October 3, 2007

ഗാന്ധിജീ, താങ്കള്‍ക്കും ഞങ്ങള്‍ക്കും തമ്മിലെന്ത്?

2007 ജൂണ്‍ 15ന് ഐക്യരാഷ്ട്രസഭ, ഗാന്ധിജിയുടെ ജന്മദിവസമായ ഒക്ടോബര്‍ 2, രാഷ്ട്രാന്തരീയ അഹിംസാദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. വമ്പിച്ച പിന്തുണയാണ് അംഗരാഷ്ട്രങ്ങളില്‍ നിന്ന് ആ പ്രഖ്യാപനത്തിനു കിട്ടിയത്. അഞ്ചു തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നുവെങ്കിലും മുഴുസമയ രാഷ്ട്രീയക്കാരനോ മനുഷ്യാവകാശപ്രവര്‍ത്തകനോ അല്ലെന്ന കാരണത്താല്‍ സമാധാനത്തിനുള്ള പുരസ്കാരം ഗാന്ധിജിയ്ക്കു നല്‍കാന്‍ കഴിയാത്തതില്‍ നോബെല്‍ ഫൌണ്ടേഷന്‍ പശ്ചാത്താപം പ്രകടിപ്പിച്ചു കഴിഞ്ഞു. ആത്മബലത്തിന്റെ മാത്രം പടച്ചട്ടയണിഞ്ഞ ഒരു ദര്‍ശത്തെ, അത് ആര്‍ക്കെതിരെ ആവിഷ്കരിച്ചുവോ ആ രാഷ്ട്രം പോലും അംഗീകരിക്കുന്ന തലത്തിലേയ്ക്ക് വഴി നടത്താന്‍ കഴിഞ്ഞതിന് സര്‍വ ആദരവോടെയും നാം നോക്കേണ്ടത് ഒരാളിനെ മാത്രമാണ്. ഗാന്ധിജിയെ. കാരണം ജീവിതരീതിയായോ രാഷ്ട്രീയായുധമായോ (ഉപവാസത്തിന്റെയും സത്യാഗ്രഹത്തിന്റെയും പേരിലുള്ള ചില രാഷ്ട്രീയ പൊറാട്ടു നാടകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍) സാമൂഹിക വിശകലനത്തിനുള്ള ഉപാധിയായോ ഗാന്ധിയന്‍ പൈതൃകത്തെ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും ഇവിടെ ആരും ഉണ്ടായില്ല. അല്ലെങ്കില്‍ അതിനു ശ്രമിച്ചവര്‍ എവിടെയുമെത്തിയില്ല. ഗാന്ധിയന്‍ ചിന്തകള്‍ പഠിപ്പിക്കാനും അത്യാവശ്യം ഗവേഷണം നടത്താനുമുള്ള വിഷയമായി ലൈബ്രറികളിലെ ഇരുണ്ട മൂലയിരുന്ന് കാറ്റു കൊള്ളുന്നു.

ഇന്നിപ്പോള്‍ ഗാന്ധിയന്‍ മാര്‍ഗങ്ങളെക്കുറിച്ച് പറയുന്നവര്‍ സിംഹവാലന്‍ കുരങ്ങിനെപ്പോലെ മ്യൂസിയം പീസാണെന്നു മനസ്സിലാക്കാന്‍ വേണ്ട പ്രായോഗിക ജ്ഞാനം ഇതെഴുതുന്ന തിരുമണ്ടനായ എനിക്കുമുണ്ട്. പക്ഷേ ജനുവരി മുപ്പത്, ഒക്ടോബര്‍ രണ്ട്, ആഗസ്റ്റ് പതിനഞ്ച് ഈ ദിവസങ്ങള്‍ ‘ഗാന്ധിസ’ത്തെപ്പറ്റി ഒന്നും കേള്‍ക്കാതെ കടന്നു പോകില്ല എന്നുള്ളത് ഒരു നടപ്പുരീതിയായിട്ടുണ്ട്. തെറ്റിദ്ധരിക്കരുത്. വെറും വാചക കസര്‍ത്തുകളാണ് എല്ലാം. ഗാന്ധി എന്ന രണ്ടക്ഷര നാമല്ലാതെ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുമായോ, ജീവിതസന്ദേശങ്ങളുമായോ നൂല്‍ബന്ധം പോലും മേല്‍പ്പറഞ്ഞ വാചകങ്ങളിലുണ്ടാവില്ല. ഒരു കര്‍മ്മയോഗിയ്ക്ക് സ്വന്തം നാട്ടില്‍ വന്ന വിപര്യയം. പ്രവൃത്തിയെ പ്രത്യക്ഷദൈവമായി കൊണ്ടു നടന്ന ഒരു മനുഷ്യനെ കാലാകാലം നമ്മുടെ നേതാക്കള്‍ വെളുപ്പിച്ചെടുക്കുന്ന ഒരു രീതിയാണത്.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ സമര്‍പ്പണവും അഹിംസാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തിക്കൊണ്ട് കൃഷിവകുപ്പു മന്ത്രി ശ്രീ മുല്ലക്കര രത്നാകരന്‍ ഗാന്ധിജയന്തി ദിവസം, വെണ്ടാര്‍ ശ്രീ വിദ്യാധിരാജ സ്കൂളില്‍ വച്ച് പറഞ്ഞത് ‘ഗാന്ധിജി ഇന്ത്യയിലെ ഏറ്റവും വലിയ ഹിംസാവാദിയാണെ‘ന്നാണ്. അതിന്റെ കാരണവും അദ്ദേഹം പറഞ്ഞു, ക്വിറ്റിന്ത്യാ സമരകാലത്ത് ഗാന്ധിജി മുഴക്കിയ മുദ്രാവാക്യം ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക‘ എന്നാണ്. അതിലുള്ളത് ഹിംസയാണ്’. ഹിംസയും അഹിംസയും നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതു പോലെയാണ് അര്‍ത്ഥങ്ങള്‍ കൈക്കൊള്ളുന്നത് എന്നാണ് മന്ത്രിയുടെ അഭിപ്രായം. എന്താണ് ഹിംസ എന്നതിനെപ്പറ്റി മന്ത്രിയ്ക്ക് ചില നിര്‍വചനങ്ങളുണ്ട്. അമ്മയുടെയോ സഹോദരിയുടെയോ മാനം കവരുമ്പോള്‍ നോക്കിക്കൊണ്ട് നില്‍ക്കുന്നത് ഹിംസയാണ്. സ്വാര്‍ത്ഥതയ്ക്കു വേണ്ടി ആര്‍ത്തി പിടിച്ചു കൊല്ലുന്നത് ഹിംസയാണ്. രാജ്യത്തിനു വേണ്ടി (ശത്രുക്കളെ) കൊല്ലുന്നത് അഹിംസയാണ്. അഹിംസയെന്നാല്‍ അക്രമമില്ലായ്മയല്ല. മന്ത്രി ഒടുവില്‍ ഒരു കാവ്യാത്മകമായ ഒരു പ്രയോഗവും നടത്തി, “ഹിംസയ്ക്കു വേണ്ടി ഗാന്ധിജി ഉപയോഗിച്ച ആയുധമായിരുന്നു അഹിംസ”. ഇത്രയൊക്കെ വച്ച് ‘അഹിംസ’ എന്നതുകൊണ്ട് മന്ത്രി അര്‍ത്ഥമാക്കുന്നതെന്ത് എന്ന് ഒരു കൊച്ചുകുട്ടിയ്ക്കു പോലും മനസ്സിലാവും. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം. പക്ഷേ അത് ഗാന്ധിജിയുടെ തലയില്‍ കൊണ്ട് കെട്ടിയടത്തു നിന്നാണ് നാം നക്ഷത്രമെണ്ണുന്നത്. ‘ഒരു ജനതയുടെ സംസ്കാരപൂര്‍ണ്ണമായ നിലനില്‍പ്പിനെ സംരക്ഷിക്കാനുള്ള സൌന്ദര്യവത്തായ സംവിധാനമാണ് ഇത്‘ എന്നാണ് മന്ത്രിയുടെ അഹിംസാ നിര്‍വചനം. ഗാന്ധിജി അതാണത്രേ ചെയ്തത്. എന്ത്? ദൈവദോഷം പറയരുതല്ലോ ഈ അവസാനം പറഞ്ഞ വാക്യം ഒരക്ഷരം എനിക്കു മനസ്സിലായിട്ടില്ല.

താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി (?) ഒരു ദര്‍ശനത്തെ ഇങ്ങനെ വളച്ചൊടിക്കുന്നതിന്റെ ശരിതെറ്റുകളാണ് എന്നെ അസ്വസ്ഥപ്പെടുത്തുന്നത്. മന്ത്രി പറഞ്ഞ വാചകങ്ങളിലൂടെ കണ്ണോടിക്കുക. രാജ്യത്തിനു വേണ്ടി കൊല്ലാമെങ്കില്‍ (അത് അഹിംസയാണെങ്കില്‍) ബ്രിട്ടീഷുകാര്‍ക്കെതിരെ തോക്കോ കുന്തമോ എടുക്കാമായിരുന്നല്ലോ സാര്‍ എന്നേതെങ്കിലും കുട്ടി ചോദിച്ചിരുന്നെങ്കില്‍ മന്ത്രി എന്തു പറയുമായിരുന്നു എന്ന് ആലോചിച്ചു നോക്കുന്നത് കൌതുകകരമായിരിക്കും. ഏതു ഹിംസയ്ക്കു പിന്നിലും എതിര്‍ഭാഗത്തിന് ഒരു ന്യായീകരണമുണ്ടാവും. സമചിത്തതയില്ലാത്ത ഒരു ഭ്രാന്തന്റെ കൊലപാതകത്തില്‍ പോലും. അപ്പോള്‍ ‘അമ്മപെങ്ങന്മാരുടെ മാനഭംഗ’ ഉദാഹരണത്തിന് അതിവൈകാരികതയില്‍ കവിഞ്ഞ എന്തു അടിത്തറയാണുള്ളത്? അതാണോ ഗാന്ധിജിയുടെ അഹിംസാസിദ്ധാന്തത്തിന്റെ കാതല്‍? ‘ലക്ഷ്യ‘ത്തെ മാത്രം സാധൂകരിക്കുന്ന നൂറുകണക്കിന് സിദ്ധാന്തങ്ങളില്‍ ഗാന്ധി വേറിട്ടു നില്‍ക്കുന്നത് ‘മാര്‍ഗ‘ത്തിന്റെ ശരികളില്‍ മാത്രം ഊന്നിയതു കൊണ്ടാണ്. ഒരു പ്രായോഗികവാദിയ്ക്ക് അതു മനസ്സിലാക്കാന്‍ പ്രയാസം അനുഭവപ്പെടും. വിട്ടേയ്ക്കുക. മര്‍ദ്ദകനെ, തന്റെ ആത്മബലം കൊണ്ട്, സഹനശക്തികൊണ്ട് സത്യം ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ഗാന്ധി ഉപദര്‍ശിച്ച വഴി ( ആദ്യം ‘സദാഗ്രഹ‘മെന്നും പിന്നെ പേരുമാറ്റി സത്യാഗ്രഹമെന്നും വിളിച്ച സമരമുറയുടെ അടിസ്ഥാനം ആത്യന്തിക സത്യത്തിന്റെ സാക്ഷാത്കാരമാണ്, അത് മറ്റൊരുത്തനെ ബോദ്ധ്യപ്പെടുത്തുന്നതിനോടൊപ്പം സ്വയം കൂടി ബോദ്ധ്യപ്പെടേണ്ടതുണ്ട് !). ചൂഷകന്റെ മാനസിക പരിവര്‍ത്തനത്തിലാണ് ഗാന്ധിജി ഊന്നിയത്. അത് ദൃഢപ്രത്യയമുള്ളവനേ സാദ്ധ്യമാവൂ. അതു കൊണ്ടാണ് ഭീരുവിന് താന്‍ അഹിംസ ഉപദേശിക്കുകയില്ല എന്ന് അദ്ദേഹം പറഞ്ഞത്. നമ്മുടെ നേതാക്കള്‍ ബോധപൂര്‍വം മറന്നു പോകുന്ന കാര്യം അഹിംസ അധികാരത്തിനുള്ള ആയുധമായിരുന്നില്ല എന്നുള്ളതാണ്. അത് സ്വാതന്ത്ര്യത്തിനുള്ള ഉപകരണവും സത്യം തിരിച്ചറിയാനുള്ള ഏക മാര്‍ഗവുമായിരുന്നു. ‘ഹിംസയും അഹിംസയും നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതു പോലെയാണ് അര്‍ത്ഥങ്ങള്‍ കൈക്കൊള്ളുന്നത്‘ എന്ന് മന്ത്രി പറഞ്ഞത് സ്വയം ന്യായീകരിക്കാനാണെന്ന് വ്യക്തം. അഹിംസ, ഹിംസയ്ക്കുള്ള ഉപകരണമായി മാറുന്നത് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കാണ്, അതങ്ങനെയായിരുന്നില്ല ഗാന്ധിജിയ്ക്ക്. അഹിംസാദിനാചരണവേളകളില്‍, സ്വന്തം ജന്മദിനത്തില്‍ ഇങ്ങനെയൊക്കെ പാവം ഗാന്ധി ‘അഹിംസ’കൊണ്ടു തന്നെ കൊല്ലപ്പെടുന്നുണ്ട്. അതും ഭാവി തലമുറകളുടെ മുന്നില്‍. എന്തൊരു വിധി!

9 comments:

  1. രത്നാകരനു സ്തുതി!!

    ReplyDelete
  2. വളരെ കറക്ട്. ഇന്നലെ ആ വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഓര്‍ത്തിരുന്നു. വല്ല പാര്‍ട്ടി സ്റ്റഡി ക്ലാസ്സിലും താത്വികമായി അവലോകനം ചെയ്താല്‍ പാര്‍ട്ടിക്കാര്‍ വേണമെങ്കില്‍ കേട്ടുകൊണ്ടിരിക്കുമായിരിക്കും. ഗാന്ധിജി ആരാണ്, അഹിംസ എന്താണ് എന്നൊന്നും പോലും അറിയാന്‍ വയ്യാത്ത കുട്ടികളും ഉള്ളിടത്ത് ഗാന്ധിജിയുടെ അഹിംസാവാദത്തെ ഇങ്ങിനെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ്സെടുത്ത ആ മന്ത്രിദേഹത്തിന് സ്തുതി.

    ReplyDelete
  3. ഇവിടെയും ഈ കവിതയ്ക്കു് സാംഗത്യമുണ്ടെന്നു കരുതുന്നു.
    ആരാണു ഗാന്ധി
    നിഴല്ച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവന്
    താന് തീര്ത്ത വറചട്ടിയില് വീണു താനേ പുകഞ്ഞവന്
    വെറുതെ കിനാവിന്റെ കഥകള് പുലമ്പിയോന്
    കനവായിരുന്നുവോ ഗാന്ധി
    കഥയായിരുന്നുവോ ഗാന്ധി
    നാള്വഴിയിലിവനിന്നു നാമമില്ല
    നാട്ടുനടവഴിയിലീ ഉരുവമോര്മ്മയില്ല
    എന്നാലുമെന് നിലവിളിക്കുള്ളിലെകണ്ണീരിലൂറുന്നു ഗാന്ധി
    ......................
    പങ്കിട്ട മണ്ണിന്റെ മുറിവിലെ ഉണങ്ങാത്ത നോവില് തിളയ്ക്കുന്നു ഗാന്ധി
    (ഗാന്ധി - പ്രൊഫ.മധുസൂദനന് നായര്

    ReplyDelete
  4. വെള്ളെഴുത്തേ,

    താങ്കള്‍ എഴുതിയ (താഴെ കൊടുത്ത) വാചകത്തോട്‌ ഞാന്‍ യോജിക്കുന്നില്ല.
    -----------------------------------
    ജീവിതരീതിയായോ രാഷ്ട്രീയായുധമായോ (ഉപവാസത്തിന്റെയും സത്യാഗ്രഹത്തിന്റെയും പേരിലുള്ള ചില രാഷ്ട്രീയ പൊറാട്ടു നാടകങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍) സാമൂഹിക വിശകലനത്തിനുള്ള ഉപാധിയായോ ഗാന്ധിയന്‍ പൈതൃകത്തെ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും ഇവിടെ ആരും ഉണ്ടായില്ല.
    -----------------------------------
    നമ്മുടെ സിനിമാക്കാര്‍ ഗാന്ധിയന്‍ പൈതൃകത്തെ നന്നായി പ്രചരിപ്പിക്കുന്നുണ്ട്‌. ‘കൈയ്യൊപ്പ്‌‘ എന്നൊരു സിനിമ കണ്ടോ?. ജീവിക്കാന്‍ പെട്ടെന്നൊരു വഴി കണ്ടെത്താന്‍ പറ്റാതായ ഒരാണ്‍കുട്ടിയെ ഗാന്ധിജിയുടെ വേഷം കെട്ടിച്ച്‌ ഭിക്ഷ യാചിപ്പിക്കുന്നതോടെയാണ് ചിത്രം അവസ്സാനിക്കുന്നത്‌.

    എത്ര നല്ല സന്ദേശം, അല്ലേ?. എന്തൊരു കൈയ്യടിയായിരുന്നുവെന്നോ ചിത്രം അവസ്സാനിച്ചപ്പോള്‍. കൂടുതല്‍ പറയാന്‍ തോന്നുന്നില്ല.

    ReplyDelete
  5. First of all it is not a necessary qualification to know about Gandhi ji to become a Minister.
    Who has elected such erudite people?
    We only.
    There is a saying .. people get the Govt(ministers) they deserve.
    "Parithyagam" is not a virtue today.
    Neither is "Detachment".
    Those are Gandhian values.
    In a democracy like in India there is no minimum qualification to be elected .
    Aristotle had said in his thesis that only persons who are detached and value people's ultimate welfare should become rulers.
    Unfortunately India ,even ancient India, I doubt whether we had any such Rulers.
    only one thing we can do ..
    Make people aware of their rights and educate them to understand and discriminate good and bad and enable them to free themselves from the vicious influence of political parties all of which have their own agenda to serve and has no intention to serve common man.
    Today to be a minister or MP is a lucrative job. It is not a responsibility.

    A new generation of uncorrupted , educated ,emancipated minds should come up to take up the responsibility of ruling to herald a civil society.

    ReplyDelete
  6. വ്യാഖ്യാനത്തിന്റെ പ്രശ്നങ്ങളാണ് ഞാന്‍ പറഞ്ഞത്. മാന്ത്രിയാവാന്‍ ഗാന്ധിയെ അറിയേണ്ടതില്ല തീര്‍ച്ച. പക്ഷേ രാഷ്ട്രപിതാവെന്നു വിളിക്കുകയും സ്വന്തമായി ഒരു വഴി രൂപപ്പെടുത്തുകയും ചെയ്ത ഒരു നേതാവിനെ പിന്മുറക്കാര്‍ പുതുതലമുറയ്ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്ന രീതിയില്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധപതിയണ്ടേ? മറ്റൊരാളിന്റെ ചെലവില്‍ തന്നെ വേണൊ നമ്മുടെ മാന്‍സിക നിക്ഷേപങ്ങളുടെ കെട്ടിറക്കാന്‍? അതൊരു പക്ഷേ അതിരു കടന്ന ലാഘവബുദ്ധിയുടെ പ്രത്യക്ഷങ്ങള്‍ കൂടിയാണെങ്കിലോ? അത്രേ ഉദ്ദേശിച്ചുള്ളൂ. അതു തന്നെയാണ്‍ വക്കാരിയും പറഞ്ഞത്.
    അങ്കിള്‍, നമ്മുടെ സിനിമാകാര്‍ പൈതൃകത്തെയല്ല പ്രചരിപ്പിക്കുന്നത്.. ഗാന്ധിസത്തിന്റെ ചട്ടകൂടിനെയാണ്..അതിലെ ജനകീയതയാണ് അവര്‍ ആയുധമാക്കുന്നത്.. ദര്‍ശനവുമായി അതിനെന്തു ബന്ധം?
    വേണുമാഷേ ആ കവിതയ്ക്കു നന്ദി.

    ReplyDelete
  7. വെണ്മ കൊണ്ടുണ്മയെഴുതുന്ന വെള്ളെഴുത്തേ,
    ആദ്യമായാണ് അങ്ങയുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നതും പോസ്റ്റുകളിലൂടെ കടന്നുപോവുന്നതും.

    ഇത്ര നല്ല വരികള്‍ കാഴ്ചയിലുടക്കാതെ പോവുന്നതാണിന്നെന്റെ ഹ്രസ്വദൃഷ്ടിയുടെ ദുഃഖം.

    വരുംനാളില്‍ പിറന്നൊടുങ്ങുന്നോര്‍ക്കു വേണ്ടി ഗാന്ധിജി എഴുതിയും പറഞ്ഞും പോയ മാനവികതയുടെ മാനിഫെസ്റ്റോ വായിച്ചെടുക്കുവാന്‍ പോലുമാവുന്നില്ലല്ലോ നമുക്കും നമ്മുടെ തേരാളികള്‍ക്കും.

    ഒരു പക്ഷേ ഏതെങ്കിലും വെള്ളക്കാരുടെ തിരിച്ചറിയലിനും വീണ്ടെടുക്കലിനും ശേഷമാവാം ഗാന്ധിയന്‍ ശാസ്ത്രം നമുക്കൊക്കെ ഇനി പഥ്യമായി വരിക.

    വാക്കിന്റെ വസ്ത്രാലങ്കാരങ്ങള്‍ തികയാതെ, പുറത്തിറങ്ങാനാവാതെ,
    സഭാകമ്പം നിറഞ്ഞ്,
    ഉള്ളിലിരുന്നെന്റെയും നെഞ്ചുനീറ്റിയ്ക്കാറുണ്ട് ഇതേ ചിന്തകള്‍.

    ReplyDelete
  8. വക്കാരിയാണ് എന്ന് ഇങ്ങോട്ട് പറഞ്ഞുവിട്ടത്.

    മുല്ലക്കരേ സ്വസ്തി.

    ReplyDelete
  9. ഈ മന്ത്രിയെ കണ്ടാല്‍ പറയില്ല ഇമ്മതിരി സ്റ്റഫ് കയ്യില്‍ വെച്ചിട്ടുള്ള ടീമാണെന്ന്...

    ഒന്നിനൊന്ന് മെച്ചമാണ് ഒരോ ടീംസും ഈ മന്ത്രി സഭയില്‍

    ReplyDelete