June 28, 2021

ആർക്കാണ് അറിയാവുന്നത്?

 

 

കോവിഡ് കാലത്തെ സിനിമയെന്ന നിലയിലും പുതിയ പുരുഷനെ അവതരിപ്പിക്കുന്നു എന്ന നിലയിലും ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെപോലെ കുടുംബത്തിന്റെ ഉത്തമതാത്പര്യം സംരക്ഷിക്കുന്ന പിതൃരൂപം എന്ന നിലയിലും  ‘ആർക്കറിയാം’ ഇതിനകം പ്രശംസകൾ നേടിയെടുത്തിട്ടുണ്ട്. മറ്റു ഗുണങ്ങളെ മുക്തകണ്ഠം പ്രശംസിക്കുമ്പോഴും, നീതിന്യായവ്യവസ്ഥയെ കുടുംബഭദ്രതയുടെ പേരിൽ വെല്ലുവിളിക്കുന്ന അനാശാസ്യമായ പ്രവണതയുടെ പേരിൽ,  ‘ആർക്കറിയാം’ അപലപിക്കപ്പെടേണ്ടതായിട്ടുണ്ടെന്ന അഭിപ്രായമുള്ളവരും ഉണ്ട്. ബിജു മേനോന്റെ  അമച്ച്വറായ മേക്കപ്പും പലപ്പോഴും ശബ്ദപഥത്തിൽ കടന്നു കേറി കിടന്നു എന്തിനെന്നറിയാതെ ചിലയ്ക്കുന്ന ഗിത്താറും അതുപോലെ ഒന്നോ രണ്ടോ  കൊസ്രാക്കൊള്ളികളും മാറ്റി നിർത്തിയാൽ സാനു ജോൺ വർഗീസിന്റെ ‘ആർക്കറിയാം’ നിരാശപ്പെടുത്തുന്ന അനുഭവമല്ലെന്ന് ആരും തലകുലുക്കി സമ്മതിക്കും. അതിലൊരു പങ്ക് പരിചരണ രീതിയുടെ പ്രത്യേകതകൾക്കുണ്ട്.

പക്ഷേ കുറച്ചു കാര്യങ്ങൾ ആലോചിക്കാനുണ്ട്. എന്തിനാണ് ഇട്ടിയവിരാ സാർ, അഗസ്റ്റിനെ കൊന്നു കുഴിച്ചിടുന്നത്? മകളുടെ വർത്തമാനത്തെയല്ല ഭാവിയെ കരുതിയിട്ടാണ്. ഷേർളി അച്ഛന്റെ വാക്കു കേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം കെട്ടിയ ഒരുത്തനാണ് അഗസ്റ്റിൻ. ദാരിദ്ര്യം അയാൾക്കുള്ളതായി തോന്നുന്നില്ല. അയാളെ കുറ്റം പറയുന്ന ഒരേ ഒരാൾ ഇട്ടിയവിരയാണ് ( ഒരു ചെറുക്കന്റെ കൈവെട്ടിയ കാര്യം പറയുന്നുണ്ട്, വളരെ സ്വാഭാവികമായി, ഇട്ടിയവിര ചെയ്യുന്ന കുറ്റം വച്ചു നോക്കുമ്പോൾ കൈവെട്ടു കേസ് ചെറുതാണ് ) അയാളെ കൊല ചെയ്യാവുന്ന വിഷയമായി എടുത്തോളാൻ  പ്രേക്ഷകർക്കായി നൽകുന്നത്,  കുട്ടിയായ സുന്ദരന്റെ കൂടെ അയാൾ നടന്നുപോകുന്ന ഒരു ദൃശ്യവും ഷേർളിയുടെ ഗർഭത്തെ സംശയിച്ചുകൊണ്ട് അയാൾ തമാശയായി തട്ടി വിടുന്ന ഒരു സംഭാഷണവുമാണ്. അതു രണ്ടും ഇട്ടിയവിരയുടെ വീക്ഷണക്കോണിൽനിന്നും ഓർമ്മയിൽനിന്നും ആയതിനാൽ അത് ഏകപക്ഷീയമായ നോട്ടമാണ്. അവയെ അങ്ങനെ വിശ്വസിക്കേണ്ടതില്ല.

അവയെ  ഇട്ടിയവിര പെട്ടെന്ന് ആവേശത്തോടെ നടത്തുന്ന കൊലയ്ക്കുള്ള ന്യായമായെടുക്കാനും പറ്റില്ല.  അത്തരമൊരു  യുക്തിയുടെയോ ആലോചനയുടെയോ ആവശ്യമില്ലെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ അയാൾക്കു കഴിയുന്നത് ദൈവം എന്ന മെറ്റാ നരേറ്റീവിനെ മുന്നിലേക്കു നീക്കി വച്ചതുകൊണ്ടാണ്. സുന്ദരൻ എന്ന ഭിന്നശേഷിക്കാരന്റെ അയാളോടുള്ള വിധേയത്വവും റോയിയെക്കൊണ്ട് തന്റെ പദ്ധതി നടപ്പാക്കാമെന്ന അയാളുടെ തീരുമാനവും അയാളുടെ ദൈവദൗത്യസങ്കല്പത്തിനൊരു താങ്ങായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ അവർ ദൈവികപദ്ധതി നടപ്പിലാക്കിക്കൊടുക്കാൻ നിയുക്തരായ ദൂതന്മാരായി പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റുകയും  ( അവരുടെ നിഷ്കളങ്കത അതിന്റെ യോഗ്യതയാണ്) കൊലയെന്ന പാപകർമ്മത്തിൽനിന്ന് പ്രേക്ഷകരുടെ സൂപ്പർ ഈഗോ അയാൾക്ക് വിമോചനചീട്ടു നൽകുകയും ചെയ്യുന്നതാണ് ‘ആർക്കറിയാം’ എന്ന സിനിമയുടെ ശുഭസമാപ്തി.

സത്യത്തിൽ അവിടെ നടന്നത് ഒരർത്ഥത്തിൽ ദുരഭിമാനകൊലയാണ്. ഇട്ടിയവിര പാപഭാരം മുഴുവൻ ദൈവത്തിന് ഏൽപ്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്, എല്ലാം ‘സർവശക്തനയ തമ്പുരാന്റെ തീരുമാനമാണെന്ന മട്ടിൽ. പക്ഷേ ഒന്നാംതരം കള്ളമാണത്. പദ്ധതി സത്യത്തിൽ ഇട്ടിയവിരയുടേതാണ്. നിസ്സഹായനായ പിതാവ് മകളെ തന്റേതാക്കി (നില)നിർത്താൻ നടത്തിയ ഒരു ഒഴിവാക്കൽ പ്രക്രിയയാണ് ആ കൊല. (ഭൗതികമായ സാമീപ്യം തന്നെയാവണമെന്നില്ല. അല്പം കള്ളക്കണ്ണോടെ കാണാവുന്ന താത്പര്യം അയാളിൽ പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപകവൃത്തിയിലെ മർദ്ദനത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാത്രമല്ല,  അയാളുടെ പരപീഡനപരമായ താത്പര്യം ഷീജയെ കുറ്റം പറയുന്നതിലും മിന്നി തെളിയുന്നുണ്ട്. മനശ്ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ പുറമേ ഭാവിക്കുന്നതിനു നേരെ വിരുദ്ധവും തന്ത്രപരവുമായ നിലയിൽ, ദൈവികമായ ബോധത്തിന്റെയല്ല, പൈശാചികമായ ഒരു അബോധത്തിന്റെ പിടിയിലാണ് ഇട്ടിയവിര. നിലവിലുള്ള സാമൂഹികമായ അബോധവുമായി (പ്രത്യയശാസ്ത്രവിവക്ഷകളുമായി) നീക്കുപോക്കുള്ളതുമാണ് ആ മണ്ഡലം. അതുകൊണ്ട് തിരിച്ചറിയുക അത്ര എളുപ്പമല്ലെന്നു മാത്രം.

ക്രൈസ്തവബോധ്യങ്ങൾ ഇഴപാകിയ പ്രമേയകല്പനയാണ് സിനിമയുടേത്. കുടുംബം എന്ന ഏദൻ തോട്ടത്തെ സംരക്ഷിക്കുന്ന പിതാവാണ് അയാൾ (ഇതേ നിഴൽഛായയാണ് ജോർജു കുട്ടിക്കും ഉള്ളത്)  സ്വർഗത്തെ പിഴപ്പിക്കാനായി വരുന്ന വേഷപ്രച്ഛന്നനായ സാത്താനാണ് ഇവിടെ അഗസ്റ്റിൻ. ( ദൃശ്യത്തിൽ വരുൺ പ്രഭാകർ) ചലച്ചിത്രത്തിലെ ദൈവം സ്വന്തം സന്തതികളെ അവരുടെ വിധിക്കു വിട്ടുകൊടുക്കുകയല്ല പകരം അവരെ രക്ഷിക്കാൻ ഗൂഢമായ പദ്ധതി നടപ്പാക്കുകയാണ്.  ‘ആർക്കറിയാമിലെ‘ ഷേർളിയുടെയും ദൃശ്യത്തിലെ റാണിയുടെയും അഞ്ജുവിന്റെയും നിസ്സഹായതയെ ചൂണ്ടി, അവരെ രക്ഷിക്കേണ്ടത് താനാണെന്ന ചുമതാലാബോധം പുതിയ ദൈവരൂപങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.   ആ തിരിച്ചിടലിൽ പിതാവിൽ നിന്ന് ദൈവപുത്രനിലേക്ക് ഒരു പരിണാമവും സംഭവിക്കുന്നുണ്ട്. മറ്റുള്ളവരുടെ ക്ഷേമത്തിനായി അവരുടെ മേലുള്ള ശാപം പരിഹരിച്ചുകൊടുക്കുന്നതിന് പിതൃരൂപങ്ങൾ സ്വയം പുത്രരൂപങ്ങളാവുകയും ഏറ്റെടുക്കുന്ന പാപങ്ങളുടെയും പരിഹാരപ്രക്രിയകളുടെയും കാഠിന്യത്താൽ ആത്മബലിയോളം പോന്ന സംഘർഷങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ‘കുറ്റബോധത്തോടെ നീറിയുള്ള ജീവിതം തന്നെയല്ലേ അവർക്കുള്ള ശിക്ഷയെന്ന്’ ജോർജു കുട്ടി, എഴുത്തുകാരനായ വിനയചന്ദ്രനു കഥ പറഞ്ഞുകൊടുക്കുന്നതിനിടയിൽ ന്യായീകരിക്കുന്നുണ്ടല്ലോ. കുമ്പസാരത്തിന്റെ സാധ്യത രണ്ടു സിനിമയും കാര്യമായിതന്നെ ഉപയോഗിച്ചിട്ടുമുണ്ട്. ജോർജ്ജുകുട്ടി വിനയചന്ദ്രനോട് കഥ (എന്ന വ്യാജേന) പറയുന്നതും  ഇട്ടിയവിരയ്ക്ക് രഹസ്യം പറയാനായി റോയി തക്കസമയത്ത് അവതരിക്കുന്നതും പശ്ചാത്താപത്താൽ വിശുദ്ധരായ അവരെ ആത്മീയമായി മോചിപ്പിക്കാനല്ലെങ്കിൽ പിന്നെയെന്തിനാണ്? .

 അഗസ്റ്റിനെ കുഴിച്ചിട്ടിടത്തെ പാമ്പിനെപ്പറ്റിയും സുന്ദരന് പാമ്പിന്റെ സാന്നിദ്ധ്യം മണത്തറിയാൻ കഴിയുമെന്നതിനെപ്പറ്റിയുമുള്ള പരാമർശവും  വെറുതെയല്ല. അതിനു പണ്ട് അറിവിന്റെ വൃക്ഷത്തിൽ ചുറ്റിപ്പിണഞ്ഞ സാത്താനുമായി നേരിട്ട് ബന്ധമുണ്ട്.  സിനിമയിൽ രണ്ടിടത്ത് ഇട്ടിയവിര സ്വന്തം മുറിയിൽ പ്രാർത്ഥിക്കുന്നതായി  റോയി കാണുന്നത് തറയിൽ വീണുകിടക്കുന്ന വികൃതമായ നിഴലായിട്ടാണ്. പ്രാർത്ഥ വികൃതമായ ഇരുൾദൃശ്യമാകുന്നത് അതിന്റെ പവിത്രതയെപ്പറ്റിയുള്ള സംശയത്തിന്റെ പശ്ചാത്തലത്തിലാണല്ലോ. അതും, പുറത്തുനിന്നു വരുന്ന കാറിന്റെ വെളിച്ചം ഇട്ടിയവിരയുടെ മുറിയിലേക്ക് വീഴുന്നതിന്റെ കാഴ്ചയും പൊതുവായി സിനിമയെ പൊതിഞ്ഞു കിടക്കുന്ന നരച്ച ഇരുട്ടും താഴേനിന്ന് മുകളിലേക്കുള്ള വീടിന്റെ ചിത്രങ്ങളും (ദൃശ്യത്തിൽ മുകളിൽനിന്ന് താഴേക്കുള്ള നോട്ടമെന്ന നിലയ്ക്കാണ് വീട് പ്രത്യക്ഷമാകുന്നത്. ) ചേർന്ന് അബോധതലത്തിന്റെ സാക്ഷാത്കാരം  നിർവഹിക്കുന്നുണ്ടെന്നു തോന്നുന്നു.

റാണിയും അഞ്ജുവും ചേർന്നു നടത്തിയ കൊലപാതകമായാലും ഇട്ടിയവിര ഒറ്റയ്ക്കു നടത്തിയ കൊലപാതകമായാലും അവരുടെ പാപക്കറയെ കഴുകി വെളുപ്പിക്കാനും അവരെ മനുഷ്യരുടെ നീതിന്യായവ്യവസ്ഥയിൽനിന്നു മാറ്റി കുറ്റവിമുക്തരാക്കാനും ഉള്ള ദൈവത്തിന്റെ ഉത്തമപദ്ധതിയനുസരിച്ചെത്തുന്ന ദൂതപ്രമാണികളാണ് ജോർജ്ജുകുട്ടിയും റോയിച്ചനും.  നേരത്തെ വിശദീകരിച്ച പിതാവ് - പുത്രൻ ദ്വയത്തിന്റെ അംശങ്ങൾ സ്വീകരിച്ചുകൊണ്ടുണ്ടായ ഉരുവമാണ് ഈ മാധ്യസ്ഥസ്ഥാനം. പ്രമേയത്തിനുള്ളിലെ അവരുടെ കർമ്മപരമായ നിഷ്കളങ്കത അവരുടെ പാതിദൈവികതയ്ക്കുള്ള തെളിവാണ്. അവരുടെ കയ്യിൽ കുടുംബം എന്ന ഏദൻ തോട്ടം ഭദ്രമാണ് എന്ന വിശ്വാസമാണ് ഈ സിനിമകൾ സ്വതവേ ശുഭാപ്തി കാമികളായ കാണികളുമായി പങ്കുവയ്ക്കുന്നത്. അതുകേവലം വിശ്വാസമല്ല, അത് സിനിമയ്ക്കു പുറത്ത് ശക്തമായി നിലനിൽക്കുന്ന ഭൗതികശക്തിയായതുകൊണ്ട് കൂട്ടായ ഇഷ്ടം ഈ ചിത്രങ്ങളെ പൊതിയുകയും ചെയ്യുന്നു. 

1 comment:

  1. ദൈവം രക്ഷിച്ചെടുത്ത കൊലയാളികളെ ആരാധിക്കുന്ന ദൈവമക്കളുള്ള രാജ്യമാണല്ലൊ നമ്മുടേത്

    ReplyDelete