October 5, 2007

മുലകള്‍


തമിഴ് കവി കുട്ടിരേവതിയുടെ ‘മുലകള്‍’ എന്ന കവിതയ്ക്ക് ടി ഡി രാമകൃഷ്ണന്റേതുള്‍പ്പടെ നിരവധി വിവര്‍ത്തനങ്ങളുണ്ട് മലയാളത്തില്‍. ഇത് എന്റെ വിവര്‍ത്തനം.

മുലകള്‍
-കുട്ടിരേവതി

ചതുപ്പില്‍ നിന്നും ഉയരുന്ന
കുമിളകളാണ്, മുലകള്‍.

കൌമാരത്തിന്റെ വരമ്പില്‍,
മെല്ലെ അവ വിടരുന്നത്
അതിശയത്തോടെയാണ് ഞാന്‍ കാത്തത്.

ആരോടും ഒന്നും മിണ്ടാതെ,
പ്രണയത്തെയും
വ്യസനത്തെയും
ആനന്ദത്തെയും പറ്റി
എന്നോട് മാത്രം എപ്പോഴും പാടുന്നു.

മാറുന്ന ഋതുകാലങ്ങളുടെ വയലിലും
ഉണര്‍ച്ചകള്‍ അവ മറക്കുന്നതേയില്ല.

ഏകാന്തതയില്‍ ഭാവനയുടെ സ്വാതന്ത്ര്യവും
കാമത്തില്‍ സംഗീതത്തിന്റെ ആനന്ദമൂര്‍ച്ഛയുമോര്‍ത്ത്
അവ വിടര്‍ന്നു നില്‍ക്കുന്നു.

മുറുകുന്ന ആശ്ലേഷത്തിലവ‍ സ്നേഹത്തിന്റെ സത്തു കടയുന്നു.
ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാലു പിഴിയുന്നു.

നിറവേല്‍ക്കാത്ത പ്രണയം തുടച്ചകറ്റാനാവാത്തതു പോലെ
രണ്ടു കണ്ണീര്‍ക്കണങ്ങളായി അവ തേങ്ങുന്നു, തുളുമ്പുന്നു.


തമിഴ് അസ്സല്‍ , പിക്ചര്‍ ഫയലാക്കി ഇവിടെ ഇട്ടിട്ടുണ്ട്
http://img186.imagevenue.com/img.php?image=77607_poem_KR-Breasts_122_37lo.JPG

21 comments:

  1. അമേരിക്കന്‍ ചിത്രകാരി ഏരിയല്‍ ചര്‍ണിംഗിന്റെ 'Self Portrait Breasts' ആണ് അനുബന്ധ ചിത്രം.

    ReplyDelete
  2. നന്നായിട്ടുണ്ട്, ഇനിയും വിവര്‍ത്തനങ്ങള്‍ കൂടുതല്‍ വരട്ടേ..

    ReplyDelete
  3. മാഷേ വായിച്ചു... നന്നായിരിക്കണൂ....

    ഇനിയും പോന്നോട്ടേ....
    :)

    ReplyDelete
  4. ഒറിജിനല്‍ വായിച്ചിട്ടില്ല..അതുകൊണ്ട് ഇത് ഒറിജിനല്‍ ആയി കരുതി വായിച്ചു..:)

    തുടരുക...

    ReplyDelete
  5. മലയിടിഞ്ഞാല്‍ നാടിന്നു കേട്
    മുലയിടിഞ്ഞാല്‍ നടിക്കു കേട്
    - കുഞ്ഞുണ്ണി മാഷ്

    ReplyDelete
  6. “ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാലു പിഴിയുന്നു.”

    നന്നായിട്ടുണ്ട്, മാഷേ...
    :)

    ReplyDelete
  7. വെള്ളെഴുത്തേ ഈ പരിഭാഷയും നന്നായിട്ടുണ്ട്.

    ReplyDelete
  8. എന്തൊരു പ്രോത്സാഹനം! കുന്തം വിഴുങ്ങിയ സ്വഭാവമായതു കൊണ്ട് കവിത കൈയ്ക്കിണങ്ങുന്നില്ല. പടപടാന്ന് ഇരിക്കും! ഇവിടെ തന്നെ ഒരു വരി തെറ്റിയ്ക്കുകയും ചെയ്തു.എങ്കിലും എല്ലാവര്‍ക്കും നന്ദി. കിനാവേ ‘ഈ പരിഭാഷയും’എന്നുവച്ചാല്‍ താങ്കള്‍ എന്റെ മറ്റു പരിഭാഷകള്‍ വായിച്ചിട്ടുണ്ടെന്നല്ലേ അര്‍ത്ഥം..? ഇവിടെ ഇത് ആദ്യത്തേതാണ്.. അപ്പോള്‍.. എന്റെ രഹസ്യം പൊളിഞ്ഞോ?

    ReplyDelete
  9. പരിഭാഷ നന്നായിരിക്കുന്നു.ഒര്‍ജിനല്‍ വായിച്ചിട്ടില്ല.

    ReplyDelete
  10. ഇത്,
    ഒരു പെണ്ണിനു മാത്രം പറയാനാവുന്ന വാക്കുകളാണ്
    പകുതിപോലുമാവില്ല ഒരാണ് വായിച്ചെടുക്കുമ്പോള്‍
    എങ്കിലും
    മനോഹരം

    -മുലകുടി മാറാത്ത ഒരുത്തന്‍

    പരിഭാഷക്ക് പ്രത്യേകം നന്ദി

    ReplyDelete
  11. കവിതയുടെ ആശയാം ഇഷ്ടമായി.വിവര്‍ത്തനം നന്നായിരിക്കുന്നു.

    - എന്റെ ഏകാകിതയില്‍ എന്ന പ്രയോഗം ശരിയാണോ ? അതോ എന്റെ ഏകാന്തതയിലോ ?ഒരു സംശയം തോന്നിയതാണ് .

    ReplyDelete
  12. ചോപ്പ്, ഇതു തന്നെ ഞാനിന്നൊരു സ്ത്രീയോടും പറഞ്ഞു പക്ഷേ അവര്‍ക്കത് മനസ്സിലാവുന്നില്ല. മുസാഫിര്‍ അതു തിരുത്തി. ശരിയാണ് ഒരു’എന്റെ‘ ലാഭിച്ചടുക്കാം. എങ്കിലും ഏകാന്തത എന്ന വാക്ക് ഒരുപാട് ഉപയോഗിച്ച് തേഞ്ഞുപോയതാനെന്നൊരു തോന്നല്‍ !

    ReplyDelete
  13. മുലകള്‍ എന്ന ടൈറ്റില്‍ കണ്ടിട്ടു ചാടിവീണതാണ്. വീണത് വെറുതേയായില്ല.
    അസ്സല് കവിത, ആദ്യത്തെ രണ്ട് വരികളൊഴികെ. ഇനിയുമുണ്ടോ പരിഭാഷപ്പെടുത്താന്‍? നേരിട്ടാണോ? ചിത്രവും മനോഹരം.

    ReplyDelete
  14. അനിലേ
    ആദ്യവരികള്‍ സ്വന്തം നിലയ്ക്ക് പരിഭാഷപ്പെടുത്താമോ? അല്ലെങ്കില്‍ കവിയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് മാറ്റിയെഴുതിയാല്..

    ReplyDelete
  15. so nice..........
    . i dont hav malayalam fonts with me...
    vayichappol sangadam thonni !!!
    karanam enikk mulakalillallo?????????

    ReplyDelete
  16. വെള്ളെഴുത്തേ..
    പെട്ടെന്നാ തോന്നിയത്. ചതുപ്പില്‍ എന്നു മതിയായിരുന്നു, ‘നനഞ്ഞ’ ഇല്ലാതെ. ഒന്നുകൂടി ഭംഗിയാകുമായിരുന്നോ?

    ReplyDelete
  17. ദേശാഭിമാനി സ്ത്രീ സപ്ലിമെന്റില്‍ കുട്ടിരേവതിയെക്കുറിച്ച് ഒരു ലേഖനം ഉണ്ട്...ഈ കവിതയുടെ ചില ഭാഗങ്ങളും..ലിങ്ക് ഇവിടെ

    (http://www.deshabhimani.com/specials/sthree/revathi.htm)

    ReplyDelete
  18. അനിലേ അതു തിരുത്തി..
    മൂര്‍ത്തി ആ ലിങ്ക് നന്നായി. ഭാരതീയ കവിതകള്‍ ഇംഗ്ലീഷില്‍ വായിക്കാം..

    ReplyDelete
  19. ഇന്നാണ്‌ ഇവിടെ നീന്തിയെത്തിയത്‌.വെറുതെയായില്ല.

    മനസ്സിലായില്ല എന്ന് പറയാനാണ്‌ മനസ്സ്‌ പറയുന്നത്‌.
    നന്ദി

    ReplyDelete
  20. മുറുകുന്ന ആശ്ലേഷത്തിലവ‍ സ്നേഹത്തിന്റെ സത്തു കടയുന്നു.
    ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാലു പിഴിയുന്നു.
    ---
    നല്ല ഭാഷ.
    തമിഴ് വായിക്കാനറിയില്ല, അല്ലെങ്കിലത് കൂടി വായിക്കണമെന്ന് തോന്നിപ്പോയി.

    വെള്ളെഴുത്തേ, ഭാവുകങ്ങള്‍!

    ReplyDelete
  21. The blog is really good. Thanks for sharing it. english to malayalam typing online

    ReplyDelete