August 25, 2019

അധോലോകത്തിൽനിന്നും തിരഞ്ഞെത്തുന്ന നിഴലുകൾ




അമേരിക്കൻ സംവിധായകനായ ജോർഡാൻ പീലിന്റെ ആദ്യചിത്രം ഗെറ്റ് ഔട്ട്വെളുത്തവർഗക്കാരുടെ തലച്ചോറുകളെ കറുത്തവരുടെ ശരീരത്തിലേക്ക് ഗൂഢമായി മാറ്റിസ്ഥാപിക്കുന്ന ഒരു കുടുംബത്തെക്കുറിച്ചു പറയുന്ന ചിത്രമായിരുന്നു. വെളുത്തവന്റെ ബോധവും അഭിരുചിയും കറുത്തവന്റെ കായികക്ഷമതയും ഒന്നിച്ചു ചേർത്തു നിർമ്മിച്ചെടുക്കുന്ന ഒരു വിധേയസമൂഹത്തിന്റെ ഭീതിദമായ ഭാവനാലോകത്തെ സിനിമ മുന്നിൽ വയ്ക്കുന്നു.  2017 ഫെബ്രുവരിയിലാണ് ചിത്രം പുറത്തിറങ്ങിയത്.  ഡീൻ അർമിത്തേജ് എന്ന ന്യൂറോ സർജൻ കറുത്തവർഗക്കാരെ സ്വകാര്യമായ മസ്തിഷ്കശസ്ത്രക്രിയയ്ക്കു വിധേയമാക്കി തങ്ങളുടെ അടിമയാക്കിത്തീർക്കുന്നു. അയാളുടെ കുടുംബം മുഴുവൻ ആ പ്രക്രിയയിൽ പങ്കു ചേരുന്നുണ്ട്. മകൾ റോസ് അർമിത്തേജ്  പ്രണയം നടിച്ച് കറുത്ത യുവാക്കളെ കൂട്ടിക്കൊണ്ടുവരുന്നു. ഡീനിന്റെ ഭാര്യ മിസി അർമിത്തേജ് ഹിപ്നോട്ടിസത്തിലൂടെ അവരിൽ അഭിരുചിമാറ്റം നടത്തുന്നു. ക്രിസ് വാഷിങ്ടൺ എന്ന ഫോട്ടോഗ്രാഫറായ യുവാവ് ആകസ്മികമായി ഈ കെണിയിൽനിന്ന് വിടുതൽ നേടുന്നതാണ് ചലച്ചിത്രത്തിന്റെ പ്രമേയം. പക്ഷേ സിനിമയ്ക്ക് അടഞ്ഞ ഒരു അവസാനമല്ല, സംവിധായകൻ ഒരുക്കി വച്ചത്.  അമേരിക്കപോലെയുള്ള വികസിതരാജ്യങ്ങളിൽപോലും ഇപ്പോഴും നിലനിൽക്കുന്ന മേൽക്കോയ്മാബോധങ്ങളുടെയും മാനസികമായ കോളനിവത്കരണങ്ങളുടെയും പേടിപ്പിക്കുന്ന കഥ പറയുന്ന സിനിമയ്ക്ക് ശുഭാന്ത്യമാകാനുള്ള സാധ്യതയെ സംവിധായകൻ തന്നെ സംശയാസ്പദമാക്കിയിട്ടുണ്ട്. ക്രിസ് രക്ഷപ്പെടുന്നതും തന്നെ അപകടപ്പെടുത്താൻ ശ്രമിച്ചു എന്ന റോസിന്റെ മൊഴിയെ തുടർന്ന് അയാൾ ജയിലിൽ പോകുന്നതും അയാൾക്ക് ഒന്നും ഓർമ്മയില്ലാതാവുന്നതുമായ അവസാനങ്ങൾ സിനിമയ്ക്കുണ്ട്. ദുരന്തങ്ങളുടെയൊക്കെ തുടക്കം ഭിന്നവർണ്ണ’ വിവാഹം എന്ന സങ്കല്പത്തിൽനിന്നാണെന്നതാണ് ഈ ചലച്ചിത്രത്തെ, ഭിന്നജാതി/ഇതരമത വിവാഹം അതിതീവ്രമായ സാമുദായിക പകയ്ക്കു കാരണമാകുന്ന ഇന്ത്യൻ ജീവിതപരിസരത്തോടു ചേർത്തുവയ്ക്കുന്നതിനെ തുണയ്ക്കുന്ന ഘടകം.
അമേരിക്കയിലെ കറുത്തവർഗക്കാർ  വെളുത്ത വർഗക്കാരിൽനിന്നും അനുഭവിക്കുന്ന, തരംതാഴ്ത്തലിന്റെയും അപമാനത്തിന്റെയും അടിപ്പടവുകൾക്ക് തുടർച്ചകളുണ്ടെന്നും അവ ഇപ്പോഴും അവസാനിക്കാതെ തുടരുകയാണെന്നുമുള്ള ബോധം സിനിമയെ കാലികമാക്കുന്നു. ഇന്ത്യയിലെ ജാതി ചർച്ചകളെപ്പോലെ ഇത്തരം പ്രതിലോമതകൾ പുറത്ത് അത്ര വ്യക്തമാവില്ലെന്നു മാത്രമല്ല, അതിനെ സമർത്ഥമായി മറച്ചുവയ്ക്കാനുള്ള തന്ത്രങ്ങൾ വികസിതസമൂഹങ്ങൾ നേടിയെടുത്തിട്ടുമുണ്ട്. ഇന്ത്യപോലെ പല സ്വഭാവങ്ങളുള്ള ദേശീയതകൾ തമ്മിൽകുഴഞ്ഞ് ചേർന്നു കിടക്കുന്ന ഇടങ്ങളിൽ  ഉത്കണ്ഠയും അരക്ഷിതത്വവും ഭീതിയും നിറച്ചുകൊണ്ടുയരുന്ന പുറത്തു പോകൂഭീഷണികളും തീവ്രദേശീയതയുടെ വക്താക്കൾ നിർവചിക്കുന്ന തരത്തിലുള്ള രാജ്യസ്നേഹവും കൂറും പ്രകടിപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ജോർഡാൻ പീൽ-ന്റെ ‘ഗെറ്റ് ഔട്ട്‘ എന്ന സിനിമയുടെ പ്രമേയത്തിന്റെ എന്നപോലെ ശീർഷകത്തിന്റെയും സാമൂഹിക പ്രസക്തി കൂടുതൽ വ്യക്തമാക്കി തരുന്നുണ്ട്.
ജോർഡാൻ പീൽ രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ സിനിമയായ  അസ് (Us)-ഉം  ‘ഗെറ്റ് ഔട്ടിനെ’ പോലെ ഇന്ത്യൻ സാഹചര്യങ്ങളുമായി അദ്ഭുതാവഹമായ രീതിയിൽ ഒത്തുപോകുന്ന ഒന്നാണ്.  2019-ൽ പുറത്തിറങ്ങിയ ഈ സിനിമയും  പ്രാന്തജീവിതദുരന്തങ്ങളുടെ മറ്റൊരു മേഖലയിലേക്ക് പ്രേക്ഷകരുടെ നോട്ടമെത്തിക്കുന്നു.  അമേരിക്കൻ ഭൂഖണ്ഡത്തിനു താഴെ ഭൂമിക്കടിയിൽ അനേകം മൈലുകൾ നീളമുള്ള, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള തുരങ്കങ്ങളും വിജനമായ അറകളും ഉണ്ടെന്ന് എഴുതികാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അവയുടെ നിർമ്മാണഉദ്ദേശ്യം വ്യക്തമല്ലെന്നും തുടക്കത്തിലെ പ്രസ്താവനയിലുണ്ട്. അതിനെ തുടർന്ന് ദാരിദ്ര്യത്തിനെതിരെ അമേരിക്കയിൽ ഉടനീളം ആളുകൾ പരസ്പരം കൈകോർത്തു പിടിച്ചുനിന്നുകൊണ്ട് നിർമ്മിക്കാൻ പോകുന്ന മനുഷ്യചങ്ങലയിൽ അണിചേരുന്നതിന് പൊതുജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള പഴയ ടി വി വാർത്തയും കാണാം. സിനിമയുടെ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കിന്റെ തീവ്രതയെ വ്യക്തമാക്കുന്ന പ്രസ്താവങ്ങളാണ് ഇവ രണ്ടും.
1986 ലെ അവധിക്കാലത്ത്, അഡലൈഡ് തോമസ് എന്ന ആറോ ഏഴോ വയസ്സു പ്രായമുള്ള പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം സാന്താക്രൂസ് കടൽത്തീരത്ത് അവധിദിനങ്ങൾ  ചിലവഴിക്കാൻ വരുന്നു. കാർണിവലിന്റെ ബഹളത്തിനിടയ്ക്ക്  അവൾ ഒറ്റയ്ക്ക് കുട്ടികളെ രസിപ്പിക്കാൻ വേണ്ടി ഉണ്ടാക്കി വച്ചിട്ടുള്ള കളിക്കൊട്ടാരത്തിൽ അകപ്പെടുന്നു. അവിടെ വച്ച് അവൾ അവളുടെ കണ്ണാടി പ്രതിബിംബംപോലെയുള്ള  മറ്റൊരു പെൺകുട്ടിയെ കാണുന്നു. കുറച്ചു സമയങ്ങൾക്കു ശേഷമാണ് അഡലൈഡിനെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടുന്നത്. അപ്പോൾ അവൾക്ക് സംസാരിക്കാനുള്ള കഴിവു നഷ്ടപ്പെട്ടിരുന്നു.
മുതിർന്നതിനുശേഷം ഭർത്താവ് ഗേബ് വിൽസണും സോറയെന്നും ജേസണെന്നും പേരുള്ള തന്റെ രണ്ടു കുട്ടികളുമായി അഡലൈഡ് ഇതേ കടൽത്തീരത്ത് എത്തുന്നിടത്തുനിന്നാണ് കഥ വഴിതിരിയുന്നത്. സാന്താക്രൂസിലെ പഴയ അനുഭവം വച്ച് അവിടെ പോകുന്നതിനോട് അവൾക്ക് വിയോജിപ്പുണ്ടായിരുന്നു. ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങിയാണവർ രാത്രിയ്ക്കു മുൻപ് അവിടെ നിന്നു തിരിക്കണം എന്ന നിർദ്ദേശത്തോടെ യാത്രയ്ക്ക് സമ്മതിക്കുന്നത്. കുട്ടിക്കാലത്ത് അഡലൈഡിനുണ്ടായ അനുഭവം ഇപ്പോൾ വ്യത്യസ്തമായ തരത്തിൽ അവളുടെ മകൻ ജേസണ് ഉണ്ടാവുന്നു.  അവൻ കൂട്ടം തെറ്റുന്നു. കടൽക്കരയിൽ ചുവന്ന വസ്ത്രം ധരിച്ച് ചോരയിറ്റുവീഴുന്ന കൈകൾ വിടർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു മനുഷ്യനെ അവൻ കാണുന്നു. അന്നു രാത്രി. അവർ താമസിക്കുന്ന വീട്ടിൽ അവരുടെ പ്രതിബിംബങ്ങൾപോലെയുള്ള നാലുപേർ സന്ദർശിക്കുന്നതും അഡലൈഡിനെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് കഥയുടെ ഉദ്വേഗകരമായ തിരിവ്. ഈ പ്രതിബിംബങ്ങൾ അവരുടെതന്നെ നിഴലുകളാണ്. ശരീരം വേറെയാണെങ്കിലും ഒരേ ആത്മാവാണ് ഓരോ ഇരട്ടശരീരങ്ങൾക്കും എന്ന് അഡലൈഡിന്റെ പ്രതിബിംബമായ റെഡ് പറയുന്നുണ്ട്. ഒരാൾ ആധുനികമായ ജീവിതത്തിന്റെ സുഖങ്ങളും സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് മേൽത്തട്ട് ജീവിതം നയിക്കുമ്പോൾ, ഒച്ചപോലും നഷ്ടപ്പെട്ട് ഭൂമിയ്ക്കടിയിൽ ഉപേക്ഷിക്കപ്പെട്ട ടണലുകളിൽ അധമജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരായിരിക്കുന്നു അയാളുടെ പ്രതിരൂപം.
സാമൂഹികമായ നീതികേടിനെയാണ് അഡലൈഡിനെ സന്ദർശിക്കാൻ രാത്രി വരുന്ന അവളുടെ അപരരൂപം  ‘റെഡ്’ വിമർശിക്കുന്നത്. അമേരിക്കയിലെമ്പാടും ചുവന്ന വേഷം ധരിച്ച പ്രതിരൂപങ്ങൾ തങ്ങളുടെ വാസ്തവരൂപങ്ങളോട് പ്രതികാരം ചെയ്യുന്നതിനെപ്പറ്റിയുള്ള വാർത്തകളാണ് പിന്നാലെ വരുന്നത്. കത്രികയാണ് കൊലയ്ക്കുള്ള അവരുടെ ആയുധം. ഗേബ് വിൽസൺന്റെ സുഹൃത്തായ ജോഷും കുടുംബവും അതേ രാത്രിയിൽ അവരുടെ പ്രതിരൂപങ്ങളിൽനിന്ന് ആക്രമണം നേരിടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. തന്ത്രപരമായ നീക്കങ്ങളിലൂടെ നിഴലുകളിൽനിന്ന് രക്ഷപ്പെടാനും കുടുംബത്തെ രക്ഷിക്കാനും അഡലൈസ് - ഗേബ് ദമ്പതിമാർക്ക് കഴിയുന്നുണ്ട്. ആനിലയ്ക്ക് ചിത്രം ശുഭപര്യവസായിയാണ്.  അപകടമൊഴിഞ്ഞ് തിരിച്ച് സ്വദേശത്തേയ്ക്ക് യാത്ര ചെയ്യുന്ന കുടുംബത്തിന്റെ വാഹനത്തിൽനിന്നുയർന്ന്, മലകൾ കഴിഞ്ഞു നീളുന്ന മനുഷ്യചങ്ങലയെ കാണിച്ചുതന്നുകൊണ്ടാണ് ക്യാമറ, യാത്ര അവസാനിപ്പിക്കുന്നത്. വ്യത്യാസമുള്ളത്, ദാരിദ്ര്യത്തിനെതിരെ അമേരിക്കയിലുടനീളമായി 6 ദശലക്ഷം ആളുകൾ കൈകോർത്തുനിൽക്കുന്ന ചങ്ങല സത്യത്തിൽ ചുവപ്പുവസ്ത്രം ധരിച്ച നിഴലുകളുടെയാണ്. ദാരിദ്ര്യത്തിനെതിരെ അണിചേരുന്നതാരായിരിക്കുമെന്ന രാഷ്ട്രീയപ്രസ്താവനയാണീ ദൃശ്യം കാണിച്ചുതരുന്നത്. ജേസൺ സാന്താക്രൂസ് കടൽത്തീരത്തു വച്ചുകണ്ട, ചോരയൊലിക്കുന്ന  കൈകൾ വിടർത്തിനിൽക്കുന്ന രൂപത്തിന് മനുഷ്യചങ്ങലയിൽ പരസ്പരം കോർത്തു പിടിക്കാനായി കൈവിരിച്ചു നിൽക്കുന്ന രൂപങ്ങളുമായുള്ള സാമ്യനിലയിലൂടെ ഈ കാര്യത്തെ കുറച്ചുകൂടി പ്രകടമായി തന്നെ സംവിധായകൻ ദൃശ്യവത്കരിക്കുന്നുണ്ട്.
പ്രാന്തവത്കൃത ജീവിതങ്ങളുടെ ചിത്രീകരണത്തിൽ അടുത്തകാലത്തുണ്ടായ ഒരു മാറ്റമാണ്, രക്ഷാകർതൃത്വങ്ങളെ ഒഴിവാക്കൽ. സ്ത്രീപക്ഷ സിനിമകളുടെ ആധുനികമായ പരിചരണ രീതികളിലും ഇരകളോടുള്ള സഹാനുഭൂതിയും സംരക്ഷണത്വരയും പ്രകടിപ്പിക്കുന്ന സഹായയത്നങ്ങളെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ചിത്രീകരണങ്ങൾക്ക് സംവിധായകർ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ജീവിത സൗകര്യങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ ഏതാനും സമയത്തേയ്ക്ക് അനുഭാവം പ്രകടിപ്പിച്ചു നടത്തുന്ന സ്പോൺസേർഡ് കെട്ടുകാഴ്ചകളെക്കാൾ പ്രധാനമാണ് ഇരകളുടെ അണിനിരക്കൽ എന്ന വാസ്തവത്തെ ചുവപ്പുവസ്ത്രധാരികളായ നിഴലുകളുടെ ചങ്ങലയും ബോധ്യപ്പെടുത്തുന്നു. അവരുടെ എണ്ണം പരിമിതവുമല്ല. യു എസ് (US) എന്ന എഴുത്തിന് ഞങ്ങൾ’ എന്നല്ലാതെ യുണൈറ്റെഡ് സ്റ്റേറ്റ്സ്’ എന്നു കൂടി വായിക്കാവുന്ന അർത്ഥമുണ്ട്. സ്വന്തം പൗരന്മാരെ സാമ്പത്തികവും സാമൂഹികവുമായ തട്ടുകൾക്കനുസരിച്ച് വിവേചിച്ച് പരിപാലിക്കുന്ന രാഷ്ട്രീയവ്യവസ്ഥകൾക്കെല്ലാം എതിരെയുള്ള പ്രതിഷേധമാവുന്ന  ശീർഷകം കൂടിയാണത്.  ശീർഷകത്തിലെ വ്യത്യസ്തമായ ശ്ലേഷം ബോധപൂർവമാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ മൈലുകൾ നീളുന്ന ഭൂഗർഭ അറകൾ അമേരിക്കൻ ഗവണ്മെന്റ് നിർമ്മിച്ചിട്ടതിനു കാരണമുണ്ടെന്ന്  അഡലൈഡ് പിന്നീട് കണ്ടെത്തുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ അവരുടെ ക്ലോണുകളെ ഉണ്ടാക്കുക എന്നത് ഒരു അമേരിക്കൻ സർക്കാർ പദ്ധതിയായിരുന്നു. പ്രോജക്ട് പരാജയപ്പെടുകയും  നിർമ്മിക്കപ്പെട്ട മനുഷ്യരുടെ പ്രതിരൂപങ്ങൾ ഭൂമിയുടെ ഉള്ളിലെ അറകളിൽ അടയ്ക്കപ്പെടുകയും ചെയ്തു. തലമുറകളോളം അവിടെ നിശ്ശബ്ദരായി കഴിഞ്ഞവരാണ് പ്രതികാരത്തിനായി  ഇപ്പോൾ ഉപരിലോകത്ത് എത്തുന്നത് എന്ന് വളരെ വ്യക്തമായി ചലച്ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്. ദാരിദ്ര്യവും അപമാനവും വിഭവങ്ങളുടെ സമതുലിതമല്ലാത്ത വിതരണവും അശാസ്ത്രീയമായ പരിഷ്കാര- വികസനവ്യഗ്രതകളും പൊതുവായ അത്യാർത്തിയും മനസ്സാക്ഷിയില്ലാതാക്കുന്ന ഭരണകൂടത്തെക്കുറിച്ചുള്ള പ്രതിനിധാനരൂപകമാണ് ‘യുഎസ്’ എന്ന ശീർഷകകല്പനയിലുള്ളതെന്നു വിചാരിച്ചാലും തെറ്റില്ല.  ഭരണകൂടങ്ങൾ അറിഞ്ഞും അറിയാതെയും സൃഷ്ടിച്ചു വിടുന്ന പേക്കോലങ്ങളായിരിക്കും സർക്കാരുകൾ വിഭാവന ചെയ്യുന്ന പ്രചാരണ കെട്ടുകാഴ്ചകളിൽ പങ്കാളികളായി ഭാവിയിലെത്തുക എന്ന പ്രവചനസ്വഭാവമുള്ള വാസ്തവമാണ് സത്യത്തിൽ  ചലച്ചിത്രത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഘടകം.
സുഖസൗകര്യങ്ങൾ അനുഭവിച്ച് ജീവിക്കുന്ന സംവേദനത്വമുള്ള ഒരു ജനതയുടെ കുറ്റബോധത്തിന്റെ പ്രത്യക്ഷീകരണമാണ് അപരത്വത്തെക്കുറിച്ചുള്ള ഭയം എന്നും പറയാം. മലയാളത്തിലെ ‘ഞങ്ങൾ - നമ്മൾ’ ദ്വന്ദ്വത്തിൽനിന്ന് വ്യത്യസ്തമായി ഇംഗ്ലീഷിൽ രണ്ടിനും കൂടിയുള്ള ഒറ്റവാക്കാണ് ‘അസ്.’ സ്വന്തം കൂട്ടരെ ചേർത്തു പിടിക്കാനായി നമ്മൾ ഉപയോഗിക്കുന്ന ഞങ്ങൾ എന്ന പദം അർത്ഥശൂന്യമാണെന്ന് ‘യഥാർത്ഥ അഡലൈഡ് നിഴലാണ്’ എന്ന സത്യം ഉയർത്തിപിടിച്ചുകൊണ്ട് സിനിമ ആക്രോശിക്കുന്നു.
അപരത്വം എന്ന സങ്കല്പത്തെ മറിച്ചിടുന്ന വിചാരണയാണത്. പീഡിത ജനത, അവർക്കു നിഷേധിക്കപ്പെട്ടിരിക്കുന്ന സൗകര്യങ്ങളിൽ പ്രതിഷേധിച്ച് അക്രമാസക്തരായി ഒരിക്കൽ തങ്ങളെ വേട്ടയാടാൻ വരുമെന്ന ദുഃസ്വപ്നദർശനത്തിലാണ് അപരത്വത്തിന്റെ വേരുകൾ കിടക്കുന്നത്.  വ്യക്തിഗതമായ ഇത്തരം ആശങ്കകൾക്ക് അവിടെ അവസാനിക്കാത്ത സാമൂഹികതലങ്ങളുണ്ട്. അഡലഡിന്റെയും അവളുടെ പ്രതിരൂപമായ റെഡിന്റെയും സംഘർഷങ്ങൾക്ക് കനം ഏർപ്പെടുത്തിക്കൊണ്ട് ചലച്ചിത്രത്തിന്റെ അവസാനഭാഗത്ത് സംവിധായകൻ ഒരു ട്വിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. അഡലൈഡ് യഥാർത്ഥത്തിൽ അവളുടെ നിഴലായ റെഡാണെന്ന് അവൾ മനസിലാക്കുന്നതാണ് സന്ദർഭം. സാന്താക്രൂസിലെ അവധിയാഘോഷത്തിനിടയിൽ കളിക്കൊട്ടാരത്തിനകത്ത് കാണാതായ കുട്ടിയെ അന്ന് അവിടെയുണ്ടായിരുന്ന നിഴൽ പിടികൂടി ഭൂഗർഭവാസസ്ഥലത്തിലേക്ക് കൊണ്ടുപോവുകയും അവളെ തടവിലിടുകയും  നിഴൽ, അഡലൈഡായി മുകൾ ലോകത്ത്  തിരിച്ചെത്തുകയുമാണുണ്ടായത്. ഇക്കാര്യം അവളുടെ ഭർത്താവോ കുട്ടികളോ അറിഞ്ഞിട്ടില്ലെന്ന ഉറപ്പിൽ ആശങ്കാകുലയായി ഭൂതകാലത്തിന്റെ ഭാരവുമായി കാറിൽ ഇരിക്കുന്ന അഡലൈഡിനെയാണ് സിനിമയിൽ അവസാനമായി നാം കാണുന്നത്. നിഴലുകളുടെ തിരസ്കൃതവും അപമാനിതവുമായ പ്രേതജീവിതം സാമൂഹിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന വാദത്തെ ഊട്ടി ഉറപ്പിക്കുന്ന ദൃശ്യപ്രസ്താവനയാണിത്.  സാമൂഹിക സാഹചര്യങ്ങളുടെ കസേരകളിയിൽപ്പെട്ട് ഏതു സമയവും ഇരിപ്പിടങ്ങൾ മാറിപോകാവുന്ന കേവലസ്വത്വങ്ങളാണ് നമ്മൾ എന്നാണ് ഈ വാസ്തവകഥനത്തിൽനിന്നും മനസിലാക്കേണ്ടത്. ‘നമ്മൾ’ യഥാർത്ഥത്തിൽ നമ്മുടെതന്നെ മാറിപോയ അപരമല്ലെന്ന് ആരുകണ്ടു എന്ന ചോദ്യം ശീർഷകം ഉയർത്തുന്നത് അങ്ങനെയാണ്.
ചലച്ചിത്രങ്ങളിലൂടെ മാത്രമല്ല, 2019-ൽ ഈ വർഷത്തെ ഗാനത്തിനുള്ള ഗ്രാമി പുരസ്കാരം നേടിയ ചൈൽഡിഷ് ഗാംബിനോയുടെ ‘ദിസ് ഇസ് അമേരിക്ക’ പോലെ അമേരിക്കൻ സാമൂഹികജീവിതം പലതരത്തിലുള്ള വീണ്ടുവിചാരങ്ങൾക്കും രൂക്ഷവിമർശനങ്ങൾക്കും അടുത്തകാലത്തായി കൂടുതൽ വിധേയമാവുന്നുണ്ട്. ഡൊണാൾഡ് ഗ്ലോവർ അഭിനയിച്ച ‘ദിസ് ഈസ് അമേരിക്ക’ എന്ന 4 മിനിട്ട് നീളമുള്ള ഗാനചിത്രീകരണം, സമൂഹത്തിലെ വർദ്ധിച്ചുവരുന്ന അക്രമത്തെയും കറുത്തവർഗക്കാരോടുള്ള വിവേചനത്തെയും അമേരിക്കയുടെ വ്യവസ്ഥാപിതചരിത്രത്തെയും വിചാരണയ്ക്കു വിധേയമാക്കുകയാണ് ചെയ്തത്.  സ്പൈക്ക് ലീയുടെ ബ്ലാക്ക്‌ക്ലാൻസ്‌മാനും (2018) പീറ്റർ ഫാരെല്ലിയുടെ ഗ്രീൻ ബുക്കും (2018) അമേരിക്കയുടെ ഇരുണ്ട വിവേചനചരിത്രത്തെ പുനർമൂല്യനിർണ്ണയത്തിനു വിധേയമാക്കുന്ന ചലച്ചിത്രങ്ങളാണ്. ജോർഡാൻ പീലാകട്ടെ, ഹൊറർ എന്ന ചലച്ചിത്രഗണം എപ്പോഴും മനുഷ്യനെ പേടിപ്പിച്ച് രസിപ്പിക്കാനായിട്ടുള്ളതല്ലെന്നും അതിശക്തമായ രാഷ്ട്രീയം അതിന്റെ ചട്ടക്കൂടിനുള്ളിൽ സാധ്യമാണെന്നും മനസിലാക്കിയ സംവിധായകനാണ്. അമേരിക്കയുടെ ഇനിയും പുറത്തുവരാത്ത ഭൂതകാലത്തെയും സമൂഹത്തിലെ ഇരുണ്ടമനുഷ്യാവസ്ഥയെയും മിത്തുവത്കരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. സ്വന്തം കൈകാര്യകർത്തൃത്വത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂഷിതസമൂഹങ്ങളെ പുറന്തള്ളുന്നതെങ്ങനെയെന്നത് പുറമേയ്ക്ക് ‘സ്വച്ഛത’ ഭാവിക്കുന്ന ഏത് ഭരണകൂടത്തിന്റെയും നിതാന്തമായ ആശങ്കയും ഉത്കണ്ഠയുമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം അതീതഭൂതകാലത്തിലെവിടെയോ ഉള്ള ഒരു മാവേലിക്കുമാത്രമുള്ളതല്ല പാതാളമെന്നും  ആധുനികമിത്തുകളും ഭാവനായാഥാർത്ഥ്യങ്ങളും അതേ അധോലോകത്തെചുറ്റി ഇപ്പോഴും ഉണ്ടാവുന്നുണ്ടെന്നുമുള്ളതിന്റെ കലാപരമായ തെളിവാണ് ‘അസ്’. 

(മാധ്യമം ആഴ്ചപ്പതിപ്പ് )

No comments:

Post a Comment