January 26, 2008
ഇന്ത്യന്‍ വെടിയുണ്ടയാല്‍ എനിക്കു ചാവണം
രാവിലെയും ഉച്ചയ്ക്കും രാത്രിയും അവരെന്നെ തിരയുകയാണെന്ന വാര്‍ത്ത
കുറച്ചുകാലം മുന്‍പേ ഞാന്‍ കേട്ടിരുന്നു.
കുട്ടികളും ഭാര്യയും എന്നോടു പറഞ്ഞിരുന്നു.
തീ, കാറ്റ്, വെള്ളം, മണ്ണ്, ആകാശം,
അഞ്ചെണ്ണവും കൂടി ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി,
മനുഷ്യനെ നിര്‍മ്മിക്കാനും നശിപ്പിക്കാനും കഴിയുന്നവര്‍,
മനസ്സില്‍ കാണുന്നത് ചെയ്യാന്‍ പറ്റുന്നവര്‍,
വിശ്വരൂപത്തിന്റെ അവതാരങ്ങള്‍.
“എപ്പോഴാണ് എന്നെ കൊല്ലുന്നത്?“ ഞാന്‍ ചോദിച്ചു
“ഇന്നൊരു മഹത്തായ ദിവസമാണ് ഇപ്പം തന്നെ കൊല്ലും..“
-നേതാവു പറഞ്ഞു.
“പ്രാര്‍ത്ഥിച്ചോ” നീയിന്നു കുളിച്ചോ? വല്ലതും തിന്നോ?“ - അയാള്‍ ചോദിച്ചു.
“എന്തിനാണെന്നെ കൊല്ലുന്നത്?
എന്താണ് കുറ്റം?
ഞാന്‍ ചെയ്ത പാപമെന്ത്?“ -ഞാന്‍ പിന്നെയും ചോദിച്ചു.
“നീയല്ലേ പുറമ്പൂച്ചുള്ള വാക്കുകള്‍ എഴുന്നള്ളിച്ച് വെള്ളമൊലിപ്പിക്കുന്ന കവി?
സ്വയം പ്രഖ്യാപിത പ്രവാചകന്‍? മുഴുവട്ടന്‍ ?“
“ആദ്യത്തേതു രണ്ടുമല്ല, ഞാന്‍. അവസാനത്തേത് എനിക്കറിഞ്ഞുംകൂടാ. വിജാഗിരി ഇളകിയിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ സ്വയം പറയും?“
“നീ എന്തോ ആവട്ടെ. അതു ഞങ്ങടെ വിഷയമല്ല. എന്നാല്‍ ഞങ്ങളിപ്പോള്‍ നിന്നെ കൊല്ലും. കൊല്ലുക എന്നതാണ് ഞങ്ങടെ ദൌത്യം.“ നേതാവു പറഞ്ഞു.
“എങ്ങനെയാണത് ചെയ്യാന്‍ പോകുന്നത്..?’ ഞാന്‍ ആരാഞ്ഞു. “ കത്തി കൊണ്ടോ? വെടിവച്ചോ, ഞെക്കിപ്പിടിച്ചോ?”
‘വെടിവച്ചാണ് കൊല്ലുന്നത്”
“എങ്കില്‍ ഏതു തോക്കുപയോഗിച്ചാണ് കൊല, ഇന്ത്യയിലുണ്ടാക്കിയതോ വിദേശനിര്‍മ്മിതമോ?”
“വിദേശത്തു് ഉണ്ടാക്കിയതു വച്ച്. ജര്‍മനിയിലും റഷ്യയിലും ചൈനയിലും നിര്‍മ്മിച്ചത്. ഇന്ത്യന്‍ സാധനങ്ങള്‍ ഞങ്ങളുപയോഗിക്കാറില്ല. കൊല്ലാന്‍ മികച്ച തോക്കുകള്‍ വേണം. ഇന്ത്യയ്ക്ക് നല്ല പ്ലാസ്റ്റിക് പൂക്കള്‍ പോലുമുണ്ടാക്കാനറിയില്ല. പൂക്കള്‍ നിര്‍മ്മിക്കാന്‍ പറയുമ്പോള്‍ പല്ലുതേയ്ക്കാനുള്ള ബ്രഷുകളുണ്ടാക്കുന്നു.“
“എങ്കിലത് നല്ല കാര്യമല്ലേ, സൌരഭ്യമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ടെന്തുകാര്യം?”
“മുറിയലങ്കരിക്കാന്‍ ആരെങ്കിലും ടൂത്ത്ബ്രെഷുകള്‍ പൂക്കൂടകളിലിട്ടുവയ്ക്കുമോടാ....ജീവിതത്തില്‍ കുറച്ചെങ്കിലും അലങ്കരണങ്ങള്‍ വേണം”
“എന്തെങ്കിലുമാവട്ടേ, നിങ്ങളെന്നെ വെടിവക്കുന്നെങ്കില്‍ അത് ഇന്ത്യയില്‍ നിര്‍മ്മിച്ച തോക്കുക്കൊണ്ടു തന്നെ ചെയ്യണം. വിദേശത്തു നിര്‍മ്മിച്ച തിരകൊണ്ടു എനിക്കു മരിക്കണ്ട. ഞാന്‍ ഇന്ത്യയെ അത്രയ്ക്കു സ്നേഹിക്കുന്നു.”
“അതു നടക്കില്ല. ‘ഭാരതം’ എന്ന പേരു ഞങ്ങളോട് പറയരുത്.”
അത്രയും പറഞ്ഞ് എന്നെ കൊല്ലാതെ അവര്‍ പോയി. അവര്‍ക്ക് വല്ലാതെ മടുത്തു പോയതു പോലെ. ഒന്നും ചെയ്യാനാവാത്ത പോലെ.
മരണവുമായി സന്ധി ചെയ്യാതെ ഞാന്‍ ജീവിതത്തിലേയ്ക്ക് രക്ഷപ്പെട്ടു.
-തങ്ജം ഇബോപിഷക് സിംഗ്
തങ്ജം ഇബോപിഷക് (1948-ല്‍ ജനനം) വടക്കുകിഴക്കന്‍ മേഖലയിലെ പ്രധാന കവിയാണ്. കേന്ദ്ര സാഹിത്യ അക്കദമി അവാര്‍ഡ്, മണിപ്പൂര്‍ സ്റ്റേറ്റ് കലാസാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ മറ്റൊരു കവിയായ റോബിനാണ് ഈ കവിത (I WANT TO BE KILLED BY AN INDIAN BULLET) ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. Apaiba Thawai (The Hovering Soul), Shingnaba (Challenge), Norok Patal Prithivi (This Earth is Hell), Mayadesh (The Land of Maya), Manam (The Human Scent) എന്നിവ പ്രധാന രചനകള്‍. തീവ്രവാദവും വംശീയകലാപങ്ങളും ഭരണകൂടഭീകരതയും പട്ടാളനിയമങ്ങളും അടിച്ചമര്‍ത്തലും നഗ്നമായി കൂത്താടുന്ന ഒരു പ്രദേശത്തിന്റേതായതുകൊണ്ട് കവിതയിലെ കാഴ്ചവട്ടങ്ങള്‍ കറുത്തുപോകുന്നതു സ്വാഭാവികം. നേരിയ തമാശയാകട്ടെ അതിജീവനത്തിനായുള്ള പിടച്ചിലിന്റേതായി കാണണം. കാവ്യാത്മകതയേക്കാള്‍ വിവരണാത്മകതയാണ് കൂടുതല്‍. (അയ്യപ്പപ്പണിക്കര്‍ ഈ രീതി മലയാളത്തില്‍ പരീക്ഷിച്ചിട്ടില്ലേ?) അധികം വിവര്‍ത്തനങ്ങള്‍ കണ്ടിട്ടില്ല.
:>{
ReplyDeleteതങ്ജത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി. വെരി പവര്‍ഫുള്‍..
ReplyDeleteവിവര്‍ത്തനം ഗംഭീരമായി.:) വായിച്ചപ്പോള്‍ സര്‍വേശ്വര്‍ ദയാല്‍ സക്സ്സേനയെയും ഓര്‍മ്മ വന്നു;
ReplyDeleteവിവര്‍ത്തനമാണെന്നേ തോന്നിയില്ല
ReplyDeleteനന്ദി.
ReplyDeleteനന്നായി
ReplyDeleteവളരെ നന്ദി
ReplyDeleteനല്ല കവിതയായ് തോന്നി...പരിചയപ്പെടുത്തിയതിനു നന്ദി...
ReplyDeleteവിവര്‍ത്തനം നന്നായിട്ടുണ്ട്.
ReplyDeleteവടക്കുകിഴക്കന് ഇന്ത്യയിലെ കവിക്ക് 'ഇന്ത്യന്‍ വെടിയുണ്ടയാല്‍ എനിക്കു ചാവണം' പക്ഷേ കാശ്മീരിലെ തീവ്രവദിക്കോ ? അതും ചിന്താവിഷയം തന്നെ....
ReplyDeleteകവിതയാണെന്നതു കൊണ്ട് , ഇതിഷ്ടപ്പെടാതെ നിവര്ത്തിയില്ല...
ബ്ലോഗിലെ comment-ന് നന്ദി. ഒരാളെങ്കിലും വായിച്ചുവല്ലോ !!!
കെ. രഘുനാഥിന്റെ 'പാതിരാവന്‌കര' യും മികച്ച ഒരു നോവലാണ്. 'ശബ്ദായമൌനം' ഞാന് വായിച്ചിട്ടില്ല. അടുത്ത പ്രവിശ്യം ലൈബ്രറിയില് അതു തപ്പാമല്ലോ !!!
ഞാന് ബ്ലോഗില് സൂചിപ്പിച്ച കെ. ദിലീപ് കുമാറിന്റെ ‘ബുധസംക്രമം’ മലയാളത്തില് കഴിഞ്ഞ 10 വര്ഷത്തിനിടയില് ഇറ്ങ്ങിയിട്ടുള്ള മികച്ച നോവലാണ്. കഴിയുമെങ്കില് ഒന്നു വായിച്ചീട്ട് അഭിപ്രായം പറയണം
നല്ല കവിത. നല്ല വിവര്‍ത്തനം. പഞ്ചഭൂതങ്ങള്‍ ജീവനെടുക്കാന്‍ വരുന്നതിലെ ഐറണിയും അവസാന വരികളിലെ പരിഹാസഹാസ്യവുമൊക്കെ ശരിക്കും ചിന്തിപ്പിച്ചു. ഇന്ത്യന്‍ സാധനങ്ങള്‍ ഞങ്ങളുപയോഗിക്കാറില്ല, ഇന്ത്യയ്ക്ക് നല്ല പ്ലാസ്റ്റിക് പൂക്കള്‍ പോലുമുണ്ടാക്കാനറിയില്ല. പൂക്കള്‍ നിര്‍മ്മിക്കാന്‍ പറയുമ്പോള്‍ പല്ലുതേയ്ക്കാനുള്ള ബ്രഷുകളുണ്ടാക്കുന്നു എന്നു പറയുന്ന ഇന്ത്യക്കാരന്റെ മൌഢ്യവും ഇന്ത്യന്‍ വെടിയുണ്ടയാല്‍ എനിക്കു ചാവണം എന്നുപറയുമ്പോള്‍ “അതു നടക്കില്ല. ‘ഭാരതം’ എന്ന പേരു ഞങ്ങളോട് പറയരുത്.”എന്ന് പുച്ഛത്തോടുകൂടിപറഞ്ഞ് കൊല്ലാതെ പോകുന്ന തീവ്രവാദിയുമൊക്കെ എന്തൊക്കെയോ പറയാതെ പറയുന്നു.
ReplyDeleteവിവര്‍ത്തനത്തിലുടെ കടന്നു വന്ന വടക്കു കിഴക്കന്‍ കവിത വേറിട്ട ഒരനുഭവമാകുന്നു. ഭീകരതയുടെ വിശ്വരൂപാവതാരങ്ങള്‍ താണ്ഡവമാടുന്ന വടക്കു കിഴക്കന്‍ മേഘലകളില്‍ ജീവിതം എത്ര ദുസ്സഹവും, ജനങ്ങള്‍ എത്ര നിസ്സഹായരുമാണ്?
ReplyDeleteഈ സൃഷ്ടി ഞങ്ങളെക്കൂടി അനുഭവിപ്പിച്ചതിന് നന്ദി.
ReplyDeleteവളരെ ഇഷ്ടമായി. വിവര്‍ത്തനവും മനോഹരം... നല്ല ഒരു അനുഭവം സൃഷ്ടിച്ചു... നന്ദി! :)
ReplyDeleteവിവര്‍ത്തനം വേണോ, ആ കപ്പില്ലാതെയും ജീവിച്ചൂടേ എന്നൊക്കെ തത്ത്വം ആലോചിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു കവിത, അതിനുള്ള കമന്റുകള്‍...മാതൃഭൂമി പരസ്യത്തില്‍ പറയുമ്പോലെ ‘എല്ലാം പോസിറ്റീവ്”...
ReplyDeleteഎല്ലാവര്‍ക്കും പ്രത്യേക നന്ദി, റിപ്പബ്ലിക് സ്പെഷ്യല്‍!!