January 10, 2008

പതിനാറാം നമ്പര്‍ സീറ്റിനെപ്പറ്റി ചിന്തിക്കുമ്പോള്‍


കവിതയെ ഒരു സ്വപ്നമായി കണ്ടുകൂടേ? കവി കാണുന്ന ഒറ്റപ്പെട്ട സ്വപ്നമെന്ന അര്‍ത്ഥത്തില്ല. പ്രസിദ്ധീകരിക്കപ്പെട്ട ഒരു കവിതയുടെ വായനാസമൂഹം ഒന്നിച്ച് ഭാഗഭാക്കാവുന്ന ഒരു സ്വപ്നം. സ്വപ്നത്തിന്റെ പ്രധാന സ്വഭാവങ്ങളായ സ്ഥാനാന്തരണവും (replacement) സാന്ദ്രീകരണവും (condensation) കവിതയിലും സംഭവിക്കുന്നുണ്ട്. സ്വപ്നത്തിന്റെ ഭാഷ പ്രതീകവത്കരിക്കപ്പെട്ടതും ധ്വനിസാന്ദ്രവും സൂക്ഷ്മവുമായിരിക്കുന്നതുപോലെ തന്നെയാണ് കവിതാഭാഷയുടെ സ്ഥിതിയും. സ്വപ്നത്തിലെന്ന പോലെ ബിംബസ‌മൃദ്ധമായ കവിതയിലെ ഭാഷയ്ക്ക് ഒരു യൂണിവേഴ്സാലിറ്റി/സാര്‍വലൌകികത്വമുണ്ട്. ജലത്തിലെന്നപോലെ മാറിമാറിക്കൊണ്ടിരിക്കുന്ന പ്രതീകങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്നൊരാള്‍ക്കുമാത്രമേ നല്ല സ്വപ്നവ്യാഖ്യാതാവാന്‍ കഴിയൂ എന്ന് ഫ്രോയ്ഡ് പറയുന്നു. കാവ്യപാരായണത്തിനും അത്യാവശ്യം വേണ്ട ഗുണങ്ങളിലൊന്നാണ് അത്. ആത്മനിഷ്ഠമായ ബിംബങ്ങളെക്കൊണ്ട് അങ്ങേയറ്റം ദുരൂഹമായ കവിത പോലും ഇങ്ങനെ ബന്ധപ്പെടുത്താനുള്ള വായനക്കാരന്റെ കഴിവിനെ ആശ്രയിച്ച് മികച്ച കാവ്യാനുഭവമായി മാറിയേക്കും. ബിംബങ്ങള്‍ തമ്മിലുള്ള ബന്ധമോ അവ ധ്വനിപ്പിക്കുന്ന അനുഭവത്തിന്റെ ചുറ്റുവട്ടമോ തിരിഞ്ഞുകിട്ടിയാല്‍ കവിത, വ്യാഖ്യാനക്ഷമമാവും. അത് ഒരു പക്ഷേ കവിയുടെ ഇച്ഛയ്ക്കും ഇംഗിതത്തിനും വിരുദ്ധമായിരുന്നാല്‍ പോലും വായനയുടെ സാംഗത്യം അവസാനിച്ചു പോകില്ല. കവി ഉദ്ദേശിച്ച അര്‍ത്ഥം തിരഞ്ഞു പോവുകയാണ് വിമര്‍ശകന്റെ ധര്‍മ്മം എന്നുള്ളത്, പഴകിതേഞ്ഞ ഒരു സങ്കല്‍പ്പമാണ്. ഗൌരവബുദ്ധിയായ വായനക്കാരന്‍ തന്റെ ജീവിത പരിസരങ്ങളെ തന്റെ മുന്നിലുള്ള സൃഷ്ടിയില്‍ നിന്നും ആഴത്തിലറിയുകയാണ്. ഒരു കലാസൃഷ്ടിയെ അയാള്‍ ഉള്ളിലേയ്ക്കെടുക്കുന്നതും അത് അയാളുടെ സംസ്കാരത്തിന്റെ ഭാഗമായി തീരുന്നതും അങ്ങനെയാണ്.

പോസ്റ്റ് കൊളോണിയല്‍ വായനകളുമായി പരിചയപ്പെട്ട നമുക്ക്, കവിതയുടെ (എല്ലാ കലാസൃഷ്ടികളുടെയും) ഒരു മുഖ്യസ്വഭാവമായ സ്ഥാനാന്തരണത്തെ 'പ്രതിനിധാനം' (representation) എന്നു വിളിക്കേണ്ടതുണ്ട്. യാഥാര്‍ത്ഥ്യം എന്നു കവി വിശ്വസിക്കുന്ന സംഗതിയുടെ പ്രതീകാവതരണം മാത്രമാണ് അയാള്‍ സത്യത്തില്‍ നിര്‍വഹിക്കുന്നത്. ചുറ്റുപാടും കണ്ട കാര്യങ്ങള്‍ എന്ന മട്ടില്‍ അയാള്‍ പറയുന്നത്, അയാള്‍ വിരള്‍ ചൂണ്ടാനുദ്ദേശിക്കുന്ന ചില കാര്യങ്ങളുടെ പ്രതിനിധാനങ്ങളെ മാത്രമാണ്. അതേ സ്ഥലത്തു തന്നെയുള്ള, മറ്റൊരാള്‍ നോക്കിയാല്‍ കാണുന്ന കാഴ്ചകളെ ബോധപൂര്‍വമോ അബോധപൂര്‍വമോ അവഗണിച്ചതിനു പിന്നില്‍ അയാള്‍ക്ക് ചില താത്പര്യങ്ങളുണ്ട്. അബോധമനസ്സ്, ബോധത്തോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങളിലും ഇത്തരം തെരെഞ്ഞെടുപ്പുണ്ട്. ഇവിടെ അബോധമെന്നത് കവിയും (വ്യക്തിയും) ബോധമെന്നത് അയാള്‍ വ്യവഹരിക്കുന്ന സമൂഹവുമാണ്. അബോധത്തിന്റെ അഭിലാഷങ്ങള്‍ പലപ്പോഴും മറഞ്ഞു കിടക്കും. കവിതയിലുമതെ. നേരേ വാ നേരേ പോ മട്ടുകാരായിരുന്നു അബോധവും കവികളുമെങ്കില്‍ രൂപകഭാഷയ്ക്കും ബിംബങ്ങള്‍ക്കും പ്രസക്തിയുണ്ടാവുമായിരുന്നില്ല. കാവ്യാത്മകതയും സൌന്ദര്യാത്മകതയും കവിതയില്‍ നിന്ന് യാത്രപറഞ്ഞ് പോയേനേ. വസ്തുതാപരാമര്‍ശങ്ങള്‍ മാത്രമായി കവിതകള്‍ ചാരുകസേരയില്‍ കിടന്ന് കാറ്റുകൊണ്ടേനേ..

‘പ്രതിനിധാനം‘ എന്ന കണ്ണട വച്ചു നോക്കിയാല്‍ വെറും വസ്തുതാപരം എന്നു തോന്നുന്ന രചകള്‍ പോലും അങ്ങനെയല്ലെന്നു പെട്ടെന്നു തിരിച്ചറിയാം. ഒരു ബസ്സിലെ പതിനാറാം നമ്പര്‍ സീറ്റിലിരുന്ന് ചുറ്റും നോക്കി യാത്രചെയ്യുന്ന വിഷ്ണുപ്രസാദ് എന്ന കവി (പതിനാറാം നമ്പര്‍ സീറ്റ് എന്ന കവിത - വിഷ്ണുപ്രസാദ്) ദിനം പ്രതി അതുപോലെ ബസ്സുകളില്‍ കയറിയിരുന്ന് എങ്ങാണ്ടൊക്കെയോ യാത്രചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യരില്‍ ഒരാളാളുടെ യഥാതഥമായ ആവിഷ്കരണമൊന്നുമല്ല. ആവര്‍ത്തിച്ച് താന്‍ ആരാണ് എന്നു പറയുന്നുണ്ടെങ്കിലും അയാള്‍ ആ ‘വിഷ്ണുപ്രസാദു‘മല്ല. മറിച്ച് ‘ഉള്ള’ ഒരാളുടെ പേര് ആവര്‍ത്തിക്കുകയും കേരളീയ സമൂഹത്തിനു ചിരപരിചിതമായ ഒരു ക്രിയയെയും (ബസ്സുയാത്ര)ചുറ്റുപാടുകളെയും(കാഴ്ച) അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ വളരെ സത്യസന്ധമായ ഒരു യഥാര്‍ത്ഥലോകത്തിലേയ്ക്കാണ് ഞാന്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നത് എന്ന പ്രതീതി വായനക്കാരില്‍ സൃഷ്ടിക്കാന്‍ കവിയ്ക്ക് സാധിക്കുന്നു. അതാണ് അയാളുടെ ലക്ഷ്യവും.

എന്തിന്? ഇവിടെ ഒരു വിരോധാഭാസമുണ്ട്. തന്നെ ശ്രദ്ധിക്കാത്തതെന്തെന്ന് ഒരു കവി, കവിയായി തന്നെ കവിതയില്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുകയാണ്. ഇത് പൊങ്ങച്ചമായി ആരും തെറ്റിദ്ധരിക്കുകയില്ല, കാരണം ഭാ‍ഷാപ്രയോഗത്തിന്റെയും അന്തരീക്ഷസൃഷ്ടിയുടെയും പ്രത്യേകത കൊണ്ട് താന്‍ അവഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു വിനീതമായ ഏറ്റുപറച്ചിലായേ നാം പരിഗണിക്കൂ. സമൂഹം (ബസ്, ഒരു സമൂഹം തന്നെ) തന്നെ ഗൌരവമായി പരിഗണിച്ചിട്ടില്ല എന്ന ആത്മനിന്ദയാണ് അയാളുടെ ഉച്ചത്തിലുള്ള ആത്മഗതത്തിലുള്ളത്. അതു തുറന്നു പറയുന്ന വ്യക്തിയുടെ സത്യസന്ധതയിലേയ്ക്ക് വായനക്കാരന്റെ മനസ്സെത്തും എന്ന് കവിയ്ക്കറിയാം. അതിനു കവി ബോധപൂര്‍വം സ്വീകരിച്ച തന്ത്രമാണ്, കവിതയുടെ ആദ്യഭാഗത്ത് സൃഷ്ടിക്കപ്പെടുന്ന യാഥാര്‍ത്ഥ്യപ്രതീതി.

ഒരു ബസ്സിലെ യാത്രക്കാരെയും അവരുടെ ചേഷ്ടകളെയും സ്വന്തം ആത്മഗതങ്ങളെയും വച്ച് കവി നിര്‍മ്മിച്ച യഥാര്‍ത്ഥ ലോകം, സത്യത്തില്‍, ഒരു പ്രതീതി ലോകം മാത്രമാണ്. കിനാവുകാണുന്ന ആളിന്റെ താത്കാലികമായ യാഥാര്‍ത്ഥ്യമാണത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വാസ്തവിക ലോകത്തിന്റെ പ്രതിനിധാനം മാത്രമാണത്. സ്വപ്നം കാണലിന്റെ പ്രകടമായ ഘടന തന്നെ ഈ കവിതയ്ക്കുണ്ട്. ബസ്സും അതിലെ ആള്‍ക്കാരും പുറത്തെ കാഴ്ചകളും പോക്കറ്റടിയുമൊക്കെയായി മുഖരമായ ഒരന്തരീക്ഷത്തോടെ തുടങ്ങിയ കവിത ഒടുവില്‍ ഒരു സീറ്റുമാത്രമായി ഉറക്കത്തിലേയ്ക്കു പോകുന്നു. ഒന്നു മറ്റൊന്നായി സ്ഥാനാദേശം ചെയ്യപ്പെടുന്നു. കവിതയെ ഒന്നു തിരിച്ചിട്ടാല്‍, ഒന്നുമില്ലാതെ, ഒന്നുമല്ലാതെ ഉറക്കം മാത്രം പ്രതീക്ഷിച്ച് ഏകാകിയായിരിക്കുന്ന ഒരു മനുഷ്യനാണ് കേന്ദ്രസ്ഥാനത്ത്. അയാള്‍ കാണുന്ന സ്വപ്നം മാത്രമാണ് ബസ്സും പരിസരവും. ചലിക്കുന്ന വാഹനങ്ങള്‍ നമ്മുടെ മേധാവിത്ത മനോഭാവത്തിന്റെ (സുപ്പിരിയോരിറ്റി കോം‌പ്ലക്സിന്റെ) പ്രതീകങ്ങളാണ്. തികഞ്ഞ അന്തര്‍മുഖനും കാല്‍പ്പനികനുമായ മനുഷ്യന്റെ ശബളാഭമായ സ്വപ്നമാണ് സമൂഹത്തില്‍ തന്റെ ഇടപെടല്‍. അവിടെ മേധാവിത്തം ലഭിക്കല്‍. എന്നാല്‍ അതിനായി തന്റെ (പതിനാറാം നമ്പര്‍) സീറ്റ് (ദന്തഗോപുരം, മുറി, കസേര) വിട്ടിറങ്ങാന്‍ അയാള്‍ക്ക് കഴിയില്ല. അതയാള്‍ ആഗ്രഹിക്കുന്നില്ല. ബസ്സിന്റെ പ്രത്യേകത, അതു സ്വയം ചലിക്കും എന്നതാണ്. ചലിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ അവിടെ പ്രവര്‍ത്തിക്കേണ്ടതില്ല. സമൂഹം എന്ന അമ്മയാല്‍ താലോലിക്കപ്പെടുക എന്ന ലീനമായ ബോധമാണിവിടെയുള്ളത്. അത് അത്രയ്ക്ക് ശിശുസന്നിഭമാകുന്നത്, അതിനായി തനിക്കൊന്നും ചെയ്യാനില്ല എന്നു കവി കരുതുന്നിടത്താണ്. അമ്മയുടെ വാത്സല്യം സ്വയമേവ വരേണ്ടതാണ്.

പതിനാറാം നമ്പര്‍ സീറ്റില്‍ തറഞ്ഞിരിക്കുന്ന കവിയുടെ നിഷ്ക്രിയത്വത്തിന് മനശ്ശാസ്ത്രപരമായി മറ്റൊരു മാനം കൂടിയുണ്ട്. സ്വപ്നങ്ങളിലെ നിശ്ചലാവസ്ഥ നിഷേധപ്രതീകമാണെന്ന് ഫ്രോയിഡ് പറയുന്നു. ഒരു കാര്യത്തിനായി ആഗ്രഹിക്കുക എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിക്കുക. ഈ വൈരുദ്ധ്യമാണ് സ്വപ്നത്തിന്റെ ഭാഷയില്‍ നിശ്ചലത്വമായി പ്രത്യക്ഷപ്പെടുന്നത്. ഒരു ആഗ്രഹത്തിന്റെ മേല്‍ മറ്റൊരു ആഗ്രഹം കടന്നുകയറുന്നതാണ് അത്. വ്യത്യസ്ത ധ്രുവങ്ങളിലുള്ള അഭിലാഷങ്ങളുടെ ഏറ്റുമുട്ടല്‍. തനിക്ക് അംഗീകാരം വേണമെന്നും തന്റെ കൃതികള്‍ വായിക്കപ്പെടണമെന്നും ആഗ്രഹിക്കാത്ത കവികളില്ല. എന്നാല്‍ അതിനുവേണ്ടി തുനിഞ്ഞിറങ്ങുന്നത് ഇരിയ്ക്കപിണ്ഡം വയ്ക്കും പോലെ അപഹാസ്യമായ പ്രവൃത്തിയാണെന്ന് ഏതു പരിഷ്കൃതനുമറിയാം. ‘പതിനാറാം നമ്പര്‍ സീറ്റ്’ എന്ന കവിത ആത്യന്തികമായി പങ്കുവയ്ക്കുന്ന ക്രിയാംശം താന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിലുള്ള ഒരു കവിയുടെ ആത്മനൊമ്പരമാണ്. എന്നാല്‍ തികഞ്ഞ വാസ്തവികമായ പശ്ചാത്തലത്തില്‍ സ്വന്തം പേരുപോലും വെളിപ്പെടുത്തിക്കൊണ്ട് കവി നടത്തുന്ന ആഖ്യാനം, വിരുദ്ധോക്തി എന്ന നിലയ്ക്കു മാത്രമേ നിലനില്‍ക്കൂ. ഇവിടെ കവിയുടെ ഉള്ളില്‍ തന്നെയുള്ള രണ്ടു തീവ്രമായ ഇച്ഛകള്‍ ഏറ്റുമുട്ടുകയാണ് ചെയ്യുന്നത്. അതാണ് കവിതയ്ക്കുള്ളിലെ സംഘര്‍ഷത്തിന്റെ തോതിനെ മുറുക്കുന്നത്. അതിന്റെ ബാഹ്യമായ പ്രതീകവത്കരണമാണ് ആഖ്യാതാവിന്റെ ചലനനഷ്ടം. സ്വന്തം പ്രവൃത്തിയുടെ (തന്നെപ്പറ്റി തന്നെ പറയുക) ഉത്തരവാദിത്വത്തില്‍ നിന്ന് അയാള്‍ക്ക് അങ്ങനെ മാറി നില്‍ക്കാന്‍ കഴിയുന്നു. സ്വപ്നത്തിലെ ഏറ്റവും മൌലികമായ അവസ്ഥകളിലൊന്നാണിത്. ഉറക്കം അയാളുടെ ലക്ഷ്യമാവുന്നതും അയാളുടെ നിഷ്ക്രിയതയുമായി കൂട്ടി വായിക്കാവുന്നതാണ്. ചലനനഷ്ടത്തിന്റെ പാരമ്യമാണ് ഉറക്കം എന്ന നിശ്ചലാവസ്ഥ.

സാര്‍വലൌകികമായ നഗ്നതാസ്വപ്നത്തെക്കുറിച്ച് ഫ്രോയിഡ് പറയുന്ന സംഗതിയുമായി ‘പതിനാറാം നമ്പര്‍ സീറ്റ്’ സന്ധി ചെയ്യുന്നതു കാണാം. നഗ്നതാസ്വപ്നങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സ്വയം വസ്ത്രമില്ലാതെ ചൂളി നില്‍ക്കുന്നതായാണ് നാം കാണുക. തുണിയുരിഞ്ഞുപോയതിന്റെ മുഴുവന്‍ അപമാനവും ലജ്ജയും നാം അനുഭവിക്കുമ്പോഴും നമ്മെ കടന്നുപോകുന്നവരുടെ മുഖഭാവങ്ങളില്‍ ലവലേശം മാറ്റമുണ്ടാവില്ല. ബസ്സില്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്. ലജ്ജ ഇവിടെ അഹംബോധമായി വേഷം മാറിയിരിക്കുന്നു. ആരും കവിയെ തിരിച്ചറിയുന്നില്ല. പ്രതികരണങ്ങള്‍ കവിയ്ക്കു മാത്രമാണ്. അങ്ങനെ പ്രതീക്ഷയ്ക്കു വിപരീതമായതു സംഭവിച്ചതുകൊണ്ടുള്ള ആത്മശൈഥില്യമാണ് പോക്കറ്റടിയുടെ പ്രതീകവത്കരണത്തിലൂടെ കവി ആവിഷ്കരിക്കുന്നത്. അതുവരെ ഉണ്ടായിരുന്നു എന്നു താന്‍ വിശ്വസിച്ച എന്തോ ഒന്ന് നഷ്ടപ്പെട്ടു എന്നയാള്‍ മനസ്സിലാക്കുകയാണ്. അത് തനിക്കുള്ള അംഗീകാരമാണെന്ന് പറയുന്നത് ഐറണിയാണ്. കാരണം നഷ്ടപ്പെട്ടു പോയത് പണമല്ല, മറിച്ച് അയാള്‍ സ്വയം ഉണ്ടാക്കി വച്ചിരുന്ന ‘കവിയാണ് താന്‍ എന്ന മതിപ്പാ‘ണ്. ആ മതിപ്പ് ആളുകളുടെ അവഗണനമൂലം നഷ്ടപ്പെട്ടതായി അയാള്‍ മനസ്സിലാക്കുന്നതിന്റെ പ്രതീകാത്മകമായ ആവിഷ്കരണമാണ്, മോഷണം. ഉള്ളിലെ ‘അഹം‘ ഒഴിഞ്ഞുപോയതിനാലാണ് പോക്കറ്റടി ഒരംഗീകാരമാണെന്ന് അയാള്‍ പറയുന്നത്. അത് അയാളെ ‘കവി’ എന്ന അധികതുംഗപദത്തില്‍ നിന്ന് സാധാരണക്കാരന്‍ എന്ന നിലയിലെത്തിക്കുന്നു. അതുകൊണ്ട് അയാള്‍ സന്തുസ്ഷ്ടനാണെന്ന് അഭിനയിക്കുന്നു, എങ്കിലും അയാള്‍ ഉള്ളില്‍ ദുഃഖിക്കുകയാണെന്നു നമുക്കറിയാം. അയാളുടെ നിസ്സഹായതയുടെ ആഴമാണ് അയാളെക്കൊണ്ട് പോക്കറ്റടിയില്‍ താന്‍ സന്തോഷിക്കുന്നു എന്നു പറയിച്ചത്. അതു മറ്റൊരു വിരുദ്ധോക്തി.

14 comments:

ഹരിത് said...

വായിച്ചു. ലേഖനവും കവിതയും. രണ്ടും ഇഷ്ടപ്പെട്ടു.

simy nazareth said...

വെള്ളെഴുത്തേ,

നിരൂപണം വായിച്ചുതീര്‍ന്നയുടനെ കൊള്ളാമല്ലോ എന്നുചിന്തിച്ച് കവിത വായിക്കാന്‍ വിഷ്ണുമാഷിന്റെ ബ്ലോഗില്‍ പോയി, അവിടെ കമന്റും ഇട്ട് സന്തോഷത്തോടെ ഞാന്‍ ഈ പോസ്റ്റ് മറന്നു.

കവിതയുടെ വിത കാണിച്ചുതന്നതിനു നന്ത്രി.

ജ്യോനവന്‍ said...

വിഷ്ണുമാഷിന്റെ ഈ കവിത ഞാന്‍ നേരത്തേ വായിച്ചിരുന്നു.
അതിന്റെ ആഖ്യാനമികവും സത്യസന്ധതയും നിരീക്ഷണപാടവവും ചടുലതയും അന്നേയെന്നെ
കൊത്തിവലിച്ചിരുന്നു. (ഞാന്‍ വൈകിയാണ് ജനിച്ചതെന്നതോണ്ട് കമന്റിയില്ല!) ഇപ്പോള്‍ ഈ വ്യത്യസ്തമായ നിരീക്ഷണവും വായിക്കാനിടയാകുന്നു. വളരെ നന്നായിരിക്കുന്നു. നിങ്ങളുടെ എഴുത്തിന്റെ ആശയദൂരങ്ങള്‍ മറികടക്കണമെങ്കില്‍ ഇഴഞ്ഞുനീങ്ങിയിട്ടും പല കിതപ്പുകള്‍ എനിക്ക് എന്നെക്കുറിച്ചുള്ള കുറ്റം!
ആശംസകള്‍.

ഹാരിസ് said...

ചില കവിതകള്‍ക്കു മുന്‍പില്‍ നമ്മള്‍ നിശ്ശ്ബ്ദരായി പോകും.പേര്‍ത്തും പേര്‍ത്തും അസ്വസ്ഥമാകും മനസ്.ഒരു കമന്റിന്റെ ബഹളത്തിന് പോലും മനസനുവദിക്കില്ല.

namath said...

പോസ്റ്റ് കാണിച്ചു തന്നതിനു സിമിക്കു നന്ദി.

നല്ല അപഗ്രഥന സ്വഭാവമുള്ള അവതരണവും താളമുള്ള ഭാഷയും. വെള്ളെഴുത്തിന് അഭിനന്ദനങ്ങള്‍.

ശ്രീ said...

ശരിയാണ്‍. അതു നല്ലൊരു കവിത തന്നെ.

നല്ല വിശദീകരണം, മാഷേ...
:)

Sanal Kumar Sasidharan said...

കരുത്തുള്ള വിശകലനം.വിഷ്ണുപ്രസാദിന്റെ പല കവിതകള്‍ക്കും ഇത്തരം കരുത്തുള്ള വായനകളുടെ അത്യാവശ്യകത തന്നെയുണ്ട്.ഞാനുദ്ദേശിച്ചത്കൃത്യമായ വായനകളല്ല നിശിതമായ വായനകള്‍ ഏകാഗ്രമായ വായനകള്‍.

“കവി ഉദ്ദേശിച്ച അര്‍ത്ഥം തിരഞ്ഞു പോവുകയാണ് വിമര്‍ശകന്റെ ധര്‍മ്മം എന്നുള്ളത്, പഴകിതേഞ്ഞ ഒരു സങ്കല്‍പ്പമാണ്. ഗൌരവബുദ്ധിയായ വായനക്കാരന്‍ തന്റെ ജീവിത പരിസരങ്ങളെ തന്റെ മുന്നിലുള്ള സൃഷ്ടിയില്‍ നിന്നും ആഴത്തിലറിയുകയാണ്. ഒരു കലാസൃഷ്ടിയെ അയാള്‍ ഉള്ളിലേയ്ക്കെടുക്കുന്നതും അത് അയാളുടെ സംസ്കാരത്തിന്റെ ഭാഗമായി തീരുന്നതും അങ്ങനെയാണ്.“ ഈ പ്രസ്താവത്തോട് 100% ഞാനും യോജിക്കുന്നു.ലാപുടയുടെ ഒരു കവിതയ്ക്ക് ഞാനെഴുതിയ വായനാക്കുറിപ്പിനെക്കുറിച്ചുണ്ടായ ആരോപണം നോക്കൂ.

“സിദ്ധാര്‍ത്ഥന്‍ said...
വായന കാര്യക്ഷമം ആവുന്നതു് എഴുത്തുകാരന്‍ കാണാന്‍ മറന്നവയെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരിക്കണമെന്നു് നിര്‍ബന്ധമില്ലാ‍ത്തതു്, വായനക്കാരന്റെ ഹാലൂസിനേഷനുകള്‍ക്കു് എഴുത്തുകാരന്‍ ബാധ്യസ്ഥനല്ല എന്നതു കൊണ്ടായിരിക്കണം.

ലാപുട എഴുതിയതും സനാതനന്‍ വായിച്ചതും എന്ന ടൈറ്റിലല്ലാതെ മറ്റൊന്നിതിനു പാകമല്ല .....”

അതിന് മറുപടിയായി എന്റെ മനസിലേക്ക് പെട്ടെന്നുണ്ടായ മറുപടി താങ്കളുടെ വീക്ഷണവുമായി അടുത്തുനില്‍ക്കുന്നുണ്ടെന്നു തോന്നുന്നു.

“വായനക്കാരന്റെ ഹാലൂസിനേഷനു എഴുത്തുകാരന്‍ ബാധ്യസ്ഥനല്ല എന്നു പറയുന്നതുപോലെ തന്നെ വായനക്കാരനില്‍ ഹാലൂസിനേഷന്‍ ഉണ്ടാക്കുന്ന ഒരു സ്പേസ് അവശേഷിപ്പിക്കുന്നയാള്‍ ആണ് എല്ലായ്പ്പോഴും നല്ല എഴുത്തുകാരന്‍ എന്നുകൂടി പറയാം എന്നു തോന്നുന്നു.വായന എന്നത് എല്ലായ്പ്പോഴും എഴുതിയതിന്റെ പാതിയെ വായിച്ചവന്‍ എഴുതിപ്പൂര്‍ത്തിയാക്കുന്ന പ്രക്രിയയാഇട്ടാണ് എന്റെ തോന്നല്‍.അതുകൊണ്ടുതന്നെ ഒരേ കൃതിക്കുതന്നെ വ്യത്യസ്തമായ നിരവധിവായനകള്‍ ഉണ്ടാകുന്നത്“

വളരെ വളരെ സന്തോഷം.

ടി.പി.വിനോദ് said...

സ്വപ്നമായി കവിതയുടെ രൂപത്തെയും സ്വപ്നത്തില്‍ നിര്‍മ്മിതിപരമായി ഇടപെടുന്ന അബോധമായി കവിതയുടെ പ്രമേയ
പ്രച്ഛന്നതയെയും വെള്ളെഴുത്ത് വായിച്ചത് അഭിനന്ദനാര്‍ഹമായ ശ്രദ്ധയോടെയാണ്.

വിഷ്ണുമാഷിന്റെ ചില കവിതകള്‍ ഏതെങ്കിലുമൊരിടത്തേക്ക് വായിച്ചെത്തിക്കാന്‍ എനിക്ക് വഴങ്ങിക്കിട്ടാറില്ല. ഇതും അതില്‍ പെടുന്ന ഒന്നാണ്. സൂക്ഷ്മതയുടെ എനിക്ക് മനസ്സിലാകുന്ന എല്ലാ പരിധികളിലും അവ വിരുദ്ധഭാഷ്യങ്ങളുടെ ബഹുസ്വരത ക്ഷിക്കാറുണ്ട്.
ഇതിനെ അമ്മാതിരി എഴുത്തുകളുടെ മേന്മയായാണോ പരിമിതിയായാണോ പ്രത്യേകതയായാണോ കാണേണ്ടത് എന്നതിന് ഉത്തരം കിട്ടാറുമില്ല.

ഈ കവിതയില്‍ തന്നെ മുഷിഞ്ഞ വസ്ത്രമിട്ട, താടി മുറിക്കാത്ത, ദാഹിച്ചിരിക്കുന്നു എന്നൊക്കെ പറയാന്‍ മടിക്കാത്ത Cult Figure ആയ പഴഞ്ചന്‍ കവി തന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്നതില്‍ ‘ദയനീയമായി പരാജയപ്പെട്ട’ സമൂഹത്തെ
‘കപടലോകത്തിലാത്മാര്‍ത്ഥമായൊരു...’ എന്ന പഴയ സെറ്റപ്പില്‍ തന്നെ കൊഞ്ഞനം കുത്തുന്നുണ്ട്. അതേ സമയം തന്നെ അടക്കം
പറച്ചിലിന്റെ അന്തര്‍മുഖമായ Subtlety നിശിതവിചാരണകളെ ആകര്‍ഷിക്കുന്നവനും പ്രതിരോധരഹിതനുമായി ‘കവി‘ യെ
വായനക്കാരനു മുന്നില്‍ അഴിച്ചിട്ടിരിക്കുന്ന ഇടങ്ങളുമുണ്ട് ഈ കവിതയില്‍. [ഉദാ:- ‘മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു’ എന്ന വരി “ആരവിടെ, അക്‍ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ കോഴി കാഷ്ടിക്കുന്നോ?” എന്ന് പണ്ട് കേട്ട ഒരു ഡയലോഗിന്റെ അതേ
ആവൃത്തിയില്‍ അന്തം വിട്ട ആത്മബോധത്തിന്റെ നിസ്സഹായതയെയും പരിഹാസ്യതയെയും Modulate ചെയ്യുന്നതായേ എനിക്ക്
വായിക്കാനാവുന്നുള്ളൂ]

ഒന്നാന്തരമൊരു നിരൂപണ ലേഖനത്തിന് ഒന്നുകൂടി അഭിനന്ദനമറിയിക്കുന്നു.

Unknown said...

നിരൂപണം നന്നായി. കവിതയുടെ രസത്തിനുള്ള മഹത്ത്വം വ്യാഖ്യാതാവിനറിയാം, കവിയ്ക്കറിയില്ല എന്നാണല്ലോ!

കവിത നേരത്തേ വായിച്ചിരുന്നു. കമന്റുകള്‍ ഇടാറില്ലെങ്കിലും ഞാന്‍ പതിവായി വായിക്കാറുള്ള ബ്ലോഗുകളില്‍ ഒന്നാണു് വിഷ്ണുപ്രസാദിന്റേതു്.

ഭാവുകങ്ങള്‍ നേരുന്നു‍!

ഗുപ്തന്‍ said...

വെള്ളെഴുത്തും ലാപുടയും വായിച്ചതൊക്കെ വായിച്ചപ്പം എനിക്കും ചെലതൊക്കെ മനസ്സിലായി ;) ചുമ്മാ‍ാ..

ലാപുടയുടെ കമന്റിന്റെ അവസാ‍നഭാഗത്തോട് ചേര്‍ത്താണ് ഞാന്‍ വായിച്ചുനിറുത്തിയത്. എന്നല്ല മൊത്തത്തില്‍ ലാപുടയുടെ കമന്റ് മുഴുവന്‍ - മാഷിന്റെ ചില കവിതകള്‍ വായനക്കാരനെ വെട്ടിലാക്കുന്ന കാര്യം ഉള്‍പടെ - കോപ്പി ആന്ഡ് പേസ്റ്റ് ചെയ്യാന്‍ തോന്നുന്നുണ്ട്. ഈ വഴിക്ക് ആ കവിത വായിച്ചെടുത്ത ആരെങ്കിലും വരുന്നോ എന്ന് നോക്കിയിരിക്കുവാരുന്നു :)

(ചെല നേരത്ത് എന്റെ മനസ്സില്‍ തോന്നുന്നത് പറയാന്‍ ലാപുട തന്നെ വേണ്ടിവരും. ഞാന്‍ എന്നെക്കൊണ്ട് ജയിച്ച്...)

വായനയുടെ കാണാപ്പുറങ്ങള്‍ തുറന്നിട്ടതിനു നന്ദി. സമീപകാലത്തെ വായനക്കുറിപ്പുകളില്‍ ഏറ്റവും മികച്ചതെന്ന് എന്റെ വിലയിരുത്തല്‍.

മാധവം said...

ലേഖനം ഇഷ്ടപ്പെട്ടു

Sandeep PM said...

വളരെ നന്ദി ഈ ജാലകം തുറന്നിട്ടു തന്നതിന്

വെള്ളെഴുത്ത് said...

ഹരിത്, സിമി,ജ്യോനവന്‍, ഹാരിസ്, നമതു വാഴ്വും കാലവും, ശ്രീ, സി കെ ബാബു, ദീപു, ദേവതീര്‍ത്ഥ..കവിത പങ്കിടാനെത്തിയ എല്ലാവര്‍ക്കും സ്വാഗതം, നന്ദി.
സനാതനാ, കവിയുടെ ഉദ്ദേശ്യം അന്വേഷിക്കുക പഴഞ്ചന്‍ രീതിയാണെന്ന് വെറുതേ പറഞ്ഞതല്ല. മാഘന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? : ഇതിനകത്ത ഞാന്‍ ചിലക്കെട്ടുകളൊക്കെ ഇട്ടിട്ടുണ്ട്, കഴിവുള്ളവര്‍ അഴിച്ചെടുത്ത് ആസ്വദിച്ചോളാന്‍..” ബാര്‍ത്തിനു ശേഷം കുറേകൂടി വിശാലമായ പശ്ചാത്തലത്തില്‍ വച്ചല്ലേ രചകളെ നമുക്ക് വായിക്കാനാവൂ? ഒരാള്‍ മതേതരമെന്നോ വിപ്ലവാത്മകമെന്നോ പറഞ്ഞ് വിളമ്പുന്ന സാധനം മതേതരമോ വിപ്ലവാത്മകമോ ആവില്ലെന്ന് സംസ്കാരപഠനം വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. എങ്കിലും തീരെ മനസ്സിലാക്കാതെ എന്തെങ്കിലും പറയുന്നവരുണ്ടെന്ന കാര്യം മറക്കുന്നില്ല. എങ്കില്‍ പോലും അതും ഒരു സബ്‌ടെക്‍സ്റ്റാണ്.
ലാപുടാ പാരമ്പര്യത്തെ/ചരിത്രത്തെ തൊട്ട് കവിതയുടെ കൈനിലകള്‍ തുറന്നതിനു പ്രത്യേക നന്ദി. അതു തന്നെ കോപ്പി -പേസ്റ്റു ചെയ്യാന്‍ തുനിഞ്ഞ ഗുപ്തനും..ഞാന്‍ കൃതാര്‍ത്ഥനായി !കവിതയെക്കുറിച്ചു സംസാരിക്കാന്‍ കുറച്ചുപേര്‍ കൂടിയിരിക്കുന്നതു തന്നെ എന്തു രസം!

സിദ്ധാര്‍ത്ഥന്‍ said...

സനാതനനോടങ്ങനെ പറയുമ്പോള്‍ നിര്‍ബന്ധമില്ല എന്ന വാക്കു് ഞാന്‍ ഉപയോഗിച്ചിരുന്നു. പറയാതെവിട്ടതു വായിക്കുന്നതപരാധമാണെന്നല്ല മറിച്ചു് അങ്ങനെയുള്ള നിര്‍ബന്ധം അപഹാസ്യമായ അവസ്ഥയിലേക്കെത്തിക്കുമെന്നുള്ളതു കൊണ്ടാണങ്ങനെ പറഞ്ഞതു്. ഒരുദാഹരണം ഇവിടെ എഴുതിയിട്ടിരിക്കുന്നു.

സത്യസന്ധതയില്ലാത്ത ഒരു നിരൂപണം അതായി ശേഷിക്കുകയില്ല എന്നു തന്നെയാണെന്റെ അഭിപ്രായം. കവി വരച്ചിട്ട കളങ്ങളില്‍ നിന്നു കൊണ്ടു് പറക്കാനുള്ള ഒരനുവാചകന്റെ ശ്രമത്തെ കൃതിയുടെ ശ്രുതിയില്‍ നില്‍ക്കുന്നിടത്തോളം കാലമേ നിരൂപണം എന്നു വിളിക്കൂ. വെള്ളെഴുത്തിന്റെ ശ്രമം അതിന്റെ സത്യസന്ധത കൊണ്ടു് ശ്ലാഘനീയമായിരിക്കുന്നു. എഴുത്തിനോടു് യോജിച്ചു കൊണ്ടായാലും വിയോജിപ്പു കൊണ്ടാ‍യാലും കൃത്യമാ‍യ ഒരു ദര്‍ശനത്തിലേക്ക് വായനക്കാരനെ നയിക്കാനതിനു കഴിയും.