April 28, 2008

കണ്ണാടികള്‍ ചുറ്റിലും





ഏപ്രില്‍ 24,2008, വ്യാഴാഴ്ച.

“പ്രതിരോധകുത്തിവെപ്പെടുത്ത നാലുകുട്ടികള്‍ മരിച്ചു.”
ചെന്നൈ : അഞ്ചാം പനിയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവെപ്പിനെതുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍
നാലു പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു.
(മാതൃഭൂമി)


“ ചെന്നൈയില്‍ പോളിയോ മരുന്നു നല്‍കിയ നാലു കുട്ടികള്‍ മരിച്ചു.”
ചെന്നൈ : തിരുവള്ളൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പോളിയോ മരുന്നു നല്‍കിയതിനെ തുടര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു.
(മലയാള മനോരമ)



ഏപ്രില്‍ 25, 2008, വെള്ളിയാഴ്ച.

“ബസ് മാറി; പാലായില്‍ നിന്നു ഗോപിക തലസ്ഥാനത്തെത്തി.“
തിരു: കോട്ടയം പാലാ കാവുങ്കണ്ടം കടനാട്ട് മേടയില്‍ വീട്ടില്‍ സജി മകളെ നെഞ്ചോടു ചേര്‍ത്തു. പാലായില്‍ ചക്കാമ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് കടനാട്ടുള്ള വീട്ടിലേയ്ക്ക് പോകാനിറങ്ങിയ പത്തു വയസ്സുകാരിയാണ് ബസു തെറ്റി നാലു ജില്ലകളും ഇരുന്നൂറോളം കിലോമീറ്ററുകളും താണ്ടി തലസ്ഥാനത്തെത്തിയത്.
(മലയാള മനോരമ)


“വീടുവിട്ടിറങ്ങിയ ബാലികയെ പിടികൂടി”
തിരു: അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ റെയില്‍‌വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി വിട്ടുകരെ വിവരമറിയിച്ചു. പാലാസ്വദേശിനിയായ പതിനൊന്നുകാരിയെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് സംശയം തോന്നിയ അധികൃതര്‍ പിടികൂടിയത്.
(മാതൃഭൂമി)


മലയാളത്തിലെ രണ്ടു പ്രമുഖപത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ വ്യത്യസ്തമായ മുഖങ്ങളാണിവ. മുഖം മാത്രമല്ല മൊത്തം വ്യത്യാസപ്പെട്ടാണിരിക്കുന്നതെന്ന് ശ്രദ്ധിച്ചാലറിയാം. വാര്‍ത്തകളിലേയ്ക്ക് ഒന്നുകൂടി കണ്ണോടിക്കുക. അഞ്ചാം പനിയ്ക്കെതിരെയുള്ള കുത്തിവെപ്പാണോ, പോളിയോ പ്രതിരോധമരുന്നാണോ കുഞ്ഞുങ്ങളെ കൊന്നത്? പതിനൊന്നു വയസ്സുകാരി ഗോപിക വീട്ടുകാരോടു പിണങ്ങിയാണോ, ബസുമാറി കയറി വഴിതെറ്റിയാണോ തിരുവനന്തപുരത്തെത്തിയത്?

പത്രങ്ങള്‍ക്ക് തീര്‍ച്ചയായും കച്ചവടതാത്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളുമുണ്ട്. അതനുസരിച്ച് വാര്‍ത്തകളുടെ കണ്ടെത്തലിലും അവതരണത്തിലും മാറ്റങ്ങളുണ്ടാവും. അത്തരം പക്ഷപാതങ്ങള്‍ക്ക് ഒരു സാദ്ധ്യതയുമില്ലാത്ത രണ്ടു സംഭവങ്ങളാണ്, ഇവിടെ പരാമര്‍ശ വിധേയമായത്. 1995 മുതല്‍ നമ്മുടെ നാട്ടില്‍, ഇന്ത്യയില്‍ ഊര്‍ജ്ജിതമായി നടക്കുന്ന പരിപാടിയാണ് പോളിയോ പ്രതിരോധം, നിര്‍മ്മിച്ച കമ്പനിയേതെന്നറിയാതെ, എക്സിപിയറി ഡേറ്ററിയാതെ, സൌജന്യമായി തുള്ളിമരുന്ന് ആശുപത്രികള്‍ക്കു പുറമേ ബസ് സ്റ്റാന്‍ഡുകളിലും സ്കൂളുകളിലും കെട്ടിയുണ്ടാക്കിയ താത്കാലിക ഷെഡ്ഡുകളില്‍ വച്ച് ആറുമാസം മുതല്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ വായിലിറ്റിച്ചുകൊടുക്കുകയാണ് നാം. അക്ഷരാഭ്യാസം പോലുമില്ലാത്ത മാതാപിതാക്കള്‍ക്ക് ബോധമുണ്ടാക്കാന്‍ മരുന്നിന്റെ പ്രാധാന്യവും തിയ്യതിയും ഓര്‍മ്മപ്പെടുത്താന്‍ സിനിമാതാരങ്ങള്‍. വര്‍ഷാവര്‍ഷം അരങ്ങേറുന്ന ഈ പരിപാടി സമ്പൂര്‍ണ്ണ പോളിയോ നിര്‍മ്മാര്‍ജ്ജനം എന്നാണ് അറിയപ്പെടുന്നത്. വര്‍ഷം എത്രയായി? സമ്പൂര്‍ണ്ണമായി എന്തെങ്കിലും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടോ? പോളിയോ വിരുദ്ധസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാജന്‍ സിന്ധു പറയുന്നത് പോളിയോ രോഗികളുടെ എണ്ണം മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ചു കൂടിയിരിക്കുന്നു, ഇന്ത്യയില്‍ എന്നാണ്. (സാജനും ഡോ. ഹരിയും ചേര്‍ന്നാണ് കേരളത്തിലെ പോളിയോ വിരുദ്ധസമരങ്ങള്‍ നയിക്കുന്നത്, ഈ മരുന്നുകൊടുപ്പിന്റെ കച്ചവടവും അര്‍ത്ഥരാഹിത്യവും തെളിയിക്കുന്ന അതിവിപുലമായ ഒരു ഡേറ്റാബെയ്സ് സാജന്‍ സൂക്ഷിക്കുന്നുണ്ട്). അഞ്ചാം പനിയ്ക്കെതിരെയുള്ളത് തുള്ളിമരുന്നല്ല, കുത്തിവയ്പാണ്. (MMR Vaccine) മണ്ണനും മുണ്ടിനീരിനും പുറമേ ഇന്ത്യയിലിന്നുവരെ കണ്ടിട്ടില്ലാത്ത റുബെല്ലാ എന്ന ജര്‍മ്മന്‍ മണ്ണനും (Measles, Mumps, Rubella)കൂടി ചേര്‍ന്നാണ് ഈ കുത്തിവയ്പ്. എന്തായാലും പോളിയോയ്ക്കെതിരെയുള്ള തുള്ളിമരുന്നും അഞ്ചാംപനിക്കെതിരെയുള്ള വാക്സിനേഷനും എന്തായാലും ഒന്നാവില്ല.


വാര്‍ത്തകളുടെ പിന്നിലേയ്ക്കു പോയി, അതിനാസ്പദമായ സംഭവത്തിലൊന്നു മനസ്സൂന്നുക. തന്റെ കുഞ്ഞോമനകള്‍ക്ക് ഒരസുഖവുമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെയാണ്, പ്രതിരോധ കുത്തിവയ്പു നടത്തുന്ന സ്ഥലങ്ങളിലേയ്ക്ക് ഒന്നുമറിയാതെ അമ്മമാര്‍ കുഞ്ഞുങ്ങളെയും കൊണ്ടു വരുന്നത്. ഒരു ചോദ്യവുമില്ലാതെ. എന്നിട്ട് ആരുടെ തെറ്റായാലും അവര്‍ക്കു കിട്ടുന്നത് കുഞ്ഞുങ്ങളുടെ മരണമാണ്. സാമൂഹികമായ നീതിബോധം ഏറ്റവും ജാഗ്രത്താവേണ്ട നിര്‍ണ്ണായകമായ ഒരു നിമിഷം. കാരണം നമ്മളെല്ലാം കുഞ്ഞുങ്ങളെയും കൊണ്ട് രാജ്യം സൌജന്യമായി ചൊരിയുന്ന പ്രതിരോധമരുന്നുകളുടെ ബൂത്തില്‍ ചെന്നു വരി നിന്നവരാണെന്ന്, നില്‍ക്കേണ്ടവരാണെന്ന് ആലോചിക്കുക. അപ്പോള്‍ പോളിയോ തുള്ളി മരുന്നായിരുന്നോ അഞ്ചാം പനിയ്ക്കുള്ള വാക്സിനായിരുന്നോ കുഞ്ഞുങ്ങളെ കൊന്ന വില്ലന്‍ എന്നു നാം അറിയേണ്ടതില്ലേ? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നറിയേണ്ടേ? ആരുടെ ഉദാസീനതയും രാഷ്ട്രീയവുമാണിതിനു പിന്നില്‍ എന്ന് അപഗ്രഥിക്കേണ്ടതല്ലേ? വാര്‍ത്ത കൊടുത്ത രീതിയ്ക്കുമുണ്ട് പ്രത്യേകത. മാതൃഭൂമി ചരമങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്ന പേജില്‍ അതൊതുക്കി. പല മരണങ്ങള്‍ പോലെ ദാ നാലെണ്ണം കൂടി മരിച്ചു എന്ന മട്ടില്‍. മനോരമ മുന്‍‌പേജില്‍ തന്നെ കൊടുത്തു (വൈകി കിട്ടിയ വാര്‍ത്തയായതിനാലുമാവാം) പക്ഷേ മരുന്ന് പോളിയോയുടെയാക്കി. എന്തായാലെന്ത് എന്ന മട്ട്. (കൂട്ടത്തില്‍ പറയട്ടേ, പോളിയോയ്ക്ക് പ്രതിരോധമായി ഇന്ത്യയില്‍ കുത്തിവയ്പ് നാളിതുവരെ ഇല്ല)

പാലായില്‍ നിന്ന് വഴിതെറ്റി തിരുവനന്തപുരത്തെത്തിയ ബാലികയുടെ കഥ ‘മനോരമ‘ ഒരു ഫീച്ചറുപോലെ ആകര്‍ഷകമാക്കിയാണു പറയുന്നത്. “അച്ഛന്‍ മകളെ നെഞ്ചോടു ചേര്‍ത്തു, കൈവിട്ടു പോയ മുത്തിനെ തേടിയെത്തിയ ബന്ധുക്കള്‍ അതു കണ്ടു കണ്ണീര്‍ വാര്‍ത്തു“ എന്ന മട്ടില്‍ റിയാലിറ്റി ഷോയുടെ മസാലക്കൂട്ടുകലെല്ലാം സുസജ്ജം. അഞ്ചാം ക്ലാസിന്റെ മിടുക്കു ചോരാതെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകള്‍ പോലീസിനു നല്‍കാന്‍ കഴിഞ്ഞതാണ് കാര്യങ്ങളെ എളുപ്പമുള്ളതാക്കിയതത്രേ. പോലീസിന്റെ മിടുക്കിനുമുണ്ട് പത്രം വക അഭിനന്ദനം. വാര്‍ത്തയില്‍ പെണ്‍കുട്ടിയ്ക്ക് വഴിതെറ്റിയതു തന്നെയാണ്. നൂറുതരം. ബന്ധു വീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ പോകാന്‍, എട്ടും പൊട്ടും തിരിയാതെ, പെണ്‍കുട്ടി പ്രൈവറ്റ് ബസ് എന്നു വിചാരിച്ചു, ദീര്‍ഘദൂര കെ എസ് ആര്‍ ടി സിയില്‍ കയറിയതാണ് പ്രശ്നം ഗുരുതരമാക്കിയത്. കണ്ടക്ടര്‍ക്കുമുണ്ട് അതിലൊരു കുത്ത്. അയാള്‍ അരടിക്കറ്റു നല്‍കി പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ടു! ‘മാതൃഭൂമി‘യില്‍ പ്ലേറ്റു നേരെ തിരിയുന്നു. അച്ഛനമ്മമാരോടു പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ തമ്പാനൂര്‍ സ്റ്റേഷന്റെ പരിസരത്തു വച്ച് അധികൃതര്‍ ‘പിടികൂടുക‘തന്നെയായിരുന്നു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് മാതാപിതാക്കളുടെ നമ്പര്‍ പോലീസ് കണ്ടെത്തിയത്. മാതൃഭൂമിയുടെ ഭാഷ തന്നെ നേരത്തേ കണ്ട മനോരമയിലേതില്‍ നിന്നു വളരെ വ്യത്യസ്തം. ‘പിടികൂടി’ എന്ന വാക്കിന്റെ ആവര്‍ത്തനത്തില്‍ തന്നെ ഒരു കര്‍ക്കശത്വമുണ്ട്. മയക്കുമരുന്നും കള്ളക്കടത്തും പിടികൂടുന്നു. പോക്കറ്റടിക്കാരനെയും കൊലപാതകിയെയും തീവ്രവാദിയെയും പിടികൂടുന്നു. പതിനൊന്നു വയസ്സുള്ള ബാലികയെയും പിടികൂടുന്നു.

ഒന്നാലോചിച്ചു നോക്കിയാല്‍ ഇവ ചെറിയ വ്യത്യാസങ്ങളൊന്നുമല്ല. ഈ ഭീമമായ വ്യത്യാസങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ സംഭവം എന്തായിരിക്കും? വാര്‍ത്തകള്‍ എന്തായാലും ശൂന്യകാശത്തു നിന്ന് കയറ്റി അയച്ചവയല്ല. നമ്മുടെ പരിസരങ്ങളില്‍ നിന്ന് കണ്ടെടുത്തവയാണ്. വാര്‍ത്താ ഉപഭോഗം ഏറ്റവും മുന്തി നില്‍ക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ടാവുമോ ഇങ്ങനെ? നമുക്കു ചുറ്റും ദൃശ്യങ്ങളായും കേള്‍വിയായും മഷിപുരണ്ട അക്ഷരങ്ങളായും നിറയുന്ന വാര്‍ത്തകളുടെ പ്രളയത്തില്‍ ‘ശരി‘ കണ്ടെടുക്കുന്നതെങ്ങനെ?
മൂന്നാമതൊരു പത്രം നോക്കിയാലും തീരില്ല പ്രശ്നം. അതില്‍ സംഗതി മറ്റൊന്നാവാനുള്ള സാദ്ധ്യത തീരെ ഇല്ലാതില്ല. ‘ചിക്കന്‍പോക്സിനുള്ള പ്രതിരോധമരുന്നു കുത്തിവച്ചു കുഞ്ഞുങ്ങള്‍ മരിച്ചു‘ എന്നായിരുന്നു, ഒരു വാര്‍ത്താചാനല്‍ ഈ ന്യൂസ് ആദ്യം അവതരിപ്പിച്ചത് എന്നു കേള്‍ക്കുന്നു. അപ്പോള്‍ നാലാമത്തേത്, അതു ശരിയാണോ എന്നു പരിശോധിക്കാന്‍ അഞ്ചാമത്തേത്........... പരസ്പരാഭിമുഖമായി പിടിക്കേണ്ടി വരുന്ന കണ്ണാടികളുടെ ലോകത്തെപ്പറ്റി എഴുതിയത് ആനന്ദാണ്. കണ്ണാടികളാണ് ചുറ്റുമെങ്കില്‍ വാസ്തവം, നീതിബോധത്തോടൊപ്പം മറ്റെവിടെയെങ്കിലുമായിരിക്കും. അയഥാര്‍ത്ഥ പ്രതിബിംബങ്ങളുടെ, പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ (വിര്‍ച്വല്‍ റിയാലിറ്റി) ഒരു ലോകത്താണ് കണ്ണാടികള്‍ നമ്മെ ജീവിക്കാന്‍ വിടുന്നത്. വിവരങ്ങള്‍ കൂടുന്നതിനനുസരിച്ച് അനിശ്ചിതത്വവും കൂടും. നിസ്സംഗത, ഉദാസീനത, അതാര്യത, ജഡത ഇവയെല്ലാം സാമൂഹികതയുടെ അന്ത്യത്തിന്റെ സൂചനകളാണെന്ന് മുന്നറിയിപ്പു തന്ന ഴാങ്ങ് ബോദ്രിയാറുടെ ഒരു ശീര്‍ഷകവും കൂടിയാണ് “The Mirror Of Production” പ്രാദേശികം, ദേശീയം, അന്തര്‍ദേശീയം എന്നിങ്ങനെ വാര്‍ത്തകളുടെ പ്രളയത്തെ രാവിലത്തെ ചായയ്ക്കൊപ്പം ഊതിക്കുടിച്ച് സായൂജ്യമടയുന്ന മലയാളിയുടെ പ്രബുദ്ധത ജീവിക്കുന്നത് സത്യത്തില്‍ യഥാര്‍ത്ഥലോകത്തു തന്നെയാണോ?
പകര്‍പ്പുകളാണ് നമ്മുടെ തത്ത്വവിചാരങ്ങളുടെ വിവരമൂലധനം എന്നതിനാല്‍ നമ്മുടെ ചെയ്‌വനകളില്‍ യുക്തി എന്തെങ്കിലുമുണ്ടോ?
നമ്മുടെ ബൌദ്ധിക ജീവിതം തനി കാപട്യമാണോ?
അതു നമ്മള്‍ അറിയാതിരിക്കുന്നതാണോ?

April 23, 2008

കവിത പറക്കുന്ന ദൂരങ്ങള്‍



പെരിങ്ങോടന്‍ said...
കവിതകൊണ്ട് നിഘണ്ടു പൂര്‍ത്തിയാക്കുന്നവന്‍.
(‘വഴുക്ക്’ എന്ന കവിതയുടെ കമന്റ്)


‘ലാപുട‘ എന്ന ‘പറക്കുന്ന ദ്വീപില്‍‘ ജോലിക്കാരല്ലാത്തവരെല്ലാം ചിന്തകരാണ്. ഇടത്തോട്ടോ വലത്തോട്ടോ ചരിച്ചു വച്ച നിലയിലാണ് സാധാരണക്കാരുടെ പോലും തലകള്‍. കമ്പില്‍ ബാലൂണുകള്‍ കെട്ടി വച്ചതുപോലൊരു ഉപകരണം കൊണ്ട് ജോലിക്കാര്‍ യജമാനന്മാരുടെ ഏതിന്ദ്രിയത്തിലുരസ്സുന്നോ ആ ഇന്ദ്രിയം മാത്രം പ്രവര്‍ത്തനക്ഷമമാവും. സദാ ചിന്തയിലാണ്ടിരിക്കുന്ന യജമാനമാരെക്കൊണ്ടു സംസാരിപ്പിക്കണമെങ്കില്‍ ചുണ്ടുകളിലുരസ്സണം. പറയുന്നത് കേള്‍ക്കണമെങ്കില്‍ അവരുടെ കാതുകളിലുരസ്സണം. അപ്പോള്‍ അവര്‍ കേള്‍ക്കുകമാത്രം ചെയ്യും. അങ്ങനെ. ആലോചനകളുടെ മഹാപ്രവാഹത്തില്‍പ്പെട്ട് ഉണ്ണാനും ഉറങ്ങാനുമവര്‍ മറന്നു പോകുന്നു. സംഗീതത്തിലും ശാസ്ത്രത്തിലും മാത്രം മുഴുകി ജീവിക്കുന്ന ഒരു ജനത. ചിന്തയുടെ ഒരു മഹാഭൂഖണ്ഡം. സൌരയൂഥത്തില്‍ വിതാനിച്ച ഗ്രഹങ്ങള്‍, ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതിനെപ്പറ്റി, സൂര്യന്‍ തന്റെ ആകര്‍ഷണശക്തികൂട്ടി, തന്നില്‍ നിന്നു പിരിഞ്ഞുപോയ ഭൂമിയെ തിരിച്ചെടുക്കന്നതിനെപ്പറ്റിയൊക്കെ അവര്‍ ആശങ്കാകുലരാണെങ്കിലും രാപകലില്ലാത്ത ചിന്തയുടെ സദ്ഫലങ്ങള്‍ ദ്വീപുവാസികള്‍ക്കുണ്ട്. അതുകൊണ്ടാണല്ലോ ദ്വീപ് കാന്തശക്തിയുള്ള കല്ലിനാല്‍ പറന്നു നടക്കുന്നത്. പക്ഷേ അതിഗംഭീരങ്ങളായ പരീക്ഷണങ്ങളുടെ ഈ ഈറ്റില്ലത്തില്‍ വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യമില്ല. ഗള്ളിവര്‍ മടുത്തു പോയത് അക്കാരണത്തലാണ്.

പറക്കുന്ന ദ്വീപിനു താഴെ അതിന്റെ ഒരപരം കൂടി സൃഷ്ടിച്ചിട്ടുണ്ട്, ജൊനാതന്‍ സ്വിഫ്റ്റ്. ‘ലാപുട’യില്‍ നിന്ന് നേരെ വിരുദ്ധമായി, അനാഥവും ദരിദ്രവുമായ മറ്റൊരു ദ്വീപ്. അവിടെ നിന്ന് കുറേപേര്‍ മുന്‍പ് ‘പറക്കും ദ്വീപി’ലേയ്ക്ക് പോയിരുന്നു. അതിനു ശേഷമാണ് നല്ലവണ്ണം കൃഷിചെയ്ത് ജീവിച്ചിരുന്ന ആളുകളുടെ ഈ തുരുത്ത് അലസന്മാരുടെ വകയായി കുത്തഴിഞ്ഞു പോയത്. നാട് സ്വര്‍ഗമാക്കി മാറ്റാനുള്ള പരീക്ഷണങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നത്, പക്ഷേ നാടു കുട്ടിച്ചോറായിക്കഴിഞ്ഞിരിക്കുന്നു. പരീക്ഷണങ്ങളുടെ സാമ്പിളുകള്‍ ഇങ്ങനെ : സൂര്യരശ്മികള്‍ കൊണ്ടുണ്ടായ വെള്ളരിക്കയില്‍ നിന്ന് എന്തുകൊണ്ട് സൂര്യരശ്മികളെ വേര്‍തിരിച്ചു കൂടാ? വീടുപണി അടിത്തറതൊട്ടു തന്നെ തുടങ്ങേണ്ടതുണ്ടോ, മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്കും പണിഞ്ഞു കൂടേ? നിലമുഴുന്ന ജോലി പന്നികളെക്കൊണ്ടു ചെയ്യാന്‍ പറ്റില്ലേ? ചിലന്തികളെക്കൊണ്ട് നേര്‍മ്മയില്‍ നെയ്ത്തു പണി എങ്ങനെ ചെയ്യിക്കാം? പറയുകയോ എഴുതുകയോ വായിക്കയോ ചെയ്യാതെയുള്ള ഒരു ഭാഷ സാദ്ധ്യമല്ലേ? ആ മൂകഭാഷയല്ലേ ലോകഭാഷയാവേണ്ടത്? ഗണിതസമവാക്യങ്ങള്‍ കടലാസ്സിലെഴുതിക്കഴിച്ചാലും മനസ്സിലാക്കാന്‍ പറ്റില്ലേ? വ്യത്യസ്ത ഗുണങ്ങളുള്ള വ്യക്തികളുടെ മസ്തിഷ്കഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അസാധാരണ കഴിവുകളുള്ള ഒരാളിനെ സൃഷ്ടിച്ചുകൂടേ? ശത്രുക്കളെ മിത്രങ്ങളാക്കാന്‍ അവയവങ്ങള്‍ മാറ്റി വച്ചാല്‍ സാദ്ധ്യമല്ലേ?

തുരുത്തുകള്‍ രണ്ടും വിപരീത ദ്വന്ദങ്ങളാണ്. ലില്ലിപ്പുട്ടുകളെ പ്രൊജക്ട് ചെയ്ത് ബ്രോബ്‌ഡിങ്നാഗുകളെ സൃഷ്ടിച്ച സ്വിഫ്റ്റിന്റെ ഭാവന, സ്ഥലപരമായി തീര്‍ത്ത മറ്റൊരു പാരഡോക്സാണ് ‘ലാപുട‘കള്‍. ഒന്ന്, വിജയിച്ച പരീക്ഷണങ്ങളുടെ ആകാശത്തിലും മറ്റേത്, അപ്രായോഗിക ഗവേഷണങ്ങളുടെ ഭൂമിയിലും. ആദ്യത്തേത്, ചിന്തകള്‍ കൊണ്ട് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിയത്. രണ്ടാമത്തേത്, അനുകരണം കൊണ്ടു സ്വത്വം കളഞ്ഞു കുളിച്ചത്. വൈകാരികതയുടെ കാര്യത്തിലുമുണ്ട് ഇവയ്ക്ക് ഭിന്നത. പതിനേഴാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍, വൈരുദ്ധ്യങ്ങളെ മുഖാമുഖം നിര്‍ത്തിക്കൊണ്ട് നിര്‍മ്മിച്ച ഭാവനാത്മകമായ ഒരു സ്ഥലഖണ്ഡത്തെ തന്റെ ‘സൈബര്‍സ്പെയിസി‘ലെ മേല്‍‌വിലാസമാക്കാന്‍, പുതിയ കാലത്ത്, പുതിയ (സാങ്കേതികതയുടെ) ലോകത്ത് ജീവിച്ചിരിക്കുന്ന മറ്റൊരെഴുത്തുകാരന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം ഒപ്പം (തന്റെ രചനകളില്‍, ബോധപൂര്‍വമോ അബോധപൂര്‍വമോ ‍) സ്വാംശീകരിക്കുന്നത് ഏതെല്ലാം മൂലകങ്ങളെയാണെന്ന് ആലോചിച്ചു നോക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു. കവിതയുടെ വഴിത്താര അവയെ എങ്ങനെ പരിഷ്കരിച്ചു എന്നും.


ലാപുട
എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിത
‘സ്റ്റുഡിയോ’
യില്‍ തന്നെ ടി പി വിനോദ്, വൈരുദ്ധ്യങ്ങളെ അഭിമുഖം നിര്‍ത്തുക എന്ന പതിവു തുടങ്ങി വച്ചു എന്നു കാണുക. ഫോട്ടോയും നെഗറ്റീവും തമ്മിലുള്ള ഒരു ചെറിയ സംഭാഷണ ശകലമാണ് ‘സ്റ്റുഡിയോ.’ പരസ്പരം കുറ്റപ്പെടുത്തലാണ് അത്. നെഗറ്റീവിന്റെ അതിവിനയം തനിക്ക് അരോചകമാണെന്ന് ഫോട്ടോ പറയുന്നു. നിറ ധാരാളിത്തത്താല്‍ നീ കോമാളിയാവുന്നു എന്ന് ഫോട്ടോയോട് നെഗറ്റീവും. രണ്ടു വസ്തു നിഷ്ഠയാഥാര്‍ത്ഥ്യങ്ങളുടെ പരസ്പരാഭിമുഖത്തിനു പുറമേ ഈ ചെറിയ കവിത ഉള്ളടക്കുന്ന മറ്റു വൈരുദ്ധ്യങ്ങള്‍ കൂടിയുണ്ട്. വര്‍ണ്ണസംബന്ധിയാണതിലൊന്ന്. കറുപ്പും വെളുപ്പുമെന്ന വൈരുദ്ധ്യത്താല്‍ തന്നെ നിര്‍മ്മിതമാണ് നെഗറ്റീവിന്റെ സ്വത്വം. പ്രത്യേക പ്രകരണത്തില്‍ അവ രണ്ടും ഐക്യപ്പെടുകയും കളര്‍ ചിത്രത്തിന്റെ ധാരാളിത്തത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു. കളര്‍ ചിത്രത്തിലെ തന്നെ നിറങ്ങള്‍ ഇതുപോലെ പരസ്പരശത്രുക്കളാണ്, ഒറ്റയ്ക്കെടുത്താല്‍. പരസ്പരം കാരണങ്ങളാവുന്ന രണ്ട് വസ്തുക്കളാണ് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത് എന്നത് ശ്രദ്ധേയം. നെഗറ്റീവ് ഒരര്‍ത്ഥത്തില്‍ ഫോട്ടോയുടെ കാരണമാണ്. കാര്യം തന്നെ കാരണത്തെ നിഷേധിക്കുന്നു എന്നത് വൈരുദ്ധ്യമാണ്. കറുപ്പ്, വെളുപ്പ് എന്നുള്ളത് ‘അതിവിനയമാണെ‘ന്നതും നിറങ്ങള്‍ ‘ധാരാളിത്ത‘മാണെന്നതുമായ കാഴ്ചപ്പാടിന്റെ സ്രോതസ്സാണ് മറ്റൊരു ഘടകം. സാംസ്കാരിക പഠനത്തിലൂടെ അഴിച്ചെടുക്കേണ്ടതാണ് ഈ ‘അതിവിനയ/ ധാരാളിത്ത‘ ദ്വന്ദ്വം. സത്യത്തില്‍ ധാരാളിത്തത്തിനു പകരം വച്ചതു കൊണ്ട് കറുപ്പും വെളുപ്പും പിശുക്കാവേണ്ടതല്ലേ? ആ തരത്തില്‍ അതു പരിചരിക്കപ്പെടാതെ പോയതിന്റെ കാരണം മാറിവരുന്ന കാലത്തിന്റെ പെരുമാറ്റച്ചട്ടങ്ങളില്‍ തിരക്കിയാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. (അതി)‘വിനയം‘ വരിഷ്ഠഗുണമായിരുന്ന ഫ്യൂഡല്‍ കാലഘട്ടം മാഞ്ഞുപോയതിനെപ്പറ്റിയുള്ള സൂചനയാണ് ഫോട്ടോയുടെ വാക്കുകളില്‍ നെഗറ്റീവിനെ ‘കാലഹരണ‘പ്പെട്ടവനാക്കുന്നത്. അതേ സങ്കേതം ഉപയോഗിച്ച് ധാരാളിത്തത്തെ ‘ഉപഭോഗകാല‘ത്തെ അടയാളപ്പെടുത്തുന്ന ചിഹ്നമായും വായിക്കാം. അങ്ങനെ രണ്ടു വിരുദ്ധകാലങ്ങള്‍ കൂടി മുഖാമുഖം നില്‍ക്കുന്നു ഇവിടെ എന്നു പറയാം. കോമാളിയിലെ ചിരിയും കരച്ചിലും കൂടി കണക്കിലെടുക്കുക. (ദുരന്തത്തിനും തമാശയ്ക്കുമിടയില്‍ നേരിയ വരമാത്രമല്ലേയുള്ളൂ - അയനസ്കോ) കോമാളിയാവുന്നത് ആരാണെങ്കിലും അതിലൊരു ദുരന്തമുണ്ട്. അയാള്‍ക്കത് വിഷാദവും മറ്റുള്ളവര്‍ക്ക് തമാശയും. (വൈരുദ്ധ്യങ്ങളെ കവിതയ്ക്കകത്തു നിര്‍ത്തി വിശകലനം ചെയ്യുന്നവയാണ് വിനോദിന്റെ കവിതകളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍. അവയുടെ സൂക്ഷ്മമായ പ്രകരണഭേദങ്ങളുമുണ്ട്. കറുപ്പ്/വെളുപ്പ്, ഓര്‍മ്മ/മറവി, ഉണ്മ/ഇല്ലായ്മ, കൊഴുപ്പ്/ഉണക്കം, ഇരുട്ട്/വെട്ടം, നനവ്/ഉണക്ക്, സ്ഥൈര്യം/വഴുക്ക്, ഉണര്‍വ്/സ്വപ്നം, ജീവിതം/മരണം.......അങ്ങനെ എത്ര വേണമെങ്കിലുമെടുക്കാം ഉദാഹരണങ്ങള്‍)

മനുഷ്യന്റെ സാംസ്കാരികലോകത്തെയും അവന്റെ പ്രശ്നസാഹചര്യങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് അവന്റെ തന്നെ നിര്‍മ്മിതിയായ രണ്ടു അചേതനങ്ങള്‍ ഇങ്ങനെയൊരു സംവാദത്തിലേര്‍പ്പെട്ടിരിക്കാന്‍ സാദ്ധ്യതയുള്ള ലോകമേതാണ്? പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുമെങ്കിലും സ്വാഭാവികയുക്തിയ്ക്കു നിരക്കുന്ന വ്യാഖ്യാനം അപ്രസക്തമാകുന്ന ഒരു തലം കവിതകള്‍ പൊതുവേ അവലംബിക്കാറുണ്ട്. ‘ഭ്രമാത്മക സാഹിത്യത്തിന് ഒരു മുഖവുര’ എഴുതിയ സ്വെതാന്‍ ടൊഡൊറോവ് (Tzvetan Todorov) ‘ഭ്രമാത്മക തലം’ (fantastic realm) സാദ്ധ്യമാവുന്ന അവസ്ഥയെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്. ചില രചനകള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതിഭൌതിക വ്യാഖ്യാനം ആവശ്യമാണ്. മറ്റു ചിലവയ്ക്ക്, അവ യുക്തിയ്ക്ക് നിരക്കുന്നതല്ലെങ്കില്‍ കൂടി സ്വാഭാവികമായ വിശദീകരണവും സാദ്ധ്യമാണ്. ഇവയ്ക്കു രണ്ടിനുമിടയില്‍ അന്തിച്ചു നില്‍ക്കുമ്പോഴാണ് ഒരു രചനയില്‍ ‘ഭ്രമാത്മകതലം’ ഒരു യാഥാര്‍ത്ഥ്യമാവുന്നത്. ബാഹ്യലോകത്തിന്റെ പകര്‍പ്പുകളാണെങ്കില്‍ കൂടി ഫോട്ടോകള്‍ക്കും നെഗറ്റീവുകള്‍ക്കും സ്വയമൊരു ലോകമുണ്ട്. വിനോദിന്റെ കവിതകളിലാകെ തന്നെ ഇത്തരമൊരു സ്വപ്നാത്മകമായ ലോകത്തിന്റെ സാന്നിദ്ധ്യമുണ്ട്. (ഗള്ളിവര്‍ എത്തിപ്പെടുന്ന തുരുത്തുകളെല്ലാം തന്നെ ഒരു കിനാക്കണ്ണിന്റെ സന്തതികളല്ലേ?)അചേതനങ്ങള്‍ അവിടെ സംസാരിക്കുകയും വികാരപ്പെടുകയും ചെയ്യുന്നു. രൂപകമെന്നോ (Metaphorical) അര്‍ത്ഥന്തരന്യാസമെന്നോ (Metonymical) ഇവയെ ചുരുക്കിയെടുക്കുക എളുപ്പമല്ല. (അഭേദകല്പനകളുടെ സായൂജ്യത്തെ പിണ്ണാക്കു തന്നെ ആക്രോശിച്ചു റദ്ദാക്കുന്നമട്ടില്‍ മറുകണ്ടം ചാടുന്നതു നോക്കുക, ‘എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു‘ എന്ന കവിതയില്‍ അവസാനം) യാഥാര്‍ത്ഥ്യത്തിനും കിനാക്കാഴ്ചയ്ക്കുമിടയില്‍ അല്ലെങ്കില്‍ ഓര്‍മ്മയ്ക്കും ചരിത്രത്തിനുമിടയില്‍ കുതറുന്ന അവസ്ഥയിലാണ് വിനോദിന്റെ കവിതകളിലെ സ്ഥലകാലങ്ങള്‍ ഏറെയും. ‘സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍‘ എന്ന കവിത പ്രകടമായ ഒരു ഉദാഹരണം. 'അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍' വേറൊന്ന്. ‘പ്രേതാവിഷ്ടം’ എന്ന കവിതയില്‍ കൂടുതല്‍ വെളിവാണ്, സ്ഥലപരമായ വൈരുദ്ധ്യങ്ങള്‍)

രണ്ടു വരിയില്‍ മുഴുമിച്ച സംവാദമാണ് ‘സ്റ്റുഡിയോ‘യുടെ കാതല്‍. കവിതകളുടെ പൊതുസ്വഭാവമായി ഇങ്ങനെ ‘സസ്പെന്‍ഡ്’ ചെയ്യപ്പെട്ട ക്രിയാംശങ്ങളുടെ ആവര്‍ത്തനത്തെ കാണുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. അതിനപ്പുറവും ഇപ്പുറവും കവിതയ്ക്ക് പ്രസക്തമല്ലാതെ വരുന്നു. മനുഷ്യാവസ്ഥകളെ വസ്തുസ്ഥിതികളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുക എന്നതൊരു പൊതു രീതിയായി കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ‘സ്ക്രൂ’വായി, ‘ഈര്‍ച്ച എന്ന ഉപമ‘യായി, ‘വഴുക്കാ‘യി, ‘വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങളാ‘യി, ‘ഒറ്റയ്ക്ക് കേള്‍ക്കുന്നതാ‘യി... അങ്ങനെ അങ്ങനെ.. വൈകാരികമായ മുറുക്കമാണ് കവിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഈ പ്രത്യേകതയ്ക്കു ലഭിക്കുന്ന ലാഭം. ഒരു ജിഗ്സോപസ്സിലിലെന്നപോലെ മാറി വരുന്ന പരിപ്രേക്ഷ്യങ്ങളിലും പശ്ചാത്തലങ്ങളിലും വച്ച് പരിശോധിക്കാനുള്ള സാദ്ധ്യത സൃഷ്ടിക്കുന്നതാണ് വായനയില്‍ ഇതു സൃഷ്ടിക്കുന്ന സൌജന്യം. ഗള്ളിവറുടെ ദ്വീപുകള്‍ ഇതുപോലെ വിച്ഛേദിക്കപ്പെട്ട ജീവിതാവസ്ഥകളുടെ കുറച്ചുകൂടി വലിയ ക്യാന്‍‌വാസിലുള്ള അവതരണമാണ്. അതി വൈചിത്ര്യം നിറഞ്ഞ അനുഭവങ്ങളില്‍ വലിയ പീഡനങ്ങള്‍ക്ക് ഇരയാവുന്നില്ലെങ്കില്‍ കൂടി അയാള്‍ ഒരിക്കലും സന്തുഷ്ടനല്ല. അയാളുടെ അവസ്ഥകളാവട്ടെ മാറിയും തിരിഞ്ഞുമിരിക്കുന്നു. മാനുഷികമായ നിലനില്‍പ്പാണ് കവിതകളുടെ പ്രശ്നമണ്ഡലം. അവ്യക്തമായി ഗള്ളിവറുയര്‍ത്തിയ ചോദ്യം, ആരാണ് താന്‍, തന്റെ ഇടം എന്താണ്, എവിടെയാണത് എന്ന ചോദ്യം, ഉപമാനങ്ങളിലൂടെ മൂര്‍ത്തമാവുന്നതാണ് കവിതയിലും നാം കാണുന്നത്. ഉടഞ്ഞക്കണ്ണാടിക്കഷ്ണങ്ങളില്‍ ഒരേ പ്രതിബിംബം പലതായി പ്രത്യക്ഷമാവുന്നതു പോലെയാണിത് കവിതയില്‍ എന്നു മാത്രം. ഇല, ഇല എന്ന നിലയ്ക്കും കാടായും അനുഭവപ്പെടുന്നു എന്നു ചുരുക്കം.

ക്രിയാംശങ്ങളെ ഒരു ബിന്ദുവില്‍ നിര്‍ത്തി മുറിച്ചെടുക്കുമ്പോള്‍ കവിതയ്ക്കു ലഭിക്കുന്നത് ഒറ്റ ചിത്രങ്ങളുടെ മിഴിവാണ്. കവിത ഒരിന്ദ്രിയത്തിന്റെ കലയല്ലാത്തതുകൊണ്ട്, പൂരണധര്‍മ്മം അനുവാചകനിലേയ്ക്ക് അതിശക്തമായി തന്നെ സംക്രമിക്കപ്പെടുന്നതാണ് അടുത്ത കാഴ്ച. ‘സ്റ്റൂഡിയോ’യിലെ സംഭാഷണം നിര്‍വഹിക്കുന്നത് സംവാദത്തിന്റെ ധര്‍മ്മമാണ്. കവിതയ്ക്കുള്ളിലെ സംഭാഷണത്തിന്റെ സാരം, കവിത പൊതുസമൂഹവുമായി പങ്കുവയ്ക്കേണ്ട ആശയവിനിമയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോദ്ധ്യമായ മനസ്സാണ് അതിനു പിന്നിലെന്നതിന്റെ സാക്ഷിപത്രമാണ്. വിനോദിന്റെ കവിതകള്‍ സ്വാഭാവികമായി തന്നെ ഉള്ളടക്കിയിരിക്കുന്ന ഒരു പ്രത്യേകതയാണ് സംഭാഷണത്തിനുള്ള ഒരു ത്വര. അവ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായമിതാണെന്നു പറഞ്ഞുകൊണ്ടും വായനക്കാരനെക്കൂടി സംസാരത്തിനു ക്ഷണിക്കുന്നു. ഉറക്കെ ചിന്തിക്കുക എന്ന അവസ്ഥ സംജാതമാക്കുന്നു. എഴുത്തിനും വായനയ്ക്കുമിടയിലെ പാലത്തിന്റെ തിണ്ണബലമാണ് പോക്കുവരവുകളുടെ ഊര്‍ജ്ജം. കാഴ്ചയുടെ പരിഭാഷകളായിരിക്കുമ്പോള്‍ തന്നെ അവ ആന്തരികതാളത്താല്‍ കാതുകളെ കൂര്‍പ്പിക്കുന്നു. തീര്‍പ്പുകള്‍ അവതരിപ്പിക്കാത്തതിനാല്‍ വായിക്കുന്ന നാവുകളെ ത്രസിപ്പിക്കുന്നു. പ്രവാചകത്വം അവയില്‍ തീരെയില്ല. അതേസമയം മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തച്ചുകള്‍ അതിസൂക്ഷ്മമായി പണിയുകയും ചെയ്യുന്നു. പലപ്പോഴും തച്ചിനുള്ളില്‍ വീണ്ടും തച്ച്. ചരിത്രത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്കു നിശ്ശബ്ദനാവാന്‍ കഴിയുമ്പോഴും നിലനില്‍പ്പിനെക്കുറിച്ച് നിശ്ശബ്ദനാവാന്‍ വയ്യാത്ത ഒരവസ്ഥയുള്ളതിനാലാണ് അവ സംവാദരൂപിയായി വര്‍ത്തമാനത്തിന്റെ കോശങ്ങളെ തെരുപ്പിടിപ്പിക്കുന്നത്. സ്വിഫ്റ്റ് ഗള്ളിവറുടെ കൈയില്‍ വച്ചു കൊടുത്ത പ്രധാനായുധം സംഭാഷണമാണ്. കാരണം അയാള്‍ക്കു ജീവിക്കേണ്ടതുണ്ട്. അയാള്‍ ഭാഷകള്‍ പഠിക്കുന്നു. വിശ്വസിച്ചാലുമില്ലെങ്കിലും അയാള്‍ അനുഭവങ്ങള്‍ വിവരിച്ചുകൊടുക്കുന്നു, അവര്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ അര്‍ത്ഥത്തില്‍ അയാള്‍ സംഭാഷണത്തിന്റെ മിശിഹായാണ്. ഭ്രമാത്മകമായ ഒരു ലോകത്തിന്റെ ആവിഷ്കാരമാണ് നിര്‍വഹിക്കാനെന്നുള്ളതിനാല്‍ ഏകസ്വരമായി എതുസമയവും പരിണമിച്ചേക്കാവുന്ന യുക്തിയെയാണ് അയാള്‍ (സ്വിഫ്റ്റ് എന്ന എഴുത്തുകാരനും) ഭാഷാവിനിമയത്തിലൂടെ തരണം ചെയ്യുന്നത്. പുതിയ കാലത്തിന്റെ രചനയ്ക്ക്, പ്രത്യേകിച്ച് കവിതയ്ക്ക് ഈ ബാ‍ദ്ധ്യതയില്ല. എഴുത്തുകാരന്റെ സാമൂഹികപ്പൊരുത്തമാണ് തന്റെ രചനകളെ സംഭാഷണത്തിന്റെ വട്ടമേശയായി നിലനിര്‍ത്തണോ വേണ്ടേ എന്നു തീരുമാനിക്കുന്ന ഘടകം.

‘ലാപുട’ എന്ന വൈരുദ്ധ്യങ്ങളുടെ ഭാവനാ ദ്വീപിനെ തന്റെ മേല്‍‌വിലാസമായി സ്വീകരിക്കുമ്പോള്‍ പുതിയ ഒരെഴുത്തുകാരന്‍ തന്റെ സൂക്ഷ്മമായ സ്പര്‍ശമാപിനികള്‍ ഉപയോഗിച്ചു പിടിച്ചെടുത്ത മൂലകങ്ങളില്‍ ചിലതിനെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ രചനകളെ സാമാന്യമായും ‘സ്റ്റുഡിയോ’ എന്ന കവിതയെ വിശേഷമായും അപഗ്രഥിക്കാനാണ് ശ്രമിച്ചത്. ഇവിടെ പറഞ്ഞവയൊക്കെ പലരീതിയില്‍ ശാഖകള്‍ വച്ച് വികസിച്ചിട്ടുണ്ട് പിന്നീടു വരുന്ന കവിതകളില്‍. ഓരോ കവിതയിലും കുടിയിരിക്കുന്ന മൂലകങ്ങളുടെ വൈവിദ്ധ്യം ബഹുലമായതിനാല്‍, അവ അതിസൂക്ഷ്മമായ ഉള്‍പ്പിരിവുകളൊടു കൂടിയവയായതിനാല്‍, ഇതിവിടെ തീര്‍ക്കാന്‍ കഴിയില്ല എന്ന് ഇത്രയും വിവരിച്ചതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.

April 19, 2008

പ്രൊമിത്യൂസ്



പ്രൊമിത്യൂസിനെപ്പറ്റി നാല് കേട്ടുകേള്‍വികളുണ്ട്.

ഒന്നാമത്തേതില്‍, സ്വര്‍ഗത്തിന്റെ രഹസ്യം മോഷ്ടിച്ച് മനുഷ്യര്‍ക്കു നല്‍കിയതില്‍ കോപിച്ച് ദേവന്മാര്‍ അദ്ദേഹത്തെ കൌക്കാസസിലെ പാറയില്‍ തറച്ചിട്ടു. അദ്ദേഹത്തിന്റെ കരളു കൊത്തിതിന്നാന്‍ കഴുകുകളെ അയച്ചു. പക്ഷികള്‍ തിന്നുന്നതിനനുസരിച്ച് കരള്‍ വളര്‍ന്നുകൊണ്ടിരുന്നു.

രണ്ടാമത്തെ ഐതിഹ്യം, പക്ഷികള്‍ കരളുകൊത്തിപ്പറിക്കുമ്പോഴുള്ള കഠോരമായ വേദനയില്‍ നിന്നു രക്ഷപ്പെടാന്‍ പ്രൊമിത്യൂസ് തന്റെ ശരീരത്തെ പാറയോട് കൂടുതല്‍ കൂടുതല്‍ ചേര്‍ത്തുപിടിച്ചവസാനം പാറയായി തീര്‍ന്നു എന്നാണ്.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഇങ്ങനെ കിടന്നതുകാരണം പ്രൊമിത്യൂസ് ചെയ്ത ചതി വിസ്മരിക്കപ്പെട്ടുപ്പോയെന്നതാണ് മൂന്നാമത്തേത്. ദേവന്മാരതു മറന്നു. കഴുകന്മാരു മറന്നു. അദ്ദേഹം തന്നെയും അതു മറന്നുപോയി.

നാലാമത്തെ ഐതിഹ്യമനുസരിച്ച് അര്‍ത്ഥമില്ലാതായ ഒരു കാര്യത്തില്‍ പിന്നീട് എല്ലാവര്‍ക്കും മനസ്സുമടുത്തുപോവുകയാണുണ്ടായത്. ദൈവങ്ങള്‍ക്ക് താത്പര്യമില്ലാതെയായി. പക്ഷികള്‍ തളര്‍ന്നു. പ്രൊമിത്യൂസിന്റെ ശരീരത്തിലെ മുറിവുകള്‍‍ക്കു പോലും മടുത്തു.

ഇനി ബാക്കിയാവുന്നത് എന്താണെന്ന് വിശദീകരിക്കാന്‍ കഴിയാത്ത ആ കൂറ്റന്‍ പാറയാണ്. ഐതിഹ്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാത്തവയെ വിവരിക്കാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ആവിര്‍ഭവിച്ചതുകൊണ്ട് അവസാനിക്കുന്നതും ഗ്രഹിക്കാന്‍ കഴിയാത്ത വിധത്തില്‍ തന്നെയാവട്ടെ.

- ഫ്രാന്‍സ് കാഫ്ക

April 14, 2008

‘ചെയ്യില്ല എന്നുറപ്പിച്ചത് ചെയ്യില്ല, മരിച്ചവര്‍’




അന്‍പതുകളില്‍, വലിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഒരു കവി (ഇയാളെ Poet ‘N‘ എന്നാണ് കുന്ദേര വിളിക്കുന്നത്) സ്റ്റാലിന്റെ വിചാരണകഴിഞ്ഞ് ജയിലിലടയ്ക്കപ്പെട്ടു. അയാള്‍ വല്ലാത്ത മൂടാപ്പിലായി. തടവിനിടയ്ക്ക് കവിതകളെഴുതി സ്വന്തം അസ്വാസ്ഥ്യത്തെ മാറ്റി നിര്‍ത്തി. താന്‍ വിശ്വസ്തനും പാര്‍ട്ടിയോട് വിധേയത്വമുള്ളവനും പാര്‍ട്ടിയ്ക്കു വേണ്ടി സ്വജീവന്‍ കൂടി ബലികൊടുക്കാന്‍ മടിക്കാത്തവനുമാണെന്നാണ് പൊതുവേ ആ കവിതകളിലൂടെ അയാള്‍ പറയാന്‍ ശ്രമിച്ചത്. പേര് The Gratitude of Joseph K. അങ്ങനെ വിചാരണക്കാലത്തും അതിനുശേഷവും സ്വയം ഒരു കാരണം കണ്ടുപിടിക്കാനാവാതെ അനുഭവിച്ച ഭീകരപീഡനങ്ങളെയൊക്കെ അയാള്‍ മറന്നു. പീഡകന്റെ കാലുനക്കി, വാലാട്ടി. സാധാരണബോധം ഇതിനെ ഭീരുത്വം എന്നാണു വിളിക്കുക. ഒരു കടുത്ത കുറ്റവാളിയേക്കാള്‍ അറപ്പുണ്ടാക്കുന്ന ഒരു സ്വത്വമായി സമൂഹത്തിനു മുന്നില്‍ പിന്നീട് അയാള്‍ മാറിയേക്കും. എല്ലാവരുടെയും ഉള്ളില്‍ പതുങ്ങിയിരിക്കുന്നതുകൊണ്ടാവണം, ഭീരുത്വത്തെ അത്ര അവജ്ഞയോടെയാണു നാം പരിഗണിക്കുന്നത്. അതേ സാഹചര്യത്തില്‍ നമ്മള്‍ എന്തായിരിക്കും ചെയ്യുക എന്ന ഭാവന പലപ്പോഴും നമ്മുടേ രക്ഷയ്ക്കെത്താറില്ല.

ഈ സംഭവത്തിന് മറ്റൊരു തലമുണ്ട്. ആ കവി, തടവിന്റെ എകാന്തതയില്‍ ഇരുന്ന് തന്റെ മനസ്സിലേയ്ക്കു നോക്കി സത്യസന്ധനാവുകയായിരുന്നു എന്നതാണ് സത്യം. ശരിക്കുള്ള താന്‍ എന്താണെന്നുള്ള അന്വേഷിച്ചുപോക്കിന്റെ ഫലമാണ് അയാളുടെ കുമ്പസാര സ്വഭാവമുള്ള കവിതകള്‍. അങ്ങനെ തന്നോടും തന്നെ ശിക്ഷിച്ചവരോടും അയാള്‍ക്ക് സത്യസന്ധനാവാന്‍ പറ്റി. ശരിയായ ‘ഞാന്‍’ എന്താണെന്ന് തിരിച്ചറിയുന്നത് ബോധോദയഘട്ടമാണ്. സത്യസന്ധത, നന്മയുടെ അടയാളമാണെന്ന് അയാള്‍ക്കറിയാം, പക്ഷേ നമുക്കത് വെറുക്കപ്പെടേണ്ട ഭീരുത്വത്തിന്റെ സാക്ഷിപത്രമാണ്. ജീവിതം ഇങ്ങനെയൊക്കെ കഥകളേക്കാള്‍ പാരഡോക്സിക്കലാവുന്നു. കുന്ദേര തന്നെ പറയും പോലെ, അസംബന്ധങ്ങള്‍ വന്നു നിറയുന്നു. ശിക്ഷയാണ്, കുറ്റം തേടുകയും അതു കണ്ടെത്തുകയും ചെയ്യുന്നത്.

ഇനി മറ്റൊന്ന്, 1951-ല്‍ പ്രാഗില്‍ ചെയ്യാത്ത കുറ്റം ആരോപിച്ച് ഒരു സ്ത്രീയെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തടവിലാക്കി. അവരുടെ ഭൂതകാലം ചികയുകയും ചെറിയ കാര്യങ്ങള്‍ പോലും വിശദമായ അന്വേഷണത്തിനു വിധേയമാക്കുകയും ചെയ്താണ് സാധാരണ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ കുറ്റാരോപിതനെ കൊണ്ട് അവസാനം തെറ്റു സമ്മതിപ്പിക്കുന്നത്. പിന്നെയാണ് ശിക്ഷ. പക്ഷേ പതിവിനു വിപരീതമായി അവര്‍ കുറ്റം നിഷേധിച്ചു. പ്രോസിക്യൂട്ടറുമായി നിസ്സഹകരിച്ചു. ആ നിലയ്ക്ക് അസാധാരണമായ ധൈര്യമാണവര്‍ കാട്ടിയത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഒരു വര്‍ഗശത്രുവിനെ സൃഷ്ടിക്കാനുള്ള ഭരണകൂടശ്രമത്തെ അവരുടെ അചഞ്ചലത്വം പ്രയോജനമില്ലാത്തതാക്കി. പ്രഹസനവിചാരണയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നിട്ടും എന്തോ ഒരു തിരിമറിയലില്‍ അവര്‍ക്ക് വധശിക്ഷയ്ക്കു പകരം ജീവപര്യന്തമാണു കിട്ടിയത്. ജയിലില്‍ പോകുമ്പോള്‍ അവര്‍ക്ക് ഒരു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

ജയിലില്‍ നിന്നു തിരിച്ചുവന്ന അവരെ സ്വീകരിച്ചത് കൌമാര പ്രായത്തിലുള്ള മകന്‍. പതിനഞ്ചുവര്‍ഷത്തെ ഏകാന്തതയ്ക്ക് പരിഹാരമായി അവര്‍ മകനോടുള്ള സ്നേഹത്തെ വച്ചു. വല്ലാത്ത വൈകാരികപിരിമുറുക്കമുള്‍ല ബന്ധമായിരുന്നുഅ അമ്മയും മകനും തമ്മില്‍. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുന്ദേര ഈ സ്ത്രീയെ സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ പോകുന്നുണ്ട്. അപ്പോള്‍ മകന് 25 വയസ്സുണ്ട്. നീണ്ട വര്‍ഷത്തെ ജയില്‍ ജീവിതത്തെയും സ്റ്റാലിനിസ്റ്റ് വിചാരണയെയുമെല്ലാം അസാമാന്യമായ ധൈര്യത്തോടെ നേരിട്ട സ്ത്രീ, അദ്ദേഹം കാണുമ്പോള്‍ ഏങ്ങി ഏങ്ങി കരയുകയാണ്. കാര്യം പരാമര്‍ശം പോലുമര്‍ഹിക്കാത്ത തരത്തില്‍ നിസ്സാരമായത്. യുവാവായ അവരുടെ മകന്‍ അന്ന് കുറച്ചു കൂടുതലുറങ്ങി പോയി.
ഇത്ര ചെറിയകാര്യത്തില്‍ കരയുന്നതെന്തിന് എന്ന കുന്ദേരയുടെ ചോദ്യത്തിന് അമ്മയല്ല, മകനാണ് മറുപടി പറഞ്ഞത്.
‘ എന്റെ അമ്മ കരുത്തുള്ളവളാണ്. എല്ലാവരും ഭീരുക്കളായി വിറച്ചുപ്പെടുത്തു നിന്ന കാലത്ത് ഒറ്റയ്ക്ക് ധീരമായി എല്ലാ പീഡനങ്ങളെയും അതിജീവിച്ചവളാണ്. എന്നെയും അതു പോലെ കരുത്തുള്ളവനാക്കുക എന്നതാണ് അമ്മയുടെ ലക്ഷ്യം. ഞാനുറങ്ങിപ്പോയി. അതെന്റെ സ്വാര്‍ത്ഥതയാണ്. അമ്മയുടെ ഉദ്ദേശ്യത്തിനു വിരുദ്ധമാണത്. അമ്മ ഉദ്ദേശിക്കുന്നതെന്താണോ ഞാന്‍ അതാവും. താങ്കളോട് ഞാന്‍ സത്യം ചെയ്യാം.’

പ്രത്യക്ഷത്തില്‍ മകനും അമ്മയും തമ്മിലുള്ള തീവ്രമായ ബന്ധത്തിലാവും നമ്മുടെ ശ്രദ്ധ പതിയുക. സ്ത്രീ എന്ന നിലയ്ക്ക് മരണത്തെപ്പോലും കൂസാതെ ഭരണകൂടത്തെയും പാര്‍ട്ടിയെയും വെല്ലുവിളിച്ചു നിന്ന സ്ഥൈര്യത്തിലും. എന്നാല്‍ നേരത്തെ എഴുതിയ സംഭവത്തിലുള്ളതു പോലെ ഇതിനും മറ്റൊരു തലമുണ്ട്. പാര്‍ട്ടിയ്ക്ക് അവരെകൊണ്ടു കുറ്റസമ്മതം നടത്താന്‍ കഴിഞ്ഞില്ല, എന്നാല്‍ അതല്ലേ 15 വര്‍ഷങ്ങള്‍ക്കു ശേഷം മകനെക്കൊണ്ട് അവര്‍ ചെയ്യിച്ചത്, എന്നു ചോദിക്കുന്നത് കുന്ദേരയാണ്. സ്വന്തം ഇച്ഛാശക്തിയുമായി ഭരണകൂടയന്ത്രത്തിനു മുന്നില്‍ കൂസലില്ലാതെ നിന്ന വ്യക്തി മകനെ തന്റെ അനുസാരിയാക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം ഗംഭീരമാണ്. പൊതുവായി കുറ്റസമ്മതം നടത്തിക്കുന്നതും വൈകാരികമായ പ്രതികരണത്തിലൂടെ മകനെ സ്വന്തം തെറ്റുകണ്ടെത്താന്‍ നിര്‍ബന്ധിതനാക്കുന്നതിലും സമാനതകളുണ്ട്. സ്റ്റാലിന്റെ വിചാരണയുടെ ചെറിയ പതിപ്പാണ് വീട്ടില്‍ അരങ്ങേറിയത്. (അതുപോലെ എത്ര സംഭവങ്ങളുണ്ടാവും!) മനശ്ശാസ്ത്രമെക്കാനിസം മറ്റെന്തിനേക്കാളും ശക്തമായി പ്രവര്‍ത്തിക്കും. ജയിലിലെ എകാന്തതയില്‍ അവരുടെ മനസ്സ് പാകപ്പെട്ടത് എങ്ങോട്ടാണെന്നു ആലോചിക്കുമ്പോഴാണ് രണ്ടു സംഭവങ്ങളുടെ ആഴപ്പൊരുള്‍ തിരിഞ്ഞുകിട്ടുക.

ചരിത്രത്തെ ഓര്‍മ്മയുടെ ജാഗ്രതയായി കാണുന്ന കുന്ദേരയ്ക്കു പറയുന്നു, “ചരിത്രസംഭവങ്ങള്‍, സ്വകാര്യസാഹചര്യങ്ങളില്‍ സമാനമാണ് എന്ന്.” മറ്റൊന്നു കൂടി “പ്രവൃത്തികളിലെ പാരഡൊക്സിക്കലായ സ്വഭാവമാണ് നോവലിന്റെ എറ്റവും വലിയ കണ്ടുപിടിത്തമെന്നും.”

അനു:
ട്രഷറിയില്‍ ചെന്നാല്‍ ബില്ലുമാറിക്കിട്ടാനുള്ള പ്രയാസങ്ങളും അവിടത്തെ ജീവനക്കാരുടെ പെരുമാറ്റവൈകല്യങ്ങളും പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന അതുപോലെയുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെ ആകസ്മികമായി ഒരു സര്‍ക്കാരാപ്പീസില്‍ പോകാനിടയായപ്പോള്‍ കണ്ടു. ചര്‍ച്ച വിശദാംശങ്ങളും കടന്നു നീളുന്നു. ഒടുക്കം ഒരുകാരണവശാലും സര്‍ക്കാരാപ്പീസിന്റെ പടി കയറാന്‍ ഇടവരുത്തരുതേയെന്ന് പകുതി തമാശയും പകുതി കാര്യവുമായി പറഞ്ഞ് ഒരു പോലെ എല്ലാവരും തലകുലുക്കി സമ്മതിച്ച് ചര്‍ച്ച അവസാനിപ്പിച്ചു. ഓരോരുത്തരായി എഴുന്നേറ്റു കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങി. ഈ സമയമത്രയും അവിടെ അധികം പ്രായമില്ലാത്ത രണ്ടു ചെറുപ്പക്കാര്‍ നില്‍പ്പുണ്ടായിരുന്നു. വളരെ അസ്വസ്ഥമാണ് മുഖങ്ങള്‍.കാര്യം ചോദിച്ചപ്പോള്‍ അവരു രാവിലെ വന്നതാണ്. സമയം ഏതാണ്ട് ഒരു മണിയോടടുക്കുന്നു. അവര്‍ക്ക് ആവശ്യമായ പേപ്പര്‍ കൊടുക്കേണ്ട ആള്‍ പുറത്തെന്തോ ആവശ്യത്തിനായി പോയിരിക്കുകയാണ്. അയാള്‍ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ടു നില്‍ക്കുകയാണ്. കാത്തുനില്‍പ്പ് അനന്തമായി നീളുന്നു. ആരും ഒന്നും പറയുന്നില്ല. എന്തെങ്കിലും ചോദിച്ചാല്‍ ക്ലര്‍ക്കുമാര്‍ക്ക് പെട്ടെന്ന് ദ്വേഷ്യം വരും. ചിലപ്പോള്‍ പേപ്പര്‍ കിട്ടിയില്ല എന്നു തന്നെ വരും. ഒടുവില്‍ അത്ര നേരം അവര്‍ കാത്തുനിന്നതൊന്നും വകവയ്ക്കാതെ ‘ ഒരു കാരുണ്യവതി ‘ ഇനി അയാള്‍ വരുമെന്നു തോന്നുന്നില്ല പോയിട്ടു നാളെ വാ’ എന്നു മൊഴിഞ്ഞു. സ്വയം പഴിച്ചുകൊണ്ട് അവര്‍ പോയി. നാളെയും ഇതുപോലെ എല്ലാ ആവശ്യങ്ങളും മാറ്റി വച്ച് അവര്‍ വീണ്ടും അവിടെ ചെന്നു നില്‍ക്കണം. ചിലപ്പോള്‍ മറ്റെന്നാളും. ചിലപ്പോള്‍...

സംഭവം നിസ്സാരമായിരുന്നു. മേശപ്പുറത്തിരിക്കുന്ന രജിസ്റ്ററില്‍ ഒന്നു ഒപ്പു വയ്പ്പിക്കണം, മേശപ്പുറത്തു തന്നെയുള്ള ഫയലില്‍ നിന്ന് പേപ്പറെടുത്തു നല്‍കണം. ആകെ വേണ്ടത് രണ്ടു മിനിട്ട്. അതാണ് അത്ര നേരം സര്‍ക്കാരാപ്പീസിലെ പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന ആര്‍ക്കും - ആര്‍ക്കും- ചെയ്തു കൊടുക്കാന്‍ തോന്നാത്തത്.


പുസ്തകം
The Art of the Novel
-Milan Kundera

April 10, 2008

ഒച്ചകളുടെ സ്വന്തം നാട്



“.....ഒരു സുപ്രഭാതത്തില്‍ സകലമാന വെങ്കിടേശ്വരസങ്കടേശ്വരന്മാരെയും ഉച്ചഭാഷിണി വഴി ജനം കൂവിയിരുത്തി. “
- വി കെ എന്‍ (കാവി)


നമ്മളെപ്പോഴുറങ്ങണമെന്നും എപ്പോഴുണരണമെന്നും വേറെ ആരൊക്കെയോ വെറുതേയങ്ങ് തീരുമാനിക്കുക. നൂറ്റിയിരുപതിലും കൂടിയ ഡെസിബെല്ലില്‍ നമുക്ക് ഒരു താത്പര്യമില്ലാത്ത പാട്ടും ഭക്തിക്കുഴമ്പും ഭജനയും നിര്‍ദ്ദേശങ്ങളും രാപകല്‍ വ്യത്യാസമില്ലാതെ കുത്തിച്ചെലുത്തിക്കൊണ്ടേയിരിക്കുക. വീട്ടിലെ അംഗങ്ങളോട് സാധാരണരീതിയില്‍ സംസാരിക്കണമെങ്കില്‍ കൂടി അലറിവിളിക്കേണ്ട ഗതികേടുണ്ടാക്കുക. ടി വി കാണല്‍, ഇഷ്ടഗാനം കേള്‍ക്കല്‍, ഇതൊക്കെ അസാദ്ധ്യമാവുക, ഫോണ്‍‌വിളി വീട്ടില്‍ വച്ചു സാദ്ധ്യമല്ലാതാവുക... വെറും പത്തുദിവസത്തേയ്ക്കാണെങ്കില്‍ കൂടി ഇതിനേക്കാള്‍ പീഡനാത്മകവും അസഹ്യവുമായ ഒരവസ്ഥയെ എന്തുപേരിട്ടാണ് നാം വിളിക്കുക? വായിക്കാനാവില്ല, ചിന്തിക്കാനാവില്ല, ദിവാസ്വപ്നം കാണാനാവില്ല. ഉറങ്ങാനാവില്ല. ഉറങ്ങിയിട്ടു വേണമല്ലൊ സ്വപ്നം കാണാന്‍.

ഈ കുറിപ്പെഴുതുന്നത് അത്തരമൊരവസ്ഥയിലിരുന്നുകൊണ്ടാണ്. പറഞ്ഞു വന്നാല്‍ ചെറിയൊരു കാര്യമാണ്. വീട്ടിനടുത്തെ ചെറിയൊരു ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാവര്‍ഷികം. ബോക്സുകള്‍ക്കുപുറമേ ഒരു മീറ്ററോളം നീളമുള്ള കോളാമ്പി സ്പീക്കറുകള്‍ ഉയര്‍ന്ന ഒരു ആഞ്ഞിലിമരത്തിന്റെ അങ്ങേയറ്റത്തെക്കൊമ്പില്‍ നാലുവശത്തേയ്ക്കും വച്ചുകെട്ടിയാണ് അഭ്യാസം. കഷ്ടകാലത്തിന് അവയിലൊരെണ്ണത്തിന്റെ ദര്‍ശനം എന്റെ വീടിന്റെ അതേ ഡയറക്ഷനിലാണ്. ഈ വര്‍ഷത്തെയല്ല വര്‍ഷങ്ങളായുള്ള പതിവാണത്രേ. കോളാമ്പി സ്പീക്കറുകള്‍ക്ക് ഹൈക്കോടതി നിരോധനം നിലവിലുണ്ട്. അതുണ്ടാക്കുന്ന ശബ്ദശല്യം പരിഗണിച്ചിട്ടാവുമല്ലോ, നിരോധനം. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല. ആത്മീയകാര്യങ്ങളില്‍ പോലീസ് ഇടപെടില്ല. പിന്നെ വേണ്ടത് സമൂഹത്തിന്റെ ആത്മീയോന്നതിയിലെ ഡയറക്ട് ഇടപാടുകാരായ ഉത്സവ/ഉത്സാഹകമ്മറ്റിക്കാരുടെ നീതിബോധമാണ്. പക്ഷേ കാട്ടുകോഴിയ്ക്കെന്ത് ചങ്ക്രാന്തി?

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം ന്യൂതിയേറ്ററിനടുത്ത് വെറുതേ ചെന്നു നില്‍ക്കുമ്പോള്‍ വിചിത്രമായ ഒരു കാഴ്ചകണ്ടു. രണ്ടു വ്യത്യസ്ത ഗ്രൂപ്പുകള്‍ പൊങ്കാല കൊഴുപ്പിക്കാന്‍ അഭിമുഖം ബോക്സുകള്‍ വച്ചുകെട്ടി പാടിക്കുകയാണ്. ഒരു പോയിന്റില്‍ 6 സ്പീക്കര്‍ ഘടിപ്പിച്ച 5 ബോക്സുകള്‍ ഒന്നിച്ച്. അങ്ങനെ ഒരു ജങ്ഷനില്‍ ആറു കൂട്ടം ബോക്സുകള്‍. അതിനിടയില്‍പ്പെട്ടാല്‍ കാതുപൊത്തിക്കൊണ്ട് നിലവിളിച്ചുകൊണ്ട് ഓടുകയല്ലാതെ മറ്റൊരുമാര്‍ഗവുമില്ല. അല്ലെങ്കില്‍ ഞരമ്പുരോഗം ഉറപ്പ്. എങ്കിലും ഈ തമാശക്കളി, കവലകള്‍ തോറും ഭക്തിയുടെ പേരില്‍ അരങ്ങേറി. പൊങ്കാലയിട്ടു കറുത്ത്, കടുത്ത തലവേദനയുമായി അമ്മപെങ്ങന്മാര്‍ വീട്ടില്‍ വന്നു കയറിയതിനു പിന്നില്‍ ‘സഹോദര’ന്മാരുടെ ഈ ഒച്ചവ്യവസായവും ഒരു കാരണമായിരുന്നെന്ന് ഏതെങ്കിലും സ്ത്രീസംശയിക്കുമോ? ഉത്സവമെന്നു പരഞ്ഞാല്‍ ഇപ്പോള്‍ റോഡില്‍ നിരത്തിയും മേലേക്കേറ്റിയും വച്ചിരിക്കുന്ന ബോക്സുകളാണ്. സര്‍വം ഒച്ചമയം ! ഭക്തിയുടെ പേരിലാവുമ്പോള്‍ എന്തും സഹിക്കണമെന്നാണ്. സഹിക്കും, സംശയമൊന്നുമില്ല. ഭീഷണിപ്പെടുത്തിയും വണ്ടി തടഞ്ഞും പണം പിരിച്ചാണ് ഈ അഭ്യാസങ്ങള്‍ നടപ്പിലാക്കുന്നത് എന്നു കൂടിയറിയുക. ഭക്തിയുടെ ജനാധിപത്യത്തില്‍ എന്തും സാദ്ധ്യമാണ് !

ആശ്വാസത്തിനോ ആസ്വാദനത്തിനോ അല്ല, ഈ ഒച്ചകള്‍ എന്നു വ്യക്തം. നല്ല സിനിമാഗാനമൊന്നും ക്ഷേത്രോത്സവങ്ങള്‍ക്ക് ഇപ്പോള്‍ പഥ്യമല്ല. ക്ഷേത്രസംരക്ഷണസമിതികള്‍ (അതോ വിശാല ഐക്യ ഹിന്ദു വേദിയോ) പാരമ്പര്യം കണ്ടുപിടിച്ചതിനു ശേഷം വന്ന ‘നവോത്ഥാന’മാണത്. രാവിലെ നാലുമണി മുതല്‍ തുടങ്ങുന്ന ‘ഗാനോത്സവ’ത്തില്‍ മുഴുവനും ക്ഷേത്രാപദാനങ്ങളാണ്, നീരേറ്റുപുറത്തെ അമ്മ, ആറ്റുകാലമ്മ, കൊടുങ്ങല്ലൂരമ്മ, കരിയ്ക്കകത്തമ്മ (പ്രാദേശികദൈവങ്ങള്‍ ആകേരളവത്കരിക്കപ്പെടുന്നത് അടുത്തകാലത്തെ പ്രതിഭാസമാണ് !) പിന്നെ മാഹാത്മ്യങ്ങള്‍ ചോദ്യോത്തരരൂപത്തില്‍. ഗായത്രി മന്ത്രത്തിന്റെയും പഞ്ചാക്ഷരികളുടെയും സഹസ്രനാമങ്ങളുടെയും മണിക്കൂറുകള്‍ നീളുന്ന ആവര്‍ത്തനങ്ങള്‍. ശ്രുതിയും ലയവും സ്വരമാധുര്യവുമൊന്നും ഏഴയല്പക്കത്തിലൂടെ പോയിട്ടില്ലെങ്കിലും ആരും കൈകൂപ്പിപോകുന്ന തരത്തിലാണ് ഭജനപാടുന്നവന്റെ തൊള്ള തുറക്കല്‍ ! ഒക്കെ സ്പീക്കറുകളിലൂടെ വന്ന് മറിഞ്ഞ് വീടിന്റെ സ്വകാര്യതയെ കീറിമുറിക്കും. മന്ത്രങ്ങള്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് ഈ രാക്ഷസതൊണ്ടകളെക്കൊണ്ട് അര്‍ത്ഥരാത്രിയോളം കീറിക്കുന്നത്. ഇടയ്ക്കിടയ്ക്ക് മൈക്കു വിഴുങ്ങികളുടെ അനൌണ്‍സ്മെന്റുകളുമുണ്ട്. പശ്ചാത്തലത്തില്‍ ഗാനമിട്ടുകൊണ്ടു തന്നെയുള്ള പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളും മാറ്റൊലികളുമൊക്കെ പുതിയ വഴക്കമാണെന്നു തോന്നുന്നു. ദൈവമേ, മനുഷ്യന്റെ തലച്ചോറുകലക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികളുമായാണ് നീ ഒച്ചയായി അവതരിച്ചുകൊണ്ടിരിക്കുന്നത് !

ഏതു മതവും ലക്ഷ്യമാക്കുന്ന/ ലക്ഷ്യമാക്കേണ്ട ഏകാഗ്രതയും സ്വച്ഛതയം ആത്മാവിന്റെ കുളിര്‍മ്മയും മറ്റും മറ്റുമെവിടെ? ഈ ആക്രോശങ്ങളും തൊണ്ട കാറലുമെവിടെ? ഏതൊക്കെയോ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി ഇപ്പോള്‍ പതിനൊന്നു മണിക്കു ശേഷം സ്പീക്കറുകള്‍ ഓഫാക്കാറുണ്ടത്രെ. ആളുകള്‍ക്ക് സമാധാനമായിട്ട് ഉറങ്ങാനാണ്. പക്ഷേ നാലുമണിക്ക് മന്ത്രോച്ചാരണം പുനരാരംഭിക്കും. അല്ല, ചുറ്റുപാടുമുള്ള മനുഷ്യര്‍ക്ക് ഉറങ്ങാന്‍ മാത്രം സമാധാനം നല്‍കിയാല്‍ മതിയെന്നും അവര്‍ നാലുമണിവരെ ഉറങ്ങിയാല്‍ മതിയെന്നും തീരുമാനിച്ചതാരാണാവോ? ഉറക്കമല്ലാതെ മറ്റു കമ്പാര്‍ട്ടുമെന്റുകളൊന്നും മനുഷ്യര്‍ക്കില്ലേ? ഭക്തിയുടെ ഈ കൂക്കുവിളിയില്‍ അതൊക്കെ നടക്കാതെ പോകുന്നതു കൊണ്ട് എന്തായാലും ദേവിയ്ക്കോ ഉത്സാഹകമ്മറ്റിയ്ക്കോ ഒച്ചയില്‍ മാത്രം കിടന്നുറങ്ങി ശീലിച്ചുപോയ മൈക്ക് ഓപ്പറേറ്റര്‍ പയ്യനോ ഒരു ചേതവുമില്ലെന്നു വ്യക്തം.

ആലോചിച്ചുനോക്കിയാല്‍ ഒച്ചയിലൂടെ ഒരധികാര പ്രയോഗം സാക്ഷാത്കാരം നേടുകയാണ്. അതു തന്നെ അതിന്റെ ലക്ഷ്യവും. പോലീസ് സ്റ്റേഷനുകളും ക്ഷേത്രങ്ങളുമാണ് ഇപ്പോഴും മനുഷ്യനെക്കൊണ്ട് കുപ്പായം ഊരിക്കുന്നത്. അലറിവിളിക്കുന്ന തൊണ്ടയ്ക്കു മുന്നിലും നമ്മള്‍ നഗ്നരാവുന്നു. മതമേതായാലും രാഷ്ട്രീയമേതായാലും സ്പീക്കറുകള്‍ തൊള്ള തുറന്നു തുടങ്ങുന്നതിനു വേറെ ന്യായീകരണമില്ല. ഒച്ച എത്ര ഉയര്‍ന്നതായിരിക്കുന്നോ അത്രത്തോളം എതിര്‍സ്വരങ്ങള്‍ ദീനമാവും. ഒടുവില്‍ ഇല്ലാതെയാവും. ആ നിലയ്ക്ക അതൊരു ആക്രമണമാണ്. കൂടുതല്‍ ഒച്ചയെടുക്കുന്നവന്‍ കൂടുതല്‍ മിടുക്കനാവും എന്ന പഴയ ആഭാണകത്തിന്റെ സാംസ്കാരികരൂപങ്ങള്‍ ഇപ്പോള്‍ ഇങ്ങനെയാണ്. സാക്ഷാത് ദൈവങ്ങളും അവരുടെ മുതലുപിടിക്കാരും ഇങ്ങനെ ഒച്ചപ്രേമികളാവുമ്പോള്‍, സാമൂഹികക്ഷേമനിയമങ്ങള്‍ പോലും ഒവ്വാ എന്നു പറഞ്ഞു മാറിനില്‍ക്കുമ്പോള്‍, കുറെയൊക്കെ പേടിക്കാനുണ്ട്. മാനസികവൈകല്യങ്ങള്‍ ജനതയുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഏതുവഴിക്കും വരും. പുറപ്പാടു തന്നെ ഈ നിലയ്ക്കാണെങ്കില്‍ പിന്നെ പേടിക്കണ്ടേ....?

April 6, 2008

പ്രണയം പേപ്പട്ടിയെപ്പോല്‍ അലയും കാലം*

വൈകുന്നേരം
അവള്‍ ചോദിച്ചു
എങ്ങനെയാണ് നിന്നെ സ്നേഹിക്കേണ്ടത്?
ഒന്നും പറയാതെ
കോണികേറി ശൂന്യതയില്‍ അവന്‍ അപ്രത്യക്ഷനായി
തലയില്ലാത്ത കാറ്റ് ചൂളമരത്തില്‍ ഞാന്നു കിടന്ന് ചിറകിട്ടടിച്ചു.

ഉച്ചയ്ക്ക്
നരച്ചുപോയ ഒരു സ്വപ്നത്തില്‍ നിന്നും
ചാടിയെഴുന്നേറ്റവള്‍ ചോദിച്ചു
സ്നേഹിക്കേണ്ടത് എങ്ങനെ?
പൂര്‍ത്തിയാക്കാത്ത കവിതയും
വാടാത്തപൂവും ചൂണ്ടിക്കാണിച്ച്
ഉറക്കം പൂര്‍ത്തിയാക്കാന്‍ അവന്‍ മടങ്ങിപ്പോയി
പിളര്‍ത്തിയ ചുണ്ടുകളുമായി ഒരു നീല മേഘം
അവളിലേയ്ക്ക് ഇറങ്ങി വന്നു.

പ്രഭാതം
സ്നേഹം എങ്ങനെയാണ്?
നനഞ്ഞ അക്ഷരങ്ങള്‍ വാതില്‍ തുറന്ന്
എത്തുന്നതിനു മുമ്പേ,
പ്രണയസ്മാരകങ്ങളില്‍
ആകാശക്കപ്പലുകളുടെ നിഴല്‍ വീഴുന്നു.
അടയാത്ത കവാടങ്ങളില്‍ മഞ്ഞും തുരുമ്പും.
അങ്ങനെയാണ് അവള്‍
ആധികളോടെ ഉപേക്ഷിക്കപ്പെട്ട ടെലഫോണായത്.

മണിയടിക്കുമ്പോള്‍
ഫണമുയര്‍ത്തുന്നു
ജൂണ്‍.

*കിളിമാനൂര്‍ മധുവിന്റെ കവിതയിലെ ഒരു വരി

April 3, 2008

വാര്‍ഷിക ആഷാബ്ധി മേളയില്‍ വച്ച് - മറാത്തിക്കവിത



വാര്‍ഷിക ആഷാബ്ധി മേളയില്‍ വച്ച് പന്‍‌ഥാര്‍പൂരിലേയ്ക്ക് തീര്‍ഥാടനം
നടത്തുന്ന ഒരു വേശ്യ ഫോട്ടോഗ്രാഫറുടെ കൂടാരം സന്ദര്‍ശിക്കുന്നു.


ഹേയ് മിസ്റ്റര്‍,
നിങ്ങളാണോ ഫോട്ടോയെടുക്കുന്ന ആള്?
വിധോബയുടെയും റാഖ്‌മാതിന്റെയും ഒപ്പം നിന്ന്
എനിക്കൊരു ചിത്രമെടുക്കണം.

റാഖ്‌മാത് എന്റെ ഇടത്ത്
വിധോബ എന്റെ വലത്ത്
ഞാന്‍ നടുക്ക്
അങ്ങനെയായിരിക്കണം പടം.
രാഖ്‌ഭായ് നീയിങ്ങ്, ഈ വശം വാ
രണ്ടുപേര്‍ക്കുമിടയില്‍
എനിക്കു കുറച്ച് സ്ഥലമിട്.
എന്തിനാ ഇങ്ങനെ ബലം പിടിക്കുന്നത്?
നിങ്ങള്‍ പ്ലൈവുഡ് ദൈവങ്ങളാണെന്ന് എല്ലാവരും അറിയൂലേ?
കുറച്ചൂടെ അടുത്തേയ്ക്ക് വാ വിധൂ,
കൈകള്‍ എന്റെ തോളിലൂടെയിട്
അങ്ങനെ... !
കൊള്ളാം.
രാഖ്‌മാത്, ഇതെന്തോന്ന് അസൂയയാ?
കരയാതെ,
ബോംബേയിലേയ്ക്ക് മടങ്ങിപ്പോകും മുന്നേ
നിന്റെ വിധുവിനെ തിരിച്ചു തന്നേക്കാം, പോരേ?

നല്ല നിറങ്ങളൊക്കെപടത്തിന്
നല്‍കണേ, എന്റെ ഫോട്ടോഗ്രാഫറേ.
സാരി നീലനിറത്തില്ത്തന്നെ വേണം‍.
ഞാന്‍ ഒരോട്ടത്തിന് മേള കണ്ടു വരാം.
ജയന്റുവീലില്‍ കയറണം.
നല്ലൊരു പുതപ്പു വാങ്ങിക്കണം
സമയം കിട്ടിയാല്‍
മരണക്കിണറിലോട്ടൊന്നു നോക്കണം.
ഏറിയാല്‍ അരമണിക്കൂര്‍,
അതിനകം
എന്റെ ചിത്രം തയാറാക്കിവയ്ക്കണേ
ഫോട്ടോഗ്രാഫറേ....................


-അരുണ്‍ കോലാത്കര്‍



1932-ല്‍ ജനനം. ഗ്രാഫിക് ആര്‍ട്ടിസ്റ്റും വിവര്‍ത്തകനും. ഇംഗ്ലീഷിലും
മാറാത്തിയിലും കവിതയെഴുതുന്നു. തുക്കാറാമിന്റെ ഇംഗ്ലീഷ് പരിഭാഷ
തയാറാക്കിയത് അരുണ്‍ കോലത്കറാണ്. Arun Kolatkarcha Kavita (1977)
Chirimiri (2004) Bhijki Vahi (2004) Droan (2004) എന്നിവ പ്രധാന
രചനകള്‍. ‘ശബ്ദ’ എന്ന കവിതാമാസികയുടെ സ്ഥാപകപ്രവര്‍ത്തകരില്‍
ഒരാള്‍.