October 17, 2019

മലയാളസിനിമയിലെ ക്രിസ്ത്യൻ വരേണ്യത


ഇത്തവണത്തെ മാധ്യമം ആഴ്ചപ്പതിപ്പിലെ രണ്ട് ശ്രദ്ധേയമായ ലേഖനങ്ങളിൽ ഒന്ന് മികച്ച സിനിമാ നിരൂപണത്തിന് ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ വാങ്ങിയ ബ്ലെയിസ് ജോണിയുടെയാണ്.പതിമൂന്നു പേജു വരുന്ന ലേഖനത്തിൽ ബ്ലെയിസ്,  ക്രിസ്ത്യൻമതഘടനയിലും കുടികൊള്ളുന്ന സവർണ്ണമനോഭാവവും വരേണ്യ ചിന്തകളും മലയാള സിനിമയിൽ ആവിഷ്കൃതമാവുന്നതെങ്ങനെ എന്നാണ് വിവരിക്കുന്നത്. സാധാരണനിലയിൽ ജാതി അധിഷ്ഠിത വിവേചനങ്ങളും മേൽക്കോയ്മയും എല്ലാം ഹൈന്ദവമതബോധത്തിനകത്തെ മാത്രം വിഷലിപ്തമായ പ്രശ്നമായാണ് വിശകലനത്തിനെത്താറുള്ളത്.  സമാനമായ രീതിയിൽ ക്രൈസ്തവഘടനയ്ക്കുള്ളിലും സമൂഹത്തിന്റെ പ്രതിലോമമായ പ്രകടനങ്ങൾ ഒട്ടും കുറവില്ലാതെ നിലനിൽക്കുന്നുണ്ടെന്ന് 1957-ൽ ഇറങ്ങിയ പാടാത്ത പൈങ്കിളിമുതൽ ജൂണും മിഖായേലും കുമ്പളങ്ങി നൈറ്റ്സും (2019) വരെയുള്ള ചിത്രങ്ങളെ നിരത്തി ബ്ലെയിസ് വാദിക്കുന്നു.

ലേഖനത്തിന്റെ ആദ്യഭാഗത്ത് സുറിയാനി ക്രൈസ്തവരുടെ സാമൂഹികവും സാംസ്കാരികവുമായ സാമ്പത്തികവുമായ പശ്ചാത്തലവും അവരുടെ വരേണ്യതയെ പൊലിപ്പിക്കുന്ന കെട്ടുകഥകളുടെ (തോമാശ്ലീഹ ബ്രാഹ്മണരെ ജ്ഞാനസ്നാനം ചെയ്യിച്ച കഥയും മറ്റും)  പശ്ചാത്തലവും ചരിത്രവിവരങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യുകയാണ്. രണ്ടാം ഭാഗത്താണ് സിനിമകളുടെ അപഗ്രഥനം. സുറിയാനികൾക്കൊപ്പം, ആംഗ്ലോ ഇന്ത്യൻ, (ചട്ടക്കാരി, ഇസബെല്ല, ഹണീബീ, അകലെ..) ലത്തീൻ ക്രൈസ്തവർ (മറിയം മുക്ക്, ചോട്ടാമുംബായ്, വെളിപാടിന്റെ പുസ്തകം..)എന്നിവരുടെ ജീവിതാഖ്യാനങ്ങൾ നിർവഹിച്ച ചലച്ചിത്രങ്ങളും പരാമർശവിധേയമാകുന്നുണ്ട്. താരപ്രഭയുമാനത്തബോധവും മുന്നിട്ടു നിൽക്കുന്നത് സാമൂഹികഘടനയിൽ മേൽത്തട്ടു ജീവിതങ്ങളായ സുറിയാനി ക്രൈസ്തവരുടെ ജീവിതചിത്രണങ്ങൾക്കാണ്. മറ്റു രണ്ട് വിഭാഗങ്ങൾ ആദ്യത്തെ വിഭാഗത്തോളം ജനപ്രിയതയും ഉച്ചതയും നേടുന്നില്ലെന്നതുതന്നെ സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനബോധത്തിന്റെ പ്രകടനമായി കണക്കാക്കാമെന്നാണ് വാദം. ബ്ലെയിസ് പറയുന്നത് : ‘വരേണ്യമധ്യവർഗഭാവനയ്ക്ക് വളരെ വേഗത്തിൽ സഹകരിക്കാവുന്നതും സമ്പർക്കത്തിലേർപ്പെടാവുന്നതുമായ വിഭാഗമാണ് പാരമ്പര്യ ക്രൈസ്തവവിഭാഗം’ എന്നാണ്. അതുകൊണ്ട് ആഗ്ലോ ഇന്ത്യൻ - ലത്തീൻ വിഭാഗങ്ങൾ അപരവത്കരണത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് ഒരറ്റത്തേക്ക് ഒതുക്കപ്പെടുന്നു.

സാംസ്കാരികപഠനോപാധിയായി സിനിമകളെ സമീപിക്കുമ്പോൾ സംഭവിക്കുന്ന ഒരു കാര്യം ചലച്ചിത്രത്തിന്റെ സവിശേഷമായ പഠനമേഖലകൾ ഒരു വശത്തേയ്ക്ക് മാറുകയും  ഉപാദാനങ്ങൾ മാത്രമായി ചലച്ചിത്രങ്ങൾ പരിഗണിക്കപ്പെറ്റുകയും ചെയ്യും എന്നുള്ളതാണ്. ഹിസ്റ്ററി കോൺഗ്രസിലും കാണാം ചലച്ചിത്ര പഠനങ്ങൾ. അവിടെ ചരിത്രപഠനത്തിനുള്ള ഉപാധിയാണ് സിനിമകൾ. ഇവ രണ്ടും അവതരിക്കപ്പെടുന്നത് ചലച്ചിത്രപഠനങ്ങളായിട്ടുമാണ്. അഥവാ ഇത്തരം പഠനങ്ങൾക്ക്, സാംസ്കാരിക- ചരിത്ര പഠനങ്ങളായും ചലച്ചിത്രപഠനങ്ങളായും ഇരട്ട ജീവിതമുണ്ട്. ഈ ലേഖനത്തിൽത്തന്നെ ബ്ലെയിസ് ഉദ്ധരിച്ചിരിക്കുന്ന സംഭാഷണങ്ങൾ (‘കാഞ്ഞിരപ്പള്ളിക്കാരൻ കൃത്യാനിക്ക് അവന്റെ പെണ്ണുമ്പിള്ളയെ നിലയ്ക്ക് നിർത്താനറിയാം..’ (കൂടെവിടേ?) ‘ഇത് കോട്ടയമാടാ, ഇവിടെ കളിക്കാനിറങ്ങുമ്പോ ഇച്ചിരിക്കൂടി മൂത്ത ഒരെണ്ണത്തിനെയിറക്ക് ’( നസ്രാണി) ) ലേഖകൻ അവതരിപ്പിക്കുന്ന വാദത്തിനെ സഹായിക്കുന്നതാണെങ്കിലും ചലച്ചിത്രത്തിന്റെ പക്ഷത്തുനിന്നു നോക്കുമ്പോൾ കഥാപാത്രത്തിന്റെ സ്വഭാവ വിശേഷതകളെ പ്രകടിപ്പിക്കുന്നതുമാണ്. അല്ലെങ്കിൽ നമ്മുടെ രാഷ്ട്രീയ പ്രചരണ സിനിമകൾപോലെ സിനിമ മൊത്തമായി വിനിമയം ചെയ്യുന്ന അർത്ഥത്തെ വിശകലനം ചെയ്യേണ്ടതായി വരും. പറഞ്ഞു വന്നത്, ഇത്തരം വിശകലനങ്ങളുടെ പ്രസക്തിയെ ഒട്ടും സംശയിക്കാതെയും ഗവേഷണ സ്വഭാവമുള്ള ഇത്തരം ലേഖനങ്ങളുടെ പ്രാധാന്യത്തെ ഒട്ടും കുറച്ചു കാണാതെയും ഒരു വിമർശനം ഉന്നയിക്കാനുള്ളത്, ചലച്ചിത്രങ്ങളെ സാംസ്കാരികവിശകലനത്തിനുള്ള ഉപാധിയാക്കുമ്പോൾ കലാരൂപമെന്നനിലയ്ക്ക് അതിന്റെ ചില ഘടകങ്ങൾ അവഗണിക്കപ്പെടുന്നു എന്നതാണ്. ലേഖനത്തിന്റെ അവസാനം കുമ്പളങ്ങി നൈറ്റ്സിനെയും തൊട്ടപ്പനെയും ഇ മയൗ വിനെയും ‘ഉപ്പുകാറ്റേറ്റ് വരണ്ടുപോകാത്ത ജൈവികപ്രതിനിധാനങ്ങളായി’ ഒരു നുകത്തിൽ കെട്ടി അവതരിപ്പിക്കുമ്പോൾ അനുഭവപ്പെടുന്നത് ഈ പ്രശ്നമാണ്.

ഇത്തരം വിശകലനങ്ങളുടെ ആഘോഷത്തിൽ സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ ആലോചനകളും അവയെ മുൻനിർത്തിയുള്ള ഭാവുകത്വവികാസവും അരികുപറ്റിപോകുന്ന അവസ്ഥ നിലവിലുണ്ട്. ‘സംസ്കാരപഠനങ്ങൾ മലയാള സിനിമാനിരൂപണത്തോട് ചെയ്തത്’ എന്ന തരത്തിലുള്ള ആലോചനയ്ക്ക് അത് വഴിതുറന്നു തരികയും ചെയ്യുന്നു!

മാധ്യമത്തിലെ രണ്ടാമത്തെ ലേഖനം ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥിയായ അർജ്ജുൻ എഴുതിയ അരാജകവാദത്തെപ്പറ്റിയുള്ള പഠനലേഖനമാണ്. - അരാജകവാദങ്ങൾക്ക് ആമുഖം - ജീവിതശൈലി അരാജകവാദത്തിനു പകരം, സാമൂഹിക അരാജകവാദത്തെ ഇടതുപക്ഷമായി ചേർത്തു നിർത്തുകയാണ്  ലേഖകൻ ചെയ്തിരിക്കുന്നത്. അത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണ് മലയാളത്തിൽ വായിക്കുന്നത്. അതിനെക്കുറിച്ച് കൂടുതൽ അറിയാനുണ്ട്. മുറേ ബുക്ചിന്റെ സോഷ്യൽ അനാർക്കിസം & ലൈഫ് സ്റ്റൈൽ അനാർക്കിസം (1995) എന്ന പുസ്തകത്തെപ്പറ്റി കണ്ടതും ആ ലേഖനത്തിലാണ്.

(മാധ്യമം ആഴ്ചപ്പതിപ്പ്)

No comments:

Post a Comment