. അവയിൽ ആദ്യത്തേത് ഇതിവൃത്തപ്രധാനമാണ്. അവയിൽ സാഹിത്യപരത മുന്നിൽ നിന്നിരുന്നു. കഥയ്ക്കാണ് പ്രാധാന്യം. സംഭാഷണങ്ങളാണ് ചലച്ചിത്രത്തിന്റെ ഭദ്രത തീരുമാനിച്ചിരുന്നത്. രണ്ടാമത് കുഞ്ചാക്കോ സുബ്രഹ്മണ്യം തുടങ്ങിയവരുടെ രംഗപ്രവേശത്തോടെ സംഭവിച്ച ലഹരി പ്രധാന സിനിമകളാണ്. ഉപഭോക്താക്കളുടെ രുചിയെ യഥേഷ്ടം മാറ്റാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച ‘കച്ചവട സിനിമകളാണ് ഈ വിഭാഗത്തിൽ. മൂന്നാമത്തേത് ചലച്ചിത്രഭാഷയെക്കുറിച്ച് ബോധ്യം വന്നു കഴിഞ്ഞവരുണ്ടാക്കിയ സിനിമകളാണ്. രചനാപ്രധാനം എന്ന നിസാർ അഹമ്മദ് വിളിക്കുന്നു. ഒറ്റനോട്ടത്തിൽ സേതുമാധവന്റെ സിനിമകൾ കഥകളെ ഉപജീവിക്കാൻ വെമ്പിയവയാണ്.. ആദ്യത്തെ വിഭാഗം. അദ്ദേഹത്തിനും മറിച്ചൊരഭിപ്രായം കാണാൻ സാധ്യതയില്ല. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ മൂന്നിലും ഉൾപ്പെടുത്താവുന്ന ചലച്ചിത്രങ്ങൾ കൂട്ടത്തിലുണ്ട്. പ്രാഗ്രൂപങ്ങളായിരിക്കും. എങ്കിലും അവ സാഹിത്യപ്രധാനം മാത്രമല്ല.
കള്ളികൾക്ക് പിടികൊടുക്കാതിരിക്കുക എന്നു പറയുന്നത് സർഗാത്മകതയുടെ ലക്ഷണമാണ്. ഇല്ലേ?
(എഫ് ബി)