എഴുത്തുകാരനും വായനക്കാരനും ഇടയ്ക്ക് മധ്യസ്ഥർ വേണോ? വായനക്കാരൻ/..രി എന്നൊക്കെ പറയുന്നത് നിശ്ചിത ആകൃതിയുള്ള ഒരിദല്ല. എന്റെ വായനക്കാരി എന്ന് എഴുത്തുകാരൻ പറയുന്നത്, മൂടുതാങ്ങുന്ന ഒരു വിഭാഗത്തെപ്പറ്റിയാണ് എന്ന് 'അസംശയം' തെളിയിക്കാവുന്ന രീതിയിലും കാര്യങ്ങൾ പോകുന്നുണ്ടെന്ന് മനസ്സിലാക്കണം. ആത്മവിശ്വാസമെന്നാൽ, തന്നെ തള്ളിപ്പറയാത്തവരുടെ എണ്ണക്കൂടുതലാണെന്ന് വിശ്വസിക്കുന്നവരുടെ ചരിത്രത്തിലാണ് എനിക്ക് മാധ്യസ്ഥം വേണ്ടെന്ന എഴുത്തുകാരന്റെ നില 'നിൽപ്പ്'. കാലത്തെ കടക്കുന്നുണ്ടെന്നോ, മനസ്സിലാകായ്കകൾ ചുറ്റും നിരക്കുന്നുണ്ടെന്നോ തോന്നിയാൽ ഒരു വ്യാഖ്യാതാവിനെ അന്വേഷിക്കുന്നതിൽ തെറ്റൊന്നുമില്ല. പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം ഗതാഗതം. കുമാരനാശാനെ മഹാകവിയാക്കുന്നതിൽ (.. ആക്കി ആളുകളെ ബോധ്യപ്പെടുത്തുന്നതിൽ ) മുണ്ടശ്ശേരിക്ക് ചെറുതല്ലാത്ത പങ്കുണ്ട് എന്ന് അറിയാത്തവരല്ല മലയാളം സാഹിത്യചരിത്ര വിദ്യാർത്ഥികൾ.
ഇടക്കാലത്ത് കവികളും കഥാകാരന്മാരും ഇടയ്ക്ക് നിരൂപകരുടെ ആനുകൂല്യം ഇല്ലാതെ അവതരിച്ചിരുന്നു. അവതാരിക എന്ന ഔദാരികത പിന്നെ ചടങ്ങായതുകൊണ്ടാണ് (ദ്വയാർത്ഥങ്ങളും വരികൾക്കിടയിലെ മുനകളും ധാരാളമായി ഒപ്പിച്ചെഴുതിയവയും ഇടതുകൈകൊണ്ട് കോട്ടുവാ മറച്ച് വലതുകൈകൊണ്ടെഴുതിയവയും ആദ്യം എഴുതിയത് തെറ്റായി പോയെന്ന് പശ്ചാത്തപിച്ചവയും ഉണ്ട്, അവതാരികകളുടെ കൂട്ടത്തിൽ) ആസ്വാദകക്കുറിപ്പ്, പിൻകുറിപ്പ്, പഠനം, പിന്നാമ്പുറം തുടങ്ങിയ പേരുകളിൽ അവ വന്നു തുടങ്ങിയത്. എന്നാലും അവതാരികകളിൽ ചിലത് ശ്രദ്ധേയമാണ്, കുമാരനാശാന്റെ നളിനിയ്ക്ക് എ ആർ രാജരാജവർമ്മയെഴുതിയത്, ബഷീറിന് എം പി പോൾ എഴുതിയത്, ടി പദ്മനാഭന് ശങ്കുണ്ണി നായർ എഴുതിയത്, എൻ ജി ഉണ്ണികൃഷ്ണന് അൻവർ അലി എഴുതിയത്... ഇനിയുമുണ്ട് നീളുന്ന പട്ടിക.. പഠനങ്ങൾ എഴുത്തുകാരന്റെ ഇംഗിതമായതുകൊണ്ട് (ആസ്വാദനങ്ങളിൽ ഏതു വേണമെന്ന് അയാൾക്ക് തീരുമാനിക്കാം. ഏതെങ്കിലും സുപ്രസിദ്ധനെക്കൊണ്ട് പറഞ്ഞെഴുതിക്കുന്ന അവതാരികയിൽ ചില മുനകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ഒരു പക്ഷേ സൂപ്പർ സംവേദനത്വംകൊണ്ട്എഴുത്തുകാരനു മനസ്സിലായാലും അത്രടം വരെ എത്തിപ്പോയതുകൊൺറ്റ് ഒഴിവാക്കാനാവില്ല. ) അവയെ അങ്ങനെയങ്ങ് കണക്കാക്കേണ്ടതില്ല. ഔദാരികതകൾക്കുള്ള സ്വാതന്ത്ര്യംപോലും സത്യത്തിൽ ആസ്വാദനക്കുറിപ്പുകൾക്കില്ല.
കൊച്ചിയിൽ വച്ച് പ്രകാശനം ചെയ്ത എനിക്ക് നേറിട്ടറിയാവുന്നവരും അല്ലാത്തവരുമായ സകല പരിചയക്കാരുടെയും പുസ്തകത്തിൽ ഇപ്പോൾ പഠനക്കുറിപ്പെന്ന മാധ്യസ്ഥം ഉണ്ട്. അതിൽ ലതീഷിന്റെ 'ക്ഷ വലിക്കുന്ന കുതിരകൾക്ക്' രണ്ടുപേരാണ് പഠനങ്ങൾ എഴുതിയിരിക്കുന്നത്. എഴുത്തുകാരനായ കല്പറ്റ നാരായണനും തത്ത്വശാസ്ത്ര പ്രൊഫസ്സറായ സനിലും. ആദ്യത്തേത് സമകാലിക മലയാളത്തിലും രണ്ടാമത്തേത് അഴിമുഖത്തിലും പ്രസിദ്ധീകരിച്ചും വന്നു. പക്ഷേ പുസ്തകത്തിൽ കവിതകൾ... കല്പറ്റ... സനിൽ... എന്നീ ക്രമത്തിൽ വാങ്മങ്ങൾ നിരക്കുമ്പോൾ ഒരു ചോദ്യമുണ്ട്, ആരെ വായിക്കണം? സ്വാഭാവികമായും ലതീഷിനെ വായിക്കാനാണ് 'കവിതാസമാഹാരം' വാങ്ങുന്നത്. കൂടുതൽ വായിക്കാനും തിരിച്ചിട്ട വായന ( പിറകോട്ടുള്ള വായന) നടത്താനും ആഞ്ഞിരുന്നു വായിക്കാനും ചിലപ്പോൾ പഠനങ്ങൾ ഉടന്തടി സഹായിച്ചേക്കും. പക്ഷേ എഴുതുന്നത് പ്രഗത്ഭരാവുമ്പോൾ കവിത ഞെരിയും. വായനയുടെ ആവൃത്തി തെറ്റും.
ഒരു പാട് ഉദ്ധരണികളും മുനവച്ച വാക്യങ്ങളും അർദ്ധോക്തികളും ഒതുക്കിപ്പറയലുകളുംകൊണ്ട് മുന്നേറുന്നതാണ് കൽപ്പറ്റയുടെ വായന. കവിത അതുവരെ നൽകുന്ന ഒരു താളത്തിൽനിന്ന് വ്യത്യസ്തമാണ്. പറഞ്ഞു വരുന്നത് കല്പറ്റയുടെ എഴുത്ത് സ്വയമേവ ഒരു സർഗാത്മകരചനയാണ്. ഒറ്റയ്ക്ക് അത് മറ്റൊരു സൃഷ്ടിയാണ്.. കവിതയുടെ അനുബന്ധമായി നിന്നു കൊണ്ട് അതു ക്ഷണിക്കുന്നത് കവിതയെ മനസ്സിലാക്കാനല്ല, എന്നെ മനസ്സിലാക്കാനാണ്. സംഗീതത്തിനുമാത്രം സാക്ഷാത്കരിക്കാവുന്ന അഴകുകൾ (അഴുകുകൾ എന്നാണ് പുസ്തകത്തിൽ. ഒരു 'ക' ഇരട്ടിക്കാതെവിട്ട അച്ചടിപിശാചിന്റെ ഔദാര്യം !) സൂക്ഷ്മവിശദാംശത്തിൽ ലതീഷിൽ എപ്പോഴും' എന്നാണ് കൽപ്പറ്റ ഗദ്യകവിതയിൽ പഠനമെഴുതുന്നത്. ഉദ്ധരണികൾ ധാരാളമുള്ളതുപോലെ ഉദ്ധരിക്കാവുന്ന വരികളും ധാരാളമുണ്ട് കുറിപ്പിൽ - 'എല്ലായ്പ്പോഴും എളുപ്പമല്ല, ലതീഷ് മോഹൻ, ചിലപ്പോൾ ഒരു പ്രയാസവുമല്ല ലതീഷ് മോഹൻ' എന്നുവച്ചാൽ ഗദ്യത്തിൽ എന്തായിരിക്കും അർത്ഥം? വിലാപ കാവ്യം എന്ന കവിത എളുപ്പത്തിൽ സംവദിക്കുന്നതാണെന്നും (നീ മരിക്കുമ്പോൾ ഞാൻ മറക്കാതെയെഴുതും വിലാപകാവ്യം) കടുക് അത്ര എളുപ്പമല്ലെന്നും (നാക്കു മടക്കുമ്പോൾ മൂളുന്നു എന്നയോർമ്മയിൽ വാറ്റുകാരൻ വള്ളത്തിൽ തനിച്ചിരിക്കുന്നു) ആയിരിക്കും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകലിന്റെ അസുഖമുള്ള (എന്നെപോലെയുള്ള) ആളുകൾ കണക്കിലെടുക്കും. അങ്ങനെ മനസിലാകൽ എന്ന മുൻധാരണയുള്ളവർക്ക് മനസിലാകില്ല കവിയെ എന്ന് കല്പറ്റതന്നെ എഴുതുന്നുണ്ട്. അപ്പോൾ മനസ്സിലാകുന്ന ലതീഷും മനസ്സിലാകാത്ത ലതീഷും രണ്ടായി പിരിഞ്ഞുനിന്ന് ഒരേ ആസ്വാദനത്തിൽ നിരവലുകൾ പാടാൻ തുടങ്ങുന്നു. (ലതീഷ് മോഹന്റെ നിരവലുകൾ എന്ന് ലേഖനത്തിന്റെ പേര്)
തൊട്ടടുത്ത ലേഖനത്തിൽ സനിൽ എഴുതുന്നു, 'പാട്ടിൽപ്പെട്ടു കിടക്കുന്ന കവിതയെ ശബ്ദമില്ലാത്ത അക്ഷരത്തിന്റെ മുഴക്കമാക്കിയെടുക്കുന്നു, 'കുതിരകൾ' എന്ന്. അടുത്തടുത്തുള്ള പഠനങ്ങളിൽ ഒരാൾക്ക് കവിതകൾ സംഗീതം, മറ്റൊരാൾക്ക് അതിൽനിന്നുള്ള മോചനം. ഒന്ന് ഒന്നിനെ ബോധപൂർവം ഖണ്ഡിച്ചുകൊണ്ടല്ല, സമാന്തരമായി നീങ്ങുകയാണ്. തത്ത്വശാസ്ത്രപരമായി കവിതയുടെ ബാഹ്യസംഗീതത്തിലല്ല ആന്തരമായ സംഗീതത്തിലാണ് രണ്ടുപേരും ആത്യന്തികമായി എത്തിച്ചേരുന്നത്. ശരിയായിരിക്കാം. പക്ഷേ കവിതയ്ക്കുള്ള മാധ്യസ്ഥങ്ങൾ അത്രയും സൂക്ഷ്മമായ ധ്വനികൾ ക്ഷണിക്കാൻ തുടങ്ങിയാൽ കവിതയുടെ കാര്യം എന്താവും. ഒന്നുകൂടി നോക്കുക. സനിലിന്റെ തലക്കെട്ട് "ഒന്നേ രണ്ടേ .. അനന്തതയിലേക്ക് തെറ്റുന്ന വരികൾ' എന്നാണ്.. ലേഖനം അവസാനിക്കുന്നത് 'അനന്തതയിലേക്കാണെങ്കിൽ എത്രയോ വളഞ്ഞ വഴികളുണ്ട്' എന്നു പറഞ്ഞും. കൃതിയുടെ മഹത്വത്തെ എടുത്തു ഘോഷിക്കാൻ സ്ഥിരം ഉപയോഗിക്കുന്ന നമ്പറുകളിലൊന്നാണ് കവി വെട്ടി തുറന്ന വ്യത്യസ്തമായ വഴിയും, കാലം ഈ കവിതകളെ എടുത്തു സൂക്ഷിക്കും എന്ന പ്രവചനവും. കാലത്തെ അതിജീവിക്കുക എന്നതാണ് ഒരു കൃതിയ്ക്ക് കിട്ടുന്ന ഖേൽരത്ന എന്നാണ് നാട്ടുകാർ വിചാരിച്ചു വശായിരിക്കുന്നത്. അനന്തതയിലേക്കുള്ള ഒരു വളഞ്ഞ വഴി ലതീഷിന്റെ കവിതകളും സ്വായത്തമാക്കിയിരിക്കുന്നു എന്നല്ലേ അവസാന വരി വായിച്ചു നാം മനസ്സിലാക്കേണ്ടത്? അതല്ല, കാലത്തെ അതിജീവിക്കുകയല്ല, കൃതികളുടെ ദൗത്യം എന്നും പറഞ്ഞ് ക്ലാസിക്കുകൾക്കിട്ടു കുത്തുകയാണ് സനിലിന്റെ വിവക്ഷയെങ്കിൽ ആ അർത്ഥം, തലക്കെട്ടും അവസാന വാക്യവുംകൂടി നൽകുമോ? സംശയമാണ്. അങ്ങനെ ആയാൽതന്നെ ഒരു വലിയ ദോഷാരോപണം പഠന കർത്താവിന്റെ തലയിൽ വന്നു വീഴും ഇമ്മാതിരി കവിതകളൊന്നും കാലത്തെ അതിജീവിക്കില്ലെന്ന് വളഞ്ഞവഴിയിൽ പഠനവസ്തുവായ കവിതകളെതന്നെ അപരാധം പറഞ്ഞതിന്.. ജോർജ്ജ് ഗാമോവിനെ സനിൽ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. ( ബോർഹസിനെയും) ചാൻസിനെപ്പറ്റി പറയാനാണത്. ലതീഷ് ആമുഖവാക്യമായി ബുനുവലിന്റെ ഒരു ഉദ്ധരണികൊടുക്കുന്നതിന്റെ വിശദീകരണം കൂടിയാകുന്നു അത്. 'നമ്മെ ഒന്നിച്ചുകൊണ്ടു വന്ന യാദൃച്ഛികതയെ/ അവസരത്തെ നമുക്ക് ആഘോഷിക്കാം' എന്നാണ് ആ വാക്യം. പുനർമൂല്യ നിർണ്ണയമാണ് കൃതിയുടെ സ്ഥായിയെ നിശ്ചയിക്കുന്നത് (എഴുത്തുകാരനും വായനക്കാരനുമായുള്ള പങ്കാളിത്തം, ഒരു അവസരസൃഷ്ടിയാണ്. അതൊത്തു വന്നാൽ കവിതയിൽ കവി 'ചെയ്യാത്ത' ഇടങ്ങളെ വായനക്കാരൻ പൂരിപ്പിച്ചു സ്വന്തമാക്കും. സഹൃദയസംവാദം നടക്കും. ) അവരെ ഒന്നിച്ചു കൊണ്ടുവരുന്നത് ഒരു യാദൃച്ഛികതയാണ്, അതാണ് ചാൻസ്. അത് ആഘോഷിക്കാവുന്ന ഒരവസരമായിത്തീരുന്നത് ആ സംഗമ ബിന്ദു അനന്തതയിലേയ്ക്കുള്ള പാത ചൂണ്ടുന്നു എന്നിടത്താണ്. അല്ലാതെ മറ്റെന്തിന്? 'സമാനഹൃദയ നിനക്കായി പാടുന്നേൻ' എന്ന് സുഗതകുമാരി ഇതേ നക്ഷത്രത്തെ നോക്കി പാടിയിരുന്നു. പഴയ വീഞ്ഞിൽ അനന്തത എന്ന ബിന്ദുവിനെ തൊടാനുഌഅ പ്രത്യക്ഷമായ തുറന്നു പറച്ചിൽ ഇല്ലായിരുന്നു. എന്നാലും ലീനധ്വനിയായി അതുണ്ടായിരുന്നു. എല്ലാം മുൻപുണ്ടായിരുന്നു എന്നു വാദിക്കുന്നത് ഒരു വകയാണ്. അഥവാ, ഏതു വീഞ്ഞും നമുക്ക് പഴയതായി തോന്നുന്നതുമാകാം..
ഇതൊന്നുമല്ലെങ്കിൽ പഠനങ്ങൾ ഇനിയും വായിക്കണം. സത്യത്തിൽ ആസ്വാദനക്കുറിപ്പുകളുടെ പാരായണത്തിനുശേഷം കവിതകൾ വീണ്ടും വായിക്കേണ്ടിടത്ത് ഇപ്പോൾ കുറിപ്പുകൾ കവിതവച്ച് പിന്നെയും വല്ലാതെ വായിക്കേണ്ടിവരുന്ന അവസ്ഥയാണ്. അവ അപ്പോൾ കവിതയുടെ സാധ്യതയെ അപ്രസക്തമാക്കില്ലേ എന്നാണ് പേടി. ഒറ്റയ്ക്കു നിന്നാൽ ഗംഭീരമാകേണ്ടുന്ന രചനകൾ, അന്യഥാ ഗംഭീരമായ കവിതകളുടെകൂടെ നിന്ന് തത്ത്വം പ്രസംഗിച്ചു തുടങ്ങിയാൽ അതെങ്ങനെ, ഏതു വിധത്തിൽ കവിതയുടെ അനുബന്ധമാകും.
പേര് ശരിക്കും മറ്റൊരർത്ഥത്തിൽ അറം പറ്റിയതുപോലെയായി. 'ക്ഷ വലിക്കുന്നത്' കുതിരകളാണെങ്കിലും അതു വര്യ്ക്കുന്നത് ക്കുറിപ്പുകളും അത് വായിക്കുന്ന ആളുകളുമാണ്.
അല്ലേ എന്നാണ് വികലമായി മുകളിൽ ചോദിച്ചത്..
ലതീഷിന്റെ കവിതയുടെ വായന ഈ പ്രകരണത്തിൽ ഉദ്ദേശിച്ചിട്ടില്ല..
പേര് ശരിക്കും മറ്റൊരർത്ഥത്തിൽ അറം പറ്റിയതുപോലെയായി.
ReplyDelete'ക്ഷ വലിക്കുന്നത്' കുതിരകളാണെങ്കിലും അതു വര്യ്ക്കുന്നത് ക്കുറിപ്പുകളും
അത് വായിക്കുന്ന ആളുകളുമാണ്.
ക്ഷ വരപ്പിക്കും സനലും കല്പറ്റയും എന്നാണ് തോന്നിയത്.
ReplyDelete(അവതാരിക/പഠനം മാര്‍ക്കറ്റിംങ്ങിനെ ആവശ്യം കൂടിയാണ് എന്നാണനുഭം)