October 12, 2010

അപ്പം കൊണ്ടു മാത്രമല്ല



സ്റ്റാലിന്‍ തുടങ്ങിയുള്ള ഭൂതകാല അസ്വസ്ഥതകള്‍ നിങ്ങളുടെ തലവേദനയാണ് ! ഞങ്ങളുടെയല്ല. ക്ഷമാപണങ്ങള്‍ മറ്റേ വശത്തു നിന്നും ആരംഭിച്ചു തുടങ്ങട്ടേ, നമ്മുടെ പക്ഷത്തിന് ഇനി അതിന്റെ ആവശ്യമില്ല. വിശാല-ജനാധിപത്യ ആദര്‍ശാത്മക ഭീഷണികളുടെ കാലം കഴിഞ്ഞിരിക്കുന്നു !
- സ്ലാവോജ് സിസക്ക്

യെവ്ജെനി യെവ്തുഷെങ്കോയുടെ കവിതകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്ന ‘സോവ്യറ്റ് സ്പോർട്സ്’ എന്ന പ്രസിദ്ധീകരണത്തിലെ വിദേശവാർത്തകൾ, പാർട്ടി, ഫുട്ബോൾ, സാഹിത്യം എന്നീ നാലുവിഭാഗങ്ങളുടെ ചുമതലവഹിച്ചിരുന്ന അലക്സാന്ദ്രോവിച്ച് ടറാസോവ് ഒരിക്കൽ -മെയ്ദിനത്തിന് മാസിക പുറത്തിറങ്ങുന്ന ദിവസം- യെവ്തുഷങ്കോയെ വിളിച്ചു് അല്പമൊന്നമ്പരന്ന പുഞ്ചിരിയോടെ പറഞ്ഞു -
“ചെറിയ ഒരു പ്രയാസമുണ്ട് സന്യാ, ചീഫ് എഡിറ്റർ വെപ്രാളം പിടിച്ചിരിക്കുന്നു. നിങ്ങളുടെ കവിതയിൽ സ്റ്റാലിനെക്കുറിച്ചൊന്നും പറയുന്നില്ല. അതു ചേർക്കാനും വൈകി.”
“അതുകൊണ്ടെന്ത്” കവി തിരക്കി
“ഒന്നുമില്ല. നാലുവരി ഞാൻ എഴുതിച്ചേർത്തു.” ടറാസോവ് പറഞ്ഞു. കവിതകൾ നിരന്തരം എഴുതിയിരുന്നെങ്കിലും മിക്ക പ്രസിദ്ധീകരനങ്ങളും യെവ്തുഴെങ്കോയുടെ രചനകൾ നിരസിച്ചിരുന്നു. അതുകൊണ്ട് തന്റെ കവിതയിൽ സ്റ്റാലിൻ ഉണ്ടായാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്നാണ് യെവ്തുഷെങ്കോ ആദ്യം വിചാരിച്ചത്. കുട്ടിക്കാലം മുതലേ സ്റ്റാലിനെ ആരാധിച്ചു വന്നിരുന്നതാണ്. ഒരു കവിത പ്രസിദ്ധീകരിക്കണമെങ്കിൽ അതിൽ സ്റ്റാലിനെ പ്രകീർത്തിക്കുന്ന 4 വരിയെങ്കിലും ഉണ്ടാവണമെന്ന നിയമം ആവർത്തിക്കേണ്ടി വന്നപ്പോൾ കലമ്പി. ഒരിക്കൽ ‘പ്രാവ്ദ’യിൽ അച്ചടിച്ചു വന്ന ഒന്നിനും കൊള്ളാത്ത കവിതയ്ക്ക് രണ്ടാം പ്രാവശ്യവും സ്റ്റാലിൻ പ്രൈസ് കിട്ടിയതിനെക്കുറിച്ച് സംസാരിക്കാനായുമ്പോൾ യെവ്തുഷ്ങ്കോയെ വേദിയിലിരുന്ന താടി നരച്ച പ്രസിദ്ധനായ ഒരു കവി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വിലക്കിയിരുന്നു. സ്റ്റാലിൻ പ്രൈസ് എന്നു പേരുള്ള സാഹിത്യപുരസ്കാരത്തിന് അർത്ഥങ്ങൾ വേറെയാണ്. പുസ്തകം ധാരാളമായി അച്ചടിക്കപ്പെടും. പത്രങ്ങളിൽ വലിയ വായിൽ വാർത്തയും ചിത്രങ്ങളും വരും. ഏതെങ്കിലും ഔദ്യോഗിക സ്ഥാനം ലഭിക്കും. കാറോ ബംഗ്ലാവോ കിട്ടും. പക്ഷേ അവാർഡു കിട്ടുന്നത് ‘ജീവിച്ചിരിക്കുന്നവർക്കല്ല, ശവങ്ങൾക്കാണെന്ന്’ തിരസ്കൃതനായ ഒരു കവി അലറുന്നതും യെവ്തുഷെങ്കോ കണ്ടു.

സോവ്യറ്റ് റഷ്യയിൽ ലക്ഷക്കണക്കിനു ജനങ്ങൾ എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ട്. എന്തു പ്രയോജനം? സ്റ്റാലിന് അനിഷ്ടകരമായതൊന്നും എഴുതാനോ വായിക്കാനോ പറ്റില്ല എന്ന് ലൂയി ഫിഷർ (1947-ൽ, സ്റ്റാലിൻ ജീവിച്ചിരിക്കേ തന്നെ) എഴുതി. ഒരിക്കൽ അന്ന അഖ്മത്തോവ പോളിടെക്നിക് മ്യൂസിയത്തിൽ കവിതവായിക്കാനായി പ്രവേശിച്ചപ്പോൾ കാണികൾ എഴുന്നേറ്റു നിന്ന് അരമണിക്കൂറോളം കൈയടിച്ചു. ഈ വാർത്തയറിഞ്ഞ സ്റ്റാലിൻ അവരുടെ പൊതു പരിപാടികൾ ഉടൻ നിർത്തി വയ്പ്പിച്ചു എന്നൊരു കഥയുണ്ട്. യുക്തി ലളിതമാണ്. തന്റെ രാജ്യത്തിൽ കൈയടിയ്ക്ക് അർഹനായി താൻ മാത്രമേയുള്ളൂ. ഈ വിചാരധാരയുടെ തണലിലാണ് ഏകാധിപതികൾ ചായുറങ്ങുന്നത്. സ്റ്റാലിന്റെ കൊടും ഭീകരതയ്ക്കിരയായ തന്റെ മകനെയും ഭർത്താവിനെയും കുറിച്ചുള്ള ഓർമ്മകൾ വിതുമ്പുന്ന കാവ്യപരമ്പര അഖ്മത്തോവ 34 വർഷങ്ങൾക്കുശേഷം പ്രസിദ്ധീകരിച്ചു. പ്രശസ്തനായ ഷോസ്താകോവിച്ചിയുടെ ‘മ്ത്‌സെൻസ്കിലെ ലേഡി മാക്ബത്ത്’ എന്ന ഓപ്പറ കാണാൻ സ്റ്റാലിൻ പോയ ഒരു കഥയുണ്ട്. (സ്റ്റാലിന് എന്തു സംഗീതം? എന്തു കവിത? എന്തു തത്ത്വചിന്ത? പക്ഷേ ഏകാധിപതി സർവജ്ഞനായിരിക്കണം) അന്നോളം ‘പ്രാവ്ദ’, ഈസ്‌വെസ്റ്റിയ’ തുടങ്ങിയ വൻ‌കിട പത്രങ്ങളിൽ പോലും ഉജ്ജ്വലമായ ആസ്വാദനം ലഭിച്ച സൃഷ്ടിയായിരുന്നു അത്. സോവ്യറ്റ് അധികൃതരുടെ അനുമതിയോടെ, അതു കളിച്ച വിദേശരാജ്യങ്ങളിലും അതിനു പ്രശംസകൾ കിട്ടിയിരുന്നു. മോസ്കോയിലും ഇതരനഗരങ്ങളിലും തിങ്ങിയ സദസ്സുകൾക്കുമുന്നിൽ അവതരിപ്പിച്ചു വരികയായിരുന്ന ഓപ്പറ എന്നാൽ സ്റ്റാലിന് ഇഷ്ടമായില്ല. പിറ്റേന്ന് സ്റ്റാലിന്റെ അഭിപ്രായം, സ്വന്തം അഭിപ്രായമാക്കി ഡേവിഡ് സാസ്ലാവ്സ്ക്കി പ്രാവ്ദയിൽ ഒരു ലേഖനം കാച്ചി. അയാളെ വിളിച്ചു വരുത്തി സ്റ്റാലിൻ തന്നെ പറഞ്ഞു കൊടുത്തതാണ് ‘വിരസം, ഭീകരം’ തുടങ്ങിയ അഭിപ്രായങ്ങൾ. ചെറുകിടപ്പത്രങ്ങൾ അതേറ്റുപാടി. ‘ലേഡി മാക്ബെത്ത്’ സോവ്യറ്റ് യൂണിയനിൽ നിരോധിക്കപ്പെട്ടു. അതോടെ ഷോസ്താകോവിച്ച് ഒരു പീറപ്പാട്ടുകാരനായി. (ആക്കി)

ആത്മകഥയിലൊരിടത്ത് സ്റ്റാലിൻ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം അറസ്റ്റുകളും കൊലപാതകങ്ങളുമല്ലെന്ന് യെവ്തുഷെങ്കോ എഴുതുന്നു. മാനുഷികമായ നന്മയുടെ ശിഥിലീകരണമായിരുന്നു എല്ലാത്തിനേക്കാളും ഭീകരം . ജൂതവിരോധം സ്റ്റാലിൻ പ്രസംഗിച്ചു നടന്നില്ലെങ്കിലും പ്രവൃത്തിയിൽ അതു പ്രകടമായിരുന്നു.സ്വാർത്ഥതാത്പര്യങ്ങളോ അടിമത്തമോ ചാരപ്പണിയോ ക്രൂരതയോ മതഭ്രാന്തോ കാപട്യമോ അനുവർത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. പക്ഷേ പ്രവൃത്തികളിലൂടെ അനുയായികൾക്ക് അതാണ് അയാൾ കാണിച്ചു കൊടുത്തത്. കമ്മ്യൂണിസം പ്രസംഗിക്കുകയും ആദർശങ്ങൾ വളച്ചൊടിക്കുകയും ചെയ്യുന്നവർ (പാശ്ചാത്യരായ) യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിരോധികളെക്കാൾ അപകടകാരികളാണെന്ന്, സ്വന്തം ശത്രുക്കളെ കമ്മ്യൂണിസത്തിന്റെ ശത്രുക്കളായി വിധിയെഴുതുന്ന സൈദ്ധാന്തിക കവി ‘കെ’യെ സാക്ഷി നിർത്തി അദ്ദേഹം എഴുതിയിട്ടു.

1953 മാർച്ച് 5 ന് സ്റ്റാലിൻ മരിച്ചു. ‘റഷ്യയെ ചിതറിച്ചുകൊണ്ട്’ എന്നെഴുതുന്നു യെവ്തുഷെങ്കോ. കാരണമുണ്ട്. സ്റ്റാലിൻ എല്ലാ സൌകര്യങ്ങളും നോക്കി സംരക്ഷിക്കും എന്ന വിശ്വാസത്തോടെ ജീവിച്ച സാധാരണമനുഷ്യരെയാണ് ആ മരണം ചകിതരാക്കിയത്. അത്രയും ജീവിതത്തോട് ഇഴുകിച്ചേർന്നിരുന്ന ഒന്ന് ഇല്ലാതായി എന്നു വിശ്വസിക്കാൻ ജനക്കൂട്ടത്തിനു അത്ര പെട്ടെന്ന് കഴിയുമായിരുന്നില്ല. ട്രൂബ്നായ ചത്വരത്തിൽ പതിനായിരക്കണക്കിനാണ് ആളുകൾ ഒഴുകിയത്. അവരുടെ ഉച്ഛ്വാസവായു മാർച്ചുമാസത്തെ ഇലകളില്ലാത്ത മരങ്ങൾക്കുമേൽ മേഘക്കൂട്ടങ്ങളെ പോലെ കറങ്ങി നടന്നു. അതിഭീകരമായ വെള്ളച്ചുഴിപോലെ കറങ്ങിനീങ്ങിക്കൊണ്ടിരുന്ന ജനസമുദ്രത്തിന്റെ ആവേഗം നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയുടെ ശരീരാസ്ഥികളെ വഴിവക്കിലെ പോസ്റ്റിലിടിച്ച് നുറുക്കി. ഇടിയുടെ ആഘാതത്തിൽ നുറുങ്ങിപ്പോയ അവളുടെ കരച്ചിൽ ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കും അട്ടഹാസങ്ങൾക്കും നടുവിൽ മുങ്ങിപ്പോയി. പിന്നാലെ മറ്റൊരാൾ. ജനക്കൂട്ടം തങ്ങളിൽ ചെറുതും വേഗതയില്ലാത്തതുമായ ശരീരങ്ങളെ ചവിട്ടിമെതിച്ച് ചോരതുപ്പിച്ചും ശ്വാസം മുട്ടിച്ചും എല്ലു നുറുക്കിയും കൊന്നുകൊണ്ടിരുന്നു. റോഡുകളിൽ കിടന്ന ട്രക്കുകളിൽ തലയിടിച്ചും ആളുകൾ ചത്തു മലച്ചു. ട്രക്കുകളുടെ വശങ്ങളിൽ ചോര ചാലിട്ടൊഴുകി. വന്മരങ്ങൾ വീഴുമ്പോൾ പുൽക്കൊടികൾ കാരണമില്ലാതെ ഞെരിയുമെന്നതിന് ഇന്ത്യൻ പാഠങ്ങളും പാഠഭേദങ്ങളുമുണ്ട്. അത് ആസൂത്രിതമായ ഹിംസ. ഇവിടെ എന്തിനാണ് രാത്രി ശലഭങ്ങളെപ്പോലെ ജനം തെരുവിലിറങ്ങി നിസ്സഹായതയ്ക്ക് ബലിയാവുന്നത്?

‘സ്റ്റാലിൻ മരിച്ചു.
എന്നാൽ അയാളുടെ ഒഴിഞ്ഞ കസേര ബാക്കിയാണ്.
ആ കസേരയെ എല്ലാവർക്കും പേടിയാണ്. കാരണം മരിച്ചയാൾ എപ്പോഴാണ് ചാടി വീഴുക എന്നെങ്ങനെ പറയും?
മുപ്പതുകൊല്ലക്കാലം ഭീതിയുടെയും അവിശ്വാസത്തിന്റെയും കാലാവസ്ഥയിൽ പുലർന്ന ഒരു സമൂഹത്തിന്
പെട്ടെന്ന് ലഭിച്ച ഭാഗ്യത്തെ എങ്ങനെ വിശ്വസിക്കാൻ പറ്റും?’ യെവ്തുഷെങ്കോ ഒരു കവിതയിൽ ചോദിച്ചു. തന്റെ മരണം ആഘോഷിക്കാൻ ഒത്തുകൂടിയവരെ മുഴുവൻ വെടിവച്ചുകൊന്ന സ്വേച്ഛാധിപതിയുടെ കഥ പറഞ്ഞ ഏലിയാസ് കനേറ്റിയാണ് ‘മരിച്ചവരെപ്പോലും ഭയപ്പെടണമെന്ന്’ പറഞ്ഞത്. ‘മരിച്ചത് ശക്തനാണെങ്കിൽ പ്രത്യേകിച്ചും. വൈരം, പക, വിദ്വേഷം എന്നിവ അയാളുടെ മരണത്തിനു ശേഷവും ഭയങ്കരമായി നിലനിൽക്കും.’ ക്രൂഷ്ചേവിന്റെ ഭരണകാലത്ത് ജോർജിയയുടെ തലസ്ഥാനമായിരുന്ന ടിഫ്ലിസിൽ ഒരു വിദ്യാർത്ഥി പ്രകടനം നടന്നിരുന്നു. ഇരുപതാം പാർട്ടി കോൺ‌ഗ്രസ്സിൽ ‘രാജ്യത്തിന്റെ കൺ കണ്ട ദൈവമായ’ സ്റ്റാലിനെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങൾ ക്രൂഷ്ചേവ് നടത്തിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു, ആ പ്രകടനം. അത് പെട്ടെന്ന് കലാപമായി മാറി. ഏഴായിരം പേർ കൊല്ലപ്പെട്ടു എന്നായിരുന്നു വാർത്ത. പട്ടണം പുറം ലോകത്തു നിന്നും ആഴ്ചകളോളം ഒറ്റപ്പെട്ടു. മരിച്ചിട്ടും ഒരാൾ കൊല്ലും കൊലയുമായി ഇറങ്ങി നടക്കുകയാണ്. ഇതാണ് ശവശരീരങ്ങൾ വളരുക എന്നതിന്റെ പര്യായോക്തം. വൈരത്തിനും പകയ്ക്കും വിദ്വേഷത്തിനുമൊപ്പം നിസ്സഹായതയും എന്ന് കൂട്ടിച്ചേർക്കണം. ഡൊമിനിക് ലാപ്പിയറുടെ ‘അന്നൊരിക്കൽ സോവ്യറ്റ് യൂണിയനിൽ’ എന്ന പുസ്തകത്തിൽ കാണാം ആ ഭാവങ്ങളിൽ ചിലത്. കീവ് സന്ദർശനത്തിനു ശേഷം ‘ബാബിയാർ’ എന്നൊരു കവിത യെവ്തുഷെങ്കോ എഴുതിയിരുന്നു. സ്റ്റാലിൻ മരിച്ച് വർഷങ്ങൾക്കു ശേഷമാണ്. ജൂതവിരോധത്തിനെതിരെയായിരുന്നു ആ കവിത. ഒറ്റു കൊടുക്കപ്പെട്ട വിപ്ലവത്തെപ്പറ്റി. ( റഷ്യയിൽ കവി എന്ന വാക്ക് പോരാളി എന്നതിന്റെ പ്രതിദ്ധ്വനിയാണ്. റഷ്യയെ ചിന്തിക്കാൻ സഹായിച്ചത് കവികളാണ്, സ്വേച്ഛാചാരികൾക്കെതിരെ പറ്റപൊരുതാൻ സഹായിച്ചതും കവികൾ തന്നെ - യെവ്) അത് ആദ്യമായി വായിച്ച മോസ്കോ പോളിടെക്നിക്ക് ഹാളിൽ സ്വയം വികാരാധീനനായി പോകാതിരിക്കാൻ കവി വല്ലാതെ ബുദ്ധിമുട്ടി. അതിനേക്കാൾ വൈകാരികമായിരുന്നു കേൾവിക്കാരുടെ പ്രതികരണങ്ങൾ. അവർ ആദ്യം സ്തംഭിച്ചു നിന്നു. പിന്നെ നിലയ്ക്കാത്ത കൈയടി. 1905 മുതൽ പാർട്ടിമെമ്പറായ ഒരു മനുഷ്യൻ വേച്ച് വേച്ച് വേദിയിൽ കയറി കവിയുടെ അടുത്തു വന്നു കരഞ്ഞു. അയാൾ 15 വർഷം സ്റ്റാലിന്റെ ക്യാമ്പിൽ കഴിഞ്ഞ ആളാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നു. ‘തനിക്ക് കവിയുടെ തലതൊട്ടപ്പനാകണം’ അയാൾ അപേക്ഷിച്ചു.

ഈ കവിതയുമായിട്ടാണ് കവി ലിറ്റററി ഗസറ്റിന്റെ ആഫീസിലെത്തിയത്. പരിചയക്കാരനായ ജോലിക്കാരന് അത് വായിച്ചു കൊടുത്തു. അയാൾ ഓടിച്ചെന്ന് സഹപ്രവർത്തകരെയൊക്കെ വിളിച്ചുകൂട്ടി. ഒന്നുകൂടി വായിക്കാൻ ആവശ്യപ്പെട്ടു. കവിത കേട്ടവർക്കെല്ലാം അതിന്റെ കോപ്പി വേണം.
‘കോപ്പിയോ, എന്താണുദ്ദേശിക്കുന്നത്, ഞാനിതിവിടെ കൊണ്ടു വന്നത് പ്രസിദ്ധീകരിക്കാൻ വേണ്ടിയാണ്’. യെവ്തുഷങ്കോ പറഞ്ഞു.
എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി.
താത്കാലികമായൊരു മറവിരോഗത്തിൽ നിന്ന് ഞെട്ടിയുണർന്ന എഡിറ്റർ പിറുപിറുക്കും പോലെ പറഞ്ഞു
-“അതവനാണ്, ആ വൃത്തികെട്ട സ്റ്റാലിൻ. അവൻ നമ്മളിൽ ഇപ്പോഴും ഉണ്ട്.”

13 comments:

  1. നല്ല ലേഖനം.
    നമ്മുടെ മന്ദബുദ്ധികളായ സി.പി.എം.കാര്‍ ഈ ലേഖനം ദിവസം പത്തു പ്രാവശ്യം വീതം പത്തു കൊല്ലമെങ്കിലും തുടര്‍ച്ചയായി വായിച്ചാല്‍ .... പുതിയ നിയമസഭ കെട്ടിടത്തിനു മുന്നിലെ കാനായിയുടെ ഇ.എം.എസ്സ് പ്രതിമ ചെങ്കല്‍ച്ചൂളയിലെ കംബോസ്റ്റ് കുഴിയില്‍ സംസ്ക്കരിക്കുകയും, നിയമസഭ മന്ദിരത്തിനു മുന്നില്‍ അയ്യങ്കാളിയുടെ കരിങ്കല്‍ പ്രതിമ സ്ഥാപിക്കുകയും ചെയ്യാമായിരുന്നു.

    ReplyDelete
  2. നല്ല ലേഖനം

    പക്ഷേ സി.പി.എം.കാര്‍ക്ക് ഇത് പത്തല്ല ആയിരം തവണ വായിച്ചാലും മനസ്സിലാകില്ല. വെള്ളെഴുത്തിന്റെ തന്നെ ഭാഷയിൽ “കൊല്ലങ്ങളായി ഭീതിയുടെയും അവിശ്വാസത്തിന്റെയും കാലാവസ്ഥയിൽ പുലർന്ന ഒരു സമൂഹത്തിന്“ ഇതൊന്നും മനസ്സിലാക്കേണ്ട കാര്യമില്ല.

    ഇനിയിപ്പൊ മനസ്സിലായാലും മനസ്സിലായില്ലെന്ന് നടിക്കാൻ സി.പി.എം.കാര്‍ക്ക് കഴിയും അതാണല്ലൊ ഇപ്പൊ അവർ ചെയ്ത്കൊണ്ടിരിക്കുന്നത്

    ReplyDelete
  3. മനോഹരമായ ലേഖനം..ഒരു കണ്ണ് തുറപ്പന്‍.....സസ്നേഹം

    ReplyDelete
  4. ഇത് തന്നെ വളരെ സിമ്പിള്‍ ആയി എല്ലാര്‍ക്കും മനസ്സിലാകും വിധം പ്രമുഖ മുതിര്‍ന്ന പ്രശസ്ത ബ്ലോഗര്‍ സുകുമാരന്‍ അഞ്ചരക്കണ്ടി എത്രയോ എഴുതി വച്ചിട്ടുണ്ട്. ഇതൊരുമാതിരി സങ്കീര്ണ മണിപ്രവാളം പോലെയുണ്ട്. ഈ ശൈലിയെ അല്ലെ ചിത്രകാരന്‍ പണ്ട് വെള്ളെഴുത്തിന്റെ സ്വയംഭോഗം എന്നോ മറ്റോ വിളിച്ചിരുന്നത് ? അങ്ങനെ ആണ് ഓര്‍മ്മ. അങ്ങനെ അല്ലെ ?
    ഒരു കണ്ണുപൊട്ടന്‍

    ReplyDelete
  5. എന്തിനായിരുന്നൂ ഈ ചർവ്വിതചർവ്വണം?

    അധികാരത്തിന്റെ നാളേടുകൾ നിഷ്ഠൂരതയുടെ ചോരച്ചിത്രങ്ങളാൽ സമൃദ്ധമാണെന്നത് എലിയാസ് കനേറ്റിയുടെ 'ആൾക്കൂട്ടവും അധികാരവുമൊക്കെ' പരിചയമുള്ള താങ്കളെപ്പോലൊരാളെ ഓർമ്മിപ്പിക്കേണ്ടകാര്യമൊന്നുമില്ല. കഴിഞ്ഞുപോയ കാളരാത്രികളേക്കുറിച്ചോർക്കുന്നത്, ഈ പകലിലും ചില ഇരുൾ രൂപങ്ങളുടെ നിഴൽപ്പാടുകൾ കാണുമ്പോൾ കരുതിയിരിക്കുന്നതിനുപകരിക്കുമെന്നത് ശരിയാണ്. അതിനുപക്ഷേ, ഒരുപുറം മാത്രം വായിച്ചാൽപോരാ. കഴിഞ്ഞുപോയ എല്ലാ എപിസോഡുകളും വീണ്ടും കണ്ടുനോക്കണം. അതിനേക്കാളുപരിയായി ഇപ്പോൾ ചിത്രീകരിക്കപ്പെടുന്നതിന്റെ തിരക്കഥ നന്നായിവായിക്കുകയും വേണം. Harold Pinterന്റെ Nobel Acceptance speech ഒന്നുകൂടി വായിച്ചുനോക്കൂ. പത്തമ്പത് കൊല്ലം മുമ്പ് ചത്തുപോയ സ്റ്റാലിൻന്റെ മുതലാളിത്ത വേർഷൻ സ്വാതന്ത്ര്യത്തിന്റെ കള്ളക്കുപ്പായമിട്ട് ഗുലാഗുകളുടെ മണൽക്കാലം തീർക്കുന്നതെങ്ങിനെയാണെന്ന് തിരിച്ചറിയാം.
    അതൊക്കെ വിട്ട് ചത്തകുതിരയെ വീണ്ടും തൊഴിക്കുന്നത്, ചുമർമറഞ്ഞുനിന്ന് 'കവലേ' യെന്ന് വിളിക്കുന്നതുപോലെയാണ്. അത് നിങ്ങളെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കണ്ടല്ലോ.

    ഏതക്ഷരങ്ങളിൽ നിന്നും, മുൻ ധാരണകൾ മാത്രം വായിച്ചെടുക്കുകയെന്നത് ഒരു അടഞ്ഞ പരിപാടിയാണ്. സിസക്കിന്റേതായി എടുത്ത് ചേർക്കപ്പെട്ട പകുതി ഒറിജിനലും, പകുതി പ്രക്ഷിപ്തവുമായ വാചകം, അങ്ങേരുടെ തന്നെ അഭിപ്രായത്തിൽ ആ പുസ്തകം നിങ്ങളുടെ കയ്യിൽനിന്നും ബലമായി പിടിച്ചുവാങ്ങേണ്ടതാണെന്ന്` ഓർമ്മിപ്പിക്കുന്നു.

    ReplyDelete
  6. ഇപ്പോൾ യെവ്തുഷെങ്കോയുടെ ആത്മകഥ (കാലം തെറ്റിയാകും) വായിച്ചു മടക്കിയതുകൊണ്ട് എന്നൊരു ലളിതമായ ഉത്തരമേ ഉള്ളൂ.
    ബക്കിയൊക്കെ ശരി, (പ്രക്ഷിപ്തം സിസക്കിന്റെ പ്രസംഗം നേരിട്ടു കേട്ടതിൽ ബാക്കി പുസ്തകം ചേർത്തു പൂരിപ്പിച്ചതാണ്. ഇപ്പോൾ സംശയമായി..അതങ്ങനെതന്നെയാണോ. ഞാൻ കേട്ടത് ഇങ്ങനെ....) ശരിയാണ്, സിസക്കിന്റെ പുസ്തകങ്ങൾ ഞാൻ തിരിച്ചു കൊടുക്കാം. പറഞ്ഞതിൽ ഒരു കാര്യത്തിൽ മാത്രം വിയോജിപ്പുണ്ട്. - അതിനുപക്ഷേ, ഒരുപുറം മാത്രം വായിച്ചാൽപോരാ. കഴിഞ്ഞുപോയ എല്ലാ എപിസോഡുകളും വീണ്ടും കണ്ടുനോക്കണം- ഇതിൽ.. എല്ലാം അറിഞ്ഞാൽ (ആരുടെ എല്ലാം?) മാത്രമേ വാ തുറക്കാവൂ എന്ന ഗുരൂപദേശത്തിന്റെ പ്രച്ഛന്നവേഷമാണീ സാധനം. ( അറിവാണ് ചിറകുകൾ, ചിറകുറയ്ക്കാതെ പറക്കരുത്!) ഗുരുപരിവേഷങ്ങളിലേയ്ക്ക് കയറാൻ പേടിസ്വപ്നങ്ങളിൽ പോലും വിചാരിക്കാത്ത ഒരാളിന് എപ്പോഴും വാ തുറക്കാം. എത്തിച്ചേരുന്ന പരിണതിയെക്കുറിച്ചുള്ള വേവലാതി കൂടാതെ തന്നെ.

    ReplyDelete
  7. മറന്നു, പിന്ററെ (കല സത്യം രാഷ്ട്രീയം) വരിക കാണുക തെരുവിലെ ചോര എന്ന തലക്കെട്ടിൽ (ബിജുരാജിന്റെ തർജ്ജുമ) നേരത്തേ തന്നെ വായിച്ചിരുന്നതാണ്. ഇവിടെ... തെരുവിലെ ചോരയും കവിതയും ബുഷും ബ്ലെയറും അത് മറ്റൊരു വിഷയമാണ്..

    ReplyDelete
  8. മാന്ദ്യകാലത്ത് അമേരിക്കയിൽ അയൻ റാൻഡിന്റെ അറ്റ്ലസ് ഷ്രഗ്ഡ് വിൽ‌പ്പന കുതിച്ചുയരുന്നൂ എന്ന് ഒരു കോമഡി സെണ്ട്രൽ ഷോയിൽ കണ്ടാരുന്നു.

    ReplyDelete
  9. നടക്കട്ടെ സൂരജേ, മന:സമധാനം കിട്ടാൻ ബെസ്റ്റല്ലേ :-)

    ഇതിലെ തമാശയെന്താന്നുവച്ചാൽ, "ഒരിക്കലും തകർക്കാനാവാത്ത വിശ്വാസം" എന്നോ മറ്റോ ഒരു സിമന്റ് കമ്പനിയുടെ പരസ്യമില്ലേ, അതൊക്കെ വിശ്വസിച്ചിരുന്നിട്ട് മേൽക്കൂര ചോരുന്നത് കാണുമ്പോൾ, ഒരു സമാധാനത്തിന് കമ്പനിക്കാരുടെ ബ്രോഷറോ, എഞ്ചിനീയർ വരച്ചുതന്ന പ്ലാനോ ഒക്കെയെടുത്ത് വായിക്കുന്നതുപോലെയാണത്.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. അപ്പം കൊണ്ടല്ലാതെ അതു പറഞ്ഞവന്റെ അപ്പനുപോലും ജീവിക്കാനാവില്ലെന്ന് സത്യം സത്യമായിട്ടും ഞാൻ നിന്നോടു പറയുന്നു.

    ReplyDelete
  12. ഈ ലോകത്ത് രണ്ടു തരം ആളുകള്‍ ഒണ്ട്‌...
    ഒന്ന് എന്നെ പോലെ കമ്മ്യൂണിസ്റ്റുകാര്‍...
    രണ്ട് താങ്കളെ പോലെ ആന്റി കംമുനിസ്ടുകള്‍ ....

    ReplyDelete