December 23, 2008
കേള്‍ക്കാത്ത പാട്ടുകള്‍
അങ്ങനെ പറഞ്ഞു തുടങ്ങുമ്പോള്‍ എനിക്കറിയാം വല്ലാത്തൊരു ആത്മാരാമനാവാനാണ് എന്റെ പടപ്പുറപ്പാട്. സാധാരണത്തെപ്പോലെയല്ലായിരുന്നു ഇക്കുറി. ഓടി നടന്നായിരുന്നു പടം കാണല്‍. നാലു ദിവസം അഞ്ചു പ്രദര്‍ശനവും കണ്ടു. ആദ്യത്തെയും അവസാനത്തെയും ദിവസം രണ്ടെണ്ണം വീതം. ഇടയ്ക്കൊരു ദിവസം കണ്ണു പുളിച്ചിട്ട് മൂന്നെണ്ണം മാത്രം. എന്നിട്ടും കണ്ടവയെക്കാള്‍ (അവയില്‍ പലതും കൂട്ടിക്കുഴഞ്ഞ് ഒന്നായ രീതിയിലാണ് മസ്തിഷ്കത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്..ഓര്‍മ്മകള്‍ ദ്രവാവസ്ഥയില്‍ കുലം കുത്തുകയാണ്..) എന്നിട്ട് ഞാന്‍ ചിന്താമഗ്നനാവുന്നത് കാണാതെ പോയ സിനിമകളെക്കുറിച്ചാണ്. അവയെങ്ങനെയായിരിക്കും എന്നാലോചിച്ച്. ശ്ശോ കാണായിരുന്നു എന്ന് കൈ കുടഞ്ഞ്! അക്കരപ്പച്ച തന്നെ അല്ലാതെന്ത്?
ഒരു തിയേറ്ററില്‍ നിന്ന് മറ്റൊരു തിയേറ്ററിലേയ്ക്കുള്ള ഓട്ടത്തിനിടയില്‍, കൈരളി തിയേറ്ററിന്റെ മുന്നില്‍ വച്ച് അനൂപ് ചന്ദ്രനെ - പഴയമൂന്നാമിടം കൂട്ടുകാരനെ- വര്‍ഷങ്ങള്‍ക്കു ശേഷം, ഏതാനും സെക്കണ്ടുകള്‍ കാണാന്‍ കിട്ടിയപ്പോള്‍, അവന്‍ ആവേശത്തോടെ സംസാരിച്ചതൊക്കെയും രാവിലെ കണ്ട എമീര്‍ കസ്തുറിക്കയുടെ ‘മറഡോണ’ക്കുറിച്ചു മാത്രമാണ്. അതില്‍ മറഡോണ പാടുന്നുണ്ട്. കസ്തുരിക്കയുടെ തന്നെ സിനിമയുടെ ക്ലിപ്പിംഗുകള്‍ ഫുട്ബാള്‍ ഇതിഹാസത്തിന്റെ വാക്കുകള്‍ക്ക് അനുസൃതമായി ഇഴച്ചേര്‍ത്തിട്ടുണ്ട്. താന്‍ മയക്കുമരുന്നിനടിപ്പെട്ട കാലം മറഡോണ തന്നെ ആര്‍ദ്രമായി വിവരിച്ചിച്ചിട്ടുണ്ട്. 96 മിനിട്ടുള്ള ആ ഡോക്യുമെന്ററി ഞാന്‍ കളഞ്ഞു കുളിച്ചു. പക്ഷേ ‘ലവിങ് മറഡോണ’ എന്ന ജാവിയര്‍ വാസ്ക്യൂസിന്റെ സ്പാനിഷ് ഡോക്യുമെന്ററി ദിവസങ്ങള്‍ക്കു മുന്നേ കണ്ടിരുന്നു. അതില്‍ ‘ഞങ്ങള്‍ ആഹാരം കഴിക്കാത്ത നിരവധി ദിവസങ്ങളുണ്ടായിട്ടുണ്ട്’ എന്ന് മറഡോണയുടെ കൂടെ പന്തുരുട്ടിക്കളിച്ച കൂട്ടുകാരന്‍ പറയുന്നതുകേട്ടാണ് സീറ്റില്‍ ഒന്നുണര്‍ന്നിരുന്നത്. അപ്പോള്‍ പോഷകാഹാരം, മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഇതൊന്നുമല്ലേ ഒരു ഗെയിമില്‍ പതിനാലോളം കിലോമീറ്റര്‍ ഓടേണ്ടി വരുന്ന കാല്‍പ്പന്തുകളിക്കാരന്റെ സിരകളില്‍ ഊര്‍ജ്ജം കുത്തി വയ്ക്കുന്നത്. മീഡിയ എങ്ങനെ ഒരു പാവം കളിക്കാരനെ വേട്ടയാടി എന്നതിലുമുണ്ട്. സിനിമയും കഴിഞ്ഞ് പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ സാക്ഷാല്‍ ഷഹ്ബാസ് അമന്‍ മുന്നില്‍. ‘എന്റെ ചങ്ങായീ’ - ഷഹ്ബാസ് പറഞ്ഞു. ‘കിടക്കയില്‍ നിന്ന് എഴിച്ചപാടെ ഈ സിനിമയ്ക്കു വേണ്ടി ഓടി വന്നതാണ്. ഒന്നും കഴിഞ്ഞിട്ടില്ല. ഇനി പോയി ഫ്രെഷായി വരട്ടെ.’ 2005-ലെ ഫെസ്റ്റിവലിലും ഉണ്ടായിരുന്നു ഒരു മറഡോണ ചിത്രം, മൈക്കല്‍ ഹെവിറ്റിന്റെ ‘എബൌട്ട് മറഡോണ- കിക്കിംഗ് ദ ഹാബിറ്റ്.’ ചിത്രം നിര്‍മ്മിച്ചത് 2000-ല്‍. മയക്കുമരുന്നിനടിമയായ മറഡോണ രാജ്യത്തിന്റെ അപമാനമോ എന്ന നേരിയ സംശയം ആ സിനിമ ഉന്നയിക്കുന്നുണ്ടായിരുന്നു. 2008 ആകുമ്പോഴേക്കും നമ്മുടെ കാഴ്ചകള്‍ തെളിയുന്നു.
എങ്കിലും കസ്തുറിക്കയുടെ മറഡോണ കാണേണ്ടതായിരുന്നു.
ഒളിമ്പിക്സ് പ്രഖ്യാപിച്ചതോടെ ചൈനക്കാര്‍ക്കിടയില്‍ പടര്‍ന്നു കയറിയ ഇംഗ്ലീഷ് ജ്വരത്തെപ്പറ്റി ലിയാന്‍ പെക്ക് എടുത്ത ഡോക്യുമെന്ററിയാണ് ‘മാഡ് എബൌട്ട് ഇംഗ്ലീഷ്.’ പീക്കോക്കും കഴ്സ് ഓഫ് ദ ഗോള്‍ഡന്‍ ഫ്ലെവേഴ്സും ടീത്ത് ഓഫ് ലൌവും ലോസ്റ്റ് ഇന്‍ ബീജിംഗും പ്ലാറ്റ് ഫോമും നല്‍കിയ രാജ്യത്തു നിന്നും ഇത്തവണ ആകെ എടുത്തു പറയാവുന്നതായി ഈയൊരു ഡോക്യുമെന്ററി മാത്രമേ ഉണ്ടായിരുന്നുള്ളൂ. (അടുത്തവര്‍ഷം കണ്ട്രി ഫോക്കസില്‍ ചൈനയെക്കുറിച്ച് ആലോചിക്കാവുന്നതാണ്. നോട്ട് ദ പോയന്റ്! ) അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്ന ഒരു ഭാഷയോട് അതും പാശ്ചാത്യഭാഷയോട്- പെട്ടൊന്നൊരുനാള്‍ ആളുകള്‍ കൂട്ടത്തോടെ ആവേശം കാണിച്ചു തുടങ്ങുക, ഓര്‍ത്തു നോക്കിയാല്‍ അതില്‍ മറ്റെന്തൊക്കെയോ ഉണ്ട്. കുഞ്ഞുകുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളു കാണിച്ചു തന്നുകൊണ്ട് പുറത്താക്കലും ഒറ്റപ്പെടുത്തലും എത്ര ശക്തമായ രാഷ്ട്രീയായുധമാണെന്ന തത്ത്വം പറഞ്ഞത് 2006-ലെ ഒരു ചൈനീസ് സിനിമയാണ് (യുവാന്‍ ഷാങിന്റെ ‘ലിറ്റില്‍ റെഡ് ഫ്ലവേഴ്സ്‘ ) ഭാഷ കലങ്ങിക്കൊണ്ടിരിക്കുന്ന ജനസമൂഹം എന്ന നിലയ്ക്ക് മലയാളിയ്ക്ക് പ്രത്യേകിച്ച് ഉറ്റുനോക്കാന്‍ ചിലതൊക്കെ ഉണ്ടാവില്ലേ ആ ആധാരചിത്രത്തില്‍ എന്നു ന്യായമായും സംശയിക്കാം.
പറഞ്ഞിട്ടെന്താണ് അതു കാണാന്‍ പറ്റാതെ പോയി !
ക്യൂബയുടെ ‘ചെവലൂഷന്‍’ ആദ്യം തന്നെ ചാര്‍ട്ട് ചെയ്തു വച്ചിരുന്നതാണ്. പല ലക്ഷ്യങ്ങള്‍ക്കായി -പലപ്പോഴും എന്തിനു പ്രതിനിധിയായോ അതിനു തന്നെ വിരുദ്ധമായി- ചെ എന്ന ബിംബം ഉപയോഗിക്കപ്പെട്ടതിനെക്കുറിച്ച് സിനിമ ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നാണ് കുറിപ്പില്‍ കണ്ടത്. (ആഴത്തിലുള്ള ചോദ്യങ്ങള്‍ എന്നു കുറിപ്പില്‍ കാണുന്നവയെ അപ്പടി വിഴുങ്ങാന്‍ പറ്റില്ല. ‘രൂപാന്തര്‍’ എന്ന ബംഗ്ലാദേശി സിനിമ ഏകലവ്യന്റെ മിത്തിനെപ്പറ്റി ആഴത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നു കണ്ടാണ് സിനിമയ്ക്കു പോയത്. ഉള്ള ആഴവും കൂടി പോയെന്നു മാത്രമല്ല, കട്ടന്തറയില്‍ തലയിടിച്ചു വീഴുകയും ചെയ്തു. ഓരോയിടത്ത് ഓരോന്നാണ് ആഴങ്ങള്‍) പക്ഷേ ചെയെ 2008-ലെ ക്യൂബ (ലൂയിസ് ലോപ്പസ് ആണ് സംവിധായകന്‍) നോക്കിക്കാണുന്ന വിധമെന്താണെന്നത് കൌതുകമുണ്ടാക്കുന്ന കാഴ്ചയാകുമായിരുന്നു. പക്ഷേ കണ്ടില്ല. അതിനേക്കാള്‍ വിഷമമുണ്ടായത് മറ്റൊരു സിനിമയുടെ കാര്യത്തിലാണ്, ഫെറെങ്ക് മോള്‍ഡോവാനിയുടെ ഡോക്യുമെന്റെറി ‘അനദര്‍ പ്ലാനറ്റ്’ കാണാനൊക്കാത്തതില്‍. നാലുഭൂഖണ്ഡങ്ങളിലായി ചിത്രീകരണം നിര്‍വഹിച്ച ഈ ചലച്ചിത്രം ലോകത്തിന്റെ അധികം ആരും അറിയാത്ത ഇരുണ്ടവശത്തിന്റെ നേര്‍ക്കാഴ്ചകളാണ്. കോംഗോയിലേയും കംബോഡിയയിലെയും ഇക്വഡോറിലേയും കുട്ടികളാണ് സിനിമയില്‍. അവര്‍ പട്ടാളക്കാരും തൊഴിലാളികളും ലൈംഗിക തൊഴിലാളികളുമാണ്. രണ്ടാം ദിവസം, അതായത് ഫെസ്റ്റിവല്‍ ചൂടുപിടിച്ചു തുടങ്ങുന്ന ദിവസം, ആദ്യത്തെ ഷോയില്‍ ഈ സിനിമ കണ്ട ഒരു മനുഷ്യന്‍ ‘ചിലതൊക്കെ നാം കാണാതിരിക്കുന്നതാണ് നല്ലത്‘ എന്നു പറഞ്ഞിട്ടു പോയി. പിന്നെ അയാള്‍ ഫെസ്റ്റിവലിലെ ഒരു സിനിമയ്ക്കും വന്നതേയില്ല. ആലോചിച്ചാല്‍ അതു കാണാന്‍ പറ്റുമായിരുന്നോ എന്ന് എനിക്കും സംശയമുണ്ട്. ‘ബോണ്‍ ഇന്‍ ബ്രോതല്‍സ്’ എന്നൊരു ഡി വി ഡി വാങ്ങി വച്ചിട്ട് കാലം കുറെയായി. റോസാ കൌഫ്മാനും സന ബ്രിസ്കിയും കൂടി സംവിധാനം ചെയ്ത, അക്കാദമി അവാര്‍ഡു കിട്ടിയ ഡോക്യുമെന്ററിയാണത്. ബ്രോതലുകള്‍ മറ്റെവിടത്തെയുമല്ല, ഇന്ത്യയിലെ തന്നെ.
അതിതുവരെ കാണണം എന്നു തോന്നിയിട്ടില്ല.
വൈറ്റ്വെല് എന്ന സ്ഥലത്തെ മിഡില്‍ സ്കൂളിലെ കുട്ടികള്‍ ആറു ദശലക്ഷം പേപ്പര്‍ക്ലിപ്പുകള്‍ ശേഖരിച്ച കഥ പറയുന്ന ‘പേപ്പര്‍ ക്ലിപ്പ്‘ എന്ന പ്രസിദ്ധമായ സിനിമയാണ് വിട്ടുപോയ മറ്റൊന്ന്. ആറുലക്ഷം ക്ലിപ്പുകള്‍ നാസിഭീകരതയില്‍ ജീവന്‍ വെടിഞ്ഞ ആറുലക്ഷം മനുഷ്യര്‍ക്കുള്ള ശ്രദ്ധാജ്ഞലിയാണ്. ഒരോര്‍മ്മ പുതുക്കല്‍. ജോ ഫാബും എലിയറ്റ് ബെര്‍ലിനും കൂടിയൊരുക്കിയ ഈ സിനിമയെക്കുറിച്ച് മുന്‍പ് തന്നെ എവിടെയോ വായിച്ചതാണ്. കഥ വായിച്ചിട്ട് വേണ്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചത് കൊണ്ട് (അല്ലാതെ എന്റെ കുറ്റം കൊണ്ടല്ല!) കാണാതെ പോയ തുര്‍ക്കി ചിത്രമാണ് ‘ത്രീ മങ്കീസ്’. നൂറി ബില്‍ജ് സെയ്‌ലാന് നല്ല സംവിധാനത്തിനുള്ള 2008-ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡു നേടിക്കൊടുത്ത സിനിമയാണ്. ഇത്തവണത്തെ ഫെസ്റ്റിവലില്‍ ആകെയൊരു നല്ല സിനിമയേ ഞാന്‍ കണ്ടുള്ളൂ അത് ‘ത്രീ മങ്കീസ്’ ആണെന്ന് എം എഫ് തോമസ് നസ്യം പറഞ്ഞപ്പോള്‍ ഞാന്‍ കൂടെയുള്ളവരുടെ മുഖത്തു നോക്കി.
ഞാനുള്‍പ്പടെ ശരിക്കും ത്രീ മങ്കീസ്!
nalla vivaranam
ReplyDeleteഭാഗ്യവാനായ ചെങ്ങാതീ...
ReplyDeleteഅനുഭവിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു തന്ന ആ മനസ്സിനെ അഭിനന്ദിക്കുന്നു.
'ത്രീ മങ്കീസ്‘ കഥയില്‍ പുതുമയൊന്നുമില്ല, പിന്നെ ഭംഗിയായി എടുത്തിട്ടുണ്ടെന്നു മാത്രം. ‘ഹാഫ് മൂണ്‍’, സമീറയുടെ ചിത്രങ്ങള്‍, ‘ബ്ലൈന്‍ഡ്‌നെസ്’ ഇവയൊക്കെ കണ്ടവയില്‍ പെടുമോ?
ReplyDeleteഏതായാലും എന്റെ റിക്കാര്‍ഡ് തകര്‍ത്തില്ല, ആദ്യത്തെയും അവസാനത്തെയും ചേര്‍ത്ത് 5, ബാക്കി 5 x 5, ഒരു ദിവസം 4. (34/36) :-) (ഇവിടെ കൂട്ടിയതില്‍ 4, 2, 1; ഒരു ദിവസം കുറവുണ്ടല്ലോ!) എന്നിട്ടും ഇവിടെ പറഞ്ഞതു മിക്കവയും, കാണാത്ത ചിത്രങ്ങളില്‍ പെടുന്നു! ഇത്തവണത്തെ ചിത്രങ്ങള്‍ക്കൊന്നും മിനിമം ഗ്യാരന്റി ഉണ്ടായിരുന്നില്ല. ഒത്താല്‍ ഒത്തു, അത്ര തന്നെ! ഇത്രയും കണ്ടതില്‍, ഓര്‍ത്തിരിക്കുവാന്‍ പറ്റുന്നവ വിരലിലെണ്ണാവുന്നതു മാത്രമേ ഉള്ളൂ!
--
ഓഫ്:
ReplyDeleteചുമ്മാ ഒരു രസത്തിനു :)
തിരുവനതപുരതു വന്നിരുന്നു. തമ്മില്‍ കണാന്‍ കഴിഞ്ഞില്ല.ത്രീ മങ്കീസ് തൃശ്ശൂര്‍ ഫെസ്റ്റിവലില്‍ കണ്ടതാണ്. നരേഷനിലെ പിരിമുറുക്കവും ജാഗ്രതയും ആവശ്യപ്പെടുന്ന ഉയര്‍ന്ന തലം സംഭവങ്ങള്‍ക്കില്ല, എനിക്കും അത്ര എശിയില്ല.ഇപ്രാവശ്യം കണ്ടതില്‍ bad habits, caramel ,blindness, achilas and tortoise,head on, dreams of the dust ഒക്കെയാണു മനസ്സില്‍ കിടക്കുന്നത്.
ReplyDeleteഇഞ്ചിയുടെ ഒരു ഓഫേ :)
ReplyDeleteകുരങ്ങു് ഇഞിയെ കടിച്ചാല്‍ ഇഞി കുരങ്ങിനെ കടിക്കും. നീ ഒന്നു് പോടേ അനോണീ.
ReplyDeleteനിങ്ങളെ സമ്മതിച്ചിരിക്കുന്നു മനുഷ്യാ. കാണാത്ത ചിത്രങ്ങളെക്കുറിച്ച് മാത്രമായി ലോകത്ത് മറ്റാരും എന്തെങ്കിലും എഴുതിയിട്ടുണ്ടാവില്ല :)
ReplyDeleteThis comment has been removed by the author.
ReplyDeletesorry keyman illya.
ReplyDeletenge? ithil enthaa dushippullathu? athu nalla cartoon alle? angine thonniyathu kondaanu link koduthe. athu off adichittu. ee cinemayokke njaanum kaanenathu thannya. pinne kore padam kandu kazhiyumbo ho randu jagathi padam kaanenam ennu parayanathile thamaashaye njaan orthullo... ssheda! ithrem muscle pidikkano? vendenki venda.
ഓഫ് ഒന്നേ.
ReplyDeleteചെ/മാ.വലൂഷൻ രക്തത്തിൽ കലർന്നവാരാണെങ്കിൽ രക്ഷയില്ല വെള്ളെഴുത്തേ. മറഡോണയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ച് ട്രൈയിനിൽ യാത്രചെയ്യുമ്പോൾ , ഇടയ്ക്ക് താളിൽ നിന്ന് കണ്ണെടുത്ത് മുന്നിലെ സീറ്റിൽ നൊക്കിയപ്പോൾ സാക്ഷാൽ ഹരിഗോവിന്ദൻ. മുന്നെ 3,4 തവണം കണ്ടതിന്റെ പരിചയം പുതുക്കി സംസാരിക്കുന്നതിനിടെ എന്റ കയ്യിലെ പുസ്തകം വാങ്ങി(തട്ടിയെടുത്തു എന്നു പറയുന്നതാകും ശരി). തലേന്ന് മലപ്പുറത്തായിരുന്നു പ്രൊഗ്രാം എന്നു പറഞ്ഞപ്പോൾ “ എന്തായിരുന്നു ഇവന്റ്” എന്നു ചോദിച്ചു. “ചെഗുവേരയുടെ ചിത്രങ്ങളുടെ” ഫോട്ടോ എക്സിബിഷനായിരുന്നത്രേ. നെറ്റിൽ ചെ ചാഞ്ഞും, ചെരിഞ്ഞും, ചുരുട്ടുകടിച്ചുമുള്ള നിരവവ്ധി ചിത്രം കണ്ടിട്ടുള്ളതിനാൽ “ഹരിയ്ക്ക് ചെയുടെ എത് ചിത്രമാണ് ഇഷ്ടം?” എന്ന് ചോഒദിച്ചു. ഉടനേ മറുപടി “മാറഡോണയുടെ ശരീരത്ത് പച്ചകുത്തിയ ചെ” എന്ന്. ഒന്നും മിണ്ടിയില്ല... ആ പുസ്ത്കം തിരീകെ വാങ്ങാനും തോന്നിയില്ല. ഇറങ്ങേണ്ട സ്റ്റേഷനിൽ പുസ്തകമില്ലാതെ പ്ലാറ്റ് ഫോമിലെത്തിയപ്പോൾ “നേപ്പിൾസിന്റെ മിശിഹയ്ക്ക്” ചുവന്നകാർഡ് കിട്ടി 10 പേരുമായി കളിതുടരുന്ന ഒരു അർജന്റൈൻ സോക്കർ പ്ലേയാറായി മാറിയിരുന്നു :(
ഓഫ് രണ്ടേ
ത്രീ മങ്കീസ് ഞാൻ തപ്പി നടക്കുന്നുണ്ട്
ഓഫ്.മൂന്നേ
തീയറ്ററുമാറിയോട്ടത്തിന്റെയും , സീറ്റ്പിടുത്തത്തിന്റേയും തിരക്കിനിടയിൽ പടം കാണുന്നതിന്റെ ബ്രഡ് കഴിച്ച് വിശപ്പടക്കി 3,4 ദിവസം കൊണ്ട് 16-18 സിനിമ കണ്ട് കഴിഞ്ഞാൽ അതിന്റെ ഹാങ്ങ് ഓവർ വിടാനായി സിദ്ധിക്-ലാൽ മൂവി കാണാറുണ്ടായിരുന്നു എന്നത് നേര്..വാസ്തവം( ച്ചാൽ സി.ലാ മൂവീസ് മോശം എന്നല്ല)
. ട്രാക്കിംഗ്
ReplyDeleteഹരീ, ഒരു ദിവസം വിട്ടുപോയി. തിങ്കളാഴ്ച ചുമതലാബോധമുള്ളവനായി ജോലിയ്ക്കു പോയതു കാരണം. അതാരും അറിയേണ്ടന്നു വച്ചു. കാണാത്തതിനെക്കുറിച്ചു പരഞ്ഞു തീര്‍ത്തിട്ടു വേണമല്ലോ കണ്ടവയെക്കുറിച്ചു മിണ്ടാന്‍. ഉഷ പറഞ്ഞതില്‍ കാരമലും അന്ധതയുമൊഴിച്ചൊന്നും കണ്ടിട്ടില്ല. പക്ഷേ 20-നു രാവിലെ നേരെ ബീമാപള്ളിയില്‍ പോയി.. വാങ്ങിയ സിനിമകള്‍..നോയിസ്, മെദിയ (ലാസ് വോണ്‍ ട്രിയര്‍) ദ ട്രീ ഓഫ് വുഡന്‍ ക്ലോഗ്സ് ( എറമാനോ ഒല്‍മി) ലെ പോര്‍ണഗ്രാഫേ (ബര്‍ട്രന്റ് ബോനെല്ലോ) ഫെല്ലിനിയുടെ അമര്‍ കോഡ്, (കെ ജി അതിനെക്കുറിച്ച് മാതൃഭൂമിയില്‍ എഴുതിയതു വായിച്ച് പ്രലോഭിതനും പ്രഭാവിതനുമായി...) ഉറുനോ ഡ്യൂമണ്ടിന്റെ ഹ്യൂമനൈറ്റ്, തൌഫിക് അബുവിന്റെ ആതാഷ്, കാര്‍ലോസ് റെയ്ഗഡാസിന്റെ സൈലന്റ് ലൈറ്റ്, ഡായി സിജിയുടെ ചൈനീസ് സീംസ്റ്റ്രെസ്സ്, മിലോസ് ഫോര്‍മാന്റെ ഗോയാസ് ഗോസ്റ്റ്, തകെഷി കിതാനോയുടെ മ്യൂസിക്കാ.... (ഹാ...)
ReplyDeleteനമ്മുടെ സ്വന്തം ഫിലിം ഫെസ്റ്റിവല്‍..അങ്ങനെ വധിക്കാലം ആഹ്ലാദകരമാക്കുന്നു !!
ഡിങ്കാ, അപ്പോഴതായിരുന്നുവല്ലേ ലവിങ് മറഡോണയില്‍ ശരീരത്തില്‍ പച്ചകുത്തിയ രൂപങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിച്ചുകൊണ്ടിരുന്നത്. മറഡോണ, ചെയെ, മറ്റുള്ളവര്‍ ചെയെ പച്ചകുത്തിയ മറഡോണയെ..
വെള്ളേ,
ReplyDeleteഫെസ്റ്റിവലിൽ Entre les murs ഉണ്ടാകുമെന്ന് കേട്ടിരുന്നു. അതു കണ്ടോ?
ഞാൻ പ്രധാനമായും നോക്കിയിരിക്കുന്നത് അതാണ്. സീലാന്റെ മുൻചിത്രങ്ങളൊക്കെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ത്രീ മങ്കീസും നോക്കിയിരിക്കുന്നു.
ഫെസ്റ്റിവലിനൊക്കെ പോകാൻ സാധിക്കുന്ന നിങ്ങളോടൊക്കെ മുഴുത്ത അസൂയയുമായി ഒരു ഫെസ്റ്റിവലിലും പോകാതെ ഞാനിവിടെ...:(
ചൈനീസ് സീംസ്ട്രെസ് നല്ല ഭംഗിയുള്ള ചിത്രമാണെങ്കിലും ആ സിനിമ സാഹിത്യത്തെ മനസ്സിലാക്കുന്നതിൽ ചെറിയൊരു അപകടമുണ്ട്. സൈലന്റ് ലൈറ്റും ഗോയാസ് ഗോസ്റ്റുമൊക്കെ ഒരു വർഷമായി എന്റെ ഹാർഡ്‌ഡിസ്കിലുണ്ട്. അതും കാണണം.
(വെള്ളേ, ലതീഷെ, ഒരു ഹാർഡ് ഡിസ്ക് വാങ്ങി വെച്ചോളൂ. ഡൌൺലോഡ് ചെയ്തതും കൂട്ടുകാരു തന്നതുമൊക്കെയായി ഒരു നാനൂറെങ്കിലും എന്റടുത്തുണ്ടാകും.അടുത്തു തന്നെ നാട്ടിൽ വരുമ്പോൾ കൊണ്ടുവരാം..:)
കണ്ട സിനിമകളെക്കുറിച്ച് എപ്പോളെഴുതും?
അഭിപ്രായങ്ങളില്ല... അസൂയകള്‍ മാത്രം...
ReplyDeleteഅടുത്ത വര്‍ഷോം ഫെസ്റ്റിവലുണ്ടാകുമല്ലോ.. ഞാനും ഉണ്ടെങ്കില്‍, ഇതു പോലൊന്നെഴുതും....