February 10, 2010
അകര മുതൽ എഴുത്തെല്ലാം....
പന്തിരുകുലത്തിന്റെ കഥയ്ക്ക് കേരളത്തിൽ നല്ല പ്രചാരമുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാവരും ഒരുപോലെ ജനപ്രിയരല്ല. ചരിത്രത്തിന്റെ അടിവേരു തിരഞ്ഞ കേസരി ബാലകൃഷ്ണപിള്ളയ്ക്കും വടുതല നായർ ആരാണെന്ന് പറയാൻ കഴിഞ്ഞില്ല. ചേരാനല്ലൂർ കർത്താവിന്റെ വംശത്തിലെ ഒരു ഹിന്ദു പണ്ഡിതനായിരിക്കാം എന്നു പറഞ്ഞ് കേസരി വരയിട്ടു നിർത്തി. ഉപ്പുകൊറ്റൻ (ഉപ്പു കൂറ്റൻ) ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുഹമ്മദീയനാണോ പരദേശിയാണോ എന്നൊക്കെയുള്ള തർക്കം ഇപ്പോഴുമുണ്ട്. വരരുചിയുടെ സന്താനങ്ങളിലെ ഏക സ്ത്രീ കാരയ്ക്കലമ്മയെക്കുറിച്ചും അധികം വിവരം നമുക്ക് ലഭിച്ചിട്ടില്ല. ഐതിഹ്യമാല എഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി രജകൻ ഉൾപ്പടെ ആറുപേരെക്കുറിച്ചുള്ള കഥകൾ അത്ര പ്രസിദ്ധമായി കേട്ടിട്ടില്ലെന്നു പറയുന്നു. കേരളം എന്ന പേരിൽ ആദിമ ചരിത്രത്തെ പദ്യത്തിലാക്കിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, പന്തിരുകുലത്തിന്റെ ജാതിവൈചിത്ര്യത്തെ പരാമർശിച്ചിട്ട് അഗ്നിഹോത്രി, നാറാണത്തുഭ്രാന്തൻ, പെരും തച്ചൻ, പാണൻ, ചാത്തൻ, പാക്കനാര് എന്നീ പേരുകൾ മാത്രമെഴുതി. ഇവരിൽ നിന്നും കേരളത്തിൽ ജാതി ഉരുത്തിരിഞ്ഞു എന്ന ഐതിഹ്യത്തെ ഒന്നു സൂചിപ്പിച്ചു വിട്ടു. കേരളീയസമൂഹത്തിലെ ജാതിപ്രതിനിധാനം എത്രത്തോളം ഈ ഐതിഹ്യം വഹിക്കുന്നുണ്ടെന്നതു പ്രശ്നമാണ്. അതു പിന്നീടാവട്ടെ, അതല്ല . ഇക്കൂട്ടത്തിൽ തന്നെപ്പെടുന്ന, അധികം കഥകൾ ലഭിച്ചിട്ടില്ലാത്ത, നാം തീരെ പ്രാധാന്യം കൊടുത്തിട്ടില്ലാത്ത ‘വള്ളോൻ’ തമിഴർ നെഞ്ചേറ്റിഅഭിമാനമായി കൊണ്ടു നടക്കുന്ന തിരുവള്ളുവർ തന്നെയാണോ എന്നുള്ളതാണ് വിഷയം.
അതെ എന്നൊരു വാദമുണ്ട്. സംഘകാല കവികളുമായി വിദൂരബന്ധം എങ്ങനെയോ പന്തിരുകുല കഥയ്ക്ക് വന്നുച്ചേർന്നിട്ടുണ്ട്. ചോളരാജാക്കന്മാരിൽ പ്രസിദ്ധനായിരുന്ന കരികാലചോളൻ കാവേരിയിൽ ഒരു അണകെട്ടാൻ ശ്രമിച്ചിട്ട് (നരബലി വരെ നടത്തിയിട്ടും) അതുറയ്ക്കാതെ വന്നപ്പോൾ തിരുവള്ളുവർ മേഴത്തോൾ അഗ്നിഹോത്രിയെ വിളിക്കാൻ ഉപദേശിച്ചതായി ഒരു കഥയുണ്ട്. ഭാരതപ്പുഴയിലെ ഏറ്റവും ആഴമുള്ള സ്ഥലമായ കണ്ണനൂർ കയത്തിൽ ധാരാളമായി കാണുന്ന കോഴിപ്പരൽ (അയേൺ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ്) ഉപയോഗിച്ച് അഗ്നിഹോത്രി അണ ഉറപ്പിച്ചു നിർത്തി. ഏതാണ്ട് രണ്ടായിരം കൊല്ലങ്ങൾക്കു മുൻപുള്ള സംഭവമാണ്. അഗ്നിഹോത്രി തിരിച്ചു വന്നപ്പോൾ ആ പ്രഭാവത്തിൽ മയങ്ങി, കരികാലന്റെ മകൾ ആതിമന്തിയും കൂടെ ചേരനാട്ടിലേയ്ക്കു പോന്നു. കരിങ്കളവാതനാർ എന്ന സംഘകവി ഇക്കാര്യം പദ്യത്തിൽ പരാമർശിച്ചിട്ടുണ്ട്. രാജപുത്രിയുടെ മലയാളികാമുകനെ അദ്ദേഹം വിളിക്കുന്നത് ‘അട്ടനത്തി’ എന്നാണ്. ‘അഗ്നിഹോത്രി’ ആദിദ്രാവിഡലിപിയിൽ മാറിയ ഒരു മാറ്റം ! ഈ കഥ കണ്ണടച്ചങ്ങു വിശ്വസിച്ചാൽ പന്തിരുകുലത്തിന്റെ ചരിത്രം ചികയൽ പിന്നെയും പ്രശ്നസങ്കുലമായി നീറും. കാരണം വിക്രമാദിത്യൻ എന്നു പ്രസിദ്ധനായ ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലം ക്രിസ്തുവിനു ശേഷം 376-413 ആണ്. അദ്ദേഹത്തിന്റെ സദസ്സിലെ നവരത്നങ്ങളിലൊന്നായിരുന്നല്ലോ വരരുചി. (ആവണമെന്നില്ല. പല രാജാക്കന്മാർക്കും വിക്രമാദിത്യൻ എന്നു പേരുണ്ടായിരുന്നു. പെരുമാൾ തിരുമൊഴി രചിച്ച കുലശേഖരനും ഒരു വിക്രമാദിത്യനാണ്. അതുപോലെ വരരുചിമാരും പലരാണ്) ‘കടപയാദി’ സമ്പ്രദായപ്രകാരം (അക്ഷരങ്ങൾക്ക് സംഖ്യനിശ്ചയിച്ച് കാലഗണന നടത്തുന്ന സമ്പ്രദായമാണ് കടപയാദി. അക്ഷരസംഖ്യയെന്നും പരല്പേരെന്നും പേരുണ്ടിതിന്. ഇതു കണ്ടുപിടിച്ചതു വരരുചിയാണെന്ന് പറയപ്പെടുന്നു. അല്ലെന്നും പറയുന്നു) വരരുചിയുടെ കാലം ക്രിസ്തുവിനു മുൻപ് 200-400 നും ഇടയ്ക്കാണ്. കേസരി പറയുന്നത് ഏ ഡി 682 -നു അടുത്ത് മരിച്ച കുമാരിലഭട്ടനാണ് വരരുചി എന്നാണ്. തിരുച്ചിറപ്പള്ളിയ്ക്കടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലെ 18 ആഴ്വാർമാരിലൊരാൾ നമ്മുടെ പാണനാരാണ്. ഈ പാണനാരും സംഘകവയിത്രിയായ ഔവ്വയാരും ഒന്നാണെന്ന് വിശ്വസിക്കുന്നവർ തമിഴ്നാട്ടിലുണ്ട്. കാവേരിയിലൂടെ ഒഴുകി വന്ന പെൺകുട്ടിയായിരുന്നു ഔവ്വയാർ. പാട്ടുപാടി നടക്കുന്ന ഒരു വർഗത്തിന്റെ മുറവച്ചാണോ ഈ ഐതിഹ്യം രൂപപ്പെട്ടത് എന്നാലോചിക്കേണ്ടതുണ്ട്. മറ്റൊരു സാന്ദ്രീകരണം കൂടി നടന്നിട്ടുണ്ട്. പന്തിരുകുലത്തിന്റെ മാതാവ് ‘ആദി’ ഇങ്ങനെ നദിയിൽ ഒലിച്ചു വന്ന പെൺകുട്ടിയാണ്. ചെന്നെത്തിയത് ‘നദി പെറ്റ മന’യിൽ (നരിപ്പറ്റമന). അങ്ങനെയാണ് ദേശാന്തരക്കാരനായ വരരുചിയുടെ ‘കുടി’യായത്. അവരുടെ ജീവിതം പെരും ദുരന്തത്തിലായിരുന്നു. നഷ്ടപ്പെട്ട മക്കളെയോർത്ത് (അല്ലെങ്കിൽ അവിരാമമായ അലച്ചിലുകൾ ബാധിച്ച്) അവർ ജീവിതത്തിന്റെ മിച്ചഭാഗങ്ങളിൽ ഭ്രാന്തിയായിതീർന്നു എന്നൊരു കഥയുണ്ട്. മണ്ണൂർ വടവട്ടൂർകുറിശ്ശി ക്ഷേത്രത്തിനടുത്ത് വച്ച് സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു, പന്ത്രണ്ടു മക്കളെ പെറ്റിട്ടും ഒന്നിനെപ്പോലും ലാളിക്കാൻ കഴിയാത്ത ആ അമ്മ. പന്തിരുകുലത്തിലെ സന്തതികൾക്ക് ഒന്നൊഴിയാതെ അലച്ചിലും ഉന്മാദാവസ്ഥയും പകർന്നു കിട്ടിയിട്ടുണ്ട്. വെറും കഥയാണെന്നു വരികിലും ഇങ്ങനെ (മലയാളിയുടെ) മാനസികജീവിതവുമായി ഒത്തുപോകുന്ന കഥകളധികമുണ്ടോ?
വള്ളുവരുടെ കാലത്തെപ്പറ്റിയും ഇല്ല, ഏകീകൃതമായ അഭിപ്രായം. ക്രിസ്തുവിനു മുൻപാണോ പിന്നീടാണോ എന്നു തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ബുദ്ധന്റെ മതാചാരങ്ങൾ വള്ളുവർ നിഷേധിക്കുന്നു എന്നു പറയുന്നവരുണ്ട്. (അതിനാൽ ബൌദ്ധകാലത്തിനുശേഷമാണെന്ന് തിരുക്കുറളിന്റെ രചന എന്ന്). പക്ഷേ കേസരി വള്ളുവനെന്ന പദത്തിന്റെ അർത്ഥം തന്നെ ശാക്യൻ അഥവാ ബുദ്ധമതക്കാരൻ എന്നാണെന്നു പറയുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തൽ പ്രകാരം ബൌദ്ധന്യായശാസ്ത്രജ്ഞനായ ധർമ്മകീർത്തിയാണ് പന്തിരുകുലത്തിലെ വള്ളോൻ. തിരുവള്ളുവരെ പ്രകീർത്തിച്ച് എഴുതിയിട്ടുള്ള ‘തിരുവള്ളുവമാലൈ’യിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടത്രേ. തിരുമാൽപുരത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം എന്ന് ബൌദ്ധഗ്രന്ഥങ്ങൾ. എന്നുവച്ചാൽ തിരുമലയപുരം! മൈലാപ്പൂർ ! ഇതേസ്ഥലത്താണ് വരരുചിയും ജനിച്ചത്. (കാവേരി തീരത്തെ പൂംപുഹാറിലാണ് വള്ളുവർ ജനിച്ചതെന്നും വിശ്വാസമുണ്ട്) ഭഗവാൻ എന്ന സിദ്ധന് ആദി എന്ന ഭാര്യയിൽ പിറന്ന ഏഴു സന്താനങ്ങളിൽ ഒരാളായിരുന്നു വള്ളുവർ. ഈ സന്താനങ്ങളെ എല്ലാം മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാണ് തമിഴ് ഐതിഹ്യം. ഉപേക്ഷിക്കപ്പെട്ട സന്താനങ്ങളിലൊരാളായിരുന്നു ഔവ്വയാർ. കണക്കനുസരിച്ച് വള്ളുവരുടെ ചേച്ചി. പാണനാരാണ് ഔവ്വയാർ എന്ന സങ്കല്പത്തെ ചേർത്തു വച്ച് ഇതു വായിക്കണം. ഒരു പ്രദേശത്ത് നിന്ന് ദേശാന്തരം നടത്തുമ്പോൾ കഥകൾക്കു വരുന്ന പരിണാമം ! മാതാനുപങ്കി എന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ദമ്പതികൾക്ക് മക്കളുണ്ടായില്ല. ജാതിയിൽ പറയനായിരുന്നു വള്ളുവർ. ക്രിസ്തുവർഷാരംഭത്തിനടുത്ത് പറയഗോത്രക്കാർക്ക് രാജ്യത്ത് മുന്തിയ പരിഗണനയുണ്ടായിരുന്നിരിക്കണം. ജൈനമതവിശ്വാസിയായിരുന്നെന്നും ആ വഴിയ്ക്ക് സിദ്ധിച്ചതാണ് പാണ്ഡിത്യമെന്നും മറ്റൊരഭിപ്രായം. കേസരി പറയുന്നത് ഇദ്ദേഹം ബുദ്ധമതാനുയായിയും വിശാരദനുമാണെന്നാണ്. വള്ളോൻ പറയഗോത്രക്കാരുടെ പുരോഹിതനാണത്രേ. എന്നാൽ തെക്കൻ കേരളത്തിലെ പുലയരുടെ സ്ഥാനപ്പേരാണ് വള്ളോൻ എന്നത്. പുലയർക്കിടയിലെ അനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകുന്നത് വള്ളോനാണ്. നദിയിൽ മീൻ പിടിക്കുന്നവൻ എന്നൊരർത്ഥവും വള്ളോൻ എന്ന പദത്തിനുണ്ട്. അണകെട്ടുമായി ബന്ധപ്പെട്ട്, കരികാലചോളനെ ഉപദേശിക്കത്തക്ക പദവി വള്ളുവർക്കുണ്ടായിരുന്നെന്നാണല്ലോ കഥകൾ കാണിക്കുന്നത്. രാജാവിന്റെ കർമ്മത്തലവൻ എന്ന അർത്ഥം അപ്പോൾ സാധുവാണ്. ജാതിയെയും വിശ്വാസത്തെയും പറ്റി മാത്രം എത്ര പക്ഷാന്തരങ്ങൾ ! നിളാതീരത്തെ അഗ്നിഹോത്രിയുമായി കാവേരീതീരത്തെ വള്ളുവർക്ക് ഏതോ തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നു എന്നത് സംശയമില്ലാത്ത വസ്തുതയാണ്. കന്യാകുമാരിയിൽ 133 അടി ഉയരമുള്ള ഒരു വലിയ പ്രതിമയായി വള്ളുവർ ഉയർന്നു നിൽക്കുന്നു. ചെന്നൈക്കടുത്ത് തിരുവള്ളുവർക്കോട്ടവുമുണ്ട്. കേരളത്തിൽ വള്ളോനെ ഓർമ്മിക്കാൻ ഒന്നുമില്ല. കുടിയോ ക്ഷേത്രമോ മലയോ കാവോ പറമ്പോ ഒന്നും. അപ്പോൾ വള്ളോൻ തമിഴൻ തന്നെ ആയിരുന്നിരിക്കണം. നമ്മളദ്ദേഹത്തെ സാംസ്കാരികമായി സ്വാംശീകരിച്ചതാണ്.
തിരുക്കുറലാണ് വള്ളുവരുടേതായി ലഭിച്ചിട്ടുള്ള പുസ്തകം. ദ്രാവിഡവേദം എന്നും അതിനു പേരുണ്ട്. ധർമ്മത്തിലധിഷ്ഠിതമായി അർത്ഥവും കാമവും നേടുന്നതിനെപ്പറ്റിയാണ് കുറൾ (ഏറ്റവും ചെറിയ ഈരടി) ഉദ്ബോധിപ്പിക്കുന്നത്. വള്ളുവർ മുജ്ജന്മ കർമ്മഫലങ്ങളിൽ വിശ്വസിച്ചു. 113 അധികാരങ്ങളിലായി 1330 ഈരടികളുണ്ട് തിരുക്കുറലിൽ. അധികാരങ്ങളിൽ ആദ്യത്തെ 38 എണ്ണം ധർമ്മ (അറം) ത്തെപ്പറ്റിയാണ്. 70 എണ്ണം രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളെപ്പറ്റിയും (പുറം) ബാക്കി 25 എണ്ണം കാമത്തെ/സ്നേഹത്തെ സംബന്ധിച്ചുമാണ്. എൽ വി രാമസ്വാമി കൊല്ലവർഷം 770 വൃശ്ചികമാസം 28-നു (ക്രിസ്ത്വബ്ദം 1595) എഴുതി തീർത്ത ഒരു മലയാളവിവർത്തനം രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ കുറലുകൾ ഇങ്ങനെ :
കുറൽ 208.
തീയവേ ചെയ്താർ കെടുതൽ നിഴൽ
തന്നെ വീയാതു അടി ഉറൈന്തറ്റു
ദോഷംഞ്ചൈവനക്കേടു അവനെത്തന്നെ
ചുറ്റി നിഴൽ പോലെ നിൽക്കും
കുറൽ 209.
തന്നെത്താൻ കാതലൻ ആയിൻ
എനൈതൊന്റു തുന്നർക തീവിനൈപ്പാൽ
തന്നെതനിക്ക സ്നേഹമുള്ളവൻ ഒരുത്തരെക്കുറിച്ച
കുറെഞ്ഞൊരു ദോഷമെങ്കിലും ചെയ്യായ്ക.
ഇതേ കുറലുകൾ എം ആർ ആർ വാര്യർ വിവർത്തനം (2003-ൽ) ചെയ്തിരിക്കുന്നത് ഇങ്ങനെ :
208.
വിനചെയ്‌വീടുവോൻ തന്റെ
വിനാശം നിഴൽ പോലവേ
അവനെ പിന്തുടർന്നോരോ
ചുവടും ചൂഴ്ന്നു നിന്നിടും
209.
തന്നിൽ താൻ സ്നേഹമർപ്പിക്കിൽ
ഒരു നേരവുമന്യരിൽ
അണുമാത്രമതെങ്കിലും
വിന ചെയ്യാതിരിക്കുക. (ഭാഷയും പരിഭാഷയും - എം പി സദാശിവൻ)
തിരുക്കുറലിനു 1875 - ൽ അഴകത്തു നാരായണക്കുറുപ്പിന്റെയും 1899-ൽ ഗോവിന്ദപിള്ളയുടേയും പരിഭാഷകളുണ്ടായി. പുറമേ എം ആർ വിജയനാഥൻ, മലമൽ ഗോപാലപ്പണിക്കർ, വടയാറ്റുകോട്ട കെ പരമേശ്വരപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കെ ചെല്ലൻ നാടാര്, പി രാമകൃഷ്ണപിള്ള, പി ദാമോദരൻ പിള്ള, എസ് രമേശൻ നായർ, വെള്ളയാണി സുധാകരൻ - കുമാരമംഗലം ശ്രീകുമാർ (ഒന്നിച്ച്), ജി ബാലകൃഷ്ണൻ നായർ, ഷൈലജ രവീന്ദ്രൻ തുടങ്ങിയവരുടെ ഭാഷാന്തരങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്.
പുസ്തകം -
പന്തിരുകുലത്തിന്റെ പിൻഗാമികൾ - ഡോ. രാജൻ ചുങ്കത്ത്
വള്ളുവരുടെ കാലം ക്രിസ്തുവിന് മുന്‍പാണന്നാണ് ഓര്‍മ്മ. രാജന്‍ ഗുരുക്കളൂടെ പുസ്തകത്തില്‍ പണ്ട് വായിച്ചതായി ഓര്‍ക്കുന്നു.
ReplyDeleteതിരുക്കുറലിന് മണവൂര്‍ രാമന്‍ പിള്ളയുടെ ഒരു മുഴിമിക്കാത്ത പരിഭാഷ കൂടിയുണ്ട്. അദ്ദേഹം മഞ്ഞപിത്തം ബാധിച്ച് മരിക്കുമ്പോള്‍ അതിന്‍റെ പണിയിലായിരുന്നു. അത് 1902-ല്‍ ആണ്.
നല്ല ലേഖനം. കൂടുതല്‍ അറിഞ്ഞു.
ഇതൊക്കെ ഇങ്ങനെയല്ലാതെ എഴുതാന്‍ വല്ല വഴിയുമുണ്ടയിരുന്നെങ്ങില്‍ !!:)
ReplyDeletemuzhuvan vaayichu teernnittilla....
ReplyDelete"തുപ്പാര്‍ക്ക് തുപ്പായ തുപ്പാക്കി തുപ്പാര്‍ക്ക് തുപ്പായ തൂവും മഴൈ"
ReplyDeleteപണ്ട് തൂത്തുക്കുടിയിലെ അമ്മായിയെ കാണാന്‍ എറണാകുളത്ത് നിന്നും തിരുവള്ളുവര്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ പോകുമ്പോള്‍ എല്ലാ സീറ്റിന്റെ പുറകിലും ഓരോ കുറലുകള്‍ ഉണ്ടാകും. തമിഴക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ തുടങ്ങിയത് ഈ യാത്രകളിലായിരുന്നു. ഇപ്പോഴും പൂര്‍ണ്ണമായും അര്‍ത്ഥം മനസ്സിലാകാത്ത കുറേ കുറലുകള്‍ കാണാപാഠം പഠിച്ചിരുന്നത് പിന്നീട് ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകരെ അമ്പരപ്പിക്കാനും ചെറിയ രീതിയില്‍ ഒരു ഹീറോ ആകാനും സഹായിച്ചിരുന്നു. നമ്മുടെ പന്തിരുകുലത്തിനും ഇദ്ദേഹത്തിനും ഉള്ള ബന്ധം അന്നറിഞ്ഞിരുന്നെങ്കില്‍ ഇച്ചിരേം കൂടെ പൊലിപ്പിക്കാമായിരുന്നു.
വെള്ളെഴുത്തേ, അറിവുകള്‍ പങ്കു വച്ചതിനു നന്ദി!
ഈ വിഷയത്തില്‍ കിച്ചു എന്ത് പറയുന്നു? :)
ReplyDeleteഅല്ല, നിങ്ങക്കിതെന്തിന്റെ കേടാ മാഷേ?
ReplyDeleteകൊട്ടാരത്തിൽ ശങ്കുണ്ണി ഒരു ജാതിക്കോമരമായിരുന്നില്ലേ (ഐതിഹ്യ മാല ഒരബദ്ധപഞ്ചാംഗമാണെന്നത് സത്യം, പിന്നേ ഈ പന്തിരുകുലത്തിന്റെയും ആദിബീജം ബ്രാഹ്മണന്റേതല്ലേ !) അയാളിലാണോ മലയാളിയുടെ ജാതി ചരിത്രം റഫർ ചെയ്യേണ്ടത്?
പോരാത്തതിന് തിരുക്കുറൽ തർജ്ജമചെയ്തവരായി വേശ്യാപാരമ്പര്യമുള്ള കുറേ നായമ്മാരുടെ പേരുകളും. അതിൽപ്പെടാത്ത ഒന്നുരണ്ട് പേരുകളെഴുതിയതൊന്നും പ്രാ യശ്ചിത്തമാകില്ല...
എല്ലാരുമിപ്പമിങ്ങെത്തും.. സൂക്ഷിച്ചിരുന്നോ....
കഴിഞ്ഞ വർഷം കേരളത്തിലെ ഒരു ശാസ്ത്രഞ്ജൻ, DNA test വഴി പന്തിരുകുലത്തിന്റെ പിൻതുടർച്ച തെളിയിക്കാൻ ശ്രമിക്കുന്നതായി വാർത്ത കണ്ടിരുന്നു. കൂടുതലൊന്നുമറിയില്ല. എന്തായാലും, കുറളുകളുടെ മഹത്വത്തിനു തെളിവുകൾ വേണ്ട. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ReplyDeleteഅകാരമാമെഴുത്താദി-
ReplyDeleteയാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി
ഭഗവാനാദിയായിടും
-----------
ഗുരുദേവന്റെ ‘തിരുക്കുറൽ‘ വിവർത്തനകൃതിയിലൂടെയുള്ള അറിവേ തിരുവള്ളുവരെക്കുറിച്ചുണ്ടായിരുന്നുള്ളൂ.
പന്തീരുകുലത്തിലെ അംഗമാണെന്ന കണ്ടെത്തൽ പുതിയ അറിവാണ്.
വാക്യത്തില്‍ പിശക്. "അഗ്നിഹോത്രി ഭാരതപ്പുഴയിലെ എറ്റവും ആഴമുള്ള സ്ഥലമായ കണ്ണനൂർ കയത്തിൽ ധാരാളമായി കാണുന്ന കോഴിപ്പരൽ എന്ന അയേൺ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ഉപയോഗിച്ച് അഗ്നിഹോത്രി അണ ഉറപ്പിച്ചു നിർത്തി."
ReplyDeleteസാരല്യ ന്നാലും..
-സു-
നന്ദി സുനിലേ. വാക്യാരംഭത്തിലെ അഗ്നിഹോത്രിയെ വെട്ടി.
ReplyDeleteനമ്പൂതിരിക്കും നാർക്കും കോട്ടം വരാത്ത തരത്തിൽ എല്ലാം തിരുത്തി ഏഴുതി.
ReplyDelete