October 17, 2010

അന്തിയിൽ അല്പാല്പം മരിച്ച് ഭാവിയിലേയ്ക്ക്



I
കാൾ മാർക്സിന്റെ 20 കവിതകളും ജെന്നിയ്ക്കെഴുതിയ ഒരു കത്തും ചേർന്ന ഒരു പരിഭാഷാ പുസ്തകം 1984 -ൽ പുറത്തു വന്നു. വിവർത്തകൻ ഓ എൻ വി കുറുപ്പ്. അതേ വർഷം തന്നെയാണ് ഓ എൻ വിയുടെ ഭാവുകത്വത്തിന്റെ ദിശാമാറ്റത്തെ അടയാളപ്പെടുത്തിക്കൊണ്ട് ‘ഭൂമിക്കൊരു ചരമഗീതവും’ പുറത്തു വന്നത്. ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’, ‘അക്ഷരങ്ങൾ’ എന്നീ സിനിമയിലെ പാട്ടുകൾക്ക് അതേ വർഷം അദ്ദേഹത്തിന് ഏഴാമതും സംസ്ഥാന ചലച്ചിത്ര അവാർഡു കിട്ടി. മാക്സിനൊപ്പം ഓ എൻ വി വിവർത്തനം ചെയ്ത മറ്റൊരു വിദേശസാഹിത്യകാരൻ പുഷ്കിനാണ്. (പുഷ്കിൻ : സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ)പക്ഷേ ഓ എൻ വി കവിതയെക്കുറിച്ചുള്ള ആലോചനകളിലൊന്നും ഈ വിവർത്തനക്കാര്യങ്ങൾ അങ്ങനെ കാര്യമായി കടന്നു വന്നതായി അറിവില്ല. ആ കവിതകൾ അവയുടെ വിദേശഛായകൾ വെടിഞ്ഞ് ഓ എൻ വികവിതകളായി മാറിയിരിക്കുന്നു എന്നതാവാം കാരണം. 19 മുതൽ 22 വരെയുള്ള ഇളപ്പക്കാലത്തെഴുതിയ, കൊടുമ്പിരിക്കൊണ്ട പ്രണയവും അസ്വസ്ഥതകളുമാണ് മൂന്നു പുസ്തകങ്ങളിലായി നീണ്ടുപരന്ന മാക്സിയൻ കവിതകളുടെ പ്രമേയം. പക്ഷേ മാക്സിന് സ്വന്തം കവിതകളെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്നില്ല. ആകെ ഒരു കവിതയാണ് ജീവിതകാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചത്. ലോകത്തെവിടെയും സംഭവിക്കുന്നതിനുമുൻപ്, 1912-ൽ തന്നെ മാർക്സിന്റെ ജീവചരിത്രം സ്വന്തം ഭാഷയിൽ വായിച്ച പ്രബുദ്ധരാണ് മലയാളികൾ ( അതെ വർഷം അദ്ദേഹത്തിന്റെ മറ്റൊരു ജീവചരിത്രവും ഇന്ത്യയിൽ എഴുതപ്പെട്ടിരുന്നു. ലാല ഹർദയാലിന്റെ പുസ്തകം. അതു പക്ഷേ ഇംഗ്ലീഷിലായിരുന്നു) അദ്ഭുതപ്രഭാവനും ഗൌരവക്കാരനുമായ മനീഷിയായി ആ ‘യോഗിവര്യന്റെ’ (സന്ന്യാസിയുടെ പര്യായപദങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പുസ്തകത്തിലുടനീളം മാർക്സിനോട് തന്റെ ബഹുമാനാദരങ്ങൾ പ്രയോഗിക്കുന്നത്) ചിത്രം പതിഞ്ഞു പോയതുകൊണ്ടാവണം വിവർത്തകൻ സാക്ഷാൽ ഓ എൻ വി കുറുപ്പായിട്ടും അവയെക്കുറിച്ചൊന്ന് ആലോചിക്കാൻ ആളുകൾക്ക് തോന്നാത്തത്. മറ്റൊരുകാരണം ഓ എൻ വിയൂടെ കാവ്യഭാഷയാണ്, സാഗരഗർജ്ജനത്തിനൊന്നും സന്നദ്ധമാവാത്ത ‘മൌനം ഉടഞ്ഞൊരു മന്ത്രം’ പോലെയുള്ളൊരു ഭാഷയാണത്. അതിലെങ്ങനെ മാക്സ് വിവർത്തിതനാകും എന്ന് മലയാളിയുടെ അബോധം ശങ്കിച്ചുപോയിരിക്കാനും സാധ്യതയുണ്ട്. ‘മനുഷ്യനും ചെണ്ടയും’ എന്ന കവിത നോക്കുക :
“.. അവനാചെണ്ടയെ നിന്ദിച്ചാർത്തു! രോഷം മൂത്തു തെരുതെരെ
അടിയോടടിയായ്! ചെണ്ടപൊട്ടി,ച്ചുടുനിണം വാർന്നൊഴുകിടും വരെ
... ചെണ്ടയതിനു മനുഷ്യനില്ല! മനുഷ്യനവനൊരു ചെണ്ടയില്ല!
എന്തു പിന്നെ? സന്ന്യസിക്കാൻ കോപ്പുകൂട്ടുകയാണ് മനുഷ്യൻ” - ഇതല്ലല്ലോ മലയാളിയുടെ മാക്സ്! ഇതിലെ ഭാഷ ഹൈസ്കൂളിൽ നിന്ന് കരേറിയിട്ടില്ലെന്നേ ഒറ്റനോട്ടത്തിൽ തോന്നൂ. ‘ജെന്നിയ്ക്കുള്ള ഉപസംഹാരഗീതം ആരംഭിക്കുന്നത് “നിന്നോടു ചൊല്ലാം കുഞ്ഞേ, ഞാനൊരു കാര്യംകൂടി” എന്നും പറഞ്ഞാണ്. ആ കുഞ്ഞേ വിളി സന്ദർഭത്തിലെ അസ്വാഭാവികത കൊണ്ട് വല്ലാതെ കല്ലുകടിക്കുന്നുണ്ട്. പ്രണയം കൊണ്ട് കുഞ്ഞേ എന്നു വിളിക്കുന്ന പതിവ് ജർമ്മനിയിലോ ഇംഗ്ലണ്ടിലോ കേരളത്തിലോ ഉണ്ടോ? ജെന്നിയ്ക്കുള്ള രണ്ടാമത്തെ ഗീതത്തിൽ “ജെന്നി-എന്നൊരേപദം മാത്രമായോരോവരി/തന്നിലും കുറിച്ചിട്ടൊരായിരം പ്രബന്ധങ്ങൾ പൂർത്തിയാക്കുവാനെനിക്കായിടും” എന്നു തുടങ്ങി അവസാനിക്കുന്നത് “സ്നേഹം താൻ ജെന്നി! - ജെന്നിയെന്നതു സ്നേഹത്തിൻ പേർ!” എന്നാണ്. സംശയമില്ല. മുടന്തുന്ന ഭാഷയാണ് ഇവിടത്തെ പോരായ്മ. എന്നാൽ അന്തഃസംഘർഷങ്ങൾക്ക് അരു നിൽക്കുമ്പോൾ ഓ എൻ വി, മാക്സാവുന്ന വിസ്മയക്കാഴ്ചയും ഇതേ സമാഹാരത്തിൽ ഉണ്ട്.
“അന്തമെഴാത്ത സംഘർഷങ്ങളിൽ, ഏതു-
മന്തമില്ലാത്തതാം കോളിളക്കങ്ങളിൽ,
ആവില്ല ജീവിതത്തോടൊത്തുപോകുവാ
നാവില്ലൊഴുക്കിനോടൊത്തു നീന്തീടുവാൻ (അനുഭൂതികൾ)
“എനിക്കു വേണ്ടാ, ശാന്തസ്വച്ഛജീവിതം
ഭൂമി നടുക്കും കൊടുങ്കാറ്റിൻ കരുത്താ-
ണെന്നാത്മാവിൽ”
എന്ന് മറ്റൊരു കവിതയിൽ. പുഷ്കിന്റെ സ്വാതന്ത്ര്യവും മാക്സിന്റെ വിപ്ലവവുമായിരിക്കും ഓ എൻ വിയെ ഈ കവിതകളുടെ വിവർത്തനത്തിലേയ്ക്ക് നയിച്ചത്. പകർന്നു കിട്ടിയത് അതൊന്നുമല്ലാത്തതുകൊണ്ടാവാം ആ പുസ്തകങ്ങൾ പെട്ടെന്ന് മറന്നു പോയത്.(മാക്സിന്റെ കവിതകൾക്ക് രണ്ടാം പതിപ്പ് മൾബറി ഇറക്കി. ആദ്യപതിപ്പ് ഗ്രന്ഥശാലാസഹകരന സംഘത്തിന്റെ) ഒരു ചങ്ങമ്പുഴയുടെ തുടക്കക്കാലമായി മാക്സിനെ വായിക്കാൻ മലയാളിക്കു ബുദ്ധിമുട്ടുണ്ടാകും. വായനാസുഖവും ഒഴുക്കും വിവർത്തിത കവിതകൾക്കല്ല, പുഷ്കിനെക്കുറിച്ചുള്ള പഠനലേഖനത്തിനാണ് മറ്റേ പുസ്തകത്തിൽ എന്നതും കൂടി ചേർത്തു വച്ചു വായിച്ചാൽ മറ്റൊരാളെ മറ്റൊരാളായിതന്നെ ഭാഷയിലാവാഹിക്കുന്നതിനെ ശക്തിയുക്തം എതിർത്തു നിൽക്കുന്ന ഒരു ‘സ്വം’ ഓയെൻവിയിൽ കവിതകളിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. ചങ്ങമ്പുഴയെയും സച്ചിദാനന്ദനെയും ഒക്കെ പറ്റിയുള്ള ആരോപണം അവർ അവരവരുടെ വിവർത്തനങ്ങളെ സ്വന്തം കാവ്യങ്ങളായി മാറ്റിയെന്നാണല്ലോ. ഓയെൻ‌വിയെന്ന ഇടയദ്ധ്യായത്തിന്റെ കഥ അതിലും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ അബോധപ്രേരണങ്ങൾ തന്നെയല്ലാതെ മറ്റാരെയും ആവിഷ്കരിക്കുന്നതിൽ നിന്ന് വിലക്കി ഇടന്തടിച്ചു നിൽക്കുകയാണ്. കാൽ‌പ്പനികതയുടെ ചിരപരിചിതമായ കൈവഴിയിലെ ഒരു ട്വിസ്റ്റാണിത്. എന്നാൽ സ്വാംശീകരിച്ച ആശയങ്ങൾക്കാവട്ടെ, തിളക്കമുള്ള ഒഴുക്കുമുണ്ട്. ‘സഹജാതർ തന്മൊഴി സംഗീതമായ് തോന്നും നാൾ വരും, ആശിക്കുക, മംഗളവചസ്സെന്നാൽ തൊണ്ടയിൽ കുരുങ്ങുന്നു’ എന്ന അശാന്തിപർവത്തിലെ വരി, കവിയായ മാക്സും ഓയെൻ‌വിയും ചേർന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണ്.

II
ജനങ്ങൾ ആർക്കുന്ന ഒരു തെരുവല്ല, പുറത്തേയ്ക്കു തുറക്കുന്ന ജാലകങ്ങളുള്ള തെരുവോരത്തെ ഏകാന്തമായ പുഷ്പലതാസദനമാണ് ഓയെൻ‌വി കവിതയുടെ രചനാവേദി. ( ‘ആദ്യത്തെയും അടിപ്പടവിലെയും ഓ എൻ വി’ എന്ന ലേഖനത്തിൽ ഓയെൻ‌വിയെ നെരൂദയുമായുള്ള വിദൂര താരത‌മ്യത്തിന് വിധേയനാക്കിയിട്ടുല്ലത് ഓർമ്മിച്ചുകൊണ്ട്) വിശ്വാസരാഷ്ട്രീയം പുറത്തു തന്നെ കാവൽ നിന്നു. സുലളിതപദങ്ങളാൽ കവിത ചിലങ്ക മുഴക്കി അകത്തു നൃത്തം ചെയ്തു. ‘ഒറ്റക്കമ്പിയുള്ള തമ്പുരു’ എന്ന് പി ഭാസ്കരനും ‘എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്തെ’ന്ന് വയലാറും അവരവരുടെ വിപ്ലവസങ്കൽ‌പ്പങ്ങളെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ അപകർഷത്തോടെ കാൽ‌പ്പനികതയുടെ നുകത്തിൽ കെട്ടിയിട്ട നിലയ്ക്ക് ഓയെൻ‌വിക്കവിതയ്ക്കുള്ള വിശേഷണം അനിതാതമ്പി എഴുതിയതുപോലെ ‘വഴിവക്കിലെ പൂമരം’ എന്നാകുന്നതു ശരിയാവും. തിരക്കിൽ നോക്കിയും എന്നാൽ അകന്നു മാറിനിന്നും.

സൃഷ്ടി എന്ന സിനിമയിലെ ഗാനമായി അവതരിച്ച ‘സൃഷ്ടിതൻ സൌന്ദര്യമുന്തിരിച്ചാറിനായി കൈക്കുമ്പിൾ നീട്ടുന്നു നിങ്ങൾ’ എന്ന കവിത (‘ഞാൻ’ എന്നാണതിന്റെ പേര്) , കവിയെന്ന കുരിശുമരണക്കാരന്റെ നയപ്രഖ്യാപനമാണ്. സർഗവേദനയെക്കുറിച്ച് നിങ്ങൾക്ക് - മധുരത്തിനു കുമ്പിളും കുത്തി കാത്തു നിൽക്കുന്ന വായനക്കാർക്ക് -ഒരു ചുക്കും അറിയില്ലെന്നാണ് കവി അതിൽ കരയുന്നത്. ആയിരം പൂവുകളെ അയാൾ കീറിമുറിച്ചത്, സഹോദരരെ കൊന്നത്, ഭൂമിപുത്രിയെ കാട്ടിലെറിഞ്ഞത്, ഒരു പുതു വിഗ്രഹത്തിനായി പല പല വിഗ്രഹങ്ങൾ തകർത്തത്, ദീപങ്ങളൊക്കെ കെടുത്തി പ്രാർത്ഥിച്ചത്. ശാന്തിയെ കുടിയിരുത്താൻ തീർത്ത ചുടലകൾ. ആരും ഒന്നും അറിയുന്നില്ല. പക്ഷേ യുഗത്തിന്റെ ഇതിഹാസം അയാളുടെ വീരസാഹസചിത്രം രേഖപ്പെടുത്തി വയ്ക്കാതിരിക്കില്ല. ഈ കവിതയിൽ നിന്ന് ഭൂമിയ്ക്കൊരു ചരമഗീതത്തിലെ ‘സൂര്യഗീതത്തിലേയ്ക്ക് ദൂരം വളരെ ചെറുതാണെന്നു കാണാം. മറ്റുള്ളവർക്കായി സ്വയം കത്തിയെരിയുന്ന സുസ്നേഹമൂർത്തിയായ സൂര്യന് സ്വസ്തി ചൊല്ലുന്ന കവിതയാണത്. അദ്ദേഹത്തിന്റെ വറ്റാത്ത നിറവാർന്ന അക്ഷയപാത്രത്തിലെ പാൽ‌വെളിച്ചം കുടിച്ചാണ് കൊച്ചുഭൂമിയിൽ ജീവൻ നൃത്തം വയ്ക്കുന്നത്. ഈ സൂര്യൻ കവി തന്നെയാണ്. താൻ മറ്റുള്ളവർക്കായി എരിഞ്ഞുകൊണ്ടിരിക്കുന്ന സുസ്നേഹമൂർത്തിയാണെന്ന സ്വയം പ്രഖ്യാപനമാണ് കവിത. ‘നീയെന്റെ വാക്കിന്റെ തിരിയിൽ നിന്നെരിയുന്നു’ എന്ന് വാച്യമായി തന്നെ അതിനു കവിതയുടെ അവസാനത്തിൽ കവി അംഗീകാരം കൊടുത്തിട്ടുണ്ട്. വാഴ്വിന്റെ ലഹരി, വാഴ്വെന്ന ലഹരി കവിതാസ്വാദനത്തിന്റെയുമാണെന്ന് പല കവിതകളിലും കവി ആവർത്തിച്ചിട്ടുള്ള ആശയമാണ്. ‘എവിടെയുമെനിക്കൊരു വീടുണ്ട്, ഞാനുണ്ടെഴുതി മുഴുമിക്കാത്ത കവിതയും; കാണുവാനുഴറുന്ന നല്ല മനുഷ്യരും അവരൊത്ത് നുകരാൻ കൊതിക്കുന്ന വാഴ്വിന്റെ ലഹരിയും....( വീടുകൾ) എന്റെ അമൃതമീ നിൻ സ്മൃതികൾ മാത്രം, ചിറകുകളിൽ സംഗീതമുള്ള കളഹംസമേ അരിയ നിൻ ചിറകിന്റെ തൂവലിൻ തുമ്പിൽ ഒരു മാത്രയെങ്കിൽ ഒരു മാത്ര എൻ വാഴ്വെന്ന മധുരമാം സത്യം ജ്വലിപ്പൂ..(ഭൂമിക്കൊരു..)

താൻ ശ്വസിച്ചുജീവിക്കുന്ന ലോകത്തിനു സമാന്തരമായി നിർമ്മിച്ച ഒരു ലോകമാണിത്. ഇഹ ലോകത്തിൽ നിന്നു കിട്ടുന്ന ചോദനകൾക്ക് പരിഹാരം തേടാനുള്ള അതീവസാങ്കൽ‌പ്പികമായ ഒരു ലോകമാണ് ഓയെൻ‌വിയുടെ കാവ്യലോകം. കവിതയെ പാട്ടുമായി അടുപ്പിച്ച കവിയെന്ന പ്രശംസയുണ്ട് ഓയെൻ‌വിയ്ക്ക്. മനസ്സിന്റെ തീർത്ഥയാത്രയിലെ ‘നടന്നും നടന്നേറെ തളർന്നും...’, ചില്ലിലെ ‘ഒരു വട്ടം കൂടി..’, സ്വപ്നത്തിലെ ‘സൌരയൂഥത്തിൽ വിടർന്നൊരു...’, ഉൾക്കടലിലെ ‘ എന്റെ കടിഞ്ഞൂൽ..’, കുമാരസംഭവത്തിലെ ‘പൊൽത്തിങ്കൾക്കല പൊട്ടു തൊട്ട..’ എന്ന ശ്ലോകം. കവിതയെ വിശദീകരിക്കുന്ന തന്റെ പുതിയ ഒരു കവിതയ്ക്ക് അദ്ദേഹം കൊടുത്ത പേരു്, ‘എന്റെ പാട്ടിൽ’ എന്നാണ്. ‘കവിതയിൽ’ എന്നല്ല. സ്വപ്നങ്ങളുടെ വഴക്കമുള്ളതും നിറഭംഗികൾ കലർന്നതും രൂപം മാറുന്നതും ആയ അല്പം നിഗൂഢവുമായ ഘടന ഓയെൻ‌വി കവിതകൾക്കുണ്ട്. അത് ജനപ്രിയമാകുന്നതിന്റെ കാരണമതാണ്. കവിതയിലൂടെ കഥപറയാൻ ഓയെൻ‌വിയ്ക്കുള്ള താത്പര്യം ശ്രദ്ധിച്ചാൽ അതിനുള്ളിൽ പ്രവർത്തിക്കുന്നതുപോലും ഒരു ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്ന ആഖ്യാനഘടനയാണെന്ന് പെട്ടെന്ന് മനസ്സിലാവും. ഇത് കവി അറിയാതിരുന്നിട്ടില്ല. ‘മർത്ത്യനെപ്പറ്റിയാണല്ലോ നിന്റെ പാട്ടുകളെങ്കിലും അമർത്ത്യത കടക്കണ്ണാൽ നിന്നെയെന്നേ വരിച്ചുപോൽ’ എന്ന് ‘മരണത്തിന്നപ്പുറ’മെന്ന കവിതയിൽ എഴുതുന്നു. അമർത്ത്യതയുടെ ലോകം വാക്കിന്റെ ലോകമാണ്. ‘തീരെ ചെറിയ ശബ്ദങ്ങൾ’ എന്ന കവിതയിൽ രണ്ടു തരം ശബ്ദങ്ങളുടെ വിവരണത്തിലും ഈ രണ്ടുലോകങ്ങൾ വിരിയുന്നുണ്ട്. ഒന്ന്, പെരും കൂടം ഇരുമ്പിനെ മെരുക്കുന്നതിന്റെ, കുതിരക്കുളമ്പടികളുടെ, കതിനയുടെ, മഴയുടെ, നദിയുടെ, സ്വതന്ത്രതാ ഗാനത്തിന്റെ വലിയ ശബ്ദങ്ങൾ. പക്ഷേ തനിക്കിഷ്ടം എന്നു പറഞ്ഞ് കവി ചെന്നു കയറുന്നത് ഇലകളിൽ നിന്ന് മഞ്ഞുകണങ്ങൾ വീഴുന്നതിന്റെ, തരിവളകളുടെ, മരമുടിയിഴകൾ തലോടുന്ന കാറ്റിന്റെ, ചിലങ്കയിൽ നിന്ന് അടർന്നു വീഴുന്ന മണികളുടെ, സ്വപ്നത്തിന്റെയൊക്കെ തീരെ ചെറിയ ശബ്ദങ്ങളിലേയ്ക്കാണ്.

താൻ കേന്ദ്രമായ ഒരു സ്വകാര്യലോകത്ത് കവിയിരിക്കുന്നു. അത് വാക്കിന്റെ ലോകവും വാക്കു പുറപ്പെട്ടു വരുന്ന ലോകവും ആകുന്നു. അത് സ്വപ്നത്തിന്റെ നിയമങ്ങളുമായി നീക്കുപോക്കുള്ള ലോകമാണ് . പ്രചോദനങ്ങൾക്കുവേണ്ടിയുള്ള ഒരു ബന്ധം മാത്രമാണ് അതിനീ ഇരുണ്ടവാസ്തവ ലോകവുമായുള്ളത്. ഓയെൻ വി കവിതകളിൽ പരന്നു കിടക്കുന്ന ആശംസകളുടെ എണ്ണം അസംഖ്യമാണല്ലോ. ഭൌതികദുരന്തങ്ങളുടെ നടുവിൽ നിന്നു തിരിഞ്ഞുകൊണ്ടല്ല, ഈ ആശംസകളൊക്കെയും. വെളിച്ചവും പ്രാവുകളും വാക്കുകളും നക്ഷത്രങ്ങളും മഴവില്ലും ആകാശവും മധുരവും സൌന്ദര്യവും ദേവതമാരും തന്റെ വരുതിയിൽ കൈയെത്താവുന്നിടത്തിരിക്കുന്ന ഈ രണ്ടാം ലോകത്തു നിന്ന് പുറപ്പെട്ടു വരുന്നതാണ് അവ.

9 comments:

  1. ഒന്ന്-
    മാർക്സിനു ഭാഗ്യത്തിന്, കവിതയേക്കാൾ വലിയൊരു ദൌത്യമുണ്ടായിരുന്നു, അതുകൊണ്ടാണു ഞാനിന്നു കഞ്ഞികുടിച്ചു കഴിയുന്നതെന്നു പറയാം!
    രണ്ട്-
    ഓഎൻ വിയെ വിലയിരുത്താനൊരു നല്ല ശ്രമം ഈ ലേഖനത്തിലുണ്ട്. ജ്ഞാനപീഠപ്രഭയിൽ കണ്ണു മഞ്ഞളിക്കാതെയും, വെറും പാട്ടുസാഹിത്യമെന്നു പുറം കൈകൊണ്ടു തട്ടിക്കളയാതെയും ഓ എൻ വിയെ കാണാനൊരു ശ്രമം നന്നായി. ചെങ്ങമ്പുഴയാലൊരുപക്ഷേ അടയാളപ്പെടുത്താവുന്ന മലയാള കവിതയിലെ ഒരു സവിശേഷ (ആശാനിൽ തുടങ്ങാത്ത) കാൽ‌പ്പനികത പൂത്തുലയുന്നത് ഓ എൻ വിയിലാണ്. ചത്ത വേരുകൾ, സോപാനസംഗീതം, നിശാഗന്ധി നീ എത്ര ധന്യ ഒക്കെ എഴുതിയ ഓ എൻ വി മലയാളത്തിലെ കാൽ‌പ്പനികതയുടെ ഉത്തുംഗതയാണ്, അതിൽ കുറവല്ല, കൂടുതലുമല്ല.

    ReplyDelete
  2. how can i write in malyalam fond like this please reply
    puyukasa@gmail.com

    ReplyDelete
  3. vyathystamaya ulkazha...palappozhum thonniyitulla samsyamayirunnu ithe...

    ReplyDelete
  4. ജ്ഞാനപീഠലബ്ധിക്കു ശേഷം ശ്രീ ഓ എന്‍ വി യെക്കുറിച്ചു പല ബ്ലോഗുകളിലും ആനുകാലികങ്ങളിലും വന്ന ലേഖനങ്ങളില്‍ വച്ച് ഇത് തികച്ചും വ്യത്യസ്ഥമായി തോന്നി. ഈ കാഴ്ചയ്ക്കു നന്ദി.

    ReplyDelete
  5. ഓയെൻ വി കവിത നേരെ ചൊവ്വെ വായിക്കുന്നവരും നാട്ടിലുണ്ട് എന്ന് മനസ്സിലായി. പൊതുവെ തുളസികതിര് ചൂടി ഒന്നരയും ഉടുത്ത് നിൽക്കുന്നതാണ് ഓയെൻ വി കവിതയെന്ന് വായനയുടെ തുടക്കകാലം മുതൽ എന്നെ ബാധിച്ചിരുന്നു. അതത്ര ശരിയല്ല എന്ന് എനികറിയാഞ്ഞിട്ടല്ല. എങ്കിലും ഇപ്പോഴും ആ പ്രേതം എന്നെ വിട്ടുപോകുന്നില്ല. നന്ദി.

    ReplyDelete
  6. ഓ.എന്‍.വീ ടെ കവിതകള്‍ നെരുദയുടെ കവിതയും ആയീ ചെര്‍തുവക്കുനത് ആനയും അണ്ണനും പോലെയാനുതോനുനത്. മാർക്സിന്റെ ന്റെയും റഷ്യന്‍ കവി പുഷ്കിന്റെയും കവിതകള്‍ മോഴിമാറ്റും ചെയ്തും,സിനിമ/നാടകം പാട്ടെഴുതിയ ഓ.എന്‍.വീ അത്രമാത്രം.

    ReplyDelete