October 12, 2007

ആണുങ്ങള്‍ കരയാത്തതെന്ത്?

‘ഗോപീകൃഷ്ണന്റെ ‘കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’ എന്ന കവിതയുടെ കവിതയുടെ പ്രത്യക്ഷ പരിധിയിലെങ്ങും ‘സ്ത്രീ‘ ഇല്ല. എങ്കിലും കവിതയിലെ താരതമ്യം, ലിംഗപരമായ സ്വഭാവവിശേഷതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ശീര്‍ഷകത്തിലെ ‘ആണുങ്ങള്‍’ എന്ന പദം പറഞ്ഞുതരുന്നു. അപരത്തെ മഹത്വവത്കരിക്കുന്നതരം ഘടനയാണ് കവിതയ്ക്കുള്ളത്. പുരുഷനായ കവി പുരുഷസത്തയെ വിമര്‍ശനാത്മകമായി പുനര്‍നിര്‍മ്മിച്ചുകൊണ്ട് സ്ത്രീ എന്താണെന്ന് ചൂണ്ടിത്തരുകയാണ് ചെയ്യുന്നത്. അതു കൊണ്ടാണ് അതീവ ലളിതമായിരിക്കുമ്പോഴും ഈ കവിത ആന്തരികമായി സങ്കീര്‍ണ്ണമാവുന്നത്. ‘അട്ടഹസിക്കുന്ന പുരുഷന്‍’ എന്ന ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ ഉള്ളറകളിലേയ്ക്ക് കണ്ണയയ്ക്കുന്ന കവി പുരുഷന്റെ വിശ്വാസം, അവന്റെ പ്രവൃത്തി, ഉത്പാദനരീതി എന്നിവകളെയാണ് അഴിച്ചെടുക്കലിനു വിധേയമാക്കുന്നത്.

തൊണ്ടയിലെ മുഴ -ആദമിന്റെ ആപ്പിള്‍ എന്ന ആണ്‍ സ്വത്ത്- ഹൃദയമാണെന്ന് അവന്‍ വിശ്വസിക്കുന്നു. ഹൃദയത്തിന്റെ പണി തൊണ്ട ഏറ്റെടുത്തതുകൊണ്ടുള്ള പരിണതിയാണ് ഉച്ചത്തിലുള്ള അലര്‍ച്ചയും അട്ടഹാസവും. വെറുതേ പറയുക, പ്രസംഗിക്കുക, ഉത്കണ്ഠപ്പെടുക, (ലോകത്തെ) മുഷിപ്പിക്കുക, നടിക്കുക ഇതൊക്കെയാണ് ആണിന്റെ മുഖ്യവൃത്തികള്‍. ഹൃദയത്തിന്റെ പങ്ക് ഇവയില്‍ നിന്ന് നീങ്ങിപോയിരിക്കുന്നു. ഒടുക്കം മുതല്‍ അവസാനം വരെ അട്ടഹസിക്കുന്ന നേര്‍വരയിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നായി അവന്റെ ഉത്പ്പന്നങ്ങള്‍ മാറുന്നതും ഹൃദയബന്ധത്തിന്റെ അഭാവം കൊണ്ടാണ്. ‘കരയാത്ത പുരുഷന്‍’ ഹൃദയമില്ലാത്ത ആണായി, ഒച്ചമാത്രമുള്ള ഒരു യാന്ത്രിക വായായി ഈ ലോകത്തെ മുഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് കവിത നമ്മെ അറിയിക്കുന്നു.

ആണിന്റെ തകര്‍ച്ച മറ്റൊരു തരത്തിലും പ്രകടമാവുന്നുണ്ട്. അവന്റെ ആവിഷ്കാരങ്ങളെല്ലാം ഏകതാനങ്ങളായി (നേര്‍ വരയിലൂടെ മാത്രം സഞ്ചരിക്കുന്ന) പോവുകയാണ്. പ്രകടനപരത അതിന്റെ ബാഹ്യസ്വഭാവമായിരിക്കുമ്പോള്‍ തന്നെ ശക്തമായ ആന്തരിക ദുരന്തത്തെ അതു പേറുന്നുണ്ട്. ജീവിതത്വരയും മരണവും ഒന്നുച്ചേര്‍ന്ന് വെളിപ്പെടുന്നു അതില്‍. ‘ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയില്‍ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം‘ എന്ന പഴയ കവിയുടെ പരാമര്‍ശത്തെ പരിഹാസത്തോടെ നോക്കിക്കാണുകയാണിവിടെ. (ആര്‍ത്തനാദം അട്ടഹാസമായി തിരിച്ചറിയപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ വ്യത്യാസം) ഓരോ നിമിഷവും മുന്നേറാന്‍ അതിരുവിട്ട് കൊതിക്കുകയും ഓരോ നിമിഷവും പ്രത്യയശാസ്ത്രപരമായ ആത്മഹത്യകള്‍ക്കു വിധേയമാവുകയും ചെയ്യുന്ന ഒരു ജീവിതം സ്വതവേ ഏറ്റെടുത്ത് ഭംഗിയായി നടിച്ചു തീര്‍ക്കുന്നവരാണ് നാം. ദുരന്തം നിറച്ചുവച്ച ഈ വൈരുദ്ധ്യത്തിന്റെ സ്ഫോടമാണ് അട്ടഹാസം. സ്വയം ന്യായീകരണങ്ങള്‍. പ്രകടനപരതകള്‍, ഇരിക്കപിണ്ഡങ്ങള്‍. അങ്ങനെ തികച്ചും കോമാളിയായി കോടി പോകുന്ന ജീവിതത്തോടുള്ള പരിഹാസമായി മാറുകയാണ് സ്വന്തം അട്ടഹാസം എന്ന കാര്യം ആണുങ്ങള്‍ മനസ്സിലാക്കുന്നില്ല എന്നിടത്താണ് ഈ ദുരന്തത്തിന് തീവ്രതയേറുന്നത്.

പെണ്ണുങ്ങള്‍ക്ക് പുരുഷലോകം പരിഹാസത്തോടെ പതിച്ചു കൊടുത്തിരിക്കുന്ന ‘കരച്ചില്‍’ എന്ന ദൌര്‍ബല്യം ആണത്തപ്രതീകമായ ‘അട്ടഹാസം’ പോലെ അത്ര പൊള്ളയല്ലെന്നും അതാണ് കൂടുതല്‍ സ്വാഭാവികവും ഹൃദ്യവുമെന്നും മനസിലാക്കാനാണ് കവിത ആവശ്യപ്പെടുന്നത്. നട്ടുനനയ്ക്കല്‍, ഭക്ഷണം, അലക്ക്, പ്രസവം ഇവയുടെ ചെയ്തിയിലൂടെ ജീവിതത്തെ സര്‍ഗാത്മകമാക്കുന്ന സ്ത്രീയുടെയും അവയെക്കുറിച്ചുള്ള വാചകങ്ങളാല്‍ ലോകത്തെ വിരസമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുന്ന ആണിന്റെയും ചേരികളെ കാട്ടിതന്നുകൊണ്ടാണ് കവിത പുരുഷവിരുദ്ധമായ രാഷ്ട്രീയത്തിലേയ്ക്ക് ചൂണ്ടുന്നത്. ‘അലക്ക്’ എന്ന മറ്റൊരു കവിതയില്‍ ഗോപി എഴുതുന്നു : “അവര്‍ (സ്ത്രീകള്‍) അലക്കുകയായിരുന്നില്ല, വലുതായി വലുതായി മാനത്തോളമെത്തുന്ന ഒരു മുഖം ശബ്ദം കൊണ്ട് വാര്‍ത്തെടുക്കുകയായിരുന്നു. ഒരു പെണ്ണിന്റെ മുഖം. ജാതിയോ മതമോ ഇല്ലാത്തത്. കണ്ണീരിന്റെ തീയുള്ളത്.”അതോടൊപ്പം തൊണ്ടമുഴയുടെ ലിംഗധ്വനിയും ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷനുമാത്രമുള്ള ‘ഉണ്മ’യാണ് ഈ തൊണ്ടമുഴ. അതവന്റെ ആണത്തത്തിന്റെ കൊടിയടയാളവും സ്ത്രീയെ ‘ഇല്ലായ്മയുടെ’ (penis envy) പേരില്‍ അപകര്‍ഷത്തിലേയ്ക്ക് വഴി നടത്താന്‍ പര്യാപ്തവുമായ സംഗതിയാണ്. ആ വിശ്വാസത്തിലാണ് നൂറ്റാണ്ടുകള്‍ പാലത്തിനടിയിലൂടെ വെള്ളമൊഴുക്കിയതും സ്ത്രീയ്ക്കു കാലാകാലം പുതിയ വേലിക്കെട്ടുകള്‍ പണിഞ്ഞുകൊടുത്തതും. ഈ പൊതുബോധത്തെയാണ് കവിത ചോദ്യം ചെയ്തത്. ചുള്ളിക്കാടിന്റെയൊക്കെ കാലം വരെയും പേശി കുലച്ച് എടുത്തു നിര്‍ത്തി ലോകത്തെ പേടിപ്പിച്ച ഈ ആയുധം പൊള്ളയാണെന്ന പുതിയ ജ്ഞാനം, ഒരു അവബോധത്തിന്റെ വഴിവെട്ടലാണ്. അതെങ്ങനെ രൂപപ്പെട്ടു വരുന്നു എന്നത് പുതിയൊരു അന്വേഷണത്തിന്റെ വിഷയമാണ്. സുഭാഷ്‌ചന്ദ്രന്‍‘ആണ്‍‌തരി’ എന്ന കവിതയില്‍ ആണവയവത്തിന്റെ നിസ്സാരതയെ ‘അപ്പെന്‍ഡിക്സു‘ പോലെ നിരര്‍ത്ഥകമായ വളര്‍ച്ചയുമായി സാത്മീകരിക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ ആണധികാരത്തിന്റെ തറവാടിത്തഘോഷങ്ങള്‍ പുതിയ കവിത തകര്‍ത്തു ദൂരെയെറിയുന്നു.

12 comments:

  1. ഗോപീകൃഷ്ണന്റെ ‘കരയുന്നതിനു പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’വും സുഭാഷിന്റെ ‘ആണ്‍‌തരിയും‘

    കാവ്യ
    ത്തിലുണ്ട്.
    പുതുകവിത
    യിലും.

    ReplyDelete
  2. വളരെ നല്ല ലേഖനം. ബ്ലോഗില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല കാവ്യാസ്വാദങ്ങളില്‍ ഒന്നാണിത്.

    ഗോപീകൃഷ്ണന്റെ ‘പറയൂ പരിണാമമേ’ , ‘പുരുഷന്‍’ എന്നീ കവിതകളും ഓര്‍ത്തു ഇതു വായിച്ചപ്പോള്‍ .
    'പറയൂ പരിണാമമേ
    ആണത്തമെന്നാല്‍
    പില്‍ക്കാലം
    ശരീരമായ്‌ സാക്ഷാല്‍കരിച്ച
    ചില വേഷഭൂഷകള്‍ മാത്രമോ?'
    (പറയൂ പരിണാമമേ എന്ന കവിതയില്‍ നിന്ന്)

    കാരണം
    ഞാന്‍ പുരുഷന്‍
    എന്റെ പ്രശ്നം
    അനശ്വരത.
    ഒരു പിടക്കോഴി പോലും
    വെറുമൊരു മുട്ടയിട്ട്‌
    കൊത്തിവിരിയിച്ച്‌
    അതിജീവിക്കുന്ന പ്രശ്നം
    (പുരുഷന്‍ എന്ന കവിതയില്‍ നിന്ന്)

    ആണത്തത്തിന്റെ അര്‍ത്ഥശൂന്യ അതിക്രമങ്ങളെ, അതിലേക്ക് പരിശീലിപ്പിക്കപ്പെടുന്ന ആണ്‍ മനുഷ്യന്റെ സാധ്യതാദാരിദ്ര്യങ്ങളെ കവി അവയുടെ മുഴുവന്‍ സങ്കീര്‍ണ്ണണ്ണതകളോടും കൂടി തൊട്ടിരിക്കുന്നു. അത് താങ്കള്‍ ചേലൊത്ത ഭാഷയില്‍ വികസിപ്പിക്കുകയും...

    ‘തൊണ്ടമുഴ’ കൊണ്ട് കവിതയെ മുഴപ്പിച്ചിരുന്ന മലയാള കവിതയുടെ ആധുനികതാ കാലത്തെയും കവിത കാണിച്ചു തരുന്നുണ്ട്. patriarchy യുടെ ആ എഴുത്ത്കാലത്തെ തീവണ്ടി എന്ന ബിംബത്തില്‍ നിന്ന് നാം വായിക്കുന്നു.

    ഒന്നാന്തരം കാവ്യാസ്വാദന കുറിപ്പിന് മനസ്സുനിറഞ്ഞ അനുമോദനങ്ങള്‍...

    ReplyDelete
  3. പുതുതായി വന്ന കവിതകളില്‍ അത്ര വേഗം പൊലിഞ്ഞു പോവാന്‍ ഇടയില്ലാത്ത ഒന്നാണ് ‘കരയുന്നതിന് പകരം ആണുങ്ങള്‍ അട്ടഹസിക്കുന്നു’ എന്ന കവിത.വായിച്ച അന്നു മുതല്‍ അതെന്നെ ശല്യപ്പെടുത്തുന്നുണ്ട്.

    ലേഖനം നന്നായി.

    ReplyDelete
  4. ഇങ്ങനെ ‘സ്വല്പം ചിന്തിച്ചുകൊണ്ടേയിരിക്കുന്നതിന്’നന്ദി :)

    ReplyDelete
  5. വിനോദ്,
    ഗോപിയുടേത് കാവ്യ വിമര്‍ശനവുമല്ലേ എന്നെഴുതാന്‍ ഞാന്‍ ആദ്യം അല്പമൊന്നറച്ചു..താങ്കളത് നന്നായി വികസിപ്പിച്ചു..പ്രത്യേക നന്ദി. വായിച്ച എന്തിനെയെങ്കിലും പറ്റി അഭിപ്രായം പറഞ്ഞ വഴക്കും വക്കാണവുമായി പിരിയാന്‍ സന്ധ്യയ്ക്ക് കൂട്ടം കൂടിയിരുന്ന ആ കാലം യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്തിറങ്ങിയതോടെ തീര്‍ന്നു എന്ന് ഞാന്‍ വേദനയോടേ ഓര്‍ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ നമുക്കത് തുടരാമല്ലേ....വിഷ്ണു, തുളസി...:)

    ReplyDelete
  6. വെള്ളെഴുത്തേ,
    ഉടല്‍മദ്ധ്യത്തീല്‍ ഒരളവുകോല്‍.
    തൊണ്ടക്കുഴിയില്‍ ഒരാപ്പിള്‍.
    ഇതാണാണിന്റെ പ്രശ്‌നം.

    ReplyDelete
  7. നല്ല ലേഖനം.

    മടുത്തു മടുത്തു ഇരിക്കാതെ പോയി കല്ല്യാണം കഴിക്ക്. അപ്പോള്‍ പണിയാവും.

    ReplyDelete
  8. കവിതയെന്തെന്ന്, അല്ലെങ്കില്‍ കവിതയുടെ അര്‍ത്ഥമെന്തെന്ന് മനസ്സിലാക്കുവാന്‍ ഇത്തരം കീറിമുറിക്കലുകള്‍ സഹായിക്കുന്നു.

    ലേഖനത്തിന് നന്ദി.

    ReplyDelete
  9. വെള്ളെഴുത്തേ,

    ഞങ്ങളുടെ തണുത്തുറഞ്ഞുകിടക്കുന്ന മസ്തിഷ്കശൈലങ്ങള്‍ക്കുള്ളിലേക്ക് നനുനനുത്ത മുനയുള്ള, പൂവന്‍പഴത്തിന്റെ ലാളിത്യമുള്ള, എന്നിട്ടും കിളിക്കണ്ണില്‍ തന്നെ ചേക്കേറുന്ന ഒരു കൂരമ്പു പായിക്കുന്നു നിങ്ങള്‍!


    മുയലിന്റെ അടുത്തേക്കു് ആമയ്ക്കു വഴികാട്ടാന്‍ ചോദിക്കുന്ന, കുട്ടികള്‍ക്കു വേണ്ടിയുള്ള ചിത്രപ്രശ്നങ്ങള്‍ പോലെ, നിങ്ങളുടെ എഴുത്ത് ഞങ്ങളില്‍ തറയ്ക്കുന്നു.

    ഞങ്ങളില്‍ അലിഞ്ഞിറങ്ങുന്നു
    ഞങ്ങളുടെ പുളിച്ച ചോറിന്നകം വേധിച്ച്, സുഖമുള്ള വായനയുടെ ഒരമ്പ് വെണ്ണപോലുരുക്കിക്കുഴമ്പാക്കി ചിന്തയായൂട്ടുന്നു ഞങ്ങളെത്തന്നെ!

    പൊള്ളയല്ലാത്ത ഒരാപ്പിള്‍ ഞങ്ങളുടെ കാതിലേക്ക് അലറിവിളിക്കുന്നു.

    അടച്ചുതുറക്കുമ്പോള്‍ കണ്മുന്നില്‍ തെളിഞ്ഞുവരുന്ന ഈ പൂക്കണിക്കു അപാരമായ നിറവും മണവുമുണ്ട്!

    മഞ്ഞച്ചുരുണ്ട തടിയന്‍ ചില്ലുകള്‍ ഊരിയെറിഞ്ഞ് ഞങ്ങളീ പൊല്‍ക്കാഴ്ച്ക കണ്ടിരുന്നോട്ടെ ഇനി മുഴുവനും!

    ReplyDelete
  10. ഉവ്വ ഇരുന്നോളൂട്ടോ

    പൂരത്തിനാനോളുവരുമ്പം എഴുന്നേറ്റ് മാറിയാ മതി

    ReplyDelete
  11. വെള്ളെഴുത്തേ,
    ഗോപീകൃഷ്ണന്റെ കവിത കാവ്യത്തില്‍ വന്ന സമയത്ത് തന്നെ വായിച്ചിരുന്നു. എനിക്ക് കൂടുതല്‍ താല്പര്യം തോന്നിയത് സുഭാഷ് ചന്ദ്രന്റെ കവിതയോടാണ്. കവിതയില്‍ ‘പൊളിറ്റിക്കല്‍ കറക്ട്‌നെസ്’ അവശ്യമാണോ എന്ന് ചോദിച്ചാല്‍ എന്റെ പക്കല്‍ ഉത്തരമില്ല താനും. രാം മോഹന്റെ ശിക്ഷയും കുറ്റവും എന്ന പോസ്റ്റ് തുടങ്ങുന്നതിങ്ങനെ: “മനുഷ്യര്‍ക്ക് പലപ്പോഴും കുറ്റം ചെയ്യുന്നതിനു മുമ്പേ ശിക്ഷ ലഭിക്കുന്നു ..” ഇവിടെ ‘പലപ്പോഴും’ എന്നിടത്ത് ‘എപ്പോഴും’ എന്നു വന്നാല്‍ വലിയ അര്‍‌ത്ഥവ്യതിയാനം വരുമല്ലോ.

    ReplyDelete
  12. വളരെ നല്ല നിരൂപണം.
    കവിത ഏതെങ്കിലും തരത്തില്‍ ഒരു പുരുഷവിരുദ്ധരാഷ്ട്രീയത്തിന്റെ വക്തവ്യമാണെന്നു തോന്നിയില്ല.നഗ്നമായ ഒരു നോട്ടം തന്നിലേക്കു നോക്കാന്‍ അതു പുരുഷനെ പ്രേരിപ്പിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.അതൊരിക്കലും പുരുഷ വിരുദ്ധമല്ല,യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പുരുഷപക്ഷരാഷ്ട്രീയമല്ലേ.

    ReplyDelete