April 1, 2009

മരിക്കയാണോ മലയാളമേ നീ...?*



“...ഡയല്‍ ചെയ്ത്
റിങ്ങിന് കാതോര്‍ക്കുമ്പോള്‍
മറുപടി കിട്ടി.
ഈ ഭാഷ
ഇപ്പോള്‍ നിലവിലില്ല.”

-കാവ്യശാസ്ത്രം. പി എന്‍ ഗോപീകൃഷ്ണന്‍.

റസൂല്‍ പൂക്കുട്ടിയുമായുള്ള ഒരു അഭിമുഖം പുതിയ ലക്കം മാതൃഭൂമിയിലുമുണ്ട്. (ഏപ്രില്‍ 5-11,2009). ഐ. ഷണ്മുഖദാസാണ് ചോദ്യകര്‍ത്താവ്‍. സഞ്ചാരിയുടെ വീട്, മലമുകളില്‍ മഞ്ഞുപെയ്യുന്നു, ഗോദാര്‍ദ്ദ്- കോളയ്ക്കും മാക്സിനും നടുവില്‍, ആരാണ് ബുദ്ധനല്ലാത്തത് തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും 2000-ല്‍ ദേശീയ പുരസ്കാരം ലഭിച്ച സിനിമാ നിരൂപകനും തൃശ്ശൂരിലെ അച്യുതമേനോന്‍ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനുമാണ് ഷണ്മുഖദാസ്. സിനിമയില്‍ ശബ്ദത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ശരാശരിമലയാളി ബോധവാനായി വരുന്നതേയുള്ളൂ. നമ്മള്‍ തീരെ വാചകമടിക്കാത്ത മേഖലയിലെ സര്‍ഗാത്മകപ്രവര്‍ത്തനത്തിന്, നമ്മുടെ ഇടയില്‍ നിന്നൊരാള്‍ ആഗോളപ്രശസ്തിയുമായി മുന്നില്‍ നില്‍ക്കുമ്പോഴുള്ള അന്ധാളിപ്പ് റസൂലിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും നമുക്കുണ്ട്. ‘വിളക്കുപാറയിലെ റസൂല്‍’ എന്നെല്ലാം തരളമായി തുടങ്ങുന്ന അഭിമുഖത്തിലെ മലയാളഗ്രാമത്തെക്കൂടി കൂട്ടിയിണക്കി സിനിമയിലെ സംഗീതത്തെക്കുറിച്ചുള്ള ആദ്യചോദ്യത്തിന്റെ മറുപടി ഇങ്ങനെ :
“ അത് Dangerous ശബ്ദങ്ങളാണ്. കാരണം, film makersനെ limit ചെയ്യുന്ന ഒരു ശബ്ദമാണ് cinemaയിലെ music എന്നു പറയുന്നത്. കാരണം, അത് directly ഒരു emotion content നെ carry ചെയ്യുന്ന ശബ്ദമാണ്. അത് ഒരു പക്ഷേ, പിന്നെ, audience നെ manipulate ചെയ്യാം. ഒരു പക്ഷേ എന്നല്ല, manipulate ചെയ്യും. manipulate ചെയ്യാനായിട്ടാണ് അത് വരുന്നത്. പക്ഷേ ഓസു പോലുള്ള film directors അതെനെ ഉപയോഗിക്കുന്ന രീതി വേറെയാണ്. ശബ്ദത്തെ എങ്ങനെ ഉപയോഗിക്കണമെന്ന നിശ്ചയദാര്‍ഢ്യമുള്ള film makers, സിനിമാക്കാര്‍, directors, sound people musicനെ വളരെ ശ്രദ്ധയോടു കൂടിയേ ഉപയോഗിക്കാറുള്ളൂ. കാര്യം, ഒരു പക്ഷേ നമ്മള്‍ mean ചെയ്യാത്ത ഒരു dramatic meaning വരും. dramatic content-ന്റെ purity ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ വളരെ സമചിത്തതയോടു കൂടി ഉപയോഗിക്കേണ്ട ഒരു sound content ആണ് music.”

തീര്‍ച്ചയായും റസൂലിന്റെ പ്രവര്‍ത്തനമേഖല മലയാളത്തിലൂടെ ആശയവിനിമയം മാത്രം നടത്താവുന്ന ഒന്നല്ല. സ്വാഭാവികമായും ഇംഗ്ലീഷ് തന്നെയാവും അദ്ദേഹത്തിനു സുഗമമായി തനിക്കു പറയാനുള്ളത് വിശദീകരിക്കാന്‍ കഴിയുന്ന മാധ്യമം. പക്ഷേ അദ്ദേഹം സാധാരണ സംസാരിക്കുന്ന രീതിയില്‍ പറഞ്ഞകാര്യങ്ങളെ അഭിമുഖം നടത്തിയ ഇംഗ്ലീഷ് അദ്ധ്യാപകന്‍ അതേപടി എഴുതിവച്ചത് സത്യസന്ധതയുടെ പേരിലാണെങ്കില്‍ പോലും കടന്നകൈയാണ്. ശബ്ദത്തിന്റെയും നിശ്ശബ്ദതയുടെയും പ്രാധാന്യത്തെപ്പറ്റിയാണ് റസൂലിനു പറയാനുള്ളത്. അത് വായനക്കാരിലെത്തിക്കുകയാണ് അഭിമുഖകാരന്റെ പ്രാഥമികമായ കര്‍ത്തവ്യം അല്ലാതെ റസൂല്‍ സംസാരിക്കുന്നത് ഈ വിധമാണ് എന്നറിയിക്കുകയല്ലല്ലോ. ഒരഭിമുഖത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ മതിയെന്ന് റസൂലിനെപ്പോലെ സൂക്ഷ്മമായ ബോധ്യങ്ങളുള്ള ഒരു വ്യക്തി കരുതുമെന്ന് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിനു പറയാനുള്ളത് ഇംഗ്ലീഷില്‍ കേള്‍ക്കാന്‍ നൂറുകണക്കിന് ദേശീയവും അന്തര്‍ദേശീയവുമായ ആനുകാലികങ്ങള്‍ അദ്ദേഹത്തിനു പിന്നാലെ വേറെയുണ്ട്. അപ്പോള്‍ ഇതൊരു ഉദാസീനതയുടെ സന്തതിയാണ്. ഈ അഭിമുഖം. അഭിമുഖകാരന്‍ മാത്രമല്ല. മലയാളം ഇങ്ങനെ വെങ്കലരീതിയില്‍ മതിയെന്നു വിചാരിച്ചുകൊണ്ട് അതേപടി ഒപ്പിട്ട് അച്ചടിക്കു വിട്ട പ്രമുഖ മലയാളവാരികയുടെ പത്രാധിപസമിതിയ്ക്കുകൂടിയുണ്ട് കുറ്റം!

പൊക്കുടനെയും ജാനുവിനെയും മയിലമ്മയെയും നളിനി ജമീലയെയും കേട്ടെഴുതിയവര്‍ അവരുടെ ഭാഷയുടെ തനിമ അനുഭവിപ്പിക്കാനാണ് കേട്ടത് വള്ളിപുള്ളി വിസര്‍ഗങ്ങളോടെ പകര്‍ത്തിയത്. അതൊരു പുതുമയായിരുന്നു, വിപ്ലവവുമായിരുന്നു. കാരണം എല്ലാവരെയും പോലെ ജീവിച്ചിരുന്നെങ്കില്‍ ഒരു പൊക്കുടനോ ജാനുവോ മയിലമ്മയോ നളിനിയോ ഇല്ല. ആ അസാധാരണമായ ജീവിതവും സംസ്കാരവും തന്നെയാണ് അവരുടെ വാമൊഴിവഴക്കങ്ങളും. ആ ജീവിതങ്ങളെ പോലെ, ഇത്രനാളും നാം അകായില്‍ കടത്തിയിരുത്താത്ത മലയാളമായിരുന്നു അവരുടേത്. റസൂലിനെ നാം കേള്‍ക്കുന്നത് മറ്റൊരര്‍ത്ഥത്തിലാണ്. സാങ്കേതികതയും സര്‍ഗാത്മകതയും മേളിച്ച വഴികളെക്കുറിച്ചറിയാന്‍. അദ്ദേഹം പലപ്പോഴും ചെന്നു തൊടുന്നത് ശ്രാവ്യതയുടെ തത്ത്വശാസ്ത്രത്തിലാണ്. മലയാളിയ്ക്ക് അനുഭവസിദ്ധിയുണ്ട് എന്നാല്‍ സിദ്ധാന്തപരിചയമില്ലാത്ത ഒരു മേഖല. ചെണ്ട പോലെ നാഴികകള്‍ക്കപ്പുറം ചെന്നു മുഴങ്ങുന്ന ഒച്ചയുടെ മഹാസാഗരത്തെ കൊത്തി തായമ്പകയുടെ കരിങ്കല്‍ ശില്പങ്ങള്‍ പണിതവരല്ലേ നമ്മള്‍? ചെമ്പോത്തിന്റെ ‘ഉപ്പുപ്പെന്ന’ വിലാപത്തിനു പിന്നില്‍ കഥകള്‍ മെനഞ്ഞില്ലേ? കുയിലിന്റെ നാദത്തെയും അരുവിയുടെ കളകളത്തെയും പഞ്ചമമാക്കി സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് അവകാശമാക്കിക്കൊടുത്തില്ലേ? പിന്നെ കുറ്റിച്ചുളാന്റെ ‘കുത്തിച്ചുടു’ വിലെ മരണം. വെയില്‍പ്പക്ഷിയുടെ ‘വിത്തും കൈക്കോട്ടി’ലെ വിയര്‍പ്പ്. കുട്ടിക്കാലത്ത് കുഴിയാനകള്‍ ചിന്നം വിളിക്കുന്നതിനു അയലോടൊപ്പം ഞങ്ങള്‍ കാതോര്‍ത്തിട്ടുണ്ട്. നമുക്ക് പ്രായോഗിക പരിചയമുണ്ട്. ഇല്ലാതിരുന്നത് സിദ്ധാന്തമാണ്. ഫ്രെഞ്ചുകാര്‍ ചോദിക്കാരുണ്ടത്രേ, ‘പ്രായോഗികമായി നിങ്ങള്‍ പറഞ്ഞതു ശരിയാണ്, പക്ഷേ അതിന്റെ സിദ്ധാന്തം എവിടെ?’(ശശി തരൂര്‍, ‘ബാഗ്‌ദാദിലെ പുസ്തകതെരുവുകളില്‍’)

സത്യത്തില്‍ ഏതുഭാഷയിലെയും മുത്തശ്ശിആനുകാലികങ്ങളുടെ മുഖ്യമുഖഭാവം ഭാഷാപരമായി അവ കൈയാളുന്ന ശുദ്ധികളാണ്. ടെലിവിഷനില്‍ കൊഞ്ചുന്ന മലയാളത്തെ നോക്കി നാം കണ്‍നുരുട്ടിയത് ഇങ്ങേപ്പുറത്ത് ചാരുകസേലയില്‍ കാലുനീട്ടിയിരിക്കുന്ന പാരമ്പര്യമാധ്യമങ്ങളിലെ മാനകരൂപങ്ങളെ നോക്കിയാണ്. എന്നാല്‍ അപ്പൂപ്പന്‍ തന്നെ വിരലുകുടിച്ചു തുടങ്ങിയാലോ? ഇനിയത്തെ മലയാളം ഇങ്ങനെയൊക്കെ മതിയെന്ന് എഴുത്തുകാരും ആനുകാലികങ്ങളിലെ പത്രാധിപസമിതിയും തുടങ്ങുന്നത് നമ്മുടെ സാമൂഹികസാഹചര്യങ്ങള്‍ അതിനനുസൃതമായതുകൊണ്ടാണെന്ന് ഉറപ്പ്. നാള്‍ക്കുനാള്‍ അതു കൂടുതല്‍ ചീത്തയായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടാനല്ലേ കഴിയൂ. എന്നു പറയുമ്പോള്‍ കിംഗ് ഇംഗ്ലീഷുപോലെ കേന്ദ്രീകൃതമായ ഒരു മാനകഭാഷയാണ് സര്‍വത്രപ്രചരിക്കേണ്ടതെന്നും അടിച്ചും നുള്ളിയും അതു മാത്രം പറയാന്‍ ശീലിക്കണമെന്നും ആര്‍ക്കുകയല്ല. ഭാഷയോട് കൂറു കുറഞ്ഞു. എന്നല്ല ഭാഷപഠിക്കാതെ വളര്‍ന്നു വന്ന ഒരു തലമുറ ഭാഷാനയങ്ങള്‍ രൂപപ്പെടുത്താനും തുടങ്ങിയിരിക്കുന്നു. സാമൂഹികസാഹചര്യങ്ങളില്‍ നിന്ന് കുട്ടികള്‍ സ്വയം പഠിക്കേണ്ട ഒന്നാണ് ഭാഷ എന്ന് പുതിയ പാഠ്യപദ്ധതിയിലെ ഭാഷാസമീപനവും വ്യക്തമാക്കുന്നു. തെറ്റുകള്‍ തിരുത്തിയും ഇങ്ങനെയാണ് ഉച്ചരിക്കേണ്ടതെന്നും പറഞ്ഞുറപ്പിച്ചുകൊണ്ടുള്ള പാരമ്പര്യ ഭാഷാപഠനം തെറ്റാണെന്ന് ചോംസ്കിയുടെ സാര്‍വലൌകിക വ്യാകരണത്തിന്റെ ചില വശങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ശക്തിയായി വാദിക്കുന്ന ഭാഷാപാഠപുസ്തകങ്ങളാണ് ഇപ്പോള്‍ നമുക്കു മുന്നിലുള്ളത്. (പാരമ്പര്യവ്യാകരണമാണ് ശരിയെന്ന ഒരഭിപ്രായവും എനിക്കില്ല എന്നാല്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചോംസ്കിയന്‍ വ്യാകരണത്തെക്കുറിച്ച് സംശയങ്ങളുണ്ട് താനും.) കെ സി എഫ് -2007ന്റെ ചുവടുപിടിച്ച് ഭാഷാപാഠപുസ്തകങ്ങളും ‘പ്രശ്ന’ങ്ങളില്‍ അധിഷ്ഠിതമാവുമ്പോള്‍ കാര്യങ്ങള്‍ ഇനിയും കുഴയും. ഭാഷയ്ക്ക്, പ്രത്യേകിച്ച് മലയാളത്തിന് അങ്ങനെ പ്രാധാന്യമൊന്നും കൊടുക്കേണ്ടതില്ലെന്നാണ് (നിര്‍ബന്ധിതമാക്കുന്ന തൊഴില്‍ പഠനത്തിന്റെ അത്രപോലും! ഇംഗ്ലീഷിന്റെ അത്രപോലും!) പാഠ്യപദ്ധതിച്ചട്ടക്കൂടുകള്‍ തീര്‍ത്തവരുടെ പൊതു നിലപാട്. ജില്ലകളില്‍ പഠനം നടത്തിയ ഫോക്കസ് ഗ്രൂപ്പുകള്‍ മുന്നോട്ടു വച്ച പല നിര്‍ദ്ദേശങ്ങളും (ബോധനമാദ്ധ്യമം മലയാളം തന്നെ ആയിരിക്കണമെന്നതുള്‍പ്പടെ, ഒരു താരതമ്യവുമില്ലാതെ മറ്റുഭാഷകള്‍ മലയാളം കളഞ്ഞും പഠിക്കാന്‍ അവസരം നല്‍കുന്നതെന്തിനെന്ന ചോദ്യമുള്‍പ്പടെ) കെ സി എഫില്‍ (കേരളാ പാഠ്യപദ്ധതിച്ചട്ടക്കൂട്) കാണാനില്ലെന്ന് തിരുവനന്തപുരത്തു അടുത്തയിട നടന്ന ‘ നാഷണല്‍ കണ്‍സള്‍ട്ടേറ്റീവ് വര്‍ക്ക്ഷോപ്പ് ഫോര്‍ ഹയര്‍ സെക്കണ്ടറി സിലബസ് ബെയിസ്‌ഡ് ഓണ്‍ കെ സി എഫ് 2007’-ല്‍ പ്രതിനിധികളായി വന്നവരില്‍ ചിലര്‍ ആരോപണമുയര്‍ത്തിയിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇംഗ്ലീഷ് ഒന്നാം ക്ലാസുമുതല്‍ തുടങ്ങണം എന്ന വ്യത്യാസം ഇപ്പോഴുണ്ട്. എങ്കില്‍ പിന്നെ എന്തിനാണ് മലയാളം എന്നു ചിന്തിച്ചാല്‍ പെട്ടെന്നൊരു ഉത്തരം ആര്‍ക്കുമില്ല ( പി പവിത്രനെപ്പോലെ ഒന്നോ രണ്ടോ പേര്‍ക്കൊഴിച്ച്. അവര്‍ക്ക് ഭാഷ ആശയവിനിമയത്തിനു മാത്രമുള്ള ഒരു ഉപകരണമല്ല!) ഒന്നാം ക്ലാസുമുതല്‍ പഠിക്കുന്ന ഒരു ഭാഷയാണ് ഉപരിപഠനത്തിനും ആശയവിനിമയത്തിനും സാമൂഹികപദവിക്കും ഉപകരിക്കുക എന്നു വന്നാല്‍ പ്രയോഗമാത്രവാദിയായ മലയാളിക്ക് മലയാളം വെറും ‘നൊസ്റ്റാള്‍ജിയ’ മാത്രമാവും! (അതു മാത്രമാണ് അതിന്റെ പ്രയോജനം) അസ്തമയത്തിനു ശേഷം ആ വെളിച്ചവും നിലയ്ക്കും.

മലയാളം ചോദ്യപ്പേപ്പറുകള്‍ ഇപ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വ്യാപകമാണ് തെറ്റുകള്‍. അക്ഷരത്തെറ്റിനോടൊപ്പം വാക്യവും ചിഹ്നങ്ങളുമൊക്കെ തെറ്റ്. ആശയം തന്നെ വ്യക്തമല്ല. ഔദ്യോഗികമായി സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാക്കുന്ന പഠനറിപ്പോര്‍ട്ടുകള്‍ നോക്കുക. മുഴുവന്‍ തെറ്റ്. മലയാളത്തില്‍ ഏതു ഭോഷത്തം എഴുതി വച്ചാലും ആര്‍ക്കും ഒരു ചളിപ്പും തോന്നേണ്ട കാര്യമില്ലാത്തത്, അതിനു സ്വയമേവ നാം ഗൌരവം നല്‍കാത്തതുകൊണ്ടാണ്. മലയാളമെന്നത് മലയാള അധ്യാപകരുടെ മാത്രം ഗൃഹാതുരമേഖലയാണെന്ന പുച്ഛച്ചിരിയുണ്ട് മലയാളിക്ക്. മറ്റുഭാഷകള്‍ക്കാണോ, മലയാളത്തിനും ആ ഭാഷയ്ക്ക് രൂപം നല്‍കിയ സംസ്കാരത്തിന്റെ പഠനത്തിനും വേണ്ടി ഒരു പ്രചാരസഭ അത്യാവശ്യല്ലേ എന്നു പലപ്പോഴും തോന്നാറുണ്ട്, പൊതുവിദ്യാഭ്യാസത്തിന്റെ ആസൂത്രണം പോകുന്നത് ഈ നിലയ്ക്കാണെങ്കില്‍ പ്രത്യേകിച്ചും. കൂട്ടത്തില്‍ പറയട്ടേ, നേരത്തെ പറഞ്ഞ ശില്പശാലയില്‍ പഠനമൊഡ്യൂളുകളെക്കുറിച്ച് ചിന്തിക്കാന്‍ തരം തിരിച്ച സെഷനുകളില്‍ ഒന്ന് സംസ്കാരപഠനമാണ്. അദ്ഭുതം തോന്നും, അതില്‍ ചരിത്രവിഷയങ്ങള്‍ മാത്രമേ ഉള്ളൂ. കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്ന വിദ്യാഭ്യാസപദ്ധതിയില്‍ സംസ്കാരത്തിന്റെ കള്ളിയില്‍ നിന്ന് മലയാളം ഒഴിവാക്കുകയും ഇന്ത്യന്‍ ഭാഷകളുടെ കള്ളിയില്‍ ഒന്നായി ഒതുങ്ങി ഇരിക്കത്തക്ക രീതിയില്‍ സെഷനുകളെ ആസൂത്രണം ചെയ്യുകയും ചെയ്തവരുടെ മഹാമസ്തിഷ്കമാണ് പാഠ്യപദ്ധതിച്ചട്ടക്കൂടിന് പിന്നിലുള്ളതു് എന്നു മാത്രം ഓര്‍ത്താല്‍ മതി. ‘കമ്മ്യുണിക്കേഷനും സെന്‍സിബിലിറ്റിയും‍’ എല്ലാവര്‍ക്കും മനസ്സിലാവുകയും ‘ആശയവിനിമയത്തിനും സംവേദനക്ഷമതയ്ക്കും’ മനസ്സിലാവാത്ത ഭാഷയാവുകയും ചെയ്യുന്നത് നാം, ഭാഷാസമൂഹമെന്ന നിലയില്‍, മുരടിച്ചുപോയതിന്റെ ലക്ഷണം കൂടിയാണ്. ആ മുരടിപ്പിന് ആക്കം കൂടുന്നതരത്തില്‍ ഇന്ധനങ്ങള്‍ കത്തുന്നുണ്ട്. അപ്പോള്‍ നമ്മുടെ വാരികകള്‍ ഈ കാലത്തിന്റെ കൂടെ നടക്കുകയാണ്. സാമൂഹിക സാഹചര്യങ്ങളാണ് ഭാഷയെ നിശ്ചയിക്കുന്നത് എന്നു സിദ്ധാന്തമുണ്ട് കൂട്ടിന്. സാമൂഹികമായി നിലവിലുള്ള ഭാഷ അച്ചടിയിലും വരും!

അനു :
റസൂലിന്റെ അഭിമുഖത്തിനുള്ളില്‍ ദിലീപ് രാജ് നടത്തിയ മറ്റൊരഭിമുഖം ബോക്സായി നല്‍കിയിട്ടുണ്ട്, മാതൃഭൂമിയില്‍. ചോദ്യം ശബ്ദസംബന്ധിയായ നൊസ്റ്റാള്‍ജിയയെക്കുറിച്ചാണ്. ഉത്തരം ഇങ്ങനെ : “ഞാന്‍ ഈ മേഖലയില്‍ വന്നത് പെട്ടെന്നുള്ള ഭാവപ്പകര്‍ച്ചപോലെയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് മൂലയ്ക്കും പുറത്തുമൊക്കെയിരുന്ന് വായിച്ച് ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടുമ്പോള്‍ പെട്ടെന്ന് വേറൊരാളാവുന്നതുപോലെ. അഞ്ചാം ക്ലാസിലായിരുന്നപ്പോള്‍ മലയാളപാഠപുസ്തകം ഉച്ചത്തില്‍ വായിക്കാന്‍ പറയുമ്പോള്‍ എനിക്കു മടിയായിരുന്നു. ഏതോ ഒരു ദിവസം പൊടുന്നനെ ആ പേടി മാറി. അധ്യാപകന്‍ അടുത്തതായി വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനങ്ങു വായിച്ചു!”

രണ്ടും പറഞ്ഞത് ഒരാള്‍. പകര്‍ത്തിയെഴുതിയത് രണ്ടുപേര്‍! എഴുതിയെടുത്തവരുടെ ഭാഷയോടുള്ള മനോഭാവത്തിനപ്പുറം നടുക്കം തരുന്ന ഒരു വാസ്തവം ഈ വാക്കുകള്‍ക്കിടയിലുണ്ട്. ചിന്തകള്‍ ഗൃഹാതുരമാവുമ്പോള്‍ മലയാളം അതിന്റെ സ്വാഭാവികമായ വഴിയ്ക്ക് ഒഴുകുന്നു എന്നതാണത്. സാങ്കേതികമാവുമ്പോള്‍ ഭാഷ ഇംഗ്ലീഷുവാക്കുകളെ ഒട്ടിച്ചു വെക്കാനുള്ള ചിഹ്നങ്ങള്‍ മാത്രമായി ഒടുങ്ങുന്നു. മലയാളം നമ്മുടെ ഭൂതം മാത്രമാണ്. ഭാവി.......

* യൂസഫലി കേച്ചേരിയുടെ ഒരു കവിതയുടെ ശീര്‍ഷകം ഓര്‍ത്തുകൊണ്ട്

56 comments:

  1. മലയാളം തന്നെ. വായിച്ചാല്‍ മനസിലാവുന്നുമുണ്ട് :)

    ReplyDelete
  2. മലയാള ഭാഷയുടെ മരണം അക്ഷരങ്ങളില്‍ നിന്നേ തുടങ്ങുന്നു.ശ യെ കഴുത്തു പിരിച്ച് ഞെരിച്ച് ഷ ആക്കുന്നതില്‍ ദൃശ്യ മാധ്യമങ്ങള്‍ വിജയിച്ച് കഴിഞ്ഞു. മമ്മുട്ടിയെ പോലെയുള്ള പ്രമുഖരും ഒട്ടും പിന്നിലല്ല.
    തിരുവനന്തപുരത്ത് ശശിതരൂരിനെ പരിചയപ്പെടുത്തുന്ന രീതി ശ്രദ്ധിക്കുക vote for shashi tharoor
    ഒരു മലയാളി ഇത് എങ്ങനെ വായിക്കണം ?

    ReplyDelete
  3. മരിക്കില്ലൊരിക്കലും....
    പക്ഷേ.............
    വെള്ളെഴുത്തേ,
    ഈ ആശങ്കക്ക് ഒരുപാടു നന്ദി.

    ReplyDelete
  4. നല്ല ശ്രമം മാഷേ,

    മുടിഞ്ഞ മലയാളമേ,
    മുല പറിച്ച പരദേവതേ,
    നിനക്കു ശരണം
    മഹാബലിയടിഞ്ഞ പാതാളമോ??(ചുള്ളിക്കാട്‌)

    ReplyDelete
  5. അനു : ...... ഉത്തരം ഇങ്ങനെ : “ഞാന്‍ ഈ മേഖലയില്‍ വന്നത് പെട്ടെന്നുള്ള ഭാവപ്പകര്‍ച്ചപോലെയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് മൂലയ്ക്കും പുറത്തുമൊക്കെയിരുന്ന് വായിച്ച് ചോദ്യപ്പേപ്പര്‍ കയ്യില്‍ കിട്ടുമ്പോള്‍ പെട്ടെന്ന് വേറൊരാളാവുന്നതുപോലെ. അഞ്ചാം ക്ലാസിലായിരുന്നപ്പോള്‍ മലയാളപാഠപുസ്തകം ഉച്ചത്തില്‍ വായിക്കാന്‍ പറയുമ്പോള്‍ എനിക്കു മടിയായിരുന്നു. ഏതോ ഒരു ദിവസം പൊടുന്നനെ ആ പേടി മാറി. അധ്യാപകന്‍ അടുത്തതായി വായിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനങ്ങു വായിച്ചു!”

    ആദ്യത്തേതിനെ ന്യായീകരിക്കുകയല്ല... രണ്ടാമത്തെ അഭിമുഖത്തിലും ആംഗലേയപദങ്ങള്‍ ഉണ്ട്. ചില സംഭവങ്ങള്‍ക്കു് മലയാളം വാക്കു് ഉപയോഗിച്ചാല്‍ ‘എന്തോ’ പോലെ തോന്നുകയും ചെയ്യും..

    ഇനി.. മലയാളത്തിന്റെ Death - പണ്ടൊരിക്കല്‍ ഞാനെഴുതിയതാ.

    ReplyDelete
  6. പണ്ടൊരിക്കൽ ഓ.എൻ.വി.കുറുപ്പ് പറഞ്ഞതോർക്കുന്നു, ‘മലയാളത്തിന്റെ വളർച്ച മുരടിച്ചത് സംസ്കൃതത്തിനു ചെയ്ത് അടിമപ്പണികാരണമാണെന്ന്!’
    അപ്പോൾ ആറ് ചോദ്യങ്ങൾക്കു പ്രസക്തിയുണ്ട്.
    1. മുരടിച്ച മലയാളത്തിലാണോ ഒ.എൻ.വിക്കവിത എഴുതപ്പെട്ടത്? (ഓഎൻ വി ഉത്തരം പറയണ്ട).
    2.പാരമ്പര്യനിഷേധത്തിന്റെ ഭാഗമായല്ലേ സംസ്കൃതവിരോധം പ്രചരിപ്പിക്കപ്പെട്ടത്? (അച്ഛനുമായി അടിച്ചുപിരിഞ്ഞിട്ടല്ലേ അനാഥാലയത്ത്തിൽ പോകേൺണ്ടിവന്നതു? അവരല്ലേ ബൌദ്ധികമായി അടിമയാക്കിയതും പിൻnനെ ചാവേർപ്പണിചെയ്യിച്ചതും...?)
    3.പാരമ്പര്യനിഷേധം ഒരു രാഷ്ട്രീയ ആ‍വശ്യമായിരുന്നില്ലേ? ഒരു വൈദേശികപ്രത്യയശാസ്ത്രത്തെ സ്വീകാര്യമാക്കുന്നതിന്റെ ഭാഗമായി അക്കാലത്തെ രാഷ്ട്രീയ നേതാക്കൾ എടുത്ത നിലപാടായിരുന്നില്ലേ ഇരിക്കുംകൊമ്പു മുറിക്കുക എന്ന പാരമ്പര്യനിഷേധം?
    4.സൊവിയറ്റ് തകർച്ചയോടെ അതിന്റെ പ്രസക്തി,(പാരമ്പര്യനിഷേധം ആവശ്യമാവുന്നതിന്റെ) നഷ്ടപ്പെട്ടില്ലേ?
    5.സംസ്കൃതവിരോധത്തെ സഹായിക്കാൻ എന്നമട്ടിലെങ്കിലും(!) തമിഴ്, തുളു, കന്നഡ്,തെലുഗു തുടങ്ങിയ ഭാഷകളുമായി സമ്പറ്ക്കം പുലർത്താനുള്ള ‘സൌമനസ്യം’ രാഷ്ട്രീയയജമാനന്മാർ സാഹിത്യകാരന്മാർക്കു അനുവദിച്ചുകൊടുത്തിരുന്നെങ്കിൽ മലയാളി സായിപ്പിന്റെ (ലാറ്റിനമേരിക്കൻ ഭാഷകളുടെയും)പിന്നാലെ മണം പിടിച്ചുപോകുമായിരുന്നുവോ?
    6.ഉച്ചാരണശുദ്ധിയും വ്യാകരണസാധുതയുമൊക്കെ സവർണ്ണഫാഷിസത്തിന്റെ പ്രതീകങ്ങളായി മുഖ്യധാരയിൽ ചിത്രീകരിക്കപ്പെട്ടപ്പോളും, അതങ്ഗീകരിക്കാതെ ജീവിച്ച വളരെചുരുക്കം പേരുണ്ട്, കേരളത്തിൽ അങ്ങുമിങ്ങുമായി.അവരുടെ വീട്ടിൽ മലയാളമുണ്ട്; വലിയ തൊഴിലൊന്നുമില്ലെങ്കിലും, തൊഴിലില്ലായ്മക്കു വേതനം വാങ്ങാതെയാണ് അത് ജീവിക്കുന്നത്.ആ ഹൃദയമിടിപ്പുകൾ ശ്രദ്ധിക്കാതെ, മലയാളം മരിച്ചൂ എന്നു പറയുന്നതു അധാർമികമല്ലേ?)എത്ര വയസ്സായ ആളേപ്പറ്റിയും ‘മരിക്കാറായ ആൾ’ എന്നു പറയുന്നതിലെ അനൌചിത്യം-ഈയിടെ ഒരുബ്ലോഗിൽ വായിച്ചു- അതിലില്ല്ലേ?

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഭാവി രഞ്ജിനി ഹരിദാസിന്റെ കയ്യില്‍ ഭദ്രം :))

    സാങ്കേതികപദങ്ങള്‍ ഉപയോഗിച്ച് ഒരു കാര്യം പറയേണ്ടിവരുമ്പോള്‍ വാചകങ്ങളില്‍ ഒരുപാട് ഇംഗ്ലീഷ് കയറിവരുന്നതിന്റെ വിഷമം ഈ അടുത്തകാലത്ത് ഒരു ബ്ലോഗില്‍ നീണ്ട ഒരു കമന്റ് എഴുതിക്കഴിഞ്ഞപ്പോള്‍ (അപ്പോള്‍ മാത്രമല്ല: അപ്പോള്‍ പ്രത്യേകിച്ച് തോന്നിയെന്നുമാത്രം) ശരിക്കും തോന്നി. പാഠ്യപദ്ധതിയുടെ കൂടി ബലഹീനതയായി വേണം ഇതിനെ വിലയിരുത്താന്‍ എന്നുതന്നെയാണ് അഭിപ്രായം. വിദ്യാഭ്യാസപദ്ധതി വളരെ പുരോഗമിച്ച ഒരു രാജ്യത്താണ് ഞാന്‍. ഇവരുടെ പതിനാല് വയസ്സുകാരുടെ ഭാഷാപുസ്തകം എന്റെ ഭാഷാപരിചയം അളക്കാന്‍ വെറുതെ ഒന്നു വാങ്ങിവച്ചിട്ടുണ്ട്. രചനാപരിശീലനത്തിന് കൊടുക്കുന്ന പ്രാധാന്യം വല്ലാതെ അത്ഭുതപ്പെടുത്തി. ഞാന്‍ സ്കൂളില്‍ പഠിച്ച കാലത്ത് നാട്ടില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ വ്യാകരണത്തിനും പ്രയോഗത്തിനും ഇവര്‍ നല്‍കുന്നുണ്ട്. പരിഷ്കരിക്കുക എന്നാല്‍ എളുപ്പമാക്കുക എന്നാവണം അര്‍ത്ഥം; അപ്രസക്തമാക്കണം എന്നാവരുത് എന്ന് പാഠ്യപദ്ധതിനവീകരണത്തോട് ചേര്‍ത്ത് പറയാന്‍ തോന്നിയിട്ടുണ്ട്.

    കരിങ്കല്ലിന്റെ ഉദ്ധരണിയില്‍ കാണുന്നതരം (ക്വോട്ട് എന്ന വാക്ക് പണിപ്പെട്ട് മാറ്റിയതാണ്) ഒരു അതിതീവ്ര ശ്രദ്ധ വേണം എന്ന് ഒരിക്കലും അഭിപ്രായമില്ല. കണ്ടന്റ് എന്നതുപോലെയുള്ള വാക്കുകള്‍ ഭാഷാന്തരം ചെയ്യപ്പെടണം. എങ്കിലും സാങ്കേതികതയുടെ പേരില്‍ ചില പ്രയോഗങ്ങള്‍ ഇംഗ്ലീഷിലോ മറ്റുഭാഷകളിലോ ആകുന്നതിന് വിരോധമോ വിഷമമോ തോന്നാറില്ല. ഉദാ. ഉത്തരാധുനികത എന്ന വാക്ക് പൊതുവേ അര്‍ത്ഥവ്യക്തത ഉള്ളതാണ്. അതിന്റെ ഉപോല്പന്നമായ പെര്‍ഫൊമാറ്റിസം എന്നതിനെ സൂചിപ്പിക്കാന്‍ നാളെ ഒരുമലയാളവാക്ക് ഉണ്ടായാലും ഞാന്‍ അത് അല്പം കരുതലോടെയേ ഉപയോഗിക്കൂ. കാരണം ഇംഗ്ലീഷിലെ സാങ്കേതികപദത്തിന് തല്പരയായവായനക്കാരിയെ അന്വേഷണത്തിലേക്ക് വിളിക്കാനുള്ള കഴിവ് മാത്രമല്ല അതിനാവശ്യമായ വിശദീകരണം ലഭ്യമാക്കാനുള്ള കഴിവ് കൂടിയുണ്ട്. ഒരുതരം ലെക്സിക്കല്‍ ഹൈപ്പര്‍ലിങ്കിംഗ് കപ്പാസിറ്റി. (അറിഞ്ഞുതന്നെയാണ് ഇംഗ്ലീഷ്)


    *********
    ഓഫ്: ബ്ലോഗ് സംവാദത്തിന്റെ മരണം. വെറും ഒരു സ്മൈലി ഇടാനും എനിക്ക് തൊട്ടുമുന്പില്‍ ഓ എന്‍ വിയെ ഉദ്ധരിച്ചതുപോലെ ചിന്താഭദ്രമായ ഒരു അഭിപ്രായം അറിയിക്കാനും അനോണി ഓപ്ഷന്‍ ഉപയോഗിക്കുന്നത്.

    ********
    The 'System' went off during the previous comment. Corrected :)

    ReplyDelete
  9. വെള്ളെഴുത്തേ, മിണ്ടിപ്പോകരുത്!മലയാളമോ? അതെന്ത് ഭാഷയാണ്? അതും മലയാള ബൂലോഗത്ത് അതിനെ കുറിച്ച് സംസാരിക്കുകയോ?
    മലയാള ഭാഷയുടെ വളര്‍ച്ചയില്‍ ബൂലോഗരുടെ സംഭാവനകളെ കുറിച്ച് ഞാന്‍ പറഞ്ഞതിന് എനിക്ക് കിട്ടിയ പഴി ചില്ലറയല്ല.അന്ന് എത്ര മഹാരഥന്മാരാണ് വടിവാളുമായി എനിക്കെതിരെ ഇറങ്ങി പുറപ്പെട്ടത്?
    മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കു,അദ്ധ്യാപകര്‍ക്കും,ചരിത്ര പണ്ഡിതന്മാരുക്കും,അതിലുപരി മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവരെന്ന് നടിക്കുന്ന മലയാള ബൂലോഗര്‍ക്കും ഉള്ള പങ്കെന്താണ്?
    ഈ ലേഖനത്തിനു ഞാന്‍ നന്ദി പറയുന്നു.

    ഓ:ടോ: ഗുപ്താ...സമ്മതിക്കണം ഗുപ്തനെ.ഓര്‍ക്കുന്നില്ലെ ഞാനുമായുണ്ടായ സംവാദം?

    ReplyDelete
  10. @anamgari

    അഹാ ബെസ്റ്റ്.. ഇനി ഇതിന്റെ കുറവുകൂടിയേ ഉണ്ടായിരുന്നുള്ളൂ.. എന്റെ കഥകളില്‍ ഞാന്‍ ഇംഗ്ലീഷെന്നല്ല എനിക്ക് അറിയാവുന്ന ഭാഷ ഒക്കെ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ തവണ ഒരു കഥയ്ക്ക് തലക്കെട്ട് ഇട്ടത് കില്‍ ദ ഡേര്‍ട്ടി ബിച്ച് എന്നാണ്.

    അതല്ല മുകളില്‍ പറഞ്ഞ വിഷയം എന്ന് മനസിലായില്ലെങ്കില്‍ മനസ്സിലാവുകയേ ഇല്ല. വിട് മാഷേ..

    ReplyDelete
  11. ഭാഷ വളരുകയും ചുരുങ്ങുകയും ചെയ്യുന്ന ഒന്നല്ലേ വെള്ളെഴുത്തേ. പുതിയ വാക്കുകള്‍ (ഇംഗ്ലീഷ് വാക്കുകള്‍ സഹിതം) മലയാളത്തില്‍ വരും, അത് പഴയ മലയാളത്തില്‍ നിന്നും വിഭിന്നമായതുകൊണ്ട് മരിച്ചു, ക്ഷീണിച്ചു, എന്നൊന്നും അര്‍ത്ഥമാവില്ലല്ലോ.

    പോട്ടെ, ഒരു സമകാലിക മലയാളം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്നതല്ല നമ്മുടെ ഭാഷ. ചുരുങ്ങിയപക്ഷം വിക്കിപീഡിയയിലും മറ്റ് ഓണ്‍ലൈന്‍ സം‌വിധാനങ്ങളിലുമൊക്കെ നമ്മള്‍ ഭാഷയെ എംബാം ചെയ്ത് വെക്കുന്നെങ്കിലുമുണ്ട്.

    ReplyDelete
  12. ഇപ്പോഴത്തെ ചില നാടന്‍ സായിപ്പിന്റെ ഭാഷയില്‍ പറഞ്ഞാല്‍
    "മലയാലം എന്ന് കേറ്റാല് എടുക്കണം ചൂല്‍ കൈകലില്‍
    കേരലമെന്നു കേട്ടാലോ വിരക്കണം സര്‍വ ഞരമ്പുകളും"

    ReplyDelete
  13. ഭാഷയോടുള്ള മനോഭാവത്തിനപ്പുറം നടുക്കം തരുന്ന ഒരു വാസ്തവം.
    വളരെ നല്ല എഴുത്ത്

    ReplyDelete
  14. ഇവിടെ സമരവും കമ്മ്യൂണിസവും ഒക്കെ ഒഴിഞ്ഞ് വികസനം വരുന്ന കാലത്തേ നമുക്കൊക്കെ കേരളവും മലയാളവും കൊണ്ട് ജീവിക്കാനാവൂ. അത് വരെ മലയാളത്തെയും കെട്ടിപ്പിടിച്ചിരിക്കാന്‍ കുറേ രാഷ്ട്രീയക്കാരെയും കവികളെയും ഒക്കെയേ കിട്ടൂ. വയര്‍ നിറയ്ക്കാനുള്ള വഴി തരുന്ന ഭാഷയ്ക്കേ സാധാരണക്കാരുടെ സപ്പോര്‍ട്ട് കിട്ടൂ.

    ReplyDelete
  15. "വയര്‍ നിറയ്ക്കാനുള്ള വഴി തരുന്ന ഭാഷ" ഏതാണ് സുവി? ഇംഗ്ലീഷ് പഠിച്ച് അമേരിക്കയിലെത്തിയിട്ട് ഇവിടം പൊളിഞ്ഞിരിക്കുകയാണ്!

    ഇനി സുവി പറയുന്ന ഭാഷ പഠിച്ചിട്ട് ഒരു കൈ നോക്കാമല്ലോ! (വല്ല ചൈനീസോ, ജാപ്പനീസോ, നോര്‍വ്വീജിയനോ, ജെര്‍മ്മനോ പഠിച്ചാല്‍ മതിയോ?)

    ReplyDelete
  16. കേരളം ഓടുന്നത് പ്രധാനമായും ഗള്‍ഫ് നാടുകളില്‍ നിന്നും, പിന്നെ കുറെയൊക്കെ യൂറോപ്പ്യന്‍, അമേരിക്കന്‍, രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കയക്കുന്ന പൈസ കൊണ്ടാണെന്ന് പാഞ്ചാലിക്കറിയാമോ ആവോ? പിന്നെ കുറച്ചു പേര്‍ ബന്ങലോരും മുംബയിലും ഡല്‍ഹിയിലും മദ്രാസിലും ഒക്കെ ജോലി ചെയ്തു രക്ഷ പെടുന്നും ഉണ്ട്. അവര്‍ ആരും മലയാളം കൊണ്ടല്ല ജീവിക്കുന്നത്. മലയാളിക്ക് ജോലി തെണ്ടി പുറത്തു പോകേണ്ടാത്ത അവസ്ഥ വരുന്ന കാലത്തേ മലയാളം പഠിക്കാന്‍ താല്‍പ്പര്യം ഉണ്ടാവൂ.

    ReplyDelete
  17. വെള്ളെഴുത്തിനു,

    മലയാളം grow ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. അതുകൊണ്ട് concerns മനസ്സിലാവുന്നു. പക്ഷെ എന്നാലും വിചാരിക്കുന്ന അത്ര problematic ആണോ എന്ന് എപ്പോഴുമുള്ള സംശയമാണ്. അതുകൊണ്ട് ഒരു post ഇട്ടു.

    ReplyDelete
  18. സുവി പറഞ്ഞത് നല്ല ഒരു പോയിന്റാണ്. എക്കോണമി ഈസ് എ വൈറ്റല്‍ പാര്‍ട്ട്. അതുകൊണ്ടാണ് സായിപ്പ് ഒരുകാലത്ത് ജാപ്പനീസും ഇപ്പോള്‍ ചൈനീസും പഠിക്കുന്നതു.

    ReplyDelete
  19. റസൂല്‍ പൂക്കുട്ടിയെപ്പോലെ ഒരാള്‍ക്ക് തന്റെ തൊഴിലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാതി ഇംഗ്ലീഷ് ചേര്‍ക്കേണ്ടി വരുന്നത് സ്വാഭാവികം മാത്രമാണ്. വെള്ളെഴുത്ത് പറഞ്ഞത് പോലെ പകര്‍ത്തിയെഴുതിയ ആളിന് ഒരു ധാര്‍മ്മിക ഉത്തരവാദിത്വം ഉണ്ടായിരുന്നു അതൊന്ന് മാറ്റിയെഴുതാന്‍...

    ഭാഷ പ്രാഥമികമായും ആശയവിനിമയത്തിനു വേണ്ടി ഉള്ളതായതിനാല്‍ , തെറ്റിദ്ധാരണകള്‍ക്കിട നല്‍കാത്ത വിധം എഴുതേണ്ടി വരുമ്പോള്‍ പലപ്പോഴും ഇംഗ്ലീഷ് വാക്കുകള്‍ ബ്ലോഗുകളില്‍ പലരും ഉപയോഗിച്ചു കാണാറുണ്ട്. അതില്‍ തെറ്റൊന്നും ഇല്ല. മലയാളം തെറ്റാതെ എഴുതാനും വായിക്കാനും സാഹിത്യം ആസ്വദിക്കാനും കഴിയുന്നേടത്തോളം ഭാഷ മരിക്കുന്നില്ല....

    തമിഴര്‍ ചെയ്യുന്നത് പോലെ എല്ലാ ഇംഗ്ലീഷ് വാക്കുകള്‍ക്കും പുതിയ ഇംഗ്ലീഷ് വാക്കുകള്‍ കണ്ടു പിടിക്കുന്നത് ഒരു നല്ല പ്രവണതയാണെന്ന് അഭിപ്രായമില്ല. ( എന്ത് പ്രയോജനം? ജനപ്രിയ സംഗീതത്തില്‍ ഇത്രയും ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യയിലെ മറ്റൊരു പ്രദേശത്തും കാണാന്‍ കഴിയില്ല...)..

    ഭാഷാപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് പലപ്പോഴും വോട്ട് പിടിത്തത്തിന്റെ മറ്റൊരു ഭാഗം മാത്രമാണെന്നതും സത്യമാണ്.

    എന്റെ പഴയ ഒരു വാടകവീട്ടുടമ തമിഴ്‌നാട്ടുകാരന്‍ ജോലി ചെയ്തിരുന്നത് കര്‍ണാടകത്തിലെ ഒരു കോളേജില്‍ ചരിത്ര അദ്ധ്യാപകന്‍ ആയിരുന്നു. പെട്ടെന്നൊരു ദിവസം പഠനമാദ്ധ്യമം ഇംഗ്ലീഷില്‍ നിന്നും കന്നടമാക്കി മാറ്റിയ ശേഷം പുള്ളി വല്ലാതെ വെള്ളം കുടിച്ചു എന്നു പറയുന്നത് കേട്ടൂ.

    (പുള്ളിയുടെ ഇംഗ്ലീഷ് ബഹുകേമമായിരുന്നു എന്നത് വേറെ കാര്യം... അടുത്ത റൂമിലെ പെണ്‍പിള്ളേര്‍ മുകളിലോട്ട് ഒരു അലമാര കയറ്റിക്കൊണ്ട് വന്നു എന്നതിന് "ദോസ് ഗേള്‍സ് ആര്‍ കാരിയിംഗ്" എന്നു പറഞ്ഞ്‌ അര്‍ദ്ധവിരാമം ഇട്ട കക്ഷിയാണ്)

    പറഞ്ഞു വന്നത് ഭാഷയുടെ ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ സൃഷ്ടിക്കുന്നത് ഇന്നത്തെ നിലയില്‍ പലപ്പോഴും അത്ര സുഖകരമാവേണം എന്നില്ല. തെലുഗുദേശത്തു നിന്നും ബിരുദമെടുത്ത ഒരു മികച്ച രസതന്ത്രം അദ്ധ്യാപകന് കേരളത്തില്‍ വന്നിട്ട് ഒരു ക്ലാസ് എടുക്കാന്‍ തോന്നിയാല്‍ ഇരു കൂട്ടര്‍ക്കും എളുപ്പം കഴിയുന്ന രീതിയില്‍ ആവുന്നത് നന്ന്‌. ( ജീവശാസ്ത്രത്തില്‍ എല്ലാത്തിനും ശാസ്ത്രനാമം കൊടുക്കേണ്ടി വരുന്നത് ഇതിനു കൂടെ ആണല്ലോ).

    ശാസ്ത്രം, ചരിത്രം, ഗണിതം ഇതൊക്കെ പഠിപ്പിക്കാന്‍ ഒരു പൊതുഭാഷ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അത് ഇംഗ്ലീഷ് ആവണം എന്ന് നിര്‍‌ബന്ധം ഒന്നുമില്ല.

    "early bird catches the worm"(ഇംഗ്ലീഷ്‌ മനപൂര്‍‌വം) എന്നുള്ളത് കൊണ്ട് ഇരുണ്ട കാലത്തു നിന്നും ആദ്യം ഉയിര്‍ത്തെഴുന്നേറ്റ അല്ലെങ്കില്‍ ശാസ്ത്രസാങ്കേതിക രംഗത്ത് ആദ്യമായി പുരോഗതി കൈവരിച്ച യൂറോപ്പിനും അതില്‍ തന്നെ ഇംഗ്ലണ്ടിനും അവരുടെ ഭാഷ കൂടുതല്‍ പ്രചരിപ്പിക്കാനായത് തികച്ചും സ്വാഭാവികം.

    നമ്മുടെ നാട്ടിലാവട്ടെ ഭാരതീയശാസ്ത്രങ്ങളില്‍ ഭൂരിഭാഗവും കൈമാറ്റം ചെയ്യപ്പെട്ട സംസ്‌കൃതം സാധാരണക്കാരന് അപ്രാപ്യമായിരുന്നു. വിദ്യാഭ്യാസം ഒരു വരേണ്യവര്‍ഗത്തിന്റെ മാത്രം കുത്തകയായിരുന്നു. അതു കൊണ്ട് തന്നെ ബ്രിട്ടീഷുകാര്‍ വരുന്നതു വരെയും അതിനു ശേഷവും നാം ഫ്യൂഡലിസത്തില്‍ കുടുങ്ങിക്കിടന്നു.

    അന്ന് സംസ്കൃതം കൂടുതല്‍ ജനകീയമാക്കിയിരുന്നെങ്കില്‍, അല്ലെങ്കില്‍ കുറച്ചു കൂടി ലളിതമായ ഒരു ഭാഷയില്‍ ശാസ്ത്രം പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയിരുന്നെങ്കില്‍ നമ്മുടെ പുരോഗതി യൂറോപ്പിനും മുന്‍പേ സംഭവിച്ചേനെ. നമ്മുടെ ഭാഷകള്‍ കൂടുതല്‍ പ്രചാരം നേടിയേനെ.

    വര്‍ണവിവേചനവും വര്‍ഗവിവേചനവും ഒക്കെയുണ്ടായിരുന്നിട്ടും തന്റെ ഭാഷ താന്‍ മാത്രമേ പറയാവൂ എന്ന് ഇംഗ്ലീഷ്കാരന്‍ വാശി പിടിച്ചില്ല - എന്നല്ല അതിനു പരമാവധി പ്രചാരം കൊടുക്കുകയും ചെയ്തു.

    ഇനി സംസ്കൃതം ആനയാണ് ചക്കയാണ് മാങ്ങയാണ് എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. കര്‍മ്മഫലം!....

    മലയാളം പോലുള്ള വളരെക്കുറച്ച് പേര്‍ മാത്രം സംസാരിക്കുന്ന ഭാഷയെ ഒരു പൊതുഭാഷയാക്കുന്നത് പ്രയോഗികമല്ല. എന്നാല്‍ പലതിനും ഒരു പൊതുഭാഷ കൂടിയേ തീരൂ. അത് കൊണ്ട് മലയാളി മലയാളവും ഹിന്ദിയും ഇംഗ്ലീഷും അറബിയും ഒക്കെ സംസാരിക്കും തന്റെ സംസാരത്തിലും എഴുത്തിലും ഇതെല്ലാം പ്രതിഫലിക്കുകയും ചെയ്യും...

    എന്നാലോ മലയാളം ഒട്ടു മരിക്കാന്‍ പോവുന്നുമില്ല....

    രഞ്ജിനി ഹരിദാസിന്റെ കാര്യം വേറെയാണ്. പുള്ളിക്കാരിയുടെ മംഗ്ലീഷിലുള്ള കൊഞ്ചലിന് സ്വാഭാവികതയില്ല. തികച്ചും കൃത്രിമം. അത് കൊണ്ട് തന്നെ അരോചകം. ആശയം വ്യക്തമായി കൈമാറാനും പുള്ളിക്കാരിക്ക് പലപ്പൊഴും കഴിയാറുമില്ല.

    I would suggest her to speak in pure english.... :)

    പുതിയ പാഠ്യപദ്ധതിയില്‍ ഒരു തൊഴിലധിഷ്ഠിത മേഖലയിലേക്ക് പഠനം കേന്ദീകരിക്കുന്നതോട് കൂടി ഭാഷാപഠനം പൂര്‍ണമായും ഒഴിവാക്കണം എന്നൊക്കെയുള്ള വിഡ്ഢിത്തങ്ങള്‍ കേട്ടു ( ആശാരിയെന്തിന് മണിപ്രവാളം പഠിക്കണം എന്നുള്ള ലൈന്‍)

    ശുദ്ധവിവരക്കേടാണത്. ഉപരിപഠനത്തില്‍ കൂടുതല്‍ വിശദമായ ഭാഷാപാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വെറുതെ ഭാഷ പഠിക്കാന്‍ അല്ല എന്നുള്ള വിവരമെങ്കിലും ഇല്ലാതെ പോയതിന്റെ കുഴപ്പം!

    മുകളിലെ കമന്റുകള്‍ക്ക് :-
    എക്കണോമി ഈസ് ഡഫനിറ്റ്ലി എ വൈറ്റല്‍ പാര്‍ട്ട്...
    കേരളത്തിലങ്ങോളമിങ്ങോളമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കടകളെയും കടക്കാരെയും ശ്രദ്ധിച്ചിട്ടുണ്ടോ? വിദ്യാഭ്യാസം പോലും നേരാം വണ്ണം ലഭിക്കാന്‍ അവസരം കിട്ടാത്തവര്‍ വരെ പുട്ടു പോലെ ഇംഗ്ലീഷ് പറയുന്നത് കാണാം... ഉദരനിമിത്തം....

    ReplyDelete
  20. Bookless in Bagdhad എന്നല്ലേ ശശിതരൂര്‍ എഴുതിയ ഒരു പുസ്‌തകത്തിന്റെ പേര്, ഇതിന്റെ ശരിയായ മലയാളം തര്‍ജമ ‘ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍‘ എന്ന് തന്നെ ആണോ.

    ReplyDelete
  21. ഗൌരവത്തോടെയും സിനിമയെ കാണുന്ന തൃശൂരുകാര്‍ക്കെല്ലാം ഐ.ഷണ്മുഖദാസിനെ അറിയാം.അഭിമുഖം നടത്തിയ ആള്‍ തന്നെയാണു് ഇത് കേട്ടെഴുതിയതു് എന്നുറപ്പിക്കാനാവുകയുമില്ല.

    ReplyDelete
  22. നമുക്കിതൊരു വെല്ലുവിളിയായി ഏറ്റെടുത്താലോ വെള്ളെഴുത്തേ.. സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്നതും തത്തുല്യമായി മലയാളീകരിക്കപ്പെടാത്തതുമായ വാക്കുകളുടെ സൃഷ്ടിയ്ക്കു വേണ്ടിയൊരു അന്വേഷണം. ഗുപ്തന്‍ ചൂണ്ടിക്കാണിച്ച "കണ്ടന്റ്" പോലുളള വാക്കുകളെ മലയാളത്തിന്റെ മുണ്ടുടുപ്പിച്ച് പൊതുവഴിയില്‍ നിര്‍ത്താനുളള ചുമതല ഏറ്റെടുത്താലോ? നമുക്കാവുമ്പോ, ചര്‍ച്ച ചെയ്യാനോ സെമിനാര്‍ സംഘടിപ്പിക്കാനോ പണച്ചെലവില്ലല്ലോ... ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകാരെയും വൈയാകരണബോറന്മാരെയും പേടിക്കേണ്ട. അവരുടെ അനുവാദത്തിന് തല ചൊറിഞ്ഞ് നില്‍ക്കേണ്ട.

    അരാജകത്വം അഴിഞ്ഞാടുന്ന ഇന്റര്‍നെറ്റിലെ ഊടുവഴികളിലൂടെ വാക്കുകള്‍ തേടിയൊരു പ്രയാണം. ബ്ലോഗിന്റെയും നെറ്റിന്റെയും സാധ്യതകള്‍ ആ നിലയിലേയ്ക്ക് വികസിപ്പിക്കുന്നതല്ലേ, ഇത്തരം പതം പറച്ചിലുകളേക്കാള്‍ ക്രിയാത്മകം...

    ഒത്തുപിടിച്ചാല്‍ മലയാളവും പോരും....

    ReplyDelete
  23. കണ്ടന്റിന് ഉള്ളടക്കം എന്ന്‍ പോരേ?

    ReplyDelete
  24. ഭാഷയെക്കുറിച്ചുള്ള ആശങ്ക ! ഇംഗ്ലീഷ് അറിയാതെ, (മലയാളം എഴുതാനും വായിക്കാനും സം സാരിക്കാനുമേ അറിയൂ, അതില്‍ കൂടുതല്‍ ഒന്നുമറിയില്ല ഇപ്പോഴും. സര്‍ ക്കാര്‍ വക സൌജന്യ വിദ്യാഭ്യാസം കിട്ടിയവന്‌ ഇതില്‍ ക്കൂടുതല്‍ എന്താണ്‌ വേണ്ടതെന്ന് ചോദിക്കരുതേ) ആദ്യമായി വിദേശത്ത് പോയപ്പോള്‍ ഒരുപാട് കഷ്ടപെട്ടയാളാണ്‌ ഞാന്‍ . മലയാളികള്‍ കൂടെയുണ്ടായിട്ടും ഇംഗ്ലീഷ് സം സാരിക്കാന്‍ നിര്‍ ബന്ധിതനായിരുന്നു അന്ന്. അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്, നാടിനെക്കുറിച്ചോര്‍ ക്കാന്‍ വേണ്ടി മാത്രമാണോ എനിക്ക് മലയാളം എന്ന്. ഭാഷപ്രശ്നം കാരണം ഒരുപാട് നല്ല ജോലികള്‍ നഷ്ടപെട്ടിട്ടുമുണ്ട്.

    ഒരു വീണ്ടുവിചാരത്തില്‍ എന്തിനാണ്‌ മലയാളത്തെ ഇങ്ങനെ തോളത്ത് കേറ്റുന്നത് എന്നും തോന്നിപ്പോകാറുണ്ട്. എന്റെ പിഴ, എന്റെ വലിയ പിഴ

    മുട്ടയിടാത്ത ഈ കോഴിയെ വളര്‍ത്തണോ കൊല്ലണോയെന്ന് തിരിച്ചും മറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു

    ReplyDelete
  25. “ നേരത്തെ പറഞ്ഞ ശില്പശാലയില്‍ പഠനമൊഡ്യൂളുകളെക്കുറിച്ച് ചിന്തിക്കാന്‍ തരം തിരിച്ച സെഷനുകളില്‍ ഒന്ന് സംസ്കാരപഠനമാണ് “ ചുമ്മാ ഒരു വാദത്തിന് വേണ്ടി ചോദിച്ചോട്ടെ
    മാഷെ മൊഡ്യൂളിനും സെഷനും മലയാളമില്ലേ ?
    ചില വാക്കുകള്‍ അങ്ങനെയാണ് മലയാളത്തെക്കാള്‍ സംവേദനക്ഷമത ആംഗലേയത്തില്‍ കിട്ടിയേക്കും .റസൂല്‍ എന്ത് പറഞ്ഞു എന്ന് മാത്രമല്ല റസൂലിന്റെ 'way of speaking 'കൂടി അളുകള്‍ താല്പര്യപ്പെടുന്നുണ്ടാവില്ലേ ,മലയാളം ഗൃഹാതുരമായ ഒരു ഭാഷ മാത്രമായിക്കൊണ്ടിരിക്കയാണ് എന്ന് പറഞ്ഞത് 150 ശതമാനവും സത്യം . മലയാള ഭാഷയുടെ ഈ ഗതികേടിനെക്കുറിച്ച് ഏറ്റവും ആശങ്കാകുലനായിട്ടുള്ളത് മലയാളീയല്ലാത്ത അനന്തമൂര്‍ത്തിയാണ് എന്നത് ഗതികേടല്ലാതെ മറ്റെന്താണ് . പിന്നെ ആശങ്കാകുലരായ ബഹുമാന്യ സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും മക്കളെയോ കൊച്ച് മക്കളെയോ മലയാളം മാധ്യമമായെടുത്ത് പഠിപ്പിക്കും എന്ന് സങ്കല്‍പ്പിക്കാന്‍ അല്പം ബുദ്ധിമുട്ടാണ് , വാചകമേളയില്‍ ഗീര്‍വാണം വിടുന്നത് പോലെയല്ലല്ലോ സ്വന്തക്കാരുടെ കാര്യം.

    ReplyDelete
  26. ഭാഷയെക്കുറിച്ചുമാത്രം മലയാളി വേണ്ടത്ര ഗൃഹാതുരനാണോ എന്ന് സംശയിക്കണം നിസംഗാ. ഒരു കവിതയിലോ കഥയിലോ സാന്ദര്‍ഭികമായി വരുന്ന ഇംഗ്ലീഷോ മറ്റുഭാഷകളോ കാണുമ്പോള്‍ പൊട്ടിത്തെറിക്കുന്ന അതിവൈകാരികതയല്ല ആവശ്യമായ ഗൃഹാതുരത എന്നുദ്ധേശിക്കുന്നത്. ഭാഷാപരമായ ചില അപര്യാപ്തതകളെക്കുറിച്ചും ഭാഷ വികസിപ്പിക്കുന്നതിലും പഠിപ്പിക്കുന്നതിലും മലയാളി സവിശേഷമായി കാണിക്കുന്ന അലംഭാവത്തെക്കുറിച്ചും ഉള്ള ബോധ്യമായിരിക്കണം അത്.

    റസൂല്‍ പൂക്കുട്ടിയെപ്പോലെ ഒരാള്‍ സംസാരിക്കുന്നതിനിടയില്‍ കയറി വരുന്ന ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചല്ല വെള്ളെഴുത്ത് ആശങ്കപ്പെട്ടതെന്ന് ചിന്തിക്കാത്തതെന്തേ. അതുപോലെ രഞ്ജിനി ഹരിദാസിനെക്കുറിച്ച് പ്രതിഷേധിക്കുന്നവര്‍ ആ പെണ്‍കുട്ടി നവീനമണിപ്രവാളം സംസാരിക്കുന്നതിനെക്കുറിച്ചല്ല ആശങ്കപ്പെടുന്നത്. റസൂല്‍ പൂക്കുട്ടിയുടെ വാക്കുകളെ യുക്തിസഹമായ ശ്രദ്ധയോടെ വായനായോഗ്യമായ മലയാളത്തിലേക്ക് പകര്‍ത്താന്‍ ലേഖകന്‍ ശ്രദ്ധിച്ചില്ല എന്നതാണ് വെള്ളെഴുത്തിന്റെ പരാതി.

    ഇവിടെ മാസികയുടെ ധര്‍മ്മം പൂക്കുട്ടിയുടെ സംസാരഭാഷയുടെ പരിമിതിയെ വായനക്കാരന്റെ മുന്നില്‍ തുണിയുരിയിച്ച് നിര്‍ത്തുകയല്ല അദ്ദേഹത്തിന്റെ അനുഭവവും വീക്ഷണങ്ങളും അനുവാചകരില്‍ എത്തിക്കുകയാണ്. ആദിവാസിഭാഷയോ പ്രാദേശിക വകഭേദങ്ങളോ അതുപോലെ പകര്‍ത്തിയെഴുതുന്നതിനെ ഭാഷയുടെ പരിമിതി എന്നല്ല വിളിക്കുക തനിമ എന്നാണ്. അതുപോലെ അല്ല ഇത്: വിദ്യാഭ്യാസപരവും തൊഴില്‌പരവുമായ പ്രത്യേകതകള്‍ കൊണ്ട് ഒരാളുടെ സംഭാഷണരീതിയില്‍ വന്ന അഭിലഷണീയമല്ലാത്ത മാറ്റത്തെ പ്രദര്‍ശനവസ്തു ആക്കുകയാണ്.

    രഞ്ജിനിഹരിദാസ് എന്ന ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട പ്രതിഭാസത്തിലേക്ക്. ആ കുട്ടിയുടെ ഭാഷയ്ക്ക് പരിമിതികള്‍ ഉണ്ടെന്നുള്ളത് ഒരിക്കലും ഒരു വലിയവിഷയമാക്കേണ്ടതില്ല. പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ വിചിത്രമായ ആക്സന്റ് ഒഴിവാക്കി മലയാളം സംസാരിക്കാനും ഇംഗ്ലീഷ് വാക്കുകളുടെ ഉപയോഗം പരമാവധി കുറക്കാനും ആ കുട്ടി ശ്രമിക്കാത്തതിലെ പ്രതിബദ്ധതയില്ലായ്മ - - ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പകരം ആ കുട്ടിയുടെ കുറവിനെ ശൈലീവല്‍ക്കരിക്കാനുള്ള ശ്രമമാണ് ആ ചാനലിലും സമകാലീന സിനിമയിലും കണ്ടുവരുന്നത്. എന്‍ ആറ് ഐയുടെ മകളാണെങ്കില്‍ നഗരത്തിലെ ഹോസ്റ്റല്‍ വാസിയാണെങ്കില്‍ രഞ്ജിനീമണിപ്രവാളം സംസാരിക്കണം എന്ന വാശി തിരക്കഥയെഴുത്തുകാര്‍ ഇപ്പോള്‍ കാണിക്കുന്നുണ്ട്. അത് ശരിയാണെന്ന് രഞ്ജിനിക്ക് വേണ്ടി ആവശ്യം പോലെ വാദിച്ചിട്ടുള്ള ഇഞ്ചിപ്പെണ്ണുപോലും സമ്മതിക്കും എന്ന് തോന്നുന്നില്ല.

    ഇത്തരം അപായകരമായ ശൈലീവല്‍ക്കരണങ്ങള്‍ ഭാഷയെകൊല്ലാനുള്ള കുറുക്കുവഴി തന്നെയാണ്.

    ഓഫ്:
    @ Amarghosh | വടക്കൂടന്‍
    കണ്ടന്റിന് ഉള്ളടക്കം എന്ന വാക്ക് എപ്പോഴും ചേരണമെന്നില്ല. പ്രത്യേകിച്ചും പൂക്കുട്ടി വൈകാരികമായ കണ്ടന്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവിടെ ഉള്ളടക്കം എന്നു പറഞ്ഞാല്‍ വൈകാരികമായി ഒരു സിനിമ ഉള്‍കൊള്ളുന്നതു മുഴുവന്‍ എന്ന അര്‍ത്ഥമാണ് വരിക എന്ന് തോന്നുന്നു. ഉള്ളടക്കത്തിന്റെ വ്യത്യസ്തത ഉള്‍കൊള്ളുന്ന ഒരുവാക്ക് കൂടുതല്‍ അനുയോജ്യമാണെന്ന് തോന്നുന്നു. വൈകാരികമായ ചേരുവ എന്നാണ് എനിക്ക് തോന്നുന്ന ഭാഷാന്തരം. ചേരുവകള്‍ എന്ന ബഹുവചനത്തിലേക്കുള്ള വഴി എളുപ്പമായതുകൊണ്ടുതന്നെ.

    ReplyDelete
  27. യ്യൊ മാസികയല്ല വാരിക..ഞാന്‍ എന്നെക്കൊണ്ട് ജയിച്ച്

    ഓഫ് . പ്രൊഫഷണലിസമെന്നതിന് മനുഷ്യനുമനസ്സിലാവണ മലയാളം വല്ലോമൊണ്ടോ?

    ReplyDelete
  28. നമ്മുടെ പഠന രീതിയാണു മാറേണ്ടത്.പ്രൈമറി തലം വരെയെങ്കിലും മാധ്യമം മാതൃഭാഷയിലായിരിയ്ക്കണം.സാങ്കേതിക പദങ്ങൾ ഇംഗ്ലീഷിൽ തന്നെ ഉപയോഗിക്കുക ( ഉദാഹരണം : സ്വിച്ച് .അതിനു “ വൈദ്യുത ആഗമന നിഗമന നിയന്ത്രണ യന്ത്രം” എന്നു പറയേണ്ട)

    സത്യത്തിൽ ഇംഗ്ലീഷ് സംസാരിയ്ക്കുന്നവർ അല്ലല്ലോ ലോകത്ത് കൂടുതലുള്ളത്.നമ്മൾ മാത്രമാണ് ഇംഗ്ലീഷിനു അമിത പ്രാധാന്യം നൽകുന്നത്.അതിനു കാരണമായി പറയുന്നതോ, വിദേശങ്ങളിൽ ജോലിയ്ക്കു പോകേണ്ടി വരുമെന്ന കാരണവും.എന്നാൽ ഇവിടെ തന്നെ തൊഴിൽ കിട്ടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ , അല്ലെങ്കിൽ അതൊരു സർക്കാരിന്റെ കടമ ആയിരുന്നുവെങ്കിൽ അത്തരം ഒരു പ്രശ്നമുണ്ടാകുമായിരുന്നില്ല.അതു മാത്രവുമല്ല, ഒരു ന്യൂനപക്ഷം വിദേശത്ത് പോകുന്നതിനായി , ബാക്കി എല്ലാവരും ഇംഗ്ലീഷ് പഠിയ്ക്കേണ്ടി വരിക എന്നതാണു മറ്റൊരു വിചിത്രമായ കാര്യം.എന്നിട്ടോ, ഏതൊക്കെ വിദേശ രാജ്യങ്ങളിലാണു ഇംഗ്ലീഷ് ഉപയോഗിയ്ക്കാൻ പറ്റുന്നത്? വളരെ ചുരുക്കമല്ലേ ?

    എന്റെ ഒരു സുഹൃത്ത് ഇപ്പോൾ സ്പെയിനിൽ ജോലി ചെയ്യുന്നു.അവൻ ഒരിയ്ക്കൽ ഫോൺ ചെയ്തപ്പോൾ പറഞ്ഞു.അവരുടെ വീട്ടിൽ 3 സഹോദരങ്ങൾ ഉള്ളതിൽ അവൻ മാത്രമാണു ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത്.എന്നാൽ ഇംഗ്ലീഷ് പഠിച്ച അവൻ ജോലി ചെയ്യുന്നത് ഇംഗ്ലീഷ് വിരോധികളായ സ്പെയിൻ കാരുടെ നാട്ടിലും, ഇംഗ്ലീഷ് പഠിയ്ക്കാത്ത ചേട്ടൻ ജോലി ചെയ്യുന്നത് ഗൾഫിലും...എപ്പടി?

    സാമൂഹിക വ്യവസ്ഥയിലും, വിദ്യാഭ്യാസ സമ്പ്രദായങ്ങളിലും മാറ്റം വരാതെ എത്ര വിലപിച്ചാലും മാതൃഭാഷ വികസിക്കില്ല.ഭാഷ എന്നത് സംസ്കാരമാണ്.മുല്ലപ്പൂക്കളെ കോർത്തിണക്കുന്ന ഒരു നൂലിന്റെ സ്ഥാനമാണു ഭാഷയ്ക്കുള്ളത്.അവ തലമുറകളെ കൂട്ടിയിണക്കുന്നു, അങ്ങനെ സ്വന്തം സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നു.അതു മനസ്സിലാക്കി പ്രവർത്തിക്കേണ്ടത് സർക്കാരുകളുടേയും പൊതു സമൂഹത്തിന്റേയും ചുമതലയാണ്.

    മലയാള ഭാഷയ്ക്കു നാം കാണാത്ത ശക്തിയും സൌന്ദര്യവുമുണ്ടെന്ന് കാണിച്ചു തന്ന ഒ.വി.വിജയന്റെ മകൻ അദ്ദേഹത്തോട് പറഞ്ഞത് “ അച്ഛൻ എല്ലാം എനിയ്ക്കു തന്നു, പക്ഷേ അച്ഛന്റെ ഭാഷ മാത്രം എനിയ്ക്കു തന്നില്ലല്ലോ, ഇനി വേറെ എന്തു കിട്ടിയിട്ടു കാര്യം?” എന്നാണ്.ചെറുപ്പം മുതൽ കേരളത്തിനു വെളിയിലും വിദേശത്തും പഠിയ്ക്കാനിടവന്ന ഒരു മകന്റെ വിലാപമാണിത്.വിജയൻ എഴുതിയ മഹത്തായ ഒരു പുസ്തകം പോലും മകനു വായിയ്ക്കാനാവാതെ വരിക എന്ന ദുരവസ്ഥ.വിജയൻ തന്നെ ഇത് പിന്നീടു എടുത്തു പറഞ്ഞിട്ടുണ്ട്.

    ഈ ഒരു ചോദ്യമാകും നമ്മുടെ പിൻ തലമുറ നമ്മളോടും ചോദിയ്ക്കുക !

    ReplyDelete
  29. സാമ്പത്തിക വശം പ്രധാനം തന്നെ. രാജ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിച്ച് തൊഴിലിനു വേണ്ടിയുള്ള കുടിയ്യേറ്റങ്ങള്‍ അവസാനിച്ചാല്‍ പോലും അന്യഭാഷകളുടെ സ്വാധീനം തുടരുക തന്നെ ചെയ്യും. പുതിയ പരിഷ്ക്കാരങ്ങളുടെ ഭഗമായി, ഇനിയൊരു തിരിച്ചു പോക്ക് സാദ്ധ്യമല്ലാത്ത വിധം നമ്മള്‍ സകല വാതായനങ്ങളും തുറന്നിട്ടു കഴിഞ്ഞു. അതില്‍ ഭാഷയുടെ മുറി മാത്രം മണിച്ചിത്രത്താഴിട്ടു പൂട്ടുക സാദ്ധ്യമല്ല. ഇം‌ഗ്ലീഷാണെങ്കില്‍ ഇന്നും സാധാരണ മലയാളിക്ക് ബാലികേറാമലയായി തുടരുന്നു. മുള്ളിനെ മുള്ളു കൊണ്ടെടുക്കണം എന്നു പറയും‌പോലെ ആം‌ഗലേയം ഭംഗിയായി സംസാരിക്കാന്‍ പുതിയ തലമുറയെ പ്രാപ്തരാക്കിയാല്‍ ഭാഷയെ ചൊല്ലിയുള്ള അപകര്‍ഷതാബോധം മാറ്റിയെടുക്കാന്‍ കഴിയുമെന്നു തോന്നുന്നു. പ്രകടനത്തിനു വേണ്ടി ഭാഷയെ കഴുത്തു ഞെരിക്കുന്ന പ്രവണതക്കും വിരാമമാകും.

    ReplyDelete
  30. സാമാന്യസമൂഹത്തിന്റെ പരിശോധനാസിദ്ധികൾക്കുള്ള കാര്യമായ അപാകത അത് ഒരു സിദ്ധാന്തം പ്രചാരം നേടിയാൽ‌പ്പിന്നെ അതിനെ പരമമായതും തീറ്ത്തുമുള്ളതും ആയി പ്രഖ്യാപിച്ചുകളയും എന്നതാണെന്ന് പറയും. ലോജികൽ അപ്രോക്സിമേഷനു പകരം അന്യായമായ ഒരു റെക്ലെസ് അപ്രോക്സിമേഷൻ. (പറഞ്ഞത് ഇംഗ്ലീഷാണെങ്കിൽ ഞാൻ ഹെൽമെറ്റും വെച്ചിട്ടുണ്ട്). ഇതുതന്നെയാൺ ബഹുഭാഷാസമൂഹമായി വളരുന്ന മലയാളിയ്ക്ക് പ്രായോഗികമായി മലയാളം അപ്രസക്തമാകുന്നു എന്നു പറയുന്നതിലും ചിലപ്പോളൊക്കെ സംഭവിയ്ക്കുന്നത്. ചുരുങ്ങിയത് എഴുപത്തഞ്ച് ശതമാനമെങ്കിലും ഇംഗ്ലീഷ് ഏറെക്കുറെ ഉപയോഗിയ്ക്കാത്ത പ്രാദേശികസമൂഹം നിലനിലനിൽക്കുമ്പോൾ അപ്രസക്തമാകുന്നതിനും ഒരു പരിധിയുണ്ട്, അഥവാ ഒരു പരിധിയിൽനിന്ന് മറ്റൊരു പരിധിവരെയേ ആവശ്യക്കുറവ് താഴുകയുള്ളൂ. അതിനും താഴോട്ട് മലയാളം ആവശ്യം തന്നെ, പ്രസക്തം തന്നെ.

    പ്രീഡിഗ്രി പാസായി ജോലിയ്ക്കിറങ്ങിയ ഓട്ടോ ഡ്രൈവറെ സംബന്ധിച്ച് മീഡീയയും മീഡിയവും മലയാളം തന്നെ. അയാളെപ്പോലെ പലറ്ക്കും മലയാളം ഒരു അകാദമിക് ഭാഷയായിത്തന്നെ ഇന്നും ആവശ്യമില്ലെന്ന് പറയാനാവില്ല. അയാൾ മനോരമ വായിക്കുന്നുണ്ട്, ഏഷ്യാനെറ്റ് കാണുന്നുണ്ട്, റേഡിയോ മാൻഗോ കേൾക്കുന്നുണ്ട്. അയാൾക്കും ഈ മീഡിയകൾക്കും ഇടയിലുള്ളത് അകാദമിക് മലയാളഭാഷ എന്നുപറയുന്ന മീഡീയം തന്നെയാണെങ്കിൽ മുകളിലെ ഒരു കമന്റ് പറഞ്ഞുകഴിഞ്ഞപോലെ മലയാളം അപ്രസക്തമാകുന്നതിനും ഒരു പരിധിയുണ്ട്. ഭാഷ എന്ന നിലയിൽ അതിനെ വികസിപ്പിയ്ക്കേണ്ടതിന്റെയും നിലനിറ്ത്തേണ്ടതിന്റെയും ആവശ്യം മാന്യമായ തോതിൽ ഇന്നും നിലനിൽ‌പ്പുണ്ട്.

    മലയാളം വേണ്ടപോലെ പഠിയ്ക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത, എന്നാൽ ഉയറ്ന്ന വിദ്യാഭ്യാസമുള്ള ഒരു പാളി ചെറിയ തോതിലെങ്കിലും മലയാളം മീഡിയയെ അധിനിവേശിയ്ക്കുന്ന (റ്റെയ്കോവറ് എന്നു പറയാൻ എന്തു സൌകര്യമുണ്ട്? ഈ വെള്ളെഴുത്തിന്റെ ഓരോ നിറ്ബ്ബന്ധങ്ങൾ!) ഒരു വിചിത്രമായ അവസ്ഥ കേരളത്തിൽ സംഭവിയ്കുന്നുണ്ടെന്ന് പറയണം. ഇതേ സ്വഭാവം കാണിയ്ക്കുന്ന ഒരു ചെറിയ വിഭാഗത്തെ ബ്ലോഗ് എന്ന മീഡിയത്തിലും കാണാം. ഇത് ജാഡയൊന്നുമാകണമെന്നില്ല, മലയാളത്തിൽ മാത്രം എഴുതാൻ/സംസാരിയ്ക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഇംഗ്ലീഷും മറ്റു ഭാഷകളും ഉപയോഗിക്കുന്നു. ഇനി മലയാളം തീറ്ത്തും ഉപയോഗിയ്ക്കാൻ ശ്രമിച്ചാൽ ഇടയ്ക്കു തെറ്റുന്നു. വ്യക്തിപരമായി എനിയ്ക്കീ പ്രവണതയോട് എതിറ്പ്പുണ്ട്. മലയാളം മീഡിയയിലാൺ പ്രവറ്ത്തിയ്ക്കുന്നതെങ്കിൽ മലയാളഭാഷയിലുള്ള പ്രാവീണ്യം അടിസ്ഥാനയോഗ്യതയായിരിയ്ക്കണം എന്നാൺ എന്റെ പക്ഷം.

    മറുവശത്ത് ഇംഗ്ലീഷിൽക്കേട്ട് പരിചയപ്പെട്ട ജാറ്ഗണുകളും പ്രയോഗങ്ങളും അതേപോലെ എഴുതിവെയ്ക്കുന്നവരും ജാഡക്കാരൊന്നുമല്ല. തീരെ ഇംഗ്ലീഷ് ഉപയോഗിക്കാതെ എഴുതുക നല്ല അധ്വാനമുള്ള പണിയാൺ.തീറ്ത്തും മലയാളീകരിയ്ക്കണമെന്ന് ഞാൻ മനസ്സിലാക്കിയിടത്തോളം വെള്ളെഴുത്ത് പറയുന്നുമില്ല, ആശയപ്രകടനം സങ്കീറ്ണ്ണമാകുന്ന രീതിയിൽ, മലയാളഭാഷയുടെ വ്യക്തിത്വം നഷ്ടപ്പെടുന്ന രീതിയിൽ ഇംഗ്ലീഷ് വല്ലാതെ മിശ്രണം ചെയ്യപ്പെടുന്നതെക്കുറിച്ചാൺ വേവലാതി, ആ വേവലാതിയിൽ പങ്കുചേരുന്നു.

    ReplyDelete
  31. @ഗുപ്തന്‍
    യോജിക്കുന്നു. 'കണ്ടന്റ്' എന്ന് ഞാന്‍ പോസ്റ്റില്‍ പരതി നോക്കിയെന്കിലും കണ്ടില്ല. emotion content ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്‌. "സിനിമയുടെ വൈകാരികമായ ഉള്ളടക്കം" മുഴുവനങ്ങോട്ട് ശരിയല്ലെങ്കിലും വല്യ കുഴപ്പമില്ലെന്ന് തോന്നുന്നു. "അത് സിനിമയുടെ വൈകാരികമായ ഉള്ളടക്കത്തെ നേരിട്ട് സംവേദനം ചെയ്യുന്ന ഒന്നാണ്"

    "ഉലക കോപ്പെ കാല്‍പന്തു വിളയാട്ടം" എനിക്ക് അരോചകമായി തോന്നുന്നു. ഒരു തമിഴന് അത് സ്വാഭാവിക പ്രയോഗമായി തോന്നുന്നുണ്ടാകുമോ എന്നറിയില്ല. ഏതായാലും പ്രൊഫഷണലിസത്തിന് 'പ്രൊഫഷണലായ' ഒരു വാക്ക് എനിക്കറിയില്ല.

    ReplyDelete
  32. കൊമേഴ്സ്യൽ മീഡിയയെ അപേക്ഷിച്ച് പ്രൂഫ് റീഡറ്, എഡിറ്ററ്, പലതവണ എഴുതാനുള്ള സമയം തുടങ്ങിയ ആഡംബരങ്ങൾ അന്യമായ ബ്ലോഗറെ സംബന്ധിച്ച് ഭാഷയിലൊക്കെ ഉയറ്ന്ന ‘പിഴവളവ്‘ (ഇതിന്റെ ഒരിജിനലാവാൻ വഴിയുള്ള ഇംഗ്ലീഷ് വാക്ക് പറയൂല്ല, അനുഭവിയ്ക്കിൻ)സ്വാഭാവികമാൺ. എന്നാലും ശുദ്ധസാഹിത്യശാഖയിലുള്ളതാൺ എഴുതുന്നതെങ്കിൽ വായ്നക്കാരൻ ഒന്നുകൂടി ദോഷൈകദൃക്‌കാവാൻ സാധ്യതയുണ്ട്.

    ReplyDelete
  33. ഇതൊന്ന് വായിച്ച് നോക്കൂ. കുറച്ച് ഓഫാണ്; എങ്കിലും കുറച്ച് ഓണവുമാണ് ;)

    ഈ പിഴവളവ് എന്നതാ?

    ReplyDelete
  34. വടക്കൂടൻ, പ്രശ്നമുണ്ടാക്കരുത്:D അതെനിയ്ക്ക്പറ്റിയ ഒരു പിഴവാൺ. ഒരു പുതിയ മലയാളം വാക്കുണ്ടാക്കാൻ നോക്കിയതാൺ.

    പിഴവ് സമം എററ്. അളവ് സമം റേറ്റ്. പിഴവളവ് സമം എററ് റേറ്റ്!!

    ReplyDelete
  35. ശുദ്ധമായ മലയാളത്തില്‍ സംസാരിക്കുന്നതില്‍ അപകര്‍ഷതാബോധം ജനിപ്പിക്കുന്ന എന്തോ സാഹചര്യം കേരളത്തില്‍ നിലവിലുണ്ട്.തമിഴ് ജനത സ്വന്തം ഭാഷയോടു കാണിക്കുന്ന നൈസര്‍ഗ്ഗിക പ്രതിപത്തി മലയാളിക്കു നഷ്ടമായത് എങ്ങിനെയെന്നു ചിന്തിക്കണം.അതിനു ചാനലുകള്‍ മാത്രമല്ല ഉത്തരവാദികള്‍.

    ReplyDelete
  36. മലയാളം മരിച്ചാലും ഇല്ലാതായാലും നമുക്കെന്തു .. നാളെ മലയാളത്തിനു പകരം മറ്റൊരു ഭാഷ രംഗം കയ്യടക്കിയാല്‍ അതും നല്ലതിനു .. കേരളത്തില്‍ എക്കാലവും മലയാളം തന്നെ വേണം എന്ന് നാം വാശി പിടിക്കുന്നതെന്തിനു ... ആള്‍ക്കാര്‍ക്ക് തിരിയണം എന്നതല്ലേ ഭാഷയുടെ യോഗ്യത ... ഒരല്പം കേള്‍ക്കാന്‍ സുഖം വേണം എന്നും പറയാം . അതിനു മന്ഗ്ലിഷ് ഒഴിവാക്കി '' മലയാളം + ഇംഗ്ലീഷ് '' എന്ന ഫോര്‍മുല നടപ്പക്കമല്ലോ ... അങ്ങനെ ചെയ്താല്‍ എന്ത് സംബവിക്കുമെന്നാണ് !!!
    ഒരല്പം അരാഷ്ത്രിഇയമായ സംസാരമാണ് എങ്കിലും പറയാതെ വയ്യ ..

    ReplyDelete
  37. എല്ലാവർക്കും പൊട്ടന്മാരുടെ ഭാഷ അഭ്യസിക്കാം.
    അപ്പൊ ഈ പ്രശ്നമൊന്നും ഉദിക്കുന്നില്ല.
    ദൈവവും പൊട്ടനായിക്കോളും.
    അതാ ഇക്കാലത്ത് നല്ലത്.

    ReplyDelete
  38. ചില കാര്യങ്ങള്‍ മനസ്സിലായി. പ്രധാനപ്പെട്ട ഒന്ന് ഐ ഷണ്മുഖദാസാവില്ല ആ അഭിമുഖം പകര്‍ത്തിയെഴുതിയത് എന്നാണ്..അതു സത്യമായിരിക്കണം. രണ്ടുപേരും തമ്മിലുള്ള സംഭാഷണം പകര്‍ത്തിയെഴുതിയത് പത്രമാഫീസ് നിയോഗിച്ച ആരെങ്കിലുമായിരിക്കണം. മാരീചാ, മുറിയടച്ചിരുന്ന് നിര്‍മ്മിക്കാവുന്ന ഒന്നല്ല ഭാഷയും സ്വത്വവും. അവയെ പാടെ നശിപ്പിക്കുന്ന സാമൂഹികസാഹചര്യങ്ങള്‍ നില നില്‍ക്കുന്നു എന്നു ചൂണ്ടിക്കാണിക്കുമ്പോള്‍ ചില ഉത്കണ്ഠകള്‍ പങ്കു വയ്ക്കുക എന്നാണ് അര്‍ത്ഥം. എങ്കിലും ഭാഷയെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഇവിടുണ്ടായിരുന്നു. അവരെയും പിന്തള്ളിയാണ് നമ്മുടെ ഉപരിതലജീവിതം നാഴികകള്‍ പിന്നിട്ടത്! (പിന്നിട്ടുകൊണ്ടിരിക്കുന്നത്) അതിനു നമ്മുടെ അക്കാദമിക ജീവിതവും വേണ്ട വരി നല്‍കുന്നുണ്ട് എന്നത് എന്റെ മാത്രം കണ്ടെത്തലല്ല. മാതൃഭൂമിയില്‍ തന്നെ വന്ന പി പവിത്രന്റെ “ഫാസിസ്റ്റുകളെ സൃഷ്ടിക്കാന്‍ ആര്‍ക്കാണു തിടുക്കം’ മാധ്യമത്തിലെ ‘ഭാഷാരക്ഷകരി‍ല്‍ നിന്ന് മലയാളത്തെ രക്ഷിക്കേണമേ’ (സുനില്‍ പി ഇളയിടം) എന്നീ ലേഖനങ്ങള്‍ കൂടിയൊന്ന് നോക്കുക. ഈ ലേഖനങ്ങള്‍ ശുദ്ധമലയാളത്തെക്കുറിച്ചോര്‍ത്ത് ചിരിയോടെ നെടുവീര്‍പ്പിട്ട ആദ്യത്തെ അനോനിയ്ക്കും വായിച്ചു നോക്കാവുന്നതാണ്!!! പദങ്ങളുടെ കടമെടുപ്പിലല്ല ഭാഷകലങ്ങുന്നത്..കരിങ്കല്ല് ചൂണ്ടിക്കാട്ടിയ ഉദാഹരണത്തില്‍ ഇംഗ്ലീഷ് പദങ്ങളുടെ അത്ര സംസ്കൃതപദങ്ങളുമുണ്ട്. അതായിരുന്നില്ല പ്രശ്നം. ഭാഷയുടെ കൃത്രിമത്വമാണ്. പ്രത്യേകിച്ചും ക്രിയാപദങ്ങള്‍ കൂടി ഇംഗ്ലീഷാവുമ്പോള്‍, ..മറ്റുഭാഷപഠിക്കുന്നതിനെ ആരു കുറ്റം പറയുന്നു? മലയാളം വേണ്ടെന്നു പറയുന്നതിനെക്കുറിച്ചായിരുന്നല്ലോ പറഞ്ഞു വന്നത്. അറബി തുടങ്ങിയ ഭാഷകള്‍ മലയാളി പഠിച്ചേ തീരൂ (മലയാളം മാറ്റി വച്ചും..?) അതാണ് കേരളത്തിലേയ്ക്ക് ‘പണം’ കൊണ്ടു വരുന്നത് എന്നു തന്നെയായിരുന്നു അറബി അധ്യാപകരുടെയും വാദം. ഇതിനെയാണ് പ്രയോജനവാദം എന്നു പറയുന്നത്. ഭാഷാപഠനം അതിനപ്പുറത്തു നില്‍ക്കുന്ന വിഷയമാണ്. ഞാന്‍ അറബി പഠിച്ചിട്ടല്ല 10 വര്‍ഷം അറബിനാട്ടില്‍ കഴിഞ്ഞത്. അറബികളുമായി പോലും ആശയവിനിമയത്തിനു ഒരു പ്രയാസവും നേരിട്ടിട്ടില്ല.
    മൊഡ്യൂള്‍ എന്നും കണ്‍സള്‍ട്ടീവ് എന്നുമൊക്കെ മനപ്പൂര്‍വം പ്രയോഗിച്ചതാണ്.. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പലവാക്കുകള്‍ക്കും മലയാളമില്ല (എന്നല്ല ഔദ്യോഗികരേഖയില്‍ പോലും ഉപയോഗിക്കാറില്ല) ക്ലസ്റ്റര്‍, ആര്‍ പി (റിസോഴ്സ് പേഴ്സണ്‍), സെഷന്‍, കോര്‍ എസ് ആര്‍ ജി, സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്.......ഭാഷ അധികാരവുമായി ബന്ധപ്പെട്ട സംഗതികൂടിയാണ്.. (ഇത്രയും മതി)
    “മരിക്കയാണോ... എന്നൊക്കെയുള്ള ചോദ്യം അതി വൈകാരികതയായി തെറ്റിദ്ധരിക്കപ്പെടും എന്നുള്‍ലതിനാലാണ്.. അതൊരു കവിതയുടെ ശീര്‍ഷകമാണെന്ന് പതിവില്ലാത്ത വിധം താഴെ എഴുതി വച്ചത്. (എന്റെ ബുദ്ധി!!)
    ആദര്‍ശേ, ബുക്ക് ലെസ്സ് ഇന്‍ ബാഗ്ദാദ് മലയാളത്തില്‍ ഡി സി പ്രസിദ്ധീകരിച്ചതിന്റെ തലക്കെട്ട് “ബാഗ്‌ദാദിലെ പുസ്തകത്തെരുവുകള്‍’ എന്നാണ്..ഒരിക്കല്‍ അതിനെപ്പറ്റി ഇവിടെ എഴുതിയിരുന്നു എന്നാണോര്‍മ്മ.
    നീണ്ടു പോയി.. ബാക്കി പിന്നാലെ..

    ReplyDelete
  39. ഒരു ഭാഷയ്ക്ക്, അതിന്റെ ശുദ്ധിയും,സത്തയും, അസ്തിത്വം തന്നെയും നഷ്ടപ്പെടുന്നത് ഏതെങ്കിലും അന്യ ഭാഷകളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവില്ല.അങ്ങനെ ഈ ലേഖനത്തില്‍ ഒരിടത്തും വെള്ളെഴുത്തു പറയുന്നുമില്ല.പ്രയോഗക്ഷമത നഷ്ടപ്പെട്ട് ഉപേക്ഷിക്കപ്പെടുവാനുള്ള ഗതികേട് എല്ലാ ഉപഭോക്തൃഉല്‍പ്പന്നങ്ങള്‍ക്കുമുണ്ട്. ഭാഷയും അത്തരമൊന്നാണോ,അഥവാ അതിനത്തരം ഒരു ഗതികേട് അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ എന്നതാണ് പ്രശ്നം.ഭാഷാ പഠനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അതിന്റെ ആഗോള പ്രയോഗക്ഷമതയെക്കുറിച്ച് ചര്‍ച്ചകള്‍ ചുരുങ്ങുന്നതു ഭാഷയെന്നത് അന്യനാടുകളില്‍ ഒരുവനു അന്നം നേടിക്കൊടുക്കേണ്ട ഒരു ഉപകരണം മാത്രമായി അതിനെ കാണുന്നതുകൊണ്ടാണ്.മലയാളം മാത്രം സംസാരിച്ചുകൊണ്ട് കേരളത്തില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഒരു വലിയ ഭൂരിപക്ഷത്തെ ഇത്തരം സാമാന്യവല്‍ക്കരണങ്ങള്‍ പലപ്പൊഴും മറന്നുപോകുന്നുണ്ട്.
    ഭാഷയെന്നതു കേവലമായ ഒരു സ്കില്‍ മാത്രമാണോ? കേള്‍വി,സംസാരം, വായന, എഴുത്ത് തുടങ്ങിയവ ഒരു സമൂഹ മനസ്സുമായി നടത്തുന്ന ഇടപെടലുകളെ വെറും വിരുതായി കാണാനാവുമോ?നമ്മുടെ നാട്ടിലുള്‍പ്പെടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചോംസ്കിയന്‍ വിലാസത്തിലുള്ള അധ്യയന പരിഷ്കാരങ്ങളെക്കുറിച്ച് എനിക്കും സംശയങ്ങളുണ്ട്.പ്രത്യേകിച്ചും മാതൃഭാഷയെന്ന നിലവിട്ടുള്ള ഭാഷാ പഠനങ്ങളുടെ കാര്യത്തില്‍.
    ഭാഷയില്‍നിന്ന് ഒഴിവാക്കിയിടുന്ന സാഹിത്യത്തിന്റെ ഇടം ഏതൊക്കെ തരം ശൂന്യതകളാവും സൃഷ്ടിക്കുന്നതെന്നത് മറ്റൊരു ആകുലത.സാംസ്കാരം, സംസ്കാരജന്യമായ മൂല്യവ്യവസ്ഥ തുടങ്ങിയവയുടെ സുഗമമായ വിനിമയത്തിനു സാഹിത്യം ഒഴിവാക്കി ഭാഷയെ ഒരു ശസ്ത്രം മാത്രമാക്കി കാണുന്ന അധ്യയന സമ്പ്രദായം എത്രത്തോളം ഇടം നല്‍കുന്നുണ്ട്? ഇങ്ങനെ കുറെ പ്രശ്നങ്ങളുണ്ട് ചര്‍ച്ച ചെയ്യപ്പെടാനായിട്ട്. ഇതൊരു ഒറ്റ പോസ്റ്റായി ചുരുങ്ങരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്.വെള്ളെഴുത്ത് ഈ ലേഖനത്തിലൂടെ ഉന്നയിച്ച ഇത്തരം പല പ്രശ്നങ്ങളും തുടര്‍ ചര്‍ച്ച ആവശ്യപ്പെടും വണ്ണം വ്യാപ്തിയുള്ളവയാണ്.ഈ വിഷയത്തില്‍ ഇനിയും പോസ്റ്റുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ.

    ReplyDelete
  40. ഓഫ്ടൊപിക്;
    പ്രസങ്ഗവീരൻ പ്രഫെസർ, റസൂൽ പൂക്കുട്ടിയെ കരയിപ്പിച്ചതെന്തിന്?

    ReplyDelete
  41. നല്ല ലേഖനവും ചര്‍ച്ചയും!

    എന്‍റെ അഭിപ്രയത്തില്‍, മാതൃഭാഷ ഒരാളെ തന്‍റെ സംസ്കാരവുമായും അസ്ഥിത്വവും ആയി ബന്ധിപ്പിക്കുന്ന പാലമെന്നോ പൊക്കിള്‍കൊടി എന്നോ ഒക്കെ പറയാം. സ്വന്തം സംസ്കാരത്തിന്‍റെ നിറവും മണവും അനുഭവിക്കാന്‍ വേറെ കുറുക്ക് വഴിയൊന്നുമില്ല. എത്രയൊക്കെ മാതൃഭാഷയെ പറ്റി ഗവേഷണം നടത്തിയാലും അതൊക്കെ ബൈന്‍ഡ് ഇട്ടു വയ്ക്കമെന്നല്ലാതെ, ഓരോ നിശ്വാസത്തിലും സംസ്കാരത്തിന്റെ ചൂട് പകരാന്‍ ഗവേഷണത്തിന് പറ്റുമോ?.

    ഓ വി വിജയന്‍ ഒരു NRI യുടെ മകനായി പിറന്നു അമേരിക്കയിലോ മറ്റോ വളര്‍ന്നിരുന്നെന്കിലും ചിലപ്പോള്‍ സാഹിത്യകാരന്‍ എന്ന നിലയില്‍ ഇന്നുള്ളതിലും പ്രശസ്താനായിരുന്നേനെ, എന്നാല്‍ ഒരു ഖസാക്കോ കടല്‍ത്തീരമോ ഉണ്ടാകുമായിരുന്നോ? ഖസാക്കിനു കടതീരത്തിനും മലയത്തില്‍ മാത്രമേ പിറക്കാന്‍ കഴിയൂ!

    പിന്നെ ഭാഷ വയറ്റിപിഴപ്പിനുള്ള ഉപാധിയില്‍ കവിഞ്ഞൊന്നു ഇല്ല എന്ന് പറയുന്നവരോട് എന്ത് പറയാന്‍?. അവര്‍ എന്തിനേയും നോക്കി കാണുന്നത് വയറ്റിപിഴപ്പിന്റെ ദൃഷ്ടികോണിലൂടെ ആണ്!

    ReplyDelete
  42. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നവരൊക്കെയും ബുദ്ധിജീവികളെന്നും ഇംഗ്ലീഷ് വിശാരദരെന്നും കരുതിയിട്ടുണ്ടാകും ഇവർ. എന്നാൽ പിന്നെ ഇംഗ്ലീഷിൽ തന്നെ ഒരു വാരിക ഇറക്കാൻ പാടില്ലേ ഇവർക്ക്? കഷ്ടം :(
    മലയാളം മാത്രം സംസാരിക്കുവാൻ അറിയുന്ന അമ്പത് ശതമാനത്തിനടുത്ത് (എന്റെ അനുമാനം) ആളുകൾ കേരളത്തിൽ ഉള്ള സ്ഥിതിക്ക് ഉടനെയൊന്നും മലയാളം മരിക്കില്ല എന്ന് പ്രത്യാശിക്കാം...

    ReplyDelete
  43. ഡിയർ വെള്ളെ,

    (പോസ്റ്റ് മാത്രമേ കണ്ടുള്ളൂ, നാൽ‌പ്പത്തിചില്വാനം കമെന്റുകൾ വായിക്കാൻ തൽക്കാലം സമയമില്ലാത്തതുകാരണം....)

    Market Rules…

    അതുകൊണ്ട് ഒരു ഭാഷയ്ക്ക് സ്വാഭാവികമായ ഒരു മരണമുണ്ടെങ്കിൽ അത് നിഷേധിക്കരുത് :)

    *
    മലയാളഭാഷയിൽ ആംഗലേയ പദങ്ങൾ കൂട്ടിക്കലർത്തുന്നതിനെ അമിത “വികാരി”യായി പരാമർശിച്ചതിനോട് എനിക്ക് യോജിപ്പില്ല, കാരണം ഒരിക്കലും ലാൻ‌ഗ്വേജ് ഫനറ്റിക് (ഓഹ് എന്താ ആ .. ഭാഷാമൌലികവാദി) അല്ല.

    അതുപോട്ടെ +2 മലയാളഭാഷാപുസ്തകത്തിൽ ഫിക്ഷൻ ഒഴിവാക്കി എല്ലാം സാങ്കേതികമാക്കിയെന്നൊ അധ്യാപകർ കൂട്ടംകൂടുയെന്നോ ഒക്കെ കേട്ടല്ലോ, നേരാണോ? ഇനി കഥയും, കവിതയും ഒന്നും ഇല്ലേ ലേഖനങ്ങൾ മാത്രമായോ?
    അതിനെക്കുറിച്ചു പറയൂ..

    ReplyDelete
  44. ഡിയർ വെള്ളെ,

    (പോസ്റ്റ് മാത്രമേ കണ്ടുള്ളൂ, നാൽ‌പ്പത്തിചില്വാനം കമെന്റുകൾ വായിക്കാൻ തൽക്കാലം സമയമില്ലാത്തതുകാരണം....)

    Market Rules…

    അതുകൊണ്ട് ഒരു ഭാഷയ്ക്ക് സ്വാഭാവികമായ ഒരു മരണമുണ്ടെങ്കിൽ അത് നിഷേധിക്കരുത് :)

    *
    മലയാളഭാഷയിൽ ആംഗലേയ പദങ്ങൾ കൂട്ടിക്കലർത്തുന്നതിനെ അമിത “വികാരി”യായി പരാമർശിച്ചതിനോട് എനിക്ക് യോജിപ്പില്ല, കാരണം ഒരിക്കലും ലാൻ‌ഗ്വേജ് ഫനറ്റിക് (ഓഹ് എന്താ ആ .. ഭാഷാമൌലികവാദി) അല്ല.

    അതുപോട്ടെ +2 മലയാളഭാഷാപുസ്തകത്തിൽ ഫിക്ഷൻ ഒഴിവാക്കി എല്ലാം സാങ്കേതികമാക്കിയെന്നൊ അധ്യാപകർ കൂട്ടംകൂടിയെന്നോ ഒക്കെ കേട്ടല്ലോ, നേരാണോ? ഇനി കഥയും, കവിതയും ഒന്നും ഇല്ലേ ലേഖനങ്ങൾ മാത്രമായോ?
    അതിനെക്കുറിച്ചു പറയൂ..

    ReplyDelete
  45. “...ഡയല്‍ ചെയ്ത്
    റിങ്ങിന് കാതോര്‍ക്കുമ്പോള്‍

    ഡയലും റിങ്ങുമൊക്കെയുള്ള ഈ കവിതതന്നെ വേണമായിരുന്നോ ഉദ്ധരിക്കാന്‍ :)
    (കവിത നല്ലതല്ലെന്നല്ലട്ടോ പറഞ്ഞത്)

    ReplyDelete
  46. ഈ മലയാളം ലാങ്വാജില് ഇംഗ്ലീഷ് ഏഡ് ചെയ്യുന്നത് അവോയ്ഡ് ചെയ്ത്കൂടെ എന്ന് പണ്ടൊരു വിദ്വാന്‍ പറഞ്ഞത് ഓര്‍മ്മ വന്നു.

    ഞാനിന്നലെ ആ അഭിമുഖം വായിച്ചിരുന്നു.എനിയ്ക്കും ഒരു വല്ലായ്മ തോന്നതിരുന്നില്യ.

    ReplyDelete
  47. കുറച്ച് കാലം കൂടിയിട്ടാണ് അര്‍ത്ഥമുള്ള ഒരു വിഷയവും അതിനനുബന്ധിച്ച ഒരു ചര്‍ച്ചയും നടക്കുന്നത് , വെള്ളെഴുത്ത് മാഷിന് നന്ദി.

    മലയാള ഭാഷ നിര്‍ബന്ധിച്ച് പഠിപ്പിക്കാനാകുമോ ?
    ഇല്ല എന്നെ സംബന്ധിച്ച് മലയാളം എന്ന ഭാഷയോട് എനിക്ക് തോന്നുന്ന് സ്നേഹം അത് ആ ഭാഷ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന മാനസികമായ സംതൃപ്തിയെ ആശ്രയിച്ചാണിരിക്കുന്നത് , ഒരു നല്ല കവിത വായിക്കുമ്പോഴോ നല്ല കഥ വായിക്കുമ്പോഴോ തോന്നുന്ന ഒരു സന്തോഷം അതാണ് എന്റെ ഭാഷയെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത് ,അത് തികച്ചും വൈയക്തികമായ കാര്യമാണ് .


    ഭാഷയുടെ ഉപയോഗത്തില്‍ സൌകര്യം എന്ന ഘടകം ഏറെ പ്രധാനപ്പെട്ടതാണ് എന്ന് തോന്നുന്നു .
    പൂര്‍ണ്ണമായും മലയാള പദങ്ങള്‍ മാത്രം ഉപയോഗിച്ച് സംസാരിക്കുന്ന ഒരാളെക്കാളും പൊതുവില്‍ ആളുകള്‍ മതിക്കുന്നത് അതിനിടയില്‍ ആംഗലേയം കുത്തിക്കലര്‍ത്തി “സ്റ്റൈലിഷ് “ ആയി സംസാരിക്കുന്ന ആളുകളെയാണ് , അപകര്‍ഷത തോന്നേണ്ട വിധം മലയാളം ഒരു എടുക്കാചരക്കാക്കുന്നതും മല്ലൂസ് തന്നെയാണ് . തമിഴന്‍ അവന്റെ ഭാഷയെക്കുറിച്ച് അതി വൈകാരികത പ്രദര്‍ശിപ്പിക്കുന്നുണ്ട് , ആത്മഹത്യ ചെയ്യാന്‍ പോലും തയ്യാറാണ് എങ്കില്‍ കൂടിയും തമിഴ് ഗ്രാമങ്ങളില്‍ പോലും പകരം പദങ്ങളോ പ്രയോഗങ്ങളോ സ്വീകാര്യമല്ലാത്ത വിധത്തില്‍ സംഭാഷണത്തില്‍ ആംഗലം കടന്ന് വരുന്ന ഭാഷയാണ് തമിഴ് , അതില്‍ അവന്റെ ഭാഷയോടുള്ള സ്നേഹത്തെക്കാളുപരി മറ്റൊന്നിനോടുള്ള അസഹിഷ്ണുതയായെ കണക്കാക്കാനാവൂ . മലയാളി ഒരു ഭാഷയോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്നില്ല സൌകര്യപ്രദമായ മറ്റൊന്ന് സ്വീകരിക്കാനുള്ള പ്രായോഗിക ബുദ്ധി മലയാളിക്കുണ്ട് , ആ പ്രായോഗികതയായിരിക്കാം ഒരു പക്ഷെ അപകടമായിത്തീരുന്നതും .

    ReplyDelete
  48. രണ്ടാമത്തെ അനോനി, ഗുപ്തന്‍, മധുസൂദനന്‍,സുനില്‍കൃഷ്ണന്‍, ശ്രീഹരി,ഇഞ്ചി, പാഞ്ചാലി, ജയേഷ്, ബിനോയ്, വടക്കൂടന്‍,വിശാഖ്, സാപ്പി, സമാന്തരന്‍, ലതി, മുരളിക, അനംഗാരി, ബൈജു, നിസ്സംഗന്‍..... ചര്‍ച്ചയെ കൂടുതല്‍ വഴിനടത്തിയതിനു പ്രത്യേക നന്ദി.
    ഡിങ്ക്.. അറിഞ്ഞിടത്തോളം ഫിക്ഷന്‍ ഇല്ലെന്നല്ല, സര്‍ഗാത്മകസാഹിത്യത്തിന്റെ സൌന്ദര്യമൂലകങ്ങളെ ഒഴിവാക്കി അതിനെ ഒരു പ്രശ്നത്തിന്റെ ഉത്പന്നമായി പഠിപ്പിക്കുക എന്നതാണ് വരാന്‍ പോകുന്ന പരിഷ്കാരം (എന്നാണ് എന്റെ അറിവ്) സഹ്യന്റെ മകന്‍- പ്രകൃതിയോടും ജന്തുക്കളോടും മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന ക്രൂരതയുടെ, ചണ്ഡാലഭിക്ഷുകി പാര്‍ശ്വവത്കൃതജീവിതത്തിന്റെ, ഉതുപ്പാന്റെ കിണര്‍ സ്ഥലജലവിഭവമാനേജുമെന്റിന്റെ അഭാവത്തിന്റെ..ഒക്കെ ഉപോത്പന്നങ്ങളായി അവതരിക്കും. അപ്പോള്‍ അതനുസരിച്ചായിരിക്കും ചോദ്യങ്ങളും..പ്രശ്നങ്ങളില്‍ കുട്ടിയുടെ ശ്രദ്ധയെത്തിക്കുക എനതിനാണ് പ്രാധാന്യം. പ്രശ്നങ്ങള്‍ നേരത്തെ നിര്‍ണ്ണയിക്കപ്പെട്ടതായതുകൊണ്ട് അതനുസരിച്ചുള്ള പാഠങ്ങള്‍ മതി. ഇല്ലാത്തവ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എഴുതിയുണ്ടാക്കാം. (അതാണു സംഭവിക്കുന്നതും) സാഹിത്യത്തിന്റെ ചരിത്രം അത് സംസ്കാരത്തെ ഉള്ളടക്കിയിരിക്കുന്നരീതി,ഭാഷ എന്നിവ ഈ നിലയ്ക്കുള്ള പഠനത്തില്‍ എന്താവും എന്ന് കണ്ടറിയണം. അപൂര്‍വം ചിലര്‍ക്ക് അഭ്യാസങ്ങളെഴുതി പരിമിതികളെ മറികടക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ബോധനോദ്ദേശ്യം തന്നെ ഇങ്ങനെയാവുമ്പോള്‍ ഭാവിയില്‍ കേരളത്തിലെ മലയാള ഭാഷാപഠനത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ട്.
    പീതാംബരന്‍.. കവിതയ്ക്ക് നേരിട്ടല്ലാതെയും ചില കാര്യങ്ങള്‍ പറയാനുണ്ട്.. ഗോപിയുടെ മറ്റൊരു കവിതയുടെ പേര് ‘മലയാളത്തില്‍‘ എന്നാണ്..ആ വാക്കുകള്‍ ബോധപൂര്‍വം തന്നെ ഉള്‍ക്കൊള്ളിച്ചതാവാന്‍ വഴിയില്ലേ?

    ReplyDelete
  49. Sorry to post this in English, I cant type malayalam.

    I think of language as a mere tool for communication. In India we seem to give a God like status to languages. Languages have to evolve and if in that evolution if some language dies its because it has become obsolete. No hard feelings.. but malayalam has become obsolete.

    Many times I had wished that the world had only a single language. May be that is happening now, and I see it as a welcome change.

    ReplyDelete
  50. കെന്നീ, ഭാഷ ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമല്ല എന്നാണ് പറഞ്ഞു വരുന്നത്. എ പോസ്റ്റിലല്ല. ഇതിനുമുന്‍പുള്ള പോസ്റ്റുകളിലും..
    ഒരു ഭാഷ, ഒരു വേഷം , ഒരു സംസ്കാരം,ഒരു ചരിത്രം, ഒരു ചിന്ത...
    വൈവിദ്ധ്യങ്ങളുടെ അനുഗ്രഹത്തില്‍ നിന്നുകൊണ്ട് തന്നെ നമ്മള്‍ ബുള്‍ഡോസറുകളെക്കുറിച്ച് ചിന്തിക്കണം, എല്ലാത്തിനെയും ഒന്നിലേയ്ക്കു ചുരുട്ടിക്കെട്ടുന്ന ഒറ്റയൊന്ന് !!! !!

    ReplyDelete
  51. അതിജീവിക്കാനുള്ള കഴിവില്ലെന്കില്‍ പോട്ടെടോ കോപ്പ്..


    ഇതൊരു മാതിരി സ്ത്രീകള്‍ക്ക് സംവരണം കൊടുത്ത് സരക്ഷിക്കും പോലെ....

    ReplyDelete
  52. മാഷ്, ഇതിവിടെ ആവര്‍ത്തിച്ച് വരുന്ന വിഷയമായതുകൊണ്ട്: ഒരു ഭാഷ എന്തുകൊണ്ട് ബലം പ്രയോഗിച്ച് (Revitalization) നിലനിര്‍ത്തണം എന്നതിന് കാരണം പറയാമോ? അപ്പോ ഒരു പാട് കമന്റുകള്‍ക്ക് മറുപടിയാവും.

    ReplyDelete
  53. ഇന്റർവ്യൂകളിൽ സാങ്കേതികപദങ്ങൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. പൂക്കുട്ടി പറഞ്ഞത് അതു പോലെ തന്നെ പകർത്തിയത് ഷണ്മുഖദാസിന്റെ മിടുക്ക്. ഇന്റർവ്യൂകൾ അങ്ങനെ തന്നെ വേണം.

    ReplyDelete
  54. പ്രവാചകാ, അതു സ്വയം തിരിച്ചറിയട്ടേ. ഒരു പ്രദേശത്തു നിന്ന് ജനത്തിന് സന്തോഷത്തോടെ കുടിയിറങ്ങിപ്പോകാകാന്‍ കഴിയും എന്ന് മനസ്സിലാവുന്നത് മലയാളത്തെപ്പറ്റിയുള്ള ചര്‍ച്ച കാണുമ്പോഴാണ്. ഭൂമിശാസ്ത്രത്തേക്കാള്‍ ആഴമുള്ള സംഗതിയാണ് ഭാഷാസ്വത്വം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. കാരണം അതു തുടച്ചുകളയാന്‍ പറ്റില്ല. ഒന്നോരണ്ടോ പേര്‍ക്ക് സ്വന്തം സ്ഥലം വിട്ട് അന്യദേശത്ത് സാമ്പത്തികമായി ഉയരാന്‍ കഴിയുമ്പോലെയല്ല, ഒരു ജനത മൊത്തം സ്വന്തം ഭാഷ വിട്ട് മറ്റഎന്തായാലും വേണ്ടില്ലെന്നമട്ടില്‍ സംഗതികളെ ആവിഷ്കരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഭൂരിപക്ഷത്തിന്റെ ആലോചനയില്‍ അതു വരാത്തതെന്ന് അദ്ഭുതപ്പെടുകയാണ് ഞാന്‍. 30 വര്‍ഷം വേണം ഒരു കാര്യം മലയാളി ഒരു കാര്യം ശരിയായി മനസ്സിലാക്കാന്‍. (അതാണ് അനുഭവം. നമ്മിളിപ്പോള്‍ തോമസ് മന്നിനെയൊക്കെ മനസ്സിലാക്കി വരുന്നതേയുള്ളൂ..) ഒരു തലമുറക്കാലം. ഒരു പക്ഷേ അടുത്ത തലമുറ മലയാളം എന്തിനെന്ന് മനസ്സിലാക്കിയേക്കും..ഇല്ലെങ്കില്‍.... മുരളിക പറഞ്ഞതുപോലെ നശിച്ചുപോട്ടേ, കോപ്പ് !!നമുക്കു ഇനിയങ്ങോട്ട് സാമന്തജീവിതം മതി!

    ReplyDelete
  55. ബ്ലോഗില്‍ വരുന്ന കുറിപ്പുകളുടെ അല്പായുസ്സിനെക്കുറിച്ച് അറിയാതല്ല, ഗൌരവതരമായ വിഷയങ്ങളില്‍പ്പോലും വന്യമായ ഒരാഘോഷച്ചുവകലരുന്നതുപോലെ തോന്നും, ഈ കല്പനാലോകത്ത്.
    മുമ്പത്തെ കമന്റ് ഒരുദ്ദേശ്യം വെച്ചെഴുതിയതായിരുന്നു. നിങ്ങള്‍ ഡേവിഡ് ക്രിസ്റ്റലിന്റെ ‘ഭാഷാമരണം’ വായിച്ചോ? ഈ വിഷയം കുറെക്കാലമായി തലയില്‍ക്കിടന്ന് പുകയുന്നു. ആ പുസ്തകത്തിന്റെ ഒരു നിരൂപണം ‘ഡാനിറിവ്യൂസില്‍ ഉണ്ട്. ഇവിടെ. മൂന്നാമത്തെ ഖണ്ഡികയില്‍ എന്തുകൊണ്ട് നമ്മള്‍ ഈ ആസന്നനിര്യാണത്തെക്കുറിച്ച് ആകുലരാവണം എന്നത് കാണാം(ഞാന്‍ റിവ്യൂ മൊത്തം വായിച്ചില്ല). പുസ്തകത്തില്‍ അത് വിശദമായി പറയുന്നുണ്ട്. അതില്‍ രണ്ടെണ്ണം ഒരു വാദമേയല്ല: വൈവിദ്ധ്യവും, ഭാഷ ഭാഷയെന്ന നിലയില്‍ത്തന്നെ ശ്രദ്ധയര്‍ഹിക്കുന്നവയാണ് എന്നിവ. വൈവിദ്ധ്യമെന്നത് ജൈവവവിദ്ധ്യവുമായാണ് താരതമ്യം. ചരിത്രത്തിന്റെ, അറിവിന്റെ ഭണ്ഡാരപ്പുരകളാണെന്നത് ഭാഗികമായിമാത്രം നിലനില്‍ക്കാവുന്ന ഒരു വാദമാണ്. ചിലതുണ്ട്, ഒരു ഭാഷയില്‍നിന്ന് ഒരിക്കലും മറ്റൊരു ഭാഷയിലേക്ക് ചേക്കേറാന്‍ കൂട്ടാക്കാത്തവ. പിന്നുള്ളത് സ്വത്വസംബന്ധമാണ്. ഇതും യുക്തിപരമായി പരിശോധിച്ചാല്‍ നിലനില്‍ക്കാന്‍ ബുദ്ധുമുട്ടാവും. പറഞ്ഞുവരുന്നത് ഉന്നയിക്കാവുന്നവയെല്ലാം വൈകാരികമായി സാധുതയുള്ള (Sentimentally sustainable) വാദങ്ങളാണ്, യുക്തിപരമായി ബോദ്ധ്യപ്പെടുത്താവുന്നവയല്ല(Logically sustainable).
    ഇനി ഭാഷയെന്നത് എത്രത്തോളം ഗാഢമായി ഒരു ജനതയുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു എന്നത്. സാക്ഷാല്‍ സൊസ്യൂറിനെത്തന്നെ അവലംബിച്ചാല്‍, ‘വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ ഭാഷയോളം പ്രാധാനപ്പെട്ട ഒരു ഘടകമില്ല തന്നെ’എന്നാണ്. പ്രശ്നമതല്ല. അത് ഏത് ഭാഷയുമാവാം. വളരെ നല്ല ഉദാഹരണം കോപ്റ്റിക്ക്-അറബിക്ക് ആവും. വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കൊഷരിക്കടയില്‍ കയറാന്‍ പറ്റാത്ത തിരക്കാണ്, ഉമ്മുക്കൂത്സൂമിന്റെ വിലാപയാത്രക്ക് നാല് മില്ല്യണിനടുത്തായിരുന്നു ആളുകള്‍. ഇനിയും മറ്റൊന്ന്, നമ്മള്‍ സംസാരിക്കുന്നത് മാറിവരുന്ന ഒരു സാഹചര്യത്തെ സംബന്ധിച്ചാണ്. അങ്ങനെ വരുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്നത് പരമമായും വരാനിരിക്കുന്നതിനേക്കാള്‍ മികവുറ്റതാണെന്ന് സംശയലേശമന്യേ പറയാനാവണം. സംഭവിക്കാനിടയുള്ളതിനെക്കുറിച്ച് പരിപൂര്‍ണ്ണമായ തീര്‍ച്ച സാദ്ധ്യമാകുന്നതെങ്ങനെ? ഇനിയും കടന്ന് ഒരു ഹേര്‍ഡര്‍/സ്പെങ്ങ്ളര്‍ രീതിയില്‍ സംസ്കാരങ്ങളുടെ ജൈവികതയും മറ്റും കൊണ്ടുവരാന്‍ സാധിക്കില്ലെന്നല്ല. അത് കാര്യങ്ങളെ കൂടുതല്‍ പ്രശ്നഭരിതമാക്കും. സാപിര്‍-വോര്‍ഫ് സിദ്ധാന്തം തന്നെ കാലങ്ങളിലൂടെ മിക്കവാറും എല്ലാവരും തള്ളുകയാണുണ്ടായത്, പിങ്കറടക്കം. ഇനിയൊരു മാര്‍ക്സിസ്റ്റ് ഭാഷാശാസ്ത്രവഴിയില്‍ അന്വേഷിച്ചാല്‍ത്തന്നെ ഒരു പ്രത്യേക ഭാഷയെന്നതിലല്ല, ഭാഷ എന്ന നിലയില്‍ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ആകെമൊത്തം നൂഡിത്സ് പരുവമായി.
    ഈ വിഷയത്തില്‍ ഇവിടെ വന്ന എഴുത്തുകള്‍ക്കെല്ലാം ഞാന്‍ എതിരഭിപ്രായം പറഞ്ഞതിന്ന് വിശദീകരണവുമാവട്ടെ. മറ്റൊരു കാര്യം സ്വന്തം ഭാഷയെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നത് മലയാളികളുടെ മാത്രം സ്വഭാവമല്ല. ഭാഷാപുനരുജ്ജീവനസംഘടനകള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണത്. മിക്കവാറൂം എല്ലായിടത്തും.

    ഇപ്പോഴും - കുറെ നാളായി - ഞാന്‍ ഹൈദെഗര്‍ പറഞ്ഞത് ആലോചിച്ചുകൊണ്ടിരിക്കയാണ്: ഗ്രീക്കും, ജര്‍മനുമാണ് (ചിന്തയ്ക്ക് ഉപയുക്തമെന്ന നിലയില്‍)ഒരേ സമയം ഏറ്റവും ശക്തിയുള്ളതും, ആത്മീയവുമായ ഭാഷ എന്ന്. അതെങ്ങനെ പുള്ളിക്ക് അറിയാനാവുമെന്ന് ചോദിച്ചുകൂടെന്നല്ല...

    ReplyDelete
  56. puzhukkum kanjiyum kazhikkunna sheelam maareelle, athupole shuddha malayalam parayunna sheelavum maarunnu. ithilenthu paribhavikkaan?

    ReplyDelete