September 10, 2011

വിദുരരുടെ വായിലെ കല്ല്



പെണ്ണുങ്ങളെ കാണുമ്പോൾ രാഘവൻ, ‘പെറ്വോ’ എന്നു ഉറക്കെ ചോദിക്കുമായിരുന്നു. അതല്ലാതെ അയാൾ മറ്റെന്തെങ്കിലും സംസാരിച്ചിരുന്നതായി ഓർമ്മയില്ല. ആ വിലക്ഷണമായ ചോദ്യം കേട്ട്, അത്ര പരിചയമായതുകൊണ്ടാവണം ആരും പ്രതികരിച്ചു കണ്ടിട്ടില്ല. വിയർത്ത്, കുറ്റിയാക്കി വെട്ടിയ തലയിൽ നിന്ന് എണ്ണ ഒലിച്ചുവീഴുന്ന രീതിയിലാണ് അയാളെ ഏതു സമയത്തും കണ്ടിരുന്നത്. അതുകൊണ്ട് അയാളുടെ തലയ്ക്കു മുകളിൽ എപ്പോഴും വെയിലായിരുന്നു എന്നുറപ്പാണ്. സ്ത്രീകളോട് ‘പെറുമോ’ എന്നു ചോദിക്കാൻ മാത്രമുള്ള വാഗ്വിലാസത്തെ അവകാശമാക്കിക്കൊടുത്ത ഏതു നീച സംഭവമാണ് അയാളുടെ ഭൂതകാലത്തിലുള്ളതെന്ന് അറിയാൻ ഇനി മാർഗമില്ല. കുട്ടികൾ അയാളുടെ അടുത്തു പോകാതിരുന്നതിന് മറ്റൊരു കാരണമുണ്ടായിരുന്നു. വെളിമ്പറമ്പിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന അയാൾ കൈലിയുടെ മറപൊക്കി അടിവസ്ത്രമില്ലാത്ത തന്റെ കാടും പൂപ്പൽ പിടിച്ച നഗ്നതയും ഇടയ്ക്ക് പ്രദർശിപ്പിച്ചിരുന്നു. കുട്ടികൾക്ക് അനുഭവത്തിന്റെയും മുതിർന്നവർക്ക് ഒറ്റവാക്കിലുള്ള പ്രഭാഷണത്തിന്റെയും ആഘാതം അയാൾ നൽകിക്കൊണ്ടിരുന്നു! ആണുങ്ങൾ പൊതുവേ ക്രൂരരായതുകൊണ്ടാവും, രണ്ടും അയാൾ പെൺ വർഗത്തിനായി മാത്രം കാത്തുവച്ചത്. കുട്ടികൾ കണ്ടും മുതിർന്നവർ കേട്ടും മനസ്സിലാക്കുന്നു. ഇന്ദ്രിയാനുഭവങ്ങളിൽ നിന്ന് ബോധത്തിലേയ്ക്കുള്ള വളർച്ചയല്ലേ മുതിരൽ എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്. നിരക്ഷരനായ അയാളുടെ ഭ്രാന്തിന്റെ ചുറ്റുവട്ടത്ത് എങ്ങനെ ഈ യുക്തിമാത്രം കൃത്യമായി പ്രവർത്തിച്ചിരുന്നു? ഉയിര് ശിവൻ എന്നറിയപ്പെട്ടിരുന്ന നാട്ടിലെ ഊച്ചാളിയ്ക്കും ഈ പ്രദർശനതാത്പര്യം ഉണ്ടായിരുന്നു. അതു പക്ഷേ രഹസ്യമായല്ല. കള്ളിന്റെ ലഹരിയിൽ ചുവന്ന ഉണ്ടക്കണ്ണുകൾ തുറുപ്പിച്ച്, നാല് നല്ല തെറി ഉച്ചത്തിൽ വിളിച്ച് ലോകത്തെ ഭീഷണിപ്പെടുത്തിയിട്ട് കവലയിൽ നിന്ന് അയാൾ മുണ്ടുപൊക്കി കാണിക്കും. എങ്കിലും അയാൾ ചിലയിടങ്ങളിൽ വിനീതനായിരുന്നു. രാഘവന്റേത് നിസ്സഹായമായ അടക്കി വയ്ക്കലിന്റേയും ഉയിര് ശിവന്റേത് ഉദ്ധതമായ പരപുച്ഛത്തിന്റെയും പ്രദർശനങ്ങളായിരുന്നു. വൃത്തികെട്ടവനും ആഭാസനും തമ്മിലുള്ള ദൂരം ഇവർക്കിടയിലുണ്ട്. എന്നാലും സുജനമര്യാദയുടെ പാളങ്ങളിൽ നിന്നു തെന്നിത്തെറിച്ച കിറുക്കുകളുടെ അതിരു നിർണ്ണയിക്കുക പ്രയാസം തന്നെയല്ലേ?

കള്ളത്തിനും തമാശയ്ക്കും തമ്മിലുള്ള അതിർത്തിതർക്കത്തിന്റെ ആവൃത്തി അതേ അളവിൽ (അല്ലെങ്കിൽ അല്പം കൂടുതൽ) കിറുക്കിനും ഉണ്ട്. പത്തു പൈസ കുറവെന്നും നൊസ്സെന്നും വട്ടെന്നും ഇളക്കമെന്നും പിരിയെന്നും പിമ്പിരിയെന്നും ഓളമെന്നും മാറി മാറി പേരിട്ടാണ് ഈ ‘വഴുക്കലുള്ള ഭിത്തിയിലെ മനസ്സിന്റെ അള്ളിക്കയറ്റത്തെ’ കണ്ട് ആളുകൾ വാപൊത്തി ചിരിച്ചത്. സ്വന്തം തലയ്ക്കു മുകളിൽ സ്വന്തം ചൂണ്ടുവിരൽ കൊണ്ട് ഒരു വട്ടം! എം ടി, ഇതിനെ പിന്നെ കൊച്ചു ഭൂമി കുലുക്കങ്ങളാക്കി, കാൽ‌പ്പനിക രൂപകമാക്കി. മകന്റെ കൂട്ടുകാരോട് അളവിൽ കവിഞ്ഞ രീതിയിൽ സൌഹൃദമുണ്ടായിരുന്ന ഒരച്ഛന്റെ കഥ കോളേജിൽ കൂട്ടുകാർ പാടി നടക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മയും കൂടിയിരിക്കുന്ന സദസ്സിൽ വച്ച്, മകന്റെ കൂട്ടുകാരോടുള്ള സംഭാഷണത്തിന്റെ സാമ്പിൾ ഇങ്ങനെ: ‘ഞാനെന്തെങ്കിലും പുറത്തെടുത്തിട്ടാലുടനെ ഇവൾ അതിൽ കയറി പിടിക്കും. അതു വലുതാകും.പിന്നെ അടിയിലേ അവസാനിക്കൂ.’ (ഈ കഥ പിന്നീട് വേറെയും കേട്ടിട്ടുണ്ട്, പ്രാദേശികഭേദങ്ങളോടെ. ആരാണിതിന്റെ ശരിയായ ഉപജ്ഞാതാവ്?) ഇതേ കക്ഷി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ഓക്സിജൻ ട്യൂബും മൂക്കിൽ പിടിപ്പിച്ച് കിടന്നപ്പോൾ കാണാൻ ചെന്നവരോട് പറഞ്ഞത് ‘ നോക്ക്, എനിക്ക് തുമ്പിക്കൈ വളർന്നെടാ’ എന്നാണ്.

രാഘവന്റെയും ഉയിര് ശിവന്റെയും ആൺ‌വഴികൾക്കിടയിൽ ഒരു പെൺകഥാപാത്രം കൂടിയുണ്ട് ഓർമ്മയിൽ.പേര് അലറി. അന്ന് പതിനാലോ പതിനാറോ വയസ്സുണ്ടായിരുന്ന അലറി, അനക്ഷര പ്രഭാഷണങ്ങൾ നടത്തിയില്ല.. ആണുങ്ങളെപോലെ ഒന്നും പ്രദർശിപ്പിച്ചില്ല. ലോകത്തെ സകലദൈന്യങ്ങളും ആ പ്രായത്തിനിടയ്ക്ക് കൂടുകെട്ടിയ തകരാറുപിടിച്ച മുഖം കൊണ്ട് ചുമ്മാ എപ്പോഴും ചിരിച്ചുകൊണ്ടിരുന്നു. (ശിശുവും ഉന്മത്തരും സദാ സന്തുഷ്ടരായിരിക്കും എന്നാണ് ശങ്കരാചാര്യരുടെ കണ്ടെത്തൽ- ഭജഗോവിന്ദത്തിൽ. അതുപോലെ തന്നെ യോഗിയും. നാറാണത്തെ ഭ്രാന്തൻ ഉറുമ്പിനെ എണ്ണി നടന്നതിനും കല്ലുരുട്ടിയതിനും വേറെ സിദ്ധാന്തം അന്വേഷിക്കണോ ? ) കുട്ടികളാരും അവളെ കൂട്ടത്തിൽ കൂട്ടിയതായി കണ്ടിട്ടില്ല. അവൾ അവിടെയും ഇവിടെയും ഒക്കെ നിന്ന് കളിക്കുന്ന കുട്ടികളെ നോക്കി ഇളിച്ചു കൊണ്ടിരുന്നു. അമ്മൂട്ടിലെയും ഇലങ്കത്തെയും ശീമരത്തെയും കൊച്ചമ്മമ്മാർ ഉപയോഗിച്ചു മിച്ചം വന്ന സകല സൌന്ദര്യസാമാനങ്ങളും കൊണ്ട് ‘അലറി’ ചൊവ്വും നിരപ്പുമില്ലാത്ത തന്റെ മുഖവും ശരീരവും അലങ്കരിച്ചു. കറുകറുത്ത, മുൻ‌വരിലെ പല്ലുകൾ പോയ മുഖം ആസകലം പൂശിവച്ചിരിക്കുന്ന പൌഡർ. പുരികവും കണ്ണും ഒന്നാകുന്ന വീതിയിൽ കരിയെഴുത്ത്. എലിവാലുമുടിയിലെ എഴുന്നു നിൽക്കുന്ന മിനുക്കു നാടക്കെട്ട്. അങ്ങനെയവൾ പേരുകൊണ്ടും പ്രവൃത്തികൊണ്ടും ‘വട്ടത്തി’യായി. കുയിലിന്റെ ശബ്ദവും അരയന്നത്തിന്റെ നടത്തവും മയിലിന്റെ പീലിയും വാങ്ങി സ്വന്തം ശരീരമലങ്കരിച്ച പഴംകഥയിലെ കാക്കക്കോമാളിയുടെ മനുഷ്യാവതാരമായി.

ചിത്തിരത്തിരുന്നാൾ ഒരിക്കൽ സന്ദർശിച്ച പള്ളിക്കൂടത്തിലെ അദ്ധ്യാപികയായിരുന്ന ചെല്ലമ്മ, ഒറ്റ നോട്ടത്തിൽ മുന്നിൽ വന്നു നിന്ന ദൈവാവതാരത്തിന്റെ സൌന്ദര്യത്തിലും പ്രഭാവത്തിലും മുഗ്ദ്ധയായി കുഴഞ്ഞു വീണുപോയതാണ്. ഉണർന്നെഴുന്നേറ്റപ്പോൾ ആകെയൊരു തകരാറ്. രാജാവിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ച് അവർ അതിനു ശേഷം തെരുവിലലഞ്ഞു. അല്ലെങ്കിൽ ആ വട്ടിന്റെ സ്ഥൈര്യം കൊണ്ടു പൊള്ളി വീട്ടുകാർ പുറത്തിറക്കി വിട്ടതാവണം. പദ്മനാഭദർശനത്തിന് രാജാവു നിത്യം പോകുന്ന സമയങ്ങളിൽ വഴിയിൽ കാത്തു നിന്നു. എന്നും കറാൽക്കടയിൽ നിന്നു വാങ്ങിയ പുതിയ കസവുനേര്യതു മാത്രം ധരിച്ചു. (രാജാവു കാണുമ്പോൾ കുറവു വിചാരിക്കരുത്!) പ്രണയിച്ചത് രാജാവിനെ ആയതുകൊണ്ട് ആ പുതുവസ്ത്രങ്ങൾ രാജഭക്തരായ കറാൽക്കടക്കാരുടെ സൌജന്യമായിരുന്നോ എന്നറിയില്ല. അത്യാവശ്യം സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന അവരുടെ കുടുംബം ദിവസേന പണം ഏതെങ്കിലും വിധത്തിൽ തെരുവിൽ അലയുന്ന അവരെ ഏൽ‌പ്പിച്ചിരുന്നോ എന്നും അറിയില്ല. കുട്ടിക്കാലത്ത് വൃത്തിയുള്ള വേഷവും ഒരു ഭാണ്ഡവുമായി അലയുന്ന ‘സുന്ദരിച്ചെല്ലമ്മ’ തിരുവനന്തപുരത്തെ പ്രത്യേക കാഴ്ചയായിരുന്നു. നരേന്ദ്രപ്രസാദ് അവരെപ്പറ്റി ഒരു നാടകമെഴുതിയിട്ടുണ്ട്. പേപ്പട്ടിയെപോലെ അലയുന്ന പ്രണയത്തിനൊടുങ്ങാൻ തെരുവില്ലാതെ മറ്റേതു സ്ഥലമാണുള്ളത്? കസിനായ കീവോസ് പ്രേമം തിരസ്കരിച്ചതുകൊണ്ട് മണ്ണെണ്ണ വിളക്കിനു മുകളിൽ കൈപിടിച്ച് എരിക്കാനാഞ്ഞ വാൻ‌ഗോഗാണ് പിന്നീട് 16 കാരിയായ റേച്ചലിനു വേണ്ടി സ്വന്തം കാതും മുറിച്ച് പൊതിഞ്ഞുകെട്ടി വേശ്യാലയത്തിന്റെ കതകു തട്ടിയത് എന്ന് പിന്നീട് വായിച്ചപ്പോൾ ചെല്ലമ്മ കയറി വന്നിരുന്നു. പ്രണയം ശരീരത്തെയും ജീവിതത്തെയും ഒക്കെ പണയം വാങ്ങി കളിക്കുന്ന ലാഭേച്ഛയില്ലാത്ത തറവാടിയാണ്. പക്ഷേ പിൽക്കാലത്ത് ലോകം തിരിച്ചറിഞ്ഞ, വാൻ‌ഗോഗിന്റെ പ്രതിഭാശാലിത്വമെവിടെ, നടക്കാത്ത സ്വപ്നത്തിന്റെ വാലിൽ തൂങ്ങി ജീവിതം തെരുവിൽ തുലച്ച ഒരു സാധാരണ സ്ത്രീയുടെ മുഴുത്ത വട്ടെവിടെ? പക്ഷേ ഒന്നുണ്ട്. ഏതു കൈവഴി പിരിഞ്ഞാലും വിജാഗിരികളെ ഇളക്കുന്ന ഭൂകമ്പങ്ങളുടെ പുറപ്പാടു തറ ഒന്നാണ്.

ഒരു രാജരാജവർമ്മയെ തലമുടി നീട്ടി വളർത്തിയ നിലയിൽ പൊള്ളുന്ന നട്ടുച്ചയ്ക്കും കോട്ടണിഞ്ഞ മട്ടിൽ സ്ഥിരമായി പാളയത്തു വച്ചു കാണുമായിരുന്നു, കോളേജു കാലത്ത്. അയാൾ പൊളിച്ച സിഗററ്റു കൂടുകളിൽ അന്നത്തെ വാർത്തകൾ എഴുതി മൊട്ടുസൂചികൊണ്ട് കോട്ടിൽ ആസകലം കുത്തിവച്ചിരിക്കും. വാർത്തമാത്രമല്ല, താഴെ വർമ്മയുടെ വക കമന്റുമുണ്ട്. ‘ഇന്ന് 5 മണിക്ക് വിജെറ്റി ഹാളിൽ മുഖ്യമന്ത്രി കരുണാകരൻ സംസാരിക്കുന്നു.’ ‘- അതിന് ഞാനെന്തോ വേണം?’ ഡി. വിനയചന്ദ്രനും കുരീപ്പുഴ ശ്രീകുമാറും ഈ മനുഷ്യനെ ശ്രദ്ധിക്കാതിരുന്നില്ലെന്ന് എന്ന് അവരുടെ കുറിപ്പുകളിൽ നിന്നും അറിഞ്ഞു. കല്യാണത്തിന്റെ തലേ ദിവസം മുറുക്കാൻ വാങ്ങാൻ ഇറങ്ങിപ്പോയ പി കുഞ്ഞിരാമൻ നായർ, വീട്ടിലേയ്ക്ക് തിരിച്ചു വന്നത് വർഷങ്ങൾക്കുശേഷമാണ്. പിറ്റേന്ന് തന്റെ വിവാഹമാണെന്ന കാര്യം മറന്നു പോയെന്നാണ് അദ്ദേഹം പറഞ്ഞത്. ധാരാളം പ്രണയങ്ങളുണ്ടായിരുന്നെങ്കിലും ‘പിയുടെ പ്രണയപാപ’ങ്ങളിലൊന്ന് തന്നെ ആരും ‘അച്ഛാ’ എന്നു വിളിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ്. വീട്ടിലേയ്ക്ക് കയറി വന്നപ്പോൾ അപ്പൂപ്പന്റെ ചാരുകസേരയിൽ കിടക്കുന്ന കാഴ്ച കണ്ട് ദേഷ്യം വന്ന് തന്റെ മൂത്തമകനെ പൊക്കിയെടുത്ത് ചുവരിലേയ്ക്കെറിഞ്ഞു ഒരിക്കൽ കവി. സ്വപ്നം കണ്ട് മനസ്സു നിറയെ അന്യർക്കായി പകർന്നു വച്ച സ്നേഹവുമായി നടന്ന പി, യാഥാർത്ഥ്യത്തെ ചുളിഞ്ഞ പുരികവുമായി നോക്കി. മേഘമാരഗത്തിൽ ന്നടന്ന് ഭൂമിയിലെ കണക്കുകൾ മൊത്തം അദ്ദേഹം കൂട്ടിക്കുഴച്ച് താറുമാറാക്കി. മറ്റുള്ളവരെക്കൊണ്ടും മുഖം ചുളിപ്പിച്ചു.

യുക്തി എപ്പോഴും തനിച്ചാണ്. അയുക്തിയ്ക്ക് കുയുക്തികളുടെ കൂട്ടുണ്ട്. യുക്തിപോലും പലപ്പോഴും വേഷം മാറിയ കാരണമില്ലായ്മകളാണെന്ന് സൌകര്യപൂർവം നാം മറക്കുന്നു. എന്റെ വഴി ഇതായതുകൊണ്ട്, അല്ലെങ്കിൽ ഞാൻ ശീലിച്ച വഴി ഇതായതുകൊണ്ട് മറ്റെല്ലാം തെറ്റാണെന്ന അതിസാധാരണമായ ശാഠ്യം മാത്രമേ, എന്തിനും ഒരു ക്രമം വേണം എന്ന മര്യാദകളിലുള്ളൂ. സത്യത്തിൽ ആ വാദം തന്നെ അസംബന്ധമല്ലേ? തീവണ്ടിയിൽ നിന്നു വാങ്ങിയ സിഗററ്റിന് അഞ്ചു പൈസ കൂടുതലായിരുന്നതുകൊണ്ടാണ് നവാബ് കേസിനുപോയത്. അതാണ് പാക്കറ്റ് കമോഡീസ് ആക്ട്, റെയിൽ‌വേയ്ക്കും ബാധകമാക്കാൻ നിമിത്തമായത്. പൊതുസമൂഹത്തിന് ശല്യക്കാരനും കിറുക്കനുമായിരുന്നു നവാബ്. പക്ഷേ അദ്ദേഹം കിറുക്കത്തരം പ്രവർത്തിച്ചതു മുഴുവൻ വ്യവസ്ഥയിലെ അയുക്തികളെ പുറത്തുകൊണ്ടുവരാനും. സുരാസുവിനെ സഹിക്കാൻ പ്രയാസമായിരുന്നു എന്ന് എല്ലാവരും പറയും. മുക്കത്ത്, ചങ്ങല വരിഞ്ഞ കൈകളുമായി മഴ നനഞ്ഞും വെയിലുകൊണ്ടും ഒരേ ഇരുപ്പിലിരുന്ന് മിണ്ടാട്ടമില്ലാതെ ഒറ്റയാൾ സത്യാഗ്രഹം സുരാസു ചെയ്തത് അടിയന്തിരാവസ്ഥ കഴിഞ്ഞും ജയിലിലിട്ടിരിക്കുന്ന രാഷ്ട്രീയ തടവുകാരെ പുറത്തിറക്കാൻ വേണ്ടിയായിരുന്നു. വ്യവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളിൽ ചിലപ്പോൾ അസംബന്ധങ്ങൾ നിറയാം. കലയുടെ ലോകത്തിൽ കിറുക്കനായിരുന്ന താരത‌മ്യേന ചാപ്ലിൻ വ്യാകരണമൊപ്പിച്ചു മര്യാദയ്ക്കു ജീവിച്ചു. റഷ്യൻ അസംബന്ധസാഹിത്യത്തിന്റെ പിതാവായ ഡാനീൽ ഹാംസിന്റെ കഥ വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേര് ‘ഇന്ന് ഞാനൊന്നും എഴുതിയില്ല’ എന്നാണ്. അദ്ദേഹത്തിന്റെ ഒരു കഥയിൽ വെള്ളരിക്ക കൊണ്ട് തലയിൽ അടിച്ചാണ് ഒരാൾ മറ്റൊരാളെ കൊല്ലുന്നത്! കുറിപ്പുകളിൽ മൊത്തം അയുക്തികൾ, കുയുക്തികൾ. 1941ൽ ഡാനീലിനെ രഹസ്യപോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനിടയിൽ അദ്ദേഹം പറഞ്ഞു, ‘തന്റെ ചിന്തകൾ മറ്റുള്ളവരിൽ നിന്ന് മറയ്ക്കാൻ തൊപ്പി ധരിക്കുകയോ തലയിൽ കൈലേസു കെട്ടുകയോ ചെയ്യാറുണ്ടെന്ന്’. പുള്ളിയുടെ തലയ്ക്ക് ഒരു സ്ഥിരതയുമില്ലെന്ന് അധികാരികൾക്ക് മനസ്സിലായി. എന്നിട്ടും വിട്ടില്ല. 1942 ഫെബ്രുവരിയിൽ ഡാനീൽ ജയിൽ ആശുപത്രിയിലെ മനോരോഗികളുടെ വാർഡിൽ കിടന്ന് ആഹാരം കിട്ടാതെ മരിച്ചു. അയുക്തികളുടെ തലതൊട്ടപ്പന്മാരെ ഭരണകൂടങ്ങൾക്കുപോലും പേടിയാണ്.

പറഞ്ഞു വരുമ്പോൾ ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയ്ക്ക് എന്തെങ്കിലും യുക്തിയുണ്ടോ? വളരുന്ന ലിംഗത്തിന്റെയും കൂടി പ്രതീകമാണ് ആ മൂക്കെന്നൊരു വ്യാഖ്യാനമുണ്ട്. പെണ്ണുങ്ങൾ അതിനെ സ്നേഹിക്കുന്നുണ്ട്. മീഡിയ അന്നേ അതിനെ പൊതിയുന്നുണ്ട്. അതു റബ്ബറാണോ എന്നായിരുന്നു ആളുകളുടെ സംശയം. അതിന്റെ തുമ്പത്തെ തുള്ളിച്ചോരയെ പിന്നീട് അയ്യപ്പപ്പണിക്കരുടെ ഒരു കിറുക്കൻ കവിതയിൽ കണ്ടുമുട്ടി ആളുകൾ ചീത്ത വിളിച്ചിട്ടുണ്ട് - ‘ഉണ്ടൊരു തുള്ളി ചോര എന്നുടെ ലിംഗാഗ്രത്തിൽ, കൊണ്ടുപോകുവിൻ, നിങ്ങളുടെ അച്ഛനമ്മമാർക്കതു കൊടുക്കുവിൻ’ എന്ന് അദ്ദേഹം എഴുതി. പണിക്കർ സ്വന്തം തന്തയ്ക്കും തള്ളയ്ക്കും അതുകൊണ്ടുകൊടുത്താൽ മതിയെന്ന് തായാട്ട് ശങ്കരൻ, കവിയുടെ കിറുക്കിനെ പുലയാട്ടു കൊണ്ടു നേരിട്ടു. നേരെ തിരിച്ചുള്ള ഭീതിയായിരുന്നു സാൽ‌വദോർ ഡാലിയെ അലട്ടിയിരുന്നത് ലിംഗം ചെറുതാകുന്നു എന്ന തോന്നലിൽ പുള്ളി കഠിനമായി വലഞ്ഞു. ജോർജ്ജ് ബതായി, അമ്മയുടെ ശവശരീരത്തിനരികിലിരുന്ന് സ്വയംഭോഗം ചെയ്തു എന്നെഴുതി. ‘എത്ര യാദൃച്ഛികം’ എന്ന ആ വിവരണം ഭാവനയാണെന്ന് വിചാരിച്ചവരോട് ആവർത്തിച്ചു പറഞ്ഞു, അതിലെ ഓരോ വാക്കും സത്യമാണ്. ഇല്ലെങ്കിൽ അതു കണ്ടു കൊണ്ടിരുന്നവരോട് ചോദിച്ചു നോക്കാൻ. കാലിഫോർണിയയിൽ രാത്രിഭക്ഷണം കഴിക്കുന്നതിനിടയിൽ ഡിലൻ തോമസ് ഹോളിവുഡ് നടിയായ ഷെല്ലി വിന്റേഴ്സിനോട് പറഞ്ഞു, ‘താൻ അമേരിക്കൽ വന്നത് രണ്ടു കാര്യത്തിനാണ്.’ ഒന്ന്, സുന്ദരിയായ ഒരു നടിയുടെ മുലക്കണ്ണിൽ പിടിക്കുക. രണ്ട്, ചാർലി ചാപ്ലിനെ കാണുക. കൂടെയുണ്ടായിരുന്നത് ഷെല്ലിയും മർലിനുമൊക്കെ ആയിരുന്നതുകൊണ്ട് ആദ്യത്തെ ആഗ്രഹവും അവരുടെ സാന്നിദ്ധ്യത്തിൽ തന്നെ രണ്ടാമത്തെ ആഗ്രഹവും ഡിലൻ നടത്തി. എന്നിട്ട് ചാപ്ലിന്റെ വീടിനു മുന്നിലെ ചെടിയിൽ പരസ്യമായി മൂത്രമൊഴിച്ചു വച്ചു. ഗേൺസിയിലെ വസതിയ്ക്കു മുകളിൽ കയറി നിന്ന് വസ്ത്രങ്ങൾ ദൂരെയെറിയുക, പൂർണ്ണനഗ്നനായി നിന്ന് ഒരു തൊട്ടി തണുത്ത വെള്ളം തലയിലൂടെ ഒഴിക്കുക. എന്നിട്ട് അങ്ങനെതന്നെ ഒരു കണ്ണാടിക്കൂട്ടിൽ കയറി നിന്നുകൊണ്ട് എഴുതുക. ഇതായിരുന്നത്രേ വിക്ടർ ഹ്യൂഗോയുടെ എഴുത്തു രീതി.

ഓർക്കുമ്പോൾ പഴയ രാഘവന്റെ കിറുക്കിന് രാഷ്ട്രാന്തരീയമായ മാനങ്ങളുണ്ടെന്ന് തോന്നുന്നതിൽ അദ്ഭുതമുണ്ടോ?

തമാശയുടെ അതിരിൽ കുടിലുകെട്ടിയാണ് ചില വെളിപാടുകൾ മുഖം കാണിക്കുക. അലക്കുക്കല്ലിനെ പൊന്നാട അണിയിക്കുകയും വിരൂപിണികളുടെ മത്സരം നടത്തുകയും പുറമ്പോക്കു ചെടികൾക്കായി ഒരു സസ്യ പ്രദർശനം ഒരുക്കുകയും സ്വന്തം വകയായ നീലഗിരി ലോഡ്ജിന് ‘ഫോർ ടെറിഫിക് സ്റ്റേ’ എന്ന് പരസ്യവാചകം എഴുതി വയ്ക്കുകയും ചെയ്ത രാമദാസ് വൈദ്യൻ ഒരു മുഴുത്ത ചിരിയാണ്. തലയിണമന്ത്രം കൊണ്ട് ഓട്ട വീണ വലതു ചെവിയിലൂടെ നോക്കിയാൽ ഇടതു ചെവിലൂടെ മറുവശത്തുള്ള ലോകം ശരിക്കുകാണാം എന്ന് ബഷീർ പറഞ്ഞു. ‘ഫോട്ടോ എടുത്ത് എടുത്ത് മുഖം തേഞ്ഞു പോയന്നും’. കമലാസുരയ്യ, കവിത വായിച്ചു കേൾ‌പ്പിക്കാൻ വരുന്ന മുതിർന്ന പുതിയ കവികളെയും മതപ്രഭാഷണത്തിനു വന്ന മൊല്ലാക്കമാരെയും കുട്ടികളെക്കൊണ്ട് കവിത ചൊല്ലിക്കാൻ വന്ന ഡാഡിമമ്മിമാരെയും ഒരു തോക്കു പുറത്തെടുത്ത് ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ടു. സാഹിത്യത്തിൽ തോക്കുകൊണ്ട് പ്രയോജനമുണ്ടെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കള്ളത്തരം അറിയില്ല, അല്ലെങ്കിൽ താൻ മുഖ്യമന്ത്രിയാവുമെന്ന് അവർ ആവർത്തിച്ചു പറയുന്നുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ള കന്യാവനങ്ങൾക്കായി ടാഗോർ പ്രബന്ധത്തിന്റെ ഭാഗങ്ങൾ വള്ളിപുള്ളി തെറ്റാതെ എടുത്തുപയോഗിച്ചതും അരാജകമായി സംസാരിച്ചതും മുൻ‌പിൻ നോക്കാതെ ബിജെപി ടിക്കറ്റിൽ മത്സരിച്ചതും അല്പം നൊസ്സൊള്ളതുകൊണ്ടാണെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. പുനത്തിലിന്റെ അമ്മ ഭ്രാന്തു വന്നാണ് മരിച്ചത്. കുട്ടിക്കാലത്തെ അടുത്ത കൂട്ടുകാരനും. ഭ്രാന്ത് അസുഖമല്ല, വെളിപാടാണുതാനും. അയുക്തിയുടെ കഥകൾ പുറപ്പെട്ടുവരുന്ന ഭൂഗർഭ അറയിലേയ്ക്ക് വെട്ടിയൊതുക്കിയ വഴിയില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് നടക്കണം. അങ്ങനെ നടന്നവരൊക്കെ വെളിപാടുകൊണ്ടവരാണെന്ന് പറയാം. ഋതുപകർച്ചകൾ പോലെ ഉന്മാദം വന്നു കെട്ടിപ്പിടിക്കുന്ന മുഹമ്മദാലിയെക്കുറിച്ച് പി എ നാസിമുദ്ദീൻ എഴുതുന്നത് (ഉന്മാദസുന്ദരകാല സ്മരണകൾ) മറ്റൊരു അബോധത്തിന്റെ പ്രേരണയാലാണ്. സ്കീസോഫ്രീനിയ എന്ന നാസിമുദ്ദീന്റെ കവിതയിൽ ബോധം ദ്രവരൂപത്തിൽ വഴുക്കുന്നതു കാണാം. സ്വതവേ ഭ്രാന്തിനോട് ആഭിമുഖ്യമുണ്ടെന്നാണ് നാസിമുദ്ദീൻ പറഞ്ഞു വയ്ക്കുന്നത്. അതും പാരമ്പര്യമാണ് പ്രദേശത്തിന്റെ. കൊടുങ്ങല്ലൂർകാരുടെ അബോധമായിരുന്നു, മുഹമ്മദലി. ‘ഈ ലോകത്തെ പിരിച്ചു വിട്ട ആളാണ്’. സാധാരണക്കാരന് പറ്റില്ലത്.

കയറുകൊണ്ടു കെട്ടി വച്ച കീറിയ പാന്റിനകത്ത് കൈയിട്ട് ആർത്തു വിളിച്ചും പിന്നിൽ പാട്ടകളും പടക്കവും കെട്ടിയിട്ടും ഉറങ്ങുന്ന ഭ്രാന്തിയുടെ ഗുഹ്യാഭാഗത്തേയ്ക്ക് ഊർന്നു നോക്കിയും ഒത്താൽ ഇരുട്ടിലേയ്ക്ക് പൊക്കിയെടുത്തും തിരിച്ചറിയാത്ത് ഇരുട്ടു കൊണ്ട് തിരിച്ചറിഞ്ഞ ഇരുട്ടിനെ ആഘോഷിക്കുന്ന പതിവാണല്ലോ പൊതുവേയുള്ളത്. മനുഷ്യസ്നേഹത്തിനും വ്യാകരണത്തെറ്റിനും വെളിപാടിനുമുള്ള ഈ അക്ഷരാർച്ചന ഒന്നു വ്യത്യസ്തമാണ്. രണ്ടാമത്തെ കാര്യം മുഹമ്മദ്ദാലി സാധാരണക്കാരൻ ആയിരുന്നു എന്നതാണ്. പ്രശസ്തരുടെ കിറുക്കുകൾക്ക് പ്രതിഭയുടെ പ്രഭാവലയമുണ്ട്. ഒത്തുതീർപ്പില്ലായ്മയല്ലാതെ, സാധാരണക്കാർക്ക് എന്തുണ്ട്?

എങ്കിലും ഒന്നുമല്ലാത്ത, ഒന്നുമാകാത്ത രാഘവനും ശിവനും അലറിയും സുന്ദരിച്ചെല്ലമ്മയും രാജരാജവർമ്മയും മറ്റും മറ്റും എന്തൊക്കെയോ ആകാൻ കഴിഞ്ഞ മറ്റു മുഖഭാവങ്ങളുമായി ഇങ്ങനെ വന്നു നിന്ന് ചിരിക്കുന്നതു ഓർക്കാപ്പുറത്ത് കാണുമ്പോൾ നമ്മുടെ തന്നെ ചില അയുക്തികൾക്ക് കാരണം കിട്ടിയ സായൂജ്യമാണ്. അതാണ്.