September 29, 2019

മാതൃഭാഷാപ്രേമം കപടമോ? എങ്ങനെ?


സമകാലികമലയാളത്തിലെ ഹമീദ് ചേന്നമംഗലൂരിന്റെ സ്ഥിരം പംക്തി, ‘ശബ്ദമില്ലാത്ത ശബ്ദത്തിൽ’ ഇത്തവണ പി എസ് സി ആപ്പീസിനു മുന്നിൽ നടന്ന സമരത്തെപ്പറ്റിയാണ്, ഭാഷയിൽനിന്ന് ഭ്രാന്ത് മുളയ്ക്കരുത് എന്ന താക്കീതാണ് ഹമീദ് സമരക്കാർക്ക് നൽകാൻ ഉദ്ദേശിക്കുന്നത്. സമരത്തിന്റെ ഒരു പ്രസക്തിയും പ്രചാരവും ജനപിന്തുണയും മനസിലാക്കിയിട്ടാണോ എന്തോ ആ അഞ്ചുകോളം ആർട്ടിക്കിളിനെ ആഴ്ചപ്പതിപ്പ്   ‘മാതൃഭാഷാപ്രേമം കപടമോ?’എന്ന മറ്റൊരു തലക്കെട്ടിൽ  കറുത്ത പശ്ചാത്തലത്തിൽ കവറാക്കി കൊടുത്തപ്പോൾ അതിന്റെ ധ്വനി മൊത്തം മാറി.  ഭാഷാസമരത്തോട് സമകാലികമലയാളം എന്ന ആഴ്ചപ്പതിപ്പിനുള്ള മനോഭാവം പ്രകടമാക്കുകയും ചെയ്തു.

ഭാഷാവിരുദ്ധരായ പതിവുകാരെയും ചിട്ടപ്പടി ചിന്താമഗ്നരെയും പോലെ ഹമീദ് എന്തിനായിരുന്നു സമരം,  എന്താണതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നൊന്നും നോക്കുന്നില്ല, പി എസ് സി പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽ കൂടിയാവുന്നതിന് അദ്ദേഹം എതിരുമല്ല, പകരം സമരപ്പന്തലിലിരുന്ന് സാംസ്കാരിക പ്രവർത്തകർ പറഞ്ഞ ചില സംഗതികൾ ഭാഷാഭ്രാന്തായി വളരാനും അതു മാറാത്താശിവസേനക്കാരുടെ മണ്ണിന്റെ മക്കൾ വാദമാകാനും സാധ്യതയുണ്ടെന്ന് വിഭാവന ചെയ്യുകയാണ്. അതിനെതിരെ പ്രതികരിക്കേണ്ടത് മറ്റൊരു സാംസ്കാരികപ്രവർത്തകനായ തന്റെ കടമയായതുകൊണ്ട് അദ്ദേഹം ചില മുന്നറിയിപ്പുകൾ നൽകുന്നു.
“മാതൃഭാഷയോട് ഭക്തിയും ആദരവും കൂറും വേണം, പക്ഷേ പരിധി വിട്ടുകൂടാ,  അതിഭാഷാവാദം ആപത്‌കരമാണ്, അത് മുളപ്പിക്കുന്ന പണിയിൽ ആരും മുഴുകരുത്, ശിവസേനാ മനഃസ്ഥിതി ഇങ്ങോട്ട് ഇറക്കുമതി ചെയ്യരുത്. ” എക്സെട്രാ എക്സെട്രാ..അപ്പോഴും ഒരു സംശയം അവശേഷിക്കുന്നു, പക്ഷേ ആരുടെ കാപട്യത്തെയാണ് ആഴ്ചപ്പതിപ്പ് കവറിൽ സംശയിച്ചത്? സത്യാഗ്രഹം കിടന്നവരുടെയോ? അതിനു പിന്തുണ അർപ്പിച്ച അടൂരുൾപ്പടെയുള്ളവരുടെയോ? ഇതിനുവേണ്ടി നേതാക്കളുടെ ആപ്പീസുകളും ഭരണകേന്ദ്രങ്ങളും കേറിയിറങ്ങിയ ഒരു പിടി മനുഷ്യരുടെയോ? അതോ സമരത്തിനു കാരണമായ, PSC ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന സമരക്കാരുടെ ആവശ്യത്തിനു  ഞാനെതിരല്ലെന്ന് കുറിപ്പിൽ ആവർത്തിച്ചു വ്യക്തമാക്കുന്ന ഹമീദ് ചേന്നമംഗലൂരിന്റെ തന്നെയോ?

ഹമീദ് എടുത്തു ചൂണ്ടിക്കാണിക്കുന്ന ചില ഉദാഹരണങ്ങളുണ്ട്, മുൻപ് ശാസ്ത്രസാഹിത്യ പരിഷത്ത് ഭരണ-വിദ്യാഭ്യാസമാധ്യമം മലയാളം ആകണമെന്ന് പറഞ്ഞ് നടന്നിട്ട് പരാജയപ്പെട്ട് നിശ്ശബ്ദരായതാണ് അതിലൊന്ന്. പരിഷത്തുകാരുടെ കുട്ടികൾ അവർ ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്ത കപടവാദക്കാരായി എന്നാണ് ആരോപണം. രണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വ്യാപകമായ പ്രചാരത്തിനു കാരണം മലയാളിയുടെ കപട മുഖമാണെന്നതാണ്. (ഇനി അതാണ് ഭാഷാസമരം കപടമാണെന്ന് എഴുതി വയ്ക്കാൻ പ്രേരിപ്പിച്ചതെങ്കിൽ അതു അടിസ്ഥാനമില്ലാത്ത വല്ലാത്ത ഇളക്കമാണേന്നേ പറയേണ്ടൂ..  കുട്ടികൾ ഏതു മീഡിയത്തിൽ പഠിക്കണമെന്നുള്ളതും  ഒരു സംഘടനയിലെ അംഗങ്ങളുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു എന്നുള്ളതും (എങ്ങനെ കണ്ടുപിടിച്ചു അത്?) പി എസ് സി ചോദ്യപ്പേപ്പറിൽ മലയാളവും വേണമെന്നുള്ള സമരവും എങ്ങനെയാണ് ഒന്നാവുകയും കാപട്യമാവുകയും ചെയ്യുന്നത്? വിദേശമലയാളികൾ പണിയെടുക്കുന്നതും വ്യവഹാരത്തിൽ ഏർപ്പെടുന്നതും മറ്റു ഭാഷകളിലായതുകൊണ്ട് അവർ സ്വന്തം മക്കളെ മലയാളം പഠിപ്പിക്കാൻ പാടില്ലെന്നും ഇവർ വാദിക്കുമല്ലോ  )   ഇംഗ്ലീഷിനെ തള്ളിക്കളയുമ്പോൾ അവരുകൊണ്ടുവന്ന ശാസ്ത്രസാങ്കേതിക പരിജ്ഞാനത്തെയും ഉപകരണത്തെയും തള്ളിക്കളയണ്ടേ എന്നാണ് ചോദ്യം. ഭാഷയോട് കാണിക്കുന്ന വിധേയത്വം മാത്രമായിട്ട് കോളോണിയൽ അടിമത്തമാവില്ലത്രേ. ഭാഷയുടെ പേരിൽ എടുത്തുകാണിക്കുന്ന മനുഷ്യാവകാശപ്രശ്നം പോലും ( മാർക്സിസം, മൾട്ടി കൾച്ചറലിസം, സെക്യുലറിസം, സോഷ്യലിസം എന്നിവ പോലെ) വൈദേശികമാണെന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു.

ഇതിലൊക്കെ എവിടെയാണ് സമരക്കാർ പ്രതിസ്ഥാനത്ത് വരുന്നതും കാപട്യക്കാരാവുന്നതുംസമരം കള്ളമാവുന്നതും? ചരിത്രത്തെക്കുറിച്ച് ഏറ്റവും അധികം വാചാലമായിക്കൊണ്ടുതന്നെ ചരിത്രബോധമില്ലാതെ കാര്യങ്ങളെ വിലയിരുത്താൻ കഴിയും എന്ന് നമ്മുടേ ഓരോ ഭാഷാവിരുദ്ധ പ്രസ്താവനകളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽ പരീക്ഷകളിൽ മലയാളം കൂടി വേണമെന്ന ആവശ്യത്തെ മുൻനിർത്തിയുള്ള സമരത്തിന്റെ പിന്നാമ്പുറത്തെപ്പറ്റി സ്വന്തം ഭാവനയിൽ രൂപങ്ങളുണ്ടാക്കിയിട്ട് യുദ്ധം ചെയ്തു മലർത്തിയടിച്ചു എന്ന ഭാവത്തിലാണ് ഭാഷാവിരുദ്ധർ. മനുഷ്യാവകാശ- മതേതരത്വവിദേശ സങ്കല്പങ്ങൾ വാചാലമാവുന്നതിന്റെയും ഭാഷാവകാശത്തെപ്പറ്റി ശൂന്യതയിൽ തപ്പുന്നതിന്റെയും കാരണം സൈദ്ധാന്തിക പിൻ ബലത്തിനായി അക്കാദമിക്കുകൾ തപ്പുന്ന യൂറോ അമേരിക്കൻ അക്കാദമിക ചിന്തകളിൽ ഈ പ്രശ്നത്തിനു പ്രാബല്യമില്ലാത്തതാണ്.  അത് മൂന്നാം ലോകത്തിന്റെ സവിശേഷമായ വിഷയമാണ്. ആ ഭാഗമാണ് ഹമീദിനെപ്പോലുള്ളവർക്ക് പിടി കിട്ടാതെ പോകുന്നത്. അതുകൊണ്ടാണ് എതിർവാദങ്ങളെ സ്വയം നിർമ്മിച്ചു കൊല്ലേണ്ടി വരുന്നത്.

ഇംഗ്ലീഷെന്ന കണ്ണിഭാഷയെ ആരും ഇവിടെ എതിർക്കുന്നില്ല. അതു സാധ്യവുമല്ല. പകരം ഇംഗ്ലീഷിൽ കൂടികിട്ടുന്ന ലോകബോധത്തിന്റെ വെളിച്ചത്തിലാണ് ഭാഷാസ്വത്വത്തെ നിർവചിക്കാനുള്ള ശ്രമം നടത്തുന്നത്. ലോകത്തെമ്പാടുമുള്ള പ്രബുദ്ധതയുടെ വെളിച്ചങ്ങളെ സ്വന്തം ഭാഷയിലേക്കു കൊണ്ടുവരിക എന്ന അഭിലാഷ ചിന്ത പതകമല്ല മറിച്ച് അവയുടെ സങ്കല്പനപരമായ വികാസത്തെപ്പറ്റിയുള്ള സ്വപ്നമാണ്. അത്തരം ഗാഢമായ കാര്യങ്ങളെപ്പറ്റിയൊന്നും ഒന്നും പറയാനില്ലാതെ, ഇംഗ്ലീഷു വായിച്ച് തങ്ങൾക്ക്  വിസർജ്ജിക്കാനുള്ള ഇടക്കാലമാധ്യമം മാത്രമാണ് മലയാളം എന്നു വിചാരിക്കുന്ന പൊങ്ങൻമാരുടെ ഒരു കൂട്ടത്തിന് അടുത്തകാലത്തൊന്നും വെളിപാടുണ്ടാവുമെന്ന് തോന്നുന്നില്ല. ഇതാണ് പോസ്റ്റ് -കോളോണിയലിസ്റ്റ് മനോഭാവത്തിന്റെ ( അങ്ങനെയൊന്ന് ഇവിടെയില്ലെന്ന് ഹമീദ് പരോക്ഷമായി വാദിക്കുന്നുണ്ടെങ്കിലും) കേരളീയ പരിസരം.

സായിപ്പ് കൊണ്ടുവന്ന റെയിൽ വേയും വിമാനസർവീസും ആധുനിക ആശയവിനിമയോപാധികളും പോലെയാണ് ഇംഗ്ലീഷ് ഭാഷയെന്നും അതു കളഞ്ഞാൽ മറ്റേ വകകളും കളയണമെന്നും എഴുതി വയ്ക്കണമെങ്കിൽ അസാധാരണ വിധേയചിന്തയ്ക്കാല്ലാതെ മറ്റാർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. ലോകത്തെമ്പാടി ഈ വക സൗകര്യങ്ങൾ പരന്നത് ബ്രിട്ടീഷുകാരുടെ അധിനിവേശത്തോടെയായിരുന്നോ? പ്രബുദ്ധതയും വിജ്ഞാനയുഗാരംഭവും ഇംഗ്ലീഷുഭാഷയുടെ ഫലമാണെന്ന് ജയിക്കാൻ വേണ്ടി വാദിച്ചാൽ തന്നെ അതിൽ കൂടുകൂട്ടുന്നതാണ് പരമമായ ചാരിതാർത്ഥ്യം എന്ന്  ശുദ്ധമലയാളത്തിൽ എഴുതി വയ്ക്കുന്നത് വിഡ്ഢിത്തമാണ്. ജ്ഞാന വിജ്ഞാനങ്ങളും അതിനു പിന്നിലെ സങ്കല്പനങ്ങളും സ്വന്തം ഭാഷയിലേക്ക് പ്രസരിച്ചാൽ മാത്രമേ ലോകബോധത്തിലേക്ക് മുന്നേറാൻ ഒരു ഭാഷാസമൂഹത്തിനു കഴിയൂ. ( സംസ്കൃതപദങ്ങളുടെ കൂടുതലും ഇംഗ്ലീഷ് പദങ്ങളുടെ ഒട്ടിപ്പ് ധർമ്മമാണ് മലയാളത്തിനുള്ളതെന്ന വാദവും  മറ്റൊരുതരം ഉദാസീനതയുടെ ഉത്പ്പന്നങ്ങളാണ്. അതൊന്നുമല്ല യഥാർത്ഥ പ്രശ്നം) അല്ലെങ്കിൽ യജമാന്റെ കാലുനക്കി ആശ്ചര്യ കുമിളകൾ വിട്ട് ജീവിക്കാനേ പറ്റൂ. അതുമതി എന്നൊരു കൂട്ടം നിശ്ചയിച്ചുറപ്പിച്ചിരിക്കുമ്പോൾ, ആയതിനു വേണ്ടി സ്ട്രോമാൻ തത്ത്വങ്ങൾ നിർമ്മിക്കുന്നിടത്താണ് ഇതുവരെ ഭാഷയുടെ വികാസം പരുങ്ങി നിന്നത് . അതു മാറിയേ പറ്റൂ.

(സമകാലിക മലയാളം, സെപ്തംബർ)


No comments:

Post a Comment