April 6, 2008

പ്രണയം പേപ്പട്ടിയെപ്പോല്‍ അലയും കാലം*

വൈകുന്നേരം
അവള്‍ ചോദിച്ചു
എങ്ങനെയാണ് നിന്നെ സ്നേഹിക്കേണ്ടത്?
ഒന്നും പറയാതെ
കോണികേറി ശൂന്യതയില്‍ അവന്‍ അപ്രത്യക്ഷനായി
തലയില്ലാത്ത കാറ്റ് ചൂളമരത്തില്‍ ഞാന്നു കിടന്ന് ചിറകിട്ടടിച്ചു.

ഉച്ചയ്ക്ക്
നരച്ചുപോയ ഒരു സ്വപ്നത്തില്‍ നിന്നും
ചാടിയെഴുന്നേറ്റവള്‍ ചോദിച്ചു
സ്നേഹിക്കേണ്ടത് എങ്ങനെ?
പൂര്‍ത്തിയാക്കാത്ത കവിതയും
വാടാത്തപൂവും ചൂണ്ടിക്കാണിച്ച്
ഉറക്കം പൂര്‍ത്തിയാക്കാന്‍ അവന്‍ മടങ്ങിപ്പോയി
പിളര്‍ത്തിയ ചുണ്ടുകളുമായി ഒരു നീല മേഘം
അവളിലേയ്ക്ക് ഇറങ്ങി വന്നു.

പ്രഭാതം
സ്നേഹം എങ്ങനെയാണ്?
നനഞ്ഞ അക്ഷരങ്ങള്‍ വാതില്‍ തുറന്ന്
എത്തുന്നതിനു മുമ്പേ,
പ്രണയസ്മാരകങ്ങളില്‍
ആകാശക്കപ്പലുകളുടെ നിഴല്‍ വീഴുന്നു.
അടയാത്ത കവാടങ്ങളില്‍ മഞ്ഞും തുരുമ്പും.
അങ്ങനെയാണ് അവള്‍
ആധികളോടെ ഉപേക്ഷിക്കപ്പെട്ട ടെലഫോണായത്.

മണിയടിക്കുമ്പോള്‍
ഫണമുയര്‍ത്തുന്നു
ജൂണ്‍.

*കിളിമാനൂര്‍ മധുവിന്റെ കവിതയിലെ ഒരു വരി

8 comments:

  1. അദ്യമായി കണ്ണുകള്‍ കൊണ്ടു സേനഹിക്കുക പിന്നെ മന്‍സും ശരീരവുമായി പ്രണയിക്കുക

    ReplyDelete
  2. പ്രണയം ഒരിക്കലും ഒരു പേപ്പട്ടി യല്ല മനസാണു പേപട്ടിയെ പോലെ സഞ്ചരിക്കുന്നത്

    ReplyDelete
  3. പ്രണയത്തിന്റെ അന്തിമലക്‍ഷ്യം ശാരീരികദ്രാവകങ്ങളുടെ പങ്കുവയ്ക്കലാണോന്നു് ഒരു സംശ്യം! പക്ഷേ അതങ്ങനെയങ്ങു് തുറന്നുപറഞ്ഞാല്‍ തുടക്കത്തിലേതന്നെ എല്ലാം വരണ്ടുപോകും താനും! :)
    (ആശയത്തിനു് A Beutiful Mind എന്ന ചിത്രത്തിനോടു് കടപ്പാടു്!)

    ReplyDelete
  4. ഇടിമിന്നല്‍ തുടരുന്നുവെങ്കില്‍
    ടെലിഫോണ്‍ മണി
    നിലയ്ക്കുന്നില്ലെങ്കില്‍
    വിഷം കൊടുത്തും
    കൊല്ലാം

    ReplyDelete
  5. കൊല്ലരുത് മനുഷ്യനെ ഇങ്ങനെ. റ്റെലഫോണിനപ്പുത്തെ കാലവര്‍ഷം മറക്കാന്‍ മരുന്നുകഴിക്കേണ്ട അവസ്ഥയിലാണ് ഞാന്‍.

    ReplyDelete
  6. മാര്‍ച്ച്, ഏപ്രില്‍..
    മാസങ്ങള്‍ മാറ്റിയെടുത്താല്‍ എല്ലാവര്‍ക്കും പാകമാകും.

    മാസങ്ങള്‍ ഓര്‍ത്തിരിക്കാന്‍ മറ്റു കാരണങ്ങളില്ല

    ReplyDelete
  7. വളരെ ആത്മനിഷ്ഠമാണ്, ഇടയ്ക്ക് അങ്ങനെയും വേണം സ്വന്തം സമാധാനത്തിന്, ഗുപ്തനതു മനസ്സിലായെന്നു തോന്നുന്നു. കാര്യവട്ടം കാമ്പസ്സില്‍ അക്കേഷ്യയ്ക്ക് മേലേ വൈകുന്നേരം ചാഞ്ഞ മഴ, മരുഭൂമിയില്‍ 50 ഡിഗ്രിയില്‍ നിന്നു ഞാന്‍ കൊണ്ടതോര്‍ത്തുപോകുന്നു. (ഇപ്പോഴും ചിലപ്പോഴൊക്കെ ! ) ‘പ്രവാസം‘ എന്നാണ് പേര്. സിമീ ‘കവിത‘യെന്നൊക്കെ വിളിക്കരുത്, ഇതിനെ. ഒരു പാട് നല്ല മനുഷ്യര്‍ അപമാനിതരാവും. അനൂപേ പ്രണയത്തിനു മുന്‍പ് ബ്രാക്കറ്റില്‍ ‘എന്റെ’ എന്നെഴുതിയാല്‍ ശരിയായില്ലേ. പ്രണയത്തിന്റെ ലക്ഷ്യമെന്താണാവോ അതു പക്ഷേ എന്തോ നിറയ്ക്കുന്നുണ്ട് ഉള്ളില്‍. പേരറിയാത്ത, അവസ്ഥയറിയാത്ത എന്തോ ഒന്ന്. ദ്രവ്യത്തിന്റെ അഞ്ചാം മാനം. സ്വപ്നം നിര്‍മ്മിച്ച പദാര്‍ത്ഥം ! ഭൂമിപുത്രിയ്ക്ക് ഭൂമിഗീതങ്ങള്‍ !

    ReplyDelete