A Tramp, gentleman, a poet, a dreamer, a lovely
fellow,
always hopeful of romance and adventure. - ചാർളി
ചാപ്ലിൻ
ഊരുതെണ്ടിയുടെ (Tramp) വേഷത്തിൽ ചാർളി സ്പെൻസർ
ചാപ്ലിൻ ജൂനിയർ ആദ്യം ചിത്രീകരിച്ച സിനിമ ‘മേബലിന്റെ വിചിത്രമായ ദുർദ്ദശ’ (Mabel's Strange
Predicament) യാണ്. 1914 ഫെബ്രുവരി 9 ന് ആ ചിത്രം റിലീസു ചെയ്യുന്നതിനു
രണ്ടു ദിവസം മുൻപ് (1914 ഫെബ്രുവരി 7 -ന്`) ‘വെനീസിലെ
കുട്ടികളുടെ കാറോട്ട മൽസരം’ (Kid Auto Races at Venice) അമേരിക്കയിലെ
കീ സ്റ്റോൺ പിക്ച്ചേഴ്സ് പുറത്തിറക്കി. അങ്ങനെ
അനാഥനും ദരിദ്രനും നല്ലവനുമായ പേരില്ലാത്ത ഊരുതെണ്ടിയെ വെള്ളിത്തിരയിൽ ജനം ആദ്യം
കണ്ടത് കാലിഫോർണിയയിലെ വെനീസ് എന്ന സ്ഥലത്തെ കുട്ടികളുടെ മൽസരത്തിനിടയിൽ ക്യാമറയിൽ
തന്റെ മുഖം കാണിക്കാനായി ശ്രമിക്കുന്ന,
വലിഞ്ഞുകേറിവരുന്ന ശല്യത്തിന്റെ രൂപത്തിലാണ്. എത്രയൊക്കെ തള്ളിമാറ്റിയിട്ടും
അപമാനിച്ചു വിട്ടിട്ടും ദേഹോപദ്രവം ഏൽപ്പിച്ചിട്ടും ചിത്രത്തിൽ കയറിപ്പറ്റാൻ
വേണ്ടി അയാൾ ക്യാമറകൊണ്ടു വയ്ക്കുന്ന സ്ഥലത്തൊക്കെ പിന്നെയും വന്നുനിന്നു
കുണുങ്ങുന്നതാണ് ‘വെനീസിലെ കുട്ടികളുടെ
കാറോട്ടമൽസരം’ എന്ന സിനിമയിലെ
ചിരിമരുന്ന്.
ബ്രിട്ടനിലെ
നാടക ഗ്രൂപ്പായ ഫ്രെഡ് കാർണോപാന്റോ മൈം ട്രൂപ്പിന്റെ അമേരിക്കൻ
സന്ദർശനത്തിനിടയിലാണ് ചാപ്ലിൻ,
തമാശപ്പടങ്ങൾ നിർമ്മിച്ചു പ്രദർശിപ്പിച്ചിരുന്ന കീസ്റ്റോൺ സ്റ്റൂഡിയോയിലെ
മാക് സെനറ്റുമായി സിനിമകൾ ചെയ്യാനുള്ള കരാർ ഒപ്പു വയ്ക്കുന്നത്. നാടകത്തിൽ
ചാപ്ലിന്റെ ‘കുടിയന്റെ’ വേഷം
ശ്രദ്ധേയമായിരുന്നു. കീസ്റ്റോണിന്റെ ആദ്യത്തെ ചാപ്ലിൻ സിനിമ ‘ജീവിതായോധനം’ (Making
a Living) വിചാരിച്ചതുപോലെ ആളുകളെ ചിരിപ്പിച്ചില്ല. അതിൽ ചാപ്ലിൻ
നീണ്ട കൃതാവും കണ്ണടയുമൊക്കെയുള്ള ഒരു പറ്റിപ്പുകാരനാണ്. പക്ഷേ മാക് സെനറ്റിനു ചാപ്ലിനിലുണ്ടായിരുന്ന
വിശ്വാസം രണ്ടാമത്തെ സിനിമയുടെ നിർമ്മാണത്തിലേക്കും അതു വഴി ലോകം കീഴടക്കിയ ഒരു
താരത്തിന്റെ ഉദയത്തിലേക്കും വഴി തെളിച്ചു. വളരെ അയഞ്ഞ ഒരു പാന്റ്സ്, (‘നായയുടെ ജീവിതം’ എന്ന സിനിമയിൽ
ഒരു പട്ടിയെ ചാപ്ലിൻ അതിനകത്ത് ഒളിപ്പിച്ചിരുത്തുന്നു) ഇറുകിയ കോട്ട്, വിരുദ്ധ ദിശയിലേയ്ക്ക് ഇടഞ്ഞു
നിൽക്കുന്ന വലിയ ഷൂസുകൾ, തലയ്ക്കിണങ്ങാത്ത വട്ടതൊപ്പി, കയ്യിൽ ഒരു ചൂരൽവടി ഇതാണ്
ഊരുതെണ്ടിയുടെ വേഷം. അയാൾ എപ്പോഴും വിനയാന്വിതനാണ്. പലപ്പോഴും
പ്രത്യക്ഷപ്പെടുന്നത് തനിക്കൊന്നുമറിയില്ലെന്ന ഭാവത്തോടെയാണ്. സാഹചര്യങ്ങളുടെയും
ആകസ്മിക സംഭവങ്ങളുടെയും ഇരയാണയാൾ. എന്നാൽ എതിരാളികളുടെ മുന്നിൽ തോറ്റുകൊടുക്കാൻ
മനസ്സുള്ളവനുമല്ല. ഇണയുടെ കണ്ണീരൊപ്പാൻ അയാൾ തെരുവുപട്ടിയെ പോലെ പോരാടുകയും
ചെയ്യും. ഊരുതെണ്ടിയുടെ പ്രായം മനസ്സിലാക്കാതിരിക്കാനുള്ള ഉപാധിയാണ് അയാളുടെ
മേൽമീശ. അമേരിക്കൻ സാമ്പത്തിക മാന്ദ്യകാലത്തെ (ഗ്രേറ്റ് ഡിപ്രഷൻ) ചലിക്കുന്ന ബിംബമാണ്
ദരിദ്രവാസിയായ ഈ മനുഷ്യൻ. അയാളുടെ ജനപ്രീതിയുടെ മുഖ്യകാരണവും അതാണ്. ലീ ബ്ലൂം എന്ന
നാടക നടൻ വേദികളിൽ അഭിനയിച്ചു ഫലിപ്പിച്ച ഒരു വേഷമാണ് ഊരുതെണ്ടിയുടേത്. ‘മേബലിന്റെ
വിചിത്രമായ ദുർദ്ദശയി’ൽ
ചിത്രീകരിക്കാനായി വേഷമിട്ടു നിൽക്കുമ്പോൾ മുൻകൂട്ടി ധാരണയൊന്നും
ഉണ്ടാക്കിയിരുന്നില്ലെങ്കിലും എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ തനിക്ക് ആശയം
ലഭിച്ചു എന്ന് ചാപ്ലിൻ എഴുതി. പിന്നീട്
അതേ വേഷമിട്ട ‘വെനീസിലെ
കുട്ടികളുടെ കാറോട്ട മൽസരത്തിൽ’ ഫോട്ടോഗ്രാഫറെയും മൽസരത്തെതന്നെയും ശല്യപ്പെടുത്തിക്കൊണ്ട്
പ്രത്യക്ഷപ്പെടുന്ന ഊരുതെണ്ടി അയാളുടെ വേഷവും ഭാവഹാവാദികളുംകൊണ്ട് പെട്ടെന്ന് ജനങ്ങളെ
വശീകരിച്ചു. സിനിമ ഹിറ്റായി തീർന്നു. ഒപ്പം കഥാപാത്രവും.
കീസ്റ്റോൺ,
എസ്സെനേയ്, മ്യൂച്ചൽ ഫിലിം കോർപ്പറേഷൻ, യുണൈറ്റെഡ് ആർട്ടിസ്റ്റ്, ഫസ്റ്റ് നാഷണൽ
തുടങ്ങി മറ്റു നിർമ്മാതാക്കളുമായി
ചേർന്നും സ്വയവും നിർമ്മിച്ചവ ചേർത്ത് 82 സിനിമകൾ ചാപ്ലിന്റെതായുണ്ടെന്നാണ് ഔദ്യോഗിക
കണക്ക്. രാഷ്ട്രീയ ഉപജാപങ്ങളെ തുടർന്ന് അമേരിക്കയിൽ പ്രവേശിക്കാൻ പറ്റാതായ കാലത്ത്
അവസാനത്തെ രണ്ടു സിനിമകൾ ബ്രിട്ടന്റെ സഹകരണത്തോടെ നിർമ്മിച്ചവയുമാണ്. ഊരുതെണ്ടിയുടെ
അംശം ചാപ്ലിൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളിലും ഏറിയോ കുറഞ്ഞോ ഉണ്ട്. ഹ്രസ്വചിത്രങ്ങളിൽനിന്ന് മുഴുനീള
ചിത്രങ്ങളിലേക്ക് മാറിയപ്പോഴും (1923 ലെ ‘എ വുമൺ ഓഫ് പാരീസ്’ മുതലാണ് ഒന്ന്, രണ്ട് മൂന്നു റീൽ ചിത്രങ്ങൾ എന്ന നില
വിട്ട് പൂർണ്ണ ദൈർഘ്യത്തിലുള്ള ചാപ്ലിൻ ചലച്ചിത്രങ്ങൾക്ക് ആരംഭമായത്)ശബ്ദചിത്രങ്ങളെ
മനസ്സില്ലാ മനസ്സോടെ സ്വീകരിച്ചപ്പോഴും നിഴലുപോലെ ഊരുതെണ്ടി ചാപ്ലിനോടൊപ്പം
നടന്നു. ദ ട്രാമ്പ്, ദ സർക്കസ്, ദ കിഡ്, സിറ്റി ലൈറ്റ് എന്നീ സിനിമകളിൽ ഇയാൾ
നേരിട്ടുതന്നെ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു.
ഇരുപതുകളുടെ
അവസാനത്തിൽ സിനിമയിൽ ശബ്ദം കടന്നു വന്നപ്പോൾ അതിനെ സമീപിക്കാൻ സംശയിച്ച ആളാണ്
ചാപ്ലിൻ. ശരീരചലനങ്ങൾക്കും അതിശയോക്തികലർന്ന ഭാവാഭിനയത്തിനും കൈവരുന്ന തമാശസ്വഭാവം
ശബ്ദത്തിന്റെ സന്നിവേശത്തോടെ അവസാനിക്കും എന്ന ഭയംകൊണ്ടു മാത്രമല്ല 1936 -ൽ ‘മോഡേൺ ടൈംസ്’
ചിത്രീകരിക്കുന്നതുവരെ തന്റെ സിനിമകളിൽ
മനുഷ്യശബ്ദം ഉപയോഗിക്കാൻ ചാപ്ലിൻ അറച്ചു നിന്നതിന്, ചാപ്ലിന്റെ സിനിമകളുടെ
പ്രധാന വേദിയായ അമേരിക്കയിൽ തന്റെ കടുത്ത ബ്രിട്ടീഷ് ഉച്ചാരണവുമായി
പ്രത്യക്ഷപ്പെടാനുള്ള മടിയും
കാരണമായിരുന്നു എന്നു പറയപ്പെടുന്നു. ഇറ്റാലിയൻ- ഫ്രഞ്ച് മിശ്രിതഭാഷയിലുള്ള
ഒരു അസംബന്ധഗാനംകൊണ്ടാണ് ‘മോഡേൺ ടൈംസി’ൽ ഈ ഭയത്തെ ചാപ്ലിൻ അതിജീവിക്കാൻ ശ്രമിച്ചത്. അതിന്റെ
സംഗീതവും ചാപ്ലിന്റെ വക തന്നെ.
ഹിറ്റ്‌ലറിൽ
കേന്ദ്രീകരിച്ചിരുന്ന കാലിക
ലോകരാഷ്ട്രീയത്തെ പ്രമേയമാക്കിക്കൊണ്ട് ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’ എന്ന
സിനിമയ്ക്ക് പദ്ധതിയിടുമ്പോൾ അതുവരെ ശബ്ദത്തിന്റെ കാര്യത്തിൽ പുലർത്തിയിരുന്ന
ഉദാസീനത ചാപ്ലിൻ മാറ്റിവച്ചു. സ്വന്തം
ശബ്ദത്തിൽ സിനിമയുടെ അവസാനം ഏകദേശം 6 മിനിട്ട് നേരിട്ട് പ്രസംഗിക്കാനും ചാപ്ലിൻ
മടിച്ചില്ല. മനുഷ്യശബ്ദം, ഫാസിസത്തിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും
സർഗാത്മകവും എന്നാൽ മാരകവുമായ ഒരു യുദ്ധായുധമായി അതിൽ പരിണമിക്കുന്നു. ചാപ്ലിൻ
തന്റെ സിനിമയിലെ ആദ്യത്തെ ശബ്ദവിനിയോഗം തന്നെ ഐതിഹാസിക സ്വഭാവമുള്ളതാക്കി മാറ്റി. ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററി’ലെ ചാപ്ലിന്റെ
ഇരട്ട കഥാപാത്രങ്ങളിലൊരാളായ മുടിവെട്ടുകാരൻ ബ്രിട്ടീഷ് ഉച്ചാരണരീതിയിലുള്ള
ഇംഗ്ലീഷാണ് ഉടനീളം ഉപയോഗിക്കുന്നത്. അമേരിക്കൻ പ്രേക്ഷകർക്കു സ്വീകാര്യമാവുമോ
എന്ന് ചാപ്ലിൻ ഈ കാലമത്രയും ഭയന്നിരുന്ന തന്റെ സംഭാഷണശൈലിയെ അതുപോലെ ഉപയോഗിക്കാൻ ഈ
സിനിമയുടെ കാലമായപ്പോഴേക്കും ചാപ്ലിനു ധൈര്യമുണ്ടായി. അതൊരു പക്ഷേ സിനിമയുടെ പ്രമേയപരമായ
ഘടകത്തിലുണ്ടായിരുന്ന ആത്മവിശ്വാസംകൊണ്ടാകാം. .
ഫാസിസത്തെ
തുറന്നെതിർക്കാൻ സിനിമയിലൂടെ ചാപ്ലിൻ കാണിച്ച ധൈര്യമാണ് സിനിമയെ ശ്രദ്ധേയമാക്കിയ
ഒരു ഘടകം. രാഷ്ട്രീയകാര്യങ്ങളിൽ വ്യക്തമായ നിലപാടെടുത്തുകൊണ്ടുള്ള സിനിമകൾ
അക്കാലത്ത് അധികമുണ്ടായിരുന്നില്ല. സിനിമയുടെ അവസാനം ചാപ്ലിൻ തുറന്നു
പറയുന്നതുപോലെ, ‘നമുക്ക്
ഒന്നിക്കാമെന്നും രാജ്യാർത്തികളെ വിട്ട് സ്വതന്ത്രലോകത്തിനായി നമുക്ക് യുദ്ധം
ചെയ്യാമെന്നും അത്യാർത്തിയും വെറുപ്പും അസഹിഷ്ണുതയും ഉപേക്ഷിക്കാമെന്നുമൊക്കെയുള്ള’ പ്രകടമായ
രാഷ്ട്രീയ പ്രസ്താവനകളെ കണ്ടില്ലെന്നു നടിക്കുന്ന മട്ടിലുള്ള ഉദാരമായ
കാലാവസ്ഥയുമായിരുന്നില്ല. സിനിമയുടെ വിജയത്തെയും കച്ചവടത്തെയും സ്വാധീനിക്കും
എന്നതുകൊണ്ടും അനുമതിയെയും സെൻസർഷിപ്പിനെയുംപ്പറ്റിയുള്ള ഉത്കണ്ഠകളും അപകടകരമായ
ശ്രമങ്ങളിൽനിന്ന് കലാകാരന്മാരെ മാറ്റി നിർത്തിയതാണ്. ചാപ്ലിൻ പക്ഷേ നേരിട്ടു തന്നെ
ഏകാധിപതികളെ (ഹിറ്റ്‌ലറെയും
മുസ്സോളിനിയെയും)കളിയാക്കി. ഫാസിസത്തിനെതിരെ സമാധാനത്തെയും സ്വാതന്ത്യ്രത്തെ
മനുഷ്യാവകാശങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് ലോകമനസ്സാക്ഷിയുടെ മുഖത്തു നോക്കി
പ്രസംഗിക്കുകയും ചെയ്തു.
ഊരുതെണ്ടിയുടെ
പരിവേഷം ചാപ്ലിൻ ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററോ’ടുകൂടി
പൂർണ്ണമായും ഉപേക്ഷിച്ചു എന്നു കാണാം. ദൗത്യം പൂർത്തിയായ ഒരാൾ തന്റെ വേഷം അഴിച്ചു
വയ്ക്കുന്നതുപോലെ പിന്നീടുള്ള സിനിമകളിലൊന്നും ചാപ്ലിൻ എന്ന നടന് ചലച്ചിത്രങ്ങളിൽ നിർണ്ണായകമായ
വ്യക്തിത്വം നേടിക്കൊടുത്ത ഊരുതെണ്ടിയെ നാം കാണുന്നില്ല. പ്രസിദ്ധമായ ആ
പറ്റുമീശയും പിന്നെ ചാപ്ലിൻ ഉപയോഗിച്ചിട്ടില്ല. ‘വെനീസിലെ
കുട്ടികളുടെ കാറോട്ടമൽസരം’ എന്ന ഹ്രസ്വ ചലച്ചിത്രത്തിൽ ആളുകളെ തലയറഞ്ഞ്
ചിരിപ്പിച്ചുകൊണ്ട് ക്യാമറയ്ക്കു മുന്നിലേയ്ക്ക് തള്ളിക്കയറാൻ നിരന്തരം
ശ്രമിച്ചുകൊണ്ടിരുന്ന ഊരുതെണ്ടിയായ കഥാപാത്രം 26 വർഷങ്ങൾകൊണ്ട് താണ്ടിയ
ദൂരത്തിന്റെ വളർച്ച, ഉറപ്പിച്ചു
വച്ചിരിക്കുന്ന ക്യാമറയുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് തന്റെ
സങ്കല്പങ്ങൾ പങ്കുവയ്ക്കുന്ന മുടിവെട്ടുകാരനിൽ ചാപ്ലിൻ എഴുതിച്ചേർത്തു. തൊട്ടു
മുൻപുള്ള സിനിമയായ ‘മോഡേൺ ടൈംസി’ന്റെ അവസാനം,
ദൂരെ ചക്രവാളത്തിലേക്കു നോക്കി നടന്നു പോകുന്ന കഥാപാത്രത്തെ ചാപ്ലിൻ
അവതരിപ്പിച്ചതിൽ, അയാളുടെ അന്ത്യം കാണുന്ന നിരൂപകന്മാരുണ്ട്. ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററി’ലെ ജൂതനായ
മുടിവെട്ടുകാരൻ ഊരുതെണ്ടിയല്ല, പഴയ കഥാപാത്രത്തിന്റെ വട്ടത്തൊപ്പിയും മുളവടിയും
ഇറുകിയ ജാക്കറ്റും പറ്റുമീശയുമൊക്കെ അയാൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അയാൾക്ക്
സ്വതന്ത്രമായ വ്യക്തിത്വമുണ്ട്. അതേ സമയം ഊരുതെണ്ടിയുടെ പാരമ്പര്യത്തെ
പിന്തുടർന്ന് അയാൾ സിനിമയിൽ മുടിവെട്ടുകാരൻ എന്നു മാത്രമാണറിയപ്പെടുന്നത്. അയാൾക്ക്
സ്വന്തമായി ഒരു പേരില്ല. കേവലം ഒന്നോ രണ്ടോ രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന
കഥാപാത്രങ്ങൾക്കുപോലും സിനിമയിൽ പേരുകളുണ്ട്. (ജെക്കീലിന്റെ സുഹൃത്തുക്കളായ മാനും ഹെങ്കലിന്റെ
ഉദ്യോഗസ്ഥൻ സെവലും കൊച്ചുകുട്ടിയായ അഗ്ഗിയുമൊക്കെ ഉദാഹരണം) സൃഷ്ടാവിനെയും കടന്നു വളർന്ന കഥാപാത്രമായ ഊരുതെണ്ടിയുടെ ഏറ്റവും അവസാനത്തെ പരിണാമമാണ് ഈ
സിനിമയിലെ മുടിവെട്ടുകാരനായ ജൂതനിൽ കാണുന്നത്. ശബ്ദചിത്രങ്ങളിൽ ഊരുതെണ്ടിയെ
അവതരിപ്പിക്കുന്നതിന് ചാപ്ലിനുള്ള വിമുഖത ഒരു അഭിമുഖത്തിൽ അദ്ദേഹം
വ്യക്തമാക്കിയിരുന്നു. ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററിന്റെ’ അവസാനം അയാൾ
നടത്തുന്ന പ്രസംഗം, അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തിനൊപ്പം കലാകാരനെ
സംബന്ധിക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനംകൂടിയാണ്. ആസ്വാദനപരമെന്നും സിനിമാറ്റിക് എന്നും വിളിച്ചു വരുന്ന
ആസ്വാദനപരമായ മൂലകങ്ങളെ നീക്കിവച്ചിട്ട് കലാകാരൻ നേരിട്ടു നടത്തുന്ന ധാർമ്മിക ഭാഷണം ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ൽ സമൂഹത്തിനുള്ള ഒരു ആഘാത ചികിൽസയുടെ ഫലമാണ് ചെയ്തത്.
ഫാസിസത്തിനു നേരെയുള്ള മുഖമടച്ച അടിയായി സിനിമയെ വിശേഷിപ്പിക്കാനും 'മുഖപ്രസംഗത്തോടുകൂടിയ കോമഡി' (നിരൂപകൻ റോജർ എബർട്ട്) എന്ന് അറിയപ്പെടാനും ഇടയാക്കിയത് ആ
പ്രസംഗമാണ്. അതിനുള്ള അടിക്കുറിപ്പായി സത്യത്തിൽ സിനിമ. അതേ സമയം അവസാനം പ്രസംഗം
ചേർത്തു വച്ചത് ആനമണ്ടത്തരമാണെന്നും, (ഹാലിവെൽ) അത് വെറും വാചാടോപമായേ ഇന്ന്
അനുഭവപ്പെടൂ എന്നും (പീറ്റർ കോവി) ‘ചാപ്ലിൻ നല്ല ഉപദേശകനേയല്ല, അയാളുടെ പ്രസംഗം
പേടിപ്പിക്കുന്നവിധത്തിൽ തറയാണ്’ (ജോൺ ഒ ഹാരാ) എന്നുമൊക്കെ ചിന്തിച്ച നിരൂപകരും ഉണ്ട്.
ടൊമേനിയയായിലെ ഏകാധിപതി
ഹെങ്കലായി പട്ടാളക്കാർ തെറ്റിദ്ധരിച്ച, മുടിവെട്ടുകാരൻ
ജൂതന്റെ 6 മിനിട്ട് നീളമുള്ള പ്രസംഗത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്. ആദ്യം
അയാൾ ലോകമെമ്പാടുമുള്ള ജനങ്ങളോട് സംസാരിക്കുന്നു. മറ്റുള്ളവരുടെ സന്തോഷത്തിലാണ്
നമ്മുടെ ജീവിതം എന്നു മനസ്സിലാക്കാനാണ് അയാൾ മനുഷ്യരെ ഉപദേശിക്കുന്നത്. രണ്ടാമത്, ഉപാധികളില്ലാതെ
മുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട് അയാൾ ആളുകളുടെ ജീവിതം നരകമാക്കുന്ന
പട്ടാളക്കാരോട് പുതിയ ലോകം തീർക്കാൻ സ്നേഹംകൊണ്ട് യുദ്ധം ചെയ്യുവാൻ ആവശ്യപ്പെടുന്നു.
പുതിയ നിയമത്തിലെ, സെന്റ് ലൂക്കയുടെ
"ദൈവരാജ്യം മനുഷ്യന്റെ ഉള്ളിലാണ്” എന്ന വാക്യം അയാൾ അവിടെ ഉദ്ധരിക്കുകയും
ചെയ്യുന്നുണ്ട്. മൂന്നാമത്തെ ഭാഗം കാമുകി
ഹന്നയ്ക്കുള്ള സാന്ത്വനമന്ത്രമാണ്. പ്രകാശമാനമായ ഒരു ഭാവിയിലേയ്ക്ക് നോക്കാൻ
ഹന്നയെ ക്ഷണിക്കുകയാണ് അയാൾ ചെയ്യുന്നത്.
വാക്കുകളുടെ ശക്തിയെപ്പറ്റിയുള്ള ഇളകാത്ത
വിശ്വാസം പങ്കുവയ്ക്കുന്നതാണ് മുടിവെട്ടുകാരന്റെ പ്രസംഗം. പട്ടാളക്കാർ തന്നെ
ഏകാധിപതിയായ ഹെങ്കലാണെന്ന് തെറ്റിദ്ധരിച്ചതിൽ ചൂളിയിരിക്കുന്ന മുടിവെട്ടുകാരനോട് ‘ നിങ്ങളുടെ വാക്കുകളാണ് ആകെയുള്ള പ്രതീക്ഷ’ എന്ന് ഷൂൾട്സ് പറയുന്നതിന്റെ ബലത്തിലാണയാൾ
മൈക്കിനടുത്തേക്ക് നടന്നു വരുന്നത്. ഇതേ വാക്കുകൾ കാര്യക്ഷമമായി
ഉപയോഗിച്ചുകൊണ്ടാണ് അഡണോയിസ് ഹെങ്കൽ / അഡോൾഫ് ഹിറ്റ്‌ലർ ലോകത്തെ കാൽക്കീഴിലിട്ട്
ചവുട്ടിമെതിച്ചതെന്ന പൂർവഭാഗംകൂടി ഇതോടൊപ്പം ചേർത്തു വയ്ക്കണം. ഒരു പ്രസംഗത്തിന്റെ
നേർക്കാഴ്ചയ്ക്കപ്പുറത്ത്, സ്വപ്നവുമായി
ഇണക്കി നിർത്തിയിരിക്കുകയാണ് അവസാന ദൃശ്യം. ജെക്കേൽ ഹന്നയോട് ‘കേട്ടില്ലേ, എന്നു ചോദിക്കുമ്പോൾ, കേൾക്കട്ടെ’ എന്ന് ഹന്ന തിരിച്ചു പറയുന്നിടത്താണ് സിനിമ
അവസാനിക്കുന്നത്. പുതിയ ലോകത്തെക്കുറിച്ചുള്ള (വെറും) വാക്കുകൾ പോലും
ആശ്വാസമാകുന്ന തരത്തിൽ ദുരിതം നിറഞ്ഞ ഒരു കാലത്തെ പൊറുതിമുട്ടിയ ജീവിതത്തെ
ഹന്നയുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ചേരിയിലെ കടയിൽവച്ച് മുൻപൊരിക്കൽ മുടിവെട്ടുകാരനോട് നിർത്താതെ
സംസാരിക്കുന്ന ഹന്നയുടെ സങ്കല്പങ്ങൾക്ക് രാഷ്ട്രീയമായ മാനം നൽകിക്കൊണ്ടാണ്
മുടിവെട്ടുകാരന്റെ പ്രസംഗം നീളുന്നത്. ജനാധിപത്യവ്യവസ്ഥയിലെ ജീവിതം സ്വപ്നം
കാണുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധി എന്ന നിലയിൽ ഹന്ന പങ്കുവയ്ക്കുന്ന ആത്മഗതമാണ്
ഈ പ്രസംഗത്തിനുള്ള ഒരു സമാന്തരം. ഹന്ന,
ചാപ്ലിൻ തന്റെ ഏറ്റവും വലിയ പ്രചോദനം എന്നു വ്യക്തമാക്കിയിട്ടുള്ള അമ്മയുടെയും (ഹന്നാ
ഹിൽ ചാപ്ലിൻ) പേരാണ്. ഉപജീവനത്തിനുള്ള വകയും (തൊഴിലും) സ്വാതന്ത്ര്യവും സന്തോഷവുമുള്ള ഒരു ജീവിതം
സ്വപ്നം കാണാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. സമാധാനത്തിനു വേണ്ടി അധികാരത്തോട് കേണപേക്ഷിക്കുന്നതരത്തിലാണ്
ആദ്യം ചാപ്ലിൻ പ്രസംഗം എഴുതി തയ്യാറാക്കിയിരുന്നത്. അമേരിക്കയുടെ രാഷ്ട്രീയനയം അന്ന്
അതായിരുന്നു. പക്ഷേ പിന്നീട് വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ഉദാരജനാധിപത്യത്തിന്റെ
ആശയങ്ങൾ കൂട്ടിച്ചേർത്ത് പ്രസംഗത്തെ പരിഷ്കരിച്ചു. വാക്കുകൾ അതിൽ ഭാവി നാക്കായി.
മുടിവെട്ടുകാരന്റെ
പ്രസംഗം സമാധാനത്തിനു വേണ്ടിയുള്ള അപേക്ഷയെന്ന നിലയിൽ ഒരു ആഹ്വാനവും കലാകാരന്റെ
അഭിലാഷം എന്ന നിലയ്ക്ക് ഒരു ആത്മഗതവുമാണ്. രസിപ്പിക്കുക എന്ന ദൗത്യത്തിൽ മാത്രം
ശ്രദ്ധിച്ചിരുന്ന ഒരു കലാകാരൻ നേരിട്ട് ചിന്തകൾ പങ്കുവയ്ക്കുന്നത് കലയുടെ
ആസ്വാദനക്ഷമതയ്ക്ക് മുറിവുകളേൽപ്പിക്കും. തത്ത്വം പ്രസംഗിക്കുന്നയാൾക്ക്
സമൂഹത്തിന്റെ കാരുണ്യവും കരുതലും സഹാനുഭൂതിയും അനുഭവിച്ച് ഒരു കോമാളിയായി പിന്നെയും
തുടരുക പ്രയാസവുമായിരിക്കും. ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററി’ലെ പ്രസംഗം തന്റെ
ജനപ്രിയതയ്ക്ക് പരിക്കുകളേൽപ്പിക്കും എന്ന് അറിഞ്ഞുകൊണ്ട് കൂട്ടിച്ചേർക്കുകയായിരുന്നു
ചാപ്ലിൻ എന്ന വാദവുമുണ്ട്. പിന്നീട് പുറത്തിറങ്ങിയ ‘മോൺ സിയർ
വെർദോക്സ്’ (1947) ലൈം
ലൈറ്റ് (1951) എ കിങ് ഇൻ ന്യൂയോർക്ക് (1954) എ കൗണ്ടസ്സ് ഫ്രം ഹോങ് കോങ് (1967)
എന്നീ സിനിമകളൊന്നും പഴയതുപോലെ വിജയമായിരുന്നില്ല. ‘മോൺസിയർ വെർദോക്സിൽ’ മുതലാളിത്തത്തെ അദ്ദേഹം തുറന്നെതിർക്കുന്നു. ‘താനൊരു കമ്മ്യൂണിസ്റ്റല്ലെന്നും
എന്നാൽ അവരെ വെറുക്കുന്നവരുടെ കൂട്ടത്തിൽപ്പെടുന്നില്ലെന്നും സമാധാന കാംക്ഷി (പീസ്
മോംഗെർ) മാത്രമാണെന്നും അഭിമുഖങ്ങളിലും ആത്മകഥയിലും അദ്ദേഹം ആവർത്തിച്ചു
വ്യക്തമാക്കിയിരുന്നു. അതൊരു പക്ഷേ തന്റെ രാഷ്ട്രീയം തുറന്നു പറയാനാവാത്ത
രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദാത്തലാവണം. ‘ലൈം ലൈറ്റ്’ എന്ന സിനിമയുടെ
പ്രചരണാർത്ഥം യൂറോപ്പിലേക്കു പോയ ചാപ്ലിനെ, അമേരിക്കൻ സെനറ്റർ മക്കാർത്തിയുടെ
ഗൂഢാലോചനയ്ക്ക് തിരികെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്നതിൽനിന്നു തടയാൻ കഴിഞ്ഞു. വ്യക്തമായ
തെളിവുകളൊന്നും അവരുടെ കയ്യിൽ ഉണ്ടായിരുന്നുമില്ല. ഈ സംഭവത്തിന്റെ രാഷ്ട്രീയം
ചാപ്ലിൻ ‘എ കിങ് ഇൻ
ന്യൂയോർക്ക്’ എന്ന സിനിമയിൽ
ചർച്ച ചെയ്യുന്നുണ്ട്. (1972 -ൽ അക്കാദമി അവാർഡ് വാങ്ങിക്കാനായി പിന്നീട്
ഒരിക്കൽകൂടി ചാപ്ലിൻ അമേരിക്കയിൽ എത്തി) ‘അപകടകാരിയായ മനുഷ്യൻ’ എന്നു ചാപ്ലിനെ
വിശേഷിപ്പിക്കാനുള്ള കാരണം
കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നതായിരുന്നു. എഡ് സള്ളിവനെപോലെയുള്ള കോളമിസ്റ്റുകൾ ‘ഡിക്ടേറ്ററിലെ’ പ്രസംഗത്തെ ശുദ്ധമായ കമ്മ്യൂണിസ്റ്റ്
പ്രചരണംതന്നെയായിട്ടാണ് വിശേഷിപ്പിച്ചത്. ‘മോഡേൺ ടൈംസി’ൽ പണിമുടക്കുന്ന
തൊഴിലാളികൾ പോകുന്ന ഒരു ട്രക്കിൽനിന്നു വീണുപോകുന്ന ഒരു കൊടിയെടുത്ത് അതിലെ
കഥാപാത്രമായ ഊരുതെണ്ടി വീശുന്നുണ്ട്.
വീശുന്നത് കൊടി കളഞ്ഞു പോയതറിയാത്ത തൊഴിലാളികളുടെ ശ്രദ്ധയാകർഷിക്കാനാണ്.
അതേ സമയം ദൃശ്യത്തിലെ രാഷ്ട്രീയ സൂചന വളരെ വ്യക്തവുമാണ്. അതുകൊണ്ട് ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററി’ലെ പ്രസംഗം, ചാപ്ലിന്റെ
കലാജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും വഴികളെ മറ്റുതരത്തിൽ
പ്രതീകവത്കരിക്കുന്നതായി കരുതുന്നതിൽ തെറ്റില്ല.
ഹിറ്റ്‌ലറും ചാപ്ലിനും ജനിച്ചത് ഒരേ വർഷം
ഒരേ മാസമാണ്. 1889 ഏപ്രിലിൽ.
കുട്ടിക്കാലത്ത് കൂട്ടുകാർക്ക് പ്രിയങ്കരനായിരുന്ന ഹിറ്റ്‌ലറുടെ കലാപഠനത്തിനുള്ള
ആഗ്രഹം വിയന്നാ അക്കാദമി ഓഫ് ആർട്ട് നിരസിച്ചതിനുശേഷമാണ് രാഷ്ട്രീയ കാര്യങ്ങളിൽ അയാൾ
കൂടുതൽ താത്പര്യമെടുക്കുന്നതും സജീവമായി തീരുന്നതും ഏകാധിപതിയായി പിന്നീട്
ഉയരുന്നതും. വാക്കുകളിലൂടെ ജനങ്ങളെ വശീകരിക്കാൻ ഹിറ്റ്‌ലർക്ക് സവിശേഷമായ
കഴിവുണ്ടായിരുന്നു. സിനിമയ്ക്കുവേണ്ടി ഹിറ്റ്‌ലറുടെ ചലനങ്ങളും ശബ്ദത്തെ
ക്രമീകരിക്കുന്ന രീതിയും സൂക്ഷ്മമായി പഠിച്ച ചാപ്ലിൻ അഭിപ്രായപ്പെട്ടത് അയാൾ
മികച്ച നടനാണെന്നാണ്. ചാപ്ലിന്റെ ആ നിലയ്ക്കും മീശയുടെ കാര്യത്തിലെന്നപോലെ അവർക്കു
തമ്മിൽ സാമ്യമുണ്ട്. ഹിറ്റ്‌ലറെയും ചാപ്ലിനെയും ലോകത്തിന്റെ നെറുകയിലെത്തിച്ചത്
കലയുടെ വിരലുകളാണ്. പ്രസംഗവും അഭിനയവും. രണ്ടുപേരുടെയും വഴികളും ആശയങ്ങളും ഉദ്ദേശ്യങ്ങളും
വ്യത്യസ്തമായിരുന്നെന്ന് മാത്രം. പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത വിധത്തിൽ ഒരാൾ
വെറുപ്പിന്റെയും മറ്റേയാൾ സ്നേഹത്തിന്റെയും സുവിശേഷകരായി.
ഹിറ്റ്‌ലറുമായുള്ള
സാമ്യം കൊണ്ട് ഊരുതെണ്ടിയെ ആളുകൾ തെറ്റിദ്ധരിക്കുന്ന ആശയമുള്ള കഥ ചാപ്ലിനെ ആകർഷിച്ചിരുന്നു. അലക്സാണ്ടർ കോർദാ
എന്ന ചലച്ചിത്രനിർമ്മാതാവുമായുള്ള സംഭാഷണത്തിൽനിന്നാണ് ഹിറ്റ്‌ലറെ കഥാപാത്രമാക്കി
ഒരു ചിത്രം നിർമ്മിക്കാനുള്ള പദ്ധതിക്ക് ചാപ്ലിൻ തുടക്കമിടുന്നത്. ചാപ്ലിന്റെ അടുത്ത സുഹൃത്തും എഴുത്തുകാരനുമായ കോൺറാഡ്
ബെർക്കോവിഷി പറഞ്ഞ ഒരു കഥ ചാപ്ലിനു ഇഷ്ടപ്പെട്ടിരുന്നെങ്കിലും അധികാരികളിൽനിന്ന്
ഇത്തരമൊരു സിനിമ നിർമ്മിക്കുന്നതിന് അനുവാദംകിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞ് ആദ്യം നിരസിച്ചു.
‘സിറ്റി ലൈറ്റി’ൽ
ചാപ്ലിനോടൊപ്പം സഹകരിച്ച എഴുത്തുകാരനായിരുന്നു ബെർക്കോവിഷി. അതേ പ്രമേയത്തെ
ആസ്പദമാക്കി ചലച്ചിത്രം നിർമ്മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമ്പോൾ
ചാപ്ലിൻ ബെർക്കോവിഷിയെ ഉപേക്ഷിച്ചു. ചാപ്ലിന്റെ
പുതിയ ശ്രമത്തെപ്പറ്റി കേട്ടറിഞ്ഞ് ബെർക്കോവിഷി കത്തയച്ചിട്ടും
മറുപടിയുണ്ടായില്ല. സിനിമ പുറത്തിറങ്ങി
രണ്ടുവർഷം കഴിഞ്ഞപ്പോൾ അദ്ദേഹം, കഥയുടെ മേൽ അവകാശമുന്നയിച്ച് കോടതിയിലെത്തി. 50
ലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. സിനിമയിൽ ബെർക്കോവിഷിയുടെ
സംഭാവനയൊന്നും ഇല്ലെന്ന് പറഞ്ഞു നിരസിച്ച ചാപ്ലിൻ 90000 ഡോളർ നൽകി ആ കേസ്
ഒത്തുതീർപ്പാക്കി. ചാപ്ലിന്റെ വാദം അതായിരുന്നുയെങ്കിലും ഹെറിംഗിന്റെ മെഡലുകൾ ഊരി
ഹെങ്കൽ വലിച്ചെറിയുന്നത്, തൊപ്പിയുടെ ആകൃതിയിലുള്ള പാരച്യൂട്ട്, തടവറയിൽനിന്ന്
രക്ഷപ്പെടുന്ന മുടിവെട്ടുകാരനെ ഹെങ്കലായി പട്ടാളക്കാർ തെറ്റിദ്ധരിക്കുന്നത്, തുടങ്ങിയ
ആശയങ്ങളെല്ലാം ബെർക്കോവിഷിയുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിമർശകനായിരുന്ന
ബെർക്കോവിഷിയുമായി ബന്ധമില്ലെന്ന്
വ്യക്തമാക്കാൻ വേണ്ടിയാണ് ചാപ്ലിൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന്
ചാപ്ലിന്റെ ജീവചരിത്രകാരിയായ ജോയ്സ് മിൽട്ടൺ വിശദീകരിക്കുന്നു. അതേസമയം രാഷ്ട്രീയ
പ്രാധാന്യം കണക്കിലെടുത്ത് വളരെ സ്വകാര്യമായി ചിത്രീകരിച്ചുകൊണ്ടിരുന്ന സിനിമയിൽനിന്നും
ഹിറ്റ്‌ലറുടെ വേഷത്തിലുള്ള ചാപ്ലിന്റെ ഒരു ഫോട്ടോ രഹസ്യമായി കൈക്കലാക്കി
പ്രസിദ്ധീകരിച്ചു എന്ന പേരിൽ ലൈഫ് മാഗസീനെതിരെ കേസു കൊടുക്കുകയും അതിൽ ചാപ്ലിൻ
വിജയിക്കുകയും ചെയ്തിരുന്നു.
സിനിമാ
നിരൂപകനും ചരിത്രകാരനുമായ ഡേവിഡ് തോംസൺ, ചാപ്ലിന്റെ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ
വന്നപ്പോൾ ബ്രിട്ടീഷുക്കാർക്കിടയിൽ ഭയപ്പാടുണ്ടായതിനെപ്പറ്റി
വിശദീകരിച്ചിട്ടുണ്ട്. പ്രീണനം രാഷ്ട്രീയനയമായി നിലനിന്ന കാലത്ത്,
രാഷ്ട്രങ്ങൾതമ്മിലുള്ള ബന്ധങ്ങളെ ബാധിക്കുന്നവിധം ചിത്രം അപകടകരമാകും എന്നു
തന്നെയായിരുന്നു സംസാരം. ഹിറ്റ്‌ലറെ
തമാശരൂപത്തിൽ ചിത്രീകരിക്കുന്ന സിനിമയുടെ വാർത്തകേട്ട് ജർമ്മൻ കൗൺസിലർ ജോർജ്ജ്
ഗിസിലിങ്, അതു തടയാനാവശ്യപ്പെട്ട് അമേരിക്കയിലെ സിനിമാ നിർമ്മാണസങ്കേത വകുപ്പിന്റെ
അധികാരിക്ക് കത്തെഴുതി. അങ്ങനെയൊരു സിനിമയെക്കുറിച്ചേ തനിക്ക്
അറിവില്ലെന്നായിരുന്നു വകുപ്പു മേധാവിയുടെ മറുപടി. ചാപ്ലിന്റെ പല സിനിമകളിലും
നിർമ്മാണ പങ്കാളിയായി സഹകരിച്ചിട്ടുള്ള ‘യുണൈറ്റെഡ്
ആർട്ടിസ്റ്റ്’ ലെ ആളുകൾ ഈ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കാൻ
ആവശ്യപ്പെട്ടിരുന്നു. ഹിറ്റ്‌ലറിന്റെ അനുഭാവികളെ സിനിമ നിരാശരാക്കുമെന്നും
സാമ്പത്തികമായി വൻ നേട്ടമുള്ള ജർമ്മനിയിലെ വിതരണം അവതാളത്തിലാകുമെന്നുമുള്ള
കാരണമാണ് അവർ ചൂണ്ടിക്കാട്ടിയത്. സിനിമയിലെ ചാപ്ലിന്റെ പ്രസംഗം 10 ലക്ഷം
ഡോളറെങ്കിലും ബോക്സാഫീസിൽ നഷ്ടം വരുത്തുമെന്ന് പറഞ്ഞവരുണ്ട്. അമേരിക്കയിലെ 96%
ആളുകളും യൂറോപ്പ് യുദ്ധത്തിൽ അമേരിക്കയുടെ ഇടപെടലിനെ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല
എന്നാണ് അന്നത്തെ ഒരു കണക്കെടുപ്പ് സൂചിപ്പിക്കുന്നത്. ഈ രാഷ്ട്രീയ കാലാവസ്ഥയിലാണ്
അമേരിക്കയിൽ സിനിമ
പ്രദർശനത്തിനെത്തുന്നത്. ലോകം, യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകളുടെ വക്കിൽ നിൽക്കുകയായിരുന്നെങ്കിലും
മാധ്യമങ്ങളുടെ പക്വമായ പിന്തുണ ചിത്രത്തിനു ലഭിച്ചു. അത് ഗുണപരമായിരുന്നു. പ്രദർശനത്തെ
തുടർന്ന് സ്റ്റൂഡിയോയിൽ നാസി അനുഭാവികളുടെ ഭീഷണിക്കത്തുകൾ വന്നു കുമിയുകയായിരുന്നു
എന്നു പറയപ്പെടുന്നു.
1940
ഒക്ടോബർ 15 –ന്
ന്യൂയോർക്കിലെ ആസ്റ്റർ എന്നും ക്യാപിറ്റോൾ എന്നും പേരുകളുള്ള രണ്ടു
തിയേറ്ററുകളിലാണ് ഒരേ സമയം ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’
പ്രദർശനത്തിനെത്തിയത്. അതൊരു പുതിയ കീഴ്വഴക്കമായിരുന്നു. ആ വർഷത്തെ ന്യുയോർക്കർ
മാഗസീനിലെ സിനിമാനിരൂപണത്തിൽ സിനിമ കാണാനെത്തിയ പ്രമുഖരുടെ പേരു വിവരം
കൊടുത്തിട്ടുണ്ട്. ആൽഫ്രഡ് ഇ സ്മിത്ത്, ജെയിംസ് ഫാർലി, ഫ്രാങ്കളിൻ റൂസ്‌വെൽറ്റ്
ജൂനിയർ, ചാൾസ് ലാങ്ടൺ തുടങ്ങിയവർ. സിനിമയിറങ്ങി
ഒരു വർഷം കഴിഞ്ഞപ്പോൾ, ഹോളിവുഡ് സിനിമകളിലെ യുദ്ധപ്രചരണത്തെ മുൻ നിർത്തി സെനറ്റ്
സബ് കമ്മറ്റിയ്ക്കു മുൻപാകെ ഹാജരായി മൊഴി കൊടുക്കാനുള്ള ഉത്തരവു ചാപ്ലിനു കിട്ടി.
രണ്ടാം ലോക യുദ്ധം കൊടുമ്പിരികൊണ്ട അവസരത്തിൽ
സിനിമയുടെ വിതരണം കുറേക്കാലത്തേയ്ക്ക് ചാപ്ലിൻ തന്നെ മുൻ കൈയെടുത്ത്
നിർത്തിവച്ചു. യുദ്ധത്തിന്റെ ദാരുണതകളിൽ
നീറുന്ന മനുഷ്യർക്ക് മുന്നിൽ അതേ സാഹചര്യത്തെ മുൻനിർത്തി കൊണ്ടുള്ള തമാശകൾ
ക്രൂരതയായിരിക്കുമെന്ന വിവേകമാണ് ചാപ്ലിനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. യുദ്ധകാലത്തുതന്നെ
ജർമ്മൻ അധിനിവേശ ബാൾക്കനിൽ പ്രദർശിപ്പിക്കാനായി കൊണ്ടുപോയ ഒരു കോമഡി ബാലേയോടൊപ്പം ഈ
സിനിമ രഹസ്യമായി ചേർത്തുവച്ചു. സിനിമയെ മറ്റെന്തോ ആയി തെറ്റിദ്ധരിച്ച ജർമ്മൻ
ഉദ്യോഗസ്ഥർ ആദ്യമൊക്കെ ആസ്വദിച്ചെങ്കിലും കാര്യം മനസ്സിലായി തുടങ്ങിയതോടെ ചിലർ
എഴുന്നേറ്റ് സ്ഥലം വിട്ടു, മറ്റു ചിലർ സ്ക്രീനിനുനേരെ വെടി വയ്ക്കാൻ തുടങ്ങി. ജർമ്മനിയിലും
നാസികളുടെ കീഴിലുള്ള പ്രദേശങ്ങളിലും നിരോധിക്കപ്പെട്ട പല ചിത്രങ്ങളുടെയുംകൂടെയായിരുന്നു
‘ദ ഗ്രേറ്റ്
ഡിക്ടേറ്ററിന്റെ’യും സ്ഥാനം. എങ്കിലും ഈ സിനിമ ഹിറ്റ്‌ലർ പ്രത്യേകമായി
പ്രദർശിപ്പിച്ചു കണ്ടു എന്ന് സിനിമാ
ചരിത്രകാരനായ ഡേവിഡ് തോംസൺ എഴുതുന്നു. ഹിറ്റ്‌ലറിന്റെ
കാലത്ത് ജർമ്മൻ സാംസ്കാരിക മന്ത്രാലയത്തിൽ ജോലി നോക്കിയിരുന്ന ഒരാളാണ് സിനിമ
സ്വകാര്യമായി രണ്ടു പ്രാവശ്യം ഹിറ്റ്‌ലർ പ്രദർശിപ്പിച്ചു കണ്ടെന്ന കഥ
പുറത്തറിയിക്കുന്നത്. ഹിറ്റ്‌ലറിനെപോലും
ചിരിപ്പിക്കുന്ന ഒരു സിനിമയായിരുന്നു ചാപ്ലിന്റെ മനസ്സിൽ. അയാളുടെ പ്രതികരണം
എന്തായിരുന്നു എന്നറിയാൻ ചാപ്ലിന് അതിയായ താത്പര്യമുണ്ടായിരുന്നു. സ്വാഭാവികമായും
ഹിറ്റ്‌ലറെപോലെയൊരു വ്യക്തിത്വത്തിന് തന്നെ എങ്ങനെ ലോകം കാണുന്നു എന്ന് മനസ്സിലാക്കി
ചിരിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്ന കാര്യം തീർച്ചയാണ്. 1958 വരെ ജർമ്മനിയിൽ
നിരോധനം നിലനിന്നു. 1944 -ൽ പാവപ്പെട്ടവർക്കുള്ള സഹായധനം സമാഹരിക്കുന്നതിന്റെ
ഭാഗമായി റോമിൽ ആദ്യമായി സിനിമ പ്രദർശിപ്പിക്കുമ്പോൾ വമ്പിച്ച സ്വീകരണമാണ്
ലഭിച്ചത്. എന്നാൽ ബാക്ടീരിയയുടെ നേതാവ് നാപ്പലോണിയുടെ ( മുസ്സോളിനിയുടെ പതിപ്പ്)
വരവോടെ ജനം നിശ്ശബ്ദരായി. 1961 - ൽ വീണ്ടും പൊതു പ്രദർശനത്തിനെത്തുമ്പോൾ
നാപ്പലോണിയുടെ ഭാര്യയുടെ രംഗങ്ങൾ മുറിച്ചു മാറ്റിയിരുന്നു. വിധവയായ സ്ത്രീയുടെയും
അവരുടെ കുടുംബത്തിന്റെയും വികാരങ്ങളെ മുറിപ്പെടുത്തേണ്ടതില്ലെന്ന
തീരുമാനമായിരുന്നു അതിനു പിന്നിൽ. പൂർണ്ണരൂപത്തിൽ സിനിമ റോമിൽ
പൊതുപ്രദർശനത്തിനെത്തിയത് 2003 -ലാണ്. സഖ്യകക്ഷികളുടെ വിജയത്തിനുശേഷം ജനറൽ
ഐസൻഹോവറുടെ പ്രത്യേക അപേക്ഷപ്രകാരം ചിത്രത്തെ ഫ്രഞ്ചിലേക്കു മൊഴിമാറ്റം ചെയ്ത്
ഫ്രാൻസിൽ പ്രദർശിപ്പിച്ചിരുന്നു. 1975 -ൽ ജനറൽ ഫ്രാങ്കോ മരിക്കുന്നതുവരെ ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററി’നു സ്പെയിനിൽ
പ്രവേശനമുണ്ടായിരുന്നില്ല.
1938
-ൽ ‘ദ ഡിക്ടേറ്റർ’ എന്ന പേരിൽ
സിനിമ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് പാരമൗണ്ട് പിക്ചേഴ്സ് അത് മുൻപേ
സ്വന്തമാക്കിയ കഥയറിയുന്നത്. അവരിൽനിന്ന് അവകാശം
വാങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’ എന്ന്
സിനിമയുടെ പേരു ചാപ്ലിൻ മാറ്റി. ‘ടൊമാനിയ’, ‘ദ ടു ഡിക്ടേറ്റേഴ്സ്’, ‘ഡിക്ടോമാനിയ’, ‘ദ ഡിക്ടേറ്റർ ഓഫ് ടൊമാനിയ’ തുടങ്ങിയ പേരുകളാണ് സിനിമയ്ക്ക് ചാപ്ലിൻ പകരം കണ്ടു
വച്ചത്. അവയെല്ലാം രജിസ്റ്റർ ചെയ്യുകയും
ചെയ്തു. തിരക്കഥയിലുള്ള തിരുത്തലുകൾ തീരാത്തതിനാൽ 1939 -ജൂണിൽ ആരംഭിക്കാൻ
ഉറപ്പിച്ചിരുന്ന ചിത്രീകരണം പിന്നെയും നീണ്ടുപോയി . അതേ വർഷം ഒക്ടോബറിൽ ഹിറ്റ്‌ലറെ ആസ്പദമാക്കി താൻ
സിനിമ ചെയ്യുന്ന കാര്യം ചാപ്ലിൻ ഔദ്യോഗികമായി പുറത്തു പറഞ്ഞു.
മൂന്നു വർഷത്തോളം
സിനിമയ്ക്കുവേണ്ടിയുള്ള തയാറെടുപ്പുകൾ ചാപ്ലിൻ നടത്തി. കൂടുതലും
രചനയ്ക്കുവേണ്ടിയും കഥാപാത്രങ്ങളുടെ കൃത്യതയ്ക്കു വേണ്ടിയുമുള്ള
പരിശ്രമങ്ങൾക്കായിതന്നെ. 539 ദിവസമെടുത്താണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഷൂട്ടിങ്ങിനായി
ആദ്യം തയ്യാറാക്കിയ തിരക്കഥയ്ക്ക് 300 പേജുണ്ടായിരുന്നു എന്നു പറയുന്നു. സാധാരണ ഹോളിവുഡ്
സിനിമയുടെ തിരക്കഥകളിൽനിന്നും മൂന്നിരട്ടി വലിപ്പം. ഹെങ്കലിന്റെ ലൈംഗികദാഹിയായ ഭാര്യ,
മുടിവെട്ടുകാരന്റെ പ്രസംഗം റേഡിയോയിൽ കേൾക്കുന്ന ലോകമെമ്പാടുമുള്ള ആളുകളുടെ
പ്രതികരണം, ജർമ്മൻ കാർ ഉപേക്ഷിച്ചു പോയ പടനിലങ്ങളിലേക്ക് താറാവുകൾ നടന്നു
കയറുന്നത്, ജപ്പാൻ വിമാനം ബോംബിനു പകരം ചൈനീസ് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
വർഷിക്കുന്നത്... തുടങ്ങി ആദ്യം ആസൂത്രണം ചെയ്തിരുന്ന കഥാപാത്രങ്ങൾക്കും
സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും മാറ്റമുണ്ടായി.
ജൂതമുടിവെട്ടുകാരൻ ആദ്യം ഒരു തുന്നൽക്കാരനായിരുന്നു. ഭൂഗോളത്തെവച്ച് ഹെങ്കൽ
അമ്മാനമാടുന്ന വളരെ പ്രസിദ്ധമായ രംഗം, ജിഗ്സോ പസിൽ രീതിയിൽ ലോകരാജ്യങ്ങളുടെ മാപ്പിൽനിന്നും
കഷണങ്ങൾ മുറിച്ചെടുത്ത് അയാൾ കൂട്ടിച്ചേർക്കുന്നതു കാണിക്കാനാണ് ആദ്യം
പദ്ധതിയിട്ടിരുന്നത്. പിന്നെയാണ് അത് ബലൂൺ
ഗ്ലോബ് വച്ചുള്ള നൃത്തത്തിലേക്ക് മാറിയത്. ചാപ്ലിന്റെ തന്നെ പഴയൊരു ചിത്രത്തിലെ
രംഗത്തിന്റെ ആവർത്തനമായിരുന്നു അത്. ഓരോ ചലനവും എങ്നഗ്നെ വേണമെന്ന്
അടയാളപ്പെടുത്തിയ അതിവിശദമായ സ്ക്രിപ്റ്റാണ് ആ രംഗത്തിനു വേണ്ടി മാത്രം ചാപ്ലിൻ
തയ്യാറാക്കിയത്. പരിശീലനത്തിനും റീടേക്കിനുമായി 9 ദിവസങ്ങൾ ചാപ്ലിൻ ചെലവഴിച്ചു
എന്നു പറയുന്നു. ഹിറ്റ്‌ലർ തന്റെ സ്വകാര്യമുറിയിൽ അതുപോലെയൊരു ഭൂഗോളം സൂക്ഷിച്ചിരുന്നു
എന്ന കാര്യം കലയ്ക്കും യാഥാർത്ഥ്യത്തിനും സംഭവിക്കുന്ന അദ്ഭുതകരമായ ആകസ്മികതയാണ്.
സിനിമയിൽ ചാപ്ലിൻ ഉപയോഗിച്ചതിനേക്കാൾ വലിപ്പമുണ്ടായിരുന്നത്രേ അതിന്. ചിത്രത്തിന്റെ
തുടക്കത്തിലെ ഒന്നാം ലോക മഹായുദ്ധത്തിന്റെ ചില രംഗങ്ങളും, വേണ്ടത്ര
തമാശയില്ലാത്തതിന്റെ പേരിൽ ചാപ്ലിൻ മാറ്റി ചിത്രീകരിച്ചു.
മുസ്സോളിനിയുടെ
അപരനായി അഭിനയിച്ച ജാക്ക് ഓക്കി യുടെ പ്രശസ്തിയും അഭിനയവും അദ്ദേഹത്തിന്റെ
മദ്യപാനം നിമിത്തം ക്ഷീണാവസ്ഥയിലായിരുന്ന സമയത്താണ് ചാപ്ലിൻ സിനിമയ്ക്കായി
അദ്ദേഹത്തെ വിളിക്കുന്നത്. സിനിമയ്ക്കു വേണ്ടി അദ്ദേഹം ശരീരം തടിപ്പിച്ചു.
മദ്യപാനം നിർത്തി. ചിത്രത്തിൽ ഹെങ്കലിന്റെയും നാപ്പലോണിയുടെയും സംയുക്ത രംഗങ്ങൾ
ആകർഷകങ്ങളാണ്. നല്ല സഹനടനുള്ള ഓസ്കാർ നിർദ്ദേശം ഇദ്ദേഹത്തിനു പിന്നീട് ലഭിച്ചു. ഹന്ന
എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചാപ്ലിന്റെ ഭാര്യയായ പൗലറ്റ് ഗോദാർദ്ദിനെക്കൊണ്ട്
ഒരു ദിവസം ചാപ്ലിൻ സ്റ്റൂഡിയോ തൂത്തുവാരിച്ചു, തേയ്ചു വൃത്തിയാക്കുന്ന ബ്രഷു അവർ
പിടിക്കുന്ന രീതി ശരിയല്ലെന്നു ചിത്രീകരിക്കുന്ന സമയത്ത് കണ്ടതിനെ തുടന്ന്.
പൗലറ്റ് ദേഷ്യപ്പെട്ട് സ്റ്റൂഡിയോ വിട്ടുപോയെങ്കിലും അവർ വഴങ്ങുന്നതുവരെ ചാപ്ലിൻ
ഷൂട്ടിംഗ് നിർത്തി വച്ചു. ചിത്രീകരണത്തിനിടയിൽ അവർ പലപ്പോഴും വഴക്കുകൂടുകയും
ചെയ്തിരുന്നു.
അഡോണിസ്
ഹെങ്കൽ എന്ന കഥാപാത്രത്തിലൂടെ ഹിറ്റ്‌ലറെ രൂപസാദൃശ്യം അനുകരിക്കുകമാത്രമല്ല
ചാപ്ലിൻ ചെയ്തത്. ശബ്ദം കുറച്ച് പതുക്കെ തുടങ്ങി അപകടകരമായ ഉള്ളടക്കങ്ങളോടെയും
ആളുകളെ സ്തബ്ധരാക്കുന്ന വിധം ഉച്ചത്തിലും നാടകീയമായ ആംഗ്യവിക്ഷേപങ്ങളോടെയും
സംസാരിക്കുന്ന പതിവാണ് ഹിറ്റ്‌ലർക്കുണ്ടായിരുന്നത്. ഹിറ്റ്‌ലറോടൊപ്പം അടുത്ത് ഇടപഴകിയിട്ടുള്ള ആളും
ജർമ്മനിയിലെ വാസ്തുശില്പിയുമായിരുന്ന ആൽബർട്ട് സ്പീർ, ചാപ്ലിന്റെ സിനിമയിലെ പ്രകടനത്തെ വളരെ കൃത്യമായ
അനുകരണമായിട്ടാണ് വിലയിരുത്തിയത്. അയാളുടെ ജർമ്മൻ ഉച്ചാരണരീതിയെപോലും ചാപ്ലിൻ
സമർഥമായി അനുകരിച്ചു. ടൊമാനിയയിലെ ജനങ്ങളെ
അഭിസംബോധന ചെയ്തുകൊണ്ട് അയാൾ ഗർജ്ജിക്കുന്നു :
“ജനാധിപത്യം ഷ്ടൂങ്ക്.... സ്വാതന്ത്ര്യം ഷ്ടൂങ്ക്.." (നാറ്റം എന്ന അർത്ഥമുള്ള സ്റ്റിങ്ക് എന്നഇംഗ്ലീഷ് വാക്കിനെ ജർമ്മൻ
രീതിയിൽ ഉച്ചരിച്ചത്) ഹെങ്കൽ ഉപയോഗിക്കുന്ന വിചിത്രവും അസ്പഷ്ടവുമായ ഭാഷ,
ഏകാധിപത്യത്തിന്റെ വ്യക്തിഗതഭാഷകൂടിയാണ്. സ്വാതന്ത്ര്യത്തെയോ ജനാധിപത്യത്തെയോ
മനുഷ്യത്വത്തെയോ വിലവയ്ക്കാത്ത ഈ ചിലയ്ക്കലിനെ അയാളുടെ വിശ്വസ്ത അനുയായിയായ
ഗാർബിട്ഷ് അയാളുടെ പ്രസംഗത്തിൽ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ് :
“ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയവ ആളുകളെ പറ്റിക്കാനുള്ള വാക്കുകളാണ്. ഒരു
രാജ്യത്തിനും ഇത്തരം ആശയങ്ങൾ വച്ചുകൊണ്ട് പുരോഗമിക്കാനാവില്ല. നമ്മുടെ
പ്രവർത്തനത്തിന്റെ വഴിയിൽ കയറി അവ കുറുകെ നിൽക്കുന്നു. അതുകൊണ്ട് നമ്മൾ അവയെ റദ്ദാക്കും.
ഭാവിയിൽ,
ഓരോ മനുഷ്യനും രാജ്യത്തിന്റെ ഉത്തമ താത്പര്യങ്ങളെ പരമവിധേയത്വത്തോടെ
സേവിക്കണം. അതിനു പറ്റാത്തവർ സൂക്ഷിക്കുക.”
വികസനത്തെയും പുരോഗമനത്തെയും
പറ്റിയുള്ള ഏകാധിപതികളുടെ അസ്പഷ്ടഭാഷണങ്ങൾ എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചുപോയ
ദുരന്തമല്ല. അവ പല രൂപത്തിൽ തുടരുകയാണെന്ന് സമകാലിക രാഷ്ട്രീയ അവസ്ഥകൾ നമുക്കു മുന്നിൽ ആവർത്തിക്കുന്നുണ്ട്. യുദ്ധഭൂമിയിൽ വച്ച് തന്റെ ജീവൻ രക്ഷിച്ച ജൂതനായ മുടിവെട്ടുകാരനെ പിന്നീട് വഴിയിൽ വച്ചു കണ്ടപ്പോൾ കമാൻഡർ
ഷൂൾട്സ് പറയുന്നത്, ‘ഞാൻ വിചാരിച്ചത് നീ ആര്യനാണെന്നാണ്’ എന്നാണ്. അപ്പോൾ അയാളുടെ മറുപടി, ‘അല്ല. ഞാൻ സസ്യാഹാരിയാണ്’ എന്ന്. വംശശുദ്ധിയുടെയും സസ്യാഹാരത്തിന്റെയും ഇന്നും
അവസാനിക്കാത്ത മഹത്വപ്രഘോഷണത്തെ ഒരു മൂക്കുകയറിട്ട് തന്റെ വഴിക്കുകൂടി നടത്തിച്ചിരിക്കുകയാണ്
ചാപ്ലിൻ ഈ സംഭാഷണ ശകലത്തിൽ. ആര്യന്മാർ മനുഷ്യനെ തിന്നുന്നവരാണെന്ന കൊള്ളിവാക്കും ‘അല്ല’ എന്ന നിഷേധപദത്തിൽ ചാപ്ലിൻ ചേർത്തു വച്ചിരിക്കുന്നു. ഓസ്റ്റർലിച്ച് ആക്രമണവേളയിൽ കാട്ടിനുള്ളിൽ പതുങ്ങിയിരുന്ന
യഥാർത്ഥ ഹെങ്കലിനെ പട്ടാളക്കാർ
കോൺസന്റ്രേഷൻ ക്യാമ്പിൽനിന്ന് ഒളിച്ചോടിയ ജൂത മുടിവെട്ടുകാരനാണെന്ന്
തെറ്റിദ്ധരിച്ച് പിടികൂടുകയും യഥാർത്ഥ മുടിവെട്ടുകാരനെ ഏകാധിപതിയായി അഭിവാദ്യം
അർപ്പിക്കുകയും ചെയ്യുന്നിടത്തെ വിരോധാഭാസം ശ്രദ്ധിക്കേണ്ടതാണ്. യഥാർത്ഥ
വ്യക്തിത്വങ്ങളുമായി സാങ്കൽപ്പിക
കഥാപാത്രങ്ങൾക്കുള്ള സാമ്യം ആകസ്മികമോ യാദൃച്ഛികമോ ആണെന്നു പറഞ്ഞ് സംവിധായകർ
ചലച്ചിത്രങ്ങളുടെ ആരംഭത്തിൽ നടത്താറുള്ള കുമ്പസാരത്തെ ചാപ്ലിൻ, ഹെങ്കലുമായുള്ള
മുടിവെട്ടുകാരന്റെ സാമ്യം ആകസ്മികമാണെന്ന് എഴുതി കാണിച്ചാണ് കളിയാക്കിയിട്ടുള്ളത്.
വംശശുദ്ധി, അന്തസ്സ്, മാന്യത തുടങ്ങിയ അർത്ഥമില്ലാത്ത പ്രലപനങ്ങൾക്കുള്ള
മറുപടിയെന്ന നിലയ്ക്ക് ഈ വച്ചുമാറ്റാവുന്ന റോളുകൾക്ക് പ്രസക്തിയുണ്ട്. ജൂതന്മാർക്കെതിരെ
വിഷം തുപ്പിക്കൊണ്ടിരുന്ന ഹിറ്റ്‌ലറുടെ മുതു മുതു മുത്തശ്ശി ജൂതയായ വീട്ടു
വേലക്കാരിയായിരുന്നത്രേ. ചാപ്ലിന്റെ സിനിമകൾ ജർമ്മനിയിൽ പ്രവേശിപ്പിക്കാതിരുന്നത്
അദ്ദേഹം ജൂതനാണോ എന്ന സംശയത്തിലുമായിരുന്നു. നാസികളുടെ അത്തരമൊരു ആശങ്കയെ
ദൂരീകരിക്കാൻ ചാപ്ലിൻ മെനക്കെടാതിരുന്നതും അവരുടെ സംശയം വർദ്ധിപ്പിപ്പിക്കുകയാണ്
ചെയ്തത്. സിനിമയിൽ ചാപ്ലിൻ ഒരു ചുവരെഴുത്ത് കാണിക്കുന്നിടത്ത് ഹീബ്രുവിനു പകരം
എസ്പരാൻസ എന്ന കൃത്രിമ ലോകഭാഷ ഉപയോഗിച്ചിട്ടുണ്ട്. അത് കണ്ടു പിടിച്ചത് സാമൻ ഹോഫ്
എന്ന ജൂതനുമാണ്. ബോധപൂർവമാണ് ഈ കൂട്ടിച്ചേർക്കൽ എന്നു കരുതുന്നതാണ് ന്യായം.
ആറ്റോമിക്
കാലത്തിലും തന്റെ സിനിമകളിലെ സ്ഥിരം കഥാപാത്രമായ കൊച്ചുമനുഷ്യനായ ഊരുതെണ്ടിക്ക്
പ്രസക്തിയുണ്ടെന്നു വിശ്വസിച്ച വ്യക്തിയാണ് ചാപ്ലിൻ. അയാൾ മധ്യവർഗജീവിതംപോലും
നിഷേധിക്കപ്പെട്ട് അലയുന്ന നിഷ്കാസിതനാണ്.
‘ദ ഗ്രേറ്റ്
ഡിക്ടേറ്ററിലെ’ ചാപ്ലിന്റെ
രണ്ടു കഥാപാത്രങ്ങളിൽ ഊരുതെണ്ടിയുടെ സ്വഭാവസവേശേഷതകളും രൂപവും മുടിവെട്ടുകാരനു നൽകിയപ്പോൾ
‘കൊച്ചു മനുഷ്യൻ’ എന്ന വിശേഷണം
ലഭിച്ചത് ഏകാധിപതിയായ ഹെങ്കലിനാണ്. ബാക്ടീരിയയിലെ അധിപതിയായ നാപ്പലോണി അയാളെ കൊച്ചു മനുഷ്യൻ (‘nice leettle
man’) എന്ന് പലപ്രാവശ്യം വിളിക്കുന്നു. നാപ്പലോണി
സ്വന്തം വലിപ്പത്തെ പൊലിപ്പിക്കാനുള്ള ഉപാധിയായാണ് ആ വിശേഷണത്തെ
ഉപയോഗിക്കുന്നതെങ്കിൽ തന്നെയും (ഒരാളെ ചെറുതാക്കാൻ മനശ്ശാസ്ത്രപരമായി എന്തെല്ലാം
ചെയ്യാമെന്നുള്ള ഗാർബിട്ഷിന്റെ ദുരുപദേശവും ചെയ്തികളും നാപ്പലോണിയുടെ മുന്നിൽവച്ച്
ഹെങ്കലിനെ തിരിഞ്ഞു കടിക്കുന്നതായി കാണിച്ചും സിനിമ ചിരിപ്പിച്ചിക്കുന്നുണ്ട്) ചാപ്ലിൻ
കഥാപാത്രമായി തെരുവുകളിൽ അലഞ്ഞു തിരിയുന്ന മട്ടിൽ ചിരപരിചിതനായ കൊച്ചുമനുഷ്യനു ഈ
സിനിമയിൽ മാത്രമായി വന്ന പരിണാമം ശ്രദ്ധിക്കേണ്ടതാണ്. ഹെങ്കൽ അധികാരത്തിന്റെ
പടവുകളിലേറുന്ന വർഷങ്ങളിൽ ഒന്നാംലോകയുദ്ധത്തിൽ തലക്കേറ്റ മുറിവുകാരണം സർവതും
മറന്ന് ആശുപത്രിയിലായിരുന്നു യഥാർത്ഥ കൊച്ചുമനുഷ്യൻ. മുന്നിലൂടെ വർത്തമാന ചരിത്രം
അയാളെ അവഗണിച്ച് കടന്നുപോകുന്നു. യഥാർത്ഥ്യത്തിലേക്കുള്ള അയാളുടെ ഉണർച്ചയാണ്
മഹത്വത്തിലേക്കുള്ള പടിക്കെട്ടുകളായി സിനിമയിൽ പ്രത്യക്ഷമാവുന്നത്. അനർഹമായ
അധികാരലബ്ധികൾ ‘കൊച്ചു’ മനുഷ്യരെ
കൊണ്ടെത്തിക്കുന്ന പരിണതിയുടെ വ്യത്യസ്തമായ വഴികളാണ് ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററി’ലെ സമാന്തര
രേഖകൾ. ചലച്ചിത്രത്തിന്റെ പേരിൽതന്നെ വലുത് - ചെറുത് (ലിറ്റിൽ & ഗ്രേറ്റ്) എന്ന
വിരുദ്ധോക്തിയെ ചാപ്ലിൻ ചർച്ചയ്ക്കുള്ള വിഭവമാക്കിട്ടുണ്ട്. രണ്ടു വ്യക്തികളിലായി വിഭജിച്ചു കിടക്കുന്ന
സമാന്തരങ്ങളെ സ്ഥലപരമായും അനുഭവിക്കാം സിനിമയിൽ. ജൂതന്മാരുടെ ചേരിയും (ഗെറ്റോ)
ഹെങ്കലിന്റെ കൊട്ടാരവുമാണ് ആ വിരുദ്ധ ദ്വന്ദ്വങ്ങൾ. റെനോയറുടെ ‘ലാ മർസെലൈയ്സ്’ എന്ന
രേഖാചിത്രങ്ങളിലെ ഒന്നിടവിട്ടു വരുന്ന തുടർച്ചയുമായി താരതമ്യം ചെയ്ത് ഇക്കാര്യം
വ്യക്തമാക്കിയിട്ടുണ്ട്, ഫ്രഞ്ച് സംവിധായകനായ ഫ്രാൻസ് ത്രൂഫോ, ‘എന്റെ
ജീവിതത്തിലെ ചലച്ചിത്രങ്ങൾ’ എന്ന കൃതിയിൽ.
റേഡിയോ
ആയിരുന്നു ഹിറ്റ്‌ലറുടെ പ്രധാന മാധ്യമം. ശരീരസാന്നിദ്ധ്യമില്ലാതെ ഒഴുകിപ്പരന്നു
നടക്കുന്നതും ഒച്ച പെരുപ്പിക്കുന്നതുമായ സ്വന്തം ശബ്ദത്തിന്റെ ബലത്തിലാണ് അയാൾ
ജർമ്മനിയെ കാൽക്കീഴിലാക്കിയത്. ലോകത്തെ വെല്ലാൻ ഇറങ്ങി പുറപ്പെട്ടത്. ആധുനിക
സാങ്കേതിക വിദ്യകൾ പടച്ചുവിടുന്ന ക്ഷുദ്രജീവികളാണ് ഏകാധിപതികൾ ഒരർത്ഥത്തിൽ. തന്റെ
സിനിമയിൽ മനുഷ്യശബ്ദം ആദ്യമായി ഉപയോഗിക്കാൻ തീരുമാനിച്ച ചാപ്ലിൻ അതിവിദഗ്ദ്ധമായാണ്, ഏകാധിപതിയുടെ
ഏകതാനമായ ഒച്ചയെ വിമർശിക്കാനുള്ള ഉപകരണമാക്കി അതിനെ മാറ്റിയെടുത്തത്. തൊപ്പിയുടെ
ആകൃതിയിലുള്ള പാരച്യൂട്ട്, വെടിയേൽക്കാത്ത നേർത്ത വസ്ത്രം, ആളുകളെ കൂട്ടത്തോടെ കൊല്ലാൻ
വിഷവാതകം കണ്ടുപിടിച്ചത്, ഏകാധിപതിയുടെ ക്ഷൗരത്തിനുള്ള മുറിയിലെ കണ്ണാടിച്ചുമരുകൾ,
പഴയ മുടിവെട്ടു മുറിയുടെ ചുമരുകൾക്കുള്ളിൽ വളർത്തുന്നതായി അയാൾ വിവരിക്കുന്ന സ്വർണ്ണമൽസ്യങ്ങൾ... ഇങ്ങനെ സിനിമയിൽ സാങ്കേതിക
വിദ്യയെ കളിപ്പാവയാക്കുന്ന ഭരണാധികാരിയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ ഉണ്ട്. ശാസ്ത്രത്തിന്റെ
സംഹാരാത്മകതയെ ഉത്കണ്ഠയോടെ നോക്കിക്കാണുന്നതിന്റെ പ്രശ്നങ്ങൾ സിനിമയിലുണ്ട്.
തുടക്കത്തിലെ യുദ്ധരംഗങ്ങളിൽ തിരിഞ്ഞടിക്കുകയും ഭയപ്പെടുത്തുകയും യന്ത്രങ്ങൾ
ചിരിക്കുവേണ്ടി ഒരുക്കിയതാണെങ്കിൽ പോലും ‘മോഡേൺ ടൈംസി’ലും മറ്റും ചാപ്ലിൻ വെളിവാക്കിയ ഭയത്തിന്റെ തുടർച്ചയെ അതു
കാണിച്ചു തരുന്നുണ്ട്. തന്റെ പ്രസംഗത്തിൽ ഈ കാഴ്ചപ്പാട് ചാപ്ലിൻ കുറച്ചുകൂടി
പ്രകടമാക്കുന്നുണ്ട് :
“വേഗത വികസിപ്പിച്ചെടുത്തു, പക്ഷേ നാം, സ്വയം അടച്ചിട്ടു. യന്ത്രങ്ങളുടെ ധാരാളിത്തം ഒരിക്കലും അവസാനിക്കാത്ത
ആഗ്രഹങ്ങളിലേയ്ക്ക് നമ്മളെ തള്ളിവിട്ടു. അറിവ് നമ്മളെ കുറ്റം മാത്രം
കാണുന്നവരാക്കി, നമ്മുടെ
ബുദ്ധി, നമ്മളെ
കടുപ്പക്കാരും ദയയില്ലാത്തവരുമാക്കി. നമ്മൾ ഒരുപാട് ചിന്തിക്കുന്നു, എന്നാൽ
കുറച്ചുമാത്രം അനുഭവിക്കുന്നു. യന്ത്രങ്ങളല്ല, മനുഷ്യത്വമാണ് നമുക്ക് ആവശ്യം.”
1940- ൽ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’ പുറത്തിറങ്ങുമ്പോൾ
ഫാസിസത്തിന്റെ ഏറ്റവും ദാരുണമായ പടുതികളെപ്പറ്റി ജനത്തിനെന്നല്ല, എഴുത്തുകാരനായ ചാപ്ലിനു പോലും അത്ര
ധാരണയൊന്നുമുണ്ടായിരുന്നില്ല. (1937 – അതിന്റെ എഴുത്തുജോലികൾ തീരുമ്പോൾ അത്രപോലും നാസിസത്തിന്റെ
ഭീഷണിയെപ്പറ്റി ലോകത്തിന് ബോധമുണ്ടായിരുന്നില്ല.) അക്കാര്യം അദ്ദേഹം ആത്മകഥയിൽ
സൂചിപ്പിച്ചിട്ടുണ്ട്. സിനിമയിലെ കോൺസൻട്രേഷൻ ക്യാമ്പിന് തടവറയിൽ കവിഞ്ഞ
ഭീകരതയൊന്നും ചാപ്ലിൻ നൽകിയിട്ടില്ല. ദുരന്തങ്ങൾ വെളിപ്പെടാനും വിചാരണ
ചെയ്യപ്പെടാനും ഇരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ഒരു പക്ഷേ ഹോളോകാസ്റ്റിന്റെ ഭീകരത
വെളിപ്പെട്ടിരുന്നുവെങ്കിൽ നാസികളെപ്പറ്റിയുള്ള തമാശപ്പടത്തിന്റെ സാധ്യതതന്നെ അതില്ലാതാക്കുമായിരുന്നു
എന്ന് റോജർ എബെർട്ട് എന്ന നിരൂപകൻ എഴുതുന്നത് സത്യമാണ്.
ഹിറ്റ്‌ലർക്കൊപ്പം സിനിമയിൽ
പരിഹാസിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് മുസ്സോളിനിയും. ഹിറ്റ്‌ലറും മുസ്സോളിനിയും
തമ്മിലുള്ള കൂടിക്കാഴ്ചാ ചിത്രങ്ങളുടെ നേർപ്പകർപ്പാണ് ബാക്ടീരിയയുടെ അധിപതിയായ ബൻസിനി നാപ്പലോണിയും അഡനോയിഡ് ഹെങ്കലും ഒന്നിച്ചുള്ള
ചലച്ചിത്രത്തിലെ രംഗങ്ങൾ. രണ്ട് ഏകാധിപതികളും തമ്മിലുള്ള അഭിമുഖീകരണങ്ങളിൽ
അധികാരത്തോടുള്ള കൊതി, സുഖാസക്തി, കൃത്രിമമായ വികാരപ്രകടനങ്ങൾ, പ്രശസ്തിയ്ക്കും
മാധ്യമശ്രദ്ധയ്ക്കും വേണ്ടിയുള്ള ആർത്തി, പ്രതിഛായ സംരക്ഷിക്കുന്നതിലുള്ള വ്യഗ്രത,
വിവരക്കേട് തുടങ്ങിയുള്ള കാര്യങ്ങൾ സൂക്ഷ്മമായ വിശദാംശങ്ങളോടെയുണ്ട്.
നാപ്പലോണിയുടെ വിരുന്നു സത്കാരവേളയിൽ രണ്ടു ഏകാധിപതികളും കാട്ടിക്കൂട്ടുന്ന
വിക്രിയകളിലും ഉപരിവർഗ നാട്യങ്ങളുടെ വിമർശനാത്മകമായ ആലോചനകളെ വിചാരണയ്ക്കു
വച്ചിരിക്കുന്നു. ഹിറ്റ്‌ലറുടെ അപരനായ ഹെങ്കലിനൊപ്പം മറ്റു ചില യഥാർത്ഥ രാഷ്ട്രീയ
വ്യക്തിത്വങ്ങളുടെ കാരിക്കേച്ചറുകളും സിനിമയിൽ ഉണ്ട്, അതിൽ പ്രധാനം മുസ്സോളിനിയുടെ
പതിപ്പായ നാപ്പലോണിയാണെങ്കിലും ഹെൻട്രി ഡാനിയൽ അവതരിപ്പിച്ച ഗാർബിട്ഷ്, ഹിറ്റ്‌ലറുടെ
ഉപദേഷ്ടാവ് ജോസഫ് ഗീബലാണ്. പരമ വിധേയനായ ഹെറിംഗ്, ഹെർമൻ ഗോറിംഗും. ‘എ എസ്’ എന്നും ‘തവിട്ടു വേഷക്കാർ’ എന്നും കുപ്രസിദ്ധരായ
നാസി സൈനികരെ (സ്ട്രോം ട്രൂപ്പേഴ്സ്) ‘കൊടുങ്കാറ്റു സൈനികർ’ എന്നുതന്നെയാണ്
സിനിമയിലും വിളിക്കുന്നത്. ഹിറ്റ്‌ലറുടെ
സ്വസ്തിക ചിഹ്നത്തിനു പകരം സിനിമയിൽ ഇരട്ടക്കുരിശാണ്.
ചാപ്ലിന്റെ
സിനിമ ഇറങ്ങുന്നതിനു 9 മാസം മുൻപ് ദ ത്രീ സ്റ്റൂജ് പ്രൊഡക്ഷന്റെ ‘യു നാസ്റ്റി
സ്പൈ’ (1940) എന്നൊരു
നാസിവിരുദ്ധ തമാശപ്പടം ഇറങ്ങിയിരുന്നു. ഫ്രീഡോണിയ
എന്ന രാജ്യത്തെ നേതാവ് ‘റൂഫസ് ടി
ഫയർഫ്ലൈ’ യെ നായകനാക്കി
ലിയോ മക്കരേയ് സംവിധാനം ചെയ്ത 1933 – ലെ കോമഡി, ‘ഡക്ക് സൂപ്പ്’, നാസി ജർമ്മനിക്കെതിരായ ഇംഗ്ലണ്ടിന്റെ യുദ്ധത്തെ
സ്പെയിനോടുള്ള യുദ്ധമായി അവതരിപ്പിക്കുന്ന വാർണർ ബ്രദേഴ്സിന്റെ ‘സീ ഹാക്ക്’ എന്ന 1940 –ലെ ചിത്രം,
(സംവിധാനം മൈക്കൽ കർട്ടിസ്) നാസികളുടെ പോളണ്ട് ആക്രമണം പ്രമേയമാക്കി ഏർണസ്റ്റ്
ലൂബിഷ് സംവിധാനം ചെയ്ത ‘ടു ബി ഓർ നോട്ട്
ടുബി’ (1942) തുടങ്ങി
കുറച്ച് ചിത്രങ്ങൾ യുദ്ധകാലത്ത് ലോകരാഷ്ട്രീയത്തെ പ്രമേയമാക്കാൻ ധൈര്യം
കാണിച്ചിട്ടുണ്ട്. ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററുടെ തുടർച്ച എന്നു പറയാവുന്ന
രണ്ടു ചിത്രങ്ങളുണ്ട്. ജെറി ലെവിസ് സംവിധാനം ചെയ്ത് അഭിനയിച്ച ‘ ദ ഡേ ക്ലൗൺ
ക്രൈഡ്’(1972) കോൺസൻട്രേഷൻ
ക്യാമ്പിലെ കുട്ടികളെ മരണം വരെ ചിരിപ്പിച്ചു കഴിയുന്ന കോമാളിയുടെ ദുരന്തകഥയാണ്
പറഞ്ഞത്. ചാപ്ലിനാണ് തന്റെ ഏറ്റവും വലിയ സ്വാധീനം എന്നു തുറന്നു പറഞ്ഞ ഇറ്റാലിയൻ
സംവിധായകൻ റൊബെർട്ടോ ബനീഞ്ഞി യുടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ (1997) പല നിലയ്ക്കും ‘ദ ഗ്രേറ്റ് ഡിക്ടേറ്ററിന്റെ’ അഭിമാനിയായ
പിന്തുടർച്ചക്കാരനാണ്. ബനീഞ്ഞി കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന് തുറന്നു
പറഞ്ഞിട്ടുണ്ട്. ചാപ്ലിന് അത്ര എളുപ്പമല്ലാതിരുന്ന കാര്യമാണത്. കാലം അത്തരമൊരു
സ്വാതന്ത്ര്യം ബനീഞ്ഞിക്കു കൊടുത്തു എന്ന് അർത്ഥം. ചാപ്ലിൻ തന്റെ സിനിമയിൽ
ഭാര്യയായ പൗലറ്റ് ഗോദാർദ്ദിനെ നായികയാക്കിയതുപോലെയാണ് ബനീഞ്ഞി ഭാര്യയായ
നിക്കലോറ്റാ ബ്രാഷിയെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ൽ
അഭിനയിപ്പിച്ചത്. വൈകാരിക പ്രണയത്തിന്റെയും തമാശരൂപത്തിലുള്ള പരിചരണത്തിന്റെയും
ചരിത്രപരമായ ദുരന്തത്തിന്റെയും കാര്യത്തിൽ രണ്ടു ചിത്രങ്ങൾക്കും തമ്മിൽ
സാമ്യമുണ്ട്. ഓസ്കാർ പുരസ്കാരത്തിനു വേണ്ടിയുള്ള മൽസരത്തിൽ ‘ദ ഗ്രേറ്റ് ഡിക്ടേറ്റർ’ക്കു ലഭിച്ച
നോമിനേഷനുകൾ ‘ലൈഫ് ഈസ്
ബ്യൂട്ടിഫുളി’നും
ലഭിച്ചുവെന്നത് മറ്റൊരു ആകസ്മികതയാണ്. ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ൽനിന്നു
വ്യത്യസ്തമായി, മികച്ച വിദേശ ചിത്രത്തിനും മികച്ച നടനും ഉള്ള പുരസ്കാരങ്ങൾ ‘ലൈഫ് ഈസ്
ബ്യൂട്ടിഫുൾ’
സ്വന്തമാക്കുകയും ചെയ്തു. 2014 -ൽ വിവാദങ്ങളുണ്ടാക്കിയ ‘ ദ ഇന്റെർവ്യൂ’ എന്ന
ചലച്ചിത്രത്തെ ‘ദ ഗ്രേറ്റ്
ഡിക്ടേറ്ററു’മായി താരതമ്യം
ചെയ്ത് വിദേശമാധ്യമങ്ങൾ എഴുതിയിരുന്നു. ഉത്തരകൊറിയയിലെ ഭരണാധികാരിയായ കിം ജോങ് ഉൻ
കഥാപാത്രമാവുന്ന സിനിമയാണ് സെത്ത് റോജനും ഇവാൻ ഹോൾസ് ബെർഗും ചേർന്നു സംവിധാനം
ചെയ്ത ‘ദ ഇന്റെർവ്യൂ’. ഹിറ്റ്‌ലറിന് കലയുടെ നേരെ ഉണ്ടായിരുന്ന സഹിഷ്ണുത
കിം ജോങ് ഉനിലേക്കു വരുമ്പോൾ നഷ്ടപ്പെടുന്നതിനെപ്പറ്റിയാണ് മാധ്യമങ്ങൾ
ആശങ്കപ്പെട്ടത്. രാഷ്ട്രീയ ഇടപെടലുകൾ
സിനിമയുടെ പ്രദർശനം തടഞ്ഞു. ഉത്തരകൊറിയൻ ഹാക്കർമാർ സോണിപിക്ചേഴ്സിന്റെ ഹാർഡ്‌ഡിസ്കിൽ
കടന്നുകയറി നാശം ഉണ്ടാക്കി. സിനിമ പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ നശിപ്പിക്കുമെന്ന
ഭീഷണിയും ഉണ്ടായി. അധികാരഭ്രാന്തിനെ മുഖത്തുനോക്കി കളിയാക്കാൻ ഒരു കലാസൃഷ്ടി
കാണിച്ച ധൈര്യത്തിന്റെ കാര്യത്തിൽ ‘ദ ഗ്രേറ്റ്
ഡിക്ടേറ്റർ’ ഒരു
വെല്ലുവിളിയും ഇല്ലാതെ കാലാന്തരത്തിലും തലയുയർത്തിപ്പിടിച്ചു തന്നെ നിൽക്കുന്നു.
ന്യൂയോർക്ക്
ഫിലിം ക്രിട്ടിക്സിന്റെ മികച്ച നടനുള്ള പുരസ്കാരത്തിനായി ചാപ്ലിനെ
തെരെഞ്ഞെടുത്തിരുന്നെങ്കിലും ആ സമ്മാനം
ചാപ്ലിൻ നിരസിച്ചു. ഇത്തരം തെരെഞ്ഞെടുപ്പുകൾ അഭിനേതാവിന്റെ ഏകാഗ്രതയെ
നശിപ്പിക്കുമെന്ന കാരണമാണ് ചാപ്ലിൻ പറഞ്ഞത്. എന്നാൽ ‘ദ ഗ്രേറ്റ് ഡിക്ടേറ്ററി’ൽ നിർമ്മാതാവ്, സംവിധായകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിലുള്ള തന്റെ മറ്റു സംഭാവനകളെ അവർ
അവഗണിച്ചതിലുള്ള നീരസമായിരുന്നു ആ
തിരസ്കരണം എന്നു ചിലർ വിശ്വസിക്കുന്നു. ന്യൂയോർക്ക്
ഫിലിം ക്രിട്ടിക്സ് അവാർഡ് നിരസിച്ച ഒരേയൊരു നടനാണ് ചാപ്ലിൻ. അഞ്ച് പ്രധാന
നോമിനേഷനുകളാണ് ഓസ്കാറിൽ ചലച്ചിത്രത്തിനു ലഭിച്ചത് മികച്ച ചിത്രം , മികച്ച നടൻ,
മികച്ച സഹനടൻ, മികച്ച തിരക്കഥ, മികച്ച സംഗീതം. നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റെ
വാർഷികപ്പട്ടികയിൽ ദ ഗ്രേറ്റ് ഡിക്ടേറ്റർ, രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നര
ദശലക്ഷം ഡോളർ ചെലവാക്കിയെടുത്ത സിനിമ 5 ദശലക്ഷം ഡോളറോളം നേടിയെടുത്തു. ചാർളി
ചാപ്ലിൻ നിർമ്മിച്ചതിൽ സാമ്പത്തികമായി ഏറ്റവും വിജയിച്ച സിനിമയുമായി.
വളച്ചൊടിച്ച ചരിത്രങ്ങളുടെ നേർ വഴികൾ...
ReplyDeleteചാപ്ലിന്റെ ജീവിതവും സിനിമയും ഇങ്ങനെയൊന്ന് ആദ്യ വായനയാണ് . ഒരു കാലഘട്ടത്തിനോടുള്ള രാഷ്ട്രീയ സംവാദങ്ങളാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും സിനിമാ പ്രവർത്തനങ്ങളും.
ReplyDelete