January 17, 2008

എസ് എസ് എല്‍ സി കിക്കിളിഅന്നൊക്കെ ആളുകള്‍ എത്ര പേടിയോടെയാണ്, എത്ര ബഹുമാനത്തോടെയാണ് എസ് എസ് എല്‍ സി എന്ന കടമ്പയെ കണ്ടിരുന്നത്! പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ അല്ലെങ്കില്‍ മകന്‍ കുടുംബത്തിലെ അടുത്ത തലമുറ മുതിര്‍ന്നതിന്റെ പ്രമാണരേഖയായിരുന്നു ചിലടത്തെങ്കിലും. പത്തിലെ പാഠങ്ങള്‍ മാത്രവും എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ പാഠങ്ങള്‍ ചേര്‍ത്തും പല പരീക്ഷണങ്ങളും പരീക്ഷകള്‍ നടത്തി. എന്തായിരുന്നു മോഡറേഷന്‍ എന്ന സൌജന്യ മാര്‍ക്കു റേഷന്റെ പകിട്ട്! എന്നിട്ടും ആത്മഹത്യകളുണ്ടായിരുന്നു. കാരണം പത്താംക്ലാസുകഴിയാത്തവന്(വള്‍ക്ക്) ജീവിതത്തില്‍ വിജയിക്കാനാവില്ല എന്ന വിശ്വാസം അത്ര ശക്തമായിരുന്നു. കാലം മാറി. കഥ അത്രയൊന്നും മാറിയില്ല. പഴയ പരീക്ഷാ പേടി ഇന്നും ഗൃഹാതുരതയോടെ പത്താം ക്ലാസിലെത്തിയവനെയും അവന്റെ അച്ഛനമ്മമാരെയും ഭരിക്കുന്നുണ്ട്.
പക്ഷേ എന്തിന്?

ഡി പി ഇ പി വേഷം മാറിയെത്തിയ സര്‍വശിക്ഷാഭിയാനില്‍ എസ് എസ് എല്‍ സി പരീക്ഷ വെറും കുട്ടിക്കളിയായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തവണ 82.5% ആയിരുന്നു വിജയം. സര്‍വകാല റിക്കോഡ്. മോഡറേഷനൊന്നും കൂടാതെയാണ് ഈ തകര്‍പ്പന്‍ വിജയം കേരളത്തിന്റെ ചുണക്കുട്ടികള്‍ കരഗതമാക്കിയത്. നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ മുഖം ഗൌരവം വിട്ടുണര്‍ന്ന നാളുകളായിരുന്നു അത്. അദ്ധ്യാപക സംഘടനകള്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ അദ്ധ്യാപകര്‍ എന്ന പടക്കുതിരകളെ വാഴ്ത്തി. കൌമാരക്കുരുന്നുകള്‍ നേരത്തെ 60%ങ്ങളുടെ എട്ടാവട്ടത്താണ് കിടന്നു കറങ്ങിയിരുന്നത്. അറിവിന്റെ ശതമാനമെണ്‍പത് കടത്തി വിടുന്നത് നിസ്സാരകാര്യമാണോ? എന്തൊരു ആത്മസമര്‍പ്പണം !

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വിശദീകരിച്ച ഒറ്റപ്പെട്ട ഒച്ചകളെ തീര്‍ത്തും അവഗണിച്ചുകൊണ്ടായിരുന്നു ഈ വാഴ്ത്തിപ്പാടലുകള്‍. അവയുടെ മണിയൊച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇത്തവണയും പൂര്‍വാധികം ഭംഗിയായി പ്രസ്തുതം അരങ്ങേറും. കാരണം വിജയശതമാനം പൂര്‍വാധികം കൂടും എന്നതു തന്നെ. അങ്ങനെയല്ലാതെ വന്നാല്‍ വിദ്യാഭ്യാസവകുപ്പിനും മന്ത്രിയ്ക്കും എന്തു നാണക്കേടാണ്. പുരോമനം മാറി അധോഗമനം സംഭവിക്കുകയോ? നടക്കുമോ...?

നോക്കുക. പത്താം ക്ലാസ്സില്‍ മൂന്നു ശാസ്ത്രവിഷയങ്ങള്‍ക്കും ഹിന്ദിയ്ക്കും ഐ ടിയ്ക്കും തുടര്‍മൂല്യനിര്‍ണ്ണയത്തില്‍ ( continuous evaluation) കിട്ടാവുന്ന ആകെ സ്കോറ് 10 ആണ്. ഒരു കുട്ടിയ്ക്ക് കുറഞ്ഞത് ഏഴുമാര്‍ക്കെങ്കിലും നല്‍കിയിരിക്കണം എന്നാണ് on side support ഗ്രൂപ്പുകള്‍ വഴി ഇപ്പോള്‍ അദ്ധ്യാപകര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. ഇനി 20 സ്കോറുള്ള ബാക്കി വിഷയങ്ങള്‍ക്ക് (മലയാളം, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം, കണക്ക്) നല്‍കേണ്ട സ്കോര്‍ 17-ല്‍ കുറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ ജയിക്കാന്‍ വേണ്ട D+ കിട്ടാന്‍ കുട്ടിയ്ക്ക് വേണ്ടത് ആ‍കെ വേണ്ടത് 15 സ്കോര്‍. ഏറ്റവും മോശമായ കുട്ടിയ്ക്കുപോലും 7 കിട്ടും. ഇനി അവന്‍ എഴുതേണ്ടത് വെറും 8 മാര്‍ക്കിന്. വിജയശതമാനം കൂടാതിരിക്കുന്നതെങ്ങനെ? മോഡറേഷന്‍ ഇല്ല. എങ്കിലും ഒന്നും ചെയ്യാത്ത ഒരു കുട്ടിയ്ക്ക് പോലും തുടര്‍മൂല്യ നിര്‍ണ്ണയത്തിന്റെ ചെലവില്‍ വി.വകുപ്പ് ഫ്രീയായി നല്‍കുന്ന സ്കോറ് 188! വിജയശതമാനം കൂടാതിരിക്കുന്നതെങ്ങനെ?

എട്ടുമാര്‍ക്കിനവന്‍ എഴുതണ്ടേ, അതൊരു ബ്രഹ്മാണ്ഡ ബാദ്ധ്യതയല്ലേ എന്നൊക്കെ ചുമ്മാ തോന്നാം. എന്നാല്‍ പഴയതുപോലെ ചോദ്യങ്ങള്‍ ഏകശിലാമുഖമല്ല. ഏതു നിലവാരത്തിലുള്ള കുട്ടിയ്ക്കും ഉത്തരം എഴുതാന്‍ പറ്റിയ രീതിയില്‍ വേണം ചോദ്യങ്ങളില്‍ ഭൂരിഭാഗവും. മറ്റൊന്ന് ‘ഓപ്പണ്‍ എന്‍ഡെഡ്’ ചോദ്യങ്ങളാണ് ഒരു ചോദ്യത്തിന് അനേകം ഉത്തരങ്ങളാവാം. എന്തെഴുതിയാലും ഉത്തരമാവുന്ന ചോദ്യങ്ങളുമുണ്ട്. ഇനി ചോദ്യത്തിനു താഴെ സൂചനകള്‍ നല്‍കിയിരിക്കും. അങ്ങനെയും കുട്ടി ബുദ്ധിമുട്ടേണ്ടതില്ല. ഇതൊക്കെ അദ്ധ്യാപകര്‍ക്കു മനസ്സിലായില്ലെങ്കിലോ എന്നു വച്ചാണ് അവസാന നിര്‍ദ്ദേശം മൂല്യനിര്‍ണ്ണയം ഉദാരമാക്കാന്‍ നല്‍കുന്നത്. എന്നിട്ടും എഴുത്തില്‍ എട്ടു മാര്‍ക്കു നേടാന്‍ കഴിയാത്തവന്‍ പഠിച്ച സ്കൂളിനെക്കുറിച്ച് ആലോചിച്ചു നോക്ക്.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായിരുന്ന എസ് എസ് എല്‍ സിയുടെ പ്രതാപം അതിന്റെ പേരിനൊപ്പം ഉടന്‍ അസ്തമിക്കും. (പന്ത്രണ്ടാം ക്ലാസും സ്കൂളുതന്നെ, അതുകഴിഞ്ഞിട്ട് വിട്ടാല്‍ മതി !) എല്ലാവരും ജയിപ്പിക്കുന്ന ഒരവസ്ഥ സംജാതമാക്കിയാല്‍ പിന്നെ ഒരു പൊതു പരീക്ഷയുടെയും അതിനു വേണ്ടിവരുന്ന ചെലവിന്റെയും പ്രസക്തിയെന്ത്? സൈദ്ധാന്തികര് തൊള്ള തുറക്കുന്നതുപോലെ ജനാധിപത്യരീതിയിലുള്ള പുതിയ ബോധനസമ്പ്രദായവും ക്ലാസ് മുറികളിലെ ജ്ഞാന നിര്‍മ്മിതിയുമൊന്നുമല്ല (പഴയ ചേഷ്ടാവാദത്തിനു പകരം വന്നത്) ഈ വിജയമഹാമഹത്തിനു പിന്നിലുള്ളത്. ഹീനമായ രീതിയിലുള്ള സൌജന്യങ്ങളാണ്. പത്താം ക്ലാസെന്ന പൊതുവിദ്യാഭ്യാസത്തിന്റെ അതിര്‍ത്തി അവസാനിക്കുകയാണ്. അത് ഇപ്പോഴത്തെ എട്ടാം ക്ലാസുപോലെ തരം താഴും. പന്ത്രണ്ടാം ക്ലാസ് പത്തിന്റെ സ്ഥാനത്തു വരും. അതിലേയ്ക്ക് സമൂഹത്തെയും രണ്ടു ചേരിയായി തിരിഞ്ഞു നില്‍ക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരെയും മെരുക്കി, വഴക്കിയെടുക്കാനാണ് ഇപ്പോഴത്തെ ഈ അഭ്യാസം. ഇതെല്ലാം പകലുപോലുള്ള സത്യമായിരിക്കേ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക് കൊഞ്ഞനം കാണിച്ചുകൊണ്ടുള്ള വിടുവായത്തം എന്തിനാണെന്നാണ് ചോദ്യം. വെറും സൌജന്യങ്ങളും കണക്കിലെ കളികള്‍ക്കും മുന്നില്‍ ഇട്ടുകൊടുത്ത് നമ്മുടെ കുട്ടികളെ കൊണ്ട് ചുടുചോറ്‌ വാരിക്കുന്നതെന്തിന്? അവന്‍/അവള്‍ ഇപ്പോഴും പത്താം ക്ലാസ് എന്തോ മഹാപ്രസ്ഥാനമാണെന്നു വിചാരിച്ച് ട്യൂഷനുകളും സ്വയം പീഢനങ്ങളും കൊണ്ട് വയറു നിറയ്ക്കുകയാണ്.
പാവങ്ങള്‍ !

കാര്യക്ഷമതാവര്‍ഷത്തിലെ കെടുകാര്യസ്ഥതയെപ്പറ്റിയും വിദ്യാഭ്യാസരംഗത്തെ തമാശനാടകങ്ങളെപ്പറ്റിയും എഴുതുകയും കത്തുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തത് മലയാളത്തിലെ മുഖ്യധാരാപത്രങ്ങള്‍ തന്നെയാണ്. അതേ മലയാളമനോരമയും മാതൃഭൂമിയും- മലയാളത്തിന്റെ കണിയും സുപ്രഭാതങ്ങളും- ചോദ്യപ്പേപ്പര്‍ വിശകലനങ്ങളും പരീക്ഷയെഴുത്തിന്റെ തന്ത്രങ്ങളും പതിവുപോലെ എട്ടു കോളത്തില്‍ ആവിഷ്കരിച്ചു തുടങ്ങിക്കഴിഞ്ഞു.

മാറി നിന്ന് നോക്കി നോക്കുക,
സാമാന്യബുദ്ധിയെ കിക്കിളിയാക്കാന്‍ എന്തെല്ലാം വഴികള്‍!
Post a Comment