January 5, 2009

റിപ്പബ്ലിക്കുകള്‍ ഉണ്ടാവുന്നത്



... സര്‍വോപരി ഒരു പരീക്ഷണമാണ്. വ്യക്തിപരമായ സഹകരണത്തിലുള്ള പരീക്ഷണം. വാക്കിലൊന്നും നാക്കില്‍ മറ്റൊന്നുമെന്ന വൈപരീത്യത്തിനെതിരായ പരീക്ഷണം. ചെറിയ മനുഷ്യര്‍ ഒത്തുച്ചേര്‍ന്നു ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ച് കാതലായ കാര്യങ്ങള്‍ ഫലപ്രദമാക്കാനൊക്കുമോ എന്ന പരീക്ഷണം.
-എം. ഗോവിന്ദന്‍

ചെറുതും വലുതുമായി നൂറിലധികം പ്രസാധകര്‍ സജീവമാണ് മലയാളത്തില്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളിലൂടെ മാത്രം കണ്ണോടിച്ചാല്‍ ലഭിക്കുന്ന വിവരമാണിത്. യഥാര്‍ത്ഥ എണ്ണം ഇതിന്റെ മൂന്നിരട്ടിയെങ്കിലും വരും. നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വേയെ വിശ്വസിക്കാമെങ്കില്‍ ഇംഗ്ലീഷിലല്ല, പ്രാദേശികഭാഷകളിലാണ് വായനയുടെ തോത് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ഇംഗ്ലീഷ് പ്രസാധകര്‍ ( ഐക്യനാടുകള്‍ക്കും ബ്രിട്ടനുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍) ഇന്ത്യയാണെന്ന വാസ്തവം മനസ്സില്‍ വച്ചുകൊണ്ടു വേണം, പ്രാദേശികഭാഷകളിലെ വായനക്കാരുടെ കൂടിക്കൊണ്ടിരിക്കുന്ന എണ്ണത്തെ നോക്കിക്കാണാന്‍. ഇംഗ്ലീഷില്‍ തന്നെ പ്രാദേശികമായ അനുഭവാവിഷ്കാരങ്ങള്‍ സാര്‍വത്രികമായ അംഗീകാരം നേടുന്നതെങ്ങനെ എന്നതിന് ബുക്കര്‍ പുരസ്കാരങ്ങള്‍ നേടിയ രണ്ടു ഇന്ത്യന്‍ പുസ്തകങ്ങള്‍ വ്യക്തമായ തെളിവുകളുമായി മുന്നിലുണ്ട്. അരുന്ധതി റോയിയുടേ ‘ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സും’ അരവിന്ദ് അഡിഗയുടെ ‘ദി വൈറ്റ് ടൈഗറും’. ബ്ലോഗുകള്‍ പ്രാദേശികമായ വായനാനുഭവത്തെ സാര്‍വത്രികമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. ‘പത്രാധിപന്റെ’ കര്‍ക്കശമായ കത്രിക കീഴിലും പ്രത്യയശാസ്ത്രശാഠ്യങ്ങളിലുംപ്പെട്ട് കാലും തലയും മുറിക്കാതെ വായനക്കാരുടെ കൈയിലെത്താമെന്ന സൌകര്യമാണ് സ്വത്വാവിഷ്കാരങ്ങള്‍ക്ക് ബ്ലോഗുകള്‍ പകര്‍ന്നു നല്‍കിയ പുത്തനുണര്‍വ്. മാനകീകരണം (സ്റ്റാന്‍ഡേഡൈസേഷന്‍) എന്നത് ഒരു വിഭാഗത്തിന്റെ കുത്തകയല്ലെന്ന ബോധമാണ് അവനവന്‍/അവളവള്‍ പ്രസാധനത്തിനുള്ളത്. തികച്ചും ജനാധിപത്യപരം. അഭിപ്രായങ്ങള്‍ക്കു മേലുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും അവകാശവും. ഒറ്റയ്ക്കൊറ്റയ്ക്ക് അവ കൂടിയും കുറഞ്ഞും ആത്മാവിഷ്കാരത്തിന്റെ അതിവൈകാരികതലങ്ങളെ തൊട്ടുരുമുമ്പോള്‍ തന്നെ കൂട്ടായി അവയ്ക്ക് സവിശേഷമായ ഒരു വ്യക്തിത്വം കൈവരുന്നുണ്ട്. അതു തീര്‍ത്തും സ്വത്വ സംബന്ധിയാണ്.

പുതിയകാലത്തിന്റെ ഈ കൂട്ടായ്മയില്‍ നിന്നാണ് ‘ബുക്ക് റിപ്പബ്ലിക്’ എന്ന പ്രസാധകസംരംഭത്തിന്റെ പിറവി. നല്ല രചനകളെ പ്രസാധനത്തില്‍ നിലനില്‍ക്കുന്ന കടമ്പകളെ പിന്തള്ളി വായനയെ സ്നേഹിക്കുന്നവരുടെ കൈകളില്‍ ലാഭേച്ഛ കൂടാതെ എത്തിക്കുക എന്നതാണ് ‘ബുക്ക്റിപ്പബ്ലിക്കി’ന്റെ പിറവിയ്ക്കു പിന്നിലെ താത്പര്യം. ബ്ലോഗ് കൂട്ടായ്മയില്‍ നിന്നായതുകൊണ്ട് പ്രത്യക്ഷമായിത്തന്നെ മൂന്നു അഭിലാഷങ്ങള്‍ അതിന്റെ സ്വാഭാവികമായ രൂപപ്പെടലിനു പിന്നിലുണ്ട്. 1. പുതിയകാലത്തിന്റെ ആശയപ്രകാശന മാദ്ധ്യമമായ ബ്ലോഗുകളില്‍ നാളിതുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ത് എന്ന മാതൃസമൂഹവുമായി പങ്കിടാനുള്ള പ്രേരണ. 2. കുറേക്കൂടി വിപുലവും സാമ്പ്രദായികമായ കെട്ടുപാടുകളുള്ളതുമായ അച്ചടിമാദ്ധ്യമത്തില്‍, ബ്ലോഗുകളില്‍ പ്രായേണ അംഗീകാരം നേടിയെടുത്തുകഴിഞ്ഞ രചനകള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നറിയാനുള്ള സൌകര്യം. 3. അടഞ്ഞ സമൂഹമായല്ലാതെ നിലനില്‍ക്കാന്‍ പാകത്തില്‍ ആശയങ്ങളുടെ കൈമാറ്റത്തിനുള്ള സന്നദ്ധത. വരുംകാലത്തിന്റെ ആശയപ്രകാശനമാര്‍ഗത്തെ എന്തിനാണ് ഇങ്ങനെ കഴിഞ്ഞുപോയ ഒരു കാലത്തിന്റെ മാര്‍ഗങ്ങളുമായി കൂട്ടിയിണക്കുന്നതെന്തിനാണെന്നതാണ് ഇവിടെ നേരിടേണ്ട ഒരു കാതലായ ചോദ്യം. വാമൊഴിവഴക്കത്തില്‍ നിന്ന് വരമൊഴികളിലേയ്ക്കും താളിയോലകളിലേയ്ക്കും പിന്നീട് അച്ചടിയിലേയ്ക്കുമൊക്കെ ഭാഷാലിപികള്‍ ആശയങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയ നാള്‍ വഴികളിലൊക്കെ ഈ ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. പുതിയ മാദ്ധ്യമം, സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ അവകാശമായി തീരുന്നതുവരെ പാലങ്ങള്‍ അത്യാവശ്യമായി വരും. അതു നേരത്തേ അക്കമിട്ടു സൂചിപ്പിച്ചതുപോലെ പൊതുസമൂഹത്തിനും ഉപസമൂഹത്തിനും പൊതുവായി ഉപകാരപ്രദമാണ്. പോക്കുവരവുകളില്ലാതെ അടഞ്ഞസമൂഹമായി നിലനില്‍ക്കുന്നതിനുള്ള കൌതുകം തീര്‍ത്തും കാല്‍പ്പനികമാണ്.

ഒരു കൂട്ടായ്മയ്ക്കു മാത്രം താണ്ടാന്‍ പറ്റിയ തരത്തിലുള്ള മുള്ളുവേലികളാണ്, പക്ഷേ ഇന്ന് പ്രസാധനരംഗത്ത് നിലനില്‍ക്കുന്നത്. പലതരത്തില്‍. മണിയന്‍ പിള്ളയുടെ ‘കള്ളന്റെ കഥ’ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായ പുസ്തകമാണ്. രാഷ്ട്രീയവും പോലീസും ജുഡിഷ്യറിയും ഉള്‍പ്പടെയുള്ള അധികാരസ്ഥാപനങ്ങളെ വിറളിപിടിപ്പിക്കുന്ന ഒന്നായതുകൊണ്ട് അതിന്റെ പ്രസാധനത്തിനു മുന്നേ മണിയന്‍ പിള്ള പഴയ ഒരു കേസില്‍ അകത്തായി. പുസ്തകം പ്രകാശനം ചെയ്തത് ആനന്ദ്. ഷെനെയുടെ ‘കള്ളന്റെ ജേണലു’മായിട്ടാണ് മണിയന്‍പിള്ളയുടെ ആത്മകഥയെ അദ്ദേഹം താരതമ്യം ചെയ്തത്. പക്ഷേ പുസ്തകം ഇപ്പോഴും അറയ്ക്കുള്ളിലാണ്. കാലികമായ ഒരു ഉദാഹരണം മാത്രമാണിത്. ആവശ്യക്കാര്‍ക്കു വേണ്ട പുസ്തകങ്ങളെ പലതരത്തിലുള്ള താത്പര്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച കഥകള്‍ മലയാളത്തില്‍ ധാരാളമാണ്. വിതരണം മറ്റൊരു വേലി. തനിക്ക് 500 വായനക്കാരാണുള്ളതെന്ന് മലയാളത്തിലെ മുന്‍ നിര വിമര്‍ശകനായ കെ പി അപ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതോര്‍ക്കുന്നു. അപ്പോള്‍ ഒരു പുസ്തകത്തിന് 1000 ശരിയായ വായനക്കാര്‍ ധാരാളമാണ്. ( 1000 എന്ന അക്കം വെറുതേ എഴുതിയതല്ല. ‘സമീക്ഷ’യ്ക്ക് 1000 വരിക്കാര്‍ തികയുന്ന ദിവസം അതു നിര്‍ത്തും എന്നായിരുന്നു എം. ഗോവിന്ദന്റെ പ്രഖ്യാപനം. അങ്ങനെ തന്നെ ചെയ്തൂ, അദ്ദേഹം) സമാന്തരമായ ഒരു വിതരണ സംവിധാനത്തിലൂടെ, (ഒരാള്‍ 10 പേര്‍ക്ക് ഒരു നല്ല പുസ്തകം പരിചയപ്പെടുത്തുന്നു, അങ്ങനെ 100 പേരിലൂടെ ‍, 1000 പുസ്തകങ്ങള്‍ വിറ്റഴിയും!) അക്ഷരസ്നേഹികളായ ആയിരം വായനക്കാരുടെ കൈയില്‍ പുസ്തകമെത്തിക്കാന്‍ കഴിഞ്ഞാല്‍ ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു ശൃംഖല വിജയിക്കാന്‍ അതു മതി. അതോടൊപ്പം പുസ്തകപ്രസാധനമെന്നത് പ്രസാധകാധികാരിയുടെ ഔദാര്യമല്ല, മറിച്ച് ഒരു എഴുത്തുകാരന് /കാരിയ്ക്ക് സമൂഹം നല്‍കുന്ന അംഗീകാരമാണെന്ന അവബോധം വ്യാപകമാക്കാന്‍ കൂട്ടായ ഒരു പ്രസാധകസംരംഭത്തിനു കഴിയും. മാറിയ കാലത്തില്‍ പ്രസാധനത്തിന്റെ ലക്ഷ്യബോധങ്ങളും മാറിയിട്ടുണ്ട്. വിപണിയുടെ തുടിപ്പിനും ലാഭത്തിനും പിന്നാലേയാണ് ഭൂരിപക്ഷം പ്രസാധകരുടെയും നെട്ടോട്ടം. ആര്‍പ്പുകള്‍ക്കും ആരവാരങ്ങള്‍ക്കുമിടയില്‍ ചില വ്യത്യസ്തമായ നേരിയ ശ്വാസങ്ങളുണ്ട്. കാലച്ചുവട്, സുബാന്‍, ലെഫ്റ്റ് വേഡ്, തെഹല്‍ക്ക, വിമെന്‍ അണ്‍ലിമിറ്റഡ്, ദി ലിറ്റില്‍ മാഗസീന്‍... വ്യക്തമായ ദിശാബോധത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസാധക സംഘങ്ങളുടെ എണ്ണം ഇന്നും ഇന്ത്യയില്‍ കുറവല്ലെന്നതാണ് സത്യം. പുസ്തകപ്രസാധക സംഘത്തിന്റെയും മള്‍ബറിയുടെയും ശിഖയുടെയും പാഠഭേദത്തിന്റെയും അധികം അകലെയല്ലാത്ത ഒരു ഭൂതകാലം മലയാളത്തിനു സ്വന്തമായി ഉണ്ടായിരുന്നു. അതും നമ്മുടെ തരളസ്മൃതിയാണ്. വായനയുടെയും ഭാവുകത്വത്തിന്റെയും ചിറകുകള്‍ അതിരുകള്‍ താണ്ടി പറന്നത് അവയുടെ കാലവിലംഘിയായ ഇടപെടലുകള്‍ നല്‍കിയ കരുത്തിനാലായിരുന്നു. ഉചിതമായ പുസ്തകം ഉചിതമായ സമയത്ത് അവതരിപ്പിച്ചുകൊണ്ടായിരുന്നു അവ ബൌദ്ധികചലനങ്ങള്‍ക്ക് വിളക്കു കത്തിച്ചത്. പ്രായോഗികതയുടെ വിപണിതന്ത്രങ്ങള്‍ നിലം പരിശാക്കിയ ചില ഉണര്‍ച്ചകളെ തിരിച്ചു പിടിക്കാനും കൂടിയാണ് ‘ബുക്ക് റിപ്പബ്ലിക്ക്’ എന്ന കൂട്ടായ്മയുടെ ശ്രമം.

കേവലം ഒരു മാസം കൊണ്ട് കൂട്ടായ പ്രവര്‍ത്തനം കൊണ്ട് സങ്കല്പത്തെ ഫലപ്രാപ്തിയിലെത്തിച്ചതിന്റെ നിറവിലാണ് ‘ബുക്ക് റിപ്പബ്ലിക്’ പ്രസാധകസംഘം. 2009 ജനുവരിമാസം 10-നു ശനിയാഴ്ച വൈകുന്നേരം ‘ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം - ടി പി വിനോദിന്റെ ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍’ - പ്രകാശിതമാവുകയാണ്. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച്. (ക്ഷണക്കത്തും മറ്റുവിവരങ്ങളും ഇവിടെ) വിനോദിന്റെയും ആദ്യ പുസ്തകമാണിത്. ബ്ലോഗ് കൂട്ടായ്മയുടെ മറ്റൊരു സദ്ഫലമായ ‘പരോള്‍’ അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. (സംവിധാനം: സനല്‍ ശശിധരന്‍, രചന : മണികണ്ഠന്‍ ) മികച്ച ഒരു പുസ്തകത്തിന്റെയും സംഘം ചേരലിന്റെയും ഉത്സവാഘോഷങ്ങളില്‍ പങ്കുചേരാനുള്ള അപേക്ഷയായി ഈ എഴുതിയതിനെ പരിഗണിക്കുക. കൂടെ, ബ്ലോഗിലെ പുതിയ പ്രസാധകസംരംഭവുമായി സഹകരിക്കാനുള്ള ഒരു ക്ഷണപത്രവുമാണ്.

ബുക്ക് റിപ്പബ്ലിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഇ മെയില്‍ വിലാസം : bookrepublic@gmail.com
പുസ്തകം ബുക്ക് ചെയ്യാന്‍ : http://www.lapudabook.com/ http://www.bookrepublic.in/
ബ്ലോഗ് : http://book-republic.blogspot.com/
ഗൂഗിള്‍ കൂട്ടം : http://groups.google.co.in/group/book-republic/
ഓര്‍ക്കൂട്ട് : http://www.orkut.co.in/Main#Community.aspx?cmm=58355774

4 comments:

  1. ജനുവരിമാസം 10-നു ശനിയാഴ്ച വൈകുന്നേരം ‘ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകം - ടി പി വിനോദിന്റെ ‘നിലവിളികളെക്കുറിച്ചുള്ള കടങ്കഥകള്‍’ - പ്രകാശിതമാവുകയാണ്.


    എന്നെ ഒരാഴ്ച്ച മുമ്പെങ്കിലും ക്ഷണിച്ചാലേ വരൂ...


    പിന്നെ മനിയന്‍ പിള്ളയുടെ പുസ്തകം കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

    ReplyDelete
  2. സി.വി.ബാലകൃഷ്ണന്‍ പച്ചക്കുതിരയില്‍ എഴുതിയത് വായിച്ചോ?

    ReplyDelete
  3. ‘കേരളത്തില്‍ എഴുത്തു തുടരേണ്ടതുണ്ടോ..?’
    വായിക്കുന്നു....:) മണിയന്‍ പിള്ളയുടെ പുസ്തകം കറന്റിന്റെ സ്റ്റാളില്‍ നിന്നു കിട്ടി... )

    ReplyDelete
  4. വിവരങ്ങള്‍ നേരത്തെ അറിഞ്ഞു..വഴിക്കൊന്നും ഈ പ്രയത്നം തളരാതിരിക്കട്ടെ എന്ന ആശംസയോടെ

    ReplyDelete