കേരളത്തിലെ ഗോത്രപാരമ്പര്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് (99:14) നമ്മുടെ ‘ഭാഷകളുടെ’ അർത്ഥരൂപീകരണപ്രക്രിയയിലേക്ക് തിരിഞ്ഞു നോക്കാനുള്ള സന്ദർഭംകൂടിയാണ് തുറന്നിട്ടത്. അവയിൽ പ്രധാനം ഡോ. ലിജിഷയുടെ എ ടിയുടെ ചോലവനഭാഷകളുടെ വംശനാശത്തെ ഉത്കണ്ഠയോടെ മുന്നിൽ വയ്ക്കുന്ന ലേഖനമാണ്. പൊതുസമൂഹവുമായി അടുത്തിടപഴകാതെ ഉൾക്കാടുകളിൽ കഴിയുന്ന ചോലനായ്ക്കർ അവരുടെ ആശയവിനിമയവ്യവസ്ഥയിൽ പാരിസ്ഥിതിക ജൈവികതയെ കുടിയിരുത്തിയിരിക്കുന്നതെങ്ങനെയെന്ന വിശദമായി വിവരിച്ചുദാഹരിക്കുന്ന ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന പല വാക്കുകൾക്കും മലയാളവുമായി ബന്ധമുണ്ടെന്നു തോന്നി. അതിനേക്കാൾ പ്രധാനം, ചോളനായ്ക്കരുടെയായാലും ഇരുളരുടെയായാലും മലയാളികളുടെയായാലും, ഭാഷയിലെ വാക്കുകൾ അവയുടെ അർത്ഥം സ്വരൂപിച്ചെടുത്ത ഒരു പൊതുകേന്ദ്രമുണ്ടാവാം എന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്ന പലതും ആ ലേഖനത്തിലുണ്ടെന്നതാണ്. മലയാളം എന്ന പേരിലുള്ള അളം (പ്രദേശം), ചോലനായ്ക്കരുടെ അളെ (ഗുഹ)യിൽനിന്ന് വളരെ ദൂരെയല്ല. രണ്ടിന്റെയും പൂർവസ്ഥാനം ആവാസവ്യവസ്ഥയെ സൂചകമാക്കിക്കൊണ്ടുള്ള വിനിമയവ്യഗ്രതയിൽനിന്നുണ്ടായതാവാനുള്ള സാധ്യതയെയും അവ മുന്നിൽ വയ്ക്കുന്നു. രോമക്കൂടുതലുള്ള തേനീച്ചയെ ചോലനായ്ക്കർ വിളിച്ച പേരിൽ (ചുക്കെ നെദറ് ക്വിന്നി) ഇഞ്ചിയുണങ്ങി നാരുകളായി പിരിഞ്ഞു തുടങ്ങിയ ചുക്കിനു ആ പേരു ലഭിച്ചതിന്റെ കാരണമല്ലേ ഉള്ളത്? വേങ്ങപ്പൂവിന്റെ (ബേങ്ങൂവ്) മഞ്ഞയെ വെയിലും (ബേങ്ങെ) വേനലും (ബേച്ചെകാലെ) കടുവയുമാക്കി (ബേങ്ങബരയന്) തീർക്കുന്ന ഭാഷാപരിണാമം കാഴ്ചയ്ക്കു പ്രാധാന്യം നൽകിയ പാരമ്പര്യത്തിന്റെ തെളിവുകൂടിയാണ്. വാക്കിൽ തൊടുമ്പോൾ, ഒന്നിൽനിന്ന് മറ്റൊന്ന് എന്ന മട്ടിൽ പ്രവർത്തനനിരതമാകുന്ന പരിസ്ഥിതിസൂചനകളെ സങ്കല്പത്തിലേക്കു കൊണ്ടുവരുന്ന ‘ഹൈപ്പർ ലിങ്കിനു’ സമാനമായ ജാലികയെന്ന വാക്കും അതിന്റെ പൂർണ്ണമായ അർത്ഥധ്വനിയോടെ ഈ ലേഖനത്തിൽ കണ്ടു.
പി ശിവലിംഗന്റെ കവിത (വശന്തത്തെ തേടി പോകക്കൊളെ പാത്തത്) ഇരുളഭാഷയിലും മലയാളത്തിലുമായി കൊടുത്തിരുന്നത്, വാക്കുകളുടെ സാമൂഹികപരിണാമസന്ദർഭത്തിലേക്കെത്താൻ വഴിയൊരുക്കിയെന്നതാണ് രണ്ടാമത്തെ കാര്യം. ലിപിയില്ലാത്ത (നഷ്ടപ്പെട്ട) ഇരുളഭാഷയിൽ വാക്കുകൾ തനിമ സൂക്ഷിക്കുകയോ മൊഴിവഴക്കത്തിൽപ്പെട്ട് മറ്റൊന്നായി മാറുകയോ ചെയ്തിരിക്കാം. കവിതയിൽ ‘കരെ’ എന്നൊരു വാക്കു കാണാം. പരിഭാഷയിൽ തെറ്റിയിട്ടില്ലെങ്കിൽ ‘കരെ’ എന്നിവിടെ പറഞ്ഞിരിക്കുന്നത് പുഴയെയാണ്. വിരുദ്ധാർത്ഥത്തിലുള്ള വാക്കുകൾ ഭാഷയിൽ അപൂർവമല്ലെങ്കിലും ആദിദ്രാവിഡത്തിൽനിന്ന് രണ്ടു വഴിക്കു പിരിഞ്ഞ് അർത്ഥം വെവ്വേറെയായി പോയ സഹോദരികൾ ഒരു കവിതയിലും അതിന്റെ പരിഭാഷയിലുമായി കണ്ടുമുട്ടുന്നതിന്റെ യാദൃച്ഛികത കവിതപോലെതന്നെ ആസ്വാദ്യകരമാണ്. പൂർണ്ണചന്ദ്രനും നിലാവിനും കവിതയിൽ ഒരു വാക്കാണ്, ‘ധോവി’. സംസ്കൃതത്തിലെ ധൗതവും (കഴുകിയ, വെളുപ്പിച്ച, നിർമ്മലമായ) ഹിന്ദിയിലെ ധോബിയും (അലക്കുകാരൻ) ആയി അടുത്തബന്ധം രൂപപരമായും അർത്ഥപരമായും ഉള്ളതായി തോന്നുന്നു, മലയാളത്തിൽ തീരെ കേട്ടിട്ടില്ലാത്ത ഈ വാക്കിന്. നിലാവെളിച്ചത്തിന്റെ ശുഭ്രതയ്ക്കും കഴുകിത്തുടച്ച ചന്ദ്രനും കാവ്യാത്മകത സ്വഭാവേന വന്നു ചേരുകയും ചെയ്യുന്നു.
മാതൃഭൂമി കിട്ടിയാൽ ആദ്യം വായിക്കുന്ന, ലീലാവതിയുടെ ആത്മകഥ ധ്വനിപ്രകാരത്തിലെ, ‘രണ്ട് സാഹസങ്ങളിൽ’ ബാലാമണിയമ്മയുടെ കവിതയെപ്പറ്റി പറയുന്നിടത്ത് ‘അഹി ഉപമാനമായ കല്പനകളാണ് അവരുടെ കവിതകളിൽ ഏറ്റവും അധികം’ എന്നൊരു നിരീക്ഷണമുണ്ട്. ആ വാക്ക് വീണ്ടും തൊട്ടടുത്ത് ആവർത്തിച്ചിട്ടുമുണ്ട്. പാമ്പ് എന്നതിനുപകരം അധികം ആർക്കും മനസ്സിലാവാത്ത ഈ ‘അഹി’ എന്ന സംസ്കൃതപ്രയോഗത്തിന് (കാലാഹി എന്ന് എഴുത്തച്ഛൻ, അഹിച്ഛത്രം എന്ന സ്ഥലം മഹാഭാരത്തിൽ) സാന്ദർഭികമായി വിശേഷസാഹചര്യമൊന്നും ഇല്ല. പാമ്പിന്റെ പേരു ഉറക്കെ പറയാൻ പാടില്ലെന്ന പഴയ വിശ്വാസമോ നിരൂപണത്തിന്റെ രീതിശാസ്ത്രമനുസരിച്ച് ബിംബപദവി കല്പിച്ചും ഭാഷാപരമായി ഉയർത്തിയുമുള്ള പ്രയോഗമോ ആകാം ടീച്ചർ ഉദ്ദേശിച്ചത്. അല്ലെങ്കിൽ പുതുമയ്ക്കു വേണ്ടി പ്രയോഗിച്ചതുമാവാം. (ഇതൊന്നും ആവണമെന്നും ഇല്ല) എങ്കിലും ആ വാക്ക് ലേഖനത്തിൽ ഒരു മുഖത്തെഴുത്തുപോലെ എടുത്തു നിൽക്കുന്നതായി തോന്നി. ലീലാവതി ടീച്ചറുടെ സംസ്കൃതപക്ഷപാതിത്വത്തിനൊപ്പം ഇതിഹാസ-പുരാണങ്ങളിലുള്ള പരിചയവും പാണ്ഡിത്യവും വായനാനുഭവവുമൊക്കെ മുന്നിലേക്ക് കൊണ്ടുവരുന്നുണ്ട് ആ സന്ദർഭത്തിൽ അഹി എന്ന വാക്ക്.
മേതിലിന്റെ 19’ പംക്തിയിലെ, - ‘സന്ദർഭം ഇല്ലാതായ സ്ഥലം; ഞാനെവിടെയാണ്'- എന്ന ലേഖനത്തിൽ സസ്തനി എന്ന അതിസാധാരണമായതും പ്രചാരമുള്ളതുമായ പദത്തിനു പകരം സ്തന്യപം എന്ന ബഹുവ്രീഹിയാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്തനി, ഒരു ജീവിവർഗത്തിന്റെ സാമാന്യനാമമായിത്തീർന്നിട്ടുണ്ടെങ്കിലും അതിന്റെ നിരുക്തം മുലയുള്ളവൾ എന്ന അർത്ഥത്തിൽ സ്ത്രീയെ സൂചിപ്പിക്കുന്നതും (സ്തനത്തോടുകൂടിയത്) സ്തന്യപം, മുലകുടിക്കുന്ന ജീവജാലത്തെ മുഴുവനായി അടയാളപ്പെടുത്തുന്നതുമായ പ്രയോഗമാണ്. മുലക്കണ്ണ് ആൺവർഗത്തിനും ഉള്ളതാണല്ലോ എന്ന എതിർവാദത്തിനു പ്രസക്തിയുണ്ടെങ്കിൽപോലും ഈ ‘വാക്കുമാറ്റത്തിൽ’ ഗംഭീരമായ ഒരു ചാട്ടമുണ്ട്. മുലയുള്ളതല്ല, അതു കുടിച്ചു വളരുന്നതിലാണ് വർഗപരമായ അസ്തിത്വമുള്ളതെന്നാണ് അതു പറഞ്ഞു തരുന്നത്. ആദ്യത്തേത് (അഹി) വിശ്വാസപരമാണെങ്കിൽ ഇത് (സ്തന്യപം) ജീവശാസ്ത്രപരവും ആ നിലയ്ക്ക് ശാസ്ത്രീയവുമാണ്.
വാക്കിനെപ്പറ്റിത്തന്നെ മറ്റൊന്നുകൂടി. കവിതാബാലകൃഷ്ണൻ എഴുതി വരുന്ന കലാചരിത്രത്തിലെ സ്ത്രീ എന്ന ലേഖനപരമ്പരയിൽ, ഇത്തവണ പുഷ്പമാലയെപ്പറ്റി എടുത്തെഴുതുന്നിടത്ത് ഇങ്ങനെ കാണാം : “ഉൾവസ്ത്രങ്ങൾ എപ്പോഴും എന്നെ രസിപ്പിച്ചിട്ടുണ്ട്. ബനിയനുകൾ, നിക്കറുകൾ, ബ്രേസിയറുകൾ ഇതൊക്കെ നഗരജീവിതത്തിന്റെ ഭാഗമാണ്....”. അണ്ടർഗാർമെന്റ് (-വെയർ) എന്നു ഇംഗ്ലീഷറിയാവുന്നവരും അടിവസ്ത്രം എന്നു നാട്ടുകാരും ഉപയോഗിച്ചുവരുന്ന സർവസാധാരണമായ പദത്തിനുപകരം, കൊണ്ടുവന്നുവച്ച ഈ ‘ഉൾവസ്ത്രം’ സംസ്കൃതീകരിക്കപ്പെട്ടതാണെങ്കിലും അർഥപരമായ വികാസം അതിനുണ്ട്. അടിവസ്ത്രം എന്ന പഴകിയ പ്രയോഗം ഉൾക്കൊള്ളുന്ന ഒരു കീഴാള സ്വഭാവത്തെയാണ് ഉൾ എന്ന ചെറിയ വാക്ക് ചേർന്ന സമാസം ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നത്. ഇതിൽ വന്ന മാറ്റം സാമൂഹികശാസ്ത്രപരവുമാണ്. ശരീരവുമായി ബന്ധപ്പെടുത്തി ഭാഷാവ്യവസ്ഥ നിലനിർത്തുന്ന അധീശത്വവും കീഴാളത്തവും ആ വാക്കുമാറ്റം കൊണ്ടുവന്നു മുന്നിൽ നിർത്തുകയും ചെയ്യുന്നു. (അടിവസ്ത്രമെന്ന് സ്വാഭാവികമായി പ്രയോഗിച്ചു പോയിരുന്നെങ്കിൽ ഈ ആലോചനതന്നെയും ആവശ്യമില്ലാതായേനേ)
അഹി, സ്തന്യപം, ഉൾവസ്ത്രം - ഇവയെല്ലാം മുൻപും ഉപയോഗിച്ചിരുന്നതാവാം. എങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു പതിപ്പിൽത്തന്നെ ചോലനായ്ക്കരുടെ ഹരിതപദകോശങ്ങളും ശിവലിംഗന്റെ കവിതയിലെ ദ്രാവിഡവും സംസ്കൃതമിശ്രമായ പദങ്ങളും അവയുടെയെല്ലാം സാമൂഹികവും മനശ്ശാസ്ത്രപരവും ശാസ്ത്രീയവും സാംസ്കാരികവുമായ രാഷ്ട്രീയവുമായ പാരിസ്ഥിതികവുമായ അർത്ഥധ്വനികളോടെ നിരക്കുന്നുവെന്നത് കൗതുകകരമാണ്. അർത്ഥങ്ങളും ആശയങ്ങളും കാലാകാലം പാർപ്പിടങ്ങൾ പുതുക്കുമ്പോൾ അതു തേടി കണ്ടുപിടിക്കാൻ നമുക്കുള്ളതും വാക്കുകളുടെ മേൽവിലാസമാണല്ലോ എന്നാലോചിക്കാൻ മാതൃഭൂമിയുടെ ഈ ലക്കം സവിശേഷമായി വഴിയൊരുക്കുകയായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലായ് 4, 2021
ചില വാക്കുകളുടെ മേൽവിലാസങ്ങൾ ഇപ്പോഴും അജ്ഞാതമാണ്
ReplyDelete