February 16, 2010

ശേഷം കാഴ്ചയിൽ

2008 ഡിസംബറിലാണ്, താഴേയ്ക്കു കൂപ്പുകുത്തുന്ന മലയാളം സിനിമയെ രക്ഷിക്കാൻ നിർമ്മാതാക്കളെല്ലാം ചേർന്ന് അരപ്പട്ട മുറുക്കാൻ പോവുകയാണെന്ന സൂചന നൽകിക്കൊണ്ട് കെ എഫ് പി എ യുടെ കാര്യദർശി സാബു ചെറിയാൻ പത്രസമ്മേളനം നടത്തിയത്. ഒന്നരക്കോടിയിൽ തീരുന്ന മട്ടിൽ 6 സിനിമകൾ വരും വർഷം (അതായത് 2009-ൽ) നിർമ്മിക്കാൻ നിർമ്മാതാക്കളുടെ സംഘം തയാറെടുക്കുകയാണെന്നും അതിൽ അഭിനയിക്കുന്നതെല്ലാം പുതുമുഖങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സൂപ്പർ സ്റ്റാറിനെ വച്ച് സിനിമയെടുത്താൽ ഏതാണ്ട് 3.5 മുതൽ 4 കോടി വരെയാണ് ചെലവ്. അതിൽ പകുതിയിലേറെ താരത്തിനാണ് പോവുക. സൂപ്പർ താരവും രണ്ടാംകിട നടന്മാരും തമ്മിൽ ഫീൽഡിൽ നിലനിൽക്കുന്ന വ്യത്യാസം ഭീകരമാണ്. തനി മുതലാളിത്തമട്ടിലാണ് മലയാളസിനിമയുടെ ലോകത്തെ സാമ്പത്തികവ്യവസ്ഥ. ‘ഉള്ളവരായ’ മഹാന്യൂനപക്ഷം വീണ്ടും വീണ്ടും പണം കൊണ്ടു കൊഴുക്കുമ്പോൾ, കഴിവുള്ള മഹാഭൂരിപക്ഷം അവസരത്തിനായി വെള്ളിത്തിരയിലെ ആൾദൈവങ്ങളുടെ കാൽതൊട്ട് കുമ്പിട്ടു നിന്നാലെ പറ്റൂ. ഒരഭിമുഖത്തിൽ രാജൻ പി ദേവ് പറഞ്ഞത് ‘മമ്മൂട്ടിയ്ക്ക് നൃത്തം ചെയ്യാൻ അറിഞ്ഞുക്കൂടാത്തതല്ല, അതറിയാവുന്ന മമ്മൂട്ടി തനിക്കത് അറിയില്ലെന്ന മട്ടിൽ അഭിനയിക്കുന്നതാണ് അദ്ദേഹത്തിന്റെ വൈഭവം എന്നാണ്. തൊമ്മനും മക്കളും എന്ന സിനിമയിൽ ‘തൊമ്മൻ’ നായകനായ മമ്മൂട്ടിയല്ല. സിനിമയ്ക്ക് അങ്ങനെ പേരിടാൻ സമ്മതിച്ചതു തന്നെ മമ്മൂട്ടിയുടെ വലിയ മനസ്സിനെയാണത്രേ കാണിക്കുന്നത് ! സാധാരണ കാര്യങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത സലീം കുമാർ ഒരഭിമുഖത്തിനിടയിൽ പറഞ്ഞു, ഫ്ലെക്സിബിലിറ്റി എന്ന കഴിവ് മമ്മൂട്ടിയ്ക്കാണ് കൂടുതൽ, മോഹൻ ലാലിനല്ല എന്ന്. വ്യക്തിപരമായ അഭിപ്രായപ്രകടനം എന്ന നിലയിൽ ഇതൊന്നും അത്രകാര്യമാക്കേണ്ടതില്ല. എന്നാൽ മമ്മൂട്ടി മോഹൻലാൽ ദിലീപ് പ്രഭൃതികളുടെ സിനിമകൾ എടുത്തുവച്ചുനോക്കുക. അവയിൽ ഉപഗ്രഹങ്ങളായി ചുറ്റുന്നത് സ്ഥിരം ചില നടൻമാരാണ്. അപ്പോൾ അഭിപ്രായപ്രകടനങ്ങൾ ആത്മനിഷ്ഠമായി ഒരിടത്തേയ്ക്ക് ചാഞ്ഞിരുന്നല്ലേ പറ്റൂ. ബി ഉണ്ണികൃഷ്ണൻ (സംവിധായകൻ) മോഹൻലാലിന്റെ നാവായാണ് അറിയപ്പെടുന്നത്. ഒരിക്കൽ ഒരു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിലപിച്ചത്, ‘കൊച്ചിൻ ഹനീഫ, സലീംകുമാർ, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്.... തുടങ്ങിയർ ഒരിടത്ത് താമസിച്ചിരുന്നെങ്കിൽ തന്റെ പണി എളുപ്പമായേനേ’ എന്ന്. ഒരു കൂട്ടം ഒന്നിച്ചാണ് ഒരു സിനിമയിൽ. ദിലീപിന്റെ സിനിമയിൽ നോക്കുക, ഒരു കൂട്ടം. മോഹൻ ലാലിന്റെ സിനിമയിൽ മറ്റൊരു കൂട്ടം, മമ്മൂട്ടിച്ചിത്രത്തിൽ വേറെ കൂട്ടം. ഇവരെ ഒന്നിച്ചു കൊണ്ടു വരികയും പോവുകയും ചെയ്താൽ എക്സിക്യൂട്ടീവിനു പണി കുറയും. നിർമ്മാതാവിന് ആവകയിൽ കുറച്ചു ലാഭവും കിട്ടും. കഥാപാത്രങ്ങൾ പ്രസക്തമല്ല. നടന്മാരും പക്ഷപാതങ്ങളുമാണ് മലയാള സിനിമയെ ഭരിക്കുന്നത്. പിന്നെ അതിന്റെ കലാപരമായ ഗ്രാഫ് താഴോട്ടു പോകാതെന്തു ചെയ്യും?

2008 -ൽ നിർമ്മിച്ച 54 പടങ്ങളിൽ നാലെണ്ണമാണ് വിജയിച്ചത്. 2009 -ലെ 37 സിനിമകളിൽ ഹരിഹര നഗർ 2-ഉം ഭാഗ്യദേവതയുമാണ് ബോക്സ് ഓഫീസ് കടന്നു കൂടിയത്. (കണക്കുകൾ സാബു ചെറിയാന്റെ വക) കേരളത്തിലെ ചലച്ചിത്ര വിതരണക്കാരുടെ അസോസ്സിയേഷൻ പ്രസിഡന്റ് ജി ജയകുമാറും സമാന അഭിപ്രായം വച്ചു പുലർത്തുന്ന ആളാണ്. മൊത്തം നിർമ്മാണച്ചെലവിന്റെ 10% മാത്രമേ പരസ്യത്തിനായി നിർമ്മാതാവിന് മുടക്കാൻ പറ്റൂ. പ്രധാനപത്രത്തിൽ സിനിമാപരസ്യം ഒരു പ്രാവശ്യം വരാൻ നിലവിൽ രണ്ടു ലക്ഷം രൂപ കൊടുക്കണം. ഇങ്ങനെ എത്ര പരസ്യം കൊടുക്കാൻ നിർമ്മാതാക്കൾക്കു ഇപ്പോൾ പറ്റും? പിന്നെ ടി വി, ഫ്ലക്സ്, വാൾപോസ്റ്ററുകൾ... (താരത്തിനുള്ള ഫ്ലക്സുകൾ പാലഭിഷേകം തുടങ്ങിയവ ഫാൻസുകാരുടെ വകയാണ്) ഇതുകൊണ്ടൊക്കെയാണ് മലയാളം സിനിമയെ അങ്ങേയറ്റം പോയാൽ 3.5 കോടിയിൽ ഒതുക്കിയിടണം എന്ന് നിർമ്മാതാക്കളെല്ലാം കൂടി നിശ്ചയിച്ചത്. അതിനപ്പുറം ഒരണ ചെലവാക്കാൻ നിൽക്കരുതെന്നാണ് അന്ത്യശാസനം. കൂടെ വേറെയുമുണ്ട് നിയമങ്ങൾ. 45 ദിവസം കൊണ്ടവസാനിക്കണം ഷൂട്ടിംഗ്. സെറ്റിൽ നിർമ്മാതാവിനല്ലാതെ മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദം നൽകരുത്. കൃത്യം ഏഴു മണിക്ക് ഷൂട്ടിംഗ് ആരംഭിച്ചിരിക്കണം. 60 അസംസ്കൃത ഫിലിം റോളുകൾ മാത്രമേ മൊത്തം ഷൂട്ടിംഗിനായി ഉപയോഗിക്കൻ പാടുള്ളൂ. നിർമ്മാതാക്കളും സാങ്കേതികക്കാരും വിതരണക്കാരുടെ നേതാക്കളും കൈയ്യടിച്ചു പാസാക്കിയെങ്കിലും ഈ അഞ്ചിനപരിപാടി വിജയത്തിലെത്തുന്ന കാര്യം സംശയമാണ്. സാബു ചെറിയാൻ 2009 -ലെ പ്രോജക്ട് ആയി അവതരിപ്പിച്ച 6 സിനിമകളിൽ ഒന്നിന്റെയെങ്കിലും ആരവം എങ്ങാനും കേൾക്കാനുണ്ടോ? ഒന്നു കാതോർത്തു നോക്കിക്കേ. ഇതിപ്പോൾ 2010 ആയി. അങ്ങും ഇങ്ങും തൊടാതെ മോഹൻലാൽ പറഞ്ഞത് ‘പ്രതിഫലം വാങ്ങുന്നത് കൂടുതലാണെന്ന് തോന്നുന്നെങ്കിൽ എന്നെ വിളിക്കണ്ട. മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്തോളാൻ’. പുള്ളിയ്ക്ക് സ്വന്തമായി ഒരു നിർമ്മാണക്കമ്പനിയുണ്ട്. കൊള്ളാമെന്നു തോന്നുന്ന തിരക്കഥയെല്ലാം ആന്റണി പെരുമ്പാവൂരിനാണ് എന്ന കിംവദന്തി പണ്ടേ ഫീൽഡിലുള്ളതാണ്. (ദശരഥത്തിന്റെയും ഹിസ് ഹൈനസ്സ് അബ്ദുള്ളയുടെയും കഥ ഒന്നിച്ചു കേട്ടിട്ട് ദശരഥം, കഥ കേൾപ്പിക്കാൻ വന്നവനു കൊടുത്തു. കണ്ണടച്ചിരുന്നിട്ട് ഹൈനസ്സ് ഇങ്ങെടുത്തു..ദശരഥം എട്ടു നിലയിൽ പൊട്ടി, ഹൈനസ്സോ...) മമ്മൂട്ടിയും തുടങ്ങിയിട്ടുണ്ട് ഒരു വിതരണക്കമ്പനി. ചന്തുമാരെ തോത്പിക്കാൻ ആർക്കും പറ്റില്ല മക്കളേ. പിന്നെയുള്ള ഭീഷണി ഡബ്ബു ചെയ്തതും ചെയ്യാത്തതുമായ മറ്റു ഭാഷാചിത്രങ്ങൾ പണം വാരിക്കൊണ്ടു പോകുന്നതാണ്. ‘കോട്ടിട്ട കൊമ്പന്മാരെ’ (സി എസ് വെങ്കിടേശ്വരന്റെ പ്രയോഗം) എത്ര എന്നു വച്ച് ജനം കണ്ടു കൊണ്ടിരിക്കും. മോഹൻലാൽ അതിനും മറുപടി പറഞ്ഞു. വിദേശഭാഷാചിത്രങ്ങൾ നിരോധിക്കുകയോ നിയന്ത്രണം വയ്ക്കുകയോ വേണം. മൂന്നു മൂന്നരക്കോടി പ്രബുദ്ധമലയാളം സ്വന്തം മുരിങ്ങച്ചോട്ടിലെ കാഴ്ചകൾ കണ്ടേച്ചാൽ മതി. കൂടുതൽ സ്വപ്നങ്ങൾ മാണ്ട. ഇനി സാബു ചെറിയാൻ പറഞ്ഞതുപോലെ 3.5 കോടിയുടെ ബഡ്ജറ്റിലേയ്ക്ക് ചുരുങ്ങാൻ തുടങ്ങിയാൽ സീരിയലുകളേക്കാൾ ഗതികെട്ട സാധനങ്ങളായിരിക്കും സിനിമയെന്ന പേരിൽ ഇവിടെ ഉടലെടുക്കാൻ പോകുന്നത്. അതിന്റെ ലാഞ്ഛനകളുണ്ട്. പത്തും ഇരുന്നൂറും ഒക്കെ കടന്ന് 1000 കോടികളുടെ ഇംഗ്ലീഷ് തമിഴ് തെലുങ്കു ബ്രഹ്മാണ്ഡങ്ങൾ തട്ടു പൊളിക്കുന്നിടത്താണ് മൂന്നരക്കോടിയുടെ തനതു ചെവിതോണ്ടി! ഇതറിയാവുന്നതു കൊണ്ടാണ് ക്രാന്തദർശിയായ ലാലേട്ടൻ ഒരു മുഴം നീട്ടി എറിഞ്ഞത്. അന്യഭാഷാചിത്രങ്ങൾ നിരോധിക്കണം!!

പരിവേഷങ്ങൾക്ക് പ്രഭ കൂടുതലായതുകൊണ്ടും വീരാരാധന പല തരത്തിൽ കിടന്നു കറങ്ങുന്ന മേഖലയായതുകൊണ്ടും ചലച്ചിത്രമേഖലയിൽ ഈഗോകൾ തമ്മിൽ കൂട്ടിയിടിക്കും. (എം ജി ആറിനെയും ലതാമങ്കേഷ്കറെയും പറ്റി എത്ര കഥകളാണ്) അതു മുൻപും ഇവിടെ ഉണ്ടായിട്ടുണ്ട്. രണ്ടു സൂപ്പർസ്റ്റാറുകളുടെ പടത്തിലും കുറെക്കാലമായി ഞാനില്ലല്ലോ എന്ന് ജഗതി ശ്രീകുമാർ ഒരിക്കൽ തുറന്നടിച്ചിരുന്നു. പിന്നീട് അതെങ്ങനെയോ ര‌മ്യതയിലായതാണ്. സെറ്റിൽ മമ്മൂട്ടി വന്നപ്പോൾ സിഗററ്റു കുത്തിക്കെടുത്തിയില്ലെന്ന പേരിൽ സുകുമാരന് കുറേക്കാലം സിനിമകളൊന്നും ഇല്ലായിരുന്നത്രേ. ജയൻ മരിച്ച വേളയിൽ സുകുമാരന്റെ വാലായിട്ടായിരുന്നു മമ്മൂട്ടിയുടെ മുഖ്യധാരാ രംഗപ്രവേശം. സിനിമ സ്ഫോടനം. അപ്പോൾ സ്വാഭാവികമായും സുകുമാരൻ പൊട്ടിത്തെറിച്ചിരിക്കും. ഫലം തത്കാല വിശ്രമം! പത്തുമുപ്പതുവർഷമായി ഫീൽഡിൽ ഉള്ളതുകൊണ്ട് എനിക്കറിയാം എന്തുചെയ്യണമെന്ന് എന്നാണ് താരങ്ങളുടെ പൊതുമനോഭാവം. ക്യാമറയും ലൈറ്റും ഒക്കെ ഉറപ്പിച്ച് സംവിധായകൻ കാത്തിരിക്കുന്നു. താരം കാറിൽ വന്നിറങ്ങി മറ്റൊരിടത്ത് പോയി നിൽക്കുന്നു. അതായത് സംവിധായകനും ക്യാമറാമാനും കൂടി നിശ്ചയിച്ചിടത്തല്ല താരത്തിനു താത്കാലികമായി തോന്നിയ ഇടത്തു വച്ചേ അങ്ങേർ അഭിനയിക്കൂ. ക്യാമറയും കിടുപിടിയും ഉപദംശങ്ങളും തൂക്കി വിദഗ്ദ്ധർ പിന്നാലെ ഓടണം. സമയ നഷ്ടം, മാനഹാനി ഇതൊക്കെയാണ് വിനീതവിധേയനല്ലാത്ത പുതുമുഖസംവിധായകന്റെ വിധി. മുഖം മുറിഞ്ഞാൽ പിന്നീട് ആ പാവം പച്ച തൊടുകയുമില്ല. അതും സംഭവിക്കുന്നുണ്ട്, മലയാളസിനിമയിൽ. ‘മഹാസമുദ്രം’ എടുത്ത ഡോ.ജനാർദ്ദനനൊക്കെ എന്തായി?

നിർമ്മാതാക്കൾ പറയുന്നതു മാത്രം കേട്ട് കാര്യങ്ങൾ തീരുമാനിക്കേണ്ടതില്ലെന്നും ഒരു പറച്ചിലുണ്ട്. സൂപ്പർസ്റ്റാറിന്റെ ഡേറ്റാണ് നിർണ്ണായകമായ സംഗതി. അതുകാണിച്ചാൽ തിയേറ്ററുടമകൾ നൽകുന്ന അഡ്വാൻസ് വച്ച് സിനിമയെടുക്കാം. ചാനലുകൾ, വിദേശവിപണി, സിഡി റൈറ്റ് തുടങ്ങിയവയാൽ മിനിമം ഗ്യാരന്റിയുള്ള കച്ചവടമാണ് സിനിമ എന്നാണ് ജനസംസാരം. പുതിയ നിർമ്മാതാക്കളെ ചാക്കിലാക്കാനുള്ള അടവുനയമാണോ ഈ പ്രചരണമെന്നും സംശയിക്കണം. കാരണം സിനിമാനിർമ്മാണം ജീവിതവ്രതമാക്കിയ സ്ഥിരം ബ്രാൻഡുകൾ ഇപ്പോൾ നിലവിലില്ല. (മഞ്ഞിലാസ്, ചന്ദ്രതാരാ, മെരിലാൻഡ്, ഗൃഹലക്ഷ്മി, സെഞ്ചുറി...) ഉണ്ടെങ്കിൽ തന്നെ ഉദാസീനതയാണ് അവയുടെ മുഖമുദ്ര. വിദേശങ്ങളിൽ മടച്ചുകിട്ടിയ പണം കൊണ്ട് പടമെടുത്ത് കൈയ്യും വായും പൊള്ളി പടം മടക്കിയവരാണ് ഇപ്പോൾ കൂടുതൽ. പുതുപ്പണക്കാരും. മിനിമം ഗ്യാരന്റിയുണ്ടെങ്കിൽ ആരെങ്കിലുമൊക്കെ ഉറച്ചു നിൽക്കണ്ടേ ഇവിടെ? നിൽക്കുന്നവരാവട്ടെ തായം കളിക്കാൻ അറിയാവുന്നവരുമാണ്. പടമെത്ര പൊളിഞ്ഞാലും സൂപ്പർ സ്റ്റാറുകൾക്കു മാത്രം സാമ്പത്തികമായി ഒരുവാട്ടവും ഇല്ല. അത്രയൊന്നും സൂപ്പറല്ലാത്ത ഒരു സ്റ്റാർ ഓരോ പടവും പൊളിയുമ്പോൾ അഞ്ചു ലക്ഷം വച്ചു റേറ്റു കൂട്ടിക്കൊണ്ടിരുന്നെന്ന് ഗോസിപ്പു കേട്ടിട്ടുണ്ട്. മറ്റൊരു സ്റ്റാർ കാണാൻ വരുന്നവരോട് ഡേറ്റില്ലെന്നു പറയും. അന്നോ അടുത്തദിവസമോ താരത്തിന്റെ സിൽബന്ദി നിർമ്മാതാവിനെ കാണും. ഡേറ്റു തരമാക്കിക്കൊടുക്കാം പക്ഷേ ഇത്ര രൂപ കൊടുക്കേണ്ടി വരുമെന്നറിയിക്കും. തിരക്കുള്ള താരത്തെ കിട്ടിയ സന്തോഷത്തിൽ പുത്തൻ നിർമ്മാതാവ് തലകുലുക്കും. പടമില്ലാതെ ഈച്ചയടിച്ചിരിക്കുമ്പോഴും താരപദവികൾ എഴുന്നള്ളത്തിനിറങ്ങുന്നത് അമ്പലം വിഴുങ്ങികളായ സിൽബന്ധികളുടെ ഊർജ്ജസ്വലതയിലാണ് എന്നതാണീ കഥയുടെ ഗുണപാഠം. സൂപ്പർ സ്റ്റാറുകൾ മലയാളം സിനിമയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറെ നാളായി ആവർത്തിക്കുന്നത് തിലകൻ അടുത്തകാലത്ത് ഒന്നുകൂടി ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ഓർത്തുപോയതാണിതൊക്കെ. തിലകൻ ഇല്ലാത്ത ഒരു ശത്രുവിനെ സൃഷ്ടിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നാണ് എതിർവാദം. കുറെകാലം മുൻപ് നെടുമുടി വേണുവായിരുന്നു തിലകന്റെ എതിരാളി. അപ്പോൾ ജാതിയായിരുന്നു പ്രശ്നം. കൂടെ അതേ ജാതിയിൽ‌പ്പെടുന്ന ഒരു സൂപ്പർസ്റ്റാറുമുണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോഴത് മമ്മൂട്ടിയിലേയ്ക്ക് കൂടുതൽ തിരിഞ്ഞിരിക്കുന്നതു കൊണ്ട് ജാതിക്കെർവിന്റെ പട്ടികയിൽ‌പ്പെടുത്തി താഴെയിടാൻ പറ്റില്ല. തിലകൻ ഉന്നയിച്ച ചോദ്യത്തെ അവയിലെ പതിരും പുകയും ഊതിപ്പാറ്റിയാൽ ജാഗ്രതയുള്ള മനസ്സുകൾ കൈക്കൊള്ളാനായി ചിലതെല്ലാമുണ്ട്. ആരുടെ സിനിമയിൽ അഭിനയിക്കണം, ആരുടെ സിനിമയിൽ അഭിനയിക്കണ്ട എന്നൊക്കെ പറയാൻ അഭിനേതാക്കളുടെ സംഘടനയ്ക്ക് അവകാശമുണ്ടോ എന്നതാണ് തിലകന്റെ ഒന്നാമത്തെ ചോദ്യം. രണ്ടാമത്തേത് ഒരാളെ താനുള്ള സിനിമയിൽ അഭിനയിപ്പിക്കണ്ടെന്നു പറഞ്ഞു വിലക്കാനും സിനിമകളിൽ താരനിർണ്ണയം നടത്താനും സൂപ്പർസ്റ്റാറുകൾക്ക് എന്തവകാശം എന്നതാണ്. മൂന്ന്, കോടികൾ സൂപ്പർസ്റ്റാറുകൾക്കായി മാറ്റിവയ്ക്കുന്ന മലയാളം സിനിമ സാമ്പത്തികമായി വർഷാവർഷം താഴേയ്ക്ക് കൂപ്പു കുത്തുകയാണ്. ഇത് സിനിമയെ ഉപജീവിക്കുന്ന നിരവധിപേരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഏർപ്പാടായതുകൊണ്ട് വിലക്കപ്പെടേണ്ടതല്ലേ?

കളിക്കാവുന്നിടത്തോളം കളിക്കാനേ മിടുക്കന്മാർക്കു തോന്നൂ. തിലകൻ അങ്ങനെ പറഞ്ഞതുകൊണ്ട് മാനസാന്തരപ്പെട്ട് താരങ്ങൾ നല്ലവരാവും എന്നും അവർ പുതു തലമുറകൾക്കും ഇതുവരെ തങ്ങളെ ചുറ്റിയ ഉപഗ്രഹങ്ങൾക്കുമായി സ്വയം കാറിൽ നിന്നിറങ്ങി വാതിൽ തുറന്നുകൊടുക്കും എന്നും ചിന്തിച്ചു സായൂജ്യമടയാൻ ശുദ്ധഗതിക്കാർക്കേ സാധിക്കൂ. ശരി തന്നെ. നമുക്ക് കാത്തിരിക്കാം, ആര് ആരെ വിലക്കാൻ പോകുന്നു എന്നു കാണാൻ. നാടുനീളെ നടന്ന് സൂപ്പർസ്റ്റാറുകളെ തെറി പറയുന്നതിന് തിലകനോട് ‘അമ്മ’ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഫലം എന്താവുമെന്നറിയാൻ അധികം മെനയേണ്ടതില്ല. നടപടിയുണ്ടാവും. നിലവിലെ സാഹചര്യം വച്ച് അവിടവും ഇവിടവും ശരിയാക്കാം എന്ന് സംഘടനയ്ക്ക് തോന്നാൻ ഇടയില്ല. സ്വാഭാവികമായി തന്നെ അതൊന്ന് ചായും. സാംസ്കാരികവകുപ്പു മന്ത്രിയുടെ സ്വരത്തിൽ പോലും പഴയ കമ്മ്യൂണിസ്റ്റുകാരനായ തിലകനെതിരെ ഒരു മുനയുണ്ട്. എല്ലാക്കാലത്തും എല്ലാവരും മിണ്ടാതിരിക്കില്ലെന്ന് തിരിച്ചറിയാനെങ്കിലും ഭ്രാന്തമായ ചില വാക്കുകൾ വഴി വക്കുന്നത് നല്ലതാണ് എന്ന് ആരും മനസ്സിലാക്കാതെ പോകുന്നതാണ് അദ്ഭുതം. തിലകന്റെ വാക്കുകളെ പിൻപറ്റി ക്രിസ്ത്യൻബ്രദേഴ്സിന്റെ സെറ്റിലേയ്ക്ക് ഒരു കൂട്ടം ഇരച്ചു കയറി അലമ്പുണ്ടാക്കി എന്ന് വാർത്തയുണ്ടായിരുന്നു. കേരളം മൊത്തം ഫാൻസുകാരല്ലെന്നതിനു ഒരു തെളിവായി. വെള്ളിത്തിരയിലെ പ്രകാശം മാത്രം നോക്കിയിരുന്നാൽ മതിയോ ഇടയ്ക്കൊക്കെ, ഇരിക്കുന്നത് ഇരുട്ടിലാണെന്ന് നമ്മൾ തിരിച്ചറിയണ്ടയോ?

അനു :
ഉയരത്തിലുള്ള ഒരാളുടെ പ്രതിച്ഛായ തകർക്കുക എന്ന ഗൂഢോദ്ദേശ്യം തിലകന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് ആർക്കുവേണമെങ്കിലും സമർത്ഥിക്കാവുന്നതാണ്. ഒപ്പം വിവാദങ്ങളിലൂടെ കുറച്ചു മൈലേജും കിട്ടുമല്ലോ എന്ന് പഴമനസ്സിൽ തോന്നാമെന്ന്. വീരാരാധന എന്ന ഉത്തരകാൽ‌പ്പനികമനോഭാവം കൂടെക്കൊണ്ടു നടക്കുന്നവരായതുകൊണ്ട്, സമീപകാലത്ത് അതു കൂടി കൂടി വരുന്നതുകൊണ്ട് രാഷ്ട്രീയമാവട്ടേ സിനിമയാവട്ടേ അങ്ങനെയും പ്രതിരോധങ്ങൾ വരാം.

42 comments:

  1. തിലകൻ ചേട്ടൻ പറഞ്ഞതിലും കുറച്ചു കാര്യമില്ലാതില്ല

    ReplyDelete
  2. :-) ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്, കാലം മുന്നോട്ടു തന്നെയാണല്ലോ ഉരുളുന്നത്. കൂടിയാല്‍ ഇനിയുമെത്ര? നാല് അല്ലെങ്കില്‍ അഞ്ച് അതുമല്ലെങ്കില്‍ ആറ്‌, അതിനപ്പുറം ഈ സ്റ്റാറുകളിലൊന്നും നില്‍ക്കുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ തന്നെ ഇവരെവെച്ചു പടം പിടിച്ചാല്‍ മിനിമം ഗ്യാരന്റി ബോക്സ് ഓഫീസിലില്ല. ഫാന്‍സുകാര്‍ കുറേപ്പേര്‍ കണ്ടാല്‍ കണ്ടു, അത്ര തന്നെ. രഞ്ജിത്തിന്റെയൊക്കെ കൂടി മമ്മൂട്ടി അല്പസ്വല്പം വിവേകമുള്ള ചിത്രങ്ങളിലും തല കാണിക്കുന്നുണ്ട്, അത്രയും ഭാഗ്യം! മാറ്റം വരാതിരിക്കുകയില്ലല്ലോ...

    തിലകനേക്കാള്‍ ഉയരെയാണോ സൂപ്പര്‍സ്റ്റാറുകള്‍, ആണെങ്കില്‍ അത് ഏത് വകുപ്പിലെ ഉയരമാണ്? ഇനിയിങ്ങനെയൊരു മൈലേജ് കിട്ടിയിട്ടു വേണോ തിലകനു ജീവിക്കുവാന്‍? ചുമ്മാ, അനുബന്ധത്തിലെ ചേര്‍ക്കലുകള്‍ക്ക് ചില മറു തോന്നലുകള്‍ കൂടി എഴുതിയെന്നു മാത്രം! :-)

    മമ്മൂട്ടിയുടെ ബ്ലോഗില്‍ സിനിമയെക്കുറിച്ചു സംസാരിച്ച പോസ്റ്റില്‍ ഒരു കമന്റിട്ടിരുന്നു. അതവിടെ വെളിച്ചം കണ്ടില്ല. (അതുകൊണ്ടത് ‘ഗ്രഹണ’ത്തില്‍ പോസ്റ്റിയിരുന്നു.) അതില്‍ പ്രധാനമായി പറഞ്ഞത് ഇത്രയുമാണ്: “ചെറിയ ഇന്‍പുട്ടില്‍ (ക്രിയേറ്റീവ് ഇന്‍പുട്ട്) മാക്സിമം പ്രോഫിറ്റ് മാത്രം ലക്ഷ്യം വെച്ചുള്ളവയാണ് ഇന്നിറങ്ങുന്ന ഭൂരിഭാഗം മലയാളം ചിത്രങ്ങളും.”.
    --

    ReplyDelete
  3. തിലകനോളം പോന്ന ഒറ്റആക്റ്ററും സൂപ്പർസ്റ്റാർ പരിവേഷമുള്ളവരുടെ കൂട്ടത്തിലില്ലാ എന്നുള്ളത് കൊണ്ട് തന്നെ തിലകന്റെ തുടർന്നുള്ള അഭിനയജീവിതത്തിന്റെ ഭാവി ആശങ്കയിൽത്തന്നെയാണ്.
    ഉഗ്രൻ ലേഖനം വെള്ളേ,കൂടുതൽ മാധ്യമങ്ങൾ ഈ ലേഖനത്തിന്റെ വഴിയേ ചിന്തിക്കുമായിരുന്നെങ്കിൽ ?

    ReplyDelete
  4. തിലഞ്ചേട്ടന്‍ പറഞ്ഞത് ശരിയാണ്‌

    ReplyDelete
  5. പുതിയ കഥ കണ്ടെത്താനെന്നു പറഞ്ഞു കുറച്ചുകാലം മുന്‍പ് തിരുവനന്തപുരത്തു വച്ച് നിര്‍മാതാക്കളും സംവിധായകരും കൂടി ഒരു കഥ കേള്‍ക്കല്‍ മഹാമഹം നടത്തിയതും ഈ അവസരത്തില്‍ ഓര്‍മിക്കുന്നു. എന്നിട്ടെന്തായി?

    ReplyDelete
  6. ഈ വിഷയത്തില്‍ കിച്ചു എന്ത് പറയുന്നു? :)

    ReplyDelete
  7. ഒരു ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് പറഞ്ഞ് തിലകന്‍ ഇങ്ങനെ പ്രതികരിക്കേണ്ടിയിരുന്നോ? ഒരോ സംഘടനയ്ക്കും അതിന്റേതായ നിയമാവലികളും നിബന്ധനകളും ഉണ്ട്.ഒരു സംഘടനയില്‍ അംഗമായിരുന്ന നിലയ്ക്ക് തിലകന്‍ അത് പാലിക്കാന്‍ ബാദ്ധ്യസ്ഥനാണ്.പിന്നീടുള്ള പ്രശ്നങ്ങള്‍ ആ സംഘടനയില്‍ അവതരിപ്പിച്ച് ഒരു പരിഹാരം ആകുന്നില്ലെങ്കില്‍ മാത്രം ഈ വിധം അച്ചടക്ക ലംഘനം നടത്തിയാല്‍ മതിയായിരുന്നു. ഇതിപ്പോ തിലകനെ പോലുള്ള നടന്‍ കാലാ കാലങ്ങളായി സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നെറികേടുകളെ ഈ വിധം നേരിട്ടത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം. ഈ വയസു കാലത്ത് കൂടുതല്‍ ഒറ്റപ്പെടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല!

    നല്ല ലേഖനം വെള്ളെഴുത്തെ!

    ReplyDelete
  8. തകര്‍ത്തു!!! (സിനിമാസ്റ്റൈല്‍)

    സൂപ്പര്‍ താരങ്ങളെ വെച്ച് പടമെടുത്താല്‍ ആദ്യവാരത്തിലെ ഇനീഷ്യല്‍ പുള്‍ കളക്ഷന്‍ ‌+ഫാന്‍സ് വക കിട്ടുന്ന സ്ഥിരം വരുമാനം+ ടിവി-സാറ്റലൈറ്റ് വിതരണ ഉടമ്പടിക്കാശ് എല്ലാം ചേര്‍ത്ത് പടം പൊട്ടിയാല്‍ കൂടെ 60-75% കാശ് തിരികെ ലഭിക്കുമെന്ന് ഏത് ഊള പ്രൊഡ്യൂസര്‍ക്കും അറിയാം. അതല്ലെ ഇവന്മാരുടെ കോള്‍ഷീറ്റിന് വാലാട്ടി നില്‍ക്കുന്നത്...

    ഓഫ്.ടോപ്പിക്
    മഹാസാഗരം അല്ല മഹാസമുദ്രം ആണ്‌ Dr. S. Janardhanan എടുത്ത സിനിമ.
    "പക്ഷേ ജനാര്‍ദ്ദനനൊക്കെ എന്തായി" എന്ന് ചോദിക്കാന്‍ മാത്രം എന്ത് "സിനിമാ ഗുണമാണ്‌" ആ ഊ...ജ്ജ്വല സിനിമയില്‍ ഉണ്ടായിരുന്നത്? മോഹന്‍ലാന്‍ നീണ്ട ഡയലോഗില്‍ ഒരിടത്ത് (ലാലായിത്തന്നെ) 'കടല്‍' എന്നും അതേ ഡയലോഗില്‍ മറ്റൊരിടത്ത് (മുക്കുവനായിക്കൊണ്ട്) 'കടാല്‍' എന്ന് പറയുന്നത് കേട്ട് പ്രേക്ഷകന്‍ ചിരിക്കുന്നതൊഴിച്ചാല്‍... :))

    ReplyDelete
  9. സാഗരം എന്ന് ഒരു കുത്തുകുത്തി എഴുതിയതാ അസ്സേ ! അതു മാറ്റി. തമാശ പറഞ്ഞിട്ട് അതു തമാശയാണെന്ന് പറയേണ്ടി വരുന്നതിനേക്കാൾ വലിയ ദുര്യോഗമുണ്ടോ? :( ജനാർദ്ദനൻ വലിയ ആളായതുകൊണ്ടോ സിനിമ ഉജാല ആയിരുന്നതുകൊണ്ടോ അല്ല, ആ സിനിമയുടെ ഷൂട്ടിംഗിന്റെ തുടക്കത്തിൽ തന്നെ പ്രശ്നം തുടങ്ങിയതാണെന്നു കേൾക്കുന്നു. അതു ശരിയാണെങ്കിൽ അതിലൊരു ഒതുക്കലുണ്ട്. ദേവന്റെ ഉദാഹരണം തന്നെ ലാലേട്ടൻ പുതിയ സംവിധായകരെ കൈകാര്യം ചെയ്യുന്നതിനുദാഹരണമായും വായിക്കാം. താരങ്ങൾക്ക് രണ്ടു തരം അഭിനയമുണ്ടെത്രേ ജീവിതത്തിലും സിനിമയിലും. ഇനി ഇവനെ പച്ച തൊടീക്കണ്ടന്നു തോന്നിയാൽ പിന്നെ അഭിനയിക്കുന്നതു മറ്റൊരു തരത്തിലാണെന്ന്.
    വാഴക്കോടാ, ഒരു ചിത്രത്തിൽ നിന്നല്ല, നിരന്തരമായി താൻ ഒഴിവാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു തിലകന്റെ ആരോപണം. സഹിക്കാൻ കഴിയാതെ വന്നപ്പോൾ പൊട്ടിത്തെറിക്കുന്നെന്ന്.
    ഈ വിഷയത്തിൽ കിച്ചു എന്തു പറയുന്നു?

    ReplyDelete
  10. :))

    'സാഗര-സമുദ്ര'സിനിമാ പ്രശ്നങ്ങള്‍ അറിയില്ലായിരുന്നു.

    ReplyDelete
  11. അന്യഭാഷാ ചിത്രങ്ങൾ നിരോധിക്കണം...ഹ ഹ

    പണ്ട് കന്നഡയിൽ ഈ നിയമമുണ്ടായിരുന്നു. അന്യഭാഷാ ചിത്രങ്ങൾ രണ്ടാഴ്ച വൈകിയേ റിലീസ് ചെയ്യൂ. കാരണം കന്നഡ പടത്തിനു ആളില്ലെന്ന്. പിന്നീട് മൾട്ടിപ്ലെക്സുകൾ വന്നപ്പോൾ അതു മാറിയെന്ന് തോന്നുന്നു. (ഒരു ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ കൊടുവാളും പിടിച്ചു നിൽക്കുന്ന നായകനായിരുന്നു ഏതാണ്ട് എല്ലാ കന്നഡ ചിത്രത്തിന്റെയും പോസ്റ്റർ.പടത്തിന്റെ ക്വാളിറ്റിയും ഏതാണ്ട് ഈ മട്ടിലായിരിക്കണം.) ഏതാണ്ട് ആ കോലത്തിലായി മലയാള സിനിമയും.

    നാലാളു കേറുന്ന സ്ഥലമായതുകൊണ്ട് കഥാദാരിദ്ര്യമുള്ളവർക്ക് കോപ്പിയടിക്കാൻ പറ്റിയ വിദേശസിനിമകൾ പറഞ്ഞുകൊടുക്കുന്നതാണ് എന്ന് ഒരു പരസ്യം ഇട്ടേക്കാം...:)

    ഇങ്ങനെ ഒരു സൈഡ് ബിസിനസിന് സ്കോപ്പുണ്ടോ എന്നു നോക്കട്ടെ.

    ReplyDelete
  12. ഇവിടെ ഞങ്ങൾ കുറച്ച് പേർ ചേർന്ന് നല്ല മലയാളം സിനിമ പ്രദർശിപ്പിക്കാൻ നോക്കി. അതിൽ മിക്കവർക്കും മോഹൻ‌ലാൽ, മമ്മൂട്ടി സിനിമ മതി. സിനിമ പ്രദർശിപ്പിക്കുമ്പോൾ മിനിമം തിയറ്റർ വാടകയും റീലിന്റെ പൈസയെങ്കിലും തിരിച്ചു കിട്ടണ്ടേ? ഒന്നോ രണ്ടോ സിനിമ സ്വന്തം കയ്യിൽ നിന്നു സ്പോൺസർ ചെയ്യാം. പിന്നെ നമ്മൾ എന്തു ചെയ്യും? അപ്പോഴാണ് എന്തുകൊണ്ടാണീ പ്രതിസന്ധി എന്നു മനസ്സിലായത്. ആ മോഹൻലാൽ-മമ്മൂട്ടി ഗ്രിപ്പിൽ നിന്നു ഒരു തലമുറ ഇപ്പോഴും വിടുതൽ പ്രാപിച്ചിട്ടില്ല. പുതിയ തലമുറയാകട്ടെ, മലയാളം സിനിമയേ വേണ്ട എന്നായി.
    സൂപ്പർതാരങ്ങൾ എങ്ങിനെ മലയാളം സിനിമയെ നിയന്ത്രിക്കുന്നു എന്നു അനുഭവം കൊണ്ട് പഠിച്ചു. അതുകൊണ്ട് സിനിമാ പ്രദർശനമേ വേണ്ട എന്ന് തീരുമാനിച്ചു. സൂപ്പർ താരങ്ങളെ സഹിക്കാൻ വയ്യ. ഒരു പ്രധാന താരത്തെ വിട്ടു പോയി, ഇന്നസെന്റ്.

    @ഹരീ, അങ്ങിനെ കരുണാകരനെ പറ്റി എല്ലാവരും കൂടി വിചാരിക്കാൻ തുടങ്ങിയിട്ട് പത്തിരുപത്തഞ്ച് കൊല്ലമായി :)

    ReplyDelete
  13. ആ നല്ല സില്‍മേന്റെ പേരോ ലിസ്റ്റോ കിട്ടിയിരുന്നെങ്കില്‍ സിഡിയെടുത്ത് കാണാമായിരുന്നു.

    ReplyDelete
  14. ഹോളിവുഡിൽ മകാർതിയിസം കോണ്ടുപിടിച്ചിരുന്ന കാലത്തു മാത്രമേ അഭിനേതാക്കളെ സിനിമയിൽ നിന്നും മാറ്റിനിറുത്തപ്പെട്ടിരുന്നുള്ളു. സംഘടനകൾ നിയന്ത്രിക്കുന്ന സ്വഭാവം വളരെ അപകടം പിടിച്ചത്.

    ഈ സംഘടനകൾ ഒക്കെയാണ് നമ്മുടെ ഒന്നാന്തരം സിനിമാറ്റോഗ്രാഫർമാ‍ാരെ ബോംബേയ്ക്കു കെട്ടു കെട്ടിച്ചത്. എന്നിട്ടെന്താ രവി കെ. ചന്ദ്രൻ ഒക്കെ അവിടെ വിലസുന്നു. സംഘടനക്കാറ്ക്ക് ഇതൊന്നും മനസ്സിലാകുന്നു പോലുമില്ല.

    ReplyDelete
  15. തിലകനെ ഇപ്പോള്‍ എസ്.എന്‍.ഡി.പി. ഏറ്റെടുക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും, ഇന്നത്തെ സിനിമാതര്‍ക്കം ജാതി-രാഷ്ട്രീയമായി മാറിത്തുടങ്ങിയിരിക്കുന്നുവെന്നുമാണ് പുതിയ വര്‍ത്തമാനങ്ങള്‍.

    എന്തായാലും, തിലകന്‍ ഉയര്‍ത്തിയ വിഷയം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകളെ കാറ്റില്‍ പറപ്പിക്കാതെ മലയാള സിനിമ ഒരുകാലത്തും രക്ഷപ്പെടാന്‍ പോകുന്നില്ല. കോടികള്‍ വിലമതിക്കുന്ന സൂപ്പര്‍ സ്റ്റാറുകളും, ഏതെങ്കിലുമൊരു സംഘടനയുടെ പക്ഷത്തുനിന്നില്ലെങ്കില്‍ അന്നന്നത്തെ അന്നം മുട്ടുന്ന സാധാരണക്കാരായ സിനിമാസാങ്കേതിക പ്രവര്‍ത്തകരും, തീരെ അവശനിലയിലായിട്ടും എല്ലാവരാലും കയ്യൊഴിയപ്പെടുന്ന പഴയകാല നടീനടന്മാരുമൊക്കെയായി, വര്‍ഗ്ഗവിഭജനം എന്നുപോലും പറയാവുന്ന നിലയിലായിട്ടുണ്ട് നമ്മുടെ സിനിമാലോകം.

    നമ്മള്‍ ഇരുട്ടിലാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാതെയിരിക്കുന്നത് ആത്മഹത്യാപരമായിരിക്കും.

    നല്ലെഴുത്തേ, അഭിവാദ്യങ്ങള്‍.

    ReplyDelete
  16. @റോബീ,
    അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് നിയന്ത്രണം കര്‍ണ്ണാടകയിലും, ഇന്ത്യയിലും മാത്രമല്ല്ല മറ്റ് പലയിടത്തും ഉണ്ട്. ചൈനയില്‍ ഈയടുത്ത് അവ്‌താറിന്റെ 2-ഡി വേര്‍ഷന്‍ കളിക്കുന്ന തീയേറ്ററുകളില്‍ നിന്നും മൊത്തത്തില്‍ സിനിമകള്‍ പിന്‍‌വലിച്ചിരുന്നു. റിലീസ് ചെയ്യാന്‍ പോകുന്ന -കണ്‍ഫ്യൂഷസിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള- ചൈനീസ് ചിത്രത്തിന് ഇടം കൊടുക്കാനായിരുന്നു അത്. കോടികള്‍ മറിയുന്ന ഹോളിവുഡ് ചിത്രങ്ങളെ ചെറിയ രീതിയില്‍ പ്രതിരോധിക്കുന്നതുകൊണ്ട് തെറ്റില്ലെന്ന് തോന്നിപ്പോയി. പ്രാദേശിക ചിത്രങ്ങള്‍ക്ക് നിലനില്പ്പ് വേണ്ടേ? (ഗുണനിലവാരം ഉണ്ടെങ്കില്‍ നിലനിന്നോളുമെങ്കിലും....)

    ReplyDelete
  17. ബ്ലോഗിന്റെ പേര് വെള്ളെഴുത്ത് എന്നാണെങ്കിലും എഴുതുന്നയാളിന് ഒട്ടും വെള്ളെഴുത്തില്ലെന്ന് തിരിച്ചറിയാന്‍ അനുബന്ധം വായിക്കേണ്ടി വന്നു. പുളകിതകളേബരനായി ആ വാക്കുകള്‍ ഒന്നുദ്ധരിച്ചോട്ടെ...

    അനു :
    ഉയരത്തിലുള്ള ഒരാളുടെ പ്രതിച്ഛായ തകർക്കുക എന്ന ഗൂഢോദ്ദേശ്യം തിലകന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് ആർക്കുവേണമെങ്കിലും സമർത്ഥിക്കാവുന്നതാണ്. ഒപ്പം വിവാദങ്ങളിലൂടെ കുറച്ചു മൈലേജും കിട്ടുമല്ലോ എന്ന് പഴമനസ്സിൽ തോന്നാമെന്ന്. വീരാരാധന എന്ന ഉത്തരകാൽ‌പ്പനികമനോഭാവം കൂടെക്കൊണ്ടു നടക്കുന്നവരായതുകൊണ്ട്, സമീപകാലത്ത് അതു കൂടി കൂടി വരുന്നതുകൊണ്ട് രാഷ്ട്രീയമാവട്ടേ സിനിമയാവട്ടേ അങ്ങനെയും പ്രതിരോധങ്ങൾ വരാം.


    ഉന്നം കിറുകൃത്യം. തിലകന്‍ പറയുന്നതില്‍ വല്ല കഴമ്പുമുണ്ടോന്ന് ആരെങ്കിലും ചുഴിഞ്ഞാല്‍ - കഴുക്കോല്‍ കാല്‍പനിക വീരാരാധന, ഉത്തരകാല്‍പ്പനിക മനോഭാവം - സിനിമ, മമ്മൂട്ടി, കൈരളി, പിണറായി വിജയന്‍ രാഷ്ട്രീയം. വന്നതും വരാനുളളതുമായ പ്രതിരോധങ്ങളെ മുഴുവന്‍ ഇരുട്ടിന്റെ കാഞ്ഞിരത്തില്‍ ലേബലടിച്ചു തറയ്ക്കുന്ന വൈദഗ്ധ്യത്തിന് നമോവാകം..

    വെള്ളെഴുത്ത് പറയുന്നു... തിലകൻ ഇല്ലാത്ത ഒരു ശത്രുവിനെ സൃഷ്ടിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നാണ് എതിർവാദം. കുറെകാലം മുൻപ് നെടുമുടി വേണുവായിരുന്നു തിലകന്റെ എതിരാളി. അപ്പോൾ ജാതിയായിരുന്നു പ്രശ്നം. കൂടെ അതേ ജാതിയിൽ‌പ്പെടുന്ന ഒരു സൂപ്പർസ്റ്റാറുമുണ്ടെന്നു പറഞ്ഞിരുന്നു. ഇപ്പോഴത് മമ്മൂട്ടിയിലേയ്ക്ക് കൂടുതൽ തിരിഞ്ഞിരിക്കുന്നതു കൊണ്ട് ജാതിക്കെർവിന്റെ പട്ടികയിൽ‌പ്പെടുത്തി താഴെയിടാൻ പറ്റില്ല.

    വേണ്ട, മതക്കെറുവ് ആകാമല്ലോ...

    ഹിസ് ഹൈനസ് അബ്ദുളളയില്‍ തനിക്ക് പറഞ്ഞു വെച്ചിരുന്ന വേഷം നെടുമുടി വേണു അടിച്ചു മാറ്റിയെന്നും അത് നായര്‍ലോബിയുടെ കളിയാണെന്നും തുറന്നടിച്ചു കൊണ്ടായിരുന്നു തിലകത്തെയ്യം ആദ്യം ഉറഞ്ഞാടിയത്. മോഹന്‍ലാലിന്റെ നിര്‍മ്മാണ കമ്പനിയായിരുന്ന പ്രണവത്തിന്റെ ആദ്യ ചിത്രമായിരുന്നു ഹിസ് ഹൈനസ് അബ്ദുളള. ചിത്രമിറങ്ങിയത് 1990ല്‍.

    അതിനുശേഷം എത്രയോ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തിലകനും നെടുമുടിയും ഒന്നിച്ചഭിനയിച്ചു. തിലകനും നെടുമുടിയും സുപ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട മെഗാഹിറ്റ് ചിത്രം "സ്ഫടികം" പുറത്തിറങ്ങിയത് 1995ല്‍. നായര്‍ ലോബിയുടെ ചരടുമായി തിരശീലയില്‍ പതുങ്ങിയിരിക്കുന്ന മോഹന്‍ലാലിന്റെ പിതാവായി "നരസിംഹം" എന്ന അമാനുഷിക ചിത്രത്തില്‍ തിലകന്‍ അഭിനയിച്ചത് 2000ല്‍.

    വര്‍ണപ്പകിട്ട്, ചന്ദ്രലേഖ, കാലാപാനി, രക്തസാക്ഷികള്‍ സിന്ദാബാദ്, കന്മദം എന്നിങ്ങനെ മോഹന്‍ലാലും നെടുമുടിയുമടങ്ങുന്ന നായര്‍ലോബി ഉത്തരോത്തരം മുന്നേറുന്നതിനിടെയാണ് അതിവിപ്ലവകാരിയും സര്‍വോപരി ഈഴവനുമായ തിലകന്‍, പൂവളളി ഇന്ദുചൂഡന്‍ എന്ന അതിമാനുഷ മോഹന്‍ലാലിന്റെ തന്തപ്പടിയായി നരസിംഹത്തിലെ മാറഞ്ചേരി കരുണാകരമേനോന്‍ എന്ന റിട്ടയേഡ് ജഡ്ജിയായി പ്രത്യക്ഷപ്പെട്ടത്.

    രോഗവും ചികിത്സയുമൊക്കെ കഴിഞ്ഞ് വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ പഴയ തിരക്കില്ലെന്ന് കണ്ട് അദ്ദേഹം നെടുമുടി വേണുവിനെതിരെ ജാതിവിഷം ചൊരിഞ്ഞു. അതും പത്തു പതിനഞ്ചു വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഒരു സിനിമയുടെ പേരില്‍.. സംവിധായകന്‍ സിബി മലയിലോ, എഴുത്തുകാരന്‍ ലോഹിതദാസോ, നിര്‍മ്മാതാവ് മോഹന്‍ലാലോ ഔദ്യോഗികമായോ അനൗദ്യോഗികമായോ തിലകന്റെ വേഷമാണ് നെടുമുടി തട്ടിപ്പറിച്ചത് എന്ന് അദ്ദേഹത്തോട് പറയാന്‍ യാതൊരു ന്യായവുമില്ല. അപ്പോള്‍, തിലകന് നല്‍കാനിരുന്ന വേഷമാണ് നെടുമുടി തട്ടിയെടുത്തത് എന്ന് തിലകനോട് പറഞ്ഞത് ആരായിരിക്കാം.

    ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. "ക്രിസ്ത്യന്‍ ബ്രദേഴ്സി"ല്‍ തിലകന് പറഞ്ഞുറപ്പിച്ച വേഷം കിട്ടിയത് സായ് കുമാറിന്. പക്ഷേ, ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്...

    ReplyDelete
  18. "ക്രിസ്ത്യന്‍ ബ്രദേഴ്സി"ന്റെ ജാതി സമവാക്യം ഏതാണ്ട് ഇങ്ങനെയാണ്. സംവിധാനം ചെയ്യുന്നത് ജോഷി (ഈഴവന്‍), പ്രമുഖ താരങ്ങള്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് (നായന്മാര്‍), ശരത് കുമാര്‍ (ജാതിയേതായാലും സിനിമ നന്നായാല്‍ മതി), തിലകന്റെ വേഷ് തട്ടിയെടുത്തത് സായ് കുമാര്‍ (നായര്‍). നിര്‍മ്മാതാവ് സുബൈര്‍ (മുസ്ലിം)

    ഇവരാരുമല്ല, തിലകന്റെ ശത്രുക്കള്‍. ഈ ചിത്രത്തിന്റെ ഏഴയലത്ത് വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത മമ്മൂട്ടിയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ പുരഞ്ജയവും സൗഭദ്രവും. താന്‍ നായകനായ "പഴശിരാജ"യെന്ന ചരിത്ര ചിത്രത്തിലും "ദ്രോണ"യെന്ന മന്ത്രവാദ ചിത്രത്തിലും തിലകനെ ഒഴിവാക്കാന്‍ ശ്രമിക്കാതെ മോഹന്‍ലാലിന്റെ സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കാന്‍ കൂടോത്രം, നിഴല്‍ക്കുത്ത് തുടങ്ങിയ ഒടിവേലകള്‍ ചെയ്യുകയാണത്രേ മമ്മൂട്ടി.

    ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സംവിധായകന്‍, നിര്‍മ്മാതാവ്, നായകന്‍, ഉപനായകര്‍, വില്ലന്‍ എന്നിവര്‍ക്കെതിരെ കനപ്പെട്ടതൊന്നും പറയാതെ, ആ ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത മമ്മൂട്ടിയെ തിലകന്‍ തെറിവിളിക്കുന്നത് എന്തിനായിരിക്കാം.. ആലോചനയില്‍ ബാക്കിയാകുന്നത് അതേ ചോദ്യം തന്നെ..

    വെള്ളിത്തിരയിലെ പ്രകാശം മാത്രം നോക്കിയിരുന്നാൽ മതിയോ ഇടയ്ക്കൊക്കെ, ഇരിക്കുന്നത് ഇരുട്ടിലാണെന്ന് നമ്മൾ തിരിച്ചറിയണ്ടയോ?

    ReplyDelete
  19. വാഴക്കോടന് വെള്ളെഴുത്ത് നല്‍കിയ മറുപടി ഇപ്പോഴാണ് കണ്ണില്‍പ്പെട്ടത്...

    വാഴക്കോടാ, ഒരു ചിത്രത്തിൽ നിന്നല്ല, നിരന്തരമായി താൻ ഒഴിവാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു തിലകന്റെ ആരോപണം.

    2009ല്‍ തിലകന്‍ അഭിനയിച്ചത് 12 ചിത്രങ്ങളിലാണ്. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ 4. രണ്ട് മോഹന്‍ലാല്‍ ചിത്രം. രണ്ട് മമ്മൂട്ടി ചിത്രം. "പട്ടണത്തില്‍ ഭൂതം", "കേരള വര്‍‍മ്മ പഴശിരാജ" എന്നീ മമ്മൂട്ടി ചിത്രങ്ങള്‍, "റെഡ് ചില്ലീസ്", "ഇവിടം സ്വര്‍ഗമാണ്" എന്നിവ മോഹന്‍ലാല്‍ ചിത്രങ്ങള്‍.

    നിരന്തരമായി ഒഴിവാക്കപ്പെട്ട കാലത്താണ് ഇത് സംഭവിച്ചത്. അല്ലായിരുന്നെങ്കില്‍ തിലകന്‍ ഈ പ്രായത്തിലും വര്‍ഷം പത്തിരുന്നൂറ് പടത്തില്‍ അഭിനയിച്ചു പൊലിപ്പിച്ചേനെ...

    ReplyDelete
  20. ആരാ ഈ 'കിച്ചു'?

    ഒരെത്തും പിടിയും കിട്ടുന്നില്ല !
    താങ്കളുടെ മുൻപോസ്റ്റിലും കണ്ടു ഈ അനോണിച്ചോദ്യം. ഇപ്പോഴിതാ താങ്കളും അതുതന്നെ ചോദിക്കുന്നു.
    ആരാ ?
    നന്നായി.
    ആരാ?

    ReplyDelete
  21. എല്ലാക്കാലത്തും എല്ലാവരും മിണ്ടാതിരിക്കില്ലെന്ന് തിരിച്ചറിയാനെങ്കിലും ഭ്രാന്തമായ ചില വാക്കുകൾ വഴി വക്കുന്നത് നല്ലതാണ് എന്ന് ആരും മനസ്സിലാക്കാതെ പോകുന്നതാണ് അദ്ഭുതം.

    വളരെ നല്ല ലേഖനം. തിലകന്‍ എന്ത് പറയുന്നു എന്തിനു പറയുന്നു എന്നുള്ളത് ചിന്തിക്കപ്പെടെണ്ടത് തന്നെ. പക്ഷെ തിലകന്‍ അങ്ങനെ ബഹളം വെച്ചതു കൊണ്ടാണല്ലോ മലയാള സിനിമയുടെ ദുര്‍ഗതി ആളുകള്‍ വീണ്ടും ശ്രദ്ധിച്ചു തുടങ്ങിയതും ചര്‍ച്ച ചെയ്തു തുടങ്ങിയതും.( ഇല്ലെങ്കില്‍ കൈ വിട്ടു പോയിക്കഴിഞ്ഞ ഈ വ്യവസായത്തെക്കുറിച്ച് ഇപ്പൊ ആര് ആലോചിക്കാന്‍... )

    ReplyDelete
  22. ഇന്നാട്ടിൽ ഇപ്പം നടക്കണ ബല്ല്യ ഒരു പ്രശ്നം സിൽമയാണല്ലോ!!!
    നടക്കട്ട്... നടക്കട്ട്...

    ReplyDelete
  23. I am kichchu and I say my GOD!

    ReplyDelete
  24. ചീച്ചി ഒഴിച്ചു കഴിഞ്ഞാല്‍ സില്‍‌മ കാണാന്‍ നിക്കാതെ വേഗം വീട്ടീപ്പോടാ

    ReplyDelete
  25. പ്രായത്തിന്റെ ഒരു ദാക്ഷിണ്യം തിലകന്‌ നല്‍കാമായിരുന്നു..
    തിലകന്‍ ചോദിച്ച ചോദ്യത്തിന്‌ പ്രസക്തിയുണ്ട്‌. അദ്ദേഹത്തെ ഒഴിവാക്കാന്‍ വേണ്ടിയാണെങ്കില്‍ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിലേക്ക്‌ എന്തിനാണ്‌ വിളിച്ചത്‌? അല്ലെങ്കില്‍ അദ്ദേഹത്തിന്‌ ആ സമയത്ത്‌ കരാര്‍ ചെയ്യപ്പെടേണ്ടിയിരുന്ന മറ്റ്‌ ചിത്രങ്ങള്‍ നഷ്ടപ്പെടില്ലായിരുന്നു. ഈ ഉപരോധവും കുഴിത്തിരുമ്പും ചിന്തിക്കുന്ന സമയത്ത്‌ നല്ല ചിത്രങ്ങളെകുറിച്ച്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. അവസാനം പ്രഖ്യാപിച്ച ദേശീയഅവാര്‍ഡിലെ മലയാള സിനിമയുടെ കോണ്‍ട്രിബ്യൂഷനും, 2010 ല്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടും കൊണ്ടൊന്നും ഈ അമ്മയും മക്കളും പഠിക്കില്ല. മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയല്‍ മുതല്‍ കുറേ പെരുന്തച്ചന്‍മാരുടെ പ്രാക്കുകള്‍ നേടിയെടുത്തിട്ടുണ്ട്‌ പുതിയ തലമുറ. അടൂര്‍ഭവനിയിലൂടെ തിലകനിലൂടെ അത്‌ കടന്നുപോകുന്നുവെന്നു മാത്രം. തിലകന്‍ എന്ന നടന്‍ കാലയവനികയ്‌ക്കു പിന്നില്‍ മറയുമ്പോള്‍ (ഇത്തരം ഒരു പ്രയോഗം നടത്തേണ്ടി വന്നതില്‍ ഖേദിക്കുന്നു) ടി വി സ്‌ക്രീനിനുമുന്നില്‍ കരയാനും പത്രത്തിന്റെ കോളങ്ങളില്‍ അനുശോചനകുറിപ്പുകളെഴുതാനും ഈ തള്ളയുടെ മക്കള്‍ ഉണ്ടാവുമെന്നുറപ്പാണ്‌. ജോലിചെയ്യാന്‍ മനസ്സാണ്‌ പ്രധാനം. ആരോഗ്യപരമായ അവസ്ഥ മാറ്റിവച്ച്‌ തന്റെ ജോലി മനോഹരമാക്കി തീര്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിയുന്നുമുണ്ട്‌. (ഇവിടം സ്വര്‍ഗമാണ്‌, ഓര്‍ക്കുക വല്ലപ്പോഴും, തുടങ്ങിയ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഉദാഹരണം). ഇത്തരത്തിലുള്ള ഒരു വ്യക്തിയെ ജോലിചെയ്യുന്നതില്‍ നിന്നും നിന്നും ഉപരോധിക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. മലയാളമില്ലെങ്കില്‍ തമിഴ്‌, തെലുങ്ക്‌ തുടങ്ങി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചു ജീവിക്കുമെന്ന്‌ തിലകന്‍ ഇന്ന്‌ പറഞ്ഞതായി ഒരു വാര്‍ത്ത കണ്ടു. അതായത്‌ നഷ്ടം തിലകനല്ലെന്ന്‌ സാരം. തിലകനെപ്പോലുള്ള ഒരു നടനെ കിട്ടാന്‍ മലയാള സിനിമയ്‌ക്ക്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.

    ReplyDelete
  26. അടുത്തകാലത്ത് വിലക്ക് കിട്ടിയ രണ്ടുപേർ മീരാജാസ്മിനും തിലകനും വിലക്ക് അർഹിക്കുന്നവരാണെന്നാണ് പിന്നാമ്പുറ വർത്തമാനം. സെറ്റിൽ കൃത്യമായി വരില്ല. മൂഡ് ഔട്ട് ആയാൽ ഷൂട്ടിംഗ് നിർത്തിപോകുക എന്നതൊക്കെയായിരുന്നു മീരയുടെ പ്രശ്നങ്ങൾ. ഒരു ഷൂട്ടിംഗ് സെറ്റിൽ ശരാശരി 50-70-നോടടുത്ത് ആളുകളുണ്ടാവും. മെയിൻ നടി അഭിനയം നിർത്തിപോകുമ്പോൾ ഇത്രയും ആൾക്കാരുടെ അധ്വാനം, സമയം, നിർമ്മാതാവിന്റെ പണം...ഇതിനൊന്നും ഒരു വിലയുമില്ലെന്നു വരുന്നു. തിലകനെക്കുറിച്ച് പറഞ്ഞുകേട്ടത് വെള്ളമടിയുടെ പ്രശ്നമാണ്. പ്രായാധിക്യവും അതിന്റെ കൂടെ വെള്ളമടിയും. സീനിൽ അഭിനയിക്കുമ്പോൾ പലപ്പോഴും ഡയലോഗ് ഒക്കെ മറന്നു പോകും. ബാക്കിയുള്ളവരുടെ സമയവും ഒക്കെ നഷ്ടം. ഇത്ര ത്യാഗം ചെയ്ത് അഭിനയിപ്പിക്കാൻ ഇവർ അഭിനയിക്കുന്നത് അത്ര ക്രൂഷ്യൽ റോളൊന്നുമല്ലല്ലോ.

    ReplyDelete
  27. മാരീചന്‍ പ്രശ്നത്തിന്റെ മര്‍മ്മത്ത് കൃത്യമായി കുത്തിയല്ലോ.

    ReplyDelete
  28. എഴുത്തിന്റെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിയുന്നത് മാരീചനാണ്. അതിനൊരു ലാൽ സലാം. ശരിയാണ് അവസാനം വേണോവേണ്ടേ എന്നു സംശയിച്ച് സംശയിച്ച് എഴുതിയിട്ടതിൽ ഒരു പക്ഷപാതം ഉണ്ട്. (പോസ്റ്റിലെ ഉദാഹരണങ്ങൾ വേറൊരു തരമാണ്...അതിന്റെ ഉദ്ദേശ്യം തിലകനെ താങ്ങുകയല്ല ) ഒന്നുകൂടെ ആലോചിച്ചാൽ ഇത്തരം എടുത്തുച്ചാട്ടങ്ങൾ കൊണ്ട് (അതു പ്രായാധിക്യത്തിന്റെയാവട്ടെ, ബൈപാസ് കഴിഞ്ഞ ദുർബലമായ ഹൃദയത്തിന്റെതാവട്ടെ, കലാകാരന്റെ അതിസംവേദനക്ഷമമായ അതുകൊണ്ട് ഭ്രാന്തമായ മനസ്സിന്റേതാവട്ടെ) ആത്യന്തികമായി നഷ്ടം തിലകനു തന്നെയല്ലേ? സംഭവിച്ചല്ലോ..തിലകൻ എന്തിനായിരുന്നു ഇങ്ങനെയൊരു പൊട്ടിത്തെറി നടത്തിയത്? സദസ്സറിഞ്ഞ് തിലകന് പെരുമാറാമായിരുന്നു. പക്ഷേ സദസ്സറിയാത്തവരല്ലേ ചില ജീർണ്ണതയെ കിള്ളി പുറത്തിട്ടിട്ടുള്ളത്, ചരിത്രത്തിൽ?
    സൂപ്പർസ്റ്റാറുകളും തൊട്ടടുത്തു നിൽക്കുന്ന അഭിനേതാക്കളും (അഭിനയത്തിലല്ല) തമ്മിൽ മലയാളസിനിമാരംഗത്ത് പ്രതിഫലകാര്യത്തിൽ നിലനിൽക്കുന്ന അന്തരം നീക്കാനെങ്കിലും ഈ വിവാദം -അതെത്ര സ്വാർത്ഥതയുടെ കരിപുരണ്ടതാണെങ്കിലും -ഉപകരിക്കുമെങ്കിൽ ആ നന്മയിലല്ലേ നാം ശ്രദ്ധയൂന്നേണ്ടത്? അതോ ഒന്നോ രണ്ടോ പേരുടെ വ്യക്തിമഹത്വം കളങ്കം കൊണ്ടു നശിക്കുന്നതിലോ? തിലകന്റെ കാര്യം വിട്ടാൽ തന്നെ നമ്മുടെ താരങ്ങളുടെ (അങ്ങനെ ആകാൻ കിണയുന്നവരുടെയും) ചെയ്തികളെല്ലാം ന്യായീകരിച്ചു പോകുന്നവയാണോ?
    ഒരു വിവാദത്തിൽ ആരുടെ കൂടെച്ചേർന്ന് ചിന്തിക്കണമെന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അധികാരവും പണവും സ്വാധീനവും ഭരിക്കുന്നിടത്ത് പ്രത്യേകിച്ച്. (അതാണതിന്റെ രാഷ്ട്രീയം) അത്രയൊക്കെ പക്ഷപാതം വേണം, അതല്ലേ ഇതിനുള്ളിലുമുള്ളൂ...?

    ReplyDelete
  29. ഞാന്‍ ലൈം ലൈറ്റില്‍ ഇല്ല. വിവാദമുണ്ടാക്കിയാല്‍ ലൈറ്റില്‍ എത്തുമെന്നെനിക്കറിയാം. മുന്‍പ് വിവാദമുണ്ടാക്കിയതിനു ശേഷവും ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായില്ല. ഇപ്പോഴും അതുണ്ടാവാനിടയില്ല. ഞാന്‍ വിവാദമുണ്ടാക്കുന്നു. ഒരു സദസ്സ് എനിക്കു വേണ്ടി ഒരുക്കപ്പെടുമെന്ന് എനിക്കറിയാം. ഞാന്‍ ചിന്തിച്ചപോലെ സദസ്സ് ഒരുങ്ങുകയും ചെയ്തു.

    അപ്പോള്‍ ഞാനുണ്ടാക്കുന്ന വിവാദം ‘സദസ്സറിഞ്ഞുള്ള പെരുമാറ്റം‘ തന്നെ അല്ലേ?

    ReplyDelete
  30. തിലകൻ വിനയൻ സിനിമയിൽ അഭിനയിക്കുന്നു, അതുകൊണ്ടല്ലേ രണ്ട് സംഘടനകളും തിലകനെ ഉപരോധിച്ചത്? കോണ്ട്രാക്റ്റ് ഒപ്പിട്ട് വാങ്ങി അഡ്വാൻസ് കൊടുത്ത ശേഷം, തിലകനെ വേണ്ട എന്ന് സുബൈർ വിളിച്ചു പറഞ്ഞുവെന്നും അത് ഫെഫ്ക മൂലമാണെന്നും?

    മമ്മൂട്ടിയെപറ്റി പറഞ്ഞത് ക്രിസ്ത്യൻ ബ്രദേർസുമായുള്ള ബന്ധത്തിൽ അല്ലായിരുന്നല്ലോ? പൊതുവായി പറഞ്ഞതല്ലേ? അല്ലാതെ ആ സിനിമയിൽ മമ്മൂട്ടി ഇല്ല, അതുകൊണ്ട് മമ്മൂട്ടി അങ്ങിനെ പറഞ്ഞ് കാണില്ല എന്ന് പറയുന്നതു എങ്ങിനെ? കൈരളി ടിവിയുടെ ആളെന്ന നിലയക്കല്ലേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്?

    തിലകന്റെ ആരോപണങ്ങൾ പുതിയവ അല്ലല്ലോ? മുൻപും ഇതേ പ്രശ്നങ്ങൾ പൃഥിരാജ് ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടില്ലേ?

    മീരാ ജാസ്മിനെ വിലക്കിയത് റ്റ്വന്റിറ്റ്വന്റിയിൽ അഭിനയിക്കാഞ്ഞിട്ടല്ലേ? സെറ്റിൽ ലേറ്റായി വരുക, മദ്യപിക്കുക ഒന്നും മലയാളം സിനിമയിൽ ഇല്ലേ പോലും?

    വിലക്കുമ്പോൾ കത്തു എഴുതിയല്ലല്ലോ വിലക്കുന്നത് (അത് തന്നയല്ലേ തിലകനും പറയുന്നത്), അതുകൊണ്ടാവും ഉണ്ണികൃഷ്ണൻ അങ്ങിനെ ‘എഴുതികൊടുത്തിട്ടുണ്ടെങ്കിൽ’ രാജി വെക്കാം എന്ന് പറയുന്നത്. ഒരു സംഘടനയ്ക്ക് വ്യക്തമായ നിയമാവലി ഉണ്ടെന്നിരിക്കേ വിസ്പർ ക്യാമ്പെയിൻ നടത്തി വിലക്ക് ഏർപ്പെടുത്തുന്നതിനെ തന്നെയല്ലേ മാഫിയ എന്നു വിളിക്കേണ്ടത്?

    ReplyDelete
  31. ജാടക്ക് കയ്യും കാലും വാലും വെച്ചാ എന്തോ ചെയ്യും അല്ല എന്തോ ചെയ്യും ..പക്ഷം വേണമത്രേ..
    ഒരു പക്ഷവുമല്ല.സദസ്സറിഞ്ഞു പ്രസംഗം പോലെ,സദസ്സറിഞ്ഞു പോസ്റ്റ്.ഇപ്പൊ കണ്ടോ ആളും ബഹളവുമൊക്കെ ആയി,
    സില്‍മ അല്ലെ.പണ്ട് ധ്വനിപ്പിക്കാന്‍ ആവശ്യപ്പെട്ടവരും,സില്‍മാ വിഷയം ആയതിനാല്‍ പുരയില്‍ കേറി കാപ്പി കുറിച്ചു പോകും.അത്രേ ഉദ്ദേശി ച്ച്ചുള്ളൂ.കൊച്ചച്ഛനും കൊച്ചമ്മയുമൊക്കെ വന്നു രണ്ടു വാക്ക് പറഞ്ഞു പോകും. ഇടക്ക് ഒന്ന് ഡൌണ്‍ ആയതായിരുന്നു. ഇപ്പൊ ആ കെ ഒന്ന് ഉഷാറായി .അല്ലാതെന്തു പക്ഷം.
    (പിന്നെ ഒരു ധ്വനിപ്പിക്കള്ല് കൂടി ഉണ്ട്..ജാതി പ്പേരില്‍ ആയാല്‍ പീഡനം ആകാം..യേത് !!! എന്നാ ഇപ്പോഴത്തേത് "താഴെയിടാന്‍" പറ്റാത്ത പ്രശ്നാ !)

    ReplyDelete
  32. തടിയന്റവിടത്തെ ലദ് !February 19, 2010 at 8:10 PM

    മാരീചൻ മർമ്മത്തു തന്നെ കേറിപിടിച്ചു. പിടിക്കാതിരിക്കണത് എന്തിന്? ഡിഫി ഉണ്ടായിരുന്നെങ്കിൽ ഗുജറാത്തിൽ ഒരു കലാപവും നടക്കുമായിരുന്നില്ലെന്ന് ചെന്നൈയിൽ ചെന്നു നിന്ന് സദസ്സറിഞ്ഞ് മൊഴിഞ്ഞ ദേഹമാണ് മമ്മൂട്ടി. കൈരളിയുടെ നാഡിയും നട്ടെല്ലുമാണ്. അപ്പോൾ പ്രതിരോധം വേണ്ടി വരും. (പിന്നെ പുത്തരിക്കണ്ടത്തുവച്ച് അഡ്വാനിജിയുടെ കൈയിൽ നിന്ന് പട്ടും വളയും വാങ്ങിച്ചത് ഇത്തിരി ഷെയിമായി പോയി.. അതു നമ്മളങ്ങൌ സഹിച്ചു, കേന്ദ്രത്തിൽ ബി ജെപി വാണരുളുമെന്ന് വിചാരിച്ച് പറ്റിപോയതല്ലേ..) തിലകൻ കമ്മ്യൂണിസ്റ്റായിരുന്നു ഇപ്പോഴതിന്റെ ലക്ഷണമൊന്നുമില്ല. ആണെങ്കിൽ തന്നെ അച്യുമാമാ ഗ്രൂപ്പാവാനേ സാധ്യതയുള്ളൂ.. അതാണീ വായാടിത്തം. അതുകൊണ്ട് പിടിക്കുമ്പോൾ മർമ്മം നോക്കി പിടിക്കണം. എന്നാലും ഒരു കാര്യത്തിൽ മാരീചനോട് കൃതജ്ഞതാകുലതയുണ്ട്! സിനിമാരംഗത്ത് ഒരുമാതിരിപ്പെട്ടവന്റെയൊക്കെ ജാതി പിടികിട്ടി.. യേത്? ഇനി നമ്മളൊരു കളി കളിക്കും..

    ReplyDelete
  33. മമ്മുട്ടി പറഞ്ഞു കാണില്ല എന്ന് പറയാനൊക്കെത്തില്ല. പക്ഷെ പറ്ഞ്ഞുകാണും എന്ന് പറയാന്‍ തെളിവു വേണ്റ്റ. മമ്മൂട്ടി കൈരളീന്റെ ആളാണല്ലോ.അപ്പോള്‍ പറഞ്ഞുകാണും. ഇല്ലെങ്കില്‍ അങ്ങനൊരു വിസ്പരകാമ്പയിന്‍ നമ്മള്‍ തുടങ്ങിവെക്കും.

    ReplyDelete
  34. കുറിക്കു കൊള്ളുന്ന പോസ്റ്റ്‌... അഭിനന്ദനങ്ങള്‍... കണക്കുകള്‍ കഥ പറയുന്നത് ഇങ്ങനെ ആണ്.

    പ്രിയ മാരീചന്‍, എന്തിലും ഏതിലും രാഷ്ട്രീയലാക്ക് കാണണോ? ഇഞ്ചി പറഞ്ഞത് പോലെ എല്ലാ സിനിമയില്‍ നിന്നും വിനയന്റെ താരങ്ങളെ ഒഴിവാക്കാനാണ് മമ്മൂട്ടി ആവശ്യപ്പെട്ടത് എന്നാണു ആരോപണം. അപ്പോള്‍ പിന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന പദത്തില്‍ മമ്മൂട്ടി ഇല്ല എന്ന വാദം നിലനില്‍ക്കില്ല. നിര്‍മാതാവ് നേരിട്ട് തിലകനെ വിളിച്ച്, മറ്റേ മെഗാ താരം താങ്കളെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു എന്നാണു പറഞ്ഞത്. (അവലംബം: വ്യത്യസ്ത അഭിമുഖങ്ങള്‍) ഇക്കാര്യം ഇത് വരെ ആരും നിഷേധിച്ചതായികേട്ടില്ല. കരാര്‍ ഉറപ്പിച്ച താരത്തെ സിനിമയില്‍ നിന്നും വിലക്കിയതിനെതിരെ എന്തേ അമ്മയ്ക്ക് ഒന്നും പറയാനില്ലേ?

    പിന്നെ ഇതേ കണക്കു വെച്ച് നോക്കിയാല്‍ തിലകനും കമ്മ്യൂണിസ്റ്റ്‌ ആണ്. പക്ഷേ അത് പറഞ്ഞു ഉറപ്പിക്കാന്‍ മാതൃഭൂമി, കലാകൌമുദി അഭിമുഖങ്ങളില്‍ അദ്ദേഹം നടത്തിയ ശ്രമം കാണുമ്പോള്‍, ഭരണപക്ഷം ആണ്, അല്ലെങ്കില്‍ സാംസ്കാരികമന്ത്രി ആണ് ഇവിടെ അവസാന വാക്ക് എന്നു തോന്നുന്നു. മന്ത്രി ഇടപെടണമെന്ന് തിലകന്‍ വ്യക്തമായി ആവശ്യപ്പെടുന്നത് കാണുമ്പോള്‍ സിനിമാ റിലീസിന് വേണ്ടി ബാല്‍ താക്കറെയെ കാണുന്ന ബോളിവുഡ് നിര്‍മാതാക്കളെയും, തങ്ങള്‍ ഇന്ത്യയോടു കൂറുള്ളവരാണെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കേണ്ടി വരുന്ന ഷാ റൂഖ്, സല്‍മാന്‍ ഖാന്മാരെയും ഓര്‍മ വരുന്നു.

    എന്തായാലും ഈ വിവാദത്തില്‍ ആകെ ആശ്വാസകരമായ ഒരു കാര്യം, തിലകന്‍ പറയുന്നത് അത് പോലെ കൊടുക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ മടി കാണിച്ചില്ല എന്നതാണ്. അടുത്ത ഓണപ്പതിപ്പിനു മാതൃഭൂമിയ്ക്ക് മമ്മൂട്ടിയുടെ അഭിമുഖം വേണ്ടായിരിക്കും. അതോ ഇവിടെയും രാഷ്ട്രീയം മറനീക്കി വന്നുഎന്നാണോ?

    ReplyDelete
  35. തിലകന്‍ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായിട്ടല്ലല്ലോ. ഹിസ് ഹൈനസ് അബ്ദുളള പൊട്ടിത്തെറിയ്ക്കും ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് പൊട്ടിത്തെറിക്കും ഇടയില്‍ മറ്റൊരു പൊട്ടിത്തെറിയുണ്ടായിരുന്നു.

    സ്ഫടികം സിനിമയിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തെ ചൊല്ലി സംവിധായകന്‍ ഭദ്രനും തിലകനും തമ്മില്‍. ചാക്കോ മാഷിന്റെ പാത്രസൃഷ്ടി ശരിയായില്ലെന്നും താന്‍ പറഞ്ഞതൊന്നും ഭദ്രന്‍ കേട്ടില്ലെന്നുമൊക്കെ പറഞ്ഞ തിലകനോട്, എന്‍റെ സിനിമയില്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കാമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഭദ്രന്‍ അറുത്തുമുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ഭദ്രന്‍റെ ഒരു പടത്തിലും തിലകന്‍ അഭിനയിച്ചിട്ടില്ല.

    "ഈഴവനായ" ജോഷി 1997ല്‍ റിലീസ് ചെയ്ത ഭൂപതിയ്ക്കു ശേഷം "ഈഴവനായ" തിലകനെ തന്റെ ഒരു സിനിമയിലും അഭിനയിക്കാന്‍ ക്ഷണിച്ചിട്ടില്ല.

    പ്രായവും ആരോഗ്യവും തളര്‍ത്തുമ്പോള്‍ സ്വാഭാവികമായും ചാന്‍സുകള്‍ കുറയും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ബാധകമായ സത്യമാണത്. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തിലകന് പകരം സായി കുമാറിനെ അഭിനയിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കേണ്ടത് അതിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ്. റോളുകള്‍ക്ക് അഡ്വാന്‍സ് നല്‍കുകയും എഴുതി വരുമ്പോള്‍ ആ സ്ഥാനത്ത് മറ്റൊരാളെ പരിഗണിക്കുകയുമൊക്കെ ചെയ്യുന്നത് സിനിമാ രംഗത്ത് ആദ്യ സംഭവമൊന്നുമല്ല.

    തിലകന് അപ്രഖ്യാപിത വിലക്കുണ്ടെന്ന് വാദിക്കുന്നവര്‍, ഇക്കഴിഞ്ഞ വര്‍ഷം തിലകന്‍ 12 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന വസ്തു മറക്കുന്നു.

    "ജീര്‍ണതയെ തളളിപ്പുറത്തിട്ടവരുടെ ചരിത്രത്തില്‍ സദസറിയാത്തവരെ"ത്രപേരുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ "സദസറിയാത്ത" പല "സംസാര"ക്കാരും തളളിപ്പുറത്തിടുന്നത് സ്വന്തം ജീര്‍ണതയാണെന്ന് തിരിച്ചറിയാന്‍ ആ അ‍ജ്ഞത തടസുമല്ല.

    സൂപ്പര്‍താരങ്ങളും തൊട്ടടുത്തു നില്‍ക്കുന്ന അഭിനേതാക്കളും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അന്തരം നീക്കണമെന്നാണ് ആഗ്രഹമെങ്കില്‍, നമുക്ക് കൈയൊപ്പ്, കഥ പറയുമ്പോള്‍, കറുത്തപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങളെക്കൂടി പരിഗണിക്കണമെന്ന അപേക്ഷ കൂടിയുണ്ട്.

    താരമൂല്യം ചൂഷണം ചെയ്ത് വന്‍ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരോട് തങ്ങളുടെ പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്നതില്‍ തെറ്റെന്ത്. പ്രതിഫലത്തിന്‍റെ കാര്യത്തിലുളള ഈ പോരാട്ടം കേരളത്തില്‍ മാത്രമൊതുക്കരുത് എന്നും അപേക്ഷയുണ്ട്. കോളിവുഡ് വഴി ബോളിവുഡിലേയ്ക്ക് നീട്ടിയാല്‍ വിപ്ലവം ഉശിരനാവുകയും ചെയ്യും.

    മലയാള സിനിമ ഒന്നോ രണ്ടോ പേരുടെ വ്യക്തിമഹത്വ കളങ്കം കൊണ്ട് നശിക്കുന്നുവെന്ന ആരോപണം ഇത്തിരി കടന്നുപോയി. വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009ല്‍ ആകെ ഇറങ്ങിയത് 37 ചിത്രങ്ങള്‍. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ പത്തോ പന്ത്രണ്ടോ.. ഒരു വര്‍ഷം അഞ്ചു സിനിമയില്‍ അഭിനയിച്ച ശേഷം മിച്ചം വരുന്ന സമയം മലയാള സിനിമയെ നശിപ്പിക്കാന്‍ ഊര്‍ജവും അധ്വാനവും വിനിയോഗിക്കുകയാണോ നമ്മുടെ സൂപ്പര്‍താരങ്ങള്‍...

    ReplyDelete
  36. മാരീചൻ പറഞ്ഞതാണ് അതിന്റെ കാര്യം . എന്നാലും ഈ തിലകൻ ഇത്രയും വൃത്തികെട്ടവനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. മനുഷ്യന്റെ സമാതാനം കളയാൻ വേണ്ടി ഓരോ നശൂലങ്ങള്.. അയാളെ വിലക്കണം അയാളൂ സിലിമയിലും അഭിനയിക്കണ്ട ഒരു ചുണ്ണാമ്പിലും അഭിനയിക്കണ്ട. ഓ ഒരു അഫിനയം. എന്നല്ല ഈ നാട്ടിൽ നിന്നു തന്നെ ഓടിച്ചു വിടണം.. എന്നാലേ നാടു കൊണം പിടിക്കൂ..

    ReplyDelete
  37. ഈ വിഷയത്തിൽ ചില ഇന്റർവ്യൂകൾ കണ്ടുള്ള അറിവീയുളു. എങ്കിലും തിലകനെപ്പറ്റി ഉണ്ണികൃഷ്ണനെപ്പോലെ മീഡിയൊക്കർ ഫിലിം മേക്കേഴ്സ്‌ പറയുന്നതു കേൾക്കുമ്പോൾ ചിരിയാണു വരുന്നതു. സിബി മലയിലും ഉണ്ണികൃഷ്ണനെ ഏറ്റുപിടിക്കുന്നതു കണ്ടു.

    ലോഹിതദാസിനെ സിബി മലയിലിനു പരിചയപ്പെടുത്തിയതും മമ്മൂട്ടിയെ തനിയാവർത്തനത്തിലേക്കു റെക്കമന്റ്‌ ചെയ്തതും തിലകൻ ആണെന്നു കേട്ടിട്ടുണ്ട്‌.

    മാരീചന്റെ കമന്റുകൾ കണ്ടപ്പോൾ ഒരു സംശയം.



    സ്ഫടികം സിനിമയിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തെ ചൊല്ലി സംവിധായകന്‍ ഭദ്രനും തിലകനും തമ്മില്‍. ചാക്കോ മാഷിന്റെ പാത്രസൃഷ്ടി ശരിയായില്ലെന്നും താന്‍ പറഞ്ഞതൊന്നും ഭദ്രന്‍ കേട്ടില്ലെന്നുമൊക്കെ പറഞ്ഞ തിലകനോട്, എന്‍റെ സിനിമയില്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കാമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഭദ്രന്‍ അറുത്തുമുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ഭദ്രന്‍റെ ഒരു പടത്തിലും തിലകന്‍ അഭിനയിച്ചിട്ടില്ല.


    തിലകന്റെ ഒരു ഇന്റർവ്യൂവിൽ വായിച്ച തു വെറൊരു കഥ. തിലകനു വേണ്ടി സൃഷ്ടിച്ച കഥാപാത്രത്തെ നെടുമുടിക്കു കൊടുക്കാമോ എന്നു ലാൽ ചോദിച്ചെന്നും, എന്നാൽ തിലകൻ തന്നെ വേണെമെന്നു ഭദ്രൻ വാശി പിടിച്ചെന്നും ഭദ്രൻ തന്നോടു പറഞ്ഞു എന്നാണു തിലകൻ പറഞ്ഞത്‌. സോഴ്സ്‌ കൃത്യമായി ഓർമ വരുന്നില്ല. ഏതൊ ഒരു ഡിസ്കഷൻ ഫൊറത്തിൽ കണ്ട ഒരു സ്ക്രീൻ ഷോട്ട്‌ ആണു. മനോരമയിലോ മറ്റോ വന്ന ഒരു അഭിമുഖം.


    തുടര്‍ന്ന് അധികം സിനിമയൊന്നും ഭദ്രൻ ചെയ്തിട്ടില്ലല്ലോ. IMDB അനുസരിച്ചു യുവതുർക്കി, വെള്ളിത്തിര, ഒളിമ്പ്യൻ, ഉടയോൻ.

    ഉടയോൻ എന്ന സിനിമയിൽ ലാൽ തന്നെ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം തിലകനു വേണ്ടി എഴുതിയതായിരിന്നുവേന്നും കേട്ടിരിക്കുന്നു. എത്ര റിലയബിൾ ആയ കാര്യമാണെന്നറിയില്ല.

    ക്ലൈമാക്സ്‌ എന്താവുമെന്നു കണ്ടറിയണം.

    ReplyDelete
  38. തിലകന്‍ പറയുന്നതില്‍ കൊറേയേറെ കാര്യങ്ങളും കുറച്ചു കുശുമ്പുമാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്..എന്തായാലും ഇതെല്ലാം വിളിച്ചു പറയാന്‍ ഒരു തിലകനെങ്കിലും ഉണ്ടായല്ലോ..
    മാരീചരേ ജോഷി ഈഴവനോ?ദിലീപ് നായരോ??അതെന്നു?എപ്പോ മുതല്‍?സ്ഫടികത്തിന് ശേഷം ഭദ്രന്റെ സിനിമയില്‍ തിലകന്‍ ഇല്ലാതിരുന്നത് തിലകന്റെ ഭാഗ്യം!ഗംഭീര പടങ്ങളാണല്ലോ ബാക്കിയെല്ലാം..

    സൂസന്ന,മീരയെ വിലക്കിയത് 20-20 യില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിട്ടാണ്.തിലകന്‍ വെള്ളമടിച് സെറ്റിലെത്തുന്നു എന്നത് പുത്യ അറിവാണ്..

    ലാലണ്ണന്‍ പറഞ്ഞപോലെ അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ നിരോധിക്കാന്‍ നമുക്കൊരു ഒപ്പുശേഖരണം നടത്തിക്കളയാം..:P

    ReplyDelete
  39. തിലകന്‍ പറയുന്നതിലും കുറച്ചെന്തെങ്കിലും കാണും. പക്ഷേ, അതിത്ര ഊതിപ്പെരുപ്പിയ്ക്കേണ്ടിയിരുന്നില്ല.

    പിന്നെ, സൂപ്പര്‍ സ്റ്റാറുകള്‍(?) അവരുടെ പ്രായം മറക്കുന്നു. മമ്മുക്കയും ലാലേട്ടനും സൂപ്പര്‍ നടന്മാരാണെന്നത് ശരി തന്നെ. പക്ഷേ, പ്രായത്തിനു കൂടി ചേര്‍ന്ന നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ ഇനിയെങ്കിലും ശ്രദ്ധിയ്ക്കേണ്ടതാണ്. (ഈ പോക്ക് അധിക കാലം ഉണ്ടാകും എന്ന് തോന്നുന്നില്ല.)

    ReplyDelete
  40. കന്മഴ പെയുമ്പോള്‍ എന്ന " തിലകന്‍ " ചിത്രത്തിന്റെ സെറ്റില്‍ തിലകന്‍ കാണിച്ചു കൂടിയ വിക്രിയകള്‍ അന്വേഷിക്കുക.
    എന്നിട്ട് തിലകന് സൂപ്പെര്‍ സ്റ്റാറിനെ ചീത്ത പറയാന്‍ അര്‍ഹത ഉണ്ടോ എന്ന് തീരുമാനിക്കുക. അങ്ങേര്‍ പറയുന്നതില്‍ കാര്യമുണ്ടെങ്കിലും...

    ReplyDelete
  41. വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009 ല്‍ ആകെ ഇറങ്ങിയത് 37 ചിത്രങ്ങള്‍.
    - വെള്ളെഴുത്തിന്റെയല്ല, സാബു ചെറിയാന്റെ.
    മരിയോ പുസ്സോയുടെ ഗോദ്ഫാദറിലാണെന്നു തോന്നുന്നു, മാഫിയ സിനിമയിൽ ആരൊക്കെവേണം, വേണ്ട എന്നു തീരുമാനിക്കുന്നതിനെ ഭംഗിയായി വിവരിച്ചിട്ടുള്ളത്. വർഷത്തിൽ നാലോ അഞ്ചോ പടത്തിൽ ഉപജീവനാർത്ഥം അഭിനയിച്ച് ബാക്കി സമയങ്ങളിൽ ഈശ്വരവിചാരങ്ങളും കുടുംബകാര്യങ്ങളുമായി ഒതുങ്ങികൂടുന്നവരാണ് സകല സൂപ്പർസ്റ്റാറുകളെന്നും അവരുടെ യാതൊരു വിധസ്വാധീനത്തിനും വിധേയമല്ല സിനിമകളെന്നും അവർ അംഗങ്ങളായ സംഘടനകളിലെ രാഷ്ട്രീയം, ശരിതെറ്റുകളെ കടുകിട തെറ്റാതെ ഗണിച്ച് സ്വയമേവ ഉണ്ടായി വരുന്നതാണെന്നും ആരും ആർക്കും കുടി കുട തഴ ഇത്യാദികൾ പിടിക്കുന്നില്ലെന്നും ചിന്തിക്കാനുള്ള സുഖത്തെ നമ്മളായിട്ടെന്തിനു വേണ്ടെന്നു വയ്ക്കണം. എങ്കിൽ അങ്ങനെ. മലയാളത്തിലെ മാത്രമല്ല മറ്റു ഭാഷകളിലെയും സൂപ്പർസ്റ്റാറുകൾ ഇങ്ങനെയൊക്കെ അല്ലേ ചെയ്യുന്നതെന്നു ചോദിച്ചാൽ, ഉപ്പു കണ്ട പെരുച്ചാഴിയെപ്പോലെ ഇളിഞ്ഞ് ചിരിച്ച് മാറി നിൽക്കാനേ പറ്റൂ. അവിടെ അങ്ങിനെയൊക്കെ ആകാമെങ്കിൽ പിന്നെ നമ്മുടെ സ്റ്റാറുകളും അങ്ങനെയായാൽ കുഴപ്പമെന്താ? ഈ ആശയത്തെ വലിച്ചു നീട്ടിയാൽ, ബീഹാറിൽ ജനക്കൂട്ടം നീതി നടപ്പാക്കുന്നില്ലേ? നമ്മൾ മാത്രം മോബ് ജസ്റ്റിസിനെ പഴിക്കേണ്ട കാര്യമുണ്ടോ? അങ്ങനെയൊക്കെ നമ്മൾ പുരോഗമിച്ചും കൊണ്ടിരിക്കുകയാണല്ലോ..
    അതു തന്നെ ന്യായം. നാടോടുമ്പോൾ നടുവേ. സദസ്സറിയാത്തവർ സ്വന്തം ജീർണ്ണതയാണ് പുറത്തിടുന്നത് എന്ന മാരീചന്റെ സിദ്ധാന്തത്തിന് ഒരുദാഹരണം കൂടി എനിക്കറിയാം. ഐസ്ക്രീം പാർലർ സംഭവത്തിൽ സദസ്സറിയാതെ കാര്യങ്ങൾ വിളിച്ചു പറഞ്ഞ റെജീന. അന്നത്ര തീവ്രമല്ലാതിരുന്ന പ്രതിച്ഛായാപ്രശ്നവും അതിലന്തർഭവിച്ചിരുന്നു എന്നു കാണാം. പറഞ്ഞു വരുന്നത് താത്കാലികമായ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്ന കുഴമറിച്ചിലുകളെക്കുറിച്ചാണ്. ഒരിടത്തെ ശരി, കാലികമായ മറ്റൊരു സംഭവത്തിൽ ശരിയല്ലാതാവുന്ന മറിമായത്തെ നാം ഏതു സിദ്ധാന്തം കൊണ്ടാണ് നേരിടേണ്ടതെന്ന്..
    വാദങ്ങളും പ്രതിവാദങ്ങളുമാണ് ശരിയെക്കുറിച്ചുള്ള ബോധത്തെ നേരെ, കാലിൽ നിർത്തുന്നത് എന്നുള്ളതുകൊണ്ട് ഇത്രയുമൊക്കെ വേണം.. മമ്മൂട്ടീയില്ലെങ്കിലും തിലകനില്ലെങ്കിലും മോഹൻലാലില്ലെങ്കിലുംഅഴീക്കോടില്ലെങ്കിലും ‘അമ്മയും മാക്ടയു ഫെഫ്കയു‘മൊന്നുമില്ലെങ്കിലും അഥവാ (ഇതൊക്കെ ഇക്കാണുന്നതിനേക്കാൾ മ്ലേച്ഛമായ നിലയിൽ ) ഉണ്ടായാലും മലയാള സിനിമ ഇനിയും തട്ടിയും തടഞ്ഞും ഉരുളും.. ഇപ്പോ കാണുന്ന രീതിയിലാവാതിരുന്നാൽ മതി എന്നാശിക്കാനും പറ്റില്ലെന്നു വന്നാൽ എന്തൊരു ഗതികേടാണ് !!!

    ReplyDelete
  42. തിലകന്‍ നാടോടിക്കാറ്റില്‍ പറഞ്ഞതുപോലെ എനിക്ക് ഒന്നേ പറയാനുള്ളൂ . Escape രക്ഷപെട്ടോല്വാ

    ReplyDelete