April 9, 2009
തെരെഞ്ഞെടുപ്പുകള്‍ സാരിയുടുക്കേണ്ടതുണ്ടോ ?
കേരളത്തിലെ വോട്ടര്‍മാരുടെ പട്ടികയില്‍ സ്ത്രീകളുടെ അംഗസംഖ്യ പുരുഷന്മാരുടെ തലയെണ്ണത്തേക്കാള്‍ എട്ടുലക്ഷത്തിലധികമുണ്ട്. കൃത്യമായി പറഞ്ഞാല്‍ ആകെ ആണ്‍ വോട്ടര്‍മാര്‍ 10351647. സ്ത്രീകള്‍ 11207796. എങ്കിലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അവരുടെ പ്രാതിനിധ്യം തുലോം തുച്ഛമാണ് ഇരുപതു മണ്ഡലങ്ങളിലും കൂടി വെറും 15 പേര്‍. കോണ്‍ഗ്രസ്സിന് കാസര്‍കോട് ഷാഹിദാകമാല്‍ മാത്രമാണുള്ളത്. സി പി എമിന് വടകരയിലും എറണാകുളത്തുമായി സതീദേവിയും സിന്ധുജോയിയും. ബി ജെപിയ്ക്ക് ആലത്തൂരും തൃശ്ശൂരുമായി എം ബിന്ദുവും രമ രഘുനന്ദനനും. ദേശീയപാര്‍ട്ടികളുടെ കാര്യം ഇങ്ങനെ.
പ്രകടനപത്രികകളില്‍ വനിതാസംവരണത്തെയും പ്രാതിനിധ്യത്തെയും പറ്റി ഘോരഘോരം പ്രസ്താവനകളിറക്കുക, കാര്യത്തോടടുക്കുമ്പോള്‍ കമാ എന്നൊരക്ഷരം മിണ്ടാതിരിക്കുക. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം എത്ര കുഴപ്പം പിടിച്ച പണിയാണെന്ന്, തെരെഞ്ഞെടുപ്പുവേളകളില്‍ ഉറക്കമൊഴിച്ചിരുന്നു ആ പണി ചെയ്തുക്കൊണ്ടിരിക്കുന്ന പുരുഷകേസരികള്‍ക്കല്ലേ അറിയാവൂ! ദേശീയ-പ്രാന്തീയ കക്ഷികളുടെ ചിറ്റമ്മ നയം, ചിട്ടപ്പടി ചില മുറുമുറുപ്പുകള്‍ അവിടവിടയായി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൊട്ടിത്തെറിയുടെ വക്കില്‍ കാര്യങ്ങള്‍ ഇതുവരെ കൊണ്ടുചെന്നെത്തിച്ചിട്ടില്ല. സഹനശക്തി പൊതുവേ സ്ത്രീകള്‍ക്ക് കൂടുതലാണെന്ന പുരുഷചിന്തയെ കൂട്ടായി ഭാരതസ്ത്രീകള്‍ അടുത്തകാലത്തൊന്നും രാഷ്ട്രീയമായി അട്ടിമറിക്കുമെന്നും തോന്നുന്നില്ല. പിന്നെ ശുഭാപ്തിവിശ്വാസം സ്ത്രീകള്‍ക്ക് കൂടുതലാണത്രേ. ഒക്കെ വച്ചു ഗണിക്കുമ്പോള്‍ പുരുഷന്മാരുടെ അധികാരകേന്ദ്രങ്ങള്‍ വച്ചുനീട്ടുന്ന ചില്ലറ സൌജന്യങ്ങള്‍ ഉള്‍പുളകത്തോടെ അനുഭവിച്ച് സായൂജ്യമടയാനാണ് ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയ്ക്ക് വിധി. വിധി എന്നല്ല, അത്രയൊക്കെയല്ലേ നമ്മുടെ സ്ത്രീഭൂരിപക്ഷസമൂഹം ആഗ്രഹിക്കുന്നുള്ളൂ. ഇന്ത്യയിലും കേരളത്തിലും പുരുഷാധിപത്യപരമായ രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിച്ച സ്ത്രീകളൊക്കെ തന്നെ പരോക്ഷമായി ആണധികാരത്തെ സ്വാംശീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാന്‍ വിഷമമൊന്നുമില്ല. നമ്മുടെ കക്ഷിരാഷ്ട്രീയവും ജനാധിപത്യവും നീങ്ങിക്കൊണ്ടിരിക്കുന്ന ചതുപ്പുകളില്‍ നിന്ന്, വ്യത്യസ്തവും നീതിപൂര്‍വകവുമായ ഒരു രാഷ്ട്രീയകാലാവസ്ഥയിലേയ്ക്ക് സമൂഹത്തെ മൊത്തം നയിക്കാന്‍ അവഗാഢമായ ബോധ്യങ്ങളുള്ള സ്ത്രീയ്ക്കു എളുപ്പം കഴിഞ്ഞേക്കും എന്നു പലപ്പോഴും തോന്നാറുണ്ട്. മേധാപധ്കറും വന്ദനശിവയെയും അരുന്ധതിയും ദീപാ മെഹ്ത്തയും സുനിത നാരായണനും ടീസ്താ സെതല്‍വാദും സി കെ ജാനുവും മയിലമ്മയും ഇറോം ഷര്‍മിളയും ഏറ്റെടുത്ത സാമൂഹികപ്രശ്നങ്ങളെ വച്ചുകൊണ്ട് ആലോചിക്കുമ്പോള്‍. സോണിയയുടെയോ മായാവതിയുടെയോ (ഒരു തമാശകൂടി പറയട്ടെ, സ്ത്രീയായ മായാവതി നേതാവായ ബി എസ് പിയുടെ മേല്‍ വിലാസത്തിലാണ് തിരുവനന്തപുരത്ത് നളിനി നെറ്റോ കേസില്‍ പ്രതിയായിരുന്ന നീലലോഹിതദാസന്‍ മത്സരിക്കുന്നത്.) സുഷമാസ്വരാജിന്റെയോ ജയലളിതയുടെയോ ഗൌരിയമ്മയുടെയോ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ് മേല്‍പ്പറഞ്ഞവരുടെ നവസാമൂഹികവിചാരങ്ങള്‍ എന്നുള്ളതുകൊണ്ടാണത്. (അതിനര്‍ത്ഥം മേധ തൊട്ടുള്ളവരെല്ലാം നല്ല രാഷ്ട്രീയനേതാക്കളുമായിരിക്കുമെന്നല്ല. ആയിക്കൂടെന്നുമില്ല.)
ആ സാദ്ധ്യത എന്തുകൊണ്ടോ നമുക്കില്ല. ദേശീയപാര്‍ട്ടികളുടെ മുന്‍ നിര വനിതാ നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ നാം കാണുന്നത് റാബ്രി ദേവിയെപ്പോലുള്ള പ്രോക്സികളെയാണ്. നിലവിലുള്ള വനിതാനേതാക്കളെല്ലാം തന്നെ പ്രോക്സികളാണെന്ന് പറഞ്ഞാലും അതില്‍ വലിയ തെറ്റില്ല. അല്ലെങ്കില്‍ ഏതു നേതാവാണ് പ്രോക്സി അല്ലാത്തത്? നിര്‍ഭാഗ്യവശാല്‍ പ്രോക്സികളുടെ എണ്ണം മുന്‍പില്ലാത്ത വിധം കൂടുകയാണ്, രാഷ്ട്രീയത്തില്‍. സി പി എം, എം എല്‍ എ അജിത് സര്‍ക്കറിനെ വധിച്ചതുള്‍പ്പടെ 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പപ്പുയാദവിന്റെ ഭാര്യ രഞ്ജിത രഞ്ജന്‍ ലോക് ജനശക്തി വിട്ട് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സുപോലില്‍ മത്സരിക്കുകയാണ്. ആനന്ദ് മോഹന്റെ ഭാര്യ ലവ്‌ലിയും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാണ്. ഷിഹാബുദീന്റെ ഭാര്യ ഹീനസാഹബ് RJD യ്ക്കുവേന്റിയും സൂരജ്‌ഭാന്‍ സിംഗിന്റെ ഭാര്യ വീണാദേവി LJP യ്ക്കുവേണ്ടിയും മത്സരിക്കുന്നു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മേപ്പടി ക്രിമിനലുകളുടെ കരങ്ങള്‍ക്ക് ശക്തി തുടര്‍ന്നും പകരുക എന്നതല്ലാതെ ഈ ധര്‍മ്മപത്നിമാര്‍ക്ക് മറ്റെന്തെങ്കിലും ധര്‍മ്മമുണ്ടാവുമോ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍? ബി എസ് പിയുടെയും ബിജെപിയുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കു പുറമേയാണ് ഈ ബിനാമി ക്രിമിനലുകള്‍!
ഇത്രയൊന്നുമില്ലെങ്കിലും പ്രാദേശികഭരണരംഗത്ത് കൊണ്ടുപിടിച്ചു നടത്തിയ വനിതാസംവരണമുന്നേറ്റവും ഫലത്തില്‍ സ്ത്രീകളെ ഭരണരംഗത്തെ ഉപ്പുപാവകളാക്കിമാറ്റുകയല്ലേ ഉണ്ടായത്? സമ്മര്‍ദ്ദങ്ങളുടെ ഫലമായി ആത്മഹത്യകളും രാജികളും ഉണ്ടായി. പേരിന് ഇരുന്നു കൊടുക്കുക എന്നതിനപ്പുറം, ആരംഭത്തിലെ ചില മാറ്റങ്ങള്‍ക്കപ്പുറം, ഒന്നും സംഭവിച്ചില്ല. വളരെപ്പെട്ടെന്ന് കാര്യങ്ങള്‍ പഴയലാവണത്തിലേയ്ക്കു തന്നെ മടങ്ങി. പലപ്പോഴും മുന്‍പത്തേതിനേക്കാള്‍ ചീത്തയായി. കാരണം പഞ്ചായത്തുതല പ്രവര്‍ത്തനം നടത്തുമ്പോഴും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്ന അവസ്ഥയില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം ലഭിക്കില്ലല്ലോ. അപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്നതും സമയാസമയം പൂഴ്ത്തിവയ്ക്കപ്പെടുന്നതുമായ ‘വനിതാസംവരണം’ ഇന്നത്തെ അര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രീയത്തില്‍ എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമോ? ഈ നിലയ്ക്കാണെങ്കില്‍ ഒരിക്കലുമില്ല.
ഇതിനൊരു കാരണമുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തമായൊരു ജനാധിപത്യപ്രക്രിയയെ പിന്‍പറ്റാനോ നിലവില്‍ നിലവിലുള്ളതിനെ നേരെയാക്കാനുദ്ദേശിച്ചുള്ള പരിഷ്കരണത്തിലോ എണ്ണത്തില്‍ കൂടുതലാണെങ്കിലും സ്ത്രീകള്‍ക്ക് പൊതുവേ താത്പര്യമില്ല എന്നുള്ളതാണത്. സാമൂഹികപ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട മാനസികവും ശാരീരികവുമായ ആയാസങ്ങളെ നേരിടാന്‍ വീടിന്റെ തണലില്‍ ഒതുങ്ങിക്കൂടാന്‍ മെരുക്കിയെടുക്കപ്പെട്ട മനസ്സുകള്‍ക്ക് അത്ര എളുപ്പമാവില്ല. സൌജന്യങ്ങളിലേയ്ക്കാണ് എല്ലാവരും ഉറ്റുനോക്കാനാണ് എല്ലാവര്‍ക്കും എളുപ്പം. സൌജന്യം വച്ചുനീട്ടുവര്‍ തീര്‍ച്ചയായും ചിലതൊക്കെ തിരിച്ച് ആവശ്യപ്പെടുകയും ചെയ്യും. ഇങ്ങനെ തളര്‍ത്തിയിട്ടതും വിധേയമാക്കിയതുമായ മസ്തിഷ്കവുമായാണ് നാം 33% വനിതാപ്രാതിനിധ്യത്തിനായി മുറവിളികൂട്ടുന്നത് എന്ന വലിയൊരു തരവഴി ഇവിടെക്കിടന്ന് വട്ടം ചുറ്റുന്നുണ്ട്. പാര്‍ട്ടികള്‍ക്കുള്ളില്‍ സ്ത്രീകളുടെ വന്‍ കലാപം പരസ്യമായി തന്നെ നടക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സി എസ് ചന്ദ്രിക എഴുതിയ ‘സ്ത്രീകള്‍ തോല്‍ക്കുന്ന ജനാധിപത്യം’ എന്ന ലേഖനം നോക്കുക. മൊത്തത്തില്‍ അത് അധികാരത്തിനു വേണ്ടിയുള്ള മുറവിളിയില്‍ തുടങ്ങി അവിടെ തന്നെ അവസാനിച്ചു പോകുന്ന ഒന്നാണ്. അതിനപ്പുറം സ്ത്രീകള്‍ പ്രത്യേകിച്ചു ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ആ ലേഖനത്തിനൊന്നും പറയാനില്ല. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. കഴിഞ്ഞതവണത്തെ നിയമസഭാ തെരെഞ്ഞെടുപ്പിലെന്നപോലെ ഇത്തവണയും തെരെഞ്ഞെടുപ്പു ചുമതലകളില്‍ നിന്ന് സ്ത്രീവിഭാഗത്തെ മുഴുവന്‍ സൌജന്യപൂര്‍വം ഒഴിവാക്കിയത് (കൂട്ടത്തിലോര്‍ക്കുക നളിനി നെറ്റോയാണ് ഇവിടത്തെ വരണാധികാരി) ഏറെ ആശ്വാസത്തോടെയാണ് സ്ത്രീസമൂഹം പൊതുവെയും പുരുഷന്മാര്‍ പ്രത്യേകിച്ചും ഏറ്റു വാങ്ങിയത്. ജനാധിപത്യപ്രക്രിയയെന്നാല്‍ തെരെഞ്ഞെടുപ്പിനു നില്‍ക്കല്‍ മാത്രമല്ല. അതിന്റെ നീതിപൂര്‍വകമായ നടത്തിപ്പില്‍ സഹകരിക്കുകകൂടിയാണ്. എന്നുവച്ചാല്‍ അതു നമ്മുടെ കര്‍ത്തവ്യങ്ങളില്‍ ഒന്നാണെന്ന്. പ്രയാസങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ആശ്വാസമായി കണക്കാക്കുകയും എന്നാല്‍ പാര്‍ട്ടികള്‍ 33% സംവരണം അനുവദിക്കാത്തതില്‍ പരിഭവിക്കുകയും ചെയ്യുന്നതില്‍ ഇരട്ടത്താപ്പുണ്ട്. അതോടൊപ്പം തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ പാര്‍ട്ടികളുടെ കൂടെ ആദ്യാവസാനക്കാരായി എത്ര സ്ത്രീകളുണ്ടാവും? ഏറിവന്നാല്‍ പ്രസംഗങ്ങളില്‍ അവസാനിക്കുന്നു സ്ത്രീ സഹകരണം. അതിനപ്പുറം രാവും പകലുമില്ലാതെ എന്തിനുവേണ്ടിയെന്നുപോലുമറിയാതെ ഓടുന്ന ആണ്‍ബഹുഭൂരിപക്ഷങ്ങളാണ് തെരുവില്‍ നിന്നും പ്രവര്‍ത്തനത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ അനുഭവപാഠങ്ങളും ബലതന്ത്രങ്ങളുമായി പിന്നീട് തീരുമാനങ്ങളുടെ തേരാളികളാവുന്നത്. സ്ത്രീ അവിടെ അന്യയാണ്. അതാണ് കാര്യത്തോടടുക്കുമ്പോള്‍ കക്ഷിഭേദമന്യേ ലിംഗസംവരണങ്ങളെ പരണത്തു വയ്ക്കുന്നത്. അനുഭവപാഠങ്ങളില്ലാതെ, പ്രവര്‍ത്തനപരിചയമോ ആലോചനകളോ ഇല്ലാതെ പ്രാതിനിധ്യബില്ലിന്റെ ബലത്തില്‍, അധികാരത്തിന്റെ സൌജന്യങ്ങള്‍ മാത്രമണിഞ്ഞ് ചന്തം വയ്ക്കുക എന്ന ചിന്ത ഫലത്തില്‍ ഒരു പിന്തിരിപ്പന്‍ ആശയമാണ്.
മാനിക്വിനുകള്‍ സാരി ധരിച്ചാലും മുണ്ടുടുത്താലും വ്യത്യാസമെന്ത്?
സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തമായൊരു ജനാധിപത്യപ്രക്രിയയെ പിന്‍പറ്റാനോ നിലവില്‍ നിലവിലുള്ളതിനെ നേരെയാക്കാനുദ്ദേശിച്ചുള്ള പരിഷ്കരണത്തിലോ എണ്ണത്തില്‍ കൂടുതലാണെങ്കിലും സ്ത്രീകള്‍ക്ക് പൊതുവേ താത്പര്യമില്ല എന്നുള്ളതാണത്.
ReplyDeleteഇതാണ് സത്യവും .
മനോഹരം ആശംസകള്‍
kollam
ReplyDeleteപാവപ്പെട്ടവന്‍ പറഞ്ഞ ആ സത്യമാണ് മറ്റൊരാളുടെ ആയുധവും.
ReplyDeleteആശംസകള്‍!!!
-സുല്‍
വായിച്ച് തുടങ്ങിയപ്പൊഴെ മനസ്സില്‍ വന്നത് വിനയയെ ആണ്.പോലീസ് ഡ്യൂട്ടിക്ക് പോലും സ്ത്രികള്‍ക്ക് അസൌകര്യമാകുമെന്ന് കരുതി വനിതാപോലീസിനെ ഒഴിവാക്കുന്ന മേലുദ്യൊഗസ്ഥരെ കുറിച്ച് വിനയ ഒരിക്കല്‍ പറഞ്ഞിരുന്നു.
ReplyDelete:) ബാക്കി എന്ത് പറയാന്‍?
മുന്നോട്ടു വരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക,ബഹുമാനിക്കുക.
ReplyDeleteഅല്ലാതെ,സ്ത്രീകളെ പുരുഷന്മാര്‍ക്കു സമമാക്കി
ലോകം നന്നാക്കാനുള്ള ശ്രമം കേവലം ആദര്‍ശ പേക്കൂത്ത് മാത്രമായിരിക്കും.
സ്ത്രീകളെ സ്ത്രീകളാകാന്‍ അനുവദിക്കുക !
33 ശതമാനം വനിതാസംവരണബില്ല് പാസ്സാകാത്തതിന് ഉപരിപ്ലവമായ എതിര്‍പ്പുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്.എല്ലാ പാര്‍ട്ടിയിലേയും ഭൂരിഭാഗം അധികാരികളായ പുരുഷന്മാര്‍ സത്യത്തില്‍ ആശ്വസിക്കുകയാണ്.
ReplyDeleteകുടുംബം.സമൂഹം,രാഷ്ട്രം എന്നിവ നിലവില്‍ വന്നതുമുതല്‍ സംരക്ഷണം,പീഡനം,ചൂഷണം എന്നതല്ലാതെ തുല്യത നല്‍കേണ്ട വ്യക്തികളായി സ്ത്രീകള്‍ ഇന്നും മാറിയിട്ടില്ല.ഈ നിഷ്ക്രിയത്വവും,നിര്‍വ്വികാരതയും വെടിഞ്ഞു സ്ത്രീകള്‍
പ്രതികരിക്കുന്ന കാലം ഉണ്ടാകും.അതിനു അവസരങ്ങളാണ് കൊടുക്കേണ്ടത്,അവഹേളനമല്ല
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ReplyDeleteക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
ജ്വാലാ, ഇതൊരു അവഹേളനമായിരുന്നോ? ‘അവസരങ്ങള്‍ കൊടുക്കുക എന്നത്’ അങ്ങേയറ്റം സ്ത്രീവിരുദ്ധപ്രസ്താവനയാണെന്ന കാര്യം ശ്രദ്ധിക്കുമോ? എടുക്കുകയാണ് വേണ്ടതെന്നും വച്ചുനീട്ടുന്നത് മാത്രം സ്വീകരിച്ചുകൊണ്ടിരുന്നാല്‍ അത് സൌജന്യമാവുമെന്നും അതുകൊണ്ട് ബിനാമിയായിരിമെന്നല്ലാതെ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്...
ReplyDeletemashe nalla post.oru chodyam streekal swathandramayi chindikkathathu kondano streekalude social status uyarathathu?samatva sundaramaya nalla naleykku vendi kinavu kandu kondu thangalude stree paksha chindakale respect cheyyunnu.
ReplyDeleteവെള്ളെഴുത്ത്,
ReplyDeleteഅടിച്ചമര്‍ത്തപ്പെട്ട എല്ലാ സമൂഹത്തിലും ജനതയിലും സംഭരിച്ചു വെച്ചിട്ടുള്ള ഊര്‍ജ്ജമാണ് വിപ്ലവങ്ങള്‍ ഉണ്ടാക്കുന്നത്.എന്തുകൊണ്ട് സ്ത്രീ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട പ്രതികരണങ്ങളിലും ശ്രമങ്ങളിലും മാത്രം
സ്വതന്ത്രചിന്തയും പ്രവര്‍ത്തനവും ഒതുങ്ങിപ്പോകുന്നു?
അത്രമാത്രം നിര്‍വീര്യമാക്കല്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്.അതിനെ തരണം ചെയ്യാന്‍ ഒരു “ഹസ്തദാനം“നല്‍കുക്. അതു സ്വീകരിക്കുക മാത്രമേ ഇന്നത്തെ വ്യവസ്ഥിതിയില്‍ രക്ഷയുള്ളൂ എന്ന ദുരവസ്ഥ തിരിച്ചറിയുന്നു
സാരി മലയാളികളുടെ വേഷമാണോ?
ReplyDeleteറൌക്കയും മുണ്ടുമ്മറ്റുമാണെന്നാണ് തൊന്നുന്നത്.
സാരി മലയാളികളുടെ വേഷമാണോ?
ReplyDeleteറൌക്കയും മുണ്ടുംമറ്റുമാണെന്നാണ് തൊന്നുന്നത്.