October 24, 2007

അഹോ ഉദഗ്രരമണീയാ പൃഥ്വീ...




‘കൊളംബിയ‘യില്‍ നിന്നും എടുത്ത ഒരു ചിത്രമാണിത്.
യൂറോപ്പും ആഫ്രിക്കയുമാണ് നാം ഇതില്‍ കാണുന്നത്.
സൂര്യന്‍ അസ്തമിക്കുന്നു...
ചിത്രത്തിന്റെ പകുതിയില്‍ രാത്രിയാണ്. തിളങ്ങുന്ന ബിന്ദുക്കള്‍ ഏതൊക്കെയോ
നഗരങ്ങളിലെ വിളക്കുകള്‍. ആഫ്രിക്കയുടെ മുകള്‍ ഭാഗത്ത് പരന്നു കിടക്കുന്നത് സഹാറാ മരുഭൂമി.
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നത് ഹോളണ്ടിലും പാരിസിലും ബാര്‍സിലോണയിലും.
ഡബ്ലിനിലും ലണ്ടനിലും ലിസ്ബണിലും മാഡ്രിഡിലും വിളക്കുകള്‍ തെളിയാന്‍ സമയമായിട്ടില്ല, അവിടെ ഇപ്പോഴും പകല്‍ കത്തുന്നു.
ഭൂമിയുടെ മറ്റൊരു ഭാഗത്ത് താന്‍ കറുത്തുപോയതറിയാതെ, സൂര്യന്‍ ജിബ്രാള്‍ട്ടറില്‍
തിളങ്ങിക്കൊണ്ടിരിക്കുന്നു. മെഡിറ്ററേനിയന്‍ കടലിനെ ഇരുട്ടു വിഴുങ്ങിക്കഴിഞ്ഞു. അറ്റ്ലാന്റിക്
കടലിന്റെ നടുക്ക് കുറെ കുഞ്ഞുദ്വീപുകള്‍ കാണാം. അല്പം താഴെയായി കാനറി ദ്വീപുകള്‍.
തെക്കോട്ടുമാറി ആഫ്രിക്കയുടെ പടിഞ്ഞാറേ ഭാഗത്ത് വെര്‍ഡെ മുനമ്പ് ദ്വീപുകള്‍.
സഹാറ എത്ര വലുതാണ്‍` എന്ന് ഒറ്റനോട്ടത്തിലറിയാം.
അതിന്റെ ഒരറ്റത്ത് പകലും മറ്റേ അറ്റത്ത് രാത്രി.
ഇടതുഭാഗത്ത് മുകളില്‍ ഗ്രീന്‍ലാന്‍ഡ് മുഴുവന്‍ മഞ്ഞില്‍ മരവിച്ചിരിക്കുന്നു.

എന്തൊരു ചിത്രം!

നിങ്ങളില്‍ ഭൂരിപക്ഷം പേരും കണ്ട ചിത്രമായിരിക്കും ഇത്. എങ്കിലും അടിവരയിടാമല്ലോ. രണ്ടു
കാര്യങ്ങളുണ്ടിതില്‍ ഒന്ന്‌ കൊളംബിയയുടെ ദുരന്തം ഇതിനു നല്‍കുന്ന പരിവേഷം. മരണത്തോട്
എന്നപോലെ ഒരാസക്തി ചിലപ്പോള്‍ വന്നു നിറയുന്നത് സഹജവും നിഹിതവുമായുള്ള
ദുരന്തബോധത്തിന്റെ പ്രേരണയാലാവണം. മനുഷ്യന്‍ മരണാഭിമുഖമായി ചരിക്കുന്ന സത്തയാണെന്നു
പറഞ്ഞ് നിര്‍വചിച്ചു ചിരിച്ച മഹാനു നമസ്കാരം. രണ്ട്, മുകളില്‍ നിന്ന് താഴേയ്ക്കുള്ള നോട്ടം നല്‍കുന്ന ഒരു
ചാരിതാര്‍ത്ഥ്യബോധം. നളിനിയിലെ ദിവാകരന്‍ ഇമ്മാതിരിയൊരു നോട്ടം നോക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ‘ബന്ധവൈഭവത്തിന്റെ” ശേഷിപ്പിനാല്‍ താഴെയിറങ്ങി നളിനിയെ
ആകസ്മികമായി കണ്ടുമുട്ടുന്നതിനു മുന്‍പ്. നളിനിയുടെ ദുരന്തത്തിനു തൊട്ട് മുന്‍പ്. അതിനേക്കാള്‍ എത്ര
ഉയരത്തിലെത്തി നമ്മളിപ്പോള്‍. ഇങ്ങനെയൊരു നോട്ടം സാദ്ധ്യമാക്കി തന്നത് മനുഷ്യന്റെ തന്നെ
ആവിഷ്കാരമായ ശാസ്ത്രത്തിന്റെ നേട്ടമാണെന്നതിനാല്‍ ഈ ‘മേല്‍നോട്ട’ത്തിലെ അഹങ്കാരത്തിന്റെ പങ്ക് ഓരോരുത്തര്‍ക്കും പറ്റികൂടേ?

അതോടൊപ്പം എന്തൊരു നിസ്സാരതാബോധമാണിതുണ്ടാക്കുന്നത്. രാത്രി പകല്‍ എന്നൊക്കെ പറഞ്ഞ്
ആയുസ്സെണ്ണി കലഹിച്ചും വ്യസനിച്ചും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇതാ 600X800 ല്‍
ഒരറ്റത്ത് പകലും മറ്റേയറ്റത്ത് രാത്രിയും.
ഇതാണോ മിസ്റ്റിസിസം?

നോക്കിയിരിക്കെ സിരകളിലൂടെ എന്തോ അരിച്ചു കയറുന്നുണ്ട്.. എന്താണത്?

17 comments:

Unknown said...

വാസ്തവം..!

പ്രയാസി said...

ശ്രദ്ധിക്കാതെ വിട്ട ഒരു മെയില്‍..
ഈ വിവരണത്തിനു നന്ദി..:)

Vanaja said...

ആദ്യമായാണ്‍` കാണുന്നത്. പോസ്റ്റാക്കിയതിനു നന്ദി.

Sherlock said...

:) ഇതു മുന്പു കണ്ടിരുന്നെങ്കിലും ഇങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല...

nalan::നളന്‍ said...

ആരായിരുന്നു "മനുഷ്യന്‍ മരണാഭിമുഖമായി ചരിക്കുന്ന സത്തയാണെന്നു
പറഞ്ഞ് നിര്‍വചിച്ചു ചിരിച്ച മഹാനു“ എന്നു പറഞ്ഞതെന്നറിയാനൊരു കൌതുകം.

നമ്മുടെ നിസ്സാരത തിരിച്ചറിയുമ്പോള്‍‍ അഹങ്കാരത്തിനു വകുപ്പുണ്ടോ? ഉണ്ടായിരിക്കും അല്ലേ. നാളെ അതിലും ഉയരത്തില്‍ നില്‍ക്കുന്ന മറ്റൊരു മനുഷ്യനും ചിരിക്കുമായിരിക്കും, നമ്മുട അഹങ്കാരം കണ്ടിട്ട് :)

“നോക്കിയിരിക്കെ സിരകളിലൂടെ എന്തോ അരിച്ചു കയറുന്നുണ്ട്.. എന്താണത്?”
സത്യമെപ്പോഴും ആഘാതത്തോടെയാണു വരുന്നതെന്നാരെങ്കിലും പറഞ്ഞിട്ടുണ്ടായിരിക്കാം.

off topic:

http://www.snopes.com/photos/space/sunset.asp#photo

ഹരിശ്രീ (ശ്യാം) said...

പെട്ടെന്നു ഭൂമിയില്‍ നിന്നു പിടിച്ചു വലിച്ചു ആരോ ശൂന്യാകാശത്തിലേക്കിട്ടതുപോലെ ഒരു തോന്നല്‍. നന്നായി ഈ വ്യത്യസ്ത വിവരണം.

Anonymous said...

നിന്നടൂത്തുനിന്ന് അകാശത്തേക്ക് നോക്കി സ്വല്പം ചിന്തിച്ചാല്‍ തീരുന്നതേയുള്ളു ഭൂമിയില്ലെ പ്രശങ്ങളൊക്കേംന്ന് സാരം :)

സഹയാത്രികന്‍ said...

മാഷേ... ആദ്യായിട്ടാ കാണണേ....

നന്ദി..

Rajeeve Chelanat said...

പല തവണ കണ്ട മെയിലായിരുന്നുവെങ്കിലും, അതിനെ ഇവിടെ നിരീക്ഷിച്ച രീതി തികച്ചും വ്യത്യസ്തം.

ചൊല്ലൂ രാപ്പകല്‍ കൂമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താന്‍
ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോര്‍ക്കും കിടാങ്ങള്‍ക്കഹോ...

എന്ന് പൂന്താനവും അത്ഭുതപ്പെട്ടിട്ടുണ്ട്, പണ്ട്, ഈ ഇ-മെയില്‍ വരുന്നതിനും ഏറെ മുന്‍പ്.

നല്ല പോസ്റ്റ്.
ആശംസകളോടെ

SunilKumar Elamkulam Muthukurussi said...

Cant see the picutre. Can you send by email? mbsunilkumar at yahoo.com
Also I would like to republish this article in one of our local "kayyezhuththu"magazine. Please give us permission. Regards,
-S-

സജീവ് കടവനാട് said...

അഹോ ഉഗ്രരമണീയാ പൃഥ്വീ...

അടുത്ത് നിന്ന് നോക്കിയാല്‍ നമുക്ക് മറ്റൊരു ചിത്രവും ലഭിക്കും. എങ്കിലും
‘എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല
വല്ലതും ശേഷിക്കുമെന്നോര്‍ക്കെ
എന്തെന്തിതെന്‍ കരളിലാനന്ദവും
മിഴിയില്‍ വിശ്വാസവും
തെളിവാര്‍ന്ന ഭാവിയുടെ ജൈവപ്രഭാവവും’

അനിലൻ said...

ഒരു കാല്‍ രാത്രിയില്‍
മറ്റേക്കാല്‍ പകലില്‍
മനസ്സ്....

:)

Murali K Menon said...

അപൂര്‍വ്വ സുന്ദര ദൃശ്യം..

keralafarmer said...

Visit: http://tvpmmeet.blogspot.com/

വെള്ളെഴുത്ത് said...

കുറച്ചുവൈകിപ്പോയി..സത്യത്തില്‍ നളന്‍സ് അയച്ചുതന്ന ആ ലിങ്ക് (ലിംഗം എന്നു പുതിയവാക്ക് -കോ.റൈ. തെരെഞ്ഞെടുക്കാത്ത വളിപ്പുകള്‍)ഈ ചിത്രം ആദ്യമുണ്ടാക്കിയ വികാരത്തെ നശിപ്പിച്ചുകളഞ്ഞു. പലചിത്രങ്ങള്‍ ചേര്‍ത്തുവച്ച ഒരു ഡിജിറ്റല്‍ നിര്‍മ്മിതിയാണെന്ന അറിവ് ‘വെറുതെ സൌന്ദര്യത്തെ കാണാനുള്ള നൊമ്മടെ കണ്ണു പൊട്ടിച്ചു’ചെമ്പരത്തിപൂക്കളെ വലിച്ചുകീറി ബോട്ടണി പഠിക്കുമ്പോലെ എന്നു ഇനി വിചാരിച്ച് കണ്ണടച്ചു പിടക്കാം. അല്ലാതെന്താ ചെയ്യുക..! ‘മരണാഭിമുഖമായി....‘-ആ വാക്യം വിലാപങ്ങളുടെ പുസ്തകത്തിലുള്ളതാണ്. അല്‍‌വാരസ്സാണ് പറഞ്ഞത്. ഒരുകാര്യം ഞാന്‍ വിട്ടുപോയിരുന്നു, ഭൂമിയെ ഇങ്ങനെ വിസ്മയത്തോടെ നോക്കിയത് കാളിദാസന്റെ സീതയായിരുന്നു എന്നു പറയാന്‍.കാളിദാസന് എങ്ങനെയായിരിക്കും ഈ ഉയരക്കാഴ്ച സാദ്ധ്യമായിട്ടുണ്ടാവുക..? വെറും ഭാവന. എങ്കിലും രണ്ടു കാലങ്ങള്‍ ഇവിടെ പ്രത്യക്ഷമായി... പക്ഷേ ആ സുഖം പോയി..:( (എങ്കിലും നളന്‍ വളരെ നന്ദിയുണ്ട് ആ വിവരത്തിന്)
സുനില്‍, ഞാന്‍ ആ ഫോട്ടോ അയച്ചു.

Anonymous said...

ചിത്രങ്ങള്‍ കള്ളം പറയാറുണ്ട് :)

nalan::നളന്‍ said...

പ്രീയ വെള്ളെഴുത്ത്,
ഞാനിത്(ഫോട്ടൊ) നേരത്തേ കണ്ടിരുന്നില്ല.
ഇ-മെയില്‍ ചെയിനുകള്‍ ഭൂരിഭാഗവും തട്ടിപ്പാണെന്നു കഴിഞ്ഞ കുറേ വര്‍ഷത്തെ അനുഭവം വച്ചു ധൈര്യമായി പറയാം.
രാത്രിയും പകലും തിരിക്കുന്ന ഫോട്ടോയിലെ ആ വര അങ്ങിനെ വരും എന്നു തോന്നുന്നില്ല, ഇത്രയും ഷാര്‍പ്പായിട്ടോ, ആ ചരിവോടു കൂ‍ടിയോ!

snopes.com പോയി സേര്‍ച്ചടിച്ചപ്പോള്‍ ഉടന്‍ തന്നെ സംഭവം കിട്ടുകയും ചെയ്തു. പിന്നെ ഇതിവിടെ പറയണോ വേണ്ടയോ എന്നായിരുന്നു ആശങ്ക.

പറയുന്നതാണുചിതമെന്നു തോന്നി. കുറഞ്ഞപക്ഷം ഈ ബ്ലോഗിലെങ്കിലും. മിസ്റ്റിസിസത്തെ തോടാതെ പറയാനായിരുന്നു off topic ആക്കിയത്, പക്ഷെ ..