ജാലകവാതിലൂടെ നിങ്ങള്‍ക്ക് എന്തൊക്കെ കാണാം?
കാഴ്ചയുടെയും എത്തിനോട്ടത്തിന്റെയും അതിരുകളെ പ്രശ്നവത്കരിക്കുന്ന ഒരു സിനിമ 1954-ല്‍ പുറത്തിറങ്ങിയിരുന്നു. ഒരു ആക്സിഡന്റില്‍പ്പെട്ട് കാലൊടിഞ്ഞ് ആറാഴ്ച കാലം വിശ്രമിക്കേണ്ടി വരുന്ന ന്യൂസ് ഫോട്ടോഗ്രാഫര്‍ ജെഫ്, തന്റെ ജാലകപ്പഴുതിലൂടെ കാണുന്ന കാര്യങ്ങളാണ് അതിലുള്ളത്. അയാള്‍ അങ്ങനെ വെറുതെ കാണുകയല്ല. കാഴ്ചകള്‍ അയാളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. അയാളുടെ കാഴ്ചയും അത് അയാളുണ്ടാക്കുന്ന പ്രതികരണവും ചേര്‍ത്തു വച്ച് സംവിധായകന്‍ മറ്റൊരു കാഴ്ച നമുക്കായി തീര്‍ക്കുന്നു.
ജെഫിന്റെ നിരീക്ഷണത്തിനു വിധേയരാവുന്നര്‍ പ്രധാനമായും ഇവരാണ്.
1. ശില്പമുണ്ടാക്കുകയും വെയിലുകാഞ്ഞ് ഉറങ്ങുകയും ഒച്ചയെടുക്കുകയും ചെയ്യുന്ന തടിച്ച വിദേശിയായ സ്ത്രീ. അവര്‍ സിനിമ തീരുന്നതു വരെയും ഉദരഭാഗത്തു വലിയൊരു ദ്വാരമുള്ള ശില്പം പൂര്‍ത്തിയാക്കുന്നില്ല.
2. പുതുതായി വിവാഹം കഴിഞ്ഞെത്തിയ ദമ്പതികള്‍. അവരുടെ പ്രണയ പ്രകടനത്തിനിടയ്ക്ക് കൃത്യസമയത്ത് ജാലക കര്‍ട്ടന്‍ വീഴുന്നുണ്ട്. അകത്തെന്താണെന്ന് നമ്മെ ഊഹിക്കാന്‍ വിട്ടുകൊണ്ട്.
3. ഒരു ബാലേ നര്‍ത്തകി. അവള്‍ നൃത്തം ചെയ്തുകൊണ്ട് ദൈനംദിന വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നു. അവള്‍ ഏകാകിയാണ്, കൂട്ടുകാര്‍ക്കിടയിലും.
4. വിഷാദ ഗാനങ്ങള്‍ പിയാനോയില്‍ വായിച്ച് ജീവിതം നീക്കുന്ന ഒരു സംഗീതജ്ഞന്‍. ജെഫിന്റെ കാമുകി അയാള്‍ക്കിത്രയും മനോഹരമായ ഗാനങ്ങള്‍ വായിക്കാന്‍ കഴിയുന്നതെങ്ങനെ എന്നു ചോദിച്ച് ഒരിക്കല്‍ ചിന്താകുലയാവുന്നുണ്ട്.
5. സ്ഥിരമായി ബാല്‍ക്കണിയില്‍ കിടന്നുറങ്ങുന്ന ദമ്പതികള്‍. അവരുടെ ഓമനയായ പട്ടി പ്രധാന കഥാപാത്രമാണ് സിനിമയില്‍.
6. ബന്ധങ്ങളെല്ലാം തകര്‍ന്ന ഒരു സ്ത്രീ. മരിക്കാന്‍ തീരുമാനിച്ച് ഉറക്ക ഗുളികകളുമായി കിടക്കയ്ക്കരികിലിരിക്കുന്ന അവരെ സംഗീതജ്ഞന്റെ പാട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരുന്നുണ്ട്.
7. ഒരു സെയില്‍സ്‌മാനും അയാളുടെ ക്ഷീണിതയും അവശയുമായ ഭാര്യയും.
സെയില്‍സ്‌മാന്റെ ഭാര്യ, ജെഫിന്റെ കാഴ്ചവട്ടത്തുനിന്നും ഇല്ലാതാവുന്നിടത്തു നിന്നാണ് സിനിമയുടെ സസ്പെന്‍സ് ആരംഭിക്കുന്നത്. അയാള്‍ ഭാര്യയെ കൊന്നതാണെന്ന് ജെഫിനുറപ്പുണ്ട്. ആയുധങ്ങള്‍ ന്യൂസ് പേപ്പറുപയോഗിച്ചു പൊതിയുന്നത് ജെഫ് കാണുന്നു. ഉറക്കം വരാതിരുന്ന രാത്രിയില്‍ (മിക്ക രാത്രിയിലും അയാള്‍ക്ക് ഉറക്കമില്ല) വീല്‍ ചെയറില്‍ ഇരുന്ന് ജെഫ്, ഈ സെയില്‍സ്‌മാന്‍ പലപ്രാവശ്യം വീടുവിട്ടു പോകുന്നതും തിരിച്ചു വരുന്നതും കാണുന്നു. ജെഫ് പറയുന്നതൊന്നും അയാളുടെ കാമുകിയൊഴിച്ച് മറ്റാരും- കൂട്ടുകാരനായ ഡിക്ടറ്റീവ് പോലും- വിശ്വസിക്കാന്‍ തയാറാകുന്നില്ല. അവസാനം ജെഫിന്റെ കാമുകിയുടെ സാഹസികമായ പ്രവൃത്തിയിലൂടെ സത്യം പുറത്തു വരുന്നു. വില്ലന്റെ മല്‍പ്പിടുത്തത്തില്‍ ജെഫിന്റെ മറ്റേ കാലും ഫ്ലാറ്റില്‍ നിന്നുള്ള വീഴ്ചയില്‍ ഒടിഞ്ഞു. അത്രേയുള്ളൂ. പക്ഷേ കാര്യങ്ങള്‍ ശുഭം. അയാളുടെ ജാലകകാഴ്ചകള്‍ വീണ്ടും നീണ്ടു പോയേക്കുമെന്നുള്ള സൂചനയുണ്ട് ഈ ശുഭത്തില്‍.
ഇന്ന് ഈ സിനിമ കാണുമ്പോള്‍ ഈ ഋജുവും സരളവുമായ കഥാഗതിയ്ക്കപ്പുറം ഈ സിനിമയില്‍ ഒട്ടേറെ ധ്വനികള്‍ ലീനമായിരിക്കുന്നതായി തോന്നുന്നു.
ആശ്ചര്യകരമായ കാര്യം ജെഫിന്റെ കാഴ്ചകളുടെയെല്ലാം അടിസ്ഥാനം സ്ത്രീപുരുഷബന്ധങ്ങളാണ് എന്നുള്ളതാണ്. അവയിലൊന്നുപോലും സന്തോഷകരമല്ല. ജെഫിന്റെ ബന്ധം പോലും. അയാള്‍ക്ക് വിവാഹത്തില്‍ താത്പര്യമില്ല. താന്‍ മിനിമം സൌകര്യങ്ങളില്‍ സംതൃപ്തനാണെന്നാണ് അയാളുടെ വാദം. പെണ്ണിന് അത് സാദ്ധ്യമല്ലത്രേ. ജെഫിലും കാമുകിയിലും അയാളുടെ കാഴ്ചയ്ക്കു കീഴെപ്പെടുന്ന ആളുകളിലുമെല്ലാം ഈ ഒറ്റപ്പെടലിന്റെ ഭാവം തുടിച്ചു നില്‍ക്കുന്നതു കാണാം. ഒറ്റയ്ക്ക് കരയുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന സ്ത്രീയെ നാം കാണുന്നു. ബാലെ നര്‍ത്തകി അനേകം ആളുകളെ ചുംബിക്കുന്നു. അര്‍ദ്ധരാത്രി കൂടെ വന്നവനെ ബലമായി പുറത്തിട്ട് കതകടയ്ക്കുന്നു. അവള്‍ക്ക് ആരില്‍ നിന്നും ശരിയായ സ്നേഹം കിട്ടുന്നില്ല. കര്‍ട്ടണ്‍ മൂടിയ നവവധൂവരന്മാരുടെ ജാലകത്തില്‍ ഇടയ്ക്ക് ഒറ്റയ്ക്ക് സിഗരറ്റു പുകച്ചു നില്‍ക്കുന്ന യുവാവിനെ കാണാം. അയാള്‍ പോലും ഏകാകിയാണ്.
ജെഫിന്റെ കാഴ്ചകള്‍ ഒരു ജാലകത്തിന്റെ ഫ്രെയിം വിട്ട് ഒരിക്കലും പുറത്തു പോകുന്നില്ല. കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ജാലകങ്ങള്‍ കഥ പറയുന്നു. അപ്പോഴും നാം (ജെഫും) അവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നില്ല. അതിനപ്പുറത്തുള്ള കഥ നാം തേടേണ്ടതില്ല. കാഴ്ചകളെല്ലാം ജെഫിന്റെയാണ് അതില്‍ കൂടുതല്‍ നാമൊന്നും കാണുന്നില്ല. ജെഫ് ഉറങ്ങുമ്പോള്‍ ഒരിക്കല്‍ (അപ്പോള്‍ മാത്രം) ക്യാമറ ഒരു ജാലകത്തിലേയ്ക്കു സ്വയം നോക്കുന്നു. അത് ജെഫ് അറിയാത്ത ഒരു കാര്യം നമുക്ക് പറഞ്ഞു തരുന്നു. ഒരു ആകസ്മികത. പിന്നെ അവസാനവും. ജെഫിന്റെ കാമുകി താന്‍ വായിക്കുന്ന പുസ്തകം മാറ്റിയ കാര്യം നമ്മെ അറിയിക്കാന്‍, കാരണം അപ്പോഴും ജെഫ് ഉറങ്ങുകയാണ്.
ഇരുന്നുകൊണ്ട് (അയാള്‍ ഒരിക്കലും കിടന്നുറങ്ങുന്നില്ല) ജെഫ് കാണുന്ന ജാലകക്കാഴ്ചകള്‍ ഒരു ഭാവനാലോകമാണ്. അയാള്‍ തന്റെ കാഴ്ചകളെ ചിന്തകൊണ്ട് പൂരിപ്പിക്കുന്നു. മുഖഭാവം കൊണ്ട് പ്രതികരണക്കുറിപ്പുണ്ടാക്കുന്നു. ഒരു കൊലപാതകത്തിന്റെ നിജസ്ഥിതി നമ്മെ തെര്യപ്പെടുത്താന്‍ വേണ്ടി ഉണ്ടാക്കിയ സിനിമയല്ല, ഇതെന്ന് എനിക്കു തോന്നുന്നു. കാലത്തെ കവച്ചുകടന്ന പ്രതിഭാശാലിയുടെ ഭാവന, ചില ദര്‍ശനങ്ങളെ പ്രവാചകസ്വരത്തില്‍ രേഖപ്പെടുത്തുകയായിരുന്നു. നോക്ക്, ഈ കമ്പ്യൂട്ടര്‍ ജാലകത്തിനു മുന്നില്‍ ഇരുട്ടിലിരുന്ന് ഞാന്‍, നിങ്ങളുടെ ജാലകങ്ങള്‍ തീര്‍ത്ത കാഴ്ചകളിലേയ്ക്ക് ഊളിയിടുമ്പോള്‍....ഇത് കാണലിന്റെയും എത്തിനോട്ടത്തിന്റെയും അതിര്‍വരമ്പുകളെ എങ്ങനെ മായ്ക്കുന്നു എന്നു ചിന്തിക്കുകയാണിപ്പോള്‍ ഞാന്‍. കാഴ്ചകള്‍ തേടി നടക്കേണ്ടതില്ലാത്തതു കൊണ്ടാണ് അയാളുടെ കാലുകള്‍ നിശ്ചലമായത്. അവ മുന്നിലെത്തുന്നു.. ഇപ്പോള്‍ എന്റെ മുന്നിലെന്നപോലെ......
സസ്പെന്‍സിന്റെ രാജശില്പി, ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത “റെയര്‍ വിന്‍ഡോ” യെക്കുറിച്ചാണ് പറഞ്ഞു വന്നത്. കോണല്‍ പോള്‍റിച്ചിന്റെ ഒരു ചെറുകഥയെ അവലംബമാക്കി നിര്‍മ്മിച്ചതാണ് സിനിമ എന്നാണ് ടൈറ്റിലില്‍ കാണുക. എന്നാല്‍ സംഗതി അങ്ങനെയല്ല എന്ന് എനിക്കറിയാം..നിങ്ങള്‍ക്കോ?
അവസാനത്തെ സസ്പെന്‍സെന്താണു മാഷേ? അപ്പോള്‍ ആരുടെ കഥ? ആരുടെ ഹിച്ച്കോക്ക്?
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteഅഭിനന്ദങ്ങള്‍
എന്നാല്‍ സംഗതി എങ്ങിനെയാണ്?
ReplyDeleteഇതാണോ സസ്പെന്‍സ്?
ReplyDeleteനല്ല വിവരണം
ReplyDeleteഒരു നല്ല സിനിമ കണ്ട പ്രതീതി.
അഭിനന്ദനങ്ങള്‍
ലേഖനം മികച്ചതായി
ReplyDeleteനല്ല വിവരണം.
ReplyDeleteകഥ പിന്നെ ആരുടേതാണു്.?
ഡോ.ക്രിപ്പന്റെ കേസാണ് സിനിമയ്ക്ക് പ്രേരണയായത്. പക്ഷേ അതുദ്ദേശിച്ചെഴുതിയതല്ല. ചുമ്മ ഒരു സസ്പെന്‍സാവട്ടെ എന്നു കരുതി..സസ്പെന്‍സിനെക്കുറിച്ചാണല്ലോ കുറിപ്പ്...
ReplyDeleteഎന്റെ ശ്രദ്ധയുടക്കിയത് ആ ജാലകത്തിലാണ്...
അതാണ്‍
മാഷേ നല്ല ലേഖനം...
ReplyDeleteചിത്രം കാണാന്‍ തരപ്പെടുമോ ആവോ...?
ഒന്ന് നോക്കാം...
:)
വായിച്ചപ്പോള്‍ സിനിമ കാണാന്‍ തോന്നുന്നു. എവിടെ കിട്ടുമോയെന്തോ. നല്ല കഥയായിട്ട് തോന്നി. ജനലിലൂടെ കാണുന്ന കാഴ്ചകളിലൂടെ, ജീവിതം സംഭവബഹുലമായി മുന്നോട്ട് പോകുമെന്നറിയാന്‍, പലര്‍ക്കും സിനിമ കാണേണ്ടിവരില്ല. എന്നാലും കാണുന്നത് നല്ലത്.
ReplyDeleteഈ എഴുത്തിന് നന്ദി.
ശ്ശൊ! ഈ സിനിമ ഡൌണ്‍ലോഡ് ചെയ്ത് സീഡിയിലിട്ടു വച്ചിട്ട് വര്‍ഷം രണ്ടാകാറായി. ഇതു വരെ കണ്ടില്ല. ഹിച്കോക്ക് എന്നു പറഞ്ഞു കഴിഞ്ഞാപ്പിന്നെ ഒരൊറ്റ മനുഷ്യനും കമ്പനി തരില്ല.
ReplyDeleteഈയാഴ്ച എന്തായാലും കാണും, കണ്ടിരിക്കും!
വെള്ളെഴുത്ത് ഭായീ...നല്ല ലേഖനം...പക്ഷേ മൂടിയ കര്‍ട്ടനില്‍ നിന്നും സിഗറന് വലിക്കാന്‍ പുറത്തുവരുന്ന യുവാവ് എങ്ങിനെ ഏകനാകും?
ReplyDeleteമൂര്‍ത്തി.. വിക്കിപീഡിയയിലെ വിവരത്തിനു നന്ദി..കെ ജി ജോര്‍ജ്ജ് ഈ സിനിമയെപ്പറ്റി നല്ലതു പറഞ്ഞിട്ടുണ്ട്..എനിക്കു ജാമ്യമായി..
ReplyDeleteതെന്നാലി.. അത് കണ്ടറിയേണ്ട സംഗതിയാണ്.. ഏകാന്തത മനസിലാണ്.. അത് ആ സിനിമയില്‍ എല്ലാവരിലുമുണ്ട്..അയാള്‍ ഇടയ്ക്ക് വന്ന് കര്‍ട്ടണ്‍ പൊക്കി വച്ച് സിഗററ്റു വലിക്കുന്നതും അകത്തു നിന്ന് ഒരു വിളികേള്‍ക്കുന്നതും താത്പര്യമില്ലാത്ത മട്ടില്‍ അങ്ങോട്ടു നോക്കി സിഗററ്റു വലി തുടരുന്നതും രണ്ടു പ്രാവശ്യമുണ്ട് സിനിമയില്‍.. ഹിച്ച്കോക്കിന്റെ വലിയ തല അതങ്ങനെ വെറുതേ നിബന്ധിച്ചതാണോ? ആണോ..?
സിനിമ കണ്ടു. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDeleteവെള്ളേ, എഴുത്തു നന്നായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞതില്‍ ചിലതു ഞാനൊന്നു പരത്തിപ്പറഞ്ഞിരിക്കുന്നു. എന്റെ പ്രിയപ്പെട്ട പടങ്ങളിലൊന്നാണ്.
ReplyDeleteഅയ്യോ.. അപ്പൊ നമ്മടെ "കുള്ളന്റെ ഭാര്യ" കോപ്പി അടിയാണോ അതോ "inspired ഫ്രം" ആണോ അതോ "based on" ആണോ? (ഈ പഴയ പോസ്റ്റിലെ കമന്റ്സ് ഇനി വായിക്കാൻ സാധ്യത ഇല്ലല്ലോല്ലേ, അല്ലെ വെള്ളെഴുത്തേ? എന്നാലും കിടക്കട്ടെ എന്റെ സംശയം ഇവിടെ. :))
ReplyDeleteകുള്ളന്റെ ഭാര്യയുടെ വിക്കി പേയ്ജിൽ 1942 ഇൽ ജനിച്ച Feng Jicai എന്ന് കണ്ടു. അതും Rear Window യും എഴുതിയത് ഒരാളാണോ എന്ന് വായന തീരും മുൻപ് നോക്കിയപ്പോൾ അതുമല്ല. അവിടെ Cornell Woolrich എന്നാണ് കണ്ടത്. pronounciation വെള്ളെഴുത്ത് എഴുതിയ പോലെ പോൾറിച് എന്നാണോ?
അവസാനത്തെ "സസ്പെൻസ് വരി" വായിച്ചപ്പോൾ Feng Jicai യെ ആണോ എന്ന് ആദ്യം തോന്നി. അപ്പോഴാണ് പെരിങ്ങോടന്റെ സംശയവും അതിനുള്ള ഉത്തരവും കാണുന്നത്.
എന്തായാലും അമൽ നീരദിനോട് കുള്ളന്റെ ഭാര്യ കണ്ടപ്പോൾ തോന്നിയ എല്ലാ മതിപ്പും തീർന്നു കിട്ടി.
പക്ഷെ "ചന്തുവിന്റെ സംശയം പിന്നെയും ബാക്കി".. ;)
"കുള്ളന്റെ ഭാര്യ" കോപ്പി അടിയാണോ അതോ "inspired ഫ്രം" ആണോ അതോ "based on" ആണോ?