July 13, 2008
വേഷംകെട്ടല്‍ ദോഷം ചെയ്യുമോ?
“കല്ലൈ മറ്റ്‌റും കണ്ടാല്‍ കടവുള്‍ തെരിയാത്..
കടവുള്‍ മറ്റ്‌റും കണ്ടാല്‍ കല്ലടി തെരിയാത്..”
ഒന്ന്
കമലാഹാസന്‍ ഉലകനായകനാണെന്നു പറയുന്നത് കമലാഹാസന്റെ തന്നെ സംവിധായകനാണ്. സംശയമുണ്ടെങ്കില്‍ ‘ദശാവതാരം’ അവസാനത്തെ പാട്ടു സീന്‍ വരെ ക്ഷമയോടെയിരുന്നു കാണുക. അത് കഥാപാത്രമായ ഗോവിന്ദരാജനെക്കുറിച്ചല്ല, സംവിധായക ബിനാമി ഏര്‍പ്പാടു വഴി തന്നെ ഒരു വലിയ ഒരാളാക്കിക്കൊണ്ടിരിക്കുന്ന കമല്‍സാറിനെപ്പറ്റിയാണെന്ന് ഏത് ആണ്ടിക്കും വരികള്‍ക്കിടയില്‍ വായിക്കാതെ തന്നെ മനസ്സിലാവും. അതിനായി ശ്രീമാന്‍ കെ എസ് രവികുമാര്‍ പ്രത്യേകം തയ്പ്പിച്ച കോട്ടും സ്യൂട്ടുമിട്ടാണ് പാടിക്കൊണ്ട് അറിയാന്‍ വയ്യാത്ത കളി കളിക്കുന്നത്. പരുത്തിവീരനും മൊഴിയും വെയിലും ഒക്കെ ഇറങ്ങുന്നുണ്ടെങ്കിലും തമിഴില്‍ ഇതും പതിവാണ്. ‘ശിവകാശി’ എന്ന പണം വാരി അടിപ്പടത്തില്‍ ചുണ്ടത്തെ ചോരയും തുടച്ചുകൊണ്ട് വിധേയോത്‌വിനമ്രനായി പഞ്ചപുച്ഛവും അടക്കി നിന്ന് വിജയിനെ അവതരിപ്പിക്കുന്നത് ആ സിനിമയുടെ സംവിധായകനാണ്. നായകന്‍ വന്ന് അയാളെയും കൂടി രക്ഷിക്കും. (സിനിമ സംവിധായകന്റെ മാത്രം കലയാണ്, സാമ്രാജ്യമാണെന്നൊക്കെ പതിറ്റാണ്ടുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന അടൂര്‍ മലയാളത്താനെ തമിഴന്മാര്‍ പാണ്ടി ഏരിയയിലെങ്ങാനും കണ്ടാല്‍ ഓട്ടിച്ചിട്ടു കൊഞ്ഞനം കുത്തും. (പിന്നേ ഒരു ചംവിതായകന്‍! ) ഇളയദളപതിയുടെ സിനിമാപേരുകള്‍ കാണാതെ ഉരുവിട്ടുള്ള സംവിധായകന്റെ അഭ്യാസം കേട്ട് കടുത്ത ഫാന്‍സുകാരുടെ പോലും മുണ്ട് രോമാഞ്ചം കൊണ്ട് അഴിഞ്ഞുപോയതില്‍ എന്തെങ്കിലും അദ്ഭുതമുണ്ടോ ?
എനിക്കു തോന്നുന്നത് ‘ദാണ്ടെ ഉലകനായകന്‍’ എന്ന് ചൂണ്ടി തരുന്നതിനു മാത്രമാണ് കെ എസ്, സംവിധായകനുള്ള വൌച്ചര്‍ ഒപ്പിട്ടു വാങ്ങിച്ചതെന്നാണ്. പുള്ളിക്കതില്‍ വേറേ കാര്യമായ പണിയൊന്നുമില്ല. ‘ദശാവതാര‘ത്തിനു നിരൂപണങ്ങളെഴുതിയവരും കമല്‍ കമല്‍ എന്നല്ലാതെ രവികുമാര്‍ രവികുമാര്‍ എന്നു പറഞ്ഞിട്ടില്ലെന്നു ശ്രദ്ധിക്കണം. കമലാഹാസന്റെ ഫാന്‍സിഡ്രസ്സാണ് മെയിന്‍ തീം. അതിനു വേണ്ടുന്ന ചില അനുസാരികള്‍ കഥ, തിരക്കഥ, സംഭാഷണം എന്ന പേരില്‍ കമല്‍സാറു തന്നെ തയാര്‍ ചെയ്തിട്ടുണ്ട്. 10 കഥാപാത്രങ്ങള്‍ ഒരാളായാല്‍ പിന്നെ ബാക്കിയുള്ളവര്‍ക്ക് എന്തോന്നു പണി? സോ അഭിനയത്തിന്റെ ക്രെഡിറ്റും കമല്‍ സാറിനു തന്നെ. കമലാഹാസന്‍ കനിഞ്ഞു സ്വീകരിച്ച ആറിലധികം കഥാപാത്രങ്ങളുടെ മേക്കപ്പ്, മരത്തടിയില്‍ പെയിന്റടിച്ചതു പോലെ ആകയാല്‍ മേക്കപ്പ് സൂപ്പര്‍വൈസരും കമലു തന്നെ. ചെയ്യുന്നത് വെള്ളക്കാരനാണെങ്കിലും ഇങ്ങനെയൊക്കെ മതിയെന്നു തീരുമാനിക്കാന്‍ ഒരു ദേഹം വേണമല്ലോ. വസ്ത്രാലങ്കാരക്കുത്തക ഫാമിലി വക വാണിഗണപതി, സരിക വഴി ഇപ്പോള്‍ ഗൌതമി അവര്‍കളിലാണ്. അവിടെയും കമലാഹാസന്‍ ! ങേ..അപ്പോള്‍ ആനിമേഷന്‍ , അടി, പാട്ട്, ശൃംഗാരം, നാടകം, കത്രിക..............സംശയിക്കാന്‍ ഇനിയുമെന്തിരിക്കുന്നു..?
എന്താണ് ഈ സകലകലാഭ്യാസത്തില്‍ നിന്ന് ആത്യന്തികമായി നമുക്ക് ലഭിക്കുന്ന കോപ്പ്? സ്കിന്‍ ഗ്രാഫ്റ്റിംഗ് എന്ന വിദ്യ ലോകത്തിലാദ്യമായി പരീക്ഷിച്ച രജനീകാന്തിന്റെ ‘ശിവാജി’ യുടെ ടൈപ്പ് സാങ്കേതിക പ്രാധാന്യം എന്തെങ്കിലും ദശാവതാരത്തിനുണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല. പിന്നെയുള്ളത് കമലിന്റെ അസാധാരണ ക്ഷമാശക്തിയെ ലോകസമക്ഷം വച്ച മേക്കപ്പുകളുടെ പുകഴാണ്. അതു വല്ലതും നമ്മുടെ കലാസ്വാദന സംസ്കാരത്തെയോ സൌന്ദര്യബോധത്തെയോ ഒരിഞ്ചെങ്കിലും മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ? ഏറ്റവും കനമുള്ള മേക്കപ്പിന് ഗിന്നസ് ബുക്ക് ഓഫ് റിക്കോഡില്‍ കയറിപ്പറ്റിയ കഥകളിയുടെ സ്വന്തം നാട്ടുകാരാണ് മലയാളത്താന്മാര്‍! വഴി വിടയ്യാ വഴി വിട് ! പഴയ വിട്ടലാചാര്യ സിനിമകളിലുമുണ്ടായിരുന്നു, തറടിക്കറ്റുകാരനെ വാപൊളിപ്പിക്കുന്ന മേക്കപ്പും മായാലോകങ്ങളും. പഴയസംഗീതനാടകാസ്വാദനപാരമ്പര്യത്തിന്റെ കാണാന്‍ വയ്യാത്ത കൈകള്‍ താരാട്ടുകയാണ് ഇന്നും തമിഴ് സിനിമാവബോധത്തെ. ചവിട്ടുഹാര്‍മോണിയക്കാരന്‍ തിളങ്ങുന്നക്കുപ്പായവുമിട്ട് അലറിവിളിച്ചു ഓട്ടയാക്കിയ ഇന്ദ്രിയബോധം ഒരു ജനക്കൂട്ടത്തെ ഇരുട്ടിലും പ്രദര്‍ശകനെ/പെര്‍ഫോമന്‍സുകാരനെ (കഥാപാത്രയല്ല) തിരയാന്‍ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പതിനാറാം വയതിനിലേ, മൂന്നാം പിറ, നായകന്‍, പുഷ്പകവിമാനം. നാന്‍സി, മഹാനദി, ഗുണ, വിരുമാണ്ടി, അന്‍പേ ശിവം. ഒരു പിടി നല്ല ചിത്രങ്ങളുണ്ട് കമലിന്റെ ക്രെഡിറ്റില്‍. ഭൂരിഭാഗവും വിജയിക്കാതെ പോയവ. തമിഴ്നാട്ടില്‍ ആര്‍ക്കെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ ആയിരിക്കാതെ വയ്യ. ആ ടിക്കറ്റിലാണ് കമല്‍ ഉലകനായകനായത്. സൂര്യനൊന്നേയുള്ളൂ എന്നു പറയും പോലെ സൂപ്പര്‍സ്റ്റാര്‍ ഒന്നേയുള്ളൂ എന്നെന്നേയ്ക്കും. രജനികാന്ത് ! സൂപ്പര്‍ താരങ്ങളുടെ മാനറിസങ്ങളെല്ലാം ചെപ്പടി വിദ്യകളാണ്. ആ വഴിയ്ക്കു തന്നെയാണ് കമലും യാത്രയായിരുന്നത്. സകലകലാവല്ലഭന്‍, കാക്കിച്ചട്ടൈ, ഒരു കൈതിയിന്‍ കതൈ.. പിന്നെ ദിശമാറ്റി. ഷോമാനായി. വേഷം കെട്ട്, ട്രിക്ക്, ഗിമിക്ക്..ആ പരിണതിയുടെ ഇങ്ങേയറ്റമാണ് ദശാവതാരം. ഇതിനിയും വളരും.
ദശാവതാരത്തിലെ കമലിന്റെ പത്തുവേഷങ്ങള്‍ക്ക് പ്രത്യേകിച്ച് താത്ത്വികാടിത്തറയൊന്നുമില്ല. ഒരേ മനസ്സിന്റെ വ്യത്യസ്തഭാവങ്ങളെന്നോ, നരവംശാധിഷ്ഠിതമായ വിശകലനമെന്നോ.. അങ്ങനെയൊന്നും. കമലിന്റെ ഭാവാര്‍ദ്രമായ വിടര്‍ന്ന കണ്ണുകളാകട്ടെ ബദ്ധപ്പെട്ടുകെട്ടിയ വേഷങ്ങളുടെ തനിമയെ അങ്ങേയറ്റം കൃത്രിമമാക്കുന്നുണ്ട്, പലേടത്തും. ‘വലിയ’ കണ്ണുള്ള ജപ്പാന്‍കാരനെയും ജോര്‍ജ്ജു ബുഷിനെയും നോക്കുക. 7 അടിപ്പൊക്കക്കാരനായ അമാനുള്ളഖാനും മുത്തുപ്പാട്ടിയും പെയിന്റടിച്ച മരക്കഷ്ണങ്ങളാണ്. മുഖാവയവങ്ങളുടെ സ്വാഭാവികചലനം പോലും അസാദ്ധ്യമായ അവസ്ഥയില്‍ അതാര്‍ക്കും -സിനിമയുമായി പുലബന്ധം പോലുമില്ലാത്തയാളിനും- പറ്റുന്ന വേഷങ്ങളാണ്. നല്ലൊരു ആനിമേറ്റര്‍ കൂടി വേണമെന്നു മാത്രം, പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റില്‍. പാട്ടുകാരന്‍ അവതാര്‍ സിംഗാവട്ടേ, വേഷം കൊണ്ട് സുന്ദരനെങ്കിലും നാടകീയതകൊണ്ട് ചുവപ്പുകലക്കിയൊഴിച്ച കഥാപാത്രം. ഇങ്ങനെയുണ്ടോ ഒരു സെന്റിമെന്റ്സ്..? വില്ലനായ ക്രിസ്ത്യന്‍ ഫ്ലെച്ചറും നായകനായ ഗോവിന്ദരാജനും ഒരാളുതന്നെയായതിലെ ഭാവന കൊള്ളാം. എങ്കില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ വില്ലത്തരം (വിഷ്ണു വിഗ്രഹത്തെ പൊളിച്ചെടുത്ത് കടലില്‍ താഴ്തുന്ന ശൈവ ആക്രമണകാരിയായ രാജാവ് കുലോത്തുംഗചോളന്‍ ) എന്തിന് നെപ്പോളിയനായി മാറ്റി വച്ചു? അതും കമലുതന്നെയായാല്‍ മതിയായിരുന്നു. ആകെ പത്തുമിനിട്ടു പോലുമില്ലാത്ത ഇരുന്നുകൊണ്ടുള്ള പ്രകടനമാണ് രാജാവിന്റേത്. കയോസ് തിയറിക്ക് സ്ക്രീനില്‍ ഒരു യുക്തിയും കൂടി ലഭിച്ചേനേ. മണല്‍മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് പൂവരഗനും റാ ഉദ്യോഗസ്ഥന്‍ ബല്‍ റാം നായിഡുവുമാണ് ദശാവതാരത്തിലെ കമലാഹാസനു വേണ്ടിയുള്ള ശരിവേഷങ്ങള്‍ . പിന്നെ രണ്ടു കാലഘട്ടത്തിലെ നായകരായുള്ള രംഗരാജ നമ്പി- ഗോവിന്ദ രാമസ്വാമി ദ്വന്ദ്വങ്ങളും. ഈ നാലുപേര്‍ക്കു വേണ്ടിയാണ് നാം ബാക്കി ആറ് അവതാരങ്ങളെയും അവരെ ചുറ്റുന്ന പാവം നിഴലുകളെയും 31/2 മണിക്കൂര്‍ കണ്ടിരിക്കേണ്ടത്.
രണ്ട്
യുദ്ധങ്ങളും ദുരന്തങ്ങളും ദേശീയതാസങ്കല്‍പ്പത്തെ ഉത്തേജിപ്പിക്കും. ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നത് മനുഷ്യ ദുരന്തങ്ങളാണ്. സുനാമിയെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ടതില്ല, എന്ന് പറയുന്നത് 4 വര്‍ഷങ്ങള്‍ക്കു ശേഷമായതുകൊണ്ട് നമുക്കും ആ അഭിപ്രായത്തോട് ഒരനുഭാവം തോന്നിക്കൂടായ്കയില്ല. മനുഷ്യകുലത്തെ മുച്ചൂടും നശിപ്പിക്കാന്‍ പോന്ന അണുബാധയില്‍ നിന്ന് രക്ഷിക്കാനായിരുന്നത്രേ സുനാമി. കൂടുതല്‍ നല്ലതിനു വേണ്ടിയാവുമ്പോള്‍ കുറച്ചു ബലിയൊക്കെയാവാം. രംഗരാജ നമ്പി അങ്ങനെ വിഷ്ണുവിഗ്രഹം രക്ഷിക്കാനായി ബലിയായ വ്യക്തിയാണ്. ( ഇവിടെ സിനിമ, മതപരമായ സംഘര്‍ഷങ്ങള്‍ പണ്ടുമുതല്‍ക്ക് ഭാരതത്തില്‍ ഉണ്ട് എന്നകാര്യത്തിന് അടിവരയിടുന്നുണ്ടെന്നു തോന്നുന്നു. വൈഷ്ണവ-ശൈവ സംഘര്‍ഷത്തില്‍ സിനിമയുടെ പക്ഷം വ്യക്തം, ‘അന്യനി‘ലും കാണാം വൈഷ്ണവ പക്ഷപാതിത്വം. അതെങ്ങനെയുണ്ടായി ?) കടലില്‍ വീണ വിഗ്രഹം അതില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്ന അസ്ഥികൂടത്തോടെ സുനാമിയില്‍ കരയ്ക്കടിയുന്നുണ്ട്. മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അതൊരു വലിയ ക്ഷേത്രവും തീര്‍ത്ഥാടനകേന്ദ്രവുമൊക്കെയായി പരിണമിക്കും. കടലിനടിയില്‍ ആ വിഗ്രഹം നൂറ്റാണ്ടുകള്‍ കാത്തു കിടന്നത് ഈയൊരു നിമിഷത്തിനും ആര്‍ത്തത്രാണനത്തിനും വേണ്ടിയായിരുന്നു. എല്ലാത്തിനും അര്‍ത്ഥമുണ്ട്. അതോ ഇതോ എന്നും പറഞ്ഞ് കരഞ്ഞും വിളിച്ചും രക്തം തുപ്പിയും നിന്ന അവതാര്‍ സിംഗിന് (പാവത്തിന് തൊണ്ടയില്‍ ക്യാന്‍സറാണ്, ഓപ്പറേഷന്‍ ചെയ്തില്ലെങ്കില്‍ ആളു തട്ടിപ്പോവും, ഓപ്പറേഷന്‍ ചെയ്താല്‍ പാട്ടു നിന്നു പോവും!) ഓര്‍ക്കാപ്പുറത്ത് വില്ലന്റെ വെടിയേറ്റപ്പോള്‍ എല്ലാവരും കരുതിയത്, മോങ്ങാനിരുന്ന കുരങ്ങന്റെ തലയില്‍ നീ തേങ്ങായും കൂടി വെട്ടിയിട്ടു കൊടുത്തല്ലോ ദൈവമേ എന്നാണ്. പക്ഷേ കാല്‍പ്പന്തുകളിയില്‍ പറയുന്നതു പോലെ ഒന്നും സംഭവിച്ചില്ലാാാാ. ഉണ്ട സിംഗിന്റെ ക്യാന്‍സറും കൊണ്ടു പോയി. അതും പറഞ്ഞുവച്ചപോലെ പെര്‍ഫെക്ടായിട്ട് ! ഡോക്ടര്‍ കുപ്പായമിട്ട് രംഗത്ത് നില്‍ക്കുന്ന നടന്‍ മൂക്കില്‍ വിരലു വച്ചുകൊണ്ട് പറയുന്നത് ഇതിനേക്കാള്‍ നന്നായി ലോകത്തിലെ എറ്റവും നല്ല സര്‍ജ്ജനും ‘കയൂല്ലാ‘ എന്നാണ് ! സിംഗിനിനിയും ആടിക്കൊണ്ട് പാടാം. വോക്കല്‍ കോഡ് വില്‍ ബി പെര്‍ഫെക്ട് ദാന്‍ എവെര് സിന്‍സ്‍. വിന്‍സന്റ് പൂവരഗന്‍ എന്ന നല്ല മനുഷ്യന്‍ സുനാമിയില്‍ ബലിയാവുന്നത് ശത്രുവിന്റെ കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ്. അതുകൊണ്ട് തടിമാടന്മാരായ കുറെ വില്ലന്മാരങ്ങ് (മണല്‍ മാഫിയ) നന്നായി. ജീവിതത്തില്‍ നല്ലതൊന്നും ചെയ്തിട്ടില്ലാത്ത അവര്‍ ഒരു നന്മ കണ്മുന്നില്‍ കണ്ടത് ആദ്യമായിട്ടായിരിക്കും. മറ്റൊരു സാമൂഹിക വിപ്ലവം കൂടി പൂവരഗന്റെ ബലി കൊണ്ട് സിനിമ സാധിച്ചെടുക്കുന്നുണ്ട്. അഗ്രഹാരത്തില്‍ ശുദ്ധിയും വെടിപ്പും പറഞ്ഞ് അടമ്പിടിത്തവും ഇത്തിരി നൊസുമായി നടക്കുന്ന വൃദ്ധകളുടെ സ്റ്റീരിയോ മാതൃക കൃഷ്ണവേണിപ്പാട്ടി മരിച്ചു പോയ മകനെ കാണുന്നത് ഈ പൂവരഗനിലാണ്. ആശാന്‍ സാവിത്രിയിലൂടെയും ചാത്തനിലൂടെയും 1924-ല്‍ വിഭാവന ചെയ്ത ഒരു സാമൂഹിക വിപ്ലവത്തിന്റെ മറ്റൊരു ചലച്ചിത്ര വെര്‍ഷന്‍. 2008-ല്‍. ഇവിടെ അമ്മ - മകന്‍ ബന്ധമാണ്. അതു കുറച്ചുകൂടി ആഴത്തിലുള്ളതാണ്. ആരാണ് ശരിയായ മകന്‍? ഉള്ളില്‍ തട്ടുന്ന ഒരു കലാപരതയുണ്ട് ഈ രംഗത്തിന്. സത്യം അറിയുന്നത് ഒരു ഭ്രാന്തിയാണെന്ന്. മറ്റൊരു ലോകത്തിന്റെ സൂര്യനുദിച്ച തലയാണെന്ന്. ഒരു തെറ്റും ചെയ്യാതെ ഖലീഫുല്ലാഖാനും കുടുംബത്തിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെയും (മേല്‍പ്പറഞ്ഞവയുടെ അത്രയില്ലെങ്കിലും) ബലി വകുപ്പില്‍പ്പെടുത്തണം. ഒരാവശ്യവുമില്ലാതെ പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു അവരെ. തീവ്രവാദി ബന്ധം സംശയിച്ച്. അപ്പോഴാണ് സുനാമി. പോലീസ് സ്റ്റേഷനിലായതുകൊണ്ടാണ് മുന്നോറോളം പേര്‍ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ലോകത്തിലേയ്ക്കും (ലോകം = അമേരിക്ക തന്നെ വേറെയെന്തോന്ന്?) പ്രപഞ്ചത്തിലേയ്ക്കും ഒരു നോട്ടമാണ് ദശാവതാരം. ജനപ്രിയ സിനിമകളുടെ തനതു മട്ടില്‍ ഒരു പാര്‍ശ്വവീക്ഷണം. സംഭവങ്ങള്‍ക്കെല്ലാം ഒരു കാര്യകാരണബന്ധമുണ്ടെന്ന് അടിവരയിട്ടാല്‍ നമ്മളെത്തുക കയോസ് തിയറിയിലല്ല, മറിച്ച് ദൈവമെന്ന അവസാനത്തെ അഭയത്തിലാണ്. പെണ്ണുങ്ങളെ കേറിപിടിക്കുന്ന തെമ്മാടികളെ മൂന്നാം കണ്ണു തുറന്ന് ഭസ്മമാക്കുകയും ദാരിദ്ര്യത്തിന് സ്വര്‍ണ്ണമഴ പൊഴിച്ചുകൊടുക്കുകയും തേരാപാരാ ശൂലം കുന്തം ഇത്യാദികളെ വായുവിലൂടെ പായിക്കുകയും കണ്ണുകളുറുട്ടി നൃത്തം ചെയ്യുകയും മരിച്ചവരെ പുനര്‍ജീവിപ്പിക്കുകയും ചെയ്തിരുന്നതു കൊണ്ട് ജനപ്രിയരായിരുന്ന ‘സിനിമാ ദൈവങ്ങള്‍‘ ഇപ്പോള്‍ ടിവിയിലേയ്ക്ക് മാറി. സിനിമയില്‍ ഇനി അവര്‍ക്ക് സ്കോപ്പില്ല. മറിച്ച് മറ്റൊരു തരം ദൈവത്തിന്റെ അവതരണമാണ് ദശാവതാരത്തിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അദൃശ്യനും സര്‍വശക്തനും കാലവ്യാപിയും ആസൂത്രണങ്ങളുടെ മഹാമസ്തിഷ്കവുമായ പുതിയ ദൈവം. അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങളായി ദൌത്യ നിര്‍വഹണം ചെയ്യുകയാണ് കമല്‍ഹാസന്‍ എന്ന നടന്‍ പത്തായി പിരിഞ്ഞ് ഈ ചിത്രത്തില്‍. ആ നിലയ്ക്ക് ആ വേഷങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. സിനിമയിലെ ആദ്യരംഗങ്ങളില്‍ നാം കാണുന്നത് യോഗനിദ്രയിലാണ്ട ഒരു വലിയ വിഷ്ണു വിഗ്രഹത്തെയാണ്. അണുപാക്കറ്റ് ഉള്ളില്‍പ്പെട്ടുപോയ പെരുമാള്‍ വിഗ്രഹവും സിനിമയിലുടനീളമുണ്ട്. ഈ ചിഹ്നങ്ങളുടെ ധ്വനി ആലോചിച്ച് അധികം അലയേണ്ടതില്ല എന്നു തോന്നുന്നു. ദൈവം പ്രതിരൂപങ്ങളിലൂടെയാണ് അവതരിക്കുന്നത്. വിഗ്രഹങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട ആശയത്തിന്റെ ചലിക്കുന്ന പ്രതിനിധിയാണ് കമല് എന്ന് ഒന്നാലോചിച്ചാല്‍ അറിയാം. ബലിയും സംരക്ഷണവും ദൈവേച്ഛയുടെ നടപ്പാക്കലും ദൈവാസ്തിത്വത്തിനു തെളിവുനല്‍കലുമാണ് മൊത്തത്തില്‍ അവതാരങ്ങളെല്ലാം കൂടി ചെയ്യുന്നത്. താന്‍ ദൈവവിശ്വാസിയല്ലെന്നും തനിക്ക് മതമില്ലെന്നും ആണയിട്ടു പറഞ്ഞിട്ടുണ്ടെങ്കിലും സിനിമയുടെ അബോധഘടനയില്‍ വിഗ്രഹാരാധനയുടെയും പ്രതിപുരുഷത്വത്തിന്റെയും പ്രേരണകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയിതായതു കൊണ്ട് അങ്ങനെ കമലിന്റെ വേഷം കെട്ടലിനു പ്രത്യേക അര്‍ത്ഥങ്ങളുണ്ടാവുന്നു. 1. പലരൂപങ്ങളായി ഇറങ്ങി വരുന്നതു (അവതാരത്തിന് ഇറങ്ങി വരല്‍ എന്നാണര്‍ത്ഥം) ഒന്നു തന്നെയെന്ന് ബോധം ഉറപ്പിക്കുന്നു. 2. പ്രതിപുരുഷന്റെ (റെപ്രസന്റേറ്റീവ്) പ്രാധാന്യം അറിയിക്കുന്നു. ദൈവത്തിലേയ്ക്കുള്ള വഴിയിലെ സൈന്‍ ബോര്‍ഡുകളാണ് രണ്ടും. ‘ഉലകനായകന്‍’ എന്ന പദത്തിന് ദശാവതാരം കണ്ടു കഴിഞ്ഞപ്പോള്‍ മറ്റൊരര്‍ത്ഥം ഉണ്ടെന്നു തോന്നിയതു വെറുതെയല്ല.
ദൈവനിഷേധത്തിന്‍റെ രാഷ്ട്രിയവും പ്രകടനപരമായ ഭക്തിയും ഒരേസമയം ജീവിതത്തിന്‍റെ ഭാഗമാക്കിയ തമിഴനോട്, “ദൈവം ഇല്ലെന്ന് ഞാന്‍ പറയുന്നില്ല, ഉണ്ടായാല്‍ നല്ലത്” എന്നു പറയുന്ന നായകന്‍. ക്രിസ്ത്യാനിയും മുസ്ലീമും വരാന്‍ താമസിച്ചതുകൊണ്ട് ശൈവനും വൈഷ്ണവനും തമ്മില്‍ ഏറ്റുമുട്ടിയ കഥ പറയുന്ന ചിത്രം എന്നീ തലങ്ങളില്‍ ഒരു ത്രാസ് ഈ ചിത്രത്തിലില്ലേ?
ReplyDeleteമിക്കവാറും എല്ലാ നിരിക്ഷണങ്ങളോടും യോജിക്കുന്നു.
പിന്നെ ഉലക്കനായകന്‍ (universal star) തമിഴന്‍റെ മാത്രം സ്വത്തല്ല. അടുത്തയിടെ ഒരു മലയാളം പടത്തിലും കണ്ടിരുന്നു. തുളസീദാസിന്‍റെ വീട് അടൂരൊന്നുമല്ലല്ലോ?
ഒരാവശ്യവുമില്ലാതെ പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു അവരെ. തീവ്രവാദി ബന്ധം സംശയിച്ച്. അപ്പോഴാണ് സുനാമി. പോലീസ് സ്റ്റേഷനിലായതുകൊണ്ടാണ് മുന്നോറോളം പേര്‍ ഒരു പരിക്കുമില്ലാതെ രക്ഷപ്പെട്ടത്. - പോലീസ് സ്റ്റേഷനില്‍ സ്ഥലമില്ലാഞ്ഞ്, ഒരു മുസ്ലീം ദേവാലയത്തിലാണ് ഇവരെ പോലീസ് തടഞ്ഞുവെക്കുന്നത്. അവരെ രക്ഷിച്ചത് അള്ളാഹ്!
ReplyDeleteഹല്ല പിന്നെ, പോലീസ് സ്റ്റേഷനിലായിരുന്നേ കാണാമായിരുന്നു...
--
കയോസ് തിയറി പോലുള്ള 'സംഭവങ്ങളെ' അവതരിപ്പിക്കാനും കമലിന് പുനര്‍ജന്മം പോലുള്ള വഴികളെ ഉപയോഗിക്കേണ്ടി വന്നു എന്നതും വിരോധാഭാസമല്ലേ...
ReplyDeleteഅയല്‍ക്കാരാ, കമലതു പറയുന്ന സമയം ക്യാമറ ആ പഴയ വിഗ്രത്തിന്റെ പിന്നിലാണ്. കമല്‍ കാണുന്നില്ല, നമ്മള്‍ കാണുന്നു അത്. അര്‍ത്ഥം വ്യക്തം.ദൈവമല്ലെങ്കില്‍ പിന്നെ ഇതൊക്കെ ആരാണ് ആസൂത്രണം ചെയ്യുന്നത്..! അത്രയെങ്കിലും തമിഴില്‍ നിന്ന് മലയാളികള്‍ പഠിക്കണ്ടേ?
ReplyDeleteഹരീ, ശരിയാണ്..മുസ്ലീം ദേവാലയം. ഉപയോഗിക്കപ്പെടുന്നത് പോലീസ് ആവശ്യത്തിന്. റോബീ, അതു പുനര്‍ജന്മമാണോ, അങ്ങനെയൊരു സൂചന സിനിമയിലുണ്ടോ?
വെള്ളെഴുത്തേ,
ReplyDeleteപുനര്‍ജന്മമാണെന്ന ഒരുപാട് സൂചനകളുണ്ട്. രണ്ട് രംഗങ്ങളിലെയും പശ്ചാത്തലസംഗീതം, ഗോവിന്ദിന്റെയും നമ്പിയുടെയും നെറ്റിയിലെ മുറിവ്, രണ്ട് രംഗത്തിലും കഥാപാത്രങ്ങളുടെ ആക്ഷന്‍സിന്റെ സാമ്യം...ആ വിഗ്രഹത്തിന്റെ കൈമാറ്റങ്ങള്‍...ഞാനെഴുതി വന്നപ്പോള്‍ ഈ പോയിന്റ് വിട്ടു പോയി. പിന്നെ എന്റെ പോസ്റ്റിന്റെ ശ്രദ്ധയും മറ്റൊരു ആംഗിളിലായിരുന്നു.
തമിഴ് എഴുത്തുകാരന്‍ ചാരു നിവേദിത പറയുന്നത് ഖലീഫുല്ലാ ഖാനെയും കൂട്ടരെയും പിടിച്ചിരുത്തിയിരുന്നത് പോലീസ് സ്റ്റേഷനില്‍ തന്നെയെന്നാണ്. കൃഷ്ണവേണി(ഈ പേരത്ര പഴക്കമുള്ളതല്ലല്ലോ..) പ്പാട്ടിയെ രുക്കുമണി പാട്ടിയാക്കുകയും ചെയ്തു. ആകെ കണ്‍ഫ്യൂഷനായി.. ഏതാണ് ശരി?
ReplyDeleteസിനിമയെ കുറിച്ചുള്ള അഭിപ്രായം :-> ഒരുപാട് പാളിച്ചകള്‍ ഉണ്ടെങ്കിലും ഒരുതവണ കണ്ടാല്‍ ബോറഡിക്കാത്ത ഒരു കൊമേഴ്സ്യല്‍ തമിഴ് പടം.
ReplyDeleteഎന്നിരിക്കിലും.....ചില പൊളിച്ചെഴുത്തുകള്‍ കമല്‍ ഈ സിനിമയില്‍ നടത്തുന്നുണ്ടെന്നത് പറയാതെ വയ്യ.
രംഗരാജന്‍ നമ്പിയെ തന്നെ ആദ്യം എടുക്കുക. അത് കമല്‍ ചെയ്തിരിക്കുന്നതിന്റെ ബോഡിലാന്‍ഗ്വേജോ, ആര്‍ജ്ജവമോ ഒന്നും അല്ല ഉദ്ദേശിച്ചത് (തന്നെയുമല്ല "ഹേ റാ"മിലെ റാമിന്റെ താടിവടിച്ച രൂപമാണ് നമ്പി എന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും). കമലഹാസന്‍ "റ്റിപ്പിക്കല്‍ ബ്രാഹ്മണിക് സിംബല്‍" ആണ് എന്നൊരു ആരോപണം കമലിനെതിരേ എന്നും ഉണ്ട്. സബാള്‍ട്ടന്‍ ക്യാരക്ടറുകള്‍ ഒരുപാട് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും "ടിപ്പിക്കല്‍ (അയ്യങ്കാര്‍) ബ്രാഹ്മണിക് സിംബല്‍" എന്ന പഴി തമിഴന്റെ ലക്ഷണശാസ്ത്രപ്രകാരം "ഏഴഴകുള്ള കറുപ്പ്" ഇല്ലാത്ത കമലിന് നേരിടേണ്‍റ്റി വന്നിട്ടുണ്ട്. എന്നാല്‍ പിന്നെ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം എന്ന് പുള്ളി കരുതിക്കാണണം. ഇനി അതല്ല കമലിന്റെ ഉള്ളിലുള്ള ബ്രാഹ്മണിസം തികട്ടി വന്നതാണെന്നും വാദമാകാം.
മേയ്ക്കപ്പില്‍ പാളിച്ചകള്‍ ഉണ്ട്. കൃഷ്ണവേണിപാട്ടിയും,വിന്‍സെന്റ്പൂവരാഹനും,ഖലീഫുള്ളയും മേയ്ക്കപ്പില്‍ സാങ്കേതികമായി മേന്മയായിരുന്നില്ല. എങ്കിലും പാട്ടിയുടെ ഉയരക്കുറവും, പൂവരാഹന്റെ തൂത്തുക്കുടി തമിഴും, ഖലീഫുള്ള പങ്ക് വെയ്ക്കുന്നചില ഹൈപ്പര്‍ ലിങ്കുകളും നന്നായി തോന്നി. (വിന്‍സെന്റ് പൂവരാഹനെ ആദ്യം സ്ക്രീനില്‍ കണ്ടപ്പോള്‍ എഡി മര്‍ഫിയുടെ ചായയാണ് ആദ്യം തോന്നിയത്. Nutty Professor (http://en.wikipedia.org/wiki/Nutty_Professor_II:_The_Klumps) കണ്ടിട്ടുള്ള കമല്‍ എന്തുകൊണ്ട് ആ മേയ്ക്കപ്പ് സാങ്കേതികത സ്വീകരിച്ചില്ല എന്നും വിഷമം തോന്നി. അതേ സിനിമയില്‍ തന്നെ എഡ്ഡി ഏഴ് കഥാപാത്രങ്ങളെയോ മറ്റോ അവതരിപ്പിക്കുന്നും ഉണ്ട്...എല്ലാവരും ബ്ലാക്ക്സ് ആണെങ്കിലും). ഫ്ലെചറിന്റെ ബോഡിലാന്‍ഗ്വേജ് മികച്ചതായി തോന്നി. ഹോളിവുഡ് ആക്ഷന്‍ ഹീറോകളോട് കിടപിടിക്കാവുന്നത്. ഇത്രയും കാശുമുടക്കി പടം പിടിക്കുമ്പോളത് എല്ലാവരും സ്വീകരിക്കാവുന്ന വിധം ഉള്ള മിക്സ് മസാല ഒക്കെ ചേര്‍ക്കാന്‍ കമല്‍ മറക്കില്ലെന്ന് നമുക്ക് ഊഹിച്ചു കൂടെ. ഓഫീസേര്‍സ് വാര്‍ഡി"ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അന്‍പേ ശിവം ആവറേജാകുകയും, മിസിസ് ഡവുട്ട്ഫെരിനെ ഷണ്മുഖിയാക്കി സൂപ്പര്‍ഹിറ്റാകുകയും, ഒരു ഗാനം പോലുമില്ലാതെ ഡി.ടി.എസ് സിനിമയായ കുരുതിപ്പുനല്‍ പൊളിയുകയും, നന്നായി ഗൃഹപാഠം ചെയ്തിട്ടും വീരുമാണ്ടി പൊളിയുകയും ഒക്കെ ചെയ്ത സാഹചര്യത്തില്‍ മിക്സ് മസാലയുടെ മിനിമം ഗ്യാരണ്ടി കമലിന് നന്നായി അറിയാമല്ലോ.
പരത്തിപ്പറയാന്‍ സമയമില്ലാത്ത ഓട്ടപാച്ചിലാണ് സിനിമയെങ്കിലും ചില ഹൈപ്പര്‍ ലിങ്കുകള്‍ അത് നല്‍കുന്നുണ്ട്. ഇസ്ലാം തീവ്രവാദം, അതിനോടുള്ള കാഴ്ചപ്പാട്/കണ്ണടച്ചിരുട്ടാക്കല്‍, അതിതീവ്രഭാഷാസ്നേഹം, സര്‍ക്കാര്‍ വകുപ്പുകളിലെ സ്വജനപാതം,പ്രകൃതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം, അമേരിക്ക നയിക്കുന്ന നവകോളനീകരണം....അങ്ങനെ..
ദൈവം ഉണ്ടോ ഇല്ലയോ എന്നതിനെ ചൊല്ലി പലയിടത്തും സിനിമ തര്‍ക്കിന്നുണ്ടെങ്കിലും ഒരു നിയന്ത്രണശക്തി ഉണ്ടെന്ന് തന്നെയാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നതെന്ന് തോന്നുന്നു. പക്ഷേ
“കല്ലൈ മറ്റ്‌റും കണ്ടാല്‍ കടവുള്‍ തെരിയാത്..
കടവുള്‍ മറ്റ്‌റും കണ്ടാല്‍ കല്ലടി തെരിയാത്..”
എന്ന വരികള്‍ തന്നെയാണ് അതിലെ പ്രധാന ആശയവും...
കല്ലിനെ മാത്രം നോക്കി ആരാധിച്ചാല്‍ യഥാര്‍ത്ഥ ദൈവത്തെ കാണുകയില്ല എന്നും
ദൈവത്തെ മാത്രം നിനച്ചു നടന്നാല്‍ വഴിയിലെ കല്ലില്‍ തട്ടിവീഴുമെന്നും ഉള്ള മുന്നറിയിപ്പ്...
അതുകൊണ്ട് തന്നെയാണ് ശില്പം ആണ്ടാളിന്(അസിന്‍) മൂര്‍ത്തിയാകുന്നതും, ഗോവിന്ദരാജന് (കമല്‍) അത് ബയോളജിക്കല്‍ വെപ്പണ്‍ സൂക്ഷിക്കാനുള്ള സ്‌റ്റോറേജ് ആകുന്നതും....
ഓഫ്.ടോ
മസ്‌ജിത്താണോ, പോ.സ്‌റ്റേഷനാണോ എന്ന സംശയം ഇനിയും തീര്‍ന്നില്ലേ? ശരിക്കും അപ്പോള്‍ വെള്ളെഴുത്ത് പടം കണ്ടില്ലേ? :)
ഡിങ്കാ കൊള്ളാം. ചാരുനിവേദിത തമിഴിലെ മുന്തിയ എഴുത്തുകാരനാണല്ലോ, അപ്പോള്‍ നന്നായി അറിയാന്‍ വയ്യാത്ത ഭാഷായിലെ ചിത്രത്തെപ്പറ്റി അദ്ദേഹം എന്തു പറയുന്നു എന്നറിയാന്‍ ആകാംക്ഷയുണ്ടാവുക സ്വാഭാവികം. സ്ത്രീപക്ഷത്തു നിന്ന് എതിര്‍പ്പുകളുണ്ടായിട്ടുണ്ടെങ്കിലും പരുത്തിവീരന്‍ എന്ന സിനിമയുടെ ഉള്ളിലേയ്ക്ക് അദ്ദേഹമയച്ച സില നല്ല നോട്ടങ്ങള്‍ മനസ്സിലുണ്ട്. ചാരു പറയുന്ന സിനിമയുടെ അവസാനം എല്ലാവര്‍ക്കും നല്ലതു വരുമ്പോള്‍ പൂവരഗനുമാത്രം ദുരന്തമെന്നത്, കമലിന്റെ ദളിത് വിരുദ്ധമനോഭാവത്തിനു തെളിവാണെന്നാണ്.(പൂവരഗന്റെയും ബോഡിലാങ്വേജ് ഗംഭീരമായിരുന്നില്ലേ?)കരുണാനിധിയ്ക്കും മന്മോഹന്‍ സിംഗിനുമൊപ്പം ബുഷിനെക്കൂടി അവസാനരംഗത്തില്‍ ക്ഷണിച്ചിരുത്തുന്നത് ലോകമെന്നാല്‍ അമേരിക്കതന്നെയാണെന്ന കൊളൊണിയല്‍ മനോഭാവമല്ലേയെന്ന് ജി പി രാമചന്ദ്രന്‍.(ബോദ്ധ്യപ്പെടുത്തേണ്ടത് അമേരീക്കയെ?) മസാലയുടെ ചേരുവകളല്ല, സിനിമ നിവേദിക്കുന്ന ആന്തരികാര്‍ത്ഥങ്ങള്‍, അവകാശപ്പെടുന്നതില്‍ നിന്നെത്രമാറുന്നു എന്നതാണ് പ്രശ്നം.
ReplyDeleteഒരുപ്രാവശ്യം കണ്ടാല്‍ എന്തെങ്കിലുമാവുമോ? ഹരി പറഞ്ഞതു തന്നെ ശരി. എങ്കിലും പ്രസിദ്ധ രണ്ടെഴുത്തുകാര്‍ (ജി പി യും ചാരുവും അതു പോലീസ് സ്റ്റേഷന്‍ എന്നു പറയുമ്പോള്‍ അതൊന്നു തീര്‍പ്പാക്കാന്‍ ഒന്നുകൂടി കാണുന്നതു നല്ലതല്ലേ?)
(റോബിയുടെ പോസ്റ്റില്‍ ഇട്ട കമന്റ് വെട്ടി ഒട്ടിക്കുന്നു)
ReplyDeleteഞാന്‍ ഈ സിനിമ ഒരു തവണ തിയേറ്ററില്‍ ചെന്നും 3-4 തവണ ഡി വി ഡി യിലും കണ്ടു.
കമലഹാസനില്‍ നിന്നും ജനം പ്രതീക്ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇതില്‍ മിസ്സിങ് ആയി തോന്നാം.പല സ്ഥലങ്ങളിലും കൃത്രിമത്ത്വം പ്രകടമായി കാണാനുണ്ട്. മേക്കപ്പ് അറു ബോറായിട്ടുണ്ട്. ഇങ്ങനെ ഒക്കെയാണെങ്കിലും
“ കടവുള്‍ ഇല്ലൈ എന്റു നാന്‍ ശൊല്ലലൈ.. കടവുള്‍ ഇരുന്താല്‍ നല്ലായിരുക്കും എന്റ്രുതാന്‍ നാന്‍ ശൊന്നത്” (ദൈവം ഇല്ല എന്ന് ഞാന്‍ പറയുന്നില്ല.ദൈവം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നാണ് ഞാന്‍ പറഞ്ഞത്) എന്ന സ്റ്റേറ്റ്മെന്റ് നടത്താന്‍ ഈ പറയുന്ന ചില്ലറ ധൈര്യം ഒന്നും പോര.
അതും അന്ധവിശ്വാസികളുടെ കളിത്തൊട്ടിലായ തമിഴനാട്ടില്‍
ചാരുവിനെ കണ്ണടച്ച് വിശ്വസിക്കാന്‍ വരട്ടെ വെള്ളെഴുത്തേ..(സംഗതി പുള്ളി എന്റെയും ഫേവ്വറേറ്റ് എഴുത്തുകാരില്‍ ഒരാള്‍ തന്നെ...കോടമ്പാക്കം ഡയറിയാണേ സത്യം) കാരണം "വെയില്‍" എന്ന ചിത്രത്തെ "ഫെറ്റിഷ്" എന്നു പറഞ്ഞാണ് ചാരു ലേഖനം എഴുതിയത്. ചാരു&ടി.ഡി.രാമകൃഷ്ണന്‍ ടീമിന്റെ ഒരു ആര്‍ട്ടിക്കിളില്‍ അപ്രകാരമായിരുന്നു വര്‍ണ്ണന. പരുത്തിവീരന്‍ പുള്ളി ഒരാഴ്ച സ്ഥിരമായി മാറ്റിനി കണ്ടു എന്നും അതില്‍ കണ്ടു :)
ReplyDelete"ചാരുനിവേദിത തമിഴിലെ മുന്തിയ എഴുത്തുകാരനാണല്ലോ "
തമിഴിലെ വി.കെ ശ്രീരാമന്‍ എന്നാണ് ചിലര്‍വിളിക്കാറുള്ളത്.
പൂവരാഹന്റെ മരണം ദളിത് പീഡനമാണെന്ന വിവക്ഷ ദഹിക്കുന്നില്ല. സ്വന്തം അണികള്‍ കൂടെ മണല്‍ മാഫിയാമുതലാളിമാരുടെ കള്ളിലും പണത്തിലും മയങ്ങുന്നതു കണ്ട പൂവരാഹന്റെ രക്തസാക്ഷിത്വം ആയിരുന്നു അത്. "പ്രൊഫറ്റ്സ് ആര്‍ മേഡ് റ്റു ബി ഡെഡ്" എന്നല്ലേ ആപ്തവാക്യം :)
"പൂവരഗന്റെയും ബോഡിലാങ്വേജ് ഗംഭീരമായിരുന്നില്ലേ?"
തോന്നിയില്ല... എടുത്ത് പിടിച്ച് തോളുയര്‍ത്തി..വല്ലാതെ കൃത്രിമത്വം തോന്നി.. ഇതാണ് പറയുന്നത് "ടേസ്റ്റ് ഡിഫേര്‍സ് " എന്ന്
" ലോകമെന്നാല്‍ അമേരിക്കതന്നെയാണെന്ന "
അതും ഒരു ടിപ്പിക്കല്‍ മസാലയല്ലേ... മലയാളത്തില്‍ ഒരു വില്ലന് "ജോണ്‍ ഹോനായി" "ജോണ്‍ തോമസ്" "ആന്റണി ഇഗ്നേഷ്യന്‍ പിമെന്റോ" തുടങ്ങി "മുണ്ടക്കല്‍ ശേഖരന്‍" വരെ പേരിടുമ്പോഴും സൂക്ഷിക്കുന്ന ഒരിത്... "ശശി" എന്നൊ "സജീവ്" എന്നോ ഒന്നും പേരില്ലാത്ത പാവം വില്ലന്മാര്‍.. അതുപോലെയല്ലെ ഉള്ളൂ അമേരിക്കയും :)
ഓഫ്.ടോ
ജിപിയും ചാരുവും എന്ത് പറഞ്ഞാലും ശരി ഡിങ്കന് സ്വന്തം കണ്ണില്‍ (തല്‍ക്കാലം) വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് പോ.സ്റ്റേഷന്‍ അല്ല മറിച്ച് മസ്ജിദ് ആണ്.
(തങ്ങള്‍ തീവ്രവാദികളല്ല, മക്കയിലേക്ക് തിരിഞ്ഞ് നമാസ് നടത്തുന്ന എല്ലാവരും ഭീകരരല്ല, ആ കാണുന്ന മസ്ജിദ് പണിയാനുള്ള സ്ഥലം ഞങ്ങളുടെ പൂര്‍വികര്‍ കൊടുത്തതാണെന്ന് ഖലീഫുള്ളയും കുടുംബവും പറയുന്നതുകേട്ടാണ് നായിഡു ആ മസ്ജിദിലേക്ക് ശ്രദ്ധതിരിക്കുന്നതും എന്നാല്‍ വലിയ ജനക്കൂട്ടത്തെ ചോദ്യം ചെയ്യാനായി മസ്ജിദില്‍ കൊണ്ട് പോകുന്നതെന്നുമാണ് ഒരുതവണ ഇടികൂടി തീയേറ്ററില്‍ പോയി കണ്ടപ്രകാരമുള്ള ഓര്‍മ്മ)
ചാരുനിവേദിതയുടെ സിനിമാവായനകളോട് അത്ര നല്ല അഭിപ്രായമില്ല. പരുത്തിവീരനെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിന് ഡോണ്‍ ജോര്‍ജ് ഒരു മറുപടി എഴുതിയിരുന്നു മാധ്യമത്തില്. അത് കഴിഞ്ഞ് ചാരുവിന്റെ നാവടഞ്ഞു പോയി. ഒരു കാര്യവുമില്ലാതെ ആര്‍ക്കും അധികം പരിചയമില്ലാത്ത വലിയ പേരുകളൊക്കെ വലിച്ചിടും...ഒരു ഗിമ്മിക്ക്. ചാരു പണ്ട് 'ദി സോള്‍ കീപ്പര്‍' എന്നൊരു പടത്തെപറ്റി മാധ്യമത്തിലെഴുതിയിരുന്നു...വളരെ ഉദാത്തമായ ചിത്രമെന്ന്...ഞാനതു പിന്നീടു കണ്ടു, മതിയായി.
ReplyDeleteധനുഷിന്റെ ഏതോ ഒരു ചിത്രത്തിനെ കുറസോവയുടെ സിനിമകളോടാണ് ഉപമിച്ചത്..:)
(ഡിങ്കന്‍ ദശാവതാരത്തെക്കുറിച്ച് ഞാനെഴുതിയതു വായിച്ചിരുന്നോ?)
This comment has been removed by the author.
ReplyDeleteഅപ്പോള്‍ ചാരുവിന്റെ "പരുത്തിവീരത്വത്തില്‍" എനിക്ക് മാത്രം അല്ല എതിര്‍പ്പ് അല്ലേ.. കൊള്ളാം. ആ ആര്‍ട്ടിക്കീള്‍ വായിച്ചതോടേ കോടമ്പാക്കം ഡയറിയില്‍ അങ്ങേര്‍ നേടിയ ചെറിയ ബഹുമാനം അങ്ങേര് തന്നെ കളഞ്ഞ് കുളിച്ചു. ശുദ്ധ അസംബന്ധം ആയിരുന്നു അത്.
ReplyDeleteലെതീഷ് പറഞ്ഞതാണ് കാര്യം പോപുലര്‍ കള്‍ചര്‍ എഴുത്തില്‍ ചാരുവിന്റെ ലൈന്‍ ഡിങ്കനും അത്ര പഥ്യമല്ല.
റോബീ, ഇന്നാണ് തന്റെ ദശാവതാരം കണ്ടത്... നിരീക്ഷണങ്ങള്‍ കൊള്ളാം...
ഇനി ഞാനൊരു ക്ലാസിക് സിനിമയെ കുറിച്ച് പറയാം... "നരസിംഹം" അതിലും "ദശാവതാരം" ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്
ഐഐഎസ് എക്സാമിന്റെ റിസള്‍ട്ട് വന്ന അന്നാണ് ഇന്ദുചൂഡന്‍ ജയിലില്‍ പോകുന്നത്
(മല്‍സ്യം ->അറിവ്/വേദം വിഴുങ്ങിയ മകര മല്‍സ്യം; ഐഐഎസിന് കുറെ പുസ്തകം കരളണമല്ലോ)
പിന്നെ കുറെ കാലം ജയിലില്‍.. (അതൊരു കൂര്‍മ്മ കാലം.. തൊണ്ടിലൊളിച്ച്..)
പിന്നെ കഴിഞ്ഞതിനെ/മറഞ്ഞതിനെ ഒക്കെ തേറ്റകൊണ്ട് കുത്തിപ്പൊന്തിച്ച് വരാഹമായി വരുന്നു
ശേഷം.. "നരസിങ്കം"....
(വാമനന്‍ എങ്ങനെയെന്ന് പിടികിട്ടുന്നില്ല..അലോചിച്ച് പിന്നെ പറയാം.. ഗിവ് മി ടൈം)
അഛന്റെ വാക്ക് കണ്ണടച്ചു വിശ്വസിക്കുന്നതിനാല്‍, അച്ഛനുവേണ്ടി എന്തും ചെയ്യുന്നതിനാല്‍.. ഭാര്‍ഗവരാമന്‍
കൈ-മെയ് ബലത്താല്‍ ജാനകീ ഹൃദയം കവരുന്നതിനാല്‍ ശ്രീരാമന്‍.
എന്താണ് ഇന്ദുചൂഡന്റെ ഫ്യൂചര്‍ പ്ലാന്‍സ് എന്ന് ചോദിക്കുമ്പോള്‍ "ഞാന്‍ ഇവിടെ കൃഷിയൊക്കെ നോക്കി" എന്ന് പറയുന്നിടത്ത് കലപ്പയേന്തിയ ബലരാമന്‍.
സ്വന്തം പെങ്ങളെ വീട്ടുകാരുടെ എതിര്‍പ്പനെ വകവെയ്ക്കാതെ കൂട്ടുകാരന് കല്യാണം ചെയ്ത് കൊടുക്കാന്‍ തീരുമാനിക്കിന്നിടത്ത് ശ്രീകൃഷ്ണന്‍.
പിന്നെ മണപ്പിള്ളീ പവിത്രനെതിരേ വാളോങ്ങുമ്പോള്‍ സാക്ഷാല്‍ കല്‍ക്കി...
ദേ ഇങ്ങനെ ഒക്കെ വിവക്ഷകൊണ്ട് വെറുമൊരു ഡിങ്കന് നരസിങ്കത്തെ മറ്റൊരു ടെന്‍ കമാന്റ്മെന്റ്സ് ആക്കാമെങ്കില്‍ ചാരുവിന് പുതുപ്പേട്ടയെ കുറസോവന്‍ മൂവിയേക്കാള്‍ വലുതാക്കാം :)
(പക്ഷേ പുതുപ്പേട്ട കൊള്ളാം...)
നരസിംഹം വായന ഒരു സംഭവമാണ് ഡിങ്കാ.. ഇത്രയും തീരെ പ്രതീക്ഷിച്ചില്ല.. അല്ലാ, അതില്‍ ചില കാര്യങ്ങളൊക്കെയുണ്ട് ! ചാരു പറഞ്ഞിട്ടാണ് ഞാന്‍ പുതുപേട്ടൈ, മൊഴി, പരുത്തിവീരന്‍ എന്നിവ കാണുന്നത്..
ReplyDeleteപുതുപേട്ടൈ ആദ്യ (ദക്ഷിണേന്ത്യന്‍ ?) സബാള്‍ട്ടന്‍ മൂവി കൂടിയാണെന്ന്...
അപ്പോള്‍ ആരും ‘സീറോ ഡിഗ്രി‘ വായിച്ചില്ലേ?
നരസിംഹം അടക്കം ഇപ്പറയുന്ന സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. ഇനി പരുത്തിവീരന്‍ കാണാന്‍ ഒരു ശ്രമം നടത്തണം.
ReplyDeleteസീറോഡിഗ്രി ഒരു സംഭവമായിരുന്നു കേട്ടോ. നോണ്‍ ലീനിയര്‍ മെത്തേഡ് ഫിക്ഷനില്‍ ഉപയോഗിച്ച ഒരു അപൂര്‍വ്വസാധനം.