January 22, 2008
പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍
വിദേശത്ത് വച്ച് കുറേക്കാലം മുന്‍പ് സംഭവിച്ചതാണ്. ചെറുകഥയെ അകായില്‍ നിന്ന് ഇറക്കി ഇറയത്ത് ചാരുകസേരയിട്ടിരുത്തിയ കാരണവര്‍ ടി പദ്മനാഭനെ നേരില്‍ കാണാനും സംസാരിക്കാനുമായി അദ്ദേഹം താമസിക്കുന്ന ഒരു ഹോട്ടലിലെത്തിയ കുറേ വായനാശീലമുള്ള പ്രവാസി മലയാളികളെ അദ്ദേഹം സ്വീകരിച്ചത് മുഖമടച്ചുള്ള ഒരു ചോദ്യത്തോടെയാണ് : ‘നിങ്ങളില്‍ ആരൊക്കെയാണ് സാഹിത്യകാരന്മാര്‍, ആരൊക്കെയാണ് മഹാസാഹിത്യകാരന്മാര്‍..?’
പദ്മനാഭന്റെ (ആ ജനുസ്സില്‍പ്പെട്ട ആളുകളുടെ) ആത്മാനുരാഗിയായ മനസ്സ് അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു ചോദ്യം പലതരത്തില്‍, പലരൂപത്തില്‍, പ്രതിഷ്ഠ നേടിയ എഴുത്തുകാര്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. എതെങ്കിലും തരത്തില്‍ പ്രസിദ്ധി നേടിയ വ്യക്തി തന്റെ കൈക്കുറ്റപ്പാട് ഒന്നു വായിച്ചു നോക്കിയാല്‍ കൊള്ളാമെന്ന് തോന്നുന്നതിന്റെ മനശ്ശാസ്ത്രമാണ് നമ്മുടെ വിഷയം. ‘എഴുതിയ ഉടന്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വായിച്ചു കേള്‍പ്പിക്കാറുണ്ട്. അവരുടെ വിമര്‍ശനവും പ്രോത്സാഹനവുമൊക്കെയാണ് എന്റെ ശക്തി’ തുടങ്ങിയ ഗീര്‍വാണങ്ങള്‍ ഒരു പരിധിവരെ എന്തെഴുതിയാലും മറ്റുള്ളവരെ (അത് മുന്നില്‍ കാണുന്ന ആരായാലും) വായിച്ചു കേള്‍പ്പിക്കണമെന്ന പുതുക്കക്കാരുടെ അടങ്ങാത്ത ത്വരയ്ക്ക് വഴിമരുന്നും രാസവളവുമായിട്ടുണ്ട്. പുനത്തിലിന്റെ ഒരു പഴയകഥ -‘മാരകായുധ‘ത്തിലെ പ്രമേയം ഇതായിരുന്നു. മൂലക്കുരുവില്‍ മുളകുപൊടി വിതറിയിട്ടുപോലും കുറ്റം സമ്മാതിക്കാതെ കഠോര നിലപാടു സ്വീകരിച്ച കള്ളനെ പോലീസുകാരന്‍ അയാളെഴുതിയ കഥ വായിച്ചു കൊടുത്തുകൊണ്ട് നേരിട്ടു. പാവം കള്ളന്‍ തോറ്റമ്പി. നിലവിളിച്ചുകൊണ്ട് സകല കുറ്റവും ഏറ്റുപറഞ്ഞു, ചെയ്യാത്തതും ഏക്കാമെന്നു സമ്മതിച്ചു!
ഓര്‍ക്കൂട്ടിലെത്തുന്ന ഭൂരിപക്ഷം പേരും ഒന്നോ രണ്ടോ കുശലങ്ങള്‍ക്കു ശേഷം തന്റെ രചന വായിച്ചുനോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നവരാണെന്ന് ഈയിടെ ഒരു ചെറുകഥാകൃത്ത് പറഞ്ഞു. വായിക്കണമെന്നതു മാത്രമല്ല, അഭിപ്രായം പറയണം, അതു നല്ലതായിരിക്കുകയും വേണം. ബുദ്ധിമുട്ടാണത്. അടുത്ത കൂട്ടുകാരന്റെ രചനയ്ക്ക് അവതാരികയെഴുതിക്കൊടുത്തിട്ട് പാപം പോക്കാന്‍ രാത്രി വൈകുവോളം കള്ളു കുടിച്ചുകൊണ്ടിരുന്ന ഒരു മഹാസാഹിത്യകാരനെ നേരിട്ടറിയാം. അരമനരഹസ്യങ്ങള്‍ പങ്കു വയ്ക്കുകയല്ല. വളരെ നിഷ്ക്കളങ്കം എന്നു തോന്നുന്ന ചില സംഭവങ്ങളുടെ പിന്നാമ്പുറം എങ്ങനെയാണെന്ന് ആലോചിക്കുകയാണ്.
സാഹിത്യകാരന്മാരെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഭൂരിപക്ഷവും ഇങ്ങനെ തന്റെ രചനകള്‍ക്ക് ഒരു കൈത്താങ്ങ് പ്രസിദ്ധമായ ഒരു വ്യക്തിത്വത്തില്‍ നിന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ നമ്മുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ സര്‍ഗാത്മകമായ എന്തോ ബാലന്‍സ് കേട് ഉണ്ടെന്നല്ലേ അര്‍ത്ഥം? സത്യത്തില്‍ നമുക്ക് മഹാസാഹിത്യകാരന്മാരുടെ ആശിസ്സുകളല്ല, നല്ല എഡിറ്റര്‍മാരെയാണു വേണ്ടത്. ശ്യാമപ്രസാദും സുഭാഷ്ചന്ദ്രനും തമ്മില്‍ നടന്ന ‘ഒരേകടല്‍‘ വിവാദം ഓര്‍മ്മയില്ലേ? പാശ്ചാത്യമായ ഒരു പരികല്‍പ്പന, ദേശിയായ ഒരു സാഹിത്യകാരനു മനസ്സിലാവാതെപോയതിന്റെ പരിണാമമായിരുന്നു അത് എന്ന് ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു. ‘സ്ക്രിപ്റ്റ് ഡോക്ടര്‍‘ എന്ന സങ്കല്‍പ്പത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്. (വിജയകൃഷ്ണന്‍ അതെക്കുറിച്ച് എഴുതിയിരുന്നു മാതൃഭൂമിയില്‍) പാശ്ചാത്യരാജ്യങ്ങളില്‍ എഡിറ്റര്‍ എന്നത് ഒരു ജോലിയാണ്. ആനുകാലികങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ തെരെഞ്ഞടുക്കലോ തീം നിശ്ചയിക്കലോ മാത്രം ചെയ്ത് കാലയാപനം ചെയ്യുന്ന മഹത്തുക്കളെ മാത്രമല്ല ഇവിടെ ഉദ്ദേശിച്ചത്. മുന്നിലിരിക്കുന്ന കൃതിയെ വെട്ടിയൊതുക്കി ചിന്തേരിടുക എന്ന ദുഷ്കരമായ പണി ചെയ്യുന്ന സര്‍ഗശേഷിയുള്ള കഠിനാധ്വാനികളെയാണ്. മുന്തിയ പ്രസാധകന്മാര്‍ക്കെല്ലാം മുന്തിയ എഡിറ്റര്‍മാരുണ്ട്. അവരുടെ കൈ വിളങ്ങിയില്ലെങ്കില്‍ കൃതികള്‍ ബെസ്റ്റ് സെല്ലറുകളാവില്ല. എഴുത്തിന് ഒരു പഞ്ഞവുമില്ലാത്ത തൊഴിലില്ലാപ്പടയുടെ സ്വന്തം നാട്ടില്‍ ഇങ്ങനെയൊരു കരിയര്‍ ആലോചനാവിഷയമാകാത്തതെന്തോയെന്തോ? അങ്ങനെയൊന്നില്ലാത്തതുകൊണ്ടല്ലേ ഏതു സാഹിത്യകാരനെ(കാരിയെ) കാണുമ്പോഴും നമ്മുടെ കൈ ബാഗിലേയ്ക്ക് നീളുന്നത്. ഫലം. ഉള്ള സ്നേഹം കൂടി പോയിക്കിട്ടി!
എഡിറ്റര്‍ എന്നു വച്ചാല്‍ നമുക്കു പത്രാധിപരാണ്. പത്രമാപ്പീസിലെ പത്രാധിപന്മാരെപ്പറ്റി കമല്‍ റാം പച്ചക്കുതിരയിലെഴുതിയിരുന്നു. ഹിന്ദുത്വമനസ്സുകള്‍ അപകടകരമായ രീതില്‍ ഡസ്കുകള്‍ക്കുപിന്നില്‍വര്‍ദ്ധിച്ചുവരുന്നതിനെപ്പറ്റി. (കമല്‍ അധികം വൈകാതെ മാതൃഭൂമിയില്‍ നിന്ന് പുറത്തുപോകുമോയെന്തോ..) പത്രാധിപര്‍മാര്‍ അവരുടെ നിഷ്ഠുരമനസ്സുകൊണ്ട് ആറ്റുനോറ്റ് കവിയശഃപ്രാര്‍ത്ഥികളായ മനുഷ്യര്‍ അയച്ചുകൊടുത്ത രചനകള്‍ നിഷ്കരുണം ചവറ്റുകുട്ടയിലേയ്ക്കു തള്ളും. അതുപോട്ടെ, അതല്ല. ആ പേരാണ് അങ്ങനെ ചിന്തിച്ചു വരവേ നടുക്കിക്കളഞ്ഞത്. ‘എഡിറ്ററി‘നെ പരിഭാഷിച്ച് ജനാധിപത്യബോധമുള്ള മലയാളി എടുത്തു പ്രതിഷ്ഠിച്ച പദം കണ്ടോ.. ‘പത്രാധിപര്‍’ ! (പത്രാധിപന്‍ പോലുമല്ല..!) തനി പൂജകബഹുവചനം. പരസ്യം നോക്കിയും ന്യൂസ് പേപ്പറിന്റെ സബ്സീഡി കണക്കുകൂട്ടിയും മറ്റൊരാള്‍ അവിടെ തന്നെയുണ്ട്. അയാള്‍ പോലും ‘അധിപന‘ല്ല, വെറും ഉടമസ്ഥന്‍ മാത്രം. മലയാളത്തിലെ ഭാവുകത്വം വഴിതിരിച്ചു വിടാനോ പിടിച്ചുകെട്ടിയിടാനോ നമ്മുടെ ചില സ്വന്തം ‘അധിപന്മാര്‍ക്ക്’ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുതയും ചേര്‍ത്തു വച്ചു വായിക്കുമ്പോള്‍ പേരിലും പരിഭാഷയിലും ചിലതൊക്കെയുണ്ടെന്നു മനസ്സിലാവും. അങ്ങനെയാണ്‍` മാനാഞ്ചിറയിലെ മാത്രമല്ല സകല ചിറകളിലേയും പത്രാധിപന്മാര്‍ പൊട്ടിച്ചിരിക്കുന്നവരായത്. എങ്കിലും നാളിതുവരെയായിട്ടും തനി ഫാസിസ്റ്റു മട്ടിലുള്ള ഈ പേരൊന്നു ജനായത്തരീതിയില്‍ പരിഷ്കരിക്കണമെന്നു നമുക്കു തോന്നാത്തതിനുവേണ്ടിയാണ് ഇന്നത്തെ അനുശോചനം.
സാഹിത്യകാരന്മാരെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഭൂരിപക്ഷവും ഇങ്ങനെ തന്റെ രചനകള്‍ക്ക് ഒരു കൈത്താങ്ങ് പ്രസിദ്ധമായ ഒരു വ്യക്തിത്വത്തില്‍ നിന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ നമ്മുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങില്‍ സര്‍ഗാത്മകമായ എന്തോ ബാലന്‍സ് കേട് ഉണ്ടെന്നല്ലേ അര്‍ത്ഥം?
ReplyDelete:)
പ്രിയപ്പെട്ട വെള്ളെഴുത്തേ....
ReplyDeleteഈയിടെ പൗലോ കോയിലോയുടെ 'സഹീര്‍' വായിക്കാനിടയായപ്പോള്‍
എഴുത്ത്, എഴുത്തുകാര്‍, പ്രസാധകശ്രേണി ഇതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ മനസില്‍ തൊട്ടു.
അതിലൊരിടത്ത് മുഖ്യപാത്രമായ കൊയ്‌ലോ തന്നെ പരിതപ്പിക്കുന്നത് ഒട്ടൊക്കെ ഒപ്പിച്ചു പറഞ്ഞാല്‍
"എനിക്കിനി ഇതിലെ തെറ്റുകാണാനോ എന്തിന് ഒന്നു വായിച്ചു നോക്കാന്‍ പോലുമോ
കഴിയില്ല. അതെല്ലാം എന്റെ പ്രസാധകര്‍ വേണ്ടവണ്ണം തിരുത്തി പ്രകാശിപ്പിച്ചുകൊള്ളും"
എഴുത്തുകാര്‍ സെന്‍സേഷണലായിക്കഴിഞ്ഞാല്‍ പത്രാധിപരിലേയ്ക്ക്/പ്രസാധകരിലേയ്ക്ക് ഒരു പാലത്തിന്റെ
കുറുക്കുവഴി രൂപപ്പെടുന്നതായി...... എന്നാല്‍, കൂടിയും കുറഞ്ഞും പല മേഖലയിലും അതടക്കിവാഴുന്നു.
അതില്‍ കുറ്റം പറയാന്‍ ലേശം കടുപ്പം. (എങ്ങാനുമൊരു 'ലോട്ടറി' അടിച്ചാല്‍!!)
എഡിറ്റര്‍ ഒരവശ്യ സംഗതിയാണെന്ന് തോന്നിയ ചില സന്ദര്‍ഭങ്ങളുണ്ട്.
ബ്ലൊഗിലെതുഴുമ്പോള്‍ പ്രത്യേകിച്ചും അതിനാക്കം കൂടുന്നു.
(ബ്ലൊഗില്‍ സ്വയമേവ എഡിറ്ററാണെന്നും ചവറ്റുകുട്ട മുന്നിലുണ്ടെന്നും ഒരു സത്യം!)
എല്ലാം പൊന്നു വിളയിക്കാനാകുന്ന എഴുത്തുകാര്‍ വിരളമായിരിക്കില്ലേ? അത്തരത്തില്‍
എഡിറ്റര്‍മാര്‍ 'വിദഗ്ദ്ധമായി' രക്ഷപെടുത്തിയെന്ന് തോന്നിയ സന്ദര്‍ഭങ്ങളുണ്ട്.
ചില സങ്കടങ്ങളുമുണ്ട്. പലപ്പോഴും കാലമേറെ കഴിഞ്ഞ് പുനര്‍വായിക്കുമ്പോഴാണ്
ഏഡിറ്റര്‍ വളരെ ശരിയായിരുന്നെന്ന ഞെട്ടല്‍ 'വെളിവാകുന്നത്'! (എന്റെ വ്യക്തിപരമായ അനുഭവം/അഭിപ്രായം)
ചുരുക്കിപ്പറഞ്ഞാല്‍ 'എഡിറ്റര്‍' എഴുത്തുകാരെ 'ശിക്ഷിക്കാനും' 'രക്ഷിക്കാനും' കഴിയുന്ന
മഹാ സംഗതി; എത്രമികച്ചതായി 'അവനവന്‍ ബ്ലോഗനയായാലും' പാരലലായി പ്രസക്തി നഷ്ടപ്പെടാതെ
നീങ്ങും, നീങ്ങണം. എഡിറ്ററുടെ പണി ഒരാളുടെ പണിയല്ലെന്നും
രണ്ടാളുടെ, മൂന്നാളുടെ പിടിപ്പതു ജോലിയാണെന്നും കേട്ടതിനാല്‍ ഈ പുരാതനബഹുവചന
പാപത്തോട് കണ്ണടയ്ക്കേണ്ടി വരുമെങ്കിലും ഞാനും ഈ അനുശോചനത്തില്‍ പങ്കുചേരുന്നു.
അല്ലെങ്കിലൊരു മാറ്റത്തിലേയ്ക്ക് വിപ്ലവത്തിന് ഇവിടെ തിരിതെളിയട്ടെ.
ഈ എഴുത്തിന്.......
എല്ലാ വിധ ഭാവുകങ്ങളും ആശംസകളും.
ബ്ലോഗിലെ എന്റെ ചുരുങ്ങിയ അനുഭവത്തില്‍ നല്ല എഴുത്തുകാരില്‍ നല്ല പങ്കും നല്ല വായനക്കാരല്ല. റ്റി. പദ്മനാഭനെപ്പോലെ ‘ആത്മാനുരോഗി’യായ ഒരാളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മാധവിക്കുട്ടി ചെറുപ്പക്കാരികളായ എഴുത്തുകാരെ പ്രൊമോട്ട് ചെയ്യുന്നത് ശരീരസൌന്ദര്യം നോക്കി ആണെന്ന് തോന്നിയിട്ടുണ്ട്.
ReplyDeleteപ്രൊഫഷണലിസം എന്താണെന്നറിഞ്ഞ എഡിറ്റര്‍മാരെ (പത്രാധിപര്‍ അവര്‍കളെ അല്ല) വഹിക്കാനുള്ള എളിമപോയിട്ട് യാഥാര്‍ത്ഥ്യബോധം നമ്മുടെ എഴുത്തുകാര്‍ക്ക് ഉണ്ടാവും എന്ന അമിതമായ ശുഭാപ്തിവിശ്വാസം നല്ലതല്ല. ആ ജോലി ഭാര്യമാരോ അമ്മായിയമ്മമാരോ ഏറ്റെറ്റുക്കേണ്ടിവരും -- എഴുത്ത് തിരുത്താന്‍ എഴുത്തുകാരനെ തിരുത്താനൂള്ള ‘കരുത്ത്‘ വേണ്ടിവരുന്നിടത്തോളം.
ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് പത്രാധിപര്‍മാരും അമ്മായിയമ്മമാരും (അമ്മായിയമ്മമാരില്‍ എ.കെ.ജി സെന്ററും വരും) മാത്രമേ ഉണ്ടാകാനിടയുള്ളൂ. എഡിറ്റര്‍മാര്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട.
ടി. പത്മനാഭനെ കുറിച്ച് ഇതിനു സമാനമായ പലതും കേട്ടിട്ടുണ്ട്.
ReplyDeleteഅതു പോലെ ബ്ലോഗിലും ഒരു എഡിറ്റിങ്ങ് ഉണ്ടായിരുന്നെങ്കിലെന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്.
നല്ല ലേഖനം മാഷേ.
:)
തമിഴില്‍ എന്താ പറ്യാ? പത്രാധിപര്‍ പോലെ എന്തോ ആണെന്ന് തോന്നുന്നു, അല്ലാതെ മലയാളി ബുദ്ധി വേസ്റ്റാക്കൊ?
ReplyDeleteഓര്‍ക്കുട്ടും ഈമെയില്‍ ഐഡിയും ഒക്കെ ഉണ്ടെങ്കില്‍ ഇതു തന്നെ പാട്. ലിങ്കുകളുടെ കളി. അത് പ്രസിദ്ധരായവര്‍ക്ക് മാത്രമൊന്നുമല്ല്. എല്ലാര്‍ക്കും കിട്ടും. അങ്ങിനെ തരുന്ന ലിങ്കുകള്‍ മനപൂര്‍വ്വം വായിക്കാറില്ല. കാണുമ്പൊ കണ്ടാല്‍ പോരേ? ചത്തു പോവില്ലല്ലോ? ഭാഗ്യം സാഹിത്യകാരിയല്ലാത്തത്. സാഹിത്യകാര്‍ക്ക് മിനിമം വേണ്ടത് തൊലിക്കട്ടിയാവും എന്ന് തോന്നീട്ടുണ്ട്.
ഓഫ്: മഹാസാഹിത്യകാരന്‍ പാപം തീര്‍ക്കാന്‍ കള്ള് കുടിച്ചത് വായിച്ച് എമ്പാടും ചിരിച്ചു. അപ്പൊ ബാക്കിയുള്ള ദിവസങ്ങള്‍ എന്ത് കാരണം കിട്ടിക്കാണോ ആ പാവത്തിനു :)
പദ്മനാഭനെക്കുറിച്ചു എന്ന പോലെ ഞാന്‍ എഴുതിയ ഈ രചന വായിക്കുക...
ReplyDeleteഅറം പറ്റിയത്.....കഴിഞ വര്‍ ഷം ഓണപ്പതിപ്പിനു മനോരമക്കു കഥ കൊടുക്കാനാവതെ വന്നു..പകഷെ പദ്മനാഭന്റെ പേരു പുറം കവറില്‍ അടിച്ചു വന്നു..മനോരമ 'അകത്തു 'ഖേദം പ്രകടിപ്പിച്ചു..
കഴിഞ്ഞ ആഴ്ച അഴീക്കോടിനോടു ഏറ്റുമുട്ടി..പദ്മനാഭന്‍ ചമ്മിയിരിക്കുന്നതു എല്ലാ ചാനലുകളും ടെലികാസ്റ്റ് ചെയ്തു..ഫുള്‍ ടെക്സ്റ്റ്...
എഡിറ്റര്‍ വേണം. ഇപ്പൊള്‍ പത്രാധിപരെക്കാള്‍ പ്രാധാന്യം ജി. എം. മാര്‍ക്കെറ്റിങിനായിട്ടുണ്ടെന്നു തോന്നുന്നു.അയാളാണിപ്പോള്‍ തീരുമാനിക്കുന്നതു, എന്തു പത്രത്തില്‍ കൊടുക്കണം എന്നൊക്കെ. അതു വിഷയം വേറേ.
ReplyDeleteവെള്ളെഴുത്ത് ഉന്നയിച്ച വിഷയംവളരെ ഗൌരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. പിന്നെ പേരിന്റെ കാര്യം. അതു എഡിറ്റര്‍ എന്നു തന്നെ മലയാളത്തിലും ആയിക്കോട്ടെ! ഒരു പൂജകവചനത്തിന്റെ സുഖം വേണമെങ്കില്‍ എഡിറ്റര്‍ എന്ന വാക്കിലും അനുഭവിക്കാം
‘പത്രാധിപര്‘ കേരളത്തിലെ മാത്രം പ്രതിഭാസമായിരിക്കാം. എന്നാലും നല്ല എഡിറ്റര്‍മാര്‍ രക്ഷയ്ക്കെത്താറുണ്ടെന്നു ചില എഴുത്തുകാരേങ്കിലും സമ്മതിച്ചിട്ടുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ള അതിലൊരാള്‍. തന്റെ എഴുത്ത് എഡിറ്റ് ചെയ്യപ്പെട്ടില്ലെങ്കില്‍ വായിക്കാനേ കൊള്ളുകയില്ലെന്ന മട്ടില്‍ ഒരു തുറന്നു പറച്ചില്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഗീതാഞ്ജലി’ കോപ്പിയടി ഇങ്ങനെയൊരു എഡിറ്റര്‍ പറ്റിച്ച പണിയാണെന്നും കേട്ടിട്ടുണ്ട്.
ReplyDeleteബോംബെയിലൊക്കെ വന്‍പന്‍ എഡിറ്റര്‍മാര്‍ പിടിപ്പത് ജോലി ചെയ്യുന്നുണ്ടെന്ന് റ്റി. ജെ. എസ് ജോര്‍ജ്ജിന്റെ ആത്മകഥ (സ. മലയാളം)യില്‍ നിന്നും വെളിവാകുന്നുണ്ട്.
“സ്ക്രിപ്റ്റ് ഡോക്ടര്‍” പ്രശ്നമായിരുന്നില്ലല്ലൊ ‘ഒരേ കടലി’ല്‍. കെ. ആര്‍ മീരയെ തുടര്‍ പണികള് ഏല്‍പ്പിച്ചു എന്നു പറഞ്ഞ് ശ്യാമപ്രസാദ് രക്ഷപെടുകയാണുണ്ടായത്. കെ. ആര്‍. മീര സ്ക്രിപ്റ്റ് ഡോക്ടര്‍ അല്ലല്ലൊ. പരിശീലനവും തഴക്കവുമുള്ള സ്ക്രിപ്റ്റ് ഡോക്ടര്‍മാര്‍ മലയാള സിനിമാ രംഗത്തുണ്ടോ? അമേരിക്കന്‍ രീതിയനുസരിച്ച് സ്ക്രിപ്റ്റ് ഡോക്റ്റര്‍മാര്‍ ലൊക്കേഷനില്‍ വരെ കാണും.
കോണ്ട്രാക്റ്റ് ഒപ്പിട്ട് ജോലിയും വേതനവും നിശ്ചിതപ്പെടുത്തുന്ന ശീലം നമുക്കില്ലാത്തതിനാലാണ് ഒരെ കടലില്‍ പാവം എഴുത്തുകാര്‍ വീണു പോകുന്നത്.
ഇംഗ്ലീഷ് ബുക്കുകളില്‍
ReplyDeleteകോപ്പി എഡിറ്റര്‍ എന്നൊരു
പേരു പ്രത്യേകം ചേര്‍ത്തുകാണാറുണ്ട്.
കക്ഷിയാണു ശരിക്കും ബുക്കിനെ ബുക്കാക്കുന്നത്
എന്ന് തോന്നുന്നു.
അങ്ങനെ ഒരാള്‍ ഡിസിബിയിലും മറ്റും
ഉണ്ടായിരുന്നെങ്കില്‍ നമുക്കൊരുപാട്
കടലാസും മഷിയും സമയവും ബാക്കി കിട്ടിയേനെ..
ജ്യോനവാ ഒന്ന് ആലൊചിച്ചു നോക്ക്.. നമ്മളൊന്ന് തിരുത്തപ്പെടണം എന്ന് ആഗ്രഹിക്കുമ്പോഴാണ് സാഹിത്യകാരനെ ഇതൊന്നു കാണിക്കണം എന്നുള്ള ത്വര സുനാമിയാവുന്നത്. സ്വയം എഡിറ്ററാവുക എന്നൊരു വഴിയുണ്ട്. നമ്മുടെ ഉദാസീനതയ്ക്കു പറ്റിയതല്ലത്.. എങ്കിലും...ഗുപ്തന്‍ പറഞ്ഞതു പോലെ നമ്മളെ തിരുത്താന്‍ ആര്..എന്ന തോന്നല്‍ ഒരു വശത്ത് ശക്തമാണ്.. എന്നാല്‍ തിരുത്തുകയും വേണം. മൊത്തത്തില്‍ പ്രശ്നമാണ്.. ഹ ഹ ഹ ശ്രീ ബ്ലോഗിലെന്തിനാണ് എഡിറ്റിംഗ്? ആവശ്യമില്ലാത്തവര്‍ ഒഴിഞ്ഞു പോവുകയല്ലേ ഇവിടത്തെ പതിവ്..ഇഞ്ചി അതു സത്യമാണ്.. ഞാന്‍ പറഞ്ഞതിനകത്ത് ഇത്തിരി അതിശയോക്തി കലര്‍ന്നിട്ടുണ്ടെങ്കിലും..അനാഗതാ.. ആ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ഉംബാച്ചി ഡി സിയില്‍ എഡിറ്റര്‍മാര്‍ ഇപ്പോഴേയുണ്ട്..മിക്ക എഴുത്തുകാരുമായി അവര്‍ ഇടയുകയും ചെയ്യുന്നു. അഹങ്കാരം ഇച്ചിരി കൂടുതലാണെന്ന് ജനസംസാരം. അവരിനി വെട്ടിയൊതുക്കാന്‍ കൂടി തുടങ്ങിയാലത്തെ കഥ എന്തായിരിക്കും..എതിരവന്‍..സ്ക്രിപ്റ്റ് ഡോക്ടറെയാണു വേണ്ടതെന്ന് ആദ്യമേ ശ്യാമപ്രസാദ് പറഞ്ഞിരുന്നു. അതു സുഭാഷിനു മനസ്സിലാവാതെ പോയതാണ് പ്രശ്നം. ആ ജോലി ചെയ്തത് പിന്നീട് മീരയാണെന്നു മാത്രം. ഇക്കാര്യം വിശദമായി വിജയകൃഷ്ണന്‍ എഴുതിയതാണല്ലോ. സുഭാഷ് കോമ്പ്രമൈസ് ചെയ്തിട്ടാണ് രണ്ടു കാമന എന്ന കഥ എഴുതിയിട്ട് അവസാനം ശ്യാമപ്രസാദിന്റെ സ്നെഹപൂര്‍ണ്‍നമായ നിര്‍ബന്ധവും ഇതിനു പിന്നിലുണ്ടെന്ന് അടിക്കുറിപ്പെഴുതിയത്. ആ കഥയല്ല എന്തായാലും ഒരേ കടല്‍ എന്ന സിനിമ.ശ്യാമപ്രസാദ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് സുഭാഷിനെക്കാള്‍ താഴെയുമല്ല. ഇത് എന്റെ തോന്നല്‍.
ReplyDeleteഹരിത് വേറൊരു വാക്കുകണ്ടു പിടിക്കണം ചുമ്മാ..നോക്കാമല്ലോ
ReplyDeleteകഥ
ReplyDeleteplease read ..Vellezhuththu
എന്തൊരു വിരോധാഭാസം!
ReplyDelete********
നിങ്ങളെഴുതുന്നതു വായിക്കാന്‍ എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും “എത്തും പിടിയും അഥവാ എനിക്കൊന്നും മനസിലായില്ല“ എന്ന ലേഖനം,യുക്തിഭദ്രമായ ഒരു വഴിമാറി നടക്കലായിരുന്നു. എന്തൊരു ചിന്തോദ്ദീപകമായിരുന്നു ആ കഴ്ചവട്ടം! പക്ഷെ...ബ്ലോഗില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവുമധികം ‘ഹൈജാക്ക്’ ചെയ്യപ്പെട്ട കുറിപ്പും അതു തന്നെ. അതിനെക്കുറിച്ചു കൂടുതല്‍ പറയയുന്നത് അപകടമാണെന്നു തോന്നുന്നത് കൊണ്ടു നിര്‍ത്തുന്നു.
നമസ്കാരം.
നല്ല ചിന്തകള്‍.
ReplyDeleteയൌവനകാലത്തിലന്യം നിന്നുപോയ വായന ഈയിട്യ്ക്കുള്ള ബൂലോകത്തേയ്ക്കുള്ള കടന്നുവരവില്‍ ആത്മവിശ്വാസം കുറയ്ക്കുന്ന കൃതികളെയാണധികവും ഉത്പാദിപ്പിച്ചത്, ആരെങ്കിലെയുമൊക്കെ കാണിയ്ക്കാനുള്ള ത്വര തോന്നുമെങ്കിലും ആരെ എന്ന മേല്പറഞ്ഞ ചോദ്യം മുന്‍പില്‍ പ്രസക്തമായി നില്‍ക്കും.എന്നിട്ടും വിശ്വാസം തോന്നിയിട്ടുള്ളവരുടെ എഡിറ്റിംഗ് ഫീഡ്ബാക്കുകള്‍ ഒരു ചര്‍ച്ചയിലൂടെ ഒരു പരിധിവരെ സഹായകരമായ അനുഭവമാണ് ഇതുവരെയുള്ളത്!.. :)
അനാഗതാ, അതു വായിച്ചു. ശരിയാണ്.അങ്ങനെയും പത്രാധിപരെ തിരസ്കരിക്കാം. കുറച്ചുപേര്‍ക്കേ സാദ്ധ്യമാവൂ എന്നേയുള്ളൂ, ആദ്യം ഫേമസ് ആവണമല്ലോ..പ്രവാചകാ.. വിരോധാഭാസങ്ങള്‍ വേണം.. ജീവിതമല്ലേ.. അപകടകരമായ കാര്യങ്ങള്‍ പറയ്.. അതാണ് ചിലപ്പോള്‍ കണ്ണു തുറപ്പിക്കുന്നത്..സുമേഷ്, സിനിമ ഒരു ഒളിഞ്ഞുനോട്ടമാണെന്നു പറയുന്ന അതേ ആര്‍ജവത്തോടെ, ഏതെഴുത്തും (ബ്ലോഗെഴുത്തും )ഒരു അഭ്യര്‍ത്ഥനയാണെന്ന് ഒരാള്‍ക്ക് അവകാശപ്പെടാം. പക്ഷേ ഇതിന്റെ നന്മ അതൊരാളെ ടാര്‍ജെറ്റ് ചെയ്യുന്നില്ല എന്നുള്ളതാണ്. താത്പര്യമുള്ളവര്‍ വായിച്ച് അഭിപ്രായം പറയുക എന്ന മട്ടിലാണ് അതിന്റെ പോക്ക്.. ഒരു തരം അഭ്യര്‍ഥനാ സുബ്ലിമേഷന്‍!!
ReplyDeleteഞാനിവിടെയെത്താന്‍ വൈകിപ്പൊയല്ലോ :(
ReplyDelete(വഴികാണിച്ചുതന്ന സുഹൃത്തിനുനന്ദി!)
എംടി അയിത്തംകല്‍പ്പിച്ചകറ്റിനിര്‍ത്തിയ ഒവി വിജയന്റെ ഇതിഹാസം,എന്‍വി മാതൃഭൂമിയുടെതന്നെ ഇതിഹാസമാക്കിയതു,ഈയിടെ വായിച്ചതേയുള്ളൂ.
സാഹിത്യലോകത്തിലെ നിഗ്രഹാനുഗ്രഹശക്തിയുള്ള
‘ദൈവങ്ങള്‍’-എങ്കിലും അടിസ്ഥാനപരമായി മനുഷ്യരായതുകൊണ്ട്,അവരുടെയിഷ്ട്ടാനിഷ്ട്ങ്ങളും
വിശ്വാസപ്രമാണങ്ങളും വ്യക്തിവരാഗ്യങ്ങളുമൊക്കെ,
വളരാനാഗ്രഹിയ്ക്കുന്ന എഴുത്തുകാരുടെ ആയുസ്സ്നിര്‍ണ്ണയിയ്ക്കാറൂണ്ട്.താനറിയുകപോലും ചെയ്യാതെ,പത്രമാപ്പീസിലെ രാഷ്ട്രീയത്തിനിരയായിപ്പോയ തുടക്കകാരുമുണ്ട്.
ഇതൊരു വശം മാത്രം.
ഈ നല്ലചര്‍ച്ചയ്ക്കു നന്ദി വെള്ളേഴുത്തേ.
അഭ്യര്‍ഥനാ സുബ്ലിമേഷന്‍! Magnificent Expression. അരെ വാഹ്. ശരിക്കും എനിക്കത് വല്യ ഇഷ്ടായി. He is the man! ഇത്തിരിയെങ്കിലും മനുഷ്യരെല്ലാം പുള്ളീക്കാരനെ വായിച്ചറിയണം.
ReplyDeleteപിന്നെ ‘അപകടകരമായതു പറയൂ‘ എന്നു എന്നോട് പറയണതിനെക്കുറിച്ചൂടെ പറയട്ടെ? ഞാനെന്താ പറയാന്‍ ഉദ്ദേശിച്ചതെന്ന് നിങ്ങള്‍ക്കുമനസ്സിലായെന്ന് എനിക്കുമനസ്സിലായില്ലെന്നാണോ? :)
എഴുതൂ..നിങ്ങളെഴുതുന്ന ചില വിഷയങ്ങള്‍ എനിക്കു പ്രിയപ്പെട്ടതൊന്നുമല്ലെങ്കിലും വിഷയെത്തെ സമീപിക്കുന്ന രീതി ഇഷ്ടമാണ്.
പിന്നെ ലോകക്ലാസിക്കെന്നു നമ്മള്‍ കരുതുന്ന പുസ്തകങ്ങളൊക്കെ ഇങ്ങനെ എഡിറ്റിംഗ് ചെയ്യപ്പെട്ടവയാണൊ? (അറിവില്ലാത്തവന്റെ സംശയം, എതിരഭിപ്രായമല്ല.)
‘നിങ്ങളില്‍ ആരൊക്കെയാണ് സാഹിത്യകാരന്മാര്‍, ആരൊക്കെയാണ് മഹാസാഹിത്യകാരന്മാര്‍..?’
ReplyDeleteപദ്മനാഭന്റെ (ആ ജനുസ്സില്‍പ്പെട്ട ആളുകളുടെ) ആത്മാനുരാഗിയായ മനസ്സ് അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു ചോദ്യം പലതരത്തില്‍, പലരൂപത്തില്‍, പ്രതിഷ്ഠ നേടിയ എഴുത്തുകാര്‍ ഉന്നയിച്ചു കണ്ടിട്ടുണ്ട്. എതെങ്കിലും തരത്തില്‍ പ്രസിദ്ധി നേടിയ വ്യക്തി തന്റെ കൈക്കുറ്റപ്പാട് ഒന്നു വായിച്ചു നോക്കിയാല്‍ കൊള്ളാമെന്ന് തോന്നുന്നതിന്റെ മനശ്ശാസ്ത്രമാണ്..................
‘എഴുതിയ ഉടന്‍ ഞാന്‍ എന്റെ സുഹൃത്തുകളെ വായിച്ചു കേള്‍പ്പിക്കാറുണ്ട്. അവരുടെ വിമര്‍ശനവും പ്രോത്സാഹനവുമൊക്കെയാണ് എന്റെ ശക്തി’ തുടങ്ങിയ ഗീര്‍വാണങ്ങള്‍
ഇടവഴിയിലെ ഘോഷയാത്ര നല്ല തുടക്കമായിരുന്നു, ..
അല്ലേ..
പാഠവും.
തന്റെ രചന വായിച്ചുനോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നവരാണെന്ന് .....നന്ദി.അങ്ങീനെ വെള്ളെഴുത്തിലെത്താനും പറ്റി.
ഭൂമിപുത്രി.. “വിത്തിനെ വളരാനനുവദിക്കാതെ തടഞ്ഞുകിടന്ന കല്ല് ഒടുവില്‍ മരമായിക്കഴിഞ്ഞപ്പോള്‍ പറഞ്ഞത്രേ ഞാനെന്ന വളമില്ലാതിരുന്നെങ്കില്‍ നീയെങ്ങനെ ഇത്രവലിയ മരമായി വളരുമെന്നു കാണാമായിരുന്നു..” ലാലിന്റെ ഒരു മിനിക്കഥ ഇന്നലെ കഥാകൃത്തില്‍ നിന്നു തന്നെ കേട്ടതാണ്. നമ്മുടെ ‘പത്രാധിപന്മാരെ‘പ്പറ്റിയാണ്. പ്രവാചകാ അതു അങ്ങനെ തന്നെയല്ലെ വേണ്ടത്, വിയോജിച്ചുകൊണ്ട് സ്നേഹിച്ച്...‘കുട്ടനാട്..’ ഇടവഴിയിലെ ഘോഷയാത്ര’ ഒരു തുടക്കമായിരുന്നില്ല. ഒരവസാനമായിരുന്നു. ഓര്‍മ്മയില്ലേ? ഇവിടെ അക്കാര്യം സൂചിപ്പിച്ചെന്നെയുള്ളൂ, വിഷയം വേറെയാണ്..കുറേ നല്ല കമന്റുകല്‍ കിട്ടിയെന്നു തോന്നുന്നു. ഞാന്‍ ആഹ്ലാദിക്കാന്‍ പോകുന്നു..പാര്‍ട്ടിയ്ക്കു പോഗ വരീയ്യാ..
ReplyDelete