October 29, 2007

ഏകലോചനം

തോടി ഒരു കുന്തമുനയ്ക്കുമുന്‍പിലായി
ഓടി ഓടി പോകാത്ത സ്ഥലമില്ല

ഇനി ചന്ദ്രന്‍ മാത്രമുണ്ട്
എരിക്കില കാംബോദരിയ്ക്കുമുണ്ട് ഈ ഭാഗ്യം
എങ്കിലും ചെറിയ ലാവണങ്ങള്‍ മാത്രം
കുറെപേര്‍ അറ്റ്ലാന്റിക്കില്‍ വീണു മരവിച്ചു
വേറെകുറേ ശാന്തസമുദ്രം നീന്തി കരപറ്റി
ഏറെപേരും മണല്‍ക്കാട്ടില്‍ പൂവിരിയിക്കയാണ്
പൂവിനു വേരുവന്നോ എന്നു നോക്കും
നട്ടെല്ലിനു വേരുവന്നോ എന്ന്

ഇപ്പോള്‍ അവള്‍ തോടി.
മോങ്ങുന്ന മുഖമുള്ള സാലഭഞ്ജിക
ഒച്ച കനച്ചുപോയിരിക്കുന്നു
എങ്കിലും തോടി തോടി തന്നെയാണല്ലോ.
അവള്‍ ഏഷ്യ വലം വച്ച് ഒരു പൂവ്
യൂറോപ്പില്‍ നമസ്കരിച്ച്
ആസ്ത്രേലിയയ്ക്ക് മെഴുകുതിരി നേര്‍ന്ന്
നേരെ ശബരിമലയ്ക്ക്.
കേറിവരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ
ഇനി അധികം നേരം കളയാതെ പോയാട്ടെ
കണ്ടില്ലേ ഈ പായലൊക്കെ തന്നെയാണ് പരവതാനി
പക്ഷേ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണം
മൂന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും
അങ്ങനെ ചില പടികള്‍ ശരിയല്ല.
ഇറങ്ങുന്നവര്‍ പ്രാര്‍ത്ഥിച്ചു പോവുക
കാണുന്ന വാതിലിലൊന്നും മുട്ടാന്‍ നില്‍ക്കണ്ട.

ഒഴിഞ്ഞ തത്ത ക്കൂ (കൂ?)ടു തൂക്കിയിട്ടിരിക്കുന്ന
വളച്ചു വാതിലിലൂടെ വരുന്നത്
എഴുത്തച്ഛനാവണമെന്നില്ല
പോളവീര്‍ത്ത നെറ്റിക്കണ്ണുമായി ഒരു സിറിഞ്ചാവാം
എലിസബത്ത് നീയും
തോടിയും രക്തവും തമ്മില്‍ എന്തു ചേര്‍ച്ച !
എന്തു ചേര്‍ച്ച?
അരിയില്ല തിരിയില്ല ദുരിതമാണെന്നാലും
പിറന്നൊരൂരില്‍ പോകേണം നീ
ഒന്നും സംഭവിച്ചില്ലാ‍ാ‍ാ‍ാ ” എന്നു ചിരിക്കേണ്ട.
പടികള്‍ ഇനിയുമുണ്ടല്ലോ.
പതിമൂന്ന് അല്ലെങ്കില്‍ പതിനഞ്ച്
അല്ലെങ്കില്‍...
പടിയിറങ്ങുന്നവര്‍ പ്രാര്‍ത്ഥിച്ചു പോകണേ
പടികേറുന്നവര്‍ പ്രാര്‍ത്ഥിച്ചു പോരണേ”

October 27, 2007

ബുള്‍ഡോസറുകളുടെ കാലം


1988-ല്‍ എച്ച് എച്ച് മഹാരാജാസ് എന്നു കൂടി അറിയപ്പെട്ടിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ രണ്ടു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമായിരുന്നു. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കഴിഞ്ഞ് അധിക ദിവസമായിക്കാണില്ല, അതിഭീകരമായ തല്ല് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ നടന്നു. പറഞ്ഞുകേട്ടത് മേല്‍പ്പറഞ്ഞ രണ്ടുകൂട്ടരെ കൂടാതെ മൂന്നാമത്തെ സംഘടന, സംശയിക്കേണ്ട എ ബി വി പി തന്നെ, കോളേജു ക്യാമ്പസ്സില്‍ ഒരു കൊടി ഉയര്‍ത്താന്‍ നടത്തിയ ശ്രമമാണ് അടികലശലില്‍ അവസാനിച്ചത് എന്നാണ്. സര്‍ക്കാര്‍ വക ജനറല്‍ (നാട്ടുഭാഷയില്‍ ജന്നല്‍) ആശുപത്രി വരാന്തയില്‍ മര്‍ദ്ദനവും കല്ലുകൊണ്ടുള്ള എറിയുമേറ്റ വിദ്യാര്‍ത്ഥിനേതാക്കളും പ്രവര്‍ത്തകരും നിരന്നു കിടന്നു. നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് ആശുപത്രി വരാന്ത മുഖരിതമായി.

അത്രതന്നെ. പിന്നെ ആരും കൊടിയുയര്‍ത്താന്‍ തയാറാവാത്തതു കൊണ്ടോ എന്തോ എബിവിപികാര്‍ യൂണിവേഴ്സിറ്റി വളക്കൂറുള്ള മണ്ണല്ല എന്നു മനസിലാക്കി മടങ്ങി. ഒന്നോ രണ്ടോ വര്‍ഷം കൂടി കെ എസ് യു പിടിച്ചു നിന്നു. അതും ഇലക്ഷന്‍ വരുമ്പോള്‍ മാത്രം സജീവമാവുക എന്ന നിശ്ചയം വച്ച്. ഒടുവില്‍ അതും നിന്നു. സമ്പൂര്‍ണ്ണവര്‍ഗരഹിതസമൂഹം യൂണിവേഴ്സിറ്റിയുടെ ചുവന്ന എടുപ്പുകള്‍ക്കുള്ളിലും തുറക്കാത്ത മൂന്നാം മുറിയ്ക്കുള്ളിലും അങ്ങനെ ഒപ്പം പുലര്‍ന്നു. യശഃപ്രാര്‍ത്ഥികളായ എല്ലാവരും ഒഴുക്കിനൊത്തു പങ്കായം പിടിച്ചു. ചിരി പോലും ചുവന്ന നിറത്തിലാക്കി. മത്സരങ്ങളില്‍ പങ്കെടുക്കാനും അദ്ധ്യാപകരെയും ശത്രുക്കളെയും ഒതുക്കാനും കുട്ടിനേതാക്കളുടെ സഹായം കൂടിയേ കഴിയൂ എന്നതാണ് അതിന്റെ ഗുട്ടന്‍സ്. ചില തകരാറു പിടിച്ച നോട്ടങ്ങള്‍ എന്നാലും ഇടയ്ക്കിടയ്ക്കൊക്കെ ഉണ്ടാവുമല്ലോ. അതുകളെ ഒന്നൊഴിയാതെ കാറ്റാടിക്കഴകള്‍ വെട്ടി ചുവന്നഭടന്മാര്‍ ഒതുക്കി. ഇടയ്ക്ക് ഇസ്ലാമിക് ഹിസ്റ്ററിക്കാരായ എം എസ് എഫ് കാര്‍ ചില അസ്വാരസ്യങ്ങളും മുറുമുറുപ്പുമായി രംഗത്തെത്തിയെങ്കിലും വന്മരങ്ങള്‍ക്കു കീഴിലെ സ്വാഭാവിക വിധി അതുകളെയും വരിച്ചു.

ക്യാമ്പസ്സിനകത്ത് സമ്പൂര്‍ണ്ണവിപ്ലവം വിജയിച്ചപ്പോള്‍ ഭടന്മാര്‍ പുറത്തേയ്ക്കു കൂടി അതു വ്യാപിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്താതിരുന്നില്ല. അങ്ങനെയാണ് ഒരു ഹോട്ടലിന്റെ ബോര്‍ഡ് രായ്ക്കുരാമാനം തകര്‍ന്നു പോയത്. (പിരിവു കൊടുക്കാത്തതു കൊണ്ടാണെന്ന് പാഠഭേദം)ബസില്‍ കേശവദാസപുരത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന ബസുകളില്‍, കൈയില്‍ പുസ്തകമുള്ളവരെല്ലാം അടിവാങ്ങിയത്. (കേശവദാസപുരത്തെ എന്‍ എസ് എസിലെ വിദ്യാര്‍ത്ഥികളെല്ലാം എ ബി വി പി കാരാണെന്ന ധാരണയില്‍) പാളയത്തെ അരുണയില്‍ ചായകുടിച്ച് ബില്ലുകൊടുക്കാന്‍ സമയത്ത് സാമി അവിടെ വച്ചിട്ടുള്ള കുങ്കുമത്തില്‍ തൊട്ടുപോയവരെല്ലാം കോളേജിനു മുന്നില്‍ നിന്ന് ഒന്നേ രണ്ടേ എണ്ണി ഏത്തമിട്ടത്.. അതങ്ങനെ നീണ്ടു നീണ്ടു പോകവേയാണ് ഒടുവില്‍ യു ഡി എഫ് സര്‍ക്കാര്‍ പുരാതന കലാലയത്തെ പാകിസ്ഥാനും കിഴക്കന്‍ പാകിസ്ഥാനും പോലെ രണ്ടായി വെട്ടി മുറിച്ച് ഒരു കഷ്ണത്തെ കൊണ്ട് അങ്ങ് ദൂരെ കാര്യവട്ടത്തിട്ടത്. പക്ഷേ എന്തു ഫലം? കാലം നിശ്ചലമല്ലല്ലോ.

എനിക്കൊരു സാനുവിനെ ഓര്‍മ്മ വരുന്നു. എന്‍ എസ് മാധവന്റെ കഥയിലെ കഥാപാത്രം പോലെ മുഖത്ത് മീശയില്ലാത്ത നിഷ്കളങ്കമുഖമുള്ള പൊക്കം കുറഞ്ഞ പയ്യന്‍. വല്ലപ്പോഴുമൊരിക്കല്‍ ക്ലാസ്സില്‍ വരും. ഒരിക്കല്‍ ക്ലാസ്സിലെ കുറേ മര്യാദാരാമന്മാരെ വിളിച്ചു മാറ്റി നിര്‍ത്തി, ഷര്‍ട്ടുപൊക്കി കാണിച്ചു തന്നു. അരയില്‍ കെട്ടി മുറുക്കിവച്ചിരിക്കുന്ന വാളിനിടയില്‍ (ബെല്‍റ്റുവാള്‍)തിരുകി വച്ചിരിക്കുന്നു, പലതരത്തിലുള്ള ആയുധങ്ങള്‍. അതൊക്കെ ഉപയോഗിക്കുന്നതാണെന്നും ഉപയോഗിച്ചിട്ടുള്ളതാണെന്നും ആണയിട്ടുകൊണ്ട് അവന്‍ പറഞ്ഞു തന്നു. അതു പുരോഗമനായുധങ്ങള്‍. ഇതേപോലെ വര്‍ഗീയായുധങ്ങള്‍ ഷര്‍ട്ടിനടിയില്‍ കൊണ്ടു നടന്നിരുന്നു, എന്റെ സ്കൂള്‍ കൂട്ടുകാരന്‍ രാധാകൃഷ്ണന്‍. സംസാരിക്കുമ്പോള്‍ കൊത്തയാണ്. അതിയായി മെലിഞ്ഞ ശരീരം. ഹര്‍ത്താല്‍ ബന്ദ് ദിനങ്ങളില്‍ ഇല്ലാത്ത ആരോഗ്യമുണ്ടാക്കി പ്രവര്‍ത്തന നിരതനാവും. പോലീസു വണ്ടികള്‍ അവനെ കണ്ടാലും നിര്‍ത്താതെ ഓടിച്ചു പോകും എന്നവന് അറിയാം. സംശയിക്കേണ്ട കാര്യമില്ലല്ലോ. ഒരു തട്ടിന് ജീവന്‍ പോകും എന്നു പോലീസുകാര്‍ വിചാരിക്കും. വെറുതെയെന്തിന്... ഊടുവഴികള്‍ കടന്ന് അവനാണ് ബന്ദ് അനുകൂലികള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നതും ആക്ഷന്‍ നടത്തിക്കഴിഞ്ഞശേഷമുള്ള ഉപകരണങ്ങള്‍ ഒളിപ്പിക്കുന്നതും. കഠിനമായ വൃക്കരോഗം വന്ന് അവന്‍ കുറേക്കാലം മുന്‍പ് മരിച്ചു. അനാഥനായി.

കേഡറ്ററി എന്നു നാം മിതപ്പെടുത്തിപ്പറയുന്ന സ്വഭാവമുള്ള രണ്ടു സംഘടനകള്‍ ആയുധപുരകള്‍ പണിഞ്ഞുവച്ചിരുന്ന രണ്ടു പാഴ്‌വസ്തുക്കളെ കുറിച്ചാണ് പറഞ്ഞത്. അതുകൊണ്ട് മൂന്നാം സംഘടന തനി ഗാന്ധിയുടെ അനുയായികളാണെന്ന് സ്വപ്നേപി കരുതിയിട്ടില്ല. ഫാസിസം, ഏതെങ്കിലും ചേരിയില്‍ കയറി നിന്ന് മറ്റൊരിടത്തേയ്ക്ക് ചൂണ്ടിക്കാട്ടി പഠിപ്പിക്കാവുന്ന വസ്തുതയല്ല എന്നു പറയാനാണ് തുടങ്ങിയത്. അതു നമുക്കിടയിലുണ്ട്. വര്‍ഗീയതയില്‍ മാത്രമല്ല, യൂണിഫോം ശരീരത്തിനും മനസ്സിനും കല്‍പ്പിച്ചു കൊടുത്ത് നീട്ടിക്കൊണ്ടു പോകുന്ന ഏതു പ്രത്യയശാസ്ത്രത്തിലും അതുണ്ട്. രാഷ്ട്രീയഫാസിസത്തെ കൂട്ടുപിടിച്ച് വര്‍ഗീയ ഫാസിസത്തെ എതിര്‍ക്കുന്നതിലോ വര്‍ഗീയഫാസിസത്തിന്റെ ചേരിയില്‍ നിന്ന് രാഷ്ട്രീയഫാസിസത്തെ കുറ്റപ്പെടുത്തുന്നതിലോ ഉള്ളത് ഫലത്തില്‍ അധികാരരതിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പുരോഗമനപരമെന്നോ വിപ്ലവാഭിമുഖമെന്നോ ധര്‍മ്മസംസ്ഥാപനമെന്നോ എന്തു പേരിട്ടു വിളിച്ചാലും അതു മാനവികതയില്‍ നിന്ന് ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു എന്ന കാര്യമാണ് ദുഃഖിപ്പിക്കുന്നത്. ക്യാമ്പസുകള്‍ പിടിച്ചടക്കലുകളുടെ കൂത്തരങ്ങാണ് ഇപ്പോഴും. (നടേ പറഞ്ഞ യൂണിവേഴ്സിറ്റി കോളേജ് അടുത്ത കാലത്തുണ്ടാക്കിയ പ്രശ്നങ്ങള്‍ നിരവധിയുണ്ട്, ഒരു കുട്ടിയെ കുനിച്ചു നിര്‍ത്തി ബ്ലെയിഡു കൊണ്ട് രാഷ്ട്രീയം എഴുതിയത്, എം എസ് എഫുകാരെ (എന്‍ ഡി എഫ് എന്നു പാഠഭേദം)ശാരീരികമായി നേരിട്ടതിന്റെ കേസും വഴക്കും പ്രതികാരങ്ങളും ഒത്തുതീര്‍പ്പും, ജനസേവനകേന്ദ്രത്തിലെ ഒരു ജീവനക്കാരനെ ആക്രമിച്ചത്.......) അധികാരമില്ലാതിരിക്കുന്ന വേളയിലേ വിമര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ഉദാരവാക്കുകള്‍ പ്രവഹിക്കുകയുള്ളൂ. അല്ലെങ്കില്‍ ബുള്‍ഡോസറുകളാണ് ഉരുളുക. ഒരു വിമതസ്വരത്തെയും പുറത്തുകേള്‍പ്പിക്കാത്ത വിധത്തില്‍ അത്ര ശക്തമായി.

ഒന്ന് ചുറ്റും നോക്കുക. മാനവീയതയ്ക്കു പകരം ഇടിച്ചു നിരത്തല്‍, ശാസ്ത്രീയമായ സംവാദങ്ങള്ക്കു പകരം വിവാദങ്ങള്‍, ആക്രോശങ്ങള്‍‍, നിരന്തരവിപ്ലവത്തിനു പകരം പരമ വിധേയത്വം. ഫാസിസം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ നേര്‍സാക്ഷ്യങ്ങളല്ല ഇവയെങ്കില്‍ മറ്റെന്താണ്?‍. ഞാനും ഞങ്ങളും മാത്രം ശരി ബാക്കിയെല്ലാം അപകടകരമായ വിധത്തില്‍ തെറ്റും തിന്മയും എന്നൊരു ഭീകരയുക്തി ഭരണത്തോട് അരുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് നല്ല ലക്ഷണമല്ല. പ്രത്യേകിച്ചും ഒരു ജനാധിപത്യവ്യവസ്ഥയില്‍. പക്ഷേ അതു സംഭവിച്ചുകൊണ്ടിരിക്കുന്നു.

അതെ. ചങ്ങനാശേരിയില്‍ നടന്ന ആ കൊലപാതകം തന്നെയാണ് ഇതെല്ലാം ഓര്‍മ്മയില്‍ കൊണ്ടുവന്നത്. പത്രവാര്‍ത്തകളിലൂടെ കടന്നുപോയാല്‍ ഒരു ഭരണകൂടം കഥമെനയുന്നു എന്ന പ്രതീതിയാണുണ്ടാവുക. ആഭ്യന്തരമന്ത്രി, പോലീസ് ഐ ജി, രാഷ്ടീയ നേതാവ് എല്ലാവരും ഒരേ കഥ ആവര്‍ത്തിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് പ്രഖ്യാപിക്കുന്നു. ശരിയായിരിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. എങ്കിലും നിരപരാധികളെ വെടിവച്ചുകൊന്ന് തീവ്രവാദികളാക്കി കെട്ടിച്ചമച്ച ഭരണകൂടങ്ങളെ, കലാപങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുകയും രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ വ്യാജയുദ്ധങ്ങള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്ത ഭരണകൂടങ്ങളെ തിരിച്ചറിഞ്ഞവരുടെ അതേ നീതിബോധം കൊണ്ട് തന്നെ നമുക്ക് ഈ കഥകളെയും പരിശോധിക്കണം. അല്ലെങ്കില്‍ തലയ്ക്കടിയേറ്റു പിന്നെയും മരിക്കും, ഏതുതരം ചേരിയിലുമുള്ള സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ ഉയരേണ്ട നിരോധന ഉത്തരവുകള്‍.

October 24, 2007

അഹോ ഉദഗ്രരമണീയാ പൃഥ്വീ...




‘കൊളംബിയ‘യില്‍ നിന്നും എടുത്ത ഒരു ചിത്രമാണിത്.
യൂറോപ്പും ആഫ്രിക്കയുമാണ് നാം ഇതില്‍ കാണുന്നത്.
സൂര്യന്‍ അസ്തമിക്കുന്നു...
ചിത്രത്തിന്റെ പകുതിയില്‍ രാത്രിയാണ്. തിളങ്ങുന്ന ബിന്ദുക്കള്‍ ഏതൊക്കെയോ
നഗരങ്ങളിലെ വിളക്കുകള്‍. ആഫ്രിക്കയുടെ മുകള്‍ ഭാഗത്ത് പരന്നു കിടക്കുന്നത് സഹാറാ മരുഭൂമി.
വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നത് ഹോളണ്ടിലും പാരിസിലും ബാര്‍സിലോണയിലും.
ഡബ്ലിനിലും ലണ്ടനിലും ലിസ്ബണിലും മാഡ്രിഡിലും വിളക്കുകള്‍ തെളിയാന്‍ സമയമായിട്ടില്ല, അവിടെ ഇപ്പോഴും പകല്‍ കത്തുന്നു.
ഭൂമിയുടെ മറ്റൊരു ഭാഗത്ത് താന്‍ കറുത്തുപോയതറിയാതെ, സൂര്യന്‍ ജിബ്രാള്‍ട്ടറില്‍
തിളങ്ങിക്കൊണ്ടിരിക്കുന്നു. മെഡിറ്ററേനിയന്‍ കടലിനെ ഇരുട്ടു വിഴുങ്ങിക്കഴിഞ്ഞു. അറ്റ്ലാന്റിക്
കടലിന്റെ നടുക്ക് കുറെ കുഞ്ഞുദ്വീപുകള്‍ കാണാം. അല്പം താഴെയായി കാനറി ദ്വീപുകള്‍.
തെക്കോട്ടുമാറി ആഫ്രിക്കയുടെ പടിഞ്ഞാറേ ഭാഗത്ത് വെര്‍ഡെ മുനമ്പ് ദ്വീപുകള്‍.
സഹാറ എത്ര വലുതാണ്‍` എന്ന് ഒറ്റനോട്ടത്തിലറിയാം.
അതിന്റെ ഒരറ്റത്ത് പകലും മറ്റേ അറ്റത്ത് രാത്രി.
ഇടതുഭാഗത്ത് മുകളില്‍ ഗ്രീന്‍ലാന്‍ഡ് മുഴുവന്‍ മഞ്ഞില്‍ മരവിച്ചിരിക്കുന്നു.

എന്തൊരു ചിത്രം!

നിങ്ങളില്‍ ഭൂരിപക്ഷം പേരും കണ്ട ചിത്രമായിരിക്കും ഇത്. എങ്കിലും അടിവരയിടാമല്ലോ. രണ്ടു
കാര്യങ്ങളുണ്ടിതില്‍ ഒന്ന്‌ കൊളംബിയയുടെ ദുരന്തം ഇതിനു നല്‍കുന്ന പരിവേഷം. മരണത്തോട്
എന്നപോലെ ഒരാസക്തി ചിലപ്പോള്‍ വന്നു നിറയുന്നത് സഹജവും നിഹിതവുമായുള്ള
ദുരന്തബോധത്തിന്റെ പ്രേരണയാലാവണം. മനുഷ്യന്‍ മരണാഭിമുഖമായി ചരിക്കുന്ന സത്തയാണെന്നു
പറഞ്ഞ് നിര്‍വചിച്ചു ചിരിച്ച മഹാനു നമസ്കാരം. രണ്ട്, മുകളില്‍ നിന്ന് താഴേയ്ക്കുള്ള നോട്ടം നല്‍കുന്ന ഒരു
ചാരിതാര്‍ത്ഥ്യബോധം. നളിനിയിലെ ദിവാകരന്‍ ഇമ്മാതിരിയൊരു നോട്ടം നോക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ‘ബന്ധവൈഭവത്തിന്റെ” ശേഷിപ്പിനാല്‍ താഴെയിറങ്ങി നളിനിയെ
ആകസ്മികമായി കണ്ടുമുട്ടുന്നതിനു മുന്‍പ്. നളിനിയുടെ ദുരന്തത്തിനു തൊട്ട് മുന്‍പ്. അതിനേക്കാള്‍ എത്ര
ഉയരത്തിലെത്തി നമ്മളിപ്പോള്‍. ഇങ്ങനെയൊരു നോട്ടം സാദ്ധ്യമാക്കി തന്നത് മനുഷ്യന്റെ തന്നെ
ആവിഷ്കാരമായ ശാസ്ത്രത്തിന്റെ നേട്ടമാണെന്നതിനാല്‍ ഈ ‘മേല്‍നോട്ട’ത്തിലെ അഹങ്കാരത്തിന്റെ പങ്ക് ഓരോരുത്തര്‍ക്കും പറ്റികൂടേ?

അതോടൊപ്പം എന്തൊരു നിസ്സാരതാബോധമാണിതുണ്ടാക്കുന്നത്. രാത്രി പകല്‍ എന്നൊക്കെ പറഞ്ഞ്
ആയുസ്സെണ്ണി കലഹിച്ചും വ്യസനിച്ചും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇതാ 600X800 ല്‍
ഒരറ്റത്ത് പകലും മറ്റേയറ്റത്ത് രാത്രിയും.
ഇതാണോ മിസ്റ്റിസിസം?

നോക്കിയിരിക്കെ സിരകളിലൂടെ എന്തോ അരിച്ചു കയറുന്നുണ്ട്.. എന്താണത്?

October 21, 2007

വനവും മൃഗശാലയും


പുഴവക്കത്തെ അത്തിമരത്തില്‍ ഒരു കുരങ്ങന്‍ താമസിച്ചിരുന്നു. അയാള്‍ക്ക് തരത്തിലല്ലാത്ത ഒരു കൂട്ടുകാരനെ കിട്ടി. ഒരു മുതല. മുതലകള്‍ അത്തിപ്പഴവും തിന്നും. അങ്ങനെ കുരങ്ങന്‍ ‘കുളും കുളും’ എന്ന ശബ്ദത്തോടെ മരം കുലുക്കി വെള്ളത്തില്‍ വീഴ്ത്തിക്കൊടുക്കുന്ന ചുവന്ന പഴങ്ങളും തിന്ന് കുരങ്ങന്റെ സരസമായ സംഭാഷണവും കേട്ട് രാത്രി വൈകും മുതല മടയിലെത്താന്‍. അതുകഴിഞ്ഞ് രാത്രി വൈകുവോളം, വൈകുന്നേരത്തെ കൂടിച്ചേരലിന്റെ കഥകള്‍ ഭാര്യയ്ക്ക് വര്‍ണ്ണിച്ചു കൊടുക്കലാണ് മുതലയുടെ ജോലി. കഥകള്‍ കേട്ടു കേട്ട് അത്തിപ്പഴം തിന്ന് തുടുത്ത കുരങ്ങന്റെ ഹൃദയത്തിന് എന്തു രുചിയായിരിക്കും എന്ന നിലയ്ക്ക് അവളുടെ ചിന്ത കാടുകയറി തുടങ്ങി. സുഹൃത്തിനെ വഞ്ചിക്കാന്‍ സാദ്ധ്യമല്ലെന്ന് അയാള്‍ തീര്‍ത്തു പറഞ്ഞതു കൊണ്ട് അവള്‍ക്ക് മാറാരോഗം വന്നു. അവസാനം മനസില്ലാമനസോടെ കുരങ്ങനെ മടയില്‍ കൊണ്ടു വരാം എന്നയാള്‍ ഏറ്റു. ഒരു ദിവസം കുരങ്ങനെ ക്ഷണിച്ച് മുതല വീട്ടില്‍ കൊണ്ടു പോയി. നദിയുടെ മദ്ധ്യത്തില്‍ വച്ച് പശ്ചാത്താപവിവശനായി അയാള്‍ സുഹൃത്തിനോട് സത്യം തുറന്നു പറഞ്ഞു. വിരുന്നല്ല ഉദ്ദേശ്യം. ഭാര്യയ്ക്ക് കുരങ്ങന്റെ ഹൃദയം വേണം, തിന്നാന്‍. അരുംചതിയില്‍ അന്ധാളിച്ചു പോയ കുരങ്ങന്‍ സമനില പെട്ടെന്ന് വീണ്ടെടുത്തു് തന്റെ ഹൃദയം അത്തിമരത്തില്‍ കെട്ടിപ്പൊതിഞ്ഞു വച്ചിരിക്കുകയാണെന്ന കള്ളം പറഞ്ഞു. മണ്ടച്ചാരായ മുതല അതെടുത്തുകൊണ്ടു വരാന്‍ വേണ്ടി കുരങ്ങനെ കരയില്‍ എത്തിച്ചു. കൂട്ടുകാരനെ വഞ്ചിക്കാന്‍ ശ്രമിച്ച മുതലയെ കണക്കിന് കളിയാക്കുകയും തെറി പറയുകയും ചെയ്തിട്ട് കുരങ്ങന്‍ മരത്തില്‍ കയറി മറഞ്ഞു.

ഒരു സൌഹൃദം അതോടെ അവസാനിച്ചു. ഇനി അത്തിപ്പഴങ്ങള്‍ നദിയിലേയ്ക്ക് പൊഴിയില്ല. കുരങ്ങന്റെ തമാശകള്‍ കേട്ട് മുതലയ്ക്ക് പൊട്ടിച്ചിരിക്കാന്‍ കഴിയില്ല. മടയിലെ ഇരുട്ടില്‍ അവയുടെ വിശദാംശങ്ങള്‍ ചോരാതെ ഭാര്യയ്ക്ക് പറഞ്ഞുകൊടുത്ത് രസിപ്പിക്കാന്‍ അയാള്‍ക്ക് കഴിയില്ല.

അന്യാപദേശത്തെമാറ്റി നിര്‍ത്തിയാല്‍ ആദ്യം നമ്മുടെ കണ്ണെത്തുക കുരങ്ങന്റെ ഹൃദയം മരത്തിലാണെന്ന് വിശ്വസിച്ച മുതലച്ചാരുടെ മണ്ടത്തരത്തിലാണ്. ഏതു കൊച്ചുകുട്ടിയ്ക്കുമറിയാം ഹൃദയം അങ്ങനെ മരത്തിലോ മച്ചകത്തോ കെട്ടിത്തൂക്കിയിടാന്‍ പറ്റുന്ന സാധനമല്ലെന്ന്. അതുകൊണ്ട് ചിരിച്ച് ചിരിച്ച് നമ്മള്‍ കുന്തം മറിഞ്ഞു. പക്ഷേ മുതല അത്ര വിഡ്ഢിയായിരുന്നോ? അയാള്‍ സുഹൃത്തിനെ വിശ്വസിക്കുകമാത്രമല്ലേ ചെയ്തത്? കുരങ്ങന്റെ ഹൃദയത്തിന് അത്തിപ്പഴവുമായി ഒരു സമീകരണമുണ്ട്. അത്തിപ്പഴത്തിന്റെ സ്വാദാണ് അതു സ്ഥിരം തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്രയിരട്ടി രുചിയായിരിക്കും എന്ന് മുതലപത്നിയെക്കൊണ്ട് ചിന്തിപ്പിച്ച ഘടകം. അതു ലഭിക്കാനാണ് അവള്‍ ആധി പിടിച്ചത്. അത്തിപ്പഴം മരത്തില്‍ തൂങ്ങി നില്‍ക്കുന്നതു കണ്ടു പരിചയമുള്ള മുതലയ്ക്ക് മര്‍ക്കടഹൃദയം അവയ്ക്കിടയിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കാന്‍ സുഹൃത്തിന്റെ വാക്കിന്റെ ബലം മാത്രം മതി. സത്യത്തില്‍ അയാള്‍ ശുദ്ധനാണ്. ചങ്ങാത്തത്തിന്റെ നൈര്‍മ്മല്യത്തില്‍ അവസാനം വരെയും അയാള്‍ വിശ്വസിച്ചു. അയാളെ ചതിച്ചത് കുരങ്ങനാണ്.

ആണ്‍‌മുതലയില്‍ കാണാത്ത ‘ഹിംസാസ്വഭാവം’ പെണ്‍‌മുതലയില്‍ എവിടുന്നു വന്നു? കുരങ്ങന്‍ വെറും കുരങ്ങനല്ല എന്നും മുതല വെറും മുതലയല്ലെന്നും മനസിലാക്കാന്‍ പ്രയാസപ്പെടാത്ത ആളുകള്‍ അവള്‍ തിന്നണമെന്ന് ആഗ്രഹിച്ച കുരങ്ങന്റെ ഹൃദയം അതു പോലെ അന്യാപദേശരൂപത്തിലുള്ള എന്തെങ്കിലും ആയിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. അത്തിപ്പഴത്തിന്റെ സ്വാദാണ് അവളുടെ ആര്‍ത്തിയെങ്കില്‍ അതിന് അത്തിപ്പഴം തന്നെ ആവോളം തിന്നണം. തിന്നുന്ന ആഹാരം ഹൃദയത്തിനു രുചികൂട്ടും എന്നൊരു നിയമം കാട്ടിലെ മറ്റൊരു കഥയിലുമില്ല. അപ്പോള്‍ അവളാഗ്രഹിച്ചത് അവന്റെ ഹൃദയം തന്നെയായിരുന്നു. മടയിലെ ഇരുട്ടില്‍, ഏകാന്തതയില്‍ ഒരു പക്ഷേ അവളില്‍ സംവേദനത്വത്തിന്റെ ചലനങ്ങളുണ്ടാക്കിയത് കുരങ്ങനെപ്പറ്റി ആണ്‍‌മുതല പറഞ്ഞുകൂട്ടിയ കഥകളായിരിക്കണം. ഹൃദയം പ്രണയത്തിന്റെ ശാശ്വതചിഹ്നമാണ്. (നമുക്ക് മുന കൂര്‍ത്ത അമ്പുകളാവാം, നീ എന്റെ ഹൃദയത്തിലോട്ട്, ഞാന്‍ നിന്റെ ഹൃദയത്തിലോട്ട് ..) അവള്‍, ഭര്‍ത്താവിന്റെ വാക്കുകളിലൂടെ കുരങ്ങനെ പ്രണയിക്കുകയായിരുന്നു എന്നു കരുതുന്നതാണ് ന്യായം. സാധാരണവ്യവഹാരത്തില്‍ തന്നെ ‘മാംസക്കൊതി’യ്ക്ക് ലൈംഗികപരമായ അര്‍ത്ഥമുണ്ട്. മുതലകുടുംബത്തിന്റെ വ്യവഹാര ഘടന നോക്കിയാല്‍ മതി. ഭര്‍ത്താവിനു മാത്രമാണ് സഞ്ചാരസ്വാതന്ത്ര്യം. (എന്തുകൊണ്ട് വൈകുന്നേരത്തെ രസകരമായ കഥകള്‍ കേള്‍ക്കാനും അത്തിപ്പഴം തിന്നാനും അവള്‍ കൂടി പോകുന്നില്ല..?) കുട്ടികള്‍ ഇല്ല. മടയില്‍ ഇരുട്ടില്‍, ഒറ്റയ്ക്ക് അയാളെ കാത്തിരിക്കുകമാത്രമാണ് അവള്‍ക്ക് ആകെ ചെയ്യാനുള്ളത്. അവളുടെ ഭാവനയില്‍ അത്തിപ്പഴങ്ങള്‍ക്കും കഥകള്‍ ചുരക്കുന്ന കുരങ്ങന്റെ ഹൃദയത്തിനും തമ്മില്‍ ആദേശം വന്നത് സ്വാഭാവികം. അടക്കിപ്പിടിച്ച പ്രണയം കത്തിച്ചതാണ് കഥയിലെ മാംസക്കൊതി. അവള്‍ക്ക് വന്ന അസുഖം ഒരു കള്ളനാട്യമാവണമെന്നില്ല. രോഗാതുരമാവുന്ന പ്രണയത്തിന്റെ സാക്ഷ്യമാണത്. വലിപ്പവും അഭിരുചികളും പ്രണയത്തിനു മുന്നില്‍ (ഇവിടെ അത് പെണ്‍‌മുതലയ്ക്കു മാത്രം) തീര്‍ത്തും അപ്രസക്തമായ കാര്യമാണ്. നാം അങ്ങനെയല്ല അതു മനസിലാക്കിയിരിക്കുന്നത് എന്നേയുള്ളൂ. തന്റെ ഭാര്യയുടെ ഉള്ളില്‍ താന്‍ തന്നെ കൊളുത്തിവച്ച കൃഷ്ണഗന്ധക ജ്വാലകള്‍ തിടം വച്ച് പാളുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നുള്ളിടത്ത് ആണ്‍‌മുതല മണ്ടനാവുന്നുണ്ടാവാം. പക്ഷേ അത് നമ്മുടെ മാനദണ്ഡങ്ങള്‍ക്ക് മാത്രം വിധേയമാണ്. ഒരു പക്ഷേ അയാള്‍ നാം വിചാരിക്കുന്നതിനേക്കാള്‍ സാത്വികനും സഹൃദയനുമാണെങ്കിലോ..?

ഈ കഥ നമ്മുടെ അബോധവുമായി സന്ധി ചെയ്യുന്നത് സത്യത്തില്‍ ഒരു ബുദ്ധിമാന്‍, മണ്ടനെ തറപ്പറ്റിച്ചു എന്ന കേവലയുക്തിയിലല്ല. പെണ്‍‌മുതലയുടെ പ്രണയാപേക്ഷയില്‍ നിന്നും അതു നിറവേറ്റിക്കൊടുക്കാന്‍ (അതിനെ വേണമെങ്കില്‍ കാട്ടുനീതിയെന്നു വിളിച്ചോളൂ) വെമ്പിയ ഒരു ഭര്‍ത്താവില്‍ നിന്നും ഓടിപ്പോയ കുരങ്ങന്‍ രക്ഷിച്ചെടുത്തത് ഞാനും നിങ്ങളും ശരി എന്നു വിശ്വസിക്കുന്ന ഒരു സദാചാരവ്യവസ്ഥയെയാണ്. അതുകൊണ്ടാണ് നാം കഥകഴിയുമ്പോഴേയ്ക്കും ദീര്‍ഘശ്വാസം വിടുന്നത്. വിജയിക്കുന്ന മൂല്യസംഹിതക്കാരുടെ പക്ഷം എപ്പോഴും, മറയില്ലാത്ത പ്രണയാപേക്ഷകളെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. സംശയമുണ്ടോ? എന്നാല്‍ നോക്കുക. ശൂര്‍പ്പണഖയുടെ കാതും മൂക്കും ചെത്തിയതിനു പിന്നില്‍ പ്രണയത്തെ ശാസിച്ചൊതുക്കലാണുള്ളത്. താടകയുടെയും രാവണന്റെയും ബാലിയുടെയും (ഒക്കെ മനുഷ്യരെക്കാള്‍ അല്പം താഴെ. രാക്ഷസന്‍ അല്ലെങ്കില്‍ മൃഗം!) കൊലയിലും സദാചാര സംരക്ഷണം നിഹിതമാണ്. സഹജവാസനകള്‍ നഗ്നമായി ആവിഷകരിക്കുന്നതിനെയാണ് നാം ആസുരമെന്നും വന്യമെന്നും വിളിച്ച് മാറ്റി നിര്‍ത്തിയത്. കാലങ്ങള്‍ക്കിപ്പുറം വന്ന് നമ്മുടെ അബോധത്തെ സ്പര്‍ശിക്കുന്ന ഒരു ലളിതയുക്തിയുടെ കഥയില്‍ നാം ഇന്നും കൊണ്ടു നടക്കുന്ന വന്യ/പരിഷ്കൃത -മൂല്യവിവേചനങ്ങളുടെ അടരുകള്‍ മാറ്റമില്ലാതെ തന്നെയുണ്ടെന്നത് അദ്ഭുതകരമല്ലേ?

വാല്‍ക്കഷ്ണം:
ടി പി വിനോദിന്റെ മൃഗശാല രാം മോഹന്റെ യൌവന്യം എന്നിവയിലെ പുതിയ കാടും മൃഗങ്ങളും ഈ രീതിയില്‍ ആലോചിക്കാന്‍ ചില സാദ്ധ്യതകള്‍ നല്‍കുന്നുണ്ടെന്നു തോന്നുന്നു.

October 18, 2007

ഇരുട്ടുകൊണ്ട് വിളക്കു കത്തിക്കാന്‍

കാഴ്ചയില്‍ ലീലാമേനോന്‌ എടുത്തു പറയത്തക്ക അസാധാരണത്വമൊന്നുമില്ല.
മെലിവു കാരണം പൊക്കം അല്പം കൂടും. നീളം കുറഞ്ഞ മുടി. വലിയ വട്ടപ്പൊട്ട്‌. ലേശം ചരിഞ്ഞ്‌ ഏതുസമയത്തും ഇംഗ്ലീഷിലേയ്ക്ക്‌ ഓടികയറുമെന്നു പേടിപ്പിക്കുന്ന സംഭാഷണരീതി. പ്രൊതിമ ബേദിയിലൂടെയും മേരി റോയിയിലൂടെയും ആദ്യകാല മാധവിക്കുട്ടിയിലൂടെയും മലയാളി മദ്ധ്യവര്‍ഗത്തിന്റെ പൊതുബോധത്തിലുറഞ്ഞ എലൈറ്റ്‌ ക്ലാസ്‌ പ്രൗഢിയുള്ള ഒരു മദ്ധ്യവയസ്കയുടെ കൃത്യമായ ഛായ. എന്നാല്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ പദങ്ങളുടെ തിരമുറിയാത്ത പ്രവാഹം അനേകം മുഖങ്ങളെ തനിക്ക് അഭിമുഖമാക്കി നിര്‍ത്തും. വാക്കുകളുടെ അനുസ്യൂതിയ്ക്കൊപ്പം അവരുടെ ശബ്ദത്തില്‍ കൃത്യമായി നമ്മെ ആകര്‍ഷിച്ചു നിര്‍ത്തുന്ന മറ്റൊരു ഘടകം കൂടിയുണ്ട്‌. അത്‌ അതിന്റെ പ്രസാദാത്മകതയാണ്‌. സാധാരണയായി ഒരു പരിധിയ്ക്കപ്പൂറം ശുഭാപ്തികള്‍ വാക്കുകളില്‍ നിറയ്ക്കാന്‍ കഴിയാത്തതരം സാമൂഹിക ഘടനയ്ക്കുള്ളില്‍, അതും ഒരു സ്ത്രീയ്ക്ക്‌, വിഷയം സാമൂഹികമായ തിന്മകള്‍ തന്നെയാവുമ്പോള്‍...നമ്മുടെ നാട്ടില്‍ എന്നല്ല ഒരിടത്തും അധികം പതിവില്ലാത്തതാണത്‌. അദ്ഭുതകരമാണത്‌. സാമൂഹികമായ കൊള്ളരുതായ്മയെപ്പറ്റി സംസാരിക്കുന്നവര്‍ വ്യാകുലമുഖത്തോടെ ഈ വൃത്തികെട്ട ലോകം കുരിശു മുഴുവന്‍ തങ്ങളെ പിടിച്ചേല്‍പ്പിച്ചിരിക്കുന്നു എന്ന മട്ടിലാണ്‌ മിക്കവാറും സംസാരിക്കുക. ഇവിടെ വ്യത്യസ്തമാണ് രീതി.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലെ തുടക്കകാല സ്ത്രീസാന്നിദ്ധ്യങ്ങളിലൊന്നായ ലീലച്ചേച്ചി ക്യാന്‍സറിനെ പിന്മടക്കിയവളും കൂടിയാണ്‌. എണ്‍പതുകളില്‍ നാം കേട്ടുമറന്ന ഒരു കഥയായിരുന്നു അത്‌. 'നിങ്ങള്‍ക്ക്‌ ആറുമാസംകൂടി മാത്രമേ ആയുസുള്ളൂ' എന്ന വൈദ്യശാസ്ത്രത്തിന്റെ തീര്‍പ്പിനെ അംഗീകരിച്ചു കൊണ്ടു തന്നെ അന്ന് നിലവിലുണ്ടായിരുന്ന പ്രാകൃതമായ ചികിത്സാസമ്പ്രദായത്തിന്‌ തന്റെ ശരീരത്തെ വിട്ടുകൊടുത്തത്‌ ഒട്ടും ഭയമില്ലാതെയായിരുന്നു എന്നു പറയുമ്പോള്‍ അതിലൊട്ടും അതിശയോക്തിയില്ല. കീമോതെറാപ്പി 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുമായിരുന്നു അന്ന്. അതു കഴിഞ്ഞാല്‍ അത്രതന്നെ സമയം ഛര്‍ദ്ദിച്ചുകൊണ്ടിരിക്കും. വീണ്ടും ഇഞ്ജെക്ഷന്‍. വീണ്ടും..ആറുമാസത്തെ ആയുസ്സിനു വേണ്ടിയുള്ള പീഡനപര്‍വങ്ങളല്ല, മനസ്സാണ്‌ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌. അല്ലെങ്കില്‍ പതിനാറു വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ആ ആറുമാസത്തെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുന്നതെങ്ങനെ? രോഗശയ്യയില്‍ നിന്നെഴുന്നേറ്റ്‌ നേരെ പോയത്‌ ഒരു കുശവഗ്രാമം മുഴുവന്‍ വേശ്യാവൃത്തിയിലേയ്ക്കു തിരിഞ്ഞതിന്റെ യുക്തിയും സത്യവും തിരയാന്‍. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ അന്നത്തെ ബ്യൂറോ ചീഫ്‌ 'ലഘുവായ'മേറ്റ്ന്തെങ്കിലും ചെയ്യാന്‍ ഉപദേശിച്ചിരുന്നു. ചെയ്യുകയാണെങ്കില്‍ ഇതു തന്നെ എന്നായിരുന്നു ശാഠ്യം. ആ ഫീച്ചര്‍ ചരിത്രപ്രാധാന്യം നേടി. വിദേശ ഏജന്‍സികള്‍ ഗ്രാമത്തെ ദത്തെടുക്കാന്‍ വന്നു. ഇന്നിപ്പോള്‍ ടെറാക്കോട്ട ശില്‍പങ്ങള്‍ കയറ്റിയയക്കുന്നതില്‍ നിന്ന് നല്ല വരുമാനമുണ്ടാക്കാന്‍ അരുവാക്കോടിനു കഴിയുന്നു. അടച്ച വാതിലിനു പുറത്ത്‌ പോലീസു വരുന്നോ എന്നു നോക്കി കാവലിരുന്ന ബാല്യങ്ങളുടെ പിന്മുറ നല്ല സ്കൂളുകളില്‍ പഠിക്കുന്നു.


ക്യാന്‍സറിനെ മാത്രമല്ല ലീലച്ചേച്ചി തോറ്റുമടക്കിയത്‌. പിന്നീടവര്‍ക്ക്‌ ഹൃദയാഘാതം വന്നു. ഹൃദയം തുറന്ന് ശസ്ത്രക്രിയകള്‍ രണ്ടെണ്ണം ചെയ്തു. മുഖത്തെ പേശികള്‍ കോടി പോയി. (മുഖമെല്ലാം കോടി വൃത്തികേടായാല്‍ പിന്നെങ്ങനെ ലീലേ പബ്ലിക്കിനെ ഫേയ്സ്‌ ചെയ്യുന്നത്‌ എന്ന് നൊമ്പരത്തോടെ മാധവിക്കുട്ടി ചോദിച്ചിരുന്നത്രേ) ഹൃദയപൂര്‍വം ചെയ്ത എയിഡ്സ്‌ രോഗിയെക്കുറിച്ചുള്ള സ്റ്റോറി പ്രസിദ്ധീകരിക്കാത്തതിന്റെ പേരില്‍ പിന്നെ 'ഇന്‍ഡ്യന്‍ എക്സ്പ്രസി’നെ കൈവിട്ടു. എങ്കിലും ഒരിക്കലും ആത്മവിശ്വാസം കൈയൊഴിച്ചില്ലെന്നു പുഞ്ചിരിച്ചുകൊണ്ടു തന്നെ അവര്‍ പറയുന്നു. ശരിയാണ്. അധികം നാം ശ്രദ്ധിച്ചില്ലെങ്കിലും ശാരിയുടെയും അനഘയുടെയും ഭാഗധേയങ്ങള്‍ തീരുമാനിച്ചവര്‍ക്കെതിരെയും തോപ്പുംപടിയിലും വിതുരയിലും അവരുടെ ശബ്ദവുമുണ്ടായിരുന്നു. അഭയകേസ് ഉള്‍പ്പടെയുള്ള സ്ത്രീപീഡനവ്യവഹാരങ്ങളില്‍ ഉന്നതാധികാരങ്ങള്‍ പോലും കൈയറച്ചു മാറുന്നതു നാം കണ്ടു. ആ നിര്‍ഭാഗ്യവതികളെപോലെ മാദ്ധ്യമശ്രദ്ധ കിട്ടത്തക്ക വിധത്തില്‍ അങ്ങേയറ്റത്ത്‌ എത്തിപ്പെടാത്ത വേറെയും അനേകങ്ങളുടെ വഴിത്താരയില്‍ ആശ്വാസവും അഭയവുമായി ഇപ്പോഴുമുണ്ട്‌. നിര്‍ഭയത ഒരു രോഗാവസ്ഥയല്ലെന്നും അത്‌ പ്രസാദാത്മകമായ മനസ്സിന്റെ സ്വാഭാവികമായ പരിണതിയാണെന്നും ഒരു വെളിപാടുണ്ടാവുന്നില്ലേ ഇത്തരം ചില ശബ്ദസാന്നിദ്ധ്യങ്ങളില്‍?

ഭയപ്പാട്‌ മാരകരോഗം പോലെ ആവേശിച്ചതും അഴിമതി കൊണ്ട്‌ ജീര്‍ണ്ണിച്ചതും മരവിപ്പുകൊണ്ട്‌ ജീവന്‍ കെട്ടുപോയതുമായ ഒരു സമൂഹത്തിനുള്ളിലിരുന്നു കൊണ്ട്‌ ആന്റണ്‍ ചെഖോവ്‌ (1860-1904) എഴുതി :
" നിങ്ങളുടെ ഒരു പല്ല് വേദനിക്കുന്നോ? ഭാഗ്യം നിങ്ങളുടെ എല്ലാ പല്ലും വേദനിച്ചിരുന്നെങ്കിലോ?"
“ബന്ധുക്കള്‍ എത്തുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, വന്നത് പോലീസുകാരല്ലല്ലോ.”
"കീശയില്‍ കിടന്ന തീപ്പെട്ടി കത്തിയെന്നോ? ഓ.. ഓര്‍ത്തുനോക്ക്‌, അതു ബോംബായിരുന്നെങ്കിലോ?"
“കയ്യില്‍ മരക്കഷ്ണം തറഞ്ഞതില്‍ എന്തിനാണു ദുഃഖം? അതു കണ്ണിലല്ലോ തറച്ചത്!“
“ചമ്മട്ടിപ്രഹരമേല്‍ക്കുമ്പോള്‍ എന്തു ഭാഗ്യം! മുള്‍ക്കമ്പി കൊണ്ടല്ലല്ലോ അടി കൊള്ളുന്നത്.”
“കുതിരയോ മൂട്ടയോ കൃമിയോ പന്നിയോ കരടിയോ ആയില്ലല്ലോ നിങ്ങള്‍, അതില്‍ ആഹ്ലാദിക്കുക!“

-ഇത് ആത്മാനുരാഗിയായ ചിരിയല്ല. ഇരുട്ടു തുഴയുന്ന സമൂഹത്തിന് ഒരാള്‍ പകര്‍ന്നു നല്‍കിയ പ്രസാദാത്മകമായ ആവേഗമാണ്. അതു ചിലര്‍ക്ക് കഴിയും. പ്രതീക്ഷകളെ തളര്‍ത്തുകയല്ല അവരുടെ ഉദ്ദേശ്യം. മുഖത്തു നിന്നും പുഞ്ചിരി മായ്ക്കാതെ, തലയെടുപ്പോടെ നിന്ന് ഒരു രൂപം വിവരിക്കുന്നതത്രയും ദുരന്തകഥകളായിട്ടും നമ്മളില്‍ നിറയുന്നത് വിഷാദബോധമല്ലെങ്കില്‍, വിരാമമില്ലാതെ പ്രവഹിക്കുന്ന വാക്കുകള്‍ക്കിടയിലെവിടെയും അബോധപൂര്‍വം പോലും ഒരു തിരിയും കെട്ടുപോകുന്നില്ല എന്നു നമ്മള്‍ അറിയുന്നുവെങ്കില്‍ അത് നടേ പറഞ്ഞ ആവേഗത്തിന്റെ പ്രസരണത്താല്‍ തന്നെയാവണം. അതെന്റെ മാത്രം തോന്നല്‍.

October 15, 2007

ആലിബാബയും നാല്‍പ്പതുകള്ളന്മാരും പിന്നെ ഗണപതിയും

കൊച്ചിയിലെ മഴവില്ല് എന്ന കുട്ടികളുടെ നാടകസംഘം, ഈദ് ദിവസമായ ഒക്ടോബര്‍ 13-ന് തിരുവനന്തപുരത്ത് സൂര്യാ നാടകോത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടകമാണ്, ‘ആലിബാബയും നാല്പതു കള്ളന്മാരും’. ചന്ദ്രശേഖരകമ്പരുടെ നാടകം മലയാളത്തിലാക്കിയതും സംവിധാനം ചെയ്തതും വിവിധഭാഷകളിലായി മുപ്പതിലധികം നാടകങ്ങള്‍ ചെയ്ത് കൃതഹസ്തനായ ചന്ദ്രപ്രകാശാണ്. വിവിധ ക്ലാസ്സുകളില്‍ പഠിക്കുന്ന നാല്‍പ്പതോളം കുഞ്ഞുകുട്ടികള്‍, അവരുടെ നിറപ്പകിട്ടാര്‍ന്ന വേഷവിതാനങ്ങള്‍, കുട്ടികള്‍ക്ക് സഹജമായ ഓജസ്സും വഴക്കവും, ഓടക്കുഴല്‍, ഡ്രം, എന്നീ വാദ്യോപകരണങ്ങളും ശാസ്ത്രീയവും നാടനും കൂടിക്കലര്‍ന്ന പശ്ചാത്തല സംഗീതം. ഒപ്പം കൊച്ചു വാകളിലെ വലിയ വര്‍ത്തമാനങ്ങള്‍. ഇത്രയും മതി സ്റ്റേജുമാത്രമല്ല കാണികളുടെ കണ്ണും കരളും നിറയാന്‍. പിന്നെ, പാട്ടു പാടുന്ന കഴുതകള്‍. പ്രത്യേകിച്ച് ‘ചെട്ടിക്കുളങ്ങര ഭരണി നാളില്‍‘ പാടുന്ന ആ കുഞ്ഞു പെണ്‍ക്കഴുത. ഗുഹയില്‍ വച്ച് മന്ത്രം മറന്നു പോകുന്ന ആലിബാബയുടെ സഹോദരന്‍ കാസിം ‘സീസേം’ എന്നതിനു പകരം നമ്മെ ചിരിപ്പിച്ചു തല തല്ലിക്കുന്ന പലതും പറഞ്ഞു നോക്കുന്നുണ്ട്. ഒടുവില്‍ ‘സുനാമി‘ വരെ. അങ്ങനെ കാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു തീവണ്ടി പോലെ കമ്പിനു കമ്പിനു ഡയലോഗുകള്‍ ഏതറ്റം വരെ പോയി വന്ന് വര്‍ത്തമാനകാലത്തില്‍ തൊട്ടിട്ട് തിരിച്ചോടുന്നു ! പക്ഷേ ആലോചിക്കാനുള്ളത് മറ്റൊരു കാര്യമാണ്. അതു തന്നെ. ശീര്‍ഷകത്തില്‍ പറഞ്ഞ ആ ഗണപതി.

ഒരു പാത്രത്തില്‍ സംവിധായകന്‍ നല്‍കിയ കുറച്ചു ലഡ്ഡുക്കളും ഗണപതിയുടെ മുഖം മൂടിയുമായി വളരെ മെലിഞ്ഞ ഒരു കുട്ടിയാണ് ആദ്യം വേദിയിലെത്തുന്നത്. നാടകം വിഘ്നം കൂടാതെ അവസാനിക്കാന്‍ സംവിധായകന്റെ ഏര്‍പ്പാടാണിതിക്കെ എന്ന് ‘അദ്ദേഹം‘ പറയുന്നു. ലഡ്ഡു നാടകം കളിക്കുന്ന കുട്ടികള്‍ക്ക് വന്ന് നേദിക്കാനുള്ളതാണ്. നാടകം കഴിഞ്ഞ് കുട്ടികളെല്ലാവരുമായി അതു പങ്കിട്ടെടുക്കണം. അത് കൊള്ളാവുന്ന നയമായി ‘ഗണപതിയ്ക്ക്’ തോന്നുന്നില്ല’ അതുകൊണ്ട് ലഡ്ഡുക്കളെല്ലാമെടുത്ത് അദ്ദേഹം ബനിയനുള്ളില്‍ ഒളിപ്പിച്ചു. പാട്ടുകാര സംഘം വന്നപ്പോള്‍ ലഡ്ഡുകാണാനില്ല. കൂട്ടത്തിലുള്ള പലരെയും സംശയിച്ചു. പക്ഷേ ലഡ്ഡു കിട്ടിയില്ല. പിന്നീട് കള്ളന്മാരുടെ നേതാവാണ് ഗണപതിയെ പിടിച്ചു കുലുക്കി ലഡ്ഡുവെല്ലാം പുറത്തെടുത്തത്. അയാള്‍ ഒരു കള്ളനെ തന്റെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. അങ്ങനെ ഗണപതി കള്ളന്മാരുടെ കൂട്ടത്തിലെത്തുന്നു.

ആയിരത്തിയൊന്ന് രാവുകളിലെ പ്രസിദ്ധമായ കഥ. കഥ നടക്കുന്നത് അറബിനാട്ടില്‍, ഇസ്ലാമിക സമൂഹത്തില്‍. പരമകാരുണികനായ അല്ലാഹു വിചാരിച്ചാല്‍ ഈ ലോകത്തില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്ന സന്ദേശം നല്‍കുന്ന കഥയില്‍ ഗണപതിയുടെ പങ്കെന്താണ്? കുട്ടികളുടെ ഗായകസംഘം ആദ്യം തന്നെ അതിനു മറുപടി പറയുന്നുണ്ട്. “നിങ്ങള്‍ ഇങ്ങനെ വിവാദങ്ങളുമായി വരും എന്നു ഞങ്ങള്‍ക്കറിയാം. നിങ്ങടെ വായടയ്ക്കാന്‍ തന്നെയാണ് ഈ പദ്ധതി.” കുട്ടികല്‍ക്കു വേണ്ടിയാവണം ചില മാറ്റങ്ങള്‍ കഥയില്‍ വരുത്തിയിട്ടുണ്ട്. കാസിം കൊല്ലപ്പെടുന്നില്ല ഇവിടെ. മൃതപ്രായനാവുന്നതേയുള്ളൂ. അയാലെ രക്ഷിച്ചുകൊണ്ട് വന്നിട്ട് ചികിത്സിക്കാനാണ് ‘മാര്‍ജാന’ വൈദ്യനെ കണ്ണുകെട്ടി വീട്ടില്‍ കൊണ്ടു വരുന്നത്. മാര്‍ജാന - ആലിബാബയുടെ ആ അടിമപ്പെണ്ണ് ഇതില്‍ ഒരു മന്ത്രി കുമാരിയാണ്. അവള്‍ കാസിമിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയാണ്. അവളുടെ അച്ഛനെ തസ്കര നേതാവാണ് കൊന്നത്. അത് അവളുടെ ദുരന്തം. കള്ളന്മാരുടെ കൂടെ കൂടിയ ഗണപതി ‘ആലിബാബയുടെ അടിമപ്പെണ്ണ് ‘മാര്‍ജാന’യുടെ മുന്നില്‍ ഗണപതിയായി തന്നെ പ്രത്യക്ഷപ്പെടുന്നത് എണ്ണഭരണിയ്ക്കുള്ളില്‍ നിന്നാണ്. നല്ലമനുഷ്യരെ രക്ഷിക്കാന്‍ ദൈവം എപ്പോഴും എത്തുന്ന കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. ‘ഇവിടെയിരിക്കുന്ന എണ്ണഭരണികളില്‍ ഒന്നില്‍ മാത്രമേയുള്ളൂ എണ്ണ, മറ്റേതിലെല്ലാം കള്ളന്മാരാണ്. ഇനി എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു. എണ്ണ തിളപ്പിച്ച് മാര്‍ജാന ഓരോ ഭരണികളിലായൊഴിച്ച് കള്ളന്മാരെ കൊല്ലുമ്പോള്‍ അവരുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാനായി ചെണ്ട കൊട്ടി ഒച്ച വയ്ക്കുന്നതും ഗണപതിയാണ്. ആലിബാബ്യെയും കുടുംബത്തെയും മാത്രമല്ല, മാര്‍ജാനയുടെ അച്ഛനെക്കൊന്ന് അവളെ അനാഥയാക്കിയവനെ മുച്ചൂടും നശിപ്പിക്കാനും നിമിത്തമാകുന്നത് ഈ ഗണപതിഭഗവനാണ്. അങ്ങനെ കൃത്യസമയത്ത് ഇടപെട്ടുകൊണ്ട് നല്ലവരായ മനുഷ്യരെ ദൈവം രക്ഷിക്കുന്നു. ഭരതവാക്യം ഗണപതിയുടെ വകയാണ്. “കള്ളന്മാരെ ദൈവം ശിക്ഷിക്കുകതന്നെ ചെയ്യും“ അദ്ദേഹം പറയുന്നു - “എന്നാല്‍ ലഡ്ഡു കക്കുന്നവര്‍ക്ക് ചില കണ്‍‌സിഷനൊക്കെയുണ്ട്”.

അഷ്ടിയ്ക്കു വകയില്ലാത്തവനും നല്ലവനുമായ ആലിബാബയ്ക്ക് വിലപ്പെട്ട സമ്പാദ്യം നല്‍കുന്നത് അല്ലാഹുവാണ്. ഏര്‍പ്പെടുന്ന വിഘ്നങ്ങളെ നീക്കിക്കൊടുക്കുന്നത് ഗണപതിയും. സ്റ്റേജില്‍ രണ്ടു വശത്തായി ‘വാങ്കും‘ ഗണപതിസ്തുതിയും നടത്തി ദൈവാരാധനയെ സമന്വയിക്കുകയും ചെയ്യുന്നുണ്ട് സംവിധായകന്‍. അരൂപിയായ ഈശ്വരന്റെ പ്രത്യക്ഷത എന്ന നിലയ്ക്കാണോ ഗണപതി? കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയ്ക്കുള്ള കല്പനകള്‍? (നാടകക്കാരുടേതാണ് ഗണപതി പൂജ, കഥയിലെ പാത്രങ്ങളുടെ അനുഗ്രഹദാതാവ് അല്ലാഹുവും) സാസ്കാരിക പഠനരീതിയനുസരിച്ച് തര്‍ക്കിക്കാന്‍ ഇനി കാര്യങ്ങള്‍ ഏറെയാണ്. ഏകദൈവ വിശ്വാസത്തെയും ബഹുദൈവ വിശ്വാസത്തെയും കൂട്ടിയിണക്കുന്നതിലുള്ള വൈരുദ്ധ്യാത്മക ആത്മീയവാദത്തെ നമുക്ക് നീക്കി നിര്‍ത്താം. കുട്ടികളാടുന്ന ഊഞ്ഞാലിന് യുക്തിയുടെ കയറെന്തിന്? അതിലിരുന്നാടാന്‍ നമുക്ക് തത്ത്വ വിചാരങ്ങളുടെ പലകയെന്തിന്?

October 12, 2007

ആണുങ്ങള്‍ കരയാത്തതെന്ത്?

‘ഗോപീകൃഷ്ണന്റെ ‘കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’ എന്ന കവിതയുടെ കവിതയുടെ പ്രത്യക്ഷ പരിധിയിലെങ്ങും ‘സ്ത്രീ‘ ഇല്ല. എങ്കിലും കവിതയിലെ താരതമ്യം, ലിംഗപരമായ സ്വഭാവവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ശീര്‍ഷകത്തിലെ ‘ആണുങ്ങള്‍’ എന്ന പദം പറഞ്ഞുതരുന്നു. അപരത്തെ മഹത്വവത്കരിക്കുന്നതരം ഘടനയാണ് കവിതയ്ക്കുള്ളത്. പുരുഷനായ കവി പുരുഷസത്തയെ വിമര്‍ശനാത്മകമായി പുനര്‍നിര്‍മ്മിച്ചുകൊണ്ട് സ്ത്രീ എന്താണെന്ന് ചൂണ്ടിത്തരുകയാണ് ചെയ്യുന്നത്. അതു കൊണ്ടാണ് അതീവ ലളിതമായിരിക്കുമ്പോഴും ഈ കവിത ആന്തരികമായി സങ്കീര്‍ണ്ണമാവുന്നത്. ‘അട്ടഹസിക്കുന്ന പുരുഷന്‍’ എന്ന ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ ഉള്ളറകളിലേയ്ക്ക് കണ്ണയയ്ക്കുന്ന കവി പുരുഷന്റെ വിശ്വാസം, അവന്റെ പ്രവൃത്തി, ഉത്പാദനരീതി എന്നിവകളെയാണ് അഴിച്ചെടുക്കലിനു വിധേയമാക്കുന്നത്.

തൊണ്ടയിലെ മുഴ -ആദമിന്റെ ആപ്പിള്‍ എന്ന ആണ്‍ സ്വത്ത്- ഹൃദയമാണെന്ന് അവന്‍ വിശ്വസിക്കുന്നു. ഹൃദയത്തിന്റെ പണി തൊണ്ട ഏറ്റെടുത്തതുകൊണ്ടുള്ള പരിണതിയാണ് ഉച്ചത്തിലുള്ള അലര്‍ച്ചയും അട്ടഹാസവും. വെറുതേ പറയുക, പ്രസംഗിക്കുക, ഉത്കണ്ഠപ്പെടുക, (ലോകത്തെ) മുഷിപ്പിക്കുക, നടിക്കുക ഇതൊക്കെയാണ് ആണിന്റെ മുഖ്യവൃത്തികള്‍. ഹൃദയത്തിന്റെ പങ്ക് ഇവയില്‍ നിന്ന് നീങ്ങിപോയിരിക്കുന്നു. ഒടുക്കം മുതല്‍ അവസാനം വരെ അട്ടഹസിക്കുന്ന നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നായി അവന്റെ ഉത്പ്പന്നങ്ങള്‍ മാറുന്നതും ഹൃദയബന്ധത്തിന്റെ അഭാവം കൊണ്ടാണ്. ‘കരയാത്ത പുരുഷന്‍’ ഹൃദയമില്ലാത്ത ആണായി, ഒച്ചമാത്രമുള്ള ഒരു യാന്ത്രിക വായായി ഈ ലോകത്തെ മുഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് കവിത നമ്മെ അറിയിക്കുന്നു.

ആണിന്റെ തകര്‍ച്ച മറ്റൊരു തരത്തിലും പ്രകടമാവുന്നുണ്ട്. അവന്റെ ആവിഷ്കാരങ്ങളെല്ലാം ഏകതാനങ്ങളായി (നേര്‍ വരയിലൂടെ മാത്രം സഞ്ചരിക്കുന്ന) പോവുകയാണ്. പ്രകടനപരത അതിന്റെ ബാഹ്യസ്വഭാവമായിരിക്കുമ്പോള്‍ തന്നെ ശക്തമായ ആന്തരിക ദുരന്തത്തെ അതു പേറുന്നുണ്ട്. ജീവിതത്വരയും മരണവും ഒന്നുച്ചേര്‍ന്ന് വെളിപ്പെടുന്നു അതില്‍. ‘ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയില്‍ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം‘ എന്ന പഴയ കവിയുടെ പരാമര്‍ശത്തെ പരിഹാസത്തോടെ നോക്കിക്കാണുകയാണിവിടെ. (ആര്‍ത്തനാദം അട്ടഹാസമായി തിരിച്ചറിയപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ വ്യത്യാസം) ഓരോ നിമിഷവും മുന്നേറാന്‍ അതിരുവിട്ട് കൊതിക്കുകയും ഓരോ നിമിഷവും പ്രത്യയശാസ്ത്രപരമായ ആത്മഹത്യകള്‍ക്കു വിധേയമാവുകയും ചെയ്യുന്ന ഒരു ജീവിതം സ്വതവേ ഏറ്റെടുത്ത് ഭംഗിയായി നടിച്ചു തീര്‍ക്കുന്നവരാണ് നാം. ദുരന്തം നിറച്ചുവച്ച ഈ വൈരുദ്ധ്യത്തിന്റെ സ്ഫോടമാണ് അട്ടഹാസം. സ്വയം ന്യായീകരണങ്ങള്‍. പ്രകടനപരതകള്‍, ഇരിക്കപിണ്ഡങ്ങള്‍. അങ്ങനെ തികച്ചും കോമാളിയായി കോടി പോകുന്ന ജീവിതത്തോടുള്ള പരിഹാസമായി മാറുകയാണ് സ്വന്തം അട്ടഹാസം എന്ന കാര്യം ആണുങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നിടത്താണ് ഈ ദുരന്തത്തിന് തീവ്രതയേറുന്നത്.

പെണ്ണുങ്ങള്‍ക്ക് പുരുഷലോകം പരിഹാസത്തോടെ പതിച്ചു കൊടുത്തിരിക്കുന്ന ‘കരച്ചില്‍’ എന്ന ദൌര്‍ബല്യം ആണത്തപ്രതീകമായ ‘അട്ടഹാസം’ പോലെ അത്ര പൊള്ളയല്ലെന്നും അതാണ് കൂടുതല്‍ സ്വാഭാവികവും ഹൃദ്യവുമെന്നും മനസിലാക്കാനാണ് കവിത ആവശ്യപ്പെടുന്നത്. നട്ടുനനയ്ക്കല്‍, ഭക്ഷണം, അലക്ക്, പ്രസവം ഇവയുടെ ചെയ്തിയിലൂടെ ജീവിതത്തെ സര്‍ഗാത്മകമാക്കുന്ന സ്ത്രീയുടെയും അവയെക്കുറിച്ചുള്ള വാചകങ്ങളാല്‍ ലോകത്തെ വിരസമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുന്ന ആണിന്റെയും ചേരികളെ കാട്ടിതന്നുകൊണ്ടാണ് കവിത പുരുഷവിരുദ്ധമായ രാഷ്ട്രീയത്തിലേയ്ക്ക് ചൂണ്ടുന്നത്. ‘അലക്ക്’ എന്ന മറ്റൊരു കവിതയില്‍ ഗോപി എഴുതുന്നു : “അവര്‍ (സ്ത്രീകള്‍) അലക്കുകയായിരുന്നില്ല, വലുതായി വലുതായി മാനത്തോളമെത്തുന്ന ഒരു മുഖം ശബ്ദം കൊണ്ട് വാര്‍ത്തെടുക്കുകയായിരുന്നു. ഒരു പെണ്ണിന്റെ മുഖം. ജാതിയോ മതമോ ഇല്ലാത്തത്. കണ്ണീരിന്റെ തീയുള്ളത്.”അതോടൊപ്പം തൊണ്ടമുഴയുടെ ലിംഗധ്വനിയും ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷനുമാത്രമുള്ള ‘ഉണ്മ’യാണ് ഈ തൊണ്ടമുഴ. അതവന്റെ ആണത്തത്തിന്റെ കൊടിയടയാളവും സ്ത്രീയെ ‘ഇല്ലായ്മയുടെ’ (penis envy) പേരില്‍ അപകര്‍ഷത്തിലേയ്ക്ക് വഴി നടത്താന്‍ പര്യാപ്തവുമായ സംഗതിയാണ്. ആ വിശ്വാസത്തിലാണ് നൂറ്റാണ്ടുകള്‍ പാലത്തിനടിയിലൂടെ വെള്ളമൊഴുക്കിയതും സ്ത്രീയ്ക്കു കാലാകാലം പുതിയ വേലിക്കെട്ടുകള്‍ പണിഞ്ഞുകൊടുത്തതും. ഈ പൊതുബോധത്തെയാണ് കവിത ചോദ്യം ചെയ്തത്. ചുള്ളിക്കാടിന്റെയൊക്കെ കാലം വരെയും പേശി കുലച്ച് എടുത്തു നിര്‍ത്തി ലോകത്തെ പേടിപ്പിച്ച ഈ ആയുധം പൊള്ളയാണെന്ന പുതിയ ജ്ഞാനം, ഒരു അവബോധത്തിന്റെ വഴിവെട്ടലാണ്. അതെങ്ങനെ രൂപപ്പെട്ടു വരുന്നു എന്നത് പുതിയൊരു അന്വേഷണത്തിന്റെ വിഷയമാണ്. സുഭാഷ്‌ചന്ദ്രന്‍‘ആണ്‍‌തരി’ എന്ന കവിതയില്‍ ആണവയവത്തിന്റെ നിസ്സാരതയെ ‘അപ്പെന്‍ഡിക്സു‘ പോലെ നിരര്‍ത്ഥകമായ വളര്‍ച്ചയുമായി സാത്മീകരിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ ആണധികാരത്തിന്റെ തറവാടിത്തഘോഷങ്ങള്‍ പുതിയ കവിത തകര്‍ത്തു ദൂരെയെറിയുന്നു.

October 7, 2007

പച്ചക്കൊടി

2007 സെപ്തംബര്‍ 16-നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ലക്കം29) രണ്ടു കവിതകളുണ്ട്. രണ്ടും ഓരോ മുഴുപേജുകളില്‍ അച്ചടിച്ചിരിക്കുന്നു. തവിട്ടു നിറത്തിലും മങ്ങിയ പച്ചനിറത്തിലുമായി പ്രത്യേക ലേഔട്ടു തന്നെ ഈ കവിതകള്‍ക്കായി മാതൃഭൂമി ഒരുക്കിക്കൊടുത്തു. ആദ്യത്തേത് പി എന്‍ ഗോപീകൃഷ്ണന്റെ ‘കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’ എന്ന കവിത. രണ്ടാമത്തേത് എം എസ് ബനേഷിന്റെ ‘ഹരിതക്കൊടി’. രണ്ടു കവിതകള്‍ക്കും പൊതുവായി പങ്കു വയ്ക്കാന്‍ മറ്റൊന്നു കൂടിയുണ്ടെന്നു കാണാം. അവ രണ്ടും വിമര്‍ശനത്തിനു വിഷയമാക്കുന്നത് പുരുഷലോകത്തെയാണ്. ഗോപീകൃഷ്ണന്റെ കവിത നമ്മുടെ ‘ആണത്ത’ ധാരണകളുടെ മര്‍മ്മത്തിലേയ്ക്കു നോക്കി കറുത്ത ചിരി ചിരിക്കുമ്പോള്‍ ബനേഷ് ആണ്‍ ലൈംഗിക മോഹപ്പകര്‍ച്ചകളുടെ കളകള്‍ക്ക് വിഷപുകയേല്‍പ്പിക്കുകയാണ്. പുരുഷലോകത്തിന്റെ തട്ടകങ്ങളെ കുത്തിയിളക്കുന്നു എന്ന അര്‍ത്ഥത്തില്‍ അവ ആണ്‍ വിരുദ്ധകവിതകളാണ്. ആണുങ്ങള്‍ തന്നെയാണ് കര്‍ത്താക്കള്‍ എന്നുള്ളതുകൊണ്ടും അവയുടെ ആഘാതം പതിവിലേറെ മാരകവുമാണ്.

ലാസ്യം എന്ന സിനിമയുടെ പോസ്റ്ററില്‍ വയറു കാണിച്ചു നില്‍ക്കുന്ന നടി രേഷ്മയുടെ പൊക്കിള്‍ എന്ന ചെറു വായ പറയുന്നതെന്താവാം എന്നാലോചിക്കുകയാണ് ബനേഷിന്റെ കവിത. ബി ഗ്രേഡ് സിനിമകള്‍ ലക്ഷ്യം വയ്ക്കുന്ന വലിയൊരു ‘പുരുഷാരത്തിന്റെ’ ഇക്കിളികളെ പൊതുധാരണയുടെ പിന്നാമ്പുറത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുകയാണ് ഈ കവിത. കൈപ്പിടിയിലൊതുങ്ങുന്നൊരു കിതപ്പിനുള്ളൊരു ഉപകരണം എന്ന നിലയില്‍ നിന്ന് രേഷ്മ ഈ കവിതയില്‍ ഒരു പെണ്ണിന്റെ നിര്‍ഭാഗ്യങ്ങളുടെ പരിസരത്തെ തുറന്നിടുന്നു. അതാകട്ടെ ഇക്കിളി സങ്കല്‍പ്പങ്ങളെ പാടെ നിരാകരിക്കുന്നതരം ബീഭത്സമായൊരു വാസ്തവ ചിത്രീകരണവും. നടിയുടെ വയറിന്റെ പ്രലോഭനീയതയെ, അതിനുള്ളില്‍ കിടന്നു പുളിക്കുന്ന തലേന്ന് അവള്‍ കഴിച്ച ബീഫിലേയ്ക്കും ചാളക്കറിയിലേയ്ക്കും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയെ ഓര്‍മ്മിപ്പിക്കുന്ന മറ്റു പലതിലേയ്ക്കും ശ്രദ്ധ ക്ഷണിച്ച്, റദ്ദ് ചെയ്യുകയാണ് കവി. അവളുടെ ദാരിദ്ര്യത്തിന്റെയും നിവൃത്തികേടിന്റെയും ചിത്രണങ്ങളുമുണ്ട് തുടര്‍ന്ന്. കൌമാരത്തില്‍ അവളെ തൊട്ട ലോലഭാവങ്ങളുടെ ചെറിയ മിന്നായം ഒന്നോരണ്ടോ വരികളില്‍ കാണാം. സെക്കന്‍ഡ് ഹാന്‍ഡ് വെള്ളിയരഞ്ഞാണം കുളി കഴിഞ്ഞ അവളുടെ അരയില്‍ പകര്‍ന്ന അല്പായുസ്സായ ലോഹ തണുപ്പാണ് അതിലൊന്ന്. മറ്റൊന്ന്, ആദ്യത്തെ ഹാഫ് സാരിയുടെ നിഷ്ഠയുള്ള പതുപ്പന്‍ കുത്ത്. ആ ലോലതയത്രയും ഒഴിഞ്ഞുപോയി. പേരറിയാസസ്യത്തിന്റെ ഒരു ഈറന്‍ നാവ് അവളുടെ പൊക്കിളിനു മുന്നില്‍ ഒരു പച്ചക്കൊടി നാട്ടിയിരിക്കുന്നു. ആര്‍ക്കും കടന്നുപോകാം.

ഇപ്പോള്‍ അവളുടെ മൃദുലത വിവൃതമാണ്. പൊക്കിളിനു താഴെ പോലും കുത്താന്‍ വേണ്ടാത്ത മട്ടില്‍ സാരി ജീവിതത്തില്‍ നിന്നേ ഇഴിഞ്ഞു പോയിരിക്കുന്നു. കവി ഉപയോഗിക്കുന്ന മൂന്നുരൂപകങ്ങള്‍ വില്‍പ്പനയ്ക്കു വച്ച ഒരു ജീവിതത്തിന്റെ നാള്‍ വഴിയെ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ്. ‘അരയാലിലയില്‍ നിന്ന് കോളാമ്പി പൂവായും പിന്നെ കോളാമ്പി മൈക്കായും’ പരിണമിക്കുന്ന അവളുടെ പെണ്ണവയവ വര്‍ണ്ണനയില്‍ ആ ഭീകരത മുഴുവനുണ്ട്. പ്രകൃതിശുദ്ധി നഷ്ടപ്പെട്ട അവള്‍ ഇപ്പോള്‍ തുറന്നുവച്ച യാന്ത്രികമായൊരു വായാണ്. ആബാലവൃദ്ധം ഒളിനോട്ടങ്ങള്‍ക്ക് ആശ്രയമായി, മൈദപ്പശയ്ക്കും ശിവകാശിത്തിളക്കങ്ങള്‍ക്കും ഇടയില്‍ ബ്ലൌസും ബ്രായും പാവാടയുമില്ലാതെ ആദി ശിശുവിനെപ്പോലെ അവള്‍ വിരല്‍ചപ്പി കിടക്കുന്നു. അങ്ങനെ വിവൃതയായൊരു സ്ത്രീ സത്തയെ താരാട്ടുവാന്‍ ഒളിഞ്ഞും തെളിഞ്ഞും ആ പോസ്റ്ററിനെ നോക്കി കടന്നു പോകുന്ന ഏതെങ്കിലും വഴിയാത്രകാരന്‍ തയാറാവുമോ എന്ന് ചോദ്യത്തിലുടക്കി കവിത അവസാനിക്കുന്നു.

ഒരു രണ്ടാംകിട സിനിമയുടെ പോസ്റ്ററിനു മുന്നില്‍ നിന്നു കൊണ്ട് കവി നടത്തുന്ന തത്ത്വവിചാരത്തിന് ശങ്കരാചാര്യരോളം പഴക്കമുണ്ട്. ഏറ്റവും പ്രലോഭനീയമായത് ഏറ്റവും അറപ്പുണ്ടാക്കുന്നതു കൂടിയാണെന്ന ആത്മവിചാരം കൂ‍ടിയാണത്. (ബനേഷ് കൊടുങ്ങലൂര്‍ കാവു തീണ്ടലിനെപ്പറ്റി ഡോക്യുമെന്ററി എടുത്ത വ്യക്തിയാണെന്നു കൂടി ഓര്‍ക്കുക.) പ്രത്യേകിച്ചും ഇവിടെ കവി അവസാനം എത്തിച്ചേരുന്ന ‘ആദിശിശു’ സങ്കല്പം കൂടി കണക്കിലെടുക്കുമ്പോള്‍. എന്നാല്‍ പോലും ചിന്തയുടെ അറുപതു ശതമാനവും ലൈംഗികതയും അതുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ ഒഴിയാബാധ പോലെ കൂടെകൊണ്ടു നടക്കുന്ന ഒരു വിഭാഗത്തെകൊണ്ട് സ്ത്രൈണമായ നഗ്നതയ്ക്കു താരാട്ടു പാടിക്കുവാനുള്ള‍ -അച്ഛനായ അമ്മയാക്കുവാനുള്ള/ അമ്മയായ അച്ഛനാക്കുവാനുള്ള - കവിയുടെ അഭിലാഷം വേറിട്ട പ്രതീക്ഷയാണ്. അത് ഒരു സംക്രമണത്തിന്റെ ദിശാസൂചിയാണ്. ആണഭിലാഷങ്ങള്‍ കടുത്ത ആത്മനിന്ദയിലേയ്ക്ക് കൂപ്പുകുത്തിതുടങ്ങുന്നതിന്റെ സൂചനയാണിത്. അതിനു കവിത വിളക്കു പിടിക്കുന്നു. ആത്മനിന്ദയില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി കവിത സ്വയം കണ്ടെത്തുന്നു. ‘ഹരിതകൊടി’ മാറ്റത്തിനുവേണ്ടിയുള്ളതാണ്. ആണുങ്ങള്‍ എങ്ങോട്ടാണ് നീങ്ങേണ്ടത് എന്നതിന്റെ തീര്‍പ്പ് പേരുമാറ്റി മറച്ചു വച്ചിരിക്കുന്ന ഈ ‘പച്ചക്കൊടി‘യിലുണ്ട്. പക്ഷേ അപ്പോഴും അതൊരു പ്രതീക്ഷയായി നിലനില്‍ക്കുന്നു. അതുകൊണ്ടാണ് കവിത ചോദ്യചിഹ്നത്തില്‍ അവസാനിക്കുന്നത്.

ഇനി ഗോപീകൃഷ്ണന്റെ അട്ടഹസിക്കുന്ന ആണുങ്ങളെ പറ്റി...

October 5, 2007

മുലകള്‍


തമിഴ് കവി കുട്ടിരേവതിയുടെ ‘മുലകള്‍’ എന്ന കവിതയ്ക്ക് ടി ഡി രാമകൃഷ്ണന്റേതുള്‍പ്പടെ നിരവധി വിവര്‍ത്തനങ്ങളുണ്ട് മലയാളത്തില്‍. ഇത് എന്റെ വിവര്‍ത്തനം.

മുലകള്‍
-കുട്ടിരേവതി

ചതുപ്പില്‍ നിന്നും ഉയരുന്ന
കുമിളകളാണ്, മുലകള്‍.

കൌമാരത്തിന്റെ വരമ്പില്‍,
മെല്ലെ അവ വിടരുന്നത്
അതിശയത്തോടെയാണ് ഞാന്‍ കാത്തത്.

ആരോടും ഒന്നും മിണ്ടാതെ,
പ്രണയത്തെയും
വ്യസനത്തെയും
ആനന്ദത്തെയും പറ്റി
എന്നോട് മാത്രം എപ്പോഴും പാടുന്നു.

മാറുന്ന ഋതുകാലങ്ങളുടെ വയലിലും
ഉണര്‍ച്ചകള്‍ അവ മറക്കുന്നതേയില്ല.

ഏകാന്തതയില്‍ ഭാവനയുടെ സ്വാതന്ത്ര്യവും
കാമത്തില്‍ സംഗീതത്തിന്റെ ആനന്ദമൂര്‍ച്ഛയുമോര്‍ത്ത്
അവ വിടര്‍ന്നു നില്‍ക്കുന്നു.

മുറുകുന്ന ആശ്ലേഷത്തിലവ‍ സ്നേഹത്തിന്റെ സത്തു കടയുന്നു.
ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാലു പിഴിയുന്നു.

നിറവേല്‍ക്കാത്ത പ്രണയം തുടച്ചകറ്റാനാവാത്തതു പോലെ
രണ്ടു കണ്ണീര്‍ക്കണങ്ങളായി അവ തേങ്ങുന്നു, തുളുമ്പുന്നു.


തമിഴ് അസ്സല്‍ , പിക്ചര്‍ ഫയലാക്കി ഇവിടെ ഇട്ടിട്ടുണ്ട്
http://img186.imagevenue.com/img.php?image=77607_poem_KR-Breasts_122_37lo.JPG

ഗാന്ധിജീ, താങ്കള്‍ക്കും ഞങ്ങള്‍ക്കും തമ്മിലെന്ത്?

2007 ജൂണ്‍ 15ന് ഐക്യരാഷ്ട്രസഭ, ഗാന്ധിജിയുടെ ജന്മദിവസമായ ഒക്ടോബര്‍ 2, രാഷ്ട്രാന്തരീയ അഹിംസാദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. വമ്പിച്ച പിന്തുണയാണ് അംഗരാഷ്ട്രങ്ങളില്‍ നിന്ന് ആ പ്രഖ്യാപനത്തിനു കിട്ടിയത്. അഞ്ചു തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും മുഴുസമയ രാഷ്ട്രീയക്കാരനോ മനുഷ്യാവകാശപ്രവര്‍ത്തകനോ അല്ലെന്ന കാരണത്താല്‍ സമാധാനത്തിനുള്ള പുരസ്കാരം ഗാന്ധിജിയ്ക്കു നല്‍കാന്‍ കഴിയാത്തതില്‍ നോബെല്‍ ഫൌണ്ടേഷന്‍ പശ്ചാത്താപം പ്രകടിപ്പിച്ചു കഴിഞ്ഞു. ആത്മബലത്തിന്റെ മാത്രം പടച്ചട്ടയണിഞ്ഞ ഒരു ദര്‍ശത്തെ, അത് ആര്‍ക്കെതിരെ ആവിഷ്കരിച്ചുവോ ആ രാഷ്ട്രം പോലും അംഗീകരിക്കുന്ന തലത്തിലേയ്ക്ക് വഴി നടത്താന്‍ കഴിഞ്ഞതിന് സര്‍വ ആദരവോടെയും നാം നോക്കേണ്ടത് ഒരാളിനെ മാത്രമാണ്. ഗാന്ധിജിയെ. കാരണം ജീവിതരീതിയായോ രാഷ്ട്രീയായുധമായോ (ഉപവാസത്തിന്റെയും സത്യാഗ്രഹത്തിന്റെയും പേരിലുള്ള ചില രാഷ്ട്രീയ പൊറാട്ടു നാടകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍) സാമൂഹിക വിശകലനത്തിനുള്ള ഉപാധിയായോ ഗാന്ധിയന്‍ പൈതൃകത്തെ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും ഇവിടെ ആരും ഉണ്ടായില്ല. അല്ലെങ്കില്‍ അതിനു ശ്രമിച്ചവര്‍ എവിടെയുമെത്തിയില്ല. ഗാന്ധിയന്‍ ചിന്തകള്‍ പഠിപ്പിക്കാനും അത്യാവശ്യം ഗവേഷണം നടത്താനുമുള്ള വിഷയമായി ലൈബ്രറികളിലെ ഇരുണ്ട മൂലയിരുന്ന് കാറ്റു കൊള്ളുന്നു.

ഇന്നിപ്പോള്‍ ഗാന്ധിയന്‍ മാര്‍ഗങ്ങളെക്കുറിച്ച് പറയുന്നവര്‍ സിംഹവാലന്‍ കുരങ്ങിനെപ്പോലെ മ്യൂസിയം പീസാണെന്നു മനസ്സിലാക്കാന്‍ വേണ്ട പ്രായോഗിക ജ്ഞാനം ഇതെഴുതുന്ന തിരുമണ്ടനായ എനിക്കുമുണ്ട്. പക്ഷേ ജനുവരി മുപ്പത്, ഒക്ടോബര്‍ രണ്ട്, ആഗസ്റ്റ് പതിനഞ്ച് ഈ ദിവസങ്ങള്‍ ‘ഗാന്ധിസ’ത്തെപ്പറ്റി ഒന്നും കേള്‍ക്കാതെ കടന്നു പോകില്ല എന്നുള്ളത് ഒരു നടപ്പുരീതിയായിട്ടുണ്ട്. തെറ്റിദ്ധരിക്കരുത്. വെറും വാചക കസര്‍ത്തുകളാണ് എല്ലാം. ഗാന്ധി എന്ന രണ്ടക്ഷര നാമല്ലാതെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുമായോ, ജീവിതസന്ദേശങ്ങളുമായോ നൂല്‍ബന്ധം പോലും മേല്‍പ്പറഞ്ഞ വാചകങ്ങളിലുണ്ടാവില്ല. ഒരു കര്‍മ്മയോഗിയ്ക്ക് സ്വന്തം നാട്ടില്‍ വന്ന വിപര്യയം. പ്രവൃത്തിയെ പ്രത്യക്ഷദൈവമായി കൊണ്ടു നടന്ന ഒരു മനുഷ്യനെ കാലാകാലം നമ്മുടെ നേതാക്കള്‍ വെളുപ്പിച്ചെടുക്കുന്ന ഒരു രീതിയാണത്.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ സമര്‍പ്പണവും അഹിംസാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തിക്കൊണ്ട് കൃഷിവകുപ്പു മന്ത്രി ശ്രീ മുല്ലക്കര രത്നാകരന്‍ ഗാന്ധിജയന്തി ദിവസം, വെണ്ടാര്‍ ശ്രീ വിദ്യാധിരാജ സ്കൂളില്‍ വച്ച് പറഞ്ഞത് ‘ഗാന്ധിജി ഇന്ത്യയിലെ ഏറ്റവും വലിയ ഹിംസാവാദിയാണെ‘ന്നാണ്. അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു, ക്വിറ്റിന്ത്യാ സമരകാലത്ത് ഗാന്ധിജി മുഴക്കിയ മുദ്രാവാക്യം ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക‘ എന്നാണ്. അതിലുള്ളത് ഹിംസയാണ്’. ഹിംസയും അഹിംസയും നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതു പോലെയാണ് അര്‍ത്ഥങ്ങള്‍ കൈക്കൊള്ളുന്നത് എന്നാണ് മന്ത്രിയുടെ അഭിപ്രായം. എന്താണ് ഹിംസ എന്നതിനെപ്പറ്റി മന്ത്രിയ്ക്ക് ചില നിര്‍വചനങ്ങളുണ്ട്. അമ്മയുടെയോ സഹോദരിയുടെയോ മാനം കവരുമ്പോള്‍ നോക്കിക്കൊണ്ട് നില്‍ക്കുന്നത് ഹിംസയാണ്. സ്വാര്‍ത്ഥതയ്ക്കു വേണ്ടി ആര്‍ത്തി പിടിച്ചു കൊല്ലുന്നത് ഹിംസയാണ്. രാജ്യത്തിനു വേണ്ടി (ശത്രുക്കളെ) കൊല്ലുന്നത് അഹിംസയാണ്. അഹിംസയെന്നാല്‍ അക്രമമില്ലായ്മയല്ല. മന്ത്രി ഒടുവില്‍ ഒരു കാവ്യാത്മകമായ ഒരു പ്രയോഗവും നടത്തി, “ഹിംസയ്ക്കു വേണ്ടി ഗാന്ധിജി ഉപയോഗിച്ച ആയുധമായിരുന്നു അഹിംസ”. ഇത്രയൊക്കെ വച്ച് ‘അഹിംസ’ എന്നതുകൊണ്ട് മന്ത്രി അര്‍ത്ഥമാക്കുന്നതെന്ത് എന്ന് ഒരു കൊച്ചുകുട്ടിയ്ക്കു പോലും മനസ്സിലാവും. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം. പക്ഷേ അത് ഗാന്ധിജിയുടെ തലയില്‍ കൊണ്ട് കെട്ടിയടത്തു നിന്നാണ് നാം നക്ഷത്രമെണ്ണുന്നത്. ‘ഒരു ജനതയുടെ സംസ്കാരപൂര്‍ണ്ണമായ നിലനില്‍പ്പിനെ സംരക്ഷിക്കാനുള്ള സൌന്ദര്യവത്തായ സംവിധാനമാണ് ഇത്‘ എന്നാണ് മന്ത്രിയുടെ അഹിംസാ നിര്‍വചനം. ഗാന്ധിജി അതാണത്രേ ചെയ്തത്. എന്ത്? ദൈവദോഷം പറയരുതല്ലോ ഈ അവസാനം പറഞ്ഞ വാക്യം ഒരക്ഷരം എനിക്കു മനസ്സിലായിട്ടില്ല.

താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി (?) ഒരു ദര്‍ശനത്തെ ഇങ്ങനെ വളച്ചൊടിക്കുന്നതിന്റെ ശരിതെറ്റുകളാണ് എന്നെ അസ്വസ്ഥപ്പെടുത്തുന്നത്. മന്ത്രി പറഞ്ഞ വാചകങ്ങളിലൂടെ കണ്ണോടിക്കുക. രാജ്യത്തിനു വേണ്ടി കൊല്ലാമെങ്കില്‍ (അത് അഹിംസയാണെങ്കില്‍) ബ്രിട്ടീഷുകാര്‍ക്കെതിരെ തോക്കോ കുന്തമോ എടുക്കാമായിരുന്നല്ലോ സാര്‍ എന്നേതെങ്കിലും കുട്ടി ചോദിച്ചിരുന്നെങ്കില്‍ മന്ത്രി എന്തു പറയുമായിരുന്നു എന്ന് ആലോചിച്ചു നോക്കുന്നത് കൌതുകകരമായിരിക്കും. ഏതു ഹിംസയ്ക്കു പിന്നിലും എതിര്‍ഭാഗത്തിന് ഒരു ന്യായീകരണമുണ്ടാവും. സമചിത്തതയില്ലാത്ത ഒരു ഭ്രാന്തന്റെ കൊലപാതകത്തില്‍ പോലും. അപ്പോള്‍ ‘അമ്മപെങ്ങന്മാരുടെ മാനഭംഗ’ ഉദാഹരണത്തിന് അതിവൈകാരികതയില്‍ കവിഞ്ഞ എന്തു അടിത്തറയാണുള്ളത്? അതാണോ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്റെ കാതല്‍? ‘ലക്ഷ്യ‘ത്തെ മാത്രം സാധൂകരിക്കുന്ന നൂറുകണക്കിന് സിദ്ധാന്തങ്ങളില്‍ ഗാന്ധി വേറിട്ടു നില്‍ക്കുന്നത് ‘മാര്‍ഗ‘ത്തിന്റെ ശരികളില്‍ മാത്രം ഊന്നിയതു കൊണ്ടാണ്. ഒരു പ്രായോഗികവാദിയ്ക്ക് അതു മനസ്സിലാക്കാന്‍ പ്രയാസം അനുഭവപ്പെടും. വിട്ടേയ്ക്കുക. മര്‍ദ്ദകനെ, തന്റെ ആത്മബലം കൊണ്ട്, സഹനശക്തികൊണ്ട് സത്യം ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ഗാന്ധി ഉപദര്‍ശിച്ച വഴി ( ആദ്യം ‘സദാഗ്രഹ‘മെന്നും പിന്നെ പേരുമാറ്റി സത്യാഗ്രഹമെന്നും വിളിച്ച സമരമുറയുടെ അടിസ്ഥാനം ആത്യന്തിക സത്യത്തിന്റെ സാക്ഷാത്കാരമാണ്, അത് മറ്റൊരുത്തനെ ബോദ്ധ്യപ്പെടുത്തുന്നതിനോടൊപ്പം സ്വയം കൂടി ബോദ്ധ്യപ്പെടേണ്ടതുണ്ട് !). ചൂഷകന്റെ മാനസിക പരിവര്‍ത്തനത്തിലാണ് ഗാന്ധിജി ഊന്നിയത്. അത് ദൃഢപ്രത്യയമുള്ളവനേ സാദ്ധ്യമാവൂ. അതു കൊണ്ടാണ് ഭീരുവിന് താന്‍ അഹിംസ ഉപദേശിക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞത്. നമ്മുടെ നേതാക്കള്‍ ബോധപൂര്‍വം മറന്നു പോകുന്ന കാര്യം അഹിംസ അധികാരത്തിനുള്ള ആയുധമായിരുന്നില്ല എന്നുള്ളതാണ്. അത് സ്വാതന്ത്ര്യത്തിനുള്ള ഉപകരണവും സത്യം തിരിച്ചറിയാനുള്ള ഏക മാര്‍ഗവുമായിരുന്നു. ‘ഹിംസയും അഹിംസയും നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതു പോലെയാണ് അര്‍ത്ഥങ്ങള്‍ കൈക്കൊള്ളുന്നത്‘ എന്ന് മന്ത്രി പറഞ്ഞത് സ്വയം ന്യായീകരിക്കാനാണെന്ന് വ്യക്തം. അഹിംസ, ഹിംസയ്ക്കുള്ള ഉപകരണമായി മാറുന്നത് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കാണ്, അതങ്ങനെയായിരുന്നില്ല ഗാന്ധിജിയ്ക്ക്. അഹിംസാദിനാചരണവേളകളില്‍, സ്വന്തം ജന്മദിനത്തില്‍ ഇങ്ങനെയൊക്കെ പാവം ഗാന്ധി ‘അഹിംസ’കൊണ്ടു തന്നെ കൊല്ലപ്പെടുന്നുണ്ട്. അതും ഭാവി തലമുറകളുടെ മുന്നില്‍. എന്തൊരു വിധി!

October 1, 2007

തൊട്ടപ്പുറത്തെ ‘വിന്‍ഡോ‘യില്‍

ജാലകവാതിലൂടെ നിങ്ങള്‍ക്ക് എന്തൊക്കെ കാണാം?
കാഴ്ചയുടെയും എത്തിനോട്ടത്തിന്റെയും അതിരുകളെ പ്രശ്നവത്കരിക്കുന്ന ഒരു സിനിമ 1954-ല്‍ പുറത്തിറങ്ങിയിരുന്നു. ഒരു ആക്സിഡന്റില്‍പ്പെട്ട് കാലൊടിഞ്ഞ് ആറാഴ്ച കാലം വിശ്രമിക്കേണ്ടി വരുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ ജെഫ്, തന്റെ ജാലകപ്പഴുതിലൂടെ കാണുന്ന കാര്യങ്ങളാണ് അതിലുള്ളത്. അയാള്‍ അങ്ങനെ വെറുതെ കാണുകയല്ല. കാഴ്ചകള്‍ അയാളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. അയാളുടെ കാഴ്ചയും അത് അയാളുണ്ടാക്കുന്ന പ്രതികരണവും ചേര്‍ത്തു വച്ച് സംവിധായകന്‍ മറ്റൊരു കാഴ്ച നമുക്കായി തീര്‍ക്കുന്നു.

ജെഫിന്റെ നിരീക്ഷണത്തിനു വിധേയരാവുന്നര്‍ പ്രധാനമായും ഇവരാണ്.
1. ശില്പമുണ്ടാക്കുകയും വെയിലുകാഞ്ഞ് ഉറങ്ങുകയും ഒച്ചയെടുക്കുകയും ചെയ്യുന്ന തടിച്ച വിദേശിയായ സ്ത്രീ. അവര്‍ സിനിമ തീരുന്നതു വരെയും ഉദരഭാഗത്തു വലിയൊരു ദ്വാരമുള്ള ശില്പം പൂര്‍ത്തിയാക്കുന്നില്ല.
2. പുതുതായി വിവാഹം കഴിഞ്ഞെത്തിയ ദമ്പതികള്‍. അവരുടെ പ്രണയ പ്രകടനത്തിനിടയ്ക്ക് കൃത്യസമയത്ത് ജാലക കര്‍ട്ടന്‍ വീഴുന്നുണ്ട്. അകത്തെന്താണെന്ന് നമ്മെ ഊഹിക്കാന്‍ വിട്ടുകൊണ്ട്.
3. ഒരു ബാലേ നര്‍ത്തകി. അവള്‍ നൃത്തം ചെയ്തുകൊണ്ട് ദൈനംദിന വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നു. അവള്‍ ഏകാകിയാണ്, കൂട്ടുകാര്‍ക്കിടയിലും.
4. വിഷാദ ഗാനങ്ങള്‍ പിയാനോയില്‍ വായിച്ച് ജീവിതം നീക്കുന്ന ഒരു സംഗീതജ്ഞന്‍. ജെഫിന്റെ കാമുകി അയാള്‍ക്കിത്രയും മനോഹരമായ ഗാനങ്ങള്‍ വായിക്കാന്‍ കഴിയുന്നതെങ്ങനെ എന്നു ചോദിച്ച് ഒരിക്കല്‍ ചിന്താകുലയാവുന്നുണ്ട്.
5. സ്ഥിരമായി ബാല്‍ക്കണിയില്‍ കിടന്നുറങ്ങുന്ന ദമ്പതികള്‍. അവരുടെ ഓമനയായ പട്ടി പ്രധാന കഥാപാത്രമാണ് സിനിമയില്‍.
6. ബന്ധങ്ങളെല്ലാം തകര്‍ന്ന ഒരു സ്ത്രീ. മരിക്കാന്‍ തീരുമാനിച്ച് ഉറക്ക ഗുളികകളുമായി കിടക്കയ്ക്കരികിലിരിക്കുന്ന അവരെ സംഗീതജ്ഞന്റെ പാട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നുണ്ട്.
7. ഒരു സെയില്‍‌സ്‌മാനും അയാളുടെ ക്ഷീണിതയും അവശയുമായ ഭാര്യയും.

സെയില്‍‌സ്‌മാന്റെ ഭാര്യ, ജെഫിന്റെ കാഴ്ചവട്ടത്തുനിന്നും ഇല്ലാതാവുന്നിടത്തു നിന്നാണ് സിനിമയുടെ സസ്പെന്‍സ് ആരംഭിക്കുന്നത്. അയാള്‍ ഭാര്യയെ കൊന്നതാണെന്ന് ജെഫിനുറപ്പുണ്ട്. ആയുധങ്ങള്‍ ന്യൂസ് പേപ്പറുപയോഗിച്ചു പൊതിയുന്നത് ജെഫ് കാണുന്നു. ഉറക്കം വരാതിരുന്ന രാത്രിയില്‍ (മിക്ക രാത്രിയിലും അയാള്‍ക്ക് ഉറക്കമില്ല) വീല്‍ ചെയറില്‍ ഇരുന്ന് ജെഫ്, ഈ സെയില്‍‌സ്‌മാന്‍ പലപ്രാവശ്യം വീടുവിട്ടു പോകുന്നതും തിരിച്ചു വരുന്നതും കാണുന്നു. ജെഫ് പറയുന്നതൊന്നും അയാളുടെ കാമുകിയൊഴിച്ച് മറ്റാരും- കൂട്ടുകാരനായ ഡിക്ടറ്റീവ് പോലും- വിശ്വസിക്കാന്‍ തയാറാകുന്നില്ല. അവസാനം ജെഫിന്റെ കാമുകിയുടെ സാഹസികമായ പ്രവൃത്തിയിലൂടെ സത്യം പുറത്തു വരുന്നു. വില്ലന്റെ മല്‍പ്പിടുത്തത്തില്‍ ജെഫിന്റെ മറ്റേ കാലും ഫ്ലാറ്റില്‍ നിന്നുള്ള വീഴ്ചയില്‍ ഒടിഞ്ഞു. അത്രേയുള്ളൂ. പക്ഷേ കാര്യങ്ങള്‍ ശുഭം. അയാളുടെ ജാലകകാഴ്ചകള്‍ വീണ്ടും നീണ്ടു പോയേക്കുമെന്നുള്ള സൂചനയുണ്ട് ഈ ശുഭത്തില്‍.

ഇന്ന് ഈ സിനിമ കാണുമ്പോള്‍ ഈ ഋജുവും സരളവുമായ കഥാഗതിയ്ക്കപ്പുറം ഈ സിനിമയില്‍ ഒട്ടേറെ ധ്വനികള്‍ ലീനമായിരിക്കുന്നതായി തോന്നുന്നു.
ആശ്ചര്യകരമായ കാര്യം ജെഫിന്റെ കാഴ്ചകളുടെയെല്ലാം അടിസ്ഥാനം സ്ത്രീപുരുഷബന്ധങ്ങളാണ് എന്നുള്ളതാണ്. അവയിലൊന്നുപോലും സന്തോഷകരമല്ല. ജെഫിന്റെ ബന്ധം പോലും. അയാള്‍ക്ക് വിവാഹത്തില്‍ താത്പര്യമില്ല. താന്‍ മിനിമം സൌകര്യങ്ങളില്‍ സംതൃപ്തനാണെന്നാണ് അയാളുടെ വാദം. പെണ്ണിന് അത് സാദ്ധ്യമല്ലത്രേ. ജെഫിലും കാമുകിയിലും അയാളുടെ കാഴ്ചയ്ക്കു കീഴെപ്പെടുന്ന ആളുകളിലുമെല്ലാം ഈ ഒറ്റപ്പെടലിന്റെ ഭാവം തുടിച്ചു നില്‍ക്കുന്നതു കാണാം. ഒറ്റയ്ക്ക് കരയുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന സ്ത്രീയെ നാം കാണുന്നു. ബാലെ നര്‍ത്തകി അനേകം ആളുകളെ ചുംബിക്കുന്നു. അര്‍ദ്ധരാത്രി കൂടെ വന്നവനെ ബലമായി പുറത്തിട്ട് കതകടയ്ക്കുന്നു. അവള്‍ക്ക് ആരില്‍ നിന്നും ശരിയായ സ്നേഹം കിട്ടുന്നില്ല. കര്‍ട്ടണ്‍ മൂടിയ നവവധൂവരന്മാരുടെ ജാലകത്തില്‍ ഇടയ്ക്ക് ഒറ്റയ്ക്ക് സിഗരറ്റു പുകച്ചു നില്‍ക്കുന്ന യുവാവിനെ കാണാം. അയാള്‍ പോലും ഏകാകിയാണ്.

ജെഫിന്റെ കാഴ്ചകള്‍ ഒരു ജാലകത്തിന്റെ ഫ്രെയിം വിട്ട് ഒരിക്കലും പുറത്തു പോകുന്നില്ല. കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ജാലകങ്ങള്‍ കഥ പറയുന്നു. അപ്പോഴും നാം (ജെഫും) അവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നില്ല. അതിനപ്പുറത്തുള്ള കഥ നാം തേടേണ്ടതില്ല. കാഴ്ചകളെല്ലാം ജെഫിന്റെയാണ് അതില്‍ കൂടുതല്‍ നാമൊന്നും കാണുന്നില്ല. ജെഫ് ഉറങ്ങുമ്പോള്‍ ഒരിക്കല്‍ (അപ്പോള്‍ മാത്രം) ക്യാമറ ഒരു ജാലകത്തിലേയ്ക്കു സ്വയം നോക്കുന്നു. അത് ജെഫ് അറിയാത്ത ഒരു കാര്യം നമുക്ക് പറഞ്ഞു തരുന്നു. ഒരു ആകസ്മികത. പിന്നെ അവസാനവും. ജെഫിന്റെ കാമുകി താന്‍ വായിക്കുന്ന പുസ്തകം മാറ്റിയ കാര്യം നമ്മെ അറിയിക്കാന്‍, കാരണം അപ്പോഴും ജെഫ് ഉറങ്ങുകയാണ്.

ഇരുന്നുകൊണ്ട് (അയാള്‍ ഒരിക്കലും കിടന്നുറങ്ങുന്നില്ല) ജെഫ് കാണുന്ന ജാലകക്കാഴ്ചകള്‍ ഒരു ഭാവനാലോകമാണ്. അയാള്‍ തന്റെ കാഴ്ചകളെ ചിന്തകൊണ്ട് പൂരിപ്പിക്കുന്നു. മുഖഭാവം കൊണ്ട് പ്രതികരണക്കുറിപ്പുണ്ടാക്കുന്നു. ഒരു കൊലപാതകത്തിന്റെ നിജസ്ഥിതി നമ്മെ തെര്യപ്പെടുത്താന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയല്ല, ഇതെന്ന് എനിക്കു തോന്നുന്നു. കാലത്തെ കവച്ചുകടന്ന പ്രതിഭാശാലിയുടെ ഭാവന, ചില ദര്‍ശനങ്ങളെ പ്രവാചകസ്വരത്തില്‍ രേഖപ്പെടുത്തുകയായിരുന്നു. നോക്ക്, ഈ കമ്പ്യൂട്ടര്‍ ജാലകത്തിനു മുന്നില്‍ ഇരുട്ടിലിരുന്ന് ഞാന്‍, നിങ്ങളുടെ ജാലകങ്ങള്‍ തീര്‍ത്ത കാഴ്ചകളിലേയ്ക്ക് ഊളിയിടുമ്പോള്‍....ഇത് കാണലിന്റെയും എത്തിനോട്ടത്തിന്റെയും അതിര്‍വരമ്പുകളെ എങ്ങനെ മായ്ക്കുന്നു എന്നു ചിന്തിക്കുകയാണിപ്പോള്‍ ഞാന്‍. കാഴ്ചകള്‍ തേടി നടക്കേണ്ടതില്ലാത്തതു കൊണ്ടാണ് അയാളുടെ കാലുകള്‍ നിശ്ചലമായത്. അവ മുന്നിലെത്തുന്നു.. ഇപ്പോള്‍ എന്റെ മുന്നിലെന്നപോലെ......

സസ്പെന്‍സിന്റെ രാജശില്പി, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത “റെയര്‍ വിന്‍‌ഡോ” യെക്കുറിച്ചാണ് പറഞ്ഞു വന്നത്. കോണല്‍ പോള്‍‌റിച്ചിന്റെ ഒരു ചെറുകഥയെ അവലംബമാക്കി നിര്‍മ്മിച്ചതാണ് സിനിമ എന്നാണ് ടൈറ്റിലില്‍ കാണുക. എന്നാല്‍ സംഗതി അങ്ങനെയല്ല എന്ന് എനിക്കറിയാം..നിങ്ങള്‍ക്കോ?