March 9, 2008
തണുത്ത നിഴലുകള്‍ വീണു കിടക്കുന്ന തുരുത്ത്
‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥയുടെ അവസാനവരിയില്‍ കഥാകൃത്തായ പെരിങ്ങോടന് ആഖ്യാനപരമായ ഒരു അട്ടിമറി നടത്തിയിട്ടുണ്ട്. കഥയിലെ ആഖ്യാതാവ് ‘ഞാന്‍’ പ്രവാസത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ നിന്നും അത്രയൊന്നും ഹിതകരമല്ലെന്നു ഏതു വായനക്കാരനും തോന്നാവുന്ന ഭൂതകാലാനുഭവത്തിലേയ്ക്ക് യാത്രയായിട്ട്, ഭാവിയുടെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് പ്രവേശിക്കുന്നത് ‘മരിച്ചു പോയ്’ എന്ന ഒരൊറ്റ അനുപ്രയോഗം കൊണ്ടാണ്. സാധാരണവ്യവഹാരം ക്ലാസ്സിനു പുറത്തു നിര്‍ത്തുന്ന വ്യാകരണ വിരുദ്ധതയാണ് ആ വാക്യത്തിന്റെ കാതല്‍. ‘ഞാന്‍ മരിച്ചു‘ എന്നത് ഒരു സ്വാഭാവികവാക്യമല്ല. അതിനേക്കാള്‍ ശ്രദ്ധേയമായ കാര്യം, മരിച്ചുപോയ വ്യക്തിയായിരുന്നു ഇതുവരെ ആഖ്യാനം നിര്‍വഹിച്ചിരുന്നതെന്ന് വായിക്കുന്നയാള് മനസ്സിലാക്കുന്ന സന്ദര്‍ഭമാണ്. (അതിന് അവസാന വാക്യത്തിലെ അവസാന വാക്കുവരെ നയിച്ചുകൊണ്ടു പോകുന്ന ശില്പഭദ്രതയുണ്ട് ഈ കഥയ്ക്ക്). ഈ യുക്തിഭംഗത്തെ സാഹിത്യനീതിയുമായി തട്ടിച്ചു നോക്കി ശരിവയ്ക്കാന്‍ കഥാകൃത്ത് എന്തു സാധൂകരണമാണ് കഥയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മരിച്ചതിനുശേഷം കഥ പറയുന്ന കഥാപാത്രത്തിന്റെ അസ്തിത്വത്തെ സംശയമില്ലാതെ സ്വീകരിക്കാന്‍ കഴിവുള്ളതാക്കുന്ന പ്രബലഘടകങ്ങള് എന്തൊക്കെയാണീ കഥയില്‍?
സൂക്ഷിച്ചു നോക്കിയാല്‍ പല സങ്കീര്‍ണ്ണതകള്‍ കൂടിക്കുഴയുന്നുണ്ട് ഇവിടെ. മരിച്ചു പോയ്’ എന്നിടത്ത് പ്രകടമായുള്ളത് മരണത്തിന്റെ അനിച്ഛാപൂര്വതയാണ്. ‘രംഗബോധമില്ലാത്ത കോമാളി‘യായാണ് മരണം ഇവിടെയും എത്തുന്നത്. നാടിനെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും തിരിച്ചുപോക്കിനെക്കുറിച്ചും ആലോചനയിലാണ്ടു നടന്നു പോകുന്ന ഒരു മനുഷ്യന്, ഒരു പ്രവാസി, വണ്ടിയിടിച്ചു മരിച്ചുപോകുന്നതില്‍ പ്രതീക്ഷയും വാസ്തവവും തമ്മിലുള്ള സംഘര്‍ഷവും ദുര്‍വാര്യമായ മനുഷ്യവിധിയെ സംബന്ധിച്ചുള്ള ദുരന്തവും നിഹിതമാണ് എന്നു തോന്നാം. ആകസ്മികമായ ഒരു ട്വിസ്റ്റില്‍ കഥയവസാനിപ്പിക്കുക എന്നത് പഴയൊരു ആഖ്യാനതന്ത്രമാണ്. ആശകളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും കൂട്ടിമുട്ടലില്‍ തകരുന്ന മനുഷ്യാവസ്ഥയുടെ ചിത്രീകരണത്തിന് പരിണാമഗുപ്തിയുടെ വൈകാരികമായ മുറുക്കം കൂടി നല്‍കുകയാണ് ജനപ്രിയമായ കഥനരീതിയുടെ ഒരു വഴക്കം. ബാഹ്യതലത്തില്‍ ഈ പറഞ്ഞ രചനാസങ്കേതത്തെയാണ് ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകളും’ പിന്തുടരുന്നത്. എന്നാലിവിടെ ആഖ്യാനരീതി തന്നെ, ധ്വനിപ്രധാനമായ അര്‍ത്ഥോത്പാദന വ്യവസ്ഥയായി പരിണമിക്കുന്നതിന്റെ ഒരു മാതൃകയാവുന്നു. വായനക്കാരന്റെ വൈകാരികതലത്തെ (ഏറെയും സഹാനുഭൂതിപരമായ) ഉണര്‍ത്തി ലയം കൊള്ളിക്കുക എന്ന (ജനപ്രിയ കഥകളുടെ) ലക്ഷ്യം ഈ കഥയ്ക്ക് കുറച്ചേ നിറവേറ്റാനുള്ളൂ. അതിനുള്ള കാരണം കഥയ്ക്കുള്ളിലെ ആന്തര സങ്കീര്‍ണ്ണതകളുടെ പെരുക്കമാണ്. വലിയ ഒരു ദുരന്തം എന്ന നിലയ്ക്കല്ല അയാളുടെ മരണം ഇവിടെ കടന്നു വരുന്നതെന്നു വ്യക്തം. വണ്ടിയ്ക്കടിയില്‍പ്പെട്ട് കോഴിയോ തവളയോ ചതഞ്ഞരയുമ്പോലെ, അത്ര തന്നെ നിസ്സാരവും പരിഹാസദ്യോതകവുമാണ് ആ മരണ പരാമര്‍ശം. ‘മരിച്ചു പോയ്’ എന്ന വാക്കുണ്ടാക്കുന്ന അലയൊലി അതാണ്. ഒപ്പം ശീര്‍ഷകം നിവേദിക്കുന്ന ഗൂഢമായ ഒരു സത്യമുണ്ട്, അത് തിരിച്ചുപോക്കിനുള്ള (പ്രബലമായ) ഒരു സാദ്ധ്യത മരണത്തിലേയ്ക്കാണ് എന്നതാണ്. അപ്പോള്‍ ‘മരിച്ചു’ എന്നതിനു പകരം ‘മരിച്ചുപോയ്’ എന്ന നിസ്സഹായത ധ്വനിപ്പിക്കുന്ന പ്രയോഗം എന്തിനു വേണ്ടിയായിരുന്നു?
കഥയില്‍ തിരഞ്ഞാല്‍ കിട്ടുന്ന അര്‍ത്ഥം ‘തിരിച്ചുപോക്കിനുള്ള നിരവധി വഴികളില്‍‘ ഒന്നായ മരണം മാത്രം പ്രതിരോധങ്ങളെ അത്യന്തികമായി നിര്‍വീര്യമാക്കുന്നു എന്നുള്ളതാണ്. അതാണ് ഒറ്റവാക്കിലെ കാതരമായ നിസ്സഹായതയുടെ പൊരുള്‍. പ്രതീകങ്ങളെ സമര്‍ത്ഥമായി വിന്യസിക്കുന്നതിലൂടെ കഥാകൃത്ത് നല്കുന്ന വിവരം തിരിച്ചു പോകാന്‍ ചില വഴികളല്ലാതെ ‘ഒരിടം’ ഇല്ല എന്നുള്ളതാണ്. കൃത്രിമമായി നിര്‍മ്മിച്ചിട്ടുള്ള തടാകകരയിലെ ജോലി സ്ഥലത്തു നിന്നും അതേ പോലെ തന്നെയുള്ള കൃത്രിമനിര്മ്മിതിയായ തടാകക്കരയിലെ ഫ്ലാറ്റിലേയ്ക്കാണ് അയാളുടെ ദൈനംദിനയാത്രകള്‍. കൊച്ചിയും അതുപോലെ കൃത്രിമമായിക്കൊണ്ടിരിക്കുകയാണെന്ന സൂചന കഥ പ്രകടമായി തന്നെ നല്‍കുന്നുണ്ട്. അങ്ങനെ സ്ഥലപരമായ ഒരു പിന്മടക്കം നിലവിലുള്ള ഏകാന്തതയും മടുപ്പും തന്നെയായിരിക്കും നല്‍കുകയെന്നറിയാന്‍ പ്രത്യേക ആലോചന ആവശ്യമില്ല. പിന്നെ അയാള്‍ പരിഗണനയ്ക്കെടുക്കുന്നത് അനുഭവങ്ങളുടെ ഭൂതകാലമാണ്. കൊച്ചിയില്‍ നിന്ന് ഏതെങ്കിലും ഗ്രാമപ്രദേശത്തേയ്ക്ക് -അതിനു പേരില്ല, അതയാളുടെ സ്വന്തം സൃഷ്ടിയാണ്- ഓടിച്ചെത്താവുന്ന ബൈക്ക് യാത്രയെക്കുറിച്ചുള്ള ചിന്ത അയാളെ ഡെയ്സണിലെത്തിക്കുന്നു, ധൌ റെസ്റ്റോറന്റിലെ മത്സ്യവിഭങ്ങളുടെ പേരുകള്‍, അയാളെ അച്ഛനിലേയ്ക്കും കണ്ടനിലേയ്ക്കും അയ്യപ്പനിലേയ്ക്കും ഒറ്റയ്ക്കൊറ്റയ്ക്കു നില്ക്കുന്ന ഈന്തപ്പനകള്‍, ശിവാനന്ദനിലേയ്ക്കും നയിക്കുന്നു. വര്‍ത്തമാനത്തില്‍ നിന്ന് ഭൂതത്തിലേയ്ക്ക് കൊരുക്കുന്ന ഈ ഓര്‍മ്മകളിലൊന്നും പച്ചപ്പില്ല. ഡെയ്സണ്‍ കൊലപ്പെട്ടു. അച്ഛന്റെയും കണ്ടന്റെയും കാര്യത്തില്‍, ‘ചില തിരിച്ചുപോക്കുകളെ പശിമ വറ്റിയ മണ്ണ് അടക്കം ചെയ്തിരിക്കുകയാണെന്ന‘ പരാമര്‍ശമുണ്ട്. കുന്നുമ്പുറത്തെ മനുഷ്യരെ, കൂടുതല്‍ മനുഷ്യരാക്കാന്‍ സാഹിത്യം പരതുന്ന ശിവാനന്ദന്റെ ഉദ്ദേശ്യങ്ങളോട് മുഖം തിരിച്ചാണ് അയാളുടെ നില്‍പ്പ്. ('ഞാന്‍ വായന നിര്‍ത്തി'). പ്രാഥമിക വികാരങ്ങള്‍ കൊടിക്കുത്തിയിരിക്കുന്ന അക്രമങ്ങളുടേതും വ്യഭിചാരങ്ങളുടേതും മാത്രമായ ഈ ഭൂതകാലത്തിലേയ്ക്കല്ല അയാള്‍ക്കു തിരിച്ചു പോകേണ്ടതെന്നു ഇത്രമേല്‍ വ്യക്തമായിരിക്കേ, കുറ്റബോധത്തിന്റെ അഴുക്കുഭാണ്ഡവുമായി അയാള്‍ക്കു ചെന്നു കയറാന്‍ ഒരിടമേയുള്ളൂ, അതാണ് റോഡ് മുറിച്ചു കടക്കവേ, ഒരു ലാന്ഡ്ക്രൂയിസറുടെ രൂപത്തില്‍ അയാളെ തേടിവന്നത്.
സത്യത്തില്‍ മരണം അയാളുടെ അബോധാഭിലാഷമാണ്. അതു സാക്ഷാത്കാരം നേടിയ ക്രിയാംശമല്ല. യാന്ത്രികവും നിശ്ചലവുമായ കാലിക ജീവിതത്തില്‍ (തടാകങ്ങളുടെ പ്രതീകകല്‍പ്പന മുന്നില്‍ വയ്ക്കുന്നത് ഇക്കാര്യമല്ലേ ) നിന്നും കുറ്റബോധം കുമിയുന്ന ഭൂതകാലത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപാധി മരണമാണെന്ന് (അതു മാത്രമാണെന്ന്) അയാള്‍ക്കറിയാം, അതോടൊപ്പം അത്തരമൊരു ചിന്തയുടെ നേര്‍ക്കുള്ള പരിഹാസവും ചേര്‍ന്നു രൂപപ്പെടുത്തിയതാണ് ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥ. അത് വായിക്കുന്നയാളിന്റെ അബോധവുമായി സന്ധി ചെയ്യത്തക്കവിധം ആഖ്യാനം ഭദ്രമാണ്. ആലോചിച്ചാല്‍ ഇതില്‍ വീണ്ടും വിരോധാഭാസങ്ങളുണ്ട്. ആളുകളെ കഠിനമായി വെറുക്കുന്ന, സഹിക്കാന്‍ വയ്യായ്കയുടെ ഒരംശം അതിലെ കഥാപാത്രത്തിനുണ്ട്. കുനാല്‍ ജെയിന് പണക്കണക്ക് മാത്രം പറയുന്നതുകൊണ്ടാണോ അയാളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ ഇയാള്‍ക്കു തോന്നുന്നത്? ഷാര്‍ജയിലെ ടാക്സിക്കാരെ ഇയാള്‍ക്ക് ഇഷ്ടമല്ല. ജോഗിങ് ട്രാക്കില്‍ ഓടുന്ന മനുഷ്യരെ ആരെയും അയാള്‍ തിരിച്ചറിയാറില്ല. അതിഭീകരമായ ഉള്‍വലിയലിന്റെ പ്രകടനപത്രികയായി വേണം ഈ സാന്ദര്‍ഭിക പരാമര്‍ശങ്ങളെ വായിക്കാന്‍. വിനിമയങ്ങളില്‍ പരാജിതരായ എഴുത്തുകാരെക്കുറിച്ചും അവരെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തതിനെക്കുറിച്ചും വാചാലനാവുന്ന കഥാപാത്രം, സ്വയം വെളിവാക്കുകതന്നെയാണെന്നു നാം തിരിച്ചറിയുന്നിടത്താണ് തണുത്ത നിഴലുകളുടെ തുരുത്ത് വെളിപ്പെടുന്നത്. തികച്ചും അബോധപൂര്‍വം കഥയുടെ തുടക്കത്തില്‍ രണ്ടിടത്ത് ‘തിരിച്ചു വരവ്’ എന്നാണ് കഥാകൃത്ത് പ്രയോഗിക്കുന്നത്. താന്‍ നില്ക്കുന്നിടത്തേയ്ക്ക് അല്ലെങ്കില്‍ എങ്ങോട്ടാണ് തിരിച്ചു വരേണ്ടത്? സാമൂഹികമായ സംവേദനങ്ങളെ റദ്ദാക്കിക്കൊണ്ട് തുരുത്തുപോലെ എകാകിയായി, മരണതുല്യമായ അവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ പൊറുതിയില്ലായ്മയെയാണ് നാം ‘തിരിച്ചുപോക്കായി‘ വായിച്ചത് എന്നര്‍ത്ഥം. ഇവിടെ നിന്ന് അല്പം ദൂരം മാത്രമെയുള്ളൂ ‘ഇരട്ടക്കൊലപാതകം’ എന്ന കഥയിലേയ്ക്ക്. അത് മറ്റൊരിക്കല്‍.
Labels:
സാഹിത്യം
Subscribe to:
Post Comments (Atom)
12 comments:
ഈ വായനയ്ക്ക് വളരെ നന്ദി വെള്ളെഴുത്തേ.
എവിടെയൊക്കെയോ അബോധപരമായി ചുറ്റിപ്പിണച്ചിലുകള് അവശേഷിപ്പിച്ച ഒരു കഥയുടെ ഉള്ളറകളിലേക്ക് ഒരിറ്റു വെളിച്ചം വീഴിച്ചതിന്.
പെരിങ്ങോടന് ഗോസ്സിനെപ്പോലെയാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാറില്ല. ആരെങ്കിലും ഇങ്ങനെ വ്യാഖ്യാനിച്ചു വേണം പിടിവള്ളികള്‍ താഴ്ന്നു വരാന്‍.
nalla vaayana vellezhuthe..
rajeesh paranja poley - katha vayichappo ithrayum onnum aalochichilla.. veruthe vayichu poyathe ollu.
എങ്ങിനെ കഥ വായിക്കാം എന്നാണ് ഞാനീ പോസ്റ്റ് വായിച്ച് മനസ്സിലാക്കിയത്. ഒരു വാക്ക് പോലും എത്ര സൂക്ഷ്മമായി കഥയുടെ ആഖ്യാനത്തെ കഥയിലെ കഥയെ വെളിപ്പെടുത്തുന്നു. കഥയുടെ ജീവന് പെട്ടെന്ന് ആ വാക്കായതുപോലെ.
അത് പറഞ്ഞ് തരാന്‍ വെള്ളെഴുത്തിനെപ്പോലെ ഒരാള്‍ വേണ്ടി വന്നു എന്നുള്ളത് എന്നെ ലജ്ജിപ്പിക്കുന്നു. കഥ വായിക്കാന്‍ ആദ്യം പഠിക്കേണ്ടിയിരിക്കുന്നു!
അത് പറഞ്ഞ് തരാന്‍ വെള്ളെഴുത്തിനെപ്പോലെ ഒരാള്‍ വേണ്ടി വന്നു എന്നുള്ളത് എന്നെ ലജ്ജിപ്പിക്കുന്നു. !
ഞാനത്ര മോശമോ ഇഞ്ചീ, വാക്കിന്റെ കളിയാണല്ലോ പ്രശ്നം.. അടിവരയിട്ടതു ഒന്നുകൂടി വായിച്ചു നോക്കിയേ...എന്റെ വാഗ്വീശ്വരന്മാരേ....!!
പോട്ടെ വെള്ളെഴുത്തേ, കമന്റെഴുതിയപ്പോള്‍ അത്രയ്ക്കൊന്നും ആലോചിച്ചു കാണില്ല. പാവം!!!
ദൈവമേ.. ഇപ്പോ എവടെ പോയാലും ഇഞ്ചികടിയാണല്ലോ.. ഇഞ്ചിയ്ക്കിത്ര വെല കൊറഞ്ഞ്വോ....?!
ഈ കഥ പ്രത്യേകിച്ചും അവസാനത്തെ വരി വായിച്ചുകഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു മനോവികാരം ഉണ്ട്. അതെങ്ങനെയൊന്ന് പ്രകടിപ്പിയ്ക്കണം എന്നറിയാതെ ശരിയ്ക്കും കുഴങ്ങി, അവിടെ ആറ്റുനോാറ്റൊരു കമന്റിടാന്‍ നോക്കുമ്പോള്‍! എന്നിട്ട് എന്തോ ഒന്നെഴിതിവെച്ചു കഴിഞ്ഞപ്പോള്‍ വേണ്ടീരുന്നില്ലായെന്നും തോന്നി. :)
രാജിന്റെ എഴുത്തിലെ ചില വാചകങ്ങള്‍, അതിന്റെ ഘടനയ്ക്ക് ഉള്ളില്‍ ഉണര്‍ത്താനാവുന്ന ഒരു മനോവികാരം ഉണ്ടെന്നു തോന്നാറുന്ട്. ഉള്ളിലെ അതുപോലെ തന്നെയുള്ള ഏതോ ഒരു തോന്നലുമായി ബന്ധപ്പെടുത്തുന്ന പോലെ, അവ്യക്തമായ എന്ന്തോ ഒന്ന്.
ചില വാചകങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ തോന്നും, ചില വാചകങ്ങള്‍ക്ക്, വായിച്ചുകൊണ്ടിരിയ്ക്കുമ്പോഴല്ലാതെ, അത് മുഴുമിപ്പിയ്ക്കുമ്പോള് മാത്രം കിട്ടുന്ന ഒരു ഫീല്‍ ഉണ്ട്. അത് ദിവസങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ട്. പേരില്ലാത്തെ ഒരു ഫീല്‍ ആയി.
ഈ വായന എനിയ്ക്കു വളരെയധികം സന്തോഷം തന്നു. ഉള്ളിലെ തന്നെ എന്തിനെയൊക്കെയോ വാക്കുകളിലായി കണ്ടെടുത്ത ഒരു പ്രതീതി, ആഹ്ലാദം.
>>ഞാനത്ര മോശമോ ഇഞ്ചീ, വാക്കിന്റെ >>കളിയാണല്ലോ പ്രശ്നം
ഹഹ! :) എനിക്ക് ബുദ്ധിയുണ്ടായില്ലല്ലോ എന്ന് പരിതപിച്ചതാണ്. ഇങ്ങിനെ സെന്റി ആവല്ലേ :)
കഥയെക്കാള്‍ വളര്‍ന്ന വിലയിരുത്തല്‍..
ഞാന്‍ ബ്ലോഗില്‍ എത്തിയതില്‍ പിന്നെ രാജിന്റേതായി വന്നതില്‍ വായിച്ച് കൂടെയെത്താനാകാതെ പോയ രണ്ടുകഥകളില്‍ ഒന്നാണിത്. (മറ്റേത് അവസ്ഥാന്തരങ്ങള്‍ എന്നോ മറ്റോഒരെണ്ണം. ഒരു സറിയലിസ്റ്റിക് പെയിന്റിംഗ് പോലെ സുന്ദരമായിരുന്നു അത്. എല്ലാ നിറക്കൂട്ടുകളും തിരിഞ്ഞില്ലെങ്കിലും ആസ്വദിക്കാവുന്ന ഒന്ന്).
കഥ മാഷ് വായിച്ച വഴിയിലെവിടെയോ ആണ് സഞ്ചരിക്കുന്നതെന്ന് അത്ര വ്യക്തമല്ലാത്ത ഒരു ധാരണ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇന്നീ കുറിപ്പ് വന്നതിനുശേഷം കഥ വീണ്ടും വായിച്ചു. കൂടുതല്‍ വ്യക്തമാകുന്നുണ്ട്. സ്ട്രാറ്റെജി ക്ലിയര്‍ ആണെങ്കില്‍ കാണണ്ടതൊക്കെ കാണുമല്ലോ. :)
വെള്ളെഴുത്ത് വേണ്ടിവന്നു എന്നു തന്നെയാണ് എന്റെയും കമന്റ്. ;)
ഇത് വായിച്ചിട്ട് രാജിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
"അറിഞ്ഞില്ല്യ ഉണ്ണീ...അറിഞ്ഞില്ല്യ"
വെള്ളെഴുത്തിന്റെ ഈ പഠനം വായിച്ചതിനുശേഷം ഞാന്‍ രാജിന്റെ കഥവായിച്ചുനോക്കി. കഥയെപ്പോലെ നല്ല അവലോകനം!
Post a Comment