April 14, 2008
‘ചെയ്യില്ല എന്നുറപ്പിച്ചത് ചെയ്യില്ല, മരിച്ചവര്‍’
അന്‍പതുകളില്‍, വലിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഒരു കവി (ഇയാളെ Poet ‘N‘ എന്നാണ് കുന്ദേര വിളിക്കുന്നത്) സ്റ്റാലിന്റെ വിചാരണകഴിഞ്ഞ് ജയിലിലടയ്ക്കപ്പെട്ടു. അയാള്‍ വല്ലാത്ത മൂടാപ്പിലായി. തടവിനിടയ്ക്ക് കവിതകളെഴുതി സ്വന്തം അസ്വാസ്ഥ്യത്തെ മാറ്റി നിര്‍ത്തി. താന്‍ വിശ്വസ്തനും പാര്‍ട്ടിയോട് വിധേയത്വമുള്ളവനും പാര്‍ട്ടിയ്ക്കു വേണ്ടി സ്വജീവന്‍ കൂടി ബലികൊടുക്കാന്‍ മടിക്കാത്തവനുമാണെന്നാണ് പൊതുവേ ആ കവിതകളിലൂടെ അയാള്‍ പറയാന്‍ ശ്രമിച്ചത്. പേര് The Gratitude of Joseph K. അങ്ങനെ വിചാരണക്കാലത്തും അതിനുശേഷവും സ്വയം ഒരു കാരണം കണ്ടുപിടിക്കാനാവാതെ അനുഭവിച്ച ഭീകരപീഡനങ്ങളെയൊക്കെ അയാള്‍ മറന്നു. പീഡകന്റെ കാലുനക്കി, വാലാട്ടി. സാധാരണബോധം ഇതിനെ ഭീരുത്വം എന്നാണു വിളിക്കുക. ഒരു കടുത്ത കുറ്റവാളിയേക്കാള്‍ അറപ്പുണ്ടാക്കുന്ന ഒരു സ്വത്വമായി സമൂഹത്തിനു മുന്നില്‍ പിന്നീട് അയാള്‍ മാറിയേക്കും. എല്ലാവരുടെയും ഉള്ളില്‍ പതുങ്ങിയിരിക്കുന്നതുകൊണ്ടാവണം, ഭീരുത്വത്തെ അത്ര അവജ്ഞയോടെയാണു നാം പരിഗണിക്കുന്നത്. അതേ സാഹചര്യത്തില്‍ നമ്മള്‍ എന്തായിരിക്കും ചെയ്യുക എന്ന ഭാവന പലപ്പോഴും നമ്മുടേ രക്ഷയ്ക്കെത്താറില്ല.
ഈ സംഭവത്തിന് മറ്റൊരു തലമുണ്ട്. ആ കവി, തടവിന്റെ എകാന്തതയില്‍ ഇരുന്ന് തന്റെ മനസ്സിലേയ്ക്കു നോക്കി സത്യസന്ധനാവുകയായിരുന്നു എന്നതാണ് സത്യം. ശരിക്കുള്ള താന്‍ എന്താണെന്നുള്ള അന്വേഷിച്ചുപോക്കിന്റെ ഫലമാണ് അയാളുടെ കുമ്പസാര സ്വഭാവമുള്ള കവിതകള്‍. അങ്ങനെ തന്നോടും തന്നെ ശിക്ഷിച്ചവരോടും അയാള്‍ക്ക് സത്യസന്ധനാവാന്‍ പറ്റി. ശരിയായ ‘ഞാന്‍’ എന്താണെന്ന് തിരിച്ചറിയുന്നത് ബോധോദയഘട്ടമാണ്. സത്യസന്ധത, നന്മയുടെ അടയാളമാണെന്ന് അയാള്‍ക്കറിയാം, പക്ഷേ നമുക്കത് വെറുക്കപ്പെടേണ്ട ഭീരുത്വത്തിന്റെ സാക്ഷിപത്രമാണ്. ജീവിതം ഇങ്ങനെയൊക്കെ കഥകളേക്കാള്‍ പാരഡോക്സിക്കലാവുന്നു. കുന്ദേര തന്നെ പറയും പോലെ, അസംബന്ധങ്ങള്‍ വന്നു നിറയുന്നു. ശിക്ഷയാണ്, കുറ്റം തേടുകയും അതു കണ്ടെത്തുകയും ചെയ്യുന്നത്.
ഇനി മറ്റൊന്ന്, 1951-ല്‍ പ്രാഗില്‍ ചെയ്യാത്ത കുറ്റം ആരോപിച്ച് ഒരു സ്ത്രീയെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തടവിലാക്കി. അവരുടെ ഭൂതകാലം ചികയുകയും ചെറിയ കാര്യങ്ങള്‍ പോലും വിശദമായ അന്വേഷണത്തിനു വിധേയമാക്കുകയും ചെയ്താണ് സാധാരണ സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ കുറ്റാരോപിതനെ കൊണ്ട് അവസാനം തെറ്റു സമ്മതിപ്പിക്കുന്നത്. പിന്നെയാണ് ശിക്ഷ. പക്ഷേ പതിവിനു വിപരീതമായി അവര്‍ കുറ്റം നിഷേധിച്ചു. പ്രോസിക്യൂട്ടറുമായി നിസ്സഹകരിച്ചു. ആ നിലയ്ക്ക് അസാധാരണമായ ധൈര്യമാണവര്‍ കാട്ടിയത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും ഒരു വര്‍ഗശത്രുവിനെ സൃഷ്ടിക്കാനുള്ള ഭരണകൂടശ്രമത്തെ അവരുടെ അചഞ്ചലത്വം പ്രയോജനമില്ലാത്തതാക്കി. പ്രഹസനവിചാരണയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നിട്ടും എന്തോ ഒരു തിരിമറിയലില്‍ അവര്‍ക്ക് വധശിക്ഷയ്ക്കു പകരം ജീവപര്യന്തമാണു കിട്ടിയത്. ജയിലില്‍ പോകുമ്പോള്‍ അവര്‍ക്ക് ഒരു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
ജയിലില്‍ നിന്നു തിരിച്ചുവന്ന അവരെ സ്വീകരിച്ചത് കൌമാര പ്രായത്തിലുള്ള മകന്‍. പതിനഞ്ചുവര്‍ഷത്തെ ഏകാന്തതയ്ക്ക് പരിഹാരമായി അവര്‍ മകനോടുള്ള സ്നേഹത്തെ വച്ചു. വല്ലാത്ത വൈകാരികപിരിമുറുക്കമുള്‍ല ബന്ധമായിരുന്നുഅ അമ്മയും മകനും തമ്മില്‍. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുന്ദേര ഈ സ്ത്രീയെ സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ പോകുന്നുണ്ട്. അപ്പോള്‍ മകന് 25 വയസ്സുണ്ട്. നീണ്ട വര്‍ഷത്തെ ജയില്‍ ജീവിതത്തെയും സ്റ്റാലിനിസ്റ്റ് വിചാരണയെയുമെല്ലാം അസാമാന്യമായ ധൈര്യത്തോടെ നേരിട്ട സ്ത്രീ, അദ്ദേഹം കാണുമ്പോള്‍ ഏങ്ങി ഏങ്ങി കരയുകയാണ്. കാര്യം പരാമര്‍ശം പോലുമര്‍ഹിക്കാത്ത തരത്തില്‍ നിസ്സാരമായത്. യുവാവായ അവരുടെ മകന്‍ അന്ന് കുറച്ചു കൂടുതലുറങ്ങി പോയി.
ഇത്ര ചെറിയകാര്യത്തില്‍ കരയുന്നതെന്തിന് എന്ന കുന്ദേരയുടെ ചോദ്യത്തിന് അമ്മയല്ല, മകനാണ് മറുപടി പറഞ്ഞത്.
‘ എന്റെ അമ്മ കരുത്തുള്ളവളാണ്. എല്ലാവരും ഭീരുക്കളായി വിറച്ചുപ്പെടുത്തു നിന്ന കാലത്ത് ഒറ്റയ്ക്ക് ധീരമായി എല്ലാ പീഡനങ്ങളെയും അതിജീവിച്ചവളാണ്. എന്നെയും അതു പോലെ കരുത്തുള്ളവനാക്കുക എന്നതാണ് അമ്മയുടെ ലക്ഷ്യം. ഞാനുറങ്ങിപ്പോയി. അതെന്റെ സ്വാര്‍ത്ഥതയാണ്. അമ്മയുടെ ഉദ്ദേശ്യത്തിനു വിരുദ്ധമാണത്. അമ്മ ഉദ്ദേശിക്കുന്നതെന്താണോ ഞാന്‍ അതാവും. താങ്കളോട് ഞാന്‍ സത്യം ചെയ്യാം.’
പ്രത്യക്ഷത്തില്‍ മകനും അമ്മയും തമ്മിലുള്ള തീവ്രമായ ബന്ധത്തിലാവും നമ്മുടെ ശ്രദ്ധ പതിയുക. സ്ത്രീ എന്ന നിലയ്ക്ക് മരണത്തെപ്പോലും കൂസാതെ ഭരണകൂടത്തെയും പാര്‍ട്ടിയെയും വെല്ലുവിളിച്ചു നിന്ന സ്ഥൈര്യത്തിലും. എന്നാല്‍ നേരത്തെ എഴുതിയ സംഭവത്തിലുള്ളതു പോലെ ഇതിനും മറ്റൊരു തലമുണ്ട്. പാര്‍ട്ടിയ്ക്ക് അവരെകൊണ്ടു കുറ്റസമ്മതം നടത്താന്‍ കഴിഞ്ഞില്ല, എന്നാല്‍ അതല്ലേ 15 വര്‍ഷങ്ങള്‍ക്കു ശേഷം മകനെക്കൊണ്ട് അവര്‍ ചെയ്യിച്ചത്, എന്നു ചോദിക്കുന്നത് കുന്ദേരയാണ്. സ്വന്തം ഇച്ഛാശക്തിയുമായി ഭരണകൂടയന്ത്രത്തിനു മുന്നില്‍ കൂസലില്ലാതെ നിന്ന വ്യക്തി മകനെ തന്റെ അനുസാരിയാക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം ഗംഭീരമാണ്. പൊതുവായി കുറ്റസമ്മതം നടത്തിക്കുന്നതും വൈകാരികമായ പ്രതികരണത്തിലൂടെ മകനെ സ്വന്തം തെറ്റുകണ്ടെത്താന്‍ നിര്‍ബന്ധിതനാക്കുന്നതിലും സമാനതകളുണ്ട്. സ്റ്റാലിന്റെ വിചാരണയുടെ ചെറിയ പതിപ്പാണ് വീട്ടില്‍ അരങ്ങേറിയത്. (അതുപോലെ എത്ര സംഭവങ്ങളുണ്ടാവും!) മനശ്ശാസ്ത്രമെക്കാനിസം മറ്റെന്തിനേക്കാളും ശക്തമായി പ്രവര്‍ത്തിക്കും. ജയിലിലെ എകാന്തതയില്‍ അവരുടെ മനസ്സ് പാകപ്പെട്ടത് എങ്ങോട്ടാണെന്നു ആലോചിക്കുമ്പോഴാണ് രണ്ടു സംഭവങ്ങളുടെ ആഴപ്പൊരുള്‍ തിരിഞ്ഞുകിട്ടുക.
ചരിത്രത്തെ ഓര്‍മ്മയുടെ ജാഗ്രതയായി കാണുന്ന കുന്ദേരയ്ക്കു പറയുന്നു, “ചരിത്രസംഭവങ്ങള്‍, സ്വകാര്യസാഹചര്യങ്ങളില്‍ സമാനമാണ് എന്ന്.” മറ്റൊന്നു കൂടി “പ്രവൃത്തികളിലെ പാരഡൊക്സിക്കലായ സ്വഭാവമാണ് നോവലിന്റെ എറ്റവും വലിയ കണ്ടുപിടിത്തമെന്നും.”
അനു:
ട്രഷറിയില്‍ ചെന്നാല്‍ ബില്ലുമാറിക്കിട്ടാനുള്ള പ്രയാസങ്ങളും അവിടത്തെ ജീവനക്കാരുടെ പെരുമാറ്റവൈകല്യങ്ങളും പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്ന അതുപോലെയുള്ള കുറേ സര്‍ക്കാര്‍ ജീവനക്കാരെ ആകസ്മികമായി ഒരു സര്‍ക്കാരാപ്പീസില്‍ പോകാനിടയായപ്പോള്‍ കണ്ടു. ചര്‍ച്ച വിശദാംശങ്ങളും കടന്നു നീളുന്നു. ഒടുക്കം ഒരുകാരണവശാലും സര്‍ക്കാരാപ്പീസിന്റെ പടി കയറാന്‍ ഇടവരുത്തരുതേയെന്ന് പകുതി തമാശയും പകുതി കാര്യവുമായി പറഞ്ഞ് ഒരു പോലെ എല്ലാവരും തലകുലുക്കി സമ്മതിച്ച് ചര്‍ച്ച അവസാനിപ്പിച്ചു. ഓരോരുത്തരായി എഴുന്നേറ്റു കാര്യങ്ങള്‍ നോക്കാന്‍ തുടങ്ങി. ഈ സമയമത്രയും അവിടെ അധികം പ്രായമില്ലാത്ത രണ്ടു ചെറുപ്പക്കാര്‍ നില്‍പ്പുണ്ടായിരുന്നു. വളരെ അസ്വസ്ഥമാണ് മുഖങ്ങള്‍.കാര്യം ചോദിച്ചപ്പോള്‍ അവരു രാവിലെ വന്നതാണ്. സമയം ഏതാണ്ട് ഒരു മണിയോടടുക്കുന്നു. അവര്‍ക്ക് ആവശ്യമായ പേപ്പര്‍ കൊടുക്കേണ്ട ആള്‍ പുറത്തെന്തോ ആവശ്യത്തിനായി പോയിരിക്കുകയാണ്. അയാള്‍ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ടു നില്‍ക്കുകയാണ്. കാത്തുനില്‍പ്പ് അനന്തമായി നീളുന്നു. ആരും ഒന്നും പറയുന്നില്ല. എന്തെങ്കിലും ചോദിച്ചാല്‍ ക്ലര്‍ക്കുമാര്‍ക്ക് പെട്ടെന്ന് ദ്വേഷ്യം വരും. ചിലപ്പോള്‍ പേപ്പര്‍ കിട്ടിയില്ല എന്നു തന്നെ വരും. ഒടുവില്‍ അത്ര നേരം അവര്‍ കാത്തുനിന്നതൊന്നും വകവയ്ക്കാതെ ‘ ഒരു കാരുണ്യവതി ‘ ഇനി അയാള്‍ വരുമെന്നു തോന്നുന്നില്ല പോയിട്ടു നാളെ വാ’ എന്നു മൊഴിഞ്ഞു. സ്വയം പഴിച്ചുകൊണ്ട് അവര്‍ പോയി. നാളെയും ഇതുപോലെ എല്ലാ ആവശ്യങ്ങളും മാറ്റി വച്ച് അവര്‍ വീണ്ടും അവിടെ ചെന്നു നില്‍ക്കണം. ചിലപ്പോള്‍ മറ്റെന്നാളും. ചിലപ്പോള്‍...
സംഭവം നിസ്സാരമായിരുന്നു. മേശപ്പുറത്തിരിക്കുന്ന രജിസ്റ്ററില്‍ ഒന്നു ഒപ്പു വയ്പ്പിക്കണം, മേശപ്പുറത്തു തന്നെയുള്ള ഫയലില്‍ നിന്ന് പേപ്പറെടുത്തു നല്‍കണം. ആകെ വേണ്ടത് രണ്ടു മിനിട്ട്. അതാണ് അത്ര നേരം സര്‍ക്കാരാപ്പീസിലെ പെരുമാറ്റവൈകല്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന ആര്‍ക്കും - ആര്‍ക്കും- ചെയ്തു കൊടുക്കാന്‍ തോന്നാത്തത്.
പുസ്തകം
The Art of the Novel
-Milan Kundera
ഇതുവരെ ഇവിടെ വന്നിട്ടൊരു തേങ്ങ ഉടക്കാന്‍പറ്റിയില്ല.. ഇരുന്നോട്ടെ തേങ്ങ.. ഇല്ലേലു ആമ്പിള്ളാരു വന്നു ആദ്യം തേങ്ങ ഉടക്കും...
ReplyDelete((((ഠേ......)))
അഭിപ്രായമൊന്നും പറയുന്നില്ല, വായിച്ചു. സ്ഥിരമായി വായിക്കുന്നു.ഇതിലൊക്കെ അഭിപ്രായം പറയാന്‍ മാത്രം വിവരമൊനുമില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല...:)
ReplyDelete"‘ചെയ്യില്ല എന്നുറപ്പിച്ചത് ചെയ്യില്ല, മരിച്ചവര്‍’"
ReplyDeleteആല്ലേലും ഈ സര്‍ക്കാരാഫീസോക്കെ കണക്കാം
ReplyDeletehttp:ettumanoorappan.blogspot.com
അനുബന്ധം വായിച്ചപ്പോളാണ്,ജനസംഖ്യ കുറവാണെന്നതിന്റെ ഗുണം കൊറിയയിലെ ഗവണ്മെന്റ് ഓഫീസുകളില്‍നിന്നും മനസ്സിലാകുന്ന കാര്യം ഓര്‍ത്തത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ യൂണിവേഴ്സിറ്റി ഓഫീസിലെ കോയിന്‍ ബോക്സില്‍ കോയിന്‍ ഇടുക. സര്‍ട്ടിഫിക്കറ്റ് റെഡി. അതില്‍ സീല്‍ വെക്കാന്‍ മാത്രമേ ആളു വേണ്ടൂ. ചില സ്ഥലത്ത് റിസപ്ഷനിസ്റ്റ് കം പ്യൂണ്‍ കം കാഷ്യര്‍ കം കണ്‍സല്‍ട്ടന്റ് എന്ന മട്ടിലുള്ള പരിപാടികളും കാണാം. നാട്ടില്‍ ഒരു ദിവസം ലീവെടുത്തു ചെയ്യേണ്ട സംഗതികള്‍ അരമണിക്കൂറിനകം ചെയ്തുകിട്ടും.മാത്രമല്ല,ഓഫീസര്‍മാരുടെ പുഞ്ചിരി ഫ്രീയും. :)
ReplyDeleteപ്രമോദേ, നാട്ടിലൊരു ദിവസം കൊണ്ടോ.. ..? ഉം എന്തെങ്കിലും നടക്ക്വോ ഇവിടെ ഒരു ദിവസം കൊണ്ട്? എന്റെ കൂട്ടുകാരന്‍ കാര്യവട്ടത്തു നിന്ന് ഗണിതത്തില്‍ എം ഫില്‍ കഴിഞ്ഞത് 93-ല്‍. ഇതുവരെ കിട്ടിയിട്ടില്ല ഡിഗ്രി സര്‍ട്ടിഫിക്കേറ്റ്. ചൈനാക്കാരുടെ ചിരിയെപ്പറ്റി നെരൂദ പറഞ്ഞത് : “വലിയ വിളവെടുപ്പില്‍ മെതിച്ചിട്ട അരി പോലെ..”യാരിദ്, പുടയൂര്, അനൂപ്.. ഇതാ നിങ്ങള്‍ക്ക് ഒരു ‘കൊറിയന്‘ പുഞ്ചിരി!
ReplyDeleteനന്ദി വെള്ളെഴുത്തേ. പുസ്തകം വാങ്ങി വായിക്കണമല്ലോ. കുന്ദേരയുടെ ഒരു നോവലേ ഇതുവരെ വായിച്ചുള്ളൂ.
ReplyDeleteകുന്ദേര തന്നെ പറഞ്ഞ വേറൊരു കാര്യം ഓര്‍മ്മ വന്നു പോയി “optimism is the opium of people" നാളെ എന്ന ഒരു ശുഭാപ്തി വിശ്വാസം മത്തുപിടിപ്പിക്കാത്തത് മരിച്ചവരെ മാത്രമായിരിക്കും. തന്നോടു തന്നെ മനുഷ്യന്‍ കളവു പറയുന്നതും, അന്ധമായ സ്വപ്നം കണ്ട് ഏതു പേടിപ്പിക്കുന്ന പാരഡോക്സിനെയും കവിതയാക്കി ആശ്വാസം കൊള്ളുന്നതും ചിലപ്പോള്‍ നിര്‍വ്വികാരതയുടെ ധ്യാനത്തിലിരിക്കുന്നതും ഒക്കെ ഇങ്ങനെ ലഹരി തലക്കുപിടിച്ചിട്ടായിരിക്കണം അല്ലെ...
ReplyDeleteവളരെ നല്ല പോസ്റ്റ് , ഇപ്പോഴാണ് കാണുന്നത്.. ആശംസകള്‍!
ReplyDelete“മര്‍ക്കടമുഷ്ടിക്കാരാണ് മരിച്ചവര്‍, എത്ര പറഞ്ഞാലും ചുരുട്ടിയ കൈക്കകത്ത് എന്താണെന്നു കാട്ടിത്തരില്ല.. “കല്‍പ്പറ്റ നാരായണന്‍ എഴുതിയതാണ്..
ReplyDelete