ചിത്രം :ന്യൂസ് ട്രാക് ലൈവ്
സ്ഥായിഭാവങ്ങളിലും സഞ്ചാരി-വ്യഭിചാരി ഭാവങ്ങളിലുമായി തീരുന്നതാണോ സാഹിത്യം പങ്കുവയ്ക്കുന്ന വൈകാരികലോകം എന്നൊരു അവിശ്വാസം വിഷ്ണുനാരായണൻ നമ്പൂതിരിയെഴുതിയ ‘കവിതയുടെ ഡി എൻ എ’ എന്ന പുസ്തകത്തിൽ കാണാം. ഭൗതികപ്രപഞ്ചം, വസ്തുകണങ്ങളെകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നതുപോലെ ‘മനോമൂലകങ്ങളാണ്’ രചനയ്ക്കും ആസ്വാദനത്തിനും മനുഷ്യനെ സജ്ജനാക്കുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. “അനന്തമായ ഭാവങ്ങളുടെയും ഭാവഛായകളുടെയും ഒളിനിഴലുകൾ’ എന്നാണ് മനോമൂലകങ്ങളെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇവ യുഗങ്ങളായുള്ള മനുഷ്യജീവിതാനുഭവത്തിൽനിന്നും പകർന്നു കിട്ടിയവയാണ്. അതുകൊണ്ട് DNA എന്ന സങ്കല്പനം ഉചിതമാണ്. ആറ്റം കണികകളെ മാറ്റി മറിച്ച് പുതിയ മൂലകങ്ങൾ സൃഷ്ടിക്കാവുന്നതുപോലെ ഈ മനോമൂലകങ്ങളെയും സൃഷ്ടിക്കാം. അതാണ് കവിത ചെയ്യുന്നത്.
സംസ്കൃതത്തിന്റെ പ്രബലമായ പാരമ്പര്യത്തിൽനിന്നു കൊണ്ടാണ് വിഷ്ണുനാരായണൻ നമ്പൂതിരി കവിതകളെഴുതിയത്. ‘കാവ്യാനുശീലനാഭ്യാസാദികളെക്കൊണ്ട് വൈശദ്യം നേടിയ മനസ്സ്’ എന്ന് ലീലാവതി വിശേഷിപ്പിക്കുന്നത് ഈ പ്രത്യേകതയെയാണ്. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നതുകൊണ്ട് അദ്ദേഹം വൈദേശികസാഹിത്യത്തെയും അതേ അളവിൽ തത്ത്വശാസ്ത്രങ്ങളെയും ഉൾക്കൊള്ളുകയും ചെയ്തു. മലയാള കവിതയിലൂടെ അദ്ദേഹം വിഹരിച്ച ഭാവനാലോകത്തിന്റെ മറുപുറമാണ് മുകളിൽ എഴുതിയ സാഹിത്യസിദ്ധാന്തപരികല്പനയിൽ വ്യക്തമാകുന്നത്. അവിടെ അദ്ദേഹം പാരമ്പര്യവിരോധിയാകുന്നു. കാവ്യരചനയുടെയും കാവ്യാസ്വാദനത്തിന്റെയും പ്രത്യേകതകളെക്കുറിച്ചാലോചിക്കാൻ രസതന്ത്രത്തിന്റെയും ഊർജ്ജതന്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും സങ്കല്പനങ്ങളെചേർത്തു വച്ചുകൊണ്ട്, പരസ്പരം തമ്മിൽ ചേരാത്തതെന്ന് വിശ്വസിച്ചുവരുന്ന ഭാവനയുടെ ആത്മനിഷ്ഠതയെയും ഭൗതികതയുടെ വസ്തുനിഷ്ഠതയെയും കവിതകൊണ്ട് കൂട്ടിയിണക്കുകയാണ് ചെയതതെന്നും പറയാം.
വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതാപ്രമേയങ്ങളുടെ കാര്യത്തിലും ഈ വൈവിധ്യം പ്രകടമാണ്. പൊതുവേ കേരളത്തിലെ സാംസ്കാരികാധുനികതയുടെ തുടക്കക്കാലത്താണ് ആദ്യസമാഹാരം ‘സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം’ (1968) പുറത്തുവരുന്നത്. (അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം 1960 ൽ പുറത്തുവന്നിരുന്നു) ആ കവിതയിലും ഇന്ത്യയെന്ന വികാരത്തിലും അതിർത്തിയിലേക്കുള്ള യാത്രയിലും ക്വിറ്റിന്ത്യാസ്മരണയിലും ആഗസ്റ്റ് പതിനഞ്ചിലുമൊക്കെയായി രാഷ്ട്രീയബോധം തുടരുന്നുവെങ്കിലും പ്രണയഗീതത്തിലും ഭൂമിഗീതത്തിലും ഒക്കെ കാണുന്നതുപോലെയുള്ള സൗമ്യമായ കാല്പനികത, മുഖം എവിടെ -പോലെയുള്ള കവിതകളിലെ അസ്തിത്വവ്യഥകൾ, റിപ്പബ്ലിക്, വ്ലാദിമിർ കൊമൊറോവ് തുടങ്ങിയ കവിതകളിലെ ജീവിതചിന്തകൾ, ദിലീപനിലും ഉർവശീനൃത്തത്തിലും ലക്ഷ്മണനിലും സുഭദ്രാർജ്ജുനത്തിലും കാണുന്നതുപോലെ ആധുനികമനുഷ്യന്റെ വേവലാതികളെ പൗരാണിക കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള വ്യഗ്രത- ഇതെല്ലാം അദ്ദേഹത്തിന്റെ കവിതയോടൊപ്പം തുടക്കം മുതൽ ഒത്തുനടന്ന പ്രവണതകളാണ്. അതുകൊണ്ട് ആ കവിതകളെ ഘട്ടംഘട്ടമായി തിരിക്കുക എളുപ്പമായിരിക്കില്ല. ഒന്നിച്ചുണ്ടായി പലതരത്തിൽ വളർച്ച നേടിയ പൊടിപ്പുകളാണ് അവ.
ആരണ്യകം എന്ന സമാഹാരത്തിൽ സ്വജീവിതകഥയെ ‘പിതൃയാനം‘ എന്ന കവിതയുടെ ചെപ്പിലടച്ചുവച്ചിട്ടുണ്ട് കവി. “കൊഴിഞ്ഞതൊക്കെ ഞാനല്ലോ/തെളിയുന്നതുമങ്ങനെ” എന്ന് നിരന്തരപരിണാമിയായ ജീവിതത്തിന്റെ പ്രവാഹത്തെ ആറ്റിക്കുറുക്കി അതിൽ അവതരിപ്പിക്കുന്നു. ഒരു ജന്മംകൊണ്ട് അവസാനിക്കാത്ത ജീവിതം ആർഷമെന്നു വിളിക്കാവുന്ന സങ്കല്പമാണ്. ‘ഭൂമിയോടൊട്ടി നിൽക്കുന്നോൻ/ ഭൂമിഗീതങ്ങളോർക്കുവോൻ/ ഭൂമിയെന്നാലെനിക്കെന്റെ/ കുലപൈതൃകമല്ലയോ’ എന്നും അതിൽ അദ്ദേഹം വ്യക്തമാക്കുന്നു. ഭൂമിയെപോലും പൈതൃകം (പിതാവിൽനിന്നു ലഭിച്ചത്) ആയികാണാനുള്ള പ്രവണത അതിൽ സിദ്ധമാണ്. പ്രണയഗീതങ്ങൾ, തുമ്പപ്പൂപോലെ വിശുദ്ധമായ കാലത്തിന്റെ ഓർമ്മയാണെന്ന് മറ്റൊരിടത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഭൂമിയെ പരിഗണിക്കാത്ത വികസനത്തിന്റെ കെടുതികളെപ്പറ്റി കേരളീയസമൂഹം നൊമ്പരം കൊണ്ടിരുന്ന 90 കാലയളവിൽ ‘വനപർവ’ത്തിൽ എഴുതി : “നാടുനാടായി നിലനിൽക്കണമെന്നാലോ/ കാടുവളർത്തുവിൻ നാട്ടാരേ!” മുദ്രാവാക്യപ്രായത്തിലുള്ള ഈ വരികൾക്ക് കാവ്യാത്മകസൗന്ദര്യം കുറവാണ്, എന്നാൽ ഇതല്ല ഭൂമിഗീതത്തിലെ കവിതകളുടെ സ്ഥിതി.
“അനക്കമില്ലെങ്ങും/കനത്തരാവല്ലോ,/ചെറുവരമ്പിന്മേൽ/നിറയെ മുള്ളല്ലോ
നിനക്കുയരെ ഞാൻ/കൊളുത്തിവച്ചിടാം/ഒരൊറ്റ നക്ഷത്ര-/ക്കൊടിവിളക്കിതാ”
-എന്നാണ് ‘മാർഗതാരക’ എന്ന കവിതയിലെ പ്രകൃതിയമ്മ ഉണ്ണിയോട് പറയുന്നത്. ചുരുക്കത്തിൽ പ്രമേയത്തിൽ കവിത പ്രകടമാക്കുന്ന വൈവിധ്യം അദ്ദേഹത്തിന്റെ ആവിഷ്കാരശൈലിയ്ക്കും ഉണ്ടെന്നർത്ഥം. സൈക്കിൾ വാഹനമായി ഉപയോഗിച്ച് കവിത മൂളി സഞ്ചരിക്കുന്ന ലാളിത്യം, ആവിഷ്കരണോപാധിയായ കവിതയുടെ കാര്യത്തിലും വിഷ്ണുനാരായണൻ നമ്പൂതിരി സ്വീകരിച്ചിരുന്നു. കവിതയിൽ അധികം അലങ്കരണങ്ങൾ കാണാൻ കഴിയില്ല. ഗദ്യത്തോട് അടുത്തുനിൽക്കുന്ന അനുഷ്ടുപ്പിലോ കേകയിലോ ആണ് ഏറിയകൂറും രചനകൾ. പറയാനുള്ളതു മാത്രം പറയുക എന്നതാണ് രീതി. അരബിന്ദോഘോഷ് ഭാവികവിത മന്ത്രരൂപിയായി തീരുമെന്ന് ഉപദർശിച്ചിരുന്നു. മന്ത്രങ്ങളുടെ പ്രത്യേകത അവ, അവയുടെ ഫലസിദ്ധിയിൽ ശക്തമായി വിശ്വസിക്കുകയും മറ്റെല്ലാ കാവ്യാത്മക ഘടകങ്ങൾക്കുനേരെയും ഉദാസീനമാവുകയും ചെയ്യുന്നു എന്നതാണ്. കവിതയുടെ നിർമ്മാണപ്രക്രിയയെ ഭൗതികശാസ്ത്രവുമായി ചേർത്തുവച്ച വിഷ്ണുനാരായണൻ നമ്പൂതിരിയിൽ അത്തരം അധിഭൗതികഘടകങ്ങൾ തിരയുന്നതിൽ പൊരുത്തക്കേടുണ്ടെന്നു തോന്നാം. പക്ഷേ അബോധാത്മകമായി അതീതവും വാസ്തവികവുമായ ഈ രണ്ടു ലോകങ്ങളെയും കൂട്ടിയിണക്കാനുള്ള ശ്രമം കവിതയിലൂടെ സംഭാവ്യമാണെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് സത്യം. പൗരാണികമായ മൂല്യസഞ്ചയം ആധുനികജീവിതത്തിന് ഏറ്റവും ആവശ്യമാണെന്നും നന്മ, തലമുറകളായി പകർന്നുകിട്ടുന്ന വിശിഷ്ടഗുണമാണെന്നും ഉള്ള വിശ്വാസം പല രീതിയിൽ കവിതകളിൽ പ്രകടമാവുന്നു. എഴുത്തിന്റെ മഹാശില്പിയായ സോഫോക്ലിസിനെ വിചാരണ ചെയ്യുന്ന ‘റിപ്പബ്ലിക്ക് എന്ന കവിതയിൽ അദ്ദേഹം എഴുതി.
“ഈ രശ്മികളുതിർക്കുന്ന മനസ്സിനെങ്ങു വാർദ്ധകം?
ഈ മനസ്സു തിളങ്ങുമ്പോൾ ഏതെൻസിനെവിടെ ക്ഷയം?”
- വ്യക്തിമനസ്സിന്റെ നന്മതന്നെയാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കു കാരണമെന്ന ആശയമാണല്ലോ ഇവിടെ തിളങ്ങുന്നത്. കഴിഞ്ഞുപോയ ലോകത്തെ കവിതയുടെ വർത്തമാനകാലത്തിലേക്ക് വിഷ്ണുനാരായണൻ നമ്പൂതിരി കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചത് ഭാവിസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു. കവിത പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെടുന്ന ഒരു വഴിയാണ് അത്.
(കവിക്കൂട്ടം മാർച്ച` 2021)