ഇ സന്തോഷ് കുമാറിന്റെ ‘ജ്ഞാനഭാരം’ എന്ന നോവലിലെ ഖുർഷിദ് അഹമ്മദ്, കൽക്കട്ടയിലെ കോളേജ് സ്ട്രീറ്റിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന നൂർ ബുക്സ് എന്ന ഒരു ചെറിയ കടയുടെ ഉടമസ്ഥനാണ്. ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള പ്രശസ്തവിദ്യാഭ്യാസസ്ഥാപനത്തിൽ എം ബി എ എടുത്തിട്ടുള്ള ഖുർഷിദ്, ഉപ്പയുടെ കച്ചവടം തുടർന്നു പോകാൻ പഴയപുസ്തകങ്ങളുടെ ലോകത്തിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുന്നു. അതിലായാൾ ലാഭമുണ്ടാക്കുമോ ജീവിത വിജയം നേടുമോ എന്നത് പിന്നീടുള്ള കാര്യം. പിതാക്കന്മാരുടെ അഭിലാഷങ്ങളെ കുറ്റബോധത്തോടെ വഹിക്കുന്ന മക്കൾ സങ്കല്പം ‘ജ്ഞാനഭാരം’ നോവലിന്റെ മറ്റൊരു അലയാണ്. ഗുജറാത്തിലെ കച്ചിനടുത്തുള്ള ഒരു ഹുണ്ടികവ്യാപാരിയുടെ മകനായ ഭുവൻ ദേശായി, ആദ്യം അച്ഛനെ വെല്ലുവിളിച്ചുകൊണ്ടും അയാളുടെ ഇച്ഛയ്ക്കു വിരുദ്ധമായും ദേശീയപ്രസ്ഥാനത്തിലും പിന്നെ വക്കീൽ ജോലിയിലും എത്തുന്നുണ്ടെങ്കിലും അവസാനം നമ്മൾ മനസ്സിലാക്കുന്ന രീതിയിൽ നോക്കിയാൽ അയാളും പിതാവിനെപോലെ കച്ചവടക്കാരനായിരുന്നു. വിറ്റതും വാങ്ങിയതും അറിവും പ്രശസ്തിയും പോലെയുള്ള അഭൗതികങ്ങളായിരുന്നു എന്നുമാത്രം. ഇത് ഒരു പക്ഷേ ബോധപൂർവമായ രചനാസൂത്രണത്തിന്റെ ഭാഗമാവണം. ‘ജ്ഞാനഭാരത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളിലെല്ലാം പലതരത്തിൽ വിശദമാക്കാവുന്ന ബന്ധഭാരങ്ങളുണ്ട്. അവയിൽ മുന്നിട്ടു നിൽക്കുന്നത് പിതാപുതൃബന്ധമാണെങ്കിലും മകന്റെ സ്ഥാനത്തുള്ളവർ പിതാക്കന്മാരിൽനിന്ന് ഒരുപാട് ദൂരം മുന്നിലേക്ക് പോകുന്നു. നമ്മുടെ ജനപ്രിയ സിനിമകളിലും ഉഗ്രപ്രതാപികളും ഇപ്പോൾ നിസ്സഹായരുമായ പിതാക്കന്മാർ സമകാലിക കാഴ്ചയാണെന്നും ഇത് 90 കളിലെ താരവാഴ്ചയുടെ പരിണാമത്തിന്റെ പ്രേതരൂപങ്ങളാണെന്നുമുള്ള മട്ടിൽ സി എസ് വെങ്കിടേശ്വരൻ നിരീക്ഷിച്ചിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഖുർഷിദിനെപ്പറ്റിയാണ്. ഖുർഷിദ് കടന്നുവരുന്ന മൂന്നോ നാലോ സന്ദർഭങ്ങളേ നോവലിലുള്ളൂ. ആദ്യം അയാൾ സ്പാനിഷ് കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ ‘എങ്ങനെയൊരു ആത്മകഥയെഴുതാം’ എന്ന പുസ്തകമാണ് കഥാകൃത്തിന് ( ആഖ്യാതാവ് - അയാൾ കഥയെഴുതുന്ന ആളാണ്) വിൽക്കാൻ ശ്രമിക്കുന്നത്. അയാൾ അതു വാങ്ങുന്നു. രണ്ടാമത്തെ പ്രാവശ്യം മാർക്വേസിന്റെ, ഏകാന്തതയുടെ നൂറുവർഷങ്ങളുടെ ടൈപ്പ് റൈറ്റർ കോപ്പിയാണ്. അതിൽ എഴുത്തുകാരൻ തന്നെ വെട്ടി തിരുത്തിയ ഭാഗങ്ങളും ഉണ്ട്. അമൂല്യമായ ‘മെറ്റീരിയലായിട്ടും’ (ഖുർഷിദ് പുസ്തകങ്ങളെ മെറ്റീരിയൽ എന്നാണ് വിളിക്കുന്നത്, അയാൾക്ക് പുസ്തകങ്ങളോട് വിൽപ്പനവസ്തു എന്നതിൽ കവിഞ്ഞ താത്പര്യവും വൈകാരിക ബന്ധവും ഇല്ല) കഥാകൃത്ത് അതിൽ താത്പര്യം കാണിക്കുന്നില്ല. മൂന്നാമത്തെ പ്രാവശ്യം കൈലാസ് പാട്ടീലിന്റെ (സത്യത്തിൽ ഭുവൻ ദേശായിയുടെ) നൂറ്റാണ്ട് പഴക്കമുള്ള സർവവിജ്ഞാനകോശത്തിന്റെ 11 വാല്യങ്ങളാണ്. അതിലും കഥാകൃത്ത് താത്പര്യം കാണിക്കുന്നില്ല. അതേസമയം അയാൾ ഒരു കാര്യം ഖുർഷിദിനോട് പറയുന്നുണ്ട്, പന്ത്രണ്ടാമത്തെ വാല്യം കിട്ടിയാൽ എടുത്തുകൊള്ളാമെന്ന്.
അതെന്തിന്? കാരണം, പുഴയിൽ ഉറച്ചുപോയ തോണിപോലെ കാലത്തിനപ്പുറം നിന്നുകൊണ്ട് കൈലാസ് പാട്ടീൽ എന്ന മനുഷ്യൻ 55 വർഷം കൊണ്ട് വായിച്ചുതീർത്ത അവസാനത്തെ പദം, സീറോ എന്ന വാക്കും അതിന്റെ 10 പേജുനീളുന്ന ചരിത്രവുമുള്ളത് ആ ഭാഗത്തിലാണ്. ‘ജ്ഞാനഭാരം’ യഥാർത്ഥത്തിൽ ജ്ഞാനത്തിന്റെ കൃത്രിമമായ ഭാരത്തെ നിസ്സംഗതയോടെ നോക്കുന്ന കൃതിയാണ്. സംഭാഷണം - രണ്ടു പേർ തമ്മിലുള്ള വിനിമയം- മുന്നിൽ വച്ചുകൊണ്ട് കഥ പറഞ്ഞുപോകുന്ന മട്ടിലുള്ള ഒരു രചനയാണ്. ഈ രണ്ടു പേരുടെ ചേരിയെ അനുഭവവാദികളും ജ്ഞാനവാദികളുമാക്കി ചുരുക്കിയെടുക്കാം. നവോഥാനകാലത്തെ പ്രധാനപ്പെട്ട വാദങ്ങളിലൊന്ന് എഴുത്തുകാർക്ക് പുസ്തകജ്ഞാനമാണോ അനുഭവങ്ങളുടെ ചൂടാണോ ആവശ്യമെന്നതായിരുന്നു. കൂടിയ അനുഭവങ്ങളുള്ളയാൾ കൂടിയ എഴുത്തുകാരനോ കാരിയോ ആയി മാറും. അനുഭവങ്ങൾക്ക് പ്രതിബദ്ധതയുമായി നേരിട്ട് ബന്ധമുണ്ടെന്നും പുസ്തകപ്പുഴുക്കൾക്ക്, ഞാഞ്ഞൂളുകളെപ്പോലെ സമൂഹത്തിന്റെ പ്രബുദ്ധതയ്ക്ക് വിത്തൊരുക്കാൻ കഴിയാറില്ലെന്നുമുള്ള നിരീക്ഷണങ്ങൾ ഇപ്പോഴും മുഴക്കത്തോടെ നിലവിലുണ്ട്. സർഗാത്മകസാഹിത്യകാർക്ക്, പണ്ഡിതമ്മന്യന്മാരേക്കാൾ നിലയും വിലയും പ്രതീകപദവിയും ലഭിക്കുന്നതിനു പിന്നിലും ഈ കാഴ്ചപ്പാടിനും അതുത്പാദിപ്പിക്കുന്ന സാമാന്യബോധത്തിനും നല്ല പങ്കുണ്ട്.
അതുകൊണ്ട് ജ്ഞാനഭാരത്തിലെ നിരന്തരസംവാദങ്ങൾ അടിസ്ഥാനപരമായി, ജ്ഞാനം ഒരു ഭാരമാണ് എന്നതാണ്. സർവവിജ്ഞാന കോശം വായിച്ചു തീർത്ത മനുഷ്യൻ കാട്ടിൽ വച്ച് മരം വീണു ചത്തുപോയതുപോലെയുള്ള ഫലിതം നോവലിന്റെ മുഖക്കുറിയായി തന്നെയുണ്ട്. പുസ്തകങ്ങളെ വസ്തുക്കൾ മാത്രമായി കാണുന്ന ഖുർഷിദിന്റെ അവതരണം ജ്ഞാനം ഒരു ഭാരമാണെന്നതിന്റെ സാധൂകരണവുമാണ്. കൈലാസ് പാട്ടീൽ, പിതാവു നൽകിയ പുസ്തകങ്ങൾ വായിക്കാൻ 55 കൊല്ലം ചെലവഴിച്ച് ഓർമ്മനാശം വന്നൊടുങ്ങുകയും ആ ജീവിതത്തെ ‘കഥാകൃത്ത്’ നോവലാക്കുകയും ചെയ്യുന്നതിലും ഈ തരതമഭേദം നിഴലിക്കുന്നുണ്ടെന്നു തോന്നുന്നു. (കൈലാസിൽ വന്നു പതിക്കുന്ന മരം, ഓർമ്മനാശത്തിന്റെയാകുന്നു. ) നേരിട്ടുള്ള അനുഭവം സമകാലികവും പുസ്തകങ്ങൾ ഭൂതകാലികവുമാണെന്നും അതുകൊണ്ട് പുസ്തകത്തെ അവലംബിക്കുന്നവർ പിന്നിലെവിടെയോ തറഞ്ഞു പോയവരാണെന്നും ഉള്ള (അ)ബോധത്തെ ഉള്ളിൽ നോവൽ വഹിക്കുന്നത് അങ്ങനെയാണ്.
ഇവിടെ നിന്നുകൊണ്ടാണ് ഖുർഷിദിനോട് വിജ്ഞാനകോശത്തിന്റെ അവസാന വാല്യം തിരക്കുന്ന കഥാകൃത്തിനെ ഒന്നു ശ്രദ്ധിക്കാൻ. എന്തിനായിരുന്നു അത്? ആ വാല്യത്തിൽ സീറോ എന്ന പദമുണ്ടെന്ന് പറഞ്ഞല്ലോ. അതിനെപ്പറ്റി കൈലാസ് കഥാകൃത്തിനെഴുതിവച്ച് കത്തിലുണ്ട്. വിജ്ഞാനകോശത്തിലെ സീറോ, നോവലിൽ പറയുന്നതുപോലെ ശൂന്യതയെക്കുറിച്ചു മാത്രമാവാൻ സാധ്യതയില്ല. (അത് ഗണിതചിഹ്നവുമാണ്, അതിന്റെ ചരിത്രവും വിജ്ഞാനകോശത്തിൽ കാണാതിരിക്കില്ലല്ലോ) 55 കൊല്ലം വിജ്ഞാനകോശം വായിക്കാനും മറക്കാനുമായി ചെലവഴിച്ച കൈലാസിനെപോലെ കഥാകൃത്തും ആ സീറോയിൽ തനിക്കു വേണ്ടതുമാത്രമായി ഭാവനയിൽ കാണുകയാണ്. ഉദ്ദേശ്യങ്ങൾ പക്ഷേ രണ്ടു വഴിക്കാണ്. കൈലാസ് തന്റെ ജീവിതത്തെ വിലയിരുത്തുന്ന പദമെന്ന നിലയിലാണ് ‘ശൂന്യ’ത്തെപ്പറ്റി വാചാലമാകുന്നത്, കഥാകൃത്തിനുള്ളത് അതുതന്നെയാണ് സീറോയുടെ ചരിത്രമല്ല, എങ്ങനെയത് തന്റെ കഥാവസ്തുവായ ഒരാളിന്റെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു എന്ന് തന്റെ വായനക്കാരെ അറിയിക്കുകയാണ്. അയാളുടേത് ‘ജ്ഞാനഭാര’മായിരുന്നെങ്കിൽ പുതിയ വിജ്ഞാനകോശം നോക്കിയാൽ മതിയല്ലോ.. സീറോയെപ്പറ്റി ഒരു നൂറ്റാണ്ട് കൂടുതലായി ഉണ്ടായ അറിവും അതിൽനിന്നു കിട്ടും. പക്ഷേ അയാളുടെ ലക്ഷ്യം ആ അറിവല്ല.
ജ്ഞാനം വെളിച്ചമാണെങ്കിൽ വിജ്ഞാനം അതു നിർമ്മിക്കാനുള്ള ഉപകരണമാണെന്നുള്ള ഒരു നിർവചനം നോവലിൽ ഉണ്ട്. കൂടുതൽ ഉപകരണമുള്ള ആശാരി ശില്പം ഉണ്ടാക്കില്ലെന്നു ഉറപ്പിക്കുന്ന നോവൽ, വെളിച്ചം പോയതിനെപ്പറ്റി ആശങ്കപ്പെട്ടുകൊണ്ടാണ് അവസാനിക്കുന്നത്. വിജ്ഞാനം വിവരങ്ങളായിരിക്കണം, അവയുടെ സർഗാത്മകമായ ഉപയോഗം വെളിച്ചം ഉണ്ടാക്കും. ഈ വെളിച്ചം, ഇരുട്ടുമുറിയിൽ പാത്തുവച്ചിരിക്കുന്ന വിജ്ഞാനകോശങ്ങളല്ല, അനുഭവങ്ങളുടെ ചൂടോടെ പകർത്തുന്ന സർഗാത്മകരചനകളാണ് ഉണ്ടാക്കുന്നതെന്ന വെളിപാടാണ് ‘ജ്ഞാനഭാരത്തിന്റെ’ ഇംഗിതം. അങ്ങനെയാണത് നേരത്തേ പറഞ്ഞതുപോലെ ‘അറിവോ അനുഭവമോ’ എന്ന സന്ദേഹവിചാരത്തിന്റെ സാംസ്കാരികരേഖയാകുന്നത്. നോവലിലുടനീളം നോവലിസ്റ്റ് അവലംബിക്കുന്ന സന്ദേഹപരമായ സ്വഭാവത്തിനു നേരെ വിരുദ്ധമാണ് ജ്ഞാനവിജ്ഞാനങ്ങളെപ്പറ്റിയുള്ള ഈ അന്തിമതീർപ്പ്. എഴുത്തുകാരന്റെ നിലപാടും പക്ഷപാതവും വ്യക്തമാക്കുന്ന ‘സാഹിത്യവിചാരചർച്ചയായും ‘ജ്ഞാനഭാര’ ത്തെ വായിക്കാം എന്നർത്ഥം.
വിജ്ഞാനപ്രദം ...
ReplyDeleteIs There Any Way To Play Baccarat? - Worrione
ReplyDeleteSo it's almost no surprise that people still find it. The first step is learning to play baccarat and learn it all. However, there are some 바카라 웹 사이트