October 18, 2007

ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍

കാഴ്ചയില്‍ ലീലാമേനോന്‌ എടുത്തു പറയത്തക്ക അസാധാരണത്വമൊന്നുമില്ല.
മെലിവു കാരണം പൊക്കം അല്പം കൂടും. നീളം കുറഞ്ഞ മുടി. വലിയ വട്ടപ്പൊട്ട്‌. ലേശം ചരിഞ്ഞ്‌ ഏതുസമയത്തും ഇംഗ്ലീഷിലേയ്ക്ക്‌ ഓടികയറുമെന്നു പേടിപ്പിക്കുന്ന സംഭാഷണരീതി. പ്രൊതിമ ബേദിയിലൂടെയും മേരി റോയിയിലൂടെയും ആദ്യകാല മാധവിക്കുട്ടിയിലൂടെയും മലയാളി മദ്ധ്യവര്‍ഗത്തിന്റെ പൊതുബോധത്തിലുറഞ്ഞ എലൈറ്റ്‌ ക്ലാസ്‌ പ്രൗഢിയുള്ള ഒരു മദ്ധ്യവയസ്കയുടെ കൃത്യമായ ഛായ. എന്നാല്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ പദങ്ങളുടെ തിരമുറിയാത്ത പ്രവാഹം അനേകം മുഖങ്ങളെ തനിക്ക് അഭിമുഖമാക്കി നിര്‍ത്തും. വാക്കുകളുടെ അനുസ്യൂതിയ്ക്കൊപ്പം അവരുടെ ശബ്ദത്തില്‍ കൃത്യമായി നമ്മെ ആകര്‍ഷിച്ചു നിര്‍ത്തുന്ന മറ്റൊരു ഘടകം കൂടിയുണ്ട്‌. അത്‌ അതിന്റെ പ്രസാദാത്മകതയാണ്‌. സാധാരണയായി ഒരു പരിധിയ്ക്കപ്പൂറം ശുഭാപ്തികള്‍ വാക്കുകളില്‍ നിറയ്ക്കാന്‍ കഴിയാത്തതരം സാമൂഹിക ഘടനയ്ക്കുള്ളില്‍, അതും ഒരു സ്ത്രീയ്ക്ക്‌, വിഷയം സാമൂഹികമായ തിന്മകള്‍ തന്നെയാവുമ്പോള്‍...നമ്മുടെ നാട്ടില്‍ എന്നല്ല ഒരിടത്തും അധികം പതിവില്ലാത്തതാണത്‌. അദ്ഭുതകരമാണത്‌. സാമൂഹികമായ കൊള്ളരുതായ്മയെപ്പറ്റി സംസാരിക്കുന്നവര്‍ വ്യാകുലമുഖത്തോടെ ഈ വൃത്തികെട്ട ലോകം കുരിശു മുഴുവന്‍ തങ്ങളെ പിടിച്ചേല്‍പ്പിച്ചിരിക്കുന്നു എന്ന മട്ടിലാണ്‌ മിക്കവാറും സംസാരിക്കുക. ഇവിടെ വ്യത്യസ്തമാണ് രീതി.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ തുടക്കകാല സ്ത്രീസാന്നിദ്ധ്യങ്ങളിലൊന്നായ ലീലച്ചേച്ചി ക്യാന്‍സറിനെ പിന്മടക്കിയവളും കൂടിയാണ്‌. എണ്‍പതുകളില്‍ നാം കേട്ടുമറന്ന ഒരു കഥയായിരുന്നു അത്‌. 'നിങ്ങള്‍ക്ക്‌ ആറുമാസംകൂടി മാത്രമേ ആയുസുള്ളൂ' എന്ന വൈദ്യശാസ്ത്രത്തിന്റെ തീര്‍പ്പിനെ അംഗീകരിച്ചു കൊണ്ടു തന്നെ അന്ന് നിലവിലുണ്ടായിരുന്ന പ്രാകൃതമായ ചികിത്സാസമ്പ്രദായത്തിന്‌ തന്റെ ശരീരത്തെ വിട്ടുകൊടുത്തത്‌ ഒട്ടും ഭയമില്ലാതെയായിരുന്നു എന്നു പറയുമ്പോള്‍ അതിലൊട്ടും അതിശയോക്തിയില്ല. കീമോതെറാപ്പി 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുമായിരുന്നു അന്ന്. അതു കഴിഞ്ഞാല്‍ അത്രതന്നെ സമയം ഛര്‍ദ്ദിച്ചുകൊണ്ടിരിക്കും. വീണ്ടും ഇഞ്ജെക്ഷന്‍. വീണ്ടും..ആറുമാസത്തെ ആയുസ്സിനു വേണ്ടിയുള്ള പീഡനപര്‍വങ്ങളല്ല, മനസ്സാണ്‌ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌. അല്ലെങ്കില്‍ പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ആ ആറുമാസത്തെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുന്നതെങ്ങനെ? രോഗശയ്യയില്‍ നിന്നെഴുന്നേറ്റ്‌ നേരെ പോയത്‌ ഒരു കുശവഗ്രാമം മുഴുവന്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിഞ്ഞതിന്റെ യുക്തിയും സത്യവും തിരയാന്‍. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ അന്നത്തെ ബ്യൂറോ ചീഫ്‌ 'ലഘുവായ'മേറ്റ്ന്തെങ്കിലും ചെയ്യാന്‍ ഉപദേശിച്ചിരുന്നു. ചെയ്യുകയാണെങ്കില്‍ ഇതു തന്നെ എന്നായിരുന്നു ശാഠ്യം. ആ ഫീച്ചര്‍ ചരിത്രപ്രാധാന്യം നേടി. വിദേശ ഏജന്‍സികള്‍ ഗ്രാമത്തെ ദത്തെടുക്കാന്‍ വന്നു. ഇന്നിപ്പോള്‍ ടെറാക്കോട്ട ശില്‍പങ്ങള്‍ കയറ്റിയയക്കുന്നതില്‍ നിന്ന് നല്ല വരുമാനമുണ്ടാക്കാന്‍ അരുവാക്കോടിനു കഴിയുന്നു. അടച്ച വാതിലിനു പുറത്ത്‌ പോലീസു വരുന്നോ എന്നു നോക്കി കാവലിരുന്ന ബാല്യങ്ങളുടെ പിന്മുറ നല്ല സ്കൂളുകളില്‍ പഠിക്കുന്നു.


ക്യാന്‍സറിനെ മാത്രമല്ല ലീലച്ചേച്ചി തോറ്റുമടക്കിയത്‌. പിന്നീടവര്‍ക്ക്‌ ഹൃദയാഘാതം വന്നു. ഹൃദയം തുറന്ന് ശസ്ത്രക്രിയകള്‍ രണ്ടെണ്ണം ചെയ്തു. മുഖത്തെ പേശികള്‍ കോടി പോയി. (മുഖമെല്ലാം കോടി വൃത്തികേടായാല്‍ പിന്നെങ്ങനെ ലീലേ പബ്ലിക്കിനെ ഫേയ്സ്‌ ചെയ്യുന്നത്‌ എന്ന് നൊമ്പരത്തോടെ മാധവിക്കുട്ടി ചോദിച്ചിരുന്നത്രേ) ഹൃദയപൂര്‍വം ചെയ്ത എയിഡ്സ്‌ രോഗിയെക്കുറിച്ചുള്ള സ്റ്റോറി പ്രസിദ്ധീകരിക്കാത്തതിന്റെ പേരില്‍ പിന്നെ 'ഇന്‍ഡ്യന്‍ എക്സ്പ്രസി’നെ കൈവിട്ടു. എങ്കിലും ഒരിക്കലും ആത്മവിശ്വാസം കൈയൊഴിച്ചില്ലെന്നു പുഞ്ചിരിച്ചുകൊണ്ടു തന്നെ അവര്‍ പറയുന്നു. ശരിയാണ്. അധികം നാം ശ്രദ്ധിച്ചില്ലെങ്കിലും ശാരിയുടെയും അനഘയുടെയും ഭാഗധേയങ്ങള്‍ തീരുമാനിച്ചവര്‍ക്കെതിരെയും തോപ്പുംപടിയിലും വിതുരയിലും അവരുടെ ശബ്ദവുമുണ്ടായിരുന്നു. അഭയകേസ് ഉള്‍പ്പടെയുള്ള സ്ത്രീപീഡനവ്യവഹാരങ്ങളില്‍ ഉന്നതാധികാരങ്ങള്‍ പോലും കൈയറച്ചു മാറുന്നതു നാം കണ്ടു. ആ നിര്‍ഭാഗ്യവതികളെപോലെ മാദ്ധ്യമശ്രദ്ധ കിട്ടത്തക്ക വിധത്തില്‍ അങ്ങേയറ്റത്ത്‌ എത്തിപ്പെടാത്ത വേറെയും അനേകങ്ങളുടെ വഴിത്താരയില്‍ ആശ്വാസവും അഭയവുമായി ഇപ്പോഴുമുണ്ട്‌. നിര്‍ഭയത ഒരു രോഗാവസ്ഥയല്ലെന്നും അത്‌ പ്രസാദാത്മകമായ മനസ്സിന്റെ സ്വാഭാവികമായ പരിണതിയാണെന്നും ഒരു വെളിപാടുണ്ടാവുന്നില്ലേ ഇത്തരം ചില ശബ്ദസാന്നിദ്ധ്യങ്ങളില്‍?

ഭയപ്പാട്‌ മാരകരോഗം പോലെ ആവേശിച്ചതും അഴിമതി കൊണ്ട്‌ ജീര്‍ണ്ണിച്ചതും മരവിപ്പുകൊണ്ട്‌ ജീവന്‍ കെട്ടുപോയതുമായ ഒരു സമൂഹത്തിനുള്ളിലിരുന്നു കൊണ്ട്‌ ആന്റണ്‍ ചെഖോവ്‌ (1860-1904) എഴുതി :
" നിങ്ങളുടെ ഒരു പല്ല് വേദനിക്കുന്നോ? ഭാഗ്യം നിങ്ങളുടെ എല്ലാ പല്ലും വേദനിച്ചിരുന്നെങ്കിലോ?"
“ബന്ധുക്കള്‍ എത്തുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, വന്നത് പോലീസുകാരല്ലല്ലോ.”
"കീശയില്‍ കിടന്ന തീപ്പെട്ടി കത്തിയെന്നോ? ഓ.. ഓര്‍ത്തുനോക്ക്‌, അതു ബോംബായിരുന്നെങ്കിലോ?"
“കയ്യില്‍ മരക്കഷ്ണം തറഞ്ഞതില്‍ എന്തിനാണു ദുഃഖം? അതു കണ്ണിലല്ലോ തറച്ചത്!“
“ചമ്മട്ടിപ്രഹരമേല്‍ക്കുമ്പോള്‍ എന്തു ഭാഗ്യം! മുള്‍ക്കമ്പി കൊണ്ടല്ലല്ലോ അടി കൊള്ളുന്നത്.”
“കുതിരയോ മൂട്ടയോ കൃമിയോ പന്നിയോ കരടിയോ ആയില്ലല്ലോ നിങ്ങള്‍, അതില്‍ ആഹ്ലാദിക്കുക!“

-ഇത് ആത്മാനുരാഗിയായ ചിരിയല്ല. ഇരുട്ടു തുഴയുന്ന സമൂഹത്തിന് ഒരാള്‍ പകര്‍ന്നു നല്‍കിയ പ്രസാദാത്മകമായ ആവേഗമാണ്. അതു ചിലര്‍ക്ക് കഴിയും. പ്രതീക്ഷകളെ തളര്‍ത്തുകയല്ല അവരുടെ ഉദ്ദേശ്യം. മുഖത്തു നിന്നും പുഞ്ചിരി മായ്ക്കാതെ, തലയെടുപ്പോടെ നിന്ന് ഒരു രൂപം വിവരിക്കുന്നതത്രയും ദുരന്തകഥകളായിട്ടും നമ്മളില്‍ നിറയുന്നത് വിഷാദബോധമല്ലെങ്കില്‍, വിരാമമില്ലാതെ പ്രവഹിക്കുന്ന വാക്കുകള്‍ക്കിടയിലെവിടെയും അബോധപൂര്‍വം പോലും ഒരു തിരിയും കെട്ടുപോകുന്നില്ല എന്നു നമ്മള്‍ അറിയുന്നുവെങ്കില്‍ അത് നടേ പറഞ്ഞ ആവേഗത്തിന്റെ പ്രസരണത്താല്‍ തന്നെയാവണം. അതെന്റെ മാത്രം തോന്നല്‍.

17 comments:

Harold said...

ലീലാമേനോന് ആയുരാരോഗ്യങ്ങള്‍ നേരുന്നു. ഒപ്പം വെള്ളെഴുത്തിന് അഭിനന്ദനങ്ങളും

ഫസല്‍ ബിനാലി.. said...

kollallo

ദിലീപ് വിശ്വനാഥ് said...

ഇങ്ങനെയൊരു പരിചയപ്പെടുത്തല്‍ വേണ്ടിവന്നു ആ മഹതിയെ അറിയാന്‍.
വള്ളെഴുത്തിനു നന്ദി.

കുറുമാന്‍ said...

ഇങ്ങോട്ടെത്താന്‍ വൈകി.....മാപ്പു നല്‍കുക മഹാ പ്രഭോ.............

ശ്രീ said...

അഭിനന്ദനങ്ങള്‍‌... നന്നായി ഈ പരിചയപ്പെടുത്തല്‍‌...

ലീലാ മേനോന്‍ ആശംസകള്‍‌!
:)

Anonymous said...

ചന്ദ്രമതിയുടെ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' വായിച്ചോ?

വേണു venu said...

വെള്ളെഴുത്തേ,
ആ തോന്നലില്‍‍ തന്നെ ജീവിതം.
കുതിരയോ മൂട്ടയോ കൃമിയോ പന്നിയോ കരടിയോ ആയില്ലല്ലോ നിങ്ങള്‍, അതില്‍ ആഹ്ലാദിക്കുക.
പ്രസാദാത്മകമായ ആവേഗത്തിനു് എന്‍റെ പ്രണാമം.
നന്നായിരിക്കുന്നു മാഷേ.ആശംസകള്‍‍.:)

Pramod.KM said...

ഇഷ്ടമായി ഈ കുറിപ്പ്:)

പ്രയാസി said...

നല്ലൊരു വിവരണം..

വെള്ളെഴുത്ത് said...

തുളസി.. ഞാന്‍ ഒന്നു കൂടി നോക്കി ഇനി മറന്നതാണോ എന്നറിയാന്‍. ഇല്ല ചന്ദ്രമതിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള വായിച്ചിട്ടില്ല. ഒപ്പം അനാഗതശ്മശ്രു,ബ്ലോഗനക്കാര്‍ അത്ര നല്ല വായനക്കാരല്ല എന്നു സ്ഥാപിക്കാനായി പറഞ്ഞ കൊടകരയിലെ ആടുകളും കണ്ടതായി ഓര്‍ക്കുന്നില്ല.
ഇന്നലെ മറ്റൊരാളെ കണ്ടു.. എച്ച് ഐ വി പോസിറ്റീവായ വീണാധാരിയെ. പറഞ്ഞതെല്ലാം കുറച്ചുകൂടി കടും വര്‍ണ്ണത്തില്‍ ആവര്‍ത്തിക്കേണ്ടി വരും, ആ ആത്മവിശ്വാസത്തെയും ഇച്ഛാശക്തിയെയും നാമമാത്രമായെങ്കിലും കോറിയിടാന്‍. ഇന്നത്തെ മനോരമയില്‍ ചെറിയ ഒരു വാര്‍ത്തയായി അതുണ്ട്. (അവര്‍ ചെറിയ വാര്‍ത്തയായാല്‍ മതിയോ?) മംഗലാപുരത്തെ മീഡിയകള്‍ക്ക് അവര്‍ പ്രധാനിയാണ്‍.

സുരേഷ് ഐക്കര said...

വെള്ളെഴുത്തേ,
രചനാശൈലി ഇഷ്ട്മായി.നന്ദി.

Sethunath UN said...

ന‌ന്നായി എഴുതിയിരിയ്ക്കുന്നു. പെരിങ്ങോടന്റെ ബ്ലോഗില്‍നിന്നും എത്തിപ്പെട്ടതാണ്.
എഴുതൂ കൂടുത‌ല്‍

മത്തായി said...

വെള്ളെഴുത്തിന് നന്ദി! ഒരു സംശയം, മലപ്പുറം ജില്ലയിലെ അരുവാക്കോടല്ലെ പ്രസ്തുത ഗ്രാമം?

വെള്ളെഴുത്ത് said...

മത്തായി
തെറ്റെനിക്കു പറ്റിയതാണ്, അവര്‍ അതു കേരളത്തിലാണെന്നു പറഞ്ഞിരുന്നില്ല.പേര്‍ ആദ്യം പറഞ്ഞില്ല പിന്നെ സാന്ദര്‍ഭികമായി പറഞ്ഞതു കേട്ട് ഊഹിച്ചെഴുതിയതാണ്. നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന തന്റേടം കൊണ്ടാണ് തമിഴ്നാടായിരിക്കും എന്നു കരുതിയത് (അതിനൊരു കാരണവുമുണ്ട്). സാമാന്യധാരണകള്‍ വഴിപ്പിഴപ്പിക്കുന്ന ഓരോ രീതികള്..വളരെ നന്ദി. തെറ്റു തിരുത്തിയിട്ടുണ്ട്.

മത്തായി said...

ആദ്യമായി അവരെപ്പറ്റി വായിക്കുന്നതു ഇന്‍ഡ്യ ടുഡെയിലാണ്, 10-12 വര്‍ഷമായിക്കാണും. അരുവാക്കോട്ടെ ജനങ്ങളുടെ കരവിരുതു കാണിക്കുന്ന കുറെ ഫോട്ടോകള്‍ ഒക്കെയായി ഒരു മനോഹര ലേഖനം. മക്കള്‍ പോലും പിമ്പുപണി ചെയ്യുന്ന ഒരു വേശ്യാ ഗ്രാമവും അതിന്റെ ഉയിര്‍ത്തെഴുനേല്‍പും കേരളത്തിനു അന്യമായ കാര്യമായി തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതു ഓര്‍ക്കാതിരിക്കാനാവില്ല. ആരക്കോടെന്നോ മറ്റോ താങ്കള്‍ എഴുതിയപ്പോള്‍ പെട്ടെന്നു കത്തി! അവരുടെ മൊത്തം ജീവിതം പഠനാര്‍ഹമാണ്. അന്നത്തെ രീതി അനുസരിച്ച് പത്തും ടൈപ്പുമായി നാടുവിട്ട ഒരു സാദാ മലയാളി പെങ്കുട്ടിയായിരുന്നു അവരും (എന്റെ ഓര്‍മ ശരിയാണെങ്കില്‍!). ഇങ്ങനെയുള്ള നല്ല ലേഖനങ്ങള്‍ ഇനിയുമുണ്ടാവട്ടെ.

വെള്ളെഴുത്ത് said...

ലീലാമേനോന്റെ പുസ്തകം പ്രസിദ്ധീകരിച്ച കാര്യം പുതിയ മാധ്യമത്തില്‍ കണ്ടു. ‘നിലയ്ക്കാത്ത സിംഫണി’ (“മനുഷ്യജീവിതം ഇങ്ങനെയൊക്കെയാണ് ചെലവഴിക്കേണ്ടതെന്ന് മാതൃക കാട്ടുന്ന ലീലാമേനോന്റെ ആത്മകഥ”)എന്നു പേര്. പ്രസിദ്ധീകരിച്ചത് കറന്റ് ബൂക്സ് തൃശ്ശൂര്‍ വില 175 രൂപ.

Sathees Makkoth | Asha Revamma said...

വെള്ളെഴുത്തിന് നന്ദി.