September 29, 2010
സാറേ സാറേ സാമ്പാറേ...
‘ആത്മാവിനുള്ള കോഴിസൂപ്പ്’ എന്ന പ്രചോദനാത്മക ഗ്രന്ഥത്തിലെ പല കഥകളിലൊന്ന് ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്നു കയറാറുണ്ട്. ബാൾട്ടിമൂർ നഗരത്തിലെ ഒരു കോളേജ് അദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക്, ചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 200 സ്കൂൾ വിദ്യാർത്ഥികളെ കണ്ടുപിടിച്ച് അവരുടെ ഭാവി പരിപാടികളെ വിലയിരുത്തുക എന്നൊരു പ്രോജക്ടു നൽകി. ഫലം നിരാശജനകം. കുട്ടികളിൽ ഒരെണ്ണം പോലും രക്ഷപ്പെടാനുള്ള നേരിയ സാധ്യതപോലും നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് 200 എണ്ണത്തിന്റെയും ഭാവി ഇരുണ്ടതാണെന്ന് അടിവരയിട്ട് പിള്ളേർ സാറിന് റിപ്പോർട്ട് നൽകി. 25 വർഷം കഴിഞ്ഞ് ആകസ്മികമായി പഴയ റിപ്പോർട്ട് കാണാനിടയായ മറ്റൊരദ്ധ്യാപകൻ തന്റെ വിദ്യാർത്ഥികളെ വിളിച്ച് അതിൽ പറഞ്ഞിട്ടുള്ള 200 കുട്ടികളും ഇപ്പോൾ ഏതേതു നിലയിലുള്ള ജീവിതം നയിക്കുകയാണെന്ന് അന്വേഷിച്ചുവരാൻ ആവശ്യപ്പെട്ട് വേറൊരു പ്രോജക്ട് നൽകി. പഴയ സ്കൂൾകുട്ടികളിൽ 180 പേരെയും നിയുക്തപ്രോജക്ട് എഴുത്തുകാർ കണ്ടുപിടിച്ചു. പക്ഷേ പ്രവചിക്കപ്പെട്ടിരുന്നതുപോലെ അവരിൽ ആരുടെയും ഭാവി അത്രയ്ക്ക് ഇരുളടഞ്ഞു പോയിരുന്നില്ലത്രേ. പകരം എല്ലാവരും വൈദ്യവും വാസ്തുവിദ്യയും നിയമവുമൊക്കെ പഠിച്ച് നല്ലനിലയിലുമെത്തിയിരുന്നു.
അദ്ധ്യാപകന് കൌതുകം ഇരച്ചു. അദ്ദേഹം തന്നെ ഫീൽഡിലിറങ്ങി അദ്ഭുതകരമായ ജീവിതവിജയങ്ങളുടെ കാരണം പഴയ ചേരി നിവാസികളെ നേരിൽ കണ്ട് തിരക്കി. അപ്പോഴല്ലേ സത്യം പുറത്തുവന്നത്. ഒരേ സ്വരത്തിൽ എല്ലാവരുംപറഞ്ഞത് “ഞങ്ങളെ പഠിപ്പിച്ച ടീച്ചറാണ്” കാരണം എന്ന്. അപ്പോഴേയ്ക്കും വൃദ്ധയായ, ടീച്ചറെ കണ്ടു പിടിച്ച് അദ്ദേഹം അഭിമുഖം നടത്തി. അവർ പറഞ്ഞത്, “ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല, അവരെ സ്നേഹിച്ചു അത്രമാത്രം!”. ഒരു അദ്ധ്യാപിക ജീവിതത്തിൽ പകർത്തിയ സ്നേഹത്തിന്റെ മാഹാത്മ്യമാണ് ആത്മാവിനുള്ള ഇവിടത്തെ കോഴിസൂപ്പ്. സ്നേഹം. അതെവിടുന്നു കിട്ടിയാലും തരക്കേടില്ല. പക്ഷേ അദ്ധ്യാപിക(പകനി)യിൽ നിന്നാവുമ്പോൾ അതിനു മഹത്വം വർദ്ധിക്കുന്നുണ്ടോ എന്ന മാറ്റു നോക്കലാണ് മുഖ്യം. കാരണം? ‘കുട്ടികളെ സ്നേഹിക്കൂ, അവർ നല്ലവരാണ്’ എന്നൊരു പുസ്തകം സ്കൂൾ ലൈബ്രറിയിൽ പൊടിപിടിച്ചിരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ‘ഹിഗ്വിറ്റ’യിൽ, എൻ എസ് മാധവൻ എഴുതിയതുപോലെ -‘പെനാലിറ്റികിക്ക് കാത്തു നിൽക്കുന്ന ഗോളിയുടെ ഏകാന്തത’ എന്ന ജർമ്മൻ പുസ്തകത്തിന്റെ പേരു് സാഹിത്യസ്നേഹിയായ ഫാദർ കപ്രിയാറ്റിയിൽ നിന്ന് കേട്ടപ്പോൾ തന്നെ ഗീവർഗീസച്ചന് അതു വായിച്ചതുപോലെ തോന്നി, പലതവണ’ എന്നാണ് കഥയിലെ ആദ്യവാക്യം -ചില പുസ്തകങ്ങൾ വായിക്കാതെ തന്നെ അതിന്റെ ഉള്ളടക്കം പിടികിട്ടിയതുപോലെ തോന്നില്ലേ? അതിലൊന്നാണ് ഇതും. രചയിതാവ് അദ്ധ്യാപകനായിരിക്കണം. സംശയമുണ്ടോ? സാരമായ കുറ്റബോധത്തിന്റെ അസ്ക്യതയോടെ ‘സ്നേഹിക്കണം, സ്നേഹിക്കാതിരിക്കരുത് എന്നൊക്കെ’ ഉറപ്പിച്ചു പറയണമെങ്കിൽ സ്നേഹം അല്പം കുറഞ്ഞ ഒരു പ്രദേശമായിരിക്കണമല്ലോ അദ്ധ്യാപകമേഖല. അതാണ് മൊത്തത്തിൽ ഈ ഉപദേശപ്രസംഗങ്ങളുടെ എല്ലാം രത്നച്ചുരുക്കം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യുക്തി, പാശ്ചാത്യം പൌരസ്ത്യം എന്നിങ്ങനെ മിനിമം രണ്ടെങ്കിലും ഉണ്ട്. അവിടെ സ്നേഹം. ഇവിടെ ചെറിയ വ്യത്യാസമുണ്ട്. നമ്മുടെ അദ്ധ്യാപകർ കുട്ടികൾക്ക് ആവർത്തിച്ചു പറഞ്ഞുകൊടുക്കുന്ന കഥകളിലൊന്ന് ഏകലവ്യന്റെയാണ്. (ഗുരുത്വദോഷിയായ കർണ്ണന്റെ കാര്യം വിടാം. ‘വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ?’) എന്തൊക്കെ സംഭവിച്ചാലും അതുമാത്രം അപനിർമ്മാണത്തിനു വിധേയമാവുകയില്ല, ക്ലാസുകളിൽ. ചായ വാങ്ങണം, ചായപ്പാത്രം കഴുകണം, ബോർഡ്, കസേര ഇത്യാദികൾ തുടക്കണം. പുറത്തു നിൽക്കണം. തല്ലാനുള്ള വടി ഒടിച്ചുകൊണ്ടു വരണം. ചോദിച്ചാൽ തള്ളവിരലു തന്നെ കൊടുക്കയും വേണം. നിരുപാധികമായ വിധേയത്വം. അതാണ് ഇന്നും അദ്ധ്യാപകലോകം കുട്ടികളിൽ നിന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ കേരളീയമായ ഭാഷ്യം, പ്രഭാകരൻ എന്നു കൂടിപേരുള്ള സുകുമാരകവിയുടെയാണ്. ഗുരുവിനെകൊല്ലാൻ കല്ലുമായി തട്ടിൻപുറത്തുകയറിയിരുന്ന സുകുമാരന് പരദ്രോഹപരവും ദാരുണവുമെങ്കിലും ഗുരുവിന്റെ ശിഷ്യസ്നേഹത്തെക്കുറിച്ച് അറിവുകിട്ടിയപ്പോൾ ഉണ്ടായ പശ്ചാത്താപമാണ് കഥയുടെ കാതൽ. കർമ്മബഹുലമായ ജീവിതത്തിന്റെ ഉച്ചസ്ഥായിയിൽ, ഒടുക്കം, സുകുമാരൻ ഉമിത്തീയിൽ നീറി ചത്തു. ഉള്ളംകാലു മുതൽ ഏരിയുന്ന ഉമിത്തീയുടെ ചൂടറിയാതിരിക്കാനാണത്രേ അദ്ദേഹം കവിത കെട്ടാൻ തുടങ്ങിയത്. ശ്രീകൃഷ്ണവിലാസം മഹാകാവ്യം. അതിന്റെ പന്ത്രണ്ടാം സർഗമെത്തിയപ്പോഴേയ്ക്കും നാവു വെന്തുപോയതിനാൽ കൃതി അപൂർണ്ണമായി നിന്നു. ‘പശ്യപ്രിയേ കൊങ്കണ.. ’എന്നിടത്ത് നിന്നു പോയ കാവ്യം ഒരിക്കൽ സാക്ഷാൽ കാളിദാസൻ പൂർത്തിയാക്കാൻ നോക്കിയതാണ്. ..’ഭൂമി ഭാഗാൻ’ എന്നൊരു വാക്ക് ചേർക്കാൻ തുടങ്ങുമ്പോഴേക്ക് അശരീരി വന്ന് കാളിദാന്റെ കാതിനു പിടിച്ചു. ‘പട്ടുനൂലോടൊപ്പം വാഴനാരു കൂട്ടിച്ചേർക്കരുത്’ എന്നായിരുന്നു അത്. (ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി) കാളിദാസൻ കലമ്പി പട്ടുനൂലുവേണ്ടെന്നു വച്ച് വാഴനാരായി എഴുതിയതാണ് ഇന്ന് നമ്മൾക്കിടയിൽ ‘കുമാരസംഭവം’ എന്ന് അറിയപ്പെടുന്ന സംഭവം. അതാണ് ഗുരുത്വത്തിന്റെ ഗുണവും പ്രഭാവവും. ഈ കഥപോലും താൻ പോരിമയുള്ള പൂവങ്കോഴി ഒരദ്ധ്യാപകന്റെ വെർഷനാകാനാണ് സാധ്യത. ഈ മനുഷ്യനായിരിക്കും ‘ഉമിത്തീയിൽ വെന്താലും തീരാത്തതാണ് ഗുരുത്വദോഷം’ എന്ന വെയ്പ്പിന്റെ പ്രയോക്താവും പ്രചാരകനും.
ജെയിംസ് ക്ലാവലിന്റെ ചിത്രം ‘റ്റു സർ വിത്ത് ലൌവി’ലെ (1966) കറുപ്പൻ സാറ്, താക്കറെ (സിഡ്നി പോയ്റ്റിയർ) വെള്ളക്കാരായ വിദ്യാർത്ഥികളുടെ ഹീറോ ആയി മാറുന്നത് നേരത്തേ പറഞ്ഞ സ്നേഹത്തിന്റെ ക്ലാസ് റൂം ഉപയോഗം കൊണ്ടാണ്. സിനിമയ്ക്ക് ആസ്പദമായ നോവൽ എഴുതിയ ഇ ആർ ബ്രെയ്ത്വെയിറ്റ് തീർച്ചയായും അദ്ധ്യാപകനായിരിക്കും. (അവിടെ അങ്ങനെയാണ് അങ്ങോട്ടു കൊടുക്കും ഇങ്ങോട്ടൊന്നും ചോദിക്കില്ല. ഇവിടെ അങ്ങനെയല്ല. ഇങ്ങോട്ടു ചോദിക്കും ഒത്താൽ കൊടുക്കും. ഒത്തില്ലെങ്കിൽ ഗുരുത്വദോഷം!) ഹെലൻ കെല്ലറുടെ ജീവിതത്തിലെ ആനി സള്ളിവൻ ഏതു ഗണത്തിലാണെന്ന് ചോദിക്കാം. അതൊരപൂർവതയാണ്. പ്ലാറ്റോയാണ് സോക്രട്ടീസിനെ നിർമ്മിച്ചത് എന്നതുപോലെ കെല്ലർ നിർമ്മിച്ചതാണ് സള്ളിവൻ. അതിന്റെ ആൺപതിപ്പ് ‘ബ്ലാക്ക്’ വേറൊരു കഥയാണല്ലോ പറഞ്ഞു തരുന്നത്. ‘അകക്കണ്ണു വിളക്കുന്ന വിജ്ഞാനസാഗര സങ്കല്പം’ ഭാരതത്തിന്റെ പൊതുബോധവുമായി കൃത്യമായ നീക്കുപോക്കുള്ള ഉടമ്പടിയാണ്. അതു എന്നും ചെലവാകും. (ഏ ആർ റഹ്മാന് ഓസ്കാർ കിട്ടിയ വേളയിൽ പത്രമാസികാദികളിൽ എം കെ അർജ്ജുനന്റെ പടം നിറഞ്ഞിരുന്നു. എന്റെ വിദ്യാർത്ഥി, അവന്റെ കുട്ടിക്കാലത്ത്.. തുടങ്ങിയ ഗീർവാണങ്ങളാൽ സമൃദ്ധം വാർത്തകൾ. കൂടെ കുട്ടി ദിലീപിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പടവും. അവിടെയും എവിടുന്നോ ഒരു ഗുരു! ഈ വാർത്തകൾക്കു അർജ്ജുനൻ മാഷുടെ പങ്കെത്രത്തോളമുണ്ടെന്ന് അറിയില്ല. റഹ്മാൻ പ്രശസ്തനായി തുടങ്ങുന്ന കാലത്ത് വീട്ടിൽ നിത്യസന്ദർശകനായിരുന്ന അർജ്ജുനനെ -ആർ കെ ശേഖറിന്റെ കൂട്ടുകാരനെ- ഒരു മുസ്ലീം സന്ന്യാസിയുടെ ഉപദേശപ്രകാരം പുറത്താക്കിയിരുന്നു വീട്ടുകാർ എന്നാണ് രാജേന്ദ്രബാബു എഴുതിയ ഓർമ്മക്കുറിപ്പുകളിൽ ഉണ്ടായിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹം മലയാള മാധ്യമങ്ങളിൽ ഗുരുവായി നിറയുന്നു.)എം ടിയുടെ സിനിമ ‘കൊച്ചുതെമ്മാടിയിലും’ ഉണ്ടായിരുന്നു. പ്രചോദനപരമായ സ്നേഹം. പക്ഷേ സ്കൂൾ ജീവിതം അക്കാലങ്ങളിൽ തലതിരിഞ്ഞിരുന്നതുകൊണ്ടാവാം ‘ഒറ്റക്കയ്യാ മുട്ടാളാ, നിന്റെ മറ്റേക്കൈയും സൂക്ഷിച്ചോ’ എന്ന മുദ്രാവാക്യമാണ് ഇപ്പഴും ആ സിനിമയെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ തെയ്യം തെയ്യം കളിച്ചു വരുന്നത്. ഇതാണ് വിദ്യാർത്ഥികളുടെ വെർഷൻ. സാറന്മാർ പലതും പറയും. ഏതു കുട്ടിയുടെയും ഓർമ്മയിൽ, മൂക്കിൽ ഈർക്കിലുകയറ്റുന്ന, തല്ലി ചന്തി പിളർക്കുന്ന, ബെഞ്ചിൽ കയറ്റി നിർത്തി അപമാനിക്കുന്ന, മണലിൽ മുട്ടുകാലിൽ നിർത്തുന്ന, പെൺകുട്ടികളുടെ ഇടയിൽ കയറ്റി ഇരുത്തി അവഹേളിക്കുന്ന, താക്കോൽ നുള്ളുകൾ കൊണ്ട് തുടയിലെയും കൈയിലേയും തൊലി അൽപ്പാല്പം അടർത്തി വീട്ടിൽ കൊണ്ടുപോകുന്ന അദ്ധ്യാപകസത്വങ്ങൾ പത്തിവിരിച്ച് ആടി നിൽപ്പുണ്ട്. മണിയടിക്കുമ്പോൾ വായിൽ വെള്ളമൂറുമെന്ന ജന്തുസിദ്ധാന്തത്തിൽ പടുത്തുയർത്തിയ പഠനപ്രക്രിയകളായിരുന്നല്ലോ വർഷങ്ങളോളം നമ്മുടെ പള്ളിക്കൂടങ്ങളിൽ തിമിർത്താടിയത്. അതിൽ ഏറ്റക്കുറച്ചിലൊന്നുമില്ല ഇപ്പഴും. കാരണം നമ്മുടെ അദ്ധ്യാപകർ കച്ചകെട്ടി ഒരുങ്ങിവന്ന ശില്പശാല അതാണ്. അതുകൊണ്ട് കുട്ടികളെ മര്യാദപഠിപ്പിക്കാൻ സ്കൂളുകളിൽ ഇടിമുറി ആവശ്യമാണെന്ന് പറയുന്ന അദ്ധ്യാപകൻ ഒരു വിസ്മയ വസ്തുവല്ല. ഈ അടുത്തകാലത്ത് ഫിലിപ്പ് എം പ്രസാദും സംഘവും നടത്തിയ പ്രചാരണപരിപാടി ‘ചൂരലില്ലാത്ത സ്കൂൾ’ ആണ്. ‘ഈ സ്കൂളിൽ വടി ഉപയോഗിക്കുന്നില്ലെന്ന്’ എഴുതി വയ്ക്കലായിരുന്നു പ്രധാന ഇനം. ഒന്ന് ഇല്ലെന്ന് എഴുതി വയ്ക്കണമെങ്കിൽ ആ ഒന്ന് നിലവിൽ ഉണ്ടാവണമല്ലോ.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചോക്കുപൊടി’ എന്ന പംക്തി ഉണർത്തിവിട്ടതാണ് അദ്ധ്യാപകരെക്കുറിച്ചുള്ള ചിന്തകൾ. കഴിഞ്ഞാഴ്ച നോക്കുമ്പോൾ അതു വച്ചു പരസ്യവും! (അക്ഷരം പറഞ്ഞുകൊടുക്കുന്നവർക്ക് ആഴ്ചപ്പതിപ്പിന്റെ ആദരം. എഴുതൂ... വായനക്കാരേ എഴുതൂ...) എങ്ങനെയുണ്ട്? ദീനാനുകമ്പകളും രക്ഷാകർത്തൃത്വങ്ങളുമാണ് കുറിപ്പുകളിലെ മുഖ്യഅജണ്ട. ക്ലാസിൽ ‘തലതെറിച്ചവനായിരുന്ന’ ഒരു കുട്ടി വർഷങ്ങൾക്കു ശേഷം തന്നെ കണ്ട്, മുണ്ടിന്റെ മടത്തുകെട്ടഴിച്ചിട്ടു നിന്നു വിതുമ്പി, തടിച്ച സ്ത്രീ, വാഹനങ്ങളെ വകവയ്ക്കാതെ റോഡുമുറിച്ചു കടന്നു വന്ന് കൂടെയുണ്ടായിരുന്ന ചീവീടുകളെക്കൊണ്ട് കാൽ തൊടീച്ച് നെറുകയിൽ വയ്പ്പിച്ചു... എന്നൊക്കെ അദ്ധ്യാപകർ തന്നെ എടുത്തു കാച്ചുന്നതിൽ ചെറുതല്ലാത്ത അശ്ലീലമുണ്ട്. അപൂർവമായി ചില വീണ്ടു വിചാരങ്ങളും കാണാം, അൽപം കരുണകാണിച്ചിരുന്നെങ്കിൽ അവൾ/ അവൻ രക്ഷപ്പെടുമായിരുന്നു, എനിക്ക് അന്നത് കഴിഞ്ഞില്ല, കാവിൽ ഭഗവതീ പൊറുക്കൂ... എന്ന മട്ടിൽ. എങ്കിലും കൂടുതലും താൻ നന്നാക്കി വിട്ട ലോകത്തെക്കുറിച്ചുള്ള ഊറ്റം കൊള്ളൽ തന്നെ. അദ്ധ്യാപകർ എന്ന ന്യൂക്ലിയസ്സിനു ചുറ്റും കറങ്ങുന്ന ഒന്നായി സ്കൂൾ ജീവിതം പായലു പിടിച്ചുപോകുന്നതുകൊണ്ടാണ് നമ്മുടെ സാമൂഹികജീവിതവും ഇങ്ങനെ ക്ലാവുനിറഞ്ഞിരിക്കുന്നത്. അദ്ധ്യാപകൻ/അദ്ധ്യാപിക, വിദ്യാർത്ഥിയുടെ കണ്ടെത്തലാണ്. അല്ലാതെ അയാൾക്ക്/അവൾക്ക് സ്വയം ജീവിതമില്ല. പി കെ നാരായണപിള്ള ഒരിക്കൽ പറഞ്ഞതുപോലെ സ്വന്തം അശ്ലീലങ്ങളല്ലാതെ എന്താണ് ഒരാൾക്ക് ക്ലാസുകളിൽ വിളമ്പാനുള്ളത്? ആ മാലിന്യങ്ങളിൽ നിന്ന് ഒരിക്കൽ ഒരു നിശാഗന്ധി വിടരുമായിരിക്കും. ആ ചെളിപോലും അത്രയ്ക്ക് സർഗാത്മകമാണെങ്കിൽ. ചിലപ്പോൾ മാത്രം. അപ്പോൾ സ്മരണ വേണ്ടത് ഗുരുവിനല്ല, ശിഷ്യർക്കാണ്. (മാതൃഭൂമിയിൽ അതിനും ഉണ്ട് ഒരു പംക്തി, പേര് ‘മധുരച്ചൂരൽ’ എന്ന്.. ചൂരൽ!!. കുട്ടിയുടെ ഗുരുസ്മരണയ്ക്ക് അങ്ങനെയൊരു പേരു തന്നെയാണഭികാമ്യം!) ‘ബ്ലാക്കിലെ’ അമിതാബച്ചന്റെ ആ മറവി അർത്ഥഗർഭമാണെന്നു തോന്നുന്നു. അയാൾ ചെയ്തത് അയാൾ സ്വാഭാവിമായി തന്നെ മറക്കേണ്ടതുണ്ട്. അതാണ് അയാളിലെ നന്മ. അപ്പോൾ ഇങ്ങനെ ദേഹമാകെ ‘ചോക്കു പൊടി’യും പറ്റിച്ച് വികൃതരായി കമ്പിനു കമ്പിനു അനുസ്മരണങ്ങൾ നടത്തി ഞെളിയുന്നവരെ ആത്മാരാധകരെ എന്തു ചെയ്യണം?
അതു പണ്ടേ പിള്ളാർ ചെയ്തതാണല്ലോ.. “സാറേ സാറേ സാമ്പാറേ....”
കുറച്ചു കഷ്ണങ്ങളൊക്കെയുണ്ട്, ഇളക്കിയാൽ ശരിതന്നെ, പക്ഷേ, കൂടുതലും വയ വയ വയാന്ന്...
ഇന്ന് തിരുവനന്തപുരം ജിലയിലെ ഗവണ്മെന്റ്
ReplyDeleteസ്കൂളില്‍ എട്ടില്‍ പഠിക്കുന്ന ഒരു കുട്ടിയെ മനോരോഗ ചിത്സയുടെ ഭാഗമായി കണ്ടു.അവനെ
ക്ലാസ്സില്‍ ചിത്ര കല പഠിപ്പികുന്ന അദ്യപകന്‍ ചുമരില്‍ ചേര്‍ത്ത് ഷര്‍ട്ട്‌ടില്‍ കുത്തിപിടിച്ചു അവനെ അടിച്ചു.അവന്‍
ചെയ്ത കുറ്റം വേറെ ഒര്രു അദ്യപകന്‍ വിളിച്ചത് കൊണ്ട് ക്ലാസ്സില്‍ വൈകി എത്തി. അദ്യപകനോട് അവനുള്ള പ്രതികാരം
അവന്‍ അത്മഹ്ത്യയ്ളുടെ കാണിച്ചു കൊടുക്കാന്‍ തിരുമാനിച്ചു ഈ പതിമുനുകാരന്‍,രണ്ടു വട്ടം അവന്‍ രഷപെട്ടു .ഇപ്പോള്‍ അവന്‍
സ്കൂളില്‍ പോകാന്‍ തനെ ഭയകുന്നു .വിദ്യഭാസവും,പണവും ഇല്ലാത്തെ അവന്റെ രഷകര്‍ത്താവിനു അറിയെല്ലെല്ലോ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചോക്കുപൊടി’ എന്ന പംക്തിയും,ഈ അടുത്തകാലത്ത് ഫിലിപ്പ് എം പ്രസാദും സംഘവും നടത്തിയ പ്രചാരണപരിപാടിയും
നന്നായിരിക്കുന്നു ..
ReplyDeleteനന്നായിരിക്കുന്നു, നന്ദി..
ReplyDeleteഒരപ്രിയ സത്യം നന്നായി എഴുതി!
ReplyDeleteexcellent
ReplyDeletegood one...
ReplyDeleteവാസ്തവം.
ReplyDeleteനല്ല പോസ്റ്റ് വെള്ളെഴുത്തേ.
ReplyDeleteനൂറ്റൊന്നു ശതമാനം ശരി. ഇടയില്‍ മനുഷ്യപ്പറ്റുള്ള ചിലരെ കിട്ടിയാല്‍ മഹാഭാഗ്യം.
ReplyDeleteI read in blogana.nice post
ReplyDeleteമാതൃഭൂമിയില്‍ കണ്ട് കയറിയതാണ്.
ReplyDeleteഇഷ്ടമായി.
ചോക്കുപൊടിയൊക്കെ വായിക്കുമ്പോള്‍ തോന്നിയിരുന്നു ഇങ്ങനെയൊരു വിരുദ്ധാഭിപ്രായം.
ഗ്രാമത്തിലായിരുന്നു എന്റെ ജനനവും വിദ്യാഭ്യാസവും. ഒരു കാലഘട്ടത്തിലും ഈ
“ചോക്കുപൊടി” തരത്തിലുള്ള അദ്ധ്യാപകരെ കണ്ടിട്ടില്ല. വളരെ ദരിദ്രചുറ്റുപാടില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികളെ മറ്റുകുട്ടികളുടെ മുന്നില്‍ അവഹേളിക്കുന്ന ധാരാളം അദ്ധ്യാപരെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇന്നോര്‍ക്കുമ്പോള്‍ ആ കൂട്ടുകാരുടെ മുറിവേറ്റ മനസ്സുകള്‍ അറിയാന്‍ കഴിയുന്നു. കുട്ടികളുടെ മനസ്സില്‍ കരുണയോ സ്നേഹമോ വളര്‍ത്തുന്ന ഒരു സാറിനേയും ഞാന്‍ കണ്ടിട്ടില്ല. പിന്നെയല്ലെ പ്രതിഭകളെ കണ്ടെത്തുന്നത്!
(എന്റെ ഡ്രായിംഗ് മാഷ് എന്റെയുള്‍പ്പടെ ഒരുകുട്ടിയുടേയും വരയെക്കുറിച്ച് നല്ലത് പറഞ്ഞിട്ടേയില്ല, നമ്മളെ തകര്‍ത്തുകളയുന്ന രീതിയില്‍ മോശമായി പറയുകയും ചെയ്യും)
എന്റെ ക്ലാസില്‍ പലപ്പോഴും അശ്രദ്ധനായിരിക്കുന്ന ഒരു കൂട്ടുകാരനെ ഒരദ്ധ്യാപകന്‍ വല്ലാതെ അവഹേളിച്ചു.
സ്കൂളിലെ കലാമത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത അവനെ എല്ലാവരും അവഗണിച്ചു. പക്ഷെ അവനിന്നൊരു മികച്ച കഥാകൃത്താണ്. സ്വന്തം ലോകത്ത് സ്വപ്നക്കൂടൊരുക്കുന്ന കുട്ടികളെ ഇന്ന് കൌണ്‍സിലിംഗിനയക്കും, അവനെ സ്മാര്‍ട്ടാക്കാന്‍. എം ടിയുടെ ബാല്യമിന്നായിരുന്നെങ്കില്‍ ആ ബാലന്റെ അന്തര്‍മുഖത്വം ഒരു തകരാറായി കണ്ട് ചികിത്സിച്ച് നല്ലൊരു എക്സിക്യൂട്ടീവാക്കിയേനെ.
ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനികൊര്‍മ്മ വന്നത് "thuesdays with Morrie " എന്ന mitch albom ത്തിന്റെ ഒരു പുസ്തകമുണ്ട് ..വായനക്കാരില്‍ വിരക്തി ഉണ്ടാക്കുന്ന ആദ്യ ഭാഗങ്ങള്‍ കഴിയുമ്പോള്‍, കിഴവനായി എഴുനേല്‍ക്കാന്‍ പോലും സാധിക്കാതെ കിടക്കുന്ന മോറി എന്ന അധ്യാപകനും അയാളുടെ ശിഷ്യനും തമ്മില്ലുള്ള ആത്മ ബന്ധം മനസിലാകും.. ഓരോ വാക്കുകളും സെരിക്കും ജീവിതം എത്ര അര്‍ത്ഥവത്താണ് എന്ന് തോന്നിപോകും..വന്ന വഴികളെ , മറക്കാത്ത നല്ല സ്കൂള്‍ കുട്ടിയകന്‍ പ്രേരിപിക്കും ..ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍, നിറഞ്ഞു നിന്ന മന്സിനെക്കളും എനിക്ക് അനുഭവപ്പെട്ടത് "ചന്തിയിലെ അടിയുടെ ചൂടാണ്" .. ആ പുസ്ടകതിലെ ചില വരികള്‍ എഴുതുന്നു .."may be death is a great great tranquilizer..where one stranger can shed tears on another".
ReplyDeleteചോക്ക് പൊടിയെ പറ്റിയുള്ള ബ്ളോഗനയിലെ ലേഖനത്തോട് വിയോജിക്കുന്നു..ഒരു പക്ഷെ മാതൃഭൂമിയുടെ കവര്‍പേജ് പരസ്യം മഹാബോറു തന്നെ ആയിരുന്നു എന്നത് പരമാര്‍ത്ഥം തന്നെ... ചിലതെല്ലാം ആത്മപ്രശംസ രീതിയില്‍ തന്നെയുള്ള അനുഭവക്കുറിപ്പുകള്‍ ആണെങ്കിലും ഇത് വായിക്കുന്ന ചില അദ്ധ്യാപകര്‍ക്കെങ്കിലും ഒരു വീണ്ടുവിചാരത്തിനു വഴിതെളിച്ചെക്കുമെന്ന്‍ ഞാന്‍ കരുതുന്നു. അല്പം സ്നേഹവും, കരുതലുമൊക്കെ ഉള്ളില്‍ കരുതുന്നവര്‍ക്ക് മാത്രമേ ഇത്തരം കുറിപ്പുകള്‍ എഴുതാനും സാധിക്കു. 15 വര്‍ഷം മുന്‍പ് റിട്ടയേര്‍ ആയ അധ്യാപികയായ അമ്മ ഇപ്പോഴും ചിലനേരങ്ങളില്‍ സങ്കടപ്പെടുന്നത് കേട്ടിട്ടുണ്ട്.'ദൈവമേ, എന്റെ കുട്ടികളില്‍ ഒരാള്‍ക്കു പോലും ഞാനൊരു കല്ലുപെന്‍സില്‍ പോലും വാങ്ങിക്കൊടുത്തിട്ടില്ലല്ലോ' എന്ന് പറഞ്ഞ്..തീര്‍ച്ചയായും ഇത്തരം കുറിപ്പുകള്‍ ചിലര്‍ക്കെങ്കിലും കുട്ടികളോടുള്ള സമീപനത്തിന് മാറ്റം വരുത്താന്‍ കാരണമായേക്കും, അമ്മയെ പോലെ. മധുരച്ചുരല്‍, ചോക്കുപൊടി , ബ്ളോഗന ഇവ വായിക്കാതെ വായിക്കാതെ മാത്രുഭൂമി വാരിക മടക്കാറില്ല.
ReplyDeleteനന്നായിരിക്കുന്നു . എല്ലാവരുടെയും ഓര്‍മക്കളില്‍ മറക്കാന്‍ ആകാത്ത അധ്യാപകര്‍ ചിലരെങ്കിലും ഉണ്ടാകതിരിക്കുമോ. എനിക്ക് അഭിപ്രായങ്ങള്‍ വായിച്ചാണ് അത്ഭുതം തോന്നിയത് . ഒന്നുമല്ലെങ്കിലും 'സ്വന്തം കുട്ടികളുടെ ഉയര്‍ച്ചയില്‍ അസൂയ കാണാത്ത രണ്ടു കൂട്ടരുണ്ട്, അവരുടെ അച്ഛനമ്മമാരും പിന്നെ അധ്യാപകരും ' . കുട്ടികളെ സ്വന്തം കുട്ടികളെ പോലെ സ്നേഹിക്കുന്ന (സ്നേഹം പ്രകടിപ്പിക്കുന്നതല്ല) എത്രയോ അധ്യാപകരെ എനിക്കറിയാം. നേരെ വിപരീത സ്വഭാവമുള്ള , പലരെയും അറിയും. അവര്‍ക്കുള്ള ശിക്ഷ ദൈവം അവരുടെ മക്കളിലൂടെ കൊടുത്തു കൊളളും . അധ്യാപകര്‍ മൊത്തം മോശമായിട്ടില്ല , ആകാന്‍ പറ്റില്ല
ReplyDeletehttp://www.google.com/buzz/114733929961353408278/ivgL4MNpU5C/%E0%B4%B8-%E0%B4%B5%E0%B4%A8-%E0%B4%A4%E0%B4%AE-%E0%B4%AF-%E0%B4%B8-%E0%B4%95-%E0%B4%B3-%E0%B4%95%E0%B4%B3
ReplyDelete