April 23, 2008
കവിത പറക്കുന്ന ദൂരങ്ങള്‍
പെരിങ്ങോടന്‍ said...
കവിതകൊണ്ട് നിഘണ്ടു പൂര്‍ത്തിയാക്കുന്നവന്‍.
(‘വഴുക്ക്’ എന്ന കവിതയുടെ കമന്റ്)
‘ലാപുട‘ എന്ന ‘പറക്കുന്ന ദ്വീപില്‍‘ ജോലിക്കാരല്ലാത്തവരെല്ലാം ചിന്തകരാണ്. ഇടത്തോട്ടോ വലത്തോട്ടോ ചരിച്ചു വച്ച നിലയിലാണ് സാധാരണക്കാരുടെ പോലും തലകള്‍. കമ്പില്‍ ബാലൂണുകള്‍ കെട്ടി വച്ചതുപോലൊരു ഉപകരണം കൊണ്ട് ജോലിക്കാര്‍ യജമാനന്മാരുടെ ഏതിന്ദ്രിയത്തിലുരസ്സുന്നോ ആ ഇന്ദ്രിയം മാത്രം പ്രവര്‍ത്തനക്ഷമമാവും. സദാ ചിന്തയിലാണ്ടിരിക്കുന്ന യജമാനമാരെക്കൊണ്ടു സംസാരിപ്പിക്കണമെങ്കില്‍ ചുണ്ടുകളിലുരസ്സണം. പറയുന്നത് കേള്‍ക്കണമെങ്കില്‍ അവരുടെ കാതുകളിലുരസ്സണം. അപ്പോള്‍ അവര്‍ കേള്‍ക്കുകമാത്രം ചെയ്യും. അങ്ങനെ. ആലോചനകളുടെ മഹാപ്രവാഹത്തില്‍പ്പെട്ട് ഉണ്ണാനും ഉറങ്ങാനുമവര്‍ മറന്നു പോകുന്നു. സംഗീതത്തിലും ശാസ്ത്രത്തിലും മാത്രം മുഴുകി ജീവിക്കുന്ന ഒരു ജനത. ചിന്തയുടെ ഒരു മഹാഭൂഖണ്ഡം. സൌരയൂഥത്തില്‍ വിതാനിച്ച ഗ്രഹങ്ങള്‍, ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതിനെപ്പറ്റി, സൂര്യന്‍ തന്റെ ആകര്‍ഷണശക്തികൂട്ടി, തന്നില്‍ നിന്നു പിരിഞ്ഞുപോയ ഭൂമിയെ തിരിച്ചെടുക്കന്നതിനെപ്പറ്റിയൊക്കെ അവര്‍ ആശങ്കാകുലരാണെങ്കിലും രാപകലില്ലാത്ത ചിന്തയുടെ സദ്ഫലങ്ങള്‍ ദ്വീപുവാസികള്‍ക്കുണ്ട്. അതുകൊണ്ടാണല്ലോ ദ്വീപ് കാന്തശക്തിയുള്ള കല്ലിനാല്‍ പറന്നു നടക്കുന്നത്. പക്ഷേ അതിഗംഭീരങ്ങളായ പരീക്ഷണങ്ങളുടെ ഈ ഈറ്റില്ലത്തില്‍ വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യമില്ല. ഗള്ളിവര്‍ മടുത്തു പോയത് അക്കാരണത്തലാണ്.
പറക്കുന്ന ദ്വീപിനു താഴെ അതിന്റെ ഒരപരം കൂടി സൃഷ്ടിച്ചിട്ടുണ്ട്, ജൊനാതന്‍ സ്വിഫ്റ്റ്. ‘ലാപുട’യില്‍ നിന്ന് നേരെ വിരുദ്ധമായി, അനാഥവും ദരിദ്രവുമായ മറ്റൊരു ദ്വീപ്. അവിടെ നിന്ന് കുറേപേര്‍ മുന്‍പ് ‘പറക്കും ദ്വീപി’ലേയ്ക്ക് പോയിരുന്നു. അതിനു ശേഷമാണ് നല്ലവണ്ണം കൃഷിചെയ്ത് ജീവിച്ചിരുന്ന ആളുകളുടെ ഈ തുരുത്ത് അലസന്മാരുടെ വകയായി കുത്തഴിഞ്ഞു പോയത്. നാട് സ്വര്‍ഗമാക്കി മാറ്റാനുള്ള പരീക്ഷണങ്ങളാണ് ഊര്‍ജ്ജിതമായി നടക്കുന്നത്, പക്ഷേ നാടു കുട്ടിച്ചോറായിക്കഴിഞ്ഞിരിക്കുന്നു. പരീക്ഷണങ്ങളുടെ സാമ്പിളുകള്‍ ഇങ്ങനെ : സൂര്യരശ്മികള്‍ കൊണ്ടുണ്ടായ വെള്ളരിക്കയില്‍ നിന്ന് എന്തുകൊണ്ട് സൂര്യരശ്മികളെ വേര്‍തിരിച്ചു കൂടാ? വീടുപണി അടിത്തറതൊട്ടു തന്നെ തുടങ്ങേണ്ടതുണ്ടോ, മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്കും പണിഞ്ഞു കൂടേ? നിലമുഴുന്ന ജോലി പന്നികളെക്കൊണ്ടു ചെയ്യാന്‍ പറ്റില്ലേ? ചിലന്തികളെക്കൊണ്ട് നേര്‍മ്മയില്‍ നെയ്ത്തു പണി എങ്ങനെ ചെയ്യിക്കാം? പറയുകയോ എഴുതുകയോ വായിക്കയോ ചെയ്യാതെയുള്ള ഒരു ഭാഷ സാദ്ധ്യമല്ലേ? ആ മൂകഭാഷയല്ലേ ലോകഭാഷയാവേണ്ടത്? ഗണിതസമവാക്യങ്ങള്‍ കടലാസ്സിലെഴുതിക്കഴിച്ചാലും മനസ്സിലാക്കാന്‍ പറ്റില്ലേ? വ്യത്യസ്ത ഗുണങ്ങളുള്ള വ്യക്തികളുടെ മസ്തിഷ്കഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അസാധാരണ കഴിവുകളുള്ള ഒരാളിനെ സൃഷ്ടിച്ചുകൂടേ? ശത്രുക്കളെ മിത്രങ്ങളാക്കാന്‍ അവയവങ്ങള്‍ മാറ്റി വച്ചാല്‍ സാദ്ധ്യമല്ലേ?
തുരുത്തുകള്‍ രണ്ടും വിപരീത ദ്വന്ദങ്ങളാണ്. ലില്ലിപ്പുട്ടുകളെ പ്രൊജക്ട് ചെയ്ത് ബ്രോബ്‌ഡിങ്നാഗുകളെ സൃഷ്ടിച്ച സ്വിഫ്റ്റിന്റെ ഭാവന, സ്ഥലപരമായി തീര്‍ത്ത മറ്റൊരു പാരഡോക്സാണ് ‘ലാപുട‘കള്‍. ഒന്ന്, വിജയിച്ച പരീക്ഷണങ്ങളുടെ ആകാശത്തിലും മറ്റേത്, അപ്രായോഗിക ഗവേഷണങ്ങളുടെ ഭൂമിയിലും. ആദ്യത്തേത്, ചിന്തകള്‍ കൊണ്ട് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിയത്. രണ്ടാമത്തേത്, അനുകരണം കൊണ്ടു സ്വത്വം കളഞ്ഞു കുളിച്ചത്. വൈകാരികതയുടെ കാര്യത്തിലുമുണ്ട് ഇവയ്ക്ക് ഭിന്നത. പതിനേഴാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്‍, വൈരുദ്ധ്യങ്ങളെ മുഖാമുഖം നിര്‍ത്തിക്കൊണ്ട് നിര്‍മ്മിച്ച ഭാവനാത്മകമായ ഒരു സ്ഥലഖണ്ഡത്തെ തന്റെ ‘സൈബര്‍സ്പെയിസി‘ലെ മേല്‍വിലാസമാക്കാന്‍, പുതിയ കാലത്ത്, പുതിയ (സാങ്കേതികതയുടെ) ലോകത്ത് ജീവിച്ചിരിക്കുന്ന മറ്റൊരെഴുത്തുകാരന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം ഒപ്പം (തന്റെ രചനകളില്‍, ബോധപൂര്‍വമോ അബോധപൂര്‍വമോ ) സ്വാംശീകരിക്കുന്നത് ഏതെല്ലാം മൂലകങ്ങളെയാണെന്ന് ആലോചിച്ചു നോക്കുന്നത് ഉചിതമായിരിക്കും എന്നു തോന്നുന്നു. കവിതയുടെ വഴിത്താര അവയെ എങ്ങനെ പരിഷ്കരിച്ചു എന്നും.
ലാപുട എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിത
‘സ്റ്റുഡിയോ’യില്‍ തന്നെ ടി പി വിനോദ്, വൈരുദ്ധ്യങ്ങളെ അഭിമുഖം നിര്‍ത്തുക എന്ന പതിവു തുടങ്ങി വച്ചു എന്നു കാണുക. ഫോട്ടോയും നെഗറ്റീവും തമ്മിലുള്ള ഒരു ചെറിയ സംഭാഷണ ശകലമാണ് ‘സ്റ്റുഡിയോ.’ പരസ്പരം കുറ്റപ്പെടുത്തലാണ് അത്. നെഗറ്റീവിന്റെ അതിവിനയം തനിക്ക് അരോചകമാണെന്ന് ഫോട്ടോ പറയുന്നു. നിറ ധാരാളിത്തത്താല്‍ നീ കോമാളിയാവുന്നു എന്ന് ഫോട്ടോയോട് നെഗറ്റീവും. രണ്ടു വസ്തു നിഷ്ഠയാഥാര്‍ത്ഥ്യങ്ങളുടെ പരസ്പരാഭിമുഖത്തിനു പുറമേ ഈ ചെറിയ കവിത ഉള്ളടക്കുന്ന മറ്റു വൈരുദ്ധ്യങ്ങള്‍ കൂടിയുണ്ട്. വര്‍ണ്ണസംബന്ധിയാണതിലൊന്ന്. കറുപ്പും വെളുപ്പുമെന്ന വൈരുദ്ധ്യത്താല്‍ തന്നെ നിര്‍മ്മിതമാണ് നെഗറ്റീവിന്റെ സ്വത്വം. പ്രത്യേക പ്രകരണത്തില്‍ അവ രണ്ടും ഐക്യപ്പെടുകയും കളര്‍ ചിത്രത്തിന്റെ ധാരാളിത്തത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു. കളര്‍ ചിത്രത്തിലെ തന്നെ നിറങ്ങള്‍ ഇതുപോലെ പരസ്പരശത്രുക്കളാണ്, ഒറ്റയ്ക്കെടുത്താല്‍. പരസ്പരം കാരണങ്ങളാവുന്ന രണ്ട് വസ്തുക്കളാണ് വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത് എന്നത് ശ്രദ്ധേയം. നെഗറ്റീവ് ഒരര്‍ത്ഥത്തില്‍ ഫോട്ടോയുടെ കാരണമാണ്. കാര്യം തന്നെ കാരണത്തെ നിഷേധിക്കുന്നു എന്നത് വൈരുദ്ധ്യമാണ്. കറുപ്പ്, വെളുപ്പ് എന്നുള്ളത് ‘അതിവിനയമാണെ‘ന്നതും നിറങ്ങള്‍ ‘ധാരാളിത്ത‘മാണെന്നതുമായ കാഴ്ചപ്പാടിന്റെ സ്രോതസ്സാണ് മറ്റൊരു ഘടകം. സാംസ്കാരിക പഠനത്തിലൂടെ അഴിച്ചെടുക്കേണ്ടതാണ് ഈ ‘അതിവിനയ/ ധാരാളിത്ത‘ ദ്വന്ദ്വം. സത്യത്തില്‍ ധാരാളിത്തത്തിനു പകരം വച്ചതു കൊണ്ട് കറുപ്പും വെളുപ്പും പിശുക്കാവേണ്ടതല്ലേ? ആ തരത്തില്‍ അതു പരിചരിക്കപ്പെടാതെ പോയതിന്റെ കാരണം മാറിവരുന്ന കാലത്തിന്റെ പെരുമാറ്റച്ചട്ടങ്ങളില്‍ തിരക്കിയാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. (അതി)‘വിനയം‘ വരിഷ്ഠഗുണമായിരുന്ന ഫ്യൂഡല്‍ കാലഘട്ടം മാഞ്ഞുപോയതിനെപ്പറ്റിയുള്ള സൂചനയാണ് ഫോട്ടോയുടെ വാക്കുകളില്‍ നെഗറ്റീവിനെ ‘കാലഹരണ‘പ്പെട്ടവനാക്കുന്നത്. അതേ സങ്കേതം ഉപയോഗിച്ച് ധാരാളിത്തത്തെ ‘ഉപഭോഗകാല‘ത്തെ അടയാളപ്പെടുത്തുന്ന ചിഹ്നമായും വായിക്കാം. അങ്ങനെ രണ്ടു വിരുദ്ധകാലങ്ങള്‍ കൂടി മുഖാമുഖം നില്‍ക്കുന്നു ഇവിടെ എന്നു പറയാം. കോമാളിയിലെ ചിരിയും കരച്ചിലും കൂടി കണക്കിലെടുക്കുക. (ദുരന്തത്തിനും തമാശയ്ക്കുമിടയില്‍ നേരിയ വരമാത്രമല്ലേയുള്ളൂ - അയനസ്കോ) കോമാളിയാവുന്നത് ആരാണെങ്കിലും അതിലൊരു ദുരന്തമുണ്ട്. അയാള്‍ക്കത് വിഷാദവും മറ്റുള്ളവര്‍ക്ക് തമാശയും. (വൈരുദ്ധ്യങ്ങളെ കവിതയ്ക്കകത്തു നിര്‍ത്തി വിശകലനം ചെയ്യുന്നവയാണ് വിനോദിന്റെ കവിതകളെല്ലാം തന്നെ ഒരര്‍ത്ഥത്തില്‍. അവയുടെ സൂക്ഷ്മമായ പ്രകരണഭേദങ്ങളുമുണ്ട്. കറുപ്പ്/വെളുപ്പ്, ഓര്‍മ്മ/മറവി, ഉണ്മ/ഇല്ലായ്മ, കൊഴുപ്പ്/ഉണക്കം, ഇരുട്ട്/വെട്ടം, നനവ്/ഉണക്ക്, സ്ഥൈര്യം/വഴുക്ക്, ഉണര്‍വ്/സ്വപ്നം, ജീവിതം/മരണം.......അങ്ങനെ എത്ര വേണമെങ്കിലുമെടുക്കാം ഉദാഹരണങ്ങള്‍)
മനുഷ്യന്റെ സാംസ്കാരികലോകത്തെയും അവന്റെ പ്രശ്നസാഹചര്യങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് അവന്റെ തന്നെ നിര്‍മ്മിതിയായ രണ്ടു അചേതനങ്ങള്‍ ഇങ്ങനെയൊരു സംവാദത്തിലേര്‍പ്പെട്ടിരിക്കാന്‍ സാദ്ധ്യതയുള്ള ലോകമേതാണ്? പ്രത്യക്ഷത്തില്‍ ലളിതമെന്നു തോന്നുമെങ്കിലും സ്വാഭാവികയുക്തിയ്ക്കു നിരക്കുന്ന വ്യാഖ്യാനം അപ്രസക്തമാകുന്ന ഒരു തലം കവിതകള്‍ പൊതുവേ അവലംബിക്കാറുണ്ട്. ‘ഭ്രമാത്മക സാഹിത്യത്തിന് ഒരു മുഖവുര’ എഴുതിയ സ്വെതാന്‍ ടൊഡൊറോവ് (Tzvetan Todorov) ‘ഭ്രമാത്മക തലം’ (fantastic realm) സാദ്ധ്യമാവുന്ന അവസ്ഥയെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്. ചില രചനകള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അതിഭൌതിക വ്യാഖ്യാനം ആവശ്യമാണ്. മറ്റു ചിലവയ്ക്ക്, അവ യുക്തിയ്ക്ക് നിരക്കുന്നതല്ലെങ്കില്‍ കൂടി സ്വാഭാവികമായ വിശദീകരണവും സാദ്ധ്യമാണ്. ഇവയ്ക്കു രണ്ടിനുമിടയില്‍ അന്തിച്ചു നില്‍ക്കുമ്പോഴാണ് ഒരു രചനയില്‍ ‘ഭ്രമാത്മകതലം’ ഒരു യാഥാര്‍ത്ഥ്യമാവുന്നത്. ബാഹ്യലോകത്തിന്റെ പകര്‍പ്പുകളാണെങ്കില്‍ കൂടി ഫോട്ടോകള്‍ക്കും നെഗറ്റീവുകള്‍ക്കും സ്വയമൊരു ലോകമുണ്ട്. വിനോദിന്റെ കവിതകളിലാകെ തന്നെ ഇത്തരമൊരു സ്വപ്നാത്മകമായ ലോകത്തിന്റെ സാന്നിദ്ധ്യമുണ്ട്. (ഗള്ളിവര്‍ എത്തിപ്പെടുന്ന തുരുത്തുകളെല്ലാം തന്നെ ഒരു കിനാക്കണ്ണിന്റെ സന്തതികളല്ലേ?)അചേതനങ്ങള്‍ അവിടെ സംസാരിക്കുകയും വികാരപ്പെടുകയും ചെയ്യുന്നു. രൂപകമെന്നോ (Metaphorical) അര്‍ത്ഥന്തരന്യാസമെന്നോ (Metonymical) ഇവയെ ചുരുക്കിയെടുക്കുക എളുപ്പമല്ല. (അഭേദകല്പനകളുടെ സായൂജ്യത്തെ പിണ്ണാക്കു തന്നെ ആക്രോശിച്ചു റദ്ദാക്കുന്നമട്ടില്‍ മറുകണ്ടം ചാടുന്നതു നോക്കുക, ‘എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു‘ എന്ന കവിതയില്‍ അവസാനം) യാഥാര്‍ത്ഥ്യത്തിനും കിനാക്കാഴ്ചയ്ക്കുമിടയില്‍ അല്ലെങ്കില്‍ ഓര്‍മ്മയ്ക്കും ചരിത്രത്തിനുമിടയില്‍ കുതറുന്ന അവസ്ഥയിലാണ് വിനോദിന്റെ കവിതകളിലെ സ്ഥലകാലങ്ങള്‍ ഏറെയും. ‘സത്യം പറയുന്നവരെക്കുറിച്ചുള്ള നുണകള്‍‘ എന്ന കവിത പ്രകടമായ ഒരു ഉദാഹരണം. 'അന്ധവിശ്വാസത്തിന്റെ അഞ്ചു കവിതകള്‍' വേറൊന്ന്. ‘പ്രേതാവിഷ്ടം’ എന്ന കവിതയില്‍ കൂടുതല്‍ വെളിവാണ്, സ്ഥലപരമായ വൈരുദ്ധ്യങ്ങള്‍)
രണ്ടു വരിയില്‍ മുഴുമിച്ച സംവാദമാണ് ‘സ്റ്റുഡിയോ‘യുടെ കാതല്‍. കവിതകളുടെ പൊതുസ്വഭാവമായി ഇങ്ങനെ ‘സസ്പെന്‍ഡ്’ ചെയ്യപ്പെട്ട ക്രിയാംശങ്ങളുടെ ആവര്‍ത്തനത്തെ കാണുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. അതിനപ്പുറവും ഇപ്പുറവും കവിതയ്ക്ക് പ്രസക്തമല്ലാതെ വരുന്നു. മനുഷ്യാവസ്ഥകളെ വസ്തുസ്ഥിതികളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുക എന്നതൊരു പൊതു രീതിയായി കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ‘സ്ക്രൂ’വായി, ‘ഈര്‍ച്ച എന്ന ഉപമ‘യായി, ‘വഴുക്കാ‘യി, ‘വെയില്‍ നേരെയല്ലാതെ വീഴുന്ന ഇടങ്ങളാ‘യി, ‘ഒറ്റയ്ക്ക് കേള്‍ക്കുന്നതാ‘യി... അങ്ങനെ അങ്ങനെ.. വൈകാരികമായ മുറുക്കമാണ് കവിയുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഈ പ്രത്യേകതയ്ക്കു ലഭിക്കുന്ന ലാഭം. ഒരു ജിഗ്സോപസ്സിലിലെന്നപോലെ മാറി വരുന്ന പരിപ്രേക്ഷ്യങ്ങളിലും പശ്ചാത്തലങ്ങളിലും വച്ച് പരിശോധിക്കാനുള്ള സാദ്ധ്യത സൃഷ്ടിക്കുന്നതാണ് വായനയില്‍ ഇതു സൃഷ്ടിക്കുന്ന സൌജന്യം. ഗള്ളിവറുടെ ദ്വീപുകള്‍ ഇതുപോലെ വിച്ഛേദിക്കപ്പെട്ട ജീവിതാവസ്ഥകളുടെ കുറച്ചുകൂടി വലിയ ക്യാന്‍വാസിലുള്ള അവതരണമാണ്. അതി വൈചിത്ര്യം നിറഞ്ഞ അനുഭവങ്ങളില്‍ വലിയ പീഡനങ്ങള്‍ക്ക് ഇരയാവുന്നില്ലെങ്കില്‍ കൂടി അയാള്‍ ഒരിക്കലും സന്തുഷ്ടനല്ല. അയാളുടെ അവസ്ഥകളാവട്ടെ മാറിയും തിരിഞ്ഞുമിരിക്കുന്നു. മാനുഷികമായ നിലനില്‍പ്പാണ് കവിതകളുടെ പ്രശ്നമണ്ഡലം. അവ്യക്തമായി ഗള്ളിവറുയര്‍ത്തിയ ചോദ്യം, ആരാണ് താന്‍, തന്റെ ഇടം എന്താണ്, എവിടെയാണത് എന്ന ചോദ്യം, ഉപമാനങ്ങളിലൂടെ മൂര്‍ത്തമാവുന്നതാണ് കവിതയിലും നാം കാണുന്നത്. ഉടഞ്ഞക്കണ്ണാടിക്കഷ്ണങ്ങളില്‍ ഒരേ പ്രതിബിംബം പലതായി പ്രത്യക്ഷമാവുന്നതു പോലെയാണിത് കവിതയില്‍ എന്നു മാത്രം. ഇല, ഇല എന്ന നിലയ്ക്കും കാടായും അനുഭവപ്പെടുന്നു എന്നു ചുരുക്കം.
ക്രിയാംശങ്ങളെ ഒരു ബിന്ദുവില്‍ നിര്‍ത്തി മുറിച്ചെടുക്കുമ്പോള്‍ കവിതയ്ക്കു ലഭിക്കുന്നത് ഒറ്റ ചിത്രങ്ങളുടെ മിഴിവാണ്. കവിത ഒരിന്ദ്രിയത്തിന്റെ കലയല്ലാത്തതുകൊണ്ട്, പൂരണധര്‍മ്മം അനുവാചകനിലേയ്ക്ക് അതിശക്തമായി തന്നെ സംക്രമിക്കപ്പെടുന്നതാണ് അടുത്ത കാഴ്ച. ‘സ്റ്റൂഡിയോ’യിലെ സംഭാഷണം നിര്‍വഹിക്കുന്നത് സംവാദത്തിന്റെ ധര്‍മ്മമാണ്. കവിതയ്ക്കുള്ളിലെ സംഭാഷണത്തിന്റെ സാരം, കവിത പൊതുസമൂഹവുമായി പങ്കുവയ്ക്കേണ്ട ആശയവിനിമയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോദ്ധ്യമായ മനസ്സാണ് അതിനു പിന്നിലെന്നതിന്റെ സാക്ഷിപത്രമാണ്. വിനോദിന്റെ കവിതകള്‍ സ്വാഭാവികമായി തന്നെ ഉള്ളടക്കിയിരിക്കുന്ന ഒരു പ്രത്യേകതയാണ് സംഭാഷണത്തിനുള്ള ഒരു ത്വര. അവ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും തന്റെ അഭിപ്രായമിതാണെന്നു പറഞ്ഞുകൊണ്ടും വായനക്കാരനെക്കൂടി സംസാരത്തിനു ക്ഷണിക്കുന്നു. ഉറക്കെ ചിന്തിക്കുക എന്ന അവസ്ഥ സംജാതമാക്കുന്നു. എഴുത്തിനും വായനയ്ക്കുമിടയിലെ പാലത്തിന്റെ തിണ്ണബലമാണ് പോക്കുവരവുകളുടെ ഊര്‍ജ്ജം. കാഴ്ചയുടെ പരിഭാഷകളായിരിക്കുമ്പോള്‍ തന്നെ അവ ആന്തരികതാളത്താല്‍ കാതുകളെ കൂര്‍പ്പിക്കുന്നു. തീര്‍പ്പുകള്‍ അവതരിപ്പിക്കാത്തതിനാല്‍ വായിക്കുന്ന നാവുകളെ ത്രസിപ്പിക്കുന്നു. പ്രവാചകത്വം അവയില്‍ തീരെയില്ല. അതേസമയം മനുഷ്യാവസ്ഥയെക്കുറിച്ചുള്ള തച്ചുകള്‍ അതിസൂക്ഷ്മമായി പണിയുകയും ചെയ്യുന്നു. പലപ്പോഴും തച്ചിനുള്ളില്‍ വീണ്ടും തച്ച്. ചരിത്രത്തെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമുക്കു നിശ്ശബ്ദനാവാന്‍ കഴിയുമ്പോഴും നിലനില്‍പ്പിനെക്കുറിച്ച് നിശ്ശബ്ദനാവാന്‍ വയ്യാത്ത ഒരവസ്ഥയുള്ളതിനാലാണ് അവ സംവാദരൂപിയായി വര്‍ത്തമാനത്തിന്റെ കോശങ്ങളെ തെരുപ്പിടിപ്പിക്കുന്നത്. സ്വിഫ്റ്റ് ഗള്ളിവറുടെ കൈയില്‍ വച്ചു കൊടുത്ത പ്രധാനായുധം സംഭാഷണമാണ്. കാരണം അയാള്‍ക്കു ജീവിക്കേണ്ടതുണ്ട്. അയാള്‍ ഭാഷകള്‍ പഠിക്കുന്നു. വിശ്വസിച്ചാലുമില്ലെങ്കിലും അയാള്‍ അനുഭവങ്ങള്‍ വിവരിച്ചുകൊടുക്കുന്നു, അവര്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കുന്നു. ആ അര്‍ത്ഥത്തില്‍ അയാള്‍ സംഭാഷണത്തിന്റെ മിശിഹായാണ്. ഭ്രമാത്മകമായ ഒരു ലോകത്തിന്റെ ആവിഷ്കാരമാണ് നിര്‍വഹിക്കാനെന്നുള്ളതിനാല്‍ ഏകസ്വരമായി എതുസമയവും പരിണമിച്ചേക്കാവുന്ന യുക്തിയെയാണ് അയാള്‍ (സ്വിഫ്റ്റ് എന്ന എഴുത്തുകാരനും) ഭാഷാവിനിമയത്തിലൂടെ തരണം ചെയ്യുന്നത്. പുതിയ കാലത്തിന്റെ രചനയ്ക്ക്, പ്രത്യേകിച്ച് കവിതയ്ക്ക് ഈ ബാദ്ധ്യതയില്ല. എഴുത്തുകാരന്റെ സാമൂഹികപ്പൊരുത്തമാണ് തന്റെ രചനകളെ സംഭാഷണത്തിന്റെ വട്ടമേശയായി നിലനിര്‍ത്തണോ വേണ്ടേ എന്നു തീരുമാനിക്കുന്ന ഘടകം.
‘ലാപുട’ എന്ന വൈരുദ്ധ്യങ്ങളുടെ ഭാവനാ ദ്വീപിനെ തന്റെ മേല്‍വിലാസമായി സ്വീകരിക്കുമ്പോള്‍ പുതിയ ഒരെഴുത്തുകാരന്‍ തന്റെ സൂക്ഷ്മമായ സ്പര്‍ശമാപിനികള്‍ ഉപയോഗിച്ചു പിടിച്ചെടുത്ത മൂലകങ്ങളില്‍ ചിലതിനെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ രചനകളെ സാമാന്യമായും ‘സ്റ്റുഡിയോ’ എന്ന കവിതയെ വിശേഷമായും അപഗ്രഥിക്കാനാണ് ശ്രമിച്ചത്. ഇവിടെ പറഞ്ഞവയൊക്കെ പലരീതിയില്‍ ശാഖകള്‍ വച്ച് വികസിച്ചിട്ടുണ്ട് പിന്നീടു വരുന്ന കവിതകളില്‍. ഓരോ കവിതയിലും കുടിയിരിക്കുന്ന മൂലകങ്ങളുടെ വൈവിദ്ധ്യം ബഹുലമായതിനാല്‍, അവ അതിസൂക്ഷ്മമായ ഉള്‍പ്പിരിവുകളൊടു കൂടിയവയായതിനാല്‍, ഇതിവിടെ തീര്‍ക്കാന്‍ കഴിയില്ല എന്ന് ഇത്രയും വിവരിച്ചതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.
ആദ്യമായാണ് ഇവിടെ കമന്റുന്നത്.
ReplyDeleteമനോഹരം.
എങ്കിലും ലാപുടയുടെ ആദ്യകാല കവിതകളില്‍ നിന്നും വേറിട്ട് ഒരു പുതിയ പാതയിലേക്ക് ലാപുട തിരിഞ്ഞു പോയതായി പില്‍ക്കാല കവിതകള്‍ നമുക്ക് കാണിച്ച് തരുന്നുണ്ട്.
ഓ:ടോ:ഒരാള്‍ തുരുമ്പിച്ച ഒരു കൊയ്ത്തരിവാളുമായി ഇവിടെ വിതച്ച കവിതകളെ കൊയ്യാന്‍ നടക്കുന്നത് കാണുമ്പോള്‍,വള്ളെഴുത്തെ താങ്കളെ ഞാന്‍ നമിക്കുന്നു.ഇത്ര മനോഹരമായി പറഞ്ഞതിന്.
“എഴുത്തിനും വായനയ്ക്കുമിടയിലെ പാലത്തിന്റെ തിണ്ണബലമാണ് പോക്കുവരവുകളുടെ ഊര്‍ജ്ജം.“
ReplyDeleteഈ ഊര്‍ജ്ജമാണ് വിനോദിനെ ബ്ലോഗിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന കവി ആക്കിയത് എന്നു തോന്നുന്നു. കൃത്യമായ ഒരു നിഷ്ഠയെന്നപോലെ വായനക്കാരന്റെ സ്ഥലം വിനോദ് കവിതകളില്‍ ഉറപ്പുവരുത്തുന്നുണ്ട്.
തലക്കെട്ടിലും കവിതയിലും ഒരുപോലെ പതിയിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ സാമ്യം കണ്ടെടുക്കുന്ന ഈ ലേഖനത്തിന് നന്ദി.:)
ReplyDeleteതലവാചകത്തിന്റെ മിഴിവ്.
ReplyDeleteഎഴുത്തുടലിനെ ഇഴചേര്‍ത്തുമുറുക്കുന്നതിലെ മികവ്.
വാലറ്റത്തെ ഇന്ദ്രജാലം. (ഞാന്‍ മനസിലാക്കിയിരുന്നത്)
ദുരൂഹതകളുടെ ഈ ദ്വീപിലേയ്ക്ക് പോകുകയല്ല ദൂരക്കാഴ്ച്ചകൊണ്ട് അവിടെ
ഇങ്ങനെയൊക്കെയായിരിക്കും എന്നു സങ്കല്പ്പിക്കുകയാണ് പലപ്പോഴും.
വെള്ളെഴുത്തിനെപ്പോലുള്ളവര്‍ പകരുന്നത് ദാ ഞാനവിടെ പോയിവന്നു
എന്ന ആധികാരികമായ വെളിച്ചമാണ്.
നന്ദി നന്ദി നന്ദി.
നന്ദി..കവിതകളോടുള്ള ഈ പരിഗണനയ്ക്ക്, ഞാന്‍ നോക്കിയാല്‍ കാണാത്ത എന്നെക്കൂടി കാണിച്ചുതരുന്നതിന്..
ReplyDeleteമാഷേ,
ReplyDeleteനല്ല ലേഖനം. വിനോദിന്റെ കവിതയെ ഇത്രമേല്‍ വിശദമായി ആരും വായിച്ചു കേട്ടിട്ടില്ല. ഇനിയും എഴുതണം, ഇങ്ങനെ
അനംഗാരി, ഗുപ്താ, പ്രമോദേ, ജ്യോനവാ, റോബീ, ആസ്വാദനം തന്റെയുള്ളിലെ ഭീതിയെ പിടിച്ചുകെട്ടാനുള്ള ശ്രമമാണ്. (എല്ലാവരും ആസ്വദിച്ച കവിത ശരിയായ അര്‍ത്ഥത്തില്‍ തന്നെയാണോ ഞാന്‍ മനസ്സിലാക്കിയത് എന്ന ഭീതി, കവിത തന്റെ ഉള്ളില്‍ പടര്‍ത്തിയതെന്താണെന്ന് തിരിച്ചറിയുന്നതുവരെയുള്ള അജ്ഞാതമായ ഭയം, ഇതാണെന്നു സ്വയം ഉറപ്പിക്കുമ്പോഴും അതു തന്നെയാണോ എന്ന സ്വകാര്യമായ ഉത്കണ്ഠ) കവിതയ്ക്ക് ഒരു പാട് വായനക്കാരുണ്ട്, അവരെല്ലാം തങ്ങള്‍ക്കനുഭവപ്പെട്ടത് പങ്കുവച്ചിരുന്നെങ്കില്‍ കവിത കൂടുതല്‍ മനസ്സിലാക്കാനുള്ള വഴി അങ്ങനെ തുറക്കുമെന്നാണ് എന്റെ വിശ്വാസം. ഒരാള്‍ അഭയവരദാന മുദ്രപിടിച്ച് പറയുന്നു, മറ്റുള്ളവര്‍ കേട്ടു തലകുലുക്കുന്നു എന്ന നിലവിട്ട് സ്വതന്ത്രമായി സംസാരിക്കാവുന്ന, ആശയങ്ങള്‍ പങ്കുവയ്ക്കാവുന്ന, സര്‍ഗാത്മകമായി തന്നെ കലഹിക്കാവുന്ന, ബൌദ്ധികയിടങ്ങളായി കുറഞ്ഞപക്ഷം നിരൂപണബ്ലോഗുകളെങ്കിലും മാറിയെങ്കില്‍ എന്നൊരാഗ്രഹമുണ്ട്.
ReplyDeleteലാപുടേ.. അതു ഭംഗിവാക്കു പറഞ്ഞതാണെന്ന് എനിക്കറിയാം, രണ്ടാമത്തെയാവര്‍ത്തി വായിച്ചപ്പോള്‍ ഞാന്‍ നടപ്പടിവരെയല്ലേ എത്തിയുള്ളൂ, എന്ന തോന്നല്‍ ശക്തം!
വെള്ളെഴുത്തേ,
ReplyDeleteരണ്ടുമുതല്‍ നാലുവരെയുള്ള ഖണ്ഡികകള്‍ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചുവെങ്കിലും (ഇപ്പോഴും മാറിയിട്ടില്ല്ല) ലാപുടയുടെ അത്ഭുതം തന്നെയാണ് ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയത്.
തെളിഞ്ഞ് ഭാഷയുടെ കിറുകൃത്യമായ പ്രയോഗങ്ങളിലൂടെ വിനോദിന്റെ കവിതകളുടെ കൃത്യമായ ഒരു അപനിര്‍മ്മാണം.
അഭിവാദ്യങ്ങളോടെ
നല്ല നിരീക്ഷണങള്‍.
ReplyDeleteഎങ്കിലും 'വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യം ഇല്ല'
എന്ന് എനിക്ക് തോന്നിയിട്ടില്ല.
കവിതയുടെ 'ലോഹ ശരീരത്തിന്റെ'
വിജാഗിരികള്‍ തുറന്നെത്തുന്നത് സുന്ദരമായ ഒരു
അനുഭൂതിയുടെ ലോകത്തേക്കാണ്
എന്നതാണ് എന്റെ വായനാ അനുഭവം.
കേട്ടെഴുത്ത്,പ്രിസം,വെയില്‍ നേരെയല്ലതെ....,
ആംഗ്യങ്ങള്‍,മരം പെയ്യുന്ന ഒച്ച,വിവര്‍ത്തനം
തുടങ്ങിയ ചില കവിതകള്‍.
രാജീവേ, ആശയക്കുഴപ്പം എന്റെ ‘പദ/ആശയ‘ വിവര്‍ത്തനങ്ങളിലെ സാഹസികതയാലുണ്ടായതാണെങ്കില്‍ എനിക്കും അതില്‍ ചില ജാള്യങ്ങളൊക്കെയുണ്ടെന്നേ പറയാനുള്ളൂ. മറ്റെന്താണ്? സുധീറേ, വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യമില്ല എന്നു പറഞ്ഞത് ജൊനാതന്‍ സ്വിഫ്റ്റിന്റെ പുസ്തകത്തിലെ ‘ലാപുട’ എന്ന ദ്വീപിന്റെ കാര്യമാണ്.
ReplyDeleteദ്വന്ദ്വഭാവന, രണ്ടറ്റത്തുമുള്ള മുറുക്കം, വൈരുദ്ധ്യം എല്ലാം അനുഭവപ്പെട്ടിരുന്നു.
ReplyDeleteസ്റ്റുഡിയോ യില്‍ നിന്നും ഒഴിവിടത്തെ പറ്റി പറഞ്ഞ് നോക്കുന്നു എന്ന കവിതയ്ക്ക് കാര്യമായ് വ്യതിയാനങ്ങളുണ്ട്.
ലാപുടയുടെ കവിതകള്‍ ഇനി എങ്ങനെ എന്ന് ചോദ്യം വളരെ പ്രസക്തമാകുന്നു ഈയവസരത്തില്‍.
കാത്തിരുന്നു കാണേണ്ടത് തന്നെയാണത്.
വെള്ളെഴുത്തിന് നന്ദിയുണ്ട്. ചിന്തിപ്പിച്ചതിന്