October 27, 2007
ബുള്‍ഡോസറുകളുടെ കാലം
1988-ല്‍ എച്ച് എച്ച് മഹാരാജാസ് എന്നു കൂടി അറിയപ്പെട്ടിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ രണ്ടു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ സജീവമായിരുന്നു. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവേശനം കഴിഞ്ഞ് അധിക ദിവസമായിക്കാണില്ല, അതിഭീകരമായ തല്ല് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ നടന്നു. പറഞ്ഞുകേട്ടത് മേല്‍പ്പറഞ്ഞ രണ്ടുകൂട്ടരെ കൂടാതെ മൂന്നാമത്തെ സംഘടന, സംശയിക്കേണ്ട എ ബി വി പി തന്നെ, കോളേജു ക്യാമ്പസ്സില്‍ ഒരു കൊടി ഉയര്‍ത്താന്‍ നടത്തിയ ശ്രമമാണ് അടികലശലില്‍ അവസാനിച്ചത് എന്നാണ്. സര്‍ക്കാര്‍ വക ജനറല്‍ (നാട്ടുഭാഷയില്‍ ജന്നല്‍) ആശുപത്രി വരാന്തയില്‍ മര്‍ദ്ദനവും കല്ലുകൊണ്ടുള്ള എറിയുമേറ്റ വിദ്യാര്‍ത്ഥിനേതാക്കളും പ്രവര്‍ത്തകരും നിരന്നു കിടന്നു. നേതാക്കളുടെ സന്ദര്‍ശനം കൊണ്ട് ആശുപത്രി വരാന്ത മുഖരിതമായി.
അത്രതന്നെ. പിന്നെ ആരും കൊടിയുയര്‍ത്താന്‍ തയാറാവാത്തതു കൊണ്ടോ എന്തോ എബിവിപികാര്‍ യൂണിവേഴ്സിറ്റി വളക്കൂറുള്ള മണ്ണല്ല എന്നു മനസിലാക്കി മടങ്ങി. ഒന്നോ രണ്ടോ വര്‍ഷം കൂടി കെ എസ് യു പിടിച്ചു നിന്നു. അതും ഇലക്ഷന്‍ വരുമ്പോള്‍ മാത്രം സജീവമാവുക എന്ന നിശ്ചയം വച്ച്. ഒടുവില്‍ അതും നിന്നു. സമ്പൂര്‍ണ്ണവര്‍ഗരഹിതസമൂഹം യൂണിവേഴ്സിറ്റിയുടെ ചുവന്ന എടുപ്പുകള്‍ക്കുള്ളിലും തുറക്കാത്ത മൂന്നാം മുറിയ്ക്കുള്ളിലും അങ്ങനെ ഒപ്പം പുലര്‍ന്നു. യശഃപ്രാര്‍ത്ഥികളായ എല്ലാവരും ഒഴുക്കിനൊത്തു പങ്കായം പിടിച്ചു. ചിരി പോലും ചുവന്ന നിറത്തിലാക്കി. മത്സരങ്ങളില്‍ പങ്കെടുക്കാനും അദ്ധ്യാപകരെയും ശത്രുക്കളെയും ഒതുക്കാനും കുട്ടിനേതാക്കളുടെ സഹായം കൂടിയേ കഴിയൂ എന്നതാണ് അതിന്റെ ഗുട്ടന്‍സ്. ചില തകരാറു പിടിച്ച നോട്ടങ്ങള്‍ എന്നാലും ഇടയ്ക്കിടയ്ക്കൊക്കെ ഉണ്ടാവുമല്ലോ. അതുകളെ ഒന്നൊഴിയാതെ കാറ്റാടിക്കഴകള്‍ വെട്ടി ചുവന്നഭടന്മാര്‍ ഒതുക്കി. ഇടയ്ക്ക് ഇസ്ലാമിക് ഹിസ്റ്ററിക്കാരായ എം എസ് എഫ് കാര്‍ ചില അസ്വാരസ്യങ്ങളും മുറുമുറുപ്പുമായി രംഗത്തെത്തിയെങ്കിലും വന്മരങ്ങള്‍ക്കു കീഴിലെ സ്വാഭാവിക വിധി അതുകളെയും വരിച്ചു.
ക്യാമ്പസ്സിനകത്ത് സമ്പൂര്‍ണ്ണവിപ്ലവം വിജയിച്ചപ്പോള്‍ ഭടന്മാര്‍ പുറത്തേയ്ക്കു കൂടി അതു വ്യാപിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്താതിരുന്നില്ല. അങ്ങനെയാണ് ഒരു ഹോട്ടലിന്റെ ബോര്‍ഡ് രായ്ക്കുരാമാനം തകര്‍ന്നു പോയത്. (പിരിവു കൊടുക്കാത്തതു കൊണ്ടാണെന്ന് പാഠഭേദം)ബസില്‍ കേശവദാസപുരത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്ന ബസുകളില്‍, കൈയില്‍ പുസ്തകമുള്ളവരെല്ലാം അടിവാങ്ങിയത്. (കേശവദാസപുരത്തെ എന്‍ എസ് എസിലെ വിദ്യാര്‍ത്ഥികളെല്ലാം എ ബി വി പി കാരാണെന്ന ധാരണയില്‍) പാളയത്തെ അരുണയില്‍ ചായകുടിച്ച് ബില്ലുകൊടുക്കാന്‍ സമയത്ത് സാമി അവിടെ വച്ചിട്ടുള്ള കുങ്കുമത്തില്‍ തൊട്ടുപോയവരെല്ലാം കോളേജിനു മുന്നില്‍ നിന്ന് ഒന്നേ രണ്ടേ എണ്ണി ഏത്തമിട്ടത്.. അതങ്ങനെ നീണ്ടു നീണ്ടു പോകവേയാണ് ഒടുവില്‍ യു ഡി എഫ് സര്‍ക്കാര്‍ പുരാതന കലാലയത്തെ പാകിസ്ഥാനും കിഴക്കന്‍ പാകിസ്ഥാനും പോലെ രണ്ടായി വെട്ടി മുറിച്ച് ഒരു കഷ്ണത്തെ കൊണ്ട് അങ്ങ് ദൂരെ കാര്യവട്ടത്തിട്ടത്. പക്ഷേ എന്തു ഫലം? കാലം നിശ്ചലമല്ലല്ലോ.
എനിക്കൊരു സാനുവിനെ ഓര്‍മ്മ വരുന്നു. എന്‍ എസ് മാധവന്റെ കഥയിലെ കഥാപാത്രം പോലെ മുഖത്ത് മീശയില്ലാത്ത നിഷ്കളങ്കമുഖമുള്ള പൊക്കം കുറഞ്ഞ പയ്യന്‍. വല്ലപ്പോഴുമൊരിക്കല്‍ ക്ലാസ്സില്‍ വരും. ഒരിക്കല്‍ ക്ലാസ്സിലെ കുറേ മര്യാദാരാമന്മാരെ വിളിച്ചു മാറ്റി നിര്‍ത്തി, ഷര്‍ട്ടുപൊക്കി കാണിച്ചു തന്നു. അരയില്‍ കെട്ടി മുറുക്കിവച്ചിരിക്കുന്ന വാളിനിടയില്‍ (ബെല്‍റ്റുവാള്‍)തിരുകി വച്ചിരിക്കുന്നു, പലതരത്തിലുള്ള ആയുധങ്ങള്‍. അതൊക്കെ ഉപയോഗിക്കുന്നതാണെന്നും ഉപയോഗിച്ചിട്ടുള്ളതാണെന്നും ആണയിട്ടുകൊണ്ട് അവന്‍ പറഞ്ഞു തന്നു. അതു പുരോഗമനായുധങ്ങള്‍. ഇതേപോലെ വര്‍ഗീയായുധങ്ങള്‍ ഷര്‍ട്ടിനടിയില്‍ കൊണ്ടു നടന്നിരുന്നു, എന്റെ സ്കൂള്‍ കൂട്ടുകാരന്‍ രാധാകൃഷ്ണന്‍. സംസാരിക്കുമ്പോള്‍ കൊത്തയാണ്. അതിയായി മെലിഞ്ഞ ശരീരം. ഹര്‍ത്താല്‍ ബന്ദ് ദിനങ്ങളില്‍ ഇല്ലാത്ത ആരോഗ്യമുണ്ടാക്കി പ്രവര്‍ത്തന നിരതനാവും. പോലീസു വണ്ടികള്‍ അവനെ കണ്ടാലും നിര്‍ത്താതെ ഓടിച്ചു പോകും എന്നവന് അറിയാം. സംശയിക്കേണ്ട കാര്യമില്ലല്ലോ. ഒരു തട്ടിന് ജീവന്‍ പോകും എന്നു പോലീസുകാര്‍ വിചാരിക്കും. വെറുതെയെന്തിന്... ഊടുവഴികള്‍ കടന്ന് അവനാണ് ബന്ദ് അനുകൂലികള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നതും ആക്ഷന്‍ നടത്തിക്കഴിഞ്ഞശേഷമുള്ള ഉപകരണങ്ങള്‍ ഒളിപ്പിക്കുന്നതും. കഠിനമായ വൃക്കരോഗം വന്ന് അവന്‍ കുറേക്കാലം മുന്‍പ് മരിച്ചു. അനാഥനായി.
കേഡറ്ററി എന്നു നാം മിതപ്പെടുത്തിപ്പറയുന്ന സ്വഭാവമുള്ള രണ്ടു സംഘടനകള്‍ ആയുധപുരകള്‍ പണിഞ്ഞുവച്ചിരുന്ന രണ്ടു പാഴ്‌വസ്തുക്കളെ കുറിച്ചാണ് പറഞ്ഞത്. അതുകൊണ്ട് മൂന്നാം സംഘടന തനി ഗാന്ധിയുടെ അനുയായികളാണെന്ന് സ്വപ്നേപി കരുതിയിട്ടില്ല. ഫാസിസം, ഏതെങ്കിലും ചേരിയില്‍ കയറി നിന്ന് മറ്റൊരിടത്തേയ്ക്ക് ചൂണ്ടിക്കാട്ടി പഠിപ്പിക്കാവുന്ന വസ്തുതയല്ല എന്നു പറയാനാണ് തുടങ്ങിയത്. അതു നമുക്കിടയിലുണ്ട്. വര്‍ഗീയതയില്‍ മാത്രമല്ല, യൂണിഫോം ശരീരത്തിനും മനസ്സിനും കല്‍പ്പിച്ചു കൊടുത്ത് നീട്ടിക്കൊണ്ടു പോകുന്ന ഏതു പ്രത്യയശാസ്ത്രത്തിലും അതുണ്ട്. രാഷ്ട്രീയഫാസിസത്തെ കൂട്ടുപിടിച്ച് വര്‍ഗീയ ഫാസിസത്തെ എതിര്‍ക്കുന്നതിലോ വര്‍ഗീയഫാസിസത്തിന്റെ ചേരിയില്‍ നിന്ന് രാഷ്ട്രീയഫാസിസത്തെ കുറ്റപ്പെടുത്തുന്നതിലോ ഉള്ളത് ഫലത്തില്‍ അധികാരരതിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പുരോഗമനപരമെന്നോ വിപ്ലവാഭിമുഖമെന്നോ ധര്‍മ്മസംസ്ഥാപനമെന്നോ എന്തു പേരിട്ടു വിളിച്ചാലും അതു മാനവികതയില്‍ നിന്ന് ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു എന്ന കാര്യമാണ് ദുഃഖിപ്പിക്കുന്നത്. ക്യാമ്പസുകള്‍ പിടിച്ചടക്കലുകളുടെ കൂത്തരങ്ങാണ് ഇപ്പോഴും. (നടേ പറഞ്ഞ യൂണിവേഴ്സിറ്റി കോളേജ് അടുത്ത കാലത്തുണ്ടാക്കിയ പ്രശ്നങ്ങള്‍ നിരവധിയുണ്ട്, ഒരു കുട്ടിയെ കുനിച്ചു നിര്‍ത്തി ബ്ലെയിഡു കൊണ്ട് രാഷ്ട്രീയം എഴുതിയത്, എം എസ് എഫുകാരെ (എന്‍ ഡി എഫ് എന്നു പാഠഭേദം)ശാരീരികമായി നേരിട്ടതിന്റെ കേസും വഴക്കും പ്രതികാരങ്ങളും ഒത്തുതീര്‍പ്പും, ജനസേവനകേന്ദ്രത്തിലെ ഒരു ജീവനക്കാരനെ ആക്രമിച്ചത്.......) അധികാരമില്ലാതിരിക്കുന്ന വേളയിലേ വിമര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ഉദാരവാക്കുകള്‍ പ്രവഹിക്കുകയുള്ളൂ. അല്ലെങ്കില്‍ ബുള്‍ഡോസറുകളാണ് ഉരുളുക. ഒരു വിമതസ്വരത്തെയും പുറത്തുകേള്‍പ്പിക്കാത്ത വിധത്തില്‍ അത്ര ശക്തമായി.
ഒന്ന് ചുറ്റും നോക്കുക. മാനവീയതയ്ക്കു പകരം ഇടിച്ചു നിരത്തല്‍, ശാസ്ത്രീയമായ സംവാദങ്ങള്ക്കു പകരം വിവാദങ്ങള്‍, ആക്രോശങ്ങള്‍, നിരന്തരവിപ്ലവത്തിനു പകരം പരമ വിധേയത്വം. ഫാസിസം പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ നേര്‍സാക്ഷ്യങ്ങളല്ല ഇവയെങ്കില്‍ മറ്റെന്താണ്?. ഞാനും ഞങ്ങളും മാത്രം ശരി ബാക്കിയെല്ലാം അപകടകരമായ വിധത്തില്‍ തെറ്റും തിന്മയും എന്നൊരു ഭീകരയുക്തി ഭരണത്തോട് അരുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് നല്ല ലക്ഷണമല്ല. പ്രത്യേകിച്ചും ഒരു ജനാധിപത്യവ്യവസ്ഥയില്‍. പക്ഷേ അതു സംഭവിച്ചുകൊണ്ടിരിക്കുന്നു.
അതെ. ചങ്ങനാശേരിയില്‍ നടന്ന ആ കൊലപാതകം തന്നെയാണ് ഇതെല്ലാം ഓര്‍മ്മയില്‍ കൊണ്ടുവന്നത്. പത്രവാര്‍ത്തകളിലൂടെ കടന്നുപോയാല്‍ ഒരു ഭരണകൂടം കഥമെനയുന്നു എന്ന പ്രതീതിയാണുണ്ടാവുക. ആഭ്യന്തരമന്ത്രി, പോലീസ് ഐ ജി, രാഷ്ടീയ നേതാവ് എല്ലാവരും ഒരേ കഥ ആവര്‍ത്തിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് പ്രഖ്യാപിക്കുന്നു. ശരിയായിരിക്കട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം. എങ്കിലും നിരപരാധികളെ വെടിവച്ചുകൊന്ന് തീവ്രവാദികളാക്കി കെട്ടിച്ചമച്ച ഭരണകൂടങ്ങളെ, കലാപങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുകയും രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ വ്യാജയുദ്ധങ്ങള്‍ തന്നെ സൃഷ്ടിക്കുകയും ചെയ്ത ഭരണകൂടങ്ങളെ തിരിച്ചറിഞ്ഞവരുടെ അതേ നീതിബോധം കൊണ്ട് തന്നെ നമുക്ക് ഈ കഥകളെയും പരിശോധിക്കണം. അല്ലെങ്കില്‍ തലയ്ക്കടിയേറ്റു പിന്നെയും മരിക്കും, ഏതുതരം ചേരിയിലുമുള്ള സ്വേച്ഛാധിപത്യങ്ങള്‍ക്കെതിരെ ഉയരേണ്ട നിരോധന ഉത്തരവുകള്‍.
ഈ കുറിപ്പിനു താഴെ എന്റെകൂടെ കയ്യൊപ്പ് :)
ReplyDeleteവാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടിന് അല്‍പ്പായുസ്സാണ്... ഞാനും നിങ്ങളും ആഗ്രഹിക്കുന്നതുപേലെ, നമ്മള്‍ പ്രതീക്ഷിക്കുന്ന സത്യം അധികം വൈകാതെ പുറത്തുവരും. കാത്തിരിക്കാം...
ReplyDeleteസത്യം.
ReplyDeleteവായിച്ചു. നന്നായി. ഇതിനു രാഷ്ട്രീയം എന്ന ലേബല്‍ ചേരുന്നില്ല. ആ വാക്കിന്റെ അര്‍ഥം തന്നെ ഇന്നു മാറിപ്പൊയിരിക്കുന്നു.
ReplyDeleteവേദനയും നൊസ്റ്റാള്‍ജിയയും ഒപ്പം പകരുന്ന പോസ്റ്റ്. നന്ദി.
ReplyDeleteഇതില്‍ അല്പം ലഹരിയും കൂടി ഉണ്ടോ എന്നു കേട്ടാലും നാം അതിശയിക്കണ്ടാ..
ReplyDeleteസമരത്തിനു അല്പം പൂസായിപ്പൊയാല്‍ ഉഷാര്‍ നന്നയി കൂടും എന്നണു വയ്പു..
അടുത്ത ഷാപ്പില്‍ ചോദിച്ചാല്‍ വിവരം ക്രുത്യമായി അറിയാം...
ആല്ലെങ്കില്‍ ഇങ്ങ്നെ വരാന്‍ വഴിയില്ല..അനുഭവം ഗുരു...
ലേഖനം വായിച്ചു. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ബ്ലോഗിലും നിലവിളി വന്നിരുന്നു. പക്ഷേ...വിവരമില്ലാത്ത ഒരു കുട്ടി വൈക്കോല്‍ കൂനയ്ക്ക് തീയിട്ടതിനാല്‍ തീപ്പെട്ടി നിരോധിക്കുകയാണോ വേണ്ടതെന്ന് ഒരു സുഹൃത്ത് ചോദിച്ചതോര്‍ക്കുന്നു.
ReplyDeleteപക്ഷേ...മാഷ് പറഞ്ഞതുപോലെ ഇന്നത്തെ വിദ്യാര്‍ഥിസംഘടനകളെയും ഫാസിസമാണ് നയിക്കുന്നത്.
ഒ വി വിജയന്‍ പണ്ട് എഴുതിയതുപോലെ "ഒന്നുമറിയണ്ട ദൈവമേ..ഉറങ്ങിയാല്‍ മതി..ഉറങ്ങിയാല്‍ മതി"