അഫ്സൽ ഗുരുവുമായി പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് കെ ജോസ് ജയിലിനുള്ളിൽ വെച്ച് നടത്തിയ അഭിമുഖം.
മനുഷ്യാവകാശ പ്രവർത്തകരുടെ വ്യാപക പ്രതിഷേധത്തിനിടയിലും തെളിവുകളുടെ അഭാവത്തിലും ‘ പൊതുതാൽപര്യ’ പ്രകാരം ഭരണകൂടം അഫ്സൽ ഗുരുവിനെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു.
തുരുമ്പിച്ച മേശയുടെ അരികില്‍ കൈയില്‍ ഒരു സ്പൂണുമായി നില്ക്കുന്ന യൂണിഫോം ധരിച്ച തടിച്ച മനുഷ്യന്റെ മുന്നില്‍ സന്ദര്‍ശകര്‍ ആഹാരപ്പൊതികള്‍ തുറന്നു വച്ചുകൊണ്ട് ക്ഷമയോടെ കാത്തു. അയാള്‍ക്ക് പ്ലാസ്റ്റിക് കവറില്‍ മുഖം പൂഴ്ത്തി മണത്തു നോക്കാം, വേണമെങ്കില്‍ സ്പൂണില്‍ കോരിയെടുത്ത് രുചിക്കാം. അവര്‍ക്കിതെല്ലാം പരിചിതമായതു പോലെ. മലായ് കോഫ്ത്ത, ഷാഹി പനീര്‍, ആലു ബന്‍ഗന്‍, മിക്സെഡ് വെജിറ്റബിള്‍…സുരക്ഷാഭടന്റെ കൈയിലെ സ്പൂണ്‍, എണ്ണപ്പാട പറ്റിയ കറിക്കഷ്ണങ്ങളെ ഓരോന്നിനെയും ചികഞ്ഞു. ഓരോ പരിശോധനയ്ക്കും ശേഷം സ്പൂണ്‍ തൊട്ടടുത്തു വച്ചിട്ടുള്ള ഒരു പാത്രം വെള്ളത്തില്‍ യാന്ത്രികമായി മുങ്ങും. അതങ്ങനെ വിവിധ നിറങ്ങളുടെ കൊളാഷായി. ഏതാണ്ട് 4.30 ആയപ്പോഴാണ് എന്റെ ഊഴമെത്തിയത്. കരണ്ടി മേശപ്പുറത്തു വച്ച് അയാള്‍ എന്നെ അടിമുടി നോക്കി. പലപ്രാവശ്യം. മെറ്റല്‍ ഡിറ്റക്ടര്‍ ശബ്ദമുണ്ടാക്കിയതു കാരണം ബെല്‍റ്റും താക്കോല്‍ കൂട്ടങ്ങളും വാച്ചും ഊരി മേശപ്പുറത്തു വയ്ക്കേണ്ടി വന്നു. തമിഴ്നാട് സ്പെഷ്യല്‍ പോലീസെന്ന (TSP) ബാഡ്ജു ധരിച്ചിട്ടുള്ള മനുഷ്യന് സംതൃപ്തനായി. ഇനിയെനിക്ക് അകത്തേയ്ക്കു പോകാം. തിഹാര്‍ സെന്‍ട്രല്‍ ജയിലിലെ പ്രിസണ്‍ നമ്പര്‍ 3-ല്‍ ‘വളരെ അപകടകാരികളായ തടവുകാരെ‘ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കാന്‍ വേണ്ടിയുള്ള നാലാമത്തെ സുരക്ഷാ പരിശോധനയാണിപ്പോള്‍ കഴിഞ്ഞത്.
ഇനി എനിക്ക് മുഹമ്മദ് അഫ്സലിനെ കാണാം.
കട്ടിയുള്ള ഗ്ലാസ്സുകളും ഇരുമ്പഴികളും കൊണ്ടു നിരവധി ചെറിയ അറകളായി തിരിച്ചിട്ടുള്ള മുറി. തടവുകാരനും സന്ദര്‍ശകനും തമ്മില്‍ സംസാരിക്കാന്‍ ഒരു ചെറിയ മൈക്രോഫോണുണ്ട്. സ്പീക്കറും ചുവരില്‍ പതിച്ചു വച്ചിട്ടുണ്ട്. പക്ഷേ പ്രയോജനമില്ല. കാതുകള്‍ ചുവരില്‍ ചേര്‍ത്തു വയ്ക്കേണ്ടി വരും മറ്റേ അറ്റത്തുള്ളയാള് പറയുന്നതെന്താണെന്ന് ഒരുമാതിരിയെങ്കിലും പിടികിട്ടാന്‍. ഞാന്‍ ചെല്ലുമ്പോള്‍ തന്നെ അഫ്സല്, ഗ്ലാസുകൊണ്ടു തിരിച്ച അറയ്ക്കുള്ളില്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശാന്തവും ഗംഭീരവുമായ മുഖം. അധികം ഉയരമില്ലാതെ മുപ്പതുകളുടെ മദ്ധ്യത്തിലുള്ള ഒരു മനുഷ്യന്. പൈജാമയും കുര്‍ത്തയുമാണ് വേഷം. റെയ്നോള്‍ഡിന്റെ ഒരു പേന പോക്കറ്റില്‍ കുത്തി വച്ചിട്ടുണ്ട്. വളരെ ഹൃദ്യമായി തെളിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം എനിക്ക് സ്വാഗതം പറഞ്ഞു.
‘സുഖമാണോ സാര്‍?’
എനിക്കു സുഖമാണ്. പക്ഷേ അതേ ചോദ്യം എനിക്കങ്ങോട്ട് ചോദിക്കാന്‍ കഴിയുമോ? അതും വധശിക്ഷ കാത്തുകഴിയുന്ന ഒരാളോട്? ഒരു നിമിഷം കടന്നുപോയി. എന്നിട്ടും ഞാനതു ചോദിച്ചു.
‘സുഖമാണ് സാര്‍’ അദ്ദേഹം പറഞ്ഞു. ‘നന്ദി‘.
ഒരുമണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. രണ്ടാഴ്ചകള്‍ക്കു ശേഷം ഒരു സന്ദര്‍ശനം കൂടിയുണ്ടായി. പറയാനും ചോദിക്കാനുമുള്ളതെല്ലാം നിശ്ചിതമായ സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ രണ്ടാളും വല്ലാതെ പ്രയാസപ്പെട്ടു. എന്റെ ചെറിയ പോക്കറ്റ് നോട്ട്ബുക്കില്‍ ഞാന്‍ തിരക്കുപിടിച്ച് കാര്യങ്ങള്‍ കുറിച്ചെടുത്തുകൊണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തോട് വിളിച്ചു പറയാനുള്ള ഒരാളായിട്ടാണ് എനിക്ക് അഫ്സലിനെ അനുഭവപ്പെട്ടത്. ‘ജീവപര്യന്തം’ ശിക്ഷിക്കപ്പെട്ട തന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളിലേയ്ക്കെത്താനുള്ള നിസ്സഹായത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടിരുന്നു, അഭിമുഖത്തിലുടനീളം.
ഒരുപാട് വൈരുദ്ധ്യങ്ങളുള്ള പ്രതിരൂപങ്ങളുണ്ട് അഫ്സലിന്. അവയിലേതു അഫ്സലുമായാണ് ഞാനിപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്?
“എന്നെ സംബന്ധിച്ചിടത്തോളം ആകെ ഒരു അഫ്സലേയുള്ളൂ. അതാണീ ഞാന്‍. ആരാണ് മറ്റേ അഫ്സല്?“
ഒരു നിമിഷത്തെ മൌനം.
ഊര്‍ജ്ജസ്വലനും ബുദ്ധിമാനും ആദര്‍ശവാദിയുമായ യുവാവിന്റേതായ ഭൂതകാലം അഫ്സലിനുണ്ടായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കാശ്മീര്‍ താഴ്വരയിലെ ഏതൊരു യുവത്വത്തെയും പോലെ രാഷ്ട്രീയത്താല്‍ സ്വാധീനിക്കപ്പെടുകയും JKLF-ല്‍ അംഗമായി അധിനിവേശകാശ്മീരിലേയ്ക്ക് പരിശീലനത്തിനു പോകുകയും ചെയ്ത അഫ്സല്. പക്ഷേ വളരെ പെട്ടെന്ന് മായക്കാഴ്ചകളൊടുങ്ങി. തിരിച്ചു വന്നു സാധാരണജീവിതം നയിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. സുരക്ഷാസേന നോട്ടമിട്ടിരുന്നതിനാല്‍ കൂടെക്കൂടെ അവര്‍ കസ്റ്റഡിയിലെടുത്തു. അതിഭീകരമായി മര്‍ദ്ദിച്ചു. ഷോക്കേല്‍പ്പിച്ചു. തണുത്തവെള്ളത്തിലിട്ട് മരവിപ്പിച്ചു. പെട്രോളില്‍ കുളിപ്പിച്ചു. മുളകുപൊടി കേറ്റി പുകപ്പിച്ചു. എല്ലാത്തിനും പുറമേ ഒരു കള്ളക്കേസു് തലയില്‍ കെട്ടിവയ്ക്കുകയും ചെയ്തു. വാദിക്കാന്‍ വക്കീലില്ല. നല്ലൊരു വിചാരണ കൂടിയില്ല. അവസാനം ഇതാ മരണശിക്ഷ വിധിച്ചിരിക്കുന്നു. പോലീസുകാര്‍ അവതരിപ്പിച്ച കള്ളങ്ങള്‍ക്ക് നല്ല
പ്രചരണം നല്കാന് മീഡിയകള്‍ മത്സരിച്ചു. അതാണ് സുപ്രീം കോടതി പരാമര്‍ശിച്ച ‘ രാഷ്ട്രത്തിന്റെ സാമൂഹിക മനസ്സാക്ഷി’യെ നിര്‍മ്മിച്ചത്.
“അങ്ങനെ ഞാന്‍ മരണ ശിക്ഷ വരിക്കേണ്ടവനായി. ആ അഫ്സലുമായാണ് നിങ്ങള്‍ സംസാരിക്കുന്നത്.“ കുറച്ചു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം തുടര്‍ന്നു.
“പുറത്തെ ലോകത്തിന് ഈ അഫ്സലിനെപ്പറ്റി എന്തെങ്കിലും അറിയാമോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഞാന്‍ താങ്കളോട് ചോദിക്കുകയാണ്.. എന്റെ ഭാഗം പറയാന്‍ എനിക്ക് അവസരം ലഭിച്ചോ? നീതി നടപ്പായി എന്ന കാര്യത്തില്‍ ഉറപ്പുണ്ടോ? വക്കീലിനെ നല്‍കാതെ, ഒരു മനുഷ്യനെതിരെ കേസു നടത്തി നിങ്ങള്‍ തൂക്കിക്കൊല്ലുമോ? വിചാരണയില്ലാതെ? ജീവിതത്തില്‍ അയാള്‍ എന്താണ് അനുഭവിച്ചതെന്നും സഹിച്ചതെന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ? ഇതൊന്നുമല്ല ജനാധിപത്യം. അല്ലേ?“
താങ്കളുടെ ജീവിതത്തില്‍ നിന്നു തന്നെ തുടങ്ങാം. ഈ കേസിനു മുന്‍പുള്ള ജീവിതം.
“കാശ്മീരാകെ ഇളക്കിമറിയുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് ഞാന്‍ വളര്‍ന്നു വന്നത്. മക്ബല് ഭട്ടിനെ തൂക്കിക്കൊന്നു. സാഹചര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി നിന്നു. കാശ്മീര്‍ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം വേണമെന്ന കാഴ്ചപ്പാടോടെ തന്നെ ജനങ്ങള്‍ ഒരിക്കല്‍ കൂടി തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. കാശ്മീരി മുസ്ലീങ്ങളുടെ വികാരത്തെ പ്രതിനിധീകരിക്കാന്‍ മുസ്ലീം യുണൈറ്റെഡ് ഫ്രെണ്ട് (MUF) കാശ്മീര്‍ പ്രശ്നത്തിന്റെ ശാശ്വതപരിഹാരം വേണമെന്ന നിശ്ചയത്തോടെ രൂപീകൃതമായി. എന്നാല്‍ MUF-ന്റെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തില്‍ ഡെല്‍ഹിയിലെ ഭരണകൂടത്തിന് വിറളിപിടിച്ചു. അതിന്റെ ഫലമായാണ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി തന്നെ കള്ളത്തരങ്ങള്‍ അരങ്ങേറിയത്. വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടു. അപമാനിക്കപ്പെട്ടു. അഴികള്‍ക്കുള്ളിലായി. അതിനുശേഷം മാത്രമാണ് ആയുധമെടുക്കാന്‍ നേതാക്കള്‍ വിളിച്ചു പറഞ്ഞത്. ആയിരക്കണക്കിനു യുവാക്കള്‍ സായുധലഹളയ്ക്ക് തയ്യാറായി മുന്നോട്ടു വന്നു. ശ്രീനഗറിലെ ഝലംവാലീ മെഡിക്കല്‍ കോളേജിലെ MBBS പഠനമുപേക്ഷിച്ചാണ് ഞാനും അവരോടൊപ്പം ചേര്‍ന്നത്. JKLF- അംഗമായി ഞാന്‍ കാശ്മീരിന്റെ മറ്റേ വശത്തേയ്ക്കു പോയി. എന്നാല്‍ പാകിസ്താനി രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പോലെ തന്നെയാണ് കാശ്മീരികളെ കൈകാര്യം ചെയ്യുന്നതെന്നു മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കുറച്ച് ആഴ്ചകള്‍ക്കു ശേഷം ഞാന്‍ തിരിച്ചു പോന്നു. സുരക്ഷാ സേനയ്ക്കു മുന്‍പാകെ കീഴടങ്ങി. താങ്കള്‍ക്കറിയാമോ.. കീഴടങ്ങിയ തീവ്രവാദിയാണെന്നു കാണിച്ച് BSF നല്കിയ ഒരു സര്‍ട്ടിഫിക്കറ്റു പോലുമുണ്ടെനിക്ക്. ഒരു പുതിയ ജീവിതമാണ് ഞാന്‍ തുടങ്ങിയത്. ഡോക്ടറാകാന്‍ എനിക്കു കഴിഞ്ഞില്ല. എന്നാല്‍ കമ്മീഷന് വ്യവസ്ഥയില്‍ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വില്‍ക്കുന്ന കച്ചവടക്കാരനായി.“
(ചിരിക്കുന്നു)
“കുറഞ്ഞ വരുമാനം വച്ച് ഞാനൊരു സ്കൂട്ടര്‍ വാങ്ങി. വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ ‘രാഷ്ട്രീയ റൈഫിളുകാരെയോ STF ഭടന്മാരെയോ ഭയപ്പെടാതെ കഴിഞ്ഞ ഒരു ദിവസം പോലും പിന്നീട് ജീവിതത്തിലുണ്ടായിട്ടില്ല. കാശ്മീരിലെവിടെ തീവ്രവാദി ആക്രമണമുണ്ടായാലും പട്ടാളക്കാര്‍ സാധാരണ മനുഷ്യരെ ദ്രോഹിക്കും. ഒരിക്കല്‍ കീഴടങ്ങിയ എന്നെ പോലുള്ളവരുടെ സ്ഥിതി അതിലും കഷ്ടമായിരുന്നു. അനേകം ആഴ്ചകള്‍ അവര്‍ ഞങ്ങളെ പിടിച്ചുവയ്ക്കും, കള്ളക്കേസുകള്‍ ഉണ്ടാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. ഭീമമായ സംഖ്യ കൈക്കൂലി കൊടുത്തല് മാത്രം താത്കാലികമായി പോകാന്‍ അനുവദിക്കും. പലപ്രാവശ്യം എനിക്കീ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
രാഷ്ട്രീയ റൈഫിള്‍ 22-ലെ മേജര്‍ റാം മോഹന്‍ റോയ് എന്റെ ഗുഹ്യഭാഗത്ത് ഷോക്കേല്‍പ്പിച്ചിട്ടുണ്ട്. അവരുടെ ടോയ്ലെറ്റ് കഴുകിക്കുകയും ക്യാമ്പ് വൃത്തിയാക്കിക്കുകയും ചെയ്യിച്ചിട്ടുണ്ട്. സുരക്ഷാഭടന്മാര്ക്ക് കൈക്കൂലി കൊടുത്താണ് ഒരിക്കല്‍ ഞാന്‍ ഹംഹമാ പീഡനക്യാമ്പില്‍ നിന്നു രക്ഷപ്പെട്ടത്. DSP വിനയ് ഗുപ്തയും DSP ദേവിന്ദര്‍ സിംഗുമാണ് മര്‍ദ്ദനമുറകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പീഡനമുറകള്‍ നടപ്പാക്കുന്നതില്‍ അതിവിദഗ്ദനായ ഇന്‍സ്പെക്ടര്‍ ശാന്തി സിംഗ് മൂന്നുമണിക്കൂറാണ് എന്നെ തുടര്‍ച്ചയായി ഷോക്കേല്‍പ്പിച്ചത്. അതും കൈക്കൂലിയായി ഒരു ലക്ഷം രൂപ നല്‍കാം എന്നു സമ്മതിക്കാന്‍ വേണ്ടി മാത്രം. ഭാര്യ സ്വന്തം ആഭരണങ്ങളെല്ലാം വിറ്റു. പോരാത്ത പണമുണ്ടാക്കാന്‍ എന്റെ സ്കൂട്ടര്‍ വിറ്റു. ആ ക്യാമ്പില്‍ നിന്നു പുറത്തു വരുമ്പോള്‍ സാമ്പത്തികമായും മാനസികമായും ഞാന്‍ തകര്‍ന്നു പോയിരുന്നു. ആറുമാസക്കാലത്തേയ്ക്ക് എനിക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് എന്റെ ശരീരം നുറുങ്ങിപ്പോയിരുന്നു. ലിംഗത്തില്‍ വൈദ്യുതിയേല്പ്പിച്ചിരുന്നതു കാരണം ഭാര്യയുമായി കിടക്കപങ്കിടാന്‍ പോലുമാകുമായിരുന്നില്ല. അനേകം നാള് മരുന്നു കഴിക്കേണ്ടി വന്നു സാധാരണ നിലയിലെത്താന്‍.“
അസ്വസ്ഥകരമായ ഒരു തരം ശാന്തതയോടെയാണ് അഫ്സല് താന്‍ നേരിട്ട മര്‍ദ്ദനങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചത്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ അയാള്‍ക്ക് എന്നോട് പറയാനുണ്ടെന്നു തോന്നി. എന്റെയും കൂടി നികുതിപ്പണത്താല്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാസേനയുടെ ഭീതിദമായ കാട്ടിക്കൂട്ടലുകള്‍ കേട്ടിരിക്കാന്‍ കഴിയുന്നതിനപ്പുറമാണ്.
“നമുക്ക് കുറ്റാരോപിതമായ പ്രശ്നത്തിലേയ്ക്കു വരാം. പാര്‍ലമെന്റ് ആക്രമണത്തിലേയ്ക്ക് നയിച്ച സംഭവങ്ങളെന്തെല്ലാമായിരുന്നു?”
“STF ക്യാമ്പുകളില്‍ ഞാന്‍ അനുഭവിച്ച പാഠങ്ങള്‍ക്കു ശേഷം, STF-കാരുമായി സഹകരിച്ചാലും ഇല്ലെങ്കിലും ഞാനും എന്റെ കുടുംബവും തുടര്‍ച്ചയായ ഉപദ്രവങ്ങള്‍ക്കിരയാവും എന്നറിയാവുന്നതു കൊണ്ട് DSP ദേവിന്ദര്‍ സിംഗ് ഒരു ചെറിയ ജോലി അയാള്‍ക്കു വേണ്ടി ചെയ്യാന്‍ പറഞ്ഞപ്പോള്‍ – അങ്ങനെയാണ് അയാള്‍ പറഞ്ഞത് -‘ഒരു ചെറിയ ജോലി’- അതു ചെയ്തുകൊടുക്കാതെ മറ്റു മാര്‍ഗമൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല. ഒരാളെ ഡെല്ഹിയിലെത്തിക്കണം. അവിടെ അയാള്‍ക്കായി ഞാനൊരു വാടക വീട് കണ്ടെത്തണം. ഇതാണ് ജോലി. ഇതിനു മുന്‍പ് അയാളെ കണ്ടിട്ടില്ല. കാശ്മീരി സംസാരിക്കാത്തതു കൊണ്ട് പുറത്തുള്ള ആളായിരിക്കും എന്നു ഞാന്‍ സംശയിച്ചു. മുഹമ്മദ് എന്നാണ് പേരു പറഞ്ഞത്. (5 തോക്കുധാരികളുമായി പാര്‍ലമെന്റ് ആക്രമിച്ച മുഹമ്മദിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിനിടയില്‍ എല്ലാവരും സുരക്ഷാസൈനികരുടെ വെടിയേറ്റു മരിച്ചു.) ഞങ്ങള്‍ ഡെല്ഹിയിലായിരുന്നപ്പോള് എനിക്കും മുഹമ്മദിനും ദേവീന്ദര്‍ സിംഗിന്റെ ഫോണുകള്‍ വരുമായിരുന്നു. മുഹമ്മദ് ധാരാളം ആളുകളെ ഡെല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്ന കാര്യവും എനിക്കറിയാം. ഒരു കാറു വാങ്ങിച്ചതിനു ശേഷം എനിക്കിനി നാട്ടിലേയ്ക്ക് പോകാമെന്ന് അയാള്‍ പറഞ്ഞു. സമ്മാനം എന്ന നിലയ്ക്ക് 35000 രൂപയും അയാള്‍ തന്നു. ഈദ് സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഞാന്‍ കാശ്മീരിലേയ്ക്കു പോന്നു.
ശ്രീനഗറില്‍ നിന്ന് സൊപോറോയിലേയ്ക്ക് പോകാന്‍ ബസ്സു കാത്തു നില്‍ക്കുമ്പോഴാണ് എന്നെ അറസ്റ്റു ചെയ്ത് പാരിമ്പോറാ പോലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടു പോയത്. കഠിനമായി ഉപദ്രവിച്ചു. നേരെ STF -ന്റെ മുഖ്യ കാര്യാലയത്തില്‍ കൊണ്ടുവന്നു. അവിടെ നിന്ന് ഡെല്ഹിലേയ്ക്കും. ഡെല്‍ഹി പോലീസിലെ പ്രത്യേകവിഭാഗത്തിന്റെ പീഡനമുറിയില്‍ വച്ച് മുഹമ്മദിനെപ്പറ്റി എനിക്കറിയാവുന്നതെല്ലാം ഞാന്‍ പറഞ്ഞു. എന്റെ കസിന് ഷൌക്കത്തും അവന്റെ ഭാര്യ നവ്ജോതും എസ് എ ആര് ഗീലാനിയും ഞാനുമാണ് പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലുള്ളത് എന്നു ഞാന്‍ പറയണം. അതാണ് അവരുടെ ആവശ്യം. മാദ്ധ്യമങ്ങള്‍ക്ക് വിശ്വാസം വരുന്ന രീതിയില്‍ ഞാനിത് അവതരിപ്പിക്കണം. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. പക്ഷേ എനിക്കു ഗത്യന്തരമൊന്നുമുണ്ടായിരുന്നില്ല. എന്റെ കുടുംബം അവരുടെ കസ്റ്റഡിയിലാണെന്നും അവരെ മുഴുവന്‍ കൊല്ലുമെന്നുമായിരുന്നു പോലീസിന്റെ ഭീഷണി. ധാരാളം വെള്ളപ്പേപ്പറുകളില്‍ ഞാന്‍ ഒപ്പിട്ടു കൊടുത്തു. ആക്രമണത്തിന്റെ ഉത്തരവാദി ഞാനാണെന്ന പോലീസു പറഞ്ഞു തന്ന വാചകങ്ങള്‍ മീഡിയകള്‍ക്കു മുന്നില്‍ ആവര്‍ത്തിക്കേണ്ടി വന്നു. ഒരു പത്രപ്രവര്ത്തകന് ഗീലാനിയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നിരപരാധിയാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എ സി പി രജ്ബീര്‍ സിംഗ്, പോലീസ് പറഞ്ഞു പഠിപ്പിച്ചതില്‍ നിന്നു മാറ്റി പറഞ്ഞതിന് എല്ലാവരുടെയും മുന്നില്‍ വച്ച് എന്നെ ഉച്ചത്തില്‍ ശകാരിച്ചു. അവര്‍ പറഞ്ഞു വച്ച കഥ ഞാന്‍ മാറ്റിയതില്‍ വല്ലാതെ അസ്വസ്ഥരായിരുന്നു പോലീസുകാര്‍. ഗീലാനിയുടെ നിരപരാധിത്വത്തെപ്പറ്റി ഞാന്‍ പറയുന്ന ഭാഗം പ്രക്ഷേപണം ചെയ്യരുതെന്ന് രജ്ബീര്‍ സിംഗ് പത്രപ്രവര്‍ത്തകരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു.“
“അടുത്തദിവസം ഭാര്യമായി സംസാരിക്കാന്‍ രജ്ബീര്‍ സിംഗ് എന്നെ അനുവദിച്ചു. ഫോണില്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ എനിക്കവരെ ജീവനോടെ കാണണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ സഹകരിച്ചേ മതിയാവൂ എന്ന് എന്നെ താക്കീതു ചെയ്തു. കെട്ടിവച്ച കുറ്റാരോപണങ്ങളെല്ലാം സമ്മതിക്കുകയല്ലാതെ വേറെ വഴിയില്ല എനിക്ക് എന്റെ കുടുംബം ജീവനോടെയിരുന്നു കാണാന്‍. പ്രത്യേക സെല്ലിലെ ഉദ്യോഗസ്ഥന്മാര്, കുറച്ചുകാലം കഴിഞ്ഞ് എനിക്കു പുറത്തിറങ്ങാവുന്ന വിധത്തില്‍ എന്റെ കേസ് ദുര്‍ബലമാക്കി തീര്‍ക്കാം എന്ന് ഉറപ്പു നല്‍കിയിരുന്നു. അതിനുശേഷമാണ് എന്നെ പലസ്ഥലത്തും കൊണ്ടു പോയത്. മുഹമ്മദ് പലസാധനങ്ങളും വാങ്ങിയ ചന്ത അവരെനിക്കു കാണിച്ചു തന്നു. അങ്ങനെയവര്‍ കേസിനു വേണ്ട തെളിവുണ്ടാക്കി.“
“പാര്‍ലമെന്റ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകന്‍ ആര് എന്ന് അന്വേഷിച്ചു കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന പോലീസുകാര്‍ എന്നെ ഒരു മറയാക്കുകയാണ് ഉണ്ടായത്, സ്വന്തം പരാജയം മറച്ചു വയ്ക്കാന്‍. അവര്‍ ജനങ്ങളെ വിഡ്ഢികളാക്കി. പാര്‍ലമെന്റ് ആക്രമണം ആരുടെ ആശയമാണെന്ന് ജനങ്ങള്‍ക്കിപ്പോഴും അറിയില്ല. കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സു് ആസൂത്രണം ചെയ്യുകയും ഡെല്ഹിപോലീസിലെ സ്പെഷ്യല്‍ സെല്‍ നടപ്പാക്കിക്കൊടുക്കുകയും ചെയ്ത കേസില്‍ എന്നെ വലിച്ചിഴച്ചുകൊണ്ടുവന്നിട്ടതാണ്. മാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചിത്രങ്ങള്‍ കാണിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. എനിക്കു മരണശിക്ഷയും.“
താങ്കള്‍ക്ക് നിയമസഹായം തേടാമായിരുന്നില്ലേ?
“ആരോടാണ് ഞാന്‍ ചോദിക്കേണ്ടത്? വിചാരണ നടന്ന ആറുമാസം കുടുംബത്തെപോലും കാണാന്‍ എന്നെ അനുവദിച്ചില്ല. പട്യാല കോടതിയില്‍ ആകെ കുറച്ചു സമയമാണ് പിന്നീട് അവരെ കണ്ടത്. എനിക്കു വേണ്ടി ഒരു വക്കീലിനെ വയ്ക്കാന്‍ ആരുമുണ്ടായില്ല. നിയമസഹായം അടിസ്ഥാനഅവകാശമായ ഈ രാജ്യത്ത് എന്നെ സഹായിക്കും എന്നുറപ്പുള്ള നാല് അഭിഭാഷകരുടെ പേരു ഞാന്‍ പറഞ്ഞു. പക്ഷേ ജഡ്ജ് എസ്. എന്‍ ധിംഗ്ര നാലുപേരും എന്റെ കേസെടുക്കാന്‍ വിസമ്മതിച്ചു എന്ന് എന്നോടു പറഞ്ഞു. കോടതി എനിക്കായി നിയോഗിച്ച വക്കീല്‍, വാദം ആരംഭിച്ചതു തന്നെ വളരെ നിര്‍ണ്ണായകമായ ചില പ്രമാണരേഖകള്‍ ശരിയാണെന്നു സമ്മതിച്ചു കൊണ്ടാണ്. അതും എന്താണ് സത്യം എന്ന് എന്നോട് ആലോചിക്കാതെ. അവര്‍ ജോലി ശരിക്കും ചെയ്തില്ല. അവസാനം മറ്റൊരാള്‍ക്കായി വാദിക്കാന്‍ വേണ്ടി പോവുകയും ചെയ്തു. അതുകഴിഞ്ഞ് കോടതി ഒരാളെ നിയോഗിച്ചത്, എനിക്കു വേണ്ടി വാദിക്കാനല്ല, മറിച്ച് കാര്യങ്ങള്‍ സുഗമമായി നീങ്ങാന്‍ കോടതിയെ സഹായിക്കാനാണ്. അയാള്‍ എന്നോടു സംസാരിച്ചതും കൂടിയില്ല. വളരെ വിഭാഗീയ ചിന്താഗതിയുള്ള മനുഷ്യനായിരുന്നു. ഇതാണ് എന്റെ കേസ്. നിര്‍ണ്ണായക വിചാരണവേളയില്‍ എനിക്കായി സംസാരിക്കാന്‍ ആരുമുണ്ടായില്ല. എനിക്കൊരു വക്കീല്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇതുപോലെയൊരു കേസില്‍ വക്കീലില്ലതിരിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥമെന്ന് ആര്‍ക്കും മനസ്സിലാവും. എന്നെ കൊല്ലുകയാണുദ്ദേശ്യമെങ്കില് ഇത്രയും നീണ്ട നിയമനാടകം നടത്തിയതെന്തിനാണ്? എന്നെ സംബന്ധിച്ചിടത്തോളം ഒരര്ത്ഥവുമില്ലാത്തതാണിത്.“
പ്രത്യേകിച്ച് ഒരു അഭ്യര്‍ത്ഥന ഈ ലോകത്തോട് നടത്തണമെന്നുണ്ടോ?
“എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും പറയാനില്ല. പറയാനുള്ളതെല്ലാം രാഷ്ട്രപതിയ്ക്കുള്ള പരാതിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. വളരെ എളിയ അപേക്ഷയിതാണ് : സഹജീവിയുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും അനുവദിച്ചു കൊടുക്കാത്ത തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും അന്ധമായ ദേശീയവാദത്തിനും അതിരുവിട്ട് ഒത്താശകള്‍ ചെയ്തു കൊടുക്കരുത്. വിചാരണ കോടതി വധശിക്ഷ വിധിച്ചപ്പോള്‍ എസ് എ ആര് ഗീലാനി പറഞ്ഞത് ഞാനും ആവര്‍ത്തിക്കാം. ‘ നീതിയോടൊപ്പമാണ് സമാധാനം വരിക. നീതി നടപ്പായില്ലെങ്കില്‍ സമാധാനവും ഉണ്ടാവില്ല.‘ അതാണ് എനിക്കുമിപ്പോള്‍ പറയാനുള്ളത്. എന്നെ തൂക്കിക്കൊല്ലാനാണ് നിങ്ങള്‍ ഭാവിക്കുന്നതെങ്കില്‍ അതാവട്ടെ. പക്ഷേ അത് ഇന്ത്യന്‍ നീതിന്യായ-രാഷ്ട്രീയ വ്യവസ്ഥകളിലെ ഒരു കറുത്ത പാടായി അവശേഷിക്കും എന്നോര്‍ക്കുന്നത് നന്ന്.“
ജയിലിലെ അവസ്ഥയെന്താണ്?
“വളരെ അപകടകാരികളായ കുറ്റവാളികള്‍ക്കുള്ള സെല്ലിലെ ഏകാന്തതടവുകാരനാണ് ഞാന്‍. ഉച്ചയ്ക്കു കുറച്ചു സമയം മാത്രം എന്നെ പുറത്തു കൊണ്ടു വരും. റേഡിയോ ഇല്ല. ടി വി ഇല്ല. പത്രം കിട്ടുന്നതു പലയിടത്തും കീറിയെടുത്ത രൂപത്തിലാണ്. എന്നെ പറ്റി ഏതെങ്കിലും വാര്‍ത്തയുണ്ടെങ്കില്‍ അവരത് കീറിയെടുത്തിട്ട് ബാക്കി ഭാഗം മാത്രമാണ് വായിക്കാന്‍ തരുന്നത്.“
സ്വന്തം ഭാവിയെപ്പറ്റിയുള്ള ആശങ്ക നിലനില്‍ക്കെ തന്നെ, മറ്റെന്തെല്ലാം കാര്യങ്ങള്‍ താങ്കളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്?
“ധാരാളം കാര്യങ്ങള്‍. നൂറുക്കണക്കിന് കാശ്മീരികളാണ് ഈ രാജ്യത്തെ വിവിധ ജയിലുകളില്‍ അഭിഭാഷകരോ വിചാരണയോ അവകാശങ്ങളൊ ഇല്ലാതെ കഴിഞ്ഞു കൂടുന്നത്. കാശ്മീര്‍ തെരുവുകളിലെ സാധാരണമനുഷ്യരുടെ ജീവിതവും വ്യത്യസ്തമല്ല. കാശ്മീര്‍ താഴ്വര സ്വയമേവ ഒരു തുറന്നജയിലാണ്. ഇപ്പോള്‍ കെട്ടിച്ചമച്ച തെരുവുയുദ്ധങ്ങളുടെ കഥകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. വലിയ മഞ്ഞുമലയുടെ മുകളറ്റം മാത്രമാണത്. ഒരു പരിഷ്കൃത രാജ്യത്തില്‍ നിങ്ങള്‍ കാണാനാഗ്രഹിക്കാത്ത എല്ലാം കാശ്മീരില്‍ സംഭവിക്കുന്നു. അവര്‍ . അനീതി ശ്വസിക്കുന്നു. മര്‍ദ്ദനം ഉച്ഛ്വസിക്കുന്നു.“
ഒരു നിമിഷം അദ്ദേഹം നിശ്ശബ്ദനായി.
“ഒരുപാട് ചിന്തകള്‍ എനിക്കുള്ളില്‍ കടന്നുവരാറുണ്ട്. കര്‍ഷകരെ കുടിയൊഴിപ്പിച്ചു. കച്ചവടക്കാരുടെ കടകള്‍ അടച്ചു മുദ്രവച്ചു ഡെല്‍ഹിയില്‍. അങ്ങനെ.. നീതിരാഹിത്യത്തിന്റെ പലതരത്തിലുള്ള മുഖങ്ങള്‍ നിങ്ങള്‍ക്കു കാണാം. തിരിച്ചറിയാം. ഇല്ലേ? എത്ര ആയിരങ്ങളാണ് ഇതിലൂടെ തകര്‍ന്നു പോകുന്നത് ! അവരുടെ ജീവിതം. കുടുംബം. ഇതൊക്കെ എന്നെ വേദനിപ്പിക്കുന്നുണ്ട്.“
വീണ്ടും നീണ്ട നിശ്ശബ്ദത.
“ വളരെ വേദനയോടെയാണ് സദ്ദാം ഹുസൈന്റെ മരണവാര്‍ത്ത ഞാന്‍ കേട്ടത്. അനീതി, നഗ്നമായി ലജ്ജയില്ലാതെ നടപ്പാക്കി. ഏറ്റവും സമ്പന്നമായ സംസ്കാരമുണ്ടായിരുന്ന, നമ്മെ കണക്കുകൂട്ടാന്‍ പഠിപ്പിച്ച, 360 ഡിഗ്രി വൃത്തത്തെയും 24 മണിക്കൂര്‍ ദിവസത്തെയും ക്കുറിച്ചു പറഞ്ഞു തന്ന, 60 മിനിട്ട് ക്ലോക്ക് ഉപയോഗിച്ച മെസപ്പൊട്ടേമിയന് നാടായ ഇറാക്കിനെ അമേരിക്കക്കാര്‍ നശിപ്പിച്ച് നാമാവശേഷമാക്കി. മറ്റു നാഗരികതകളെയും മൂല്യവ്യവസ്ഥകളെയും അമേരിക്കക്കാര്‍ താറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. ‘തീവ്രവാദത്തിനെതിരെയുള്ള യുദ്ധം‘ വെറുപ്പ് പരത്താനും നശീകരണങ്ങള്‍ നടത്താനും മാത്രം കൊള്ളാം. ഇതെല്ലാം എന്നെ അസ്വസ്ഥനാക്കുന്നു.“
ഏതു പുസ്തകമാണ് ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്?
“അരുന്ധതി റോയിയുടെ പുസ്തകം വായിച്ചു തീര്‍ത്തു. അസ്തിത്വവാദത്തെ സംബന്ധിച്ച സാര്‍ത്രിന്റെ രചനകളാണ് ഇപ്പോള്‍ വായിക്കുന്നത്. വളരെ മോശം ലൈബ്രറിയാണ് ജയിലിലുള്ളത്. അതുകൊണ്ട് എന്നെ സന്ദര്‍ശിക്കുന്ന ‘തടവുകാരുടെ അവകാശ സംരക്ഷണ സംഘത്തിലെ’ (SPDPR) അംഗങ്ങളോട് പുസ്തകങ്ങള്‍ ആവശ്യപ്പെടാറുണ്ട്.“
താങ്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്….
“ആയിരക്കണക്കിനാളുകള്‍ എന്നോട് കാട്ടിയ അനീതിയെക്കുറിച്ചു സംസാരിക്കാന്‍ തയ്യാറായി എന്നത് എന്നെ ശരിക്കും സ്പര്‍ശിച്ച വസ്തുതയാണ്. എനിക്കവരോട് നന്ദിയും കടപ്പാടുമുണ്ട്. അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ ഇവരെല്ലാം അനീതിയ്ക്കെതിരെ ഉറക്കെ സംസാരിച്ചുകൊണ്ട് മഹത്തയ ഒരു കാര്യമാണ് ചെയ്യുന്നത്. 2001-ല്‍, വിചാരണയുടെ തുടക്കനാളുകളില്‍ നീതി നടപ്പാവണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നോട്ടു വരിക അത്ര എളുപ്പമായിരുന്നില്ല. ഗീലാനിയുടെ മേല്‍ കുറ്റം ആരോപിക്കപ്പെട്ടപ്പോഴാണ് പോലീസ് സിദ്ധാന്തത്തെപ്പറ്റി ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയത്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ കേസിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കുകയും പഠിക്കുകയും വിശദാംശങ്ങള്‍ തിരയുന്നതിനിടയില്‍ കള്ളങ്ങള്‍ തിരിച്ചറിയുകയും ചെയ്തതോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. നീതിയെ സ്നേഹിക്കുന്നവര്‍ അഫ്സലിനോടു ചെയ്തത് നീതികേടാണെന്ന് ഉറക്കെ പറഞ്ഞു. കാരണം അതായിരുന്നു സത്യം.“
താങ്കളുടെ കേസിന്റെ കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നോ?
“കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന കാര്യം ഭാര്യ തുടരെ തുടരെ പറഞ്ഞിരുന്നു. സാധാരണ ജീവിതം ജീവിക്കാനനുവദിക്കാതെ എന്നെ എങ്ങനെ STF പീഡിപ്പിച്ചു എന്ന കാര്യം അവള്‍ക്ക് നന്നായി അറിയാം. അവര്‍ എന്നെ എങ്ങനെയാണ് ഈ കേസിലേയ്ക്കു വലിച്ചിഴച്ചു കൊണ്ടു വന്നതെന്നും അവള്‍ക്കറിയാം. ഞങ്ങളുടെ മകന് ഗാലിബ് വളര്‍ന്നുവരുന്നത് ഞാന്‍ കാണണമെന്നവള്‍ക്ക് ആഗ്രഹമുണ്ട്. മൂത്ത സഹോദരന് ചിലപ്പോള്‍ എനിക്കെതിരെ സംസാരിച്ചിട്ടുണ്ട്. STF-ന്റെ ബലാത്കാരത്തിനു വിധേയനായിട്ടാണ്. അതു നിര്‍ഭാഗ്യകരമാണ്. അത്രമാത്രമേ എനിക്കു പറയാനാവൂ.“
“കാശ്മീരിലിപ്പോള്‍ അങ്ങനെയാണ്. പ്രതികലാപങ്ങള്‍ ഏറ്റവും മോശമായ ആകൃതി കൈയാളുകയാണ്. സഹോദരനെ സഹോദരനെതിരായും അയല്‍ക്കാരനെ അയല്‍ക്കാരനെതിരായും അവര്‍ ഉപയോഗിക്കും. ഇങ്ങനെയാണ് ഹീനമായ തന്ത്രങ്ങള്‍ ഒരു സമൂഹത്തെ തകര്‍ക്കുന്നത്.“
ഭാര്യ തബാസത്തെയും മകന് ഗാലിബിനെയും കുറിച്ചോര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത്?
“ഞങ്ങളുടെ പത്താം വിവാഹവാര്‍ഷികമാണ് ഈ വര്‍ഷം. പകുതിയില്‍ കൂടുതല്‍ വര്‍ഷങ്ങളിലും ഞാന്‍ ജയിലിലായിരുന്നു. അതിനേക്കാള്‍ കൂടുതല്‍ ഭീകരം, ഇന്ത്യന്‍ സുരക്ഷാസേന തടവില്‍ വച്ച് മര്‍ദ്ദിച്ച് മര്‍ദ്ദിച്ച് എന്നെ ഒന്നിനും കൊള്ളാത്തവനാക്കി മാറ്റി എന്നുള്ളതാണ്. എനിക്കു സംഭവിച്ച മാനസികവും ശാരീരികവുമായ മുറിവുകള്‍ നേരിട്ട് അറിഞ്ഞ വ്യക്തിയാണ് തബാസം. പലപ്രാവശ്യം പീഡനക്യാമ്പുകളില്‍ നിന്നു ഞാന്‍ പുറത്തു വന്നത് സ്വയം നില്ക്കാന് പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ്. ലിംഗഭാഗത്ത് ഷോക്കേല്‍പ്പിച്ചതുള്‍പ്പടെ എല്ലാതരം മര്‍ദ്ദനങ്ങള്‍ക്കും ഇരയായിട്ടുണ്ട് ഞാന്‍. അപ്പോഴൊക്കെ ജീവിക്കാന്‍ പ്രേരണ നല്‍കിയത് അവളാണ്. ഒരു ദിവസം പോലും ഞങ്ങള്‍ സമാധാനത്തില്‍ കഴിഞ്ഞിട്ടില്ല. കാശ്മീരിലെ ഭൂരിഭാഗം ദമ്പതികളുടെയും കഥയിതൊക്കെതന്നെയാണ്. നിരന്തരമായ ഭയമാണ് കാശ്മീര്‍ താഴ്വരയിലെ വീടുകളെ ഭരിക്കുന്ന പ്രബല വികാരം.“
“കുഞ്ഞ് ജനിച്ചപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷിച്ചു. കവി മിര്‍സാ ഗാലിബിന്റെ പേരാണ് അവനു ഞങ്ങള്‍ നല്‍കിയത്. അവന് വളര്‍ന്നു വലുതാകുന്നത് ഞങ്ങളുടെ സ്വപ്നമാണ്. കുറച്ചു സമയം മാത്രം അവനോടൊപ്പം ചെലവഴിക്കാനേ എനിക്കു കഴിഞ്ഞിട്ടുള്ളൂ. അവന്റെ രണ്ടാം പിറന്നാള്‍ കഴിഞ്ഞയുടന്‍ ഞാന്‍ ഈ കേസില്‍ കുടുങ്ങി.“
കുഞ്ഞിനെ ഭാവിയില്‍ എന്തായി കാണാനാണ് ആഗ്രഹം?
“അങ്ങനെ ചോദിച്ചാല്‍….. ഒരു ഡോക്ടര്‍. അതെന്റെ പൂര്‍ത്തിയാവാത്ത സ്വപ്നമാണ്. പക്ഷേ കൂടുതല്‍ പ്രാധാന്യം പേടി കൂടാതെ അവന് വളരണം എന്നതിനാണ്. നീതികേടിനെതിരെ അവന് സംസാരിക്കണം. അനീതിയ്ക്കെതിരെ അവന് നിലയുറപ്പിക്കും എന്നെനിക്കുറപ്പുണ്ട്. എന്റെ ഭാര്യയെയും മകനെയുംകാള്‍ കൂടുതല്‍ അനീതിയെക്കുറിച്ച് അറിയാവുന്നവര്‍ വേറെ ആരുണ്ട്?“
(അഫ്സല് ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു പോയത് 2005-ല്‍ കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ സുപ്രീം കോടതിയ്ക്കു പുറത്തു വച്ച് കണ്ടപ്പോള്‍ തബാസം എന്നോടു പറഞ്ഞ ഒരു കാര്യമാണ്. അഫ്സലിന്റെ കുടുംബാംഗങ്ങള്‍ കാശ്മീരില്‍ കഴിയുമ്പോള്‍ തബാസം, കൊച്ചുകുട്ടിയായ ഗാലിബിനെയുമെടുത്ത് ഡെല്‍ഹിയില്‍ വന്നു് ഭര്‍ത്താവിന്റെ കേസിനു വേണ്ട സഹായങ്ങള്‍ ചെയ്യാനുള്ള ധൈര്യം കാണിച്ചു. സുപ്രീം കോടതിയിലെ പുതിയ അഭിഭാഷകര്‍ക്കുവേണ്ടിയുള്ള മുറിയുടെ വെളിയില്‍ റോഡ് സൈഡിലുള്ള ചെറിയ ചായത്തട്ടിന്റെ മുന്നില്‍ നിന്ന് അഫ്സലിന്റെ കഥകള്‍ അവര്‍ പറഞ്ഞു. ചായ കൂടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതില്‍ മധുരം കൂടിയതിനെക്കുറിച്ച് പരാതിപ്പെട്ടിട്ട് ആഹാരം പാചകം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചു തുടങ്ങിയത്. അവയില്‍ വാക്കുകള്‍ കൊണ്ടു തബാസം വരഞ്ഞിട്ട ഒരു ചിത്രം എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അത് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ നിമിഷങ്ങളില്‍ നിന്നുള്ളതാണ്. അഫ്സല് ഒരിക്കലും അവരെ അടുക്കളയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലത്രേ. തൊട്ടടുത്ത് ഒരു കസേരയില്‍ അവരെയിരുത്തും. തവി ഒരു കൈയിലും പുസ്തകം മറു കൈയിലുമായി അയാള്‍ പാചകം ചെയ്യും. പുസ്തകം.. അത് പാചകം ചെയ്യുന്നതിനിടയ്ക്ക് അവര്‍ക്ക് ഉറക്കെ കഥകള്‍ വായിച്ചുകൊടുക്കാന് വേണ്ടിയാണ്…)
കാശ്മീര്‍ പ്രശ്നത്തെക്കുറിച്ച്.. അതെങ്ങനെ പരിഹരിക്കാമെന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
“ആദ്യം സര്‍ക്കാര്‍ കാശ്മീരിലെ ജനതയോട് സത്യസന്ധരാവണം. കാശ്മീരിന്റെ യഥാര്‍ത്ഥ പ്രതിനിധികളോട് സംസാരിക്കാന്‍ അവര്‍ മുന്‍ക്കൈയെടുക്കട്ടെ. എന്നെ വിശ്വസിക്കുക.കാശ്മീരിന്റെ യഥാര്‍ത്ഥപ്രതിനിധികള്‍ പ്രശ്നം പരിഹരിക്കുകതന്നെ ചെയ്യും. പ്രതിവിപ്ലവതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഗവണ്മെന്റ് സമാധാനപ്രക്രിയയെ പരിഗണിക്കുന്നതെങ്കില്‍ പ്രശ്നം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. അല്പം ആത്മാര്‍ത്ഥത കാണിക്കേണ്ട സമയമാണിപ്പോള്‍.“
ആരാണ് യഥാര്‍ത്ഥത്തിലുള്ള ആളുകള്‍?
“കാശ്മീര്‍ ജനതയുടെ വികാരത്തെ അറിയുക. അത് X ആണോ Y ആണോ Z ആണോ എന്നൊന്നും ഞാന്‍ പറയാന്‍ പോകുന്നില്ല. ഒപ്പം എനിക്ക് ഇന്ത്യന്‍ മാദ്ധ്യമങ്ങളോട് ഒരപേക്ഷയുണ്ട്. പ്രചരണആയുധമായി വാര്‍ത്തകളെ ഉപയോഗിക്കാതിരിക്കുക. സത്യം അവതരിപ്പിക്കാമല്ലോ. നല്ല വാചകങ്ങളുപയോഗിച്ചെഴുതിയ രാഷ്ട്രീയം കുത്തിനിറച്ച വാര്‍ത്തക്കുറിപ്പുകള്‍ സത്യത്തെ വളച്ചൊടിക്കുകയാണ്. അപൂര്‍ണ്ണമായ വാര്‍ത്തകള്‍ അസ്വസ്ഥതയും തീവ്രവാദവുമാണ് സൃഷ്ടിക്കുക. അവര്‍ പെട്ടെന്ന് ‘ഇന്റെലിജെന്‍സ് ഏജന്‍സികളുടെ’ കളിപ്പാട്ടങ്ങളായി തീരും. ആത്മാര്‍ത്ഥയില്ലാത്ത പത്രപ്രവര്‍ത്തനം കൊണ്ട് നിങ്ങളും പ്രശ്നങ്ങളില്‍ പങ്കാളികളാവുകയാണ്. കാശ്മീരിനെക്കുറിച്ചു് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആദ്യം നിര്‍ത്തിവയ്ക്കണം. കുഴപ്പം ആരംഭിച്ചതെങ്ങനെയാണെന്നും അടിത്തട്ടിലെ സത്യമെന്താണെന്നും മുഴുവന്‍ ഇന്ത്യാക്കാരും അറിയട്ടെ. ശരിയായ ഒരു ജനാധിപത്യവാദിക്ക് സത്യങ്ങളെ മൂടിവയ്ക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീര്‍ ജനതയുടെ വികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അതൊരു പ്രശ്നമേഖലയായി തുടരും.“
“ഇന്ത്യയിലെ നിയമവ്യവസ്ഥ, ഒരു അഭിഭാഷകനെ നല്‍കാതെ, വിചാരണ നടത്താതെ ഒരാളെ തൂക്കിലേറ്റും എന്ന സന്ദേശമാണ് നിങ്ങള്‍ നല്കുന്നതെങ്കില് കാശ്മീര്‍ജനതയ്ക്കിടയില്‍ ഇന്ത്യയെക്കുറിച്ചുള്ള വിശ്വാസം എന്താവുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. നൂറു കണക്കിനു കാശ്മീരികള്‍ ഇന്ത്യന്‍ ജയിലുകളില്‍ വാദിക്കാന്‍ വക്കീലന്മാരില്ലാതെ, നീതി ലഭിക്കുമെന്നതിനെപ്പറ്റി യാതൊരു പ്രതീക്ഷയുമില്ലാതെ കഴിഞ്ഞുകൂടുന്നത് ഇന്ത്യന്‍ സര്‍ക്കാരിനെപ്പറ്റിയുള്ള അവിശ്വാസത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥപ്രശ്നത്തെ കാണാതെ, അതു പരിഹരിക്കാന്‍ യാതൊന്നും ചെയ്യാതെ കാശ്മീരിലെ കുഴപ്പങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ? പറ്റില്ല. പാകിസ്താനിലെയും ഇന്ത്യയിലേയും ജനാധിപത്യ സ്ഥാപനങ്ങള്‍ അല്പം ആത്മാര്‍ത്ഥത കാണിച്ചു തുടങ്ങട്ടെ. രണ്ടിടത്തെയും രാഷ്ട്രീയക്കാര്‍, പാര്‍ലമെന്റ്, നീതിന്യായവ്യവസ്ഥ, മാദ്ധ്യമങ്ങള്‍, ബുദ്ധിജീവികള്‍…“
9 സുരക്ഷാഭടന്മാര് പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എന്താണ് താങ്കള്‍ക്ക് അവരുടെ ബന്ധുക്കളോട് പറയാനുള്ളത്?
“സത്യത്തില്‍ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദന ഞാന്‍ പങ്കിടുന്നു. അതേസമയം നിരപരാധിയായ എന്നെ പോലെയൊരാളെ തൂക്കിക്കൊല്ലുന്നതു കൊണ്ട് നീതി ലഭിക്കുമെന്ന മട്ടില്‍ അവര്‍ തെറ്റായി നയിക്കപ്പെടുന്നതില്‍ വിഷമവുമുണ്ട്. ദേശീയതയുടെ പേരുപറഞ്ഞ് പടച്ചുണ്ടാക്കിയ ഒരു കേസില്‍ അവരെ ചതുരംഗക്കരുക്കളായി ഉപയോഗിക്കുകയാണ്. കാര്യങ്ങള്‍ ശരിയായി നോക്കിക്കാണാനാണ് എനിക്ക് അവരോട് അപേക്ഷിക്കാനുള്ളത്.“
സ്വന്തം ജീവിതത്തില്‍ വലിയ നേട്ടമായി കാണുന്നതെന്തിനെയാണ്?
“എന്റെ കേസിലൂടെയും അതിനെ തുടര്‍ന്നു നടന്ന ചര്‍ച്ചകളിലൂടെയും എന്നോടു കാട്ടിയ അനീതികളും STF-ന്റെ ക്രൂരതകളും വെളിച്ചത്തു വന്നു. ഒരു പക്ഷേ അതായിരിക്കും എന്റെ ഏറ്റവും വലിയ നേട്ടം. ഇപ്പോള്‍ ആളുകള്‍ സുരക്ഷാസേനയുടെ പൌരാവകാശത്തിനുമേലുള്ള കടന്നുകയറ്റത്തെപ്പറ്റിയും അവര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കൊലപാതകങ്ങള്‍, കാണാതാകലുകള്‍, പീഡനക്യാമ്പുകള്‍ തുടങ്ങിയവയെപ്പറ്റിയും സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ കാശ്മീരി പൌരനും കഴിഞ്ഞുകൂടുന്ന ചുറ്റുപാടുകളാണിവ. കാശ്മീരിനു പുറത്തുള്ളവര്‍ക്ക് സുരക്ഷാസേന കാശ്മീരില്‍ കാട്ടിക്കൂട്ടുന്ന അക്രമത്തെക്കുറിച്ച് ഒരറിവുമില്ല. ഒരുപക്ഷേ അവരെന്നെ എന്റെ കുറ്റത്തിനല്ലാതെ കൊല്ലുകയാണെങ്കില്‍ അത് അവര്‍ക്ക് സത്യത്തെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നതിന്റെ നല്ല തെളിവാണ്. അഭിഭാഷകനില്ലാത്ത ഒരു കാശ്മീരിയെ തൂക്കിക്കൊന്നതിന്റെ പേരിലുള്ള ചോദ്യങ്ങളെ അവര്‍ക്ക് നേരിടാന്‍ കഴിയില്ല.“
കാതു തുളയ്ക്കുന്ന വൈദ്യുതബെല്ല് ശബ്ദിച്ചു. തൊട്ടടുത്തുള്ള അറകളില്‍ സംസാരിക്കുന്നതിന്റെ വേഗം കൂടി. ഞാന്‍ അവസാന ചോദ്യം അഫ്സലിനോട് ചോദിച്ചു
താങ്കള്‍ എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്?
ഒരു നിമിഷം ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു.
“അഫ്സലായി. മുഹമ്മദ് അഫ്സലായി. ഞാന്‍ കാശ്മീരികള്‍ക്ക് അഫ്സലാണ്. ഇന്ത്യക്കാര്‍ക്കും. പക്ഷേ പരസ്പരവിരുദ്ധമായ രണ്ടു രീതിയിലാണ് ഈ രണ്ടു വിഭാഗവും എന്നെ നോക്കിക്കാണുന്നത്. അവര്‍ക്കിടയിലെ ഒരാളായതുകൊണ്ടല്ല കാശ്മീരിലെ ജനങ്ങള്‍ എനിക്കനുകൂലമാകുന്നത്, മറിച്ച് സത്യത്തെക്കുറിച്ച് നല്ല ബോധമുള്ളതുകൊണ്ടും ചരിത്രത്തിന്റെയോ ഏതെങ്കിലും സംഭവത്തിന്റെയോ വികല വ്യാഖ്യാനം കൊണ്ട് അവരുടെ ധാരണകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല എന്നുള്ളതുകൊണ്ടാണ്. അതാണെന്റെ വിശ്വാസം.“
അഫ്സലിന്റെ അവസാന പരാമര്‍ശം മനസ്സിലാക്കന്‍ ആദ്യം ഞാന്‍ പ്രയാസപ്പെട്ടു. പക്ഷേ പിന്നീട് അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാകാന്‍ തുടങ്ങി. ഒരു കാശ്മീരി പറയുന്ന കാശ്മീരിന്റെ ചരിത്രവും സംഭവങ്ങളുടെ വ്യാഖ്യാനവും ഒരു ഇന്ത്യക്കാരന് എപ്പോഴും ഒരു ഷോക്ക് ആയിരിക്കും. കാരണം കാശ്മീരിനെക്കുറിച്ചുള്ള അവന്റെ അറിവ് ടെക്സ്റ്റുബുക്കുകളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നും സ്വരൂപിച്ചതാണ്. അഫ്സല് അതു സൂചിപ്പിക്കുകയായിരുന്നു.
വീണ്ടും മണി മുഴങ്ങി. അഭിമുഖം അവസാനിച്ചു. ആളുകള്‍ ഇപ്പോഴും തൊട്ടടുത്ത അറകളില്‍ സംസാരം തുടരുകയാണ്. മൈക്കുകളുടെയും സ്പീക്കറുകളുടെയും ജീവന് നിലച്ചു. പക്ഷേ കാതു കൂര്‍പ്പിച്ചാല്‍, ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ചാല്‍ ഇനിയും ചിലതു മനസ്സിലാക്കാം. പോലീസുകാര്‍ ശക്തമായ ഭാഷയില്‍ മതിയാക്കാന്‍ ആവശ്യപ്പെട്ടു. പുറത്തുപോകാനും. ആളുകള്‍ അതു ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ അവര്‍ മുറിയിലെ ലൈറ്റുകള്‍ കെടുത്തി. കടുത്ത ഇരുട്ട്!
തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ വാര്‍ഡില്‍ നിന്നും റോഡിലേയ്ക്കുള്ള നീണ്ടവഴി പിന്നിടുമ്പോള്‍ രണ്ടോ മൂന്നോ അംഗങ്ങള്‍ അടങ്ങിയ ചെറിയ കൂട്ടങ്ങളെ ഞാന്‍ കണ്ടു. അവര്‍ നിശ്ശബ്ദരായി പുറത്തേയ്ക്ക് പോവുകയാണ്. അമ്മയും ഭാര്യയും മകളും ചേര്‍ന്ന ഒരു സംഘം. അല്ലെങ്കില്‍ സഹോദരന്, അനിയത്തി, ഭാര്യ. അതുമല്ലെങ്കില്‍ കൂട്ടുകാരനും ചേട്ടനും. അല്ലെങ്കില്‍ മറ്റാരോ. എല്ലാ സംഘങ്ങള്‍ക്കും രണ്ടു കാര്യങ്ങള്‍ പൊതുവായി ഉണ്ട്. അവര്‍ ശൂന്യമായ ഒരു തുണി സഞ്ചി വഹിക്കുന്നുണ്ട്. അവയില്‍ മലായ് കോഫ്തയുടെ, ഷാഹി പനീറിന്റെ, മിക്സഡ് വെജിറ്റബിളിന്റെ നിറക്കൂട്ടുകള്‍ പറ്റിയിരിക്കുന്നു. രണ്ടാമത്തേത് അവരെല്ലാം വിലയില്ലാത്ത പരുക്കന്‍ തണുപ്പു വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. കീറിയ ഷൂസുകളും. ഗേറ്റു നമ്പര്‍ മൂന്നിനു വെളിയില്‍ 588-ാം നമ്പര്‍ ബസ്സു കാത്തു അവര്‍ നിന്നു. തിലക് നഗര്‍ -ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം ബസ്. അതവരെ ഒരുപക്ഷേ ദൌലക്കൌന്‍ മെയിന്‍ ജംഗ്ഷനില്‍ എത്തിക്കും. അവര്‍ ഈ രാജ്യത്തെ പാവപ്പെട്ട പൌരന്മാരാണ്. ഏറ്റവും പാവപ്പെട്ടവന് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്നതിനെക്കുറിച്ച് രാഷ്ട്രപതി അബ്ദുള്‍ കലാം പറഞ്ഞത് ഓര്‍ത്തുപോയി. ഞാന്‍ അഭിമുഖം നടത്തിയതും അത്തരമൊരാളുമായാണ്. എത്ര ടോക്കണുകള്‍ (ജയിലില്‍ അനുവദിച്ചിട്ടുള്ള പണം) കൈയിലുണ്ട് എന്ന് ഞാന്‍ അഫ്സലിനോട് ചോദിച്ചിരുന്നു. “ജീവിക്കുന്നതിന് വേണ്ടത്ര” എന്നായിരുന്നു മറുപടി.
(കാരവൻ 2 ഫെബ്രുവരി, 2013)
ചിന്ത.കോം
2 comments:
അവസാനത്തെ അഭിമുഖം ..
ഭീകരം
Post a Comment