ശബരിമലയിലെ സ്ത്രീ പ്രവേശനം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ,
പൗരത്വബിൽ… കൊറോണക്കാലത്തിനു തൊട്ടുമുൻപ് ഇന്ത്യടെ രാഷ്ട്രീയ ഭൂപടത്തെ
സംശയത്തോടെ നോക്കാനും ഭരണഘടനയെ അവിശ്വാസത്തോടെ കൈയിലെടുക്കാനും
പ്രേരിപ്പിച്ച വസ്തുതകളാണ്. അതിനെ തുടർന്നാവണം ഭരണഘടനയെസംബന്ധിക്കുന്ന പല
പുസ്തകങ്ങളും മലയാളത്തിൽ വന്നു. ഇന്ത്യൻ ഭരണഘടന ഇപ്പൊഴും
മഹാഭൂരിപക്ഷത്തിനും പൊതുവിജ്ഞാനത്തെ സംബന്ധിക്കുന്ന കാര്യമാണ്. അതിനപ്പുറം
അതിൽ ആലോചിക്കാനും അന്വേഷിക്കാനുമുണ്ടെന്ന് അധികം പേർക്കും
തോന്നിക്കാണാനിടയില്ല. ദൂരവ്യാപകമായ ഫലങ്ങളുള്ള മഹാവിപത്തുകളായി ചില വിധികൾ
തലക്കു മുകളിൽ വന്നു പതിക്കുമ്പോഴും. എഴുപതു വർഷക്കാലത്തെ ഇന്ത്യൻ
ജനാധിപത്യാനുഭവത്തിൽ നമ്മുടെ ഭരണഘടനയുടെയും നീതിന്യായവ്യവസ്ഥയുടെയും
സ്ഥാനവും പങ്കും പരമോന്നതനീതിപീഠത്തിന്റെ (സുപ്രീം കോടതി)
വ്യത്യസ്തചരിത്രസാഹചര്യങ്ങളിലുള്ള നിലപാടും തീർപ്പുകളും മുന്നിൽ
നിർത്തികൊണ്ട് അന്വേഷിക്കുന്ന പുസ്തകമാണ് അഡ്വ. വി എൻ ഹരിദാസിന്റെ ‘ഭരണഘടന
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’. വെറുമൊരു
പൊതുവിജ്ഞാനഗ്രന്ഥമല്ല. ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും കാലിക
സാഹചര്യങ്ങളിൽ അന്വേഷിക്കുന്ന ഗവേഷണ സ്വഭാവമുള്ള രചനയാണ്. വായിച്ചു
മാറ്റിവയ്ക്കാവുന്നതല്ല. ഇടയ്ക്ക് എടുത്തു മറിച്ചു നോക്കേണ്ടതായ
പുസ്തകമാണ്.
1950
മുതൽ 2019 വരെയുള്ള കാലയളവിലെ പ്രധാന വിധിന്യായങ്ങൾ പരിശോധിച്ച് അവയോട്
ബന്ധമുള്ള ഭരണഘടനാ അനുച്ഛേദങ്ങളെപ്പറ്റി ആലോചിക്കുകയാണ് ഹരിദാസ്
ചെയ്യുന്നത്. പൗരത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം,
നീതിന്യായസംവിധാനം, ജമ്മു കാശ്മീർ സ്വയം ഭരണ പദവി എന്നിങ്ങനെ ആറ്
അദ്ധ്യായങ്ങളിലായി, ഭരണഘടനാമൂല്യങ്ങളുമായി ബന്ധപ്പെട്ട കോടതി കേസുകളുടെയും
വിചാരണകളുടെയും വിധിതീർപ്പുകളുടെയും വിശദാംശങ്ങളിൽ ഇന്ത്യയുടെ ഭൂതവും
വർത്തമാനവും ഉണ്ട്. ആമുഖമായി പ്രസക്തമായ ഭരണഘടനാഭാഗങ്ങൾ റഫറൻസിനായി
കൊടുത്തുകൊണ്ട്, ഈ അദ്ധ്യായങ്ങൾക്കുള്ളിൽ സമത്വം, ലിംഗനീതി, ജാതിസംവരണം,
അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, ഇന്ത്യൻ മതനിരപേക്ഷത,
ന്യൂനപക്ഷാവകാശങ്ങൾ, ഏകീകൃതവ്യക്തിനിയയമം, ജീവിക്കാനുള്ള അവകാശം, ദയാവധം,
പരിസ്ഥിതി സംരക്ഷണം, അടിയന്തിരാവസ്ഥ, കരുതൽ തടവു നിയമങ്ങൾ, മൗലികാവകാശങ്ങൾ
തുടങ്ങിയ വിഷയങ്ങളെപ്പറ്റി, അവയെ മുൻ നിർത്തിയുണ്ടായ കേസുകളുടെയും
വിധിന്യായങ്ങളുടെയും പശ്ചാത്തലത്തിൽ സ്വന്തം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും
കൂട്ടിച്ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
അതിവിശദമായ ചർച്ചയ്ക്കു ശേഷം പുസ്തകത്തിന്റെ ഉപസംഹാരത്തിൽ ഹരിദാസ് എഴുതുന്നു :
ഇന്ത്യൻ ഭരണഘടന ചെയ്യാൻ ശ്രമിച്ചത് രണ്ടു കാര്യങ്ങളാണ്. 1. കൊളോണീയൽ
ബ്രിട്ടീഷ് പ്രജകളിൽനിന്ന് സ്വതന്ത്രജനാധിപത്യപൗരന്മാരെ വാർത്തെടുക്കുക. 2.
ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ബന്ധങ്ങളിലെ ഉച്ചനീചത്വങ്ങളെ
ഇല്ലാതാക്കാൻ ശ്രമിക്കുക.
ആദ്യത്തെ കാര്യത്തിൽ ഏറെക്കുറേ വിജയിച്ചു, രണ്ടാമത്തേതിൽ ഒറ്റപ്പെട്ട
ചലനങ്ങൾ ഉണ്ടായി എന്നല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല. ഫലത്തിൽ രണ്ടും
ഇപ്പോഴും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. ഇവയെ എങ്ങനെ തരണം
ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് രാജ്യത്തിന്റെ ഭാവി.
സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിയുമ്പോൾ പൗരത്വബിലിലൂടെ പഴയ ബ്രിട്ടീഷ്
കോളോണിയൽ യുക്തിയിലേക്ക് നാം തിരിച്ചെത്തുന്നു. കുറച്ചുപേർ ആനുകൂല്യം
ഉള്ളവരാകുന്നു. മറ്റു കുറച്ചുപേർ വിദേശ വേരുകളുള്ള രണ്ടാം തരം പൗരരാകുന്നു.
ലിംഗനീതിയുടെ കാര്യത്തിൽ ഷബാനു കേസിൽ സുപ്രീം കോടതിയെടുത്ത നിലപാടിനു നേരെ
വിരുദ്ധമാണ് മേറി റോയി കേസിൽ എടുത്തത്. ആദ്യത്തേതിൽ കോടതി മത
നിയമങ്ങളിലേക്കും തത്ത്വങ്ങളിലേക്കും തിരിഞ്ഞു മേരി റോയിയുടെ കാര്യത്തിൽ
വ്യക്തിനിയമങ്ങളെ റദ്ദാക്കി ഇന്ത്യൻ പിന്തുടർച്ചാവകാശം മതനിരപേക്ഷമായി
ബാധകമാക്കി. തനിക്കർഹതപ്പെട്ട പൈതൃകസ്വത്ത് അവർ നേടിയെടുത്തു. എന്നാൽ
അതുകൊണ്ട് ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിലെ സ്ത്രീ വിവേചനങ്ങൾ
പരിഹരിക്കപ്പെട്ടു എന്നർത്ഥമില്ലെന്ന് പറയുന്നതിനു കാരണം അവിടെ നടന്നതും
ഭരണഘടനാ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയായിരുന്നില്ലെന്ന കാര്യം
വ്യക്തമാക്കിക്കൊണ്ടാണ്.
ഇതേ ആശയക്കുഴപ്പം മറ്റൊരു തരത്തിൽ മതേതരത്വങ്ങളുടെ കാര്യത്തിലും
കോടതികളിൽ കടന്നു വരുന്നു. മതസംഘടനകളും രാഷ്ട്രീയ താത്പര്യങ്ങളും
നിർമ്മിച്ചെടുക്കുന്ന മതപൊരരൂപങ്ങൾക്കു പുറമേ കോടതിവിധികൾ
നിർമ്മിച്ചെടുക്കുന്ന മതവുമുണ്ടെന്ന് ഹരിദാസ് വ്യക്തമാക്കുന്നു. ഒരു
വ്യക്തിയെ ആരാധനാലയത്തിൽ കയറുന്നതിൽനിന്നു വിലക്കുന്നത് ആ മതവിഭാഗത്തിന്റെ
സവിശേഷാധികാരത്തിൽപ്പെട്ടകാര്യമാണോ എന്ന് ശ്രീ വെങ്കിടരമണ ദേവരൂ – മൈസൂർ
സംസ്ഥാനം എന്ന 1958 ലെ കേസ് ഒരു തീർപ്പിലെത്തിയിരുന്നു. അതനുസരിച്ച് ഒരു
വിഭാഗം അവകാശപ്പെടുന്ന മതാചാരം അനുപേക്ഷണീയമായ ആചാരമാണോ എന്ന്
തീരുമാനിക്കാനുള്ള അവകാശം കോടതികൾക്കായി. ഇത് കേസുകളുടെ പെരുപ്പം
സൃഷ്ടിച്ചു. ബ്രാഹ്മണരല്ലാത്തവർക്ക് പൂജ ചെയ്യാനുള്ള അധികാരവും
കോടതിതീർപ്പാണ്. ശബരിമല വിധിന്യായത്തിൽ എത്തിയപ്പോൾ മതതത്ത്വങ്ങളുടെ
വെളിച്ചത്തിൽ നിന്നു മാറ്റി വിചാരണ ഭരനഘടനാതത്ത്വങ്ങളുടെ
അടിസ്ഥാനത്തിലാക്കി. പൊതുസ്ഥലത്ത് പ്രവേശനം വിലക്കുന്നത് ഭരണഘടനയനുസരിച്ച്
പൗരാവകാശലംഘനമാണ്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ വിലക്കുന്നത് ‘യഥാർത്ഥ
മതസങ്കല്പത്തിനു’ വിരുദ്ധമാണെന്ന് വിധിച്ചിരുന്നെങ്കിൽ ഇത്രയും അലോസരം
ഉണ്ടാകുമായിരുന്നില്ലെന്നാണ് ഹരിദാസ് പറയുന്നത്. ആചാരം, മതം, മതനിരപേക്ഷത
തുടങ്ങിയവയെ പുനർനിർവചിക്കുക എന്ന വഴിയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം
കൂട്ടിച്ചേർക്കുന്നു.
ജമ്മു കാശ്മീർ ഭരണഘടനയുടെ അടിത്തറ ഇളക്കിമാറ്റിയ ഉത്തരവുകളെപ്പറ്റിയുള്ള
വിശദീകരണം തന്നെ അതിനുള്ള തെളിവ്. അനുച്ഛേദങ്ങളിൽ വരുത്തിയ തിരുത്തും
കൂട്ടിച്ചേർപ്പും കാരണം നിയമവാഴ്ചകളെ ലംഘിക്കുകയും ഭരണഘടനയെതന്നെ
അപ്രസക്തമാക്കുകയും ചെയ്യുന്ന കീഴ്വഴക്കം ഇതുവഴി സൃഷ്ടിക്കപ്പെടാമെന്ന
ഭീഷണിയെ ആ ഭാഗം മുന്നിൽ കൊണ്ടുവരുന്നു. ഭരണഘടനാഭേദഗതിക്ക് വിശദമായ പ്രക്രിയ
ഭരണഘടനയുടെ 368-ആം അനുച്ഛേദം നിർദ്ദേശിക്കുന്നുണ്ട്. അതൊന്നും കൂടാതെ
രാഷ്ട്രപതിയുടെ വിജ്ഞാപനം വഴി പുതിയ ഒരു ഉപഅനുച്ഛേദം കൂട്ടിച്ചേർക്കാൻ
കഴിയുന്നത് സുപ്രീം കോടതിയും ശരിവച്ചാൽ (നിലവിൽ അയഞ്ഞ സമീപനമാണ് സുപ്രീം
കോടതിയുടെ ഭാഗത്തുനിന്നുണ്ടായതത്രേ) ജനാധിപത്യമൂല്യങ്ങളെ ഇല്ലാതാക്കാൻ
പാർലമെന്ററി ജനാധിപത്യം തന്നെ വഴിയൊരുക്കുന്ന വിചിത്രമായ അവസ്ഥയായിരിക്കും
ഉണ്ടാകാൻ പോകുന്നത്.
ഹരീഷിന്റെ മീശയുടെയും പെരുമാൾ മുരുകന്റെ മാതോരുപാകന്റെയും കാര്യത്തിൽ
കോടതികൾ മനുഷ്യരുടെ അഭിപ്രായ-ആവിഷ്കാരസ്വാതന്ത്ര്യങ്ങൾക്കൊപ്പമാണ് നിന്നത്.
സർഗാത്മക സൃഷ്ടികൾക്കെതിരെ പരാതിയുമായി പോകുന്ന മനുഷ്യർ വ്യവസ്ഥയുമായി
ഒട്ടി നിൽക്കാൻ ആഗ്രഹിക്കുന്ന യാഥാസ്ഥിതികരാണെന്ന കാര്യത്തിൽ ഒരു സംശയവും
വേണ്ട. നിലനിൽക്കുന്ന വ്യവസ്ഥയെ പരിക്കുകൂടാതെ സംരക്ഷിക്കാൻ
ബാധ്യസ്ഥരാണെന്ന ആൾക്കൂട്ടമനോഭാവമാന് അവരെ ഭരിക്കുന്നത് കോടതിപോലെയുള്ള
സ്ഥാപനങ്ങളിൽനിന്നു വരുന്ന ശാസനാപരമായ എതിർശബ്ദങ്ങൾ അവരെ രണ്ടു മടങ്ങ്
നിശ്ശബ്ദരാക്കും. അതുകൊണ്ട് ഇത്തരക്കാരുടെ കാര്യത്തിൽ ജോലി എളുപ്പമാണ്.
നിർഭാഗ്യവശാൽ ആൾക്കൂട്ടത്തെ പ്രതിനിധീകരിക്കുന്ന ഈ മനുഷ്യർക്ക്
ഭരണകൂടസ്ഥാപനങ്ങൾവഴി പ്രാധാന്യം ലഭിക്കുകയാണ് ചെയ്യുന്നത്. വെണ്ടി
ഡോണിങറുടെ പുസ്തകം പെൻഗ്വിൻ പിൻവലിച്ചതോർക്കുക. മീശ പ്രസിദ്ധീകരിച്ചിട്ടും
മാതോരുപാകൻ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞിട്ടും ഒരു സാമുദായിക പ്രശ്നവും
ഉണ്ടായില്ല. കുത്തിത്തിരിപ്പുകൾക്കുള്ള നല്ല മറുപടിയാകാൻ കോടതിവിധികൾക്കു
കഴിയുമെന്നിരിക്കേ പലപ്പോഴും ആശാവഹമായ രീതിയിലല്ല വിധികൾ
പോകുന്നതെന്നുള്ളതാണ് ആശങ്കാജനകം. നിർഭയമായ അന്തരീക്ഷത്തിൽ സർഗവൃത്തികൾ
നടത്താനുള്ള സാഹചര്യത്തെപ്പറ്റിയാലോചിച്ചാൽ നിരാശ ഫലമായിത്തീരുന്നത്
അതുകൊണ്ടാണ്. എം എഫ് ഹുസ്സൈനു രാജ്യം വിടേണ്ടതായി വന്നതും തസ്ലീമ നസ്രീന്
ഭീഷണികൾ ഉണ്ടായതും ഹരിദാസ് എടുത്തു പറയുന്നുണ്ട്. ആൾക്കൂട്ടഭീഷണിയിലൂടെയും
അക്രമത്തിലൂടെയും വിയോജിപ്പിന്റെ സ്വരം ഉയർത്തുന്നവരെ സ്വയം സെൻസർഷിപ്പിനും
നിയന്ത്രണത്തിനും വിധേയരാക്കുക എന്ന തന്ത്രം പല നിലയിൽ വിജയകരമായി ഇവിടെ
നടപ്പിലാക്കി വരുന്നുമുണ്ട്.
കോടതിയലക്ഷ്യത്തെപ്പറ്റിയുള്ള ഭാഗവും അതുപോലെ പ്രധാനപ്പെട്ടതാണ്.
ഫ്രാങ്കോ കേസിനെ തുടർന്ന് വ്യാപകമായി വാട്സാപ്പു വഴിയും മറ്റും
അതിശയോക്തിപരമായി പ്രചരിച്ച ഇം എം എസിനെപ്പറ്റിയുള്ള വിവരമുണ്ട്. അതിന്റെ
യഥാർത്ഥ വസ്തുത പുസ്തകത്തിലുണ്ട്. 1967 ൽ നടന്ന പത്രസമ്മേളനത്തിൽ കോടതികൾ
അധീശത്വത്തിന്റെ ഉപകരണമാണെന്നും വർഗതാത്പര്യങ്ങളിൽനിന്ന് അവ
മുക്തമല്ലെന്നും പറഞ്ഞതിന് ഹൈക്കോടതി ഒരു മാസത്തെ തടവിനും 100 രൂപ
പിഴയ്ക്കും ശിക്ഷിക്കുകയായിരുന്നു. സുപ്രീം കോടതിയിൽ വി കെ കൃഷ്ണമേനോനാണ് ഇ
എം എസിനു വേണ്ടി ഹാജരായത്. മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പാഠങ്ങളിൽ ഇ
എം എസിനുള്ള ‘അജ്ഞത’ കോടതിക്കു ബോധ്യപ്പെടുകയും ബഹുജനങ്ങളെ അതറിയിക്കാൻ
പ്രതീകാത്മകമായി ശിക്ഷ- 50 രൂപ പിഴ മതിയെന്നു വയ്ക്കുകയുമാണ്
പിന്നീടുണ്ടായത്. സ്വാഭാവിക നീതിയുടെ ലംഘനം എന്നു പറയാവുന്ന ഒരവസ്ഥ
കോടതിയലക്ഷ്യകേസുകളിലുണ്ട്. സംശയാതീതമായി കുറ്റം തെളിയേണ്ടതില്ല, മാനസിക
പ്രേരണ തെളിയിക്കേണ്ടതില്ല. മാനസികപ്രേരണയില്ലാത്തതുകൊണ്ട് പ്രതിരോധവും
കുറ്റാരോപിതനു സാധ്യമല്ല. കുറ്റമാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള
അധികാരം കോടതിക്കുമാത്രമാണ്. കോടതിയലക്ഷ്യ കുറ്റം ക്രിമിനലുമാണ്. പഴയകാല
ഭരണാധികാരികളുടെ അനിഷേധ്യമായ പ്രാമാണിത്തത്തിന്റെ ഘടനയാണ് ചോദ്യം ചെയ്യാൻ
പാടില്ലാത്ത നീതി പീഠം എന്ന സങ്കല്പത്തിലുള്ളത്. എങ്ങനെയാണ് മാറിയകാലത്തിൽ
കോടതികൾ അവയുടെ അന്തസ്സും മാന്യതയും നിലനിർത്തേണ്ടത് എന്ന ചോദ്യം
പ്രധാനപ്പെട്ടതാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത ബലപ്രയോഗ
ശിക്ഷണങ്ങളിലൂടെയാണോ? വിമർശനങ്ങളെയും സ്വാംശീകരിച്ചും തെറ്റുകൾ വീണ്ടു
വിചാരത്തിനു വിധേയമാക്കിയുമുള്ള കാലോചിതമായ പരിഷ്കാരങ്ങളിലൂടെയാണോ? കാലിക
വിധികളുടെ പശ്ചാത്തലത്തിൽ കാര്യമായി ആലോചിക്കാവുന്ന വിഷയമാണ്.
എടുത്തെഴുതാനാണെങ്കിൽ പുസ്തകം മുഴുവനായി എടുത്തു ചേർക്കണം. സാംസ്കാരിക
ജീവിതത്തിന്റെ രേഖകൾ എന്ന നിലയ്ക്ക് സാഹിത്യത്തിന്റെ വായന മറ്റൊരു
കാര്യമാണ്. ആ പതിവിൽനിന്ന് മാറി നിൽക്കുമ്പോൾ എട്ടുന്നത് മറ്റൊരു യഥാതഥമായ
ലോകത്താണ്. സംഗ്രഹിച്ചതും കാര്യമാത്രപ്രസക്തവുമാണ് ഹരിദാസിന്റെ ഭാഷ.
കോടതിഭാഷപോലെ വ്യക്തവും ശക്തവുമായ ഭാഷാരീതി ! അർത്ഥവ്യക്തതയില്ലായ്മയോ
ആശയക്കുഴപ്പമോ ഇല്ല. ഹരിദാസ് പ്രയോഗിക്കുന്നിടത്തുനിന്നും ഉദാഹരണങ്ങൾ
സന്ദർഭം മാറി അർത്ഥം നിർമ്മിക്കും എന്ന പ്രത്യേകതയും ഉണ്ട്. സ്വാഭാവികം.
അതിനേക്കാൾ പ്രധാനം, ഭരണഘടനയുടെ ബലത്തിൽ വാദങ്ങൾക്കുവേണ്ടിയെങ്കിലും
നമ്മൾ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തെ ഏതൊക്കെയോ നിലയിൽ
പ്രശ്നാത്മകമാക്കുന്നുണ്ട്, ഈ പുസ്തകത്തിലെ ഉദാഹരണങ്ങൾ എന്നതാണ്.
ഇന്ത്യയിലെ ഒരു സാധാരണ വ്യക്തിയുടെ (സാമാന്യമാതൃകയായി ഉച്ചരിക്കപ്പെടുന്ന
നിമിഷം റദ്ദായി പോകുന്നതാണ് ‘സാധാരണ വ്യക്തി’ എന്ന ഉദാഹരണം. ഇക്കാലത്ത്
പ്രത്യേകിച്ച്. പലതരം മുൻഗണന- അവഗണനാക്രമത്തിലാണ് ശരാശരി ജീവിതങ്ങളുടെ
ഗതാഗതം എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.) ആത്മവീര്യത്തെ
സംരക്ഷിക്കാനും പ്രതിഫലിപ്പിക്കാനും എത്രത്തോളം ശേഷി ഇപ്പോഴും
അവശേഷിപ്പിക്കുന്നുണ്ട് ഭരണഘടനയുടെ പ്രയോഗസന്ദർഭ ചരിത്രങ്ങൾ എന്ന പ്രശ്നം
രൂക്ഷമായിത്തന്നെ വായിച്ചു കഴിയുമ്പോൾ മുന്നിൽ ഉയർന്നുവരാതിരിക്കില്ല.
രാഷ്ട്രീയജീവിതത്തിലെ സന്ദിഗ്ദ്ധതകളെ വ്യത്യസ്തനിലയിൽ അഭിസംബോധന ചെയ്യുക
എന്നുവച്ചാൽ തീർത്തും ആശാവഹമല്ലാതെ നമ്മളെ മാറ്റി വരയ്ക്കുന്നതിനെ
നോക്കിയിരിക്കുക എന്നാണ് അർത്ഥം. അതുകൊണ്ടും കൂടിയാണ് മുകളിൽ പറഞ്ഞത്, ഈ
പുസ്തകം വായിച്ചു മാറ്റി വയ്ക്കാനുള്ളതല്ലെന്ന്.
(ഡി സി ബുക്സ്.കൊം)