October 30, 2008

‘എന്തോന്ന്‘ ഒരു രസമാണോ?

രാം, ലതീഷ് എന്നീ രണ്ടു മോഹന്മാര്‍ക്ക്. കൈയടക്കവും അഴിച്ചുവിട്ട ഭാവനയും കൊണ്ട് അസംബന്ധലോകങ്ങളെ വാര്‍ക്കുന്ന തിരുമാലികളായ തച്ചന്മാര്‍ക്ക്. 

 

 മൈക്കല്‍ ഹെയ്‌മാന്‍, ഇന്ത്യക്കാരായ സുമന്യു സത്പതിയും അനുഷ്കാ രവിശങ്കറുമായി ചേര്‍ന്നു സമാഹരിച്ച് ‘പെന്‍‌ഗ്വിന്‍’ വഴി പുറത്തിറക്കിയ ‘പത്താമത്തെ രസം’ (The Tenth Rasa) എന്ന പുസ്തകത്തിന്റെ ഉള്ളടക്കം കണ്ടിരുന്നെങ്കില്‍, എല്ലാവര്‍ക്കുമറിയാവുന്ന ഒന്‍പതു രസങ്ങള്‍ക്കു പുറമേ ‘ഭക്തി’ എന്നൊരു രസത്തെക്കൂടി പരിഗണിക്കണം, അതാണ് പത്താമത്തെ രസം എന്നും പറഞ്ഞ് പുസ്തകമെഴുതിയ മധുസൂദനസരസ്വതി ‘അയ്യടാ’യെന്ന് ആയിപ്പോയേനേ. കാരണം രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരമ്പര്യവുമായി പുലരുന്ന ഭാരതീയ ശാസ്ത്രീയകലാസ്വാദനസമ്പ്രദായത്തെ തലക്കുത്തനെ നിര്‍ത്തുന്ന വിഷയമാണ് മേപ്പടി പുസ്തകത്തിലുള്ളത്. ഗൌരവശാസ്ത്രികളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന ഒന്ന്. ‘അസംബന്ധസാഹിത്യം’. സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കളിലെ കഥാപാത്രം കോച്ചാത്തി പാടുന്ന ഒരു പാട്ടുണ്ട്, “ഡുഡ്വാണ്ടി, ഡുഡുപ്പനാണ്ടി കുഡ്വാണ്ടി, കൊടപ്പനാണ്ടി ഇണ്ടപ്പന്‍ ക്ടാങ്ങള് വാ കിണ്ടപ്പന്‍ കിടാങ്ങള് പോ..” എന്താണോ എന്തോ അര്‍ത്ഥം. ഓ വി വിജയന്റെ ആദ്യകാല കഥകളിലൊന്നായ ‘മങ്കര’യിലുമുണ്ട് ഇതുപോലൊരെണ്ണം. തനി അസംബന്ധം. എങ്കിലും ആന്തരികമായ ഏതോയീണത്താല്‍ അതു കുറേക്കാലം മനസ്സില്‍ കിടന്നിരുന്നത് ഇപ്പോഴോര്‍ക്കുന്നു. ബഷീര്‍ എഴുതി ‘ഹുട്ടിനി ഹാലിത്തോ ലിട്ടാപ്പോ.. സഞ്ചിനി ബാലിക്ക ലുട്ടാപ്പി... ഹാലിത മാണിക്ക ലിഞ്ചാലോ ശങ്കര ബഹാനാ ടുലിപി...................’ എന്തോന്നിത്? പ്രിയ ഏ എസിന്റെ ‘ഉള്ളിത്തീയലും ഒന്‍പതിന്റെ പട്ടികയും’ എന്ന കഥയുടെ അവസാനം, ‘കളിമരമൊരു കിളി മരം, കിളിമരമൊരു കളിമരം’ എന്നൊരു പാട്ടുണ്ടാക്കിയ വേദാനായര്‍ എന്ന കുട്ടിയ്ക്ക് ഒരു കടപ്പാടു നല്‍കിയിട്ടുണ്ട് കഥാകാരി. കഥയിലെ ‘ജാനു’ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പേരായ ‘ഫന്റാസ്മിന്റ’ എന്ന പദവും ഈ കുട്ടിയുടെ സംഭാവനയാണത്രേ. കുമിളകളുടെ ലോകമാണ് ‘ഫന്റാസ്മിന്റ.’ എന്തൊരു വാക്ക്! (ഇങ്ങനെ അര്‍ത്ഥമില്ലാത്ത വാക്കുകളുണ്ടാക്കുന്നതിന് Neologisam എന്നാണു പേര്. Portmanteau എന്നു വച്ചാല്‍ രണ്ടര്‍ത്ഥമുള്ള വാക്കുകള്‍ കുത്തിച്ചെലുത്തി മൂന്നാമതൊരു നിരര്‍ത്ഥക ശബ്ദം നിര്‍മ്മിക്കല്‍. ‘ആവിയായിപ്പോയാമാസ, കുഴമ്പോസിഷന്‍, കൂലം കഷിക്കുക’ എന്നൊക്കെ സഞ്ജയന്റെ പ്രയോഗങ്ങള്‍‍) കൂട്ടുകാരന്റെ മൂന്നു വയസ്സുകാരന്‍ മകന്‍ വളരെ ഗൌരവത്തോടെ കുത്തി വരച്ചുകൊണ്ടിരിക്കുന്നതെന്താണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, ഉറുമ്പ്, മീന്‍ പിടിക്കാന്‍ പോകുന്നതാണ് എന്നാണ്. തകരാറു പിടിച്ച നോട്ടവുമായി നടക്കുന്ന ആധുനികകാലത്തെ ഒരു നാറാണത്തുഭ്രാന്തന് ആനയെ ഉറുമ്പ് ഓടിക്കുന്ന ലാംബ്രെട്ടാ സ്കൂട്ടറിന്റെ പിന്നിലിരുത്താമെങ്കില്‍, മൂന്നുവയസ്സുകാരന്, അവന്റെ ഭാവനയില്‍, ജീവികളുടെ ശരീരവലിപ്പത്തിന്റെ യുക്തിയെ പൊളിച്ചുകൂടേ? ‘കട്ടുറുമ്പിനു കാതു കുത്തുന്ന കാട്ടിലെന്തൊരു മേളാങ്കം..’ എന്നാണ് ഒരു നാടന്‍ പാട്ട്. ഉറുമ്പിന്റെ കാതു കുത്ത്. അതെങ്ങനെയിരിക്കും എന്നാലോചിക്കാന്‍ മിനക്കെടാതിരിക്കുക കുഞ്ഞുകുട്ടികള്‍ക്ക് മാത്രം സ്വന്തമായുള്ള സ്വര്‍ഗമാണ്. ‘കീരി കീരി കിണ്ണം താ, കിണ്ണത്തിലിട്ടു കിലുക്കി താ, കല്ലും മുള്ളും നീക്കി താ, കല്ലായിപ്പാലം കടത്തി താ’ എന്ന് കുട്ടിക്കാലത്ത് കേട്ട ഒരു പാട്ട്, സ്ഥല അതിര്‍ത്തികളെ ‘പമ്പകടത്തിയതിന്റെ’ യുക്തി അന്നാലോചിച്ചിരുന്നില്ല. ഇന്നും കേട്ടു മറന്ന എന്തിലെയ്ക്കെങ്കിലും മനസ്സു വ്യാപരിക്കുമോ ഭൂരിപക്ഷത്തിന്റെ? തറയില്‍ കൈ കമഴ്ത്തി അടിച്ചു കൊണ്ട് പെണ്‍‌കുട്ടികള്‍ പാടിയിരുന്ന ഒരു പാട്ടുണ്ടായിരുന്നു ‘ഒന്നെലിപാറ്റ’. പിന്നീടാണ് തിരിഞ്ഞത് അത് ‘ഒന്നാം തല്ലി പാറ്റ’യായിരുന്നു. അങ്ങനെ പാവം പാറ്റയ്ക്ക് എട്ട് തല്ല് ! നേഴ്സറിപ്പാട്ടുകള്‍ അസംബന്ധങ്ങളുടെ കൂടാണ് ലോകത്തെവിടെയും. ഒരു കന്നടപ്പാട്ടിങ്ങനെയാണ് ; “ അണ്ടര്‍ വെയര്‍ ഗണ്ടര്‍വെയര്‍ എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ് പെറ്റിക്കോട്ട് ഗെറ്റിക്കോട്ട് എന്തുവേണോ ഇട്ടോ കുതിരയില്‍ കേറി പാഞ്ഞോ ഹോയ് ഹോയ് ഹോയ്..” കൊച്ചുപിള്ളാരെ കിക്കിളിയാക്കാന്‍ ‘ഉറുമ്പേ ഉറുമ്പേ..’ എന്നൊരു പാട്ടുപയോഗിച്ചിരുന്നു.. ഉറുമ്പുപോണ വഴിയിലൂടെയാണ് കിക്കിളി. വഴിയൊഴിച്ച് മറ്റെല്ലാ അര്‍ത്ഥങ്ങളും യുക്തിയുമായി സന്ധി ചെയ്യാത്ത വരികളുടെ അകമ്പടിയോടെയാണ് ബാല്യങ്ങള്‍ക്ക് ശാരീരികമായ ആദ്യാഹ്ലാദങ്ങള്‍ തലമുറകള്‍ പകര്‍ന്നു കൊടുത്തത്. ഒരു പക്ഷേ പിന്നീടെല്ലാം അസംബന്ധങ്ങളാവുന്നു എന്നു പറയാതെ പറയാനാവും! ‘ആകാശം ഭൂമി തണ്ടെടുക്ക് തടിയെടുക്ക് തടിമാടന്‍ പെണ്ണെടുത്ത് അച്ചം കുച്ചം വെടി മണം നാറ്റം ! ’എന്നു പറഞ്ഞ് കുട്ടികള്‍ അന്ന് ‘ചില’ രഹസ്യം കണ്ടു പിടിച്ചിരുന്നു. രഹസ്യം തെളിഞ്ഞു എന്നകാര്യത്തില്‍ യാതൊരു സംശയവും കൂടാതെ. ‘അറുപ്പോത്തി തിരുപ്പോത്തി അറുപ്പാന്‍ പന്തലില്‍ പന്ത്രണ്ടാന വളഞ്ഞിരുന്നു ചീപ്പു കണ്ടില്ല ചിറ്റട കണ്ടില്ല ആരെടുത്തു കോതയെടുത്തു കോതേടെ കൈയീന്നു തട്ടിപ്പറിച്ചു മുന്നാഴിയെണ്ണ കുടിച്ചവളേ മുരിങ്ങത്തണ്ടു കടിച്ചവളേ പാണ്ടീലിരിക്കുന്ന അമ്മേടെ കാലൊന്നു നീട്ടിയ്ക്കോ’ എന്നു മുട്ടുകള്‍ തൊട്ടു പാടിക്കഴിഞ്ഞാലുടന്‍ മടക്കി വച്ച കാലു നീട്ടണം. അതാണു വട്ടത്തിലിരുന്നുള്ള ഇന്‍ഡോര്‍ ഗെയിം. പഴയ കളി. അതിന്റെ വിശദാംശങ്ങള്‍ മറന്നു. പെണ്‍കുട്ടികളായിരുന്നു അതിന്റെ തലതൊട്ടമ്മമാര്‍. ആലോചിച്ചാല്‍ അസംബന്ധങ്ങളുടെ ഈ പത്താമത്തെ രസം, കുട്ടികള്‍ക്കുള്ളതാണ്. എന്നു വച്ചാല്‍ കുട്ടികളുടേതാണ്. അങ്ങനെയാണ് മൈക്കല്‍ ഹെയ്‌മാന്‍ പറയുന്നത്. അതിനു മുന്‍പത് ടാഗോര്‍ എഴുതി വച്ചിരുന്നു. ഭരതമുനിയ്ക്കോ അഭിനവഗുപ്തനോ ജഗന്നാഥപണ്ഡിതനോ മധുസൂദന സരസ്വതിയ്ക്കോ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാര്യം. പക്ഷേ അത് ഓരം പറ്റി കൂടെ എന്നും ഉണ്ടായിരുന്നു. ഒരു പക്ഷേ അവരുടെ കാലത്തിനു മുന്നേ തന്നെയും. യോഗാത്മകതയില്‍ നിന്ന് ജന്മമെടുത്ത്, നാടോടിസാഹിത്യത്തിന്റെ തണലുപറ്റി, ജനപ്രിയയായി. കുട്ടിയാവാതെ ആര്‍ക്കും മുതിരാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാവും ബാല്യങ്ങള്‍ അവയെ കൂടെകൊണ്ടു നടന്നത്. ആവശ്യത്തിലേറെ കണക്കുക്കൂട്ടലുകള്‍ കൊണ്ട് ഓരോ ചുവടു വയ്പ്പും കൂടുതല്‍ കൂടുതല്‍ കലുഷമായിപോകുന്ന ലോകത്തിന്റെ മുകളില്‍ കയറി നിന്ന് അസംബന്ധങ്ങള്‍ കുട്ടിത്തം നിറഞ്ഞ ചിരി ചിരിക്കുന്നു. കൂടെ ചിരിക്കാന്‍ കുട്ടിയായേ പറ്റൂ. ഇരട്ടവരകള്‍ക്കുള്ളിലെ ജീവിതത്തെ തകക്കുകയാണ് അസംബന്ധങ്ങള്‍. ക്രമങ്ങളുടെ നേരെ അസംബന്ധങ്ങളുടെ വക അക്രമങ്ങള്‍! പപ്പടം വട്ടത്തിലായതും പശുവിന്റെ പാലു വെളുത്തതും കൊണ്ടാണ് ‘പാപ്പിയുടെ പീപ്പിയ്ക്കു പെപ്പരപ്പേ എന്നു കുഞ്ഞുണ്ണി മാഷിനു തോന്നിയത് അതുകൊണ്ടാണ്. അസംബന്ധങ്ങള്‍ രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അര്‍ത്ഥവ്യവസ്ഥയെ തകിടം മറിച്ചു കൊണ്ട് ഒന്ന്. ‘താങ്ക്യൂഭേരിമാച്ച് ’ എന്നൊരു മത്സ്യമുണ്ടെന്ന് ഒരു ബംഗാളിക്കവിത. മുക്കുവര് അതിനെപ്പിടിച്ച് ഉപ്പിട്ട് പൊരിച്ചു തിന്നത്രേ. ‘മച്ച്’ എന്ന ഇംഗ്ലീഷുവാക്ക് നീട്ടി ഉച്ചരിച്ച് മത്സ്യമാക്കുന്ന (മാച്ച്) ബംഗാളിയെ പരിഹസിക്കുന്ന കവിതയാണിത്. ചിന്തയുടെ ക്രമത്തെ അട്ടിമറിക്കുന്നതാണ് മറ്റൊന്ന്. ‘കുമ്പളം നട്ടു കിളച്ചതു വെള്ളരി പൂത്തതും കായ്ച്ചതും കൂവളയ്ക്കാ കൂവളയ്ക്കാ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൊട്ടയില്‍ കണ്ടത് കൊത്തച്ചക്ക.’ എന്നിടത്തും ‘കൊച്ചിയില്‍ അച്ചിയ്ക്കു മീശവന്ന സംഭവത്തിലും’ യുക്തിയുടെ ക്രമം മറിയുന്നതു കാണാം. പ്രായോഗിക ജീവിതം ഉണ്ടാക്കിവച്ച നിയമങ്ങളെ ലംഘിക്കുകയല്ല, അവയുമായി നിരന്തരം കളിയിലേര്‍പ്പെടുകയാണ്, അസംബന്ധസാഹിത്യം. ഒരു തരത്തില്‍ അതൊരു പൊളിച്ചെഴുത്താണ്. അയ്യപ്പപ്പണിക്കരുടെ ‘കം തകം പാതകം’ പലതരത്തിലാണ് ഈ പൊളിച്ചെഴുത്തു നടത്തുന്നത്. കവിത എന്ന സങ്കല്പത്തെ. ഭാഷയെ. അതിന്റെ രീതിയെ. ആവിഷകരണ സമ്പ്രദായത്തെ. എന്തിന് വ്യാഖ്യാനത്തെപ്പോലും! കൂട്ടത്തില്‍ പറയട്ടേ, ജെ ദേവിക ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ നേന്ത്രവാഴയെന്ന പദത്തെ ബോധപൂര്‍വ്വം നേത്രവാഴയാക്കി. Er, D-er, Mur-der, Plantain-bunch murder, Eye plantain-bunch murder, Inner-eye plantain-bunch murder....ഇങ്ങനെ. അതുകൊണ്ട് വിവര്‍ത്തനത്തിലും ആ അസംബന്ധ കവിത പൊളിച്ചെഴുത്തിനുള്ള സ്കോപ്പ് ഒരുക്കിവച്ചിരിക്കുന്നു. യുക്തിയ്ക്ക് സമാന്തരമായ ലോകം തീര്‍ക്കുക എളുപ്പമല്ലാത്ത പണിയായതുകൊണ്ട് ‘ഇല്ലാത്ത ബോധത്തെ’യല്ല(Nonsense) വല്ലാത്തബോധത്തെ(excess of sense)യാണ് അസംബന്ധങ്ങള്‍ വെളിവാക്കുന്നത്. അര്‍ത്ഥരാഹിത്യം കൊണ്ട് ആശയത്തെ ഇരട്ടിപ്പിക്കുകയാണ് അവ ചെയ്യുന്നതെന്ന് മൈക്കല്‍ എഴുതുന്നു. കുട്ടിയുടെ മാനസികലോകം മുതിരുന്നതിനോടൊപ്പം പാട്ടുകള്‍ അവയുടെ അര്‍ത്ഥതലത്തിന്റെ അതിര്‍ത്തിയും വികസിപ്പിക്കും. അസംബന്ധസാഹിത്യത്തിന് (കലയ്ക്ക്) നിശ്ചിതകാലമില്ല. വിദൂരഭൂതത്തിലവകള്‍ ഉണ്ടായിരുന്നു. ആധുനികകാലത്തുമുണ്ട്. പലവിതാനങ്ങളില്‍, പല തലങ്ങളില്‍. അയ്യപ്പപ്പണിക്കര്‍ കുറേ വിമര്‍ശനങ്ങള്‍ അസംബന്ധങ്ങള്‍ എഴുതിയതിന്റെ പേരില്‍ വാങ്ങിച്ചു പിടിച്ചിട്ടുണ്ട്. ‘കം തകം പാതകം’ തന്നെ അവയില്‍ മുഖ്യം. വി കെ എന്നും എന്തെല്ലാം അസംബന്ധങ്ങള്‍ എഴുതി. ‘ഓ ചക്കിപ്പൊന്താ ഓ.. ചക്കിപ്പൊന്തേ...നിന്റ തന്തേടെ തന്തേടെ തണ്ടപ്പന്‍ മരപ്പട്ടിയാണോ അല്ല മരപ്പട്ടിയാണോ..’ എന്ന് ഡി. വിനയചന്ദ്രന്‍ ഒരു കവിതയില്‍. ശുദ്ധകവിതാവിഭാഗത്തില്‍പ്പെടുന്ന രചനകള്‍ക്ക് യുക്തിയ്ക്കു വഴങ്ങുന്ന മട്ടിലുള്ള പെരുമാറ്റമല്ല ഉള്ളത് എന്നു കാണുക.(വിനയചന്ദ്രന്റെ അമ്മാനപ്പാട്ട്, കുണ്ടാമണ്ടിയും കുരങ്ങച്ചനും...) മുതിര്‍ന്നകുട്ടികള്‍ക്ക് അവകളില്‍ കമ്പം എന്നുമുണ്ട്. മുതിര്‍ന്നിട്ടും കുട്ടിത്തം വിടാത്തവര്‍ക്ക്, ആത്മാവില്‍ സര്‍വതന്ത്രസ്വതന്ത്രരായവര്‍ക്ക്. കുഴഞ്ഞുമറിഞ്ഞ നിറമുള്ള ഭാവനാലോകം ടിവിയില്‍ നിന്ന് പുറത്തിറങ്ങി കുട്ടികളെ ഇന്ന് തൊടുമോ എന്നു സംശയം ഉണ്ടായിരുന്നു. അതുമാറി. അടുത്തൊരു പറമ്പില്‍ തനി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നിന്നു കളിക്കുന്നതു കണ്ടു. പാട്ടിങ്ങനെ :“ ടീ ടീ ടീ കണ്ണന്‍ ദേവന്‍ ടീ, മോഹന്‍ലാലിന് ഇഷ്ടപ്പെട്ട കണ്ണന്‍ ദേവന്‍ ടീ...” ഒരു വട്ടപ്പാലം ചുറ്റലില്‍ പേരുപറമ്പിലെവിടെയോ കളഞ്ഞുപോയ വിസ്മയം നിറഞ്ഞ ബാല്യകാലം തിരിച്ചു വന്നു നനച്ചു. അനിയന്റെ മോളോട് ചോദിച്ചു, നിനക്ക് അപ്പോള്‍ മലയാളം പാട്ടൊന്നും അറിയില്ലേ? നാലു വശവും നോക്കി, അമ്മയോട് പറയില്ലെന്ന് ഉറപ്പു വാങ്ങിയിട്ട് അവള്‍ ചൊല്ലി തന്നു. “അപ്പൂപ്പന്റെ ആട് പിണ്ണാക്കു തിന്നു അണ്ണാക്കിലൊട്ടി ഡോക്ടര്‍ വന്നു വണ്‍ ടു ത്രീ...” ഭാഷ കലങ്ങിക്കഴിഞ്ഞിരിക്കുന്നു എങ്കിലും ഇത്രയും പോരേ, നഗരത്തില്‍ ഇനിയൊരു കാലത്ത് ‘ എന്തോന്ന് ചാന്തോന്ന്’ കേട്ടാല്‍ മനസ്സിലാവാന്‍, കുണ്ടാമണ്ടിയും കുരങ്ങനും കൂടി അടി വയ്ക്കുന്ന കവിതയുണ്ടാവാന്‍? ഒന്നുമില്ലെങ്കില്‍ അങ്ങനെ പ്രതീക്ഷിക്കാന്‍? കുട്ടികള്‍ സ്വയം നിര്‍മ്മിക്കുന്ന കവിതകളാണിവ. എതൊക്കെയോ കുട്ടികള്‍. ഒരു ഹോം വര്‍ക്കിന്റെയും പിന്‍ ബലമില്ലാതെ പഠിക്കപ്പെടുന്നു. രഹസ്യമായി പങ്കു വയ്ക്കുന്നു. ഒരു സമാന്തരലോകം. അസംബന്ധങ്ങള്‍ അവയുടെ ഉത്പത്തിയെ ഇന്നും സാധൂകരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഇനിയും ഉപന്യാസങ്ങള്‍ എന്തിന്? എസ് എം എസ്സില്‍ കുറച്ചു ദിവസം മുന്‍പ് ഒരു മെസ്സേജ് വന്നിരുന്നു. “അയ്യപ്പന്റെ അമ്മ എത്ര നെയ്യപ്പം ചുട്ടിരിക്കും..” എന്ന്. പരിചയമുള്ളവര്‍ക്കെല്ലാം ചിരിച്ചുകൊണ്ടത് ഫോര്‍വേഡ് ചെയ്തു. കുറച്ചുകഴിഞ്ഞ് ഒരാളിന്റെ മറുപടി വന്നു. “എന്തോന്ന്...?” ഒരു ഓഫ് : മലയാളിയ്ക്കു മാത്രമായി പത്താം രസമുണ്ടെന്ന് പ്രിയ ഏ എസ്സ് ‘മായക്കാഴ്ചകളുടെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്, പുച്ഛരസം !

October 22, 2008

മരിച്ചാലത്തെ സുഖം !




‘സരസീന്‍’ എന്ന കഥയിലെ തന്റെ ഒരു കഥാപാത്രത്തെ വര്‍ണ്ണിക്കുന്ന ബത്സാക്കിന്റെ ചില പരാമര്‍ശങ്ങളിലേയ്ക്ക് ചുഴിഞ്ഞു നോക്കിയിട്ട് ബാര്‍ത്ത് ചോദിക്കുന്നു : ഇതൊക്കെ ആരാണ് പറയുന്നത്? കഥയിലെ നായകനോ കഥാകൃത്തോ? അയാള്‍ക്ക് ഇങ്ങനെ പറയാനുള്ള ആധികാരികത ലഭിച്ച സ്രോതസ്സ് ഏതാണ്? അവനവനുവേണ്ടിയുള്ള എഴുത്തുകാരന്റെ പലതരത്തിലുള്ള പരസ്യപ്പെടുത്തലില്‍ നിന്ന് ‘ഉത്തരഘടനാവാദത്തിന്റെ കാലത്ത്’ അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയതെങ്ങനെ എന്ന് തുടര്‍ന്ന് റൊളാങ് ബാര്‍ത്ത് സിദ്ധാന്തിച്ചു. ആണും പെണ്ണുമല്ലാത്ത ‘ഒരാള്‍’ സ്ത്രീവേഷം കെട്ടുന്നതും ‘അതിനെ’ പ്രണയിക്കുന്ന സാരസീന്‍ എന്ന ശില്പി അവസാനം കൊല്ലപ്പെടുന്നതുമാണ് ബത്സാക്ക് എഴുതിയ കഥയുടെ പ്രമേയം. സ്വത്വങ്ങളെക്കുറിച്ചുള്ള ആലോചനകളെയും ഈ കഥ സവിശേഷമായ രീതിയില്‍ മുന്നില്‍ വയ്ക്കും. സാരസീന്‍ ഒരു സ്ത്രീനാമമാണ് ഫ്രഞ്ചില്‍. അടിസ്ഥാനപരമായി ഈ കഥ സാരസീന്റെ ‘പൌരുഷനഷ്ടത്തെ’ക്കുറിച്ചുള്ളതാണെന്ന നിരീക്ഷണമുണ്ട്. അതായത് സാരസീന്‍ പ്രണയിക്കുന്ന വ്യക്തിയുടെ ലിംഗത്വമില്ലായ്മ തന്നെയാണ് സാരസീന്റെയും ആന്തരിക പ്രതിസന്ധി. ഉള്ളറകളില്‍ ആഴം വഹിക്കുന്ന രചനകളുടെ ഒരു സ്വഭാവമാണിത്. വി പി ശിവകുമാര്‍ ‘മന്ത്’ എന്ന കഥയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍ അപ്രത്യക്ഷനാവുന്ന താന്‍ തന്നെയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആവിഷ്കരിച്ചിട്ടുണ്ട്. ഇടം കാലിലെ മന്ത് വലം കാലിലേയ്ക്ക് മാറ്റുന്ന നാറാണത്തെ ചെറിയ ഉന്മാദമാണ് കഥയില്‍ ആവിഷ്കാരം നേടുന്നത്. ഇടുക്കു ജീവിതത്തിനിടയിലെ ചെറിയൊരു പരിണാമം. സംഭവഗതിയിലെ ഈ നിസ്സാരമായ സംഗതിയല്ല കഥാകൃത്തിന്റെ ഉന്നം. വ്യക്തിയായ താനും എഴുത്തുകാരനായ താനുമെന്ന ദ്വന്ദ്വവ്യക്തിത്വങ്ങളെ കണ്ണാടിയിലെന്നപോലെ അഭിമുഖം നിര്‍ത്തുകയാണ് കഥാകൃത്ത്. രസകരമായ ഒരു കഥ പറഞ്ഞ് ആസ്വാദകരെ സുഖിപ്പിക്കുക എന്ന ലക്ഷ്യത്തേക്കാള്‍ എഴുത്തിന്റെ സംബന്ധിച്ചുള്ള ചില സങ്കീര്‍ണ്ണതകളുമായാണ് ഇക്കാര്യത്തിനു ബന്ധം. രചനയെ സംബന്ധിച്ച് മാറി വരുന്ന അവബോധത്തിന്റെ ഫലമാണ് സ്വത്വവിനിമയങ്ങള്‍. എഴുതുന്നയാളിന്റെ തന്നെ പ്രസക്തിയാണിവിടങ്ങളില്‍ രചനയ്ക്കു വിഷയമാവുന്നത്. അതുകൊണ്ട് ബോര്‍ഹസിന്റെ കഥയിലെന്നപോലെ കഥാപാത്രത്തിന്റെ തിരോഭാവത്തിന് -അതു മരണമായാലും കാണാതാവലായാലും ഇറങ്ങിപ്പോക്കായാലും- പ്രതീകമൂല്യമുണ്ട്.

സിമി എഴുതിയ ‘യാത്ര’ എന്ന കഥയും അവസാനിക്കുന്നതും പ്രധാന കഥാപാത്രത്തിന്റെ ഇറങ്ങിപ്പോക്കോടെയാണ്. അയാള്‍ ഇറങ്ങേണ്ട സ്ഥലത്താണ് ഇറങ്ങിയത് എന്നു വായിക്കാന്‍ അധികം സൂചനകളൊന്നും കഥയില്‍ അവശേഷിച്ചിട്ടില്ല. ‘പണ്ടേ അറിയുന്ന മരങ്ങളും പീടികത്തിണ്ണകളും’ എന്ന പരാമര്‍ശത്തെ മുന്‍‌നിര്‍ത്തി അങ്ങനെയും വാദിക്കാവുന്നതാണ് എന്നു മാത്രം. എന്നാല്‍ തൊട്ടടുത്തിരുന്ന മനുഷ്യന്റെ ഉറക്കത്തിലെ പ്രതികരണങ്ങള്‍‍, അയാള്‍ നേരിട്ടനുഭവിക്കുന്ന കാഴ്ചകളെക്കാള്‍ അയാളെ സ്വാധീനിക്കുന്നു എന്നതിന് പ്രകടമായ തെളിവുകള്‍ കഥയിലുണ്ട്. അതിന്റെ അസഹനീയത ‘മുട്ടിവിളിച്ച് ബസ്സു നിര്‍ത്തിക്കുന്ന’തിലുണ്ട്. ഇറങ്ങി നടക്കുന്നതാവട്ടെ ‘തണുത്ത ഇരുട്ടിലേയ്ക്കും.’ കഥ പങ്കുവയ്ക്കുന്ന ആന്തരവൈരുദ്ധ്യങ്ങളുടെ പെരുപ്പങ്ങള്‍ക്കുള്ളില്‍ ഈ ഇറങ്ങിപ്പോക്ക് ‘എഴുത്തുകാരന്റെ മരണവുമായി’ ബന്ധപ്പെട്ട ആശയത്തെ മുന്നോട്ടു വയ്ക്കാന്‍ സമര്‍ത്ഥമായതാണ് ഇത് ഇവിടെ എടുത്തു പറയാന്‍ കാരണം.

ലോകത്തിന്റെ ചൂടും തണുപ്പും തന്നെ ഏശരുതെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്ന ഒരാളാണ് ‘യാത്ര’യിലെ നായകന്‍. എന്നാല്‍ അടച്ചിട്ട ചില്ലുജാലകത്തിലൂടെയുള്ള കാഴ്ചകള്‍ അയാള്‍ക്കു പഥ്യമാണു താനും. കോളിന്‍ വിത്സണ്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി അയാള്‍ക്ക്, തനിക്കു വേണ്ടത് എന്താണെന്ന് അറിയാം. (തങ്ങള്‍ക്ക് വേണ്ടാത്തതെന്തെന്ന് മനുഷ്യര്‍ക്ക് അറിയാം എന്നാല്‍ വേണ്ടതെന്തെന്ന് അറിയില്ല എന്നാണ് കോളിന്‍ വിത്സണ്‍ പറഞ്ഞത്) തനിക്ക് പുറത്തുള്ളത് കൊല്ലാന്‍ വരുന്ന ലോകമാണ് എന്നാണ് അയാളുടെ നിഗമനം. വസ്ത്രങ്ങള്‍ അയച്ചിട്ട് സുഖശീതളമായ ഒരന്തരീക്ഷത്തില്‍ റിമോട്ടില്‍ ഞെക്കി (അതു പോലും പ്രയാസമുള്ള കാര്യമാണ്) തനിക്കിഷ്ടമുള്ള കാഴ്ചകളില്‍ ഒതുങ്ങിക്കൂടുക എന്നതു മാത്രമാണ് അയാളുടെ സാഫല്യം. ബസ്സില്‍ അടച്ചിട്ട ജാലകത്തിന്റെ തൊട്ടു പിന്നിലിരുന്ന് യാത്രചെയ്യാനുള്ള കൊതി അയാളുടെ മനോഭാവത്തിന്റെ ചുരുക്കിയെടുത്ത വെളിപാടാണ്. ഇയാളാണ് യാത്ര ചെയ്യുന്നത്. അതും അടച്ചിട്ട, ശീതീകരിച്ച, ചലിക്കുന്ന ലോഹകുമിള എന്നു വിശേഷിപ്പിക്കപ്പെട്ട ബസ്സില്‍. ഒരേ സമയം ഒന്നും ചെയ്യാന്‍ മനസ്സില്ലാതിരിക്കുക എന്നാല്‍ ‘ചലനം’ എന്ന പ്രവൃത്തിയില്‍ ഭാഗഭാക്കാവുക എന്ന വൈരുദ്ധ്യത്തിന് അടിപ്പെട്ടുകൊണ്ടാണ് കഥ പ്രത്യക്ഷത്തില്‍ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മറ്റൊരു വൈരുദ്ധ്യം കൂടി ഉടന്‍ തന്നെ കടന്നു വരുന്നുണ്ട് കഥയില്‍. അയാള്‍ ആഗ്രഹിച്ച, ചോദിച്ചു വാങ്ങിച്ച വിന്‍ഡോ സീറ്റില്‍ മറ്റൊരാള്‍ ഇരുന്ന് ഉറങ്ങുന്നതാണ് അത്. തന്റെ സീറ്റില്‍ മറ്റൊരാള്‍. അയാളെ കുലുക്കി വിളിക്കാനോ പകരം കിട്ടിയ സീറ്റില്‍ സംതൃപ്തനായി ഇരിക്കാനോ കഴിയാത്തിടത്തു നിന്നാണ് ‘യാത്ര’ സംഘര്‍ഷഭരിതമായി തീരുന്നത്. നിസ്സാരം. തനിക്കു വേണ്ടതെന്താണെന്നറിയുന്ന ഒരു മനുഷ്യന് അതിലേയ്ക്കുള്ള ദൂരം ഒരു കൈ അകലത്തിലായിട്ടുപോലും നേടാനാവുന്നില്ല എന്നുള്ളത് വിചിത്രമായ കാര്യമല്ലേ? ബസ്സിലെ ടി വിയുടെ സിനിമയുടെ കാര്യത്തിലും അയാള്‍ ഈ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അതാരെങ്കിലും നിര്‍ത്തിയെങ്കില്‍ എന്നാണ് അയാളുടെ പ്രാര്‍ത്ഥന. അയാള്‍ക്ക് സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യം!

മുന്നിലുള്ള വാസ്തവങ്ങളെക്കുറിച്ചറിയാതെ (?) ഉറങ്ങുകയാണ് ജാലകത്തിനടുത്തുള്ള ഇരിപ്പിടം സ്വമേധയാ കൈക്കലാക്കിയ അപരന്‍. ദുരന്തദൃശ്യങ്ങള്‍ കാട്ടുന്ന, എന്നാല്‍ നിര്‍ത്താന്‍ കഴിയാത്ത സിനിമ, വെളിയില്‍ കത്തുന്ന ലോറി, പരിശോധനയ്ക്കായി എത്തുന്ന പട്ടാള ഉദ്യോഗസ്ഥന്‍...അയാള്‍ ബസ്സിനകത്തെയും പുറത്തെയും കാഴ്ചകളില്‍ നിന്ന് അകലെയാണ്. എന്നാല്‍ പുറത്തെ കാഴ്ചകള്‍ക്കനുസാരിയായി വികാരത്തെ ശക്തമായി അയാള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്നതെന്ന് ആഖ്യാതാവ് സാക്ഷ്യപ്പെടുത്തുന്ന ഈ അനുഭവങ്ങളില്‍ ഉണര്‍ന്നിരിക്കുന്ന ആളല്ല, ഉറങ്ങുന്ന ആളാണ് വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്യുന്നത് . എന്തുകൊണ്ടാണങ്ങനെ? ഉറങ്ങുന്നയാള്‍ സര്‍വതും മറന്നുറങ്ങുക, ഉണര്‍ന്നിരിക്കുന്നയാള്‍ യാഥാര്‍ത്ഥ്യങ്ങളേറ്റ് ചിതറുക എന്ന പതിവാണല്ലോ തലകീഴായി മറിയുന്നത്. ഉറങ്ങുന്ന ആളിന്റെ സംഘര്‍ഷങ്ങള്‍ കുറഞ്ഞു വരുന്ന പരിണതിയില്‍ തികച്ചും ആകസ്മികമായി പ്രധാന കഥാപാത്രം വണ്ടി നിര്‍ത്തി ഇറങ്ങി പോവുകയും ചെയ്യുന്നു. മറ്റൊരര്‍ത്ഥത്തില്‍ അയാള്‍ തിരോഭവിക്കുന്നു.

ഉറക്കം എന്ന നിഷ്ക്രിയത (പാസീവ്നെസ്സ്) യിലുള്ള സ്വപ്നം എന്ന പ്രവൃത്തിയും (ആക്ടീവ്നെസ്സ്) അതിന്റെ ഫലവും മൂര്‍ത്തമായി ആവിഷ്കരിക്കുകയാണ് ‘യാത്ര’ ചെയ്യുന്നത്. മുഖ്യകഥാപാത്രം ലക്ഷ്യത്തിലെത്തും മുന്നേ നടത്തിയ ഇറങ്ങിപ്പോക്ക് ആ അര്‍ത്ഥത്തില്‍ അതൊരു ഞെട്ടി ഉണരലാണ്. ആ ഒരു പ്രവൃത്തിയില്‍ മാത്രമാണ് അയാളുടെ ഭാരമില്ലായ്മ ഇല്ലാതാവുന്നത്. അബോധത്തില്‍ നടന്ന സംഭവങ്ങളില്‍ അകാലികവും അസ്ഥാനത്തുള്ളതുമായ ആ ഇറങ്ങിപ്പോക്കു മാത്രമാണ് അയാള്‍ക്ക് നിയന്ത്രണവിധേയമായ സംഗതി. അതൊരു ബോധപൂര്‍വമായ പ്രക്രിയയാണെന്ന് തിരിച്ചറിയാന്‍ അതു മാത്രം മതി. അതുകൊണ്ട് ബാഹ്യമായ അനുഭവങ്ങള്‍ ഏശാതിരിക്കുകയും എന്നാല്‍ ചലിക്കുകയും ചെയ്യുന്ന ബസ്സ് ‘ഉറക്കം’ എന്ന അവസ്ഥയാണ്. അതിന്റെ അലിഗോറിക്കലായ ആഖ്യാനമാണ് ‘യാത്ര.’ (അതു മറ്റൊരു വൈരുദ്ധ്യം സാമ്പ്രദായികമട്ടില്‍ ജീവിതമാണ് പലപ്പോഴും യാത്ര. ഇവിടെയാവട്ടെ മരണത്തിന്റെ തന്നെ കൊച്ചു പതിപ്പായ ഉറക്കവും!) കഥയെ മൊത്തത്തില്‍ ഒരു മാനസിക സംഭവമായി കണക്കിലെടുത്താല്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും.

എങ്കിലും മറ്റൊരു വശത്തുകൂടി നാം നോട്ടമയയ്ക്കേണ്ടതുണ്ടെന്നു തോന്നുന്നു. എഴുത്തുകാരന്‍ - വായനക്കാരന്‍ എന്ന പരസ്പരാശ്രിതരായ സ്വത്വങ്ങളുടെ ധര്‍മ്മങ്ങളിലേയ്ക്കാണ് കഥയിലെ ഉറങ്ങുന്നയാളും ഉണര്‍ന്നിരിക്കുന്ന ആളും അബോധപൂര്‍വം അദ്ധ്യാരോപം ചെയ്യപ്പെട്ടിരിക്കുന്നത്. വായനക്കാരനുമായി താദാത്മ്യം പ്രാപിക്കുന്ന ഒരു അവസ്ഥയിലാണ് കാഴ്ച തന്റേതും വികാരം തന്റെ തന്നെ ‘അപര’ത്തിന്റേതുമാവുന്നത്. കഥയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളെ മുഴുവന്‍ ഈ വഴിയിലൂടെ അഴിച്ചെടുക്കാവുന്നതാണ്. അപരസ്വത്വം തന്റെ നിരന്തരമായ ഉറക്കം തുടരുമ്പോഴും കഥയിലെ മുഖ്യകഥാപാത്രം യാത്ര നിര്‍ത്താന്‍ സ്വയമേവ തീരുമാനിക്കുന്നതിനും തനിക്കു പരിചിതമായ ‘കടത്തിണ്ണ’കള്‍ ‘തണുത്ത ഇരുട്ടത്ത്‘ കണ്ടെത്തുന്നതിലും പുതുമയുള്ള ഒരു തിരിച്ചറിവുണ്ട്. എഴുത്തുകാരന്റെ അതീന്ദ്രിയ ലോകത്തിലേയ്ക്കുള്ള പ്രയാണം എന്ന് ബാര്‍ത്ത് വിശേഷിപ്പിച്ച സംഗതി തന്നെയല്ലേ ഈ തിരോഭാവം? (അതായത് അയാള്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് -സാധാരണത്വത്തിലേയ്ക്ക്- ഇറങ്ങുന്നു. മറ്റൊരര്‍ത്ഥത്തില്‍ എഴുത്തിന്റെ അദൃശ്യലോകത്ത് മരിച്ചാല്‍ മാത്രം സാദ്ധിക്കുന്ന ഒന്നാണ് ഈ സാധാരണത്വത്തിലേയ്ക്കുള്ള ഇറങ്ങി വരല്‍ ! ) ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഗതികളുടെ ഉറവിടം താനല്ലെന്ന ബോധമാണ് ഇങ്ങനെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് നീങ്ങാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. സൃഷ്ടിപരമായ വിസ്മൃതിയില്‍ ബാഹ്യലോകസാഹചര്യങ്ങളും അവ കെട്ടി വച്ച സമ്മര്‍ദ്ദങ്ങളും പല പ്രതീകങ്ങളിലൂടെ അയാളില്‍ നിന്ന് ഒഴുകി ഇറങ്ങുകയായിരുന്നു. അപ്പോള്‍ താന്‍ ഭൂതാവിഷ്ടനായിരുന്നെന്ന് അയാള്‍ക്ക് അറിയാം. ഒരേ സമയം അയാള്‍ കര്‍ത്താവും കര്‍മ്മവുമാണെന്ന വിചിത്രമായ അവസ്ഥയാണിത്. അയാള്‍ കൂടി പങ്കെടുക്കുന്ന ‘നാടക’ത്തില്‍ ഒന്നിനെയും മാറ്റാനാവാത്ത തരം ലാഘവത്വം അയാള്‍ അനുഭവിക്കുന്നു. പുകമഞ്ഞുകൊണ്ടു തീര്‍ത്ത രൂപങ്ങളാണ് കല്പനയിലെ കഥാപാത്രങ്ങള്‍. കഥയിലെ സംഭവങ്ങളില്‍ നിയന്ത്രണമില്ലാത്തതിനാല്‍ അതു വായിക്കുന്ന ആളും സമാനമായ ഭാരമില്ലായ്മ അനുഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കുക. അങ്ങനെയും ഒരു വച്ചുമാറ്റം സംഭവിക്കുന്നുണ്ട്. കാണാം, അനുഭവിക്കാം, എന്നാല്‍ ഒന്നിനെയും നീക്കം ചെയ്യാന്‍ വയ്യ എന്ന അവസ്ഥ. എഴുതുക എന്നതിന്റെ അസഹനീയമായ ലാഘവത്വം ! ജീവിച്ചിരിക്കുക എന്നതിന്റെ അസഹനീയമായ ലാഘവത്വം !

----------
സിമിയുടെ കഥാപുസ്തകം ‘ചിലന്തി’ യുടെ പ്രകാശനം, 27-10-2008-ന്, ദീപാവലി ദിവസം കൊല്ലത്തു വച്ച് .

October 11, 2008

സംഘം ശരണം



ഹയര്‍സെക്കണ്ടറി വിഭാഗത്തിലേയ്ക്ക് അപേക്ഷിക്കാന്‍ യു പി/ ഹൈസ്കൂള്‍ അദ്ധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വീണ്ടും പത്രത്തില്‍ കണ്ടു. ഒരു ഡിപാര്‍ട്ട്മെന്റിലേയ്ക്ക് സര്‍വീസിലുള്ളവരെ പരിഗണിക്കുന്നതിന് ചില അനുപാതങ്ങളൊക്കെയുണ്ട്. അതിത്രയേ പാടുള്ളൂ എന്ന് കോടതി വിധിയുണ്ട്. സര്‍വീസ് സംഘടനകളുടെ ഇടപെടല്‍ കാരണമായി കൃത്യമായ അനുപാതം ഒരിക്കലും മിക്ക ഡിപ്പാര്‍ട്ടുമെന്റുകളിലും പാലിക്കാറില്ല. എന്നല്ല ചിലപ്പോഴൊക്കെ എല്ലാ അതിരുകളും ഭേദിക്കാറുമുണ്ട്. മുറയ്ക്ക് വരിപ്പണം കെട്ടുന്ന അംഗങ്ങളുടെ താത്പര്യമാണ് സംഘടനയ്ക്ക് പ്രധാനം. അല്ലാതെ സമൂഹത്തിന്റെ പുരോഗതിയോ തൊഴിലില്ലാതെ അലയുന്ന ലക്ഷങ്ങളുടെ മുറവിളിയോ അല്ല. ഹയര്‍ സെക്കണ്ടറിയിലെ കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. കേരളത്തിലെ തൊഴില്‍കാലാവസ്ഥ പരിഗണിക്കുമ്പോള്‍ താരതമ്യേന ഭേദപ്പെട്ട ശമ്പളമാണ് അവിടെ. അതു വളരെ കൂടുതാണെന്ന് ജനസാമാന്യം ധരിച്ചു വശായിട്ടുണ്ട്. (ബിരുദാനന്തര ബിരുദം, ബി എഡ്, നെറ്റ്/സെറ്റ് ഇത്രയും വേണം ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്ക്. അടിസ്ഥാനയോഗ്യത ഇത്രയുമായിട്ടുള്ള ഒരു ജോലിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ വേതനമാണ് ഇവര്‍ക്കുള്ളത് എന്ന കാര്യം ബോധപൂര്‍വം മറച്ചു വച്ചിരിക്കുകയാണ്. താരതമ്യത്തിന് പോളിടെക്നിക് അദ്ധ്യാപകരുടെ ശമ്പളസ്കെയില്‍ എടുത്താല്‍ മതി) ഒപ്പം സര്‍ക്കാര്‍ സര്‍വീസിലെ 16 എഫ് കാറ്റഗറിയായതുകൊണ്ട് പച്ചമഷികൊണ്ട് ഒപ്പിടാം. സ്വന്തം ശമ്പളം ആരുടെ മുന്നിലും നിന്നു തല ചൊറിയാതെ എഴുതി എടുക്കാം. ഗസറ്റഡ് ആണ് പോസ്റ്റ്.

ഇതു കണ്ട് മുഖം ചുളിക്കുന്ന ഒരു വിഭാഗത്തിന്റെ അസഹിഷ്ണുതയാണ്, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഏറ്റുപിടിച്ച ഏറ്റവും വലിയ ശാപം. സംഘടനകളുടെ ഫാസിസ്റ്റു സ്വഭാവം ഈ മനോഭാവങ്ങള്‍ക്ക് കിന്നരികൂടി വച്ചുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധമായതോടെ വളരെ പ്രതീക്ഷയോടെ ഉയര്‍ന്നു വന്ന ഒരു പൊതുമേഖല കൂടി തകര്‍ന്നു തുടങ്ങി. 1990-ലാണ് കോളേജുകളില്‍ നിന്ന് ഹയര്‍ സെക്കണ്ടറി വേര്‍പ്പെടുത്തി തുടങ്ങുന്നത്. ഏതാണ്ട് പതിനഞ്ചുവര്‍ഷത്തോളം എടുത്തു, വേര്‍പെടുത്തല്‍ പ്രക്രിയ പൂര്‍ത്തിയാവാന്‍. ഇവിടെ ചരിത്രത്തിലേയ്ക്കൊന്നു തിരിയുക. പ്രീഡിഗ്രിബോര്‍ഡു സമരവും അതിന്റെ തിക്തഫലങ്ങളും കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാവും. കലാപോന്മുഖമായ ഒരു വര്‍ഷം എല്ലാ അര്‍ത്ഥത്തിലും. വിദ്യാര്‍ത്ഥികളുടെ പേപ്പറുകള്‍ സര്‍വകലാശാല ‍ടോയിലെറ്റുകളില്‍ നിന്നു വരെ കണ്ടെടുത്തു. പോലീസ് കോണ്‍സ്റ്റബിള്‍ മാര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പരീക്ഷാപേപ്പറുകള്‍ നോക്കി മാര്‍ക്കിട്ടു. ആ വര്‍ഷത്തെ റീവാല്വേഷള്ള അപേക്ഷകള്‍ സര്‍വകാല റിക്കോഡാണ്. പേപ്പറുണ്ടായിട്ടു വേണ്ടേ പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍. ഇപ്പോള്‍ ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ പറയുന്നത്, അശാസ്ത്രീയമായിരുന്ന പ്രീഡിഗ്രി സമ്പ്രദായത്തെ കോളേജില്‍ നിന്നു വേര്‍പ്പെടുത്തിയത് അവരുടെ ഗവണ്മെന്റാണെന്നാണ്. ചരിത്രത്തിന്റെ ഒരു തമാശനോക്കണേ.!

ചെറിയൊരു വ്യത്യാസമുണ്ട്. ജേക്കബ് മന്ത്രി വിഭാവന ചെയ്തത് ഒരു സ്വതന്ത്ര ബോഡാണ്. അതങ്ങൈനെ തന്നെയായിരുന്നു ഇത്ര കാലവും. കെ സി എഫ് -2007, 11, 12 ക്ലാസുകള്‍ സ്കൂളിന്റെ അഭേദ്യഭാഗമാക്കാന്‍ വേണ്ടികൂടി പടച്ചതാണ്, കാരണമെന്തായാലും.7+3+2 എന്നിങ്ങനെ. SUCI ഒഴിച്ചുള്ള ഇടതുസംഘടനകളുടെ നയം ഇതു തന്നെ. കൂട്ടത്തില്‍ പറയട്ടേ ചുവന്ന ബംഗാളില്‍ ഈ വക കണക്കുക്കൂട്ടലുകളൊന്നുമില്ല. അവിടെ ഹയര്‍ സെക്കണ്ടറി സ്വതന്ത്രമായ ഡയറക്ടറേറ്റിന്റെ കീഴിലാണ്. ‘ഉച്ച മാദ്ധ്യമിക്.‘ അവിടെ അങ്ങനെ. ഇവിടെ ഇങ്ങനെ. സത്യത്തില്‍ സര്‍ക്കാര്‍ വക സ്കൂളുകള്‍ക്ക് പുതിയൊരുണര്‍വുണ്ടാക്കിയത് ഹയര്‍ സെക്കണ്ടറിയുടെ വരവാണ്. ഉയര്‍ന്ന ബിരുദമുള്ള ചെറുപ്പക്കാരുടെ ഒരു വലിയ നിര 2005-ല്‍ പി എസ് സി വഴി ഹയര്‍ സെക്കണ്ടറിയിലേയ്ക്കു വന്നതോടെ എയിഡഡ്, അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ക്കൊപ്പം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാവുന്ന ഒരു നിലയിലായി, സൌകര്യങ്ങളൊന്നുമില്ലെങ്കില്‍ കൂടി സര്‍ക്കാര്‍ സ്കൂളുകള്‍. അത്രയ്ക്കായിരുന്നു പ്രവെശനത്തിനുള്ള തിരക്ക്. പരിമിതികള്‍ക്കുള്ളിലാണെങ്കിലും ഒരു ജനാധിപത്യവ്യവസ്ഥ അവിടെ നിലനിന്നു. ഹയര്‍ സെക്കണ്ടറിയ്ക്ക് പ്രത്യേക പ്രിന്‍സിപ്പാള്‍ ഇല്ല. ചാര്‍ജുള്ളയാള്‍ പഠിപ്പിക്കുകയും വേണം. ഓഫീസ് അസിസ്റ്റന്റ്, ക്ലാര്‍ക്ക്, പ്യൂണ്‍ ഒന്നുമില്ല. അദ്ധ്യാപകര്‍ തന്നെയാണ് എല്ലാത്തിന്റെയും ചുമതലക്കാര്‍. ശനിയാഴ്ചയും പ്രവൃത്തിദിവസമാണ്. 9.30 മുതല്‍ 4.30 വരെയാണ് പ്രവൃത്തിസമയം. (പ്രാദേശികമായി വ്യത്യാസപ്പെടും. എങ്കിലും സമയ ദൈര്‍ഘ്യം ഇത്രയും) വളരെ ചുരുങ്ങിയ കാലം ബ്യൂറോക്രസിയുടെ കെട്ടുപാടുകളില്‍ നിന്ന് ഈ വിഭാഗത്തെ ഒഴിച്ചു നിര്‍ത്താന്‍ സഹായിച്ചത് പരിമിതിയാണെങ്കില്‍ പോലും നില നിന്ന ഈ പ്രത്യേകതകളാണ്. പക്ഷേ അപ്പോഴും വേണ്ടത്ര സൌകര്യങ്ങളില്ലാത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുഭവിച്ച ഏറ്റവും വലിയ പ്രശ്നം ഹൈസ്കൂള്‍ യു പി വിഭാഗം സഹപ്രവര്‍ത്തകരില്‍ നിന്നാണ്. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിച്ചുപോന്ന സൌകര്യങ്ങള്‍ ഇപ്പോള്‍ മേല്‍ വിഭാഗമായി വന്നു ചേര്‍ന്നിരിക്കുന്ന ‘ഗസറ്റഡ്’ അദ്ധ്യാപകര്‍ക്ക് വിട്ടു കൊടുക്കാനുള്ള മനസ്സില്ലായ്മ. ചാര്‍ജുള്ള പ്രിന്‍സിപ്പാള്‍മാര്‍ ഉള്‍പ്പടെ അദ്ധ്യാപകര്‍ ഇരിക്കാന്‍ പോലുമുള്ള സൌകര്യമില്ലാതെ സ്കൂളുകളില്‍ വരാന്തയിരുന്നു വെയിലു കൊണ്ടിട്ടുണ്ട്. എന്നിട്ടും പുതിയ വിഭാഗം അദ്ധ്യാപകരുടെ ജാടയെപ്പറ്റി പത്രങ്ങളില്‍ വരെ ഗോസിപ്പുകള്‍ നിറഞ്ഞു. (സ്റ്റാഫ് റൂമുകളിലിരുന്ന് വായിക്കുന്നതും റഫറ് ചെയ്യുന്നതുമൊക്കെയാണ് ജാട) സംഘര്‍ഷം പലപ്പോഴും പുറത്തു വന്ന് അരമനരഹസ്യമല്ലാതായി. പി ടി എ തുകകള്‍ വകമാറ്റി ചെലവാക്കുന്നതിലും സ്കൂള്‍ പരിപാടികളില്‍ വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാതിരിക്കുന്നതിലും സ്ഥലം നല്‍കാതിരിക്കുന്നതിലും എന്നുവേണ്ട കുട്ടികളുടെ വെള്ളം കുടി മുട്ടിക്കുന്നതില്‍ വരെ എത്തി മത്സരത്തിന്റെ തോത്.

അദ്ധ്യാപകസംഘടനകളില്‍ യു പി/ ഹൈസ്കൂള്‍ ടീച്ചേഴ്സിനാണ് മേല്‍ക്കൈ. സ്വാഭാവികമായും ആരുടെ താത്പര്യങ്ങളായിരിക്കും അവയില്‍ പ്രതിഫലിക്കുക എന്നൂഹിക്കാന്‍ പ്രയാസമൊന്നുമില്ല. അതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. നിസ്സാരമായ ചുവന്ന വരമുതല്‍ സംസ്ഥാനതലത്തിലുള്ള നയപരിപാടികളുടെ രൂപീകരണം വരെ. ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള അദ്ധ്യാപകര്‍ ഒരു കൊടിക്കീഴില്‍ സംഘടിച്ചാല്‍, അച്ചടക്കത്തെക്കുറിച്ച് ഏറെ വാചാലമാവാറുള്ള ഒരു സംഘടനയ്ക്ക് പലനേട്ടങ്ങളുമുണ്ട്. ഇടതായാലും വലതായാലും. കേരളത്തിലെ ആളെണ്ണം കൂടിയ സര്‍വീസ് സംഘടനകളുടെ ഫാസിസ്റ്റു സ്വഭാവം ഇതിനകം കുപ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. സ്ഥലം മാറ്റമാണ് പ്രധാനഭീഷണിയും അച്ചടക്കയുധവും. കാക്കത്തൊള്ളായിരം ധര്‍ണ്ണകള്‍ക്കും പ്രകടനങ്ങള്‍ക്കും പോയേ തീരൂ, എഴുതി വയ്ക്കുന്ന ആവശ്യങ്ങളില്‍ ഒന്നും പോലും ആവശ്യമുള്ളതല്ല എന്നു തോന്നിയാലും. അത്യന്തികമായി നേതാക്കളുടെ വാചകമടി തങ്ങള്‍ക്കെതിരെയാണെന്നു തിരിച്ചറിഞ്ഞാലും പോകണം. പണിമുടക്കുകളെ വന്‍ വിജയമാക്കിതീര്‍ക്കുന്നതിലും സംസ്ഥാനത്തിന്റെ കടക്കെണി വര്‍ദ്ധിപ്പിക്കുന്നതിലും ഈ വിഭാഗക്കാര്‍ക്കുള്ള പങ്ക് സുതരാം വ്യക്തം. പക്ഷേ തനി മദ്ധ്യവര്‍ഗ്ഗ സ്വാര്‍ത്ഥതയെ അലങ്കാരം പോലെ കൊണ്ടു നടക്കുന്ന ഇവരെ തൃപ്തിപ്പെടുത്താതെ ഒരു ഭരണ നേതൃത്വത്തിനും നിലനില്‍പ്പില്ല. അതാണു പ്രശ്നം. മറ്റു സംഘടനകളെ വച്ചു പൊറുപ്പിക്കില്ലെന്നതാണ് ഇവകളുടെ മറ്റൊരു ദുര്‍മുഖം. ഭരണസംവിധാനവുമായി നേരിട്ടുള്ള ഇടപാടുകള്‍ ഉള്ളതിനാല്‍ സംഘടനാ (ഫലത്തില്‍ വ്യക്തികളുടെ) താത്പര്യങ്ങള്‍ക്ക് ചെക്കു വരും എന്നതാണ് ഈ അസഹിഷ്ണുതയുടെ കാരണം. വകുപ്പു മന്ത്രിമാര്‍ വിളിച്ചുകൂട്ടുന്ന ചര്‍ച്ചകളിലെ സംഘടനാപ്രതിനിധികളുടെ പ്രകടനം ഇക്കാര്യം നന്നായി സാധൂകരിക്കും. എമ്പ്ലോയ്മെന്റില്‍ നിന്ന് നടത്തിയ നിയമനദിവസം മുതല്‍ സീനിയോരിറ്റി കണക്കാക്കാന്‍ വേണ്ടി ചില വ്യക്തികള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ കോടതിയില്‍ പോയ ഒരു സംഘടനയുടെ നേതാവ് ഓരോരുത്തരില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് കേസ് പിന്‍‌വലിച്ചു കൊടുത്തത്. താത്വികന്യായങ്ങള്‍ ആരെ രക്ഷിക്കാന്‍? അതു തത്തമ്മേ പൂച്ച പൂച്ചയെന്ന മട്ടില്‍ ഉരുവിട്ടു നടക്കുന്നവര്‍ ആരെ രക്ഷിക്കുന്നവര്‍?

ഹയര്‍സെക്കണ്ടറിയിലെ ഒന്നാം വര്‍ഷ പരീക്ഷ പൊതുപരീക്ഷയായി നടത്താന്‍ തീരുമാനിച്ചയോഗത്തില്‍ ഒരാളുപോലും ഹയര്‍സെക്കണ്ടറിയെ പ്രതിനിധീകരിച്ചില്ലായിരുന്നു എന്നതു നിസ്സാരകാര്യമല്ല. ‘ഒരു കുടക്കീഴ്’ എന്ന ആലങ്കാരിക പ്രയോഗം നടത്തിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യങ്ങളില്ല. ഇതു തന്നെയാണ് കലോത്സവങ്ങള്‍ ഒന്നിപ്പിക്കാനും ഏകജാലകം നടപ്പിലാക്കാനുമൊക്കെയുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍ നടന്നതും. കൂട്ടത്തില്‍ പറയട്ടേ, വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ കണ്ണില്‍ കരടായ സംഗതികളാണ് പ്ലസ് വണ്‍ അഡ്മിഷനും ഹയര്‍ സെക്കണ്ടറി യുവജനോത്സവത്തിന്റെ നടത്തിപ്പും. ഹയര്‍സെക്കണ്ടറിക്കാരുടെ ‘സ്വകാര്യ’മാവുന്ന അതില്‍ ബഹുഭൂരിപക്ഷം വരുന്ന സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ പഴുതില്ലെന്നുള്ളതാണു കാരണം. പരസ്യമായ വെല്ലുവിളികള്‍ ഇക്കാര്യത്തില്‍ പലടത്തു വച്ചും നടന്നിട്ടുണ്ട്. മേയ് 13‌-ന് ഈ വര്‍ഷം പത്താം ക്ലാസ് റിസള്‍ട്ടു വന്നു. ഇപ്പോള്‍ ഇതെഴുതുന്ന സമയവും ഏകജാലകം മുഖേനയുള്ള അഡ്മിഷന്‍ അവസാനിച്ചിട്ടില്ല പലസ്കൂളിലും. ഇനിയും സ്കൂളുമാറാം. നഗരത്തിലെ ഒരു സ്കൂളില്‍ ഒരു ബാച്ചു തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ്. 43 കുട്ടികളുടെ കുറവ്. എങ്കിലും ഏകജാലകത്തെപ്പറ്റിയുള്ള പ്രശംസാധോരണികള്‍ അവസാനിച്ചിട്ടില്ല. ഒരു ക്ലാസില്‍ നിന്ന് മറ്റൊരു ക്ലാസിലേയ്ക്കുള്ള അഡ്മിഷന്‍ (ഒരു കുടയും അതിന്റെ കീഴുമല്ലേ ?) ഇങ്ങനെ നീണ്ടുപോകുന്നതിനും കുളമാകുന്നതിനും ചരിത്രത്തില്‍ തന്നെ സമാനതകള്‍ കാണില്ല. അപ്പോള്‍ ഇതിനൊരു ബദലുവേണമല്ലോ, പ്ലസ് വണ്‍ പ്രവേശനം, കേരളത്തില്‍ മറ്റൊരു മേഖലയിലുമില്ലാത്ത അഴിമതി നിലനില്‍ക്കുന്ന ഫീല്‍ഡായതു (?) കൊണ്ട്. പറയാം. ഡി എച്ച് എസ് ഇ 2007 എന്നൊരു നല്ല സൊഫ്ട്വെയര്‍ ഉണ്ടായിരുന്നു. അതതു സ്കൂളുകളില്‍ കിട്ടുന്ന മുഴുവന്‍ ഡേറ്റയും അതില്‍ യോഗ്യതയനുസരിച്ച് തരം തിരിച്ചു വരും. മാത്രമല്ല ഒരു കുട്ടിയ്ക്ക് സ്വന്തം പോയിന്റ് എത്രയെന്നു കണക്കുകൂട്ടാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്താനും സൌകര്യമുണ്ട്. ഒരാഴ്ചകൊണ്ട് തീരുന്ന പ്രൊസസ്സ്. ലിസ്റ്റിടാനും അഭിമുഖത്തിനും മുന്‍പത്തെ പതിവു വിട്ട് മൂന്നോ നാലോ ദിവസം കൊടുത്താല്‍ പോലും ഇത്രയും മാസം നീളില്ല പ്രവേശനം. അതിന്റെ ജോലി ഇപ്പോഴുള്ളപോലെ മലകയറ്റമാവില്ല. (ഇതുമായി ബന്ധപ്പെട്ടു നിന്ന അദ്ധ്യാപകരുടെ സ്കൂളുകളിലെ പാഠഭാഗങ്ങള്‍ ആരെടുക്കും? ഇതെല്ലാം സര്‍ക്കാര്‍ സ്കൂളിനെ മാത്രമെ ബാധിക്കൂ എന്നോര്‍ക്കുക) ആകെ അപേക്ഷിച്ച കുട്ടികളുടെ ഡേറ്റയും എടുത്ത കുട്ടികളുടെ വിശദവിവരവും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റും നോക്കാന്‍ ഡയറക്ടറേറ്റില്‍ ഒരു മോണിടറിംഗ് സമിതിയുണ്ടായാല്‍ കാര്യങ്ങള്‍ അതിന്റെ വഴിയ്ക്ക് പോകും. ഒരു അശ്വതിയും വിവരങ്ങളറിയാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ല. കുട്ടികള്‍ ഇന്റെന്നെറ്റ് കണക്ഷനെടുക്കേണ്ടി വരില്ല. കഫേ കളില്‍ ചെന്ന് ക്യൂ നില്‍ക്കണ്ട. കടക്കാരന്റെ മാത്രമല്ല സ്കൂളധികൃതരുടെ പോലും ചൂഷണത്തിനു വിധേയരാവില്ല. പറഞ്ഞിട്ടു കാര്യമില്ല. കോടികളാണ് ചെലവാക്കാനുള്ളത്. (ഏകജാലക ചെലവ് മൂന്നുകോടി..) സൌകര്യമല്ല പ്രധാനം! അറിയാവുന്നവരല്ല നയങ്ങളുണ്ടാക്കുന്നത്.

തുടങ്ങിയ ഇടത്തേയ്ക്ക് തിരിച്ചുപോകാം. കേരളത്തിലുള്ള ആകെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് ടു വിഭാഗത്തിലെ ആകെ ഭാഷാ അദ്ധ്യാപകരുടെ എണ്ണം എടുത്തിട്ട് അതില്‍ എത്രപേര്‍ പി എസ് സി വഴി വന്നവരാണെന്ന് നോക്കിയാല്‍, ഹൈസ്ക്കൂള്‍ / യു പി വിഭാഗത്തില്‍ നിന്നുള്ള അദ്ധ്യാപകരുടെ നിയമനം എല്ലാ ക്രമവും വിട്ടുള്ളതാണെന്ന് മനസ്സിലാവും. വിധി അനുസരിച്ച് 30-ല്‍ താഴെ നില്‍ക്കേണ്ട ഈ അനുപാതം 60-ലും മേലെ ആയിട്ടുണ്ട് ഇപ്പോള്‍ തന്നെ. (അത്രയ്ക്ക് പുതിയ തൊഴില്‍ സാദ്ധ്യത ഈ മേഖലയില്‍ കുറയുകയാണ്) ഇവര്‍ക്ക് പ്രവൃത്തി പരിചയം വച്ച് യോഗ്യതയില്‍ ഇളവുണ്ട്. നെറ്റി( National Eligibility Test) നെതിരെ അദ്ധ്യാപകര്‍ കുറെക്കാലം മുന്‍പ് സമരം ചെയ്തതോര്‍ത്തു പോവുകയാണ്. അദ്ധ്യാപനം പോലുള്ള ‘വിദഗ്ദ്ധത്തൊഴിലിനും അറിവ്, യോഗ്യത’ ഇതൊന്നും സാധകമാക്കേണ്ടതില്ലെന്നു പറയുന്നത് അദ്ധ്യാപക സംഘടനകള്‍ തന്നെയാണ്. ഒരാള്‍ സംഘടനയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നറിയാന്‍ ഒരു മാര്‍ഗമേയുള്ളൂ. ഡ്യൂട്ടികളൊന്നും അയാള്‍ക്ക് ഉണ്ടാവില്ല. അതൊരു അന്തസ്സാണ് അയാളെ സംബന്ധിച്ചിടത്തോളം.തോന്നുമ്പോള്‍ വരാം. തോന്നുമ്പോള്‍ പോകാം. സര്‍ക്കാര്‍ സ്കൂളുകളെ നശിപ്പിക്കുന്നതില്‍ നമ്മുടെ സംഘടനകള്‍ വഹിച്ച പങ്ക് പ്രത്യേകം പഠിക്കേണ്ട വിഷയമാണ്. സി ഡി എസ് ആ വഴിക്കൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിയ്ക്കും സര്‍വീസ് മാനദണ്ഡങ്ങള്‍ രണ്ടാണ്. ജില്ലാടിസ്ഥാനത്തിലാണ് നിയമനമെന്നതിനാല്‍ സ്ഥലമാറ്റമില്ല ഹൈസ്കൂള്‍/യു പി അദ്ധ്യാപകര്‍ക്ക്. എന്നാല്‍ കോളേജ് അദ്ധ്യാപകരെപ്പോലെ സംസ്ഥാനമൊട്ടുക്ക് ഓടാന്‍ ബാദ്ധ്യസ്ഥനാണ് ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍. മൂന്നു വര്‍ഷം ഒരു സ്കൂളില്‍ എന്നൊരു നിയമം സംഘടന ഇടപെട്ട് രൂപപ്പെടുത്തിയെടുത്തതിന്‌ കേരളത്തിലെ നാളിതുവരെയുള്ള സര്‍വീസ് സംഘടനാ ചരിത്രം മറിച്ചു നോക്കിയവര്‍ക്ക് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം, ഭീഷണിയുടെ അര്‍ത്ഥം കൂടിയുണ്ട് എന്ന്. വിമതനെ കേരളം മുഴുവന്‍ ഇട്ടോടിക്കാനുള്ള ചക്രായുധമാണിത്. ആശ്രിതനോ സ്വന്തം ഭൂഭാഗത്ത്‍ സസുഖം ആയുഷ്കാല വാസം.!

ഒന്നു കൂടി പറയാതെ ഇതു പൂര്‍ത്തിയാവില്ല. ഹൈസ്കൂളില്‍ പത്തുവര്‍ഷം തികച്ച് ഹയര്‍ സെക്കണ്ടറിയിലേയ്ക്ക് കടന്നു വരുന്ന ഒരു അദ്ധ്യാപകന്/പികയ്ക്ക് മറ്റൊരു സൌകര്യം കൂടിയുണ്ട്. ലോകത്തൊരിടത്തും ഇല്ലാത്ത സൌകര്യം. അയാള്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്രവേശിച്ച ദിനം തൊട്ടല്ല അയാളുടെ സര്‍വീസ് കണക്കാക്കുക, മറിച്ച് യു പി/ഹൈസ്കൂളില്‍ ചേര്‍ന്നതു മുതലാണ്. അതുകൊണ്ട് H S S-ല്‍ ചേര്‍ന്നതിന്റെ പിറ്റേ ദിവസം ചീഫ് എക്സാമിനറാവാം. പിറ്റേ വര്‍ഷം പ്രിന്‍സിപ്പാളോ ആര്‍ ഡി ഡിയോ ആവാം. എന്തും സാദ്ധ്യം. ഒരു കോണ്‍സ്റ്റബില്‍ എസ് ഐ ആയാല്‍ അയാള്‍ എസ് ഐ ആയ ദിവസം തൊട്ടുള്ള സര്‍വീസാണ് അടുത്ത പ്രമോഷനു പരിഗണിക്കുക. മൊത്തം സര്‍വീസല്ല. ഹയര്‍ സെക്കണ്ടറി തലത്തില്‍ മാത്രം നിയമം വേറെയാണ്. ‍ സ്കൂള്‍ മേധാവിയായ ഹെഡ്മാസ്റ്റര്‍/മിസ്ട്രസ്സിന് നേരെ പ്രിന്‍സിപ്പാളാവാം എന്നൊരു സാദ്ധ്യതയും നിലനില്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ ഒരു വിഭാഗത്തിന്റെ സൂപ്പര്‍ വൈസര്‍ പദവിയില്‍ ആ വിഭാഗത്തില്‍ ഒരു ദിവസം പോലും പ്രവൃത്തിപരിചയമില്ലാത്തയാള്‍ വരുമെന്ന വിരോധാഭാസത്തിനും നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസ രംഗം സാക്ഷ്യം വഹിക്കുന്നു. പി എസ് സി വഴി കൃത്യം യോഗ്യതയുമായി ചേര്‍ന്ന ഒരാള്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകനായി തന്നെ വിരമിക്കണം. അയാള്‍ക്ക് വേറെ പ്രമോഷനില്ല. ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിലെ ഉയര്‍ന്ന പദവികളെല്ലാം ( ഡയറക്ടര്‍, ജൊയിന്റ്, അഡീഷണല്‍ ഡയറക്ടര്‍മാര്‍, വിവിധ RDD -മാര്‍....) കോളേജ് അദ്ധ്യാപകര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (ഇതൊരു പ്രതികാര നടപടിയാണെന്നത് പരസ്യമായ രഹസ്യം. സംഘടനകളുമായി ഇടഞ്ഞു നിന്നാല്‍ നഷ്ടപ്പെടാന്‍ ഒരു പാടുണ്ട് സാറേ..) നോക്കണേ കോളേജുമായി പറ്റിച്ചേര്‍ന്നിരുന്ന ഒരു വിഭാഗത്തെ സ്കൂളിനോടു ചേര്‍ത്തുകെട്ടിയപ്പോള്‍ തൊഴിലാളികള്‍ക്ക് വന്നു പെട്ട പരിക്ക് ! വീട്ടില്‍ നിന്നെറങ്ങി അമ്മാത്തെത്തില്ല എന്നല്ല, തെരുവില്‍ തന്നെ കഴിഞ്ഞോളണം എന്നും.

പത്രത്തില്‍ ഹയര്‍ സെക്കണ്ടറിയിലേയ്ക്ക് തൊഴിലുള്ളവരില്‍ നിന്നു തന്നെ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വാര്‍ത്ത കണ്ടാണ് ഇത്രയൊക്കെ ചിന്തിച്ചു പോയത്. പണമുള്ളവന്റെ കൂടെയാണ് രാഷ്ട്രീയം. സംഘടനാ പിരിവുകള്‍ അതിരുകള്‍ ലംഘിക്കുന്നതു കാണാം പലപ്പോഴും. ജോലിയുള്ളവനു തന്നെ വീണ്ടും വീണ്ടും ജോലിയും കിമ്പളവും വീതം വയ്ക്കുന്ന ഈ കലാപരിപാടികള്‍ മറ്റാരും കണ്ടില്ലെങ്കിലും ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യവുമായി ജയില്‍ നിറയ്ക്കല്‍ സമരം നടത്തി കേരളത്തിന്റെ തൊഴിലില്ലായ്മയുടെ ഭീഷണാവസ്ഥയിലേയ്ക്ക് ചിലപ്പോള്‍ മാത്രം ശ്രദ്ധ ക്ഷണിക്കുന്ന നമ്മുടെ യുവജനസംഘടനകള്‍ കാണാതെ പൊയ്ക്കൂടാ. പക്ഷേ അവര്‍ സ്വന്തം കുടുംബത്തിലെ സര്‍വീസ് സംഘടനകള്‍ നടത്തുന്ന തരവഴികള്‍ കാണുകയില്ല. ആവശ്യത്തിനു അടച്ചു പിടിക്കാനുള്ളതാണല്ലോ കണ്‍പോളകള്‍.

October 6, 2008

വാക്കിന്റെ കൂടും കുടുക്കയും



വളരെ ഗൌരവത്തില്‍ നിഘണ്ടു വായിച്ചുകൊണ്ടിരിക്കുന്ന ഒരാളിനെ കണ്ടാല്‍ അയാളുടെ തലയിലെ വിജാഗിരി ഇളകിയതാണോ തുരുമ്പു പിടിച്ചതാണോ എന്നാലോചിച്ചായിരിക്കും നമ്മുടെ അടുത്ത കുഴമാന്തം. വല്ലപ്പോഴുമൊന്നു മറിച്ചുനോക്കണമെന്നല്ലാതെ ഇതിലൊക്കെ മണിക്കൂറുകളോളം ഇരുന്നു വായിക്കാന്‍ എന്തിരിക്കുന്നു എന്നാണ് സാമാന്യജനത്തിന്റെ യുക്തിചിന്ത. ലോകപ്രസിദ്ധമലയാളി സാഹിത്യകാരന്‍ മാര്‍ക്വേസ് (എന്‍ എസ് മാധവന്റെ പ്രയോഗം) രണ്ടു നിഘണ്ടുക്കളെങ്കിലും സ്ഥിരമായി മറിച്ചു നോക്കുമായിരുന്നത്രേ. ഒറ്റക്കണ്ണനും കാളയെപ്പോലെ കരുത്തനും സ്ത്രീകള്‍ ഏറ്റവും വലിയ ദൌര്‍ബല്യമായിരുന്നതുകൊണ്ട് കണക്കില്‍പ്പെടാത്ത ഒരുപാട് മക്കളുടെ അവകാശിയുമായിരുന്ന കേണല്‍ മാര്‍ക്വേസിനെ (നമുക്കറിയാവുന്ന മാര്‍ക്വേസിന്റെ അപ്പൂപ്പന്‍) ചോദ്യങ്ങളുമായി കുട്ടി മാര്‍ക്വേസ് (അമ്മ ഉപേക്ഷിച്ചുപോയതിനാല്‍ അപ്പൂ‍പ്പന്റെ അടുത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം) ശല്യപ്പെടുത്തുമ്പോള്‍ അദ്ദേഹം പറയും :
“നിഘണ്ടു എന്തു പറയുന്നുവെന്നു നമുക്ക് നോക്കാം.” പൊടിപിടിച്ച ആ പഴയ പുസ്തകം അറിവിന്റെ ഭണ്ഡാഗാരമാണെന്ന് താന്‍ അങ്ങനെ അറിഞ്ഞു എന്നാണ് ഭ്രാന്തന്‍ ഭാവനകളുടെ ആഭിചാരക്കാരന്‍ പിന്നീട് എഴുതിയത്. വാക്കുകളുടെ കൂടന്വേഷിച്ച് തീര്‍ത്ഥാടനം നടത്താനുള്ള വഴിത്താര ആരക്കാറ്റക്കയിലെ ആ വലിയ വീട്ടിലെ ബാല്യകാലം കാട്ടിക്കൊടുത്തതെങ്ങനെ എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. നെരൂദയ്ക്കും നിഘണ്ടുകള്‍ പ്രിയതരമായിരുന്നു എന്ന് വായിച്ചതോര്‍ക്കുന്നു. നിഘണ്ടുക്കളുടെ താളുകളില്‍ ഇടയ്ക്കിടെ മുഴുകിപ്പോകുന്ന മറ്റൊരാള്‍, ജീവിച്ചിരുന്ന വ്യക്തിയേക്കാള്‍ കടുത്ത വാസ്തവമായ ഷെര്‍ലോക് ഹോംസാണ്. അപ്പോള്‍ ഡോയലിന് നിഘണ്ടുക്കള്‍ എന്താണെന്ന് അറിയാമായിരുന്നു. മിലന്‍ കുന്ദേര, ഒരിക്കല്‍ തന്റെ ഒരു വിവര്‍ത്തകനെ നേരില്‍ കണ്ടപ്പോള്‍ അയാള്‍ക്ക് ചെക്കുഭാഷയില്‍ ഒരു വാക്കുപോലും അറിയില്ല എന്നറിഞ്ഞ് അന്തിച്ചുപോയി. “പിന്നെങ്ങനെയാണ് താങ്കള്‍ വാക്കുകളുടെ ശരിയര്‍ത്ഥം പിടിച്ചെടുക്കുന്നത് ?” -അദ്ദേഹം ചോദിച്ചു. “എന്റെ ഹൃദയം കൊണ്ട്” എന്നാണ് വിവര്‍ത്തകന്‍ പറഞ്ഞത്. കുന്ദേരയ്ക്ക് മൂന്നു നാലു ഭാഷകള്‍ അറിയാം. അതുകൊണ്ട് ഫ്രെഞ്ചില്‍ പരിഭാഷകന്‍ സ്വന്തം ശൈലി വച്ച് തന്റെ നോവലിനെ വേറെയെന്തോ ആക്കിയെന്നും ഇംഗ്ലീഷിലെ പ്രസാധകന്‍ വാക്യങ്ങള്‍ തന്നെ ഒഴിവാക്കിക്കളഞ്ഞെന്നും അര്‍ജന്റീനയില്‍ താന്‍ ബോധപൂര്‍വം നെയ്തെടുത്ത നീണ്ട വാക്യങ്ങള്‍ വെട്ടി ചുരുക്കി, ലഘുവാക്യങ്ങളുമായാണ് നോവല്‍ പുറത്തിറങ്ങിയതെന്നും അദ്ദേഹത്തിനു തിരിച്ചറിയാന്‍ പറ്റി. വാക്കുകളാകുന്ന ആടുകള്‍ക്ക് പിന്നാലെ ഓടുന്ന ആട്ടിടയനെപ്പോലെ സ്വന്തം കൃതികളുടെ പരിഭാഷകള്‍ക്കു പിന്നാലെ ഓടേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ La Debat എന്ന മാസികയുടെ എഡിറ്റര്‍ പിയറി നോറയാണ് എന്നാല്‍ പിന്നെ പ്രധാന വാക്കുകളുടെ, പ്രശ്നവാക്കുകളുടെ, ഇഷ്ടമുള്ള വാക്കുകളുടെ ഒരു നിഘണ്ടു തയാറാക്കിക്കൂടേ എന്ന് കുന്ദേരയോട് ചോദിച്ചത്. വായനക്കാര്‍ക്കും സൌകര്യം. വിവര്‍ത്തകര്‍ക്കും സൌകര്യം.

‘63 വാക്കുകള്‍’ എന്ന ലേഖനം/നിഘണ്ടു അങ്ങനെ ഉണ്ടായതാണ്. ‘സൌന്ദര്യം’ എന്ന വാക്കിന് ‘നോവല്‍ കണ്ടെത്തുന്ന നിലനില്‍പ്പിന്റെ മൂലകങ്ങള്‍‘ എന്നാണ് കുന്ദേരിയന്‍ അര്‍ത്ഥം. എല്ലാത്തിന്റെയും അര്‍ത്ഥശൂന്യത വെളിവാക്കി തരുന്നതാണ് ‘കോമിക്’. ‘കള്ളപ്പേരിന്’ ഭാവനാലോകം എന്ന് കുന്ദേര അര്‍ത്ഥം നല്‍കുന്നു. അതുകൊണ്ട് മൂന്നുഗുണങ്ങളുണ്ടെന്ന് അദ്ദേഹം. 1. സ്വയം വിവരിക്കാനുള്ള (Graphomania) ആഗ്രഹം കുറയും. 2. സാഹിത്യജീവിതത്തിന്റെ പൊങ്ങച്ചം കുറയും. 3. ജീവശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യത ഇല്ലാതാവും. (അനോനികളുടെ -അനോനി മാഷ്, ആശാന്‍ ആന്റണി പലനിറത്തിലുള്ള കരടികള്‍, വര്‍മ്മമാര്‍, പലതരത്തിലുള്ള വിഷക്കായകള്‍ തുടങ്ങിയ സര്‍വ്വ ഹോള്‍ സെയില്‍ റീട്ടയില്‍ അനോനി പ്രഭൃതികളുടെയും - പ്രസക്തി വര്‍ദ്ധിപ്പിക്കുന്ന ഈ അര്‍ത്ഥവിവരണം ബ്ലോഗോസ്ഫിയര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പറ്റുമെങ്കില്‍ ഒരു കാര്‍ഡിലെഴുതി എഴുത്തുമേശയ്ക്കു മുന്നില്‍ തൂക്കേണ്ടതാകുന്നു) ഒക്ടോവിയാ പാസും ഭാര്യ മാരീ ജോയും താമസിക്കുന്ന മെക്സിക്കോ സിറ്റിയില്‍ മുന്‍പൊരിക്കല്‍ ഭൂകമ്പം ഉണ്ടായി. ഒരാഴ്ചത്തേയ്ക്ക് യാതൊരു അനക്കവുമില്ല. വാര്‍ത്ത പോലുമില്ല. കൃത്യം ഒന്‍പതാം ദിവസം രാവിലെ ഒന്നും സംഭവിക്കാത്തമട്ടില്‍ ഒരു ഫോണ്‍ കാള്‍ കുന്ദേരയ്ക്ക്, പാസിന്റെ വക.. ഇത്രയും അര്‍ത്ഥധ്വനനശക്തിയുള്ള മൌനത്തിന്റെ വാക്ക് മറ്റൊരിടത്തും കണ്ടിട്ടില്ലാത്തതുകൊണ്ട് കുന്ദേര തന്റെ ഉമ്പിടി ഡിക്ഷണറിയില്‍ നാല്‍പ്പത്തി ഒന്‍പതാമതായി എഴുതിയിട്ട വാക്ക് - ‘ഒക്ടോവിയ’.

അപ്പോള്‍ നിഘണ്ടുക്കളില്‍ വായിക്കാന്‍ ചിലതെല്ലാമുണ്ട്. 1923-ല്‍ പുറത്തിറങ്ങിയ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയുടെ, എന്റെ കൈയിലിരിക്കുന്ന പതിപ്പില്‍ - അതു പിന്നീട് അച്ചടിച്ചതാണ് - ഒരു രസമുണ്ട്. ‘പീലി’യുടെ അര്‍ത്ഥം അതില്‍ ‘മയിലിന്റെ വാലിലെ ചിറക്’എന്നാണ്. അമ്പടാ ! അങ്ങനെയൊരു ചിറകോ? പൂങ്കുയിലിന് ‘ചിത്രശലഭം’ എന്നാണര്‍ത്ഥം. മലയാളത്തിലെ നിഘണ്ടുക്കളിലെല്ലാം അങ്ങനെയാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നതെന്ന് ‘ഭാഷാപര്യടന’ത്തില്‍ വാങ്‌മയി (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്). ‘ആരാല്‍’ എന്ന പദത്തിന് രണ്ടര്‍ത്ഥം. 1. അകലെ 2. അടുത്ത് ഏതെടുക്കും? എള്ളോളമുള്ള ഒരു അല്പപ്രാണിയ്ക്കും മല പോലെയുള്ള ഒരു മഹാപ്രാണിയ്ക്കും ഒരു പേരാണ് ‘തുമ്പി’. എന്നു വച്ചാല്‍ വാക്കുകളിലും വായിച്ചു രസിക്കാന്‍ ചിലതെല്ലാമുണ്ടെന്ന്.

വാക്കിന്റെ രസകരമായ നാല്‍ക്കവലകളെക്കുറിച്ച് ഗുപ്തന്‍ നായര്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്, നിഘണ്ടുക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകത്തില്‍. (വാഗര്‍ത്ഥവിചാരം- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) ന്യൂയോര്‍ക്കില്‍ കളിച്ചിരുന്ന പ്രസിദ്ധമായ സംഗീതനാടകമാണ് ‘ഓ കല്‍ക്കത്ത’. അത് നമ്മുടെ കാളീഘട്ടിനെക്കുറിച്ചു പറയുന്ന നാടകമാണ് എന്നു വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. പാടേ തെറ്റി. Que- Cu- Tas എന്ന ഫ്രഞ്ചു വാക്കിന്റെ ഉച്ചാരണം ഏതാണ്ട് കല്‍ക്കത്ത പോലെയാണ്. ‍ ‘ഓ എന്തൊരു ചന്തി’ എന്നാണ് അതിന്റെ മര്യാദയ്ക്കുള്ള അര്‍ത്ഥം. വാക്കു കളിച്ച കളി നോക്കണേ ! അമേരിക്കന്‍ സാംസ്കാരികത്തിലും കടന്നു കയറുന്നോ ഇന്ത്യ എന്ന ആഹ്ലാദം വച്ച് നമ്മുടെ നാട്ടിന്‍പുറത്തുകാരാരെങ്കിലും ടിക്കറ്റെടുത്ത് അകത്തുകയറിയിരുന്നെങ്കില്‍, കയറുപിരിക്കുന്ന തൊഴിലാളികളുടെ കദനകഥയാണ് തകഴിയുടെ ‘കയര്‍’ എന്ന് ആരോ പണ്ട് പ്രസംഗിച്ചതു പോലെയാകുമായിരുന്നു സംഗതി. ‘സന്ധി’ എന്ന സുഭഗസുന്ദരമായ സംസ്കൃതവാക്ക് മലയാളത്തില്‍ പറഞ്ഞാല്‍ അര്‍ത്ഥം വേറെ ആയതുകൊണ്ട് ആളുകള്‍ ഒരുമാതിരി നോക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതും മനസ്സില്‍ വച്ച് നോക്കുമ്പോള്‍ ‘പൃഷ്ട’ എന്ന പദം ‘പൃച്ഛിക്കപ്പെട്ട അഥവാ ജലത്താല്‍ തളിക്കപ്പെട്ട‘ എന്ന അര്‍ത്ഥത്തില്‍ കിടക്കുന്നു. അതിനെ ബലപ്പെടുത്തിയതാണ് ‘പൃഷ്ഠം’ ശരീരത്തിന്റെ പിന്‍‌ഭാഗം എന്നു തന്നെയാണ് അര്‍ത്ഥം. ആ അര്‍ത്ഥം കിട്ടിയവഴിയോ ‘തലമുടിയില്‍ നിന്ന് ഇറ്റു വീഴുന്ന ജലത്താല്‍ നനയ്ക്കപ്പെടുന്നത്’ എന്നതും. നോക്കണേ ഒരു പ്രത്യേക വിഭാഗത്തിന്റെ ശരീരഭാഗത്തേയ്ക്കാണ് വാക്കിന്റെ അര്‍ത്ഥം പോലും നോക്കുന്നത്.. നമുക്ക് ആണുങ്ങള്‍ക്ക് ഇറ്റുവീണു നനയ്ക്കാന്‍.. ഉം അതിനും മാത്രം മുടി തലയിലുണ്ടോ? (പന്ന്യന്‍ രവീന്ദ്രന്‍ എക്സപ്ഷന്‍)

‘കക്ഷാപടം’ എന്ന സംസ്കൃതവാക്കാണ് ‘കച്ചവട’മായത്. ‘കോണകം’ എന്നാണ് ലാ സംസ്കൃതവാക്കിന്റെ അര്‍ത്ഥം. പീഠത്തില്‍ നിരത്തി വച്ച സാധനങ്ങളായിരുന്നു ‘പീടിക’യുടെ മൂലഹേതു. ഇപ്പോഴത് വികസിച്ചു വികസിച്ചു ബിഗ് ബസാര്‍ വരെയെത്തി. നിഘണ്ടുവില്‍ നിന്ന് ഇത്രയൊക്കെക്കിട്ടിയാല്‍,‍ ആഗോളവത്കരണകാലത്തെ പീടികയുടെ വികാസപരിണാമങ്ങള്‍, കൌപീനം എന്ന ചിഹ്നത്തിന്റെ വാണിജ്യപരമായ അര്‍ത്ഥവിശകലനവും ഉത്തരാധുനികകാലത്തെ പ്രസക്തിയും ഒക്കെ ആലോചിച്ച് ആര്‍ക്കും ചിന്തകരാവരുതോ? നിഘണ്ടുവില്‍ ഉള്ള വാക്കുകളെക്കുറിച്ചല്ല, ഇല്ലാത്ത വാക്കുകളെക്കുറിച്ചും ധ്യാനമഗ്നരായിപ്പോവും നമ്മള്‍. പറഞ്ഞു പറഞ്ഞു പഴകിയെങ്കിലും നിഘണ്ടുക്കളില്‍ ഇനിയും കയറിപ്പറ്റിയിട്ടില്ലാത്ത ആയിരത്തോളം വാക്കുകളെപ്പറ്റി വാങ്‌മയി എഴുതിയിട്ടുണ്ട്. ‘വത്കരണങ്ങളൊ’ന്നുമില്ലാത്തതു മനസ്സിലാക്കാം. ‘തേരാപാരാ’ പോലും ഇല്ലെന്നു വന്നാലോ? ശബ്ദതാരാവലിയില്‍ സക്കറിയ തെരെഞ്ഞിട്ടും തെരെഞ്ഞിട്ടും കാണാത്ത ഒരു വാക്ക് ‌- ‘മതമൌലികവാദം’. ഇല്ലാത്ത അര്‍ത്ഥവും തെരച്ചിലുമൊക്കെ വല്ലാത്ത അര്‍ത്ഥത്തെ കാണിച്ചു തരുന്നില്ലേ..?

ക്ലോസറ്റിന് ഷേക്സ്പിയറിന്റെ കാലത്ത് ‘സ്വകാര്യമുറി’യെന്നായിരുന്നു അര്‍ത്ഥമെന്നു പറഞ്ഞു തന്നത് ജൂലിയസ് സീസര്‍ പഠിപ്പിച്ചിരുന്ന നരേന്ദ്രപ്രസാദ് സാറാണ്. (ആളതു തന്നെ) സീസറ് അയാളുടെ സ്വകാര്യമുറിയില്‍ പോയപ്പോഴൊക്കെ പെണ്‍‌കുട്ടികളുടെ മുഖം കുനിഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘ആത്മാവിഷ്കാരത്തിനായി വെമ്പുന്ന തക്കാളിപ്പഴ’ങ്ങളായിരുന്നു അന്ന് പെണ്‍‌കുട്ടികള്‍! (പി ജി വുഡ്‌ഹോവ്സ് !) ഏഷണി ‘അന്വേഷണം’ ആയിരുന്നു. ആ പരിപ്രേക്ഷ്യത്തില്‍ കാതു കടിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്ന എത്രപേരുണ്ടാവും നമ്മുടെ നാട്ടില്‍ ഇപ്പോള്‍‍? ‘ധര്‍മ്മത്തെ’ക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വാചാലരാവുമെങ്കിലും മുന്നില്‍ നില്‍ക്കുന്ന ‘ധര്‍മ്മക്കാരന്റെ സ്ഥിതിയെന്തായിപ്പോയി ! ‘പിച്ചക്കാരന്‍, തെണ്ടി, അലവലാതി’! നൃത്തക്കാരി എന്ന അര്‍ത്ഥമുള്ള ‘കൂത്തച്ചി’ എന്ന വാക്ക് ഒരു പുതുമയ്ക്കു വേണ്ടി കേരളത്തിലെ യുവജനോത്സവവേദിയില്‍ സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്ത ഏതെങ്കിലും കുട്ടിയെ വിളിച്ചുനോക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഞാന്‍ വെല്ലുവിളിക്കുകയാണ്. നിര്‍ഭയരാണെങ്കിലും (തന്നെ.. ഉം........) ഫീല്‍ഡ് വിടേണ്ടി വരും! ‘അര്‍ത്ഥസങ്കോചം’ എന്നാണ് ഇമ്മാതിരി മാറ്റങ്ങളെ ഭാഷാശാസ്ത്രം വിളിക്കുന്നത്. (‘നിഘണ്ടുവിജ്ഞാനീയം’ തന്നെ ഭാഷാശാസ്ത്രത്തിന്റെ ഒരു വകുപ്പാണ്) വിവരത്തിന് ‘ദ്വാരം’ എന്നായിരുന്നു പണ്ടത്തെ അര്‍ത്ഥം. ബ്രഹ്മാണ്ഡപുരാണം ഭാഷ നോക്കിക്കേ. ഇന്നാ വാക്ക് ബുദ്ധിയും അറിവുമൊക്കെയായി. ഇതിന് ‘അര്‍ത്ഥോത്കര്‍ഷം’ എന്നു പറയും. വാക്കുകള്‍ക്ക് ഭാഷാചരിത്രത്തില്‍ സങ്കോചവും വികാസവുമുണ്ട്. ഉയര്‍ച്ചയും താഴ്ചയുമുണ്ട്. ചക്കയെന്ന വാക്ക് പോര്‍ത്തുഗീസാണ്. പോര്‍ത്തുഗീസുകാരു കൊണ്ടുവന്നതുകൊണ്ടാണ് പൈന്‍ ആപ്പിളിന് -കൈതച്ചക്കയ്ക്ക് - തെക്ക് ‘പിറുത്തിച്ചക്ക’ എന്നു പേരുണ്ടായത്. പുര്‍ത്തുഗാലും, പുര്‍ത്തുഗീസും നാടന്‍ നാവില്‍ കയറി തിരിഞ്ഞു വന്നതാണ് ‘പുറുത്തി’. മറ്റൊരു വഴിയ്ക്കും ആലോചിക്കാം. താഴെ മണ്ണിനോട് തൊട്ടാണല്ലോ പ്രസ്തുത ചക്കയുടെ വിളവ്. അതുകൊണ്ട് ‘പൃത്ഥ്വി’ച്ചക്കയല്ലേ, ‘പിറുത്തി’ച്ചക്ക? ബെറുക്കനെ കപ്പലു കയറി പോര്‍ത്തുഗല്‍ വരെ പോണോ?

അങ്കം ആടുന്നിടമാണ് ‘അങ്ങാടി’ എന്ന് ഗുണ്ടര്‍ട്ട്. പണ്ട് അവിടെ വച്ചായിരുന്നിരിക്കണം, വാള്‍പ്പയറ്റുകള്‍ നടന്നിരുന്നത്. ഇപ്പോഴെന്താ, ഗുണ്ടകളാണെന്ന വ്യത്യാസമല്ലേയുള്ളൂ. തമിഴിലെ കട്ടിച്ചുവരാണ് (ഇടിഞ്ഞുപൊളിഞ്ഞ വീടിന്റെ ഭാഗമായ കുറ്റി ചുവരുകള്‍) നമ്മളിവിടെ ‘കുട്ടിച്ചോറാക്കി’യത്. അര്‍ത്ഥത്തെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലുമില്ല. തമിഴില്‍ നിന്നു തന്നെ വന്നതുകൊണ്ട് ‘അരവാണി’ ഹിജഡസമുദായത്തിന്റെ പേരാണ്. അങ്ങനെയൊരു വിഭാഗം നമുക്കത്ര പരിചയമില്ലാത്തതുകൊണ്ടാവണം. നമ്മളതിനെ വേശ്യാസ്ത്രീയുടെ പര്യായമാക്കി (അറുവാണിച്ചി- കെടുവാക്കുകള്‍ പറയുന്നവള്‍?) എങ്കിലും വാക്കിന്റെ ചരിത്രം മാറുന്നില്ലല്ലോ. വാക്കിന് പ്രായോഗികമായ അര്‍ത്ഥവും പാരമ്പര്യ അര്‍ത്ഥവും നിഷ്പത്തിചരിത്രവും ഉണ്ട്. എട്ടാവട്ടം ‘ഠ’എന്ന അക്ഷരത്തില്‍ നിന്നുണ്ടായതാണ്. ‘ഠാവട്ടം’ എന്നാണ് ശരിക്കുള്ള പ്രയോഗം. ചുരുങ്ങിയ പ്രവര്‍ത്തനമേഖലയാണ് വ്യംഗ്യം. കിണറ്റിലെ തവള. ഊപ്പാട്, അകപ്പാട് ആണ്. ഉള്ളില്‍പ്പെട്ടുപോയ അവസ്ഥ. ആപ്പിലായ കുരങ്ങന്‍! ഊപ്പാടു വരാതെന്തു ചെയ്യും? വാക്കുകളെ സ്വാഭാവികമായി മാമോദീസാമുങ്ങി മലയാളത്താന്‍മാരാവുന്നതു നോക്കിയിരിക്കുന്നതു രസമാണ്.. ബസ്സിലെ ക്ലീനറാദ്യം ‘ക്ലീ’യായി. പിന്നെ കിളിയായി. അര്‍ത്ഥത്തിലും പ്രവൃത്തിയിലും പൈങ്കിളിയുമായി! ‘മര’ത്തലയനെ ‘വൃക്ഷ’ത്തലയനെന്നു വിളിച്ചാലെന്താ? തല്ലിപ്പൊളിയും അടിപൊളിയും ഒരമ്മപെറ്റ മക്കളാണെങ്കിലും പരസ്പരം തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നതിനു കാരണമെന്ത്? ബാങ്കിന്റെ ശാഖ തുറക്കുന്നതു പോലെ ബാങ്കിന്റെ ‘കൊമ്പു’ തുറന്നാലെന്താണ്? അപ്പോള്‍ ഒരു വാക്കിനു പര്യായമല്ല മറ്റൊരു വാക്ക്. ഓരോ വാക്കും ഓരോ പ്രസ്ഥാനമാണ്. അതറിയണമെങ്കില്‍ ലതിനു ചുറ്റും ഇച്ചിരി ഓടി വിയര്‍ക്കണം. അതല്ലേ സത്യം? (ഭാഷാശാസ്ത്രപ്രവേശിക- വി കെ എന്‍ നമ്പൂതിരി)

‘ഗാന്ധിജിയുടെ പ്രതികാരം’ എന്നൊരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. (Most people blame Gandhi's revenge on the water) അര്‍ത്ഥം അറിയണമെങ്കില്‍ സാധാരണ ഡിക്ഷ്ണറി നോക്കിയാല്‍ പോര, NTC's Dictionary of British Slang and Colloquial Expressions തന്നെ നോക്കണം. (രസികന്‍ ഇംഗ്ലീഷ് -ഒ അബൂട്ടി. മാതൃഭൂമി പ്രസിദ്ധീകരണം) ‘വയറിളക്കം’ എന്നാണത്രേ ആ വാക്കിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാര്‍ക്കിടയിലെ നാടന്മാര് നമ്മളോടാണ് പ്രതികാരം തീര്‍ത്തിരിക്കുന്നത്. നമ്മളോട് മാത്രമല്ല, ഫ്രെഞ്ചുകാരോടുമുണ്ട് അവര്‍ക്കീവിരോധം എന്ന് വാക്കുകളുടെ നാള്‍വഴി ചരിത്രം പരിശോധിച്ചാല്‍ അറിയാം. ‘സഹോദരന്മാര്‍’ പണ്ടേ വിരോധത്തിലാണല്ലോ. ഗര്‍ഭനിരോധന ഉറയ്ക്ക് ‘ഫ്രെഞ്ച് ലെറ്റര്‍’ എന്നൊരു പേരുകൂടിയുണ്ട് ഇംഗ്ലീഷില്‍. അശ്ലീലമായ പലവാക്കുകളിലും ഫ്രഞ്ച് എന്ന് ചേര്‍ത്തുകഴിഞ്ഞാല്‍ ഇംഗ്ലീഷുകാരനു സമാധാനമായി. (നമ്മുടെ മൃഗങ്ങളൊക്കെ ഇംഗ്ലീഷാണെങ്കിലും അവറ്റകളുടെ ഇറച്ചിയെല്ലാം ഫ്രെഞ്ചാണെന്ന് അസഹിഷ്ണുവായ ഒരു ഇംഗ്ലീഷുകാരന്‍.. മട്ടണ്‍, ബീഫ്, ഹാം എല്ലാം ഫ്രെഞ്ച്!) തലയിണയ്ക്ക് സായിപ്പിന്റെ കോളൊക്കിയല്‍ പ്രയോഗം, “ഡച്ച് വൈഫ്.” എന്തിന് വിശാലതമിഴകത്തിന്റെ സാമന്തരായിരുന്ന നമ്മള്‍ മലയാളികള്‍ ‘പാണ്ഡ്യസാമ്രാജ്യ’ത്തെ മുട്ടുകുത്തിക്കുന്നത് രാവിലെ ഉടുപ്പുതേയ്ക്കാന്‍ മലയാളിയുടെ വീടുവീടാന്തരം കയറിയിറങ്ങുന്ന പാവം തമിഴ്‌‌ മകനെ ‘പാണ്ടി’ എന്നു വിളിച്ചുകൊണ്ടല്ലേ? അത്ര പാവമല്ലാത്ത ഒരു കിഴട്ടുച്ചെടിയ്ക്ക് കമ്മ്യൂണിസ്ററ്റു പച്ചയെന്നു പേരിട്ടു കൊടുത്ത തിരുമാലിയും ‘അര്‍ത്ഥം വച്ചുള്ള കളിയുടെ കായംകുളം വാളു’ക്കൊണ്ടാണ് വെട്ടിയത്. (ശ്രദ്ധിക്കണം ‘പച്ച’).
പ്രതികാരത്തിന്റെയൊക്കെ ഓരോരോ വഴികള്.....

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കുന്ന സ്ഥിതിയ്ക്ക് തീവണ്ടിയിരുന്ന സമയം അത്രയും നിഘണ്ടു വായിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ അസാമാന്യപ്രതിഭാശാലിയും കഠിനാദ്ധ്വാനിയും ചിന്തകനും ആയിരിക്കാന്‍ വഴിയുണ്ടെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. എന്നിട്ടുമെന്തോ നിഘണ്ടു എന്നു കേള്‍ക്കുമ്പം ഒരു ‘വൈമനസ്യക്കേട് !’*

സമര്‍പ്പണം :
പൊട്ടിച്ചിരിച്ചുകൊണ്ട് അടുത്തതായി വായിക്കാന്‍ എനിക്കു വെബ്‌സ്റ്റര്‍ നിഘണ്ടു നിര്‍ദ്ദേശിച്ച കൂട്ടുകാരന്...

October 1, 2008

ചോരവീണു കുതിന്നോരക്ഷരം




മലയാളത്തില്‍ കല്‍പ്പിതകഥകള്‍ക്ക്-ഫിക്ഷനുകള്‍ക്ക്- എന്തുകൊണ്ട് വായനക്കാര്‍ കുറയുന്നു എന്നതിനൊരു കാരണം ‘തലപ്പാവെ’ന്ന സിനിമ നിവേദിക്കുന്നുണ്ട്. ‘ഞാന്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ്’ എന്ന പേരില്‍ പഴയ പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നടത്തിയ കുറ്റസമ്മതത്തിന്റെ പുസ്തകത്തിലുള്ള വിവരങ്ങളെ നിറം പിടിപ്പിക്കാന്‍ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ കെട്ടിയുയര്‍ത്തിയ സിനിമയ്ക്കു വേണ്ടിയുള്ള പൊയ്ക്കാലുകളുടെ വൈകാരികാംശങ്ങളെ മുന്‍‌നിര്‍ത്തിയാണ് ഇങ്ങനെ പറയാന്‍ ഞാന്‍ ധൈര്യം കാണിക്കുന്നത്. പൊതുസമൂഹത്തിന്റെ അഭിരുചികളുമായി രാജിയാവാന്‍ അതിരുകടന്ന ഉത്സാഹം കാണിക്കുന്ന ഏതു സിനിമയും പോലെ തലപ്പാവും തുടക്കത്തില്‍ ഒരു (അ)സത്യപ്രസ്താവന നടത്തുന്നുണ്ട്. കഥ മുഴുവന്‍ കെട്ടിച്ചമച്ചതാണെന്ന്. കഥാപാത്രങ്ങളുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് കേവലം യാദൃച്ഛികമാണെന്ന്. സഖാവ് വര്‍ഗീസിനെപോലൊരാള്‍, വയനാട്ടില്‍ സ്റ്റേറ്റിന്റെ അറിവോടെയും സമ്മതത്തോടെയും കൊല ചെയ്യപ്പെട്ടതെന്ന ഭീഷണമായ യാഥാര്‍ത്ഥ്യം കല്‍പ്പിത കഥയായി തന്നെ ഉള്ളിലേയ്ക്കെടുത്തുകൊള്ളാന്‍ ആദ്യമേ പറയുന്ന സിനിമ എന്തു വിപ്ലവമാണ് ആത്യന്തികമായി സമൂഹത്തിലേയ്ക്ക് കൈമാറാനായി അബോധത്തില്‍ ഇച്ഛിക്കുന്നത് ?

ശരിയാണ് വര്‍ഗീസല്ല, ജോസഫാണ് സിനിമയില്‍. രാമചന്ദ്രന്‍ നായരല്ല അദ്ദേഹത്തെ വെടിവച്ച പോലീസുകാരന്‍. രവീന്ദ്രന്‍ പിള്ളയാണ്. എങ്കിലും ചരിത്രം കഥയായി തീരുന്ന വഴിത്താരയില്‍ ഹിതകരമല്ലാത്ത ചില പരിണതികള്‍ വന്നുപ്പെട്ടത് വികാരാംശങ്ങള്‍ കൊഴുപ്പിക്കാനോ, കാലം എത്ര ഉരുണ്ടാലും വ്യവസ്ഥിതിയുടെ കോമ്പല്ലുകള്‍ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കുമെന്ന ഉദ്ബോധനം നിര്‍വഹിക്കാനോ എന്നറിയാതെ ചിലപ്പോള്‍ നമ്മള്‍ കുഴങ്ങും. ഭരണകൂടക്രൂരതയുടെ ഇര ജോസഫുമാത്രമല്ല, രവീന്ദ്രന്‍ പിള്ളയുമാണ് എന്നൊരു സമീകരണമുണ്ട് സിനിമയില്‍. ജോസഫിന് ജീവന്‍ നഷ്ടപ്പെട്ടു. പോലീസുകാരന് സ്വന്തം ഭാര്യ. കുടുംബം. മാന്യത. എല്ലാം പോയി. അതും പോലീസുകാരായ സഹപ്രവര്‍ത്തകര്‍ തന്നെ വന്ന് ചെയ്തു കൊടുത്തത്. പിള്ള മുഴുനീള കുടിയനായി. കൌമാരകാല കാമുകി ജന്മിയുടെ വെപ്പാട്ടിയായ നിലയില്‍. (ആ പ്രേമവുമുണ്ട് സിനിമയില്‍!) മകന്‍ കള്ളനായി. മകള്‍ വേശ്യയായി. (ചെങ്കോല്‍ എന്ന ലോഹിതദാസ് സിനിമ ഓര്‍ത്തു പോകുന്നതില്‍ തെറ്റുണ്ടോ.) പാമ്പുകടിയേറ്റ്, ചികിത്സകിട്ടാതെ മരിച്ച ഭാര്യയുടെ മുഖം അവസാനം ഒന്നും കാണാന്‍ പോലും കഴിഞ്ഞില്ല പിള്ളയ്ക്ക്. മനസ്സാക്ഷിയുണ്ടായി പോയ ഒരു പൊലീസുകാരന്റെ ദുര്യോഗം! എന്നിട്ടും പതിറ്റാണ്ടുകള്‍ക്കു ശേഷം തലമുറകള്‍ക്കു വേണ്ടി അയാള്‍ ആ ദൌത്യം ഏറ്റെടുത്തു. കൊല്ലപ്പെട്ട ജോസഫ് കൊള്ളക്കാരനോ കൊലപാതകിയോ ആയിരുന്നില്ലെന്ന് അയാള്‍ പറഞ്ഞു. അദ്ദേഹം ഏറ്റുമുട്ടലില്‍ മരിച്ചതുമല്ല. മേലധികാരിയുടെ നിര്‍ദ്ദേശപ്രകാരം തന്റെ ജീവന്‍ അപകടപ്പെടാതിരിക്കാന്‍ ഈ കൈകള്‍ കൊണ്ട് കൊന്നതാണ് സഖാവിനെ. ചൂഷണത്തിനെതിരെ കരുത്തുള്ള ചൂണ്ടുവിരലുയര്‍ത്തി നിന്ന നീതിമാനെ.

ബൊളീവിയന്‍ കാട്ടില്‍ മരിച്ചുവീണ ചെയുടെ ഗരിമയില്ല വര്‍ഗീസിന്റെ രക്തസാക്ഷിത്വത്തിന്. ചെയുടെ മകള്‍ കേരളത്തില്‍ വന്നപ്പോള്‍ നമ്മളൊരിക്കല്‍ ‘രാജകീയമായ’ സ്വീകരണം തന്നെയൊരുക്കി. വര്‍ഗീസിന് അതൊന്നും മരണാനന്തരം പോലും അതൊന്നും ലഭിച്ചില്ല. ഒരു ലോഗോ ആവാനുള്ള ഭാഗ്യം പോലും നല്‍കിയില്ല അദ്ദേഹത്തിന് കേരളീയ യുവത്വം. എങ്കിലും ആ സംഭവ കഥയിലുമില്ലേ, എത്ര ഓരത്തേയ്ക്ക് നീങ്ങിനില്‍ക്കുമ്പോഴും ചിന്തിയ രക്തത്തിന്റെ പുനര്‍വിചാരണ എന്ന ചരിത്രത്തിന്റെ ഒരാവര്‍ത്തനം ? അതിനുള്ള അലൌകികമായ പരിവേഷം ? ചിരട്ടയില്‍ കൊളുത്തിവച്ച എരിഞ്ഞുതീരാറായ ഒരു മെഴുകുതിരിയായി ഇക്കാര്യം സിനിമയില്‍ നല്ലൊരു വിഷ്വലായി കടന്നു വരുന്നുണ്ട്. ചരിത്രപരമായ ഒരു ദൌത്യം പൂര്‍ത്തിയാക്കിയതിനു ശേഷം ജോസഫിന്റെ പ്രേതത്തിനു പിന്നാലെ ഇറങ്ങിപ്പോകുന്ന രവീന്ദ്രന്‍ പിള്ളയുടെ/ജോസഫിന്റെ അവശേഷിപ്പാണത്. തൂത്തുകളഞ്ഞാലും പോകാത്തത്, അല്ലെങ്കില്‍ സംഭവഗതികളുടെ തൂത്തുവാരലിനിടയില്‍ വീണ്ടും എപ്പൊഴെങ്കിലും കണ്ടെടുക്കപ്പെടാവുന്നത് എന്നു രണ്ടു മട്ടിലും വ്യാഖ്യാനിക്കാവുന്നമട്ടില്‍ ദൃശ്യസൂചന നല്‍കിയിട്ടാണ് സിനിമ അവസാനിക്കുന്നത്.

കൂട്ടത്തില്‍ പറയട്ടേ പലപാട് കണ്ടു തഴമ്പിച്ച മര്‍ദ്ദക-ചൂഷിത കഥകള്‍ക്കിടയില്‍ തലപ്പാവ് വ്യത്യസ്തമാവുന്നത് ചില ദൃശ്യസൂചകങ്ങളുടെ പുതുമയും പ്രാധാന്യവും കൊണ്ടാണ്. (കൈ നീട്ടി നില്‍ക്കുന്ന ജോസഫ്, മരിച്ചിട്ടും ഉണങ്ങാതെ ചോര വാലുന്ന മുറിവുകളുമായി തെരുവില്‍ സമൂഹത്തില്‍ ചോദ്യങ്ങളുമായി അലയുന്ന ജോസഫ്..) മര്‍ദ്ദകനായ ജന്മി, അയാള്‍ക്ക് പോലീസ് തുടങ്ങിയ ഭരണകൂട ഉപകരണങ്ങളുമായുള്ള അവിശുദ്ധബന്ധങ്ങള്‍, സ്ത്രീകളോടുള്ള ആസക്തി, ബലാത്സംഗം, കൊല, സാമ്പത്തികചൂഷണങ്ങള്‍ ഇത്രയും മാത്രമല്ല. ഇങ്ങേവശത്ത് കുടുംബബന്ധങ്ങളിലെ തെറ്റിദ്ധാരണകള്‍, അതിവൈകാരിക പ്രകടനങ്ങള്‍, പോലീസുകാരന്റെ ജീവിതദുരന്തം .... ഇങ്ങനെയായിട്ടും ഇണയെ അന്വേഷിച്ചു വട്ടം ചുറ്റുന്ന കഥാപാത്രങ്ങളുടെ ഡപ്പാംകൂത്ത് മലയാളസിനിമകള്‍ക്കിടയില്‍ ഒരാശ്വാസമായി തോന്നി, തലപ്പാവ്. ജനപ്രിയ സിനിമയുടെ ചേരുവകളിലേയ്ക്ക് ധ്വനനശക്തിയുള്ള വിഷ്വലുകളും പശ്ചാത്തല ശബ്ദങ്ങളും ഇഴുക്കിച്ചേര്‍ത്തുകൊണ്ടാണ് അതു സാദ്ധ്യമാക്കിയത്. അത്രയും അഭിനന്ദനം മധുപാല്‍ അര്‍ഹിക്കുന്നുണ്ട്. പക്ഷേ അനീതിയ്ക്കെതിരെ വിപ്ലവം തുടര്‍ന്നുകൊണ്ടു പോകേണ്ടതിനെക്കുറിച്ച് ജോസഫ് വാചാലനാവുന്നുണ്ടെങ്കിലും ‘ഇങ്ക്വിലാബ്..‘ എന്ന് അസാധാരണമായ കരുത്തോടെ വിളിച്ചു പറഞ്ഞുകൊണ്ടാണ് തച്ചുച്ചതച്ച് തൊണ്ടായി തീര്‍ന്ന അവസ്ഥയിലും ഇടതു കണ്ണു ചൂഴ്ന്നെടുക്കപ്പെട്ട നിലയിലും അദ്ദേഹം ഇടതു നെഞ്ചില്‍ വെടിയുണ്ട ഏറ്റുവാങ്ങി രക്തസാക്ഷിയാവുന്നതെങ്കിലും അതെല്ലാം കക്ഷിരാഷ്ട്രീയപൊറാട്ടിന്റെ ചേരുവയാണെന്ന് സംശയിക്കാനുതകുന്ന കാര്യങ്ങള്‍ സിനിമയില്‍ നിഹിതമാണ്.

സ്വാശ്രയകോളെജു വിധിന്യായം പുറപ്പെടുവിച്ച ജഡ്ജി കോളേജുമാനേജുമെന്റു നടത്തിയ വിരുന്നു സത്കാരത്തില്‍ പങ്കെടുത്തതിന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റി പ്രസംഗിച്ച മന്ത്രിയെ (ശ്രദ്ധിക്കണം മന്ത്രിയെ) ജോസഫിന്റെ പ്രേതം ന്യായീകരിക്കുന്നതാണ് ഒരു ഉദാഹരണം. അങ്ങനെയെങ്കില്‍ സിനിമയിലുടനീളം ആവര്‍ത്തിക്കുന്ന തുടര്‍ന്നുപോകേണ്ട വിപ്ലവത്തെക്കുറിച്ചുള്ള സൂചനകള്‍ അസ്ഥാനത്താവും. (മന്ത്രി പറഞ്ഞത് തെറ്റാണെന്നല്ല എന്റെ വിവക്ഷ, മന്ത്രിയെ ന്യായീകരിക്കാന്‍ വേണ്ടി കുത്തിത്തിരുകിയ ആ വാചകം ഒരു ഒത്തുതീര്‍പ്പാണെന്നാണ്. ഭരണകൂടത്തിന്റെ അനേകം ചെയ്തികളില്‍ നിന്ന് ആ മൊഴി മാത്രം അടര്‍ത്തിയെടുത്തതിനു പിന്നില്‍ സംവിധായകന്റെ ഉദ്ദേശ്യമാണ് വല്ലാതെ എക്സ്പോസ്ഡ് ആയി പോകുന്നത്. ജോസഫ് നിലകൊണ്ട പ്രത്യയശാസ്ത്രഭൂമികയെ സംവിധായകന്റെ നിലപാടു തറകൊണ്ട് വല്ലാതെ ലാഘവപ്പെടുത്താനാണ് അതുപകരിച്ചിട്ടുള്ളത്. ഒരു എതിര്‍വാദം ഉന്നയിക്കാമെന്നുള്ളത് പൊലീസുകാരനും അധികം വിദ്യാഭ്യാസമില്ലാത്തവനുമായ രവീന്ദ്രന്‍ പിള്ളയുടെ തോന്നലാണ് ജോസഫിന്റെ പ്രേതം എന്നുള്ളതാണ്. അതു നിലനില്‍ക്കുന്നതല്ല. കാരണം അതുപോലെ തന്നെയുള്ള അയാളുടെ തോന്നലാണ് ജോസഫിനെ പുനര്‍വിചാരണയ്ക്കു പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നത്. രണ്ടാമത്തേത് സിനിമ മൊത്തതില്‍ പങ്കുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ദിശയെന്ത് എന്ന് വ്യക്തമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പരാമര്‍ശമാണത്) ഭരണകൂടം വലിയ ഒരു ശരിയും അതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എതിര്‍ക്കപ്പെടേണ്ട പ്രതിലോമതയുമാവുമ്പോള്‍ വിപ്ലവസങ്കല്പം കീഴ്മേല്‍ മറിയും. എണ്‍പതുകളിലെ തീവ്ര ഇടതുപക്ഷനിലപാടുകള്‍ ഏതൊക്കെയോ അളവില്‍ ശരിവയ്ക്കുന്ന ഒരു സിനിമയില്‍ (കാര്യങ്ങള്‍ ഇന്നും മെച്ചപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണല്ലോ നമുക്ക് ഭൂതകാലത്തിലേയ്ക്ക് പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കായി ചെവിയോര്‍ക്കേണ്ടി വരുന്നത് ..) അതൊരു ആന്തരിക പ്രതിസന്ധിയാണ്.

‘ചെ’ പ്രിയതരമായ ബിംബമായി പരിണമിക്കുന്നത് നവ മുതലാളിത്തത്തിന്റെ കൈകളിലാണെന്നതുപോലെയൊരു വൈരുദ്ധ്യം ആ വഴിയ്ക്ക് ഈ സിനിമയിലുമുണ്ട്. വര്‍ഗീസ് എന്ന ജോസഫിനെ സ്വാംശീകരിക്കാനുള്ള മുഖ്യധാരാ കക്ഷിരാഷ്ട്രീയത്തിന്റെ ജനപ്രിയവഴിയാണത്. ( അതുമല്ല ഇതു മല്ല എന്ന മട്ടില്‍ ഇതിനെയാണ് ജി പി രാമചന്ദ്രന്‍ ഉചിതമായ മദ്ധ്യമമാര്‍ഗമായി കണ്ട് സന്തോഷിക്കുന്നത്- മാദ്ധ്യമം ലേഖനം -‘മര്‍ദ്ദനാധികാരത്തിന്റെ ഇരകള്‍’‍) ചെങ്ങറയിലും നന്ദിഗ്രാമിലും നക്സലുകള്‍ക്കെതിരെ ഇടതുപക്ഷനേതാക്കള്‍ ഉയര്‍ത്തിയ ആരോപണം തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഛത്തീസിലെ നക്സലുകളുടെ ഉന്മൂലനത്തിനു മുറവിളിക്കുന്നത് ബിജെപി. എന്തു വ്യത്യാസം? ഭഗത് സിംഗ് ഇപ്പോള്‍ വിപ്ലവകാരിയായ രക്തസാക്ഷിയുമാണ്, ആര്‍ എസ് എസ് കാര്യാലയത്തിലെ ചന്ദനമാലയണിഞ്ഞ വിഗ്രഹവുമാണ്. അധികാരത്തിലെത്തുമ്പോള്‍ നിഷ്ക്കണ്ടകരായിരിക്കുക എന്ന അവസ്ഥയെ ഇടതിന്റെ പേരിലായാലും വലതിന്റെ പേരിലായാലും നിവൃത്തിച്ചു കൊടുക്കുക എന്നതല്ല, ആയിരുന്നില്ല, അനീതിയ്ക്കായി ചോരയൊഴുക്കിയ നിര്‍ഭയരുടെ ദൌത്യം. അവരെന്തായിരുന്നു എന്നതറിയാന്‍ വേണ്ടത് ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യമല്ല, സൂക്ഷ്മമായ രാഷ്ട്രീയാവബോധമാണ്.

അനിവാര്യമായി ഉള്ളടക്കേണ്ടിയിരുന്ന ആ രാഷ്ട്രീയസൂക്ഷ്മതയാണ് സിനിമ കളഞ്ഞു കുളിച്ചത്. അതിലാണു വിഷമം. ഒരു പക്ഷേ ഇനിയുള്ള കാലത്തില്‍ നമുക്കതിന് കഴിയില്ലായിരിക്കും!

അനു:
മുണ്ടൂര്‍ രാവുണ്ണി അറസ്റ്റുചെയ്യപ്പെട്ടു എന്ന് പത്രവാര്‍ത്ത. ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റു നടന്നിട്ട് അധിക ദിവസങ്ങള്‍ ആയിട്ടില്ല. ഭരണകൂടങ്ങള്‍ ഏതുനിലയ്ക്കാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? നിര്‍ത്തിവച്ച പ്രക്ഷോഭം മാറിയ കാലത്തില്‍ സ്വയം ഏറ്റെടുക്കാനും തുടരാനും വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന നായകനുണ്ട് ‘ഗുല്‍മോഹര്‍’ എന്ന സിനിമയില്‍. അതിലും ഒരു കൊലയും ആത്മഹത്യയുമായി ‘ആക്ഷന്‍’ ചുരുങ്ങിപ്പോകുന്നതിന്റെ കാരണം, ആദ്യമേ പറഞ്ഞു. നമ്മുടെ കല്‍പ്പനകളേക്കാള്‍(ഫിക്ഷനേക്കാള്‍) മേലെയാവുന്നു യാഥാര്‍ത്ഥ്യങ്ങള്‍.
“എന്തുകൊണ്ട് പൂക്കളെക്കുറിച്ചും പക്ഷികളെക്കുറിച്ചും വലിയ മലകളെക്കുറിച്ചും അവന്‍ കവിതയെഴുതിയില്ല എന്നു ചോദിക്കുന്നവര്‍ വരിക, വന്ന് ഈ തെരുവില്‍ ചിന്തിയ രക്തം കാണുക.”
(ഗുല്‍മോഹറില്‍ ചുള്ളിക്കാട് ആലപിച്ച കവിതയിലെ വരികള്‍)