January 17, 2008

എസ് എസ് എല്‍ സി കിക്കിളി



അന്നൊക്കെ ആളുകള്‍ എത്ര പേടിയോടെയാണ്, എത്ര ബഹുമാനത്തോടെയാണ് എസ് എസ് എല്‍ സി എന്ന കടമ്പയെ കണ്ടിരുന്നത്! പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ അല്ലെങ്കില്‍ മകന്‍ കുടുംബത്തിലെ അടുത്ത തലമുറ മുതിര്‍ന്നതിന്റെ പ്രമാണരേഖയായിരുന്നു ചിലടത്തെങ്കിലും. പത്തിലെ പാഠങ്ങള്‍ മാത്രവും എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പാഠങ്ങള്‍ ചേര്‍ത്തും പല പരീക്ഷണങ്ങളും പരീക്ഷകള്‍ നടത്തി. എന്തായിരുന്നു മോഡറേഷന്‍ എന്ന സൌജന്യ മാര്‍ക്കു റേഷന്റെ പകിട്ട്! എന്നിട്ടും ആത്മഹത്യകളുണ്ടായിരുന്നു. കാരണം പത്താംക്ലാസുകഴിയാത്തവന്(വള്‍ക്ക്) ജീവിതത്തില്‍ വിജയിക്കാനാവില്ല എന്ന വിശ്വാസം അത്ര ശക്തമായിരുന്നു. കാലം മാറി. കഥ അത്രയൊന്നും മാറിയില്ല. പഴയ പരീക്ഷാ പേടി ഇന്നും ഗൃഹാതുരതയോടെ പത്താം ക്ലാസിലെത്തിയവനെയും അവന്റെ അച്ഛനമ്മമാരെയും ഭരിക്കുന്നുണ്ട്.
പക്ഷേ എന്തിന്?

ഡി പി ഇ പി വേഷം മാറിയെത്തിയ സര്‍വശിക്ഷാഭിയാനില്‍ എസ് എസ് എല്‍ സി പരീക്ഷ വെറും കുട്ടിക്കളിയായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തവണ 82.5% ആയിരുന്നു വിജയം. സര്‍വകാല റിക്കോഡ്. മോഡറേഷനൊന്നും കൂടാതെയാണ് ഈ തകര്‍പ്പന്‍ വിജയം കേരളത്തിന്റെ ചുണക്കുട്ടികള്‍ കരഗതമാക്കിയത്. നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ മുഖം ഗൌരവം വിട്ടുണര്‍ന്ന നാളുകളായിരുന്നു അത്. അദ്ധ്യാപക സംഘടനകള്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അദ്ധ്യാപകര്‍ എന്ന പടക്കുതിരകളെ വാഴ്ത്തി. കൌമാരക്കുരുന്നുകള്‍ നേരത്തെ 60%ങ്ങളുടെ എട്ടാവട്ടത്താണ് കിടന്നു കറങ്ങിയിരുന്നത്. അറിവിന്റെ ശതമാനമെണ്‍പത് കടത്തി വിടുന്നത് നിസ്സാരകാര്യമാണോ? എന്തൊരു ആത്മസമര്‍പ്പണം !

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വിശദീകരിച്ച ഒറ്റപ്പെട്ട ഒച്ചകളെ തീര്‍ത്തും അവഗണിച്ചുകൊണ്ടായിരുന്നു ഈ വാഴ്ത്തിപ്പാടലുകള്‍. അവയുടെ മണിയൊച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇത്തവണയും പൂര്‍വാധികം ഭംഗിയായി പ്രസ്തുതം അരങ്ങേറും. കാരണം വിജയശതമാനം പൂര്‍വാധികം കൂടും എന്നതു തന്നെ. അങ്ങനെയല്ലാതെ വന്നാല്‍ വിദ്യാഭ്യാസവകുപ്പിനും മന്ത്രിയ്ക്കും എന്തു നാണക്കേടാണ്. പുരോമനം മാറി അധോഗമനം സംഭവിക്കുകയോ? നടക്കുമോ...?

നോക്കുക. പത്താം ക്ലാസ്സില്‍ മൂന്നു ശാസ്ത്രവിഷയങ്ങള്‍ക്കും ഹിന്ദിയ്ക്കും ഐ ടിയ്ക്കും തുടര്‍മൂല്യനിര്‍ണ്ണയത്തില്‍ ( continuous evaluation) കിട്ടാവുന്ന ആകെ സ്കോറ് 10 ആണ്. ഒരു കുട്ടിയ്ക്ക് കുറഞ്ഞത് ഏഴുമാര്‍ക്കെങ്കിലും നല്‍കിയിരിക്കണം എന്നാണ് on side support ഗ്രൂപ്പുകള്‍ വഴി ഇപ്പോള്‍ അദ്ധ്യാപകര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇനി 20 സ്കോറുള്ള ബാക്കി വിഷയങ്ങള്‍ക്ക് (മലയാളം, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം, കണക്ക്) നല്‍കേണ്ട സ്കോര്‍ 17-ല്‍ കുറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ ജയിക്കാന്‍ വേണ്ട D+ കിട്ടാന്‍ കുട്ടിയ്ക്ക് വേണ്ടത് ആ‍കെ വേണ്ടത് 15 സ്കോര്‍. ഏറ്റവും മോശമായ കുട്ടിയ്ക്കുപോലും 7 കിട്ടും. ഇനി അവന്‍ എഴുതേണ്ടത് വെറും 8 മാര്‍ക്കിന്. വിജയശതമാനം കൂടാതിരിക്കുന്നതെങ്ങനെ? മോഡറേഷന്‍ ഇല്ല. എങ്കിലും ഒന്നും ചെയ്യാത്ത ഒരു കുട്ടിയ്ക്ക് പോലും തുടര്‍മൂല്യ നിര്‍ണ്ണയത്തിന്റെ ചെലവില്‍ വി.വകുപ്പ് ഫ്രീയായി നല്‍കുന്ന സ്കോറ് 188! വിജയശതമാനം കൂടാതിരിക്കുന്നതെങ്ങനെ?

എട്ടുമാര്‍ക്കിനവന്‍ എഴുതണ്ടേ, അതൊരു ബ്രഹ്മാണ്ഡ ബാദ്ധ്യതയല്ലേ എന്നൊക്കെ ചുമ്മാ തോന്നാം. എന്നാല്‍ പഴയതുപോലെ ചോദ്യങ്ങള്‍ ഏകശിലാമുഖമല്ല. ഏതു നിലവാരത്തിലുള്ള കുട്ടിയ്ക്കും ഉത്തരം എഴുതാന്‍ പറ്റിയ രീതിയില്‍ വേണം ചോദ്യങ്ങളില്‍ ഭൂരിഭാഗവും. മറ്റൊന്ന് ‘ഓപ്പണ്‍ എന്‍ഡെഡ്’ ചോദ്യങ്ങളാണ് ഒരു ചോദ്യത്തിന് അനേകം ഉത്തരങ്ങളാവാം. എന്തെഴുതിയാലും ഉത്തരമാവുന്ന ചോദ്യങ്ങളുമുണ്ട്. ഇനി ചോദ്യത്തിനു താഴെ സൂചനകള്‍ നല്‍കിയിരിക്കും. അങ്ങനെയും കുട്ടി ബുദ്ധിമുട്ടേണ്ടതില്ല. ഇതൊക്കെ അദ്ധ്യാപകര്‍ക്കു മനസ്സിലായില്ലെങ്കിലോ എന്നു വച്ചാണ് അവസാന നിര്‍ദ്ദേശം മൂല്യനിര്‍ണ്ണയം ഉദാരമാക്കാന്‍ നല്‍കുന്നത്. എന്നിട്ടും എഴുത്തില്‍ എട്ടു മാര്‍ക്കു നേടാന്‍ കഴിയാത്തവന്‍ പഠിച്ച സ്കൂളിനെക്കുറിച്ച് ആലോചിച്ചു നോക്ക്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായിരുന്ന എസ് എസ് എല്‍ സിയുടെ പ്രതാപം അതിന്റെ പേരിനൊപ്പം ഉടന്‍ അസ്തമിക്കും. (പന്ത്രണ്ടാം ക്ലാസും സ്കൂളുതന്നെ, അതുകഴിഞ്ഞിട്ട് വിട്ടാല്‍ മതി !) എല്ലാവരും ജയിപ്പിക്കുന്ന ഒരവസ്ഥ സംജാതമാക്കിയാല്‍ പിന്നെ ഒരു പൊതു പരീക്ഷയുടെയും അതിനു വേണ്ടിവരുന്ന ചെലവിന്റെയും പ്രസക്തിയെന്ത്? സൈദ്ധാന്തികര് തൊള്ള തുറക്കുന്നതുപോലെ ജനാധിപത്യരീതിയിലുള്ള പുതിയ ബോധനസമ്പ്രദായവും ക്ലാസ് മുറികളിലെ ജ്ഞാന നിര്‍മ്മിതിയുമൊന്നുമല്ല (പഴയ ചേഷ്ടാവാദത്തിനു പകരം വന്നത്) ഈ വിജയമഹാമഹത്തിനു പിന്നിലുള്ളത്. ഹീനമായ രീതിയിലുള്ള സൌജന്യങ്ങളാണ്. പത്താം ക്ലാസെന്ന പൊതുവിദ്യാഭ്യാസത്തിന്റെ അതിര്‍ത്തി അവസാനിക്കുകയാണ്. അത് ഇപ്പോഴത്തെ എട്ടാം ക്ലാസുപോലെ തരം താഴും. പന്ത്രണ്ടാം ക്ലാസ് പത്തിന്റെ സ്ഥാനത്തു വരും. അതിലേയ്ക്ക് സമൂഹത്തെയും രണ്ടു ചേരിയായി തിരിഞ്ഞു നില്‍ക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരെയും മെരുക്കി, വഴക്കിയെടുക്കാനാണ് ഇപ്പോഴത്തെ ഈ അഭ്യാസം. ഇതെല്ലാം പകലുപോലുള്ള സത്യമായിരിക്കേ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കാണിച്ചുകൊണ്ടുള്ള വിടുവായത്തം എന്തിനാണെന്നാണ് ചോദ്യം. വെറും സൌജന്യങ്ങളും കണക്കിലെ കളികള്‍ക്കും മുന്നില്‍ ഇട്ടുകൊടുത്ത് നമ്മുടെ കുട്ടികളെ കൊണ്ട് ചുടുചോറ്‌ വാരിക്കുന്നതെന്തിന്? അവന്‍/അവള്‍ ഇപ്പോഴും പത്താം ക്ലാസ് എന്തോ മഹാപ്രസ്ഥാനമാണെന്നു വിചാരിച്ച് ട്യൂഷനുകളും സ്വയം പീഢനങ്ങളും കൊണ്ട് വയറു നിറയ്ക്കുകയാണ്.
പാവങ്ങള്‍ !

കാര്യക്ഷമതാവര്‍ഷത്തിലെ കെടുകാര്യസ്ഥതയെപ്പറ്റിയും വിദ്യാഭ്യാസരംഗത്തെ തമാശനാടകങ്ങളെപ്പറ്റിയും എഴുതുകയും കത്തുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത് മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ തന്നെയാണ്. അതേ മലയാളമനോരമയും മാതൃഭൂമിയും- മലയാളത്തിന്റെ കണിയും സുപ്രഭാതങ്ങളും- ചോദ്യപ്പേപ്പര്‍ വിശകലനങ്ങളും പരീക്ഷയെഴുത്തിന്റെ തന്ത്രങ്ങളും പതിവുപോലെ എട്ടു കോളത്തില്‍ ആവിഷ്കരിച്ചു തുടങ്ങിക്കഴിഞ്ഞു.

മാറി നിന്ന് നോക്കി നോക്കുക,
സാമാന്യബുദ്ധിയെ കിക്കിളിയാക്കാന്‍ എന്തെല്ലാം വഴികള്‍!

20 comments:

  1. kuree admahathya kuranju kittumallo suhruthey ee vazhi kondu. Saamanya budhi vachu nookkiyal ithaanu eettavum best. SSLC pareekshakku onnaam rank kittiyaal enthaa mala mariyumoo?? oru chukkum illa mashe.

    ReplyDelete
  2. വിദ്യ + അഭ്യാസം. പക്ഷേ, വിദ്യ കുറവും അഭ്യാസം കൂടുതലുമല്ലേ ഇപ്പോള്‍ നടക്കുന്നത്. :)

    നല്ല ലേഖനം.

    ReplyDelete
  3. ഡി.പി.ഇ.പി മനസ്സിലയിടത്തോളം എനിക്കു വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പരീക്ഷയെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. ചോദ്യപേപ്പര്‍ ഞാന്‍ കണ്ടിരുന്നില്ല. വെള്ളെഴുത്ത് ഇവിടെ എഴുതിയിരിക്കുന്ന പോലെ തന്നെയായിരുന്നു വായിച്ച മിക്ക ലേഖനങ്ങളുടേയും സാരാംശം. എന്നാല്‍ ഈയടുത്ത് കിരണ്‍, പരീക്ഷയുടെ മോഡല്‍ പേപ്പര്‍ ലിങ്ക് ചെയ്തിരുന്നു. അതു നോക്കിയപ്പോള്‍ (കെമിസ്ട്രി പേപ്പര്‍) നല്ല സ്കോര്‍ കിട്ടണമെങ്കില്‍ ശരിയായ രീതിയില്‍ സബ്ജെക്റ്റ് മനസ്സിലായിട്ടുള്ളവര്‍ക്ക് മാത്രം എഴുതാവുന്ന രീതിയാണു കണ്ടത്. ശരിക്കും അത്ഭുതപ്പെട്ടു പോയി ഞാന്‍ ആ പേപ്പര്‍ കണ്ടീട്ട്. പഴയതും പുതിയതുമായ ചോദ്യപേപ്പറുകളുടെ ഒരു താരതമ്യം ചെയ്യണം എന്ന് കരുതുകയും ചെയ്തു.
    ഇപ്പോള്‍ വിണ്ടും ഇതു വായിക്കുമ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍.
    തുടര്‍ മൂല്യ നിര്‍ണയത്തില്‍ അത്ര അപാകത കാണേണ്ട കാര്യമുണ്ടോ? ഉന്നതവിദ്യാഭ്യാസ രംഗത്തെങ്കിലും (യൂണിവേഴ്സിറ്റി സെന്ററുകളില്‍) നമ്മള്‍ എത്രയോ വര്‍ഷങ്ങളായി പരീക്ഷിച്ചു വിജയിച്ചതല്ലേ.
    ഒരു വലിയ ഭൂരിപക്ഷം (80% കൂടുതല്‍) പരീക്ഷ പാസ്സാവുന്നു എന്നതൊരു നെഗറ്റീവ് പോയിന്റായി കാണുന്നതിനേക്കാള്‍ പാസ്സാവുന്നവരൊക്കെ കാണാപാഠം അല്ലാതെ ആ സബ്ജെക്റ്റ് മനസ്സിലാക്കുന്നു എന്നതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്?

    “എന്നാല്‍ പഴയതുപോലെ ചോദ്യങ്ങള്‍ ഏകശിലാമുഖമല്ല. ഏതു നിലവാരത്തിലുള്ള കുട്ടിയ്ക്കും ഉത്തരം എഴുതാന്‍ പറ്റിയ രീതിയില്‍ വേണം ചോദ്യങ്ങളില്‍ ഭൂരിഭാഗവും“
    ചോദ്യപേപ്പറുകള്‍ വെള്ളെഴുത്ത് കണ്ടിരുന്നോ? കെമിസ്റ്റ്ട്രി മോഡല്‍ പേപ്പറിനെ സംബന്ധിച്ച് എനിക്കീ അഭിപ്രായമേ ഇല്ല. നന്നായി വിഷയം മനസ്സിലാക്കിയ കുട്ടിയ്ക്ക് (എന്നാല്‍ കാണാപാഠം പഠിക്കേണ്ടാത്ത രീതില്‍) മാത്രം എഴുതാന്‍ പറ്റുന്ന വിധത്തിലായിരുന്നു അത്.

    ReplyDelete
  4. ഡാലി ഇടപ്പെട്ടതിന് നന്ദി. പഴയത് നല്ലത് എന്ന് പറയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് വഴി പുതിയത് തീരേ മോശം എന്ന് പറയുക അപ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറഞ്ഞ് പഴയത് വാഴ്‌ത്തപ്പെടും. അതാണ് ഇവിടെ നടക്കുന്നത്. പുതിയതിലെ പിഴവുകള്‍ പുതിയതിലെ അപാകതകള്‍ പുതയതിന് പിന്നിലെ അന്താരാഷ്ട്ര ഗൂഡാലോചനകള്‍ ഇവയെല്ലാം വാതോരാതെ പറയുക. ഇതിനെക്കുറിച്ച് അറിവില്ലാത്ത മിക്കവരും ഇത് കേട്ട് ഹാ കഷ്ടം ഇന്നത്തെ കുട്ടികളുടെ അവസ്ഥ എന്ന് നെടുവീര്‍പ്പെടുക. അതാണിവിടെ നടക്കുന്നത്. ചര്‍ച്ച തുടരുന്നതിന് മുന്‍പ് എന്റെ പോസ്റ്റില്‍ പോയി ഒന്ന് പുതിയ ചോദ്യപ്പേപ്പര്‍ കാണാനുള്ള സന്‍‌മനസ്സ് എല്ലാവരുക് കാണിക്കണം. അതു കഴിഞ്ഞ് ഞാന്‍ ചര്‍ച്ചയില്‍ പങ്കു ചേരാം. പിന്നെ മാതൃഭൂമി പത്രം കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് എന്ന് തോന്നുന്നു പുതിയ രീതിയിലുള്ള ചോദ്യപ്പേപ്പറുകള്‍ പരിചയപ്പെടുത്തുന്നുണ്ട്. നിഷ്പക്ഷമായി അതൊന്ന് വിലയിരുത്താനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ ശനിയാഴ്ചവരെ പ്രസിദ്ധീകരിച്ചവ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ എന്റ ബ്ലോഗില്‍ പ്രസിധ്ദീകരിക്കുന്നതാണ്. ഡാലിക്ക് ഒരിക്കല്‍ക്കൂടി നന്ദി

    ReplyDelete
  5. പ്രിയ വെള്ളെഴുത്തേ,

    താങ്കളുടെ ഈ നിരീക്ഷണങ്ങള്‍ വസ്തുനിഷ്ഠമായ അന്വേഷണങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞതാണോ എന്ന് സംശയം. കാരണം ഡാലി പറഞ്ഞതു പോലെ പല ഡി.പി.ഇ.പി വിരുദ്ധ ലേഖനങ്ങളുടേയും ചുവ ഇതില്‍ കാണുന്നു :)

    കിരണ്‍ ജി യുടെ പോസ്റ്റിലെ പേപ്പറുകള്‍ ഞാനും നോക്ക്കിയിരുന്നു. ഒറ്റ നോട്ടത്തില്‍ പറയാം, അപാരമായ കൈയ്യൊതുക്കത്തോടെ തയാറാക്കിയവയാണ് അതെല്ലാം എന്ന്. അത്തരമൊരു ചോദ്യക്കടലാസിനു തൃപ്തിയാകും വണ്ണം ഉത്തരമെഴുതാന്‍ പല മുന്‍ കാല SSLC റാങ്ക് ജേതാക്കള്‍ക്കു പോലും കഴിയില്ല എന്ന് എന്റെ വ്യക്തിപരമായ അനുഭവം വച്ചു പറയാം.

    പിന്നെ സ്കോറിംഗ് വ്യവസ്ഥ താങ്കള്‍ പറയുന്നത് അത്ര വ്യക്തമല്ല. ഓപ്പണ്‍ എന്‍ഡഡ് ചോദ്യങ്ങള്‍ക്കല്ലേ യഥാര്‍ത്ഥത്തില്‍ കുട്ടി മനസ്സിലാക്കിയിരിക്കുന്നതെന്താണെന്ന് പുറത്തു കൊണ്ടുവരാനാവൂ?
    അക്ബര്‍ ചക്രവര്‍ത്തി ജിസ്യ നിര്‍ത്തലാക്കിയെന്നോ ദീന്‍-ഇലാഹി പ്രചരിപ്പിച്ചുവെന്നോ ഒക്കെ ഉറക്കമിളച്ചിരുന്നു പത്തും പന്ത്രണ്ടും പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഉരുവിട്ട് (ഭാവിയിലേക്കു ഒരു പ്രയോജനവും ചെയ്യാത്ത കുറേ സംഗതികള്‍) അര്‍ത്ഥമറിയാതെ കാണാപ്പാഠം പഠിച്ചും ഛര്‍ദ്ദിക്കാന്‍ പാകത്തിലുള്ള പഴയ ആ ചോദ്യപ്പേപ്പറുകള്‍ ബ്രിട്ടീഷുകാര്‍ പണ്ടേക്കു പണ്ടേ വലിച്ചെറിഞ്ഞ മെക്കാളെ മോഡല്‍ വിദ്യാഭ്യാസത്തിന്റെ അവശേഷിപ്പുമാത്രമായേ ഞാന്‍ കാണൂ.
    സസ്യങ്ങള്‍ ഫോട്ടോസിന്തസിസു വഴി ഓക്സിജനാണ് വിസര്‍ജിക്കുന്നതെന്ന് നമ്മള്‍ ടെക്സ്റ്റു ബുക്കില്‍ നിന്നും പഠിച്ചു. ഇന്നത് കുട്ടികള്‍ മെഴുകുതിരിയും ഫ്ലാസ്കുമൊക്കെയായി പരീക്ഷണനിരീക്ഷണങ്ങളിലൂടെ ആഘോഷമായി പഠിക്കുന്നു. സയന്‍സില്‍ താല്പര്യമുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ആഹ്ലാദം എന്തായിരിക്കും അപ്പോള്‍ എന്ന് ആലോചിച്ചുനോക്കൂ.
    അവന്റെ നൂറായിരം സംശയങ്ങള്‍ക്ക് അധ്യാപകന്‍ മറുപടിപറയണം. (പരിണാമസിദ്ധാന്തം പഠിപ്പിച്ച ക്ലാസില്‍, ഇതിലെവിടെയാ ടീച്ചറേ ദൈവം വരുന്നേ എന്നു ചോദിച്ചതിന് പണ്ട് ചൂരല്‍ കഷായം വാങ്ങിയ ഓര്‍മ്മ - ദാ ഇപ്പോഴും ഹോട്ട്! ഇന്നായിരുന്നേല്‍ അവരുടെ പല്ലു സെറ്റ് ഞാനിടിച്ചിട്ടേനെ താഴെ!)

    ഈ പോസ്റ്റില്‍ വെള്ളെഴുത്ത് പറയുന്ന സ്കോറിംഗ് രീതിയെക്കുറിച്ചും അതിന്റെ നന്മതിന്മകളെക്കുറിച്ചും കിരണ്‍ ജി വിശദീകരിക്കും എന്നു കരുതട്ടെ.

    ReplyDelete
  6. നല്ല ഒരു ചര്‍ച്ച.

    ReplyDelete
  7. നല്ല ലേഖനം... നല്ല നിരീക്ഷണം!

    കൃഷ് ചേട്ടന്‍‌ പറഞ്ഞതു പോലെ കൂടുതലും അഭ്യാസമാണ്‍ ഇപ്പോള്‍‌ നടക്കുന്നത്

    ReplyDelete
  8. കുഴപ്പം എന്റെ തന്നെ.. ചോദ്യപ്പേപ്പറുകളെപറ്റിയുള്ള സാന്ദര്‍ഭിക പരാമര്‍ശമാണ് ചര്‍ച്ചകളെ വഴിതിരിച്ചത് എന്നു തോന്നുന്നു.
    ഞാന്‍ ‘ജ്ഞാനനിര്‍മ്മിതി വാദത്തിനോ‘ ക്ലാസ്മുറിയിലെ ജനാധിപത്യവത്കരണത്തിനോ എതിരല്ല. എതിരല്ല. എതിരല്ല. പുതിയ പാഠ്യപദ്ധതിക്രമത്തിലുള്ള ചോദ്യപ്പേപ്പറുകള്‍ തയാറാക്കാന്‍ നല്ല കഴിവുവേണം എന്നു തന്നെയാണ് അഭിപ്രായം. (ചില അദ്ധ്യാപകസംഘടനകള്‍ തയാറാക്കുന്ന ഉത്തരവാദിത്വമില്ലാത്ത ചോദ്യപ്പേപ്പറുകളൊഴിച്ചാല്)ആശയങ്ങള്‍ നല്ലത് പക്ഷേ അതുപ്രായോഗികതലത്തില്‍ നടപ്പാക്കിവരുന്നതിന്റെ അപഹാസ്യതയെക്കുറിച്ചാണ് പറഞ്ഞത്. അല്ലാതെ ചോദ്യങ്ങളെല്ലാം പഴയതുപോലെ ക്ലോസ്ഡ് ആവണം എന്നല്ല.
    ചോദിക്കട്ടേ, ഇത്രയും ജനാധിപത്യരീതിയിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയില്‍, അതിന്റെ ഗുണഫലം സൌജന്യങ്ങളൊന്നും കൂടാതെ കുട്ടികള്‍ക്കു കിട്ടേണ്ടതല്ലേ? അങ്ങനെയൊരു മഹാമഹം നടന്നിട്ടും വകുപ്പിന് ഇത്രമാര്‍ക്ക് കൊടുത്തോളണം എന്നു ഉത്തരവു ഇറക്കേണ്ടി വരുന്നതിന്റെ അപഹാസ്യത ആലോചിച്ചിട്ടുണ്ടോ? അവിടെയാണ് കുഴപ്പം. അല്ലാതെ ചോദ്യപ്പേപ്പറുകളിലോ തുടര്‍മൂല്യനിര്‍ണ്ണയത്തിലോ അല്ല. അതായത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ‘ഇതെന്തു സംഭവമാണെന്നു‘ മനസ്സിലായിട്ടില്ല. അവര്‍ ക്ലാസ്മുറിയില്‍ ഞാനമൊന്നും നിര്‍മ്മിക്കുന്നില്ല. പഴയതുപോലെ പഠിക്കുന്നു. ഇടയ്ക്ക് കൂട്ടം കൂടിയിരിക്കുന്നു. അത്രമാത്രം. ഇതൊരു ധാരണപ്പിശകാണ്. ഇതുമാറ്റുന്നതിനു പകരം, സൌജന്യങ്ങള്‍ നല്‍കി പുതിയ പാഠ്യപദ്ധതി ഒരു മഹാസംഭവമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വിദ്യാഭ്യാസവകുപ്പു നടത്തുന്ന അഭ്യാസമാണ് എന്റെ വിമര്‍ശന വിഷയം. ഏഴുമാര്‍ക്കു കിട്ടിയാല്‍ ജയിക്കുന്ന, മൂല്യനിര്‍ണ്ണയത്തില്‍ ഉദാരസമീപനമുള്ള ഒരു പരീക്ഷയ്ക്ക് പഴയതുപോലുള്ള ബാലികേറാമല അഭ്യാസങ്ങള്‍ ആവശ്യമില്ല. പക്ഷേ അതാണ് നമ്മുടെ പത്രങ്ങള്‍ വിശകലം എന്നമട്ടിലൊക്കെ തട്ടി വിടുന്നത്. വലിയഭാരം എന്നൊക്കെ പറഞ്ഞ് തമാശനടന്മാര്‍ ചെറിയ കല്ലൊക്കെ പ്രയാസപ്പെട്ട് എടുത്തുപൊക്കുന്നതായി കാണിക്കാറില്ലേ, ചില വളിപ്പ് സിനിമകളില്‍. അതുകാണുമ്പോഴുള്ള കിക്കിളിയാണ് ഈ കോപ്രായങ്ങളൊക്കെ കാണുമ്പോള്‍(രാഷ്ട്രീയക്കാരുടെയും പത്രങ്ങളുടെയും!) തോന്നുന്നത്. ഞാന്‍ അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ.
    സ്കോറിംഗും മാര്‍ക്കും പര്യായപദങ്ങളാണെന്നാണ് പാവം പത്രക്കാരു പോലും വിചാരിച്ചിരിക്കുന്നത്. അദ്ധ്യാപകരുടെ കാര്യം പറയാനുണ്ടോ?
    ഡാലി ഞാന്‍ ചോദ്യങ്ങള്‍ വായിക്കുകമാത്രമല്ല. അവയെപ്പറ്റി പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. (മലയാളം മാത്രം)80% പരീക്ഷപാസാവുന്നു എന്നത് ഒരിക്കലും നെഗറ്റീവല്ല. പക്ഷേ അതു വരുത്തിതീര്‍ക്കാന്‍ സ്വീകരിച്ച വഴി തീര്‍ച്ചയായും വിമര്‍ശനത്തിനു വിധേയമാവേണ്ടതുണ്ട്.
    കിരണ്‍ ചോദ്യപ്പേപ്പറുകളല്ല, എന്റെ വിഷയം.
    സൂരജ് ഞാനത് വിശദീകരിക്കുന്നുണ്ട്, പിന്നീട്.
    വിന്‍സ്, ആത്മഹത്യ കുറയാന്വേണ്ടി എല്ലാവരെയും ജയിപ്പിക്കുക എന്ന തന്ത്രം ഏതു രാജ്യത്തെ വിദ്യാഭ്യാസവകുപ്പു നറ്റത്തിയാലും അതു കുറേ കടന്ന കൈയാണ്. ആരും പരീക്ഷയില്‍ തോറ്റതുകൊണ്ടുമാത്രം ആത്മഹത്യചെയ്യില്ല. തോല്‍‌വി ഒരാള്‍ക്ക് സ്വയം ഇല്ലാതാക്കാനുള്ള സ്വീകാര്യമായൊരു ന്യായം നല്‍കുന്നു എന്നേ ഉള്ളൂ. അത് മറ്റൊരു വിഷയമാണ്.

    ReplyDelete
  9. ഒരു പാടു കാര്യങ്ങളില്‍ രണ്ട് കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞോട്ടെ.
    1.ഇത്രയും ജനാധിപത്യരീതിയിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയില്‍, അതിന്റെ ഗുണഫലം സൌജന്യങ്ങളൊന്നും കൂടാതെ കുട്ടികള്‍ക്കു കിട്ടേണ്ടതല്ലേ?
    കിട്ടുന്നുണ്ട് എന്നതാണ് എന്റെ അനുഭവം. എന്നാല്‍ അത് മാര്‍ക്കിലല്ലെന്നു മാത്രം. (മാര്‍ക്ക് കൂടുതല്‍ ഈ വ്യവസ്ഥയില്‍ കിട്ടുന്നത് സംബന്ധിച്ച് എനിക്ക് ഫീല്‍ചെയ്തീട്ടുള്ളത് ഒരു ലെവലില്‍ ഇഫെക്ടാണ്. എല്ലാവരുടേയും ബേസ് അഞ്ചില്‍ നിന്നും 10 ആയി എന്നതു പോലെ) പക്ഷേ അതേ സമയം ഈ രീതി തൂടരുന്ന കുട്ടികളുടെ ചിന്താരീതി പണ്ടത്തെ സിസ്റ്റം പിന്തുടര്‍ന്നവരില്‍ നിന്നും മെച്ചപ്പെട്ടതാണ്. വീട്ടില്‍ പഴയ രീതി പിന്തുടര്‍ന്നവരും പുതിയ രീതിയില്‍ ഉള്ള മൂ‍ൂന്നൂ പേരും കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. പുതിയ രീതിയില്‍ ഉള്ളവര്‍ കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാനും അതിന്റെ മെക്കാനിസത്തെ കുറിച്ചും ചോദ്യങ്ങല്‍ ചോദിച്ച് കണ്ട് പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പഴയവര്‍ ടെക്സ്റ്റ് ബൂക്/ഗൈഡ് ജീവികള്‍ ആയിരുന്നു. ആദ്യത്തവര്‍ക്കാവും ജെന്യുവിന്‍ ആയ ശാസ്ത്രഗവേഷണാഭിമുഖ്യം ഉണ്ടാവുക.

    2”പഴയതുപോലെ പഠിക്കുന്നു. ഇടയ്ക്ക് കൂട്ടം കൂടിയിരിക്കുന്നു. അത്രമാത്രം.“
    ഇതിനോട് യോജിക്കാന്‍ വയ്യ. ഞാന്‍ കണ്ട മൂന്നു കുട്ടികള്‍ക്കും പ്രൊജെക്റ്റിനെ കുറിച്ചും അതെങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നു. അവരത് വലിയ തെറ്റില്ലാതെ തന്നെ ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം പഴയ പാഠ്യപദ്ധതിയില്‍ പഠിച്ച ഞാന്‍ ഒരു പൊജെക്റ്റ് സീരിയസ് ആയി ചെയ്യുന്നത് ബിരുന്താന്തരത്തിനാണു. ബിരുദത്തിനു പഠീക്കുമ്പോള്‍ ശാസ്ത്ര പരിക്ഷത്തിന്റെ ക്യാമ്പില്‍ പ്രൊജെക്റ്റ് എന്ന പേരില്‍ ആക്ഷേപഹാസ്യം(?) അവതരിപ്പിച്ച് ആക്ഷേപം ഏല്‍ക്കേണ്ടി വന്ന ഒരു ഹിസ്റ്ററിയും ഉണ്ട്. അന്ന് ആ കോളെജില്‍ നിന്നും ക്യാമ്പിനു പോയ 20 പേര്‍ക്കും പ്രൊജെക്റ്റ് എങ്ങനെ ചെയ്യണം എന്നറിയില്ലായിരുന്നു.

    “അതായത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ‘ഇതെന്തു സംഭവമാണെന്നു‘ മനസ്സിലായിട്ടില്ല.“
    ഇതിനെ കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് മറ്റെന്തിനേക്കാളും ആകുലരാകൂന്ന (ഇതിരു നെഗറ്റിവ് പോയന്റ് ആണു) മാതാപിതാക്കള്‍ മഹാഭൂരിപക്ഷം പേരും ഡി.പി. ഇ.പി യെ പഴിക്കുന്നുണ്ടായിരുന്നു. (മുകളില്‍ പറഞ്ഞ മൂന്നു കുട്ടികളുടേയും മാതാപിതാക്കള്‍ക്ക് അവരുടെ പഠനകാര്യത്തില്‍ അത്ര ആശങ്ക ഇല്ലായിരുന്നു)

    (സത്യമായും ഡി.പി. ഇ.പി കുട്ടികളില്‍ എന്തു സ്വാധീനം ആണു ഉണ്ടാക്കിയത് എന്നറിയാന്‍ അതിയായ താല്പര്യം ഉണ്ട്. ആദ്യ ബാച്ച് കുട്ടികള്‍ പുറത്തിറങ്ങിയ സ്ഥിതിയ്ക്ക് അവരുടെ നിലവാരത്തെ കുറിച്ച് ഒരു പഠനമെങ്കിലും വരേണ്ടിയിരിക്കുന്നു.രണ്ടോ മൂന്നോ കുട്ടികളെ കണ്ട് ആധികാരികമായി എന്തെങ്കിലും പറയുന്നത് അത്ര നന്നല്ല)

    ReplyDelete
  10. ഡാലി പറഞ്ഞതാണ്‌ കാര്യം. ഇത്‌ കുട്ടികളില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്‌ എന്നതില്‍ ഒരു തര്‍ക്കവും വേണ്ട. ഒരു കാര്യം ഞാന്‍ ഉറപ്പു പറയാം ഒരു കുട്ടി പോലും അവന്‌ താല്‍പര്യമുള്ള വിഷയത്തില്‍ നിന്ന് അകന്നുപോയിട്ടുണ്ടാകില്ല് അതുറപ്പ്‌. എന്നാല്‍ പഴയ രീതി അനുസ്സരിച്ച്‌ നമുക്ക്‌ ഉണ്ടായിരുന്ന പല കാര്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്‌

    നമ്മള്‍ പല വിഷയത്തിലും ആവറേജ്‌ ആണെങ്കിലും പരീക്ഷക്ക്‌ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങാന്‍ കഴിയുമായിരുന്നു. അതിന്‌ നമ്മളേ റാങ്ക്‌ ഫയലുകളും പഴയ ചോദ്യപേപ്പറുകളും സഹായിക്കുമായിരുന്നു. അലെങ്കില്‍ ഇഷ്ടമില്ലാത്ത വിഷയം പോലും കാണാപ്പാഠം പഠിച്ച്‌ നല്ല മാര്‍ക്ക്‌ വാങ്ങാമായിരുന്നു. അതായത്‌ ഒരു ആവറേജ്‌ വിദ്യാര്‍ത്ഥിക്കും 80% മാര്‍ക്ക്‌ വാങ്ങാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ ആവറേജുകാരന്‍ നേടുന്ന 80% മാര്‍ക്ക്‌ അവന്‌ ആ വിഷയത്തിലുള്ള അറിവല്ല മറിച്ച്‌ അവന്‍ ആ പരീക്ഷക്ക്‌ വേണ്ടി ഞെക്കുപ്പഴുപ്പിച്ചെടുത്തതാണ്‌. എന്നാല്‍ ഇത്‌ അറിവിന്റെ അളവുകോലായി കരുതപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പുതിയ സിസ്റ്റത്തില്‍ ഇത്‌ സാധ്യമല്ല. അപ്പോള്‍ സ്വാഭാവികമായും അത്‌ മാതാപിതാക്കളെ ഭയപ്പെടുത്തും.

    ഇനി വെള്ളെഴുത്ത്‌ പറഞ്ഞതില്‍ ഒരു പ്രധാന കാര്യമുണ്ട്‌. ഈ സിസ്റ്റം പരാജയമല്ല എന്ന് തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. എന്നാല്‍ കുട്ടികള്‍ക്ക്‌ കാര്യപ്രപതി ഉണ്ടായി അലെങ്കില്‍ അവനിഷ്ടപ്പെട്ട വിഷയത്തില്‍ മികവ്‌ കാട്ടി അലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും എന്തെങ്കിലും മേഖലയില്‍ കഴിവുണ്ടായി എന്നൊന്നും പറഞ്ഞാന്‍ അംഗീകരിക്കപ്പെടുകയില്ല. അപ്പോള്‍ എന്താണ്‌ ഇതിനൊരു കുറുക്കു വഴി പരമാവധി വിജയ ശതമാനം കൂട്ടിക്കാണിക്കണം. അതല്ലാതെ ഇവ അളക്കാന്‍ ഒരു പൊതു മാനദണ്ഡം ഇല്ലല്ലോ. എന്നാല്‍ പുതിയ രീതിയില്‍ ഉള്ള ചോദ്യപ്പേപ്പര്‍ കൊണ്ട്‌ ഇത്‌ സാധിക്കില്ല പിന്നെ ഉള്ള വഴി നമ്മുടെ പല ഉന്നത്‌ വിദ്യാഭാസ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ ഇന്റേണല്‍ മാര്‍ക്ക്‌ കൂട്ടിയിടുക എന്ന വഴി കണ്ടെത്തുകയാണ്‌. ഇത്‌ നമ്മുടെ പഴേ മോഡറേഷനാണ്‌ എന്ന് കരുതിയാല്‍ പ്രശ്നം തീര്‍ന്നു എന്നാണ്‌ എന്റ പക്ഷം.

    ഡാലി ഞാന്‍ എന്റ പോസ്റ്റില്‍ പറഞ്ഞതു പോലെ ഈ വര്‍ഷം ഞാന്‍ ഇതിനു വേണ്ടി ഒരു അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിലേക്ക്‌ വെള്ളെഴുത്തിന്റെ ഈ പോസ്റ്റ്‌ എനിക്ക്‌ ഊര്‍ജ്ജം പകരുന്നു. പിന്നെ ഒരു അന്വേഷണവും നടത്താതെ ഒരു കാര്യം ഞാന്‍ പറയുന്നു ഈ രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ എന്തെങ്കിലും ഒരു കഴിവ്‌ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ അത്‌ 100% ഉറപ്പ്‌. ബാക്കി അന്വേഷിച്ച്‌ കണ്ടെത്താം

    ReplyDelete
  11. സീരിയസ്സായ/ മനുഷ്യനു ചിന്തിക്കാന്‍ കൊള്ളാവുന്ന സംഗതികള്‍ വീണ്ടും വീണ്ടും തരുന്ന വെള്ളെഴുത്തിന്റെ ബ്ലോഗിന് വലിയൊരു നന്ദി!
    ചര്‍ച്ച ചൂടു പിടിക്കുന്നതില്‍ സന്തോഷവും.


    “ അങ്ങനെയൊരു മഹാമഹം നടന്നിട്ടും വകുപ്പിന് ഇത്രമാര്‍ക്ക് കൊടുത്തോളണം എന്നു ഉത്തരവു ഇറക്കേണ്ടി വരുന്നതിന്റെ അപഹാസ്യത ആലോചിച്ചിട്ടുണ്ടോ ?”
    വെള്ളെഴുത്ത് ചൂണ്ടിക്കാണിച്ച ഈ കാര്യമാണ് ഈ പോസ്റ്റിന്റെ ഏറ്റവും പ്രസക്തമായ വിഷയം എന്നു മനസ്സിലാക്കുന്നു.

    ഈയൊരു പദ്ധതിയുടെ ഫലപ്രാപ്തിയെപ്പറ്റിയുള്ള under estimation ആകണം സര്‍ക്കാരിനെ അമിത മോഡറേഷന്‍ പോലുള്ള ഇത്തരം സ്റ്റുപ്പിഡ് തീരുമാനങ്ങളിലേക്ക് നയിച്ചത് എന്ന് തോന്നുന്നു. (എന്റെ തോന്നല്‍ മാത്രം).

    മറ്റൊരു സാധ്യത കൂടിയുണ്ട് : പഴയ SSLC പരീക്ഷകളില്‍ മൂല്യനിര്‍ണയ വേളയില്‍ ഓരോ ഉത്തരത്തിനും മാര്‍ക്കിടാന്‍ വേണ്ട മിനിമം ആശയം പോയിന്റുകളായി ഉത്തര സൂചികയില്‍ പ്രിന്റ് ചെയ്ത് മൂല്യനിര്‍ണ്ണയ ക്യാമ്പിലെ അധ്യാപകര്‍ക്കു കൊടുക്കുന്ന രീതിയുണ്ടായിരുന്നല്ലോ. അതായത് ഇന്നയിന്ന പോയിന്റുകള്‍ എഴുതിയിട്ടുണ്ടെങ്കില്‍ ഇത്രയിത്ര മാര്‍ക്ക് കൊടുക്കാം എന്ന ഒരു ഏകീകൃത ഗൈഡ് ലൈന്‍ - ചാക്കോ മാഷ് സ്റ്റൈലിലുള്ള ‘മൂരാച്ചി വാധ്യാനമാര്‍’ തോന്നിയ പടിക്ക് മാര്‍ക്ക് കുറച്ചും വെട്ടിക്കീറിയും ഉത്തരക്കടലാസുകളെ വലിയ അനീതികള്‍ക്ക് ഇരയാക്കാതിരിക്കാനുള്ള മാര്‍ഗ്ഗരേഖയെന്നും പറയാം:)
    അത്തരത്തില്‍ ഒരു പോയിന്റ് അടിസ്ഥാനത്തിലുള്ള ‘മൂല്യനിര്‍ണ്ണയ സൂചിക’ക്ക് ഇപ്പോഴുള്ള ഓപ്പണ്‍ എന്‍ഡഡ് ചോദ്യപേപ്പറുകളില്‍ സ്കോപ്പില്ല എന്നാണ് അറിവ്. സ്വാഭാവികമായും ഉത്തരക്കടലാസുകള്‍ തമ്മില്‍ വലിയ അന്തരം ഉണ്ടാകാനിടയുള്ള ഇന്നത്തെ ശൈലിയിലെ പരീക്ഷയില്‍ ഒരു ബേസ് ലൈന്‍ വയ്ക്കേണ്ടിവരുമല്ലോ. തുടക്കകാലത്ത്, ഈ മൂല്യനിര്‍ണ്ണയ രീതിയിലേക്ക് അധ്യാപകര്‍ മാനസികമായി ഉയരുന്നതു വരെയെങ്കിലും ഒരു Protection വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായി വരുമെന്നാണ് എന്റെ തോന്നല്‍. ഉദാഹരണത്തിന് ഭാഷാ പേപ്പറില്‍ ‘എയിഡ്സ് ബോധവല്‍ക്കരണത്തെക്കുറിച്ച് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ അസംബ്ലിയിലേക്ക് ഒരു പ്രസംഗം തയാറാക്കാന്‍’ ആണു ചോദ്യമെന്നിരിക്കട്ടെ; അവിടെ രണ്ടു വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായി ചിന്തിച്ച് ഉത്തരമെഴുതുമ്പോള്‍ പോയിന്റടിസ്ഥാനത്തില്‍ മാര്‍ക്കിടുന്നത് അര്‍ത്ഥരഹിതമാണ്. ശൈലി, അവതരണ മികവ്, ഭാഷാശുദ്ധി എന്നിവയാകും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരിക. അവിടെ വ്യവസ്ഥാപിതമായ ഒരു absolute റെഫറന്‍സ് ഒന്നും ഇല്ലല്ലോ ശൈലീമികവളക്കാന്‍. സ്വാഭാവികമായും paper valuation വലിയ വിവേചനങ്ങള്‍ക്ക് കാരണമാകും. (മാര്‍ക്കിടുന്ന അധ്യാപകന്റെ മാനസിക സങ്കുചിതത്വം എത്രത്തോളമുണ്ടോ അതനുസരിച്ച് )

    ഇങ്ങനൊരു പദ്ധതിയുടെ തുടക്ക കാലത്തേയ്ക്കെങ്കിലും വിദ്യാര്‍ത്ഥികളെ ഇത്തരം മൂല്യനിര്‍ണ്ണയാധിഷ്ഠിത വിവേചനങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ഒരു ബേസ് ലൈന്‍ ഉണ്ടാക്കുക എന്നതാവാം സര്‍ക്കരിന്റെ “മിനിമം മാര്‍ക്ക്” എന്ന ആശയത്തിന്റെ കാതല്‍ എന്നു ഞാന്‍ വിചാരിക്കുന്നു.

    ഇതേപ്രതി കൂടുതല്‍ പറയേണ്ടത് ഈ വിഷയം കാര്യമായി പഠിച്ചവര്‍ തന്നെയാണ്. അവര്‍ സംസാരിക്കട്ടെ...കാതോര്‍ത്തിരിക്കുന്നു.

    ReplyDelete
  12. സൂരജേ ഇതില്‍ വീണ്ടും ചില പ്രശ്നങ്ങളുണ്ട്

    പഴയ രീതിയില്‍ രാജാവിനേപ്പോലെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകന് ജനാധിപത്യ രീതിയില്‍ പഠിപ്പിക്കേണ്ട അവസ്ഥയുണ്ടായി. മാറ്റങ്ങളേ എന്നും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഈ വിഭാഗത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന ഒന്നായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ എത്രത്തോളം സ്പിരിറ്റ് പുതിയ രീതിയില്‍ പഠിപ്പിക്കാന്‍ എടുക്കുമെന്ന് കരുതാവുന്നതേ ഉള്ളൂ. പുതിയ രീതിയുടെ ആദ്യ ഘട്ടത്തില്‍ ഇത് വലിയ പ്രശ്നം തന്നെ ആയിരുന്നു. പിന്നെ പതിയ് പതിയെ അവര്‍ ഇതിനോട് പൊരുത്തപ്പെട്ട് വന്നപ്പോഴേക്കും അല്പം എങ്കിലും കാശുള്ളവര്‍ സര്‍ക്കാര്‍ രീതി വിട്ട് അണ്‍ എയ്‌ഡഡില്‍ എത്തി. പിന്നെ പുതുതായി ടി.ടി.സി. യും മറ്റും കഴിഞ്ഞ് വരുന്നവര്‍ പഴയ പോലെ ക്രീം ക്ലാസില്‍ പെടുന്ന ആളുകളുമല്ല. മറ്റൊന്നും കിട്ടാത്തതിനാല്‍ സ്വയാശ്രയക്കോളെജിലൊക്കെ പോയി തട്ടിക്കൂട്ടി വരുന്നവരാണ്

    ( ഇപ്പോള്‍ +2 കഴിയുന്ന 20000 പേരെ എഞ്ചിനിയറിഗിനു മാത്രം കേരളത്തിന് ഉള്‍ക്കൊള്ളാനാകും അതും കിട്ടത്തവര്‍ വെളിയില്‍ പോകും പിന്നെ മറ്റ് ജോലി സാധ്യത ഉള്ള കോഴ്സുകള്‍ക്കോ അലെങ്കില്‍ വിദേശത്തോ പോയി ബാക്കിയുള്ളവരാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ ഇറങ്ങുന്നത് എന്ന അര്‍ത്ഥത്തിലാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇന്ന് ഞാന്‍ എന്ത് പറഞാലും വിവാദമാകുന്ന സാഹചര്യത്തില്‍ വിശദീകരണം കൊടുത്തതാണ്)

    അവര്‍‍ക്ക് എത്രതോളം ഡൈനാക്കായ ഈ രീതിയില്‍ പഠിപ്പിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. എന്റ അമ്മയുടെ സ്കൂളില്‍ പൂര്‍ണ്ണമായും ഈ സ്പിരിറ്റില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‍ മാത്രമേ ഉള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. പുള്ളി പലരുടെയും കണ്ണിലെ കരടാണു താനും.

    ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളേ ആശ്ര്അയിക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും പാവങ്ങളാണ്. പണ്ടത്തെ പോലെ ഒരു ക്രീ‍ീം ക്ലാസ് അവിടെ ലഭ്യമല്ല. അപ്പോള്‍ ഈ സിസ്റ്റത്തിന് എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ഒരു വന്‍‌ പപരീക്ഷ പരാജയ സാധ്യത ഉണ്ട് എന്ന് മറക്കരുത്. അവിടെ ആര് പഠിക്കുന്നു എന്താണ് അവരുടെ ജീവിത നിലവാരം എന്നൊന്നും ആരും പഠന വിഷയമാക്കില്ല. ശരിയായ രീതിയില്‍ മൂല്യ നിര്‍ണ്ണയം നടത്തിയാല്‍ ചിലപ്പോള്‍ വന്‍‌ തിരിച്ചടി സര്‍ക്കാരിന് നേറിടെണ്ടി വരും. അപ്പോള്‍ ഒരു സേഫ് അഭ്യാസം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. പണ്ടത്തെ പഠിക്കുന്ന കുട്ടികള്‍ എന്ന ഒരു വിഭാഗം ഏതാണ്ട് പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് അണ്‍ എയ്‌ഡഡിലേക്ക് പരിച്ചു നട്ടു കഴിഞു. അപ്പോള്‍ രണ്ടാം നിരക്കാരേയും മൂന്നാം നിരക്കാരേയും ഉപയോഗിച്ചുള്ള ഒരു കളിയില്‍ ചില ഇളവുകള്‍ നല്‍കി കടത്തി വിടേണ്ട അവസ്ഥയിലാണ് ഇന്ന് സര്‍ക്കാരുള്ളത്. അലെങ്കില്‍ മൂല്യ നിര്‍ണ്ണയ രീതി അടി മുടി പരിഷക്കരിക്കണം. പക്ഷെ ഇപ്പോഴത്തെ സെറ്റപ്പില്‍ അത് സാധ്യമാകും എന്ന് തോന്നുന്നില്ല.

    ReplyDelete
  13. “പത്താം ക്ലാസെന്ന പൊതുവിദ്യാഭ്യാസത്തിന്റെ അതിര്‍ത്തി അവസാനിക്കുകയാണ്. അത് ഇപ്പോഴത്തെ എട്ടാം ക്ലാസുപോലെ തരം താഴും. പന്ത്രണ്ടാം ക്ലാസ് പത്തിന്റെ സ്ഥാനത്തു വരും. അതിലേയ്ക്ക് സമൂഹത്തെയും രണ്ടു ചേരിയായി തിരിഞ്ഞു നില്‍ക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരെ മെരുക്കി, വഴക്കിയെടുക്കാനാണ് ഇപ്പോഴത്തെ ഈ അഭ്യാസം.“
    ഇതാണ് മെയില്‍ പോയന്റ് എങ്കില്‍ അതിനു വിശദീകരിക്കാന്‍ പറഞ്ഞ ന്യായങ്ങള്‍ ശരിയാവുന്നില്ല. (കാരണം മുകളില്‍ പറഞ്ഞതൊക്കെ തന്നെ)
    എസ്.എസ്.എല്‍.സി പരീക്ഷ നിര്‍ത്തലാക്കി 12 പ്രധാനപരീക്ഷയാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല. 10 ന്റെ നൊസ്റ്റാള്‍ജിയ ആണു ഇപ്പോഴത്തെ പ്രധാന കാരണം.(സില്ലി?) ഇനി വല്ലതും ഉണ്ടോ എന്ന് ആലോചിച്ചു നോക്കണം.
    (വെള്ളെഴുത്തിന്റെ ഇവിടത്തെ കമന്റ് കണ്ടപ്പോഴുള്ള ഒരു രണ്ടാം ചിന്ത)

    ReplyDelete
  14. ഡാലി കമന്റ് വ്യക്തമല്ല.
    ’പൌരസാഹസം’ പന്ത്രണ്ടാം ക്ലാസിലേയ്ക്ക് പ്രവേശനപ്പരീക്ഷ വരും എന്നെഴുതിയതിനിട്ട കമന്റാണ് താങ്കള്‍ എടുത്തെഴുതിയത്. എന്താണ് പൊരുത്തക്കേട്? 10-ന്റെ നൊസ്റ്റാള്‍ജിയ ആണോ ഇവിടെ എഴുതിയതിന്റെ കാതല്‍?
    എസ്.എസ്.എല്‍.സി പരീക്ഷ നിര്‍ത്തലാക്കി 12 പ്രധാനപരീക്ഷയാക്കുന്നതിനെ അനുകൂലിക്കാന്‍ കഴിയില്ല.
    -ഇതെന്താണ്?

    ReplyDelete

  15. "10-ന്റെ നൊസ്റ്റാള്‍ജിയ ആണോ ഇവിടെ എഴുതിയതിന്റെ കാതല്‍?"
    അല്ല, അല്ല. അങ്ങനെയല്ല.
    ചര്‍ച്ചകള്‍ വഴിതെറ്റി എന്ന് വെള്ളെഴുത്ത് മുകളിലത്തെ കമന്റില്‍ പറഞ്ഞല്ലോ? അപ്പോ രണ്ടാമതും, മൂന്നാമതും പോസ്റ്റ് വായിക്കുകയും പൌരസാഹസത്തിലെ കമന്റു കാണുകയും ചെയ്തപ്പോള്‍ ഇനി “ ഡി.പി.ഇ.പി അഥവാ സര്‍വ്വശിക്ഷാഭിയാനിന്റെ പോരായ്മകളേക്കാള്‍ ഈ പോസ്റ്റില്‍ ‍പ്രാധാന്യം പത്താം ക്ലാസ്സ് പരീക്ഷ നിര്‍ത്തലാക്കുന്നതാണോ എന്നു സംശയിച്ചു. അതുകൊണ്ടാണ് ഈ പോസ്റ്റിലെ തന്നെ വാചകം ഖോട്ടിയത്. അത് അങ്ങനെ അല്ലെങ്കില്‍ മുന്നിലത്തെ കമന്റിനെ ആവശ്യമില്ല. ഇനി പത്താം ക്ലാസ്സ് പരീക്ഷ നിര്‍ത്തലാക്കും എന്നൊരു ഭീക്ഷിണി നിലവില്‍ ഉണ്ടെങ്കില്‍ അത് നിര്‍ത്തലാക്കുന്നത് അംഗീകരിക്കാന്‍ എനിക്ക് കഴിയില്ല എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോള്‍ അതെന്തുകൊണ്ടാണ് എന്നൊന്നു ആലോചിച്ചു നോക്കുമ്പോള്‍ പത്താം ക്ലാസ്സ് പരീക്ഷയോടുള്ള (എന്റെ )നൊസ്റ്റാള്‍ജിയ എന്ന് മാത്രമാണുത്തരം. വേറെ എന്തെങ്കിലും കാരണം ഉണ്ടോ എന്നാലോചിച്ചു നോക്കേണ്ടിയിരിക്കുന്നു. (എന്റെ)നൊസ്റ്റാള്‍ജിയ ഒഴിച്ചു നിര്‍ത്തിയാല്‍ 12 സ്കൂളുകളില്‍ ആക്കിയ സ്ഥിതിയ്ക്ക് 10 ഇല്‍ ഉള്ള ഒരു പൊതുപരീക്ഷയ്ക്കും അതിന്റെ ചിലവിനും പ്രസക്തിയില്ല എന്ന് തന്നെ തോന്നുന്നു.
    (എനിക്ക്, എന്റെ എന്ന വാക്കുകള്‍ ഒഴിവാക്കിയതാണ് വെള്ളെഴുത്തിന് കമന്റ് വ്യക്തമാകാതിരിക്കാന്‍‍ കാരണം എന്ന് തോന്നുന്നു, ക്ഷമിക്കണം)

    ReplyDelete
  16. മുകളിലെ തര്‍ക്കങ്ങള്‍ അധികം ശ്രദ്ധിച്ചില്ല; നന്നായി പഠിച്ചിരുന്ന ഒരു‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍, എനിക്ക് പറയാനുള്ളത് പറയട്ടെ:
    DPEP വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയ്ക്കാനുള്ള ഒരു നടപടിയാണ്, സത്യത്തില്‍. ഇതു പഠിക്കുന്ന കുട്ടികള്‍, CBSE, ICSE, NCERT, നിലവാരത്തിലുള്ള കുട്ടികളോട്‌ മത്സരിക്കാന്‍ കഴിവില്ലത്തവരായി പിന്തള്ളപ്പെട്ടു പോകുമെന്ന് ഉറപ്പാണ്. മാതൃഭൂമിയില്‍ വന്ന ചോദ്യ പേപ്പറുകള്‍ ഞാനും കണ്ടതാണ്; അവയുടെ നിലവാരത്തിനെപ്പറ്റി - ഹാ, കഷ്ടം! പറയാതിരിക്കുകയാണ് ഭേദം.
    പുതിയ പാഠ്യ പദ്ധതിയിലെ assignments, activities ഇതെല്ലാം theoretically, നല്ലതായിരിക്കാം; എന്നാല്‍, മുന്‍കൂട്ടി കാണാമായിരുന്നത് പോലെ, പ്രായോഗികമായി ഇവയെല്ലാം വിദ്യാര്‍ത്ഥികളുടെ മാനസിക-സാമൂഹ്യ-ബൌദ്ധിക വികസനത്തിനു കാര്യമായ യാതൊരു സംഭാവനകളും നല്‍കാതെ ഉള്ള വൃഥാ വ്യായാമങ്ങളായി പോവുകയാനുണ്ടാകുന്നത്. "ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാന്‍ വാ പൊളിച്ചാല്‍" എന്ന പറച്ചിലാണ് ഓര്‍മ വരുന്നത്. വിദേശങ്ങളിലും മറ്റും, കുട്ടികളിലെ സാമൂഹ്യ ബോധവും പ്രായോഗിക ചിന്തയും വളര്‍ത്തിയെടുക്കാന്‍ എന്തൊക്കെ അദ്ധ്യയന രീതികളാണ് ഉപയോഗിക്കുന്നതെന്ന് ഈ സാധനം പടച്ചു വിട്ടവര്‍ക്ക് അറിയുമോ ആവോ?
    ഇന്നത്തെ ഏറ്റവും നല്ല വിദ്യാഭ്യാസ സിലബസ്, എന്റെ അഭിപ്രായത്തില്‍ NCERT നിര്‍ദ്ദേശിക്കുന്നതാണ്. ഏതാണ്ട് 20 കൊല്ലം മുന്‍പത്തെ NCERT പാഠ പുസ്തകത്തില്‍, വിദ്യാര്‍ത്ഥികള്‍ക്കു അധിക വായനക്കും concept visualisation-ഉം വേണ്ട വകയുണ്ടായിരുന്നു എന്ന് തന്നെയല്ല, ഉദാഹരണങ്ങളിലും മറ്റും gender bias ഒഴിവാക്കാന്‍ വരെ ശ്രദ്ധിച്ചിരുന്നു! ഇന്നും അവ ഉയര്‍ന്ന നിലവാരത്തില്‍ തന്നെയാണ്. നമ്മുടെ കുട്ടികളാവട്ടെ, DPEP പോലെ, ദീര്‍ഘ വീക്ഷണമില്ലാത്തവര്‍ ഉണ്ടാക്കി വിടുന്ന പാതി വെന്ത പരീക്ഷണങ്ങള്‍ക്ക് ഇരകളായി സ്വന്തം ഭാവി നശിപ്പിക്കുന്നു...
    എന്നെങ്കിലും, നമ്മുടെ ഈ നാടൊന്നു നന്നാകുമോ? നാടിന്റെ ഭാവി പ്രതീക്ഷകളായ കുട്ടികളെ മണ്ടന്മാരാക്കി വളര്ത്തിയെടുത്താല്‍, ഇവിടം ശുനകരാജ്യമായി പോവില്ലേ?

    ReplyDelete
  17. ഈ വിഷയം വീണ്ടും പ്റസക്തമാകുന്നു മെ പതി മൂന്നിനു എസ്‌ എസ്‌ എല്‍ സി റിസല്‍റ്റു വരുന്നു തൊണ്ണൂറ്റി മൂന്നു ശതമാനം ആണൂ വിജയം ഈ വിജയം തട്ടിക്കൂട്ടി ഉണ്ടാക്കിയതാണു എണ്റ്റെ മകന്‍ ഈ എസ്‌ എസ്‌ എല്‍ സിക്കു എഴുതിയിരുന്നു മോഡല്‍ ക്ക്റിസ്റ്റുമസ്‌ പരീക്ഷകള്‍ക്കെല്ലാം ബീപ്ളസ്‌ നിലവാര്‍ം തന്നെ ഇല്ല കുട്ടി പഠിക്കുന്നില്ല എന്ന ബഹാര്യാ വചങ്ങള്‍ കാരണം ഞാന്‍ ദൂരെ നിന്നും രണ്ടു മാസം ലീവ്‌ എടുത്തു പഠിപ്പിക്കാന്‍ വന്നു അപ്പോഴാണൂ ഗുരുതരമായ ചില യാഥാറ്‍ത്യങ്ങള്‍ എണ്റ്റെ ശ്റധയില്‍ പെട്ടത്‌ എണ്റ്റെ കുട്ടി ഗവ മോഡല്‍ സ്കൂളീല്‍ ആയിരുന്നു പഠിച്ചിരുന്നത്‌ ഞാന്‍ അപ്പറ്‍ മിഡില്‍ ക്ളാസും സാമപ്ത്തികമായി മോശമല്ലാത്ത ആളും ആയിരുന്നിട്ടും മോഡല്‍ സ്കൂളില്‍ ചേറ്‍ത്തതു എണ്റ്റെ ആദറ്‍ശം കാരണം കുട്ടി മലയാളം പഠിക്കണം അത്റ പുസ്തകപ്പുഴു ആകണ്ട സാധാരണക്കാരനായി വളരണം എന്നൊക്കെ ആയിരുന്നു എണ്റ്റെ ഉട്ടോപ്പിയന്‍ ചിന്തകള്‍. എട്ടാം ക്ളാസ്‌ സെകന്‍ഡ്‌ ടേം കഴിഞ്ഞപ്പോള്‍ കുട്ടി പറഞ്ഞു ഫിസിക്സ്‌ പഠിപ്പിക്കുന്നില്ല ക്ളാസില്‍ അധ്യാ പകറ്‍ ഇല്ല അന്വേഷിച്ചപ്പോള്‍ സത്യം അധ്യാപകറ്‍ വേറെ ദ്യൂട്ടികളില്‍ ആണു പതിനായിരം മിനിമം സാലറി വാങ്ങുന്നവറ്‍ കാര്യമായി ഒന്നും പഠിപ്പിക്കുന്നില്ല ലേബറ്‍ ഇന്ദ്യ വായിക്കെടാ സ്കൂള്‍ മാസ്റ്ററ്‍ വായിക്കെടാ എന്തോ പതിപ്പിച്ചാലും അതൊന്നും ചോദിക്കത്തില്ലെടാ എന്നു അധ്യാപകറ്‍ പറയുന്നു ഏട്ടിലെ പശു പുല്ലു തിന്നുന്നില്ല ഞാന്‍ ടീ സിക്കു ചെന്നു സാറേ പത്തം ക്ളാസ്‌ ആകുമ്പോള്‍ ഞങ്ങള്‍ ഒരു കലക്കു കലക്കും അതുവരെ ഇങ്ങിനെ ഒക്കെയേ പറ്റു സെന്‍സസ്‌ എടുക്കാനും കമ്പ്യൂട്ടറ്‍ പഠിക്കാനും ഒക്കെ അധ്യാപകര്‍ പോയിരിക്കുന്നു എണ്റ്റെ പരീക്ഷണം പൊളിഞ്ഞു ഞാന്‍ കുട്ടിയെ ക്റാിസ്റ്റ്‌ നഗറിലേക്കു മാറ്റി. അവിടെ രണ്ടായിരം മൂവായിരം കിട്ടുന്ന അധ്യാപകറ്‍ ആണു അവറ്‍ കഴിവതു പഠിപ്പിക്കുന്നുണ്ട്‌ ടെസ്റ്റ്‌ പേപ്പറ്‍ ഒക്കെ മുറക്കുണ്ട്‌ കുട്ടിക്കു ഒരു പേറ്‍സണാലിറ്റി കൂടി എണ്റ്റെ ഗവണ്‍മണ്റ്റ്‌ പ്റേമം തക്ക സമയതു ഭേദമാക്കിയതിനു ഞാന്‍ ദൈവത്തോടൂ നദി പറഞ്ഞു എന്നാല്‍ പത്താം ക്ളാസില്‍ കുട്ടി പഠിത്തം മോശമാകുന്നു എന്നതു കാരണം ജനുവരി മുതല്‍ ഞാന്‍ ലോശ്‌ ഓഫ്‌ പേ എടുത്തു പഠിപ്പിക്കാന്‍ ഇരുന്നു അപ്പോഴാണു സംഗതി എത്റ ഗുലുമാല്‍ ആണെന്നു മനസ്സിലായത്‌ ടെക്സ്റ്റില്‍ ഒരു കുന്തവുമില്ല കുറെ ചോദ്യങ്ങള്‍ മാത്റം ലേബറ്‍ ഇന്ദ്യ ഇല്ലതെ ഒരു രക്ഷയുമില്ല ലേബറ്‍ ഇന്ദ്യ സ്കൂള്‍ മാസ്റ്ററ്‍ ഒക്കെ വാരിവലിച്ചു വിഞ്ഞാനം വ്ളമ്പുന്നു കുട്ടിക്കു തന്നെ ഇതു മനസ്സിലാക്കാന്‍ അല്ലെങ്കില്‍ നെല്ലും പതിരും തിരിക്കാന്‍ കഴിയില്ല എം എസ്സിയും എം സീ ഏയും ഉള്ള എനിക്കു പറ്റുന്നില്ല റ്റേക്സ്റ്റുകളില്‍ കമ്മ്യൂണീസ്റ്റു വല്‍ക്കരണം ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്‌ ഈ എം എസും പീ ക്റിഷ്ണപിള്ളയുമാണൂ കേരള വീര കേസരികള്‍ പോട്ടെ സഹിക്കാം സാമൂഹ്യാപാതം മൊത്തം ജോറ്‍ജു ബുഷ്‌ നവ സാമ്പതിക്കനയം ഇറാക്കു എന്നു വേണ്ടാ നല്ല ഒന്നാം തരം ബ്റെയിന്‍ വാശിംഗ്‌ , പോട്ടേ കുട്ടികള്‍ ഇതൊന്നും വായിക്കുന്നില്ല ആരും പേടിക്കേണ്ടാ എക്സാം പഴയ ക്വസ്റ്റ്യന്‍ പേപ്പറ്‍ എടുത്തു ഒരാഴ്ച പതിച്ചപ്പോള്‍ എനിക്കു മനസ്സിലായി ഇതില്‍ സ്വയം അല്ല വിഷയത്തിനും എ പ്ളസ്‌ കിട്ടുന്നവനെ പീ എഹ്‌ ഡീക്കാരാനായി പ്റഖ്യാപിക്കണം , ല്‍ബറ്‍ ഇന്ദ്യയും സ്കൂള്‍ മസ്റ്ററും ഒഴിവാക്കി ആണു ചോദ്യം ഉണ്ടാക്കിയിരിക്കുന്നത്‌ ഒന്നാം തരം ചോദ്യങ്ങള്‍ കെമിസ്റ്റ്റി ബെസ്റ്റ്‌ ക്വ്സ്റ്റ്യന്‍ പേപ്പറ്‍ ക്വ്സ്റ്റ്യന്‍ പേപ്പറ്‍ ഗവേഷണം കൊണ്ടു മത്റം എണ്റ്റെ കുട്ടിക്കു വരാന്‍ സാധ്യതയുള്ളാ ചോദ്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പറ്റി അല്ലെങ്കില്‍ കുട്ടി ബീ പ്ളസില്‍ ഒതുങ്ങുമായിരുന്നു. തൊണ്ണൂറ്റി മൂന്നു ശതമാനം ജയിക്കും പക്ഷെ അവറ്‍ക്കൊന്നും ബേസിക്‌ നോളജ്‌ കാണില്ല ഇതു പ്ളസ്‌ ടൂ നിലവാരത്തെ ബാധിക്കും നീയൊന്നും ഒന്നും പതിക്കണ്ടടാ വെറുതെ അങ്ങു ജയിച്ചോളും എന്നു പറഞ്ഞ്നു അധ്യാപസമൂഹം ഐഡഡ്‌ ഗന്‍ണ്‍മെണ്റ്റും ഒരു ഹോം വറ്‍ക്കും ചെയ്യാതെ മദ്യപാനം എന്ന പുതിയ ആശയ സംഹിതയില്‍ കഴിയുന്നു നിലവാരം താഴേക്കു അപകടകരമാം വിധം താഴുന്നു. ഐഡിയ കൊള്ളം പക്ഷെ ഇമ്പ്പ്ളിമണ്റ്റ്‌ ചെയ്യുന്നത്‌ വല്ല വടക്കന്‍ നാട്ടിലും അണ്‍ എയിഡഡിലുമേ കാണു പത്താം ക്ളാസ്‌ പഠിപ്പിക്കുന്നവരെ ഈ എക്സാം എഴുതിച്ചാല്‍ ഒരു എ പ്ളസ്‌ എങ്കിലും അവറ്‍ക്കു കിട്ടുമെന്നു കരുതാനാവില്ല സംബഡി ബ്ളഡി ലുക്‌ ഇണ്ടു ദിശ്‌

    ReplyDelete
  18. ഈ മന്ത്രി അധികാരത്തില്‍ വന്നതില്‍ പിന്നെ എന്നും വിദ്യാഭ്യാസ മേഖല കോടതി കയറാനേ നേരമുള്ളൂ, അല്ലെങ്കില്‍ എങ്ങനെയൊക്കെ കോടതി കയറ്റാം എന്ന് റിസര്‍ച്ച് ചെയ്യുകയാണ് പുള്ളി, മുണ്ടശ്ശേരി മാഷ്‌ ആവാന്‍ പഠിക്കുകയാണ് എന്ന് തോന്നുന്നു , ബഹുമാനപെട്ട മന്ത്രി, ആന വാ പൊളിക്കും പോലെ അണ്ണാന് സാധിക്കില്ല എന്ന് മനസിലാക്കു. ഈ വിജയ ശതമാനം കാണിക്കുന്നത് നിലവാര തകര്‍ച്ചയെയാണ്, തന്‍റെ പൊട്ടന്‍ ആശയം വിജയം ആയിരുന്നു എന്ന് കാണിക്കുവാന്‍ വേണ്ടി മാത്രം കുട്ടികളെ ജയിപ്പിക്കാന്‍ നിര്‍ദേശം കൊടുത്തിരിക്കുന്നു, question no. എഴുതിയാല്‍ മാര്‍ക്ക്‌ കൊടുക്കാന്‍ നിര്‍ദേശം കൊടുത്ത ഈ മന്ത്രിയെ എന്ത് വിളിക്കണം, നിങ്ങള്‍ തന്നെ തീരുമാനിക്കൂ വായനക്കാരെ...

    ReplyDelete