സെൽഫ് ഹെല്പ് ബുക്കുകളുടെ ധാരാളിത്തം ഇപ്പോൾ മലയാള സിനിമകളെയും ബാധിച്ചിട്ടുണ്ട്. കേരളീയ സമൂഹത്തെ നന്നാക്കാനുള്ള ഉപദേശ സിനിമകളുടെ എണ്ണം വർഷാവർഷം കൂടി വരുന്നു. അക്കൂട്ടത്തിൽപ്പെടുന്ന ഒന്നാണ് ആലീസ് ആൻഡ് ജയിംസ് എന്ന സുജിത്ത് വാസുദേവൻ സിനിമ. സുജിത്ത്, പുണ്യാളൻ അഗർബത്തീസിന്റെയും ദൃശ്യത്തിന്റെയും (പാപനാശത്തിന്റെയും) ഛായാഗ്രാഹകനാണ്. ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇത്. ഇംഗ്ലീഷുകാരുടെ തരംതിരിവനുസരിച്ച് ഈ ചലച്ചിത്രം, നാടക (ഡ്രാമാ) വിഭാഗത്തിന്റെ കണക്കിലാണ് വരുന്നത്. സിനിമ എന്ന നിലയ്ക്ക് 'ആലീസിനും ജെയിംസിനും' മുറുക്കം പോരാ, കൃത്രിമത്വങ്ങളുണ്ട്, (പാർവതി നായർ അഭിനയിച്ച നന്ദിനിയുടെ (ജെയിംസിന്റെ സഹപ്രവർത്തക)സംഭാഷണം പലയിടത്തും അരോചകമാണ്.. ഓരോ വാക്യത്തിന്റെയും കൂടെ 'എടാ..എന്ന വിളികൊണ്ട് അവരുദ്ദേശിക്കുന്നത് കഥാപാത്രങ്ങളുടെ അടുപ്പമാണെങ്കിൽ നമുക്കത് ഉണ്ടാക്കുന്നത് അകൽച്ചയാണ്) വച്ചുകെട്ടുകളുണ്ട്, ( പാട്ടിനു വേണ്ടി പാട്ട്, ചിത്രം വരപ്പുകാരന്റെ കുടുമി, കൈലിയും ഷർട്ടും വേഷം) മറ്റു സിനിമകളിൽ കണ്ട സീനുകളുടെ സ്വാധീനമുണ്ട്, ( ജാകോ വാൻ ഡോർമീലിന്റെ ' ദി ബ്രാൻഡ് ന്യൂ ടെസ്റ്റമെന്റി'ലെ ഒരു സീൻ അതേ പോലെ കോപ്പിയടിച്ചു വച്ചിട്ടുണ്ട് ഇതിൽ, ആളുകൾ ഇനി ജീവിക്കുന്ന ദിവസങ്ങൾ, തെരുവിലൂടെ നടക്കുന്ന അവരുടെ തലയ്ക്കു മുകളിൽ എഴുതിക്കാണിക്കുന്ന സീൻ) കച്ചവടത്തിനു വേണ്ടിയുള്ള അനിവാര്യമായ ഒത്തുതീർപ്പുകളുമുണ്ട്. മോടി പിടിപ്പിക്കലുകളുണ്ട്. (ബൗദ്ധിക ജീവിതം പൗലോ കൊയ്‌ലോ ഉദ്ധരണിയിലൂടെ) . എന്നാൽ ഇതിനെയെല്ലാം വാരിക്കെട്ടി പൊതിഞ്ഞു നിൽക്കുന്ന ഒരു സാഹിത്യപരതയുണ്ട്, സിനിമയിൽ. കാണാനല്ല, വായിക്കാനാണ് സിനിമ ക്ഷണിക്കുന്നത്. അതിനെപ്പറ്റിയാണ് ആലോചന.
പ്രേമിച്ചു വിവാഹം കഴിച്ച രണ്ടു പേരുടെ ജീവിതത്തിന്റെ സ്വാഭാവികമായ അകൽച്ചയാണ് സിനിമയുടെ പ്രമേയം. അതിന്റെ മൂർദ്ധന്യത്തിൽ തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം പിരിഞ്ഞുപോക്ക് സംഭവിക്കണം. മരണം ഒരു പിരിഞ്ഞു പോക്കാണ്, അതേ സമയം ഒത്തുതീർപ്പുമാണ്. ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യന് പിരിക്കാൻ പറ്റില്ലെന്നോ പാടില്ലെന്നോ ഉള്ള ക്രൈസ്തവബോധ്യത്തിന്റെ ജലം ഉപയോഗിച്ച് കണ്ണു കഴുകി നോക്കിയാൽ മരണം ദൈവഹിതം ലംഘിച്ചതിന്റെ ശിക്ഷയുമാണ്. സിനിമയുടെ ഒന്നാം പകുതി ഒരു ദാമ്പത്യജീവിതവും രണ്ടാം പകുതി അവർ ജീവിച്ച ജീവിതത്തിന്റെ വിലയിരുത്തലുമാണ്. ഒരു കണക്കെടുപ്പ്. ജീവിച്ചു തീർത്ത ജീവിതം എങ്ങനെ ശരിയാക്കാമായിരുന്നു എന്നുള്ള വീണ്ടു വിചാരം. കേരളത്തിലെ സകല ഫാമിലി കൗൺസിലിംഗ് സ്ഥാപനങ്ങളും ഇട്ടോടിച്ച് ടയറു മൊട്ടയായെങ്കിലും ഇന്നും ഡിമാന്റുള്ള വണ്ടിയാണ് ഈ ഉപദേശ സഹായ സഹകരണ സംഘം. കുടുംബം ശരിയായാൽ എല്ലാം ശരിയായെന്നുള്ള ചിന്തയ്ക്ക് ആത്മീയതയുടെ പെട്രോളാണ് സ്വയമ്പൻ ഇന്ധനം ! അതിനെ വെല്ലാൻ ഇനിയൊന്നും കണ്ടുപിടിക്കാനില്ല..
ഇവിടെവച്ചാണ് സിനിമ അതിന്റെ സാഹിത്യപാഠവുമായി ഉണരുന്നത്. കർത്താവിന്റെ വിശുദ്ധശിഷ്യന്മാരിൽ ഒരാളായ പത്രോസാണ് ജെയിംസിന്റെ ജീവിതത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനായി വരുന്ന അതിഭൗതിക കഥാപാത്രം. ( നന്ദനത്തിലും, പ്രാഞ്ചിയേട്ടനിലും, ശങ്കരനിലും മോഹനനിലും, മങ്കിപ്പെന്നിലും, ലീലയിലും ഒക്കെക്കൂടി ഈ സൈസ് കഥാപാത്രങ്ങൾ, തോന്നലാണോ ഉള്ളതാണോ എന്ന് കാണികളെ അലമ്പാക്കും മട്ടിൽ മലയാളസിനിമയിൽ ഇറങ്ങി നടക്കുന്നുണ്ട്, സമീപകാലത്ത് അതിത്തിരി കൂടുതലുമാണ്) ഇത്തരമൊരാളുടെ ആധികാരികതയിൽ ചോദ്യമില്ല. ദാമ്പത്യജീവിതത്തിന്റെ വീർപ്പുമുട്ടലിൽ കോടതി പറഞ്ഞിട്ട് കൗൺസിലിംഗിനു വിധേയമാകുന്നുണ്ട് രണ്ടുപേരും. അവിടെ ആലീസാണ് സംസാരിക്കുന്നത്. ഉപദേശത്തിന്റെ ഭാഗത്തിനാണ് പത്രോസ് സ്വർഗരാജ്യത്തിൽനിന്നും ഇറങ്ങി വരുന്നത്. അയാൾ ജെയിംസിന്റെ ജീവിതത്തിലെ രണ്ടു കാര്യങ്ങളാണ് തിരുത്താമായിരുന്നു എന്നു മാതൃകാരൂപത്തിൽ ചൂണ്ടിക്കാട്ടുന്നത് -
1. മകളെ കൂട്ടിക്കൊണ്ടുവരാൻ സമയം കിട്ടാതിരുന്ന ദിവസം, ഭാര്യയോട് സ്നേഹംഅഭിനയിച്ച് അവളുടെ കോപത്തെ അനുനയിപ്പിക്കേണ്ടിയിരുന്നതെങ്ങനെ എന്ന് .
2. ഭാര്യയുടെ അപ്പൻ ഡേവിസ് തെക്കേപ്പറമ്പിൽ ഹൃദ്രോഗവുമായി കിടക്കുമ്പോൾ, പഴയ വാശി കാണിക്കാതെ, കുടുംബത്തെ സന്തോഷിപ്പിക്കുന്ന മൂത്ത മരുമകനായി അവസരത്തിനൊത്ത് ഉയരുന്നതെങ്ങനെയെന്ന്..
ഡേവിസിന് ഇവ ബോധ്യപ്പെടുന്നുണ്ട്. അയാൾ എതിർക്കുന്നില്ല. കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്ക് അത്യാവശ്യം വേണ്ട അഭിനയം നടത്താതെ അതു തകർന്നുപോയതിൽ അയാൾ പശ്ചാത്തപിക്കുന്നു . പശ്ചാത്തപിക്കുന്നവൻ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. പിന്നെ മരണത്തിന്റെ ആവശ്യമില്ല. മാത്രമല്ല ഉയിർത്തെഴുന്നേൽപ്പ്, സിനിമ പങ്കുവയ്ക്കുന്ന ക്രൈസ്തവ സങ്കൽപ്പവുമായി ചേർന്നു നിൽക്കുന്നതുമാണ്. ( നേരത്തെ പറഞ്ഞ പൗലോ കൊയ്ലോ ഉദ്ധരണിയ്ക്ക് ചെറിയൊരു സാംഗത്യം ഇവിടെയുണ്ട്) അതുകൊണ്ടാണ് നിർത്തേണ്ടിടത്ത് നിർത്താതെ വെറുപ്പിച്ചിട്ടും സിനിമ 'ശരി'യാണെന്ന് തോന്നിപ്പിക്കുന്നത്.
എല്ലാ 'സെൽഫ് ഹെൽപ്പു'കൾക്കും ഉള്ള കുഴപ്പം ഇതിനുമുണ്ട്. ഒരു ബാങ്കിലെ ജോലിക്കാരിയെയും ഒരു കലാകാരനെയും അഭിമുഖം നിർത്തിയിട്ട് വൈകാരികമായ ഒരു രാജിയാവലിനാണ് വിശുദ്ധ പത്രോസ് ഉപദേശിച്ചു വിടുന്നത്. മനുഷ്യനെ അവനവന്റെ വ്യക്തിത്വങ്ങളിൽനിന്ന് മാറാനുള്ള ഉപദേശം ഒരു വകയാണ്. അതു നൽകുന്നത്, പുണ്യാളനാണെങ്കിൽപോലും. മനുഷ്യന്റെ ജീവനെടുത്തു പോകാൻ കെൽപ്പുള്ള പുണ്യാളൻ ജെയിംസിനെ ഉപദേശിക്കുന്നത് ഉള്ളിലുള്ളത് മറച്ചു വച്ചിട്ട് അഭിനയിക്കാനാണ്. ഭാര്യയും ഭർത്താവുമായി സ്വാഭാവികമായി വളർന്നു കഴിഞ്ഞ ഒരു വെറുപ്പ് മാറ്റി വച്ചിട്ട് അഭിനയിച്ചാൽ കുടുംബം എന്ന സ്വർഗം തകരാതിരിക്കും. ഇതൊരു വ്യക്തിപരമായ ആഗ്രഹമല്ല, മറിച്ച് സ്ഥാപനങ്ങളുടെ ആഗ്രഹമാണ്. അതു വ്യക്തികളിലൂടെ നടപ്പിലാക്കിയെടുക്കാൻ പുണ്യാളനെ സ്വർഗത്തുനിന്ന് വേഷം കെട്ടിച്ച് ഇറക്കിക്കൊണ്ടുവരുന്ന സിനിമയാണ് ആലീസ് ആൻഡ് ജെയിംസ്. വിശ്വസിക്കാം; വിശ്വസിക്കാതിരിക്കാം. എന്നാൽ വിശ്വസിക്കുന്നവൻ രക്ഷപ്പെടും !
നല്ല കാര്യം.
ReplyDeleteകാണുന്നില്ല.
ഞാനും കാണാൻ തീരുമാനിച്ചിട്ടില്ല
ReplyDeleteഎല്ലാ 'സെൽഫ് ഹെൽപ്പു'കൾക്കും ഉള്ള കുഴപ്പം ഇതിനുമുണ്ട്.
ReplyDeleteഒരു ബാങ്കിലെ ജോലിക്കാരിയെയും ഒരു കലാകാരനെയും അഭിമുഖം
നിർത്തിയിട്ട് വൈകാരികമായ ഒരു രാജിയാവലിനാണ് വിശുദ്ധ പത്രോസ്
ഉപദേശിച്ചു വിടുന്നത്. മനുഷ്യനെ അവനവന്റെ വ്യക്തിത്വങ്ങളിൽനിന്ന് മാറാനുള്ള
ഉപദേശം ഒരു വകയാണ് അതു നൽകുന്നത്,
mail id കിട്ടാത്തതുകൊണ്ടാണ് ഇവിടെ എഴുതുതന്നത്.
ReplyDeleteകൗ ആണോ അതോ കൌ ആണോ ശരി?
ഉത്തരം താഴെപ്പെറയുന്നത് എഴുതുമോ?
https://mlforum.wordpress.com/2016/07/16/%e0%b4%95%e0%b5%97-%e0%b4%86%e0%b4%a3%e0%b5%8b-%e0%b4%85%e0%b4%a4%e0%b5%8b-%e0%b4%95%e0%b5%8c-%e0%b4%86%e0%b4%a3%e0%b5%8b-%e0%b4%b6%e0%b4%b0%e0%b4%bf/