December 30, 2008
ക്ഷീരപഥത്തിലേയ്ക്കു നോക്കുമ്പോള്‍
ഒരു പക്ഷിയുടെ പാത കിഴക്കിനെയും പടിഞ്ഞാറിനെയും ഉന്മൂലനം ചെയ്യുന്നു.
-സെന്‍ മൊഴി
പര്‍വതം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയില്‍ ഒരു പക്ഷി വന്നിരുന്നു അതിന്റെ കൊക്കുരസ്സിയിട്ട് മടങ്ങി പോകുന്നു. ഇങ്ങനെ ഓരോ നൂറ്റാണ്ടു കൂടുമ്പോഴും ഓരോ പക്ഷി വന്ന് കൊക്കുരസ്സുന്നതുകൊണ്ട് തേഞ്ഞ് തേഞ്ഞ് എന്ന് ആ പാറയില്ലാതാവുന്നോ അന്നാണ് അനന്തത ഒരു ദിവസം പൂര്‍ത്തിയാക്കുന്നത്. അതും ഒരു ദിവസം മാത്രം ! ഈ കാലസങ്കല്‍പ്പം ‘നാഗരികതയുടെ കഥ’ എന്ന പുസ്തകമെഴുതിയ വാന്‍ലൂണിന്റെയാണ് എന്നു പറഞ്ഞു തന്നത് കെ പി അപ്പനാണ്. കാലത്തിന്റെ മുന്നില്‍ അല്പപ്രാണികളായ മനുഷ്യന്റെ നിസ്സാരത നേരിട്ടു വന്നു ബോദ്ധ്യപ്പെടുത്തുന്ന ഇതു പോലുള്ള കല്‍പ്പനകള്‍ ഉള്ളില്‍ കൊണ്ടു നടന്നിരുന്നതുകൊണ്ടാവണം മരണത്തിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ ചാരുതകള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പകര്‍ന്നു കിട്ടിയത്. അതിലൊന്നാണ് ‘അസ്തമയങ്ങളില്ലാത്ത ലോകം’ എന്ന വിളിപ്പേര്.
അപ്പന്‍ സ്നേഹിച്ചിരുന്നത് രാത്രികളെയാണ്. ‘രാത്രി നല്ല കേള്‍വിക്കാരനാണെന്ന്‘ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ജ്വരബാധപോലെയും രോഗമൂര്‍ച്ഛപോലെയും തീവ്രമാകുന്ന ആനന്ദമാണ്’ നിലാവില്ലാത്ത രാത്രികള്‍ അദ്ദേഹത്തിനു സമ്മാനിച്ചത്. ഉച്ചരിക്കുമ്പോള്‍ തന്നെ ഇരുട്ടിന്റെ ചീവിടുകളുടെ കരച്ചിലുകള്‍ കയറി വന്ന് മുഖരമാക്കുന്ന സ്വഭാവം ‘രാത്രി’ എന്ന പദത്തിനുണ്ട്. ‘ഉറക്കം വരുന്നു, മിഴി കുഴയുന്നു നിശേ, വന്നു കറുപ്പു വസ്ത്രത്താല്‍ എന്നെ പുതപ്പിച്ചാലും’ എന്ന് പി കുഞ്ഞിരാമന്‍ നായര്‍. എന്നിട്ടും മരണത്തെ വെളിച്ചത്തിന്റെ ലോകമായിട്ടാണ് അപ്പന്‍ കണ്ടത്.
വി പി ശിവകുമാറിന്റെ ‘പന്ത്രണ്ടാം മണിക്കൂര്‍’ എന്ന കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് കറുപ്പും ഇരുട്ടും മാത്രമല്ല രോഗഗ്രസ്തമായ വികാരത്താല്‍ വെളിച്ചവും ഭീതിദമായി അവതരിക്കാം എന്ന് അപ്പന്‍ വിശദീകരിച്ചു. കഥയില്‍ നിയോണ്‍ വിളക്കുകളുടെ പ്രകാശം അവിശ്വസനീയമായ നിലാവായി അനുഭവപ്പെടുന്നു, ആഖ്യാതാവിന്. ‘അഴുകിയ കണ്ണുകളുള്ള ചന്ദ്രന്‍’ എന്ന് വിക്ടര്‍ യൂഗോയ്ക്ക് പ്രയോഗിക്കാന്‍ കഴിയുമായിരുന്നില്ല അല്ലെങ്കില്‍. ഷൂസേ സരമാഗു വിന്റെ ‘അന്ധത’ എന്ന നോവലിന് ചലച്ചിത്രവ്യാഖ്യാനം ചമച്ച ഫെര്‍ണാന്‍ഡോ മെയിര്‍ല്ലെസ് കണ്ണില്‍ കുത്തുന്ന വെളിച്ചത്തെയും ഇരുട്ടിനു പകരം ഉപയോഗിച്ചു എന്ന് ഓര്‍ക്കുന്നു. അറിയപ്പെട്ട ജ്ഞാനരൂപങ്ങളുടെ നിഷ്ഫലതയെ ചൂണ്ടിയാണ് കലാകാരന്മാര്‍ പുതിയ അവബോധങ്ങളെ നിര്‍മ്മിക്കുന്നത്. രോഗം ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് ആയുധങ്ങള്‍ക്ക് വെട്ടി മുറിക്കാനാവാത്ത, അഗ്നിയ്ക്ക് ദഹിപ്പിക്കാനാവാത്ത ആത്മാവിന്റെ നിത്യതയല്ല, ജീവിതകാല നിത്യതയായ ശരീരം തന്നെയായിരുന്നു തനിക്കു മുഖ്യം എന്ന് അപ്പന്‍ എഴുതി. നാം നമ്മുടെ ശരീരം മാത്രമാണെന്ന് ബോധത്തിലുണ്ടായിരുന്ന വാസ്തവമായിരിക്കാം, രാത്രിയെ തുറിച്ചു നോക്കി നില്‍ക്കാനദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടയില്‍ സുകുമാര്‍ അഴീക്കോടിനെ ‘ഇത്രമാത്രം ജീര്‍ണ്ണമായ ആശയങ്ങള്‍ ആ ദുര്‍ബലശരീരത്തില്‍ എങ്ങനെ കുടിയിരിക്കുന്നു’ എന്ന് കുറ്റപ്പെടുത്തിയതിനെക്കുറിച്ചോര്‍മ്മിപ്പിച്ച് അഭിമുഖകാരന്‍, ആശയത്തെ അല്ലേ എതിര്‍ക്കേണ്ടത്, ഒരാളുടെ ശരീരത്തെ എന്തിനു പഴിക്കുന്നു എന്നു ചോദിച്ചപ്പോള്‍ തന്റെ നീലകണ്ണുകള്‍ വികസിപ്പിച്ച് അദ്ദേഹം ആരാഞ്ഞു : ‘ഒരു നര്‍ത്തകനോട് നിന്റെ നൃത്തം ഈ മേശപ്പുറത്തു വച്ചിട്ടു പോകൂ എന്നു ആവശ്യപ്പെടാനൊക്കുമോ?’
‘ഭീതിജനകമായ ഒരു അന്തിമയക്കത്തില്‍ ഒരു ഫെറോഷ്യസ് ലുക്കിങ് ലേഡി (ferocious looking lady) പ്രത്യക്ഷപ്പെടുന്നു.വേരുകള്‍ പോലെയുള്ള തലമുടി. ദാലി ചിത്രത്തിലെ വെളുത്ത കൂണുകള്‍ മാതിരിയുള്ള കണ്ണുകള്‍. ആ സ്ത്രീ എന്നെ നോക്കി ചിരിച്ചു. കറുത്തു വൃത്തികെട്ട മോണകള്‍. അതില്‍ നിറയെ വളരെ ചെറിയ പല്ലുകള്‍. ചിരിച്ചപ്പോള്‍ അതു ചുണ്ടുകള്‍ക്ക് പുറത്തേയ്ക്ക് തള്ളി വന്നു. ഞാന്‍ പേടിച്ചു വിറച്ചു.’ മരണത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുത്തരമായി എറണാകുളത്തെ ലേക്‍ഷോര്‍ ആശുപത്രിയില്‍ വച്ച് തനിക്കുണ്ടായ ദുഃസ്വപ്നത്തെ അപ്പന്‍ വിവരിച്ചതിങ്ങനെയാണ്. let me love you എന്നു സ്വരം താഴ്ത്തി മന്ത്രിച്ചിട്ടാണ് അവള്‍ മാഞ്ഞത് എന്ന് അദ്ദേഹം എഴുതി. ഹൃദ്രോഗം ബാധിച്ച് കിടക്കുന്ന കാലത്താണിത്. കാലം അതിന്റെ ആഴങ്ങളുടെ ആഴത്തില്‍ മരണത്തെ സൂക്ഷിച്ചു വച്ചിരിക്കുന്നു എന്ന് ശരീരത്തെ പഠിപ്പിക്കുന്നത് രോഗമാണ്. ശരീരത്തില്‍ മരണമല്ലാതെ മറ്റൊന്നുമില്ല. ചെറിയ ചെറിയ ഒരുപാട് മരണങ്ങള്‍. ഒടുവില്‍. അതുകൊണ്ട് അദ്ദേഹം ‘മരണത്തെ മൌനത്തേക്കാള്‍ നിശ്ശബ്ദമായത്..’ എന്നും വിളിച്ചു. അത്യന്തികമായി ജീവിതം ഈ നിശ്ശബ്ദതയിലേക്കാണ് ‘വികസി’ക്കുന്നത് എന്നുള്ളതിനാല്‍ ‘മരണത്തിന്റെ ശാന്തവും ധന്യവുമായ നിശ്ശബ്ദതയെ ഞാന്‍ എപ്പോഴും ബഹുമാനിച്ചിരുന്നു’ എന്നെഴുതി. മരണം ആളുകളെ എങ്ങോട്ടാണ് കൂട്ടിക്കൊണ്ടു പോകുന്നത്? അത് നമ്മെ അനന്തതയിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കുമാണ് കൂട്ടിക്കൊണ്ടു പോകുന്നത് എന്ന് അപ്പന്‍.
‘മരണം മരിക്കുന്നില്ല, അതു മരിക്കുകയുമരുത്. സ്നേഹിതരുടെയും വേണ്ടപ്പെട്ടവരുടെയും സ്നേഹം കൊണ്ട് നാം മരണത്തെ ജയിക്കുന്നു. മരണത്തോട് അഹങ്കരിക്കരുതെന്നു പറയുന്നു. ‘തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്’ എന്ന ആത്മകഥയില്‍ അപ്പന്‍ എഴുതി. അന്തിയുടേതെന്നോ പ്രഭാതത്തിന്റേതെന്നോ തിരിച്ചറിയാനാവാത്ത വെളിച്ചത്തില്‍ പൊതിഞ്ഞ ഏകാന്തമായ ഒരു സമുദ്രതീരത്ത് അകലേയ്ക്ക് നോക്കി ഒറ്റയ്ക്കു നില്‍ക്കുന്ന ഒരാളായിട്ടാണ് അപ്പന്‍ പലപ്പോഴും മനസ്സില്‍ തെളിയുന്നത്. ഡാലിയുടെ അനന്തതയിലേയ്ക്കു പോകുന്ന ‘ഭൂതവണ്ടി’ ‘സ്വര്‍ഗം തീര്‍ന്നു പോകുന്നു, നരകം നിലനില്‍ക്കുന്നു’ എന്ന പുസ്തകത്തിന്റെ കവറായിരുന്നു. മുഴുവന്‍ കൃതികളുടെ സമാഹാരത്തിനും യോജിക്കുന്ന ഒരു മുഖചിത്രം. മറ്റൊരു ലോകത്തിലേയ്ക്ക് നിരന്തരമായി നോട്ടം തെറ്റുന്ന ഒരാളയതുകൊണ്ടായിരിക്കില്ലേ പലയിടത്തും ( കക്ഷിരാഷ്ട്രീയസാംസ്കാരിക സര്‍വാധിപത്യത്തിനെതിരായും പുരസ്കാരങ്ങള്‍ വേണ്ടാതെയും പ്രസംഗത്തിനു പോകാതെയും...) തനിച്ചിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് എന്നാലോചിച്ചു പോകാറുണ്ട്. ഇഷ്ടപ്പെട്ട രാത്രിയെക്കുറിച്ചെഴുതിയതിനു തൊട്ടു താഴെ അദ്ദേഹം കുറിച്ചു, ‘പ്രകൃതി ഭൂമിയിലേയ്ക്കയയ്ക്കുന്ന രാത്രി’ എന്ന്. തന്നെ ചൂഴുന്ന ബാഹ്യലോകത്തിനും അപ്പുറത്തേയ്ക്കുള്ള നോട്ടമാണത്. അപ്പന്റെ ആന്തരികയാത്രകള്‍ ഒരു പക്ഷേ നിരന്തരമായി പ്രകാശമുള്ള ആ വിജന തീരത്തിലേയ്ക്കായിരിന്നിക്കണം. മുഗ്ദ്ധമായ ആ ലാവാണ്യാനുഭവത്തിന്റെ പ്രഭാവത്തിലാണ് ബാഹ്യമായ യാത്രകളെ നോക്കി അദ്ദേഹം പുച്ഛച്ചിരി ചിരിച്ചതെന്ന് നമ്മള്‍ അറിയുമോ? ഓര്‍മ്മയിലിട്ടു നുണയാന്‍ കൌതുകമുള്ളൊരു രൂപകമായി, അദ്ദേഹം ‘പ്രകാശം’ എന്നു വിളിച്ചു കൊണ്ടിരുന്നതെന്തിനെയാണ് ഏകദേശം മനസ്സിലായി വരുന്നു.
രോഗം, രാത്രി, സ്വപ്നം... അപ്പനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ ഇവ കൂടിയാണ്.
ReplyDeleteഓടോ: 100 നോവലുകളെക്കുറിച്ചുള്ള പഠനം പൂർത്തിയായിരുന്നെങ്കിൽ എന്നത് വെറുതെ ഒരാഗ്രഹം മാത്രം. തോമസ് പിഞ്ചണെപ്പറ്റി എഴുതാൻ അപ്പൻ നിരന്തരം പ്രേരിപ്പിച്ചിരുന്നു എന്ന് പി.കെ.രാജശേഖരൻ എഴുതിക്കണ്ടു.
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ReplyDeletethanks sivan
ReplyDelete